x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

പത്രോസ് എഴുതിയ രണ്ടാം ലേഖനം

Authored by : Dr. Theres Nadupadavil On 03-Feb-2021

ആമുഖം

കത്തോലിക്കാ ബൈബിളിലെ ഗ്രന്ഥങ്ങളുടെ ക്രമമനുസരിച്ച്, ഏഴു കാതോലിക ലേഖനങ്ങളില്‍ മൂന്നാമത്തേതാണ് മൂന്നധ്യായങ്ങള്‍ മാത്രമുള്ളതും വിശുദ്ധ പത്രോസിന്‍റെ രണ്ടാമത്തെ ലേഖനമായി അറിയപ്പെടുന്നതുമായ ഈ പുതിയനിയമഗ്രന്ഥം. വെളിപാടു സാഹിത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്തു രചിക്കപ്പെട്ടിട്ടുള്ള ഈ ലേഖനത്തിനു യൂദാസിന്‍റെ ലേഖനവുമായുള്ള സാമ്യം ശ്രദ്ധേയമാണ്.

പത്രോസിന്‍റെ ഒന്നാംലേഖനത്തിനു ലഭിച്ചതുപോലെ ഒരു സ്വീകാര്യത ഈ രണ്ടാം ലേഖനത്തിന് ആദ്യകാല ങ്ങളില്‍ ലഭിച്ചിട്ടില്ല.  ഇതിന്‍റെ രചയിതാവിനെക്കുറിച്ചുള്ള സംശയമാണ് പ്രധാനകാരണം. കാനോനികമെന്ന് അംഗീകരിക്കപ്പെടാന്‍ താരതമ്യേന കാലതാമസമെടുത്ത യൂദാസിന്‍റെ ലേഖനവുമായി ഇതിനുള്ള സാമ്യവും മറ്റൊരു കാരണമാണ്. ഏ.ഡി. 400- നോടടുത്താണ് ഈ ഗ്രന്ഥം കാനോനികമായി അംഗീകരിക്കപ്പെട്ടത്.

കര്‍തൃത്വവും കാലവും

താന്‍, "അപ്പസ്തോലനായ ശിമയോന്‍ പത്രോസാ" ണെന്ന് ആമുഖത്തിലും (1:1), യേശുവിന്‍റെ രൂപാന്തരീകരണ സമയത്ത് അവനോടൊപ്പം ഉണ്ടായിരുന്നവനാണെന്നു ആദ്യ അധ്യായത്തിലും (1:16-18) ഗ്രന്ഥകര്‍ത്താവ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നതുകൊണ്ട് ആരാണ് ഈ ലേഖനത്തിന്‍റെ രചയിതാവ് എന്ന അന്വേഷണത്തിനു സാംഗത്യമില്ല എന്നു ലേഖനം വായിക്കുന്ന ആര്‍ക്കും തോന്നാം. മാത്രവുമല്ല,ഇതു തന്‍റെ രണ്ടാമത്തെ ലേഖനമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതും (3:1)പൗലോസിനെ സഹോദരന്‍ എന്നു സംബോധന ചെയ്യുന്നതും (3:15-16) മറ്റു ലേഖനങ്ങളില്‍ തികച്ചും അസാധാരണമാണ്. ഇവയെല്ലാം ലേഖനത്തിന്‍റെ ഗ്രന്ഥകര്‍തൃത്വത്തിന് ആധികാരികത നല്കുന്നതായി പരിഗണിക്കപ്പെടാം. എന്നിരുന്നാലും, ഇത് ശിഷ്യ പ്രമുഖനായിരുന്ന പത്രോസിന്‍റേതല്ല എന്ന അഭിപ്രായം രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ത്തന്നെ പ്രബലമായിരുന്നു എന്നതാണു വസ്തുത. സഭാപിതാക്കന്മാരും, ഒപ്പം ആധുനിക പണ്ഡിതരും ലേഖനകര്‍ത്താവ് അപ്പസ്തോലനായ പത്രോസല്ല എന്നഭിപ്രായപ്പെടുന്നുണ്ട്. ഉദാഹരണമായി ഇരണേവൂസ് (രമ.ഏ.ഡി. 185), തന്‍റെ രചനയില്‍ (Against Heresis IV. 9.2) "പത്രോസ് പറഞ്ഞിരിക്കുന്ന പ്രകാരം" എന്നുപയോഗിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ ആദ്യലേഖനത്തെ ഉദ്ധരിക്കുന്നുണ്ടെങ്കിലും രണ്ടാംലേഖനത്തിന്‍റെ കര്‍തൃത്വം പത്രോസില്‍ ആരോപിക്കുന്നില്ല.  ഒരിജനാകട്ടെ (ഏ.ഡി. 217-251), പത്രോസില്‍നിന്ന് "ഒരു ലേഖനം മാത്രമേ വാസ്തവമായി ലഭിച്ചിട്ടുള്ളൂ" എന്നു രേഖപ്പെടുത്തിയിട്ടുണ്ട് (Commentary on John v.3). അതുപോലെ സഭാചരിത്രകാരനായ എവുസേബി യൂസ്, ഒന്നാം ലേഖനമൊഴിച്ചുള്ള പത്രോസിന്‍റെ പേരിലറിയപ്പെടുന്ന മറ്റു രചനകളോടൊപ്പം രണ്ടാംലേഖനവും അന്നത്തെ സഭാശ്രേഷ്ഠന്മാര്‍ അംഗീകരിച്ചിട്ടില്ല എന്നും രേഖപ്പെടുത്തിയിരിക്കുന്നതായി കാണുന്നു (Church History, II.23, 25; III.3.1,4).

എന്നാല്‍, തുടര്‍ന്നുവന്ന സഭാപിതാക്കന്മാരായ അത്തനാസിയൂസ്, ജറോം എന്നിവര്‍ ഈ ലേഖനത്തെ കാനോനികമായി അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, പത്രോസിന്‍റേതാണ് ഈ ലേഖനമെന്ന അഭിപ്രായം പൊതുവേ അക്കാലത്ത് സ്വീകാര്യമല്ലായിരുന്നു എന്ന കാര്യം ജറോം തുറന്നു സമ്മതിക്കുന്നുണ്ട്. ആദ്യതലമുറയില്‍പ്പെട്ട ക്രൈസ്തവരെ പിതാക്കന്മാര്‍ എന്നു വിളിക്കുന്നതും (3:4) പത്രോ സിന്‍റെ ഒന്നാം ലേഖനത്തില്‍നിന്നു വ്യതിരിക്തമായിരിക്കുന്ന ശൈലിയും രചനാകാലം അപ്പസ്തോലിക കാലഘട്ടത്തിന്‍റേതല്ല എന്ന് അനുമാനിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നു. മാത്രമല്ല, പൗലോസിന്‍റെ ലേഖനങ്ങളെക്കുറിച്ചുള്ള പരാമര്‍ശവും ഈ ലേഖനകാലഘട്ടം കുറച്ചു കൂടി വൈകിയതാണെന്ന സൂചനയാണു നല്കുക. അതുകൊണ്ട് പത്രോസിന്‍റെ ശിഷ്യരിലൊരാള്‍ അദ്ദേഹത്തിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ രചിച്ചതാണ് ഇത് എന്നു കരുതുകയാണുത്തമം. ഭാഷാ ശൈലി നോക്കിയാല്‍ യവന-യഹൂദ പശ്ചാത്തലമുള്ള ഒരു ക്രൈസ്തവനായിരിക്കണം ഇതിന്‍റെ കര്‍ത്താവ്.  മേല്‍പറഞ്ഞ കാരണങ്ങളാല്‍ത്തന്നെ ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനത്തിലോ രണ്ടാംനൂറ്റാണ്ടിന്‍റെ ആരംഭത്തിലോ ഇതിന്‍റെ രചന നടന്നുവെന്നനുമാനിക്കാം.

ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കള്‍

ലേഖനം ആരംഭിക്കുന്നതുതന്നെ, തങ്ങളോടൊത്ത് "ഒരേ വിശ്വാസം തന്നെ സ്വീകരിച്ചവര്‍ക്ക്" (1:1) എഴുതുന്നു എന്നുപറഞ്ഞുകൊണ്ടാണ്. ഏതെങ്കിലും പ്രത്യേക സഭയെ ഉദ്ദേശിച്ച് എഴുതിയതാണോ എന്നതിന് ആമുഖത്തിലോ, അതിന്‍റെ ഉള്ളടക്കത്തിലോ തെളിവില്ല. അതിനാല്‍ ത്തന്നെ അപ്പസ്തോലിക കാലഘട്ടം കഴിഞ്ഞ് സഭാസമൂഹത്തില്‍ പൊ തുവായുണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ച് യേശുവിന്‍റെ പ്രത്യാഗമനം ഒരു കെട്ടുകഥയാണെന്നും അതുണ്ടാവുകയില്ലെന്നും പഠിപ്പിക്കുകയും അധാര്‍മ്മികമായി ജീവിച്ച് വിശ്വാസികള്‍ക്ക് ഉറപ്പു നല്കുകയും ചെയ്ത വ്യാജപ്രവാചകരില്‍നിന്ന് അവരെ രക്ഷിക്കുന്നതിന് എഴുതപ്പെട്ടതാണിത് എന്നു കരുതാം.

അവര്‍ക്ക് യേശുവിന്‍റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നു.  പത്രോസിന്‍റെ ഒന്നാംലേഖനത്തെക്കുറിച്ചും പൗലോസിനെയും അദ്ദേഹത്തിന്‍റെ ലേഖനങ്ങളെയുംകുറിച്ചും ലേഖനത്തില്‍ത്തന്നെ പരാമര്‍ശമുള്ളതുകൊണ്ട് വിശ്വാസം സ്വീകരിച്ച് അതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹമാണ് ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ എന്നും മനസ്സിലാക്കാം.  ലേഖനത്തില്‍നിന്നു സമകാല ക്രൈസ്തവ സമൂഹത്തെയും അവരുടെ പ്രധാന പ്രശ്നങ്ങളെയും മനസ്സിലാക്കാന്‍ കഴിയും. സഭാസമൂഹം യഹൂദ - വിജാതീയ ക്രിസ്ത്യാ നികളുടെ ഒരു ഗ്രൂപ്പായിരുന്നു എന്നതും വ്യക്തമാണ്. 2-3 അധ്യായങ്ങളില്‍ കാണുന്ന പഴയ നിയമ പരാമര്‍ശങ്ങള്‍ ഇരുകൂട്ടര്‍ക്കും പരിചിതമാണെന്നതുതന്നെയാണ് ഇതിനു ഉഭോബലകം ആയിരിക്കുന്നത് .  നോഹയുടെ കാലത്തെ പ്രളയം, സ്വര്‍ഗീയദൂതരുടെ വീഴ്ച (2:4; ഉല്‍പ 6) എന്നിവയെക്കുറിച്ച് ഇസ്രായേലിനു പുറത്തുള്ളവരുടെ പുരാണങ്ങളിലും കാണാവുന്നതാണ്. യുഗാന്ത്യപ്രതീക്ഷ വിജാതീയ സമൂഹങ്ങള്‍ ക്കുകൂടി പൊതുവായിട്ടുള്ളതായിരുന്നു. അതിനാല്‍ വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളുള്ള ക്രിസ്തീയ സമൂഹങ്ങളെ പൊതുവായി അഭിസംബോധന ചെയ്യുന്നതിനും അവരുടെ പ്രശ്നങ്ങളെ വിശദീകരിക്കുന്നതിനും പഴയനിയമ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതിന് ലേഖനകര്‍ത്താവിനു കഴിഞ്ഞുവെന്നു കരുതാം.

  വ്യാജപ്രബോധനങ്ങളെ, പ്രത്യേകിച്ച്, ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് അപ്പസ്തോലന്മാര്‍ നല്കിയ പ്രബോധന ത്തിനെതിരായി പ്രചരിച്ചിരുന്ന തെറ്റായ പഠനങ്ങളെയാണ് ലേഖനം നേരിടുന്നത്. വിശ്വാസത്തില്‍ ബലംപ്രാപിക്കാത്ത സഭാസമൂഹത്തിന്‍റെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം പഠനങ്ങളെ തിരിച്ചറിയുന്ന ലേഖനകര്‍ത്താവ് അടിയന്തിരശ്രദ്ധ കൊടുത്തുകൊണ്ട് അവയെ തിരുത്തുന്നു.    

ആദിമസഭയും യുഗാന്ത്യപ്രതീക്ഷയും

"ക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവി" ന്‍റെ ഭാഗമായിരുന്നു അവിടുന്നു വീണ്ടും വരുമെന്നും അതോടൊപ്പം നന്മതിന്മകള്‍ക്കനുസരിച്ചുള്ള ന്യായവിധി ഉണ്ടാകുമെന്നുമുള്ള വിശ്വാസം.  പ്രത്യക്ഷപ്പെടല്‍ എന്നര്‍ത്ഥം വരുന്ന പരൂസിയ (parousia) എന്ന പദമാണ് കര്‍ത്താവിന്‍റെ പ്രത്യാഗമനം എന്നതിനു ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ചക്രവര്‍ത്തിയുടെ/ദേവന്‍റെ ആഗമനത്തെ സൂചിപ്പിച്ചിരുന്ന ഈ പദം ബൈബിളില്‍ ദൈവത്തിന്‍റെ രക്ഷാകര ഇടപെടലിനെ ദ്യോതിപ്പിക്കുന്നു. പുറപ്പാടു സംഭവത്തില്‍ ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടല്‍ അനുഭവിച്ച ഇസ്രായേല്‍ജനം അവര്‍ക്കുണ്ടാകുന്ന ഓരോ പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിന്‍റെ ഇടപെടല്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. കാലാന്തരത്തില്‍ ഇത് ദൈവം അയയ്ക്കുന്ന രക്ഷകനെക്കുറിച്ചുള്ള മെസയാനിക പ്രതീക്ഷ ആയിത്തീരുകയും   യുഗാന്ത്യചിന്തകളാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തു (ഉദാ. ആമോ 5: 18ff; ജോയേ 1:15; 2:30ff; ഏശ 2:9ളള; 65:17ff).

പുതിയനിയമത്തില്‍ മിശിഹായുടെ ആഗമനത്തെ തിരിച്ചറിഞ്ഞ ദൈവജനം മിശിഹായുടെ രണ്ടാം ആഗമനത്തെ പ്രതീക്ഷിച്ചു.  ദൈവിക ഇടപെടലിന്‍റെ പരകോടിയായ ഈ ദിവസത്തെ "പ്രത്യാഗമനദിന" മെന്നും "യുഗാന്ത്യ"മെന്നും ഒപ്പം, "കര്‍ത്താവിന്‍റെ ദിനം" (1 കോറി 1:18; 2പത്രോ 3:10), "ദൈവത്തിന്‍റെ ദിവസം" (1 കോറി 5:5; 1 തെസ 5:2; 2 തെസ 2:2), "മനുഷ്യപുത്രന്‍റെ ദിവസം" (ലൂക്കാ 12:22; 24: 26 -30), "ക്രിസ്തുവിന്‍റെ ദിവസം" (ഫിലി 1:6, 10; 2:16), "ക്രോധത്തിന്‍റെ ദിവസം" (1 തെസ 5:4; ഹെബ്രാ 10:20) എന്നിങ്ങനെ പലരീതിയില്‍ വിളിച്ചിരുന്നു. യേശുവിന്‍റെ മനുഷ്യാവതാര-മരണ-ഉത്ഥാന രഹസ്യങ്ങളുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായി അവിടുത്തെ ദ്വിതീയാഗമനത്തെ അവര്‍ കണ്ടു.  ഈ വിശ്വാസം സു വിശേഷങ്ങളുടെയും (മത്താ 24:24; 25:31; മര്‍ക്കോ 8:38-9:1; 10:37; 13:6-7, 22, 27; 14:62; ലൂക്കാ 12:8ളള, 37ff; 17:20ff; 21:27; യോഹ 14:3, 28; 21:22-23) മറ്റു പുതിയനിയമഗ്രന്ഥ ങ്ങളുടെയും (ഉദാ 1 കോറി 1: 7-8; 7:25,15:23-24; കൊളോ 3:4; 1 തെസ 1:9-10; 2:19; 3:13; 4:15-17; 5:2ff, 23; ഹെബ്രാ 9: 28; 1 പത്രോ 1:8; 2:12; 1 യോഹ 2:28; യൂദാ 6, 21, 24) പ്രധാന പ്രബോധനമാണെന്നു കാണാം.  വെളിപാടുഗ്രന്ഥമാകട്ടെ, മതപീഡനത്തിന്‍റെ പശ്ചാത്തലത്തില്‍നിന്നു കൊണ്ട് ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതുതന്നെയാണ്. എല്ലാറ്റിന്‍റെയും കര്‍ത്താവായി ക്രിസ്തു മഹത്വീകൃതനാകുന്ന നിമിഷവും രക്ഷാകര കര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണവുമാണ് അവിടുത്തെ പ്രത്യാഗമനം.

ഗ്രീക്കു പുതിയനിയമത്തില്‍, പരൂസിയ എന്ന പദം 24 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്നതില്‍നിന്ന് ആദിമസഭയില്‍ ഈ പ്രതീക്ഷ എത്ര പ്രബലമായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. ഈ വിശ്വാസത്തിനു തട്ടിയ കോട്ടമാണ് ലേഖന പശ്ചാത്തലമായിരിക്കുന്നത്. ആസന്നമാണെന്നു പ്രതീക്ഷിച്ചിരുന്ന ക്രിസ്തുവിന്‍റെ പ്രത്യാഗമനം വൈകുന്നത് പല വ്യാജപ്രബോധനങ്ങളും ഉടലെടുക്കുന്നതിനു കാരണമായി. പ്രത്യാഗമനത്തെക്കുറിച്ചുളള പ്രബോധനം സത്യമല്ലെന്നും, യുഗാന്ത്യ വിധി എന്നൊന്നില്ലായെന്നും അവര്‍ പ്രചരിപ്പിച്ചുതുടങ്ങി. യുഗാന്ത്യ പ്രതീക്ഷയില്‍ ഭക്തിയിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞിരുന്ന വിശ്വാസികള്‍ക്ക് പ്രലോഭന ഹേതുവാകത്തക്കവണ്ണം അധാര്‍മികപ്രവൃത്തിക ളില്‍ മുഴുകിയ ഇത്തരം വ്യാജപ്രബോധകര്‍ പെരുകിയ സാഹചര്യത്തില്‍ സത്യവിശ്വാസത്തിനു സാധൂകരണം നല്കുകയെന്നതാണ് ലേഖനലക്ഷ്യം.

സഭ നേരിടുന്ന ഈ ഒരു പ്രതിസന്ധിയില്‍ അപ്പസ്തോലനും സഭയുടെ തലവനുമായിരുന്ന പത്രോസിന്‍റെ പേരില്‍, അദ്ദഹം തന്‍റെ വേര്‍പാടിന്‍റെ സമയമായി എന്നനുസ്മരിപ്പിച്ചു കൊണ്ട് മരണപത്രികയായി നല്കുന്നു എന്ന തോന്നലുളവാകത്തക്കവണ്ണം അദ്ദേഹത്തിന്‍റെ പിന്‍ഗാമി കളിലാരോ രചിച്ച ലേഖനമാണിത്. യേശുവിന്‍റെ പ്രത്യാഗമനം ഉറപ്പാണെന്നും, വ്യാജപ്രബോധകരെ അകറ്റിനിര്‍ത്തണമെന്നും യുഗാന്ത്യ പ്രതീക്ഷയില്‍ അടിസ്ഥാനമിട്ട് ജീവിതത്തെ ക്രമീകരിക്കണമെന്നും ഗ്രന്ഥകര്‍ത്താവ് ഉപദേശിക്കുന്നു. യേശുവിന്‍റെ പ്രത്യാഗമനം ഉണ്ടാകുകയില്ലെന്നു ധരിപ്പിച്ചു കൊണ്ട് അധാര്‍മ്മികജീവിതത്തിനു പ്രലോഭിപ്പിക്കുന്ന വ്യാജപ്രബോധകര്‍ക്ക്/പ്രവാചകര്‍ക്കെതിരേയുള്ള അദ്ദേഹ ത്തിന്‍റെ വാക്കുകള്‍ അതിശക്തമാണ്. എന്തുകൊണ്ട് യേശുവിന്‍റെ പ്രത്യാഗമനം വൈകുന്നു എന്നതിനു കാരണവും, അതിനായി ഒരുങ്ങിയിരിക്കാന്‍ ആഹ്വാനവും നല്കിക്കൊണ്ടാണ് ലേഖനം ഉപസംഹരിക്കുക.

ലേഖനത്തിന്‍റെ ഘടന

ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ലേഖനത്തിന്‍റെ ഘടന വളരെ ലളിതമാണ്.  യേശുവിന്‍റെ പ്രത്യാഗമനമാണ് ഇതിലെ കേന്ദ്രപ്രമേയം. ഈ പ്രമേയത്തെ വിശദീകരിക്കുന്ന മൂന്നു ഭാഗങ്ങളെ മൂന്നധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ക്രൈസ്തവന്‍റെ വിളിയെക്കുറിച്ചും യേശുവിന്‍റ മഹത്ത്വത്തിനു ദൃക്സാക്ഷിയായവരുടെ വചനങ്ങള്‍ക്ക് വിളി ലഭിച്ചവര്‍ നല്കേണ്ട അനുസരണ ത്തെക്കുറിച്ചും ഒന്നാമധ്യായത്തില്‍ വിവരിക്കുമ്പോള്‍ രണ്ടാമധ്യായം അതിനെതിരായ പ്രബോധനം നല്കുന്നവരെക്കുറിച്ചാണ്. മൂന്നാമധ്യായം, ക്രിസ്തുവിന്‍റെ രണ്ടാമാഗമനത്തെ വീണ്ടും ഉറപ്പിക്കുന്നു.  ഉള്ളടക്കമനു സരിച്ച് ഘടന ഇപ്രകാരമാണ്:

     1:1-2  ആമുഖം                 

   I. 1:3-21 ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ്

                 1:3-15 ക്രിസ്തീയജീവിതം

                 1:16-21 അപ്പസ്തോലന്‍റെ സാക്ഷ്യം

  II. 2:1-22 വ്യാജപ്രവാചകരും വിനാശവും

                2:1-3  വ്യാജപ്രവാചകന്മാര്‍

                2:4-9 വ്യാജപ്രവാചകരുടെ ശിക്ഷാവിധി

                2:10-22 വ്യാജപ്രവാചകരുടെ ഹീനത്വം

  III. 3:1-18 കര്‍ത്താവിന്‍റെ പ്രത്യാഗമനം.

                 3:1-7  വ്യാജപ്രബോധനം

                 3:8-13 യുഗാന്ത്യം

                 3:13-18 പ്രതീക്ഷയോടെയുള്ള ജീവിതം

Peter Second article written Dr. Theres Nadupadavil articles of saint peter peter catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message