We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 15-Nov-2022
സൗഖ്യം ശുശ്രൂഷയ്ക്ക്- പത്രോസിന്റെ അമ്മായിയമ്മ
കർത്താവിന്റെ കരസ്പർശം വഴി രോഗശാന്തിയും സൗഖ്യവും കിട്ടാൻ ഭാഗ്യം ലഭിച്ച ആദ്യവ്യക്തിയാണ് ശിമയോൻ പത്രോസിന്റെ അമ്മായിയമ്മ. സമാന്തരസുവിശേഷങ്ങൾ മൂന്നും അവളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (മത്താ 8: 14-15; മർക്കോ 1: 29-31; ലൂക്കാ 4:38-39). അവൾക്കു പേരില്ല, പ്രായം എത്രയായി എന്നറിയില്ല, അവളുടേതായ ഒരു വാക്കുപോലും സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും സുപ്രധാനമായ ചില ഉൾക്കാഴ്ചകൾ നല്കുന്നതാണ് അവളെക്കുറിച്ചുള്ള വിവരണം.
ഒരു സാബത്തുദിവസമാണ് അവൾക്കു രോഗശാന്തി ലഭിക്കുന്നത്. കഫർണാമിലെ സിനഗോഗിൽവച്ച് പിശാചു ബാധിതനെ സുഖപ്പെടുത്തുകയും യേശുവിന്റെ വചനത്തിലൂടെ പ്രകടമായ ദൈവികശക്തിയെക്കുറിച്ച് ജനമെല്ലാം അത്ഭുതസ്തബ്ധരാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് ശിമയോന്റെ വീട്ടിൽ വച്ച് നടക്കുന്ന ഈ രോഗശാന്തി. സാബത്തു ദിവസം രാവിലെ എല്ലാ യഹൂദരും സിനഗോഗിലെ പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കും. അതിനുശേഷം ഉച്ചഭക്ഷണം ഒരു വിരുന്നായി ആഘോഷിക്കും. സാബത്തിലെ വിരുന്ന് ദൈവരാജ്യത്തിൽ പങ്കുചേരുന്നതിന്റെ ഒരു മുന്നാസ്വാദനമായി പരിഗണിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം സിനഗോഗിലെ ശുശ്രൂഷകൾക്കു ശേഷം ശിമയോന്റെ വീട്ടിലേക്ക് യേശു വരുന്നതിനെ മനസ്സിലാക്കാൻ.
ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനം എന്നാണ് മർക്കോസ് വീടിനെ വിശേഷിപ്പിക്കുന്നത്. സഹപ്രവർത്തകരായ യാക്കോബും യോഹന്നാനും കൂടെ ഉണ്ടായിരുന്നു എന്ന് സുവിശേഷകൻ എടുത്തു പറയുന്നു. പിന്നീടുള്ള ഗലീലിയിലെ പ്രവർത്തനങ്ങൾക്ക് ഒരു താവളമായി യേശു തിരഞ്ഞെടുത്തത് ഈ വീടായിരുന്നു. നസ്രത്തുവിട്ട് കഫർണാമിൽ പ്രവർത്തനം കേന്ദ്രീകരിച്ചപ്പോൾ ഈ വിട് സുപ്രധാനമായ ഒരു കേന്ദ്രമായി മാറി. ശിമയോന്റെ അമ്മായിയമ്മ ഈ വീട്ടിലാണ് വസിച്ചിരുന്നത്.
"ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു" (മർക്കോ 1,30). ഇങ്ങനെയാണ് സുവിശേഷകൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവളെ ബാധിച്ചിരുന്ന പനിയെക്കുറിച്ച് അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്. അറിയപ്പെടുന്ന എല്ലാ പനികളും ആരോപിക്കാറുമുണ്ട്. മലേറിയ ആയിരുന്നു എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഗലീലിതടാകതീരത്തുള്ള ചതുപ്പുനിലങ്ങളിൽ കൊതുക് പെരുകുകയും അവ മലേറിയ പരത്തുകയും ചെയ്തിരുന്നതായി കരുതപ്പെടുന്നു. മാരകമായ രോഗമായിരുന്നു ഈ പനി. ഇതേ രോഗം ബാധിച്ച് ആസന്നമരണനായ ഒരു വ്യക്തിയെ യേശു അകലെനിന്ന് വാക്കുകൊണ്ടു സുഖപ്പെടുത്തിയതായി സുവിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് (യോഹ 4: 47-53; ലൂക്കാ 7: 1-10). അതും കഫർണാമിൽത്തന്നെ ആയിരുന്നു.
ആസന്നമരണയായ സ്ത്രീയെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും യേശുവിനോടു പറഞ്ഞു. മധ്യസ്ഥപ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പരാമർശം. ദൈവം എല്ലാവരുടെയും പിതാവാണ്; എല്ലാവരുടെ കാര്യത്തിലും വ്യക്തിപരമായ താല്പര്യമുണ്ട്. എന്നാലും ആവശ്യം അനുഭവിക്കുന്നവർക്കുവേണ്ടി ദൈവതിരുമുമ്പിൽ മാധ്യസ്ഥ്യം വഹിക്കുക നല്ലതെന്നു മാത്രമല്ല, ആവശ്യവുമാണ്. പ്രാർത്ഥിക്കുന്നവർ ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസവും ദൈവം തങ്ങളുടെ പ്രാർത്ഥന കേൾക്കും എന്നുള്ള ഉറപ്പും ഏറ്റു പറയുന്നു. യേശു നല്കിയ പല രോഗശാന്തികൾക്കും പിന്നിൽ ഇപ്രകാരമുള്ള വിശ്വാസം പ്രേരകശക്തിയായിരുന്നു.
സൗഖ്യം നല്കിയതിനെക്കുറിച്ചുള്ള വിവരണത്തിൽ സുവിശേഷങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. “അവളുടെ അടുത്തുചെന്ന് അവളെ കൈപിടിച്ച് എഴുന്നേല്പിച്ചു" എന്നാണ് മർക്കോസ് എഴുതുന്നത്. “അവളുടെ കൈയിൽ സ്പർശിച്ചു" എന്ന് മത്തായിയും “പനിയെ ശാസിച്ചു" എന്ന് ലൂക്കായും രേഖപ്പെടുത്തുന്നു. ഒറ്റവാക്കാൽ പിശാചിനെ ബഹിഷ്കരിച്ചവന്റെ കരസ്പർശം മാരകമായ രോഗത്തിൽ നിന്ന് മുക്തി നല്കുന്നു. യേശുവിലുള്ള ദൈവിക സാന്നിധ്യത്തിന്റെ വ്യക്തമായ തെളിവാണ് നിമിഷംകൊണ്ട് സംഭവിക്കുന്ന ഈ രോഗശാന്തി. യേശുവിൽനിന്ന് ശക്തിപ്രവഹിച്ച് രോഗിക്കു സൗഖ്യം നല്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിത്.
മനുഷ്യനെ ദുർബബലനാക്കുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യുന്ന രോഗങ്ങളെല്ലാം തിന്മയുടെ ശക്തിയായിട്ടാണ് സുവിശേഷങ്ങൾ കാണുന്നത്. അതിനാലായിരിക്കും ലൂക്കാ ഈ രോഗശാന്തിയെ ഒരു പിശാചുബഹിഷ്കരണംപോലെ ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യന് സമഗ്രമായ മോചനം നല്കാൻവേണ്ടിയാണ് യേശു വന്നത്. ആ മോചനത്തിന്റെ മുൻപന്തിയിൽ നില്ക്കുന്നു രോഗശാന്തി. യേശു അവളെ എഴുന്നേല്പിച്ചു. പനി വിട്ടുമാറി. അത് ഒരു ഉയിർത്തെഴുന്നേല്പുപോലെ ആയിരുന്നു. “ഉടനെ അവൾ എഴുന്നേറ്റു" എന്നാണ് മത്തായിയും ലൂക്കായും രേഖപ്പെടുത്തിയിരിക്കുന്നത്.
എഴുന്നേറ്റത് സ്വന്തം കാര്യങ്ങൾ നോക്കാനല്ല, ശുശ്രൂഷിക്കാനാണ്. അവൾ അവരെ (അവനെ) ശുശ്രൂഷിച്ചു. വീട്ടിലേക്ക് വന്നിരിക്കുന്ന വിരുന്നുകാരെയെല്ലാം ഉചിതമായ രീതിയിൽ സ്വീകരിച്ചു സല്ക്കരിക്കുന്നതിലായി അവളുടെ ശ്രദ്ധ. ദൈവത്തിൽ നിന്നു ലഭിക്കുന്ന ദാനങ്ങളെല്ലാം ശുശ്രൂഷയ്ക്കുവേണ്ടിയാണ്. അത് കർത്തൃശുശ്രൂഷയും സഹോദശുശ്രൂഷയും ഉൾക്കൊള്ളുന്നു. സഹോദരങ്ങൾക്കു ചെയ്യുന്ന സേവനം കർത്താവിനു നല്കുന്ന ശുശ്രൂഷതന്നെ ആയതിനാലാവാം “അവരെ ശുശ്രൂഷിച്ചു” എന്ന് മർക്കോസും ലൂക്കായും എഴുതുമ്പോൾ “അവനെ ശുശ്രൂഷിച്ചു" എന്ന് മത്തായി രേഖപ്പെടുത്തുന്നത്. ദൈവം നല്കുന്ന ജീവന്റെയും സൗഖ്യത്തിന്റെയും ലക്ഷ്യം വ്യക്തമാക്കുന്നതാണ് ഈ വിവരണം.
കുടുംബങ്ങളും കുടുംബാംഗങ്ങളും തമ്മിൽ നിലനില്ക്കേണ്ട കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ഉത്തമമാതൃകയാണ് രണ്ടേ രണ്ടു വാക്യങ്ങളിൽ ഒരുക്കിയിരിക്കുന്ന ഈ രോഗശാന്തി വിവരണം. സായാഹ്നമായപ്പോൾ, അതായത് സാബത്തു കഴിഞ്ഞപ്പോൾ, പട്ടണം മുഴുവൻ പത്രോസിന്റെ വീട്ടുപടിക്കലെത്തി. സകലവിധ രോഗികളെയും കൊണ്ട് വീടും പരിസരവും നിറഞ്ഞു. ഒരാൾക്ക് ലഭിച്ച രോഗശാന്തിയും അയാളുടെ സേവനവും അനേകരെ യേശുവിലേക്ക് അടുപ്പിക്കാനും അനേകർക്കു രക്ഷ ലഭ്യമാക്കാനും കാരണമായി. അങ്ങനെ യേശു നല്കുന്ന സൗഖ്യത്തിന്റെയും രക്ഷയുടെയും വലിയൊരു സാക്ഷിയായി ശിമയോന്റെ അമ്മായിയമ്മ; അതോടൊപ്പം സൗഖ്യം ലഭിച്ചവർ അർപ്പിക്കേണ്ട ശുശ്രൂഷയുടെയും. രോഗിയായ അമ്മായിയമ്മയെ വീട്ടിൽത്തന്നെ ശുശ്രൂഷിക്കുകയും അവൾക്കുവേണ്ടി യേശുവിന്റെയടുക്കൽ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്തവർ കുടുംബ ബന്ധങ്ങളുടെ ഉത്തമമാതൃകയായി നിലകൊള്ളുന്നു.
പത്രോസിന്റെ അമ്മായിയമ്മ സൗഖ്യം ശുശ്രൂഷയ്ക്ക് Dr. Michael Karimattam പുതിയ നിയമത്തിലെ സ്ത്രീകൾ മത്താ 8: 14-15; മർക്കോ 1: 29-31; ലൂക്കാ 4:38-39 യോഹ 4: 47-53; ലൂക്കാ 7: 1-10 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206