We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplani On 03-Feb-2021
ആമുഖം
വിശുദ്ധ പൗലോസിന്‍റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയനിയമത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇവയെ പൊതുവേ "കാതോലിക ലേഖനങ്ങള്‍" എന്നാണ് വിളിക്കുക. പത്രോസിന്‍റെ ഒന്നാം ലേഖനം കാതോലിക ലേഖനങ്ങളുടെ ഗണത്തില്‍ രണ്ടാമത്തേതാണ്. ദൈവശാസ്ത്രപരമായ ഒട്ടേറെ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ലേഖനം എല്ലാ കാലങ്ങളിലും പണ്ഡിതന്മാരുടെ പഠനത്തിന് വിധേയമായിട്ടുണ്ട്.
ലേഖനകര്‍ത്താവ്
ഈ ലേഖനത്തിന്‍റെ കര്‍ത്താവ് പത്രോസ് ശ്ലീഹായാണ് എന്ന് ആദിമസഭയുടെ കാലം മുതലേ വിശ്വസിച്ചിരുന്നു. യൗസേബിയൂസിന്‍റെ സഭാചരിത്രം ഇതിനു സാക്ഷ്യം നല്‍കുന്നുണ്ട്. (HE 4:149 ). 19-ാം നൂറ്റാണ്ടുവരെ ഈ നിലപാട് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ രചനകള്‍ ഒന്നുകില്‍ പത്രോസിന്‍റെ ശിഷ്യഗണങ്ങളില്‍പ്പെട്ടവരുടെ (Petine school) രചനയാകാം (ഇ. ബെസ്റ്റ്, എല്‍. ഗോപ്പെല്‍റ്റ്, ജെ.എച്ച് ഏലിയട്ട് തുടങ്ങിയവര്‍ ഈ ചിന്താഗതിയുടെ വക്താക്കളാണ്); അല്ലെങ്കില്‍ ഇതിന്‍റെ രചയിതാവ് പത്രോസിന്‍റെ പേര് ആധികാരിതയ്ക്കുവേണ്ടി വ്യാജമായി ഉപയോഗിക്കുന്നതാകാം (എന്‍. ബ്രോക്സിന്‍റെ വ്യാഖ്യാനം - EKKNT, 21 - ഈ നിലപാടാണ് സ്വീകരിക്കുന്നത്).
യേശുക്രിസ്തുവിന്‍റെ അപ്പസ്തോലനായ പത്രോസാണ് ഗ്രന്ഥകര്‍ത്താവെന്ന് ലേഖനത്തിന്‍റെ ആരംഭത്തില്‍ത്തന്നെ സ്പഷ്ടമായി അവതരിപ്പിക്കുന്നു (1:1). പരമ്പരാഗതമായി സഭയും ഇതുതന്നെ പഠിപ്പിക്കുന്നു. കൂടാതെ സഭാപിതാവായ യൗസേബിയൂസിന്‍റെ കാലം മുതല്‍ (HE 4. 14.9) 19 -ാം നൂറ്റാണ്ടുവരെ ആരും ഈ ലേഖനത്തിന്‍റെ കര്‍തൃത്വത്തെപ്പറ്റി കാര്യമായി സംശയം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ആധുനിക പണ്ഡിതന്മാരില്‍ പലരും പത്രോസിന്‍റെ കര്‍തൃത്വത്തെ എതിര്‍ക്കുന്നു. ഒന്നുകില്‍ പത്രോസിന്‍റെ ശിഷ്യന്മാരോ അതുമല്ലെങ്കില്‍ അടുത്ത ബന്ധമുള്ളവരോ ലേഖനം എഴുതി പത്രോസിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കാമെന്ന് വാദിക്കുന്നു. പത്രോസിന്‍റെ കര്‍തൃത്വത്തിനു എതിരായി നിരത്തുന്ന വാദഗതികള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്:
(1) താരതമ്യേന മെച്ചമേറിയ ഗ്രീക്കുശൈലിയും പഴയനിയമത്തിന്‍റെ ഗ്രീക്കു തര്‍ജ്ജമയായ സപ്തതി (LXX) യില്‍ നിന്നുള്ള ഉദ്ധരണികളും. അറമായ ഭാഷ മാത്രമറിയാമായിരുന്ന ഗലീലിയില്‍നിന്നുള്ള മുക്കുവനായ പത്രോസില്‍നിന്നും ഇത്തരത്തിലുള്ള സുന്ദരമായ ഗ്രീക്കു ഭാഷയും ശൈലിയും ഉടലെടുക്കാന്‍ സാധ്യതയില്ലായെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ വാദിക്കുന്നു. ആകയാല്‍ പഴയനിയമത്തിന്‍റെ ഗ്രീക്കു തര്‍ജ്ജമയുമായി അടുത്ത ബന്ധമുള്ള ആരോ ആണ് ഈ ലേഖനം രചിച്ചതെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. കൂടാതെ ഈശോയുടെ ശിഷ്യ പ്രമുഖന്‍ ഗുരുവിനോടൊത്തുള്ള തന്‍റെ ജീവിതാനുഭവങ്ങളും അവിടുത്തെ പ്രബോധനങ്ങളും ദിവ്യോക്തികളും വിട്ടുകളയുന്നതു മനസ്സിലാക്കാന്‍ ഏറെ പ്രയാസമുണ്ട്.
(2) പൗലോസ് അപ്പസ്തോലന്‍റെ ലേഖനങ്ങളിലെ പല ആശയങ്ങളും ഭാഷാശൈലിയും ഇതില്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നു. പത്രോസിന്‍റെ ചില ഉപദേശങ്ങള്‍ (ഉദാ: ഭാര്യാഭര്‍ത്താക്കന്മാര്‍, ദാസന്മാര്‍ എന്നിവര്‍ക്ക് നല്‍കുന്നത്) ആശയത്തിലും ശൈലിയിലും എഫേസോസ് ലേഖനത്തേയും റോമാക്കാര്‍ക്കുള്ള ലേഖനത്തെയും അനുസ്മരിപ്പിക്കുന്നു. പൗലോസിന്‍റെ സഹപ്രവര്‍ത്തകനായ സില്‍വാനോസ് മുഖേനയാണ് ഈ ലേഖനം രചിക്കപ്പെട്ടതെന്ന് ലേഖനാരംഭത്തില്‍ത്തന്നെ പരാമര്‍ശിക്കുന്നുണ്ട് (5:12). പൗലോസിന്‍റെ ശിഷ്യനായ സില്‍വാനോസിന്‍റെ പങ്കാളിത്തമുള്ളതുകൊണ്ട് പൗലോസിന്‍റെ ആശയങ്ങളും ഭാഷാശൈലിയും ഈ ലേഖനത്തിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. ആകയാല്‍ അക്കാലത്തെ പാരമ്പര്യമനുസരിച്ച് സില്‍വാനോസിനെക്കൊണ്ട് ശ്ലീഹാ തന്‍റെ ആശയങ്ങള്‍ എഴുതിപ്പിച്ചതാകാമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. പൗലോസിന്‍റെ ശിഷ്യനായ സില്‍വാനോസ് എഴുതിയതുകൊണ്ടായിരിക്കണം ഈ ലേഖനത്തില്‍ പൗലോസിന്‍റെ ആശയങ്ങളും ഭാഷാശൈലിയും പ്രതിഫലിക്കുന്നത്. ഏതാനുംചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1 പത്രോ 1:14 = റോമാ 12:2
1 പത്രോ 2:4-8 = റോമാ 9:32-33
1 പത്രോ 2:13-17 = റോമാ 13:1-7
1 പത്രോ 3:9 = റോമാ 12:17
1 പത്രോ 3:18 = റോമാ 5:2; എഫേ 2:18
1 പത്രോ 3:12,22 = എഫേ 1:20-21
1 പത്രോ 4:1 = റോമാ 6:6
1 പത്രോ 4:10-11 = റോമാ 12:6
പൗലോസിന്‍റെ സന്തതസഹചാരിയായിരുന്ന സില്‍വാനോസ് പൗലോസിന്‍റെ ആശയങ്ങള്‍ ഈ ലേഖനത്തില്‍ അനുസ്മരിക്കുന്നത് സ്വാഭാവികമാണ്.
(3) ലേഖനത്തില്‍ പരാമര്‍ശിക്കുന്നതുപോലെയുള്ള രൂക്ഷവും വ്യാപകവുമായ മതമര്‍ദ്ദനം (2:12, 19; 3:9, 14-17; 4:4, 12-16, 19; 5:9) പത്രോസിന്‍റെ കാലഘട്ടത്തില്‍ വ്യാപകമായ രീതിയില്‍ നടന്നിരുന്നില്ല. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ക്രി.വ. 67 ല്‍ അഴിച്ചുവിട്ട മതപീഡനത്തിലാണ് അപ്പസ്തോലന്‍ രക്തസാക്ഷി മകുടം ചൂടിയതെന്ന് പാരമ്പര്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നീറോയുടെ കാലത്തെ മതമര്‍ദ്ദനം ഹ്രസ്വവും പ്രാദേശികവുമായിരുന്നു. അദ്ദേഹത്തെത്തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തിമാരായ ട്രാജന്‍, ഡൊമീഷ്യന്‍ (ക്രി.വ. 98-107), എന്നിവരുടെ ഭരണകാലത്താണ് മതമര്‍ദ്ദനം വ്യാപകമായത്. ദൈവികപദവിയും ബഹുമാനവും ആവശ്യപ്പെട്ട ഡൊമീഷ്യന്‍ അദ്ദേഹത്തെ "കര്‍ത്താവും ദൈവവും" (Dominus et Deus) എന്ന് വിളിക്കണമെന്ന് ജനങ്ങളോട് കല്പിച്ചു ജൂപ്പിറ്റര്‍ ദൈവത്തിന്‍റെ പുത്രനാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ട് അയാള്‍ സ്വന്തം പ്രതിമ ജൂപ്പിറ്ററിന്‍റെ പ്രതിമക്കു സമീപം സ്ഥാപിക്കാന്‍ ഉത്തരവായി. ഇതൊന്നും ക്രൈസ്തവ വിശ്വാസികള്‍ക്ക് സ്വീകാര്യമായില്ല. തത്ഫലമായി കഠിനമായ മതമര്‍ദ്ദനം അഴിച്ചുവിട്ടു. ഇക്കാരണങ്ങളാല്‍ പത്രോസിന്‍റെ കാലഘട്ടത്തിനുശേഷം ക്രി.വ. 90-നും 95-നും ഇടയ്ക്കായിരിക്കും ഈ ലേഖനം വിരചിതമായതെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
(4) ആര്‍ക്കുവേണ്ടിയാണോ ഈ ലേഖനം എഴുതപ്പെട്ടത്, ആ സഭകള്‍ ശ്ലീഹായുടെ കാലത്ത് നിലവില്‍ ഇല്ലായിരുന്നുവെന്ന് ഒരു പറ്റം ബൈബിള്‍ പണ്ഡിതന്മാര്‍ വാദിക്കുന്നു.
(5) യാക്കോബിന്‍റെ ലേഖനവുമായുള്ള സമാനമായ ഒട്ടേറെ ആശയങ്ങള്‍ ഈ ലേഖനത്തില്‍ കാണുന്നു. ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1 പത്രോ 1:1 = യാക്കോ 1:1;
1 പത്രോ 1:67 = യാക്കോ 1:23
1 പത്രോ 1:23-2:2 = യാക്കോ 1:17-22
1 പത്രോ 4:8 = യാക്കോ 5:19-20
1 പത്രോ 5:5-6 = യാക്കോ 4:6
ഈ ലേഖനമെഴുതിയ വ്യക്തി യാക്കോബിന്‍റെ ലേഖനത്തെ ആശ്രയിച്ചിട്ടുണ്ടെന്ന് വ്യക്തം. പത്രോസാണ് ഈ ലേഖനത്തിന്‍റെ കര്‍ത്താവെങ്കില്‍ ഇപ്രകാരമൊരു അവലംബം ഉണ്ടാകുമായിരുന്നില്ലായെന്ന് വാദിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച വാദഗതികളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെയും ഇവയൊന്നും സംശയരഹിതമായി ഇതുവരെയും സ്ഥാപിക്കപ്പെട്ടിട്ടില്ലായെന്നതാണ് വാസ്തവം. ആകയാല്‍ അക്കാലഘട്ടങ്ങളിലെ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നതുപോലെ, പൗലോസിന്‍റെ ശിഷ്യനായ സില്‍വാനോസിന്‍റെ സഹായത്തോടെ (5:12) പത്രോസ് ഈ ലേഖനം രചിച്ചു എന്നുള്ള അഭിപ്രായമാണ് കൂടുതല്‍ അഭികാമ്യം.
ഈ ലേഖനം സില്‍വാനോസിലൂടെ പത്രോസ് രചിച്ചതാണ് എന്ന നിലപാട് തികച്ചും യുക്തിസഹമാണ്. ലേഖനത്തില്‍തന്നെയുള്ള സാക്ഷ്യവും (1:1) സഭാപിതാക്കന്മാരുടെ സാക്ഷ്യവും (HE 4:14-9) ഈ വാദഗതിയെ ശരിവയ്ക്കുന്നുണ്ട്. കൂടാതെ, താഴെപ്പറയുന്ന കാരണങ്ങള്‍ ഈ ലേഖനത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് പത്രോസ് ശ്ലീഹായാണെന്ന സത്യത്തെ ബലപ്പെടുത്തുന്നുണ്ട്.
(1) ലേഖനത്തിന്‍റെ ആമുഖത്തില്‍തന്നെ ലേഖനമെഴുതാന്‍ സഹായിച്ച വ്യക്തിയെ (സില്‍വാനോസ്) പരാമര്‍ശിക്കുന്നതിലൂടെ പ്രസ്തുത വ്യക്തിക്ക് ലേഖനരചനയില്‍ കേവലം കേട്ടെഴുത്തുകാരന്‍റെ ഭാഗധേയം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന് അനുമാനിക്കാം. ലേഖനത്തിന്‍റെ കേന്ദ്രാശയങ്ങള്‍ പറഞ്ഞുകൊടുത്തശേഷം സഹായികള്‍ക്ക് ലേഖനത്തിലെ ആശയങ്ങളെ പരിപുഷ്ടിപ്പെടുത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന പതിവ് ആദിമസഭയിലുണ്ടായിരുന്നതായി ഗവേഷകന്‍ സമര്‍ത്ഥിക്കുന്നുണ്ട് (W.G. Doty, Letters in Primitive Christianity, Philadelphia 1971, p. 41) താന്‍ പറഞ്ഞുകൊടുത്ത് എഴുതിച്ച ആശയങ്ങളെ പ്രൗഢമായ ഭാഷയിലും പഴയനിയമ ഉദ്ധരണികളുടെ സഹായത്താലും കൂടുതല്‍ പരിപുഷ്ടമാക്കാന്‍ പത്രോസ്ശ്ലീഹാ സില്‍വാനോസിനു സ്വാതന്ത്ര്യം നല്‍കി എന്നു കരുതുന്നത് യുക്തിസഹമാണ്. ഗ്രീക്കു ഭാഷാശൈലിയുടെ പ്രത്യേകതയും സപ്തതിയില്‍ നിന്നുള്ള ഉദ്ധരണികളും ഇപ്രകാരം ന്യായീകരിക്കാവുന്നതാണ്.
(2) പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലെ ആശയങ്ങള്‍ ഈ ലേഖനത്തില്‍ പ്രതിഫലിക്കുന്നു എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ആദിമസഭയുടെ വിശ്വാസത്തെ വിശേഷിച്ചും വിജാതീയ സഭകളുടെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതില്‍ പൗലോസിന്‍റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. പത്രോസും പൗലോസും ആദിമസഭയില്‍ ബദ്ധവൈരികളായാണ് വര്‍ത്തിച്ചിരുന്നത് എന്ന തെറ്റിദ്ധാരണയില്‍ നിന്നുമാണ് പൗലോസിന്‍റെ ആശയങ്ങള്‍ പ്രതിഫലിക്കുന്നു എന്ന കാരണത്താല്‍ ഈ ലേഖനത്തിന് പത്രോസിന്‍റെ കര്‍തൃത്വം നിഷേധിക്കുന്നത്. പൗലോസിന്‍റെ ചിന്തകളെ കേവലം വൈയക്തിക ചിന്തകളായിട്ടല്ല സഭയുടെ വിശ്വാസ പ്രബോധനങ്ങളായി ആദിമസഭ സ്വീകരിച്ചിരുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല.
(3) പത്രോസ്ശ്ലീഹാ റോമില്‍ സുവിശേഷം പ്രസംഗിക്കുകയും അവിടെത്തന്നെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. അതിനാല്‍ ഏഷ്യാമൈനറിലെ സഭയ്ക്ക് എഴുതാന്‍ സാധ്യതയില്ല എന്ന വാദം ബാലിശമാണ്. തങ്ങള്‍ക്കു വ്യക്തിപരമായി പരിചയമില്ലാത്ത സഭകള്‍ക്ക് എഴുത്തുകള്‍ അയയ്ക്കുന്ന പതിവ് ആദിമസഭാനേതാക്കന്മാരുടെയിടയില്‍ ഉണ്ടായിരുന്നു. ക്ലെമെന്‍റിന്‍റെ ഒന്നാം ലേഖനം, റോമാക്കാര്‍ക്ക് എഴുതപ്പെട്ട ലേഖനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. പത്രോസിന്‍റെ പ്രാഥമികതയും പ്രാമാണ്യവും ആദിമസഭയില്‍ തര്‍ക്കമറ്റ വിഷയമായിരുന്നതിനാല്‍ സഭാനേതാവായ അപ്പസ്തോലന്‍ ഏഷ്യാമൈനറിലെ പീഡിതസഭയെ ശക്തിപ്പെടുത്താന്‍ എഴുത്തയച്ചു എന്നു ചിന്തിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്.
(4) പത്രോസിന്‍റെ കാലത്ത് മതമര്‍ദ്ദനമില്ലായിരുന്നു എന്ന വാദം ചരിത്രപരമായി ശരിയല്ല. നീറോയുടെ കാലത്തെ മതമര്‍ദ്ദനങ്ങള്‍ സാമ്രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നില്ല എന്നതു സത്യമാണെങ്കിലും റോമിലും ഏഷ്യാമൈനറിലും മതമര്‍ദ്ദനത്തിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി എന്നത് സത്യമാണ്. നീറോയുടെ കാലത്തെ മതമര്‍ദ്ദനങ്ങളെക്കുറിച്ചുള്ള ചരിത്രരേഖകള്‍ ലേഖനകര്‍ത്താവിന്‍റെ വാദങ്ങളെ ശരിവയ്ക്കുന്നുണ്ട്. ബിഥിനിയായിലെ (Pliny , Ep. 10.96) മതമര്‍ദ്ദനംതന്നെയാണ് സ്പഷ്ടമായ ഉദാഹരണം. കൂടാതെ, ലേഖനത്തില്‍ വിവക്ഷിക്കുന്ന മതമര്‍ദ്ദനം എന്നത് വിശ്വാസത്തിനെതിരായ സകല അധിക്ഷേപങ്ങളും കടന്നാക്രമങ്ങളുമാണ്. യഹൂദമതനേതാക്കളില്‍നിന്ന് ക്രൈസ്തവര്‍ ആരംഭകാലം മുതലേ പീഡനങ്ങള്‍ ഏല്ക്കേണ്ടി വന്നിട്ടുണ്ട്. സ്തേഫാനോസിന്‍റെ വധവും പത്രോസിനു ലഭിക്കുന്ന ചമ്മട്ടിയടിയുമൊക്കെ നടപടി പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ടല്ലോ. തന്മൂലം മതമര്‍ദ്ദനം പത്രോസിന്‍റെ കാലഘട്ടത്തില്‍ കേവലം സാങ്കല്പികമായിരുന്നു എന്ന വാദം നിലനില്‍ക്കുന്നതല്ല.
(5) യുഗാന്ത്യത്തെക്കുറിച്ചും ക്രിസ്തു വിജ്ഞാനീയ സത്യങ്ങളെക്കുറിച്ചും ലേഖന കര്‍ത്താവിനുള്ള കാഴ്ച്ചപ്പാടുകള്‍ ഏറ്റവും പ്രാരംഭദശയിലെ കാഴ്ചപ്പാടുകള്‍ തന്നെയാണ്. പത്രോസിന്‍റെ കാലശേഷമാണ് ഈ ലേഖനം രചിക്കപ്പെട്ടത് എങ്കില്‍ റോമിലെ കിരാതമായ മതമര്‍ദ്ദനങ്ങളുടെ വിവരണങ്ങളും പത്രോസിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള സൂചനകളും ഈ ലേഖനത്തില്‍ രേഖപ്പെടുത്തുമായിരുന്നു (2 പത്രോ 1:14-15; 1 ക്ലെമന്‍റ് 5:4 എന്നിവ കാണുക).
രചനാകാലം, സ്വീകര്‍ത്താക്കള്‍
റോമില്‍ വച്ചുള്ള പത്രോസിന്‍റെ രക്തസാക്ഷിത്വത്തിനു മുമ്പ്, അതായത് നീറോ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് (ക്രി.വ. 64) ക്രി.വ. 64 നും 66 നും ഇടയ്ക്ക് ഈ ലേഖനം എഴുതപ്പെട്ടുവെന്ന് പൊതുവേ കരുതപ്പെടുന്നു. ലേഖനസ്വീകര്‍ത്താക്കളായി ഗ്രന്ഥകാരന്‍ അഭിസംബോധന ചെയ്തിരിക്കുന്നത് "പോന്തൂസിലും ഗലാത്തിയായിലും കപ്പദോസിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപ്പാര്‍ക്കുന്ന"വരെയാണ് (1 പത്രോ 1:1). ഇതില്‍ കപ്പദോസിയ, പോന്തൂസ്, എന്നീ സ്ഥലങ്ങള്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2:9 - ല്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബിഥീനിയായിലേക്ക് വചനപ്രഘോഷണവുമായി മുന്നേറാന്‍ യേശുവിന്‍റെ ആത്മാവ് പൗലോസിനെ അനുവദിച്ചില്ലായെന്ന് അപ്പ 16:7 -ല്‍ വായിക്കുന്നു. സാധാരണയായി, ഏതെങ്കിലും അപ്പസ്തോലന്‍ സ്ഥാപിച്ച സഭാസമൂഹത്തിലേക്ക് മറ്റൊരു അപ്പസ്തോലന്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുമായി കടന്നുചെന്നിരുന്നില്ല.
ഈ ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കളായി കരുതപ്പെടുന്നത് പോന്തൂസിലും ഗലാത്തിയായിലും കപ്പദോസിയായിലും ഏഷ്യയിലും "പ്രവാസികളായി" കഴിയുന്നവര്‍ക്കും (1:1), "പരദേശികളും പ്രവാസികളും വിപ്രവാസികളും" (2:11) ആയവര്‍ക്കും വേണ്ടിയാണ്. വിജാതീയരുടെ മൃഗീയ ഭൂരിപക്ഷത്തിനിടയില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷമായ സഭാവിഭാഗങ്ങളായിരുന്നു ലേഖനത്തിന്‍റെ അനുവാചകര്‍ എന്ന് ഈ പരാമര്‍ശങ്ങളില്‍ നിന്നും അനുമാനിക്കാം. ഇവരെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭ്യമല്ലെങ്കിലും താഴെ പ്പറയുന്ന അനുമാനങ്ങള്‍ സാധ്യമാണ്.
- വിജാതീയരില്‍ നിന്നും മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചവരാണിവര്‍ (1:14; 2:9-10; 4:3-4).
- വിശ്വാസം സ്വീകരിച്ചിട്ട് ഏറെക്കാലമാകാ ത്തവരാണ് ഈ ലേഖനത്തിന്‍റെ അനുവാ ചകര്‍ (1:14; 2:2; 4:12).
- വിജാതീയരുടെ എതിര്‍പ്പിനുമുന്നില്‍ വിശ്വാസം പരിത്യജിച്ച് പഴയമാര്‍ഗ്ഗങ്ങളിലേക്ക് പിന്തിരിയാന്‍ സാധ്യതയുള്ളവരാണിവര്‍ (1:14-15).
- രാഷ്ട്രീയാധികാരികളുടെ മുന്നില്‍ ശത്രുക്കള്‍വഴി തെറ്റായി ചിത്രീകരിക്കപ്പെടു ന്നതിനാല്‍ പീഡനത്തിന്‍റെ നിഴലില്‍ കഴിയുന്നവരാണിവര്‍ (2:13-17).
ഭാഷാശൈലി
ലേഖനത്തിന്‍റെ ഭാഷാശൈലിയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 1:3-2:10 വരെയുള്ള ഭാഗം മാമ്മോദീസായുടെ ഗീതവും 1:13-2:10 ഭാഗം ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കുള്ള ഉപദേശവുമാണ്. ആദിമക്രൈസ്തവര്‍ക്ക് ആഘോഷമായി മാമ്മോദീസ നല്‍കിയിരുന്ന വേളയില്‍ ചെയ്തിരുന്ന പ്രസംഗത്തിന് പിന്നീട് ലിഖിതരൂപം നല്‍കിയെന്ന് സാരം. ഏതായാലും മാമ്മോദീസായെക്കുറിച്ചുള്ള ഒട്ടേറെ പരാമര്‍ശങ്ങള്‍ ഈ തരത്തിലുണ്ടെന്ന് സുവ്യക്തം (1:4, 23; 2:2; 3:18). ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കായുള്ള മതബോധനത്തെ ആധാരമാക്കി എഴുതപ്പെട്ടതാണ് ഈ ലേഖനമെന്നു വാദിക്കാന്‍ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നത് മുകളില്‍ സൂചിപ്പിച്ച ഈ പരാമര്‍ശങ്ങളാണ്. ഏതായാലും ലേഖനത്തിന് എഴുത്തിന്‍റെ ബാഹ്യരൂപം ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. അതായത് ആരംഭത്തിലെ അഭിസംബോധനയും (1:1-2), കൃതജ്ഞതാ പ്രകാശനവും (1:3-5), അന്ത്യത്തിലെ അഭിവാദനങ്ങളുമെല്ലാം ആ കാലഘട്ടത്തിലെ കത്തുകളില്‍ അനുവര്‍ത്തിച്ച ബാഹ്യഘടകങ്ങളാണ്. ജ്ഞാനസ്നാന ഉപദേശങ്ങളും ധാര്‍മ്മിക പഠനങ്ങളുമെല്ലാം ദൈവശാസ്ത്രപരമായ പിന്‍ബലത്തോടെ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ചിരിക്കുന്നുവെന്നത് ഈ ലേഖനത്തിന്‍റെ പ്രത്യേകതയാണ്.
മാമ്മോദീസാവേളയില്‍ നല്‍കപ്പെട്ട ഒരു പ്രഭാഷണവും (1:3-4:11) മതമര്‍ദ്ദനത്തിനു കീഴ്പ്പെട്ട ഒരു സഭാസമൂഹത്തിനു നല്‍കിയ കത്തും (4:12-5:14) സംയോജിപ്പിച്ചതാണ് എന്നൊരു വാദം നിലനില്‍ക്കുന്നു. എന്നാല്‍ ഇതിനും ഈ ലേഖനത്തിനുള്ളില്‍ കാര്യമാത്ര പ്രസക്തമായ അടിസ്ഥാനങ്ങള്‍ ഒന്നും ഇല്ല.
ലേഖനത്തിന്‍റെ ലക്ഷ്യം
പ്രവാസജീവിതം നയിക്കുന്ന ഏഷ്യാമൈനറിലെ ദൈവജനത്തെ ഉപദേശിച്ചുകൊണ്ടാണ് ഈ ലേഖനം എഴുതപ്പെട്ടതെന്ന് നേരത്തെ നാം കണ്ടുവല്ലോ. "പ്രവാസികളായി ചിതറിപ്പാര്‍ക്കുന്നവര്" എന്ന പ്രയോഗം വിജാതീയലോകത്തെ ക്രിസ്ത്യാനികളുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. വിജാതീയജനതകളുടെയിടയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ പരദേശവാസം അനുഷ്ഠിക്കുന്നവരെന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വിജാതീയരുടെയിടയില്‍നിന്നും അടുത്ത നാളുകളില്‍ മാനസാന്തരപ്പെട്ടവരായിരുന്നുവെന്നുള്ള സൂചന ലേഖനത്തില്‍നിന്നും വ്യക്തമാണ് (1:14, 18; 2:9, 10; 4:3-4; 2:2; 4:12); കൂടാതെ വിജാതീയ എതിര്‍പ്പുമൂലം തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തില്‍ ആടിയുലഞ്ഞവരും.
ആദിമസഭയ്ക്ക് തീര്‍ച്ചയായും ആന്തരികവും ബാഹ്യവുമായ ധാരാളം പ്രതിസന്ധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. സഭാശത്രുക്കളില്‍നിന്നുള്ള എതിര്‍പ്പും തത്ഫലമായ പീഡനങ്ങളുമാണ് ഇവിടെ പ്രധാനമായും അനുഭവിക്കേണ്ടിവന്നത്. ബാഹ്യശത്രുക്കളില്‍ നിന്നുള്ള എതിര്‍പ്പ് വിശ്വാസികളില്‍ കുറേപ്പേര്‍ക്കെങ്കിലും സംശയങ്ങള്‍ക്കും മനംമാറ്റത്തിനും കാരണമായിട്ടുണ്ട്. ഏതായാലും ഇപ്രകാരമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ അവരുടെ മഹത്തായ ദൈവവിളിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടും പീഡനങ്ങളെ കൃപയുടെ അടയാളമായി കണ്ടുകൊണ്ടും പീഡകളിലും ഞെരുക്കങ്ങളിലും വിശ്വാസസ്ഥിരതയുള്ളവരായി ജീവിക്കുവാന്‍ ഗ്രന്ഥകര്‍ത്താവ് ദൈവജനത്തെ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. ചുരുക്കത്തില്‍ ഏഷ്യാമൈനറിലെ വിജാതീയരുടെയിടയില്‍ ചിതറിപ്പാര്‍ത്തിരുന്ന ക്രിസ്ത്യാനികള്‍ക്ക് അവരുടെ പീഡനങ്ങളിലും വേദനകളിലും ഉണര്‍വും ഉള്‍ക്കരുത്തും വിശ്വാസസ്ഥിരതയും പ്രത്യാശയും പ്രദാനം ചെയ്യുകയാണ് ലേഖനലക്ഷ്യം.
ലേഖന ഘടന
I. 1:1-2, ആമുഖം
II. 1:3-2:10, ക്രിസ്തീയവിളിയുടെ ശ്രേഷ്ഠതയും അതിന്‍റെ കടമകളും
A. 1:3-12, ക്രിസ്തീയ വിളി
B. 1:3-12, പിതാവിനാല്‍ ആരംഭിച്ചതും പുത്രനാല്‍ പൂര്‍ത്തീകരിക്കപ്പെട്ടതും റൂഹായാല്‍ വെളിപ്പെടുത്തപ്പെട്ടതുമായ രക്ഷ.
b. 1:13-25, വിശുദ്ധ ജീവിതത്തിനുള്ള ആഹ്വാനം
B. 2:1-10, ക്രിസ്തീയ ജീവിതത്തിന്‍റെ കടമകള്‍
a. 2:1-3, ദൈവമക്കളായി ജീവിക്കാനുള്ള ആഹ്വാനം
b. 2:4-10, പുതിയ ദൈവഭവനം
III. 2:11-3:12, ക്രിസ്തീയ സാക്ഷ്യം
A. 2:11-12, വിജാതീയരുടെ ഇടയിലെ ക്രിസ്ത്യാനികളുടെ പെരുമാറ്റം
B. 2:13-3:7, പരമ്പരാഗതമായ മതബോധനം
a. 2:13-17, പ്രാദേശിക അധികാരികളോടുള്ള കടമ
b. 2:18-25, യജമാനന്‍മാരോടുള്ള കടമ
c. 3:1-7, ദമ്പതിമാരുടെ കടമ
C. 3:8-12, സഹോദരനോടുള്ള കടമ
IV. 3:13-5:11, ക്രിസ്ത്യാനികളും പീഡനങ്ങളും
A. 3:13-4:11, പീഡനത്തോടുള്ള ക്രിസ്തീയസമീപനം
A. 3:13-17, പീഡനത്തില്‍ ആത്മവിശ്വാസം
b. 3:18-4:6, ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം ക്രിസ്തു
i. 3:18-22, പാപത്തിന്‍മേലുള്ള യേശുവിന്‍റെ വിജയം മാമ്മോദീസായിലൂടെ അനുഭവവേദ്യമാകുന്നു
ii. 4:1-6, ക്രിസ്ത്യാനി പീഡനത്തിലൂടെ പാപത്തെ നിരാകരിക്കുന്നു
c. 4:7-10, ക്രിസ്തീയ ജീവിതവും യേശുവിന്‍റെ മഹത്വപൂര്‍ണ്ണമായ വെളിപ്പെടുത്തലും
B. 4:12-5:11, സഹനത്തെ യാഥാര്‍ത്ഥ്യത്തോടെ നേരിടണം
a. 4:12-5:11, യഥാര്‍ത്ഥ സഹനത്തിലുള്ള സന്തോഷം
b. 5:1-5, ശ്രേഷ്ഠന്മാര്‍ക്കും വിശ്വാസികള്‍ക്കുമുള്ള ഉപദേശം
c. 5:6-11, സത്യവാനായ ദൈവം നമ്മെ സഹനത്തിലൂടെ മഹത്വത്തിലേക്ക് ആനയിക്കുന്നു
V. 5:12-14, സമാപനാശീര്‍വാദം
ദൈവശാസ്ത്ര പ്രമേയങ്ങള്‍
വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ത്തിരുന്ന വിശ്വാസികള്‍ക്ക് അവരുടെ പീഡനങ്ങളിലും ഞെരുക്കങ്ങളിലും ഉണര്‍വും ഉള്‍ക്കരുത്തും, വിശ്വാസസ്ഥിരതയും പ്രദാനംചെയ്യുന്ന ഈ ലേഖനത്തില്‍ ഉന്നതമായ പല ദൈവശാസ്ത്രചിന്തകളും നിറഞ്ഞുനില്‍ക്കുന്നു. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ലേഖനത്തിലെ പശ്ചാത്തലവും ദൈവശാസ്ത്രപരമായ ആശയങ്ങളുമൊക്കെ ഇന്നും ഏറെ പ്രസക്തമാണ്.
ഓരോ ക്രൈസ്തവനും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ദൈവീക തിരഞ്ഞെടുപ്പിനാധാരം അവിടുത്തെ കരുണയും സ്നേഹവുമാണ്. വീണ്ടും നാം രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ് (1 പത്രോസ് 2:9). തെരഞ്ഞെടുക്കപ്പെട്ട വംശമെന്നനിലയില്‍ ക്രിസ്ത്യാനികള്‍ പുതിയ ഇസ്രായേലാകുന്നു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് തങ്ങള്‍ പരിത്യക്തരാണ് എന്ന ചിന്ത ഇസ്രായേല്‍ക്കാര്‍ക്കുണ്ടായിരുന്നു എന്നാല്‍ അബ്രാഹത്തിലൂടെ എല്ലാവരേയും ദൈവം തിരഞ്ഞെടുത്ത് അനുഗ്രഹിച്ചു. പുതിയനിയമത്തില്‍ യേശുവിന്‍റെ രക്തത്തില്‍ രൂപംകൊണ്ടവരാണ് സഭാതനയര്‍. അങ്ങനെ വിശുദ്ധമായ സഭ ദൈവത്തിന്‍റെ സ്വന്തം തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. അവസാന വിധിക്കുശേഷം ക്രിസ്തുവിനോടുകൂടി ജീവിക്കാനുള്ളവരെന്ന നിലയില്‍ തീര്‍ച്ചയായും രാജകീയ പദവിയുണ്ട്. ദൈവഭവനത്തില്‍ യേശുക്രിസ്തുവഴി സ്വീകാര്യമായ ബലിയര്‍പ്പിക്കുന്നവരെന്ന നിലയില്‍ ഒരു പുരോഹിതഗണവുമാണ്.
ദൈവജനവും പുരോഹിതഗണവുമായ ക്രൈസ്തവവിശ്വാസികള്‍ തങ്ങളുടെ ശ്രേഷ്ഠമായ പദവികള്‍ക്ക് ചേര്‍ന്നവിധം ജീവിക്കണം. വിശ്വാസത്താല്‍ അടിസ്ഥാനമുറപ്പിക്കപ്പെട്ട് വചനത്താലും കൂദാശകളാലും പരിപോഷിപ്പിക്കണപ്പെടുന്ന വിശ്വാസികള്‍ വിശുദ്ധിയോടെ ജീവിക്കണം. ചുരുക്കത്തില്‍, ഒരു ക്രിസ്ത്യാനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിശേഷണം "ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്" എന്നുള്ളതാണ്. മറ്റുള്ള പദവികളും അലങ്കാരങ്ങളുമൊക്കെ ഇതിനോടു താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. പത്രോസിന്‍റെ ആത്മാവബോധം അപ്പസ്തോലികത്വത്തില്‍ ശക്തമായിരിക്കുന്നതുപോലെ, ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പുത്രന്‍/പുത്രി എന്ന ആത്മാവബോധം നമ്മിലും നിറയണം.
പുതിയനിയമത്തില്‍ ഈശോയും വിപ്രവാസത്തില്‍ കഴിയുന്നുണ്ട്. ക്രിസ്ത്യാനികള്‍ ലോകത്ത് എവിടെയാണെങ്കിലും എല്ലാവരെയും സഹോദരീസഹോദരന്മാരായി കാണുവാനും വേദനിക്കുന്നവരോടും വിപ്രവാസികളോടുമൊക്കെ കൂടുതല്‍ താല്പര്യവും പരിഗണനയുമൊക്കെ പ്രകടിപ്പിക്കാനും സാധിക്കണം. തിരുസ്സഭ എല്ലാവര്‍ഷവും കുടിയേറ്റദിനമായി ആചരിക്കുകയും അവരുടെ അജപാലനശുശ്രൂഷയില്‍ സഹകാരിയാവുകയും ചെയ്യുന്നത് എന്നും പ്രശംസനീയമാണ്.
ഈശോ മിശിഹായുടെ രക്ഷാകരപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് അവിടുത്തെ മഹത്വപൂര്‍ണ്ണമായ വരവ്. അവിടുത്തെ പ്രഥമ ആഗമനത്തിന്‍റെ ലക്ഷ്യം രക്ഷയായിരുന്നെങ്കില്‍ മഹത്വപൂര്‍ണ്ണമായ പ്രത്യക്ഷീകരണം (പറൂസിയ) രക്ഷയുടെ പൂര്‍ത്തീകരണമാണ്. ഇതില്‍ പ്രധാനമായും നാല് സംഭവങ്ങളാണ് നടക്കുക: 1. ലോകത്തിന്‍റെ മുഴുവനായ അന്ത്യം, 2. രക്ഷാകരചരിത്രത്തിന്‍റെ പൂര്‍ത്തീകരണം, 3. മിശിഹായുടെ ദൈവീകതയുടെ പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍, 4. വിശ്വാസികളുടെ മഹത്വീകരണം. പ്രധാനമായും ഈശോ മിശിഹായിലൂടെയുള്ള ദൈവത്തിന്‍റെ പരമമായ വെളിപ്പെടുത്തലാണിത്. എന്നാല്‍ ഇതിന്‍റെ സമയത്തേയോ കാലത്തേയോ കുറിച്ച് വ്യക്തമായി ഒരിടത്തും പറയുന്നില്ല.
ഈ യുഗാന്ത്യചിന്തയുടെ വീക്ഷണത്തില്‍ നിന്നുകൊണ്ടാണ് ലേഖനകര്‍ത്താവ് ധാര്‍മ്മികതയെ അവതരിപ്പിക്കുന്നത്. യുഗാന്ത്യത്തിന്‍റെ ഓര്‍മ്മയില്‍ സമചിത്തതയോടും ജാഗ്രതയോടും സര്‍വ്വോപരി ഉത്തരവാദിത്വത്തോടുംകൂടി വ്യാപരിക്കണം. ചുരുക്കത്തില്‍ അന്ധകാരത്തിന്‍റെ പ്രവൃത്തികളെ ഉപേക്ഷിച്ച് പ്രകാശത്തിന്‍റെ പാതയില്‍ പ്രതീക്ഷയോടെ വ്യാപരിക്കുന്ന ക്രിസ്തീയ ജീവിതം നയിക്കണം.
Peter First article written peter catholic malayalam peters articles m Mar. Joseph Pamplani Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206