We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 24-Nov-2022
ഒരവസരം കൂടി - പിടിക്കപ്പെട്ട പാപിനി
മനുഷ്യന്റെ വക്രതയും ക്രൂരതയും ഏതറ്റം വരെ പോകാം എന്നതിന്റെ ഭീകരവും ബീഭത്സവുമായ ഒരുദാഹരണമാണ് നിയമപാലകർ യേശുവിന്റെ മുമ്പിൽ നിർത്തിയ ആ ഹതഭാഗ്യ. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അവൾക്കും പേരില്ല. എന്നാൽ അവളുടെ ഒരു ചെയ്തി എല്ലാവർക്കും അറിയാം - വ്യഭിചാരം. മോശയുടെ നിയമവും അതിന്റെ ഉപവിഭാഗങ്ങളും പരമ്പരാഗത വ്യാഖ്യാനങ്ങളും എല്ലാം അക്ഷരാർത്ഥത്തിൽ അനുസരിക്കാൻ വ്രതം ചെയ്തതിന്റെ പേരിൽ വിശുദ്ധരായി പരിഗണിക്കപ്പെടുന്ന ഫാരിസേയരും നിയമത്തിന്റെ ഇഴകൾ വേർതിരിച്ച്, കണിശമായ വ്യാഖ്യനം നല്കി, വിധി കല്പിക്കുന്ന നിയമജ്ഞരും കൂടെയാണ് അവളെ യേശുവിന്റെ മുമ്പിലേക്കു കൊണ്ടുവന്നത്.
രാത്രി മുഴുവൻ ദീർഘിക്കുന്ന കൂടാരപ്പെരുന്നാളിന്റെ പിറ്റേന്നു രാവിലെയാണ് സംഭവം. ജറുസലേം ദേവാലയത്തിൽ, വിജാതീയരുടെ അങ്കണത്തിൽ, കവചിതമായ സ്തൂപനിരകൾക്കിടയിലെ ഒരു മണ്ഡപത്തിലിരുന്നു പഠിപ്പിക്കുന്ന യേശു. വചനം കേൾക്കാനായി ചുറ്റിലും തിങ്ങിനിന്നു കാതോർക്കുന്ന ജനക്കൂട്ടം. അവരുടെ മധ്യത്തിലേക്കാണ് അവളെ കൊണ്ടുവന്നത്. “നടുവിൽ നിർത്തി" എന്നത് നിയമനടപടിയിലെ ഒരു സാങ്കേതിക പദമാണ്. കുറ്റവാളിയെ വിചാരണ ചെയ്ത് വിധി പ്രസ്താവിക്കാൻ വേണ്ടി ന്യായാധിപന്റെ മുമ്പിൽ, പ്രതിക്കൂട്ടിൽ കയറ്റി നിർത്തുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുക (അപ്പ 4,7).
"വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീ" എന്നതാണ് അവളുടെ വിശേഷണം. വിവാഹിതയായ ഒരു സ്ത്രീ അന്യപുരുഷനുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിനെയാണ് ഇവിടെ വ്യഭിചാരം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സംഭവസമയത്തു തന്നെ പിടികൂടി എന്ന് വിവരണത്തിലെ ധ്വനി. കുറ്റമാരോപിക്കുന്നവർ അതുതന്നെ ആവർത്തിക്കുന്നുമുണ്ട്. “ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്” (യോഹ 8,5). ഇപ്രകാരമുള്ള കുറ്റത്തെയും അതിനു നല്കേണ്ട ശിക്ഷയെയും കുറിച്ച് നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. “ഒരുവൻ അയല്ക്കാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്താൽ അവനും അവളും മരണശിക്ഷ അനുഭവിക്കണം” (ലേവ്യ 20:10). “അന്യന്റെ ഭാര്യയോടൊത്ത് ഒരുവൻ ശയിക്കുന്നതു കണ്ടാൽ ഇരുവരെയും - സ്ത്രീയെയും പുരുഷനെയും - വധിക്കണം” (നിയ 22,22).
നിയമത്തിന്റെ കാര്യത്തിൽ സംശയമില്ല. കുറ്റകൃത്യത്തിനു ദൃക്സാക്ഷികളുമുണ്ട്. പിന്നെ എന്തിന് അവർ യേശുവിനെ സമീപിക്കുന്നു? ഇവിടെയാണ് കാപട്യത്തിന്റെ ക്രൂരതയുടെയും ഒരു വശം ഒളിഞ്ഞിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ, മുഖം നോക്കാതെ, ദൈവഹിതം അറിയിക്കുന്ന, ദൈവനീതിയുടെയും അതേസമയം കരുണയുടെയും പ്രവാചകനായി യേശു ജനമധ്യത്തിൽ പ്രസിദ്ധനായിരുന്നു. ഇത് യഹൂദ മതനേതാക്കന്മാരെ അസ്വസ്ഥരാക്കിയിരുന്നു. പിടിച്ചുകെട്ടാൻ പടയാകളികളെ അയച്ചെങ്കിലും ഫലമുണ്ടായില്ല (യോഹ 7,32-45). നേതൃനിരയിൽത്തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി (യോഹ 7,50-53). പിടികൂടണം എന്ന ദുഷ്ടലാക്കോടുകൂടെയാണ് ഈ തെരുവുനാടകം അവതരിപ്പിക്കുന്നത്. “ഇത് അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്” (യോഹ 8,6).
എന്തു തീരുമാനം പറഞ്ഞാലും അത് യേശുവിനെതിരേ പ്രയോഗിക്കാൻ എതിരാളികളുടെ കൈകളിൽ ആയുധമായിത്തീരും. അവർ തന്നെ ഉദ്ധരിച്ച നിയമപ്രകാരം വധശിക്ഷ വിധിച്ചാൽ രണ്ടു പ്രശ്നങ്ങളുണ്ട്. നാളിതുവരെ പ്രസംഗിച്ച ദൈവത്തിന്റെ കരുണാർദ്രസ്നേഹം എന്ന സുവിശേഷം തന്നെ തള്ളിപ്പറയുന്നതായി ആരോപിക്കാം. അതിനേക്കാൾ ഗൗരവമുള്ളതാണ് രണ്ടാമത്തേത്. വധശിക്ഷ നടപ്പിലാക്കാൻ യഹൂദർക്ക് അനുവാദമില്ലായിരുന്നു. അത് നേതാക്കന്മാർ തന്നെ പീലാത്തോസിനെ അനുസ്മരിപ്പിക്കുന്നുമുണ്ട് (യോഹ 18,31). ഇപ്പോൾ യേശു വധശിക്ഷ വിധിച്ചാൽ അത് റോമൻ നിയമത്തിന്റെ ലംഘനമാകും. യേശുവിനെ റോമൻ അധികാരം നിഷേധിക്കുന്ന കലാപകാരിയെന്നു മുദ്രകുത്തി ഏല്പിച്ചുകൊടുക്കാൻ കഴിയും. എന്നാൽ, കാരുണ്യത്തിന്റെ പേരിൽ വെറുതെ വിടാൻ വിധിച്ചാൽ അത് മോശയുടെ നിയമത്തിന്റെ ലംഘനമാകും. ദൈവികനിയമം ലംഘിക്കുകയും ലംഘിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന കുറ്റമായിരിക്കും ആരോപിക്കുക. സ്ത്രീയെ എറിയാൻ എടുത്ത കല്ലുകൾ യേശുവിനെതിരേ തിരിച്ചുവിടാൻ കഴിയും. തങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന, വ്യാജപ്രവാചകനും ദൈവനിഷേധിയും എന്ന് നേതാക്കൾ വിധിയെഴുതിയ, യേശുവിനെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ കാപട്യത്തിന്റെ ഒരു വശം. എന്നാൽ അതു മാത്രമല്ല.
യേശുവിനെ കുടുക്കാൻ അവർ വെച്ച കെണിയിലെ ഇര മാത്രമാണ് പിടിക്കപ്പെട്ട പാപിനി. അവൾക്കു വ്യക്തിത്വമില്ല; ശബ്ദമില്ല. അവൾ ചെയ്ത കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. ഒരു സ്ത്രീ തനിച്ച് എങ്ങനെ വ്യഭിചാരം ചെയ്തു എന്ന് ആരും ചോദിച്ചില്ല. നിയമനിഷേധം എന്നാക്രോശിച്ച് ജനവികാരത്തെ ഇളക്കിവിട്ട നേതാക്കന്മാർ ചോദിക്കേണ്ട ചോദ്യങ്ങളൊന്നും ചോദിച്ചില്ല, ചോദിക്കാൻ ആരെയും അനുവദിച്ചതുമില്ല. വ്യഭിചാരകുറ്റത്തിന് പിടിക്കപ്പെട്ടാൽ രണ്ടുപേരും വധിക്കപ്പെടണം എന്ന വ്യക്തമായ അനുശാസനത്തിന് എന്തു സംഭവിച്ചു? പിടിക്കപ്പെട്ടവളെ വ്യഭിചരിച്ചവൻ എവിടെ? എന്തേ സ്ത്രീയെ മാത്രം വിചാരണയ്ക്ക് കൊണ്ടുവരുന്നു? അതോ കുറ്റവാളികൾ തന്നെ സാക്ഷി പറയുകയും വിധി നിശ്ചയിക്കുകയും ചെയ്ത സൂസന്നയുടെ കഥ ഇവിടെ ആവർത്തിക്കുകയാണോ? സൗകര്യപൂർവ്വം ഒഴിവാക്കാൻ വേണ്ടി അവളുടെ ഭർത്താവുതന്നെ ഒരുക്കിയ കെണിയാണിതെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. അല്ല, ഒരു സാധു സ്ത്രീയുടെ ഇടർച്ചയെ അവസരമാക്കി യേശുവിനെ വീഴ്ത്താൻ നടത്തിയ ശ്രമമെന്നു മറ്റുചിലർ. എന്തായാലും തങ്ങളുടെ ഗൂഢ ലക്ഷ്യത്തിനുവേണ്ടി ഒരു പാവപ്പെട്ട സ്ത്രീയെ ബലിയാടാക്കുന്ന ആസൂത്രിതശ്രമം പൈശാചികതയുടെ വേറൊരു വശം വ്യക്തമാക്കുന്നു. ഇവളുടെ രക്തത്തിൽ എനിക്കു പങ്കില്ല എന്നു പറയാൻ ദാനിയേൽ എവിടെ?
അവഹേളിതയായി അവൾനിന്നു. തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന ചെന്നായ്ക്കളുടെ മധ്യേ, പേടിച്ചരണ്ട കുഞ്ഞാടിനെപ്പോലെ, എറിയാൻ കല്ലുകളുമായി ആളുകൾ ചുറ്റിലും കൂടി. മാനം നഷ്ടപ്പെട്ട, പാപബോധത്താൽ ഹൃദയം നുറുങ്ങിയ, ദൈവവും തന്നെ ഉപേക്ഷിച്ചു എന്നു കരുതി തകർന്ന് നിരാശയിലാണ്ടുപോയ അവൾ ഏതുനിമിഷവും തന്റെമേൽ പതിക്കാൻ പോകുന്ന കല്ലുകൾക്കുവേണ്ടി കാത്തുനിന്നു. ഈ നാടകം എത്രയും വേഗം അവസാനിച്ചാൽ മതി എന്ന് അപേക്ഷിച്ചിട്ടുണ്ടാവും.
ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. “യേശുവാകട്ടെ കുനിഞ്ഞ് വിരൽകൊണ്ട് നിലത്തെഴുതിക്കൊണ്ടിരുന്നു" (യോഹ 8,6). യേശു കുനിഞ്ഞു എന്ന് ഇവിടെയല്ലാതെ ബൈബിളിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. യേശു എന്തെങ്കിലും എഴുതിയതായും ഇവിടെ മാത്രമേ കാണുന്നുള്ളൂ; അതും ഒന്നല്ല രണ്ടു തവണ. എന്താണ് എഴുതിയതെന്ന് വ്യാഖ്യാതാക്കൾ അന്വേഷിക്കാറുണ്ട്; പല ഉത്തരങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. തന്റെ മുമ്പിൽ നില്ക്കുന്ന ഓരോരുത്തരുടെയും പാപമാണ് എഴുതിയത് എന്ന് ചിലർ. അല്ല, റോമൻ പതിവനുസരിച്ച് ന്യായാധിപൻ പരസ്യമായി വായിക്കാനുള്ള വിധിവാചകം വിചാരണ നടക്കുമ്പോൾ എഴുതിയിരുന്നതുപോലെ യേശു വിധിവാചകം എഴുതുകയായിരുന്നു എന്ന് മറ്റു ചിലർ. ഇതൊന്നുമല്ല, ബെൽഷാസർ രാജാവിന്റെ വിരുന്നുശാലയുടെ ഭിത്തിയിൽ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് എഴുതിയ വിധിവാചകം (ദാനി 5,5) പോലെയാണിതെന്ന് വാദിക്കുന്നു ഇനിയും ചിലർ. കൃത്യമായി ആർക്കും അറിയില്ല. അറിയണം എന്ന് സുവിശേഷകൻ ആഗ്രഹിച്ചിട്ടുമില്ല. അതിനാൽ ഈ ദിശയിലുള്ള അന്വേഷണം എങ്ങും എത്തിക്കുകയുമില്ല.
പക്ഷേ കൂടുതൽ ശ്രദ്ധേയമായ ഒന്നാണ് യേശു കുനിഞ്ഞു എന്ന പരാമർശം. തീർച്ചയായും നിലത്തെഴുതണമെങ്കിൽ കുനിയണം എന്നതു സ്വാഭാവികം. എന്നാൽ അതു മാത്രമാണോ ഇവിടെ അർത്ഥമാക്കുക? എല്ലാവരും നിവർന്നു നില്ക്കണം എന്നാഗ്രഹിക്കുകയും കൂനിപ്പോയവരെ വിവാദക്കൊടുങ്കാറ്റഴിച്ചു വിട്ടുകൊണ്ടു തന്നെനിവർത്തി നിർത്തുകയും ചെയ്ത (ലൂക്ക 13,10-17) ഗുരു എന്തേ ഇവിടെ കുനിയുന്നു? അതും ഒന്നല്ല, രണ്ടു പ്രവാശ്യം? ഇതിന് എന്തെങ്കിലും ആഴമേറിയ അർത്ഥമുണ്ടോ എന്നറിയില്ല.
ഒരു പക്ഷേ മുന്നിൽ അരങ്ങേറുന്ന കാപട്യവും ദുഷ്ടതയും കണ്ടു മനസുമടുത്തിട്ടാകുമോ? ദൈവികനിയമത്തിന്റെ കാവൽക്കാർ എന്നവകാശപ്പെടുന്നവർ, വിശുദ്ധിയുടെ പരിവേഷമണിയുന്നുവെന്ന് അഭിമാനിക്കുന്നവർ തന്നെ ഒരു മനുഷ്യജീവിയെ നിഷ്കരുണം പിച്ചിച്ചീന്താൻ കാണിക്കുന്ന പൈശാചിക ക്രൂരതയാകുമോ തല താഴ്ത്താൻ യേശുവിനെ പ്രേരിപ്പിക്കുന്നത്? അതോ ലോകത്തിന്റെ പാപം ഏറ്റുവാങ്ങുന്നവന്റെ മാനസികാവസ്ഥയുടെ ശാരീരിക പ്രകടനമാകുമോ? പാപത്തിന്റെ ഭീകരമുഖം ദൈവികതയുടെ പരിവേഷം ചാർത്തി പ്രത്യക്ഷപ്പെട്ടു, ആ ദേവാലയാങ്കണത്തിൽ - സാത്താൻ മാലാഖയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതുപോലെ.
നിർബ്ബന്ധം വർദ്ധിച്ചപ്പോൾ യേശു നിവർന്നു; അവർ കേൾക്കാൻ ആഗ്രഹിച്ച വിധിവാചകം ഉച്ചരിച്ചു: അവളെ കല്ലെറിയുവിൻ! പക്ഷേ അവിടെ തീർന്നില്ല, വിധി. മോശയുടെ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ സാക്ഷികളാണ് ആദ്യത്തെ കല്ലെറിയേണ്ടത് (നിയ 17,7). ഇവിടെ യേശു ഒരു തിരുത്തൽ വരുത്തി. “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം എറിയട്ടെ" (യോഹ 8,7). ഇത് അവർ പ്രതീക്ഷിച്ചില്ല. വാദിയും സാക്ഷിയും പ്രതിക്കൂട്ടിലായി. ആർ ആരെ കല്ലെറിയണം? നേതാക്കളുടെ തീക്ഷ്ണത അവസാനിച്ചു. തങ്ങൾ ഒരുക്കിയ കെണിയിൽ തങ്ങൾ തന്നെ വീണതായി മനസ്സിലാക്കിയ അവർ പിൻവാങ്ങി. കപടഭക്തിയുടെ മുഖംമൂടി അഴിഞ്ഞുവീണു. കാഴ്ചകാണാൻ കൂടിയവർ ഇര നഷ്ടപ്പെട്ട കുണ്ഠിതത്തോടെ നിഷ്ക്രമിച്ചു. അവസാനം കുനിഞ്ഞ് എഴുതിക്കൊണ്ടിരുന്ന യേശുവും മരണഭയത്തിൽപ്പെട്ട സ്ത്രീയും മാത്രം അവശേഷിച്ചു.
വീണ്ടും നിവർന്ന യേശുവിന്റെ വിധിവാചകത്തിനുവേണ്ടി അവൾ ഭയന്നുവിറച്ചു കാതോർത്തു. “സ്ത്രീയേ അവർ എവിടെ? ആരും നിന്നെ കുറ്റം വിധിച്ചില്ലേ?" സ്ത്രീയേ എന്ന അഭിസംബോധനയിൽ ആദരവുണ്ട്. വ്യഭിചാരിണിയെന്നു മുദ്രകുത്തി അവഹേളിച്ച് കൊല്ലാൻ കൊണ്ടുവന്നവൾക്ക് ആത്മാഭിമാനം വീണ്ടും നല്കുന്നതാണ് ആ വിളി, പറുദീസായിൽ നഗ്നതമൂലം ഭയന്ന് ഒളിച്ചിരുന്ന ആദിമാതാപിതക്കൾക്ക് തുകൽകൊണ്ടുള്ള ഉടയാട നല്കിയതുപോലെ ഒരു സംരക്ഷണം. “വിധിച്ചില്ലേ" എന്നാണ് പി.ഒ.സി. വിവർത്തനം. സാഹചര്യത്തിൽനിന്ന് അർത്ഥം വ്യക്തമാകും എന്നു കരുതിയാണ് ഇങ്ങനെ വിവർത്തനം ചെയ്യുന്നത്. 'കത്താക്രിനോ' എന്ന ഗ്രീക്കു വാക്കിന് കുറ്റവാളിയെന്നു പ്രഖ്യാപിക്കുക, ശിക്ഷ വിധിക്കുക - Condemn - എന്നാണർത്ഥം. കുറ്റം ആരോപിച്ചവരും സാക്ഷികളും എല്ലാം അപ്രത്യക്ഷരായ കാര്യം അപ്പോഴേക്കും അവൾ അറിയുന്നത്. ചീറിവരുന്ന കല്ലിന്റെ ശീൽക്കാരം പ്രതീക്ഷിച്ച്, മരണത്തിനൊരുങ്ങി കണ്ണടച്ചു നിന്നവൾ അമ്പരന്നു.
ഒറ്റവാക്കിൽ അവൾ ഉത്തരം പറഞ്ഞു, "ഇല്ല, കർത്താവേ" അതൊരു നിലവിളിയായിരുന്നു. അവിശ്വസനീയമാംവിധം വീണുകിട്ടിയ ജീവിതത്തിലുള്ള സന്തോഷത്തിന്റെ, നന്ദിയുടെ പശ്ചാത്താപത്തിന്റെ വിതുമ്പൽ. ഇല്ല, ആരും കുറ്റം വിധിച്ചില്ല; ശിക്ഷിച്ചില്ല "കർത്താവേ" എന്ന വിളിയിൽ ഒരു ലോകം മുഴുവൻ ഒതുങ്ങുന്നുണ്ട്. - ഇസ്രായേൽ ജനത്തിന്റെ മുഴുവൻ ചരിത്രവും ദൈവാനുഭവവും വിശ്വാസവും ഉൾക്കൊള്ളുന്ന ഒരു ലോകം. അടിമകൾക്കു വിടുതൽ നല്കുന്ന ദൈവത്തിന്റെ പേരാണ് കർത്താവ്.
തുടർന്ന് കേട്ടത് വിശ്വസിക്കാൻ അവൾക്കു പ്രയാസം തോന്നിക്കാണും. “ഞാനും കുറ്റം വിധിക്കുന്നില്ല.” കുറ്റം വിധിക്കുന്നില്ല എന്നതുകൊണ്ട് കുറ്റ വിമുക്തയാക്കിയെന്നോ അവൾ ചെയ്തതു തെറ്റല്ല എന്നോ അർത്ഥമാക്കുന്നില്ല. ജീവന്റെ നാഥൻ അവൾക്ക് ഒരവസരം കൂടി നല്കുകയാണ്, ഒപ്പം ഒരു താക്കീതും.
“പൊയ്ക്കൊള്ളുക, ഇനിമേൽ പാപം ചെയ്യരുത്” (യോഹ 8,11). കൈവിട്ടുപോയി എന്നു കരുതിയ ജീവിതം അവൾക്കു വീണ്ടും കിട്ടി. ഇവിടെ വിചാരണയില്ല. ആത്മാഭിമാനത്തിനു ക്ഷതമേല്പിക്കുന്ന ആരോപണങ്ങളോ ചോദ്യങ്ങളോ ഇല്ല. എല്ലാം കാണുന്നവൻ, ഹൃദയത്തിന്റെ ആഴങ്ങൾ അറിയുന്നവൻ, തന്റെ അനന്തമായ കാരുണ്യം അവളുടെ മേൽ ചൊരിഞ്ഞു. അവൾക്കു പോകാം - സമാധാനത്തിൽ, ശാന്തിയിൽ. ഭയമില്ലാതെ, ലജ്ജിക്കാതെ, ഒരു പുതിയ വ്യക്തിയായി അവൾക്കു ജീവിക്കാം. യേശു നല്കുന്ന വിമോചനത്തിന്റെ നന്ദി നിറഞ്ഞ സാക്ഷിയായി അവൾക്കു ശിഷ്ടജീവിതം ചിലവഴിക്കാം. ദൈവം നല്കുന്ന പുതിയ അവസരത്തിന്റെ സാക്ഷിയും മാതൃകയുമാണ് പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതിരുന്ന ആ സ്ത്രീ.
ഒരവസരം കൂടി - പിടിക്കപ്പെട്ട പാപിനി Dr. Michael Karimattam അവളെ കല്ലെറിയുവിൻ! നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം എറിയട്ടെ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206