We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
ബൈബിളും അതിന്‍റെ വ്യാഖ്യാനങ്ങളും എക്കാലത്തുമെന്നപോലെ ഇന്നും ഏവരിലും താത്പര്യമുണര്‍ത്തുന്ന വിവാദ വിഷയമാണ്. ബൈബിള്‍ സംബന്ധിയായ ചര്‍ച്ചകള്‍ ഈയടുത്ത കാലത്ത് പല നവീന തലങ്ങളിലേക്കും വ്യാപിക്കുന്നവയാണ്. ഒരു കാര്യം തീര്‍ച്ചയാണ്; ബൈബിളില്ലാതെ ക്രിസ്തീയ വിശ്വാസമില്ല; സഭാജീവിതമില്ല. ബൈബിളിനെ മുന്‍നിര്‍ത്തിയല്ലാതെ ക്രിസ്ത്യാനികള്‍ക്ക് മറ്റു മതവിശ്വാസികളുമായി ഇടപഴകുന്നതിനും സാധ്യമല്ല. ഈ പശ്ചാത്തലത്തിലാണ് ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ച് വ്യക്തമായ ചില നിലപാടുകള്‍ രൂപപ്പെടുത്താന്‍ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ തുനിയുന്നത്.
വി. ഗ്രന്ഥവ്യാഖ്യാനവും ബന്ധപ്പെട്ട പ്രശ്നങ്ങളും
ബൈബിള്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പെട്ടെന്ന് ഉദയം ചെയ്തവയല്ല. വി.ഗ്രന്ഥവ്യാഖ്യാനം പ്രശ്നസങ്കീര്‍ണ്ണമാകാമെന്നതിന് ബൈബിളില്‍തന്നെ എത്രയോ സൂചനകളുണ്ട്. ചില ഭാഗങ്ങള്‍ വളരെ വ്യക്തമായിരിക്കുമ്പോള്‍ ചിലത് അത്രതന്നെ അവ്യക്തങ്ങളാണ്. പ്രവാചകനായ ദാനിയേല്‍ ജറെമിയായുടെ ചില വചനങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ ഒരുപാടു തപസിരിക്കുന്നതു വി. ഗ്രന്ഥത്തില്‍ നാം കണ്ടെത്തുന്നു (ദാനി 9,2). ഏശയ്യായുടെ പ്ര വചനത്തിന്‍റെ (ഏശ 53,7-8) അര്‍ത്ഥം ഗ്രഹിക്കാനാവാതെ എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏതോപ്യക്കാരന്‍ വിഷമിച്ചിരുന്നു (അപ്പ.8:30-35). "വ്യാഖ്യാനിച്ചുതരാനൊരാളില്ല" എന്ന അദ്ദേഹത്തിന്‍റെ മുറവിളി ഒരു തലമുറയുടെതന്നെ വിലാപമാണ്. വി. പൗലോസിന്‍റെ ലേഖനങ്ങളെക്കുറിച്ച് വി. പത്രോസ് പറയുന്നത് "അവയില്‍ മനസ്സിലാക്കാന്‍ വിഷമമുളള ചില ഭാഗങ്ങളുണ്ട്" എന്നാണ്. അറിവില്ലാത്തവരും പരിശീലനം ലഭിക്കാത്തവരും അവയെ തങ്ങളുടെ തന്നെ നാശത്തിനായി വളച്ചൊടിക്കുന്നത് പത്രോസ് വേദനയോടെ യാണ് നോക്കിക്കാണുന്നത് (2പത്രോ 3,16). "വി. ഗ്രന്ഥത്തിലെ പ്ര വചനങ്ങളൊന്നും ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളവയല്ല" (2പത്രോ 1,20) എന്ന് അദ്ദേഹത്തിന്‍റെ സ്വരം ഇവിടെ കര്‍ക്കശമാക്കുന്നതും ശ്രദ്ധേയമാണ്. ബൈബിളും ബൈബിള്‍ വ്യാഖ്യാനം സംബന്ധിച്ച പ്രശ്നങ്ങളും ഇരട്ടപിറന്നവയാണ്.
കാലം കടന്നുപോയപ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഇന്നൊരാള്‍ക്ക് വി. ഗ്രന്ഥം യഥാവിധി മനസ്സിലാക്കണമെങ്കില്‍ കടന്നുപോന്ന കാലങ്ങളത്രയും ഇരുപതോ - മുപ്പതോ നൂറ്റാണ്ടുകള്‍ വരെ - ചവിട്ടിത്തളളി പുറകോട്ടു നടക്കണം; വി. ഗ്രന്ഥം ജന്മംകൊ ണ്ട സമയത്തെയും സംസ്ക്കാരത്തെയും ഉള്‍ക്കൊളളണം. ഇത് തികച്ചും ശ്രമകരമായ ദൗത്യമാണ്. മാത്രവുമല്ല, ഇന്നിന്‍റെ ശാസ്ത്രപുരോഗതി അപാരമാണ്. അവ വ്യാഖ്യാന സംബന്ധമായ പ്രശ്നങ്ങളെ അതിസങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. ബൈബിളിനൊപ്പം പഴക്കമുളള മറ്റു പുസ്തകങ്ങളെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് അളക്കാമെങ്കില്‍ എന്തുകൊണ്ട് ബൈബിള്‍ പഠനത്തിലും അത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൂടാ എന്ന ന്യായമായ ചോദ്യം ഉരുത്തിരിഞ്ഞുവന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ സഭ അത്ര എളുപ്പത്തില്‍ ഇതിനോടു പ്രതികരിച്ചില്ല. വിശ്വാസസംരക്ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്, ഇവിടെ വിവേകത്തോടെ തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. മറ്റൊരു സാധാരണ പുസ്തകംപോലെ വി. ഗ്രന്ഥത്തെ കരുതുന്നത് വിശ്വാസത്തെ ശക്തിപ്പെടുത്തുമോ അതോ ദുര്‍ബലമാക്കുമോ എന്നതു ശ്രദ്ധിക്കേണ്ടതാണ്. ആദ്യം മടിച്ചുനിന്നെങ്കിലും പിന്നീട് അനുകൂലമായ പ്രതികരണം തന്നെയാണ് സഭയില്‍ രൂപപ്പെട്ടത്.
സഭയുടെ ഈ നിലപാട് സദ്ഫലങ്ങള്‍ പുറപ്പെടുവിച്ചു എന്നതിന് സംശയമില്ല. ബൈബിള്‍ വിശകലനം ചെയ്തു പഠിക്കേണ്ടതിന്‍റെ ആവശ്യകത പണ്ഡിതരും സാധാരണ വിശ്വാസികളും അംഗീകരിച്ചു. സഭകള്‍ തമ്മിലുളള ഐക്യത്തിന്‍റെ പാത കൂടുതല്‍ വിശാലമായി. വി.ഗ്രന്ഥ പഠനം കാലാനുസൃതമായ ദൈവശാസ്ത്രമാറ്റങ്ങള്‍ക്കു കാരണമായി നിന്നു. ബൈബിളിനോടുണ്ടായ ഈ നവീനാഭിമുഖ്യം വിശ്വാസത്തില്‍ മികവുറ്റ ജീവിതം നയിക്കാന്‍ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിട്ടുണ്ട്. ബൈബിള്‍ വ്യാഖ്യാനത്തില്‍ ഒന്നൊന്നര നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന നിലപാടുകളും മാര്‍ഗ്ഗങ്ങളും അപര്യാപ്തങ്ങളാണെന്ന് ഇന്ന് പണ്ഡിതര്‍ ഉറപ്പിച്ചു പറയുന്നു; അവയിലേക്കുളള തിരിച്ചുപോക്ക് അസാധ്യമാണെന്നും.
ഇതിനൊരു മറുവശവുമുണ്ട്. ഏറ്റം വ്യാപകമായി പ്രയോഗിച്ചു വരുന്ന ശാസ്ത്രീയരീതി ചരിത്രവിമര്‍ശനരീതി ആണ്. എന്നാല്‍ ഈ രീതിയെപ്പറ്റി ആക്ഷേപങ്ങളും ഉയരുന്നു. പുതിയ ശൈലികളും സമീപനരീതികളും ഉരുത്തിരിഞ്ഞു വന്നത് ചരിത്രവിമര്‍ശന രീതിയുടെ പോരായ്മകളും അപര്യാപ്തതയുമാണ് വ്യക്തമാക്കിയത്. എന്നാല്‍, ഗൗരവമായ ആരോപണം, ഒരു വിശ്വാസിയുടെ നിലപാടില്‍നിന്നു വീക്ഷിക്കുമ്പോള്‍ പ്രസ്തുത രീതി തീര്‍ത്തും ശുഷ്ക്കമാണെന്നതാണ്. ചരിത്രത്തോടുളള അഭിനിവേശം ഈ രീതിയുടെ ദൗര്‍ബല്യമായി മാറിയെന്നുവേണം കരുതാന്‍. കാലാന്തരത്തില്‍ മറ്റു രീതികളും രൂപപ്പെട്ടു. അത്തരം രീതികള്‍ വി.ഗ്രന്ഥത്തിനു പിന്നിലെ ചരിത്രപശ്ചാത്തലമെന്നതിനേക്കാള്‍ എഴുതപ്പെട്ട ഭാഷ, ആ ഭാഷയുടെ ശൈലികള്‍, എഴുതപ്പെട്ട ഘടന, വായനക്കാരില്‍ ആഴ്ന്നിറങ്ങാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ശൈലിയുടെ പ്രത്യേകതകള്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം കൊടുക്കുന്നു. ബൈബിളിനെ തത്വചിന്ത, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രം തുടങ്ങിയ ആനുകാലിക കാഴ്ചപ്പാടുകളുടെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. വൈവിധ്യങ്ങളുടെ ഈ സമ്പുഷ്ടിയില്‍ ചിലര്‍ അഭിമാനിക്കുമ്പോള്‍ മറ്റു ചിലര്‍ ആശയക്കുഴപ്പങ്ങളില്‍ അമ്പരക്കുന്നു.
ഈ ആശയക്കുഴപ്പം സത്യമോ മിഥ്യയോ? എന്തായാലും വി,ഗ്രന്ഥത്തെ ഒരു വെറും പുസ്തകംപോലെ ശാസ്ത്രീയ വിശകലനങ്ങള്‍ക്കു വിധേയമാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ വാദഗതികള്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. ശാസ്ത്രീയ അപഗ്രഥന രീതികളുടെ അന്യായാവശ്യങ്ങള്‍ക്കു മുമ്പില്‍ വിശുദ്ധഗ്രന്ഥത്തെ തുറന്നുവെച്ചിട്ട് എന്തുനേടി എന്നാണവരുടെ ചോദ്യം. മറുവശത്ത് ഏറെ നഷ്ടപ്പെടുകയും ചെയ്തു. മറുചോദ്യമില്ലാതെ വിശ്വസിക്കപ്പെട്ടിരുന്ന കാര്യങ്ങള്‍ മറ്റൊരു തലത്തില്‍ കാണപ്പെടുന്നു. ചോദ്യം ചെയ്യപ്പെടുന്നു. ചില വ്യാഖ്യാതാക്കള്‍ സഭയുടെ വിശ്വാസത്തിനെതിരായ ആശയങ്ങളെ മുറുകെപ്പിടിക്കുന്നു. യേശുവിന്‍റെ കന്യകയില്‍ നിന്നുളള ജനനത്തെ, അവിടുത്തെ അത്ഭുതങ്ങളെ, ഉത്ഥാനത്തെ, അങ്ങനെ വന്നു വന്ന് അവിടുത്തെ ദൈവികതയെപ്പോലും അവര്‍ ചോദ്യം ചെയ്യുന്നു. ശാസ്ത്രീയവിശകലനം ക്രൈസ്തവന്‍റെ ജീവിതധാര്‍മ്മികതയെ മെച്ചപ്പെടുത്തിയില്ല. മനുഷ്യന്‍റെ ജീവിതത്തിലേക്കു തുറന്നു വെയ്ക്കപ്പെട്ട ബൈബിള്‍ അടഞ്ഞുതന്നെയിരിക്കുന്നു. വി.ഗ്രന്ഥവ്യാഖ്യാനം സാധാരണക്കാര്‍ക്ക് എന്നുമൊരു സമസ്യതന്നെയായിരുന്നുവെന്ന് കരുതുക. എങ്കിലും ഇന്നത്തേതുപോലെ ഏതാനും പണ്ഡിതന്മാരുടെ മാത്രം കുത്തകയായിരുന്നില്ല അത്. "നിങ്ങള്‍ പ്രവേശിച്ചില്ല, മറ്റുള്ളവരെയൊട്ടു പ്രവേശിക്കാന്‍ അനുവദിച്ചുമില്ല" (ലൂക്കാ 11,52, മത്താ 23,13) എന്ന ആക്ഷേപം വ്യാഖ്യാനരംഗത്തെ പ്രഗത്ഭര്‍ക്കുനേരേ ഉയര്‍ന്നിരിക്കുന്നു.
ശാസ്ത്രീയ വിശകലനത്തെക്കാള്‍ ലളിതമായ സമീപനരീതികളാണ് ഉചിതമെന്ന് കുറേപ്പേരെങ്കിലും കരുതാനിടയായത് അതുകൊണ്ടാണ്. വേറേ ചിലരാകട്ടെ ആത്മീയവ്യാഖ്യാനത്തിനപ്പുറം മറ്റൊന്നിനെയും അംഗീകരിക്കുന്നില്ല. ഓരോരുത്തനും ലഭിക്കുന്ന പ്രചോദനമനുസരിച്ച് വ്യാഖ്യാനിക്കുക എന്നതാണ് അവരുടെ നിലപാട്. മറ്റൊരു തരക്കാരാകട്ടെ, തങ്ങളുടെതന്നെ സ്വാഭാവികമായ മതവികാരങ്ങളുടെ സാക്ഷാത്കാരത്തിനായി വി.ഗ്രന്ഥം ഉപയോഗിക്കുന്നു. അവരുടെ സങ്കല്‍പ്പത്തിനനുസരിച്ച് യേശുവിനെ ബൈബിളില്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇനിയും ചിലരാകട്ടെ, തങ്ങളുടെയും സമൂഹത്തിന്‍റെയും എല്ലാ പ്രശ്നങ്ങള്‍ക്കുമുളള ഉത്തരം അതേപടി ബൈബിളിലുണ്ട്, അതില്‍ പ്രതിപാദിക്കാത്ത വിഷയങ്ങളൊന്നുമില്ല എന്ന് കരുതുന്നു. പോരാത്തതിന്, ചില വിഘടിത ഗ്രൂപ്പുകള്‍ തങ്ങള്‍ക്കു ലഭിച്ച ദര്‍ശനങ്ങള്‍ മാത്രമാണ് ശരിയായ വ്യാഖ്യാനമെന്ന് കരുതുന്നു.
വ്യാഖ്യാനത്തിന് ഒരു മാര്‍ഗ്ഗരേഖ
യാഥാര്‍ത്ഥ്യം മേല്‍പ്പറഞ്ഞതുപോലെ ആയിരിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും ചെവികൊടുക്കാതിരിക്കാനാവില്ല. ഈ രംഗത്തെ നവോന്മേഷം കണ്ടില്ലെന്നു വയ്ക്കാനോ താല്‍പര്യങ്ങളെ തല്ലിക്കെടുത്താനോ കഴിയില്ല. പുതിയ ശൈലികളും സമീപനരീതികളും അവതരിപ്പിക്കുന്ന സാധ്യതകളെ വിലയിരുത്തേണ്ടതും ആവശ്യമെന്നു സഭാനേതൃത്വത്തിനു തോന്നി. അതിനുമപ്പുറം, തിരുസഭയില്‍ വി.ഗ്രന്ഥം വ്യാഖ്യാനിക്കുന്നവര്‍ കൈകൊള്ളേണ്ട ശരിയായ നിലപാട് വ്യക്തമാക്കേണ്ടതും ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ഇവിടെയാണ് ഈ മാര്‍ഗ്ഗരേഖയുടെ ഉദ്ദേശ്യം കിടക്കുന്നത്.
വി.ഗ്രന്ഥത്തിന്‍റെ ഇരുസ്വഭാവങ്ങളോടും - മാനുഷികവും ദൈവികവും - പരമാവധി വിശ്വസ്തത പുലര്‍ത്തി വ്യാഖ്യാനിക്കാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ഇവിടെ ലക്ഷ്യം വെച്ചിരിക്കുന്നത്. ബൈബിളിനോടു ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇവിടെ ഉദ്ദേശ്യമില്ല. ഉദാഹരണത്തിന് ബൈബിളിന്‍റെ ദൈവനിവേശിതസ്വഭാവം എന്നതുകൊണ്ട് എന്തര്‍ത്ഥമാക്കുന്നുവെന്ന ദൈവശാസ്ത്ര വിശദീകരണങ്ങള്‍ ഇതിലില്ല. മറിച്ച്, വി.ഗ്രന്ഥത്തിന്‍റെ സമ്പന്നത സാധാരണക്കാര്‍ക്ക് സമീപസ്ഥമാക്കാനുതകുന്ന സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ദൈവത്തിന്‍റെ വചനം അവിടുത്തെ ജനമായ നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് കാരണമാകണം. നമുക്ക് ദൈവവിശ്വാസമുണ്ടാകണം; പ്രത്യാശയുണ്ടാകണം. അത് ജീവിതത്തില്‍ പ്രതിഫലിക്കണം. എല്ലാവരെയും സ്നേഹിക്കാന്‍ കഴിയണം. അങ്ങനെ ദൈവവചനം ലോകത്തെങ്ങുമുളള മനുഷ്യര്‍ക്ക് ഒരു മുതല്‍ക്കൂട്ടായി അനുഭവപ്പെടണം.
ചുരുക്കത്തില്‍, ഈ മാര്‍ഗ്ഗരേഖ നാലു മേഖലകളിലേക്ക് തിരിഞ്ഞ് സഭയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു.
ഡോ. ജോസ് വടക്കേടം
The Bible Innovative approaches to interpretation CATHOLIC MALYALAM bible interpretations Rev. Dr. Joseph Pamplany Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206