We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 23-Nov-2022
അനുതാപത്തിന്റെ മാതൃക - ഏറെ സ്നേഹിച്ച പാപിനി
ഫരിസേയാ പ്രമുഖന്റെ വിരുന്നുശാലയിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവന്ന ആ സ്ത്രീ ഒരു വിവാദ കൊടുങ്കാറ്റഴിച്ചുവിട്ടു. ആ ചുഴലിക്കൊടുങ്കാറ്റിൽ കപടഭക്തിയുടെ മുഖം മൂടികൾ പറന്നുയർന്നു. പാപവും മോചനവും, അനുതാപവും സ്നേഹവും വിവാദവിഷയമായി. യേശുവിന്റെ തന്നെ സൽപേര് ചോദ്യം ചെയ്യപ്പെടാൻ അവളുടെ സാന്നിധ്യം കാരണമായി. പാപഭാരവും അടിച്ചേൽപ്പിക്കപ്പെട്ട അപകർഷതാബോധവും ആത്മനിന്ദയും കൊണ്ട് തകർന്ന ഹൃദയവും തളർന്ന മനസ്സുമായി കടന്നുവന്ന അവൾ വിവാദങ്ങൾക്കൊടുവിൽ, പെയ്തുതെളിഞ്ഞ മാനംപോലെ തിളങ്ങുന്ന മുഖവും നിവർന്ന നട്ടെല്ലുമായി നടന്നകന്നപ്പോൾ പശ്ചാത്താപം ആവശ്യമില്ലാത്ത, തങ്ങളുടെ വിശുദ്ധിയിൽ ഊറ്റം കൊണ്ട ഫരിസേയ നേതാക്കന്മാർ ഒന്നും മനസ്സിലാകാതെ ഇരുട്ടിൽ തപ്പിത്തടഞ്ഞു. ആരാണിവൾ?
ആസന്നമരണനു സൗഖ്യവും ശവമഞ്ചത്തിൽ കിടന്നവനു ജീവനും നല്കിയ ജീവന്റെ നാഥനായി യേശുവിനെ അവതരിപ്പിച്ചതിനുശേഷം ആത്മാവിന്റെ മരണമായ പാപത്തിൽനിന്നും ദൈവികജീവനിലേക്ക് ഉയിർപ്പിക്കാൻ കഴിവും അധികാരവുമുള്ള യേശുവിന്റെ ചിത്രം വരച്ചുകാട്ടാനാണ് ലൂക്കാ സുവിശേഷകൻ അവളെക്കുറിച്ച് പ്രതിപാദിക്കുന്നത്. പതിനഞ്ചു വാക്യങ്ങളിൽ (ലൂക്കാ 7,36-50) നിറഞ്ഞുനിൽക്കുന്ന വിവരണത്തിലെ മുഖ്യകഥാപാത്രമായ അവൾക്ക് പേരില്ല. അവളുടേതായ ഒരു വാക്കുപോലും സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുമില്ല. ഇത്രയേറെ തെറ്റിധാരണകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇരയായിട്ടുള്ള കഥാപാത്രങ്ങൾ ബൈബിളിൽ വേറെ അധികമില്ല.
ഊരും പേരും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വിശ്വാസികളുടെയും ഭക്തരുടെയും ഭാവനയിൽ അവൾക്കു പല വിശദീകരണങ്ങൾ നല്കപ്പെട്ടു. യേശുവിനെ തൈലാഭിഷേകം നടത്തിയ ഒരുസ്ത്രീയെക്കുറിച്ച് മറ്റു മൂന്നു സുവിശേഷങ്ങളും പ്രതിപാദിക്കുന്നുണ്ട്. മത്തായി - മർക്കോസ് സുവിശേഷകന്മാർ അവൾ ആരെന്നു പറയുന്നില്ല. ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിൽ യേശു വിരുന്നിനിരിക്കുമ്പോൾ വിലയേറിയ സുഗന്ധതൈലവുമായി വന്ന അവൾ വെൺ കൽഭരണി തുറന്ന് യേശുവിന്റെ ശിരസ്സിൽ തൈലം ഒഴിച്ചു എന്നു രണ്ടുപേരും രേഖപ്പെടുത്തിയിരിക്കുന്നു (മത്താ 26,6-8; മർക്കോ 14,3). ഇതേ സംഭവം യോഹന്നാനും വിവരിക്കുന്നുണ്ട്. അവിടെ തൈലം പൂശിയ സ്ത്രീക്കു പേരുണ്ട് - മറിയം. സാഹചര്യത്തിൽനിന്ന് അത് ലാസറിന്റെ സഹോദരി മറിയമായിരുന്നു എന്നനുമാനിക്കാം. യേശുവിന്റെ പാദത്തിൽ തൈലം പൂശുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്തു എന്നു യോഹന്നാൻ എടുത്തു പറയുന്നു (യോഹ 12,1-3). ഈ മൂന്നു സുവിശേഷകന്മാരും വിവരിക്കുന്ന സംഭവം തന്നെയാണ് ലൂക്കായും അവതരിപ്പിക്കുന്നത് എന്ന് പലരും കരുതി. വെൺകൽഭരണി, സുഗന്ധതൈലം, കാലിൽ തൈലം പൂശൽ, മുടി കൊണ്ട് തുടയ്ക്കൽ ഇത്രയും കാര്യങ്ങളാണ് തെളിവായി എടുത്ത് കാട്ടുന്നത്.
ഈ വിശദീകരണം സ്വീകരിച്ചാൽ വ്യക്തിയെക്കുറിച്ച് വ്യക്തതകിട്ടും - അത് ബെഥനിയായിലെ ലാസറിന്റെ സഹോദരി മറിയമായിരുന്നു. അതുകൊണ്ടവസാനിച്ചില്ല. വ്യക്തതതേടിയുള്ള ഭാവനാസമ്പന്നമായ അന്വേഷണം. ലൂക്കായുടെ വിവരണത്തിൽ തൈലം പൂശുന്ന സ്ത്രീ ഒരു പരസ്യപാപിനിയാണ്. സുവിശേഷകനും, പിന്നീട് വിവരണത്തിൽ ഫരിസേയനും ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ഇവിടെ നിന്നാണ് ആ സ്ത്രീയെക്കുറിച്ചുള്ള അടുത്ത നിഗമനം. അവൾ മറ്റാരുമല്ല, മഗ്ദലേനമറിയമായിരുന്നു. ലൂക്കായുടെ വിവരണത്തിൽ തൈലാഭിഷേകം നടക്കുന്നത് ഗലീലിയിൽ വച്ചാണെന്ന സൂചനയുണ്ട്. തിബേരിയാസ് പട്ടണത്തിൽനിന്ന് ഏകദേശം 5 കി.മീ. വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന ഒരു പ്രധാന പട്ടണമായിരുന്നു മാഗ്ദല. ആ പട്ടണത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നവളാണ് ശിമയോന്റെ വിരുന്നു ശാലയിലേക്ക് തള്ളിക്കയറി വന്നത് എന്ന നിഗമനത്തിന് പുരാതന കാലം മുതൽ വലിയ അംഗീകാരമുണ്ട്. അങ്ങനെ മഗ്ദലേനാമറിയം വേശ്യയായിരുന്നുവെന്നും അവളാണ് യേശുവിന്റെ കാൽക്കൽ വീണു കരഞ്ഞതെന്നുമുള്ള വിശ്വാസം ഇന്നും ശക്തമായി നിലനില്ക്കുന്നു. എന്നാൽ ഈ നിഗമനങ്ങളൊന്നും സുവിശേഷവിവരണത്തിൽ നിന്ന് തെളിയിക്കാനാവില്ല.
ബഥനിയായിലെ മറിയം എങ്ങനെ മഗ്ദലയിലെ വേശ്യയായി എന്നതിനു വിശ്വസനീയമായ വിശദീകരണമില്ല. രണ്ടു പട്ടണങ്ങളും തമ്മിൽ ഏകദേശം 150 കിലോമീറ്റർ അകലമുണ്ട്. മഗ്ദലേനമറിയം വേശ്യയായിരുന്നു എന്നതിനു തെളിവൊന്നുമില്ല. മത്തായി - മർക്കോസ് പരാമർശിക്കുന്ന ബഥനിയായിലെ കുഷ്ഠരോഗി ശിമയോനും ലൂക്കാ പറയുന്ന ശിമയോനും ഒരാളായിരുന്നെന്ന നിഗമനത്തിനും മതിയായ അടിത്തറയില്ല. തന്നെയുമല്ല, പാപിനിയുടെ തൈലാഭിഷേകം വിവരിച്ചതിനു തൊട്ടു പിന്നാലെയാണ് ലൂക്കാ മഗ്ദലേനാമറിയത്തെക്കുറിച്ചു പരാമർശിക്കുന്നത്. "ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേനാ എന്നു വിളിക്കപ്പെടുന്നവളുമായ മറിയം” (ലൂക്ക 8,2) എന്ന അവതരണം പുതിയ ഒരാളെ പരിചയപ്പെടുത്തുന്നു എന്ന പ്രതീതിയാണ് നല്കുന്നത്. വേശ്യാവൃത്തിയെ പിശാചു ബാധയായി പുതിയ നിയമത്തിൽ ഒരിടത്തും വിശേഷിപ്പിച്ചിട്ടുമില്ല. അതിനാൽ പഠനവിഷയമായ സ്ത്രീ മഗ്ദലേനാമറിയമല്ല; ബഥാനിയായിലെ മറിയവുമല്ല. സുവിശേഷകൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീ ആയി മാത്രമേ കരുതാനാവൂ. പില്ക്കാലത്തു കണ്ടു പിടിച്ച പേരുകൾ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ സഹായിക്കുമെങ്കിലും യഥാർത്ഥമായിരിക്കണമെന്നില്ല.
ആളിന്റെയും സ്ഥലത്തിന്റെയും പേരു പറയാതെ വ്യക്തിയുടെ സഭാവത്തിലും പ്രവർത്തനങ്ങളിലുമാണ് സുവിശേഷകൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “പട്ടണത്തിലെ പാപിനിയായ ഒരുവൾ” എന്ന സുവശേഷകന്റെ വിശദീകരണം അവളുടെ തൊഴിലിനെക്കുറിച്ച് ഒരു സൂചന നല്കുന്നു. ഫരിസേയന്റെ വിരുന്നു ശാലയിലേക്ക് അങ്ങനെ ഒരാൾ കടന്നുവരുന്നതിന്റെ വൈരുധ്യം തികച്ചും നാടകീയവും അർത്ഥഗർഭവുമാകുന്നു. യേശുവിനെതിരെ 7,34 ൽ ഉന്നയിക്കപ്പെട്ട "ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനും" എന്ന ആരോപണത്തെ സാധൂകരിക്കുന്നതായി തോന്നാം ഈ സംഭവം.
വിരുന്നുശാലയിലേക്കു കടന്നുവന്നവൾ യേശുവിന്റെ പിന്നിൽ കാല്ക്കലായി നിലയുറപ്പിച്ചു. പാലസ്തീനായിലെ സമ്പന്നർ റോമാക്കാരെപ്പോലെ ദിവാനിൽ ചാരിക്കിടന്നാണ് വിരുന്നാഘോഷിച്ചിരുന്നത്. മുമ്പിൽ ചെറിയ മേശകളിലായി ഭക്ഷണസാധനങ്ങൾ നിരത്തിയിരിക്കും. കാലുകൾ നീട്ടിക്കിടക്കുന്നതിനാൽ കഴുകാനും തഴുകാനുമൊക്കെ എളുപ്പമായിരുന്നു. ഈ പശ്ചാത്തലത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ എളുപ്പമാകും. ഭയന്നും പാപബോധത്താൽ മനസ്സുകലങ്ങിയും പിന്നിൽ നിന്ന സ്ത്രീയുടെ കണ്ണുകൾ കവിഞ്ഞൊഴുകി, യേശുവിന്റെ പാദത്തിൽ കണ്ണീർ വീണു. അപ്രതീക്ഷിതമായി ഗുരുവിന്റെ പാദത്തിൽ വീഴ്ത്തിയ കണ്ണീർ അവൾ തുടച്ചുമാറ്റിയത് സ്വന്തം മുടികൊണ്ട്. ഒരു യഹൂദസ്ത്രീ ഒരിക്കലും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു പ്രവൃത്തിയാണിത്. തല മൂടിയേ സ്ത്രീകൾ നടക്കാറുള്ളൂ. അന്യപുരുഷന്റെ മുമ്പിൽ തലമുടി കാട്ടുന്നതുതന്നെ വിവാഹമോചനം ആവശ്യപ്പെടാവുന്ന കുറ്റമായി പരിഗണിച്ചിരുന്ന ഒരു സമൂഹത്തിൽ ഈ പ്രവൃത്തി തികച്ചും ഗർഹണീയമായിരുന്നു.
പക്ഷേ അത് തുടക്കം മാത്രമായിരുന്നു. മുടികൊണ്ട് തുടച്ച പാദത്തിൽ അവൾ നിർത്താതെ ചുംബിച്ചു. ഗാഢമായി, തുടർച്ചയായി ചുംബിച്ചുകൊണ്ടേയിരുന്നു എന്നാണ് ഗ്രീക്കുമൂലത്തിന്റെ വാച്യാർത്ഥം. തുടർന്ന് ഏറ്റം വിലയേറിയ സുഗന്ധതൈലം അവൾ ഗുരുപാദത്തിൽ ഒഴിച്ചു. അവൾക്കിനി ഒന്നും ബാക്കി വയ്ക്കാനില്ല. തന്റെ ജീവിതം മുഴുവൻ അവൾ ഗുരുപാദത്തിൽ സമർപ്പിച്ചു. ആരെയും അവൾ ഭയക്കുന്നില്ല. നിയമജ്ഞർ നിശ്ചയിച്ച അതിർവരമ്പുകൾ പണ്ടേ മറി കടന്ന അവൾ ഇപ്പോൾ സകലമാമൂലുകളും കാറ്റിൽ പറത്തി. പരിസരം മറന്നു, സ്വയം മറന്നു. ഗുരുവിനു നേരിടേണ്ടി വരാവുന്ന ആരോപണങ്ങളും എതിർപ്പുകളും മറന്നു. അവളുടെ മുമ്പിൽ ഗുരുപാദം മാത്രം. എന്താണിതിനർത്ഥം? കാണികൾ പലതും ചിന്തിച്ചു.
“അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതു കണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരിയെന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ” (ലൂക്ക 7,39). അവളെ എല്ലാവർക്കും അറിയാം. പട്ടണത്തിൽ കുപ്രസിദ്ധയാണവൾ. അവളുടെ തൊഴിലും സ്വഭാവവും എല്ലാം കണിശമായി അറിയാവുന്ന അവർ അവളെ വെറുത്തു, വിധിച്ചു, ഭ്രഷ്ടു കല്പിച്ചു. തൊട്ടുകൂടാത്തവൾ എന്നു മുദ്രകുത്തി. തന്നെ സ്പർശിക്കാൻ അവളെ അനുവദിച്ച യേശുവിലേക്കു സംശയത്തിന്റെ, ആരോപണത്തിന്റെ ചൂണ്ടുവിരൽ നീണ്ടു. “ഇവൻ പ്രവാചകനാണെങ്കിൽ" എന്ന ചിന്ത അതാണല്ലോ വെളിപ്പെടുത്തുന്നത്. സ്വന്തം വിശുദ്ധിയിൽ ഊറ്റം കൊണ്ട ഫരിസേയ പ്രമാണി പുറം നോക്കി വിധിപറഞ്ഞപ്പോൾ ഉള്ളുകാണുന്ന ഗുരുവിന്റെ വീക്ഷണവും പ്രതികരണവും വ്യത്യസ്തമായിരുന്നു.
ഗുരുവിന് അറിയില്ല എന്നു കരുതിയ ആതിഥേയനു തെറ്റി. അറിയാം, തന്റെ കാലിൽ വീണു കണ്ണീരൊഴുക്കുന്ന പാവപ്പെട്ട സ്ത്രീ കടന്നുപോന്ന വഴികളിലെ ഇടർച്ചകൾ മാത്രമല്ല, അവളുടെ മേൽവിധി പ്രസ്താവിക്കുന്ന വിശുദ്ധരുടെ കാപട്യവും കണ്ണീരൊഴുക്കുന്ന പാപിനിയുടെ ഹൃദയനൈർമ്മല്യവും ഗുരുവിനറിയാം. രണ്ടു കടക്കാരുടെ കഥയിലൂടെ സത്യത്തിലേക്കു കണ്ണുതുറക്കാൻ സകലരെയും പ്രേരിപ്പിക്കുകയാണ് കഥയുടെ അവസാനം ഉന്നയിക്കുന്ന ചോദ്യംവഴി. കടം വീട്ടാൻ നിവൃത്തിയില്ലാതിരുന്ന രണ്ടു കടക്കാർ. രണ്ടുപേർക്കും കടം പൂർണ്ണമായി ഇളച്ചു കിട്ടുന്നു. ഒരാൾക്ക് അൻപത്, മറ്റെയാൾക്ക് അഞ്ഞൂറ്. “ആ രണ്ടുപേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക?” മറുപടി പറയാൻ പ്രയാസമില്ല. തികച്ചും സ്വാഭാവികവും യുക്തിസഹജവുമായ മറുപടി ശിമയോൻ പറഞ്ഞു: "ആർക്ക് അവൻ കൂടുതൽ ഇളവു ചെയ്തോ അവൻ എന്നു ഞാൻ കരുതുന്നു" (ലൂക്ക 7,43).
കഥ കേൾക്കാൻ രസമാണ്. പക്ഷേ ശ്രദ്ധാപൂർവ്വം മെനഞ്ഞെടുത്ത കഥ കേൾക്കാൻ തുടങ്ങിയാൽ കേൾവിക്കാരൻ അറിയാതെ കഥ നിർമ്മിക്കുന്ന ചുറ്റൊഴുക്കിലേക്ക് വലിച്ചിഴയ്ക്കപ്പെടും, കഥയുടെ തന്നെഭാഗമായിത്തീരും. തന്നെക്കുറിച്ചു തന്നെയാണ് ഈ കഥയെന്ന് അറിഞ്ഞുകഴിയുമ്പോഴേക്കും കഥ കഴിഞ്ഞിരിക്കും. യേശു പറഞ്ഞ മിക്ക കഥകളിലും ഇതാണ് സംഭവിക്കുക. കണ്ണീരൊഴുക്കിയ പാപിനിയെ കുറ്റം വിധിച്ച ഫരിസേയൻ തന്റെ മേൽ തന്നെയാണ് വിധിപ്രസ്താവിച്ചതെന്ന് കഥയുടെ വിശദീകരണത്തിലൂടെ യേശു വെളിപ്പെടുത്തി.
ദൈവത്തിന്റെ മുമ്പിൽ മനുഷ്യരെല്ലാം പാപികളാണ്, കൊടുത്തുവീട്ടാൻ കഴിയാത്ത വിധത്തിൽ വലിയ കടക്കാർ. ചിലർ തങ്ങളുടെ കടത്തെക്കുറിച്ചു ബോധവാന്മാരാണ്. അവർക്ക് അനുതാപമുണ്ട്. മോചനം വേണമെന്ന് ആഗ്രഹവുമുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ, തങ്ങൾ പാപികളാണെന്ന ചിന്തപോലുമില്ലാതെ, വിശുദ്ധരാണെന്നഭിമാനിച്ച്, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നു. അവർക്കു മോചനം ആവശ്യമില്ല; കിട്ടുന്നുമില്ല. ഇതാണ് കഥയിലെ കുറച്ചു ക്ഷമിക്കപ്പെട്ടവൻ. സംശയം അവശേഷിക്കുന്നെങ്കിൽ അതുകൂടി തീർക്കുന്നതാണ് യേശുവിന്റെ അവസാനത്തെ പ്രഖ്യാപനം: “ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്തെന്നാൽ ഇവൾ അധികം സ്നേഹിച്ചു" (ലൂക്ക 7,47).
പാപമോചനവും സ്നേഹവും തമ്മിലുള്ള ബന്ധം ഇവിടെ ചർച്ചാവിഷയമാകുന്നുണ്ട്. മനുഷ്യന്റെ സ്നേഹം പാപമോചനത്തിനു കാരണമോ അതോ പാപമോചനത്തിന്റെ ഫലമോ? അധികം സ്നേഹിച്ചതിനാൽ അധികം ക്ഷമിക്കപ്പെട്ടു എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് മേലുദ്ധരിച്ച ഗുരുമൊഴി. എന്നാൽ തുടർന്ന് ഗുരുനാഥൻ തന്നെ നല്കുന്ന വിശദീകരണം സംശയത്തിനു പഴുതടയ്ക്കുന്നു: “ആരോട് അല്പം ക്ഷമിക്കുന്നുവോ അവൻ അല്പം സ്നേഹിക്കുന്നു” (ലൂക്ക 7,47). മനുഷ്യൻ സ്നേഹിച്ചതുകൊണ്ടല്ല, ആ സ്നേഹത്തിന് ആനുപാതികമായിട്ടുമല്ല, ദൈവം ക്ഷമിക്കുന്നത്. നേരേമറിച്ച്, ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമ അനുഭവിക്കുന്ന പാപിയായ മനുഷ്യന്റെ പ്രതികരണവും നന്ദിനിറഞ്ഞ മറുപടിയുമാണ് സ്നേഹം. ബൈബിളിൽ മുഴുവൻ നിറഞ്ഞു നില്ക്കുന്നതാണ് ഈ പ്രബോധനം: “നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5,8). “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3,16; 1 യോഹ 4,10). അവൾ പ്രകടിപ്പിച്ച വലിയ സ്നേഹം ലഭിച്ച വലിയ ക്ഷമയുടെ അടയാളമാകുന്നു.
ഈ കാഴ്ചപ്പാടിൽ പാപിനിയുടെ മഹത്വവും ഫരിസേയന്റെ കാപട്യവും തെളിയുന്നു. എല്ലാവരും പാപിനിയെന്നു വിധിച്ച് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞവളാണ് യഥാർത്ഥത്തിൽ യേശുവിന് ആതിഥ്യം നല്കിയത്. ആതിഥേയൻ സകല മര്യാദകളും മറന്നപ്പോൾ ഉപചാരപൂർവ്വം പാദം കഴുകി, ചുംബിച്ച്, അഭിഷേകം ചെയ്ത് അവൾ ആതിഥ്യമര്യാദകൾ പാലിച്ചു. അതെല്ലാം നിയമത്തിന്റെയോ നിർബ്ബന്ധത്തിന്റെയോ പേരിൽ ചെയ്തതല്ല, ഹ്യദയത്തിൽ നിറഞ്ഞു കവിഞ്ഞ സ്നേഹത്തിന്റെ ഒഴുക്കായിരുന്നു. ആ സ്നേഹത്തിനു നിദാനമാകട്ടെ, തന്റെ നിരവധിയായ പാപങ്ങൾ ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന അവബോധവും.
പാപബോധമുള്ളവർക്കേ മോചനം ലഭിക്കൂ! മോചനം ലഭിക്കാത്തവർക്ക് ദൈവസ്നേഹവും ഉണ്ടാവില്ല. തങ്ങൾ സ്നേഹിക്കുന്നത് ദൈവത്തെയല്ല, തങ്ങളെത്തന്നെയും കാപട്യം നിറഞ്ഞ തങ്ങളുടെ വിശുദ്ധിയെയും ആണെന്ന അറിവ് ഫരിസേയനെ ആത്മീയാന്ധതയിലാഴ്ത്തുന്നു. അവർക്ക് യേശുവിനെ മനസ്സിലാക്കാൻ കഴിയില്ല. യേശുവിലൂടെ കടന്നുവന്ന് പാപങ്ങൾ പൊറുക്കുന്ന ദൈവത്തെയും അറിയില്ല. "പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആര്?" ചോദ്യം അന്ധതയുടെയും ഹൃദയകാഠിന്യത്തിന്റെയും അടയാളമാണ്. അതേ സമയം തന്റെ പാപാവസ്ഥയേയും മോചനത്തിന്റെ ആവശ്യകതയെയും കുറിച്ച് ആഴമേറിയ അവബോധമുണ്ടായിരുന്നു അവൾ സമ്പൂർണ്ണ മോചനം നേടി, സന്തോഷത്തോടെ മടങ്ങിപ്പോയി-പുതിയൊരു ജീവിതത്തിലേക്ക്. “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക” (ലൂക്ക 7, 50).
എപ്പോഴാണ് അവളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടത് എന്ന ചോദ്യം ജിജ്ഞാസയിൽ നിന്നുയരുന്നതാണ്. ഇതിനുമുമ്പ് എപ്പോഴോ അവൾ യേശുവിനെ ആൾക്കൂട്ടത്തിനിടയിൽ നിന്നു കാണുകയും അവന്റെ വാക്കും പ്രവൃത്തിയും അവളിൽ അനുതാപം ഉളവാക്കുകയും അങ്ങനെ പാപമോചനത്തിലേക്കു നയിക്കുകയും ചെയ്തു എന്നു കരുതുന്നവരുണ്ട്. അപ്രകാരം ലഭിച്ച മോചനത്തിനു നന്ദി പറയാൻ വേണ്ടിയാവും അവൾ വിരുന്നു ശാലയിലേക്ക് വന്നത്. എന്നാൽ ഇപ്രകാരമുള്ള വിശദാംശങ്ങളൊന്നും സുവിശേഷകൻ നല്കുന്നില്ല; സന്ദേശം ഗ്രഹിക്കാൻ ആവശ്യവുമില്ല.
തന്റെ പാപാവസ്ഥയെക്കുറിച്ചും മോചനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവൾക്കു ബോധ്യമുണ്ടായിരുന്നു. പാപം മോചിക്കാൻ കഴിവുള്ളവനാണ് യേശു എന്നും അവൻ തന്നെ തിരസ്കരിക്കുകയില്ല എന്നും അവൾ വിശ്വസിച്ചു. ഈ വിശ്വാസത്തെ ആഴപ്പെടുത്തുന്നതായിരുന്നു വിരുന്നുശാലയിലെ അവളുടെ അനുഭവം. എല്ലാവരും വെറുക്കുകയും അറപ്പോടെ നോക്കുകയും ചെയ്തപ്പോൾ യേശു തന്നെ തള്ളിപ്പറഞ്ഞില്ല. തന്റെ സ്നേഹപ്രകടനത്തിൽ അതൃപ്തി പ്രകടിപ്പച്ചില്ല. ഇത് പാപമോചനത്തിന്റെ അടയാളമായി അവൾ ഗ്രഹിച്ചു. അതോടെ അതിരില്ലാത്ത നന്ദിയും അവാച്യമായ സ്നേഹവും ചിറപൊട്ടിയൊഴുകി. ആദ്യമേ സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തിനു മറുപടിയാണ് മനുഷ്യന്റെ സ്നേഹം. പാപമോചനവും സ്നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് മറ്റതിനെ പ്രോത്സാഹിപ്പിക്കുന്നു, വളർത്തുന്നു. പേരില്ലാത്ത ആ സ്ത്രീ യഥാർത്ഥ അനുതാപത്തിന്റെയും ലഭിച്ച പാപമോചനത്തിന്റെയും നന്ദി നിറഞ്ഞ സ്നേഹത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്നു.
Dr. Michael Karimattam അനുതാപത്തിന്റെ മാതൃക - ഏറെ സ്നേഹിച്ച പാപിനി ഫരിസേയാ പ്രമുഖന്റെ വിരുന്നുശാല ബഥനിയായിലെ മറിയം മഗ്ദലയിലെ വേശ്യ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206