x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍ വ്യാഖ്യാന രീതികള്‍

Authored by : Rev. Dr. Joseph Pamplany On 04-Jun-2023

ശാസ്ത്രീയമായി ബൈബിള്‍ വ്യാഖ്യാനിക്കുന്നതിനായി വിവിധരീതികള്‍ ബൈബിള്‍ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ ഈ പുസ്തകത്തിന്‍റെ സ്ഥലപരിമിതി തടസ്സമാണ്. എങ്കിലും വിവിധരീതികളുടെ അടിസ്ഥാനതത്വങ്ങള്‍ ഉദാഹരണസഹിതം ചുരുക്കി വിവരിക്കുകയാണിവിടെ.

വ്യാഖ്യാനരീതികളെ അവയുടെ സ്വഭാവമനുസരിച്ച് രണ്ടായി തരംതിരിക്കുന്നു: ചരിത്ര വിശകലനരീതി (Historical Criticism  = Diachronic approch), സാഹിത്യ വിമര്‍ശനരീതി ( Literary Criticism = synchronic approach ). ഒരു രചന രൂപപ്പെട്ടതിന്‍റെ ചരിത്രവും രചനയുടെ രൂപീകരണത്തിനു നിമിത്തമായ ചരിത്ര പാശ്ചാത്തലവും രചയിതാവിനെ സ്വാധീനിച്ച സാമൂഹിക സാംസ്കാരിക പ്രതിസന്ധികളും വിലയിരുത്തുക എന്നതാണ് ചരിത്രവിശകലനത്തിന്‍റെ ലക്ഷ്യം. ഇതിനായി ഗ്രന്ഥത്തിലെ വിവിധ ഭാഗങ്ങളെ വേര്‍തിരിച്ച് വിശകലനം ചെയ്യുക എന്നത് ചരിത്ര വിശകലനത്തിന്‍റെ പ്രത്യേകതയാണ് (Diachronic approach)  ഉദാഹരണമായി "സിനഗോഗില്‍നിന്നു പുറത്താക്കുക" എന്ന കല്പനയെക്കുറിച്ച് യോഹന്നാന്‍റെ സുവിശേഷം മൂന്നുവട്ടം സൂചിപ്പിക്കുന്നുണ്ട് (9:22; 12:42; 16:2). എന്തുകൊണ്ടാണ് യോഹന്നാന്‍ ഇപ്രകാരം പറയുന്നത് എന്നതിനെ ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ ക്രിസ്ത്യാനികളെ സിനഗോഗില്‍നിന്നു പുറത്താക്കാന്‍ ജാംനിയന്‍ കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചും അത് യോഹന്നാന്‍റെ സഭാസമൂഹത്തില്‍ ഉളവാക്കിയ പ്രതിസന്ധിയെക്കുറിച്ചും നാം മനസ്സിലാക്കുന്നു. യോഹന്നാന്‍റെ സുവിശേഷം രൂപം കൊളളുന്ന ഈ പാശ്ചാത്തലത്തെക്കുറിച്ചുളള അറിവ് സുവിശേഷ വ്യാഖ്യാനത്തിന് അവശ്യാവശ്യമാണ്.

സാഹിത്യ വിശകലനരീതിയാകട്ടെ ഗ്രന്ഥത്തിലെ ഭാഷാ - ആഖ്യാനശൈലികളെയും രചനാ സങ്കേതങ്ങളെയും വിവരണശൈലിയുടെ പ്രത്യേകതകളെയും രചയിതാവ് അനുവാചകരില്‍ ചെലുത്തുന്ന സ്വാധീനങ്ങളെയുമാണ് വിലയിരുത്തുന്നത്.

ചരിത്രവിശകലനരീതി

ചരിത്ര വിശകലനരീതി നൂറ്റാണ്ടുകള്‍കൊണ്ട് വളര്‍ന്നു വികസിച്ച ബൈബിള്‍ വ്യാഖ്യാനരീതിയാണ്. ഹെര്‍മന്‍ ഗുങ്കല്‍ എന്ന ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ ചരിത്രവിശകലനത്തില്‍ മൂന്നു വസ്തുതകള്‍ അടങ്ങിയിട്ടുണ്ട്.

  1. വിശകലനവിധേയമാക്കുന്ന ഗ്രന്ഥഭാഗം ഏതു സാഹിത്യരൂപത്തില്‍പ്പെട്ടതാണെന്നു നിര്‍ണ്ണയിക്കുക (Form Criticism).
  2. ഗ്രന്ഥഭാഗത്തിന്‍റെ രൂപീകരണത്തിനു നിമിത്തമായ ചരിത്രപരവും നിയമപരവും ആരാധനാക്രമപരവുമായ പശ്ചാത്തലം (Sitz in Leben) കണ്ടെത്തുക.
  3. ഇന്നു ലഭ്യമായ രൂപത്തില്‍ ഈ ഗ്രന്ഥഭാഗം രൂപീകരിക്കുന്നതില്‍ മധ്യവര്‍ത്തികളായി നിലകൊണ്ട രചയിതാക്കളുടെയും സംശോധകരുടെയും (Redactors) നടപടികളെ വിലയിരുത്തുക (Redaction Criticism).

മാര്‍ട്ടിന്‍ ഹൈഡഗറുടെ അസ്തിത്വവാദ തത്ത്വചിന്തയുടെ വെളിച്ചത്തില്‍ ദിബേലിയൂസ്, ബുള്‍ട്ടുമാന്‍ തുടങ്ങിയ പ്രമുഖ ജര്‍മ്മന്‍ വ്യാഖ്യാതാക്കള്‍ ചരിത്രവിശകലനരീതിയെ സാര്‍വ്വത്രികവല്‍കരിച്ചു.

  1. പാഠവിശകലനം (Textual Criticism)

ചരിത്രവിശകലനരീതിയിലെ പ്രഥമപടി പാഠവിശകലനമാണ്. ബൈബിള്‍ ഗ്രന്ഥങ്ങളുടെ മൂലകൃതികളൊന്നും ഇന്ന് ലഭ്യമല്ല. മൂലകൃതിയുടെ വിവിധ കാലഘട്ടങ്ങളിലെ പകര്‍പ്പുകളും ആരാധനക്രമത്തിലെ ഉദ്ധരണികളും വിവിധ ഭാഷകളിലെ തര്‍ജ്ജമകളും മാത്രമേ ഇന്നു ലഭ്യമായിട്ടുളളൂ. ലഭ്യമായ ഈ പാഠഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടാകാം. ചില വ്യത്യാസങ്ങള്‍ പകര്‍ത്തിയെഴുതിയവര്‍ ബോധപൂര്‍വ്വമോ അല്ലാതെയോ വരുത്തിയതായിരിക്കാം. വിഭിന്ന കയ്യെഴുത്തുപ്രതികളില്‍ വ്യത്യസ്തമായി കാണുന്ന പാഠഭാഗങ്ങളെ പരിശോധിച്ച് മൂലകൃതിയോട് ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന പാഠം ഏത് എന്നു കണ്ടെത്തുന്നതാണ് പാഠവിശകലനരീതി (Textual Criticism). പാഠവിശകലനരീതിക്ക് നാല് തലങ്ങളുണ്ട്:

  1. വിവിധ കയ്യെഴുത്തു പ്രതികളിലെ പാഠഭാഗങ്ങള്‍ (textual variants) കണ്ടുപിടിക്കുക, കയ്യെഴുത്തു പ്രതികളുടെ ആധികാരികതയെ അടിസ്ഥാനമാക്കി അവയെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലുമുളള കയ്യെഴുത്തു പ്രതികളുടെ പാഠഭേദങ്ങള്‍ നിര്‍ണ്ണയിക്കുക (external evidence).
  2. പാഠഭേദങ്ങളെ വിലയിരുത്തി ഏറ്റവും ആധികാരികമായ കയ്യെഴുത്തു പ്രതികള്‍ നല്‍കുന്ന സാക്ഷ്യങ്ങള്‍ പരിഗണിച്ച് നിഗമനത്തിലെത്തുക.
  3. മറ്റുപാഠഭേദങ്ങളിലേക്കു നയിക്കാനിടവന്ന മൂലപാഠത്തെ പുനര്‍നിര്‍മ്മിക്കുക.
  4. മൂലകൃതിയുടെ പാഠഭാഗമായി നിര്‍ണ്ണയിക്കപ്പെട്ട ഭാഗത്തെ പ്രസ്തുതഗ്രന്ഥത്തിന്‍റെ ഇതരഭാഗങ്ങളുമായി ബന്ധപ്പെടുത്തി ആശയപരവും ഭാഷാശൈലിപരവും ദൈവശാസ്ത്രപരവുമായ പൊരുത്തം നിര്‍ണ്ണയിക്കുക (internal evidence).

പാഠവിശകലന രീതിക്ക് ഉദാഹരണമായി യോഹന്നാന്‍ 1:13 നെ വിശദീകരിക്കാം. പി.ഒ.സി. ബൈബിളിന്‍റെ അടിക്കുറിപ്പില്‍ ഈ പാഠഭാഗം ചേര്‍ത്തിട്ടുണ്ട്.

പാഠഭേദം 1: അവര്‍ ജനിച്ചത് രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്‍റെ ഇച്ഛയില്‍നിന്നോ അല്ല; ദൈവത്തില്‍നിന്നാണ്.

പാഠഭേദം 2: അവന്‍ ജനിച്ചത് രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്‍റെ ഇച്ഛയില്‍നിന്നോ അല്ല; ദൈവത്തില്‍നിന്നാണ്.

മുകളില്‍ പ്രസ്താവിച്ച നാല് തത്വങ്ങളെ ആധാരമാക്കി ഈ രണ്ടു പാഠഭേദങ്ങളില്‍ മൂലകൃതിയോട് വിശ്വസ്തത പുലര്‍ത്തുന്ന പാഠഭേദമേതെന്ന് കണ്ടെത്തുകയാണ് പാഠവിശകലനരീതിയില്‍ നാം ചെയ്യുന്നത്. ഒന്നാം പാഠഭേദമാണ് ശരിയെങ്കില്‍ ഈ വചനം സഭയുടെ ജനനത്തെക്കുറിച്ചും രണ്ടാം പാഠഭേദമാണു ശരിയെങ്കില്‍ ഈ വചനം ക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ചുമാണ് സൂചിപ്പിക്കുന്നത്.

(1) ഒന്നാമത്തെ തത്വമനുസരിച്ച് വിവിധ കയ്യെഴുത്തു പ്രതികളില്‍ എപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കണ്ടെത്തണം. ചുവടെ ചേര്‍ത്ത പട്ടിക ശ്രദ്ധിക്കുക.

 TABLE 1

(2) വിവിധ കയ്യെഴുത്തു പ്രതികളും തര്‍ജ്ജമകളും സഭാപിതാക്കന്മാരുടെ രചനകളും പരിശോധിക്കുമ്പോള്‍ എല്ലാ ഗ്രീക്ക് കയ്യെഴുത്തു പ്രതികളും B*, B^C, Q, W^supp, A, D, 1071, 28, E, പപ്പീറസുകള്‍ (P^75, P^66) - ബഹുവചനരൂപത്തെയാണ് പിന്താങ്ങുന്നത്. എന്നാല്‍ സുറിയാനി (പ്ശീത്താ), ലത്തീന്‍ (It^6) വിവര്‍ത്തനങ്ങളും സഭാപിതാവായ ഇറനേവൂസ്, തെര്‍ത്തുല്യന്‍ തുടങ്ങിയവരും ഏകവചന രൂപത്തെ (അവന്‍ ജനിച്ചത്.............) യാണ് പിന്താങ്ങുന്നത്.

(3) മൂലകൃതിയിലെ ബഹുവചനരൂപത്തെ സമാന്തര സുവിശേഷങ്ങളിലെ കന്യകാജനനവുമായി ബന്ധിപ്പിക്കുന്നതിനായി വിവര്‍ത്തകരും സഭാപിതാക്കന്മാരും പാഠഭേദം വരുത്തിയതാകാം.

(4) സുവിശേഷത്തിന്‍റെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിച്ചു ചിന്തിക്കുമ്പോള്‍ ഏകവചനവായനയേയും (അവന്‍ ജനിച്ചത്.........) ബഹുവചനവായനയെയും (അവര്‍ ജനിച്ചത്....) ന്യായീകരിക്കുന്നതെളിവുകള്‍ കണ്ടത്താനാവും.

  • യോഹ 1:13 യേശുവിന്‍റെ കന്യകാജനനത്തെ സൂചിപ്പിക്കുന്നു
  • പുരുഷന്‍റെ ഇച്ഛയില്‍നിന്നല്ല എന്ന പ്രയോഗം കന്യകാജനനത്തിനു തെളിവാണ്.
  • 14-ാം വാക്യത്തിന്‍റെ കര്‍ത്താവായ വചനം തന്നെയാണ് 13-ാം വാക്യത്തിന്‍റെയും കര്‍ത്താവ് അതിനാല്‍ 13-ാം വാക്യവും യേശുവിന്‍റെ ജനനത്തെ സൂചിപ്പിക്കുന്നു.
  • ദൈവത്തില്‍നിന്ന് ജനിച്ചത് എന്ന പദപ്രയോഗം വിശ്വാസികളെയല്ല ക്രിസ്തുവിനെയാണ് നാലാമത്തെ സുവിശേഷത്തില്‍ സൂചിപ്പിക്കുന്നത് (8:42; 16:28; 18:37). (cfr, Harnak, Zur Textkritik und Christologie, 115 132)

എന്നാല്‍ ഈ വാദഗതികള്‍ അസ്ഥാനത്താണെന്ന് സുവിശേഷംതന്നെ തെളിവുതരുന്നുണ്ട്. ബഹുവചനവായന (അവര്‍   ജനിച്ചത്...........) യാണ് ശരിയായത് എന്നു കരുതാന്‍ എല്ലാന്യായവുമുണ്ട്. കാരണം,

  • എല്ലാ പ്രധാന പുരാതന കയ്യെഴുത്തു പ്രതികളും ബഹുവചനവായനയെ പിന്താങ്ങുന്നു.
  • ബഹുവചനരൂപം താരതമ്യേന ഗ്രഹിക്കാന്‍ ദുഷ്കരമായതിനാല്‍ അതായിരിക്കണം മൂലകൃതിയിലുണ്ടായിരുന്നത്.
  • "തന്നില്‍ വിശ്വസിച്ചവര്‍" എന്ന 12-ാം വാക്യത്തിലെ ബഹുവചനരൂപം 13-ാം വാക്യത്തില്‍ ബഹുവചന രൂപം ആവശ്യപ്പെടുന്നുണ്ട്.
  • വിശ്വാസികളുടെ ദൈവത്തില്‍നിന്നുളള ജനനം എന്ന ആശയം യോഹന്നാന്‍റെ രചനകളിലെ പ്രധാന ആശയങ്ങളിലൊന്നാണ് (3:1-7; 1 യോഹ 2:29; 3:9; 4:7; 5:1). എന്നാല്‍ കന്യകാജനനമാകട്ടെ യോഹന്നാന്‍ പരാമര്‍ശിക്കുന്നതേയില്ല.
  • വിശ്വാസികളുടെ ജനനവും യേശുവിന്‍റെ ജനനവും (ക്രിസ്തുവും സഭയും) പരസ്പരപൂരകങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണ് നാലാം സുവിശേഷത്തില്‍. അതിനാല്‍ സഭയുടെ ജനനത്തെ സൂചിപ്പിക്കുന്ന ബഹുവചനവായനയാണ് മൂലകൃതിയില്‍ ഉണ്ടായിരുന്നത് എന്ന് അനുമാനിക്കാം.
  1. ഉറവിട വിശകലനം (Source Criticism)

 വി. ഗ്രന്ഥങ്ങളുടെ രചനയില്‍ സ്വാധീനം ചെലുത്തിയിട്ടുളള ഉറവിടങ്ങളെയും പാരമ്പര്യങ്ങളെയും വിശകലനത്തിലൂടെ കണ്ടെത്തുക എന്നതാണ് ഉറവിടവിശകലനത്തിന്‍റെ ലക്ഷ്യം. ജൂലിയസ് വെല്‍ഹൗസന്‍ എന്ന ജര്‍മ്മന്‍ ബൈബിള്‍ വിശാരദനാണ് ഉറവിടവിശകലനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ് മോശയാണെന്ന വിശ്വാസം തിരുത്തിക്കുറിച്ചുകൊണ്ട് പഞ്ചഗ്രന്ഥിയുടെ രചനയ്ക്കുപിന്നില്‍ യാഹ്വിസ്റ്റ് (J), എലോഹിസ്റ്റ് (E), നിയമാവര്‍ത്തനം (D), പുരോഹിത (P) പാരമ്പര്യങ്ങള്‍ ഉണ്ടെന്ന് വെല്‍ഹൗസന്‍ സ്ഥാപിച്ചു (four source theory). പുതിയനിയമത്തില്‍ സമാന്തരസുവിശേഷങ്ങളുടെ (മത്തായി, ലൂക്ക) ഉറവിടമായി മര്‍ക്കോസിന്‍റെ സുവിശേഷത്തെയും യേശുവിന്‍റെ വചനങ്ങളുടെ ശേഖരമായ ഗ്രന്ഥത്തെയും (Q) പ്രതിഷ്ഠിച്ചതും ഉറവിടവിശകലനം വഴിയാണ്.

ഉറവിടങ്ങളെ ഉപയോഗപ്പെടുത്തിയാണ് തങ്ങള്‍ ഗ്രന്ഥരചന നിര്‍വ്വഹിച്ചതെന്ന് വി. ഗ്രന്ഥകാരന്മാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ലൂക്കാ 1:1-3). സുവിശേഷങ്ങളിലെ വിവരണസാദൃശ്യങ്ങള്‍ അവ പൊതു ഉറവിടങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടവയാണെന്ന സത്യം വിളിച്ചോതുന്നു (cfr. Marshall, New Testament Interpretation, 1985, P. 145). ഈ ഉറവിടങ്ങള്‍ ലിഖിതരൂപത്തിലുള്ളവയോ വാമൊഴിയായി പ്രചരിച്ചിരുന്നവയോ ആയിരിക്കാം. മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളില്‍ പൊതുവായുള്ളതും മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ഇല്ലാത്തതുമായ വിവരണങ്ങള്‍ Q വില്‍നിന്നുളളതാണെന്നു കരുതപ്പെടുന്നു. മൂന്നു സുവിശേഷങ്ങളിലും പൊതുവായുളളവ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നുളളതാണെന്നു കരുതപ്പെടുന്നു. "ഇരട്ട ഉറവിട സിദ്ധാന്തം" (Two source Theory) എന്നും "ഓക്സ്ഫോഡ് സിദ്ധാന്തം" (ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലെ ബൈബിള്‍ പണ്ഡിതരാണ് ഈ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കള്‍) എന്നും അറിയപ്പെടുന്ന ഈ ഉറവിട സിദ്ധാന്തത്തെ ചുവടെ കാണുംവിധം ചിത്രീകരിക്കാം.

TABLE 2

 

  1. രൂപവിശകലനം (Form Criticism)

വി. ഗ്രന്ഥപുസ്തകങ്ങളുടെയും അവയുടെ ഉറവിടങ്ങളുടെയും പിന്നിലുളള സാഹിത്യരൂപങ്ങളെ അപഗ്രഥിക്കുക എന്നതാണ് രൂപ വിമര്‍ശനത്തിന്‍റെ ലക്ഷ്യം. പഴയനിയമത്തിന്‍റെ രൂപവിശകലനത്തില്‍ ഹെര്‍മന്‍ ഗുംഗലും പുതിയനിയമത്തിന്‍റെ രൂപവിമര്‍ശനത്തില്‍ റുഡോള്‍ഫ് ബുള്‍ട്ടുമാനും മാര്‍ട്ടിന്‍ ദിബേലിയൂസും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. രൂപവിശകലനത്തില്‍ രണ്ടുസിദ്ധാന്തങ്ങള്‍ പ്രാമുഖ്യമുളളവയാണ്.

ഒന്നാമതായി, സ്കാന്‍ഡിനേവിയന്‍ പക്ഷക്കാരുടെ അഭിപ്രായമനുസരിച്ച് ബൈബിള്‍ വിവരണങ്ങളുടെ ആദ്യരൂപം വാമൊഴിയായി പ്രചരിച്ച ഐതിഹ്യങ്ങളും ഗാനങ്ങളും അനുഗ്രഹവചസ്സുകളും  ശാപങ്ങളും, വിലാപങ്ങളും പഴമൊഴികളും പ്രവചനങ്ങളും പ്രേമകാവ്യങ്ങളുമായിരുന്നു. ആരാധനാക്രമപശ്ചാത്തലത്തില്‍ (Sitz in Leben) ഇവ പരിരക്ഷിക്കപ്പെട്ടുപോന്നതായും കാലാന്തരത്തില്‍ ഇവയെ ഉപജീവിച്ച് രചനകള്‍ രൂപംകൊണ്ടതായും കരുതുന്നതാണ് രൂപ വിശകലനത്തിലെ ആദ്യസിദ്ധാന്തം.

രണ്ടാമതായി, ഇംഗ്ലീഷ്-ജര്‍മ്മന്‍ പക്ഷ രൂപവിമര്‍ശകരുടെ അഭിപ്രായത്തില്‍ വി. ഗ്രന്ഥവിവരണങ്ങളുടെ ആദ്യരൂപം വാമൊഴിയായിട്ടല്ല ലിഖിതരൂപത്തിലാണ് നിലനിന്നിരുന്നത്. കഥാവിവരണങ്ങളും നിയമസംഹിതകളും ഉപകഥകളും ലേഖനങ്ങളും ദിനവൃത്താന്തങ്ങളും വംശാവലികളും ഐതിഹ്യങ്ങളും ഉപമകളുമായി എഴുതി സൂക്ഷിക്കപ്പെട്ട ഉറവിടങ്ങളെ ആധാരമാക്കിയാണ് കാലാന്തരത്തില്‍ വി. ഗ്രന്ഥകാരന്മാര്‍ രചനനിര്‍വ്വഹിച്ചത് എന്നതാണ് രൂപവിശകലനത്തിലെ രണ്ടാം സിദ്ധാന്തം. ലിഖിതരൂപത്തിലുളള ഉറവിടങ്ങള്‍ എഴുതിയതും പരിരക്ഷിച്ചതും രാജകൊട്ടാരങ്ങളിലും ദേവാലയത്തിലുമുണ്ടായിരുന്ന നിയമജ്ഞരും പുരോഹിതരും പ്രവാചകരുമാണെന്നാണ് രണ്ടാം സിദ്ധാന്തം അനുധാവനം ചെയ്യുന്നവര്‍ അനുമാനിക്കുന്നത്. വിമര്‍ശനത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ നാലെണ്ണമാണ്.

  1. വിശ്വാസികളുടെ സമൂഹത്തില്‍ പ്രചാരത്തിലിരുന്ന കഥകളും വിവരണങ്ങളും ക്രോഡീകരിച്ചാണ് വി. ഗ്രന്ഥനിര്‍മ്മാതാക്കള്‍ രചന നിര്‍വ്വഹിച്ചത്.
  2. അനേകവര്‍ഷങ്ങള്‍ വാമൊഴിയായി പ്രചരിച്ചശേഷമാണ് അവ ലിഖിതരൂപത്തിലായത്.
  3. സംഭവങ്ങളുടെ യഥാര്‍ത്ഥ കാലഗണനയേക്കാള്‍ ഗ്രന്ഥകാരന്‍റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുളള കാലഗണന (രവൃീിീഹീഴ്യ)യാണ് രചനകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

  (cfr. D.A Black & D. S. Dockery New Testament Inkrpretation, Grand Rapids , 1991, MI, 1991,P. 158-184).

മര്‍ക്കോസിന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിന്‍റെ വിമര്‍ശനം ചുവടെ ചേര്‍ക്കുന്നു.

(1)  പ്രേബോധനം: മാർക്കോ  1: 1-8    സ്നാപകനെക്കുറിച്ചുള്ള വിവരണം-പാരമ്പര്യവും മര്‍ക്കോസിന്‍റെ രചനയും ചേര്‍ന്ന വിവരണ 9-ാം  വാക്യത്തില്‍                                                                                                                                                                                                                                                                                                                                                      (2)   കഥാവിവരണം : അന്നൊരിക്കല്‍ എന്ന സമയസൂചികയോടെ പുതിയൊരു വിവരണം  മാർക്കോ :9-11 ചേര്‍ത്തിരിക്കുന്നതായി  വ്യക്തമാണ്. സമയസൂചിക ഒഴികെയുളളത് പാരമ്പര്യത്തില്‍  നിന്നുള്ള  വിവരണമാണ്.                                                                                                                                                                                                                      (3) കഥാവിവരണം : ഉടനെതന്നെ എന്ന ആമുഖത്തോടെ പ്രലോഭനവിവരണം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.                                      നിലവിലുണ്ടായിരുന്ന രണ്ടു വിവരണങ്ങളെ സമയസൂചികയിലൂടെ ബന്ധിക്കുകമാത്രമാണ് സുവിശേഷകന്‍ ചെയ്തത്.                                                                                                                                                                                                                  (4) രചയിതാവിൻറ്റെ യേശുവിന്‍റെ  പരസ്യജീവിതത്തെക്കുറിച്ചുളള ഈ സംക്ഷിപ്ത വിവരണം ഇത് സുവിശേഷകന്‍റെ  വരികൾ 12-13  രചനയാണ്.                                                                                                                                               

 (5) കഥാവിവരണം ഈ ഭാഗം മുന്‍പിലത്തെഭാഗങ്ങളുമായി യാതൊരുബന്ധവുമില്ലാതെ നിലകൊളളുന്നു. 16-20 പാരമ്പര്യത്തില്‍ നിന്നുളള വിവരണം കൂട്ടിയോജിപ്പിക്കാതെ നിലനിര്‍ത്തിയിരിക്കുന്നു.                                         

 (6) അത്ഭുതവിവരണം  പിശാചുബാധിതനെ സുഖപ്പെടുത്തുന്ന അത്ഭുതം കഫര്‍ണാമിലെ ആദ്യപ്രവര്‍ത്തനമാണ്. 21-28:           പാരമ്പര്യത്തില്‍ നിന്നെടുത്ത അത്ഭുതവിവരണം.                                                                                     

 (7) അത്ഭുതവിവരണം 16-20 ന്‍റെ തുടര്‍ച്ചയായി ഈ ഭാഗത്തെ കരുതാം.29-31                                                                                                                                                                                                                                                                (8) രചയിതാവിൻറ്റെ സംക്ഷിപ്ത വിവരണങ്ങള്‍ - മര്‍ക്കോസിന്‍റെ സ്വന്തം രചന.  വരികൾ 32-34                                                                                                                                                                                                                                      (9) രചയിതാവിൻറ്റെ  അതിരാവിലെ എന്ന സമയസൂചികയോടെ മറ്റൊരു സംക്ഷിപ്ത വിവരണം ചേര്‍ത്തിരിക്കുന്നു . വരികൾ 35-39                                                                                                                                                                                 

 (10) അത്ഭുതവിവരണം : കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന ഈ സംഭവവും സ്ഥലമോ സമയമോ സൂചിപ്പിക്കാതെയുളള   40-45 വിവരണമാണ്. 1:39ല്‍ നിന്ന് 2:1 ആരംഭിച്ചാലും യാതൊരു അഭംഗിയും തോന്നില്ല. 40-45  പാരമ്പര്യത്തില്‍ നിന്ന് അതേപടി എടുത്തുവച്ച അത്ഭുത വിവരണമാണ്.                                              

ചുരുക്കത്തില്‍, മര്‍ക്കോസ് ഒന്നാം അദ്ധ്യായത്തിന്‍റെ രൂപവിമര്‍ശനത്തിലൂടെ ചില കാര്യങ്ങള്‍ വ്യക്തമാണ്: മര്‍ക്കോസിന്‍റെ സ്വന്തം രചനകള്‍ വളരെ പരിമിതമാണ്. പാരമ്പര്യത്തില്‍നിന്നു ലഭിച്ച വിവിധ രൂപങ്ങളെ (അത്ഭുതവിവരണം, പ്രഭാഷണം, യാത്രാവിവരണം, സംഭവവിവരണം) കോര്‍ത്തിണക്കുക മാത്രമാണ് മര്‍ക്കോസ് ചെയ്തത്.

  1. സംശോധനാ വിശകലനം (Redaction Criticism)

ഒരു വി. ഗ്രന്ഥഭാഗത്തിന്‍റെ അഭിനവരൂപം നിലവില്‍ വരുന്നതിനുമുമ്പായി പ്രസ്തുത വചനഭാഗം വിധേയമായിട്ടുളള കൂട്ടിച്ചേര്‍ക്കലുകളെയും അവയുടെ കാരണങ്ങളെയും അപഗ്രഥിക്കുന്ന വിശകലന ശൈലിയാണിത്. ഉദാഹരണമായി ഏശയ്യാ എന്ന പുസ്തകത്തില്‍ മൂന്നു പ്രവാചകന്മാരുടെ രചനകള്‍ (ഏശ 1-39; 40-55; 56-66) ചേര്‍ത്തുവച്ച സംശോധകരുടെ ലക്ഷ്യമെന്താണ് എന്നു കണ്ടെത്തുക സംശോധനാ വിശകലനത്തിന്‍റെ അന്വേഷണപരിധിയില്‍പ്പെടുന്നു. പുതിയനിയമത്തില്‍, വിശേഷിച്ച് സുവിശേഷങ്ങളില്‍ പൊതു ഉറവിടങ്ങളില്‍ നിന്നു ലഭ്യമായ അറിവുകളെയും വിവരണങ്ങളെയും തനതുശൈലിയില്‍ ക്രമീകരിക്കാന്‍ സുവിശേഷകന്മാരെ പ്രേരിപ്പിച്ച ദൈവശാസ്ത്രചിന്തയെന്ത് എന്നു കണ്ടെത്തുന്നത് സംശോധനാ വിശകലനത്തിലൂടെയാണ്. ഉദാ: യേശുവിനെ പുതിയമോശയായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വി. മത്തായി തന്‍റെ സുവിശേഷത്തില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ ശ്രദ്ധിക്കുക.

  • ഈജിപ്തില്‍വച്ച് ഇസ്രായേല്‍ക്കാരുടെ ആദ്യജാതരുടെ വധത്തില്‍നിന്ന് മോശ രക്ഷപെട്ടതുപോലെ ഹേറോദേസിന്‍റെ ശിശുഹത്യയില്‍നിന്ന് യേശു രക്ഷപ്പെടുന്നു.
  • മോശയെപ്പോലെ യേശുവും മലയില്‍വച്ച് പുതിയനിയമ കല്‍പനകള്‍ നല്‍കുന്നു (മത്താ 5-7).
  • മോശയുടെ അഞ്ചുപുസ്തകങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ മത്തായിയുടെ സുവിശേഷത്തിന് അഞ്ചുഭാഗങ്ങളുണ്ട്.
  • ഈജിപ്തിലെ 10 ബാധകള്‍ക്കു തുല്യമായി യേശു 10 അത്ഭുതങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു (മത്താ 8-9).

മത്തായി തനിക്കു ലഭിച്ച വിവിധ വിവരണങ്ങളെ സുവിശേഷത്തില്‍ ക്രമീകരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ സംശോധനാതത്വം (Redaction principle) യേശു പുതിയനിയമത്തിലെ മോശയാണെന്ന വസ്തുതയാണ്.

 

സാഹിത്യവിശകലന രീതികള്‍

ചരിത്രവിശകലന രീതിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന് കൃതികള്‍ രൂപംകൊണ്ട ചരിത്രം, പാരമ്പര്യം, കാലാകാലങ്ങളില്‍ കൈവന്നിട്ടുള്ള അര്‍ത്ഥവ്യതിയാനങ്ങള്‍ തുടങ്ങിയവ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മറ്റേതൊരു സാഹിത്യകൃതിയുംപോലെ ബൈബിളിനെയും സമീപിക്കണം എന്നതാണ് സാഹിത്യവിശകലന (Literary Criticism) രീതിയുടെ അന്തസത്ത. കൃതിയുടെ ആന്തരികമായ ആഖ്യാനലോകം (Narrative World) ഭാവനാ പൂര്‍ണ്ണമെങ്കിലും അതില്‍തന്നെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളുന്ന വസ്തുതയാണ് എന്നതാണ് സാഹിത്യവിശകലനരീതിയുടെ അടിസ്ഥാനതത്വം. വായനക്കാരനാണ് ഈ വിശകലന ശൈലിയില്‍ കേന്ദ്രസ്ഥാനത്തുള്ളത്. ഏതാനും ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കാം.

(1) അപ്പ 15:22 മുതലുള്ള വാക്യങ്ങളില്‍ യൂദാസും സീലാസും അന്ത്യോക്യാവരെ പൗലോസിനോടും ബാര്‍ണാബാസിനോടുമൊത്തു യാത്രചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു. 15:33-ല്‍ യൂദാസും  സീലാസും അന്ത്യോക്യയില്‍നിന്ന് ജറുസലേമിലേക്കുതിരിച്ചുപോന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരണങ്ങളില്‍ നിന്നു ലഭിച്ച അറിവുമായി വായന തുടരുന്ന വായനക്കാരന്‍ 15:40 ല്‍ എത്തുമ്പോള്‍ തീര്‍ച്ചയായും അമ്പരക്കും, കാരണം, പൗലോസിനോടൊത്ത് സീലാസും യാത്രാസംഘത്തിലുണ്ടെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഗ്രന്ഥകാരന്‍റെ ആഖ്യാനത്തില്‍ (Narration) വായനക്കാരന് അവിശ്വാസം തോന്നിക്കുന്ന സന്ദര്‍ഭമാണിത്. സാഹിത്യവിശകലന രീതിയിലൂടെ ആഖ്യാനത്തിലെ ഇത്തരം പൊരുത്തക്കേടുകള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു.

(2) നടപടി 2-ാം അധ്യായത്തില്‍ പന്തക്കുസ്താദിനത്തിന്‍റെ വിവരണത്തിലും വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്ന ചില പൊരുത്തക്കേടുകള്‍ കാണാം. വിവിധ ദേശവാസികള്‍ താന്താങ്ങളുടെ ഭാഷയില്‍ പത്രോസിന്‍റെ പ്രസംഗം ശ്രവിച്ചു എന്നു വിശദീകരിക്കുമ്പോള്‍ വായനക്കാരന്‍ ഭാഷാവരം എന്ന പരിശുദ്ധാത്മഫലത്തെക്കുറിച്ച് ചിന്തിച്ച് അര്‍ത്ഥഗ്രഹണം നടത്തി വായന മുന്നോട്ടുനീക്കുമ്പോള്‍, അതാ, പ്രസംഗം ശ്രവിച്ച ശ്രോതാക്കളുടെ അഭിപ്രായപ്രകടനം: "പുതുവീഞ്ഞുകുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കയാണ്" (2:14). ശ്രോതാക്കള്‍ക്കെല്ലാം പത്രോസിന്‍റെ പ്രസംഗം മനസ്സിലായി എന്ന ആദ്യപരാമര്‍ശത്തില്‍ വായനക്കാരനു സംശയം തോന്നുക സ്വാഭാവികമാണ്.

സാഹിത്യവിശകലന ശൈലിയില്‍ ഒരു ഗ്രന്ഥത്തെ ഭാഗികമായിട്ടല്ല പൂര്‍ണ്ണമായുമാണ് പരിഗണിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ആദ്യന്തം വായിക്കുന്ന വായനക്കാരന്‍ ഗ്രന്ഥവുമായും ഗ്രന്ഥകര്‍ത്താവുമായും നിരന്തരമായ സംഭാഷണത്തിലേര്‍പ്പെടുന്നു. വായനക്കാരന്‍റെ മനസ്സില്‍ ഉണരുന്ന ചോദ്യങ്ങളും ആശയങ്ങളും വിവരണത്തിന്‍റെ കാലികപ്രസക്തിയെക്കുറിച്ചുള്ള തിരിച്ചറിവുമൊക്കെയാണ് സാഹിത്യവിശകലന ശൈലിയുടെ ഫലങ്ങള്‍. വിവിധതരം സാഹിത്യവിശകലന ശൈലികളുണ്ട്.

 

(1) ആഖ്യാന വിശകലനം (Narrative Analysis)

ബൈബിള്‍ രക്ഷാചരിത്രത്തിന്‍റെ ആഖ്യാനമാണ.് മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ നിരന്തരമായ പ്രവൃത്തികളുടെ ആഖ്യാനമാണ് വി. ഗ്രന്ഥത്തിലുള്ളത്. ഈ വിവരണങ്ങളുടെ അപഗ്രന്ഥമാണ് ആഖ്യാനവിശകലനം എന്ന പേരില്‍ അറിയപ്പെ ടുന്നത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശൈലി (Chara cterisation) ആഖ്യാതാവിന്‍റെ നിലപാടുകള്‍ (Point of View), കഥാ സംവിധാനം (Plot) തുടങ്ങിയവയെല്ലാം ആഖ്യാനവിശകലനത്തിന്‍റെ ഭാഗമാണ്. ആഖ്യാതാവിന്‍റെ വിവരണ ലോകത്തിലേക്ക് വായനക്കാരനെ എപ്രകാരം ക്ഷണിക്കുന്നു എന്നതും ആഖ്യാതാവിന്‍റെ മൂല്യസംഹിതകളെ പിഞ്ചെല്ലാന്‍ വായനക്കാരനെ എപ്രകാരം പ്രേരിപ്പിക്കുന്നു എന്നതും ആഖ്യാനവിശകലനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.ആഖ്യാനത്തിലെ വൈരുദ്ധ്യങ്ങളെയും തുടര്‍ച്ചയില്ലായ്മയെയും ആഖ്യാതാവിന്‍റെ വിവരണലോകത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ച് മനസ്സിലാക്കാന്‍ ഈ വിശകലനരീതി സഹായകമാണ്.

ഉദാഹരണമായി, യോഹ 20:1-2ല്‍ മഗ്ദലനാമറിയം ശിഷ്യരുടെ അടുക്കല്‍ചെന്ന് കര്‍ത്താവിന്‍റെ ശരീരം കണ്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ ശിഷ്യരില്‍ രണ്ടുപേര്‍ കല്ലറയിങ്കലേക്ക് ഓടിയെത്തി പരിശോധിക്കുന്നു (20:3-10). മഗ്ദലനാമറിയം ശിഷ്യരോടൊത്ത് കല്ലറയിങ്കലേക്കുപോന്നു എന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഗ്രന്ഥകര്‍ത്താവ് തരുന്നില്ല. എന്നാല്‍ 20:11-ല്‍ കല്ലറയിങ്കല്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന മറിയത്തിലേക്കാണ് ആഖ്യാതാവ് ശ്രദ്ധക്ഷണിക്കുന്നത്. ആഖ്യാനത്തിലെ ഈ പൊരുത്തക്കേട് വായനക്കാരന്‍ നിസ്സാരമായി കരുതും, കാരണം, ഇതിനോടകം, ആഖ്യാതാവിന്‍റെ ശൈലി വായനക്കാരനു ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രംഗത്ത് എപ്പോഴും രണ്ടുപേരെ നിലനിര്‍ത്തുകയും അവര്‍ പിന്‍വാങ്ങിയാല്‍ മാത്രം മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന ശൈലി യോഹന്നാന്‍റെ ആഖ്യാനശൈലിയാണെന്ന് അറിയാവുന്ന വായനക്കാരന് 20:1-11 ലെ ആഖ്യാനത്തിലുള്ള പൊരുത്തക്കേടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നു.

(2) അനുവാചക - പ്രതികരണ വിശകലനം (Reader-Response criticism)

ഗ്രന്ഥഗ്രഹണത്തില്‍ നാലു യാഥാര്‍ത്ഥ്യങ്ങളുണ്ട് എന്നതാണ് അനുവാചക - പ്രതികരണ വിശകലനത്തിന്‍റെ അടിസ്ഥാനം: (1) യഥാര്‍ത്ഥ ഗ്രന്ഥകാരന്‍ Real author (2) അനുമാനിത ഗ്രന്ഥകാരന്‍ Implied author (3) യഥാര്‍ത്ഥ വായനക്കാരന്‍ - Real reader (4) അനുമാനിത വായനക്കാരന്‍ - Implied reader.

ഗ്രന്ഥരചന നിര്‍വ്വഹിച്ച വ്യക്തിയാണ് യഥാര്‍ത്ഥ ഗ്രന്ഥകാരന്‍. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുജീവിച്ചിരുന്ന ഗ്രന്ഥകാരനെക്കുറിച്ച് നമുക്ക് അറിവ് തുലോം പരിമിതമാണ്. പലപ്പോഴും ഗ്രന്ഥകര്‍ത്താവിന്‍റെ പേരുപോലും നമുക്കറിയില്ല. ഗ്രന്ഥകര്‍ത്താവിനെ അറിയാനുള്ള ഏക മാധ്യമം ആ വ്യക്തി രചിച്ച ഗ്രന്ഥമാണ്. ഗ്രന്ഥം വായിക്കുന്നതിനനുസരിച്ച് ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള ഒരു ധാരണയോ സങ്കല്‍പ്പമോ വായനക്കാരന്‍റെ മനസ്സില്‍ രൂപം കൊണ്ടുതുടങ്ങുന്നു. രചനയെ ആധാരമാക്കി വായനക്കാരന്‍റെ മനസ്സില്‍ രൂപം കൊള്ളുന്ന ഗ്രന്ഥകാരനെയാണ് അനുമാനിത ഗ്രന്ഥകാരന്‍ (Implied author) എന്നുവിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ വായനക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നത് വായനയ്ക്കായി പ്രസ്തുത ഗ്രന്ഥം ലഭ്യമാക്കിയിട്ടുള്ള ഏതൊരു വ്യക്തിയെയുമാണ്. എന്നാല്‍, വായനയിലൂടെ ഗ്രന്ഥം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും നിലപാടുകളും സ്വന്തമാക്കി ഗ്രന്ഥത്തിന്‍റെ ആഖ്യാനലോകത്ത് പ്രവേശിക്കുകയും യഥാര്‍ത്ഥ ഗ്രന്ഥകാരന്‍ അനുമാനിതഗ്രന്ഥത്തിലൂടെ നല്‍കുന്ന ആഖ്യാനത്തെ അംഗീകരിച്ച് സ്വീകരിക്കുകയും ചെയ്യുന്ന വായനക്കാരനാണ് അനുമാനിത അനുവാചകന്‍ (Implied reader). മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍, ഏതൊരു ലക്ഷ്യം വായനക്കാരില്‍ നിറവേറ്റണം എന്ന ഉദ്ദേശ്യത്തോടെ ഗ്രന്ഥകാരന്‍ രചന നിര്‍വ്വഹിച്ചുവോ ആ ലക്ഷ്യം നിറവേറ്റുന്ന വായനക്കാരനാണ് അനുമാനിത വായനക്കാരന്‍.

ഉദാഹരണമായി 4-ാമത്തെ സുവിശേഷത്തെ പരിശോധിക്കാം.

  1. യഥാര്‍ത്ഥ ഗ്രന്ഥകാരന്‍- സെബദിപുത്രനും 12 അപ്പസ്തോലന്മാരില്‍ ഒരുവനുമായ യഹൂദന്‍.
  2. അനുമാനിത ഗ്രന്ഥകാരന്‍- രക്ഷാകരയാഥാര്‍ത്ഥ്യങ്ങളെ നാടകീയവും കാവ്യാത്മകവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരന്‍. യഹൂദമതത്തോട് സന്ധിയില്ലാസമരം നയിക്കുന്നവന്‍ (8:44), തന്‍റെ സമൂഹം അനുഭവിക്കുന്ന പീഡനങ്ങളില്‍ മനസ്സുനോവുകയും സമൂഹത്തെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നവന്‍ (16:4), യേശുവിനെ അഗാധമായി സ്നേഹിച്ചവന്‍ (13:23), പത്രോസിന്‍റെ സഹചാരി (18:15;20:3  etc), പീഡാനുഭവത്തിനു ദൃക്സാക്ഷി (19:35) etc.
  3. യഥാര്‍ത്ഥവായനക്കാരന്‍ - നാലാമത്തെ സുവിശേഷം വായിക്കുന്ന ഏതൊരു വ്യക്തിയെയും യഥാര്‍ത്ഥ വായനക്കാരനായി പരിഗണിക്കാം.
  4. അനുമാനിതവായനക്കാരന്‍ - യേശുവില്‍ വിശ്വസിക്കുന്നവന്‍, യേശുവിനെ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായായി അംഗീകരിക്കുന്നവന്‍, യേശു ദൈവപുത്രനാണെന്നു കരുതുന്നവന്‍, യഹൂദസമ്പര്‍ക്കമുപേക്ഷിച്ച് ക്രിസ്തീയ കൂട്ടായ്മയില്‍ ഉറച്ചുനില്‍ക്കുന്നവന്‍, ധീരതയോടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവന്‍, ക്രിസ്തീയ സമൂഹത്തില്‍ പരസ്നേഹം പുലര്‍ത്തുന്നവന്‍ etc.

വായനക്കാരന് ഗ്രന്ഥകര്‍ത്താവിന്‍റെ ലോകത്തേക്കും ജീവിത ദര്‍ശനങ്ങളിലേക്കും പ്രവേശിക്കാനുള്ള വാതായനമോ (Window) ഗ്രന്ഥകര്‍ത്താവിന്‍റെ ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയോ ആയിട്ടാണ് ഈ വിശകലന രീതിയില്‍ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത്.

(3) ഘടനാ വിശകലനം

ഗ്രന്ഥകര്‍ത്താവ് ആരാണ്? ആര്‍ക്കുവേണ്ടി എഴുതപ്പെട്ടിരിക്കുന്നു? എന്നീ ചോദ്യങ്ങള്‍ കൂടാതെ തന്നെ ഒരു ഗ്രന്ഥത്തിന് നിയതമായ ഒരു അര്‍ത്ഥമുണ്ട്. പ്രസ്തുത അര്‍ത്ഥത്തെ വിശദീകരിക്കാന്‍ ഗ്രന്ഥകര്‍ത്താവുപയോഗിക്കുന്ന ഭാഷാസങ്കേതങ്ങളും (Lingnotivs) അര്‍ത്ഥതലങ്ങളും (Semotics) വിശദീകരിക്കുക എന്നതാണ് ഘടനാവിശകലനത്തിന്‍റെ ലക്ഷ്യം. രണ്ടു തത്വങ്ങള്‍ ഭാഷാവിശകലനത്തില്‍ പ്രസക്തമാണ്.

  •  ഭാഷ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. വാക്കുകളുടെ അര്‍ത്ഥം സംസ്കാരത്തില്‍നിന്നാണ് ഭാഷ കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ സംസ്കാരത്തില്‍നിന്ന് വേര്‍പെടുത്തി ഭാഷ ഗ്രഹിക്കാനാവില്ല.
  • ഭാഷ വിപരീത ദ്വന്ദ്വങ്ങളിലൂന്നിയാണ് ആശയ സംവേദനം നടത്തുന്നത്. (നന്മ-തിന്മ; പകല്‍-രാത്രി; നീതി-അനീതി etc) ഈ വൈപരീത്യങ്ങള്‍ ഘടനാവിശകലനത്തില്‍ പ്രസക്തമാണ്.

ഘടനാ വിശകലനം ഊന്നല്‍ നല്‍കുന്ന മേഖലകളെ ആസ്പദമാക്കി വിവിധഭാഗങ്ങളായി തിരിക്കാറുണ്ട്. ഭാഷാഘടനവിശകലനം, സാഹിത്യഘടനാ വിശകലനം, ആഖ്യാനഘടനാ വിശകലനം, സംഭാഷണഘടനാ വിശകലനം, തുടങ്ങിയവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

 

(4) സാമൂഹിക വിശകലന രീതികള്‍

മേല്‍പറഞ്ഞ വിശകലനരീതികള്‍ കൂടാതെ സാമൂഹിക പ്രശ്നങ്ങള്‍ക്കുത്തരമായി വിശുദ്ധ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്ന രീതികളുണ്ട്. വിമോചന ദൈവശാസ്ത്രത്തിന്‍റെ ചുവടുപിടിച്ച് ലോകത്തിലെ സമസ്ത അനീതികളില്‍നിന്നുമുള്ള വിമോചനത്തിന്‍റെ ദൈവസന്ദേശമായി ബൈബിള്‍ വ്യാഖ്യാനിക്കുന്ന വിമോചന വിശകലനം (Liberation  criticsm), സ്ത്രീയുടെ പരിത്യക്താവസ്ഥയ്ക്കുള്ള ക്രിസ്തീയ പരിഹാരമായി വിശുദ്ധ ഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്ന ശൈലിയായ സ്ത്രീവിമോചന വിശകലനം (Feminist Criticism) തുടങ്ങിയവയാണ് ഈ ശ്രേണിയിലെ പ്രമുഖ വ്യാഖ്യാനരീതികള്‍.

 

ഡോ. ജോസഫ് പാംപ്ലാനി

Bible Interpretation Methods catholic malayalam bible interpretations Rev. Dr. Joseph Pamplany ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message