We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
ആധുനിക രീതികളെക്കുറിച്ചുള്ള അറിവ് നമ്മെ വീണ്ടും ക്രൈസ്തവ ജീവിതത്തിന്‍റെ അടിത്തറ പണിയുന്ന, ചരിത്രത്തിലെന്നും പ്രസക്തമായിരുന്ന, ആ ചോദ്യത്തിലേക്കു കൊണ്ടുപോകുന്നു: ബൈബിള്‍ ദൈവനിവേശിത ഗ്രന്ഥമാണെന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്?
ഇന്നത്തെപ്പോലെ ശാസ്ത്രീയ പഠനമാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലാതിരുന്ന പുരാതനകാലത്തും പണ്ഡിതര്‍ ഒരു പാഠഭാഗത്തിന് വ്യത്യസ്ത തലങ്ങളിലുള്ള അര്‍ത്ഥം കല്‍പിച്ചിരുന്നു. ഭാഷാര്‍ത്ഥവും ആത്മീയാര്‍ത്ഥവും ഇവയില്‍ പ്രധാനപ്പെട്ടവയാണ്. മധ്യകാലത്തെ വ്യാഖ്യാതാക്കളാകട്ടെ ആത്മീയാര്‍ത്ഥത്തിനുള്ളില്‍ത്തന്നെ നാലു വ്യത്യസ്ത ദിശകള്‍ കണ്ടെത്തി. 13-ാം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്കിലെ അഗസ്റ്റ്യന്‍റെ വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു. "ഭാഷാര്‍ത്ഥം സത്യങ്ങള്‍ പഠിപ്പിക്കുന്നു; രൂപകാര്‍ത്ഥം വിശ്വസിക്കേണ്ടതു ഓര്‍മ്മിപ്പിക്കുന്നു. ധാര്‍മ്മികാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ട രീതി ചൂണ്ടിക്കാട്ടുന്നു; പ്രതീകാര്‍ത്ഥം പ്രത്യാശിക്കേണ്ടവയും". ബൈബിള്‍ ഭാഗത്തിന്‍റെ അര്‍ത്ഥമെന്താണ്, ആ ഭാഗം മുന്നോട്ടു വയ്ക്കുന്ന ജീവിതമാതൃകയെന്താണ്, എന്തു നേടാനാണ് ഇതുകൊണ്ട് നാം ലക്ഷ്യം വയ്ക്കുന്നത് - ഈ അന്വേഷണങ്ങളുടെ കണ്ടെത്തലുകളാണ് ഈ വ്യത്യസ്ത തലങ്ങള്‍.
ചരിത്രവിമര്‍ശനരീതി, ഒരു പാഠഭാഗത്തിന് ഒരു സമയത്ത് ഒരൊറ്റ അര്‍ത്ഥം എന്നു വാദിച്ചു. എന്നാല്‍ ചരിത്ര വിമര്‍ശനരീതിയുടെ ഈ വാദഗതിയെ ആധുനിക വ്യാഖ്യാന ശാസ്ത്രവും ഭാഷാശാസ്ത്രവും അപ്പാടെ അംഗീകരിക്കുന്നില്ല. ഭാഷക്ക് വിവിധ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളാനാകും എന്നത് ഇന്ന് ഒട്ടുമിക്കവാറും അംഗീകരിക്കപ്പെട്ടിരിക്കുന്നു.ഇതുയര്‍ത്തുന്ന വ്യാഖ്യാന പ്രശ്നങ്ങള്‍ നിസ്സാരങ്ങളല്ല. ഓരോതരം പാഠഭാഗത്തിനും (ചരിത്രവിവരണം, ഉപമ, പ്രവചനവാക്യം, നിയമങ്ങള്‍, ചൊല്ലുകള്‍, പ്രാര്‍ത്ഥനകള്‍, പാട്ടുകള്‍) ഓരോതരം പ്രശ്നങ്ങളാണുള്ളത്. ഒരു പാഠഭാഗത്തു വരാവുന്ന പല അര്‍ത്ഥങ്ങളില്‍ പ്രധാനപ്പെട്ടവ വിവരിക്കാം.
അടിസ്ഥാനപരമായി ഒരു ബൈബിള്‍ ഭാഗത്ത് കണ്ടെത്തേണ്ടത് ഭാഷാര്‍ത്ഥമാണ്. ഭാഷാര്‍ത്ഥമെന്നാല്‍ അക്ഷരാര്‍ത്ഥമല്ല. പദാനുപദം വിവര്‍ത്തനം ചെയ്താല്‍ കിട്ടുന്നതുമല്ല. പാഠഭാഗത്തിന്‍റെ ആശയം അതിന്‍റെ സമ്പൂര്‍ണതയില്‍ മനസിലാക്കുക എന്നതാണ്. ഉദാഹരണത്തിന് ലൂക്കാ 12,35-ല്‍ "നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചുമിരിക്കുവിന്‍" എന്നെഴുതിയിരിക്കുന്നു. കച്ചകൊണ്ട് അര കെട്ടുന്നതിനെയല്ല, മറിച്ച് "തയ്യാറായിരിക്കുക" എന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു കഥയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തിലെടുക്കുന്നത് വിഡ്ഢിത്തമാണ്. കാരണം, കഥകള്‍ മിക്കപ്പോഴും ഭാവനാസൃഷ്ടികളാണ്; ചരിത്ര വിവരണമല്ല.
വി. ഗ്രന്ഥത്തിലെ ഗ്രന്ഥകര്‍ത്താക്കളുടെ വാക്കുകള്‍ അതില്‍ത്തന്നെ നേരിട്ട് ഏത് ആശയം മുന്നോട്ടുവയ്ക്കുന്നുവോ അതാണ് ഭാഷാര്‍ത്ഥം. ഇത് ദൈവിക പ്രചോദനത്തിന്‍റെ ഫലമാകയാല്‍ ദൈവം ഉദ്ദേശിച്ച അര്‍ത്ഥം തന്നെയാണ്. ഭാഷാപരവും ചരിത്രപരവുമായ സൂക്ഷ്മാപഗ്രഥനത്തിലൂടെയാണ് ഈ അര്‍ത്ഥം കണ്ടെത്തുന്നത്. ലഭ്യമായ എല്ലാ ഭാഷാ - ചരിത്ര ഗവേഷണസാധ്യതകളും സംവിധാനങ്ങളും ഉപയോഗിച്ച് കൃത്യമായ ഭാഷാര്‍ത്ഥം കണ്ടെടുക്കുകയാണ് വ്യാഖ്യാതാവിന്‍റെ ജോലി. പ്രാചീന സാഹിത്യരൂപങ്ങള്‍ അറിഞ്ഞിരിക്കുക ഇവിടെ ഏറെ പ്രാധാനമാണ്.
ഒരു പാഠഭാഗത്തിന് എത്ര ഭാഷാര്‍ത്ഥം ഉണ്ടാകാം? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒന്നുമാത്രം. എന്നാല്‍ ഇത് ഒരു അലംഘ്യ നിയമമല്ല. ഒരേസമയം ഒന്നിലേറെ വസ്തുക്കളെ സൂചിപ്പിക്കാന്‍ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിട്ടുണ്ടാകാം. പദ്യഭാഗങ്ങളില്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാണ്. ദൈവിക പ്രചോദനം ഒരുതരത്തിലും മനുഷ്യവ്യക്തിയുടെ മാനസിക ഘടനയ്ക്കും ഭാഷയ്ക്കും എതിരല്ല. യോഹന്നാന്‍റെ സുവിശേഷം ഇത്തരം ബഹു അര്‍ത്ഥപ്രയോഗത്താല്‍ സമ്പന്നമാണ്.
രണ്ടാമത്, ഗ്രന്ഥമെഴുതിയ ആള്‍ ഒരര്‍ത്ഥം മാത്രമുദ്ദേശിച്ചാലും അരൂപിയുടെ പ്രചോദനം പല അര്‍ത്ഥങ്ങളിലേക്കു നയിക്കുന്നതാകാം. ഉദാഹരണമായി, യോഹന്നാന്‍റെ സുവിശേഷം 11,50-ല്‍ " ജനം മുഴുവന്‍ നശിക്കാതിരിക്കാനായി ഒരു മനുഷ്യന്‍ മരിക്കുന്നത് നല്ലതാകുന്നു" എന്ന കയ്യാഫാസിന്‍റെ പ്രസ്താവന ഒരേ സമയം ഒരു നേതാവിന്‍റെ അധാര്‍മ്മികമായ ഗൂഢാലോചനയെയും ദൈവത്തിന്‍റെ അനന്ത രക്ഷാപദ്ധതിയെയും വെളിപ്പെടുത്തുന്നു. ഇതു രണ്ടും ഭാഷാപ്രയോഗത്തില്‍ നിന്നുതന്നെ വെളിപ്പെടുന്ന അര്‍ത്ഥങ്ങളുമാണ്. ദൈവനിവേശിത ഗ്രന്ഥത്തിന് ഒരു ഭാഷാര്‍ത്ഥമേ പാടുള്ളുവെന്ന ശാഠ്യത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അസാധാരണമായ ഒന്നാണെങ്കിലും ഈ ഉദാഹരണം.
ബൈബിള്‍ ഭാഗത്തിന്‍റെ ചലനാത്മകത അഥവാ വ്യാപന സ്വഭാവംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് രാജസങ്കീര്‍ത്തനങ്ങളുടെ കാര്യം. അവ അക്കാലത്തെ ഇസ്രായേല്‍ രാജാക്കന്മാരെ വിഷയമാക്കുന്നതോടൊപ്പം രാജഭരണം ദൈവിക പദ്ധതിയില്‍ എപ്രകാരമാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നും ഓര്‍മ്മിപ്പിക്കുന്നു. അര്‍ത്ഥത്തിന്‍റെ ഈ വ്യാപന സ്വഭാവത്തെ ചരിത്രവിമര്‍ശനരീതി വേണ്ടത്ര പരിഗണിക്കുന്നില്ലെന്നൊരു കുറവ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആധുനിക വ്യാഖ്യാനശാസ്ത്രജ്ഞരില്‍ ചിലരുടെ അഭിപ്രായത്തില്‍, എഴുതപ്പെടുന്ന വചനത്തിന് സംസാരിക്കപ്പെടുന്നവയെക്കാള്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. എഴുതപ്പെടുന്നവ ഏതു സാഹചര്യത്തിലും പ്രസക്തമാണ്. പൂര്‍വ്വികര്‍ വിശുദ്ധ വചനങ്ങള്‍ എഴുതി സൂക്ഷിച്ചുകൈമാറിയതുതന്നെ അവ വരും തലമുറകള്‍ക്കെല്ലാം പ്രാണനും പ്രകാശവും നവമായി പകരുമെന്നു കരുതിയാണ്. ഭാഷാര്‍ത്ഥം പുതിയ സാഹചര്യങ്ങളിലെ വീണ്ടും വായനയില്‍ (പുനര്‍വായനയില്‍) വികസിക്കാവുന്നതാണ്.
ഓരോ വായനക്കാരെന്‍റെയും ഭാവനപോലെ വ്യാഖ്യാനം വി.ഗ്രന്ഥത്തിന് നല്‍കാമെന്ന് അതിനര്‍ത്ഥമില്ല. എഴുത്തുകാരന്‍ എഴുത്തിലൂടെ പ്രകടിപ്പിക്കുന്നതിനുള്ളിലൊതുങ്ങാത്ത അര്‍ത്ഥമെല്ലാം അധികപ്പറ്റാണ്; ഓരോരുത്തരുടെയും തന്നിഷ്ടമാണ്. അവയെ തള്ളിക്കളഞ്ഞേതീരൂ. ഇങ്ങനെ അന്യമായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നത് വചനമാകുന്ന വൃക്ഷത്തെ വേരില്‍നിന്ന് വേര്‍പെടുത്തുന്നതുപോലെയാണ്. ഇവിടെ വേര് ചരിത്രത്തില്‍ ആശയവിനിമയം നിറവേറ്റിയ വചനമാണ്.
അന്യമായ അര്‍ത്ഥങ്ങള്‍ തള്ളികളയണമെന്ന് മുകളിലെഴുതിയത് ഭാഷാര്‍ത്ഥത്തിനപ്പുറം മറ്റൊന്നില്ല എന്ന അര്‍ത്ഥത്തിലല്ല. അതിനുള്ളില്‍ നിന്നുകൊണ്ട് അര്‍ത്ഥം പൂര്‍ണ്ണമാക്കാനാകും. യേശുവിന്‍റെ മരണവും ഉത്ഥാനവും പഴയനിയമത്തിനു മുഴുവന്‍ പുതിയ അര്‍ത്ഥതലം നല്‍കിയെന്നത് ഇവിടെ ഓര്‍ക്കാം. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ദാവീദിന്‍റെ സിംഹാസനം നിത്യം നിലനിര്‍ത്തുന്ന ഒരു പുത്രനെക്കുറിച്ചുള്ള പ്രവചനം (2 സമു 7,12-13; 1 ദിന 17,11-14) ദാവീദിന്‍റെ പിന്‍ഗാമികളില്‍നിന്ന് രാജ്യഭരണം പിന്‍വലിക്കപ്പെടുകയില്ലെന്ന ആശയമാണ് പഴയനിയമ ജനതയ്ക്ക് നല്‍കിയത്. ഇന്നാകട്ടെ, അത് "ക്രിസ്തു മരിച്ചവരില്‍ നിന്നുയര്‍ത്തിരിക്കുന്നു. അവന്‍ ഇനി മരിക്കയില്ല." (റോമ 6,9) എന്നതിന്‍റെ വെളിച്ചത്തില്‍ യഥാര്‍ത്ഥത്തില്‍തന്നെ മനസിലാക്കണം. ഭാഷാര്‍ത്ഥമല്ലാത്തതിനാല്‍ അത് മൂലപാഠത്തിന് അന്യമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ വചനത്തിന്‍റെ വ്യാപന സ്വഭാവം അംഗീകരിക്കുന്നവര്‍ ഉയര്‍ന്ന തലത്തിലുള്ള അര്‍ത്ഥം കണ്ടറിയുന്നു. ക്രിസ്തു ദാവീദിന്‍റെ ഭൗമിക സിംഹാസനത്തിലിരുന്നു ഭരിക്കുന്നവനല്ല, അതിനുമപ്പുറമൊരു തലത്തിലാണവിടുത്തെ സിംഹാസനം.
ഇത്തരം സാഹചര്യങ്ങളിലാണ് ആത്മീയാര്‍ത്ഥം കടന്നു വരുന്നത്. പരിശുദ്ധാത്മാവിനോടുകൂടിയായിരുന്ന് വചനം വായിച്ചെടുക്കുമ്പോള്‍ വിരിഞ്ഞു കിട്ടുന്ന അര്‍ത്ഥമെന്ന് ആത്മീയാര്‍ത്ഥത്തെ നിര്‍വചിക്കാം. ദൈവപുത്രന്‍റെ പെസഹാ രഹസ്യങ്ങളുടെ തണലില്‍, അതു പകരുന്ന പുതുജീവന്‍റെ നിറവിലുള്ള വായനയാണ് ഇത്. ആത്മാവിലുള്ള നവജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവചനം വായിക്കുകയാണിവിടെ.
ഭാഷാര്‍ത്ഥവും ആത്മീയാര്‍ത്ഥവും തമ്മിലുള്ള ബന്ധം മേല്‍പറഞ്ഞതില്‍നിന്നു വ്യക്തമാണ്. ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങള്‍, അതു പകരുന്ന പുതുജീവന്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഭാഷാര്‍ത്ഥവും ആത്മീയാര്‍ത്ഥവും ഒന്നായിത്തീരുന്നു.
രണ്ടുതരം അര്‍ത്ഥങ്ങള്‍ നിലനില്‍ക്കുമ്പോഴും ആത്മീയാര്‍ത്ഥ ത്തെ ഭാഷാര്‍ത്ഥത്തില്‍നിന്നു പറിച്ചുമാറ്റാനാവില്ല. ഭാഷാര്‍ത്ഥം ആത്മീയാര്‍ത്ഥത്തിന്‍റെ അനിഷേധ്യമായ അടിത്തറയത്രേ. ഈ ബന്ധമില്ലെങ്കില്‍ തിരുവചനത്തിന്‍റെ നിറവേറല്‍ എന്നൊന്നില്ല. ആത്മീയാര്‍ത്ഥം ഭാവനാസൃഷ്ടി മാത്രമാകാതിരിക്കാനും ശ്രദ്ധിക്കണം.
കഴിഞ്ഞ കാലങ്ങളില്‍ ഈ രീതി ഓരോ ചെറുകാര്യത്തിലും പ്രയോഗിച്ചുനോക്കിയ വ്യാഖ്യാതാക്കളുണ്ട്. അന്നത്തെ അജപാലന സാഹചര്യങ്ങളില്‍ അത് ഉപകാരപ്പെട്ടിട്ടുണ്ടാകാം. എന്നിരിക്കിലും, എല്ലാവാക്കുകളിലും ആത്മീയാര്‍ത്ഥം സൃഷ്ടിച്ചെടുക്കുന്ന രീതിയോട് ആധുനിക വ്യാഖ്യാനത്തിന് പൊരുത്തപ്പെടാനാവില്ല. ആത്മീയാര്‍ത്ഥത്തിന്‍റെ ഒരു ഘടകം പ്രതിരൂപാര്‍ത്ഥവീക്ഷണമാണ്. ബൈബിള്‍ സന്ദേശത്തെയെന്നതിനേക്കാള്‍ വ്യക്തികളെയും സംഭവങ്ങളെയുമാണ് ഇങ്ങനെ കാണുന്നത്. ക്രിസ്തുവിനെ ആദത്തിന്‍റെ പ്രതിരൂപമായി കാണുന്നതും (റോമ 5,14) പ്രളയപേടകത്തെ മാമോദീസായുമായി ബന്ധിക്കുന്നതുമെല്ലാം (1 പത്രോ 3,20-21) ആത്മീയാര്‍ത്ഥത്തിന്‍റെ പരിധിയില്‍പ്പെടുന്നു. ബൈബിള്‍തന്നെ ഒരുസംഭവത്തെ കാണുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് മിക്കപ്പോഴും ആത്മീയാര്‍ത്ഥം കൈവരുന്നത് (ഉല്പ 4,10; ഹെബ്രാ 11,4; 12, 24).
ഇക്കാലങ്ങളിലുണ്ടായതും ധാരാളം ചര്‍ച്ചയ്ക്കു വഴിതെളിച്ചതുമായ ഒരു വാക്കാണ് പൂര്‍ണ്ണാര്‍ത്ഥം. മനുഷ്യവ്യക്തി എഴുത്തിലൂടെ കൃത്യമായി വെളിവാക്കാത്തതും എന്നാല്‍ ദൈവം ഉദ്ദേശിച്ചതുമായ അര്‍ത്ഥമെന്ന് ഇതിനെ നിര്‍വ്വചിക്കാം. ഒരു പാഠഭാഗത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം കണ്ടെത്തുന്നത് ബൈബിളിന്‍റെ മറ്റു ഭാഗങ്ങളില്‍ അതെങ്ങനെ പ്രയോഗിക്കുന്നുവെന്ന് പരിശോധിച്ചാണ്. അല്ലെങ്കില്‍, ദൈവിക വെളിപാടിന്‍റെ വികാസത്തിനു അതുമായുള്ള ബന്ധത്തെ ആശ്രയിച്ചാണ്. ഉദാഹരണത്തിന്, യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും" എന്ന ഏശയ്യായുടെ പ്രവചനത്തിന്‍റെ (7,14) പൂര്‍ണ്ണാര്‍ത്ഥം "കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന് സുവിശേഷത്തില്‍ (മത്താ 1,23) ഉപയോഗിക്കുന്നതില്‍നിന്ന് വിശദീകരിക്കാന്‍ സാധിക്കും. ഗ്രീക്കു ബൈബിളിലെ പാഠഭേദമാണിവിടെ സുവിശേഷകന്‍ ഉപയോഗിക്കുന്നത്. പരിശുദ്ധത്രിത്വത്തെക്കുറിച്ച് സഭാപിതാക്കന്മാരുടേയും കൗണ്‍സിലുകളുടേയും പഠിപ്പിക്കലില്‍നിന്ന് പുതിയ നിയമത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ചുള്ള വെളിപാടിന്‍റെ പൂര്‍ണ്ണാര്‍ത്ഥം കണ്ടെത്താം. റോമാ 5,12-21 ന്‍റെ പൂര്‍ണ്ണാര്‍ത്ഥം ഉത്ഭവപാപത്തെക്കുറിച്ച് ത്രെന്തോസ് സൂനഹദോസ് നല്‍കിയ പഠനത്തില്‍ കാണപ്പെടുന്നു. എന്നാല്‍ ഇത്തരമൊരു ആധികാരിക പഠനത്തിന്‍റെയോ ബൈബിള്‍ ഭാഗത്തിന്‍റെയോ, പിന്തുണയില്ലാതെ പൂര്‍ണ്ണാര്‍ത്ഥം കണ്ടെത്തുന്നത് ന്യായീകരിക്കാനാവില്ല.
പൂര്‍ണ്ണാര്‍ത്ഥത്തെ ആത്മീയാര്‍ത്ഥത്തിന്‍റെ മറ്റൊരു ഭാവമായി കണ്ടാല്‍മതി. ആത്മീയാര്‍ത്ഥം ഭാഷാര്‍ത്ഥത്തില്‍നിന്ന് വ്യത്യസ്തമായിരിക്കുന്ന സന്ദര്‍ഭങ്ങളിലാണിത് സാധുവാകുന്നത്. വി.ഗ്രന്ഥത്തിന്‍റെ ഉറവിടം പരിശുദ്ധാത്മാവാണ്. അവിടുത്തെ പ്രചോദനത്തിന്‍റെ സവിശേഷതയാല്‍ എഴുത്തുകാരന്‍ പൂര്‍ണ്ണാര്‍ത്ഥം അറിയാതെതന്നെ ചില സത്യങ്ങള്‍ രേഖപ്പെടുത്തുന്നു. കാലക്രമത്തില്‍ അതേ ആത്മാവ് തന്നെ മറ്റു പാഠഭാഗങ്ങളിലൂടെയും തിരുവചനത്തിന്‍റെ അര്‍ത്ഥം പൂര്‍ത്തിയാക്കുന്ന ദൈവിക ഇടപെടലുകളിലൂടെയും പൂര്‍ണ്ണാര്‍ത്ഥം ക്രമേണ വ്യക്തമാക്കുന്നു. ഇവിടെ ആദ്യ സാഹചര്യങ്ങളില്‍നിന്ന് ഭിന്നമായി ഒരു പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ആദ്യ സാഹചര്യത്തില്‍ അവ്യക്തമായിക്കിടന്നിരുന്നതോ മറഞ്ഞിരുന്നതോ ആയ അര്‍ത്ഥതലങ്ങള്‍ പുതിയ സാഹചര്യങ്ങളില്‍ സുവ്യക്തമാകുകയും ചെയ്യുന്നു.
ഡോ. ജോസ് വടക്കേടം
God-given Meanings of the book catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206