x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

അഭിഷിക്തനെ അഭിഷേചിച്ച ഭക്ത ബഥാനിയായിലെ മറിയം

Authored by : Dr. Michael Karimattam On 28-Nov-2022

അഭിഷിക്തനെ അഭിഷേചിച്ച ഭക്ത- ബഥാനിയായിലെ മറിയം

യേശുവിന്റെ ശിഷ്യഗണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വ്യക്തിയാണ് ബഥാനിയായിലെ മറിയം. മർത്തായുടെയും ലാസറിന്റെയും സഹോദരിയായ അവൾ ശിഷ്യത്വത്തിന്റെയും ഗുരുശക്തിയുടെയും പ്രതീകമായി മാത്രമല്ല, യേശുവിനെ മരണത്തിനും സംസ്ക്കാരത്തിനും ഒരുക്കമായി അഭിഷേകം ചെയ്ത് അതുല്യവ്യക്തിയായും പ്രത്യക്ഷപ്പെടുന്നു. ലൂക്കായും യോഹന്നാനും പേരെടുത്തുപറഞ്ഞ് അവളുടെ മനോഭാവവും ചെയ്തികളും വിവരിക്കുന്നുണ്ട്. അതേസമയം മത്തായിയും മർക്കോസും പേരു പറയാതെ, അവൾ ചെയ്ത അഭിഷേകത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. സഭാപാരമ്പരൃത്തിൽ പല വിശദീകരണങ്ങൾക്കും തെറ്റായ വ്യഖ്യാനങ്ങൾക്കും അവൾ ഇരയായിത്തീർന്നിട്ടുണ്ട്.

ലൂക്കാ 10,38-42 ൽ ഏകാഗ്രമായ ഗുരുഭക്തിയുടെയും, അതിനാൽത്തന്നെ ശിഷ്യത്വത്തിന്റെയും, മാതൃകയാണ് മാർത്തായുടെ സഹോദരിയായ മറിയം. പലവിധ ശുശ്രൂഷകളിൽ മുഴുകി മാർത്താ വ്യഗ്രചിത്തയായപ്പോൾ മറിയം ഗുരുപാദത്തിലിരുന്ന് വചനം ശ്രവിച്ചു. അവൾ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല എന്ന് ഗുരുനാഥൻ ഉറപ്പുനല്കുകയും ചെയ്തു. ശിഷ്യത്വത്തിന്റെ രണ്ടു ഭാവങ്ങളാണ് മാർത്തായും മറിയവും. അതേ സമയം ലൂക്കായുടെ വിവരണത്തിൽ, ഗുരുവിന്റെ സാന്നിധ്യത്തിൽ സ്വസ്ഥമായി, ഏകാഗ്രചിത്തതയോടെ ഇരുന്ന് വചനം ശ്രവിക്കുന്നതിൽ ഊന്നൽ നല്കുന്നു.

ഒരു ഭാവത്തിന് ഊന്നൽ നല്കുമ്പോൾ മറ്റെല്ലാം അവഗണിക്കുന്നു എന്ന് അർത്ഥമില്ല. ശിഷ്യത്വത്തെ സംബന്ധിച്ച വിശദമായ പ്രബോധനങ്ങൾ നല്കുന്ന ജറുസലെം യാത്രയുടെ (ലൂക്കാ 9,51-19,46) മധ്യത്തിലാണ് മാർത്താ-മറിയം സഹോദരിമാരെക്കുറിച്ച് പ്രതിപാദിക്കുന്നത്. നിത്യ ജീവൻ അവകാശമാക്കാൻ സഹോദരസ്നേഹം അനിവാര്യമാണെന്ന് നല്ലസമറിയാക്കാരന്റെ ഉപമയിലുടെ (ലൂക്കാ 10,25-37) പഠിപ്പിച്ചതിനുശേഷം ഗുരുവചനം ശ്രവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറിയത്തിന്റെ ഉദാഹരണത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. ലൂക്കായുടെ ചിത്രീകരണത്തിൽ യഥാർത്ഥ ശിഷ്യത്വത്തിന്റെ ഒരു മാതൃകയാണ് മറിയം. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ധ്യാനിച്ചുകൊണ്ടിരുന്ന (ലൂക്ക 2,19-51) മാതാവിനെപ്പോലെ, യേശു വിഭാവനം ചെയ്യുന്ന ഉത്തമശിഷ്യരെപ്പോലെ (ലൂക്കാ 8,21; 11,28) ഒരു ശിഷ്യ.

എന്നാൽ ഗുരുപാദത്തിലിരുന്ന് വചനം ശ്രവിക്കുന്നത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ എന്ന് ലൂക്കാ തന്നെ അനേകം ഉദാഹരണങ്ങളിലൂടെ എടുത്തുകാട്ടുന്നുണ്ട്. ബൈബിളിന്റെ പ്രബോധനങ്ങൾ പൊതുവിലും യേശു വചനങ്ങൾ മുഴുവനായും പരിശോധിക്കുമ്പോഴും ലഭിക്കുന്നത് ഈ ഒരു കാഴ്ചപ്പാടാണ്. ശുശ്രൂഷകളുടെ വ്യഗ്രതയിൽ ദൈവരാജ്യം എന്ന പ്രധാനകാര്യം മറക്കരുത്. അതേസമയം ഗുരുസന്നിധിയിൽ നിന്ന് ശക്തിയാർജ്ജിച്ചുകൊണ്ട് സഹോദരസേവനത്തിലൂടെ വിശ്വാസവും ഭക്തിയും പ്രകടമാക്കുകയും ചെയ്യണം (മർക്കോ 3,14-15; മത്താ 25,31-46; യാക്കോ 2,14-26). അതിനാലാവണം മറിയത്തെ ഭക്തിയുടെ മാതൃകയായി കാണുമ്പോഴും അത് ശിഷ്യത്വത്തിന്റെ തുടക്കം മാത്രമേ ആകുന്നുള്ളൂ എന്ന് ആവിലായിലെ അമ്മ ത്രേസ്യായെപ്പോലുള്ള വലിയ വിശുദ്ധർ അഭിപ്രായപ്പെട്ടത്. ഭക്തിയും കർമ്മവും ജ്ഞാനവും സംയോജിപ്പിക്കുന്നതാണ് യഥാർത്ഥ ക്രിസ്ത ശിഷ്യത്വം. അതിലേക്കാണ് യോഹന്നാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ മറിയം രണ്ടുതവണ പ്രത്യക്ഷപ്പെടുന്നുണ്ട്; രണ്ടുതവണയും മർത്തയോടുകൂടെ (യോഹ 11,1-12.8). അതേസമയം തികച്ചും വ്യത്യസ്തമായൊരു വ്യക്തിത്വത്തിന്റെ ഉടമയാണവൾ. സഹോദരൻ ലാസറിന്റെ മരണത്താൽ ആകെ തകർന്നുപോയ ഒരു സഹോദരിയാണ് മറിയം. എന്നാൽ മരണം ഏല്പിച്ച ആഘാതത്തെക്കുറിച്ചു വിവരിക്കുന്നതിനുമുമ്പേ അവൾ യേശുവിനു വേണ്ടി ചെയ്ത ഒരു ശുശ്രൂഷയെക്കുറിച്ച് യോഹന്നാൻ അനുസ്മരിപ്പിക്കുന്നു. "ഈ മറിയമാണ് സുഗന്ധതൈലം കൊണ്ട് കർത്താവിനെ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തത്” (യോഹ 11,2). കർത്താവിനെ അഭിഷേകം ചെയ്തവൾ എന്ന് യോഹന്നാൻ മറിയത്തെ പരിചയപ്പെടുത്തുമ്പോൾ ഈ പ്രവൃത്തിക്കു നല്കുന്ന അതുല്യമായ പ്രാധാന്യം വ്യക്തമാകുന്നു.

സഹോദരിമാർ ഇരുവരും കൂടിയാണ് ഗുരുവിന്റെയടുക്കലേക്ക് ദൂതനെ അയച്ചതെങ്കിലും ഗുരുവിനെ സ്വീകരിക്കാൻ മാർത്താ മാത്രമേ ഗ്രാമാതിർത്തിയിലേക്കു പോകുന്നുള്ളൂ. മറിയം വീട്ടിൽത്തന്നെ ഇരുന്നു. ഗുരു നിന്നെ വിളിക്കുന്നു എന്നു മാർത്താ വന്നു പറയുമ്പോൾ മാത്രമാണ് മറിയം എഴുന്നേറ്റ് ഗുരുസന്നിധിയിലേക്കു ചെല്ലുന്നത്. അവിടെ ചെല്ലുമ്പോഴും സഹോദരിയുടെ വാക്കുകൾ ആവർത്തിക്കാനേ മറിയത്തിനു കഴിയുന്നുള്ളൂ: "കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുമായിരുന്നില്ല" (യോഹ 11,32). എന്നാൽ മാർത്തായിൽനിന്നു വ്യത്യസ്തമായി അവൾ രണ്ടുകാര്യങ്ങൾ ചെയ്തു. 1. അവൾ കർത്താവിന്റെ കാലിൽ വീണു, സാഷ്ടാംഗം പ്രണമിച്ചു. 2. അവൾ കരഞ്ഞു. കഠിനമായ ദുഃഖത്തിന്റെയും നിസ്സഹായതയുടെയും പ്രകടനമായി ഈ രണ്ടു പ്രവൃത്തികളെയും കാണാൻ കഴിയും.

ഹൃദയത്തിന്റെ ഭാവമാണ് ഇവ രണ്ടും. മാർത്തായ്ക്കും ദുഃഖവും ആകുലതയും ഉണ്ടെങ്കിലും അവൾ യേശുവുമായി ഒരു സംഭാഷണത്തിന് ഒരുക്കമാണ്. ഗുരുമൊഴി കേൾക്കാനും യുക്തിപൂർവ്വം, വിശ്വാസത്തിന്റെ വെളിച്ചത്തിൽ തിരുമൊഴികൾ വിശകലനം ചെയ്തു സ്വീകരിക്കാനും അവൾക്കു കഴിയും. എന്നാൽ മറിയം ഒന്നും ചിന്തിക്കുന്നില്ല, തർക്കിക്കാൻ പോയിട്ട് ഒരു സംഭാഷണത്തിനു പോലും അവൾക്കു കഴിയുന്നില്ല. എല്ലാം ഗുരുപാദത്തിൽ സമർപ്പിക്കുന്നു. ഹൃദയം തകർന്ന ഭക്തയാണവൾ. അവളുടെ ഭക്തിയും ദുഃഖവും ഗുരുവിന്റെ ഹൃദയത്തെ ഗാഢമായി സ്പർശിച്ചു. “അപ്പോൾ യേശു ആത്മാവിൽ നെടുവീർപ്പിട്ടുകൊണ്ട് അസ്വസ്ഥനായി.........യേശു കണ്ണീർ പൊഴിച്ചു" (യോഹ 11,33-34).

മാർത്തായുടെ പ്രതികരണങ്ങൾ യേശുവിനെ ജീവന്റെ നാഥനായി വെളിപ്പെടുത്തുന്നതിലേക്കു നയിച്ചപ്പോൾ മറിയത്തിന്റെ കണ്ണീർ നാഥന്റെ ഹൃദയാർദ്രത വെളിപ്പെടുത്താൻ കാരണമായി. ഇവിടെ മാത്രമേ യേശു കണ്ണീർ പൊഴിച്ചു എന്ന് സുവിശേഷങ്ങളിൽ കാണുന്നുള്ളൂ. ദൈവത്തിന്റെ ഹൃദയം അറിയുന്ന ഭക്തിയുടെ മാതൃകയാണ് മറിയം യോഹന്നാന്റെ സുവിശേഷത്തിൽ. എന്നാൽ അതു മാത്രമല്ല.

മുമ്പേ സൂചിപ്പിച്ചതുപോലെ ബഥാനിയായിൽ വച്ചു നടത്തിയ തൈലാഭിഷേകത്തിന്റെ പേരിലാണ് മറിയം ഏറ്റം കൂടുതൽ അറിയപ്പെടുന്നത്. മർക്കോസും (14,3-9) മത്തായിയും (26,6-13) ഇപ്രകാരം ഒരു തൈലാഭിഷേകം വിവരിക്കുന്നുണ്ട്. യോഹന്നാന്റെ വിവരണവുമായി അതിന് ഏറെ സാമ്യമുണ്ട്, അതേസമയം ചില വ്യത്യാസങ്ങളും. മൂന്നു വിവരണങ്ങളിലും ബഥാനിയായിലെ ഒരു വീട്ടിൽ ഭക്ഷണത്തിനിരിക്കുന്ന യേശുവിനെ ഒരു സ്ത്രി പരിമളതൈലംകൊണ്ട് അഭിഷേചിച്ചു. വിലയേറിയ തൈലം ഇങ്ങനെ ഒഴുക്കി പണം നഷ്ടപ്പെടുത്തിയതിൽ ചിലർ പ്രതിഷേധിച്ചു. എന്നാൽ യേശു അവളെ ന്യായീകരിക്കുകയും തന്റെ ശവസംസ്കാരത്തിനൊരുക്കമായി ശരീരം മുൻകൂട്ടി പൂശുകയാണ് അവൾ ചെയ്തത് എന്ന് വ്യാഖ്യാനിക്കുകയും ചെയ്തു.

മൂന്നു വിവരണങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. യോഹനാന്റെ വിവരണത്തിൽ യേശു ആരുടെ വീട്ടിലാണ് ഭക്ഷണത്തിനിരുന്നത് എന്ന് പറയുന്നില്ലെങ്കിലും ലാസറിന്റെയും സഹോദരിമാരുടെതുമായിരുന്നു ആ വീട് എന്ന് ഊഹിക്കാൻ കഴിയും. മത്തായിയും മർക്കോസും “കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടിൽ" എന്ന് എടുത്തുപറയുന്നു. മത്തായി മർക്കോസ് വിവരണങ്ങളിൽ യേശുവിന്റെ തലയിലാണ് സുഗന്ധതൈലം ഒഴിക്കുന്നത്; യോഹന്നാനിലാകട്ടെ യേശുവിന്റെ പാദത്തിലും. അവൾ തലമുടികൊണ്ട് പാദം തുടച്ചു എന്നു യോഹന്നാൻ കൂട്ടിച്ചേർക്കുന്നുമുണ്ട്. ഈ വ്യത്യാസങ്ങൾ സുവിശേഷകൻ പ്രത്യേകമായ ഉദ്ദേശ്യത്തോടുകൂടി വരുത്തിയതാവാം, അതിനാൽ മൂന്നു സുവിശേഷങ്ങളും ഒരേ സംഭവം തന്നെയാണ് വിവരിക്കുന്നത് എന്ന് ഭൂരിഭാഗം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു.

ലൂക്കായുടെ സുവിശേഷത്തിലും ഒരു തൈലാഭിഷേകം രേഖപ്പെടുത്തിയിട്ടുണ്ട് (7,36-50). വിരുന്നിനിരിക്കുന്ന യേശുവിന്റെ പാദത്തിൽ ഒരു സ്ത്രീ തൈലം പൂശുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്തു എന്നതിൽ യോഹന്നാനും ലൂക്കായും തമ്മിൽ സാമ്യമുണ്ട്. യേശുവിനെ വിരുന്നിനു ക്ഷണിച്ച വീട്ടുടമയെ ശിമയോൻ എന്ന് ലൂക്കായും കുഷ്ഠരോഗിയായ ശിമയോൻ എന്ന് മത്തായി-മാർക്കോസും വിശേഷിപ്പിക്കുന്നു. ഈ സാമ്യങ്ങളിൽനിന്ന് നാലുസുവിശേഷകന്മാരും ഒരേ സംഭവം തന്നെയാണ് വിവരിക്കുന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലൂക്കാ വിവരിക്കുന്ന സംഭവം തികച്ചും വ്യത്യസ്തമാണ്. തൈലം പൂശുന്നത് ഒരു പരസ്യപാപിനി; അഭിഷേകം അനുതാപത്തിന്റെ അടയാളം. സ്ഥലം ഗലീലിയിൽ; കാലം പരസ്യജീവിതത്തിന്റെ മധ്യത്തിൽ. അതിനാൽ ബഥാനിയായിലെ തൈലാഭിഷേകമായി ലൂക്കായുടെ വിവരണത്തെ കാണാൻ കഴിയില്ല.

എന്നാലും ഈ വിവരണങ്ങളെല്ലാം ഒരു സംഭവത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് കരുതുന്ന സഭാപാരമ്പര്യമുണ്ട്. അതിന്റെ വെളിച്ചത്തിൽ ബഥാനിയായിലെ മറിയം ഗലീലിയിലെ പരസ്യപാപിനിയായി; ഒരു പടികൂടി കടന്ന് അവൾ മറിയം മഗ്‌ദലേനയുമായി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന തെത്തുല്യൻ (170-220) ബാഥാനിയായിലെ മറിയത്തെ പരസ്യപാപിനിയായി വിശദീകരിച്ചു. എന്നാൽ സമകാലികനായ ഒരിജെൻ (185-254) ഇതു നിഷേധിക്കുകയും രണ്ടു പേരെയും വേറിട്ടു കാണണം എന്നു പഠിപ്പിക്കുകയും ചെയ്തു.

മഹാനായ ഗ്രഗറി ഒന്നാമൻ മാർപ്പാപ്പാ 591 സെപ്തംബർ 21-ാം തിയതി നടത്തിയ ഒരു പ്രസംഗത്തിൽ ഈ മൂന്നു സ്ത്രീകളെയും ഒറ്റ വ്യക്തിയായി അവതരിപ്പിച്ചുകൊണ്ട് അങ്ങനെ ഒരു പാരമ്പര്യത്തിനു തുടക്കം കുറിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മാർത്തായുടെ സഹോദരി മഗ്‌ദലേനാമറിയമായി; അവൾ പരസ്യപാപിനിയുമായി. ഈ പാരമ്പര്യം ലത്തീൻ സഭയിൽ ദീർഘകാലത്തേക്കു നിലനിന്നു. 1969 ലാണ് ലത്തീൻ സഭയിൽ ഈ നിലപാടിന് ഔദ്യോഗികമായ മാറ്റമുണ്ടായത്. അതുവരെ മഗ്‌ദലേനായുടെ തിരുന്നാൾ ദിവസമായ ജൂലായ് 22-ാം തിയതി ലൂക്കാ 7,36-50 ആണ് കുർബ്ബാനയുടെ മധ്യേ വായിച്ചിരുന്നത്. അതിനുശേഷം യോഹ 20,1-18 വായനയ്ക്ക് നിർദ്ദേശിച്ചിരിക്കുന്നു. പൗരസ്ത്യസഭകളിൽ ആരംഭം മുതലേ മൂന്നു സ്ത്രീകളെയും മൂന്നായിത്തന്നെ കരുതി വണങ്ങിപ്പോരുന്നു. ഈ നിലപാടാണ് ഇന്ന് സഭയിൽ പൊതുവേ അംഗീകരിച്ചിട്ടുള്ളത്. അതിനാൽ ബഥാനിയായിലെ മറിയത്തെ പാപിനിയോ മഗ്‌ദലേനായോ ആയി കാണാൻ പാടില്ല.

തൈലാഭിഷേകമാണ് മുഖ്യവിഷയം. എന്താണ് ഈ അഭിഷേകത്തിന്റെ അർത്ഥം? ഇതൊരു ചരിത്രസംഭവമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അഭിഷേകം നടന്നദിവസം, വിധം, വ്യാഖ്യാനം എന്നിവയിൽ വ്യത്യാസങ്ങളുണ്ട്. മത്തായി- മർക്കോസ് വിവരണങ്ങളിൽ പെസഹായ്ക്കു രണ്ടുദിവസം മുമ്പാണ് ബഥാനിയായിലെ തൈലാഭിഷേകം. ഒരു സ്ത്രീ യേശുവിന്റെ തലയിൽ തൈലം ഒഴിച്ചു. അതിനു തൊട്ടു പിന്നാലെ വരുന്നത് അന്ത്യ അത്താഴത്തിന്റെയും പീഡാനുഭവത്തിന്റെയും വിവരണമാണ്. ഈ വിവരണമാണ് ചരിത്ര വസ്തുതകളോട് കൂടുതൽ വിശ്വസ്തത പുലർത്തുന്നത് എന്ന് വ്യാഖ്യാതാക്കൾ കരുതുന്നു.

സംസ്കാരത്തിനുമുമ്പ് വിധിപ്രകാരം മൃതശരീരം പൂശാൻ ശിഷ്യർക്കു സാധിച്ചില്ല എന്നു സമാന്തര സുവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ വെളിച്ചത്തിൽ ഈ തൈലം പൂശൽ കൂടുതൽ അർത്ഥവത്താകുന്നു. തന്റെ സംസ്ക്കാരത്തിനുവേണ്ടി മുൻകൂട്ടി ചെയ്തതായി യേശു ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. ഏതോ അജ്ഞാതമായ ഒരു ശക്തിയാൽ പ്രേരിതയായി, യുക്തിക്കു കണ്ടെത്താൻ കഴിയാത്ത ഹൃദയത്തിന്റെ ഒരു ഉൾക്കാഴ്ച മൂലം, മറിയം ചെയ്ത പ്രവൃത്തിയായി ഇതിനെ കാണാനാവും. ഹൃദയത്തിന്റെ പ്രേരണകൾക്കു വഴങ്ങുന്ന ഭക്തയാണ് മറിയം.

യോഹന്നാന്റെ വിവരണത്തിൽ പെസഹായ്ക്ക് ആറുദിവസം മുമ്പാണ് തൈലാഭിഷേകം. അതിനു തൊട്ടുപിന്നാലെ വരുന്നത് ജറുസലെമിലേക്കുള്ള രാജകീയ പ്രവേശനമാണ്. അതിനാൽ ന്യായമായും ഒരു ചോദ്യം ഉയരുന്നു: രാജാവായി നഗരത്തിൽ പ്രവേശിക്കുന്നതിന് മറിയം യേശുവിനെ ഒരുക്കുകയായിരുന്നോ? അഥവാ മറിയം നടത്തിയത് യഥാർത്ഥത്തിൽ യേശുവിന്റെ രാജാഭിഷേകമായിരുന്നോ? തന്റെ ശവസംസ്കാരദിനത്തിനായി അവൾ ഇതു ചെയ്തുവെന്ന് യേശു വിശദീകരിക്കുന്നുണ്ടെങ്കിലും ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. തന്നെയുമല്ല, രാജാഭിഷേകവും മരണവും സംസ്കാരവുമെല്ലാം ഒരേ പ്രക്രിയയുടെ ഭാഗങ്ങളായി കാണാനും കഴിയും.

യേശുവിന്റെ ശിരസിൽ തൈലം പൂശിയെന്ന് മറ്റു സുവിശേഷകർ രേഖപ്പെടുത്തുമ്പോൾ യേശുവിന്റെ പാദങ്ങളിൽ പൂശി എന്നാണ് യോഹന്നാൻ പറയുന്നത്. തലമുടികൊണ്ട് തുടച്ചതായും തുടർന്നു വിവരിക്കുന്നു. എന്താണ് ഈ വ്യത്യാസത്തിന്റെ അർത്ഥം? സാധാരണഗതിയിൽ അതിഥിയുടെ പാദം കഴുകി തുടയ്ക്കുന്നത് വീട്ടിലെ അടിമയും തലയിൽ തൈലം പൂശുന്നത് ഉടമയുമാണ്. കാലിൽ തൈലം പൂശാറില്ല. ഇവിടെ മറിയം വീട്ടിലെ അടിമയല്ല; അംഗമാണ്. അവൾ ദാസ്യവേല ചെയ്യുന്നു എന്നതാണ് ഏറ്റം സ്പഷ്ടമായ വിശദീകരണം. എന്നാൽ അതു മാത്രമല്ല.

ശിരസിൽ പൂശേണ്ട തൈലം എന്തേ പാദങ്ങളിൽ പൂശുന്നു? സ്വന്തം ഭർത്താവിന്റെ മുമ്പിലല്ലാതെ യഹൂദ സ്ത്രീകൾ തലമുണ്ട് മാറ്റുന്നതും മൂടി പുറത്തുകാട്ടുന്നതും പതിവില്ല. എന്നു മാത്രമല്ല, അത് അപഹാസ്യമായി കരുതപ്പെടുകയും ചെയ്തിരുന്നു. വിരുന്നിനിരിക്കുന്ന യേശുവിന്റെ പാദത്തിൽ തൈലം പൂശി മുടികൊണ്ടു തുടച്ചത് എല്ലാ ചട്ടങ്ങളുടെയും മാമൂലുകളുടെയും ലംഘനമാണ്. ഒരുപക്ഷേ, ലൂക്കായുടെ വിവരണത്തിന്റെ സ്വാധീനം ഇവിടെ ദൃശ്യമായിരിക്കാം. എന്നാലും ഈ പ്രവൃത്തി യോഹന്നാൻ രേഖപ്പെടുത്തുന്നതിന് വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കും.

സുഗന്ധതൈലം യേശുവിന്റെ പാദങ്ങളിൽ പൂശി എന്ന് 12,3ൽ രേഖപ്പെടുത്തുന്ന യോഹന്നാൻ 11,2 ൽ “കർത്താവിനെ അഭിഷേകം ചെയ്തു" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ രണ്ടു കാര്യങ്ങൾ ശ്രദ്ധയർഹിക്കുന്നു. 1. യഹൂദരുടെ ഇടയിൽ വിരുന്നുകാരുടെ ശിരസിൽ തൈലം പൂശും, സ്വാഗതസൂചകമായി. മൃതശരീരത്തിന്റെയാണ് പാദങ്ങൾ പൂശുക. അത് ശരീരം മുഴുവൻ പൂശുന്നതിന്റെ പ്രതീകമാണ്. അതിനാൽ മറിയം ചെയ്തത് അവൾ അറിയാതെ ഒരു പ്രവചനമോ പ്രതീകമോ ആയിത്തീരുന്നു. ഇതാണ് യേശു നല്‌കുന്ന വ്യാഖ്യാനം. ഈ വ്യാഖ്യാനത്തിൽ മൂന്നു സുവിശേഷകരും യോജിക്കുന്നു. എന്നാൽ ഈ അഭിഷേകത്തിന് കൂടുതൽ ആഴമേറിയ മറ്റൊരു ധ്വനിയുണ്ട്.

ബഥാനിയായിലെ തൈലാഭിഷേകം യേശുവിന്റെ രാജകീയ പ്രവേശനത്തിനുള്ള ഒരുക്കമാണ്. രാജാവിനെ അഭിഷിക്തൻ എന്നാണ് ബൈബിൾ വിശേഷിപ്പിക്കുക - കർത്താവിന്റെ അഭിഷിക്തൻ. സാധാരണ രാജാവിനെ അഭിഷേകം ചെയ്യുന്നത് പുരോഹിതനാണ്, അല്ലെങ്കിൽ പ്രവാചകൻ. ഇവിടെ യേശുവിനെ അഭിഷേകം ചെയ്യുന്നത് ബഥാനിയായിലെ മറിയമാണ്. അപ്പോൾ എന്താണ് അവളുടെ സ്ഥാനം? കർത്താവിന്റെ അഭിഷിക്തനായ മിശിഹാ രാജാവിനെ അഭിഷേകം ചെയ്ത ഭക്ത! അവൾ അഭിഷേകം ചെയ്തതു ശിരസല്ല, പാദങ്ങളത്രെ! എല്ലാം തകിടം മറിയുകയോ?

മൂല്യങ്ങളും പാരമ്പര്യങ്ങളും എല്ലാം കീഴ്മേൽ മറിക്കുന്ന ഒരു പ്രവൃത്തിയായി ഇതിനെ കാണാനാവുമോ? യേശുവിന്റെ മൃതശരീരം നൂറുറാത്തൽ സുഗന്ധദ്രവ്യം പൂശി മുറപോലെ സംസ്കരിച്ചു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാൻ ബഥാനിയായിലെ തൈലാഭിഷേകം രേഖപ്പെടുത്തുന്നതിൽനിന്ന് ഇങ്ങനെയൊരു വ്യാഖ്യാനത്തിനു സാധ്യത ഏറുന്നു. യേശുവിന്റെ രാജാഭിഷേകം മരണത്തിലൂടെയാണ് പൂർത്തിയാവുക. ഐഹികമല്ലാത്ത ഒരു രാജ്യത്തിന്റെ രാജാവിന് സിംഹാസനം - കുരിശ്; കിരീടം - മുൾക്കിരീടം; അണിയാൻ സ്വന്തം രക്തത്തിൽ കുതിർത്ത രക്താംബരം. അഭിഷേകം ശിരസിലല്ല, പാദത്തിൽ. അതു നടത്തുന്നത് പുരോഹിതനും പ്രവാചകനുമല്ല, ബഥാനിയായിലെ ഭക്ത. എല്ലാറ്റിന്റെയും അർത്ഥവും ധ്വനികളും മാറുന്നു. ഈ പശ്ചാത്തലത്തിൽ പാദാഭിഷേകം ഏറ്റം അർത്ഥവത്തായിത്തീരുന്നു.

പ്രവചനപരമായ ഒരു പ്രവൃത്തിയാണ് മറിയം ചെയ്തത്. അതിന്റെ സുഗന്ധം വീട്ടിൽ നിറഞ്ഞു. പരിമള ദ്രവ്യത്തിന്റെ സുഗന്ധം മാത്രമാവില്ല ഇവിടെ വിവക്ഷ. സുവിശേഷം പ്രഘോഷിക്കപ്പെടുന്നിടത്തെല്ലാം ഈ പ്രവൃത്തിയും പ്രസ്താവിക്കപ്പെടും (മർക്കോ 14,9) എന്ന ഗുരുമൊഴി ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിരുകളില്ലാത്ത സ്നേഹത്തിന്റെ, തീവ്രമായ ഗുരുഭക്തിയുടെ, തനിക്കായി ഒന്നും മാറ്റിവയ്ക്കാത്ത സമ്പൂർണ്ണ സമർപ്പണത്തിന്റെ, മറ്റുള്ളവർ എന്തുചിന്തിക്കും, തനിക്കെന്തു സംഭവിക്കും എന്നൊന്നും ആലോചിക്കാത്ത സാഹസത്തിന്റെ മാതൃകയാണ് ബഥാനിയായിലെ മറിയം. ഗുരുപാദത്തിൽ ഇരുന്നു വചനം ശ്രവിച്ച അവൾ, യേശുവിനെ നെടുവീർപ്പിലേക്കു നയിച്ച, കണ്ണീരിലാഴ്ത്തിയ അവൾ, ശിഷ്യത്വത്തിന്റെ ഉച്ചകോടിയിലെത്തി, തന്റെ ജീവിതത്തിന്റെ പ്രതീകമായ പരിമളദ്രവ്യപ്പാത്രം ഗുരുപാദത്തിൽ കമിഴ്ത്തുമ്പോൾ, പാദത്തിൽ പ്രണമിച്ച് മുടിയിഴയാൽ ഗുരുപാദം തുടച്ചവൾ അഭിഷിക്തനെ അഭിഷേകം ചെയ്ത ഭക്തയാണ്.

മരണത്തിലൂടെ പൂർത്തിയാകുന്ന രാജത്വത്തിലേക്ക് പ്രവേശിക്കാൻ യേശുവിനെ ഒരുക്കിയതു ബഥാനിയായിലെ മറിയമാണ്; മഹത്വത്തിലേക്കു നയിക്കുന്ന കുരിശിന്റെ വഴിയിൽ പ്രവേശിക്കാൻ കാനായിൽവച്ച് മറ്റൊരു മറിയം ഒരുക്കിയതുപോലെ. യേശുവിന്റെ നിർണ്ണായകമായ ജീവിതമുഹൂർത്തങ്ങളിലെല്ലാം സ്ത്രീകളുണ്ട്: അമ്മയായി, ഭക്തയായി, സ്നേഹിതയായി. മറിയം തന്റെ സർവ്വസ്വവും ഗുരുപാദത്തിൽ കമിഴ്ത്തിയപ്പോൾ നഷ്ടപ്പെട്ട തൈലത്തിന്റെ വില കണക്കു കൂട്ടുകയായിരുന്നു ശിഷ്യർ എന്നത് എന്തൊരു വിരോധാഭാസം! അവരുടെ വിമർശനത്തിൽനിന്നും ശത്രുതയിൽ നിന്നും അവളെ രക്ഷിക്കാൻ ഗുരുതന്നെ ഇടപെടേണ്ടിവന്നു! ഇന്നും ഇതു തന്നെയോ സംഭവിക്കുന്നത്?

അഭിഷിക്തനെ അഭിഷേചിച്ച ഭക്ത- ബഥാനിയായിലെ മറിയം Dr. Michael Karimattam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message