We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 05-Feb-2021
പണ്ടൊരു യഹൂദനും പ്രൊട്ടസ്റ്റന്‍റുകാരനും കത്തോലിക്കനും തമ്മില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് പറയപ്പെടുന്നൊരു ഹാസ്യകഥയുണ്ട്: യഹൂദന്‍ പറഞ്ഞു സിനഗോഗില്‍ കിട്ടുന്ന സ്തോത്രകാഴ്ചയില്‍ ദൈവത്തിനും എനിക്കും അര്‍ഹതപ്പെട്ടതു വേര്‍തിരിക്കാന്‍ ഒരു പതിവുണ്ടത്രേ. നിലത്ത് ഒരു വട്ടം വരച്ച് സ്തോത്രകാഴ്ചയായി കിട്ടിയ തുക മുകളിലേക്കെറിയും. വട്ടത്തിനുള്ളില്‍ വീഴുന്നതു ദൈവത്തിനും പുറത്തുവീഴുന്നത് തനിക്കും അര്‍ഹതപ്പെട്ടതാണെന്നും കരുതി പങ്കിടും. പ്രൊട്ടസ്റ്റന്‍റു നേതാവ് പറഞ്ഞു. ഞങ്ങളുടെയിടയിലെ പങ്കിടല്‍ പാരമ്പര്യവും ഇതുതന്നെ. പക്ഷേ ഞങ്ങള്‍ എടുക്കുന്നത് വട്ടത്തിനുള്ളില്‍ വീഴുന്നതാണ്. വട്ടത്തിനു പുറമേ വീഴുന്നത് ദൈവത്തിനുള്ള ഓഹരിയായി കരുതും. ഇരുവരുടെയും രീതികള്‍കേട്ട കത്തോലിക്കന്‍ പറഞ്ഞു. ഞങ്ങളുടെ പങ്കിടല്‍ പാരമ്പര്യവും വട്ടം വരച്ചിട്ടാണ്. പക്ഷേ, ഒരു വ്യത്യാസം മാത്രമേയുള്ളൂ: പണം മുകളിലേക്കെറിഞ്ഞാല്‍ താഴെ വീഴുന്നതത്രെയും ഞങ്ങള്‍ എടുക്കും. ദൈവത്തിന് ആവശ്യമുള്ളത് അവിടുന്ന് മുകളിലേക്ക് പിടിച്ചെടുക്കും. മതവും ആത്മീയതയും ഇടറിവീഴുന്ന സുപ്രധാന പ്രലോഭനം ദ്രവ്യാഗ്രഹമാണ്. എല്ലാ പാപത്തിന്‍റെയും അടിസ്ഥാനം ദ്രവ്യാഗ്രഹമാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സമ്പത്തില്‍ തട്ടിവീണു തകര്‍ന്നുപോയ ഒരുപാടു ജീവിതങ്ങളുടെ കഥ ബൈബിളിലുണ്ട്. ലോത്തിന്‍റെ ഭാര്യ, മിരിയാം, ലാബാന്‍, ആഖാന്‍, യൂദാസ്, അനനിയാസ്, സിപ്പോറ... അവരുടെ പട്ടിക അനന്തമായി നീളുന്നു. അഭിനവ ആത്മീയരില്‍ പലരും ഭക്തിയെ കച്ചവടച്ചരക്കാക്കുന്നു. പല സ്വാമിമാരും ആള്‍ദൈവങ്ങളും സഹസ്രകോടികളുടെ അധിപതിയാണ്. സായിബാബായുടെ മരണശേഷം സമ്പത്തിനെക്കുറിച്ചു നടന്ന കലഹങ്ങള്‍ ഓര്‍മ്മിച്ചാല്‍ മനസ്സിലാകും ആത്മീയതയോളം ആദായ മാര്‍ഗ്ഗമായി മറ്റൊന്നുമില്ലെന്ന്. ഇന്നത്തെ സുവിശേഷം സമ്പത്തും ശിഷ്യത്വവും തമ്മിലുള്ള വൈരുധ്യത്തെയാണ് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സ്വത്തുതര്‍ക്കവും (12:13-15), സമ്പത്തിന്‍റെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന ഉപമയും (12:16-22), ദൈവപരിപാലനയില്‍ ആശ്രയിക്കാനുള്ള വിളിയും (12:22-36) പരസ്പര ബന്ധിതമായ ആശയങ്ങളാണ് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
മൂന്നുതരം വിഡ്ഢികള്‍
ബൈബിള്‍ മൂന്നുതരം വിഡ്ഢികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (1) മുകളില്‍ ഒരു ദൈവമില്ലെന്ന് ഹൃദയത്തില്‍ പറയുന്നവന്‍ മൂഢനാണ് (സങ്കീ 14:1). ദൈവനിഷേധവും നിരീശ്വരവാദവുമാണ് ഇവിടെ മൗഢ്യങ്ങളായി വിവക്ഷിക്കപ്പെടുന്നത്. (2) ദൈവം തന്ന സമ്പത്ത് തനിക്കുവേണ്ടിയാണെന്നും തന്‍റെ സുഖാസ്വാദനങ്ങള്‍ക്കപ്പുറം സമ്പത്തിന് യാതൊരു ലക്ഷ്യവുമില്ലെന്ന് കരുതുന്നവരെയും ക്രിസ്തു ഭോഷന്‍ എന്നു വിളിക്കുന്നുണ്ട് (ലൂക്കാ 12:16-22). സമ്പത്ത് ദൈവാനുഗ്രഹവും ദൈവദാനവുമാണെന്ന് പഴയനിയമം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ദൈവത്തെയും സഹോദരങ്ങളെയും മറന്ന് സമ്പത്തില്‍ അഭിരമിക്കുന്നവര്‍ ഭോഷന്മാരാണ്. (3) ദൈവവചനം കേട്ടിട്ട് അതു വിശ്വസിക്കാത്തവരെയും ക്രിസ്തു ഭോഷന്മാര്‍ എന്നാണു വിളിച്ചത് (ലൂക്കാ 24:25). ഈ മൂന്നു വിഡ്ഢിത്തങ്ങളും തമ്മില്‍ പരസ്പര ബന്ധമുണ്ട്. ദൈവനിഷേധം സഹോദര നിഷേധത്തിലേക്കും വചനനിഷേധത്തിലേക്കും വഴുതി വീഴാനുള്ള സാധ്യത സ്വാഭാവികമായതിനാല്‍ ഇവയുടെ പാരസ്പര്യം ആനുഷംഗികമല്ലെന്ന് സുവിശേഷകന്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ഭാഗം വയ്ക്കാത്ത സമ്പത്ത്
പിതൃസ്വത്ത് പങ്ക് വയ്ക്കാന്‍ മടിക്കാണിക്കുന്ന സഹോദരനെക്കുറിച്ചുള്ള പരാതിയാണ് വചനഭാഗത്തിന് പശ്ചാത്തലമൊരുക്കുന്നത്. പിതൃസ്വത്തില്‍ മൂന്നില്‍ രണ്ട് ഭാഗം മൂത്തവനും ശേഷിക്കുന്നത് ഇളയ ആണ്‍മക്കള്‍ക്കും എന്നതാണ് യഹൂദരീതി (നിയ 21:17). ആണ്‍മക്കളില്ലാത്ത പിതാവിന്‍റെ സ്വത്ത് സ്വന്തം ഗോത്രത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന പെണ്‍മക്കള്‍ക്ക് തുല്യമായി വീതിച്ചിരുന്നു (സംഖ്യ 27:1-11). പിതാവിന്‍റെ അകാലമരണം മൂലം സ്വത്ത് മുഴുവന്‍ മൂത്തപുത്രന്‍റെ കൈവശം എത്തിച്ചേരുകയും അത് പങ്ക് വയ്ക്കാന്‍ അയാള്‍ അമാന്തം വരുത്തുകയും ചെയ്തതിനാലാവാം ഇളയസഹോദരന്‍ യേശുവിന്‍റെ സഹായം തേടിയത്. സമാനസന്ദര്‍ഭങ്ങളില്‍ മോശ ഇടപെട്ട് പ്രശ്നപരിഹാരം നടത്തിയിരുന്നതായി കാണാം (പുറ 2:14; സംഖ്യ 27:1-11). യേശു, പക്ഷേ, അവന്‍റെ അഭ്യര്‍ത്ഥന നിരസ്സിക്കുകയാണ് ഉണ്ടായത്. സാമൂഹിക നീതിയുടെ അത്യാഗ്രഹതത്വങ്ങള്‍ക്ക്വേണ്ടി നിലകൊള്ളാതെ ദൈവനീതിയുടെ സംതൃപ്തിയ്ക്കായി നിലകൊള്ളാന്‍ യേശു അവനെ ക്ഷണിച്ചു. ലോകം മുഴുവന്‍ നേടുന്നതിലും വലുത് ആത്മാവിനെ നേടുന്നതാണെന്നും (9:25) യഥാര്‍ത്ഥ അനുഗ്രഹം ദൈവവചനം കേട്ട് ജീവിക്കുന്നതാണെന്നുമുള്ള (8:21; 11:28) പ്രബോധനങ്ങളുടെ ചുവടുപിടിച്ചാണ് ഈ വചനവും മനസ്സിലാക്കേണ്ടത്.
നമ്മുടെ എത്രയോ കുടുംബങ്ങളില്‍ യഥാസമയം സ്വത്തു ഭാഗം ചെയ്യാത്തതിന്‍റെ പേരിലും അന്യായമായി സ്വത്തു ഭാഗംചെയ്തതിന്‍റെ പേരിലും കലഹങ്ങളും ഭിന്നതകളും നിലനില്‍ക്കുന്നു. പിതൃസ്വത്തിന്‍റെ നീതിപൂര്‍ണ്ണമായ ഭാഗംവയ്ക്കല്‍ നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മാതാപിതാക്കളുടെയോ മക്കളുടെയോ ദ്രവ്യാഗ്രഹം മൂലം ഇനിയും കുടുംബങ്ങള്‍ തകരാതിരിക്കാന്‍ ക്രിസ്തുദര്‍ശനം നാം ഉള്‍ക്കൊള്ളണം.
പ്രായോഗിക നിരീശ്വരവാദിയായ ധനികന്‍
ലൂക്കായുടെ സുവിശേഷത്തിലെ ഏറ്റവും മനോഹരമായ ഉപമകളിലൊന്നാണ് ഭോഷനായ ധനികന്‍റേത്. സങ്കീ 49:5-6; പ്രഭാ 11:14-19; 31:5-11 എന്നീ വചനഭാഗങ്ങളില്‍ സമ്പത്തിനെതിരേ പഴയനിയമം നടത്തുന്ന കഠിന വിമര്‍ശനത്തിന്‍റെ ചുവടുപിടിച്ചാണ് ഈ ഉപമ ലൂക്കാ രചിക്കുന്നത്.
സമ്പത്തിനെ ദൈവാനുഗ്രഹമായി കരുതിയിരുന്ന യഹൂദരിലൊരുവനെ കേന്ദ്രകഥാപാത്രമാക്കിയാണ് യേശു ഭോഷനായ ധനികന്‍റെ കഥപറയുന്നത്. സമ്പത്തുകാലത്ത് കളപ്പുരപണിത് ധാന്യം ശേഖരിച്ച പൂര്‍വ്വപിതാവായ ജോസഫിന്‍റെ പ്രവൃത്തിയുടെ (ഉല്‍പ 41:35-36) അനുരണനങ്ങള്‍ വരികള്‍ക്കിടയില്‍ വായിക്കാനാവും. പക്ഷേ ജോസഫിനെപ്പോലെ കളപ്പുരകളുടെ സമൃദ്ധി സഹോദരനുമായി പങ്ക് വയ്ക്കപ്പെടേണ്ടതാണ് എന്ന തിരിച്ചറിവ് ഈ ധനികനില്ലാതെ പോയി. അവന്‍റെ ആത്മഗതങ്ങളെ വിലയിരുത്തുന്നതിലൂടെ മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍പോലും ദൈവം അറിയുന്നു എന്ന സത്യം വെളിപ്പെടുത്തുന്നു (ലൂക്കാ 1:51; 2:35; 3:15; 5:22; 9:47; 16:15).
ദൈവപരിപാലന
എന്തുകൊണ്ടാണ് മനുഷ്യനില്‍ ദ്രവ്യാഗ്രഹം ശക്തിപ്പെടുന്നത് എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരമാണ് 22 മുതല്‍ 34 വരെ വാക്യങ്ങളില്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നത്. തന്‍റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ആയുസ്സ്, ഭാവിയുടെ സുരക്ഷിതത്വം എന്നിവയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ് അവനെ സ്വാര്‍ത്ഥനും ദ്രവ്യാഗ്രഹിയുമാക്കി മാറ്റുന്നത്. ഈ യാഥാര്‍ത്ഥ്യത്തിന് ക്രിസ്തു നല്‍കുന്ന ഉത്തരം മൂന്നുതലങ്ങളിലാണ്.
1) ഭക്ഷണം, വസ്ത്രം എന്നിവയേക്കാള്‍ പ്രധാനം ജീവനാണ്. ജീവന്‍ പാലിക്കുന്നത് ദൈവമായതിനാല്‍ മറ്റുള്ളതും അവിടുന്നു പാലിക്കും (വാ. 23).
2) പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും ദൈവം പരിപാലിക്കുന്നുണ്ട്. അതിനാല്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യനെയും അവിടുന്നു പരിപാലിക്കും (വാ. 24-25).
3) ആകുലപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല ദോഷം മാത്രമേയുള്ളൂ (വാ. 26).
ഈ മൂന്നു നിരീക്ഷണങ്ങളെ ആധാരമാക്കിയാണ് ദൈവപരിപാലന എന്ന വിശ്വാസസത്യത്തെ ലൂക്കാ അവതരിപ്പിക്കുന്നത്. ദൈവരാജ്യത്തിനും നീതിക്കും പ്രഥമപരിഗണന നല്‍കിയുള്ള ജീവിത ശൈലിയെയാണ് ലൂക്കാ ദൈവപരിപാലനയുടെ ജീവിതം എന്നു വിശേഷിപ്പിക്കുന്നത്.
സമ്പത്തില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കുന്നതിലൂടെ മാത്രമേ ഉത്കണ്ഠാരഹിതമായ ജീവിതം സാധ്യമാകൂ എന്നതിന്‍റെ സാക്ഷ്യമാണ് സൃഷ്ടപ്രപഞ്ചം എന്ന് യേശു സാക്ഷ്യപ്പെടുത്തുന്നു. വിതയ്ക്കാതെ, കൊയ്യാതെ വിശപ്പടക്കുന്ന കാക്കകളും നൂല്‍നൂല്‍ക്കാതെ വസ്ത്രം നെയ്യാതെ അലംകൃതമാകുന്ന ലില്ലിപ്പൂക്കളും ദൈവപരിലാളനയുടെ ജീവസ്സുറ്റ സാക്ഷ്യങ്ങളാണ്. ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിന് ജീവിതത്തില്‍ പ്രഥമസ്ഥാനം നല്‍കുന്നവന് ബാക്കിയെല്ലാം ദൈവം നല്‍കും.
ഭൗതികതയില്‍ ആശ്രയിക്കുന്നതിന്‍റെ അനന്തരഫലമാണ് ഉത്കണ്ഠ. ദൈവത്തിലുള്ള ആശ്രയം (വിശ്വാസം) ഉത്കണ്ഠയെ ഇല്ലാതാക്കുന്നു.
വിശ്വാസത്തിന്‍റെയും ദൈവാനുഭവത്തിന്‍റെയും ആഴം അളക്കാനുള്ള മാനദണ്ഡമാണ് ഉത്കണ്ഠ. രണ്ടും വിപരീതാനുപാതത്തിലാണ്. വിശ്വാസം കൂടുന്നിടത്ത് ഉത്കണ്ഠ ഉരുകിയില്ലാതാവുന്നു. വിശ്വാസം കുറയുമ്പോള്‍ ഉത്കണ്ഠ പെരുകുന്നു. ചിതലരിക്കാത്തതും തുരുമ്പിക്കാത്തതുമായ ഒരേഒരു നിക്ഷേപമേയുള്ളൂ: ദൈവം. ആ ദൈവത്തെ നേടാന്‍ സമ്പത്ത് വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്യണം.
Luke's Gospel Practical Atheists (Luke 12: 16-34) gospel of luke luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206