We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
ബൈബിളിനെ അതിന്‍റെ സര്‍വ്വസമ്പന്നതയോടും കൂടെ വ്യക്തമാക്കാന്‍ ഒരു ശാസ്ത്രീയരീതിയും ഒറ്റയ്ക്കു പര്യാപ്തമല്ല. ചരിത്രവിമര്‍ശനരീതി അനുപേക്ഷണീയവും പ്രധാനപ്പെട്ടതുമാണെങ്കിലും ബൈബിള്‍ പഠനത്തില്‍ അതുമാത്രം പോരാ എന്നു ചുരുക്കം. പഠനവിധേയമാകുന്ന ഗ്രന്ഥത്തിന്‍റെ എല്ലാ സവിശേഷതകളെയും ഉള്‍കൊളളാന്‍ ചരിത്രവിമര്‍ശനരീതി മാത്രം പോരാ. ശ്രദ്ധിക്കപ്പെടേണ്ട വശങ്ങളെ ഉള്‍ക്കൊള്ളിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ പോരുന്ന മറ്റു മാര്‍ഗ്ഗങ്ങള്‍ രൂപപ്പെട്ടതിങ്ങനെയാണ്. ഇത്തരം നൂതന രീതികളെ വിശദീകരിക്കാം.
പ്രഭാഷണകല ഒരു പുതിയ കാര്യമല്ല. ബൈബിള്‍ വ്യാഖ്യാനത്തിന് ഇത് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് പുതുമ. അങ്ങനെ ഒരു പുതിയ പ്രഭാഷണ വിശകലനരീതിതന്നെ രൂപപ്പെട്ടു. മറ്റൊരാളില്‍ എന്തിനെങ്കിലുമുളള പ്രേരണ ചെലുത്താനുദ്ദേശിച്ചു നടത്തുന്ന സംഭാഷണമാണ് പ്രഭാഷണമെന്ന് സാമാന്യമായി പറയാം. തന്ത്രപൂര്‍വ്വം പ്രത്യേക സങ്കേതങ്ങളുപയോഗിച്ച് നിര്‍വ്വഹിക്കുമ്പോള്‍ അത് പ്രഭാഷണകലയാകുന്നു. വി. ഗ്രന്ഥം മുഴുവന്‍ ഒരളവുവരെ പ്രേരണ ചെലുത്താനുദ്ദേശിച്ചുളളതാണ്. അതിനാല്‍, പ്രഭാഷണകലയെക്കുറിച്ചുളള അറിവ് വ്യാഖ്യാതാവിന് ആവശ്യമാണ്. എന്നാല്‍ വെറും അറിവ് പോരാ, അത് വിമര്‍ശനാത്മകമായിരിക്കണം; ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം. ഇന്ന് ബൈബിള്‍ പഠന യത്നത്തിന്‍റെ ഒരു വലിയഭാഗവും ബൈബിളിലെ പ്രഭാഷണാംശങ്ങളെ കണ്ടെത്താനുളള ശ്രമമാണ്. രണ്ടുതരത്തില്‍ ഈ ശ്രമം നടത്താം. പുരാതന ഗ്രീക്ക് - റോമന്‍ പ്രഭാഷണ ശൈലിയെയും തത്വങ്ങളെയും അടിസ്ഥാനപ്പെടുത്താം. അല്ലെങ്കില്‍ യഹൂദസംസ്ക്കാരത്തിലെ പ്രഭാഷണതത്വങ്ങളെ ആധാരമാക്കാം.
ഏതൊരു പ്രസംഗത്തിനും മൂന്നു ഘടകങ്ങളുണ്ട്. പ്രസംഗകന്‍, പ്രസംഗം, ശ്രോതാക്കള്‍. പുരാതനകാലത്ത് പ്രഭാഷണകലയുടെ മികവ് അളന്നിരുന്നത് പ്രസംഗകന്‍റെ ആധികാരികത, പ്രസംഗത്തിന്‍റെ മൂര്‍ച്ച, തത്ഫലമായി ശ്രോതാക്കളിലുണരുന്ന വികാരത്തിന്‍റെ തീവ്രത എന്നിവ കണക്കാക്കിയായിരുന്നു. ശ്രോതാക്കളുടെ തരത്തിനും സാഹചര്യത്തിനുമൊത്ത് പ്രസംഗ ശൈലിക്കും തരംതിരിവുണ്ട്. ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ കാലത്ത് പൊതുപ്രഭാഷണത്തെ മൂന്നായി തിരിച്ചിരുന്നു. കോടതികളില്‍ വാദപ്രതിവാദങ്ങള്‍ക്കുപയോഗിക്കുന്ന നൈയാമിക പ്രഭാഷണരീതിയാണ് ഒന്ന്. രാഷ്ട്രീയ വേദികളില്‍ പ്രയോഗിക്കുന്ന പ്രേരണാപ്രഭാഷണം മറ്റൊന്ന്. ആഘോഷാസരങ്ങളില്‍ ഉപയോഗിക്കുന്ന വിശകലനപ്രഭാഷണമാണ് മൂന്നാമത്തേത്. യവനസംസ്ക്കാരത്തില്‍ പ്രഭാഷണകലയ്ക്കുണ്ടായിരുന്ന ഈ സ്വാധീനം ബൈബിള്‍ വ്യാഖ്യാനത്തെ സ്വാധീനിച്ചു. എങ്ങനെയെന്നാല്‍, അതേ യവനസംസ്ക്കാരത്തില്‍ രൂപം കൊണ്ടിരിക്കുന്ന പുതിയനിയമത്തില്‍ പ്രഭാഷണകലയുടെ സ്വാധീനം പണ്ഡിതന്മാര്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
യഹൂദപ്രഭാഷണകല തെല്ലു വ്യത്യസ്തമാണ്. ഹീബ്രു ഉള്‍പ്പെടുന്ന സെമിറ്റിക് ഭാഷകളുടെ സ്വഭാവം ഒന്നു പ്രത്യേകമാണ്. സമരൂപഘടനയിലാണ് ഇത്തരം ഭാഷാശൈലിയുടെ മനോഹാരിത കിടക്കുന്നത്. സെമിറ്റിക് ഭാഷകളില്‍ വിവിധതരം ആവര്‍ത്തനങ്ങള്‍ പ്രധാനമാണ്. ഉദാഹരണമായി, സങ്കീര്‍ത്തനങ്ങളില്‍ ഒരു വാക്യം തൊട്ടുമുമ്പുള്ള വാക്യത്തിന്‍റെ അര്‍ത്ഥം ആവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഘടനകള്‍ മനസിലാക്കുന്നതും വി. ഗ്രന്ഥത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ ഏറെ സഹായകമാണ്.
ഇനി ആധുനിക പ്രഭാഷണകലയെ പരിഗണിക്കാം. അത് ഭാഷാലങ്കാരങ്ങളെയോ സംഭാഷണരീതികളെയോ മാത്രം ചുറ്റിപ്പറ്റി ഒതുങ്ങുന്നില്ല. ആശയവിനിമയത്തെ വിജയപ്രദവും ഫലപ്രദവുമാക്കുന്നതില്‍ ഒരു വാക്കിന്‍റെ സവിശേഷമായ ഒരു പ്രയോഗം എങ്ങനെ സഹായിച്ചിരിക്കുന്നു എന്നുകൂടി പരിശോധിക്കുന്നുണ്ട് ആധുനികപ്രഭാഷണകല. അതായത്, ഘടനാപരമായ പഠനത്തില്‍ മാത്രം ഒതുങ്ങുന്നില്ല; ചര്‍ച്ചയോ അതോ സംവാദമോ? തുടങ്ങിയ സാഹചര്യങ്ങളെക്കൂടി കണക്കിലെടുക്കുന്നു. രചനയും ശൈലിയും മറ്റും ശ്രോതാക്കളെ കീഴടക്കുന്നതിനു തയ്യാര്‍ ചെയ്ത ആയുധങ്ങളുടെ തലത്തിലാണ് ആധുനികപ്രഭാഷണകലയില്‍ വീക്ഷിക്കപ്പെടുന്നത്. ഈ കാഴ്ചപ്പാടിനെ ദീപ്തമാക്കാന്‍ ഭാഷാശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി മറ്റു വിജ്ഞാനവിളക്കുകളെ ആശ്രയിക്കുന്നു.
ആധുനികപ്രഭാഷണരീതി ബൈബിള്‍ പഠനത്തില്‍ ഉപയോഗപ്പെടുത്തുന്നതെങ്ങനെ? വി.ഗ്രന്ഥത്തിലെ ഓരോ പുസ്തകവും ഒരു പ്രത്യേക ഗ്രന്ഥകാരന്‍ നടത്തിയ, അല്ലെങ്കില്‍ നടത്താനാഗ്രഹിച്ചു തയ്യാറാക്കിയ പ്രഭാഷണത്തിന്‍റെ ലിഖിതരൂപമായി കണക്കാക്കാവുന്നതാണ്. പ്രേരണാത്മകമായ മതപ്രഭാഷണം തന്നെയാണ് ബൈബിള്‍. ഇത്തരത്തില്‍ വി.ഗ്രന്ഥം കേള്‍വിക്കാരിലും സമൂഹത്തിലും സൃഷ്ടിച്ചിരിക്കുന്ന പ്രതികരണങ്ങളും ചലനങ്ങളും കണ്ടെത്തുന്നതിന് ആധുനികപ്രഭാഷണകലയുടെ വ്യാഖ്യാനതത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
പാഠഭാഗങ്ങളെ വിമര്‍ശനബുദ്ധ്യാവിലയിരുത്തുന്നതിന് സഹായകമാണെന്നുകണ്ട് പണ്ഡിതലോകം ഇതിന് വലിയ പ്രാധാന്യം നല്‍കുന്നു. ഏറെക്കാലമായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന ആദ്യകാഴ്ചപ്പാടുകളെ ആദരിക്കാനും പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ തുടച്ചുവൃത്തിയാക്കാനും സാധിക്കുന്നുവെന്നത് വലിയ കാര്യമത്രേ. ബൈബിളില്‍ ഉപയോഗിച്ചിരുന്ന ഭാഷ ഒരു പ്രസംഗമെന്ന നിലയില്‍ കേള്‍വിക്കാരെ അല്ലെങ്കില്‍ വായനക്കാരെ സ്വാധീനിക്കാനും ബോധ്യപ്പെടുത്താനും എത്രമാത്രം കഴിവുളളതാണെന്നു കണ്ടെത്തുകയാണ് പുതിയ പ്രഭാഷണ പഠനങ്ങള്‍ ചെയ്യുന്നത്. അത് തികച്ചും ന്യായമാണുതാനും. ബൈബിളില്‍ കുറേ സത്യവചനങ്ങള്‍ വെറുതെ നിരത്തിവയ്ക്കുകയല്ല ചെയ്തിരിക്കുന്നതെന്നതാണ് ഇതിനു കാരണം. ആ വാക്യങ്ങള്‍ക്കുളളില്‍ ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നു. അതായത്, ബൈബിള്‍ സന്ദേശം നല്‍കുകയാണ്; ആശയവിനിമയം നടത്തുകയാണ്. അതും ഒരു സവിശേഷ സാഹചര്യത്തിലുളള സന്ദേശം. സാധാരണ പ്രഭാഷണത്തിലെന്നതുപോലെ പറയാനുദ്ദേശിക്കുന്ന ഒരാശയവും അതിനെ പിന്താങ്ങുന്ന യുക്തിഭദ്രമായ വാദഗതികളും ശ്രോതാക്കളെ അഥവാ വായനക്കാരെ സ്വാധീനിക്കാനുതകുന്ന മറ്റു ഘടകങ്ങളും ഓരോ ബൈബിള്‍ ഭാഗത്തും കാണാം. ബൈബിള്‍ പഠനത്തില്‍ പ്രഭാഷണകലാതത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ പ്രസക്തി ഇവിടെയാണ്.
പ്രഭാഷണ വിശകലനത്തിന് അതിന്‍റേതായ പോരായ്മകളുമുണ്ട്. ബൈബിള്‍ ഭാഗത്തുളള പ്രഭാഷണശൈലിയെപ്പറ്റി ഉപരിപ്ലവമായ വിവരണം മാത്രം നല്‍കി, അത് വഴിമാറിനില്‍ക്കാം. ഇത് സമഗ്രപഠനരീതിയാണെങ്കിലും ബൈബിളിനെ മുഴുവന്‍ വ്യാഖ്യാനിക്കാന്‍ ഇതിനു കഴിയണമെന്നില്ല. തീര്‍ന്നില്ല; ചോദ്യങ്ങളുടെ കൂട്ടംതന്നെയുമുണ്ട്. പ്രഭാഷണകലയുടെ മര്‍മ്മമറിഞ്ഞു പ്രയോഗിക്കാന്‍ മാത്രം വിദ്യാസമ്പന്നരായിരുന്നുവോ ബൈബിളിന്‍റെ രചയിതാക്കള്‍? പ്രഭാഷണകലയുടെ പൊടിക്കൈകളും നിയമങ്ങളും അവര്‍ എത്രമാത്രം ബോധപൂര്‍വ്വം പ്രയോഗിച്ചിരിക്കാം? ഒരു ബൈബിള്‍ ഭാഗത്ത് പ്രഭാഷണഘടന ആരോപിക്കുമ്പോള്‍ ആ ഭാഗമര്‍ഹിക്കുന്ന സാദ്ധ്യതയ്ക്കുമപ്പുറമൊരു ഘടന ആരോപിച്ചു പോകാമെന്ന അപകടം പതിയിരിപ്പില്ലേ? ഇനിയും ചോദ്യങ്ങളുണ്ടാവാം.
വി. ഗ്രന്ഥത്തിന്‍റെ കഥയുടെയോ വിരണത്തിന്‍റെയോ വ്യക്തിപരമായ സാക്ഷ്യത്തിന്‍റെയോ രൂപത്തില്‍ ദൈവിക സന്ദേശം കൈമാറ്റം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇതു വെളിപ്പെടുത്തിയെടുക്കുന്നതിനാണ് വിവരണ വിശകലനമെന്ന് പറയുന്നത്. കഥയുടെയോ നാം സാക്ഷിയായ സംഭവത്തിന്‍റെയോ വിവരണത്തിലൂടെ ആശയവിനിമയം നടത്തുന്നത് മനുഷ്യജീവിതത്തില്‍ തികച്ചും സാധാരണമാണ്. ഒരര്‍ത്ഥത്തില്‍ പഴയനിയമം മുഴുവന്‍ രക്ഷയുടെ 'കഥ'യാണ്. അവിടെ കഥ പറയുന്നയാളിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റുപറയല്‍ കാണാം; അദ്ദേഹത്തിന്‍റെ ദൈവാരാധനയുടെ മനോഹര നിമിഷങ്ങളുണ്ട്. തന്‍റെ വിശ്വാസം ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനുള്ള വെമ്പല്‍ ആ വാക്കുകള്‍ക്കു പിന്നിലുണ്ട്. (സങ്കീ 78, 3-4; പുറ 12, 24-27; നിയ 6, 20-25; 26, 5-11). പുതിയനിയമം, പ്രത്യേകിച്ച് സുവിശേഷങ്ങള്‍ ക്രിസ്തുവിന്‍റെ ജനനം, ജീവിതം, മരണം, ഉത്ഥാനം തുടങ്ങിയവയുടെ വിവരണമല്ലാതെ മറ്റെന്താണ്? മതബോധന വിഷയങ്ങള്‍പോലും പൗലോസ് പകര്‍ന്നു നല്‍കുന്നത് ഒരു സംഭവവിരണത്തിന്‍റെ രീതിയിലാണ്. (1 കോറി 11, 23-25). വി. കുര്‍ബാനയെപറ്റി പഠിപ്പിക്കാന്‍ അന്ത്യത്താഴത്തിന്‍റെ നിറപ്പകിട്ടാര്‍ന്ന വിവരണം അദ്ദേഹം നല്‍കുന്നു. ഇങ്ങനെ ബൈബിളിലെ വിവരണങ്ങളെ കടഞ്ഞെടുക്കുമ്പോള്‍ അതിനു പിന്നിലെ ദൈവശാസ്ത്രവും വിവിധ വിശകലന ശൈലികളും വേര്‍തിരിച്ചു കിട്ടുന്നു.
വിശകലന ശൈലികള്‍ പലതാണ്. ചിലര്‍ പുരാതന വിവരണശൈലികളെ മാതൃകയാക്കുന്നു. മറ്റു ചിലര്‍ ആധുനിക കാലത്തെ വിവരണ സങ്കേതങ്ങളിലേതെങ്കിലും ഒന്നിനെ ആശ്രയിക്കുന്നു. വിവരണ വിശകലനം ചെയ്യുന്നത് കഥാതന്തു, കഥാപാത്രങ്ങള്‍, കഥാകാരന്‍റെ വീക്ഷണങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് എഴുത്തുകാരന്‍ തന്‍റെ വിവരണം എങ്ങനെ തന്മയത്വത്തോടെ നടത്തുന്നുവെന്ന് കണ്ടെത്തുകയാണ്. വായനക്കാരനെ മറ്റൊരു ലോകത്തെത്തിക്കുവാന്‍ എഴുത്തുകാരന്‍ എന്തു തന്ത്രങ്ങള്‍ കൈക്കൊണ്ടിരിക്കുന്നു? അതിനു പിന്നിലുള്ള മൂല്യങ്ങളെന്താണ് എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ നടത്തുന്നു.
പല വിവരണശൈലികളും ഇവിടെ ഒരു തരംതിരിവ് നടത്താറുണ്ട്. യഥാര്‍ത്ഥ ഗ്രന്ഥകാരന്‍-സൂചിതഗ്രന്ഥകാരന്‍, യഥാര്‍ത്ഥവായനക്കാരന്‍ - സൂചിതവായനക്കാരന്‍ എന്നിങ്ങനെ. ഗ്രന്ഥകാരന്‍ തീര്‍ച്ചയായും ഗ്രന്ഥമെഴുതിയ ആള്‍ തന്നെ. എന്നാല്‍ ഒരു പുസ്തകത്തിലൂടെ അതിന്‍റെ കര്‍ത്താവിനെക്കുറിച്ച് വായനക്കാരനു മുമ്പില്‍ അനാവൃതമാകുന്ന ഒരു സങ്കല്‍പമുണ്ട്. ഒരു കൃതിയില്‍ നിന്ന് അതെഴുതിയ ആളെക്കുറിച്ച് ഉരുത്തിരിഞ്ഞു കിട്ടുന്ന സങ്കല്‍പം. അതാണ് സൂചിത ഗ്രന്ഥകാരന്‍. വായനക്കാരനെ സംബന്ധിച്ചും ഇതു ശരിയാണ്. എഴുതപ്പെട്ട കാലം മുതല്‍ ഇന്നുവരെ ഒരു ഗ്രന്ഥത്തിലൂടെ കണ്ണോടിച്ചിട്ടുള്ള ആരും വായനക്കാരന്‍ എന്ന പേരിനര്‍ഹനാണ്. എന്നാല്‍ ഗ്രന്ഥകാരന്‍ എഴുതുമ്പോള്‍ ചില വായനക്കാരെ മനസ്സില്‍ ലക്ഷ്യം വച്ചിട്ടുണ്ട്. വായനക്കാരന്‍റെ ചില ഗുണഗണങ്ങളും സാഹചര്യങ്ങളും എഴുത്തുകാരന്‍ മുന്നില്‍ കണ്ടിട്ടുണ്ട്. ഏതുതരം വായനക്കാരനെ/വായനക്കാരെയാണ് സങ്കല്‍പിച്ചിട്ടുള്ളത് - യഹൂദനെയോ, ഗ്രീക്കുകാരനെയോ, ധനികനെയോ, ദരിദ്രനെയോ, രാജാവിനെയോ, പ്രജയേയോ, തടവിലിരിക്കുന്നവനെയോ, സ്വതന്ത്രനെയോ, എന്നെല്ലാം ഗ്രന്ഥം വായിച്ചാല്‍ തിരിച്ചറിയാം; വ്യാഖ്യാതാവ് തിരിച്ചറിയണം.
ഇന്ന് വായിക്കുന്ന വായനക്കാരന്‍ സൂചിത വായനക്കാരനോട് (ഗ്രന്ഥകാരന്‍റെ മനസ്സിലുള്ള വായനക്കാരനോട്) എത്രമാത്രം താദാത്മ്യപ്പെടുന്നുവോ അതിനനുസരിച്ചാണ് ആ ഗ്രന്ഥം വായനക്കാരനെ സ്വാധീനിക്കുന്നത്. ഇങ്ങനെ, വായനക്കാരനെ ഗ്രന്ഥകാരന്‍റെ മനസ്സിനൊപ്പം ഉയര്‍ത്തുകയാണ് വ്യാഖ്യാനത്തിന്‍റെ കടമ.
വിവരണവിശകലനം പുതിയ ഒരു രീതി അവലംബിക്കുന്നു. ചരിത്രവിമര്‍ശന രീതിയെ, ഏതെങ്കിലുമൊരു കാലഘട്ടത്തിനോ അക്കാലത്തെ സമൂഹത്തിനോ ഇന്നത്തെ സാഹചര്യത്തിലേക്ക് അതേപടി പ്രവേശനമനുവദിക്കുന്ന ഒരു ജനാലയ്ക്കുതുല്യം ഉപമിക്കാം. എന്നാല്‍ വിവരണവിശകലനം ഒരു കണ്ണാടിയാണെന്നു പറയാം. അത് ഒരു കാലഘട്ടത്തിന്‍റെ പ്രതിബിംബമാണ് നമുക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചില പ്രത്യേക മൂല്യങ്ങളെ എടുത്തുകാണിച്ച് അതു സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വിവരണവിശലനം ആഴമേറിയ ദൈവശാസ്ത്രത്തെ പുറത്തു കൊണ്ടുവരുന്നു. വിവരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍നിന്നു നാം വിശ്വാസജീവിതത്തില്‍ സ്വീകരിക്കേണ്ട സന്ദേശങ്ങളെക്കുറിച്ചാണ് ഈ രീതി മുഖ്യമായും ചിന്തിക്കുന്നത്. അങ്ങനെ പ്രായോഗികവും അജപാലനപരവുമായ ഒരു വ്യാഖ്യാന രീതിയാണിത്. അതേസമയം ദൈവനിവേശിത ഗ്രന്ഥത്തെ ദൈവശാസ്ത്ര ചിന്തകളുടെ സമാഹാരമായി മാത്രമവതരിപ്പിക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. വി. ഗ്രന്ഥത്തെ, അതിനു പുറത്തുള്ള ഭാഷയും രൂപകങ്ങളും മാത്രമുപയോഗിച്ചു വിശദീകരിക്കുന്നത് ഒരു പോരായ്മയാണ്. അതിനാല്‍ വിവരണവിശകലനരീതിക്ക് ചെയ്യാനുള്ളത്, ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടുതന്നെ ബൈബിളിലെ വിവരണത്തോടു പൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തി, ദൈവവചനത്തിന്‍റെ രക്ഷാകരവശത്തിനു വേണ്ടത്ര പ്രാധാന്യം കൊടുത്ത് യഥാര്‍ത്ഥ സന്ദേശം പുറത്തുകൊണ്ടുവരിക എന്നതാണ്. രക്ഷാകരസംഭവം വിവരിക്കുന്നതിനോടൊപ്പം രക്ഷയെന്ന സംഭവത്തെ അനുഭവവേദ്യമാക്കുകയും ചെയ്യണം. കാരണം, ബൈബിള്‍ നല്‍കുന്നത് അസ്തിത്വത്തെയും അതിന്‍റെ ലക്ഷ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങളാണ്.
ബൈബിള്‍ വ്യാഖ്യാനത്തില്‍ വിവരണ വിശകലനത്തിന് വ്യക്തമായ ഉപയോഗമുണ്ട്. പല ബൈബിള്‍ ഭാഗങ്ങളും വിവരണമെന്ന പേരിന് അര്‍ഹമാണ്. ചരിത്രസംഭവങ്ങളില്‍നിന്ന് ഇന്നത്തെ വായനക്കാരന്‍ എന്തു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഈ രീതിക്കു കഴിയും. അതേ സമയം മറുവശത്ത് സൂചിത വായനക്കാരന്‍, യഥാര്‍ത്ഥ വായനക്കാരന്‍ എന്നിങ്ങനെയുള്ള തരംതിരിവ് ബൈബിള്‍ വ്യാഖ്യാനത്തെ സങ്കീര്‍ണ്ണമാക്കാനുള്ള സാധ്യതയുണ്ട്.
ബൈബിളിലെ പുസ്തകങ്ങളെയെല്ലാം ഒരേതരം കഥപോലെ കാണുന്നത് ശരിയല്ല. ഓരോന്നിനും തനതായ പ്രത്യേകതയും സ്വഭാവരീതിയുമുണ്ട്. ഈ രീതിയുള്‍ക്കൊള്ളുന്ന സമഗ്ര പഠനശൈലിയോടൊപ്പം സമയബദ്ധ വിശകലന സങ്കേതങ്ങളും ഉപയോഗപ്പെടുത്തണം. മറ്റൊരപകടത്തെപ്പറ്റിയും അവബോധം ആവശ്യമാണ്. വി. ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തിലെ ഏതെങ്കിലുമൊരു പ്രബോധനത്തിന്‍റെപോലും വികാസത്തിനുവേണ്ട പ്രാധാന്യം നല്‍കാതെ പോകരുത്. അങ്ങനെ വന്നാല്‍ സഭയുടെ വി. ഗ്രന്ഥപാരമ്പര്യത്തിന്‍റെ പടവില്‍നിന്നു വഴുതി വീഴുന്നതിനു തുല്യമാണ്. സഭയും വി. ഗ്രന്ഥപാരമ്പര്യവും ഇത്തരം പ്രബോധന സിദ്ധാന്തങ്ങളെയെല്ലാം വികസിപ്പിച്ച ചരിത്രമാണുള്ളത്. എല്ലാറ്റിനുമുപരി, ഓരോരുത്തര്‍ക്കും ലഭിക്കുന്ന വ്യക്തിഗത സന്ദേശങ്ങള്‍ സത്യത്തിന്‍റെ പൂര്‍ണ്ണതയാണെന്നു കണക്കാക്കപ്പെടരുത്. മറിച്ച്, സത്യത്തിന്‍റെ ഒരു വശം മാത്രമാകാം.
വി. ഗ്രന്ഥത്തെ അത് ഇന്നു നമുക്ക് ലഭ്യമായിരിക്കുന്ന രൂപത്തില്‍ പഠനവിധേയമാക്കുന്ന ഒന്നാണ് പ്രതീകാര്‍ത്ഥ വിശകലനം. കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിനു ശ്രദ്ധേയമായ വളര്‍ച്ച കൈവന്നിട്ടുണ്ട്. ഒരുകാലത്ത് ഘടനാശാസ്ത്രം എന്നറിയപ്പെട്ടിരുന്ന ഈ രീതിയുടെ ആരംഭകന്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഫെര്‍ഡിനാന്‍സ് ഡി സോസൂറാണ്. അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഒരു സിദ്ധാന്തം ആവിഷ്ക്കരിച്ചു. അതായത് ഓരോ ഭാഷയും നിശ്ചിതനിയമങ്ങള്‍ പാലിക്കുന്ന ബന്ധങ്ങളുടെ സംവിധാനമാണ്. ഈ സിദ്ധാന്തത്തില്‍നിന്നു പില്‍ക്കാലത്ത് പല ഭാഷാശാസ്ത്രജ്ഞരും സാഹിത്യനിരൂപകരും ചേര്‍ന്നു പ്രതീകാര്‍ത്ഥ വിശകലന രീതി വികസിപ്പിച്ചെടുത്തു. ബൈബിള്‍ പഠനത്തില്‍ ഈ രീതി പ്രോത്സാഹിപ്പിക്കുകയും പിന്‍തുടരുകയും ചെയ്യുന്നവര്‍ ആധികാരികമായ ഉറവിടമായി ചൂണ്ടിക്കാണിക്കുന്നത് ആല്‍ഗിര്‍ഡാസ് ജെ. ഗ്രൈമാസും അദ്ദേഹം സ്ഥാപിച്ച പാരീസ് പഠനക്കൂട്ടായ്മയും ആണ്. മറ്റു പലയിടത്തും സമാനമായ സമീപന വിശകലന രീതികള്‍ രൂപംകൊണ്ടിട്ടുണ്ടെങ്കിലും ഇവിടെ നാം ചുരുക്കമായി പ്രതിപാദിക്കുന്നത് ഗ്രൈമാസിന്‍റെ ശൈലിയാണ്.
മൂന്നു പ്രധാന തത്വങ്ങളിലാണ് ഈ രീതി അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.
ഒരു ഭാഗത്തിന്‍റെ ഉള്ളടക്കത്തെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ വിശകലനം ചെയ്യാം.
വിവരണതലം: ഇവിടെ ഒരു കഥയെ അല്ലെങ്കില്‍ സംഭവത്തെ മുന്നോട്ടു ചലിപ്പിച്ച് അന്ത്യരംഗത്തിലെത്തിക്കുന്ന നാടകീയ മാറ്റങ്ങളെ പഠനവിഷയമാക്കുന്നു. വ്യത്യസ്ത രംഗങ്ങളെ തരംതിരിച്ചെടുക്കുകയും ഓരോ രംഗവും മറ്റൊന്നിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. കഥാഗതിയെ മുന്നോട്ടു നീക്കുന്നതില്‍ ഓരോ രംഗത്തിന്‍റെയും അതിലെ 'കഥാപാത്ര'ങ്ങളുടെയും ദൗത്യം അഥവാ ഭാഗം എന്തെന്നു കണ്ടെത്തുന്നു.
സംഭാഷണതലം: ഇത് മൂന്നു പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്നു.
1) രൂപങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. അര്‍ത്ഥം നല്‍കുന്ന ഘടകങ്ങളായ വ്യക്തികള്‍, സമയം, സ്ഥലം എന്നിവയെ കണ്ടെത്തുന്നു.
2) ഓരോ രൂപത്തെയും ആദ്യാവസാനം പിന്തുടര്‍ന്ന് രൂപരേഖ തയ്യാറാക്കുന്നു. എങ്ങനെ ഒരു ബൈബിള്‍ ഭാഗത്ത് ഒരു രൂപത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നു കണ്ടെത്താന്‍വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.
3) രൂപങ്ങളുടെ കഥാമൂല്യം വിലയിരുത്തുന്നു. എന്തിനുവേണ്ടി, ഏതു മൂല്യത്തിനുവേണ്ടി ഈ രൂപങ്ങള്‍ നിശ്ചിതമായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന് കണ്ടെത്തുന്നു.
സമന്വയാര്‍ത്ഥതലം: ഓരോ വിവരണത്തിന്‍റെയും സംഭാഷണത്തിന്‍റെയും അടിയില്‍ ഒരു പ്രത്യേക കാര്യകാരണ ബന്ധവും അതിന്‍റെ അര്‍ത്ഥവും ഊറിക്കിടക്കുന്നുവെന്ന വസ്തുതയാണ് ഈ തലത്തിനു പിന്നിലുള്ളത്. ആദ്യം ചെയ്യുന്നത് വിവരണത്തിനോ സംഭാഷണത്തിനോ പിന്നിലെ യുക്തിബന്ധങ്ങളെ തിരിച്ചറിയുകയാണ്. ഇതു കണ്ടെത്തുന്നതിന് ഒരു അടയാളചതുരം ഉപയോഗപ്പെടുത്താറുണ്ട്. അതായത് വസ്തുതകളെ വിപരീതബന്ധങ്ങളും വിരുദ്ധബന്ധങ്ങളും എന്ന രീതിയില്‍ എതിര്‍വശങ്ങളില്‍ ഉള്‍പ്പെടുത്തുന്നു. (ഉദാ. വിരുദ്ധബന്ധങ്ങള്‍: കറുപ്പും വെളുപ്പും; വിപരീതബന്ധങ്ങള്‍: കറുപ്പും കറുപ്പല്ലാത്തതും; വെളുപ്പും വെളുപ്പല്ലാത്തതും).
ഈ രീതിയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ബൈബിളിലെ വിവിധഭാഗങ്ങള്‍ തമ്മിലുള്ള പ്രതീകാര്‍ത്ഥബന്ധം കണ്ടെത്തുന്നതിനാണ് ശ്രദ്ധ വച്ചിരിക്കുന്നത്.
മുന്‍ പറഞ്ഞതില്‍നിന്നെല്ലാം പ്രതീകാര്‍ത്ഥ വിശകലനത്തിന്‍റെ നേട്ടങ്ങളും പരിമിതികളും മനസ്സിലാക്കാവുന്നതാണ്. ഒരു ഭാഗത്തെ പ്രത്യക ഭാഷാസവിശേഷതകളുള്ള ഒരു പൂര്‍ണ്ണ ഘടകമായി കാണുമ്പോള്‍ 'ദൈവത്തിന്‍റെ വചനം മനുഷ്യന്‍റെ ഭാഷയില്‍' എന്ന കാഴ്ചപ്പാടാണ് കൈക്കൊള്ളുന്നത്. ചില മുന്‍വിധികളെ ഒഴിവാക്കി നിര്‍ത്തിയാല്‍ മാത്രമേ ഈ രീതി ശരിയായി ഉപയോഗിക്കാന്‍ പറ്റൂ. വി. ഗ്രന്ഥഭാഷയുടെ പ്രതീകാത്മകമായ പ്രത്യേകതകളെ മാത്രം കണക്കിലെടുക്കുമ്പോള്‍ അവയ്ക്കു പിന്നിലെ വ്യക്തിപരമായ രക്ഷാനുഭവത്തെ തള്ളിക്കളയാനുള്ള പ്രവണത ഉണ്ടാകുന്നു. വചനം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു. ചരിത്രത്തില്‍ ദൈവം സംസാരിച്ച വചനത്തെ ഇന്നു മനുഷ്യഗ്രന്ഥകര്‍ത്താക്കള്‍വഴി നമുക്കും പകര്‍ന്നു തരുന്നു എന്ന് വിലയിരുത്തണം: ഈ രീതി ചരിത്രത്തിലേക്കു തുറന്നിരിക്കണം: ഒന്നാമതായി ബൈബിളിലെ 'കഥാപാത്ര'ങ്ങളുടെ ചരിത്രത്തിലേക്കും ജീവിതത്തിലേക്കും. പിന്നീട് ഗ്രന്ഥകാരന്‍റെയും വായനക്കാരന്‍റെയും ചരിത്രത്തിലേക്കും ജീവിതത്തിലേക്കും. ഭാഷയുടെ വെറും ബാഹ്യസവിശേഷതകള്‍ക്കപ്പുറത്തേക്കു കടന്നുചെന്ന് ദൈവിക സന്ദേശം കണ്ടെത്തുക എന്നതാണ് ഈ രീതി ഉപയോഗിക്കുന്നവരുടെ മുമ്പിലുള്ള വെല്ലുവിളി.
മുന്‍കാലത്തെ സങ്കീര്‍ണ്ണഭാഷകളില്‍ അവതരിപ്പിക്കാതെ ഇന്നിന്‍റെ ശൈലിയില്‍ ലളിതമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഗ്രന്ഥരൂപീകരണത്തിന്‍റെയും ചരിത്രസന്ദര്‍ഭങ്ങളുടെയും ആഴത്തിലുള്ള പഠനം കൂടാതെ തന്നെ വി. ഗ്രന്ഥം കുറെയൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രതീകാര്‍ത്ഥ വിശകലനത്തിനാകുമെന്നതു സത്യമാണ്. ചുരുക്കത്തില്‍, ഈ രീതി ബൈബിളില്‍ ആഴമായ പഠനം നടത്താത്തവര്‍ക്ക് അജപാലന ജീവിതത്തില്‍ ഒരു പരിധിവരെ ദൈവവചനം ഉള്‍ക്കൊള്ളുന്നതിനു സഹായകമാണ്.
ഡോ. ജോസ് വടക്കേടം
Literary analysis methods catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206