We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany,Dr. Michael Karimattam, On 09-Feb-2021
നിയമപാരായണവും ഉടമ്പടിനവീകരണവും: നെഹെമിയാ 7:73b-10,39
നെഹെ 7:73 വരെയുള്ള ഭാഗത്ത് ജറുസലേമില്‍ കൂടുതല്‍ ആളുകളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനമാണ് വിവരിക്കുന്നത് (7:5). ഈ തീരുമാനമനുസരിച്ചുള്ള പുനരധിവാസം നടപ്പിലാക്കുന്നത് 11:1-2ലാണ്. ഈ രണ്ടുഭാഗങ്ങളും നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളിലെ തുടര്‍ച്ചയായ ഭാഗമായി കരുതാം. എന്നാല്‍ 7:73യ-10:39 വരെയുളള ഭാഗം നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പിനിടയില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതായിരിക്കാനാണ് സാധ്യത. ഈ നിഗമനത്തിന് ആധാരമായ വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു.
എസ്രായുടെ
നിയമപാരായണം (7:73യ-8:18)
സമൂഹമാണ് നിയമപാരായണത്തിന് എസ്രായോട് ആവശ്യപ്പെടുന്നത് (വാ.1) എസ്രാ വായിക്കുന്ന നിയമഗ്രന്ഥം ഏതാണ് എന്ന കാര്യത്തില്‍ അഭിപ്രായാന്തരങ്ങളുണ്ട്. പഞ്ചഗ്രന്ഥിയിലുടനീളമുള്ള നിയമങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ ഇപ്പോള്‍ നിലവിലുള്ള പഞ്ചഗ്രന്ഥിയോടു സമാനതയുള്ള ഒരു നിയമഗ്രന്ഥമാണ് എസ്രാ വായിച്ചത് എന്ന് അനുമാനിക്കാം. വായനയില്‍ ലിഖിതനിയമമേത്? എസ്രായുടെ വ്യാഖ്യാനമേത്? എന്നു വേര്‍തിരിക്കാനാവാത്തതിനാല്‍ എസ്രാ വായിച്ച നിയമഗ്രന്ഥത്തിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കം വ്യക്തമല്ല. ഏഴാംമാസം ഒന്നാംദിവസമാണ് നിയമപാരായണം നടക്കുന്നത്. ഇത് യഹൂദരുടെ പുതുവത്സരദിനമാണ് (ലേവ്യ 23:23-25). ഏഴാംമാസത്തില്‍ തന്നെയാണ് എസ്രാ ബലിപീഠത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും (എസ്രാ 3:3). നെഹെമിയാ നിര്‍മ്മിച്ച നഗരമതിലിന്‍റെ കിഴക്കുവശത്തുള്ള ഗിഹോണ്‍ഉറവയുടെ സമീപത്തുള്ള ജലകവാടത്തിനരികിലാണ് ജനം സമ്മേളിച്ച മൈതാനം (വാ.1). ദൈവാലയത്തിനു വെളിയിലായിരുന്നതിനാല്‍ പുരോഹിതര്‍ക്കും സാധാരണജനങ്ങള്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിഞ്ഞു. സ്ത്രീകളും പുരുഷന്മാരും (കുട്ടികളും) അടങ്ങുന്ന മുഴുവന്‍ സമൂഹവും നിയമപാരായണത്തിന് എത്തിച്ചേര്‍ന്നിരുന്നു (വാ. 2-3). സമൂഹമൊന്നടങ്കം നിയമം ശ്രവിക്കുന്നതിന്‍റെ വിവരണങ്ങള്‍ അന്യത്ര ദൃശ്യമാണ് (നിയ 31:10-13; നെഹെ 10:28;2 ദിന 20:13).
സോളമന്‍ പ്രഥമദേവാലയത്തിന്‍റെ സമര്‍പ്പണനാളില്‍ നിന്നുപ്രാര്‍ത്ഥിച്ചതിന് സമാനമായ (2 ദിന 6:13) ഉയര്‍ന്ന ഒരു പീഠത്തിലാണ് എസ്രാ നിയമപാരായണത്തിനായി നിലകൊള്ളുന്നത് (വാ. 4). സിനഗോഗുകളിലെ വായനാ പീഠത്തിന്‍റെ ഉത്ഭവവും ഒരു പക്ഷേ ഈ സംഭവത്തില്‍ നിന്നായിരിക്കാം. എസ്രായുടെ ഇടവും വലവും 14 പ്രമാണികള്‍ നിലയുറപ്പിക്കുന്നതും ഗ്രന്ഥം തുറക്കുമ്പോള്‍ ജനം എഴുന്നേറ്റുനില്‍ക്കുന്നതും നിയമഗ്രന്ഥത്തോടുള്ള ആദരവാണ് സൂചിപ്പിക്കുന്നത് (വാ.5). ദൈവസ്തുതിയോടെയാണ് എസ്രാ നിയമപാരായണം ആരംഭിക്കുന്നത്. (1 ദിന 6:36; 2 ദിന 6:4 കാണുക). ജനം കരങ്ങളുയര്‍ത്തുന്നത് ദൈവജനത്തിന്‍റെ പ്രതീക്ഷയെയും ദൈവാശ്രയബോധത്തെയുമാണ് സൂചിപ്പിക്കുന്നതെങ്കില്‍ (സങ്കീ 28:2; 134:2) സാഷ്ടാംഗപ്രണാമം സമ്പൂര്‍ണ്ണമായ അനുസരണത്തെയും വിധേയത്വത്തെയുമാണ് വെളിവാക്കുന്നത്. 14. ലേവ്യര്‍ നിയമപാരായണം നടത്തി വ്യാഖ്യാനിച്ചുവെന്നും ഇത് അതിരാവിലെ മുതല്‍ മധ്യാഹ്നം വരെ നീണ്ടു എന്നും (ആറുമണിക്കൂര്‍) വിവരണത്തില്‍ നിന്നു വ്യക്തമാണ് (വാ. 3,8). ജനം "ആമ്മേൻ" എന്ന് പ്രത്യുത്തരിക്കുകയും ചെയ്യുന്നു. നെഹെ 8:1-12ലെ വിവരണം സിനഗോഗിലെ ആരാധനാശുശ്രൂഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി കരുതാവുന്നതാണ്. സിനഗോഗിലെ നിയമപാരായണത്തില്‍ പില്‍ക്കാലത്ത് നിലവില്‍ വന്ന ആചാരങ്ങളെല്ലാം ഈ വിവരണത്തില്‍ ദൃശ്യമാണ് എന്നത് ശ്രദ്ധേയമാണ്.
നിയമവായന നടന്ന പുതുവത്സരദിനത്തെ എസ്രാ വിശുദ്ധദിനമായി പ്രഖ്യാപിച്ചു. പുതുവത്സരദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള പഞ്ചഗ്രന്ഥിയുടെ നിര്‍ദ്ദേശങ്ങളാണ് ഇവിടെ അനുവര്‍ത്തിക്കുന്നത് (ലേവ്യ 23:24; സംഖ്യ 29:1-6). നിയമവായനയുടെ പ്രതികരണമെന്നോണം ജനം കരയാന്‍ ആരംഭിച്ചപ്പോള്‍ എസ്രാ അവരെ വിലക്കി (വാ. 9-12). നിയമം പാലിക്കുന്നതില്‍ വന്ന വീഴ്ചയോര്‍ത്തായിരുന്നു ജനം കരഞ്ഞത്. സമാനമായ പ്രതികരണം നിയമപാരായണാവസരത്തില്‍ ജോസിയാ രാജാവില്‍ നിന്നുമുണ്ടായി (2 രാജാ 22:11; 2 ദിന 34:10). കരയുന്നതിനുപകരം മധുരപാനീയങ്ങള്‍ കഴിച്ച് ആനന്ദിക്കാനാണ് (ഉത്ത 5:16) എസ്രാ ആവശ്യപ്പെടുന്നത്. ഇല്ലാത്തവരുമായി ഭക്ഷണം പങ്കുവയ്ക്കാനുള്ള ആഹ്വാനവും ശ്രദ്ധേയമാണ്. പാപങ്ങള്‍ക്കുള്ള പരിഹാരം കരച്ചില്‍ മാത്രമല്ല സഹോദരനുമായുള്ള പങ്കുവയ്പ്പും കൂടിയാണെന്ന് ഈ നിര്‍ദ്ദേശം ഓര്‍മ്മിപ്പിക്കുന്നു.
നിയമപാരായണത്തിനുശേഷം ഒരു സംഘം ലേവായര്‍ ജറുസലേമില്‍ തങ്ങി. കൂടാരത്തിരുനാള്‍ ആഘോഷത്തിനു പാലിക്കേണ്ട നടപടികള്‍ പഠിക്കുന്നതാണ് തുടര്‍ന്നുള്ള ഭാഗം (വാ. 13-18). കൂടാരത്തിരുനാളിനെക്കുറിച്ച് പഞ്ചഗ്രന്ഥിയിലുള്ള വിവരണങ്ങള്‍ (പുറ 23:16; 34:22; ലേവ്യ 23:33-43; സംഖ്യ 29:12-38; നിയ 16:13-15) അവര്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു.
ഏഴാം മാസത്തിന്‍റെ (തിഷ്റി) പതിനഞ്ചാം ദിവസമാണ് കൂടാരത്തിരുനാള്‍ ആചരിച്ചിരുന്നത്. പാപപ്പരിഹാരദിനാചരണം കഴിഞ്ഞ് അഞ്ചുദിവസത്തിനുശേഷം ആഘോഷിച്ചിരുന്ന ഈ ഉത്സവം ഏഴുദിവസം നീണ്ടുനിന്നിരുന്നു. (പുറ. 23:14ളള; 34:22). ഒന്നാമത്തെയും എട്ടാമത്തെയും ദിനങ്ങള്‍ വിശ്രമദിവസങ്ങളായിരുന്നു. ഈന്തപ്പനയോലകളും അരളിമരത്തിന്‍റെയും മറ്റ് വൃക്ഷങ്ങളുടെയും ശാഖകളും കൊണ്ടു നിര്‍മ്മിക്കുന്ന കൂടാരങ്ങളിലാണ് ഈ ഏഴുദിവസവും ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്നത്. ഈജിപ്തില്‍ നിന്നു പുറത്തുവന്നശേഷം മരുഭൂമിയാത്രയ്ക്കിടയില്‍ ഇസ്രായേല്‍ക്കാര്‍ കൂടാരങ്ങളില്‍ താമസിച്ചിരുന്നതിനെ അനുസ്മരിക്കാനാണ് ഇപ്രകാരം ചെയ്തിരുന്നത്. (ലേവ്യ. 23:33-43). കുടുംബാംഗങ്ങളോടൊപ്പം വിദേശികളും അനാഥരും വിധവകളും ലേവായരും ഈ ആഘോഷങ്ങളില്‍ പങ്കുകൊണ്ടിരുന്നു (നിയ. 16:13-15). ഈ തിരുനാളിനോടനുബന്ധിച്ച് എഴുപത് കാളകളെ ബലിയര്‍പ്പിച്ചിരുന്നു. ഏഴുവര്‍ഷം കൂടുമ്പോള്‍ ഈ തിരുനാളില്‍ നിയമഗ്രന്ഥം മുഴുവന്‍ പരസ്യമായി വായിച്ചിരുന്നു (നിയ. 31:9-13).
ജോഷ്വയുടെ കാലം മുതല്‍ എസ്രായുടെ കാലംവരെ ഈ തിരുനാളാഘോഷം മുടങ്ങിക്കിടക്കുകയായിരുന്നു. നിയമഗ്രന്ഥങ്ങളില്‍ അനുശാസിച്ചിരുന്ന അതേ രീതിയില്‍തന്നെയാണ് എസ്രായുടെ കാലത്ത് ഈ തിരുനാള്‍ ആചരിച്ചിരുന്നത് (നെഹെ. 8:13-18). കൂടാരത്തിരുനാളാഘോഷിക്കുവാനായി സകല ജനപദങ്ങളും ജറുസലേമില്‍ വന്നെത്തുന്ന ദിനങ്ങളെക്കുറിച്ച് സഖറിയാ പ്രവചിക്കുന്നുണ്ട് (സഖ. 14:16-19).
കൂടാരത്തിരുനാളില്‍ പങ്കെടുക്കുവാനായി യേശു ജറുസലേമില്‍ പോയിരുന്നു (യോഹ. 7:2,8). ജോസേഫൂസിന്‍റെ അഭിപ്രായത്തില്‍, യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ടതും പരിശുദ്ധവുമായ തിരുനാളാണിത് (Anti. VIII iv.1). മിഷ്നായിലെയും ജോസേഫൂസിന്‍റെയും (Anti. III x. 4) വിവരണമനുസരിച്ച് കൂടാരത്തിരുനാളില്‍ സീലോഹായിലെ നീരുറവയില്‍ നിന്നുള്ള ജലം തര്‍പ്പണകര്‍മ്മത്തിനായി ദേവാലയത്തില്‍ കൊണ്ടു വന്നിരുന്നു. കൂടാരത്തിരുനാളില്‍ ജീവജലത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനത്തിന്‍റെ (യോഹ. 7:37-39) പശ്ചാത്തലം ഇതാണെന്ന് കരുതപ്പെടുന്നു.
ജോഷ്വായെയും എസ്രായെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പരാമര്‍ശം (വാ.17) ശ്രദ്ധേയമാണ്. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്ന് തിരികെയെത്തിയവര്‍ക്ക് കാനാന്‍ ദേശം നേടിക്കൊടുത്തത് ജോഷ്വായാണ്. സമാനമായ ഒരു നേതൃത്വത്തിലൂടെ ബാബിലോണ്‍പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയ യഹൂദര്‍ക്ക് യൂദയായില്‍ അവകാശം നേടിക്കൊടുത്തത് എസ്രായാണ് എന്നതാകാം ഈ താരതമ്യത്തിന്‍റെ പൊരുള്‍. ദേശം കൈവശമാക്കിയ ഉടന്‍ ജോഷ്വായും നിയമപാരായണം നടത്തിയിരുന്നു (ജോഷ്വ 24 കാണുക). കൂടാരത്തിരുനാള്‍ ആചരിക്കുന്നതില്‍ വന്ന വീഴ്ച ഇസ്രായേലിന്‍റെ പാപങ്ങളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത് (വാ. 17). സോളമന്‍റെ കാലം മുതല്‍ ഹെസെക്കിയായുടെ കാലം വരെയും പെസഹാത്തിരുനാളിന്‍റെ ആചരണത്തിലും വീഴ്ചവന്നിരുന്നു (2 ദിന 30:26). ജോസിയായുടെ കാലത്ത് സാഘോഷം ആചരിച്ച പെസഹാത്തിരുനാളിനു സമാനമായത് സാമുവേലിന്‍റെ കാലത്തിനു ശേഷം ഉണ്ടായിട്ടില്ലെന്ന് 2 ദിന 35:18ല്‍ പരാമര്‍ശമുണ്ട്. തിരുനാളാഘോഷങ്ങളിലെ വീഴ്ച ദൈവവിശ്വാസത്തിലുള്ള അപചയത്തിന്‍റെ ലക്ഷണമായിട്ടാണ് വി. ഗ്രന്ഥം വിലയിരുത്തുന്നത്.
കൂടാരത്തിരുനാള്‍ ആഘോഷത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും ഏഴാംമാസം പത്താംദിവസം ആചരിക്കേണ്ട പാപപ്പരിഹാരദിനത്തെക്കുറിച്ച് (യോം കിപ്പൂര്‍) നിയമഗ്രന്ഥം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ (ലേവ്യ 16:29-34;23:26-32;സംഖ്യ 29:7-11) നെഹെമിയായുടെ ഗ്രന്ഥം പരാമര്‍ശിക്കുന്നില്ല. മൂന്നു വസ്തുതകളാണ് ഇതിനു കാരണങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നത്.
വിചിന്തനങ്ങള്‍
നിയമപാരായണത്തിനായുള്ള മഹാസമ്മേളനം നടന്ന ഏഴാംമാസത്തിന്‍റെ 24-ാം ദിവസം തന്നെ ജനം പാപപരിഹാരാര്‍ത്ഥം പശ്ചാത്തപിക്കാനായി ഒരുമിച്ചുകൂടി (വാ.1-5). എന്നാല്‍ ഏഴാംമാസം 24-ാം ദിവസം ഇപ്രകാരമൊരു പാപപ്പരിഹാരദിനം ഇസ്രായേലിന്‍റെ ആരാധനാക്രമപഞ്ചാംഗത്തില്‍ ഉണ്ടായിരുന്നില്ല. ഏഴാംമാസം പത്താംദിവസമാണ് പാപപ്പരിഹാരദിനം ആചരിച്ചിരുന്നത്. എന്നാല്‍ അനുതാപത്തിനും പശ്ചാത്താപത്തിനുമായി ആരാധനാക്രമപഞ്ചാംഗത്തിലെ നിര്‍ദ്ദിഷ്ട തീയതികളിലല്ലാതെയും യഹൂദര്‍ സമ്മേളിച്ചിരുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (സഖ 7:5;8:19). പാപപ്പരിഹാരദിനത്തില്‍ പ്രധാനപുരോഹിതന്‍ അനുഷ്ഠിക്കേണ്ട കര്‍മ്മവിധികളെക്കുറിച്ച് ഈ വിവരണത്തില്‍ സൂചനകളില്ലാത്തതിനാല്‍ ഇതിനെ പാപപ്പരിഹാരദിനാചരണമായി വ്യാഖ്യാനിക്കുന്നവരുടെ നിലപാട് ശരിയായിരിക്കാനിടയില്ല. ഉപവാസവും ചാക്കുവസ്ത്രവും(1 ദിന 21:16; ദാനി 9:3; യോനാ 3:5) നെറ്റിയിലെ ചാരം പൂശലും (ജോഷ്വാ 7:6; 1 സാമു 1:2; ജോബ് 2:12) (പി.ഓ.സി. ബൈബിള്‍ തലയില്‍ പൂഴിവിതറി എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്) പശ്ചാത്താപത്തിന്‍റെയും വിലാപത്തിന്‍റെയും ലക്ഷണമാണ്.
പശ്ചാത്താപത്തിന്‍റെ അനുഷ്ഠാനങ്ങള്‍ മാത്രമല്ല, ക്രിയാത്മകമായ ജീവിതനവീകരണ നടപടികളും യഹൂദരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അവര്‍ വിജാതിയരുമായുള്ള സകല സമ്പര്‍ക്കങ്ങളുമുപേക്ഷിച്ചിട്ടാണ് പാപങ്ങള്‍ ഏറ്റുപറയുന്നത്. നിയമപാരായണത്തിലെന്നതുപോലെ (8:1-8) അര്‍ദ്ധ ദിനം (ആറു മണിക്കൂര്‍) നീണ്ട ചടങ്ങാണ് പശ്ചത്താപദിനത്തിലും നടക്കുന്നത്. ഇതില്‍ മൂന്നു മണിക്കൂര്‍ പാപങ്ങള്‍ ഏറ്റു പറയുന്നതിനു ചെലവഴിച്ചു (വാ. 3). ലേവ്യരുടെ രണ്ടു പട്ടികകള്‍ (വാ.4-5) വ്യാഖ്യാനത്തിന് ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്. ആദ്യപട്ടികയിലുള്ള അഞ്ചുപേരുകള്‍ രണ്ടാമത്തെ പട്ടികയിലും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ഇതിനുള്ള കാരണം. ഒരേ ആളുകള്‍ തന്നെ രണ്ടുധര്‍മ്മങ്ങളും നിര്‍വ്വഹിച്ചു എന്നോ, യഥാര്‍ത്ഥത്തില്‍ ലേവ്യരുടെ ഒരു പട്ടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ; പില്‍ക്കാല സംശോധനയില്‍ അത് അശ്രദ്ധമായി ആവര്‍ത്തിക്കപ്പെട്ടതാണ് എന്നോ അനുമാനിക്കാം. ആദ്യവിഭാഗം ലേവ്യര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം വിളിച്ചപേക്ഷിക്കാനുള്ള ആഹ്വാനം ജനത്തിന് നല്‍കുകയാണ് ചെയ്യുന്നത്. വിളിച്ചപേക്ഷിക്കുന്നവര്‍തന്നെ തങ്ങളെ അനുകരിച്ച് വിളിച്ചപേക്ഷിക്കാന്‍ ജനത്തോട് ആഹ്വാനം ചെയ്യുന്നതായിരിക്കാം വിവരണത്തിന്‍റെ വിവക്ഷ.
പശ്ചാത്താപത്തിന്‍റെ പ്രാര്‍ത്ഥന (9:6-37)
ഹീബ്രുബൈബിളില്‍ കാവ്യരൂപത്തിലാണ് ഈ പ്രാര്‍ത്ഥന നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ഘടന ചുവടെ ചേര്‍ക്കുന്നു.
9:5യ - ദൈവത്തെ സ്തുതിക്കാനുള്ള ആഹ്വാനം.
9:6-31 - ഇസ്രായേലിന്‍റെ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകളെ അനുസ്മരിക്കുന്നു.
9:32 - പ്രാര്‍ത്ഥനയുടെ സമാപന അര്‍ത്ഥന.
9:33-35 - പാപങ്ങള്‍ ഏറ്റുപറയുന്നു.
9:36-37 - ജനങ്ങളുടെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കുന്നു.
ഈ കീര്‍ത്തനവുമായി ഏറ്റവും അടുത്ത് സാമ്യമുള്ളതായി കരുതാവുന്നത് 106-ാം സങ്കീര്‍ത്തനമാണ്. നെഹെ 9:36-37ലെ പ്രാര്‍ത്ഥനകള്‍ ആമോസിന്‍റെ പുസ്തകത്തിലും (ആമോ 4:13; 5:8-9;9:5-6) ചരിത്ര സങ്കീര്‍ത്തനങ്ങളിലും (സങ്കീ 78;105;135;136) ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ബാറൂക്ക് 1:15-3:8 മായുള്ള സാമ്യവും പ്രത്യേകം ശ്രദ്ധേയമാണ്. ഈ കീര്‍ത്തനം രചിച്ചയാള്‍ക്ക് പഞ്ചഗ്രന്ഥിയില്‍ അവഗാഹമുണ്ടെന്ന് അനുമാനിക്കാം.
ചരിത്രത്തിന്‍റെ അനുസ്മരണം (9:6-31)
ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവം നടത്തിയ അത്ഭുതകരമായ ഇടപെടലുകളെ അനുസ്മരിക്കുന്നതിലൂടെ യാഹ്വെയെ തങ്ങളുടെ ചരിത്രത്തിന്‍റെ നിയന്താവായി ജനം അംഗീകരിച്ച് ഏറ്റുപറയുകയാണിവിടെ. ഇതില്‍പ്രധാനമായും അഞ്ച് സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്.
പാപങ്ങള്‍ ഏറ്റുപറയുന്നു(9:32-37)
തങ്ങളും തങ്ങളുടെ പൂര്‍വ്വികരുംവഴി ദൈവതിരുമുമ്പില്‍ ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറയുന്നതാണ് തുടര്‍ന്നുള്ള ഭാഗം (വാ. 33-37). 'ഞങ്ങള്‍' എന്ന സര്‍വ്വനാമത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവിഭാഗം ജനങ്ങളും എന്നതാണ് പ്രഥമ അര്‍ത്ഥതലമെങ്കിലും 9:6-31 ലെ ചരിത്രാപഗ്രഥനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍വ്വികരുടെ പാപങ്ങളും ഇവിടെ പരാമര്‍ശവിഷയമാണെന്ന വാദം പ്രസക്തമാണ്. ദൈവത്തിന്‍റെ നിരവധിയായ നന്മകളെ അവഗണിച്ചതിന്‍റെ അനന്തരഫലമായി ഇസ്രായേല്‍ അടിമത്തം അനുഭവിക്കേണ്ടിവന്നു (വ. 35). "ഇന്നേദിവസം വരെ ഞങ്ങള്‍ അടിമത്തം അനുഭവിക്കുന്നു" എന്ന വാക്യം ശ്രദ്ധാര്‍ഹമാണ്. പ്രവാസം കഴിഞ്ഞ് സ്വദേശത്തേക്ക് തിരിച്ചുവന്നവര്‍ ഇപ്പോഴത്തെ അടിമത്തത്തെക്കുറിച്ച് പരാതിപ്പെടുന്നതില്‍ വൈരുധ്യം തോന്നാം. എന്നാല്‍ പ്രവാസം അവസാനിച്ചെങ്കിലും യഹൂദര്‍ ഇപ്പോഴും പൂര്‍ണ്ണസ്വതന്ത്രരായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നുണ്ട്. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം പേര്‍ഷ്യന്‍ അധികാരികള്‍ നികുതിയായി എടുത്തുകൊണ്ടുപോകുന്ന ദുരവസ്ഥയെക്കുറിച്ചാകാം അടിമത്തം എന്ന് വിവക്ഷിക്കുന്നത്. ഭൂമിയുടെയും കന്നുകാലികളുടെയും വിളകളുടെയുംമേല്‍ പേര്‍ഷ്യക്കാര്‍ പുലര്‍ത്തിയിരുന്ന അധികാര മനോഭാവത്തെയാണ് (വാ.37) ഇവിടെ സൂചിപ്പിക്കുന്നത്. 3-4മ വാക്യങ്ങള്‍ പില്‍ക്കാലരചനയാകാനാണ് കൂടുതല്‍ സാധ്യത (ദേവാലയ ശുശ്രൂഷകരും സോളമന്‍റെ ദാസരും എന്ന പദപ്രയോഗം പില്‍ക്കാലശൈലിയാണ്). 21-24 വാക്യങ്ങളും പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് (21-ാം വാക്യം, 3-ാം വാക്യത്തെ അനുസ്മരിപ്പിക്കുമ്പോള്‍ 23-ാം വാക്യം, 22-ാം വാക്യത്തെ വിശദീകരിക്കുന്നതാണ്).
ജറുസലേമില്‍ വസിക്കാനുള്ളവരെ നറുക്കിട്ടു തീരുമാനിക്കുന്നത് ജറുസലേമില്‍ വസിക്കാന്‍ ഒരുപാടുപേര്‍ ആഗ്രഹിച്ചിരുന്നതിനാലാകാം. നഗരത്തിനുവെളിയില്‍ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും ഉണ്ടാകാനിടയുള്ളതാകാം ഇതിനു കാരണം. ദേവാലയവും മതിലും പണിതതോടെ ജറുസലേം "വിശുദ്ധനഗരം" എന്നാണ് അറിയപ്പെടുന്നത്(വാ.1-3). വിശുദ്ധനഗരമായതിനാല്‍ ജനത്തിന്‍റെ ദശാംശം (പത്തില്‍ ഒരാള്‍വീതം) ജറുസലേമില്‍ വസിക്കാനുള്ള തീരുമാനം പ്രതീകാത്മകമാണ്. നഗരവാസികളുടെ പട്ടിക താഴെ പറയും വിധമാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
യൂദാ ഗോത്രജര്‍ (വാ.4-6)
ബഞ്ചമിന്‍ ഗോത്രജര്‍ (വാ.7-8)
ബഞ്ചമിന്‍ ഗോത്രനേതാക്കള്‍ (വാ.9)
പുരോഹിതര്‍ (വാ.10-14)
ലേവ്യര്‍ (വാ.15-18)
വാതില്‍കാവല്‍ക്കാര്‍ (വാ.19)
പട്ടികയുടെ ഉപസംഹാരം (വാ.20-24)
യൂദായിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പട്ടിക (വാ.25-35)
യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങളിലെ അല്‍മായരുടെ പട്ടികയാണ് 11:4-9ല്‍ നല്‍കിയിരിക്കുന്നത്. പൂര്‍വ്വപിതാവായ യൂദായ്ക്ക് 3 മക്കളാണ് ഉണ്ടായിരുന്നത്; ഷേലാ, പെരസ്, സേറ (ഉല്‍പ 38:11,29-30; 46:12). നെഹെ 11:4ല്‍ പരാമര്‍ശിക്കുന്ന അത്തായിയാ പെരസിന്‍റെ ആറുതലമുറകള്‍ക്കു ശേഷമുള്ള പുത്രനാണ്. ഷെലായുടെ ഏഴുതലമുറകള്‍ക്കു ശേഷമുണ്ടായ മാസേയിയായെ 5-ാം വാക്യം പരാമര്‍ശിക്കുന്നുണ്ട്. സേറായുടെ പേര് 11:5 ല്‍ കാണുന്നില്ലെങ്കിലും 11:24 ല്‍ പരാമര്‍ശിക്കുന്നുണ്ട്. ജറുസലേംനിവാസികളുടെ പൂര്‍വ്വപിതാക്കളെ വെളിപ്പെടുത്തുന്നതിലൂടെ വിശുദ്ധനഗരത്തില്‍ വസിക്കുന്നവര്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട വംശശുദ്ധിയെയാണ് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്.
ബഞ്ചമിന്‍ഗോത്രത്തില്‍നിന്ന് സല്ലുവിന്‍റെയും സഹോദരന്‍മാരുടെയും പേരുവിവരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. പുരോഹിതന്‍മാരുടെ പട്ടികയാണ് 10-14 വാക്യങ്ങളിലുള്ളത്. ഇവരുടെ പേരുവിവരങ്ങള്‍ തമ്മില്‍ വിവിധ കയ്യെഴുത്തുപ്രതികളില്‍ സാരമായ വ്യത്യാസം കാണുന്നുണ്ട്. 1 ദിന 6:13-14 ലെ വിവരണമനുസരിച്ച് സെറായിയാ ഹില്‍ക്കിയുടെ പൗത്രനാണ്. 'ദേവാലയഭരണാധികാരിچ (വാ.11) എന്ന സ്ഥാനപ്പേര് (ഹീബ്രുവില്‍ നാഗിദ്) പ്രധാനപുരോഹിതനെ സൂചിപ്പിക്കുന്നു. അദായിയായുടെ വംശാവലിയില്‍ പറയുന്ന ഏഴുപേരുകളില്‍ ആദ്യത്തെ രണ്ടുപേരുകളും അവസാനത്തെ രണ്ടുപേരുകളും (വാ.12) 1ദിന 9:12ല്‍ കാണാം. എസ്രാ 2:36-39 ലെ നാലുപുരോഹിതകുടുംബങ്ങളില്‍ മൂന്നെണ്ണങ്ങളെക്കുറിച്ച് 10-13 വാക്യങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്, പുരോഹിതരുടെ എണ്ണമായി നല്‍കിയിരിക്കുന്ന 1193 പേര്‍ എന്നത് കൃത്യമായ സംഖ്യയാണോ പ്രതീകാത്മകമാണോ എന്നതിനെക്കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. എസ്രാ 2:36ലെ പുരോഹിതരുടെ എണ്ണം 973 മാത്രമാണ്. 14-ാം വാക്യത്തിലെ "ശൂരപരാക്രമികള്‍" എന്ന വിശേഷണത്തിലൂടെ 1192 പേര്‍ പുരോഹിതരാണോ യോദ്ധാക്കളാണോ എന്ന സംശയവും അവശേഷിക്കുന്നുണ്ട്.
ലേവ്യരുടെ വംശാവലിയില്‍ (വാ.15-18) ആദ്യത്തെ നാലുതലമുറകള്‍ക്ക് നെഹെമിയായുടെയും 1ദിനവൃത്താന്തകാരന്‍റെയും വിവരണങ്ങള്‍ തമ്മില്‍ മാറ്റമില്ല. എന്നാല്‍ അഞ്ചാം തലമുറയില്‍ "ബുന്നിയുടെ പുത്രന്‍" എന്നതിനുപകരം (വാ.16) 1ദിന 9:14ല്‍ "മെറാറിയുടെ പുത്രന്‍മാര്‍" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദാവീദിന്‍റെ കൊട്ടാരത്തിലെ ഗായകസംഘനേതാവായിരുന്ന ആസാഫിന്‍റെ വംശാവലിയില്‍പെട്ട മത്താനിയാ (വാ.17) ആണ് നെഹെമിയായുടെ കാലത്തും ഗായകസംഘത്തിന് നേതൃത്വം നല്‍കിയത് (ദിന 25:1-6). പുരോഹിതരുടെ എണ്ണത്തിന്‍റെ നാലിലൊരു ഭാഗം മാത്രമേ ലേവ്യര്‍ ഉണ്ടായിരുന്നുള്ളൂ (284 പേര്‍). എന്നാല്‍ 1ദിന 9:10-13ലെ പുരോഹിത-ലേവ്യ അനുപാതം ഇതിലും കുറവായിരുന്നു (ആറിലൊന്ന് മാത്രം).
11:19-24ലെ വാതില്‍ കാവല്‍ക്കാരുടെ പട്ടിക 1ദിന 9:17-22നു സമാന്തരമാണ്. 1ദിന 9:18-32ല്‍ ദ്വാരപാലകരുടെ മറ്റുകടമകളും വിശദീകരിക്കുന്നുണ്ട്. ദിനവൃത്താന്തകാരന്‍ വാതില്‍ കാവല്‍ക്കാരെ ലേവായരുടെ ഗണമായി എണ്ണുന്ന സാമൂഹികവ്യവസ്ഥിതി നെഹെമിയായുടെ കാലത്തിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. എസ്രാ 2:42ലെ വാതില്‍കാവല്‍ക്കാരുടെ പട്ടികയിലും ഈ പേരുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ ഇവ വ്യക്തിനാമങ്ങളല്ല, കുടുംബനാമങ്ങളാണെന്ന് അനുമാനിക്കാം. നെഹെമിയാ 11:20 ജറുസലേം നിവാസികളുടെ പട്ടികയ്ക്കുള്ള ഉപസംഹാരവാചകമാണ്. ഈ അധ്യായത്തിന്‍റെ ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ വാ. 21-24 പില്‍ക്കാലസംശോധനയില്‍ ഉരുത്തിരിഞ്ഞതാണ് എന്ന് അനുമാനിക്കാം.
നിയമപാലനത്തിനുള്ള ഉറച്ച ഉടമ്പടി (9:38-10,30)
ചരിത്രം നല്‍കിയ പൊള്ളുന്ന പാഠങ്ങളെ അവലംബമാക്കി നിയമപാലനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുസ്വീകരിക്കാന്‍ ജനം ദൈവവുമായി ഒരു കരാറില്‍ (ഹീബ്രുവില്‍ 'അമാന') ഏര്‍പ്പെടുകയാണ്. ഈ څകരാര്‍چ ഉടമ്പടിയില്‍നിന്ന് (ഹീബ്രുവില്‍ 'ബെറിത്') വ്യത്യസ്തമാണ്. ദൈവം മുന്‍കൈ എടുത്ത് നടത്തുന്ന ഉടമ്പടിയില്‍ നിന്ന് വ്യത്യസ്തമായി കരാര്‍ എന്നത് മനുഷ്യന്‍റെ പ്രതിജ്ഞയാണ്. "ഉടമ്പടിയില്‍ ഒപ്പുവെച്ചവര്‍" എന്ന പദത്തിന് പാഠഭേദമുണ്ട്. മൂലഭാഷയില്‍ "ഹാ ഹത്തേമിം" (ഒപ്പുവെച്ചവര്‍) എന്നും "അല്‍ ഹാഹത്തുമിം"(ഒപ്പുവെച്ച രേഖകള്‍) എന്നുമുള്ള രണ്ട് വ്യത്യസ്തപാഠങ്ങള്‍ കയ്യെഴുത്തു പ്രതികളിലുണ്ട്. പി.ഓ.സി.ബൈബിള്‍ "ഒപ്പുവെച്ചവര്‍" (ഹാ ഹത്തേമിം) എന്ന അര്‍ത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്. പി.ഓ.സി വിവര്‍ത്തനത്തിന്‍റെ സാധുതയാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. കാരണം, തുടര്‍ന്നുവരുന്നത് ഒപ്പുവെച്ച വ്യക്തികളുടെ പേരുകളാണ്. നെഹെമിയായ്ക്കൊപ്പം ഒപ്പുവെച്ച സദെക്കിയാ നെഹെമിയായുടെ സഹായിയായിരുന്നു(നെഹെ. 13:13). ഒപ്പുവെച്ചവരുടെ പട്ടിക നാലുഗണങ്ങളായി തിരിച്ചാണ് നല്‍കിയിരിക്കുന്നത്.
നെഹെമിയാ 10:1-29ല്‍ നല്‍കിയിരിക്കുന്ന പേരുകളില്‍ പലതും നെഹെമിയാ 12:1-7ലും 12:12-21ലും ആവര്‍ത്തിക്കുന്നവയാണ്. ചുവടെ കൊടുത്തിരിക്കുന്ന പട്ടിക ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. 10:2-8ല്‍ പരാമര്‍ ശിക്കുന്ന 21 പുരോഹിതരില്‍ 5പേരുകള്‍മാത്രമേ 12-ാം അധ്യായത്തിലെ പട്ടികയില്‍ ഇല്ലാത്തതായുള്ളൂ. പുരോഹിതരുടെ കുടുംബനാമങ്ങളെ വ്യക്തിനാമങ്ങളായി കരുതുന്ന ശൈലിയും ഈ പട്ടികയില്‍ ദൃശ്യമാണ്.
TABLE 1
ലേവ്യരുടെ പട്ടികയില്‍ പരാമര്‍ശിക്കുന്ന നാമങ്ങളും (വാ. 9-13) നെഹെമിയായുടെ ഗ്രന്ഥത്തില്‍ അന്യത്ര ദൃശ്യമാണ്(8:7; 9:4-5; 12:8). ലേവ്യരുടെ പട്ടികയില്‍ പരാമര്‍ശിക്കുന്ന 15പേരുകളില്‍ - ഇതില്‍ ഷെബാനിയ, ഹോദിയാ എന്നീപേരുകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്- 12 പേരുകളും അന്യത്ര പരാമര്‍ശിക്കപ്പെടുന്നുണ്ട്. 10:14-27ലെ അത്മായനേതാക്കളുടെ പട്ടികയില്‍ പരാമര്‍ശിക്കുന്ന 21 നാമങ്ങളില്‍ ഇരുപതെണ്ണവും എസ്രാ 1, നെഹെമിയാ 7 എന്നീപട്ടികകളില്‍ കുടുംബനാമമായോ സ്ഥലനാമമായോ ആവര്‍ത്തിക്കപ്പെടുന്നവയാണ്. ഹോദിയയുടെ പേരുമാത്രമേ ഈ പട്ടികയില്‍ പുതുതായി കാണാനാകുന്നുള്ളൂ. പുരോഹിതരും ലേവായരും നേതാക്കളും മാത്രമല്ല വാതില്‍കാവല്‍ക്കാരനും ഗായകരും ദൈവാലയശുശ്രൂഷകരും വിജാതീയരുമായി സംസര്‍ഗ്ഗം വെടിഞ്ഞ സകലരും ഉറച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചു എന്ന പരാമര്‍ശം (വാ. 28-29) ഈ കരാറിന്‍റെ സമഗ്രതയെ സൂചിപ്പിക്കുന്നു.
ഉടമ്പടിയുടെ വ്യവസ്ഥകള്‍ ( 10:31-39)
എസ്രാ - നെഹെമിയായുടെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്ന മിശ്രവിവാഹം തന്നെയാണ് ഉടമ്പടിയുടെ ആദ്യവ്യവസ്ഥയായി അവതരിപ്പിക്കുന്നത്(വാ. 30). വിജാതീയരുമായുള്ള വിവാഹത്തെ ഏറ്റവും നിഷിദ്ധമായ കര്‍മ്മമായിട്ടാണ് നെഹെമിയാ വിശേഷിപ്പിക്കുന്നത്(13:23-27). നിയമാവര്‍ത്തനം 7:3-4ല്‍ തദ്ദേശീയരുമായുള്ള വിവാഹത്തെ അനുകൂലിക്കുന്ന നിയമങ്ങളുടെ തിരുത്തലോ പരിഷ്കരണമോ ആയി എസ്രാ-നെഹെമിയായുടെ കാലത്തെ നിയമത്തെ മനസ്സിലാക്കാം. നിയമാവര്‍ത്തനഗ്രന്ഥം പരാമര്‍ശിക്കുന്ന ദേശവാസികളുടെ പട്ടികയിലെ ഹിത്യര്‍, ഹിവ്യര്‍, ജെബൂസ്യര്‍, ആമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍ തുടങ്ങിയ വിഭാഗങ്ങളെ "ദേശവാസികള്‍" എന്ന ഒറ്റവാക്കിലാണ് നെഹെമിയായുടെ ഗ്രന്ഥം വിശേഷിപ്പിക്കുന്നത്. എസ്രാ 10-ാം അധ്യായത്തിലെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി മിശ്രവിവാഹങ്ങള്‍ വേര്‍പെടുത്തണം എന്ന നിലപാട് നെഹെമിയാ 10-ാം അധ്യായത്തിലും 13-ാം അധ്യായത്തിലും കാണുന്നില്ല. രണ്ടാമത്തെ വ്യവസ്ഥ സാബത്താചരണത്തെക്കുറിച്ചാണ്(വാ.31). സാബത്തിലെ ക്രയവിക്രയങ്ങള്‍ നിയമവിരുദ്ധമായിരുന്നു (ആമോ. 8:5). സാബത്തില്‍ ഭാരംവഹിക്കുന്നതിനെ ജറെമിയായും വിലക്കുന്നുണ്ട്(ജറെ. 17:21-22). മൂന്നാമത്തെ വ്യവസ്ഥ സാബത്തുവര്‍ഷാചരണത്തെക്കുറിച്ചാണ്. സാബത്തുവര്‍ഷത്തിലെ വിളകള്‍ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് (പുറ. 23:10-11). സാബത്തുവര്‍ഷത്തില്‍ കടങ്ങള്‍ ഇളച്ചുനല്‍കുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്യേണ്ടതാണ്(പുറ.21:2-6; നിയ 15:1-18; ജറെ 34:8-16). ഈ നിയമങ്ങളുടെ കര്‍ക്കശമായ അനുസരണമാണ് നെഹെമിയാ ആവശ്യപ്പെടുന്നത്. നാലാമത്തെ പ്രതിജ്ഞ(വ്യവസ്ഥ) ദേവാലയ നികുതിയെക്കുറിച്ചാണ്. ധനികനും ദരിദ്രനും തങ്ങളുടെ മോചനദ്രവ്യമായി അരഷെക്കല്‍ നികുതി ദേവാലയത്തിലെ ആവശ്യങ്ങള്‍ക്കായി നല്‍കണമെന്ന് നിയമമുണ്ടായിരുന്നു (പുറ. 30:11-16). രാജഭരണകാലത്ത് രാജാക്കന്‍മാര്‍ ദേവാലയത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതിനാല്‍ ദൈവാലയനികുതി കാലക്രമത്തില്‍ നിന്നുപോയിരുന്നു. പ്രവാസാനന്തരകാലഘട്ടത്തില്‍ ഈ നികുതിവ്യവസ്ഥ തിരികെ കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം പരിഗണിച്ച് അരഷെക്കല്‍ എന്നത് മൂന്നില്‍ഒന്ന് ഷെക്കല്‍ ആയി ചുരുക്കി(വാ.32-33). പ്രതിവാരം സമര്‍പ്പിക്കുന്ന കാഴ്ചയപ്പത്തിനുള്ള ചെലവുകളും ജനം വഹിക്കാമെന്ന് പ്രതിജ്ഞചെയ്തു.
കര്‍ത്താവിനു സമര്‍പ്പിക്കുവാനായി ദേവാലയത്തിന്‍റെ പൊന്‍മേശയിലോ, വാഗ്ദത്തപേടകത്തിന്‍റെ മുമ്പിലോ അര്‍പ്പിക്കുന്ന പന്ത്രണ്ട് അപ്പമാണ് കാഴ്ചയപ്പം. ഇവ പുളിപ്പില്ലാത്തതും നേരിയ മാവുകൊണ്ട് ഉണ്ടാക്കുന്നതുമാണ്. ഓരോ അപ്പത്തിനും പത്തില്‍ രണ്ട് ഏഫാ മാവ് ഉപയോഗിക്കും(പുറ. 25:23-30). ഇവ ആറുവീതം രണ്ടുനിരകളായാണ് പൊന്‍മേശയില്‍ വെയ്ക്കുക. എല്ലാ സാബത്തുദിവസവും തിരുസാന്നിധ്യ അപ്പം തല്‍സ്ഥാനത്തുനിന്ന് മാറ്റി പുതിയവ സമര്‍പ്പിക്കും (1.സാമു 21:5-7). പഴയ അപ്പം പുരോഹിതര്‍ക്ക് അവകാശപ്പെട്ടതാണ്.
തിരുസാന്നിധ്യഅപ്പം (2ദിന. 2:4), ദൈവസന്നിധിയില്‍ നിവേദിക്കുന്ന അപ്പം, ദിനംതോറും സമര്‍പ്പിക്കുന്ന അപ്പം (സംഖ്യ 4:7), വിശുദ്ധഅപ്പം (1. സാമു. 21:6), അപ്പം(പുറ. 40:23) എന്നീപേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.
അഞ്ചാമത്തെ പ്രതിജ്ഞ ബലിപീഠത്തിലെ ആവശ്യത്തിനായുള്ള വിറകിന്‍റെ നേര്‍ച്ചയാണ്. വിറകുനല്‍കണമെന്ന വ്യവസ്ഥ നിയമഗ്രന്ഥങ്ങളില്‍ കാണുന്നില്ല. പ്രവാസാനന്തരകാലഘട്ടത്തിലെ മാറിയ സാഹചര്യങ്ങളും വിറകിന്‍റെ ദൗര്‍ലഭ്യവുമാകാം ഈ പുതിയ നിയമത്തിന്‍റെ ആവിര്‍ഭാവത്തിന് കാരണമായത്. ഗിബയോണ്‍കാര്‍ ആരംഭകാലത്ത് ബലിപീഠത്തിലേക്ക് ആവശ്യമായ വിറകു നല്‍കിയിരുന്നതിനാലാകാം (ജോഷ്വാ 9:27) മുന്‍കാലങ്ങളില്‍ വിറകുനേര്‍ച്ച ഒഴിവാക്കിയിരുന്നത്. ആറാമത്തെ പ്രതിജ്ഞ ആദ്യഫലങ്ങളെയും ആദ്യജാതരെയും സംബന്ധിച്ചുള്ളതാണ് (വാ. 35-36). വിളവുകളുടെ ആദ്യഫലങ്ങളെ ദൈവത്തിന് സമര്‍പ്പിക്കുന്നതുവരെ സകലഫലങ്ങളും ദൈവത്തിന് അവകാശപ്പെട്ടതാണെന്നും മനുഷ്യര്‍ ഉപയോഗിക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു(പുറ. 23:19; 34:26; സംഖ്യ 18:12-13).
ഇസ്രായേലിലെ ആദ്യജാതരും മൃഗങ്ങളുടെ കടിഞ്ഞൂലുകളും ദൈവത്തിനവകാശപ്പെട്ടതായിരുന്നു(പുറ. 22:29-30). എന്നാല്‍ അശുദ്ധമായമൃഗങ്ങള്‍ക്കു പകരം ആടുകളെ ബലിയര്‍പ്പിച്ച് അവയെ വീണ്ടെടുക്കാം(രളൃ. പുറ. 13:13; 34:19; സംഖ്യ 18:15-16). ബലിയോഗ്യമായമൃഗങ്ങളെ തിരിച്ചെടുക്കാവുന്നതല്ല. ആദ്യവിളവിന്‍റെ ആദ്യഫലം ദൈവത്തിനുള്ളതത്രേ (പുറ. 23:19; സംഖ്യ 18:12-13; നിയ. 18:4). ആദ്യഫലങ്ങളുടെ നീരാജനബലി പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിലും (ലേവ്യ. 23:9-14) വിളവെടുപ്പു തിരുനാളിലുമാണ്(ലേവ്യ. 23:20) അര്‍പ്പിക്കേണ്ടത്.
ആദ്യഫലങ്ങളോടൊപ്പം പാചകം ചെയ്ത ഭക്ഷണങ്ങളും കാഴ്ചവെക്കുന്ന പുതിയ ഒരു വ്യവസ്ഥകൂടി നെഹെമിയാ കൂട്ടിച്ചേര്‍ക്കുന്നുണ്ട് (വാ. 37). ആദ്യഫലങ്ങളും പാകം ചെയ്തവയും തമ്മിലുള്ള വേര്‍തിരിവ് നിയമഗ്രന്ഥത്തിലുണ്ട് (നിയ 15:20-21; 18:12; നിയ 18:4; എസെ 44:30). പാകംചെയ്ത ഫലങ്ങള്‍ പുരോഹിതരുടെ അവകാശമായിരുന്നു (നെഹെ 13:4-5; 2ദിന 31:11-12).
ഏഴാമത്തെ പ്രതിജ്ഞ ദശാംശം നല്‍കുന്നതിനെക്കുറിച്ചാണ്. ദശാംശം നല്‍കപ്പെടാത്തതിനാല്‍ പുരോഹിതര്‍ക്ക് നിത്യവൃത്തിക്ക് വഴിയില്ലാതായി എന്ന സങ്കടകരമായ വസ്തുതയും ഇവിടെ സൂചിപ്പിക്കുന്നുണ്ട്(13;1014). ദശാംശം എന്നത് ഇസ്രായേലിന്‍റെ മതാത്മകതയുമായി അഭേദ്യം ബന്ധപ്പെട്ട വസ്തുതയാണ്.
ഒരുവ്യക്തിയുടെ വാര്‍ഷികവരുമാനത്തിന്‍റെ പത്തിലൊരംശം മതപരമായ ആവശ്യങ്ങള്‍ക്കായി നീക്കിവെക്കുന്ന പാരമ്പര്യം മധ്യപൂര്‍വ്വദേശങ്ങളില്‍ പുരാതനകാലം മുതല്‍ നിലവിലുണ്ടായിരുന്നു. ബി.സി ആറാം നൂറ്റാണ്ടില്‍ ബാബിലോണിയായിലെ ആരാധനാലയങ്ങള്‍ പരിരക്ഷിക്കുവാനായി ഇപ്രകാരമൊരു ധനശേഖരണസംവിധാനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. രാജാവിന്‍റെ ഖജനാവിലേക്കുള്ള ധനാഗമമാര്‍ഗ്ഗമെന്ന നിലയിലും പ്രജകളില്‍നിന്ന് ദശാംശം സ്വീകരിച്ചിരുന്നു. സിറിയായിലെ സെലൂക്യരാജാക്കന്‍മാരും ഇപ്രകാരം ദശാംശം സ്വീകരിച്ചിരുന്നു (1 മക്ക. 10:31; 11:35). എന്നാല്‍, യഹൂദരെ സംബന്ധിച്ചിടത്തോളം ദശാംശം എന്നത് മതപരമായ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ് (1 മക്ക. 3:49).ദശാംശം നല്‍കുന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ വിവരണങ്ങള്‍ ബൈബിളില്‍ കണ്ടെത്താനാവും. തന്മൂലം വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തനിയമങ്ങളാണ് നിലനിന്നിരുന്നതെന്ന് അനുമാനിക്കാം.
എസ്രായുടെയും നെഹെമിയായുടെയും കാലത്ത് പുരോഹിതന്‍മാരുടെയും ലേവായരുടെയും പരിരക്ഷണത്തിനായിട്ടാണ് ജനങ്ങളില്‍ നിന്ന് ദശാംശം സ്വീകരിച്ചിരുന്നത്. ഇത് ശേഖരിച്ചിരുന്നത് ദേവാലയത്തില്‍ വെച്ചായിരുന്നു(നെഹെ. 10:37-38; 12:44; 13:5, 12). എന്നാല്‍, ഈ കാലഘട്ടത്തില്‍ ദശാംശം നല്‍കുന്നതില്‍ പലരും വീഴ്ച വരുത്തിയിരുന്നു(മലാ. 3:8,10).
ദശാംശം നല്‍കുന്നതിനെക്കുറിച്ച് കൃത്യമായ നിയമങ്ങള്‍ പഞ്ചഗ്രന്ഥിയില്‍ കണ്ടെത്താനാവും. ആകാശത്തിലും ഭൂമിയിലുമുള്ള സകലതും കര്‍ത്താവിന്‍റേതാകയാല്‍ ഫലമൂലാദികളുടെയും മനുഷ്യനുള്ള സകലസമ്പത്തിന്‍റെയും ദശാംശം കര്‍ത്താവിന് നല്‍കണം(ലേവ്യ.27:30-33). എന്നാല്‍ പുരോഹിതര്‍ ചെയ്യുന്ന സേവനത്തിന് പ്രതിഫലമായി അവര്‍ക്ക് ദശാംശം നല്‍കണമെന്നാണ് സംഖ്യയുടെ പുസ്തകത്തില്‍ ആവശ്യപ്പെടുന്നത് (സംഖ്യ. 18:21-32). വീഞ്ഞ്, ധാന്യം, എണ്ണ എന്നിവയുടെ ദശാംശവും എല്ലാ ആദ്യഫലങ്ങളും ആടുമാടുകളുടെ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കേണ്ടതുണ്ട് (നിയ. 14:22-29). എന്നാല്‍, നിയമാവര്‍ത്തനഗ്രന്ഥകാരന്‍റെ വീക്ഷണമനുസരിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുരോഹിതര്‍ക്കും ലേവായര്‍ക്കും വിധവകള്‍ക്കും പരദേശികള്‍ക്കുമായി ദശാംശം നല്‍കിയാല്‍മതി. മറ്റുവര്‍ഷങ്ങളില്‍ കര്‍ത്താവിനായി നീക്കിവെയ്ക്കുന്ന ദശാംശം ദേവാലയത്തില്‍ വെച്ച് ഉടമസ്ഥനുതന്നെ ഭക്ഷിക്കാം (നിയ. 14:23). നിയമാവര്‍ത്തന ദൈവശാസ്ത്രത്തിന്‍റെ സ്വാധീനത്തില്‍ ജറുസലേം ദേവാലയത്തിലൊഴികെ മറ്റ് ആരാധനാലയങ്ങളില്‍ ബലിയര്‍പ്പണങ്ങള്‍ നിരോധിക്കപ്പെട്ടു. തന്മൂലം, വരുമാനം നിലച്ചുപോയ പ്രസ്തുത ആരാധനാലയങ്ങളിലെ പുരോഹിതന്‍മാരെയും ലേവായരെയും സംരക്ഷിക്കുവാനാണ് ദശാംശം നല്‍കുന്ന രീതി നടപ്പിലാക്കിയത് (cfr. നിയ. 1:12). ആരെങ്കിലും ദശാംശത്തില്‍ നിന്ന് ഒരുഭാഗം വീണ്ടെടുക്കാന്‍ ആഗ്രഹിച്ചാല്‍, ദശാംശമായി നല്‍കിയ വസ്തുക്കളുടെ മൊത്തം വിലയുടെ അഞ്ചിലൊന്ന് പ്രതിഫലമായി ദേവാലയത്തില്‍ നല്‍കണം (ലേവ്യ. 27:31). സ്വന്തമായി വരുമാന മാര്‍ഗ്ഗമില്ലാത്ത നിര്‍ദ്ധനരായ വ്യക്തികളുടെ (ലേവ്യര്‍, പുരോഹിതര്‍, അനാഥര്‍, വിധവകള്‍, പരദേശികള്‍) സംരക്ഷണാര്‍ത്ഥമാണ് ഇസ്രായേല്‍ക്കാര്‍ ദശാംശം നല്‍കിയിരുന്നത്.
വിശുദ്ധകാര്യങ്ങള്‍ക്കായല്ലാതെ നടത്തിയിരുന്ന ദശാംശപിരിവുകളെക്കുറിച്ചും പഴയനിയമത്തില്‍ സൂചനകളുണ്ട്. രാജാവിനെ നിയമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിവരിക്കുമ്പോള്‍, "അവന്‍ നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ആടുമാടുകളുടെയും ദശാംശം പിരിച്ചെടുക്കുമെന്ന്" സാമുവല്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട് (1 സാമു. 8:15,17). ഇത്തരം ദശാംശങ്ങള്‍ രാജകീയ ഖജനാവിലേക്കുള്ള വരുമാനമാര്‍ഗ്ഗങ്ങളായിരുന്നുവെന്ന് അനുമാനിക്കാം.
ദശാംശത്തെക്കുറിച്ച് നിയതമായ നിയമങ്ങള്‍ നിലവില്‍ വരുന്നതിനുമുമ്പ്, പൂര്‍വ്വപിതാക്കന്‍മാരുടെ കാലംമുതല്‍ തങ്ങളുടെ സമ്പത്തിന്‍റെ ദശാംശം ദൈവികകാര്യങ്ങള്‍ക്ക് നല്‍കുന്ന പതിവ് നിലവിലുണ്ടായിരുന്നു. ഉദാഹരണമായി, അബ്രാഹം താന്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊള്ളമുതലിന്‍റെ ദശാംശം പുരോഹിതനായ മെല്‍ക്കിസെദെക്കിന് നല്‍കി (ഉല്‍പ. 14:20; cf. ഹെബ്രാ. 7:1-10). ബഥേലില്‍ വെച്ചുണ്ടായ സ്വപ്നത്തിനുശേഷം തന്‍റെ സമ്പത്തിന്‍റെ പത്തിലൊന്ന് കര്‍ത്താവിന് കാഴ്ചവെക്കാന്‍ യാക്കോബ് തീരുമാനിച്ചു (ഉല്‍പ. 28:22).
ദൈവികകാര്യങ്ങള്‍ക്കായും രാജകീയാവശ്യങ്ങള്‍ക്കായും ദശാംശം നല്‍കുന്ന പാരമ്പര്യം യഹൂദരുടെ ഇടയില്‍ ആദിമകാലംമുതല്‍ നിലവിലുണ്ടായിരുന്നുവെന്ന് ഈ വിവരണങ്ങള്‍ വ്യക്തമാക്കുന്നു. ഈ രണ്ടുദശാംശങ്ങളും തുടക്കത്തില്‍ ഒന്നുതന്നെയായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കാരണം, ജറുസലേമിലെയും ബഥേലിലെയും ആരാധനാലയങ്ങള്‍ സ്ഥാപിച്ചത് രാജാക്കന്‍മാരാണ് (1 രാജാ. 6-8; 12:25-33; ആമോ. 7:13). തന്മൂലം ദേവാലയത്തില്‍ ലഭിക്കുന്ന ദശാംശം രാജാവിന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല (cf. എസെ. 45:17). കാരണം, ദേവാലയത്തിന്‍റെ സംരക്ഷണച്ചുമതല രാജാവിനായിരുന്നു. ഹെസെക്കിയ രാജാവ് ദേവാലയത്തിലേക്കുള്ള ദശാംശം സ്വീകരിക്കുന്നതിനെക്കുറിച്ച് ദിനവൃത്താന്തകാരന്‍ രേഖപ്പെടുത്തുന്നുണ്ട്(2 ദിന. 31:5,6,12).
ദശാംശത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ യഹൂദരുടെ ഇടയില്‍ പില്‍ക്കാലത്ത് വളരെയേറെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഭൂമിയില്‍നിന്ന് മുളച്ചുവളരുന്ന സകലത്തിന്‍റെയും ദശാംശം നല്‍കണമെന്ന്(cf. ലൂക്കാ. 18:12) അവര്‍ നിയമമുണ്ടാക്കി. പഞ്ചഗ്രന്ഥിയിലെ വിവരണങ്ങള്‍ (ലേവ്യ.27:30-33; സംഖ്യ 18:21-32; നിയ. 14:22-29) തമ്മിലുള്ള വ്യത്യാസം ഒഴിവാക്കുവാനായി രണ്ടുതരത്തിലുള്ള ദശാംശങ്ങള്‍ നടപ്പിലാക്കപ്പെട്ടു. ഒന്ന് പുരോഹിതന്‍മാര്‍ക്കായും മറ്റൊന്ന് ഉടമസ്ഥന് ഭക്ഷിക്കുവാനായും.
നിസ്സാരവസ്തുക്കളുടെ പോലും ദശാംശം കൊടുക്കുന്നതില്‍ അതിരുകടന്ന തീക്ഷ്ണത കാണിക്കുകയും ആന്തരികമായി സത്യത്തിനും നീതിക്കും പ്രാധാന്യം കല്‍പിക്കാതിരിക്കുകയും ചെയ്യുന്ന ഫരിസേയരുടെ കാപട്യത്തെ യേശു വിമര്‍ശിക്കുന്നുണ്ട് (മത്താ. 23:23). ദശാംശം നല്‍കുന്നതിനെയല്ല യേശു വിമര്‍ശിക്കുന്നത്, ദശാംശം നല്‍കുന്നവന്‍റെ മനോഭാവത്തെയാണ്.
ദൈവത്തിന്‍റെ ആലയത്തെ ഞങ്ങള്‍ വിസ്മരിക്കില്ല (വാ. 39) എന്ന പ്രതിജ്ഞയോടെയാണ് ഉടമ്പടി അവസാനിക്കുന്നത്. ഉടമ്പടിയിലെ പ്രതിജ്ഞകളെല്ലാംതന്നെ ദേവാലയത്തിന്‍റെ സുഗമമായ നടത്തിപ്പും സുസ്ഥിരതയും ഉറപ്പുവരുത്താനുള്ളവയായിരുന്നു. തന്മൂലം മുന്‍പ്രതിജ്ഞകള്‍ക്കുചേര്‍ന്ന ഉപസംഹാരം തന്നെയാണ് ഈ വാക്യം. "കര്‍ത്താവിന്‍റെ ആലയം എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു" (13:11) എന്ന നെഹെമിയായുടെ ചോദ്യത്തിനുള്ള മറുപടിയായും ഈ വാക്യത്തെ മനസ്സിലാക്കാം. പത്താം അധ്യായത്തിന്‍റെ യഥാര്‍ത്ഥസ്ഥാനം 13-ാം അധ്യായത്തിന് ശേഷമാണ് എന്ന വസ്തുത (വിശദാംശങ്ങള്‍ക്ക് 7:73- 10:36ന്‍റെ ആമുഖ വ്യാഖ്യാനം കാണുക) പരിഗണിക്കുമ്പോള്‍ ഈ വ്യാഖ്യാനം കൂടുതല്‍ അര്‍ത്ഥവത്താകുന്നു.
ജറുസലേമിലെ പുതിയ താമസക്കാര്‍ (11:1-24)
നെഹെമിയാ 7:5ല്‍ ജറുസലേമിലേക്ക് പുതിയ താമസക്കാരെ കൊണ്ടുവരുന്നതിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ തുടര്‍ച്ചയായി 11:1-36ലെ വിവരണത്തെ കാണാം. 8-10 അധ്യായങ്ങള്‍ പില്‍ക്കാല സംശോധന (ലറശശേിഴ)യുടെ ഫലമാണ് എന്ന നിഗമനം ശരിയാണെങ്കില്‍ 7-ാം അധ്യായത്തിന്‍റെ തുടര്‍ച്ചയായി 11-ാം അധ്യായത്തെ പരിഗണിക്കാം. എന്നാല്‍ 1-7 ആധ്യായങ്ങളില്‍ പൊതുവേ കാണപ്പെട്ട നെഹെമിയായുടെ ആത്മകഥാകഥനശൈലിയല്ല 11-ാം അധ്യായത്തില്‍ കാണപ്പെടുന്നത്. ഭാഷാശൈലിയിലും വ്യത്യാസം കാണാനാകും. ഉദാഹരണമായി ഭരണാധികാരികളെ സൂചിപ്പിക്കാന്‍ പതിനൊന്നാം അധ്യായത്തില്‍ "സാറീം" എന്ന ഹീബ്രു പദം ഉപയോഗിക്കുമ്പോള്‍ 1-7 അധ്യായങ്ങളില്‍ "സെഗാനീം" എന്ന പദമാണ് ഉപയോഗിക്കുന്നത്. ആദ്യഭാഗത്തില്‍നിന്നു വ്യത്യസ്തമായി ജറുസലേമിനെ സൂചിപ്പിക്കുവാന്‍ "വിശുദ്ധനഗരം" ("യീര്‍ ഹാ കോദെഷ്") എന്ന പദമാണ് പതിനൊന്നാം അധ്യായം ഉപയോഗിക്കുന്നത്.
നെഹെ 11:3-19 ലെ നഗരവാസികളുടെ പട്ടികയില്‍ പരാമര്‍ശിക്കുന്നതിന് സമാന്തരമായൊരു പട്ടിക 1 ദിന 9:1-17 ല്‍ കാണാനാകും. ഇവിടെ പ്രവാസം കഴിഞ്ഞയുടന്‍ ജറുസലേമിലേക്ക് തിരിച്ചുവന്നവരുടെ പട്ടികയായിട്ടാണ് നല്‍കിയിരിക്കുന്നത്. 1 ദിന 9-ാം അധ്യായം നെഹെമിയാ 11-ാംഅധ്യായത്തെ അധികരിച്ച് എഴുതപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ് (നെഹെ 11:3-4 വാക്യങ്ങള്‍ 1 ദിന 9 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്) ഗായകരെ ലേവ്യരുടെ ഗണത്തില്‍ ചേര്‍ത്താണ് നെഹെ 11 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പതിവ് പില്‍ക്കാല രീതിയായതിനാല്‍ നെഹെമിയാ ഏഴാം അധ്യായത്തിലും എസ്രാ രണ്ടാം അധ്യായത്തിലും കാണപ്പെടുന്ന പട്ടികകള്‍ രൂപംകൊണ്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നെഹെ 11-ലെ പട്ടിക രൂപംകൊണ്ടത് എന്ന് അനുമാനിക്കാം.
മേല്‍പറഞ്ഞ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ നെഹെമിയാ പതിനൊന്നാം അധ്യായത്തിലെ ചില വാക്യങ്ങളെങ്കിലും പില്‍ക്കാല സംശോധനയുടെ ഫലമാണെന്ന് അനുമാനിക്കാം. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടുള്ള സ്തുതിപ്പുകള്‍ അവസാനിപ്പിച്ച് സ്വന്തം കാലഘട്ടത്തിലെ വിഷയങ്ങളിലേക്ക് തിരിയുന്നതിന്‍റെ അടയാളമാണ് 32-ാം വാക്യത്തിലെ "ഇന്ന്" എന്ന സമയസൂചിക. സര്‍വ്വശക്തനും ആരാധ്യനുമായ ദൈവം ഉടമ്പടിയില്‍ വിശ്വസ്തനാണെന്ന് ഈ വാക്യം അനുസ്മരിക്കുന്നു. നാളിതുവരെ തങ്ങള്‍ അനുഭവിച്ച കഷ്ടതകളെ ഓര്‍ക്കണമേ എന്ന പ്രാര്‍ത്ഥന ശ്രദ്ധേയമാണ്. കഷ്ടത എന്ന അര്‍ത്ഥത്തില്‍ "തേലാഹ്" എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (വാ. 32). ഈ പദമാകട്ടെ, ഈജിപ്തിലെ അടിമത്തത്തില്‍ ഇസ്രായേല്‍ജനം അനുഭവിച്ച കഷ്ടതകളെ സൂചിപ്പിക്കുന്ന പദമാണ്. ഈജിപ്തിലെ ജനത്തിന്‍റെ കഷ്ടതകളില്‍ കരുണകാണിച്ച ദൈവം (പുറ. 4) അതേ കരുണയോടെ തങ്ങളെ കടാക്ഷിക്കുമെന്ന പ്രതീക്ഷയാണ് ഇവിടെ പ്രകടമാകുന്നത്.
യൂദായിലെ പട്ടണങ്ങള്‍ ( 11:25-36)
യൂദാ 11:25-35 ലെ പട്ടണങ്ങളുടെ പട്ടികയില്‍ പ്രവാസാനന്തരകാലത്തെ യൂദാ പ്രവിശ്യയ്ക്കു വെളിയിലുള്ള പട്ടണങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജോഷ്വാ 15:20-33 ലെ പട്ടണങ്ങളുടെ പട്ടികയുമായാണ് ഇതിന് കൂടുതല്‍ സാമ്യമുള്ളത്. പ്രവാസാനന്തരകാലഘട്ടത്തിലെ ദൈവജനം കാനാന്‍ദേശം കൈവശമാക്കിയ ജനത്തിന്‍റെയും യഥാര്‍ത്ഥ പിന്‍തുടര്‍ച്ചക്കാരാണ് എന്ന് സ്ഥാപിക്കുക എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങളുടെ അടിസ്ഥാനലക്ഷ്യമായതിനാല്‍ ഈ താരതമ്യം സ്വാഭാവികവും പ്രതീകാത്മകവുമാണ്. നെഹെ 11:25-30ലെ പട്ടണങ്ങളും ജോഷ്വാ 15:2033 ലെ പട്ടണങ്ങളും തമ്മിലുള്ള താരതമ്യം ചുവടെ ചേര്‍ക്കുന്ന പട്ടികയില്‍ നിന്ന് വ്യക്തമാണ്.
TABLE 2
ഈ പട്ടികയിലെ കിരിയാത്ത് അര്‍ബാ (വാ. 25) എന്നത് ഹെബ്രോണിന്‍റെ പഴയപേരാണ്. ഈ പട്ടികയിലെ 11 പട്ടണങ്ങള്‍ (നക്ഷത്ര ചിഹ്നമുള്ളവ) പ്രവാസാനന്തര യൂദാപ്രവിശ്യക്കു വെളിയിലുള്ളവയാണ്.11:31-35 ല്‍ ബഞ്ചമിന്‍ഗോത്രത്തിന്‍റെ പട്ടണങ്ങളുടെ പട്ടികയാണുള്ളത്. ജോഷ്വ 18:11-28ലെ ബഞ്ചമിന്‍ഗോത്രങ്ങളുടെ നഗരങ്ങളുടെ പട്ടികയുമായി ഈ വിവരണത്തിന് കാര്യമായി പൊരുത്തമില്ല. എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന 15 പട്ടണങ്ങളില്‍ പത്തെണ്ണവും എസ്രാ 2, നെഹെമിയ 7 അധ്യായങ്ങളിലെ ജനസംഖ്യാകണക്കെടുപ്പില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
TABLE 3
11:36 ലെ സൂചനയനുസരിച്ച് യൂദായിലെയും ബെഞ്ചമിനിലെയും ചില ലേവ്യഗണങ്ങള്‍ ജെറുസലേമിനു വെളിയില്‍ താമസം ആരംഭിച്ചതായി അനുമാനിക്കാം. ദേവാലയത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ഉപജീവനം അസാധ്യമായതാകാം ഇപ്രകാരമൊരു കുടിയേറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം.
പുരോഹിതര്‍, ലേവ്യര്‍, മഹാപുരോഹിതര്‍ (12:1-26)
പുരോഹിതരുടെയും ലേവായരുടെയും മഹാപുരോഹിതരുടെയും പട്ടിക അവതരിപ്പിക്കുന്ന ഭാഗമാണ് നെഹെമിയ 12:1-26. പ്രവാസാനന്തരകാലഘട്ടത്തിലെ പുരോഹിതക്രമത്തെക്കുറിച്ച് പൊതുവിലും മഹാപുരോഹിതന്മാരെക്കുറിച്ച് പ്രത്യേകിച്ചും ഈ പട്ടിക വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ പട്ടികയെ മൂന്നായി തരംതിരിക്കാം.
ഈ പട്ടികയിലെ കുടുംബനാമങ്ങളായി പരാമര്‍ശിക്കപ്പെട്ടവതന്നെ (വാ. 1-7) തുടര്‍ന്നുള്ള പട്ടികയില്‍ വ്യക്തിനാമങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ, നെഹെമിയ 10:2-8 ലെ പട്ടികയുമായും പട്ടികയിലെ നാമങ്ങള്‍ക്ക് സമാനതയുണ്ട്. ചുവടെ ചേര്‍ക്കുന്ന പട്ടിക ഇതുവ്യക്തമാക്കുന്നുണ്ട്.
TABLE 4
12-21 വാക്യങ്ങളില്‍ കാണുന്ന 16 പുരോഹിത നാമങ്ങളില്‍ 15 എണ്ണവും 2-8 വാക്യങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. 16 പുരോഹിതനാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയുടെ ആദ്യരൂപം പിന്നീട് ആവര്‍ത്തനത്തിലൂടെ 22 പേരുടേതായി പുന:സംശോധന നടത്തിയതാകാം.സെറുബാബേലിന്‍റെ കാലം മുതലുള്ള (ആഇ 520) പുരോഹിതരുടെ പട്ടികയാണ് നെഹെമിയാ നല്‍കുന്നത്. (വാ. 1-9) ഈ വാക്യങ്ങളിലെ പേരുകള്‍ വാ. 12-21ല്‍ ആവര്‍ത്തിക്കുന്നുണ്ട്. അവയുടെ താരതമ്യം ചുവടെ ചേര്‍ക്കുന്നു.
നെഹെ 12:8-9
നെഹെമിയാ 12:24-25
യേഷുവാ (വാ.8)
ഹഷാബിയ (വാ.24)
ബിന്നുയി (വാ.8)
ഷെഗാബിയ
കദ്മിയേല്‍ (വാ.8)
യേഷുവാ
ഷെരാബിയ (വാ. 8)
ബിന്നുവി
യൂദാ
കദ്മേല്‍
മത്താനിയാ
മത്താനിയ
ബക്ബുക്കിയാ (വാ. 10)
ബാബു കിയാ
ഒബദാനിയ
ഒബാദിയ
എസ്രാ-നെഹെമിയായുടെ കാലത്തെ പ്രധാനപുരോഹിതന്‍ യൊയാക്കിം ആണെന്ന സൂചന (വാ.26) ചരിത്രപരമായി സത്യമാകണമെന്നില്ല. കാരണം നെഹെമിയായുടെ കാലത്തെ പ്രധാനപുരോഹിതന്‍ എലിയാഷിബ് ആയിരുന്നു.
നെഹെ 12:10-11 ലെ പ്രധാനപുരോഹിതന്മാരുടെ പട്ടിക 1 ദിന 6:4-15 ലെ പട്ടികയുമായി സമാനതകളുള്ളതാണ്. എസ്രായുടെ കാലത്തെ പ്രധാനപുരോഹിതന്‍ യൊയാക്കിം ആണെന്ന് ചരിത്രകാരനായ ജൊസേഫൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നെഹെമിയായുടെ കാലത്തെ പ്രധാനപുരോഹിതന്‍ എലിയാഷിബ് ആണെന്ന് ആവര്‍ത്തിച്ചുള്ള സൂചനകള്‍ ഉണ്ട് (3:1, 20-21;13:28) നെഹെ 13:28 ലെ വിവരണമനുസരിച്ച് എലിയാഷിന്‍റെ പൗത്രന്‍ നെഹെമിയായുടെ എതിരാളിയായ സാന്‍ബല്ലാതിന്‍റെ മകളെ വിവാഹം ചെയ്തു. ജോനാഥന്‍ എന്ന പ്രധാനപുരോഹിതനെ ഒരിക്കല്‍ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ (വാ. 11). ജോസെഫൂസിന്‍റെ വിവരണത്തില്‍ യദുവ എന്ന പുരോഹിതനാണ് ജോനാഥന്‍റെ പിന്‍ഗാമിയായി ദാരിയൂസ് III (336-333 ബി.സി.) ന്‍റെ കാലത്ത് പ്രധാനപുരോഹിതനായത് (Ant. XI. 302). വാ. 10-11ലെ പ്രധാനപുരോഹിതന്മാരുടെ പട്ടികയും വാ. 22-23ലെ പ്രധാനപുരോഹിതന്മാരുടെ പേരുകളും താരതമ്യം ചെയ്താല്‍ ചില വ്യത്യാസങ്ങള്‍ ദൃശ്യമാണ്.
TABLE 4
പ്രധാനപുരോഹിതന്മാരുടെ പേരുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലും ചിലപേരുകള്‍ ചില പട്ടികയില്‍ ഉള്‍പ്പെടാത്തതിനാലും ഇവരുടെ യഥാര്‍ത്ഥക്രമം പുനര്‍നിര്‍മ്മിക്കുക ശ്രമകരമാണ്. ഫ്രാങ്ക് എം. ക്രോസ്സ് എന്ന അരമായ പണ്ഡിതന്‍ ഇവരുടെ ക്രമം ഏറെക്കുറെ തൃപ്തികരമായി കണ്ടെത്തിയിട്ടുണ്ട് (JBL 94 (1975) 418). വല്യപ്പന്‍റെ പേര് കൊച്ചുമക്കള്‍ സ്വീകരിക്കുന്ന പതിവ് (Papponomy) പ്രധാന പുരോഹിതകുടുംബത്തില്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ഈ പട്ടിക അദ്ദേഹം തയ്യാറാക്കുന്നത്. പ്രധാനപുരോഹിതന്മാരുടെ ജനന വര്‍ഷങ്ങളുടെ ക്രമത്താലാണ് അദ്ദേഹം ക്രമീകരിക്കുന്നത്.
യേഷുവാ (ബി.സി. 570) ഭരണകാലം ബി.സി. 502-495
യോയാക്കിം (ബി.സി. 545) ഭരണകാലം ബി.സി. 495-450
എലിയാഷിബ് I(ബി.സി. 545) ഭരണകാലം ബി.സി. 445-432
യോഹന്നാന്‍ I (ബി.സി. 520)
എലിയാഷിബ് II (ബി.സി. 495)
യോയാദാ I (ബി.സി. 470) ഭരണകാലം ബി.സി. 417-410
യോഹന്നാന്‍ II (ബി.സി. 445) = യോനാഥന്‍, ഭരണകാലം ബി.സി. 410-370
യെദുവാ II (ബി.സി. 420) ഭരണകാലം ബി.സി. 336-370
യോഹന്നാന്‍ III (ബി.സി. 395)
യദുവാ III (ബി.സി. 370)
എസ്രായുടെ കാലത്തെ പ്രധാനപുരോഹിതന്‍ യോഹന്നാന്‍ I (യഹോഹന്നാന്‍) ആണ് (എസ്രാ 10:6). മേല്‍ സൂചിപ്പിച്ച പട്ടികയനുസരിച്ച് വ്യാഖ്യാനിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരുടെ പട്ടികയുടെ വ്യാഖ്യാനത്തിലെ അര്‍ത്ഥക്ലിഷ്ടത അകലുന്നുണ്ട്. യെദുവാ II ന്‍റെ സഹോദരനാണ് സാന്‍ബല്ലാത്തിന്‍റെ മകളെ വിവാഹം ചെയ്തത്.
ഈ പട്ടികയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത പുരോഹിതരെക്കുറിച്ചും ഗ്രന്ഥകാരന് അറിയാമെന്ന് (വാ. 22-23) വ്യക്തമാക്കപ്പെടുന്നുണ്ട്. യേഷുവാ മുതല്‍ യൊയാക്കിം വരെയുള്ളവരുടെ പട്ടികയേ പ്രസിദ്ധീകരിക്കുന്നുള്ളൂ എങ്കിലും - ദാരിയൂസ് രാജാവിന്‍റെ കാലം മുതല്‍ റോത്തൂസ് ദാരിയൂസിന്‍റെ (423-404) കാലംവരെയുള്ള - അതിനുശേഷമുള്ള പട്ടികയും ഗ്രന്ഥകാരന് ലഭ്യമാണ് എന്ന അറിയിപ്പില്‍ നിന്ന് ഈ പട്ടിക പില്‍ക്കാലസംശോധനയ്ക്കു വിധേയമായിട്ടുണ്ടെന്ന് അനുമാനിക്കാം.
നഗരമതിലിന്‍റെ പ്രതിഷ്ഠാകര്‍മ്മം ( 12:27-43)
നെഹെമിയാ 7:1 ല്‍ നഗരമതിലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു എന്നു കരുതാനാണ് കൂടുതല്‍ ന്യായങ്ങളുള്ളത്. 7:4 മുതല്‍ 12:26 വരെയുള്ള ഭാഗങ്ങള്‍ നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന വാദത്തെ ശരിവയ്ക്കുന്നതാണ് ഈ ആഖ്യാനഭംഗം. 7:4 ന് ശേഷം ആത്മകഥാശൈലി ഗ്രന്ഥത്തില്‍ തിരികെ വരുന്നത് 12:27 മുതലാണ് എന്നതും പില്‍ക്കാലസംശോധനയ്ക്കും കൂട്ടിച്ചേര്‍ക്കലിനുമുള്ള സാക്ഷ്യമാണ്. എന്നാല്‍ ഈ ഭാഗം പൂര്‍ണ്ണമായും നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പിന്‍റെ ഭാഗമാണെന്നു കരുതാനാവില്ല. പുരോഹിതരുടെയും സംഗീതജ്ഞരുടെയും പേരുവിവരപ്പട്ടിക നല്‍കുന്ന ശൈലി നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ ഭാഗമല്ലാത്തതിനാല്‍ പേരുവിവരപ്പട്ടിക നല്‍കുന്ന 33-36, 41-42 വാക്യങ്ങള്‍ ഓര്‍മ്മക്കുറിപ്പിനോട് ചേര്‍ക്കപ്പെട്ടവയാണെന്ന് അനുമാനിക്കാം.
ഈ വചനഭാഗത്തിലെ വിവരണങ്ങള്‍ താഴെക്കാണും വിധം ചുരുക്കി വിവരിക്കാം.
മതില്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ (6:15) അതിന്‍റെ പ്രതിഷ്ഠയും നടക്കുമെന്നാണ് പ്രതീക്ഷിക്കുക. നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളെ ആശ്രയിക്കുന്ന ഗ്രന്ഥകാരന്‍ അത് വിപുലപ്പെടുത്തുകകൂടി ചെയ്യുന്നു. പണിതീര്‍ന്ന മതില്‍ ദൈവസംരക്ഷണയ്ക്കായി അര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരണം ഹ്രസ്വമാണ്. അയല്‍പ്രദേശങ്ങളില്‍ വസിച്ചിരുന്ന ലേവ്യരെ ജറുസലേമിലേക്കു വിളിച്ചുവരുത്തി, അതിനുശേഷം, പ്രതിഷ്ഠാകര്‍മ്മങ്ങളില്‍ പങ്കുചേരാനുള്ള എല്ലാവരും സ്വയം ശുദ്ധീകരിച്ചു. ശുദ്ധീകരണത്തിനുള്ള വിധികളില്‍പെട്ടതാണ് പാപപരിഹാരബലി, ഉപവാസം, ക്ഷാളനങ്ങള്‍ എന്നിവ. താഴ്വരക്കവാടത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടു ഘോഷയാത്രകള്‍ മതിലിനു മുകളിലൂടെ എതിര്‍ദിക്കുകളിലേക്കു നീങ്ങിയാണ് ദൈവാലയത്തിലെത്തുന്നത്. പ്രതിഷ്ഠാകര്‍മ്മത്തിന്‍റെ ലക്ഷ്യം മതിലുകളുടെ ഭാവിസുരക്ഷിതത്വമാണ്. 36-ാം വാക്യമനുസരിച്ച് എസ്രായും പ്രദക്ഷിണ ത്തില്‍ പങ്കുചേരുന്നുണ്ട്. എസ്രായെ നെഹെമിയായുടെ സഹപ്രവര്‍ത്തകനായി കാണാന്‍ ശ്രമിക്കുന്ന ഒരു ഗ്രന്ഥകാരന്‍റെ കരങ്ങളാണ് ഇതിന്‍റെ പിന്നിലുള്ളത്. എല്ലാവരും ഒത്തൊരുമിച്ച് സമാധാനബലി അര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പൂര്‍ത്തിയായ പണിയിലുള്ള കൃതജ്ഞതയും ആഹ്ലാദവും പ്രകടമാക്കാന്‍ വേണ്ടിയുള്ളതാണ്. 43-ാം വാക്യത്തില്‍ ആഹ്ലാദം എന്ന പദം അഞ്ചു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുവെന്നതു പ്രത്യേകം ശ്രദ്ധേയമാണ്.
എസ്രായുടെ ഗ്രന്ഥത്തിന്‍റെ ആരംഭഭാഗത്ത് ദൈവാലയപ്രതിഷ്ഠയും (6:16-17) നെഹെമിയായുടെ ഗ്രന്ഥത്തിന്‍റെ സമാപനഭാഗത്ത് നഗരമതിലിന്‍റെ പ്രതിഷ്ഠയും നടത്തിക്കൊണ്ട് ഈ രണ്ടു ഗ്രന്ഥങ്ങള്‍ ഒറ്റ ഏകകമായി വര്‍ത്തിക്കുന്നുണ്ട്. ശ്രമകരമായ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമായാണ് നഗരമതിലിന്‍റെ പ്രതിഷ്ഠയെ അവതരിപ്പിക്കുന്നത്. നെഹെമിയായുടെ ഗ്രന്ഥത്തിന്‍റെ ആദ്യരൂപം 12:44 ല്‍ അവസാനിച്ചിരുന്നു എന്ന് പല പണ്ഡിതരും കരുതുന്നതിന്‍റെ കാരണം ഇതാണ്.
വിചിന്തനങ്ങള്‍
നവീകരണ
സംരംഭങ്ങളുടെ തുടക്കം ( 12:44-13:13)
നഗരമതിലിന്‍റെ പ്രതിഷ്ഠ കേവലം ആഘോഷങ്ങളില്‍ ഒതുങ്ങി നിന്നില്ല എന്നത് ശ്രദ്ധേയമാണ്. "ആ ദിവസം തന്നെ" (12:44;13:1) അവര്‍ മോശയുടെ നിയമത്തിനനുസൃതം തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കാന്‍ പരിശ്രമിച്ചുതുടങ്ങി എന്നത് ശ്രദ്ധേയമാണ്. ഈ വചനഭാഗം നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ ഭാഗമല്ല എന്ന് ഭാഷാശൈലിയില്‍ നിന്നും വ്യക്തമാണ്. 10-ാം അധ്യായവുമായുള്ള സമാനത നിമിത്തം 12:44-13 നെ പില്‍ക്കാല സംശോധനയുടെ ഭാഗമായിട്ടാണ് പൊതുവെ കരുതുന്നത്. എന്നാല്‍ 13:4-31 നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ ഭാഗമായി മനസ്സിലാക്കാവുന്നതാണ്. ഈ വചനഭാഗത്ത് വ്യക്തമായ സമാന്തരഘടന ദൃശ്യമാണ്.
B1. തോബിയായില്‍ നിന്നുള്ള അകല്‍ച്ച (13:4-9)
A1. ദശാംശത്തെക്കുറിച്ച് (13:10-13)
12:44-47ല്‍ ദൈവാലയത്തിന്‍റെയും പുരോഹിതരുടെയും സുസ്ഥിതിക്കുവേണ്ടി ഏര്‍പ്പെടുത്തിയ ദശാംശം കൃത്യമായി പിരിച്ചെടുക്കാനും സൂക്ഷിക്കാനുമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതാണ് പ്രതിപാദ്യം. പുരോഹിതരുടെയും ലേവ്യരുടെയും ശുശ്രൂഷയില്‍ സംതൃപ്തരായിരുന്ന ജനത്തിന് ദശാംശം നല്‍കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സെറുബാബേലിനെയും നെഹെമിയായെയും ഒരേ നിലയില്‍ കാണുന്ന പതിവ് ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട് (വാ. 47). ഇവരുടെ കാലഘട്ടങ്ങള്‍ തമ്മില്‍ 75 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടെന്ന വസ്തുത പലപ്പോഴും പില്‍ക്കാല ഗ്രന്ഥകാരന്മാര്‍ വിസ്മരിക്കുന്നതിന് (2 മക്ക 1;18-36) നെഹെമിയായുടെ പുസ്തകത്തിന്‍റെ ശൈലി കാരണമായിട്ടുണ്ടാകാം.
13:1-3 ല്‍ യഹൂദരല്ലാത്തവരെ സമൂഹത്തില്‍ നിന്നു ബഹിഷ്കരിക്കുന്നതിന്‍റെ വിവരണമാണുള്ളത്. വിജാതീയരുമായുള്ള സമ്പര്‍ക്കം ഇസ്രായേലിന്‍റെ മതാത്മകതയെ അപകടപ്പെടുത്തും എന്ന ചിന്തയാണ് ഈ സാമൂഹിക വിഛേദനത്തിനു പിന്നിലെ പ്രചോദനം (പുറ 12:38; ജറെ 25:20;50:37; എസെ 30:5). എന്നാല്‍ എസ്രായുടെ പുസ്തകത്തില്‍ കാണപ്പെടുന്നതുപോലെ മിശ്രവിവാഹങ്ങള്‍ വേര്‍പെടുത്താനുള്ള നടപടികള്‍ ഈ വിവരണത്തില്‍ കാണുന്നില്ല. മൊവാബ്യരും ആമോന്യരും ഇസ്രായേലിന്‍റെ ശത്രുക്കളാണെന്ന നിയമഗ്രന്ഥത്തിന്‍റെ നിലപാടുതന്നെയാണ് എസ്രാ-നെഹെമിയായും അനുവര്‍ത്തിക്കുന്നത് (13:2).
നെഹെമിയാ രാജാവിനെ സന്ദര്‍ശിക്കാന്‍ ബാബിലോണില്‍ പോയസമയത്ത് പ്രധാന പുരോഹിതന്‍ വിജാതീയനും യഹൂദരുടെ ശത്രുവുമായ തോബിയായ്ക്ക് ദൈവാലയത്തിന്‍റെ മുറികളില്‍ ഒന്ന് നല്‍കിയതിനെ നെഹെമിയാ തിരുത്തുന്നതാണ് 13:4-9ന്‍റെ ഇതിവൃത്തം. ബി.സി. 433ലാണ് (അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ ഭരണത്തിന്‍റെ 32-ാം വര്‍ഷം) നെഹെമിയാ ബാബിലോണിലേക്ക് പോയത്. തന്‍റെ ഗവര്‍ണര്‍ പദവിയുടെ കാലാവധിയായ പന്ത്രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴാണ് നെഹെമിയാ തിരികെ പോയത്. നെഹെമിയാ ഗവര്‍ണറായി വീണ്ടും തിരിച്ചുവരുമെന്ന് എലിയാഷിബോ തോബിയായോ കരുതിയിരുന്നില്ല. തന്മൂലമാണ് ദൈവാലയത്തിന്‍റെ ദുരുപയോഗത്തിന് അവര്‍ ധൈര്യം കാട്ടിയത്. നെഹെമിയാ തിരിച്ചെത്തിയത് ഗവര്‍ണര്‍ പദവിയോടെയാണോ എന്ന കാര്യം ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും തുടര്‍ന്ന് നെഹെമിയാ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ തുടരുകയാണെന്ന് അനുമാനിക്കാം. വിജാതീയനായ തോബിയായുടെ സാന്നിദ്ധ്യം ദൈവാലയത്തെ അശുദ്ധമാക്കിയതാണ് നെഹെമിയായെ പ്രകോപിപ്പിക്കുന്നത്.
ദശാംശം നല്‍കുന്നതില്‍ വീഴ്ച വന്നതിനാല്‍ ലേവ്യര്‍ ഉപജീവനമാര്‍ഗ്ഗം തേടി വയലുകളില്‍ പണിക്കുപോകേണ്ടിവന്ന ദുരവസ്ഥയാണ് 13:10-14ന്‍റെ ഉള്ളടക്കം. പ്രവാസാനന്തര കാലഘട്ടത്തിലെ ജനം ദശാംശം നല്‍കുന്നതില്‍ കാര്യമായ വീഴ്ചവരുത്തിയിരുന്നതായി മലാക്കിപ്രവാചകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (മലാ 3:8-9) ലേവ്യര്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തവരാണ്. എന്നാല്‍ അവര്‍ വയലുകളില്‍ പണിയെടുത്തു തുടങ്ങി (വാ. 10) എന്നത് അവര്‍ സ്വന്തമായി ഭൂമി ആര്‍ജ്ജിച്ചു തുടങ്ങിയതിന്‍റെ സൂചനയാകാം. ബലിവസ്തുക്കള്‍ നേരിട്ടു ലഭിക്കുന്നതിനാല്‍ (നിയ 18:8-19) പുരോഹിതര്‍ക്ക് ലേവായരുടെയൊപ്പം കഷ്ടത അനുഭവിക്കേണ്ടി വന്നിരിക്കാനിടയില്ല. ദശാംശം കര്‍ക്കശമാക്കുകയും ലേവ്യരെ തിരികെ ദൈവാലയത്തിലെത്തിക്കുകയും ചെയ്തതിലൂടെ നെഹെമിയാ ജനത്തിന്‍റെയും ലേവായരുടെയും ദൈവാലയത്തിന്‍റെയും പരിശുദ്ധി വീണ്ടെടുത്തു. തന്‍റെ പ്രവൃത്തി ഓര്‍ക്കണമേ (വാ. 14) എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്.
സാബത്താചരണവും
മിശ്രവിവാഹവും ( 13:14-31)
നെഹെമിയായുടെ മതനവീകരണ സംരഭങ്ങള്‍ തുടരുന്നതിന്‍റെ വിവരണമാണ് 13:15-31 ല്‍. മുന്തിരിയുടെ വിളവെടുപ്പുകാലത്ത് (സെപ്തംബര്‍-ഒക്ടോബര്‍) സാബത്തിലും ജനങ്ങള്‍ ജോലിചെയ്തിരുന്നത് നെഹെമിയാ തടഞ്ഞു. വിളവെടുക്കുക മാത്രമല്ല, വിളവ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറ്റിക്കൊണ്ടുചെന്ന് വില്പന നടത്തുകയും ചെയ്തിരുന്നു. മുന്തിരി പാകമായാല്‍ വളരെ വേഗം താഴെവീണു നശിച്ചുപോകും എന്നതിനാലാണ് യഹൂദര്‍ സാബത്തിലും വിളവെടുപ്പ് നടത്തിയിരുന്നത്. ടയറില്‍ നിന്നുള്ളവര്‍ (വാ. 16) മധ്യപൗരസ്ത്യദേശത്ത് കച്ചവടത്തിന് പേരുകേട്ടവരായിരുന്നു (ഏശ 23:2-3; എസെ 27:12-25; ആമോ 1:9-10; ജോയേല്‍ 3:6). ജറുസലേമില്‍ വാസമുറപ്പിച്ചിരുന്ന ഇവര്‍ സാബത്തു ദിവസം മത്സ്യവും മറ്റ് വസ്തുക്കളും യഹൂദര്‍ക്കു വില്‍ക്കുവാനായി കൊണ്ടുവന്നിരുന്നു. സാബത്തില്‍ വിളവെടുക്കുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമായതിനാല്‍ ഈ നടപടിയെ നെഹെമിയാ തിരുത്തി. സാബത്തുലംഘനം മൂലം പ്രവാസപൂര്‍വ്വജനതക്ക് അടിമത്തം അനുഭവിക്കേണ്ടിവന്ന വസ്തുത നെഹെമിയാ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമാനമായ നാശത്തിന്‍റെ വഴിയേയാണ് യഹൂദര്‍ നടക്കുന്നത് എന്ന നിലപാടാണ് നെഹെമിയാ സ്വീകരിക്കുന്നത്. ജറെമിയായും ഇതിനുസമാനമായ വ്യാഖ്യാനം സാബത്തുലംഘനത്തെക്കുറിച്ച് നല്‍കുന്നുണ്ട് (ജറെ 17:19-27). സാബത്തില്‍ കച്ചവടം നിരോധിക്കുന്നതിന്‍റെ ഭാഗമായി നഗരകവാടങ്ങള്‍ തലേന്നു വൈകിട്ടുതന്നെ അടച്ചിടാനാണ് നെഹെമിയാ കല്‍പിക്കുന്നത്. വാതില്‍കാവലിന്‍റെ ചുമതല ലേവായരെ ഏല്‍പ്പിക്കുന്നതിന്‍റെ (വാ.22) ലക്ഷ്യവും സാബത്തിന്‍റെ പരിശുദ്ധി പരിരക്ഷിക്കുക എന്നതാണ്. സാബത്തിന്‍റെ പരിശുദ്ധി സംരക്ഷിക്കാന്‍ പരിശ്രമിച്ച തന്നെ മറക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ വിവരണം സമാപിക്കുന്നത്.
13:23-29 ലെ വിവരണം മിശ്രവിവാഹത്തെക്കുറിച്ചാണ്. 13:1-3ല്‍ ആമ്മോന്യരെയും മൊവാബ്യരെയും കുറിച്ചുള്ള വിവാഹവിലക്ക് 23-29 വാക്യങ്ങളില്‍ അഷ്ദോദുകാരുമായുള്ള വിവാഹത്തിനും ബാധകമാണെന്നു പറയുന്നു. നിയമഗ്രന്ഥത്തിലൊരിടത്തും അഷ്ദോദുകാരുമായുള്ള വിവാഹം വിലക്കിയിട്ടില്ല. അഷ്ദോദുകാര്‍ ഇസ്രായേലിന് ഏതെങ്കിലും ദ്രോഹം ചെയ്തതായും കാണുന്നില്ല. അവര്‍ വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നു എന്നതുമാത്രമാണ് ആരോപണമായി ഉന്നയിച്ചിരിക്കുന്നത്. അഷ്ദോദുകാരുടെ ഭാഷയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അസ്സീറിയന്‍, അരമായ, ഗ്രീക്ക് ഭാഷകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും അഷ്ദോദ് എന്നത് ഒരു ഭാഷയുടെ പേരായിരിക്കും എന്ന നിഗമനത്തിനാണ് പ്രാമാണ്യമുള്ളത്. നെഹെമിയാ മിശ്രവിവാഹിതരെ ശപിക്കുകയും (ഹീബ്രുവില്‍ "റിബ്") അവരുടെ മുടി പറിച്ചെടുക്കുകയും ചെയ്തു (വാ.25). മുടി പറിക്കുന്നത് ദുഃഖത്തിന്‍റെയും അപമാനത്തിന്‍റെയും അടയാളമാണ് (2 സാമു 10:4; ഏശ 50:6; എസ്രാ 9:3). ഇത്തരത്തിലുള്ള ശിക്ഷാനടപടികള്‍ നെഹെമിയായുടെ പതിവുശൈലിയായിരുന്നു (വാ. 8,21). നെഹെമിയാ മിശ്രവിവാഹിതരെക്കൊണ്ട് എടുപ്പിച്ച പ്രതിജ്ഞ നിയ 7:3ന്‍റെ സംക്ഷിപ്ത രൂപമാണ്.
മിശ്രവിവാഹത്തെ നിയമഗ്രന്ഥം എതിര്‍ക്കുന്നത് സത്യവിശ്വാസം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ്. മിശ്രവിവാഹത്തിലൂടെ സോളമന്‍റെ ജീവിതത്തില്‍ സംഭവിച്ച വിശ്വാസഭ്രംശങ്ങളെയാണ് നെഹെമിയാ ഉദാഹരിക്കുന്നത് (വാ. 26). ജ്ഞാനിയും (രാജാ 3:12) ദൈവത്തിന്‍റെ പ്രിയങ്കരനുമായിരുന്നിട്ടും (2 സാമു 12:24-25) വിജാതീയസ്ത്രീകള്‍മൂലം സോളമന്‍ വഴിതെറ്റി (1 രാജാ 11). സോളമന്‍ പോലും മിശ്രവിവാഹത്തിലൂടെ വിശ്വാസഭംഗം വരുത്തിയെങ്കില്‍ സാധാരണക്കാര്‍ക്ക് എത്രയധികം വിശ്വാസഭ്രംശം മിശ്രവിവാഹത്തിലൂടെ സംഭവിക്കും? എന്ന യുക്തിയാണ് നെഹെമിയാ ഇവിടെ ഉന്നയിക്കുന്നത്. പ്രധാനപുരോഹിതനായ എലിയാഷിബിന്‍റെ പുത്രന്‍ പോലും മിശ്രവിവാഹം കഴിച്ചതിനെ ചൂണ്ടികാട്ടി (വാ.28) വിശ്വാസഭ്രംശം ദൈവജനത്തിന്‍റെ എല്ലാതട്ടിലേക്കും പടരുന്നതായി നെഹെമിയാ ചൂണ്ടികാട്ടുന്നു. പ്രധാനപുരോഹിതന്‍ ഇസ്രായേലിലെ കന്യകയെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമഗ്രന്ഥം അനുശാസിക്കുന്നത് (ലേവ്യ 21:13-15). എസ്രായില്‍ നിന്ന് വ്യത്യസ്തമായി മിശ്രവിവാഹങ്ങള്‍ വേര്‍പെടുത്താനുള്ള ശ്രമം നെഹെമിയാ നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിയമലംഘനത്തിലൂടെ പ്രധാനപുരോഹിതകുടുംബം വരുത്തിയ അപമാനത്തിനു തക്ക ശിക്ഷ (നിയ 33:9-11; മലാ 2:4-8) എലിയാഷിബിനു ലഭിക്കും എന്ന മുന്നറിയിപ്പാണ് 29-ാം വാക്യത്തിലെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കം.
13:30-31ല്‍ തന്‍റെ നവീകരണപ്രവര്‍ത്തനങ്ങളുടെ രത്നച്ചുരുക്കമാണ് നെഹെമിയ ഉപസംഹാരമായി പരാമര്‍ശിക്കുന്നത്. നെഹെമിയായുടെ ഗ്രന്ഥത്തിന്‍റെ രണ്ടാം പകുതിയില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ.
സമാപനവാക്യങ്ങള്‍ ഗ്രന്ഥത്തിന് മുഴുവനുമുള്ള സമാപനമാണോ അതോ പില്‍ക്കാല സംശോധകന്‍ കൂട്ടിച്ചേര്‍ത്ത സമാപനമാണോ എന്ന് ഉറപ്പിച്ചുപറയാനാകില്ല.
വിചിന്തനങ്ങള്‍
Legal recitation and Agreement renewal: Nehemiah 7:73 -10 catholic malayalam mananthavady diocese Rev. Dr. Joseph Pamplany Dr. Michael Karimattam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206