x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

പഞ്ചഗ്രന്ഥത്തിലെ വിവാഹനിയമങ്ങള്‍

Authored by : Bishop Joseph Pamplany On 10-Feb-2021

പഞ്ചഗ്രന്ഥത്തിലെ വിവാഹനിയമങ്ങള്‍

ഹെബ്രായഭാഷയില്‍ വിവാഹത്തെ സൂചിപ്പിക്കുവാന്‍ ഒരു പ്രത്യേക വാക്കില്ല. വിവാഹത്തെ സംബന്ധിച്ച നിയമങ്ങള്‍ പഴയനിയമത്തില്‍ ചിതറിക്കിടക്കുകയാണ്. പലതും അവ്യക്തവുമാണ്. മറ്റു രാജ്യങ്ങളില്‍ നിലനിന്നിരുന്ന വിവാഹനിയമങ്ങളുമായുള്ള ഒരു താരതമ്യപഠനം പോലും അസാധ്യമായിത്തോന്നും.

വിവാഹത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ച് രണ്ടു പരാമര്‍ശങ്ങളാണ് ഉല്‍പത്തി പുസ്തകത്തില്‍ കാണുക: സൃഷ്ടിയുടെ വിവരണത്തില്‍ മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചുകൊണ്ട് "ഭൂമിയില്‍ പെരുകി വര്‍ദ്ധിക്കുവിന്‍" (ഉല്‍പ 1:28ള) എന്ന ദൈവികാനുഗ്രഹമാണ് ആദ്യലക്ഷ്യമായിക്കാണുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഗാഢമായ ഐക്യമാണ് (ഉല്‍പ 2:18-25) മറ്റൊരു ലക്ഷ്യം. ദൈവത്താല്‍ സ്ഥാപിതമായ വിവാഹവും ലൈംഗികതയും മനുഷ്യന്‍റെ പൂര്‍ണ്ണതയ്ക്കാവശ്യമാണെന്ന് ഈ വിവരണങ്ങള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് ഭാര്യയെ സ്വീകരിക്കുന്നത് വികാരശമനത്തിനല്ല, സത്യത്തിന്‍റെ സ്ഥാപനത്തിനാണ് (തോബി 8:5-7).

ഇസ്രായേലില്‍ വിവാഹം ഒരു സ്വകാര്യ ഉടമ്പടിയായിരുന്നു; രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഉടമ്പടി. വധൂവരന്മാരുടെ പിതാക്കന്മാരാണ് ഉടമ്പടിയില്‍ ചേരുന്നത്. പിതാക്കന്മാരുടെ അഭാവത്തില്‍ സഹോദരന്മാര്‍ അതില്‍ പങ്കാളികളാകുന്നു. ഉദാഹരണമായി, ഇസഹാക്കിന്‍റെയും (ഉല്‍പ 24) ഏറിന്‍റെയും (ഉല്‍പ 38:6) വിവാഹം. വധൂവരന്മാര്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ഇതര്‍ത്ഥമാക്കുന്നില്ല. കാരണം, റബേക്കായുടെ അനുവാദത്തിന് സഹോദരന്മാര്‍ കാത്തുനില്‍ക്കുന്നതും (ഉല്‍പ 24:57). സാംസണ്‍ പിതാവിന്‍റെ ഇഷ്ടത്തിനും നിയമത്തിനും എതിരായി വിവാഹം കഴിക്കുന്നതും (ന്യായാ 14:2,5) ഏസാവ് മാതാപിതാക്കന്മാര്‍ക്ക് ഇഷ്ടമില്ലാത്തവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതും (ഉല്‍പ 26:34) ബൈബിളില്‍ കാണാം.

ചെറുപ്പകാലത്തില്‍ത്തന്നെ വിവാഹങ്ങള്‍ ഉറപ്പിക്കപ്പെട്ടിരുന്നു. ഒരേ ഗോത്രക്കാര്‍ തമ്മില്‍ വിവാഹം ചെയ്യുക എന്നത് സര്‍വ്വസാധാരണമായിരുന്നു. ചാര്‍ച്ചക്കാര്‍ യോജിച്ച പങ്കാളികളായിരുന്നു (ഉല്‍പ 24:4; 28:2). എന്നാല്‍ വി. ഗ്രന്ഥം ചാര്‍ച്ചാബന്ധത്തെ തടയുന്നുമുണ്ട് (ലേവ്യ 18:16ളള). സാധാരണ ഇസ്രായേല്‍ക്കാരെക്കാള്‍ പുരോഹിതന്മാര്‍ വളരെ കര്‍ശനമായ വിവാഹ നിയന്ത്രണങ്ങള്‍ക്ക് വിധേയരായിരുന്നു (ലേവ്യ 21:7).

വിവാഹത്തിനുമുമ്പ് വിവാഹ വാഗ്ദാനം എന്നൊരു പതിവുണ്ടായിരുന്നു (നിയ 22:23). സാവൂള്‍ തന്‍റെ പുത്രി മേരബിനെ ദാവീദിന് നല്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, വിവാഹസമയമായപ്പോള്‍ അവളെ അദ്രിയേലിന് ഭാര്യയായി നല്കുകയാണ് ചെയ്തത് (1 സാമു 18:17-19). തോബിത്ത് 7:14-ല്‍ ഉള്ളതുപോലെ ഒരു വിവാഹക്കരാര്‍ എഴുതിവച്ചിരുന്നുവോ എന്നത് വ്യക്തമല്ല. ഉടമ്പടി സ്ഥിരീകരിക്കപ്പെടുന്നത് വിവാഹത്തുകയുടെ (മോഹര്‍ -ങീവമൃ) കൈമാറ്റത്തോടെയാണ് (ഉല്‍പ 24:53-56). ഈ തുകയുടെ കൈമാറ്റം എപ്രകാരമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഉല്‍പ 34:12; പുറ 22:16 എന്നിവ പ്രകാരം ഇത് പുരുഷന്‍ സ്ത്രീയുടെ പിതാവിന് കൊടുക്കുന്നതാണ്. ഇത് 50 ഷെക്കലായി കണക്കാക്കപ്പെട്ടിരുന്നു (നിയ 22:28). ഈ തുക സേവനമായും നല്കാമായിരുന്നു (ഉല്‍പ 29:18-20,27-30). യുദ്ധത്തില്‍ വിജയിക്കുന്നവന് പിതാക്കന്മാര്‍ സ്വന്തം മകളെ ഭാര്യയായി നല്‍കാറുണ്ടായിരുന്നു (ജോഷ്വ 15:16; 1 സാമു 18:25). വധുവിന്‍റെ പിതാവ് സ്ത്രീധനമായി തോഴിമാരെയും നല്കിയിരുന്നു (ഉല്‍പ 16:1; 24:61). സ്ത്രീധനം സ്ഥലമായോ (ജോഷ്വ 15:18) പട്ടണമായോ (1 രാജാ 9:18) നല്കിപ്പോന്നിരുന്നു. വിവാഹവാഗ്ദാനത്തിനുശേഷം വധുവിനെ ഭാര്യയായിട്ടാണ് പരിഗണിച്ചിരുന്നത് (നിയ 22:23ff). വിവാഹപ്രായത്തെക്കുറിച്ച് സൂചനയൊന്നുമില്ല. പെണ്‍കുട്ടികള്‍ താരുണ്യത്തിലെത്തുന്നതോടെ വിവാഹിതയാകുമായിരുന്നെന്നാണ് പണ്ഡിതന്മാര്‍ ആഭിപ്രായപ്പെടുന്നത്.

വളരെ ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇസ്രായേലിലെ വിവാഹത്തിനുണ്ടായിരുന്നില്ല. കല്യാണവസ്ത്രം വരന്‍ വധുവിന്‍റെമേല്‍ വിരിക്കുന്നതും (റൂത്ത് 3:9) വധുവിനെ ആഘോഷമായി വരന്‍റെ ഭവനത്തിലേക്ക് പ്രവേശിപ്പിക്കുന്നതുമായിരുന്നു ചടങ്ങുകള്‍. ഉത്ത 3:11-ല്‍ വരന്‍  തന്‍റെ മാതാവ് നല്‍കിയ കിരീടം ധരിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നു. ഏശ 61:10-ല്‍ വരന്‍ പുഷ്പമാല്യമണിയുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്; ഒപ്പം ആഭരണവിഭൂഷിതയായ വധുവിനെക്കുറിച്ചും പറയുന്നുണ്ട് (ഏശ 61:11). വധു വലിയ പരിവാരങ്ങളോടെ വരനെ കാണാന്‍ വരുന്നതിനെക്കുറിച്ചും വരന്‍ തന്‍റെ സ്നേഹിതരുമൊത്ത് തംബുരുവിന്‍റെയും ഗായകരുടെയും അകമ്പടിയോടെ അവരെ സ്വീകരിക്കാന്‍ വരുന്നതിനെക്കുറിച്ചും വിവരണങ്ങള്‍ കാണാം (1 മക്ക 9:37-39). വധു മൂടുപടം ധരിച്ചിരുന്നു (ഉല്‍പ 29:23-25). അതേത്തുടര്‍ന്ന് വളരെ നീണ്ടുനില്‍ക്കുന്ന ആഹ്ലാദപ്രകടനങ്ങളോടും ഗാനങ്ങളോടും കൂടിയതും (ജറെ 16:9) ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതുമായ ആഘോഷങ്ങളും ഉണ്ടായിരുന്നു (ഉല്‍പ 29:27; ന്യായാ 14:12; ജറെ 7:34; 16:9; 25:10).

ദാമ്പത്യവിശ്വസ്തത മാതൃകാപരമായിരുന്നു (സുഭാ 5:18ff). പത്തുപ്രമാണങ്ങളിലെ വ്യഭിചാര നിരോധനം 'തോറ'യിലും ഊന്നിപ്പറഞ്ഞിരുന്നു (പുറ 20:14; നിയ 5:18). വിവാഹത്തെ ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തോട് ഉപമിച്ചിരിക്കുന്നു (ഹോസി 2). വേശ്യാവൃത്തി വളരെ ഗൗരവതരമായ കുറ്റമായി കരുതിപ്പോന്നു. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ഗൗരവമായിട്ടുള്ള തിന്മകളെ വേശ്യാവൃത്തിക്കു തുല്യമായ പാപമായി കണക്കാക്കുന്നു (പുറ 34:15; നിയ 31:16; ന്യായാ 2:17; ഹോസി 9:1).

ഭാര്യയ്ക്ക് വീണ്ടും വിവാഹിതയാകാനുള്ള അനുവാദം കൊടുത്തുകൊണ്ട് ഉപേക്ഷാപത്രം നല്‍കി ഭര്‍ത്താവിന് വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ സാധിക്കും (നിയ 24:1-2). എന്നാല്‍, വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ കൃത്യമായി പറയുന്നില്ല. ഇക്കാര്യത്തില്‍ യഹൂദ റബ്ബിമാര്‍ ഭിന്നാഭിപ്രായക്കാരായിരുന്നു. ഒരു കൂട്ടര്‍, വ്യഭിചാരം മാത്രം വിവാഹമോചനത്തിനുള്ള കാരണമായിക്കണ്ടപ്പോള്‍ മറ്റൊരുകൂട്ടര്‍ ഭര്‍ത്താവിന് 'ഇഷ്ടപ്പെടാത്ത' ഏതു കാര്യത്തിനും ഭാര്യയെ ഉപേക്ഷിക്കാമെന്ന സ്ഥിതിക്കുവേണ്ടി വാദിച്ചിരുന്നു. ഒരുവന്‍ ഒരു കന്യകയെ മാനഭംഗപ്പെടുത്തിയാല്‍ അവളെ അവന്‍ ഭാര്യയായി സ്വീകരിക്കണമെന്ന് നിയമം അനുശാസിച്ചിരുന്നു (നിയ 22:29). ഒരുവളെ വിവാഹം കഴിച്ചപ്പോള്‍ അവള്‍ കന്യകയായിരുന്നില്ലെന്ന കുറ്റം ആരോപിച്ച് അവളെ ഉപേക്ഷിക്കുവാന്‍ ഒരുവന് അധികാരമില്ല (നിയ 22:19). വിവാഹിതയാവുകയും, പിന്നീട് ഉപേക്ഷിക്കപ്പെടുകയും അതിനുശേഷം മറ്റൊരുവനെ വിവാഹം ചെയ്യുകയും ചെയ്ത സ്ത്രീക്ക് വീണ്ടും ആദ്യ ത്തെ പുരുഷനെ വിവാഹം ചെയ്യാന്‍ ഒരിക്കലും സാധിക്കില്ല (നിയ 24:3-4). വിവാഹമോചനം നടത്തുന്നതില്‍ മുന്‍കൈ എടുക്കുവാന്‍ സ്ത്രീയെ അനുവദിക്കുന്ന ഒരു നിയമം ഇസ്രായേല്‍ക്കാരുടെയിടയില്‍ ഇല്ലായിരുന്നു.

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലേക്ക് നയിക്കുന്ന വി. ഗ്രന്ഥഭാഗങ്ങളും ബൈബിളില്‍ തെളിഞ്ഞുനില്‍പ്പുണ്ട്. ഭര്‍ത്താവിനു കീഴ്പ്പെടുന്ന ഭാര്യയല്ല, തന്‍റെ സ്നേഹത്തില്‍നിന്നും അകന്നുപോകുന്ന ഭാര്യയെ സ്നേഹത്തോടെ തന്നോടു ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിന്‍റെ ചിത്രം ഹോസിയാ 2-3 അധ്യായങ്ങളില്‍ കാണാം. ഏശ 54:4f; 62:4f; ജറെ 2:2; 3:20; എസെ 16:23 എന്നീ ഭാഗങ്ങളിലും ഇത്തരം പരാമര്‍ശങ്ങളുണ്ട്. ഉത്തമഗീതം മുഴുവന്‍ മണവാളനും മണവാട്ടിയും തമ്മിലുള്ള സ്നേഹസംഭാഷണമാണ്.

ഏക ഭാര്യാത്വമാണ് ആദര്‍ശപരമായിട്ടുള്ളതെങ്കിലും (ഉല്‍പ 2:18-25) ഇസ്രായേലില്‍ ബഹുഭാര്യാത്വം നിലനിന്നിരുന്നു (ഉല്‍പ 29:15-30; നിയ 21:15-17; 2 സാമു 3:2-7; 5:13; 1 രാജാ 11:3). അനേകം മക്കളുള്ള കുടുംബം കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്ന് ഇസ്രായേല്‍ക്കാര്‍ കരുതി (ഉല്‍പ 24:60; സങ്കീ 127:3). അതിനാല്‍ത്തന്നെ വന്ധ്യത ശാപമായി കണക്കാക്കി (ഉല്‍പ 30:1ff; 1 സാമു 1:6ff). ഇപ്രകാരം മക്കള്‍ ജനിക്കുക അത്യാവശ്യമായി കണക്കാക്കിയതാണ് ഇസ്രായേലില്‍ ബഹുഭാര്യത്വവും വെപ്പാട്ടി സമ്പ്രദായവും ആരംഭിക്കാന്‍ കാരണം. വിജ്ഞാനഗ്രന്ഥങ്ങളില്‍ ഏകഭാര്യത്വത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട് (സുഭാ 5:15; 12:4,18:22; 19:14; പ്രഭാ 9:1; 26:1-4). വിപ്രവാസകാലഘട്ടത്തോടുകൂടി ബഹുഭാര്യാത്വം ഇസ്രായേലില്‍ അവസാനിച്ചെന്നു പറയാം. ഭര്‍ത്താവ് വിവാഹശേഷം ഭാര്യവീട്ടില്‍ ഭാര്യാപിതാവിന്‍റെ സമ്പത്തിനര്‍ഹനാകുന്ന പാരമ്പര്യവും (ഏരെബ് ഋൃൃലയൗ) പഴയനിയമത്തിലുണ്ട് (ഉല്‍പ 29-30; പുറ 2:21; 3:1). തങ്ങളുടെ ഗോത്രത്തിന്‍റെ നിലനില്പ്പിനുവേണ്ടി ബഞ്ചമിന്‍ ഗോത്രക്കാര്‍ ഷീലോയില്‍ നൃത്തംചെയ്യാന്‍ വന്ന സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി വിവാഹംചെയ്തു (ന്യായ 21).

വെപ്പാട്ടികളെ കൊണ്ടുനടക്കുന്ന പാരമ്പര്യവും ഇസ്രായേലില്‍ ഉണ്ടായിരുന്നു. സോളമന് 300 വെപ്പാട്ടികളുണ്ടായിരുന്നു (1 രാജാ 11:3). ഉല്‍പ 25:6; 36:12; ന്യായ 8:31; 19:1ff; 2 സാമു 3:12ff; 5:13; 15:16; 16:21; 2 ദിന 11:21; 1 ദിന 2:46; 7:14 എന്നീ സ്ഥലങ്ങളിലും വെപ്പാട്ടികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഭാര്യയുടെ സ്ഥാനം ഇല്ലാത്തവരും  സ്ഥിരമായി ഒരാളുടെകൂടെ മാത്രം ശയിക്കുന്നവരുമാണ് വെപ്പാട്ടികള്‍. ഇവര്‍ അടിമകളായിരുന്നെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പുറ 21:7-11-ല്‍ ഇപ്രകാരം വെപ്പാട്ടികളാക്കുന്നവരെക്കുറിച്ചുള്ള നിയമങ്ങള്‍ കാണാം. ഇവര്‍  യുദ്ധത്തടവുകാരും ആകാം (സംഖ്യ 31:9; നിയ 20:14). നിയ 21:10-14 ല്‍ ഇവരെക്കുറിച്ചുള്ള നിയമങ്ങളുണ്ട്. വെപ്പാട്ടിയില്‍ ജനിച്ച മക്കള്‍ക്ക് യഥാര്‍ത്ഥ ഭാര്യയില്‍ നിന്നു ജനിച്ച മക്കള്‍ക്കുള്ളിടത്തോളം അവകാശമുണ്ടായിരുന്നില്ല (ഉല്‍പ 21:10; ഗലാ 4:29-30).

ഭാര്യമാരില്‍ കുട്ടികളുണ്ടാകുന്നില്ലെങ്കില്‍ അവരുടെ തോഴിമാരിലൂടെ മക്കളെ ജനിപ്പിച്ച് വംശം നിലനിര്‍ത്താനുള്ള അവകാശം നിയമം ഭര്‍ത്താവിന് നല്‍കുന്നുണ്ട് (ഉല്‍പ 16:1; 30:3; 30:9). അന്യജാതികള്‍ (ഉല്‍പ 24:3FF; 28:1; നിയ 7:23) രക്തബന്ധത്തിലുള്ളവര്‍ എന്നിവരുമായുള്ള വിവാഹം അനുവദനീയമായിരുന്നില്ല. എങ്കിലും വിജാതീയ സ്ത്രീകളെ വിവാഹം ചെയ്ത അനേകം സംഭവങ്ങള്‍ വി. ഗ്രന്ഥത്തിലുണ്ട്. വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ 'എഴുതപ്പെട്ട ഉപേക്ഷാപത്രം' വേണമായിരുന്നു (നിയ 24:1). എലിഫാന്‍റയിനിലെ യഹൂദകോളനിയില്‍ വിവാഹത്തിന്‍റെ എഴുതപ്പെട്ട കരാറുണ്ടായിരുന്നു (ANET 222F).

നിയ 25:5-10 പ്രകാരം, ഒരുവന്‍ കുട്ടികളില്ലാതെ മരിച്ചാല്‍ സഹോദരന്‍ അവന്‍റെ ഭാര്യയെ സ്വീകരിക്കുകയും പരേതന്‍റെ നാമം ഇസ്രായേലില്‍നിന്നു മാഞ്ഞുപോകാതിരിക്കാന്‍ അവളുടെ ആദ്യജാതന് അവന്‍റെ പേരിടുകയും ചെയ്യണം. യൂദായുടെ മരുമകള്‍ താമാര്‍ ലേവായക്രമത്തില്‍ വിവാഹം നടത്തുന്നതിനുള്ള ഉത്തരവാദിത്വം  നിറവേറ്റിക്കിട്ടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നതും മറ്റുമായ സംഭവങ്ങള്‍ വി. ഗ്രന്ഥത്തില്‍ കാണുന്നു (ഉല്‍പ 38). ബോവാസ് റൂത്തിനെ വിവാഹം കഴിച്ചതും ഈ പതിവ് സമ്പ്രദായം നിവര്‍ത്തിതമാകാന്‍ വേണ്ടിയായിരുന്നു (റൂത്ത് 4:10).

എസ്സീനുകള്‍ (Essenes) ഉള്‍പ്പെടെ ചില വിഭാഗക്കാര്‍ പ്രത്യുല്പാദന നിയമം പൂര്‍ത്തിയാക്കിയശേഷം ഭാര്യമാരില്‍നിന്നും വേര്‍പിരിഞ്ഞ് ബ്രഹ്മചര്യം പാലിച്ചിരുന്നു. എന്നാല്‍, ചാവുകടല്‍ ഭാഗത്തുള്ളവര്‍ ബ്രഹ്മചാരികളായിരുന്നുവെങ്കിലും വിവാഹിതരായിട്ടാണ് കാണപ്പെട്ടിരുന്നത്. അവരുടെ പുസ്തകച്ചുരുളുകളില്‍ വിവാഹച്ചടങ്ങുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

മതപരമായ ഒരാഘോഷം വിവാഹത്തിന് മുമ്പോപിമ്പോ ഉണ്ടായിരുന്നതായി സൂചനകളില്ല. ഉപേക്ഷാപത്രം ഒപ്പുവച്ചിരുന്നതുപോലെ (നിയ 24:1-3; ജറെ 3:8; മര്‍ക്കോ 10:4) വിവാഹ ഉടമ്പടി എഴുതിക്കൊണ്ടുള്ള യഹൂദവിവാഹത്തിന്‍റെ ആരംഭം ബി.സി. ഒന്നാം നൂറ്റാണ്ടു മുതല്‍ കാണാം.

ഉല്ലാസത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും സ്വരം (ജറെ 16:9), നൃത്തം, അനുഗ്രഹത്തിന്‍റെ വാക്കുകള്‍ (റൂത്ത് 4:11-12) സ്നേഹഗീതങ്ങളുടെ ആലാപനം എന്നിവ ഗ്രാമവാസികള്‍, വീട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വിവാഹാവസരത്തില്‍ നടത്തിയിരുന്നു. ഉത്ത 3:6-11 ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു സ്നേഹഗീതമാണ്. സങ്കീ 45 വിവാഹാവസരത്തില്‍ പാടാവുന്ന മറ്റൊരു ഗീതമാണ്. ഘോഷയാത്രയ്ക്കുശേഷം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷം സാധാരണ വരന്‍റെ വീട്ടില്‍വച്ചാണ് നടത്തപ്പെട്ടിരുന്നത് (മത്താ 22:2). എന്നാല്‍, പ്രത്യേക അവസരങ്ങളില്‍ വധുവിന്‍റെ ഭവനത്തില്‍വച്ചും നടത്തിയിരുന്നു (ഉല്‍പ 29:27; ന്യായാ 14:10-12). ആദ്യരാത്രിതന്നെ ലൈംഗികബന്ധം (ഉല്‍പ 29:23) കൂടാരത്തില്‍വച്ച് (ഉല്‍പ 24:67) പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. പുതുതായി വിവാഹംചെയ്ത പുരുഷനെ സൈനികസേവനത്തിനോ മറ്റേതെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ ഉപയോഗിച്ചിരുന്നില്ല (നിയ 24:5).

വിവാഹകര്‍മ്മങ്ങളെക്കുറിച്ച് കൂടുതലായ വിവരങ്ങളൊന്നും പുതിയനിയമം തരുന്നില്ല. വിവാഹാഘോഷങ്ങള്‍ രാത്രിയിലാണ് നടത്തിയിരുന്നത് (മത്താ 25:1ളള; ലൂക്കാ 12:36). കാനായിലെ കല്യാണത്തിലെ ആഘോഷങ്ങള്‍ യോഹ 2:1-11-ല്‍ വിവരിച്ചിട്ടുണ്ട്.

ഉല്‍പ 2:18-25-നെ അടിസ്ഥാനമാക്കി വിവാഹത്തിന്‍റെ  അഭേദ്യതയെക്കുറിച്ചാണ് യേശു പ്രധാനമായും പഠിപ്പിച്ചത് (മത്താ 19:4-6; മര്‍ക്കോ 10:6-8). വിവാഹം പ്രധാനമായും ഈ ലോകത്തിലെ പ്രവൃത്തിയാണെന്ന് യേശു വ്യക്തമാക്കി. നശിക്കുന്ന തലമുറയുടെ പ്രവൃത്തിയായി യേശു വിവാഹത്തെ സൂചിപ്പിച്ചിട്ടുണ്ട് (ലൂക്കാ 17:27). വിവാഹം കഴിഞ്ഞതിനാല്‍ വിരുന്നിനുവരാന്‍ സാധ്യമല്ലെന്നു പറഞ്ഞ വ്യക്തിയെക്കുറിച്ച് ഉപമയില്‍ യേശു പ്രസ്താവിച്ചതും ഇതേ ലക്ഷ്യത്തോടെയായിരിക്കണം (ലൂക്കാ 14:20). സ്വര്‍ഗ്ഗരാജ്യത്തില്‍ വിവാഹത്തിനോ വിവാഹബന്ധത്തിനോ സ്ഥാനമില്ല (മത്താ 22:30; മര്‍ക്കോ 12:25; ലൂക്കാ 20:35ള). യേശു വിവാഹത്തെ തള്ളിപ്പറഞ്ഞു എന്നല്ല, വിവാഹത്തെ അതിന്‍റെ ശരിയായ വീക്ഷണത്തില്‍ കണ്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വിവാഹ വിരുന്നിനെക്കുറിച്ച് യേശു ഉപമകളും പറഞ്ഞിട്ടുണ്ട് (മത്താ 22:1-4; ലൂക്കാ 14:15-24).

1 കോറി 6:16 മുതല്‍ 7-ാം അദ്ധ്യായം മുഴുവനും വി. പൗലോസ് വിവാഹത്തെക്കുറിച്ച് ദീര്‍ഘമായി പരാമര്‍ശിക്കുന്നുണ്ട്. ബ്രഹ്മചര്യമാണ് ശ്രേഷ്ഠമെന്നു പറയുന്നുണ്ടെങ്കിലും പൗലോസ് വിവാഹത്തെ നിഷേധിക്കുന്നില്ല. 1 കോറി 7:26-31 വാക്യങ്ങളില്‍ക്കാണുന്ന നിഷേധാത്മകഭാവം യുഗാന്ത്യോന്മുഖ കാഴ്ചപ്പാടില്‍വേണം മനസ്സിലാക്കാന്‍. അത്, വിവാഹമെന്ന സംവിധാനത്തോട് മുഴുവനുമായുള്ള വിരുദ്ധഭാവമല്ല.

ഇരുവരുടെയും അവകാശങ്ങളെ പരസ്പരം സമര്‍പ്പിച്ച് സ്വയംദാനമായി നല്കി ഒരു ശരീരമായിത്തീരുകയാണ് വിവാഹത്തിന്‍റെ അന്തഃസത്ത             (1 കോറി 7:1-11). അവിശ്വാസിയായ ജീവിതപങ്കാളിയില്‍നിന്ന് വേര്‍പിരിയുന്നതിന് പൗലോസ് അനുവാദം നല്കുന്നു (1 കോറി 7:12-16). വിവാഹിതരാകുന്നവര്‍ പരസ്പരം സന്തോഷിപ്പിക്കാനുള്ള ശ്രമത്തില്‍ കര്‍ത്താവിന്‍റെ കാര്യത്തിലുള്ള ശുഷ്കാന്തി കുറഞ്ഞുപോകാനിടയുണ്ടെന്ന് പൗലോസ് അനുസ്മരിപ്പിക്കുന്നു (7:32-35).

ഭാര്യ ഭര്‍ത്താവിന് വിധേയയായിരിക്കാനും, ഭര്‍ത്താവ് ഭാര്യയെ സ്നേഹിക്കാനും പൗലോസ് ആഹ്വാനം ചെയ്യുന്നു. സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്രകാരമൊരാഹ്വാനം (കൊളോ 3:18; എഫേ 5:22-33; 1 പത്രോ 3:1-7). ക്രിസ്തു സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്. ക്രിസ്തുസഭയെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതുപോലെ ഭര്‍ത്താവ് ഭാര്യയെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. കാരണം, അവര്‍ രണ്ടുപേരും ഒരു ശരീരമാണ്. ഇതു വലിയൊരു രഹസ്യമായി പൗലോസ് അവതരിപ്പിക്കുന്നു (എഫേ 5:32).

മിശിഹായുടെ കാലം വിവാഹവിരുന്നിന് തുല്യമാണെന്ന് യേശു പഠിപ്പിക്കുന്നു (മത്താ 9:15; 25:1ff; മര്‍ക്കോ 2:19; യോഹ 3:29). മിശിഹായുടെ യുഗത്തിലെ ആനന്ദത്തെയും സൗഭാഗ്യത്തെയും സൂചിപ്പിക്കുവാനാണ് ഇതൊരു വിവാഹവിരുന്നിനോട് ഉപമിച്ചിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ യുഗം ആരംഭിക്കുന്നത് മിശിഹായുടെ വരവോടുകൂടിയാണ്. യേശുവിനെ വരനായും, സഭയെ വധുവായും 2 കോറി 11:2ലും, എഫേ 5:27 ലും ചിത്രീകരിച്ചിട്ടുണ്ട്.

വെളി 19:7-9; 21:2; 22:17 എന്നിവിടങ്ങിളില്‍ യുഗാന്ത്യത്തില്‍ കുഞ്ഞാടിന്‍റെ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന സഭയാണ് ഇവിടെ വധു.

വിവാഹമോചനം

വിവാഹമോചനത്തെ സംബന്ധിച്ചുള്ള പഴയനിയമ കാഴ്ചപ്പാട് വിവാഹത്തിന്‍റെ സ്ഥാപനവുമായി ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കാനാവൂ. പുരുഷനില്‍നിന്നും സൃഷ്ടിച്ച സ്ത്രീയെ ദൈവം പുരുഷന് ഇണയും തുണയുമായി നല്കി (ഉല്‍പ 2:18ff). ഒരു പുരുഷന് ഒരു സ്ത്രീ മാത്രമേ ഭാര്യയായി പാടുള്ളുവെന്ന മഹനീയമായ ആശയമാണ് ഈ വിവരണത്തിന്‍റെ പിന്നില്‍ അന്തര്‍ലീനമായിരിക്കുന്നത്.

ഉല്‍പത്തിപ്പുസ്തകത്തിലെ വിവരണത്തില്‍ വിവാഹമോചനത്തെ സംബന്ധിച്ച് ഒരു സൂചനയും കാണുന്നില്ലെങ്കിലും ഹെബ്രായര്‍ വിവാഹമോചനം നടത്തിയിരുന്നുവെന്നതാണ് വാസ്തവം. നിയ 24:1-ല്‍ വിവരിക്കുന്ന "ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് (എര്‍വത്ദാബാര്‍ -നാണക്കേടുണ്ടാക്കുന്ന കാര്യം) അവന് അവളോടിഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രംകൊടുത്ത് അവളെ വീട്ടില്‍നിന്നും പറഞ്ഞയയ്ക്കട്ടെ" എന്ന മോശയുടെ നിയമമനുസരിച്ചാണ് അവര്‍ വിവാഹമോചനം നടത്തിയിരുന്നത്. അവള്‍ പുനര്‍വിവാഹം ചെയ്തശേഷം അവളെ ഉപേക്ഷാപത്രം കൊടുത്ത് പിരിച്ചുവിടുകയോ രണ്ടാം ഭര്‍ത്താവ് മരിക്കുകയോ ചെയ്താലും ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവിനെ അവള്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നു (വാ. 2-4).

മോശയുടെ നിയമത്തില്‍ പറഞ്ഞിരിക്കുന്ന 'അനിഷ്ടകാര്യം' (Some indecency) പലതരത്തില്‍ ഇസ്രായേലില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഷമ്മായി സ്കൂള്‍ അനിഷ്ടകാര്യമായി വ്യഭിചാരം അഥവാ അവിശ്വസ്തത മാത്രമാണ് പരിഗണിച്ചത്. അതുകൊണ്ട് അവരുടെ വ്യാഖ്യാനപ്രകാരം ഭാര്യ ഭര്‍ത്താവില്‍നിന്നകന്ന് മറ്റൊരാളുമായി ശയിച്ചെങ്കില്‍ മാത്രമേ വിവാഹമോചനം പാടുള്ളൂ. ഹില്ലേല്‍ സ്കൂളിന്‍റെ വ്യാഖ്യാന പ്രകാരം ഭര്‍ത്താവിന് അനിഷ്ടകാരണമായതെന്തും; ഉദാ. ഭക്ഷണത്തിനാവശ്യമായ ഉപ്പു ചേര്‍ത്തിട്ടില്ലെങ്കില്‍പോലും, ഭാര്യയെ ഉപേക്ഷാപത്രംകൊടുത്തു പിരിച്ചുവിടാം. മത്താ 19:9-ല്‍ വിവാഹത്തിലെ അവിശ്വസ്തതയെ മാത്രമേ യേശു വിവാഹമോചനവുമായി ബന്ധിപ്പിക്കുന്നുള്ളൂ. വ്യഭിചാരത്തെ അനിഷ്ടകാര്യത്തിന്‍റെ തലത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നു വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. കാരണം, വ്യഭിചാരത്തിനു ലഭിച്ചിരുന്ന ശിക്ഷ വിവാഹമോചനമല്ലായിരുന്നു. മറിച്ച് കല്ലെറിഞ്ഞുകൊല്ലുകയെന്നതായിരുന്നു (നിയ 22:22).

ജറെ 3:1-8-ല്‍ നിയ 24:1-4-ല്‍ പറയുന്ന നിയമത്തെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. വിഗ്രഹാരാധനമൂലം ദൈവത്തില്‍ നിന്നകന്നുപോയ ഇസ്രായേല്‍ക്കാരെ ദൈവം സ്വീകരിക്കുകയില്ലായെന്ന് പ്രവാചകന്‍ പറയുന്നു. വിവാഹമോചനത്തെ ഒരു പ്രതീകമായിട്ടാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഏശ 50:1-ലും ഇതേ ആശയംതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, വിഗ്രഹാരാധനയും മറ്റ് അതിക്രമങ്ങളും ഉപേക്ഷിച്ച് അനുതാപത്തോടെ തിരിച്ചുവന്നാല്‍ ദൈവം ഇസ്രായേലിനെ സ്വീകരിക്കുമെന്ന് ജറെ 3:11-14-ല്‍ കാണുന്നുണ്ട്.

മോശയുടെ നിയമം വിവാഹമോചനത്തിനുള്ള അവകാശം ഭര്‍ത്താക്കന്മാര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ. എന്നാല്‍, ചില റബ്ബിമാരുടെ  വ്യാഖ്യാനങ്ങള്‍ ഭര്‍ത്താവിന് കുഷ്ഠരോഗം പിടിപെട്ടാല്‍ ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശം കൊടുക്കുന്നുണ്ട്. എങ്കിലും ഭര്‍ത്താക്കന്മാര്‍ക്കായിരുന്നു വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ മുന്‍തൂക്കം.

വിപ്രവാസകാലാനന്തരം വിവാഹമോചനത്തിനെതിരേ ശക്തിയേറിയ ആഹ്വാനങ്ങള്‍ പഴയനിയമത്തില്‍ കാണാം. മലാക്കി പ്രവാചകന്‍ ദൈവം വിവാഹമോചനത്തെ വെറുക്കുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. പുനര്‍വിവാഹം ചെയ്യാന്‍വേണ്ടി ആദ്യവിവാഹത്തിലെ ഭാര്യയെ ഉപേക്ഷിച്ചവര്‍ക്കെതിരേ ശക്തമായ താക്കീത് പ്രവാചകന്‍ നല്കുന്നുണ്ട്. "ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ നിങ്ങളെ അവിടുന്ന് സൃഷ്ടിച്ചത്" എന്നു കര്‍ത്താവു ചോദിക്കുന്നു (മലാ 2:13-16). മലാക്കി പ്രവാചകന്‍റെ ആഹ്വാനം ചെവിക്കൊണ്ട എസ്രായും നെഹെമിയായും അന്യസ്ത്രീകളെ ഉപേക്ഷിക്കാന്‍ ജനത്തോടാവശ്യപ്പെട്ടു (എസ്രാ 9-10; നെഹെ 13:23-27).

പഞ്ചഗ്രന്ഥത്തിലെ സ്ത്രീ സങ്കല്പ്പത്തിന്‍റെ സ്വാധീനം

പൗരസ്ത്യദേശത്ത് സ്ത്രീകളെ പുരുഷന്മാര്‍ക്കു തുല്യം അവകാശങ്ങളുള്ള വ്യക്തികളായി കണക്കാക്കിയിരുന്നില്ല. ഒരു സ്ത്രീ എപ്പോഴും അവളുടെ പിതാവിനോ ഭര്‍ത്താവിനോ കീഴ്പ്പെട്ടവളായിരുന്നു (ഉദാ. ഭാരതത്തിലെ മനുസ്മൃതി). സമാനമായ ഒരു സ്ത്രീ സങ്കല്പമാണ് പഞ്ച ഗ്രന്ഥ ത്തിലും കാണപ്പെടുന്നത്. എങ്കിലും സ്ത്രീത്വത്തിന്‍റെ ഉദാത്ത ഭാവങ്ങളും പഞ്ചഗ്രന്ഥത്തില്‍ ദൃശ്യമാണ്. നിയമഗ്രന്ഥത്തിലെ സ്ത്രീ സങ്കല്പം പില്‍ക്കാല ബൈബിള്‍ രചനകളെ മുഴുവന്‍ സ്വാധീനി ച്ചിട്ടുള്ള തിനാല്‍ ഇതേക്കുറിച്ചുള്ള പഠനം ഏറെ പ്രസക്തമാണ്.

സ്ത്രീ എപ്പോഴും പുരുഷന് വിധേയപ്പെട്ടിരിക്കണമെന്നതായിരുന്നു പഴയനിയമത്തിന്‍റെ കാഴ്ചപ്പാട് (ഉല്‍പ 12:12-20; 19:8; 20:2; ന്യായാ 19:24-27). പത്തു കല്പനകളെപ്പറ്റി പ്രതിപാദിക്കുന്ന അവസരത്തില്‍ ഭാര്യയെ ഒരുവന്‍റെ സ്വത്തിന്‍റെ ഭാഗമായാണ് പരിഗണിക്കുന്നത് (പുറ 20:17). സ്ത്രീകള്‍ പൊതുവേ പുരുഷന്മാരോടൊപ്പം ഭക്ഷിക്കാറില്ലായിരുന്നു (ഉല്‍പ 18:9). മക്കള്‍ അവരുടെ അമ്മയെ അനുസരിക്കാന്‍ കടപ്പെട്ടവരായിരുന്നു (പുറ 20:12; ലേവ്യ 19:3; നിയ 5:16; 21:28). ആഘോഷങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. അവരുടെ പാട്ടും നൃത്തവും ആഘോഷവേളകളെ ആനന്ദവേളകളാക്കി (പുറ 15:20; ന്യായാ 11:34; 1 സാമു 18:6; സങ്കീ 68:25). ഹീബ്രു നിയമം സ്ത്രീകള്‍ക്ക് പ്രത്യേകം സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു (നിയ 21:11f    ).

               ഉല്‍പത്തി രണ്ടും മൂന്നും അധ്യായങ്ങളിലാണ് സ്ത്രീയെക്കുറിച്ചുള്ള പ്രധാന പരാമര്‍ശങ്ങള്‍ കാണുന്നത്. രണ്ടാമധ്യായത്തില്‍ സ്ത്രീയെ പുരുഷന്‍റെ ഇണയായി ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ സ്ത്രീ പുരുഷന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമാണ്. നരനില്‍ നിന്നെടുത്തതുകൊണ്ട് അവളെ നാരി എന്നു വിളിക്കുന്നു. അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. ഇവിടെ സ്ത്രീപുരുഷസമത്വം ദര്‍ശിക്കാനാവും. പക്ഷേ, സ്ത്രീ എന്നും പുരുഷനു വിധേയപ്പെട്ടിരിക്കുമെന്നും ഇവിടെ പരാമര്‍ശമുണ്ട് (ഉല്‍പ 3:16). സ്ത്രീകള്‍ കഠിനമായി അദ്ധ്വാനിച്ചിരുന്നു. ധാന്യങ്ങള്‍ പൊടിക്കുക, ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുക, നൂല്‍നൂല്‍ക്കുക, കുട്ടികളെ പരിചരിക്കുക, വീടുസൂക്ഷിക്കുക തുടങ്ങിയവ സ്ത്രീകള്‍ മാത്രം ചെയ്തിരുന്ന ജോലികളാണ്. കൂടാതെ കിളയ്ക്കാനും വിതയ്ക്കാനും കൊയ്യാനും ഉഴാനുമൊക്കെ അവര്‍ പുരുഷന്മാരെ സഹായിച്ചിരുന്നു.

               യഹൂദനിയമം പലപ്പോഴും സ്ത്രീകളോടു കഠിനമായ വിവേചനം കാട്ടിയിരുന്നു. മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളെ പ്രസ്തുത കുറ്റം ചെയ്തവനുതന്നെ ഭാര്യയായി നല്കണമെന്നും അവളുടെ പിതാവിന് കുറ്റം ചെയ്ത വ്യക്തി നഷ്ടപരിഹാരം നല്കണമെന്നും നിയമം അനുശാസിച്ചിരുന്നു (നിയ 22:28-29). ഒരുവന്‍ തന്‍റെ ഭാര്യ കന്യകയല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും അയാളുടെ സാക്ഷ്യം തെറ്റാണെന്നു തെളിയുകയും ചെയ്താല്‍ അയാള്‍ ക്ഷമാപണം നടത്തേണ്ടത് ഭാര്യാപിതാവിനോടാണ്. അയാള്‍ക്കിഷ്ടമില്ലെങ്കിലും ആരോപണ വിധേയായ ഭാര്യ അയാളോടൊപ്പം കഴിയണം (നിയ 22:13-19). ഒരു ഭര്‍ത്താവിന് തന്‍റെ ഭാര്യയെ ഉപേക്ഷിക്കാനുള്ള അവകാശമുണ്ടായിരുന്നു, എന്നാല്‍; ഭാര്യയ്ക്ക് തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ അവകാശമില്ല (നിയ 24:1-4). തന്‍റെ പുത്രിമാരുടെ കന്യാത്വത്തേക്കാള്‍ ആതിഥ്യമര്യാദയ്ക്ക് ലോത്ത് പ്രധാന്യം നല്കുന്ന സംഭവവും (ഉല്‍പ 19:8) സ്ത്രീകളോടുള്ള അവഗണനയ്ക്കുള്ള തെളിവാണ്.

               സ്ത്രീകള്‍ എല്ലാ വിധത്തിലുമുള്ള വിവേചനങ്ങള്‍ക്കു വിധേയരായിരുന്നെങ്കിലും യഹൂദ സമൂഹത്തില്‍ നിന്ന് അസാധാരണമാംവിധം ധീരതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള വനിതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. താമാര്‍ (ഉല്‍പ 38), റൂത്ത് (റൂത്ത് 1-3) എന്നിവര്‍ തങ്ങളുടെ വൈവാഹികാവകാശങ്ങള്‍ക്കായി ധീരമായി നിലകൊണ്ടു. ജായേലും (ന്യായാ 4:11; 17:22) എസ്തേറും ധീരതയുടെ ആള്‍രൂപങ്ങളായിരുന്നു. ഇസ്രായേലില്‍ പ്രവാചികമാരുണ്ടായിരുന്നു. മരുഭൂമിയാത്രയ്ക്കിടയില്‍ സ്ത്രീകളുടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് മോശയുടെ സഹോദരിയായിരുന്ന മിരിയാമായിരുന്നു (പുറ 15:20-21). ദബോറായും ഹുല്‍ദായും ഒരേ സമയം ന്യായാധിപമാരും പ്രവാചികമാരുമായിരുന്നു. ഇവര്‍ സ്ത്രീപുരുഷന്മാരുടെമേല്‍ ഒരുപോലെ ആധിപത്യം പുലര്‍ത്തിയിരുന്നു (ന്യായാ 4:4-5; 2 രാജാ 22:11-20) കാനാന്യരുടെ പരാജയം ദബോറ പ്രവചിച്ചിരുന്നു. നിയമാവര്‍ത്തനഗ്രന്ഥത്തിന്‍റെ ആധികാരികത സാക്ഷ്യപ്പെടുത്തിയത് ഹുല്‍ദാ പ്രവാചികയാണ്. പുരുഷമേധാവിത്വം കര്‍ശനമായി നടപ്പിലായിരുന്ന യഹൂദ സമൂഹത്തില്‍ അത്താലിയ എന്ന സ്ത്രീ രാജ്ഞിയായി ഭരണം നടത്തിയിരുന്നുവെന്നതും എടുത്തു പറയേണ്ട വസ്തുതയാണ് (2 ദിന 22:10; 23:21).

പുതിയനിയമത്തില്‍ വളരെ വിപ്ലവകരമായ മാറ്റമൊന്നും സ്ത്രീകളോടുള്ള മനോഭാവത്തില്‍ പ്രകടമല്ലെങ്കിലും റോമാസാമ്രാജ്യത്തിലും പൗരസ്ത്യദേശത്തും നിലനിന്നിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട മനോഭാവമായിരുന്നു പുലര്‍ത്തിയിരുന്നത്. സ്ത്രീകളോടുള്ള യേശുവിന്‍റെ മനോഭാവത്തില്‍ ഇതു വളരെ പ്രകടമാണ്. അവരുടെ ജീവിതാനുഭവങ്ങള്‍ മിക്കപ്പോഴും യേശുവിന്‍റെ ദൈവരാജ്യസന്ദേശങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഉദാ. മാവ് കുഴച്ചു പുളിപ്പിച്ച് അപ്പമുണ്ടാക്കുന്ന സ്ത്രീ (മത്താ 13:33ള), നഷ്ടപ്പെട്ട നാണയം തിരയുന്ന സ്ത്രീ (ലൂക്കാ 15:8), നീതി നടത്തിതരാനായി ന്യായാധിപനെ നിരന്തരം ശല്യം ചെയ്യുന്ന സ്ത്രീ (ലൂക്കാ 18:1ള). മണവാളനെ എതിരേല്‍ക്കാന്‍ നില്ക്കുന്ന കന്യകമാര്‍ (മത്താ 25:1).

               പുരുഷന്മാര്‍ക്കെന്നതുപോലെ സ്ത്രീകള്‍ക്കുംവേണ്ടി അവിടുന്നു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. പത്രോസിന്‍റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയത് (മത്താ 18:14), ജായിരൂസിന്‍റെ പുത്രിയെ ഉയിര്‍പ്പിക്കുന്നത് (മത്താ 9.18-26; മര്‍ക്കോ 5-21-43; ലൂക്കാ 8:40-56), മര്‍ത്തായോടും മറിയത്തോടുമുള്ള അവിടുത്തെ സമ്പര്‍ക്കം മുതലായവ യേശുവിന് സ്ത്രീകളോടുള്ള ആത്മാര്‍ത്ഥ സുഹൃദ്ബന്ധത്തെ വിളിച്ചോതുന്നവയാണ് (ലൂക്കാ 10:38-43; യോഹ 11:1-44). യേശുവിനെ അനുഗമിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളുമുണ്ടായിരുന്നു (ലൂക്കാ 8:1-3). സ്ത്രീകളായ ശിഷ്യഗണം ഗുരുവിനെ അനുഗമിക്കുന്ന പതിവ് യഹൂദരുടെയിടയില്‍ കേട്ടു കേള്‍വി പോലുമില്ലായിരുന്നു എന്നറിയുമ്പോഴേ സ്ത്രീകളോടുള്ള യേശുവിന്‍റെ മനോഭാവത്തിലെ വിപ്ലവാത്മകത മനസ്സിലാവൂ. കുരിശും ചുമന്നുകൊണ്ടുള്ള യേശുവിന്‍റെ കാല്‍വരിയാത്രയിലും (ലൂക്കാ 23:27-31) യേശുവിന്‍റെ മരണനേരത്തും (ലൂക്കാ 23:49) ഈ ശിഷ്യകള്‍ യേശുവിന്‍റെ സമീപത്തുണ്ടായിരുന്നു. പന്ത്രണ്ട് അപ്പസ്തോലന്മാരും യേശുവിനെ ഉപേക്ഷിച്ചുപോയ സന്ദര്‍ഭത്തിലും ഇവര്‍ യേശുവിനെ അനുധാവനം ചെയ്തിരുന്നു എന്നാണ് വി. ഗ്രന്ഥഭാഗങ്ങള്‍ വ്യക്തമാക്കുന്നത്. യേശുവിനെ സംസ്കരിച്ച കല്ലറയ്ക്കല്‍ പുലര്‍കാലത്തുതന്നെ കടന്നു ചെല്ലുന്ന ഇവരുടെ തീക്ഷ്ണത, യേശുവുമായി ഇവര്‍ക്കുണ്ടായിരുന്നു ആത്മബന്ധത്തെയാണ് വെളിപ്പെടുത്തുന്നത് (ലൂക്കാ 24:1-12). യോഹ 20:1-18 പ്രകാരം ഉത്ഥാനരംഗത്തിന് ആദ്യമായി സാക്ഷ്യം വഹിക്കുന്നത് മഗ്ദലനാമറിയം എന്ന സ്ത്രീയാണ്.

               ആദിമസഭയിലും സ്ത്രീകള്‍ ഒരു പ്രധാന പങ്കുവഹിച്ചിരുന്നതായി കാണാം (അപ്പ 1:14; 12:12; 6:1; 9:36; 17:4). അപ്പസ്തോലന്മാരെ സ്ത്രീകള്‍ സഹായിച്ചിരുന്നു (റോമാ 16:1,3,6,12; 1 കൊറി 16:14). പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ സ്ത്രീ പുരുഷന് വിധേയപ്പെട്ടിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട് (1 കോറി 11:3,7,10; 14:35; കൊളോ 3:8; എഫേ 5:21). പക്ഷേ, സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്ന് വി. പൗലോസ് ഊന്നിപ്പറയുന്നു (1 കോറി 11:11-12). കര്‍ത്താവില്‍ സ്ത്രീയും പുരുഷനും പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍, സ്ത്രീകള്‍ സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പൗലോസ് പഠിപ്പിക്കുന്നുണ്ട് (1 കോറി 14:33-35; 1 തിമോ 2:11-15). സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നതിനെയും പുതിയ നിയമം വിമര്‍ശിക്കുന്നുണ്ട് (1 തിമോ 2:9-10; 1 പത്രോ 3:2-4). വീട്ടിലിരുന്നു തന്‍റെ മാതൃധര്‍മ്മം നിര്‍വ്വഹിക്കുന്നതാണ് സ്ത്രീയുടെ രക്ഷാമാര്‍ഗ്ഗം (1 തിമോ 2:15). തീത്തോ 2:5-ല്‍ സ്ത്രീകളെക്കുറിച്ചുള്ള പൗലോസിന്‍റെ കാഴ്ചപ്പാടുകളുടെ പൂര്‍ണ്ണരൂപം ദര്‍ശിക്കാനാവും. അവര്‍ വിവേകമതികളും ഭര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തുന്നവരും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നവരും ഭര്‍ത്താവിനോടു വിധേയത്വമുള്ളവരുമായിരിക്കണം എന്നാണ് പൗലോസ് ഇവിടെ വിവക്ഷിക്കുന്നത്.

ഡോ. ജോസഫ് പാംപ്ലാനി

Laws of marriage in the Pentateuch catholic malayalam bible പഞ്ചഗ്രന്ഥത്തിൻറെ ദൈവശാസ്ത്ര Bishop Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message