x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

രാജ നർത്തകി - സലോമി

Authored by : Dr. Michael Karimattam On 22-Nov-2022

രാജ നർത്തകി - സലോമി

സലോമി എന്ന പേരിൽ അറിയപ്പെടുന്ന രണ്ടു സ്ത്രീകളെക്കുറിച്ച് പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. സെബദിയുടെ ഭാര്യയും യാക്കോബ് - യോഹന്നാൻ സഹോദരന്മാരുടെ മാതാവുമാണ് അതിൽ ഒരാൾ. സ്നാപകയോഹന്നാന്റെ ശിരസ് തളികയിൽ വച്ചുതരണം എന്നാവശ്യപ്പെട്ട രാജകുമാരിയാണ് രണ്ടാമത്തേത്. സുവിശേഷങ്ങളിൽ അവൾക്കു പേരില്ല, ഹോറോദിയായുടെ മകൾ എന്നു മാത്രം വിശേഷിപ്പിച്ചിരിക്കുന്നു. സമകാലിക ചരിത്രരേഖകളിൽ നിന്നാണ് സലോമി എന്ന അവളുടെ പേര് നമുക്കു ലഭിക്കുന്നത്.

സ്നാപകവധവുമായി ബന്ധപ്പെട്ട് സലോമിയെക്കുറിച്ച് ആദ്യത്തെ രണ്ടു സുവിശേഷങ്ങളിൽ പ്രതിപാദിക്കുന്നുണ്ട് (മത്താ 14,1-2; മർക്കോ 6,1429). മറ്റു ചരിത്രരേഖകളിലൊന്നും പരാമർശിക്കപ്പെടാത്തതിനാൽ ഈ സംഭവത്തിന്റെ ചരിത്രപരത ചോദ്യം ചെയ്യപ്പെടാറുണ്ട്, പക്ഷേ നിഷേധിക്കാൻതക്ക ന്യായമില്ല. ഹേറോദേസ് അന്തിപ്പാസിന്റെ ജന്മദിനാഘോഷവേളയിൽ രാജസദസ്സിൽ സലോമി നൃത്തം ചെയ്തത് രാജാവിനെ ഏറെ സന്തോഷിപ്പിച്ചു. എന്തുചോദിച്ചാലും കൊടുക്കാം എന്ന് ആലോചനകൂടാതെ നല്കിയ വാഗ്ദാനം മുഖവിലയ്ക്കെടുത്ത രാജകുമാരി മാതാവിന്റെ ഉപദേശമനുസരിച്ച് സ്നാപകന്റെ ശിരസ് ആവശ്യപ്പെട്ടു. വാക്കു പാലിക്കാൻ നിർബന്ധിതൻ എന്നു കരുതിയ രാജാവ് അവൾ ആവശ്യപ്പെട്ടതു കൊടുത്തു. തളികയിൽ കിട്ടിയ തല മകൾ അമ്മയ്ക്ക് കാഴ്ചവച്ചു. അതോടെ രാജനർത്തകി സുവിശേഷങ്ങളിൽനിന്ന് അപ്രത്യക്ഷയാകുന്നു.

യഹൂദചരിത്രകാരനായ ജോസേഫൂസ് ഫ്ളാവിയൂസ്, ഹേറോദേസ് മഹാരാജാവിന്റെ സന്തതിപരമ്പര വിവരിക്കുമ്പോൾ സലോമിയെക്കുറിച്ച് മറ്റുചില വിവരങ്ങൾ നല്കുന്നുണ്ട്. ഹേറോദേസിന്റെ മകനും ഹേറോദിയായുടെ പിതൃസഹോദരനും ആദ്യഭർത്താവുമായ ഹേറോദേസ് ഫിലിപ്പാണ് അവളുടെ പിതാവ്. റോമിലായിരുന്നു അവരുടെ വാസം. ഹേറോദേസിന്റെ തന്നെ മറ്റൊരു മകനും ഇത്തൂറിയാ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെ ഭരണാധികാരിയുമായ ഫിലിപ്പ് അവളെ വിവാഹം ചെയ്തു. മക്കളില്ലാതെ ഫിലിപ്പ് മരിച്ചപ്പോൾ സലോമി തന്റെ മാതൃസഹോദരനായ അരിസ്റ്റോബുളുസിന്റെ ഭാര്യയായി. ആ വിവാഹത്തിൽ നിന്ന് ഹോറോദേസ്, അഗ്രിപ്പാ, അരിസ്റ്റോബുളുസ് എന്നീ മൂന്നു പുത്രന്മാർ ജനിച്ചു. ഹേറോദേസിന്റെ സന്തതി പരമ്പരയിൽ പലർക്കും ഒരേ പേരുള്ളതിനാൽ വ്യക്തികളെ വേർതിരിച്ചറിയുക ദുഷ്കരമാകുന്നു.

എ.ഡി. 10 ലാണ് സലോമിയുടെ ജനനം എന്നു കരുതപ്പടുന്നു. അമ്മ ഹേറോദിയാ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച്, അന്തിപ്പാസിന്റെ ഭാര്യയായി ഗലീലിയിലേക്കു വന്നത് എ.ഡി. 28 ലാണ്. അപ്പോൾ സലോമിയും കൂടെ പോന്നു. ഏറെ താമസിയാതെ സ്നാപകവധം സംഭവിച്ചു. അധികം വൈകാതെ അവൾ തന്റെ മാതാവിന്റെ പിതൃസഹോദരനായ ഫിലിപ്പിന്റെ ഭാര്യയായി. അവർ തമ്മിൽ മുപ്പതിലേറെ വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എ.ഡി.34 ൽ ഫിലിപ്പ് മരിച്ചു. തുടർന്നാണ് അവൾ മാതൃസഹോദരന്റെ ഭാര്യയായത്.

സമാധാനം എന്നർത്ഥമുള്ള ശാലോം എന്ന പദവുമായി ബന്ധപ്പെട്ടതാണ് സലോമി എന്ന പേര്. എന്നാൽ അവളുടെ ജീവിതത്തിൽ, പ്രത്യകിച്ചും ആദ്യഘട്ടത്തിൽ, അവൾക്കോ അവളുമായി ബന്ധപ്പെട്ടവർക്കോ സമാധാനമുണ്ടായില്ല. പ്രവാചകന്റെ ശിരസ്സറുത്ത് നൃത്തം ചെയ്ത രക്തരക്ഷസും പിശാചുമൊക്കെ ആയി അവൾ ചിത്രീകരിക്കപ്പെടുന്നു. കലാകാരന്മാരുടെ ഭാവന ചിറകു വിരിക്കാൻ ഏറെ അവസരം നല്കുന്നതാണ് അവളുടെ ജീവിതം. എന്നാൽ അടുത്തു പരിശോധിക്കുമ്പോൾ ഹതഭാഗ്യയായ ഒരു ദുരന്തകഥാപാത്രമായിരുന്നു സലോമി എന്നു കാണാൻ കഴിയും, ഒപ്പം എന്നും പ്രസക്തമായ ഒരു പ്രതീകവും.

തിക്തവും ദുഃഖപൂർണ്ണവുമായിരുന്നു അവളുടെ ബാല്യവും യൗവ്വനവും. അവിശ്വസ്തയും അധികാരമോഹിയുമായ അമ്മയുടെ വഴിവിട്ടുള്ള ജീവിതവും ഇടർച്ചകളും, വിവാഹമോചനത്തിലും പുനർവിവാഹത്തിലുമെത്തിയ പ്രേമബന്ധവും അവളുടെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി. റോമിലെ പിതൃഭവനം വിട്ട് ഗലീലിയിലെ കൊട്ടാരത്തിലേക്കും പേരെയായിലെ കോട്ടയിലേക്കും മാറിത്താമസിക്കാൻ നിർബന്ധിതയായ അവൾ അമ്മയുടെ പ്രതികാരാഗ്നി ആവാഹിച്ചെടുക്കേണ്ടിവന്നു; അധികാരം നിലനിർത്താനുള്ള അമ്മയുടെ ശ്രമങ്ങളിൽ ഉപകരണമാക്കപ്പെട്ടു. സംഹാരരുദ്രയായിത്തീർന്ന ഒരു മാതാവിന്റെ തണലിൽ വളർന്ന അവളിലേക്കും മാതാവിന്റെ വിദ്വേഷ വിഷം കിനിഞ്ഞിറങ്ങി.

രാജസദസ്സിൽ നൃത്തം ചെയ്യുക രാജകുമാരിമാർക്കു പതിവല്ല. എന്നാൽ വിരുന്നു ശാലയിൽ സൗന്ദര്യപ്രകടനത്തിനു ക്ഷണം കിട്ടിയപ്പോൾ “മനസ്സില്ല" എന്നു ചക്രവർത്തിയോടു പറയാൻ ധൈര്യം കാട്ടിയ വാഷ്തി രാജ്ഞിയുടെ നട്ടെല്ലും കരളുറപ്പും അവൾക്കുണ്ടായിരുന്നില്ല. അതോ, അമ്മയോടുള്ള സ്നേഹാദരവുകളും അമ്മയെ അവഹേളിച്ചതിലുള്ള അമർഷവും സ്നാപകനെതിരെ ഉപജാപമൊരുക്കാൻ അവളെയും പഠിപ്പിച്ചുവോ?

രണ്ടു സംസ്കാരങ്ങൾ, രണ്ടു വിശ്വാസങ്ങൾ, രണ്ടു ജീവിത ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു മക്കേരൂസ് കോട്ടയിൽ സംഭവിച്ചത്. വിവാഹമോചനവും ബഹുഭാര്യാ-ഭർതൃത്വവും നാട്ടു നടപ്പായിരുന്ന റോമിൽ വളർന്ന ഹേറോദിയായ്ക്കും സലോമിക്കും യഹൂദരുടെ ഏകഭാര്യാവ്രതവും വിവാഹമോചന നിരോധനവും മനസ്സിലാക്കാൻ കഴിഞ്ഞില്ല. റോമിലെ പ്രൗഢിയിലും ഹേറോദേസിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങളിലും തഴങ്ങിയവർക്ക് വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ച്, അർദ്ധനഗ്നനായി മരുഭൂമിയിൽ വസിച്ച താപസനും അദ്ദേഹത്തിന്റെ ജീവിതവീക്ഷണവും വെറും മൗഢ്യവും ഭ്രാന്തുമായേ കാണാൻ കഴിഞ്ഞുള്ളൂ. ആ ഭ്രാന്ത് ജനങ്ങളെയും ബാധിക്കുകയും തങ്ങളുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്തപ്പോൾ അമ്മയും മകളും ഒറ്റക്കെട്ടായി നീങ്ങി. സ്നാപകൻ മരിക്കുക തങ്ങളുടെ നിലനില്പിന് ആവശ്യമായി അവർ കണ്ടു.

വ്യക്തമായ ലക്ഷ്യബോധത്തോടെ, നിശ്ചയദാർഢ്യത്തോടെ, തന്ത്രപൂർവ്വം കരുക്കൾ നീക്കിയ രണ്ടു സ്ത്രീകൾക്കു നടുവിൽ ദുർബലനായ ഹേറോദേസ് പതറി; അരുതാത്തതു ചെയ്യാൻ നിർബ്ബന്ധിതനായി. രാജ്യത്തിന്റെ പകുതി കൊടുക്കാൻ രാജാവിന് അധികാരമുണ്ടായിരിക്കാം. എന്നാൽ ഒരു നിരപരാധനെ കൊല ചെയ്യാൻ തനിക്കധികാരമില്ല എന്ന കാര്യം രാജാവു മറന്നു. സത്യത്തെയും നീതിയെയുംകാൾ പൊതുജനാഭിപ്രായത്തെ മാനിച്ച രാജാവ് തന്റെ അധികാരപരിധികളെ മറികടന്നു. ഇവിടെ ആരാണ് കുറ്റവാളി? മൂവർക്കും തങ്ങളുടെ പ്രവൃത്തിക്കു ന്യായീകരണമുണ്ടാകാം. പക്ഷേ, ദൈവിക നിയമത്തിനുമുമ്പിൽ ആരും കുറ്റവിമുക്തരാകുന്നില്ല.

തെറ്റായ മാർഗ്ഗങ്ങൾ ഉപേക്ഷിക്കാൻ മടിക്കുന്നവർ തങ്ങളെ തിരുത്തുന്നവരെ ശത്രുക്കളായി കണ്ട്, ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഹേറോദിയായും സലോമിയും. അതിജീവനത്തിനും അധികാരസംരക്ഷണത്തിനുംവേണ്ടി ഏതറ്റം വരെയും പോകാൻ അവർ മടിച്ചില്ല. ഹേറോദേസ് മഹാരാജാവ് ചാവുകടലിന്റെ കിഴക്കെ കരയിൽ, പേരെയായിൽ പണികഴിപ്പിച്ച മക്കേരൂസ് കോട്ടയുടെ നിലവറയിൽ അടയ്ക്കപ്പെട്ട സ്നാപകൻ തടവറയിലും ഒരു ഭീഷണിയായി തുടരുന്നു എന്നു മനസ്സിലാക്കിയപ്പോൾ അവന്റെ നാവടക്കാൻ കഴുത്തറക്കുക മാത്രമാണ് മാർഗ്ഗം എന്നവർ തീരുമാനിച്ചു. അപ്രിയസത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം അധർമ്മത്തിനു മുകളിൽ അടയിരിക്കുന്ന അധികാരികളുടെ പൊതു ശൈലി ആണല്ലോ.

അങ്ങനെ സലോമിയും അമ്മ ഹേറോദിയായും എന്നും പ്രസക്തമായ ഒരു പ്രതീകമായിത്തീരുന്നു. പ്രവാചകശബ്ദത്തെ ഭയക്കുന്ന, ചെറുക്കുന്ന, അടിച്ചൊതുക്കാൻ ശ്രമിക്കുന്ന സ്ഥാപനവൽകൃത അധികാരത്തിന്റെ പ്രതീകം. പക്ഷേ, തളികയിലിരുന്നു രക്തമൊലിക്കുന്ന പ്രവാചകശിരസ് അതു കയ്യിലേന്തി നില്ക്കുന്ന രാജാധികാരത്തേക്കാൾ ശക്തമാണ്, വാചാലമാണ്. പ്രവാചകനെ വധിച്ച് സത്യത്തെ കുഴിച്ചുമൂടാൻ കഴിയില്ല എന്നും ഈ രണ്ടു സ്ത്രീകളുടെ കഥ വ്യക്തമാക്കുന്നു. ആ ശബ്ദം യുഗയുഗാന്തരങ്ങളിലൂടെ, ദിഗന്തങ്ങളിൽ എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും.

രാജ നർത്തകി - സലോമി സ്നാപകയോഹന്നാന്റെ ശിരസ് ഹോറോദിയായുടെ മകൾ ഹേറോദേസ് ജോസേഫൂസ് ഫ്ളാവിയൂസ് മത്താ 14 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message