We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 24-Nov-2022
കർമ്മജ്ഞാനി - മാർത്താ
ഉടമസ്ഥൻ, യജമാനൻ, നാഥൻ എന്നൊക്കെ അർത്ഥമുള്ള മാറാ (ലുപ്തരൂപം: മാർ) എന്ന അരമായ (സുറിയാനി) വാക്കിന്റെ സ്ത്രീലിംഗമാണ് മാർത്താ. പല മലയാളം വിവർത്തനങ്ങളിലും മർത്താ എന്നാണ് കാണുന്നതെങ്കിലും മൂലഭാഷയിലെ ഉച്ചാരണം മാർത്താ എന്നത്രേ. ലൂക്കാ 10,38-42; യോഹ 11,1-12,8 എന്നീ ബൈബിൾ ഭാഗങ്ങളിൽ അവളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ശുശ്രൂഷയുടെ മാതൃകയായിട്ടാണ് രണ്ടു സുവിശേഷങ്ങളിലും മാർത്താ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകൾക്കു പ്രത്യേക പരിഗണന നല്കുന്ന ലൂക്കാ സുവിശേഷകൻ മാർത്തായെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ അല്പം വിമർശനാത്മകമായ ഒരു സമീപനം സ്വീകരിക്കുന്നതായി തോന്നാം. അതിനാൽത്തന്നെ അത്രതന്നെ അഭികാമ്യവും അനുകരണാർഹവുമല്ലാത്ത ഒരു വ്യക്തിത്വമാണ് മാർത്തായുടേത് എന്ന ഒരു ധാരണ പൊതുവേ നിലവിലുണ്ട്.
തന്നെയുമല്ല, സഹോദരി മറിയത്തോടു താരതമ്യം ചെയ്തു മാർത്തായെ ചെറുതാക്കി ചിത്രീകരിക്കാനുള്ള പ്രവണതയും ഇന്നു നിലവിലുണ്ട്. മാർത്തായെ പ്രവർത്തനത്തിന്റെയും മറിയത്തെ ഉപാസന- ധ്യാനത്തിന്റെയും മാതൃകകളായി അവതരിപ്പിച്ച് ധ്യാനവും ആരാധനയുമാണ് പ്രവർത്തനത്തെക്കാൾ പ്രധാനം എന്ന നിഗമത്തിലെത്തുന്നവരുമുണ്ട്. ഒരു പടികൂടി കടന്ന്, മാർത്തായെ അത്മായരുടെയും മറിയത്തെ സന്യസ്തരുടെയും മാതൃകയായികണ്ട്, രണ്ടാമത്തേതാണ് കൂടുതൽ ശ്രേഷ്ഠം എന്ന കാഴ്ചപ്പാട് നിലനിർത്തുന്നവരുമുണ്ട്. ഈ പശ്ചാതലത്തിൽ മാർത്തായെക്കുറിച്ച് ബൈബിളും സഭാപാരമ്പര്യവും പറയുന്ന കാര്യങ്ങൾ സൂക്ഷ്മമായി അപഗ്രഥിക്കണം.
ലൂക്കായും യോഹന്നാനും മാർത്തയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. രണ്ടു സുവിശേഷങ്ങളിലെ ചിത്രങ്ങളും തമ്മിൽ അടുത്ത ബന്ധവും സമാനതകളുമുണ്ട്. ലൂക്കാ "ശുശ്രൂഷ' എന്ന ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ യോഹന്നാൻ മാർത്തായെ യഥാർത്ഥ ശിഷ്യത്വത്തിന്റെ സകല വശങ്ങളും ഉൾക്കൊള്ളുന്ന ഉത്തമ മാതൃകയായി അവതരിപ്പിക്കുന്നു, കർമ്മമാർഗ്ഗത്തിന്റെയും ജ്ഞാനമാർഗ്ഗത്തിന്റെയും മാതൃകയാണവൾ.
ശിഷ്യത്വത്തെക്കുറിച്ച് വിശദമായ പ്രബോധനം നല്കുന്ന യാത്രാവിവരണത്തിലാണ് ലൂക്കാ മാർത്തായെക്കുറിച്ച് പ്രതിപാദിക്കുന്നത് (ലൂക്കാ 10,38-42). ഈ യാത്രാവിരണത്തിനിടയിൽ ശിഷ്യത്വത്തിന്റെ അനേകം മാതൃകകൾ ലൂക്കാ വരച്ചുകാട്ടുന്നുണ്ട്. നിത്യജീവൻ അവകാശമാക്കാൻ അയല്ക്കാരനെ സ്നേഹിക്കണമെന്നും ആരാണ് അയല്ക്കാരൻ എന്നും നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ (ലൂക്കാ 10,25-37) പഠിപ്പിച്ചതിനുശേഷമാണ് മാർത്താ- മറിയം സഹോദരിമാരുടെ കഥ പറയുന്നത്.
ആവശ്യം അനുഭവിക്കുന്നവനെ സഹായിക്കുക നിത്യജീവൻ പ്രാപിക്കാൻ അത്യാവശ്യമാണെന്ന് സമറിയാക്കാരന്റെ കഥയിലൂടെ പഠിപ്പിച്ചു. അതിന്റെ മറുവശം എന്ന രീതിയിലാണ് മാർത്താ-മറിയം സഹോദരിമാരെക്കുറിച്ചു പ്രതിപാദിക്കുന്നത്. അവശരെ സഹായിക്കുക അവശ്യം ആവശ്യമാണെങ്കിലും ക്രിസ്തീയ ശിഷ്യത്വം എന്നത് സമൂഹികസേവനം മാത്രമായിത്തീരരുതെന്നും ദൈവസന്നിധിയിൽ ഏകാഗ്രമായിരുന്നു പ്രാർത്ഥിക്കാനും ദൈവവചനം ശ്രവിക്കാനും ശിഷ്യർ സമയം കണ്ടെത്തണമെന്നും പഠിപ്പിക്കുകയാണ് സഹോദരിമാരുടെ ഉദാഹരണത്തിലൂടെ. പുരുഷനോടു തുല്യം സ്ത്രീക്കും, പ്രവർത്തനത്തിനോടൊപ്പം വചനശ്രവണ-പ്രാർത്ഥനയ്ക്കും സ്ഥാനം നല്കുന്ന സന്തുലിതമായ ഒരു കാഴ്ചപ്പാടാണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്. ഏതെങ്കിലും ഒന്നിനെ ചെറുതാക്കി ചിത്രീകരിക്കുകയല്ല, ഒന്നിന്റെ പേരിൽ മറ്റൊന്ന് അവഗണിക്കപ്പെടരുത് എന്നു നിഷ്കർഷിക്കുകയാണ് ഈ അവതരണത്തിന്റെ ലക്ഷ്യം.
യാത്രമധ്യേ യേശുവിനെ സ്വഭവനത്തിൽ സ്വീകരിച്ചവളാണ് മാർത്താ. വീടിന്റെ ഉടമയും അധികാരിയും നാഥയുമായി മാർത്താ മുൻപന്തിയിൽ നില്ക്കുന്നു. അവൾ വിവാഹിതയാണോ, കുടുംബമുണ്ടോ എന്നൊന്നും സുവിശേഷകൻ പറയുന്നില്ല. വഴിപോക്കനായ യേശുവിനെ സ്വന്തം ഭവനത്തിൽ സ്വീകരിച്ച് സല്ക്കരിക്കുന്ന വീട്ടുടമസ്ഥയാണവൾ. അവൾക്ക് ഒരു സഹോദരിയുണ്ട് - മറിയം. യേശുവിന്റെ വാക്കുകൾ കേട്ടുകൊണ്ട് മറിയം ഗുരുപാദത്തിൽ ഇരുന്നപ്പോൾ വീട്ടമ്മയായ “മർത്തായാകട്ടെ പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു"(ലൂക്കാ 10,40).
“പെരിസ്പാവോ” എന്നാണ് "വ്യഗ്രചിത്ത" എന്നു വിവർത്തനം ചെയ്യുന്ന പദത്തിന്റെ ഗ്രീക്കുമൂലം. പലവശത്തേക്കും ഒരുമിച്ചു പിടിച്ചു വലിക്കുന്നതിനെയാണ് ഈ ക്രിയാപദം സൂചിപ്പിക്കുന്നത്. ഒന്നിലും ഉറച്ചുനില്ക്കാൻ പറ്റാത്ത, ഒന്നിലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്ത വിധം അനേകം കാര്യങ്ങളിൽ ഒരുമിച്ച് ഇടപെട്ട്, അസ്വസ്ഥരും ആകുലരുമാകുന്ന ഒരവസ്ഥയെ ഇവിടെ ചിത്രീകരിക്കുന്നു. ഈ അവസ്ഥയിലായിരിക്കുന്ന മാർത്തായ്ക്ക് താൻ ഒറ്റപ്പെട്ടുപോയിരിക്കുന്നു; തന്നെ സഹായിക്കേണ്ടവളും സഹായിക്കാൻ കഴിയുന്നവളുമായ സഹോദരി വെറുതെ ഗുരുവിന്റെയടുത്തിരുന്ന് തന്നെ അവഗണിക്കുന്നതായും തോന്നി. അത് ഗുരു ശ്രദ്ധിക്കുന്നില്ല എന്ന തോന്നൽ ഇരുവർക്കുമെതിരേ ഒരു ശകാരവും കുറ്റാരോപണവുമായി പുറത്തു വന്നു. ശുശ്രൂഷയ്ക്കു സഹായിക്കാൻ സഹോദരിയെ ഗുരുതന്നെ പറഞ്ഞുവിടണം എന്ന ആവശ്യവും ഉന്നയിച്ചു.
ഇവിടെയാണ് രണ്ടു മനോഭാവങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനം അവതരിപ്പിച്ചിരിക്കുന്നത്. "മാർത്താ, മാർത്താ, നീ പലതിനെക്കുറിച്ചും ഉൽക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല' (ലൂക്കാ 10,41-42). മാർത്തായെ കുറ്റപ്പെടുത്തുകയോ അവളുടെ ശുശ്രൂഷയെ ചെറുതാക്കി അവതരിപ്പിക്കുകയോ അല്ല യേശു ചെയ്യുന്നത്. മാർത്താ, മാർത്താ എന്ന ആവർത്തിച്ചുള്ള വിളി യേശുവിന് അവളോടുള്ള സ്നേഹവും താൽപര്യവും അതോടൊപ്പം നല്കുന്ന ഉപദേശത്തിന്റെ പ്രാധാന്യവും എടുത്തുകാട്ടുന്നു.
ഏറ്റം പ്രധാനപ്പെട്ടതും അനിവാര്യവുമായ ഒരു ശുശ്രൂഷയാണ് മാർത്താ ചെയ്യുന്നത്. ഭവനം സൂക്ഷിക്കുന്നു, അതിഥിയെ സ്വീകരിക്കുന്നു, പരിചരിക്കുന്നു. ഇതെല്ലാം അത്യാവശ്യംതന്നെ. ഈ സാഹചര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ മറിയത്തിന് ഗുരുവിന്റെ പാദാന്തികത്തിൽ ഇരിക്കാനോ ഗുരുവിന്റെ വചനം പങ്കുവയ്ക്കാനോ സാധിക്കുമായിരുന്നില്ല. ഈ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ ഗുരു നാഥൻ രണ്ടു കാര്യങ്ങൾ മാർത്തായെ പഠിപ്പിക്കുന്നു. ഒന്ന് അവൾ വ്യഗചിത്തയാണ്. രണ്ട് താൻ ചെയ്യുന്നതു മാത്രമാണ് ആവശ്യമായ കാര്യം, സഹോദരിയും ഈ ജോലിയിൽ പങ്കുചേരണം എന്ന ചിന്ത ശരിയല്ല.
ഉത്ക്കണ്ഠാകുല' എന്നതാണ് മാർത്തായ്ക്ക് യേശു നല്കുന്ന ആദ്യത്തെ വിശേഷണം. ശിഷ്യർ അവശ്യം ഒഴിവാക്കേണ്ട ഒന്നാണ് ഉൽക്കണ്ഠ. ആവശ്യമായതെല്ലാം ദൈവം തരും എന്ന ഉറച്ച വിശ്വാസത്തിൽ കുറവു വരുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയാണ് ഉൽക്കണ്ഠ. വിചാരണ ചെയ്യപ്പെടുമ്പോൾ എന്തു മറുപടി പറയും എന്ന ഉൽക്കണ്ഠ വേണ്ട (ലൂക്കാ 12,11). എന്തു ഭക്ഷിക്കും, എന്തു ധരിക്കും എന്ന ഉൽക്കണ്ഠ അരുത് (ലൂക്കാ 12,22). ഉൽക്കണ്ഠമൂലം ഒന്നും നേടാൻ കഴിയില്ല, ആയുസിന്റെ ദൈർഘ്യം കൂടുകയില്ല, കുറയുകയേ ചെയ്യൂ (ലൂക്കാ 12,25). അതിനാൽ പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുക, സ്വയം വിട്ടുകൊടുക്കുക ഇതാണ് ചെയ്യേണ്ടത്.
“അസ്വസ്ഥ” എന്നതാണ് രണ്ടാമത്തെ വിശേഷണം. ചെയ്തുതീർക്കാൻ ഏറെ കാര്യങ്ങളുണ്ട്. അതിനു കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയാണിത്. സ്വസ്ഥത നഷ്ടപ്പെടുമ്പോൾ എല്ലാറ്റിനോടും വെറുപ്പും അമർഷവും തോന്നുക സ്വാഭാവികം. തന്റെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ആരും കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല, അംഗീകരിക്കുന്നില്ല, സഹായത്തിനെത്തുന്നില്ല എന്നിങ്ങനെയുള്ള പരാതികളാണ് അസ്വസ്ഥമായ മനസ്സിൽനിന്ന് വക്കുപൊട്ടിയൊഴുകുന്നത്. ഇതും ശിഷ്യത്വത്തിനു യോജിച്ച മനോഭാവമല്ല.
സഹോദരിയെക്കുറിച്ചുള്ള പരാതിയും ഈ തെറ്റായ മനോഭാവത്തിന്റെ പ്രകടനമത്രേ. ഗുരുപാദത്തിൽ സ്വസ്ഥമായി ഇരിക്കുന്നത് നിഷ്ക്രിയത്വവും സമയനഷ്ടവുമായി കരുതുന്നു. അതിനേക്കാൾ പ്രധാനപ്പെട്ടതാണ് ശുശ്രൂഷകൾ എന്ന ഒരു വിധിയും ഈ പരാതിയിലുണ്ട്. അതിനാൽ ശിഷ്യത്വത്തിന്റെ ആഴങ്ങളിലേക്ക് യേശു മാർത്തായെ ക്ഷണിക്കുന്നു. ഉൽക്കണ്ഠയും വ്യഗ്രതയും വേണ്ടാ. മനസ് ശാന്തമാകണം. താൻ ചെയ്യുന്ന ശുശ്രൂഷപോലെ തന്നെ വിലപ്പെട്ടതാണ് സ്വസ്ഥമായിരുന്ന് ഗുരുവചനത്തിന് കാതോർക്കുന്നത് എന്നു മാർത്താ മനസിലാക്കണം; അംഗീകരിക്കണം.
അതോടൊപ്പം ഒന്നു കൂടിയുണ്ട്. ചെയ്യുന്ന ജോലിയിൽ സംതൃപ്തി കണ്ടെത്തുക. ഒരുപക്ഷേ സഹോദരിയുടെ ജോലി കൂടുതൽ എളുപ്പവും അഭികാമ്യവുമാണെന്ന ധ്വനി മാർത്തായുടെ പരാതിയിലുണ്ടോ? എന്നെ തനിയെ വിട്ടിരിക്കുന്നു! ഏല്പിക്കപ്പെട്ടതോ സ്വയം ഏറ്റെടുത്തതോ ആകട്ടെ, താൻ ചെയ്യുന്ന ജോലിയിൽ അർത്ഥവും സംതൃപ്തിയും കണ്ടെത്താൻ കഴിയാത്തവർക്കു പരാതികളേ ഉണ്ടാവൂ! ഇതും ശിഷ്യത്വത്തിനു നിരക്കാത്ത മനോഭാവമാണ്. മറിയത്തെ ഗുരു പാദത്തിൽ നിന്നകറ്റി അടുക്കള ജോലിക്കു വിടണം എന്ന അഭ്യർഥന യേശു സ്വീകരിക്കുന്നില്ല. ആവശ്യമായ ഒന്നേ ഉള്ളൂ, അതു മറിയം തിരഞ്ഞെടുത്തിരിക്കുന്നു. അപ്പോൾ മാർത്തയോ? എന്താണ് ഈ അവശ്യമായ ഒന്ന്?
സുവിശേഷത്തിൽ ഉടനീളം പറഞ്ഞു പഠിപ്പിക്കുന്നതാണ് ഈ ഒന്ന്. ഇതു ദൈവരാജ്യമാണ്. ദൈവത്തിന്റെ ഹിതം ആരായുക, അതു ഹൃദയത്തിൽ സ്വീകരിച്ച് പ്രവാർത്തികമാക്കുക. “ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ. ഇവയെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിക്കും" (ലൂക്കാ 12,30-31). "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും (ലൂക്കാ 8,21). ഗുരുവചനത്തിനു കാതോർക്കുന്ന മറിയം ശിഷ്യത്വത്തിന്റെ ഉത്തമമാതൃകയായി അവതരിപ്പിക്കപ്പെടുന്നു.
മാർത്തായേയും മറിയത്തെയും രണ്ടു ചേരികളാക്കിത്തിരിച്ച് മറിയത്തോടു പക്ഷം ചേരുന്ന ഒന്നല്ല ഈ ഗുരുമൊഴി. രണ്ടുപേരും ശിഷ്യത്വത്തിന്റെ മാതൃകകളാണ്, അഥവാ ശിഷ്യത്വത്തിന്റെ രണ്ടുവശങ്ങൾ അവരിലൂടെ ചിത്രീകരിക്കപ്പെടുന്നു. ഈ പ്രാതിനിധ്യസ്വഭാവമാണ് മാർത്തായെക്കുറിച്ചുള്ള വിവരണത്തിലൂടെ ലൂക്കാ എടുത്തു കാട്ടുന്നത്. യേശുവിനെ സ്വഭവനത്തിൽ സ്വീകരിച്ചു പരിചരിക്കുന്നവളാണ് മാർത്താ. എന്നാൽ പരിചരണത്തിന്റെ വ്യഗ്രതയിൽ ആരെയാണ് താൻ പരിചരിക്കുന്നത്, ആർക്കുവേണ്ടിയാണ് ശുശ്രൂഷ എന്ന കാര്യം മറക്കരുത്. യേശുവിനെ പരിചരിക്കാനായി അത്യധ്വാനം ചെയ്യുമ്പോഴും അവിടുത്തെ സാന്നിധ്യം തേടാനും വചനം ശ്രവിക്കാനും മാർത്താ തയ്യാറാകണം. അതു ചെയ്യുന്നില്ലെങ്കിൽ അധ്വാനം ഭാരമായിത്തീരും; ശുശ്രൂഷ വ്യഗ്രതനിറഞ്ഞതും വ്യർത്ഥവുമായിപ്പോകും.
ലൂക്കാ വരച്ചുകാട്ടുന്ന മാർത്തായുടെ ചിത്രം ഇന്ന് ഏറെ പ്രസക്തമാണ്. കർത്തൃശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനുമായി വ്രതം ചെയ്ത് ഇറങ്ങിത്തിരിക്കുന്ന ക്രിസ്തുശിഷ്യർ ശുശ്രൂഷകളുടെ ബാഹുല്യത്താൽ ലക്ഷ്യം മറക്കുന്ന അനുഭവങ്ങൾ വിരളമല്ല. വിദ്യാഭ്യാസം, ആതുരസേവനം, മുതലായ രംഗങ്ങളിൽ മാത്രമല്ല, വചനപ്രഘോഷണ സംരഭങ്ങളിലും ഈ അപകടം ഇന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നു. ശുശ്രൂഷകൾ അവഗണിക്കുകയോ വിലകുറഞ്ഞതായി പരിഗണിക്കുകയോ അല്ല, ഗുരുപാദത്തിൽ ഇരിക്കുകയും ഗുരുവചനം ശ്രവിക്കുകയും ചെയ്ത് ശക്തി ആർജ്ജിച്ചാലേ ശുശ്രൂഷ ഫലപ്രദമാകൂ, രക്ഷണീയമാകൂ; അത് ശിഷ്യത്വത്തിന്റെ ഭാഗമാകൂ എന്ന് മാർത്തായ്ക്കു നല്കുന്ന ഉപദേശത്തിലും യേശു പഠിപ്പിക്കുന്നു.
ഇതുമാത്രമല്ല, ബൈബിളിലെ മാർത്തായുടെ ചിത്രം. വചനം ശ്രവിക്കുകയും വിശ്വാസം ഏറ്റുപറയുകയും പ്രഘോഷിക്കുകയും ചെയ്യുന്ന മാർത്തായും ബൈബിളിലുണ്ട് - യോഹന്നാന്റെ സുവിശേഷത്തിലും സഭാപാരമ്പര്യങ്ങളിലും. അതിലേക്കാണ് അടുത്തതായി ശ്രദ്ധ തിരിക്കുന്നത്.
മർത്തായെക്കുറിച്ച് ലൂക്കാ അവതരിപ്പിക്കുന്നതിനു സമാനമായ ഒരു ചിത്രം യോഹന്നാന്റെ സുവിശേഷത്തിലും കാണാം. “മരിച്ചവരിൽ നിന്നു താൻ ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്ന ബഥാനിയായിലേക്ക് പെസഹായ്ക്ക് ആറുദിവസം മുമ്പ് യേശു വന്നു. അവർ അവന് അത്താഴം ഒരുക്കി. മാർത്താ പരിചരിച്ചു” (യോഹ 12,1-2). ഈ വിരുന്നിൽ വച്ച് മാർത്തായുടെ സഹോദരി മറിയം യേശുവിന്റെ പാദത്തിൽ തൈലം പൂശി, തലമുടികൊണ്ടു തുടച്ചു. രണ്ടുപേരും തങ്ങളുടേതായ രീതിയിൽ ശുശ്രൂഷകൾ നിർവ്വഹിക്കുകയും യേശുവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. ലൂക്കായുടെ സുവിശേഷത്തിലേതുപോലെ പരാതിയോ തിരുത്തലോ ഉപദേശമോ ഒന്നും ഇവിടെ കാണുന്നില്ല. മാർത്തായുടെ വ്യക്തിത്വം അവതരിപ്പിക്കുക എന്നതിലുപരി ശിഷ്യത്വത്തിന്റെ വിവിധ മാനങ്ങൾ എടുത്തു കാട്ടുകയാണ് ലൂക്കായുടെ ലക്ഷ്യം എന്നതിന് ഇതും ഒരു തെളിവാണ്.
അവർ അവന് അത്താഴം ഒരുക്കി, മാർത്താ പരിചരിച്ചു എന്ന കാര്യമാത്ര പ്രസക്തമായ പ്രസ്താവനയിൽ മാർത്തായുടെ ഒരു സ്വഭാവ സവിശേഷത പ്രകടമാകുന്നു. അവൾ ശുശ്രൂഷ ചെയ്യുന്നവളാണ്. “ദിയാക്കൊണേയിൻ” എന്ന ഗ്രീക്കുപദമാണ് “പരിചരിച്ചു” എന്നു വിവർത്തനം ചെയ്യുന്നത്. ആദിമക്രൈസ്തവരുടെ പദാവലിയിൽ വളരെ പ്രാധാന്യവും സാങ്കേതികത്വവും ഉള്ള ഒരു പദമാണിത്. ഈ ക്രിയാപദത്തിന്റെ നാമരൂപമാണ് “ഡീക്കൺ" - അഥവാ ശുശ്രൂഷി. സഭയിലെ ശുശ്രൂഷകൾക്കായി അപ്പസ്തോലന്മാർ പ്രത്യേകം ആരംഭിച്ചതാണ് ഡീക്കൺ പദവി, അഥവാ ശുശ്രൂഷ (അപ്പ 6,1-7). പിന്നീട് മെത്രാൻമാർ (എപ്പിസ്കോപ്പായി), ശ്രേഷ്ഠന്മാർ (പ്രെസ്ബിത്തെരോയി) എന്നവരോടുകൂടെ ഡീക്കന്മാരും (ഡിയാക്കൊണോയി) സഭയിൽ നേതൃത്വം വഹിച്ചിരുന്നു.
യോഹന്നാൻ സുവിശേഷം എഴുതുന്ന കാലഘട്ടം ആയപ്പോഴേക്കും ഈ മൂന്ന് ശുശ്രൂഷാതലങ്ങളും സഭയിൽ നിലവിൽ വന്നു കഴിഞ്ഞിരുന്നു. അതിനാൽ “ഡീക്കൺ" എന്ന പദം ഉപയോഗിക്കുന്നില്ലെങ്കിലും മാർത്തായുടെ ശുശ്രൂഷയെ ആ രീതിയിലാണ് യോഹന്നാൻ അവതരിപ്പിക്കുന്നത് എന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാവില്ല. ഭക്ഷണമേശയിൽ ശുശ്രൂഷിക്കുക എന്നതായിരുന്നു ഡീക്കന്മാരെ തിരഞ്ഞടുക്കുന്നതിന്റെ ലക്ഷ്യം. അത് സഭയുടെ ഭൗതിക കാര്യങ്ങളുടെ മുഴുവൻ ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നു. സഭയുടെ സമ്പത്ത് നീതിപൂർവ്വം, അംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നത് ഡീക്കന്മാരുടെ ചുമതല ആയിരുന്നു. അപ്രകാരം സുപ്രധാനമായ ഒരു ഉത്തരവാദിത്വത്തിൽ പങ്കാളിയായിരുന്നു മാർത്താ. അഥവാ ഡീക്കൻ ശുശ്രൂഷയുടെ തുടക്കത്തിലാണ് മാർത്തായുടെ സ്ഥാനം. എന്നാൽ ഇതു മാത്രമല്ല യോഹന്നാന് മാർത്തായെക്കുറിച്ചു പറയാനുള്ളത്.
ലാസറിന്റെ മരണവും പുനരുത്ഥാനവുമായി ബന്ധപ്പെടുത്തിയാണ് യോഹന്നാൻ (11,1-44) മർത്തായെക്കുറിച്ചു പ്രതിപാദിക്കുന്നത്. ഇവിടെ വളരെ ശക്തമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണവൾ. ജറുസലെമിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബഥാനിയാ എന്ന ഗ്രാമത്തിലെ ലാസറിന്റെയും മറിയത്തിന്റെയും സഹോദരിയാണ് മാർത്താ. അവർ മൂന്നുപേരെയും യേശു സ്നേഹിച്ചിരുന്നു എന്ന് സുവിശേഷകൻ എടുത്തുപറയുന്നുണ്ട് (യോഹ 11,5). യേശു സ്നേഹിച്ചിരുന്ന ശിഷ്യനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിച്ചാൽ ഇപ്രകാരമൊരു പദപ്രയോഗം യോഹന്നാൻ മറ്റാരെക്കുറിച്ചും ഉപയോഗിക്കുന്നില്ല. യേശുവിന്റെ ശിഷ്യഗണത്തിലും ആദിമസഭാസമൂഹത്തിലും അതുല്യ പ്രാധാന്യമുള്ള ഒരു വ്യക്തിയായിരുന്നു മാർത്താ എന്ന്, യേശുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള ഈ പരാമർശം വ്യക്തമാക്കുന്നു. പില്ക്കാലത്തെ സഭാപാരമ്പര്യങ്ങൾ ഇതു സാക്ഷ്യപ്പെടു ത്തുന്നുമുണ്ട്.
“അങ്ങ് സ്നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു" എന്ന സന്ദേശവുമായി സഹോദരിമാർ ദൂതന്മാരെ അയച്ചു. രണ്ടുപേരും ഒരുമിച്ചാണ് ദുതന്മാരെ അയയ്ക്കുന്നത്. എന്നാൽ ഗുരു വരുന്നു എന്നു കേൾക്കുമ്പോൾ സ്വീകരിക്കാനായി ഗ്രാമാതിർത്തിയിലേക്ക് ഓടിചെല്ലുന്നത് മാർത്തായാണ്. സഹോദരി മറിയം വീട്ടിൽത്തന്നെ ഇരിക്കുന്നു. ലൂക്കായുടെ സുവിശേഷത്തിൽ ഗുരുപാദത്തിൽ ഇരുന്നതുപോലെ. തുടർന്നുള്ള സംഭവപരമ്പരകളിൽ മുഴുവൻ മാർത്തായാണ് മുൻകൈ എടുക്കുന്നത്, സംഭാഷണത്തിലും പ്രവർത്തനങ്ങളിലും.
സഹോദരന്റെ രോഗവിവരം അറിയിച്ചിട്ടും ഗുരു വരാത്തതിൽ അവൾക്കു ദുഃഖവും പരിഭവവുമുണ്ട്, അതേസമയം ഗുരുവിന്റെ ശക്തിയിൽ പരിധിയില്ലാത്ത വിശ്വാസവും, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു" (യോഹ 11,22). “കർത്താവേ"എന്ന അഭിസംബോധന തന്നെ ഒരു വിശ്വാസപ്രഖ്യാപനമാണ്. ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ ഉപയോഗിക്കുന്ന പദമാണ് “കർത്താവ്”. ഇപ്രകാരം ഒരു സാങ്കേതിക അർത്ഥത്തിലാണോ ഈ അഭിസംബോധനയെ യോഹന്നാൻ അവതരിപ്പിക്കുന്നത് എന്നു തീർപ്പു കല്പിക്കാനാവില്ല. യജമാനനേ, നാഥാ എന്നൊക്കെ ബഹുമാന സൂചകമയ ഒരു വിളിയുമാകാം.
അടുപ്പവും ആദരവും അതേ സമയം ഗുരു വരാൻ വൈകിയതിലുള്ള ഇഛാഭംഗവും പരിഭവവും എല്ലാം ഈ പ്രസ്താവനിയിലുണ്ട്. മരണത്തിൽനിന്നു രക്ഷിക്കാൻ കഴിവുള്ളവനാണ് നീ. എത്രയോ ആളുകളെ നീ സഹായിച്ചു, സുഖപ്പെടുത്തി, രക്ഷിച്ചു! എന്നിട്ടും എന്തേ, നീ സ്നേഹിക്കുന്ന ഈ സഹോദരൻ മരിക്കുന്നതിനുമുമ്പേ വന്നില്ല? ഇവിടെ അടുപ്പമുണ്ട്; ഭംഗിവാക്കു പറയുന്ന കാപട്യമില്ല. സ്നേഹിക്കുന്ന ഗുരുനാഥന്റെ പ്രവർത്തനശൈലി മനസിലാക്കാൻ കഴിയാത്തതിലുള്ള ആകുലതയും ദുഃഖവുമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. എന്നാൽ മാർത്താ അവിടെ നിർത്തുന്നില്ല.
“എന്നാൽ നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം" (യോഹ 11,22). സഹോദരന്റെ അകാല വേർപാടിലുള്ള ദുഃഖം ഹൃദയത്തിൽ തളം കെട്ടി നില്ക്കുന്നു. ഗുരു മനസുവച്ചിരുന്നെങ്കിൽ ആ മരണം ഒഴിവാക്കാമായിരുന്നു. അതു സംഭവിച്ചില്ല. എന്നാലും അവൾ പ്രത്യാശയും വിശ്വാസവും കൈവെടിയുന്നില്ല. ദൈവത്തിന്റെ മുമ്പിൽ സർവ്വശക്തിയുള്ളവനാണ് തന്റെ മുമ്പിൽ നില്ക്കുന്ന കർത്താവ് എന്ന് അവൾ ഏറ്റുപറയുന്നു. മരണത്തെ മറികടക്കുന്ന പ്രത്യാശയാണ് പ്രതിധ്വനിക്കുന്നത്. നീ ചോദിക്കുന്ന എന്തും ദൈവം തരും എന്ന വിശ്വാസപ്രഖ്യാപനത്തിന് മാർത്തായ്ക്കുപോലും അളക്കാൻ കഴിയാത്ത ആഴങ്ങളുണ്ട്.
നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും എന്ന യേശുവിന്റെ വാഗ്ദാനം അന്തിമ ദിനത്തിലെ പുനരുത്ഥാനമായിട്ടാണ് അവൾക്കു മനസ്സിലാകുന്നത്. വ്യക്തമായ അറിവും വിശ്വാസവും തീരുമാനവും അവൾക്കുണ്ട്. എനിക്കറിയാം എന്നു രണ്ടു തവണ അവൾ ആവർത്തിച്ചു പറയുന്നുണ്ട്. എന്നാലും ഇനിയും അവൾക്ക് അജ്ഞാതമായ മേഖലകളിലേക്ക് യേശു അവളെ കൈപിടിച്ചു നയിക്കുന്നു.
“ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?” (യോഹ 11,25-26). യോഹന്നാന്റെ സുവിശേഷത്തിൽ ആദ്യമായിട്ടാണ് ഇത്രയും വ്യക്തമായ ഒരു വെളിപ്പെടുത്തൽ നല്കുന്നത്. സഹോദരൻ മരിച്ച് നാലു ദിവസമായി കല്ലറയിൽ കിടക്കുന്നു. സഹോദരന്റെ മരണത്തിൽ ഹൃദയം തകർന്ന സഹോദരിയോടാണ് യേശു മരണത്തെയും ജീവനെയും സംബന്ധിച്ച അഗാധസത്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് തന്റെ തന്നെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. അതിനുശേഷം പഴുതടച്ച ഒരു ചോദ്യം: നീ ഇതു വിശ്വസിക്കുന്നുവോ? പൊതുസ്ഥലത്തുവച്ച് സ്ത്രീകളോട് സംസാരിക്കുന്നതുതന്നെ ഒരു കുറവായി കരുതിയിരുന്ന റബ്ബിമാരുടെ നാട്ടിലാണ് യേശു ഒരു സ്ത്രീയുമായി അതിഗഹനമായ ദൈവശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുന്നത്. “എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെണ്ണ്" അല്ല മാർത്താ. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനസത്യങ്ങളിലേക്ക് ആഴമേറിയ ഉൾക്കാഴ്ചകൾ ലഭിച്ച ഒരു “ദൈവശാസ്ത്രജ്ഞ” ആയി അവളെ പരിഗണിക്കാം. യേശുവാകുന്ന ഗുരുവിന്റെ കളരിയിൽ അഭ്യസിച്ച ഒരു വലിയ ശിഷ്യ.
“ഉവ്വ്, കർത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാൻ വിശ്വസിക്കുന്നു" (യോഹ 11,27). നാലു സുവിശേഷങ്ങൾ ഒരുമിച്ചെടുത്താലും കാണുന്ന ഏറ്റം വ്യക്തവും ശക്തവും സമഗ്രവുമായ വിശ്വാസപ്രഖ്യാപനമാണിത്. പല കാര്യവ്യഗ്രതയാൽ ഉൾകണ്ഠകുലയായി, സഹോദരിയെ സഹായത്തിനു വിളിക്കുന്ന വീട്ടമ്മയിൽ നിന്ന് എത്രയോ ദൂരം അവൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അപ്പസ്തോലന്മാർ പോലും ഇനിയും ചെന്നെത്തിയിട്ടില്ലാത്ത വിശ്വാസത്തിന്റെ ആഴങ്ങളിൽ അവൾ എത്തിക്കഴിഞ്ഞു. ഇവിടെ കർത്താവേ എന്ന അഭിസംബോധന അതിന്റെ പൂർണ്ണമായ അർത്ഥത്തിൽത്തന്നെ എടുക്കണം. യേശുവിനെ കർത്താവും ക്രിസ്തുവുമായി ഏറ്റുപറയുന്ന ശിഷ്യ. അതും പുനരുത്ഥാനത്തിനുമുമ്പ്, സഹോദരന്റെ മരണം ഒഴിവാക്കിയില്ല എന്ന അവബോധം നിലനില്ക്കുമ്പോഴും അവൾ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഇത് വലിയ ഒരു ഉൾക്കാഴ്ചയായിരുന്നു. പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനു സമാനമായ (മത്താ 16,16), ഒരു പക്ഷേ അതിനേക്കാൾ ആഴമേറിയ വിശ്വാസ പ്രഖ്യാപനം.
യേശുവിലുള്ള വിശ്വാസം ഏറ്റുപറയുക മാത്രമല്ല, അതു സഹോദിരയോടു പ്രഖ്യാപിക്കുകയും ചെയ്യുന്നു. “ഇതു പറഞ്ഞ് അവൾ പോയി സഹോദരിയായ മറിയത്തെ വിളിച്ച്, ഗുരു ഇവിടെയുണ്ട്, നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു" (യോഹ 11,26). യേശുവിനെ പ്രഘോഷിക്കുന്ന പ്രേഷിതത്വത്തിന്റെ മാതൃകയാണ് ഇവിടെ മാർത്താ. നിങ്ങൾ എനിക്കു സാക്ഷികളായിരിക്കണം എന്ന യേശു ഏല്പിച്ച പ്രേഷിതദൗത്യം അവൾ വിശ്വസ്തതയോടെ നിർവ്വഹിക്കുന്നു. "ഗുരു ഇവിടെയുണ്ട്, നിന്നെ വിളിക്കുന്നു." ഇതാണ് മാർത്തായുടെ സുവിശേഷം - എക്കാലത്തും പ്രസക്തമായ സുവിശേഷപ്രഘോഷണം. സ്വയം മറക്കുന്ന, സ്വന്തം ആകുലതകളും ഉൽക്കണ്ഠകളും ദുഖങ്ങളും മറന്ന് അപരനെ ഗുരുവിലേയ്ക്കടുപ്പിക്കുന്ന ശിഷ്യ. പ്രേഷിതത്വത്തിന്റെ ഉത്തമ മാതൃകയാണ് മാർത്താ. ഒരേ സമയം കർമ്മ മാർഗ്ഗത്തിന്റെയും ജ്ഞാനമാർഗ്ഗത്തിന്റെയും പ്രത്യക്ഷോദാഹരണം. അവൾ ഒരു കർമ്മജ്ഞാനിയാണ്.
ശവകുടീരത്തിൽനിന്നു കല്ലെടുത്തുമാറ്റാൻ ഗുരു ആജ്ഞാപിക്കുമ്പോൾ മാർത്തായുടെ പ്രായോഗികബുദ്ധി വീണ്ടും മുന്നോട്ടു വരുന്നു. “കർത്താവേ, ഇപ്പോൾ ദുർഗന്ധമുണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്” (യോഹ 11,39). മരിച്ച സ്നേഹിതനെ നേരിൽക്കണ്ട് അന്തിമോപചാരം അർപ്പിക്കാൻ ഗുരു ആഗ്രഹിക്കുന്നു എന്നു മാത്രമാവും മാർത്താ വിചാരിച്ചത്. മരിക്കാതെ കാത്തു സൂക്ഷിക്കാൻ കഴിയുമായിരുന്നിട്ടും വരാതിരിക്കുന്നവൻ ഇനി എന്തെങ്കിലും ചെയ്യാൻ മനസ്സാകും എന്ന് അവൾ കരുതിയില്ല. എന്നാൽ അവൾ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും വളരെ വലുതു സംഭവിച്ചു. മരിച്ച സഹോദരൻ കല്ലറയിൽ നിന്ന് ജീവനോടെ പുറത്തുവന്നു. അവൾ വിശ്വസിച്ചു. ദൈവമഹത്വം ദർശിച്ചു (യോഹ 11,40).
ഇതോടെ മാർത്താ ബൈബിളിൽനിന്ന് അപ്രത്യക്ഷയാകുന്നു. എന്നാൽ സഭാപാരമ്പര്യങ്ങളിൽ അവൾക്കു വലിയ സ്ഥാനമുണ്ട്. സ്റ്റീഫന്റെ വധത്തിനുശേഷം ജറുസലെമിൽ ഉണ്ടായ കൊടിയ മതപീഡനത്തിൽ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടു. പലരെയും നാടുകടത്തി. ലാസറും സഹോദരിമാരും അടങ്ങുന്ന ഒരു ശിഷ്യസമൂഹത്തെ തോണിയിലാക്കി പങ്കായവും പായ്മരവും നങ്കൂരവുമില്ലാതെ മധ്യധരണ്യാഴിയിലേക്കു തള്ളിവിട്ടു. ദൈവം അവരെ ഫാൻസിന്റെ തെക്കേതീരത്ത് എത്തിച്ചു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചു. അനേകരെ മാനസാന്തരപ്പെടുത്തി. സഭാസമൂഹങ്ങൾ സ്ഥാപിച്ചു. ലാസർ മെത്രാൻനായിരുന്നു; മാർത്താ തീക്ഷണമതിയായ പ്രേഷിതയും, അവൾ വഴി അനേകം അത്ഭുതങ്ങൾ നടന്നു; അനേകർ മാനസാന്തപ്പെട്ടു.
മാർത്തയെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ ഒന്നാണ് ഉഗ്രസർപ്പത്തെ വധിച്ചത്. ദക്ഷിണ ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ ജനത്തിനു മുഴുവൻ ഭീഷണിയായ ഒരു ഉഗ്രസർപ്പം (dragon) ജീവിച്ചിരുന്നു. സിംഹവും മുതലയും സർപ്പവും ഒന്നിച്ചു ചേർന്ന ഒരു ഭീകരജന്തു. ഇത് മനുഷ്യരെയും മൃഗങ്ങളെയും ഭക്ഷിച്ചിരുന്നു. തീ ചീറ്റുന്ന ആ ജന്തുവിനെ ആർക്കും എതിരിടാൻ കഴിഞ്ഞില്ല. സുവിശേഷവുമായി ഗ്രാമത്തിലെത്തിയ മാർത്താ ആ ജന്തുവിന്റെ മേൽ വിശുദ്ധജലം തെളിച്ചു. അതിന്റെ ശക്തി ചോർന്നുപോയി. തന്റെ അര പട്ടകൊണ്ട് അവൾ സർപ്പത്തെ ബന്ധിച്ചു. ഗ്രാമവാസികൾ തല്ലിയും കല്ലെറിഞ്ഞുമായി അതിനെ കൊന്നു.
ജനത്തിനു മുഴുവൻ ഭീഷണിയായി നില്ക്കുന്ന, മരണം വിതയ്ക്കുന്ന ഉഗ്രസർപ്പത്തെ മാർത്താ വധിച്ചത് ഒരു പ്രതീകമാണ്. തിന്മയ്ക്കെതിരേയുള്ള പോരാട്ടത്തിൽ, അത് ജീവൻ സംരക്ഷിക്കാൻ വേണ്ടി മരണ സംസ്കാരത്തിനെതിരേയാവാം, സർവ്വനാശം വിതയ്ക്കുന്ന പരിധിയില്ലാത്ത ഉപഭോഗതൃഷ്ണയക്കെതിരെയാവാം, വർഗ്ഗവിദ്വേഷത്തിനും തീവ്രവാദങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും സകല ബന്ധനങ്ങളും തകർക്കുന്ന ലൈംഗീകതയ്ക്കും എതിരെയാവാം, ഉയിർത്തെഴുന്നേല്ക്കുന്ന സ്ത്രീശക്തിയുടെ പ്രതീകം കൂടിയാണ് മാർത്താ. അരപ്പട്ടകൊണ്ട് ഉഗ്രസർപ്പത്തെ ബന്ധിച്ച് വിശുദ്ധജീവിതം വഴി തിന്മയുടെ മേൽ വിജയം വരിക്കുന്നതിന്റെ പ്രതീകമാണ്. വിശ്വാസത്തിൽ നിന്നുയരുന്ന ഊർജ്ജത്തിന്റെയും സ്നേഹത്താൽ പ്രചോദിതയായ സേവനത്തിന്റെയും മാതൃകയായി ബഥാനിയായിലെ മാർത്താ പ്രശോഭിക്കുന്നു.
Dr. Michael Karimattam കർമ്മജ്ഞാനി - മാർത്താ മാറാ “പെരിസ്പാവോ” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206