We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Antony Tharekadavil On 03-Feb-2021
സോളമനെ കര്‍ത്താവായിക്കണ്ട സുഭാഷിതങ്ങളിലെ നല്ലൊരുഭാഗം സോളമന്‍റെയും മുമ്പുള്ള കാലം തുടങ്ങി, രാജഭരണകാലത്തും അതിന് ശേഷവും ഇസ്രായേലില്‍ പഠിപ്പിച്ചിരുന്ന ജ്ഞാനസൂക്തങ്ങളാണെന്ന് നാം കണ്ടു (1 രാജാ 4:29-24; സുഭാ 25:1). കൂട്ടുകുടുംബങ്ങളില്‍ താമസിച്ചിരുന്നവര്‍ ഒരുമിച്ചുകൂടുകയും, പരസ്പരം സംസാരിക്കുകയും ചെയ്തിരുന്ന അവസരങ്ങള്‍ അക്കാലത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ മുതിര്‍ന്നവര്‍ തങ്ങള്‍ക്കറിയാവുന്ന വിജ്ഞാനമെല്ലാം പഴഞ്ചൊല്ലുകളുടെയും, കടംകഥകളുടെയും, ബോധനകഥകളുടെയും, കവിതകളുടെയും രൂപത്തില്‍ തങ്ങളുടെ പിന്‍തലമുറയ്ക്ക് കൈമാറിയിരുന്നുവെന്ന് കരുതാം. ഈ സദസ്സുകളില്‍വച്ച് കുടുംബബന്ധങ്ങള്‍ മുതല്‍ കൃഷി, സാമൂഹ്യജീവിതം, താത്വികചിന്തകള്‍ മുതലായ എല്ലാ വിഷയങ്ങളെക്കുറിച്ചും ആളുകള്‍ വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നിരിക്കണം. പഠനക്കളരികള്‍ ജന്മമെടുത്ത സാഹചര്യത്തില്‍ ഗുരുക്കന്മാര്‍ ശിഷ്യരിലേയ്ക്കും ഇപ്രകാരമുള്ള വിജ്ഞാനം പകര്‍ന്നുകൊടുത്തുവന്നു.
മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കനുസരിച്ച് ദൈവം പ്രതിഫലം തരുമെന്ന് സങ്കീര്‍ത്തനങ്ങളിലൂടെയും അതിലുപരി സുഭാഷിതങ്ങളിലൂടെയും മുതിര്‍ന്നവര്‍ പഠിപ്പിച്ചുവന്നു. പ്രവൃത്തികള്‍ നീതിയുക്തമാക്കുന്നതിന് മനുഷ്യരെ സഹായിക്കാന്‍വേണ്ടി ജ്ഞാനികള്‍ അനേകം സൂക്തങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. അവയെല്ലാം ഹൃദിസ്ഥമാക്കുകയും ദൈവതിരുമുമ്പില്‍ നീതിമാന്മാരായി വര്‍ത്തിക്കുകയും ചെയ്താല്‍ ജീവിതവിജയവും ഉയര്‍ച്ചയും ഉറപ്പാണെന്നവര്‍ കരുതി. ശക്തമായ ഒരു വിശ്വാസം നിരന്തരമായി പഠിച്ചു കഴിയുമ്പോള്‍ കാലക്രമത്തില്‍ അത് ഒരു സിദ്ധാന്തമായി മാറുക സ്വാഭാവികം. അങ്ങനെ വന്നപ്പോള്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ക്കുപോലും മനുഷ്യന് നിബന്ധന വയ്ക്കാന്‍ കഴിയുമെന്നൊരു തത്ത്വത്തിലേയ്ക്ക് മനുഷ്യചിന്ത സാവധാനം കടന്നുവന്നു. പ്രവൃത്തികള്‍ക്കനുസരിച്ചാണ് ദൈവം പ്രതിഫലം നല്‍കുന്നതെങ്കില്‍ നീതിമാന് അനുഗ്രഹം കിട്ടിയിരിക്കണം. ഇപ്രകാരം വിശദീകരിക്കാന്‍ തുടങ്ങിയാല്‍ താഴെപ്പറയുന്ന പല സുഭാഷിതങ്ങളും അതിരു കടന്നുപോകും:
"അവിടുന്ന് നീതിയുടെ മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നു;
തന്‍റെ വിശുദ്ധരുടെ വഴി കാത്തു സൂക്ഷിക്കുന്നു" (2:8).
"ദുഷ്ടന്മാരുടെ ഭവനത്തിന്മേല്‍
കര്‍ത്താവിന്‍റെ ശാപം പതിക്കുന്നു;
എന്നാല്‍ നീതിമാന്മാരുടെ ഭവനത്തെ
അവിടുന്ന് അനുഗ്രഹിക്കുന്നു" (3:33).
"ഞാന്‍ ജ്ഞാനത്തിന്‍റെ വഴി നിന്നെ പഠിപ്പിച്ചു.
സത്യസന്ധതയുടെ പാതകളില്‍ നിന്നെ നയിച്ചു.
നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല;
ഓടുമ്പോള്‍ വീഴുകയുമില്ല" (4:11-12).
"നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക;
അപ്പോള്‍ അവ സുരക്ഷിതമായിരിക്കും" (4:26).
"കര്‍ത്താവിന്‍റെ അനുഗ്രഹം സമ്പത്ത് നല്‍കുന്നു;
അവിടുന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല."
"ദൈവഭക്തി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു."
"ദുഷ്ടരുടെ ജീവിതകാലം പരിമിതമായിരിക്കും" (10:22, 27).
"തിന്മചെയ്യുന്നവന് തീര്‍ച്ചയായും ശിക്ഷലഭിക്കും.
നീതിമാന് മോചനവും" (11:21);
"ദുഷ്ടതയിലൂടെ ആരും നിലനില്പ് നേടുന്നില്ല;
നീതിമാന്മാര്‍ ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല" (12:3).
"നീതിമാന്മാര്‍ക്ക് അനര്‍ത്ഥം സംഭവിക്കുന്നില്ല;
ദുഷ്ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല" (12:21).
"നീതിമാന്‍റെ ദീപം തെളിഞ്ഞു പ്രകാശിക്കും;
ദുഷ്ടന്‍റെ വിളക്ക് അണഞ്ഞുപോകും"
"പാപികളെ ദൗര്‍ഭാഗ്യം പിന്തുടരുന്നു;
നീതിമാന്മാര്‍ക്ക് ഐശ്വര്യം പ്രതിഫലമായി ലഭിക്കുന്നു" (13:9, 21);
"വഴി പിഴച്ചവന്‍ തന്‍റെ പ്രവൃത്തികളുടെ ഫലമനുഭവിയ്ക്കും
ഉത്തമനായ മനുഷ്യന്‍ തന്‍റെ പ്രവൃത്തികളുടെയും" (14:14).
"തിന്മ പ്രവര്‍ത്തിക്കുന്നവരെയോര്‍ത്ത് അസ്വസ്ഥനാകേണ്ടാ;
ദുഷ്ടരെനോക്കി അസൂയപ്പെടുകയും വേണ്ടാ
എന്തെന്നാല്‍ തിന്മ ചെയ്യുന്നവന് ഭാവിയില്ല;
ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും" (24:19-20).
ഇങ്ങനെ പ്രവൃത്തികള്‍ക്കനുസരിച്ച് ദൈവം പ്രതിഫലം നല്കുമെന്ന് പഠിപ്പിക്കുന്ന ജ്ഞാനസൂക്തങ്ങള്‍ തലമുറയില്‍നിന്ന് തലമുറയിലേയ്ക്ക് കൈമാറിവന്നു.
അതോടൊപ്പംതന്നെ മനുഷ്യന്‍ ചെറുപ്പം മുതല്‍ ജ്ഞാനത്തെത്തേടണമെന്നും ജ്ഞാനം സ്വന്തമാക്കിയാല്‍ ജീവിതവിജയം ഉറപ്പാണെന്നും ആവര്‍ത്തിച്ചു പഠിപ്പിച്ചുപോന്നു. ജ്ഞാനത്തിനു വേണ്ടിയുള്ള തീക്ഷ്ണമായ പ്രാര്‍ത്ഥന 119-ാം സങ്കീര്‍ത്തനംപോലുള്ള ജ്ഞാന കീര്‍ത്തനങ്ങളില്‍ കാണാവുന്നതാണ്. ജ്ഞാനത്തെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവന്‍ അവളെ സ്വന്തമാക്കുമെന്നും ജ്ഞാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവിത ഐശ്വര്യം ഉണ്ടാകുമെന്നും ഗുരുക്കന്മാര്‍ വിശ്വസിച്ചു. ജ്ഞാനിക്ക് ജീവിതാനുഭവങ്ങളെ കൂടുതല്‍ നന്നായി വിലയിരുത്താനാവും. അതുകൊണ്ട് ജ്ഞാനത്തെ സ്വന്തമാക്കാന്‍ ശ്രമിക്കണം, അത് സാധ്യമാണെന്നും അവര്‍ പഠിപ്പിച്ചു. ഉദാഹരണം സുഭാ 8:32-36. കാണുക.
പ്രവൃത്തികള്‍ക്കനുസൃതമായി പ്രതിഫലം ലഭിക്കാന്‍ മനുഷ്യന് അര്‍ഹതയുണ്ടെന്നും, അന്വേഷിക്കുന്നവന്‍ ജ്ഞാനത്തെ കണ്ടെത്തി, അറിവുള്ളവനായിത്തീരുമെന്നുമുള്ള തത്ത്വങ്ങള്‍ മാറ്റാന്‍ പറ്റാത്ത തത്ത്വങ്ങളായി വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ദൈവം മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കും ചിന്തകള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നുവരും. ഏതെങ്കിലും ഒരു പഠനം തലമുറകളിലൂടെ കൈമാറപ്പെടുമ്പോള്‍ സംഭവിക്കുന്ന സ്ഥിതിവിശേഷമാണത്. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ യഥാര്‍ത്ഥജ്ഞാനികള്‍ എങ്ങനെ പ്രതികരിച്ചുവെന്നാണ് ജോബും സഭാപ്രസംഗകനും പഠിപ്പിക്കുന്നത്. സുഭാഷിതങ്ങള്‍ ഗുരു ചെറുപ്പക്കാരായ ശിഷ്യര്‍ക്ക് നല്കുന്ന ഉപദേശങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത് (1:4); ജോബും സഭാപ്രസംഗകനുമാകട്ടെ മുതിര്‍ന്ന വ്യക്തികള്‍ നടത്തുന്ന ചര്‍ച്ചകളും ഉപദേശങ്ങളുമാണ്.
Job-Ecclesiastes Rev. Antony Tharekadavil bible in malayalam catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206