We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Antony Tharekadavil On 03-Feb-2021
വടക്കുപടിഞ്ഞാറന്‍ അറേബ്യയിലെ (ഇസ്രായേലിലല്ല) ഊസ് എന്ന പട്ടണത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന (ജോബ് 1:1) ജോബിന്‍റെ കഥ ഇസ്രായേലിന്‍റെ ബാബിലോണിയന്‍ പ്രവാസകാലത്ത് രചിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. മോശയുടെ കാലംമുതല്‍ ദൈവം നല്കിയ നിയമം പാലിച്ചുപോന്ന നീതിമാന്മാരായ ഒരുവിഭാഗം ആളുകള്‍ എന്നും ഇസ്രായേലിലുണ്ടായിരുന്നു. ഇസ്രായേലിലെ സത്യപ്രവാചകന്മാരായിരുന്നു അവരില്‍ പ്രധാനികള്‍. എന്നാല്‍ 587-ല്‍ ബാബിലോണ്‍ യൂദാ കീഴടക്കുകയും നശിപ്പിക്കുകയും ജനങ്ങളെ നാടുകടത്തുകയും ചെയ്തപ്പോള്‍ സത്യവിശ്വാസികളും അവരോടൊപ്പം നാടുകടത്തപ്പെട്ടു. ദൈവതിരുമുമ്പില്‍ നീതിമാന്മാരായി ജീവിച്ചിരുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നുമുണ്ടായില്ല എന്ന് ഈ സംഭവത്തെ വിശദീകരിക്കാന്‍ കഴിയുമല്ലോ. പ്രവാചകന്മാരായ രണ്ടാം ഏശയ്യായും എസക്കിയേലും ബാബിലോണിലാണ് ജീവിച്ചിരുന്നതെന്ന് നമുക്കറിയാം. അക്കാലത്തെ ചിന്താഗതികള്‍ മനസ്സിലാക്കണമെങ്കില്‍ എന്താണ് വിപ്രവാസമെന്ന് നാമറിയണം.
വിപ്രവാസം എന്നത് കടുംബസഹിതമുള്ള അന്യദേശവാസമല്ല; മറിച്ച് സ്വന്തമായുള്ളതെല്ലാം നഷ്ടമായതിനുശേഷം അന്യന്‍റെ ആശ്രിതനായിക്കഴിയുന്ന ജീവിതാവസ്ഥയാണ്. ജനങ്ങളെ ചിതറിച്ചുകളയാന്‍ മാതാപിതാക്കളെ മക്കളില്‍നിന്നും, സഹോദരങ്ങളെ തമ്മിലും ഭാര്യാഭര്‍ത്താക്കന്മാരെയുമെല്ലാം വേര്‍തിരിക്കുകയും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്തവിധം സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നാടുകടത്തുകയുമാണ് വലിയ ശക്തരായ രാജാക്കന്മാര്‍ ചെയ്തുവന്നത്. അതുകൊണ്ടുതന്നെ സമ്പത്തും ബന്ധങ്ങളും സ്വന്തമായുള്ളവയുമെല്ലാം നഷ്ടമായ ഒരു വിപ്രവാസി ശാരീരികവും മാനസികവുമായ വേദനയ്ക്കടിമയായിരുന്നു. ഇപ്രകാരം വ്യഥയനുഭവിച്ച പ്രവാസികളുടെ ഹൃദയത്തില്‍നിന്നുയര്‍ന്ന വലിയ ഒരു ചോദ്യമിതാണ്: 'യാഹ്വെയെ സേവിക്കുന്നതുകൊണ്ട് എന്തു പ്രയോജനം?' എന്നത്. നീതിപാലിക്കുന്നതുകൊണ്ട് എന്തു നന്മയാണുള്ളത്? ഈ സാഹചര്യത്തില്‍ ദൈവത്തിലുള്ള വിശ്വാസം ഉപയോഗശൂന്യമായിക്കണ്ട മനുഷ്യരുടെ ചിന്താഗതിയാണ് ഗ്രന്ഥകര്‍ത്താവ് ജോബിന്‍റെ ഭാര്യയുടെ അധരങ്ങളില്‍ വയ്ക്കുന്നത്: "ഇനിയും ദൈവഭക്തിയില്‍ ഉറച്ചു നില്ക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക" (2:9). സുഭാഷിതങ്ങള്‍ ശക്തിയുക്തം പ്രസ്താവിക്കുന്ന പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം എന്ന തത്ത്വം പൂര്‍ണമായും ശരിയല്ല എന്ന ഒരു ചിന്തയിലേയ്ക്ക് അക്കാലത്തെ സത്യവിശ്വാസികളായ ജ്ഞാനികള്‍ എത്തിച്ചേര്‍ന്നു. അവരുടെ അനുഭവങ്ങളും വേദനകളും ചിന്തകളും മാനവീകരിക്കുകയാണ് ജോബ് എന്ന വ്യക്തി. സുഭാഷിതങ്ങളിലെ തത്ത്വങ്ങള്‍ സൈദ്ധാന്തീകരിച്ചിരിക്കുന്ന ജ്ഞാനികളെയാണ് ജോബിന്‍റെ മൂന്ന് സുഹൃത്തുക്കള്‍ പ്രതിനിധാനം ചെയ്യുന്നത്. ജോബും സുഹൃത്തുക്കളും ദൈവവും നടത്തുന്ന ചര്‍ച്ചകളില്‍നിന്ന് ഇത് വ്യക്തമാകും.
പുസ്തകത്തിന്‍റെ ഘടന
എലിഫാസിന്‍റെ പ്രഭാഷണം (4:1-5:27)
ബില്‍ദാദിന്‍റെ പ്രഭാഷണം (8:1-22)
സോഫാറിന്‍റെ പ്രഭാഷണം (11:1-30)
എലിഫാസിന്‍റെ രണ്ടാംപ്രഭാഷണം (15:1-35)
ബില്‍ദാദിന്‍റെ രണ്ടാംപ്രഭാഷണം (18:1-21)
സോഫാറിന്‍റെ രണ്ടാംപ്രഭാഷണം (20:1-29)
എലിഫാസിന്‍റെ മൂന്നാംപ്രഭാഷണം (22:1-30)
ബില്‍ദാദിന്‍റെ മൂന്നാംപ്രഭാഷണം (25:1-6)
ദൈവശാസ്ത്രം
വടക്കുപടിഞ്ഞാറന്‍ അറേബ്യയിലുള്ള ഊസ് എന്ന ദേശത്ത് ജീവിച്ചിരുന്ന നീതിമാനായ മനുഷ്യനായിരുന്നു ജോബ് (ജോബ് 1:1; ജെറ 25:20; വിലാ 4:21). അവന്‍ ദൈവത്തിന്‍റെ എല്ലാ നിയമങ്ങളും, ചട്ടങ്ങളും കാത്തുപാലിക്കുന്നതില്‍ തീക്ഷ്ണമതിയായിരുന്നു (1:5; 29:11-15). അവന്‍റെ സമൂഹം അവനെ ബഹുമാനിച്ചിരുന്നു (29:7-11; 21-25); കാരണം അവന്‍ എല്ലാ പാപങ്ങളില്‍നിന്നും, അനീതികളില്‍നിന്നും അകന്നിരുന്നു; ദുഷ്ചിന്തകള്‍ക്കൊന്നും അവനില്‍ സ്ഥാനമുണ്ടായിരുന്നില്ല (31:9-10); അവന്‍ പാവപ്പെട്ടവരെയും വിധവകളെയും അനാഥരെയും സംരക്ഷിച്ചുപോന്നു (29:13,16). അതേസമയം അവന്‍ ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറ് ജോഡി കാളകളും, അഞ്ഞൂറ് പെണ്‍കഴുതകളും എണ്ണമറ്റ ദാസന്മാരും സ്വന്തമായുണ്ടായിരുന്ന വലിയ ധനികനായിരുന്നു. ഏഴ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുള്ള, സന്തോഷം തിരതല്ലുന്ന വലിയ ഒരു കുടുംബവും അവനുണ്ടായിരുന്നു.
ജോബിന്‍റെ പുത്രന്മാര്‍ തവണവെച്ച് നിശ്ചിത ദിവസങ്ങളില്‍ തങ്ങളുടെ വീടുകളില്‍ വിരുന്നു നടത്തുകയും അതിലേയ്ക്ക് മറ്റെല്ലാ സഹോദരങ്ങളെയും ക്ഷണിക്കുകയും ചെയ്യുക പതിവായിരുന്നു. സത്ക്കാരങ്ങള്‍ കഴിയുമ്പോള്‍ തന്‍റെ പുത്രന്മാര്‍ പാപം ചെയ്ത് ദൈവത്തിന്‍റെ അപ്രീതിയ്ക്ക് പാത്രമായിട്ടുണ്ടാകാം എന്നുകരുതി ജോബ് അവരെയെല്ലാം വിശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് ഓരോ പുത്രനുംവേണ്ടി ദഹനബലി അര്‍പ്പിക്കുകയും ചെയ്യുമായിരുന്നു (1:45). ഇപ്രകാരം ദൈവതിരുമുമ്പില്‍ നീതിയോടുകൂടി വര്‍ത്തിക്കാന്‍ ജോബ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു.
ഒരു ദിവസം ദൈവപുത്രന്മാര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വന്നുചേര്‍ന്നു; സാത്താനും അവരോടുകൂടെ വന്നു. ഭൂമിയില്‍ നിന്ന് വരുന്ന സാത്താനോട് ദൈവം തന്‍റെ ദാസനായ ജോബിനെക്കുറിച്ച് അന്വേഷിക്കുകയും, അവന്‍റെ നീതിനിഷ്ഠയില്‍ അഭിമാനം കൊള്ളുന്നതായി വെളിപ്പെടുത്തുകയും ചെയ്തു: "കര്‍ത്താവ് വീണ്ടും അവനോട് ചോദിച്ചു. എന്‍റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും, നിഷ്കളങ്കനും, ദൈവത്തെ ഭയപ്പെടുന്നവനും, തിന്മയില്‍നിന്ന് അകന്ന് ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?" (ജോബ് 1:8).
അപ്പോള്‍ സാത്താന്‍ പറഞ്ഞു. ജോബ് ദൈവത്തെ അനുസരിക്കുന്നത് ദൈവം അവന് എല്ലാ നന്മകളും, സംരക്ഷണവും വാരിക്കോരി നല്‍കുന്നതിനാലാണ് (1:9-10). അവന്‍റെ സമ്പത്തില്‍ ദൈവം കൈവച്ചാല്‍ ജോബ് ദൈവത്തെ തിരസ്കരിക്കും (1:11). അപ്പോള്‍ ജോബിനെക്കുറിച്ച് അഭിമാനിച്ചിരുന്ന ദൈവം ജോബിന്‍റെ സമ്പത്തിനുമേല്‍ സാത്താന് അധികാരം കൊടുത്തു (1:12).
"ഒരു ദിവസം ജോബിന്‍റെ മക്കള്‍ തങ്ങളുടെ മൂത്ത സഹോദരന്‍റെ വീട്ടില്‍ വിരുന്നിന് സമ്മേളിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്‍റെ അടുക്കല്‍ വന്ന് പറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെ മേഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഷേബാക്കാര്‍ വന്ന് വേലക്കാരെ വാളിനിരയാക്കി; അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ മാത്രമേ അങ്ങയോട് വിവരം പറയാന്‍ രക്ഷപ്പെട്ടുള്ളൂ. അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പ് മറ്റൊരുവന്‍ വന്നുപറഞ്ഞു. ദൈവത്തിന്‍റെ അഗ്നി ആകാശത്തുനിന്നിറങ്ങി ആടുകളെയും, ദാസന്‍മാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോട് പറയാന്‍ ഞാന്‍മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുതീരുന്നതിനുമുമ്പ് മറ്റൊരുവന്‍ വന്നറിയിച്ചു: കല്‍ദായര്‍ മൂന്ന് കൂട്ടമായി വന്ന് വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മറ്റൊരുവന്‍ വന്നറിയിച്ചു. നിന്‍റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജേഷ്ഠ്യസഹോദരന്‍റെ വീട്ടില്‍ സല്‍ക്കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് മരുഭൂമിയില്‍നിന്ന് വീശിയടിച്ച കൊടുങ്കാറ്റ് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു. അത് തകര്‍ന്നുവീണ് അവര്‍ മരിച്ചുപോയി. ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍മാത്രം അവശേഷിച്ചു" (1:13-19). ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി ജോബിന്‍റെ സമ്പത്തെല്ലാം സാത്താന്‍ തകര്‍ത്തുകളഞ്ഞു. ജോബിന് സംഭവിച്ച ദുരിതങ്ങളുടെ കാരണം അവന്‍റെ തിന്മപ്രവൃത്തികളല്ലെന്ന് വായനക്കാരനറിയാം.
തന്‍റെ മക്കളും സമ്പത്തുമെല്ലാം നഷ്ടപ്പെട്ട ജോബ് എഴുന്നേറ്റ് തന്‍റെ അങ്കി വലിച്ചുകീറി; ശിരസ്സ് മുണ്ഡനം ചെയ്തു. അവന്‍ ദൈവത്തെ ശപിക്കുന്നതിനുപകരം ദൈവതിരുമുമ്പില്‍ സാഷ്ടാംഗ പ്രണാമം ചെയ്യുകയും "കര്‍ത്താവ് തന്നു; കര്‍ത്താവ് എടുത്തു; കര്‍ത്താവിന്‍റെ നാമം മഹത്ത്വപ്പെടട്ടെ" (1:21) എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും ചെയ്തു (1:20-22). അങ്ങനെ താന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനാണെന്നു അവന്‍ തെളിയിച്ചു.
പിന്നീടൊരിക്കല്‍ ദൈവദൂതന്മാര്‍ ദൈവസന്നിധിയില്‍ ഒരുമിച്ചുകൂടി. അപ്പോഴും ദൈവം തന്‍റെ ദാസനായ ജോബിന്‍റെ നീതിനിഷ്ഠയെക്കുറിച്ച് അഭിമാനംകൊണ്ടു (2:3). അപ്പോള്‍ സാത്താന്‍ തന്‍റെ വാദഗതിമാറ്റിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. ജോബ് ദൈവത്തെ നിഷേധിക്കാത്തതിന്‍റെ കാരണം ദൈവം അവന്‍റെ ശരീരത്തെ കഷ്ടപ്പെടുത്താത്തതാണ്. അവന്‍റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുക അവന് ശാരീരിക പീഡകള്‍ നല്കട്ടെ; എന്നാല്‍ ജോബ് ദൈവത്തെ തിരസ്ക്കരിക്കുക തന്നെ ചെയ്യും (2:4). ജോബിന്‍റെ നീതിനിഷ്ഠയെയും ഭക്തിയെയുംകുറിച്ച് ബോധ്യമുണ്ടായിരുന്ന ദൈവം ജോബിന്‍റെ ശരീരത്തിന്മേലും, ആരോഗ്യത്തിന്മേലും സാത്താന് അധികാരം കൊടുത്തു. ജീവനെടുക്കുന്നതൊഴികെ സാത്താന് ജോബിന്‍റെ മേല്‍ എല്ലാ അധികാരവും കൈവന്നു.
തുടര്‍ന്ന് സാത്താന്‍ ജോബിന്‍റെ ശരീരം അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ട് നിറച്ചു. ജോബ് ചാരത്തിലിരുന്ന്, ഓട്ടുകഷണങ്ങള്‍കൊണ്ട് വ്രണങ്ങള്‍ ചുരണ്ടിക്കൊണ്ടിരുന്നു. അപ്പോള്‍ അവന്‍റെ ഭാര്യ ജോബിനോട് "ദൈവത്തെ ശപിച്ചിട്ട് മരിക്കുക" എന്നുപറഞ്ഞു (2:9). അപ്പോഴും ജോബ് ദൈവകരങ്ങളില്‍നിന്ന് നന്മ സ്വീകരിച്ചതുപോലെ തിന്മ സ്വീകരിക്കാനും മനുഷ്യന്‍ തയ്യാറാകണമെന്ന ന്യായം പറയുകയും ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കുകയും ചെയ്തു. കഠിനമായ വ്യഥകളുടെ മധ്യേയും സമനില നഷ്ടപ്പെടാത്ത വിശ്വാസത്തിന്‍റെ ഉടമയായിരുന്നു ജോബ്.
ജോബിന്‍റെ ദൗര്‍ഭാഗ്യത്തെക്കുറിച്ച് കേട്ട അവന്‍റെ മൂന്നു സുഹൃത്തുക്കള്‍ അവനെ ആശ്വസിപ്പിക്കാനായി അവിടെയെത്തി: തേമാന്യനായ (യമന്‍കാരന്‍) എലിഫാസും ഷൂഹ്യനായ ബില്‍ദാദും നാമാത്യനായ സോഫാറും. വ്രണങ്ങള്‍കൊണ്ട് നിറഞ്ഞ ജോബിനെ തിരിച്ചറിയാന്‍പോലും അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിക്കുകയും, വസ്ത്രം കീറുകയും ഏഴു രാവും പകലും ഒരക്ഷരം ഉരിയാടാതെ അവനരികില്‍ ചെലവഴിക്കുകയും ചെയ്തു. അവസാനം ജോബുതന്നെ നിശബ്ദത ഭേദിച്ച് സംസാരിച്ചു തുടങ്ങി. അവന്‍ തന്‍റെ ജനനസമയത്തെയും ജീവിതത്തെയും ശപിച്ചു. ദുരിതങ്ങള്‍ തന്‍റെയടുത്തേക്ക് തുടരെ വന്നുകൊണ്ടിരിക്കുകയാണെന്ന് അവന്‍ വിലപിച്ചു (3:1-26).
ജോബിന്‍റെ വിലാപം കേട്ടപ്പോള്‍ ജ്ഞാനികളായ അവന്‍റെ സുഹൃത്തുകള്‍ക്ക് സംസാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം തങ്ങള്‍ പഠിച്ചിരുന്ന തത്ത്വങ്ങളനുസരിച്ച് ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. എലിഫാസ് അവനോട് ഇപ്രകാരം പറഞ്ഞു:
"കാലിടറിയവരെ നിന്‍റെ വാക്കുകള്‍ താങ്ങിനിര്‍ത്തി: ദുര്‍ബലപാദങ്ങള്‍ക്ക് നീ കരുത്തു പകര്‍ന്നു. നിനക്ക് ഇതു സംഭവിച്ചപ്പോള്‍ നിന്‍റെ ക്ഷമ കെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്തനായിത്തീര്‍ന്നു. നിന്‍റെ ദൈവഭക്തി നിനക്ക് ബലം പകരുന്നില്ലേ? നിഷ്കളങ്കത നിനക്ക് പ്രത്യാശ നല്‍കുന്നില്ലേ?" (4:4-6). അവന്‍റെ വിലാപത്തിന്‍റെ പേരില്‍ ജോബിനെ ഇങ്ങനെ കുറ്റപ്പെടുത്തിയശേഷം താന്‍ പഠിച്ച ജ്ഞാനസിദ്ധാന്തം അവന്‍ ജോബിന് മുമ്പില്‍ അവതരിപ്പിച്ചു: "ചിന്തിച്ചു നോക്കൂ നിഷ്കളങ്കന്‍ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? നീതിനിഷ്ഠന്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ടോ? അനീതി ഉഴുത് തിന്മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ദൈവത്തിന്‍റെ നിശ്വാസത്തില്‍ അവന്‍ നശിക്കുന്നു. ദൈവത്തിന്‍റെ കോപാഗ്നിയില്‍ അവന്‍ ദഹിക്കുന്നു" (4:7-9).
ഇപ്രകാരം ജോബിന്‍റെ സഹനത്തിന് കാരണമുണ്ടാകാമെന്ന് അനുമാനിച്ചശേഷം ജോബിനെ സാന്ത്വനപ്പെടുത്തുന്നതിനുവേണ്ടി ദൈവസന്നിധിയില്‍ ആര്‍ക്കും നീതിമാന്മാരാകാന്‍ കഴിവില്ല എന്ന പൊതുതത്ത്വവും അവന്‍ പ്രഖ്യാപിച്ചു: "ദൈവദൃഷ്ടിയില്‍ മര്‍ത്യന് നീതിമാനാകാന്‍ കഴിയുമോ? സ്രഷ്ടാവിന്‍റെ മുമ്പില്‍ മനുഷ്യന് നിഷ്കളങ്കനാവാന്‍ സാധിക്കുമോ?" (4:17).
അതോടൊപ്പം ജോബിന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ദൈവത്തെ അന്വേഷിക്കുമായിരുന്നു എന്നും (5:8) ഈവിധം എളിമപ്പെടാന്‍ താല്‍പര്യമില്ലാത്ത അഹങ്കാരികളെ ദൈവം അവരുടെതന്നെ ഉപായങ്ങളില്‍ കുടുക്കുമെന്നും അയാള്‍ പറഞ്ഞു (4:13). ദൈവം ശാസിക്കുന്നത് ഒരു ഭാഗ്യമാണെന്നും, അവനിലേക്ക് തിരിഞ്ഞാല്‍ അവന്‍ സുഖപ്പെടുത്താന്‍ കഴിവുള്ളവനാണെന്നും എലിഫാസ് പ്രസ്താവിച്ചു (5:16-18). താന്‍ പറയുന്നെതെല്ലാം ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നുമുരുത്തിരിഞ്ഞതാണെന്നും, സത്യമാണെന്നും എലിഫാസ് കൂട്ടിച്ചേര്‍ത്തു: "ഇതു ഞങ്ങള്‍ ദീര്‍ഘകാലംകൊണ്ട് മനസ്സിലാക്കിയതാണ്. ഇത് സത്യമാണ്. നിന്‍റെ നന്മയ്ക്ക് വേണ്ടി ഇത് ഗ്രഹിക്കുക" (5:27). ഇതായിരുന്നു ജ്ഞാനതത്ത്വങ്ങളെ സ്വീകാര്യമാക്കാന്‍ സഹായിച്ച ഒരു വസ്തുത: ദീര്‍ഘകാലത്തെ അനുഭവം.
തന്‍റെ സുഹൃത്തെന്നുപറയുന്ന എലിഫാസിന്‍റെ കാരുണ്യമില്ലാത്ത വാക്കുകള്‍ ജോബിനെ വേദനിപ്പിച്ചു. ആ വാക്കുകള്‍ സാധാരണയായി ജ്ഞാനികള്‍ പറഞ്ഞിരുന്നതാണെങ്കിലും ജോബിനെ സംബന്ധിച്ചിടത്തോളം അവന്‍റെ അനുഭവത്തില്‍ അര്‍ത്ഥശൂന്യങ്ങളായിരുന്നു. അതുകൊണ്ട് തന്‍റെ കഷ്ടതകള്‍ വിവരിച്ചുകൊണ്ട് ജോബ് ഇങ്ങനെ പ്രഖ്യാപിച്ചു: "പരിശുദ്ധനായവന്‍റെ വചനത്തെ ഞാന്‍ തിരസ്കരിച്ചിട്ടില്ല" (6:10). അതിനുശേഷം ഒരു സ്നേഹിതനോട് അവന്‍റെ കഷ്ടതയില്‍ കരുണ കാണിക്കാത്ത ജ്ഞാനി സര്‍വ്വശക്തനോടുള്ള ഭക്തിയാണ് ഉപേക്ഷിക്കുന്നത് എന്നും ജോബ് പ്രഖ്യാപിച്ചു (6:14). ജ്ഞാനികളാണെന്നും ലോകത്ത് സംഭവിക്കുന്ന എല്ലാറ്റിനെക്കുറിച്ചും അറിയാമെന്നും സ്വയം കരുതിയ തന്‍റെ സുഹൃത്തുക്കളോട് ജോബ് ഇപ്രകാരം പറയുന്നു: "ഉപദേശിച്ചുകൊള്ളുക, ഞാന്‍ നിശബ്ദം കേള്‍ക്കാം; ഞാന്‍ എന്തുതെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കിത്തരുക, ആത്മാര്‍ത്ഥമായ വാക്കുകള്‍ സ്വീകാര്യമാണ്. എന്നാല്‍ നിങ്ങളുടെ ശാസനയ്ക്ക് അടിസ്ഥാനമെന്ത്?" (6:24-25). ഇതിനുശേഷം ജോബ് തന്‍റെ സുഹൃത്തുക്കളോട് കരുണയാചിച്ചു (6:25). പിന്നീട് ജോബ് മനുഷ്യജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് വിലപിക്കുന്നതാണ് നാം കാണുക (7:1-10). നീര്‍പോളകള്‍ പോലെ ഇല്ലാതാകുന്ന മനുഷ്യന്‍റെ ഈ ജീവിതത്തെ അനശ്വരനായ ദൈവം നോക്കിയിരിക്കാനും ഓരോ പ്രവൃത്തികള്‍ക്കുമനുസരിച്ച് വിധിക്കാനും അവന്‍ ആരാണ്? അവന് എന്ത് വിലയാണുള്ളത്? (7:17-19). നിസ്സാരനായ മനുഷ്യന്‍ പാപം ചെയ്താല്‍തന്നെ ദൈവത്തിനത് ക്ഷമിച്ചുകൂടെ എന്ന് ജോബ് ചോദിക്കുന്നു: "എന്‍റെ പാപങ്ങള്‍ അങ്ങേക്ക് ക്ഷമിച്ചുകൂടെ? എന്‍റെ തെറ്റുകള്‍ പൊറുത്തുകൂടെ? ഞാന്‍ ഇപ്പോള്‍ പൊടിയില്‍ ചേരും; അങ്ങ് എന്നെ അന്വേഷിക്കും എന്നാല്‍ ഞാന്‍ ഉണ്ടായിരിക്കുകയില്ല" (7:21). ദൈവത്തിന്‍റെ പ്രവൃത്തികളുടെ അര്‍ത്ഥം തനിക്ക് മനസ്സിലാകുന്നില്ലെന്ന് ജോബ് പറയുകയാണ്.
ജോബ് ദൈവത്തിന്‍റെ പ്രവൃത്തികളെ വിമര്‍ശിച്ചതും, സ്വയം നീതികരിച്ചതും അവന്‍റെ മറ്റൊരു സുഹൃത്തായ ബില്‍ദാദിന് ഇഷ്ടപ്പെട്ടില്ല. അവന്‍റെ പരമ്പരാഗതമായ ജ്ഞാനത്തിലധിഷ്ഠിതമായ പ്രതികരണമിതായിരുന്നു: "ദൈവം നീതിക്ക് മാര്‍ഗ്ഗഭംഗം വരുത്തുമോ? സര്‍വ്വശക്തന്‍ ന്യായം വളച്ചൊടിക്കുമോ?" (8:3). ഇപ്രകാരം ചോദിച്ചതിനുശേഷം കഴിഞ്ഞ തലമുറയോട് ചോദിച്ച് ജ്ഞാനം സ്വന്തമാക്കാന്‍ ബില്‍ദാദ് ജോബിനെ ഉപദേശിക്കുന്നു: "ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു, കടന്നുപോയ തലമുറയോട് ആരായുക; പിതാക്കന്മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക. ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍ പോലെ മാഞ്ഞുപോകുന്നു" (8:8-9). പഴയതലമുറയ്ക്ക് തങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പറയാനുള്ളതിങ്ങനെയാണ്: "നിഷ്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്മപ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല" (8:20). പ്രവൃത്തികള്‍ക്കനുസരിച്ചു മാത്രമേ ദൈവം പ്രതിഫലം നല്കുകയുള്ളുവെന്നയാള്‍ പ്രഖ്യാപിച്ചു.
ബില്‍ദാദിന്‍റെ തത്ത്വങ്ങള്‍ ജോബ് അംഗീകരിക്കുന്നു: "അത് അങ്ങനെതന്നെ" (9:1). പക്ഷേ ജോബിന് തന്‍റെ അനുഭവത്തില്‍നിന്ന് കൂടുതല്‍ പറയാനുണ്ട്: "ഒരുവന് ദൈവതിരുമുമ്പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും? ഒരുവന്‍ അവിടുത്തോട് വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല" (9:2-3). തുടര്‍ന്ന് ജോബ് പ്രകൃതിയിലെ ദൈവത്തിന്‍റെ മഹത്തരമായ പ്രവൃത്തികള്‍ വിവരിച്ചതിനുശേഷം ചോദിക്കുന്നു: "എന്താണ് നീ ചെയ്യുന്നതെന്ന് ആര്‍ക്ക് (അവിടുത്തോട്) ചോദിക്കാന്‍ കഴിയും?" ദൈവത്തിന്‍റെ പ്രവൃത്തികളെ മുഴുവന്‍ ജ്ഞാനസൂക്തങ്ങളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുകയില്ല എന്നാണ് ജോബ് ഇവിടെ പറയുന്നത്. മനുഷ്യന് ദൈവത്തിനു മുമ്പില്‍ ഒരിക്കലും നീതിമാനാകാന്‍ കഴിയില്ല. അവന്‍ ദൈവത്തിന്‍റെ കരുണ യാചിക്കുക മാത്രമാണ് ചെയ്യേണ്ടത്: "ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോട് മറുപടിപറയാന്‍ എനിക്ക് കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെ കരുണയ്ക്ക് വേണ്ടി ഞാന്‍ യാചിക്കണം" (9:15). നിഷ്കളങ്കനായി ജീവിക്കുന്നവന്‍റെ നാവുതന്നെ അവനെ ചതിക്കും. അതുകൊണ്ട് പരമ്പരാഗതമായ ജ്ഞാനതത്ത്വമായ പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലമെന്നത് എല്ലാ സത്യവും ഉള്‍ക്കൊള്ളുന്ന ഒന്നല്ല: "എല്ലാം ഒന്നുപോലെയാണ് അതിനാല്‍ ഞാന്‍ പറയുന്നു. അവിടുന്ന് നിഷ്കളങ്കനെയും, ദുഷ്ടനെയും ഒന്നുപോലെ നശിപ്പിക്കുന്നു. അനര്‍ത്ഥം അപ്രതീക്ഷിതമായ മരണത്തിന് കാരണമാകുമ്പോള്‍ അവിടുന്ന് നീതിമാനുണ്ടായ വിപത്തില്‍ പരിഹസിച്ചു ചിരിക്കുന്നു. ഭൂമി ദുഷ്ടന്‍റെ കൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു. ന്യായാധിപന്‍മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു. അവിടുന്നല്ലെങ്കില്‍ മറ്റാരാണ് ഇത് ചെയ്തത്" (9:23-24). ജോബിന്‍റെ ഈ വാക്കുകള്‍ സഭാപ്രസംഗകനോടടുത്തു നില്ക്കുന്നു എന്നത് സത്യമാണ്.
മനുഷ്യന് ദൈവതിരുമുമ്പില്‍ തന്‍റെ പ്രവൃത്തികളിലൂടെ നീതിമാനാകാന്‍ കഴിയില്ല (9:30). തന്‍റെ പ്രവൃത്തികള്‍ എടുത്ത് കാണിച്ചുകൊണ്ട് ദൈവവുമായി വാഗ്വാദത്തിലേര്‍പ്പെടാന്‍ ആര്‍ക്കും കഴിയുകയുമില്ല: "ഞാന്‍ അവിടുത്തോട് മറുപടിപറയേണ്ടതിനും ഒരുമിച്ച് ന്യായവിസ്താരത്തിന് വരുന്നതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. നമ്മള്‍ ഇരുവരെയും നിയന്ത്രിക്കാന്‍ കെല്‍പുള്ള ഒരു മധ്യസ്ഥന്‍ നമ്മള്‍ക്കില്ലല്ലോ. അവിടുന്ന് ശിക്ഷാദണ്ഡ് എന്നില്‍ നിന്ന് നീക്കിക്കളയട്ടെ; അവിടുത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കട്ടെ. അപ്പോള്‍ അവിടുത്തെക്കുറിച്ചുള്ള ഭയം കൂടാതെ ഞാന്‍ സംസാരിക്കും. എന്നാല്‍ എന്‍റെ സ്ഥിതി അതല്ല" (9:32-35). കാരണം മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ് ദൈവം: "ഞാന്‍ പാപം ചെയ്താല്‍ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു. എന്‍റെ അതിക്രമങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാതെ വിടുന്നുമില്ല. ഞാന്‍ ദുഷ്ടനാണെങ്കില്‍ എനിക്ക് ദുരിതം! ഞാന്‍ നീതിമാനാണെങ്കില്‍ എനിക്ക് ശിരസ്സ് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അപമാനബോധത്തോടെ ഞാന്‍ എന്‍റെ പീഡകളെ കാണുന്നു. ഞാന്‍ ശിരസ്സുയര്‍ത്തിയാല്‍ സിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടും. വീണ്ടും അങ്ങ് എനിക്കെതിരായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. എനിക്കെ തിരെ അങ്ങ് പുതിയ സാക്ഷികളെ അവതരിപ്പിക്കും. എന്‍റെ നേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങ് വര്‍ദ്ധിപ്പിക്കും; പുതിയ സൈന്യനിരയെ അങ്ങ് എനിക്കെതിരെ അണിനിരത്തും" (10:14-17). ദൈവതിരുമുമ്പില്‍ താനൊന്നുമല്ല എന്ന ചിന്തയില്‍നിന്നുളവാകുന്ന വേദനയില്‍നിന്ന് ജോബ് ഇപ്രകാരം ചോദിക്കുന്നു: "അമ്മയുടെ ഉദരത്തില്‍നിന്ന് അങ്ങ് എന്തിനെന്നെ പുറത്തുകൊണ്ടുവന്നു? ജന്മം ലഭിക്കാത്തവനെപ്പോലെ, അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍! ആരുമെന്നെ കാണുന്നതിന് മുമ്പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍!" (10:18-19). തുടര്‍ന്ന് തന്നെ വെറുതെ വിടണമെന്ന് ജോബ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു (10:22). മനുഷ്യചിന്തകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയവനാണ് ദൈവം എന്ന ജോബിന്‍റെ ഈ ചിന്തതന്നെയാണ് സഭാപ്രസംഗകനും തന്‍റെ ജീവിതാനുഭവത്തിലൂടെ പങ്കുവയ്ക്കുന്നത്.
ജോബ് പറഞ്ഞതെല്ലാം സ്വയം നീതികരണമാണെന്ന് കരുതുന്ന സോഫാര്‍ അപ്പോള്‍ ജോബിനെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. പരമ്പരാഗത ജ്ഞാനത്തെ വീണ്ടും ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവന്‍ പറയുന്നതിങ്ങനെയാണ്: "നിന്‍റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ച് മാത്രമേ ദൈവം നിന്നില്‍നിന്ന് ഈടാക്കിയിട്ടുള്ളൂ എന്നു മനസ്സിലാക്കുക" (11:6). ദൈവത്തിന്‍റെ ദുരൂഹരഹസ്യങ്ങള്‍ മനുഷ്യന്‍റെ ഗ്രഹണശക്തിക്കതീതമാണെന്ന് സോഫാര്‍ സമ്മതിക്കുന്നു (11:7-10). എന്നാല്‍ അവന്‍ മനുഷ്യന്‍റെ അകൃത്യങ്ങള്‍ കാണുമ്പോള്‍ അത് ശിക്ഷിക്കാതെ വിടുന്നില്ല എന്നവര്‍ പറയുന്നു (11:11). ജോബിനെ കുറ്റപ്പെടുത്തിക്കൊണ്ടയാള്‍ പറയുന്നതിപ്രകാരമാണ്: "ദുഷ്ടരുടെ കണ്ണുകള്‍ നിഷ്പ്രഭമാകും. രക്ഷാമാര്‍ഗ്ഗങ്ങള്‍ അവര്‍ക്ക് ലഭിക്കുകയില്ല. മരണം മാത്രമാണ് അവര്‍ക്ക് പ്രത്യാശിക്കാനുള്ളത്" (11:20). ജോബിന്‍റെ കഷ്ടതയ്ക്ക് കാരണം അവന്‍റെ തിന്മകളാണെന്നര്‍ത്ഥം.
സോഫാര്‍ പറഞ്ഞ തത്ത്വങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും, ആ ജ്ഞാനമെല്ലാം തനിക്കുമുള്ളതാണെന്നും അപ്പോള്‍ ജോബ് പ്രസ്താവിച്ചു (12:1-3; 13:1-2). തന്‍റെ പ്രശ്നം ഈ തത്ത്വങ്ങള്‍ക്കെല്ലാം അപ്പുറമാണെന്നതാണ് ജോബ് പറയുന്നതിന്‍റെ അര്‍ത്ഥം: "ഞാന്‍ നിഷ്കളങ്കനും നീതിമാനുമാണ് എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു" (12:48). ജോബിന് ഇപ്പോഴും മനസ്സിലാകാത്തതിതാണ്: "കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍ സമാധാനപൂര്‍ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്ന് വിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്" (12:6). ഈ വാക്കുകളില്‍ പരമ്പരാഗത ജ്ഞാനത്തിന്‍റെ സൈദ്ധാന്തീകരണത്തെയാണ് ജോബ് ആക്രമിക്കുന്നത്. "വൃദ്ധരിലാണ് വിജ്ഞാനം; വയോധികരിലാണ് വിവേകം" (12:12) എന്നത് ശരിതന്നെ. എന്നാല്‍ ശക്തിയും ജ്ഞാനവും ദൈവത്തോടുകൂടിയാണെന്നും അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം ഉരിഞ്ഞുകളയുന്നുവെന്നും ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നുവെന്നും ജോബ് കരുതുന്നു. പഴയ ജ്ഞാനതത്ത്വങ്ങള്‍ അവസരോചിതമല്ലാതെ ആവര്‍ത്തിച്ചുകൊണ്ട് അവര്‍ വിലയില്ലാത്ത വൈദ്യന്മാരായിത്തീര്‍ന്നിരിക്കുന്നുവെന്ന് ജോബ് കുറ്റപ്പെടുത്തി (13:4). നിങ്ങള്‍ ദൈവത്തിനുവേണ്ടി നുണ പറയുന്നവരാണെന്ന് ജോബ് തന്‍റെ സുഹൃത്തുക്കളെ വിമര്‍ശിക്കുന്നു (13:6-8). ദൈവത്തിന് അവരുടെ പക്ഷപാതം ആവശ്യമില്ലെന്നും അവരുടെ ന്യായവാദങ്ങള്‍ കളിമണ്‍കട്ടപോലെ ദുര്‍ബലമാണെന്നും ജോബ് പറയുന്നു (13:12). നിഷ്കളങ്കനാണ് താനെന്ന് കരുതുന്ന ജോബിന് ദൈവത്തോട് രണ്ട് അപേക്ഷകളാണുള്ളത്. (1) അങ്ങയുടെ കരം എന്നില്‍നിന്ന് പിന്‍വലിക്കുക. അങ്ങനെ അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെ പരിഭ്രാന്തനാക്കാതിരിക്കട്ടെ. (2) ദൈവം തന്‍റെ കരം തന്നില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷം ചോദ്യങ്ങള്‍ ചോദിക്കുക, അപ്പോള്‍ ഉത്തരം പറയാന്‍ ജോബ് തയ്യാറാണ്. ഇത്രയും പറഞ്ഞശേഷം
(സഭാപ്രസംഗകനെപ്പോലെ) ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് ജോബ് വിലപിക്കുന്നത് കാണാം (14:1-22). ദൈവത്തിന്‍റെ അനന്തശക്തിയുടെ മുമ്പില്‍ നശ്വരനായ മനുഷ്യന്‍റെ നില വളരെ പരിമിതമാണെന്നാണ് ഈ വിലാപത്തിന്‍റെ ഉള്ളടക്കം.
ജോബിന്‍റെ സ്വയം നീതീകരണവും താനും ജ്ഞാനിയാണെന്ന പ്രസ്താവനയും എലിഫാസിന്‍റെ ക്രോധവികാരത്തെ ജ്വലിപ്പിച്ചു. അവന്‍ ജോബിനോട് ഇങ്ങനെ ചോദിച്ചു: "നീയെന്തിനാണ് പൊള്ളവാക്കുകള്‍കൊണ്ട് വാദിക്കുന്നത്?" (15:1). എല്ലാം അറിയാന്‍ മാത്രം "ദൈവത്തിന്‍റെ ആലോചനാസഭയിലെ വിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കി വച്ചിട്ടുണ്ടോ? ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്? ഞങ്ങള്‍ക്ക് വ്യക്തമല്ലാത്ത എന്താണ് നീ മനസ്സിലാക്കിയിട്ടുള്ളത്? നര ബാധിച്ചവനും വൃദ്ധനും ഞങ്ങളുടെ ഇടയിലുണ്ട്. അവര്‍ക്ക് നിന്‍റെ പിതാവിനേക്കാള്‍ പ്രായമുണ്ട്" (15:8-10). ഇങ്ങനെ ഗുരുക്കന്മാരുടെ തത്ത്വങ്ങളെ ന്യായീകരിച്ചുകൊണ്ട് ജോബിനെ കുറ്റപ്പെടുത്തുന്നതോടൊപ്പം "സ്ത്രീയില്‍നിന്ന് ജനിച്ചവന് നീതിമാനാകാന്‍ കഴിയുകയില്ല" എന്ന മദ്ധ്യപൂര്‍വ്വദേശത്തെ പൊതുതത്ത്വവും എലിഫാസ് പ്രസ്താവിക്കുന്നു (15:14). പരമ്പരാഗത ജ്ഞാനത്തെ മുറുകെപ്പിടിക്കുന്ന അയാള്‍ക്ക് പറയാനുള്ളതിങ്ങനെയാണ്: "ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ വ്യക്തമാക്കിത്തരാം; ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം; ജ്ഞാനികള്‍ പറഞ്ഞതും അവരുടെ പിതാക്കന്മാര്‍ ഒളിച്ചുവയ്ക്കാതിരുന്നതുംതന്നെ. അവര്‍ക്ക് മാത്രമാണ് ദേശം നല്‍കിയത്. അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല. ദുഷ്ടന്‍ ജീവിതകാലം മുഴുവന്‍, അധര്‍മ്മിക്കു വിധിച്ച നാളുകള്‍ തികയുവോളം വേദനയാല്‍ പുളയുന്നു" (15:17-20). ജോബിന്‍റെ വേദന തീരണമെങ്കില്‍ അതിന്‍റെ സമയം വരണമെന്നയാള്‍ കരുതുന്നു. എലിഫാസ് തന്‍റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത് ഒരിക്കല്‍കൂടി പരമ്പരാഗതമായ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലമെന്ന ജ്ഞാനതത്ത്വം ഉദ്ഘോഷിച്ചുകൊണ്ടാണ്: "(ദുഷ്ടന്‍) അവന്‍ സമ്പന്നനാവുകയില്ല; അവന്‍റെ ധനം നിലനില്‍ക്കുകയുമില്ല; അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല; അവന് അന്ധകാരത്തില്‍നിന്ന് മോചനമില്ല; അഗ്നിജ്വാലകള്‍ അവന്‍റെ ശാഖകളെ ഉണക്കിക്കളയും; അവന്‍റെ പുഷ്പങ്ങള്‍ കാറ്റില്‍പറത്തിക്കളയും" (15:29,30). ഇതെല്ലാമാണ് അവന് ജോബിന് ഇപ്പോള്‍ നല്കാനുള്ള ഉപദേശങ്ങള്‍.
എലിഫാസിന്‍റെ പരമ്പരാഗത ജ്ഞാനത്തോട് ജോബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: "ഇതൊക്കെ മുമ്പ് ഞാനും കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസം ദയനീയമാണ്. പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്ത്?"(16:1-3). ജോബ് തുടര്‍ന്നു: "നീ എന്‍റെ സ്ഥാനത്തായിരുന്നെങ്കില്‍ നിന്നെപ്പോലെ സംസാരിക്കാന്‍ എനിക്കും കഴിയുമായിരുന്നു. നിനക്കെതിരെ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്ക് കഴിയുമായിരുന്നു" (16:4). അതിനുശേഷം ജോബ് തന്‍റെ അനുഭവം വിശദീകരിക്കുകയാണ്. അവന്‍റെ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല (16:17). തന്നെ മനസ്സിലാക്കുന്ന ഒരു സാക്ഷി സ്വര്‍ഗ്ഗത്തിലുണ്ടെന്ന് അവന്‍ ഇപ്പോഴും വിശ്വസിക്കുന്നു (16:19). ദൈവത്തോടുള്ള ഇപ്പോഴുള്ള അവന്‍റെ പ്രാര്‍ത്ഥന "ദൈവം ഭൂമിയിലെ ജ്ഞാനികളെ അന്ധരാക്കിയതിനാല്‍ തന്‍റെമേല്‍ വിജയം വരിക്കാന്‍ അവരെ അനുവദിക്കരുതേ" എന്നാണ് (17:4). ഭൂമിയിലെ ജ്ഞാനികളെല്ലാം ഒരുമിച്ചുവന്നാലും, തന്‍റെ അനുഭവം വിശദീകരിക്കാന്‍ മാത്രം ജ്ഞാനം അവര്‍ക്കുണ്ടാകില്ലെന്ന് ജോബ് പറയുന്നു (17:10-16). അങ്ങനെ പരമ്പരാഗത ജ്ഞാനത്തിന് തന്‍റെ പ്രശ്നത്തെ പരിഹരിക്കാന്‍ കഴിവില്ലെന്ന് ജോബ് സംശയലേശമെന്നിയേ പ്രസ്ഥാപിക്കുന്നു.
ജോബിന്‍റെ പ്രഭാഷണത്തിന് മറുപടിയായി ബില്‍ദാദ് ഒരിക്കല്‍ കൂടി താന്‍ പഠിച്ചുവച്ച പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലമെന്ന തത്ത്വം വിശദീകരിച്ചു. ദുഷ്ടന് എന്തെല്ലാം തിന്മയാണ് സംഭവിക്കുന്നത് എന്നാണ് അവന്‍ ജോബിനെ നോക്കിപ്പറയുന്നത്: "അവന്‍റെ പ്രകാശം അണഞ്ഞുപോകും. അന്യര്‍ അവന്‍റെ കൂടാരത്തില്‍ വസിക്കും. തെരുവീഥിയില്‍ അവന്‍റെ പേര് ഇല്ലാതാകും" (18:1-21).
ആവര്‍ത്തിച്ചാവര്‍ത്തിച്ച് തന്നോട് പറയപ്പെടുന്നതും എന്നാല്‍ തന്‍റെ അനുഭവത്തില്‍ പൂര്‍ണ്ണസത്യമായിത്തോന്നാത്തതുമായ ജ്ഞാനതത്ത്വത്തിന്‍റെ പുനഃപ്രഖ്യാപനം ജോബിനെ അസഹ്യപ്പെടുത്തി. അവന്‍ ചോദിച്ചു: "എത്രകാലം നിങ്ങള്‍ എന്നെ പീഡിപ്പിക്കുകയും വാക്കുകൊണ്ട് നുറുക്കുകയും ചെയ്യും?" (19:1-2). അവന് പറയാനുള്ളതിതാണ്: "ദൈവമാണ് എന്നോടിതു ചെയ്തതെന്നും, എന്നെ വലയിലകപ്പെടുത്തിയതെന്നും നിങ്ങള്‍ മനസ്സിലാക്കണം. അതിക്രമം എന്ന് ഉറക്കെ വിളിച്ച് പറഞ്ഞാലും എനിക്ക് മറുപടി ലഭിക്കുന്നില്ല; മുറവിളി കൂട്ടിയാലും എനിക്ക് നീതി ലഭിക്കുന്നില്ല; കടന്നുപോകാന്‍ കഴിയാത്തവിധം അവിടുന്ന് എന്‍റെ വഴി മതില്‍ കെട്ടി അടച്ചു. എന്‍റെ മാര്‍ഗ്ഗങ്ങളെ അന്ധകാരപൂര്‍ണമാക്കുകയും ചെയ്തു" (19:6-8); "എന്‍റെ ഭാര്യ എന്നോട് അറപ്പ് കാട്ടുന്നു; എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ നിന്ദാപാത്രമായി; കൊച്ചുകുട്ടികള്‍പോലും എന്നെ പുച്ഛിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു" (19:17-18); "എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തിനോടും ഒട്ടിയിരിക്കുന്നു. ജീവന്‍ പോയിട്ടില്ലന്നേയുള്ളൂ" (19:20). എന്നാല്‍ ഈ വേദനാജനകമായ അനുഭവങ്ങളുടെ മധ്യേയും ജോബിന് ദൈവത്തില്‍ പ്രത്യാശയുണ്ട്: "എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കു വേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു; എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍ ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്‍റെ പക്ഷത്തുകാണും. മറ്റാരെയുമല്ല, അവിടുത്തെത്തന്നെ എന്‍റെ കണ്ണുകള്‍ ദര്‍ശിക്കും. എന്‍റെ ഹൃദയം തളരുന്നു" (19:25-27). ദൈവത്തിന്‍റെ കരം പതിച്ചിരിക്കുന്ന തന്നോട് കരുണകാണിക്കണമെന്ന് അവന്‍ തന്‍റെ സുഹൃത്തുക്കളോട് വീണ്ടും യാചിക്കുന്നു (19:20-21). പരമ്പരാഗത ജ്ഞാനതത്ത്വങ്ങളില്‍മാത്രം പ്രത്യാശയര്‍പ്പിച്ചിരുന്നെങ്കില്‍ ജോബിന് ഇപ്രകാരമൊരു പ്രത്യാശയ്ക്ക് വഴിതുറന്നു കിട്ടുമായിരുന്നില്ല.
അനുഭവങ്ങളെ മുഴുവന്‍ വിശദീകരിക്കാന്‍ കഴിയാത്ത തത്ത്വങ്ങളെ മുറുകെപ്പിടിച്ച്, ദൈവവിധിയ്ക്ക് ഇരയാകരുതെന്നും, അപകടത്തില്‍ ചാടരുതെന്നും ജോബ് തുടര്‍ന്ന് തന്‍റെ സുഹൃത്തുക്കളെ ഉപദേശിക്കുന്നു: "നാം എങ്ങനെ അവനെ അനുധാവനം ചെയ്യും. അവനില്‍ കുറ്റം കണ്ടെത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ പറയുന്നെങ്കില്‍ വാളിനെ ഭയപ്പെടുക; ക്രോധം വാള്‍ അയയ്ക്കും. അങ്ങനെ ന്യായവിധിയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കും" (19:28-29).
ജോബിന്‍റെ വാക്കുകള്‍ സോഫാറിനെ അക്ഷമനാക്കി. അവന്‍ ഒരിക്കല്‍ താന്‍ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതുമായ തത്ത്വം ജോബിനോട് പുനഃപ്രക്ഷേപണം ചെയ്തു: "പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്ത് ഉത്ഭവിച്ച കാലം മുതല്‍ക്കേ, നിനക്കറിയില്ലേ, ദുഷ്ടന്‍റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മ്മിയുടെ സന്തോഷം നൈമിഷികമാണെന്ന്? ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ ശിരസ്സ് മേഘങ്ങളെ ഉരുമ്മി നിന്നാലും തന്‍റെ വിസര്‍ജ്ജ്യവസ്തുപോലെ അവന്‍ നശിച്ചുപോകും..." (20:4-11); "അവന്‍ സര്‍പ്പവിഷം കുടിക്കും, അണലിയുടെ കടിയേറ്റ് മരിക്കും" (16); "തന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; തന്‍റെ വ്യാപാരലാഭവും അവന്‍ അനുഭവിക്കുകയില്ല" (18); "അവന്‍റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടും; ദൈവകോപത്തിന്‍റെ ദിനത്തില്‍ അവ പൊയ്പ്പോകും; ദുഷ്ടന് ദൈവം നല്‍കുന്ന ഓഹരിയും, ദൈവത്തില്‍നിന്ന് അവന് ലഭിക്കുന്ന അവകാശവും ഇതാണ്" (28-29). ഇങ്ങനെ പറഞ്ഞുകൊണ്ട് ജോബിന്‍റെ ദുഃഖത്തിനുകാരണം അവന്‍റെ തിന്മതന്നെയാണെന്ന് സോഫാര്‍ ഒരിക്കല്‍കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു.
പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന തന്‍റെ സുഹൃത്തുക്കളോട് ജോബിന് ഇപ്പോള്‍ നല്‍കാനുള്ളത് ജാഗ്രതയോടെയിരിക്കാനുള്ള ഉപദേശമാണ്: "എന്‍റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും? എന്നെ നോക്കി നിങ്ങള്‍ സംഭീതരാകുവിന്‍. കൈകൊണ്ട് വായ പൊത്തുവിന്‍. അതേപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്‍റെ ശരീരം വിറകൊളളുന്നു" (21:4-6). അതിനുശേഷം പരമ്പരാഗതതത്ത്വങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത കുറേ അനുഭവങ്ങള്‍ വിശദീകരിക്കാന്‍ ജോബ് അവരോട് ആവശ്യപ്പെടുന്നു: "ദുഷ്ടന്മാര്‍ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവര്‍ വാര്‍ദ്ധക്യം പ്രാപിക്കുകയും ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്? സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതുകാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു. അവരുടെ ഭവനങ്ങള്‍ ഭയമറിയാതെ സുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്‍റെ ശിക്ഷാദണ്ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല" (21:7-9; 7-33).
"ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതി വയ്ക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. അവര്‍ അറിയുന്നതിന് അവിടുന്ന് അവര്‍ക്കുതന്നെ പ്രതിഫലം നല്കിയിരുന്നെങ്കില്‍!" (21:19).
"ഐശ്വര്യപൂര്‍ണ്ണനായ, ക്ലേശരഹിതനായ, സുരക്ഷിതനായ ഒരുവന്‍ മരിക്കുന്നു. അവന്‍റെ ശരീരം മേദസ്സുറ്റതും മജ്ജ അയവുള്ളതുമാണ്. ഒരിക്കലും സുഖം ആസ്വദിച്ചിട്ടില്ലാത്ത മറ്റൊരുവന്‍ അസ്വസ്ഥനായി മരിക്കുന്നു. ഇരുവരും ഒന്നുപോലെ പൊടിയില്‍ക്കിടക്കുന്നു; പുഴ അവരെ പൊതിയുന്നു" (21:23-26).
"നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ? ദുഷ്ടന്‍ വിനാശത്തിന്‍റെ ദിനങ്ങളില്‍ ഒഴിവാക്കപ്പെടുന്നു; ക്രോധത്തിന്‍റെ നാളുകളില്‍ അവന്‍ രക്ഷിക്കപ്പെടുന്നു എന്ന അവരുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?" (21:29-30).
ജ്ഞാനതത്ത്വങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത ഈ വിധത്തിലുള്ള കുറെ അനുഭവങ്ങള്‍ വിവരിച്ചതിനുശേഷം ജോബ് പറയുന്നതിങ്ങനെയാണ്: "അര്‍ത്ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്" (21:34). അവരുടെ ജ്ഞാനം വികലമാണെന്നര്‍ത്ഥം.
ദൈവത്തിന്‍റെ പ്രവൃത്തികള്‍ തനിക്കറിയാമെന്ന് കരുതിയ എലിഫാസ് അപ്പോള്‍ ജോബിനെ പ്രത്യക്ഷമായിത്തന്നെ കുറ്റപ്പെടുത്തി. കഠിനമായ ഭാഷയില്‍ അവന്‍, ജോബ് ചെയ്തു എന്നവന്‍ കരുതുന്ന കുറ്റങ്ങളെല്ലാം വിളിച്ചുപറഞ്ഞു (22:5-9). അവന്‍റെ ജോബിനോടുള്ള ചോദ്യമിതാണ്: "നിന്‍റെ ഭക്തി നിമിത്തമാണോ അവിടുന്ന് നിന്നെ ശാസിക്കുകയും നിന്‍റെമേല്‍ ന്യായവിധി നടത്തുകയും ചെയ്യുന്നത്?" (22:4); ജോബിനോട് അവനുപറയാനുള്ളതിതാണ്: "നിന്നെ കെണികള്‍ വലയം ചെയ്തിരിക്കുന്നു. ക്ഷിപ്രഭീതി നിന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. നിനക്ക് കാണാന്‍ കഴിയാത്തവിധം നിന്‍റെ പ്രകാശം അന്ധകാരമായിരിക്കുന്നു; പെരുവെള്ളം നിന്നെ മൂടിയിരിക്കുന്നു" (22:10-11). തുടര്‍ന്ന് താന്‍ വിശ്വസിക്കുന്ന ജ്ഞാന തത്ത്വത്തെ ഒരിക്കല്‍ക്കൂടി എലിഫാസ് പ്രഖ്യാപിച്ചു: "നീതിമാന്മാര്‍ അവരുടെ അവസാനംകണ്ട് സന്തോഷിക്കുന്നു" (22:19); "നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്‍റെ കരങ്ങളുടെ നൈര്‍മ്മല്യം മൂലം നീ രക്ഷിക്കപ്പെടും" (22:30). അതുകൊണ്ട് ജോബിനുള്ള അവന്‍റെ ഉപദേശമിതാണ്: "ദൈവവുമായി രമ്യതയിലായി സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്ക് നന്മവരും. അവിടുത്തെ അധരങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക; സര്‍വ്വശക്തന്‍റെ സന്നിധിയിലേയ്ക്ക് തിരിച്ചുവരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്‍റെ കൂടാരത്തില്‍നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍, സ്വര്‍ണ്ണത്തെ പൊടിയിലും, ഓഫീര്‍പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വ്വശക്തന്‍ നിനക്ക് സ്വര്‍ണ്ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍, നീ സര്‍വ്വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന് നേരെ മുഖമുയര്‍ത്തുകയും ചെയ്യും; നീ അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും, അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്‍റെ നേര്‍ച്ചകള്‍ നീ നിറവേറ്റും; നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും" (22:22-28). ഈ ചിന്താഗതിയുടെ അടിസ്ഥാനമെന്തെന്നും അവന്‍ പറയുന്നു: "എന്തെന്നാല്‍ ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും. നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്‍റെ കരങ്ങളുടെ നൈര്‍മ്മല്യം മൂലം നീ രക്ഷിക്കപ്പെടും" (22:29-30). ഈ പ്രസ്താവനകളിലൂടെ ദൈവത്തിന്‍റെ ചിന്തകള്‍ തങ്ങള്‍ക്കറിയാമെന്നും അനുഭവത്തിലൂടെയാണ് തങ്ങള്‍ അത് കൈവരിച്ചതെന്നും കരുതുന്ന ജോബിന്‍റെ സുഹൃത്തുക്കള്‍ വാദിക്കുകയായിരുന്നു.
ദൈവത്തിന്‍റെ ചിന്താഗതിയും, പ്രവര്‍ത്തനരീതികളും തങ്ങള്‍ക്കറിയാമെന്ന ഭാവത്തില്‍ പരമ്പരാഗതസൂക്തങ്ങളെ അനിഷേധ്യ പ്രമാണങ്ങളായി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളോട് ഇപ്പോള്‍ ജോബിന് പറയാനുള്ളത് ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ്. ദൈവത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ എല്ലാമറിയുന്ന അവനുമായി ന്യായവാദം നടത്തുമായിരുന്നു എന്ന് ജോബ് പറയുന്നു (23:3-4). ദൈവം തന്‍റെ വാക്കുകള്‍ ശ്രവിക്കുമെന്ന് ജോബിന് ഉറച്ച ബോധ്യമുണ്ട് (23:6-7).
ജീവിതാനുഭവങ്ങളിലേയ്ക്ക് നോക്കിയാല്‍ ദൈവം മനുഷ്യന് അഗ്രാഹ്യനാണെന്നും അവിടുത്തെചിന്തകള്‍ മനുഷ്യചിന്തകള്‍ക്കതീതമാണെന്നും മനസ്സിലാക്കാന്‍ കഴിയുമെന്ന് ജോബ് സുഹൃത്തുക്കളോട് പറയുന്നു. മുമ്പോട്ടുപോയാലും പുറകോട്ടുപോയാലും, ഇടത്തോട്ടോ വലത്തോട്ടോ പോയാലും ദൈവത്തെ കണ്ടെത്തുക പ്രയാസമാണ് (23:8-9): "അവിടുന്ന് മാറ്റമില്ലാത്തവനാണ്. അവിടുത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്ക് കഴിയും? താന്‍ ആഗ്രഹിക്കുന്നത് അവിടുന്ന് ചെയ്യും" (23:13). ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും ഓരോ പദ്ധതിയുണ്ട്. അതുകൊണ്ട് താന്‍ അവനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിറകൊള്ളുകയാണ് (23:14-15). ദൈവം അഗ്രാഹ്യനാണെന്നും ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവത്തിന്‍റെ ചിന്തകളെ പരിമിതപ്പെടുത്താന്‍ കഴിയുകയില്ല എന്നും കാണിക്കാന്‍, തന്‍റെ സുഹൃത്തുക്കളോട് കുറെ ചോദ്യങ്ങള്‍ ചോദിക്കുകയാണ് ജോബ് തുടര്‍ന്ന് ചെയ്യുന്നത് (24:1-12): "നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന്‍ സഹായത്തിനുവേണ്ടി കേഴുന്നു; എന്നിട്ടും ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നില്ല" (24:12).
ജോബിന്‍റെ ജീവിതാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയായി കൂടുതലായി എന്തെങ്കിലും പറയാന്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കില്ലായിരുന്നു. അതുകൊണ്ട് അഗ്രാഹ്യനായ ദൈവത്തിന്‍റെ മുമ്പില്‍ ആര്‍ക്കും നീതിമാനാകാന്‍ കഴിയില്ല എന്നും സ്ത്രീയില്‍നിന്ന് ജനിച്ചവന് നിര്‍മ്മലനാകാന്‍ കഴിയില്ല എന്ന പൊതുതത്ത്വവും ഒരിക്കല്‍ക്കൂടി പ്രസ്താവിക്കുക മാത്രമാണ് ബില്‍ദാദ് ചെയ്യുന്നത് (25:4).
അതിന് ജോബിന്‍റെ മറുപടി ഒരു നീണ്ട പ്രസംഗമാണ്. ഈ പ്രസംഗത്തില്‍ ദൈവം ചെയ്യുന്ന മഹത്തരങ്ങളായ പല കാര്യങ്ങളും വിവരിച്ചതിന് ശേഷം "അവിടുത്തെപ്പറ്റി എത്ര നേരിയ ഒരു സ്വരം മാത്രമാണ് നാം കേട്ടിട്ടുള്ളത് എന്നും അവിടുത്തെ ശക്തിയുടെ ഇടിമുഴക്കത്തെ ആര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുമെന്നും" ജോബ് ചോദിക്കുന്നു (26:1-14). തുടര്‍ന്ന് ജോബ് തന്‍റെ സുഹൃത്തുക്കളുടെ അല്പജ്ഞാനത്തിലുള്ള അഹങ്കാരത്തെ കുറ്റപ്പെടുത്തുകയും ദൈവത്തിലുള്ള തന്‍റെ പ്രത്യാശ ഏറ്റുപറയുകയും ചെയ്യുന്നു: "എനിക്ക് മനോവ്യസനം വരുത്തിയ സര്‍വ്വശക്തനാണേ, എന്നില്‍ ശ്വാസം ഉള്ളിടത്തോളംകാലം ദൈവത്തിന്‍റെ ചൈതന്യം എന്‍റെ നാസികയില്‍ ഉള്ളിടത്തോളംകാലം എന്‍റെ അധരം വ്യാജം പറയുകയില്ല. എന്‍റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്കളങ്കത
വെടിയുകയുമില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അത് കൈവിട്ടുപോകാന്‍ സമ്മതിക്കുകയുമില്ല. എന്‍റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല" (27:1-6). ജോബ് തുടര്‍ന്നു: "ദൈവം അധര്‍മ്മിയെ വെട്ടിനീക്കുമ്പോള്‍ അവന്‍ പ്രത്യാശയില്ലാത്തവനാണ്; ദൈവം അവന്‍റെ നിലവിളി ശ്രവിക്കുകയുമില്ല; അവന് സര്‍വ്വശക്തനില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുകയുമില്ല" (27:8-10). താനാകട്ടെ ദൈവത്തില്‍ ഇന്നും പ്രത്യാശയുള്ളവനാണ്. ദൈവത്തിന്‍റെ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനും അവന്‍റെ ഉദ്ദേശങ്ങളെ മറച്ചുവയ്ക്കാത്തവനുമാണ് (27:11). ദൈവത്തിന്‍റെ പ്രവൃത്തികള്‍ അഗ്രാഹ്യങ്ങളാണെന്നറിഞ്ഞിട്ടും നിങ്ങളെന്തിനാണ് അത് മറച്ചുവയ്ക്കുന്നതെന്ന് അവന്‍ സുഹൃത്തുക്കളോട് ചോദിക്കുന്നു (27:12).
ഇതേത്തുടര്‍ന്ന് ജോബ് നടത്തുന്നത്, യഥാര്‍ത്ഥ ജ്ഞാനമെന്തെന്ന് സ്ഥാപിക്കുന്ന ഒരു പ്രസംഗമാണ്. ജ്ഞാനികളെന്നു കരുതുന്ന സുഹൃത്തുക്കള്‍ക്ക് ജോബ് യഥാര്‍ത്ഥ ജ്ഞാനമെന്തെന്ന് ഉപദേശിച്ചുകൊടുക്കുന്നു. അവന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞ "ദുഷ്ടന് ശിക്ഷയുണ്ടാകുമെന്ന തത്ത്വത്തെ പലവിധം അടിവരയിട്ട് പ്രസ്ഥാപിച്ചതിനുശേഷം (27:13-23) മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് പ്രപഞ്ചത്തില്‍ കൈവരിക്കാന്‍ കഴിയുന്ന ജ്ഞാനത്തെക്കുറിച്ചും, അറിവിനെക്കുറിച്ചും പ്രസ്താവിക്കുന്നു (28:1-11); മനുഷ്യന് പല വലിയ കാര്യങ്ങളും സാധ്യമാണെങ്കിലും യഥാര്‍ത്ഥജ്ഞാനത്തെ കണ്ടെത്താന്‍ അവന് സ്വയമേ കഴിയുകയില്ലെന്ന് ജോബ് കരുതുന്നു: "എന്നാല്‍ ജ്ഞാനം എവിടെ കണ്ടെത്തും; അറിവിന്‍റെ സ്ഥാനം എവിടെ? അങ്ങോട്ടുള്ള വഴി മനുഷ്യന്‍ അറിയുന്നില്ല; ജീവിക്കുന്നവരുടെ നാട്ടില്‍ അത് കണ്ടുകിട്ടുകയുമില്ല" (28:12-13); "അപ്പോള്‍ ജ്ഞാനം എവിടെ നിന്ന് വരുന്നു, അറിവ് എവിടെ സ്ഥിതിചെയ്യുന്നു? ജീവിക്കുന്നവരുടെ കണ്ണില്‍നിന്ന് അത് മറയ്ക്കപ്പെട്ടിരിക്കുന്നു; ആകാശപ്പറവകള്‍ക്കും അത് അഗോചരമാണ്" (28:20-21). യഥാര്‍ത്ഥ ജ്ഞാനത്തിലേയ്ക്കുള്ള വഴി അതിന്‍റെ സ്രഷ്ടാവായ ദൈവം മാത്രമേ അറിയുന്നുള്ളു (28:23-27). ദൈവം മനുഷ്യനോട് ജ്ഞാനത്തെക്കുറിച്ച് പറയുന്നതിതാണ്: "ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്; തിന്മയില്‍നിന്ന് അകലുന്നതാണ് വിവേകം" (28:28).
ജ്ഞാനത്തെക്കുറിച്ചുള്ള ഈ വലിയ ഉള്‍ക്കാഴ്ച നല്കിയതിനു ശേഷം ജോബ് തന്‍റെ പഴയകാല മഹത്ത്വത്തെ ഓര്‍മ്മയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട് (29:1-17). അന്ന് താന്‍ വിശ്വസിച്ചിരുന്ന പഴയ ജ്ഞാനപ്രമാണം വിശദീകരിക്കുകയും ചെയ്യുന്നു: "അപ്പോള്‍ ഞാന്‍ വിചാരിച്ചു ഞാന്‍ എന്‍റെ വസന്തിയില്‍വച്ച് മരിക്കുകയും, മണല്‍ത്തരിപോലെ എന്‍റെ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്‍റെ വേരുകള്‍ നീരുറവകളില്‍ എത്തിയിരിക്കുന്നു. രാത്രിമുഴുവന്‍ എന്‍റെ ശാഖകളില്‍ മഞ്ഞുതുള്ളികള്‍ പൊഴിയുന്നു. എന്‍റെ മഹത്ത്വം എന്നും പുതുമ നശിക്കാത്തതും, എന്‍റെ വില്ല് എന്‍റെ കൈയില്‍ എന്നും പുതിയതുമാണ് (29:18-20). ഒരിക്കല്‍ക്കൂടി ഇപ്രകാരം തനിക്ക് സമൂഹത്തിലുണ്ടായിരുന്ന വലിയ സ്ഥാനമാനങ്ങളെ ഓര്‍മ്മിച്ചതിനുശേഷം (29:21-25) തന്‍റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥയും സമൂഹത്തിലെ അവഹേളനവും വിശദീകരിക്കുന്നു (30:1-10). കാരണം ദൈവം ജോബിന്‍റെ വില്ലിന്‍റെ ഞാണ്‍ അയച്ചുകളയുകയും, അവനെ എളിമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദൈവം തനിക്കൊരു ത്തരവും നല്‍കുന്നില്ല (30:20); ദൈവം തന്നെ കരബലംകൊണ്ട് പീഡിപ്പിക്കുകയാണെന്ന് ജോബ് പറയുന്നു. താന്‍ ഒരിക്കലും തിന്മ പ്രവര്‍ത്തിച്ചിട്ടില്ലെന്നും, അതിനാല്‍ താന്‍ നന്മ പ്രതീക്ഷിച്ചെങ്കിലും തിന്മമാത്രമാണ് വന്നുകൂടിയതെന്നുള്ളതാണ് ജോബിന്‍റെ ഇപ്പോഴത്തെ അനുഭവം: "എന്നാല്‍ ഞാന്‍ നന്മ അന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു; ഞാന്‍ പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു. എന്‍റെ ഹൃദയം പ്രഷുബ്ധമായിരിക്കുന്നു; അതൊരിക്കലും പ്രശാന്തമല്ല. പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു. എന്‍റെ ശരീരം ഇരുണ്ട് പോയി; എന്നാല്‍ വെയില്‍ ഏറ്റിട്ടില്ല; ഞാന്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. ഞാന്‍ കുറുക്കന്മാരുടെ സഹോദരനും, ഒട്ടകപക്ഷിയുടെ സ്നേഹിതനുമായിരിക്കുന്നു. എന്‍റെ ചര്‍മ്മം കറക്കുകയും, പൊളിഞ്ഞുപോവുകയും ചെയ്യുന്നു. എന്‍റെ അസ്ഥികള്‍ ചൂടുകൊണ്ട് ദഹിക്കുന്നു. എന്‍റെ വീണാനാദം വിലാപമായും എന്‍റെ കുഴല്‍നാദം കരച്ചിലായും മാറിയിരിക്കുന്നു (30:26-31).
പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം ലഭിക്കുമെന്ന തത്ത്വത്തെ സാധൂകരിക്കുന്നതിനുവേണ്ടി ജോബിന്‍റെ സുഹൃത്തുക്കളുടെ ശക്തമായ വാദം ഈ തത്ത്വം എപ്രകാരം ഒരു പ്രമാണമായിത്തീരുന്നു എന്നാണ് കാണിക്കുന്നത്. ജോബിന്‍റെ അനുഭവമാകട്ടെ അത് തിരുത്തേണ്ടതാണെന്ന് വ്യക്തമാക്കുന്നു. താന്‍ എന്തെങ്കിലും തിന്മപ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ദൈവം തന്നെ ശിക്ഷിച്ചുകൊള്ളട്ടെയെന്ന് ജോബ് പറയുന്നു. തന്‍റെ ശത്രുക്കളുടെ നാശത്തില്‍പോലും ജോബ് സന്തോഷിച്ചിട്ടില്ല (31:1-40). ദൈവം തന്‍റെ പ്രവൃത്തികളുടെ കണക്ക് ചോദിച്ചിരുന്നെങ്കില്‍ താനതിന്‍റെ കണക്ക് ബോധിപ്പിക്കുമായിരുന്നു (31:37); ഇങ്ങനെ പറയുമ്പോഴും താന്‍ ദൈവത്തെക്കുറിച്ചുള്ള ഭീതിയാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ജോബ് പ്രഖ്യാപിക്കുന്നു (31:23).
ജോബിന്‍റെയും സുഹൃത്തുക്കളുടെയും ചര്‍ച്ച ഇപ്രകാരം വഴിമുട്ടിയ അവസരത്തില്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു കഥാപാത്രം (എലീഹു) രംഗപ്രവേശം ചെയ്യുന്നു. 32:1-6 എലീഹുവിനെ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: "ജോബിന് താന്‍ നീതിമാനാണെന്ന് തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി. റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്‍റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്‍റെ നേരെ അവന്‍റെ കോപം വര്‍ദ്ധിച്ചു. ജോബ് തെറ്റ് ചെയ്തെന്ന് മൂന്ന് സ്നേഹിതന്മാരും പ്രഖ്യാപിച്ചെങ്കിലും തക്ക മറുപടി നല്‍കാന്‍ കഴിയാത്തതുകൊണ്ട് അവരോടും അവന്‍ കോപിച്ചു. അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് ഏലിഹു മറുപടിപറയാതെ കാത്തിരുന്നു. എന്നാല്‍ അവര്‍ മൂന്നുപേരും മറുപടി പറയുന്നില്ലെന്ന് കണ്ടപ്പോള്‍ അവന്‍ കുപിതനായി. ബൂസ്യനായ ബറാഖേലിന്‍റെ പുത്രന്‍ എലീഹു മറുപടി പറഞ്ഞു" (32:1-6).
പ്രായാധിക്യം അനുഭവങ്ങളിലൂടെ ജ്ഞാനം വര്‍ദ്ധിപ്പിക്കുമെന്ന ഇതുവരെയുള്ള ജ്ഞാനത്തെക്കുറിച്ചുള്ള ചിന്തകളെ തകിടം മറിച്ചുകൊണ്ട് യുവാവായ എലീഹു പറയുന്നതിങ്ങനെയാണ്: "ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും, പ്രായാധിക്യം ജ്ഞാനം പകരുകയും ചെയ്യട്ടെ. എന്നാല്‍ മനുഷ്യനിലെ ചൈതന്യം, സര്‍വ്വശക്തന്‍റെ ശ്വാസമാണ് അവന് ജ്ഞാനം നല്‍കുന്നത്. പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല, ദീര്‍ഘായുസ്സ് വിവേകവും" (32:76-9). തുടര്‍ന്ന് ജോബിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാതെ പോയ ജ്ഞാനഗുരുക്കളുടെ വക്താക്കളായ ജോബിന്‍റെ സുഹൃത്തുക്കളെ എലീഹു കുറ്റപ്പെടുത്തുന്നു. അവര്‍ക്ക് ആവശ്യമായ ഉത്തരം നല്‍കാതെ അവരെ ബലഹീനരാക്കിയത് ദൈവമാണെന്ന് എലീഹു പറയുന്നു (32:12-14). യഥാര്‍ത്ഥജ്ഞാനമെന്താണെന്ന് വിശദീകരിക്കാന്‍ കഴിയാതെപോയ സുഹൃത്തുക്കളോടും, സ്വയം നീതികരിച്ച ജോബിനോടും സംസാരിക്കാന്‍ എലീഹു വെമ്പല്‍കൊള്ളുകയായിരുന്നു. അവന്‍ ജോബിന്‍റെ സ്വയം നീതികരണത്തെയും, സുഹൃത്തുക്കളുടെ അജ്ഞതയെയും കുറ്റപ്പെടുത്തി.
ജോബിന്‍റെ പരാതി ദൈവം ഭയാനകമായി തന്‍റെ ജീവിതത്തില്‍ ഇടപെടുന്നുവെന്നും, അവിടുത്തോടുള്ള ഭയംനിമിത്തം എന്തെങ്കിലും പറയുക തനിക്ക് അസാധ്യമാണെന്നുമായിരുന്നു (23:1-17). അതുകൊണ്ട് എലീഹു പറയുന്നു താന്‍ കളിമണ്ണില്‍നിന്ന് രൂപമെടുത്ത മനുഷ്യനാണ്; ദൈവത്തിനുവേണ്ടി സംസാരിക്കുന്ന തന്‍റെ മുമ്പില്‍ ജോബ് ഭീതിദനാകേണ്ട കാര്യമില്ല (33:6-7). എലീഹു തുടര്‍ന്നു: ജോബ് പറയുന്നത്, താന്‍ കുറ്റമില്ലാത്ത നിര്‍മ്മലനാണ്. കുറ്റമറ്റവനും നീതിമാനുമാണ് എന്ന്; ദൈവമാണ് തന്നെ ശത്രുവായി പരിഗണിക്കുന്നത് എന്നാണ് (33:9-11). അതിനുള്ള ഏലിഹുവിന്‍റെ മറുപടി ഇങ്ങനെയാണ്: "ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ് (32:12). ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു. മറ്റൊരിക്കല്‍ മറ്റൊരു രീതിയില്‍ പറയുന്നു. അതു ഗ്രഹിക്കാന്‍ മനുഷ്യന് കഴിയുന്നില്ല. ദൈവത്തിന്‍റെ പ്രവൃത്തികളെയും ചിന്തകളെയും മാനുഷികമായ നിര്‍വചനങ്ങള്‍ക്ക് കീഴെ കൊണ്ടുവരാന്‍ കഴിയില്ലെന്നര്‍ത്ഥം (33:14). മനുഷ്യന്‍റെ അഹങ്കാരം അവസാനിപ്പിക്കാനും, ദുര്‍വൃത്തികളില്‍നിന്ന് പിന്തിരിക്കാനും ദൈവം അവനെ ദര്‍ശനങ്ങളിലൂടെ ഭയപ്പെടുത്താറുണ്ട് (33:15-17). മനുഷ്യന് വേദന നല്‍കിക്കൊണ്ട് അവന് ശിക്ഷണം നല്‍കാറുണ്ട് (33:19); എല്ലാ വേദനകളും പാപത്തിനുള്ള ശിക്ഷയല്ലെന്നര്‍ത്ഥം. ഇപ്രകാരം ഏലിഹു പരമ്പരാഗത ജ്ഞാനതത്ത്വങ്ങളുടെ സൈദ്ധാന്തീകരണ പ്രവണതയെ തിരസ്കരിച്ചു എന്നുപറയാം. തന്‍റെ വേദനയില്‍ ജോബ് ദൈവത്തിന്‍റെ സ്വരത്തിന് കാതോര്‍ക്കുകയാണാവശ്യമെന്ന് എലീഹു പറയുന്നു. അതായിരിക്കും വിജ്ഞാനദായകം (33:31-33).
ദൈവത്തിന്‍റെ പേരിലും, ദൈവത്തിന്‍റെ പ്രവൃത്തികളുമായി ബന്ധപ്പെട്ടവയുമായിരുന്നു ജോബിന്‍റെയും സുഹൃത്തുക്കളുടെയും ചര്‍ച്ചകള്‍ എല്ലാംതന്നെ. അതിനാല്‍ ദൈവം ആരാണ്, അവന്‍റെ പ്രവൃത്തികളെന്തെല്ലാമാണ് എന്നും, ജീവിതാനുഭവങ്ങളെ ഓരോരുത്തരും എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും വിശദീകരിക്കുകയാണ് എലീഹു അടുത്തതായി ചെയ്യുന്നത്. നീതി പ്രവര്‍ത്തിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല; അത് ഒരുവനെ ദൈവകരങ്ങളില്‍നിന്ന് രക്ഷിക്കുന്നില്ല എന്നതായിരുന്നു ജോബിന്‍റെ പരാതി (34:9). എന്നാല്‍ ദൈവം ഒരിക്കലും അനീതി പ്രവര്‍ത്തിക്കുന്നില്ല; പ്രവൃത്തികള്‍ക്കനുസരിച്ച് അവന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു (34:10-12). മനുഷ്യന്‍റെ ഓരോ പ്രവര്‍ത്തിയും ദൈവം ഉറ്റുനോക്കുകയും അവന് തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട് (34:21-22,26). ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനസ്സിലാകാത്ത മനുഷ്യര്‍ അവിടുത്തെ തിരസ്കരിക്കുമെന്നു ഭയപ്പെട്ടുകൊണ്ട് ദൈവം തന്‍റെ പദ്ധതികള്‍ മനുഷ്യചിന്തയ്ക്കനുസരിച്ച് മാറ്റം വരുത്തുന്നവനല്ല. ഇത്രയും പരീക്ഷിക്കപ്പെട്ടപ്പോള്‍, ദൈവത്തിനെതിരെ സംസാരിക്കാന്‍ മുതിര്‍ന്ന ജോബ് അവസാനംവരെ പരീക്ഷിക്കപ്പെട്ടെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു (34:36) എന്ന് എലീഹു ചോദിക്കുന്നു.
നീതിമാന് എന്ത് പ്രതിഫലം എന്നും പാപിയാകാതിരിക്കുന്നതില്‍ എന്തുമെച്ചമെന്നും ജോബ് ചോദിക്കുന്നു (35:1-3). മനുഷ്യരിലൊരുവന്‍ നീതിമാനോ ദുഷ്ടനോ ആകുന്നതുകൊണ്ട് ദൈവത്തിന് നേട്ടമൊന്നുമില്ല എന്നതാണു സത്യം. അവന്‍ മനുഷ്യനെക്കാള്‍ വലിയവനാണ്, അതീതനാണ്. മനുഷ്യന്‍റെ നന്മയും തിന്മയും അവനെപ്പോലുള്ള മറ്റു മനുഷ്യരെ ബാധിക്കുമെന്നേയുള്ളൂ (35:7-8). ദൈവം തന്ന ജീവിതം അതായിരിക്കുന്നവിധത്തില്‍ അംഗീകരിക്കാത്ത ജോബിന്‍റെ വിജ്ഞാനം പൊള്ളവാക്കുകളാണെന്ന് ഏലിഹു തുടരെത്തുടരെ ഓര്‍മ്മിപ്പിക്കുന്നു (33:12; 34:7-9,35; 35:16). താനൊരു യഥാര്‍ത്ഥ ജ്ഞാനിയാണ് അതുകൊണ്ട് തന്‍റെ വാക്കിന് ചെവികൊടുക്കാന്‍ ആവശ്യപ്പെട്ടശേഷം, എലീഹു ജ്ഞാനം പകര്‍ന്നുകൊടുക്കുകയാണ്. ദൈവത്തിന്‍റെ നീതി മനുഷ്യന് അഗ്രാഹ്യമാണ്. അവിടുന്ന് ദുഷ്ടനെ വകവരുത്തുന്നു; ദുഃഖിതരുടെ അവകാശം സംരക്ഷിക്കുകയും ചെയ്യുന്നു; അവിടുന്ന് നീതിമാന്മാരില്‍ നിന്ന് തന്‍റെ കടാക്ഷം പിന്‍വലിക്കുന്നില്ല (36:6-7); അധര്‍മ്മികളില്‍ നിന്ന് കോപം ഒഴിയുന്നില്ല; അവര്‍ പീഡകളില്‍ ദൈവത്തിന്‍റെ സഹായം അപേക്ഷിക്കുന്നുമില്ല (36:13). പീഡിതരെ അവരുടെ പീഡകള്‍കൊണ്ടുതന്നെ രക്ഷിക്കുകയും, ദുരിതങ്ങള്‍കൊണ്ട് അവരുടെ ചെവിതുറക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.
ജോബിനെ അവന്‍റെ കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിജ്ഞാനത്തിന്‍റെ വിശാലസ്ഥലത്തേക്ക് ആകര്‍ഷിക്കാനാണ് ദൈവം ശ്രമിച്ചത് (36:15-16). ദൈവഹിതം പൂര്‍ണമായി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ ദൈവത്തിന്‍റെ ആ വലിയ പദ്ധതിയാണ് പരാജയപ്പെട്ടത് (36:17). സ്വന്തമായ വിലയിരുത്തലുകള്‍ പരിഹാസത്തിലേയ്ക്കാണ് നയിക്കുക. ജോബ് ചെയ്ത നന്മപ്രവൃത്തികളുടെ എണ്ണമോ വലുപ്പമോ പരിഗണിക്കക എന്നതിനെക്കാള്‍ കൂടുതല്‍ ആവശ്യം ദൈവംതരുന്ന ജീവിതം പൂര്‍ണമനസ്സോടെ സ്വീകരിക്കുകയെന്നതാണ് (36:18-19). കാരണം നമുക്ക് ഗ്രഹിക്കാനാവാത്തവിധം മഹോന്നതനാണ് ദൈവം (36:26). അവന്‍റെ പ്രവൃത്തികള്‍ ഗ്രഹിക്കാന്‍ മനുഷ്യന് സാധ്യമല്ല (36:29-33): "നമുക്ക് അഗ്രാഹ്യമായ വന്‍കാര്യങ്ങള്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നു" (37:5, 14,15).
തുടര്‍ന്ന് ദൈവത്തിന്‍റെ പ്രവൃത്തികള്‍ അഗ്രാഹ്യമാണെന്ന് കാണിക്കാന്‍ വേണ്ടി ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍ എലീഹു ജോബിനോട് ചോദിക്കുന്നു: "ജ്ഞാനസമ്പൂര്‍ണനായ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍മൂലം മേഘങ്ങള്‍ എങ്ങനെ മുകളില്‍ തങ്ങിനില്ക്കുന്നുവെന്ന് നിനക്കറിയാമോ? തെക്കന്‍ കാറ്റുകൊണ്ടു ഭൂമി മരവിച്ചിരിക്കുമ്പോള്‍ നിന്‍റെ വസ്ത്രങ്ങള്‍ ചൂടുപിടിക്കുന്നതെങ്ങനെ? ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ വിരിച്ചുനിര്‍ത്താന്‍ അവിടുത്തെപ്പോലെ നിനക്ക് സാധിക്കുമോ?"ڔ(37:14-21). എലീഹു തന്‍റെ പ്രഭാഷണം അവസാനിപ്പിക്കുന്നത് താഴെവരുന്ന വാക്കുകളോടെയാണ്: "സര്‍വ്വശക്തന്‍ നമുക്ക് അദൃശ്യനാണ്. ശക്തിയിലും നീതിയിലും അവിടുന്ന് ഉന്നതനാണ്. അവിടുന്ന് ഉദാരമായ നീതിനിര്‍വ്വഹണത്തിന് ഭംഗം വരുത്തുന്നില്ല. ആകയാല്‍ മനുഷ്യന്‍ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് ഗണിക്കുന്നില്ല" (37:23-24). ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യന് അഗ്രാഹ്യമായതിനാലും, ദൈവം അദൃശ്യനായതിനാലും, ദൈവം നീതിമാനാകയാലും, അവനില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ച്, അവന്‍ തരുന്ന ജീവിതം പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നവനാണ് വിജ്ഞാനി എന്ന് എലീഹു സ്ഥാപിക്കുന്നു.
ജോബിന്‍റെ പീഡാസഹനങ്ങള്‍ വിശദീകരിക്കാന്‍ അവന്‍റെ സുഹൃത്തുക്കള്‍ ശ്രമിച്ചപ്പോള്‍, ആ വൃദ്ധജ്ഞാനികളുടെ അറിവ് പൊള്ളയാണെന്ന് ജോബ് കാണുകയും, അതിന് ജീവിതാനുഭവങ്ങളെ മുഴുവന്‍ വിശദീകരിക്കാന്‍ കഴിവില്ലെന്ന് അറിയുകയും ചെയ്തു. താന്‍ നീതിമാനാകയാലും, തന്‍റെ പ്രവൃത്തികള്‍ കുറ്റമറ്റതാകയാലും, താന്‍ ഇന്നും ദൈവത്തില്‍ പ്രത്യാശയുള്ളവനാകയാലും, തന്‍റെ അനുഭവസമ്പത്ത് തന്‍റെ സുഹൃത്തുക്കളെക്കാള്‍ അധികമായതിനായാലും, തന്‍റെ വിജ്ഞാനം അതിനെക്കാള്‍ മെച്ചമാണ് എന്ന് ജോബ് കരുതിയിരുന്നു. ആ ജോബിനെയാണ് ദൈവത്തിന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് എലീഹു ജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും അവന്‍റെ ചിന്താഗതികള്‍ ഒരു യഥാര്‍ത്ഥ ജ്ഞാനിയുടേതല്ല എന്ന് കാണിച്ചുകൊടുക്കുകയും ചെയ്തത്.
ഇത്രയുമായപ്പോള്‍ ദൈവംതന്നെ ചുഴലിക്കാറ്റില്‍ ജോബിനോട് സംസാരിക്കാനും അവനെ അഭിമുഖീകരിക്കാനുമായി ഇറങ്ങിവന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്‍ എന്നും കാണുന്നതും എന്നാല്‍ കാരണവും ഉത്തരവും അറിയാത്തതും ഉത്തരമറിയാവുന്നവ സ്വന്തം അജ്ഞത വെളിപ്പെടുത്തുന്നതുമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ദൈവം ജോബിന് അവന്‍റെ അജ്ഞത കാണിച്ചുകൊടുത്തു:
"ഞാന്‍ ഭൂമിയ്ക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെ
യായിരുന്നു? നിശ്ചയമായും നിനക്കറിയാം...
അതിന്‍റെ അളവുനൂല്‍ പിടിച്ചതാര്?
ജീവിതം തുടങ്ങിയശേഷം എന്നെങ്കിലും
നീ പ്രഭാതത്തിനു കല്പനകൊടുക്കുകയും
സൂര്യോദയത്തിന് സ്ഥാനം നിര്‍ണയിക്കുകയും
ചെയ്തിട്ടുണ്ടോ?
പ്രകാശത്തിന്‍റെ വസതിയിലേയ്ക്കുള്ള വഴിയേത്?
മഴയ്ക്കൊരു ജനയിതാവുണ്ടോ?
നിനക്ക് രാശിചക്രത്തെ യഥാകാലം നയിക്കാമോ?" (38:1-41).
ജോബിന്‍റെയോ അതുപോലുള്ള ഏതെങ്കിലും മനുഷ്യന്‍റെയോ ജ്ഞാനംകൊണ്ടോ കഴിവുകൊണ്ടോ അല്ല പ്രപഞ്ചം ഈവിധം ചലിച്ചുകൊണ്ടിരിക്കുന്നത് (38:1-39:30). മനുഷ്യന് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യങ്ങള്‍ ചോദിച്ചതിന്ശേഷം "കൂടുതല്‍ ജ്ഞാനിയായ" ജോബിനോട് ദൈവം ഉത്തരം ആവശ്യപ്പെടുന്നു: "ആക്ഷേപം പറയുന്നവന്‍ സര്‍വ്വശക്തനോട് ഇനിയും വാദത്തിന് മുതിരുമോ? ദൈവത്തോട് തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ" (40:1-2).
തന്‍റെ അബദ്ധവും അറിവില്ലായ്മയും കണ്ടറിഞ്ഞ ജോബ് ദൈവത്തോട് ഇപ്രകാരം മറുപടി പറഞ്ഞു: "ഞാന്‍ നിസ്സാരനാണ് ഞാന്‍ എന്തുത്തരം പറയാനാണ്. ഞാന്‍ വായ്പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു. ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടുതവണ ഞാന്‍ മറുപടി പറഞ്ഞു. ഇനി ഞാന്‍ മിണ്ടുകയില്ല" (40:3-5). താനിനി വാഗ്വാദങ്ങള്‍ക്കൊന്നിനും മുതിരുകയില്ലെന്നാണ് ജോബ് പറഞ്ഞതിന്‍റെ അര്‍ത്ഥം. കാരണം ദൈവത്തിന്‍റെ മുമ്പില്‍ താന്‍ നിസ്സാരനാണെന്നവന്‍ കരുതുന്നു.
എന്നാല്‍ യഥാര്‍ത്ഥജ്ഞാനിയാവാന്‍ ഈ ചിന്തമാത്രം പോര. അതുകൊണ്ട് ദൈവം തന്‍റെ ചോദ്യങ്ങള്‍ തുടരുകയാണ്. സ്വയം നീതിമാനാണെന്ന് കരുതിയ ജോബ് തന്‍റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലമെന്ന തന്‍റെ സുഹൃത്തുക്കളുടെ വാദത്തെ നിരാകരിച്ചുവെങ്കിലും പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലമാണ് ദൈവം നല്‍കേണ്ടത് എന്നുതന്നെയാണ് ചിന്തിച്ചത്. അവന്‍ തന്നെത്തന്നെ നീതീകരിക്കാന്‍ ദൈവത്തെ കുറ്റ പ്പെടുത്തുകയായിരുന്നു ചെയ്തത് (40:8). അതുകൊണ്ട് ജോബിന് ഒന്നുമറിയില്ലെന്നും അവന്‍റെ ശക്തി ഒന്നിനും ഉപകരിക്കുകയില്ലെ ന്നും കാണിക്കാന്‍ ദൈവം തന്‍റെ ചോദ്യശരങ്ങള്‍ നിര്‍ത്താതെ തൊടുത്തുവിടുകയും ദൈവത്തിന്‍റെ മഹനീയ കര്‍മ്മങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വിവരിക്കുകയും ചെയ്യുന്നു:
"നിനക്ക് മുതലയെ ചൂണ്ടയിട്ട് പിടിക്കാമോ?
അവന്‍റെ നാക്ക് ചരടുകൊണ്ട് ബന്ധിക്കാമോ?
അവന്‍റെ മൂക്കില്‍ കയറിടാമോ?
.......
ഞാന്‍ മടക്കികൊടുക്കുന്നതിനുവേണ്ടി
ആരെങ്കിലും എനിക്ക് മുന്‍കൂട്ടി തന്നിട്ടുണ്ടോ?"
"നീ ദൈവത്തെപ്പോലെ ശക്തനാണോ?
അവിടുത്തെപ്പോലെ ഗര്‍ജ്ജനം മുഴക്കാന്‍
നിനക്കാകുമോ?" (40:9-41:34)
ദൈവത്തിനുമുമ്പില്‍ വാക്ക് മുട്ടിയ ജോബ് അപ്പോള്‍ വിളിച്ചു പറയുന്നതിങ്ങനെയാണ്: "അങ്ങേക്കെല്ലാം സാധിക്കുമെന്നും, അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങുചോദിച്ചു. എനിക്ക് മനസ്സിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി. കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും; നീ ഉത്തരം പറയണം എന്ന് അങ്ങു പറഞ്ഞു. അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ അങ്ങയെക്കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു" (42:1-6). ജ്ഞാനിയാണെന്ന് കരുതി, താന്‍ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞുപോയി എന്നും, തനിക്ക് ദൈവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജോബ് ഏറ്റു പറയുന്നു. ദൈവത്തെ കണ്ട ജോബ് തന്‍റെ ജീവിതം അതായിരിക്കുന്ന വിധത്തില്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാനും, പശ്ചാത്താപത്തോടെ ദൈവതിരുമനസ്സിന് കീഴ്പ്പെടാനും തയ്യാറായി.
ജോബിന്‍റെയും സുഹൃത്തുക്കളുടെയും നീതിയെക്കുറിച്ചും, നീതിമാന്മാരുടെയും ദുഷ്ടരുടെയും പ്രതിഫലത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളുടെ ആരംഭം പൊടിയിലും ചാരത്തിലുമിരിക്കേണ്ടിവന്ന ജോബിന്‍റെ ജീവിതാനുഭവമായിരുന്നു. അന്ന് ജോബിന് ആ അവസ്ഥ അസഹനീയവും അംഗീകരിക്കാനാവാത്തതുമായിരുന്നു. ദൈവത്തെ കണ്ടുകഴിഞ്ഞപ്പോള്‍ ജോബ് ആ ജീവിതംതന്നെ (പൊടിയിലും ചാരത്തിലും) പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചു; തന്‍റെ അറിവില്ലായ്മയെക്കുറിച്ച് വിലപിച്ചു. തങ്ങള്‍ക്കറിയാവുന്ന ജ്ഞാനമൊക്കെയും കോരിച്ചൊരിഞ്ഞിട്ടും ജോബിനോ സുഹൃത്തു ക്കള്‍ക്കോ ജോബിനെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ പൊരുള ഴിക്കാന്‍ കഴിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല: ദൈവം ഒരിക്കല്‍ ഒന്നു ചെയ്യുന്നു മറ്റൊരിക്കല്‍ വേറൊന്നും (33:14). അവന്‍റെ പ്രവൃത്തികളെ മാനുഷികമായ നിര്‍വ്വചനങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിവില്ലെന്നര്‍ത്ഥം.
ദൈവം മാനുഷിക ചിന്തകള്‍ക്ക് അതീതനാണ്. യഥാര്‍ത്ഥ ജ്ഞാനത്തിലേയ്ക്കുള്ള വഴി മനുഷ്യന് അജ്ഞാതമാണ്. ജോബ് ജീവിതം നല്‍കപ്പെട്ട വിധത്തില്‍ പരാതികളില്ലാതെയും ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കാതെയും എളിമയോടെ സ്വീകരിച്ച പ്പോള്‍ ദൈവം അവനെ ജ്ഞാനിയായി അംഗീകരിച്ചു (42:7). പരമ്പരാഗതജ്ഞാനതത്ത്വങ്ങള്‍ മാത്രം പഠിപ്പിച്ചുകൊണ്ടിരുന്ന ജോബിന്‍റെ സുഹൃത്തുക്കളുടെ ജ്ഞാനം ദൈവം തിരസ്കരി ക്കുകയും ചെയ്തു: "കര്‍ത്താവ്... എലിഫാസിനോട് അരുള്‍ചെയ്തു: എന്‍റെ ക്രോധം നിനക്കും നിന്‍റെ രണ്ടു സ്നേഹിതന്മാര്‍ക്കുമെതിരെ ജ്വലിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെപ്പറ്റി എന്‍റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്" (42:7).
നീതിമാനായ ഞാനെന്തിനു സഹിക്കണം എന്ന ചോദ്യമാണ് ജോബിലൂടെ ജ്ഞാനി ചോദിക്കുന്നത്. ജോബിന്‍റെ ആഗ്രഹമനുസരിച്ച് ദൈവം പ്രത്യക്ഷപ്പെട്ടെങ്കിലും ദൈവം വ്യക്തമായ ഉത്തരം നല്കിയില്ല; മറിച്ച് ജോബിന്‍റെ സഹനം ദൈവഹിതമായിരുന്നു എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു. യഥാര്‍ത്ഥജ്ഞാനം മനുഷ്യന് അപ്രാപ്യമാണെന്നും ദൈവം മനുഷ്യചിന്തകള്‍ക്ക് അതീതനാണെന്നും നല്കപ്പെട്ടിരിക്കുന്ന ജീവിതം അതായിരിക്കുന്ന വിധത്തില്‍ സ്വീകരിക്കുകയാണാവശ്യമെന്നും ജ്ഞാനികള്‍ ഈ കഥയിലൂടെ പഠിപ്പിച്ചു. ഓരോരുത്തര്‍ക്കും രക്ഷയ്ക്ക് ആവശ്യമായി രിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജോബിനെപ്പോലെ ദൈവവുമായുള്ള കണ്ടുമുട്ടലാണ്. യുക്തിസഹമായ തത്ത്വങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് അന്യരുടെ ജീവിതം ദുഃസ്സഹമാക്കരുതെന്ന് ജോബിന്‍റെ കഥയിലൂടെ ജ്ഞാനി ശ്രോതാക്കളെ ഓര്‍മ്മിപ്പിക്കുന്നു.
job bible bible in malayalam Rev. Antony Tharekadavil catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206