We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 23-Nov-2022
സാത്താൻ ബന്ധിച്ചവൾ - സിനഗോഗിലെ കൂനി
പ്രതീകാത്മക പ്രാധാന്യവും പ്രാതിനിധ്യസ്വഭാവമുണ്ട് ലൂക്കാ എഴുതിയ സുവിശേഷത്തിൽ (ലൂക്കാ 13,10-17) മാത്രം കാണുന്ന ഈ കഥാപാത്രത്തിന്. ബൈബിളിലെ മറ്റു പല സ്ത്രീകളെയും പോലെ അവൾക്കും പേരില്ല; ഊരുമില്ല. എന്നാൽ ഒരു കാര്യം സുവിശേഷകൻ എടുത്തു പറയുന്നുണ്ട്- ആർക്കും വ്യക്തമായി കാണാവുന്ന ഒരു പ്രത്യേകത. “നിവർന്നു നില്ക്കാൻ സാധിക്കാത്തവിധം കുനിപ്പോയ ഒരുവൾ" (ലൂക്കാ 13,11). പതിനെട്ടു വർഷമായി ഈ അവസ്ഥയിലാണവൾ. ഒട്ടും നിവരാനാവാത്തവിധം നട്ടെല്ലു വളഞ്ഞുപോയി!
ആരാണവളെ കൂനിയാക്കിയതെന്നും സുവിശേഷകൻ സൂചിപ്പിക്കുന്നുണ്ട്. “ഒരാത്മാവു ബാധിച്ച് രോഗിണിയായി" എന്നാണ് പി. ഒ.സി വിവർത്തനം. “ഒരാത്മാവ്" എന്നതിന്റെ ഗ്രീക്കുമൂലം “പ്നെവുമാഅസ്ഥാെനെയിയാസ്' എന്നാണ്. “അസ്ഥാെനെയിയാ” എന്ന വാക്കിന് രോഗം, ക്ഷീണം, തളർച്ച, ബലക്ഷയം എന്നൊക്കെ അർത്ഥമുണ്ട്. മിക്ക രോഗങ്ങൾക്കും കാരണം പിശാചുബാധയാണെന്നും രോഗലക്ഷണങ്ങൾ ബാധിച്ചിരിക്കുന്ന പിശാചിന്റെ സ്വഭാവസവിശേഷതകളാണെന്നും കരുതിയിരുന്ന സമൂഹത്തിന്റെ വിശ്വാസം ഈ വിവരണത്തിൽ പ്രതിഫലിക്കുന്നുണ്ട്. മനുഷ്യനെ ബലഹീനമാക്കുന്ന ആത്മാവു ബാധിച്ചതാണ് അവൾക്കു നിവർന്നു നില്ക്കാൻ കഴിയാത്തതിന്റെ കാരണം. ഈ അവസ്ഥയെ സാത്താന്റെ ബന്ധനമായി യേശു തന്നെ വ്യാഖ്യാനിക്കുന്നതും കാണാം (ലൂക്കാ 13,16).
ബന്ധിതയാണവൾ. അടിച്ചമർത്തപ്പെട്ടവൾ; ഒരിക്കലും നിവരാനാവാത്തവിധം കൂനിയാക്കപ്പെട്ടവൾ. ഏതു പിശാചാണ് അവളെ ഈ അവസ്ഥയിലാക്കിയത്? എന്താണ് രോഗാത്മാവ്, അഥവാ ക്ഷയിപ്പിക്കുന്ന, അടിമയാക്കുന്ന ആത്മാവ് എന്ന പ്രയോഗത്തിന്റെ അർത്ഥം? ശാരീരികവും മാനസികവുമായ അവസ്ഥയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ പ്രയോഗം; ഒപ്പം സാമൂഹികാവസ്ഥയിലേക്കും. കൂനിപ്പോയ ശരീരത്തിന്റെ ആഘാതം മനസിനേറ്റതാവാം; അല്ലെങ്കിൽ മനസ്സിന്റെ ബലക്ഷയം ശരീരത്തെ തളർത്തിയതാവാം. വൈദ്യശാസ്ത്രവിദഗ്ധർ ഈ രോഗത്തെ നട്ടെല്ലിന്റെ ബലക്ഷയത്തോടു ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കുക. മനശാസ്ത്രജ്ഞർക്കും സാമൂഹിക ശാസ്ത്രജ്ഞർക്കും തങ്ങളുടേതായ ശാസ്ത്രശാഖകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങൾ നല്കാനുണ്ട്. ഒരു കാര്യത്തിൽ സംശയമില്ല - സുവിശേഷകൻ ഈ സ്ത്രീയെ ഒരു പ്രതീകവും പ്രതിനിധിയുമായിട്ടാണ് അവതരിപ്പിക്കുന്നത്. നിവർന്നു നില്ക്കാൻ കഴിയാത്തവിധം കൂനിപ്പോയ സ്ത്രീകളുടെ പ്രതീകം; അതേസമയം യേശു നല്കുന്ന വിമോചനം അനുഭവിച്ചറിഞ്ഞ് നിവർന്നു നില്ക്കുന്ന സ്ത്രീകളുടെ പ്രതിനിധിയും.
യേശു ജീവിച്ചിരുന്ന സമൂഹത്തിലെ സ്ത്രീകളുടെ പൊതുവായ അവസ്ഥ ഇവളിൽ പ്രതിഫലിക്കുന്നുണ്ട്. സ്ത്രീകൾക്കു സ്വന്തവും സ്വതന്ത്രവുമായ ഒരസ്ഥിത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല. വിവാഹം വരെ പിതാവിന്റെയും വിവാഹശേഷം ഭർത്താവിന്റെയും ഭർത്താവു മരിച്ചാൽ മകന്റെയും സംരക്ഷണയിലും ഭരണത്തിൻ കീഴിലുമാണ് അവളുടെ സ്ഥാനം. ജനനം മുതലേ അവഗണനയുടെയും വിവേചനത്തിന്റെയും കയ്പുനീരു കുടിച്ചാണവൾ വളരുക. ആൺകുഞ്ഞിനെയാണ് മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പെൺകുഞ്ഞു ജനിക്കുമ്പോൾ അതൃപ്തിയും വെറുപ്പും ആയിരിക്കും അവളെ സ്വീകരിക്കുക. വിവാഹപ്രായമാകുമ്പോൾ (12-13 വയസ്) വരനെ കണ്ടെത്തി, സ്ത്രീധനത്തുക വാങ്ങി എല്പിച്ചുകൊടുക്കുന്നത് പിതാവ്. മകളെ ഇതുവരെ വളർത്തിയതിന്റെ കൂലിയായി സ്ത്രീധനത്തുക വാങ്ങുമ്പോൾ യഥാർത്ഥത്തിൽ അവളെ വില്ക്കുകയാണെന്നു പറയാം.
ഭാര്യ ആൺകുഞ്ഞുങ്ങളെ പ്രസവിക്കണം. എത്ര കൂടുതൽ ആൺമക്കളുണ്ടോ അത്രകണ്ട് അവളുടെ യശസ് വർദ്ധിക്കും. പെൺകുഞ്ഞിന്റെ അമ്മയാകുന്നത് പരിഹാസ കാരണമാകും. എന്നാൽ വന്ധ്യയായിരിക്കുന്നത് ദൈവശാപത്തിന്റെ അടയാളമായി പരിഗണിക്കപ്പെടും. വന്ധ്യത്വം സ്ത്രീയിൽ മാത്രമേ ആരോപിച്ചിരുന്നുള്ളൂ. ഭർത്താവിന്റെ അകാലമരണം ഭാര്യയുടെ കുറ്റമായി കരുതപ്പെട്ടിരുന്നു. മക്കളില്ലാതെ വിധവയായാൽ ഭർത്താവിന്റെ ബന്ധുക്കളിൽ ആരുടെയെങ്കിലും ഭാര്യയാകണം. അവകാശപ്പെട്ടവരെല്ലാം വേണ്ടെന്നു വച്ചാലേ മറ്റൊരാളെ വിവാഹം ചെയ്യാൻ വിധവയ്ക്ക് അനുവാദമുണ്ടായിരുന്നുള്ളു. മരിച്ചാലും അവൾക്കു മോചനമില്ല. പുനരുത്ഥാനത്തിൽ ആരുടെ ഭാര്യയായിരിക്കും എന്നാണ് ചോദ്യം (മർക്കോ 12,23).
ആഹാരവും വസ്ത്രവും പാർപ്പിടവും കൊടുക്കുക, മരിച്ചാൽ അടക്കുക, അകമ്പടിയായി രണ്ടു വിലാപകാരികളെ കൂലിക്കെടുക്കുക - ഇത്രയുമായിരുന്നു ഭർത്താവിന് ഭാര്യയോടുണ്ടായിരുന്ന നിയമാനുസൃത കടമകൾ. എന്നാൽ ഇഷ്ടമില്ലാതായാൽ മോചനച്ചീട്ടു നല്കി പറഞ്ഞയയ്ക്കാൻ ഭർത്താവിന് അവകാശമുണ്ടായിരുന്നു. മോചന കാരണത്തെക്കുറിച്ചേ തർക്കമുള്ളൂ. സൗന്ദര്യം കുറഞ്ഞുപോയതും പാകം ചെയ്യുന്ന ഭക്ഷണത്തിനു രുചിപോരാ എന്നു തോന്നുന്നതുപോലും മതിയായ കാരണമായി വ്യാഖ്യാനിച്ച റബ്ബിമാരുണ്ടായിരുന്നു. എന്നാൽ സ്ത്രീക്ക് യാതൊരു കാരണവശാലും വിവാഹമോചനം ആവശ്യപ്പെടാൻ കഴിയുമായിരുന്നില്ല.
മതമേഖലയിലുമുണ്ടായിരുന്നു കഠിനമായ വിവേചനം. സിനഗോഗിലും ദേവാലയത്തിലും സ്ത്രീകൾക്കായി പ്രത്യേകം സ്ഥലങ്ങൾ വേലികെട്ടി തിരിച്ചിരുന്നു. നിശ്ചിത അതിരുകൾ മറി കടക്കുന്നത് ശിക്ഷാർഹമായിരുന്നു. മതനിയമത്തിലെ വിലക്കുകളെല്ലാം സ്ത്രീകളും അനുസരിക്കണം. എന്നാൽ കല്പനകൾ അറിയാനോ അനുസരിക്കാനോ അവർക്കു കടമയില്ല. നിയമം അനുസരിക്കുന്നില്ല എന്നതു തന്നെ അവളെ തരം താഴ്ത്തുന്നതിന് കാരണമായി. പ്രാർത്ഥിക്കാം, എന്നാൽ ഉച്ചത്തിലാവരുത്. വീട്ടിൽപ്പോലും സ്ത്രീകൾ ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് നിഷിദ്ധമായിരുന്നു. ഭക്ഷണത്തിനുമുമ്പും പിമ്പുമുള്ള ആശീർവ്വാദ പ്രാർത്ഥനപോലും സ്ത്രീകൾക്ക് ഉച്ചത്തിൽ ചൊല്ലാൻ അനുവാദമില്ല. നിയമപഠനവും നിയമപാരായണവും സ്ത്രീകൾക്കു നിഷിദ്ധമായിരുന്നു. ഒരു യഹൂദഗുരുവും സ്ത്രീകളെ ശിഷ്യഗണത്തിൽ സ്വീകരിച്ചിരുന്നില്ല; മാത്രമല്ല, സ്ത്രീയോട് പൊതുസ്ഥലത്തുവച്ച് സംസാരിക്കുന്നതുതന്നെ കുറവായി പരിഗണിച്ചിരുന്നു. നീതിന്യായകോടതിയിൽ സ്ത്രീകളുടെ സാക്ഷ്യം സ്വീകാര്യമായിരുന്നില്ല. പൂർവ്വമാതാവായ സാറാ നുണപറഞ്ഞതുപോലെ (ചിരിച്ചിട്ടും ചിരിച്ചില്ല, എന്നു പറഞ്ഞത് ഉൽപ 18,15) സ്ത്രീകളെല്ലാം നുണയേ പറയൂ എന്നായിരുന്നു പണ്ഡിതമതം.
സ്ത്രീകൾ അനുഭവിച്ചിരുന്ന വിവേചനത്തിന്റെയും അടിമത്തത്തിന്റെയും ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണിത്. ഇപ്രകാരം അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തവും അപകർഷതാബോധവുംമൂലം കൂനിപ്പോയ സമകാലിക സ്ത്രീകളുടെയെല്ലാം പ്രതീകമാണ് സിനഗോഗിൽ നില്ക്കുന്ന കുനി. അവൾ സിനഗോഗിലേക്കു വന്നു എന്നതുതന്നെ ശ്രദ്ധേയമാണ്. അസാധാരണമായി എന്തെങ്കിലും സംഭവിക്കും എന്നു പ്രതീക്ഷിച്ചുകൊണ്ടാവില്ല അവൾ വന്നത്. സാബത്തുതോറും ചെയ്യാറുള്ളതു പോലെ പ്രാർത്ഥനയിൽ പങ്കുചേരാൻ വന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ, സ്ത്രീകൾക്കായി നിശ്ചയിച്ചിരുന്ന വേലിക്കെട്ടുകൾക്കുള്ളിൽ, അവൾ ഒതുങ്ങിനിന്നു. ദൈവസന്നിധിയിലേക്കു കണ്ണുകളുയർത്താൻ കഴിയാതെ, കുനിഞ്ഞ്.
പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. പഠിപ്പിച്ചു കൊണ്ടിരുന്ന യേശു അവളെ കണ്ടു; അടുത്തേക്കു വിളിച്ചു. വിളികേട്ട അവൾ എല്ലാം മറന്നു. സ്ത്രീകൾക്കു നിശ്ചയിച്ചിരുന്ന നിയമങ്ങൾ മറന്നു; വേലിക്കെട്ടുകളും ഔചിത്യബോധവും മറന്നു. അതിർത്തി ലംഘിച്ച് അവൾ വേദിയിലേക്കു വന്നു. യേശുവിന്റെ വാക്കും കരസ്പർശവും അവളിൽ പുതുശക്തിയുണർത്തി. കൈകൾ രണ്ടും കണ്ണുകളോടൊപ്പം മുകളിലേക്ക്, സ്വർഗ്ഗത്തിലേക്ക് ഉയർന്നു. ഉള്ളിൽ നിറഞ്ഞു തുളുമ്പിയ സന്തോഷവും നന്ദിയും സ്തുതി കീർത്തനമായി ഉയർന്നു. സ്ത്രീകൾ സഭയിൽ നിശ്ശബ്ദമായിരിക്കണം എന്ന കല്പനകളൊന്നും അവൾ ഓർമ്മിച്ചതേയില്ല. സുദീർഘമായ 18 വർഷം താൻ ചുമന്നുകൊണ്ടു നടന്ന ഭാരം പൊടുന്നനെ മുതുകിൽ നിന്നു മാറിയപ്പോൾ ഉണ്ടായ സ്വാതന്ത്യ്രാനുഭവം, ആശ്വാസം, സന്തോഷം, എത്ര ഉച്ചത്തിൽ വിളിച്ചുകൂവിയാലും മതിയാവില്ല എന്ന തോന്നൽ. കഥ അവിടെ അവസാനിപ്പിക്കാമായിരുന്നു. ഹതഭാഗ്യയായ ഒരു സ്ത്രീക്ക് യേശു നല്കിയ വിമോചനത്തിന്റെ സദ്വാർത്ത അറിയിച്ചും അവളുടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് തിരശ്ശീല വീഴ്ത്താമായിരുന്നു. എന്നാൽ അതല്ല. ലൂക്കാ ചെയ്യുന്നത്. വിവരണത്തിന്റെ രണ്ടാം ഭാഗം കൂടുതൽ നാടകീയമാകുന്നു.
സൗഖ്യം പ്രാപിച്ചവൾ നിവർന്നു നിന്നു ദൈവത്തെ സ്തുതിക്കുന്നത് സിനഗോഗധികാരിയെ കോപാക്രാന്തനാക്കി. നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു. അതും അധികാരിയായ തന്റെ കൺമുമ്പിൽ, പ്രാർത്ഥനാസമൂഹത്തിന്റെ മധ്യത്തിൽ, സിനഗോഗിൽവച്ച്! ഏറ്റം പാവനമായ സാബത്തു നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു! യേശു ചെയ്തതെല്ലാം നിയമലംഘനമായി അയാൾ വ്യാഖ്യാനിച്ചു. അതിരുകൾ കടക്കാൻ ഒരു സ്ത്രീയെ പ്രേരിപ്പിച്ചു. പരസ്യമായി അവളോടു സംസാരിച്ചു. എല്ലാവരും കാൺകെ അവളുടെമേൽ കൈകൾ വച്ചു. സിനഗോഗിൽ വച്ച് ഉച്ചത്തിൽ സ്തുതിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഇതിലുമെല്ലാം വലിയ കുറ്റം സാബത്തു ലംഘിച്ചു എന്നതാണ്.
സാബത്തിൽ അനുവദനീയമല്ലാത്ത 39 ജോലികൾ നിയമജ്ഞർ അക്കമിട്ട് അവതരിപ്പിച്ചിരുന്നു. രോഗശാന്തി നല്കുന്ന വൈദ്യന്റെ ജോലിയും അതിൽപ്പെടും. മരണാപകടത്തിൽ മാത്രം, അതും ജീവന് നിലനിർത്താൻ ആവശ്യമായത്ര ശുശ്രൂഷ ചെയ്യാനേ നിയമം അനുവദിച്ചിരുന്നുള്ളു. അതിനപ്പുറത്തുള്ളതെല്ലാം നിയമലംഘനമായിരിക്കും. ഈ വ്യാഖ്യാനത്തിൽ കുറ്റവാളി യേശുവാണ്. എന്നാൽ അതു നേരിട്ടു പറയാൻ ധൈര്യമില്ലാഞ്ഞിട്ടാവാം സിനഗോഗധികാരി ജനങ്ങൾക്കെതിരെ താക്കീതും ശാസനയും ശകാരവും ചൊരിയുന്നത്. “ജോലി ചെയ്യാവുന്ന ആറുദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തു ദിവസം പാടില്ല" (ലൂക്കാ 13,14).
സാബത്തിനെ സംബന്ധിച്ച വികലമായൊരു കാഴ്ചപ്പാടാണിത്. ഈജിപ്തിൽ അടിമവേല ചെയ്തിരുന്ന തങ്ങൾക്ക് ദൈവം നൽകിയ വിമോചനത്തെ അനുസ്മരിച്ചുകൊണ്ട് എല്ലാ വേലക്കാർക്കും ഒരു ദിവസം വിശ്രമം നല്കണം എന്നതായിരുന്നു സാബത്തിന്റെ മുഖ്യ ലക്ഷ്യം (നിയ 5,13-15). അധ്വാനിക്കുന്നവനു വിശ്രമവും അടിമയ്ക്കു മോചനവും ഉറപ്പു വരുത്തുന്ന ദൈവികനിയമം നിയമജ്ഞർ വ്യാഖ്യാനിച്ചപ്പോൾ ദുർവഹമായ ചുമടായിത്തീർന്നു. അതിനെതിരേയാണ് യേശുവിന്റെ പ്രതിഷേധം, "കപട ഭക്തരേ" എന്ന വിളിതന്നെ ഔദ്യോഗിക വ്യാഖ്യാനത്തിന്റെ കാപട്യം വ്യക്തമാക്കുന്നു. മൃഗങ്ങൾക്കു നല്കുന്ന പരിചരണം പോലും മനുഷ്യനു നല്കാൻ വിസമ്മതിക്കുന്നതിലുള്ള വൈരുധ്യവും കാപട്യവും എടുത്തു കാട്ടുമ്പോൾ കൂനിപ്പോയ സ്ത്രീയുടെ ബന്ധിതാവസ്ഥക്ക് പുതിയൊരു വിശദീകരണവും നല്കുന്നു.
അവളെ സാത്താൻ ബന്ധിച്ചതാണ്. അവളുടെ രോഗാവസ്ഥയുടെ കാരണം ഒരു പിശാചുബാധ എന്നതിനേക്കാൾ തിന്മയുടെ ആധിപത്യത്തിൻകീഴിലായിപ്പോയതാണ്. ബന്ധിതർക്കു മോചനം നല്കുക തന്റെ ജീവിത ദൗത്യമായി പ്രഖ്യാപിച്ച യേശു ഈ സ്ത്രീക്കു നല്കിയ സൗഖ്യത്തിൽ ദൈവഹിതത്തിന്റെ പൂർത്തീകരണം ദർശിക്കുന്നു. മറ്റുള്ളവരുടെ മുമ്പിൽ വിലകെട്ടവളും നിവർന്നു നിൽക്കാൻ കഴിയാത്തവളുമാണെങ്കിലും ഇവൾ അബ്രാഹത്തിന്റെ പുത്രിയാണ്, വാഗ്ദാനത്തിന്റെ അവകാശിയും, മറ്റാരെയും പോലെ ആദരവിനും അംഗീകാരത്തിനും അർഹതപ്പെട്ടവളും. അവളെ സ്വതന്ത്രയാക്കുക എന്നത് ദൈവത്തിന്റെ നിശ്ചയമാണ്. ബന്ധിതർക്കു സ്വാതന്ത്ര്യം നല്കുക എന്നതാണ് സാബത്തു നിയമത്തിന്റെ തന്നെ ലക്ഷ്യം. യേശുവിന്റെ മറുപടി ജനസമൂഹം അത്യാഹ്ലാദത്തോടെ സ്വീകരിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയപ്പോൾ അധികാരികൾ ലജ്ജിച്ചു തല താഴ്ത്തി.
അതുതന്നെയാണ് കഥയുടെ മർമ്മം. സമൂഹം അടിച്ചേല്പിച്ചഭാരത്തിൻകീഴിൽ അമർന്നു കൂനിപ്പോയ ഒരുവളെ യേശു മോചിപ്പിച്ചു; അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിച്ചു. യഥാർത്ഥ ആരാധന സ്വാതന്ത്ര്യത്തിലേക്കു നയിക്കും, നയിക്കണം. “നിങ്ങൾ നിവർന്നു നടക്കേണ്ടതിന് നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ പൊട്ടിച്ചതു ഞാനാണ്" (ലേവ്യ 26,13). അവളോടൊപ്പം ജനം മുഴുവൻ സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും പങ്കുചേർന്നു. അതേസമയം അവളെ അടിമയാക്കിയിരുന്നവർ അപഹാസ്യരായി. എളിയവരെ ഉയർത്തുകയും ശക്തരെ സിംഹാസനങ്ങളിൽ നിന്നു മറിച്ചിടുകയും ചെയ്യുന്ന വിമോചന പ്രവർത്തിയുടെ ഒരു ദൃക്സാക്ഷിയും ഗുണഭോക്താവുമാണ് നിവർന്നു നിന്നു ദൈവത്തെ സ്തുതിക്കുന്ന കൂനി.
മോചനം നല്കിയ യേശുവചനം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. “നീ മോചിതയായിരിക്കുന്നു." അത് ഒരു പ്രഖ്യാപനമാണ്. കൂനിനില്ക്കേണ്ടവളല്ല നീ, ഒന്നിന്റെയും, ആരുടെയും മുമ്പിൽ. യേശുവചനം ശക്തിയായി ഉള്ളുണർത്തി. ഇന്നും ഇതു തന്നെ സംഭവിക്കുന്നു. അവിടുത്തെ വചനത്തിൽ വിശ്വസിക്കാൻ കഴിയുമ്പോൾ കെട്ടുകൾ അഴിയും ഭാരങ്ങൾ മാറും. നട്ടെല്ലിനു ബലം ലഭിക്കും, കൂനുകൾ നിവരും. എല്ലാവരും ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ മഹത്വത്തോടെ, നിവർന്നു നില്ക്കണം എന്ന ദൈവഹിതത്തിന്റെ ദൃശ്യമായ സാക്ഷ്യമാണ് സിനഗോഗിലെ കൂനി.
Dr. Michael Karimattam സാത്താൻ ബന്ധിച്ചവൾ - സിനഗോഗിലെ കൂനി Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206