We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 15-Nov-2022
യേശുവിന്റെ ആദ്യപ്രേഷിത - സമറിയാക്കാരി
യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് യാക്കോബിന്റെ കിണറ്റിൻകരയിൽവച്ച് യേശു കണ്ടുമുട്ടിയ സമറിയാക്കാരി. അവൾക്കു പേരില്ല. ജാതിപ്പേരിലറിയപ്പെടുന്ന അവളുടെ ഗതകാലചരിത്രവും വർത്തമാന കാലാവസ്ഥയും ഒട്ടും മാതൃകാപരമോ പ്രശംസാർഹമോ അല്ല. എന്നിട്ടും 42 വാക്യങ്ങൾ അവളുമായി ബന്ധപ്പെട്ടുള്ള വിവരണത്തിനായി യോഹന്നാൻ മാറ്റി വച്ചിരിക്കുന്നു! വ്യക്തികളെയും സംഭവങ്ങളെയും സംഭാഷണങ്ങളെയുമെല്ലാം വളരെ കണിശമായി അളന്നു തൂക്കിയവതരിപ്പിക്കുന്ന നാലാം സുവിശേഷകൻ ഇത്രയേറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രത്യേകതകളുണ്ടായിരിക്കും എന്ന് ന്യായമായും അനുമാനിക്കാം.
ഇവിടെ ഒരത്ഭുതവും രേഖപ്പെടുത്തിയിട്ടില്ല; ഒരടയാളവും നല്കുന്നതുമില്ല. ശ്രദ്ധമുഴുവൻ സംഭാഷണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സംഭാഷണത്തിലൂടെ ഇതൾ വിടർത്തുന്ന രണ്ടു വ്യക്തിത്വങ്ങൾ, യേശുവും സമറിയാക്കാരിയും തന്നെ ശ്രദ്ധാകേന്ദ്രം. നട്ടുച്ചയ്ക്ക്, വിശന്നും ദാഹിച്ചും ക്ഷീണിച്ച് കിണറ്റിൻ കരയിൽ ഇരിക്കുന്ന യേശു. ആഴമുള്ള കിണറ്റിൽ വെള്ളമുണ്ടെങ്കിലും അതു കോരിയെടുക്കാൻ കയറോ പാളയോ കൈവശമില്ലാത്ത, യഹൂദനായ ഒരു യാത്രക്കാരനാണ് യേശു. അതേസമയം വെള്ളം കോരി വീട്ടിലേക്കുകൊണ്ടുപോകാൻ ആവശ്യമായ കയർ, തോൽക്കുടം മൺകുടം മുതലായ സകല സജ്ജീകരണങ്ങളുമായി വരുന്ന സമറിയാക്കാരി. അവരുടെ കണ്ടുമുട്ടലും സംഭാഷണവും ഒരാത്മീയ യാത്രയായി മാറുന്നു. വഴിയാത്രക്കാരനായ യഹൂദൻ മിശിഹായായി സ്വയം വെളിപ്പെടുത്തുന്നു. വെള്ളം കോരാൻ കുടവുമായി വന്നവൾ കുടം ഉപേക്ഷിച്ച് പട്ടണത്തിലേക്കു മടങ്ങി, പട്ടണവാസികൾക്കിടയിൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്ന പ്രേഷിതയായി രൂപാന്തരപ്പെടുന്നു.
“അവന് സമറിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു" എന്ന ആമുഖത്തോടെയാണ് സമറിയാക്കാരിയെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നത്. യൂദയായിൽ നിന്ന് ഗലീലിയിലേക്കു പോകാൻ രണ്ടു വഴികളുണ്ടായിരുന്നു. ജോർദ്ദാൻ നദീതടത്തിലൂടെയുള്ള വഴിയാണ് കൂടുതൽ ദീർഘമെങ്കിലും, യഹൂദർ അധികമായും ഉപയോഗിച്ചിരുന്നത്. എന്നാൽ സമരിയായിലൂടെയുള്ള വഴിയായിരുന്നു ദൂരം കുറഞ്ഞത്. പക്ഷേ സമറിയാക്കാരും യഹൂദരും തമ്മിൽ ശത്രുത നിലനിന്നതിനാൽ യഹൂദർ ഈ വഴി പോവുക സാധാരണമായിരുന്നില്ല.
“പോകേണ്ടിയിരുന്നു" എന്ന പ്രയോഗത്തിൽ അനിവാര്യതയുടെ സൂചനയുണ്ട്. വേറെ വഴിയില്ലാത്തതിനാലല്ല, അതിവേഗം ഗലീലിയിൽ എത്താൻ വേണ്ടി ഈ കുറുക്കുവഴിയെടുക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടെന്ന് സുവിശേഷകൻ പറയുന്നതുമില്ല. അപ്പോൾ ഈ അനിവാര്യതയുടെ പിന്നിൽ നില്ക്കുന്നത് ദൈവനിശ്ചിതമായ ഒരുപദ്ധതിയാണ്. ദൈവിക നിർബന്ധം (divine imperative) എന്ന് ഇതിനെ വിശേഷിപ്പിക്കാം. “ഇന്ന് എനിക്കു നിന്റെ വീട്ടിൽ താമസിക്കേണ്ടിയരിക്കുന്നു" (ലൂക്കാ 19,5) എന്ന് സക്കേവൂസിനോടു പറഞ്ഞതുപോലെ.
വളരെ ശ്രദ്ധാപൂർവ്വമാണ് യോഹന്നാൻ വാക്കുകൾ തിരഞ്ഞെടുക്കുന്നത്. രംഗസജ്ജീകരണത്തിലും കഥാപാത്രങ്ങളുടെ അവതരണത്തിലും സംഭാഷണങ്ങളിലുമെല്ലാം ഈ ശ്രദ്ധ ദൃശ്യമാണ്. യേശുവിന്റെ കാലത്തെ പാലസ്തീനായുടെ മൂന്നു പ്രധാന പ്രവിശ്യകളാണ് യൂദയാ, സമറിയാ, ഗലീലി എന്നിവ. യൂദയായും സമറിയായും റോമൻ ഗവർണ്ണറുടെ ഭരണത്തിൻ കീഴിലും ഗലീലി ഹെറോദേസ് അന്തിപ്പാസിന്റെ ആധിപത്യത്തിലുമായിരുന്നു. സോളമന്റെ മരണത്തിനുശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ വടക്കൻ രാജ്യമായി ഇസ്രായേലും തെക്കൻ രാജ്യമായി യൂദായും നിലവിൽ വന്നു. ഇസ്രായേലിന്റെ തലസ്ഥാനമായിരുന്നു സമറിയാ. ബി.സി. 721 ൽ അസ്സീറിയാക്കാർ വടക്കൻ രാജ്യം കീഴടക്കി, ഇസ്രായേൽക്കാരെ നാടുകടത്തി മറ്റു ജനതകളെ അവിടെ കുടിയിരുത്തി. ഇസ്രായേൽക്കാരും വിജാതിയരും തമ്മിലുണ്ടായ മിശ്രവിവാഹത്തിൽ നിന്ന് ഒരു സങ്കരവർഗ്ഗം ഉടലെടുത്തു. അവർ സമറിയാക്കാർ എന്നറിയപ്പെട്ടു.
അബ്രാഹത്തിന്റെയും സാറായുടെയും രക്തം കലർപ്പില്ലാതെ തങ്ങളുടെ സിരകളിൽ ഒഴുകുന്നു എന്നവകാശപ്പെട്ട ശുദ്ധ യഹൂദർക്ക് സമറിയാക്കാരോട് പുച്ഛമായിരുന്നു. ഇത് അവർ പലതരത്തിലും പ്രകടമാക്കിയിരുന്നു. ബാബിലോൺ പ്രവാസത്തിൽനിന്ന് മടങ്ങി വന്ന യഹൂദർ, നബുക്കദ്നേസർ ബി.സി. 587 ൽ നശിപ്പിച്ച ജറുസലേം ദേവാലയം പുനർനിർമ്മിക്കാൻ ശ്രമിച്ചപ്പോൾ സമറിയാക്കാരും അതിൽ പങ്കുചേരാൻ ആഗ്രഹിച്ചു. പക്ഷേ യഹൂദർ സമ്മതിച്ചില്ല. പിന്നീട് ഗരിസിം മലയിൽ സമറിയാക്കാർ നിർമ്മിച്ച ദേവാലയം മക്കബായ ഭരണകാലത്ത് ബി.സി. 129 ൽ ജോൺ ഹിർക്കാനൂസ് ആക്രമിച്ചു നശിപ്പിച്ചു. ഇങ്ങനെ ചരിത്രപരമായ പല കാരണങ്ങളാൽ യഹൂദരും സമറിയാക്കാരും തമ്മിൽ ശത്രുത വർദ്ധിച്ചുവന്നു.
ആളും ആയുധവും കുറവായിരുന്ന സമറിയാക്കാർ തങ്ങൾക്കു പറ്റുന്ന വിധത്തിൽ പ്രതികരിച്ചു. ഒരിക്കൽ പെസഹാ തിരുന്നാളിന്റെ അവസരത്തിൽ ചില സമറിയാക്കാർ ജറുസലേം ദേവാലയാങ്കണത്തിൽ മരിച്ചവരുടെ അസ്ഥിക്കഷണങ്ങൾ വിതറിയത് വലിയ പ്രതിഷേധത്തിനും ശത്രുതയ്ക്കും വഴിയൊരുക്കി. ഇപ്രകാരമൊരു സാഹചര്യതിലാണ് യേശുവിന് സമരിയായിലൂടെ കടന്നുപോകാൻ പിതാവിന്റെ നിർദ്ദേശം ലഭിച്ചത്.
സിക്കാർ എന്ന പട്ടണം പഴയനിയമത്തിലെ ഷെക്കം ആണെന്ന് കരുതപ്പെടുന്നു. ആസക്തിയുടെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും കനലുകൾ ചാരം മൂടി കിടക്കുന്ന പട്ടണമാണ് ഷെക്കെം (ഉൽപ്പ 34). യാക്കോബിന്റെ വയലും കിണറും ദീനായുടെ മാനഹാനിയെയും ഷെക്കെമിനെതിരേ യാക്കോബിന്റെ മക്കൾ നടത്തിയ നരവേട്ടയെയും അനുസ്മരിപ്പിക്കുന്നതാണ്. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാരുടെ ഏകസഹോദരി മാനഭംഗത്തിനിരയായ സ്ഥലത്ത് ഇപ്പോൾ യാക്കോബിന്റെ മറ്റൊരു പുത്രൻ ഷെക്കെമിലെ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നത് ചരിത്രം തിരുത്തിക്കുറിക്കുന്നതിന്റെ തുടക്കമാകുന്നു. യാക്കോബിന്റെ കിണർ പട്ടണത്തിനു വെളിയിൽ ഒരു നാല്ക്കവലയിലാണ്. ജറുസലേമിൽനിന്ന് വടക്കോട്ടും ജോർദ്ദാൻ താഴ്വരയിൽനിന്ന് പടിഞ്ഞാറോട്ടും പോകുന്നവഴികൾ അവിടെ സന്ധിക്കുന്നു. ഇന്ന് നാബ്ളൂസ് എന്ന പേരിൽ അറിയപ്പെടുന്ന പട്ടണത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ കിണർ അന്നത്തെ ഷെക്കെം പട്ടണത്തിൽ നിന്ന് ഏകദേശം 800 മീറ്റർ അകലെയായിരുന്നു. 75 അടി ആഴവും 8 അടി വ്യാസവുമുള്ള ഈ കിണറ്റിൽ ഇന്നും നല്ല തണുപ്പുള്ള വെള്ളമുണ്ട്. അത് കോരിക്കുടിക്കുകയും മുഖം കഴുകുകയും ചെയ്യുക തീർത്ഥാടകർക്കു പതിവാണ്.
ചരിത്രമുറങ്ങുന്ന കിണറ്റിന്റെ കരയിൽ തളർന്നിരിക്കുന്ന യേശുവിനെ അവതരിപ്പിച്ചതിനുശേഷം സുവിശേഷകൻ വെള്ളം കോരാൻ വരുന്ന സ്ത്രീയിലേക്കു ശ്രദ്ധ തിരിക്കുന്നു. "ആ സമയം" എന്നത് പി.ഒ.സി. വിവർത്തനത്തിന്റെ ഒരു വ്യാഖ്യാനമാണ്. “അപ്പോൾ ഏകദേശം ആറാം മണിക്കൂറായിരുന്നു” (യോഹ 4,6) എന്ന സമയസൂചനയ്ക്കു ശേഷമാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ നട്ടുച്ച എന്നു മാത്രമേ ഈ സമയസൂചനയ്ക്ക് അർത്ഥമുള്ളൂ. ഏറ്റം കൂടുതൽ ചൂടനുഭവപ്പെടുന്ന സമയമാണല്ലോ ഉച്ച. ക്ഷീണവും ദാഹവും സൂചിപ്പിക്കാനും ഇതു സഹായിക്കും. അധികമാരും വെയിലത്തിറങ്ങിനടക്കാത്ത ഉച്ചസമയത്ത് ഒരുവൾ വെള്ളം കോരാൻ വരുന്നതിന്റെ അസാധാരണത്വവും ഇവിടെ സൂചിപ്പിക്കുന്നുണ്ടാവാം.
അതോടൊപ്പം ആറാം മണിക്കൂറിനെക്കുറിച്ചുള്ള യോഹന്നാന്റെ തന്നെ മറ്റൊരു പരാമർശം ഇവിടെ ശ്രദ്ധേയമാകുന്നു. പീലാത്തോസ് യേശുവിനെ യഹൂദരുടെ രാജാവായി അവതരിപ്പിച്ചതും ജനം അവനെ തിരസ്ക്കരിച്ചതും ആറാം മണിക്കൂറിലായിരുന്നു (യോഹ 19,14). വെളിപാടിന്റെ സമയമാണ് ആറാം മണിക്കൂർ. അത് സ്വീകരണത്തിന്റെയോ തിരസ്കരണത്തിന്റെയോ സമയമാകാം. ഗതിമാറ്റത്തിന്റെയും സമയമാണ് ആറാം മണിക്കൂർ. സൂര്യൻ ആകാശത്തിന്റെ ഉച്ചകോടിയിലേക്കുയർന്നതിനുശേഷം താഴേക്ക് ഇറക്കം ആരംഭിക്കുന്നു. ജീവിതത്തിലും ഒരു ഗതിമാറ്റത്തിനു തുടക്കം കുറിക്കുന്ന സമയമാണ് ആറാം മണിക്കൂർ, ഇവിടെ അവതരിപ്പിക്കുന്ന സമരിയാക്കാരിക്കെങ്കിലും.
പട്ടണത്തിൽനിന്ന് ഏകദേശം 800 മീറ്റർ അകലെയുള്ള കിണറ്റിൽനിന്ന് വെള്ളം കോരാൻ വരുന്നതുതന്നെ അസാധാരണമായി തോന്നാം. പട്ടണത്തിലുള്ള പൊതുകിണറ്റിൽനിന്ന് വെള്ളം കോരാൻ അവൾക്ക് അനുവാദം നിഷേധിക്കപ്പെട്ടിരുന്നു എന്നു കരുതുന്നവരുമുണ്ട്. ആരും കാണാതെ, ആരുമായും ബന്ധപ്പെടാതെ, വെള്ളം കോരി തന്റെ വസതിയിലേക്കു മടങ്ങാൻ വന്ന ഒരു ഏകാകിനിയാണവൾ. സമൂഹം ഭ്രഷ്ടുകല്പിച്ചവൾ. അവളുടെ ജാതിയും ജീവിതവും അതിനു കാരണമായിട്ടുണ്ട്. ഒളിച്ചുവയ്ക്കാനും മറക്കാനും ഏറെ കാര്യങ്ങൾ ഉണ്ടവൾക്ക്. അവളുടെ ഏകാന്തതയിലേക്ക് യേശു കടന്നുവന്നു. അത് ഒരു യാചനയോടെയാണ്. “എനിക്ക് കുടിക്കാൻ തരൂ!'
ഈ സംഭാഷണത്തിൽ ഏഴുതവണ യേശു സംസാരിക്കും. ആറുതവണ അവൾ മറുപടി പറയും. എനിക്കു കുടിക്കാൻ തരൂ എന്ന യാചനയോടെ ആരംഭിക്കുന്ന യേശുവിന്റെ സംഭാഷണം അവസാനിക്കുന്നത് “ഞാൻ ആകുന്നു" എന്ന വെളിപാടിലാണ്. സമറിയാക്കാരിയുടെ ഏഴാമത്തെ മറുപടി യേശുവിനോടല്ല, യേശുവിനെക്കുറിച്ചുള്ള ഒരു സാക്ഷ്യമാണ്. നട്ടുച്ചയ്ക്ക് വെള്ളം കോരാൻ വന്നവൾ തന്റെ പട്ടണത്തിൽ ചെന്ന് യേശുവിന് സാക്ഷ്യം വഹിക്കുകയും പട്ടണവാസികളെ യേശുവിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന യേശുവിന്റെ ആദ്യത്തെ പ്രേഷിതയായി മാറുന്നു.
പട്ടണവാസികൾക്കുമുന്നിൽ യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തി; അവരെ യേശുവിന്റെയടുക്കൽ എത്തിക്കുന്നതോടെ അവളുടെ ദൗത്യം അവസാനിക്കുന്നു. തന്റെ ഭാഗം അഭിനയിച്ചുതീർത്ത കഥാപാത്രത്തെപ്പോലെ, അവൾ രംഗം വിടുന്നു, മിശിഹായെ പരിചയപ്പെടുത്തിയ സ്നാപകനെപ്പോലെ. പുറത്തിറങ്ങാൻ മടിച്ചവൾ, ജനസമ്പർക്കത്തെ ഭയന്നവൾ, എങ്ങനെ ഒരു ധീരപ്രേഷിതയായി മാറിയെന്ന് സുവിശേഷകൻ ശ്രദ്ധാപൂർവ്വം വരച്ചുകാട്ടുന്നു, നാടകീയമായി അവതരിപ്പിക്കുന്ന ചടുലമായ സംഭാഷണത്തിലൂടെ.
തികച്ചും സ്വാഭാവികമായിരുന്നു യേശുവിന്റെ ചോദ്യം. അത് ഒരു യാചനയായിരുന്നു: “എനിക്ക് കുടിക്കാൻ തരുക!” (യോഹ 4,7). നട്ടുച്ചയ്ക്ക്, ദാഹിച്ചു തളർന്ന്, ആഴമുള്ള കിണറ്റിൻ കരയിൽ നിസ്സഹായനായി നില്ക്കുന്ന യാത്രക്കാരൻ. വേണ്ടത്ര സജ്ജീകരണങ്ങളുമായി വെള്ളം കോരാൻ വന്നവളോട് യേശു ചോദിച്ചത് തന്റെ ദാഹം ശമിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ ഈ ചോദ്യത്തിനു പിന്നിൽ കൂടുതൽ ആഴമുള്ള ധ്വനികൾ ഒളിഞ്ഞു കിടപ്പുണ്ട്. ആറാം മണിക്കുറിനെക്കുറിച്ചുള്ള പരാമർശത്തിനുശേഷമാണ് കുടിക്കാൻ തരുക എന്ന യാചന രേഖപ്പെടുത്തിയിരിക്കുന്നത്.
യേശു തനിക്കുവേണ്ടി എന്തെങ്കിലും ചോദിക്കുന്ന ഈ വാക്യത്തിനു സമാനമായി മറ്റൊന്നുകൂടെയേ സുവിശേഷങ്ങളിലുള്ളൂ. “എനിക്കു ദാഹിക്കുന്നു" (യോഹ 19,28). തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണതു പറഞ്ഞത്. ഈ തിരുവചനത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ യാക്കോബിന്റെ കിണറ്റിൻ കരയിലെ യേശുവിന്റെ ദാഹം വെറും കുടിനീരിനു വേണ്ടിയുള്ളതല്ല എന്നു കാണാം. കുടിയ്ക്കാനല്ല, കൊടുക്കാനാണ് ഈ ദാഹം.
ചോദ്യം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയ സമറിയാക്കാരിയുടെ മറുപടിയും സ്വാഭാവികമാണ്. രണ്ടു ജനതകൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ശത്രുതയുടെയും വിദ്വേഷത്തിന്റെയും എല്ലാം പ്രതിധ്വനി ആ വാക്കുകളിൽ മുഴങ്ങുന്നുണ്ട്. തന്റെ മുമ്പിൽ : ദാഹിച്ചു നില്ക്കുന്ന ഒരു യാത്രക്കാരനെയല്ല, ശത്രുവർഗ്ഗത്തിന്റെ പ്രതിനിധിയെയാണ് അവൾ കാണുന്നത്. നീ യഹൂദൻ, ഞാൻ സമറായ; നമ്മൾ തമ്മിൽ എന്തു ബന്ധം? ഒരു ജനത നിരന്തരം അനുഭവിക്കേണ്ടിവന്ന അവഗണനയുടെയും അവഹേളനത്തിന്റെയും ഓർമ്മകൾ ചിറപൊട്ടി ഒഴുകുകയാണിവിടെ. മാത്രമല്ല, തന്റെ വ്യക്തിപരമായ ജീവിതത്തിൽ ഉറഞ്ഞുകൂടിയ ദുഃഖങ്ങളും ഇവിടെ കരകവിഞ്ഞൊഴുകുന്ന ഒരു വിലാപഗാനം പോലെ. കഴിഞ്ഞ കാലത്തിന്റെ കയ്പ്പുനിറഞ്ഞ ഓർമ്മകളിൽ ഉടക്കിക്കിടക്കുകയാണവൾ, മുൾച്ചെടികൾക്കിടയിൽപ്പെട്ട കുഞ്ഞാടിനെപ്പോലെ. ജാതിയുടെയും വർഗ്ഗത്തിന്റെയും ലിംഗത്തിന്റെയും പേരിൽ ക്രൂരമായ വിവേചനത്തിനിരയായ അവൾ തന്റെ ഉള്ളു തുറക്കാൻ മടിച്ചില്ല.
കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലും മുറിവുകളിലും നിന്ന് അവൾ വിമുക്തയാകണം. ആ മോചനം നല്കുകയാണ് യേശുവിന്റെ ലക്ഷ്യം. കുടിക്കും തോറും ദാഹം വർദ്ധിപ്പിക്കുന്ന ദാഹജലത്തിനു പകരം ജീവൻ നല്കുന്ന ജലമാണ് യേശു വച്ചു നീട്ടുന്നത്. ജീവജലം എന്നാൽ ഒഴുകുന്ന വെള്ളം എന്നും വ്യാഖ്യാനിക്കാം. ഉറവയിൽ നിന്ന് ഒഴുകി വരുന്നതിനാൽ അതിനു ജീവനുള്ളതായി തോന്നും. ഇവിടെയും സമറിയാക്കാരി സ്വാഭാവികതലത്തിൽത്തന്നെ നില്ക്കുന്നു, ഒരു ഏറ്റു മുട്ടലിനു തയ്യാറായി. ഈ കിണർ ഞങ്ങൾക്കുതന്ന യാക്കോബിനെക്കാൾ വലിയവനാണോ നീ എന്ന ചോദ്യത്തിന് പല മുനകളുണ്ട്.
യഹൂദർക്കും സമറിയാക്കാർക്കും പിതാവാണ് യാക്കോബ്. അടിസ്ഥാനപരമായ സാഹോദര്യവും ഇവിടെ പശ്ചാത്തലമായി നില്ക്കുന്നു. ഈ കിണർ ഞങ്ങളുടേതാണ്. പിതാവായ യാക്കോബ് തന്നെ അവകാശം. ഈ കിണറ്റിലെ വറ്റാത്ത വെള്ളത്തേക്കാൾ ശ്രേഷ്ഠമായ എന്താണ് നിനക്കു തരാൻ സാധിക്കുക? നീ ആരെന്നാണ് നിന്റെ ഭാവം? അതെ, അതു തന്നെയാണ് പ്രശ്നം. നീ ആരാണ്? അറിയാതെ തന്നെ അവൾ അതു ചോദിച്ചു.
യേശു എപ്പോഴും ഒരു മുഴം മുന്നിലാണ്, ഉയരത്തിലാണ്. സമറിയാക്കാരിയുടെ യുക്തി ഭദ്രമായ ചോദ്യങ്ങൾക്കു നേരിട്ടു മറുപടി പറയുന്നില്ല. പടിപടിയായി അവളെ കൈപിടിച്ചുയർത്തുകയാണ്, ഭൗതികതയിൽനിന്ന് ആത്മീയതയിലേക്ക്; വിരസവും അർത്ഥശൂന്യവുമായ ആവർത്തനത്തിൽ നിന്ന് പ്രത്യാശയുടെ പുത്തൻ പ്രകാശത്തിലേക്ക്. നിത്യ ജീവനിലേക്കു നിർഗ്ഗളിക്കുന്ന അരുവിയായിത്തീരുന്ന ജീവജലത്തെക്കുറിച്ചു പറഞ്ഞതും അവൾക്കു മുഴുവൻ മനസ്സിലായില്ല. തന്റെ വീട്ടിൽത്തന്നെ ഉറവയുണ്ടാകുമെന്നും അതിനാൽ വെള്ളം കോരാനായി ആരും കാണാതെ നട്ടുച്ചയ്ക്ക് ഇനിയും വരേണ്ടതില്ല എന്നും മാത്രമേ അവൾക്കു തോന്നിയുള്ളൂ. ഏതായാലും അവളിലെ ധാർഷ്ട്യം മറഞ്ഞു; താൻപോരിമ തകർന്നു. കൂടിനിരു ചോദിച്ചവനെ ജാതിയുടെ പേരിൽ വിചാരണ ചെയ്തവൾ ഇപ്പോൾ അവനോടു യാചിക്കുകയായി: “ആ ജലം എനിക്കു തരൂ!'
“ദാഹാർത്തരേ ജലാശയത്തിലേക്കു വരുവിൻ", (ഏശ 55,1) എന്ന പ്രവാചകന്റെ ആഹ്വാനത്തെ അനുസ്മരിപ്പിക്കുന്നതാണ് അവളുടെ യാചന. അതിനേക്കാൾ കൂടുതൽ, യേശുവിന്റെതന്നെ ഒരു വചനത്തിന് അവൾ മുൻകൂറായി പ്രതികരിക്കുന്നതുപോലെ തോന്നും. “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കൂടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്...ജീവ ജലത്തിന്റെ അരുവികൾ ഒഴുകും” (യോഹ 7,37-38). തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ് യേശു പറഞ്ഞത് എന്നറിഞ്ഞുകൊണ്ടല്ല അവൾ ജീവജലത്തിനുവേണ്ടി യാചിച്ചത്. യഥാർത്ഥ വിമോചനത്തിലേക്കുള്ള പ്രയാണത്തിലെ നിർണ്ണായകമായൊരു വഴിത്തിരിവായി അവളുടെ ഈ യാചന.
പൊതുവായ ചർച്ചയിൽനിന്ന് തികച്ചും സ്വകാര്യമായ വ്യക്തി ജീവിതത്തിലേക്ക് യേശു അവളുടെ ശ്രദ്ധ തിരിച്ചു. കഴിഞ്ഞ കാലത്തിന്റെ വേദനിപ്പിക്കുന്ന, വീർപ്പുമുട്ടിക്കുന്ന ഓർമ്മകളിലേക്ക്, ഉള്ളിലിരുന്നു വിങ്ങുന്ന വ്രണങ്ങളിലേക്ക് അവളെ ബോധപൂർവ്വം നയിച്ചു. "നിന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരുക" എന്നത് ഒരു കല്പനയായിരുന്നു, കറപുരണ്ട ജീവിതയാഥാർത്ഥ്യങ്ങളിലേക്കു കണ്ണു തുറപ്പിക്കുന്ന പ്രവാചകശബ്ദം. അപ്രതീക്ഷിതമായി പിടിക്കപ്പെട്ട കള്ളനെപ്പോലെ അവൾ പതറി. മറുപടി ഒറ്റവാക്കുത്തരത്തിൽ ഒതുക്കി. “എനിക്കു ഭർത്താവില്ല". നേരോ നുണയോ? അതോ ഹൃദയം കവിഞ്ഞൊഴുകുന്ന ദുഃഖത്തിന്റെ വിലാപമോ?
യേശു അവളെ ശാസിക്കുന്നില്ല; കുറ്റപ്പെടുത്തുന്നുമില്ല. സ്വന്തം മനഃസാക്ഷിയുടെ മുമ്പിൽ, ദൈവത്തിന്റെ മുമ്പിൽ, സ്വന്തം ജീവിതത്തെ വിശകലനം ചെയ്യാൻ സഹായിക്കുകയാണ് തുടർന്നു ചെയ്യുന്നത്. അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. അവർക്കെന്തു സംഭവിച്ചു? മരിച്ചു പോയതാണെന്ന സൂചനയില്ല. ഇപ്പോഴുള്ളവൻ നിന്റെ ഭർത്താവല്ല. കുത്തഴിഞ്ഞ ഒരു ജീവിതം? അതോ നിരന്തരമായ ചൂഷണത്തിനിരയായ ഒരു ഹതഭാഗ്യയാണോ അവൾ? അവൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ചതാണോ? അതോ നേരെ മറിച്ചാണോ സംഭവിച്ചത്? വ്യക്തമായ ഒരാത്മശോധനയ്ക്ക് അവളെ ക്ഷണിക്കുന്ന യേശു അവൾ സത്യം പറഞ്ഞു എന്ന് അംഗീകരിച്ചുകൊണ്ട് മാനസാന്തരത്തിനും ജീവിത നവീകരണത്തിനും പ്രേരിപ്പിക്കുന്നു.
ഇത്തവണ സമരിയക്കാരിയാണ് മുൻകൈ എടുത്ത് സംഭാഷണം മതമേഖലയിലേക്കു തിരിച്ചു വിടുന്നത്. തന്റെ ജീവിത രഹസ്യങ്ങൾ മുഴുവൻ അറിയാവുന്ന ഇയാൾ പ്രവാചകനാണെന്ന് അംഗീകരിക്കാൻ അവൾക്കു മടിയില്ല. യഥാർത്ഥമായ ആരാധനയെയും മതാത്മകതയെയും സംബന്ധിച്ച ആധികാരികമായ പ്രബോധനം നല്കാൻ കഴിവുള്ള ഒരു പ്രവാചകൻ വരും എന്നത് സമറിയാക്കാരുടെയും ഒരു പ്രതീക്ഷയായിരുന്നു. ദൈവാരാധന ജറുസലെമിൽ മാത്രമേ പാടുള്ളൂ എന്ന കല്പന ഉണ്ടായത് ജോസിയാ രാജാവിന്റെ ഭരണകാലത്താണ്. ദാവീദ് പിടിച്ചടക്കിയതിനുശേഷമാണ് ജറുസലേം തലസ്ഥാനമായത്. സോളമൻ അവിടെ ദേവാലയം പണിതെങ്കിലും വേറെ ആരാധനാലയങ്ങളും നിലനിന്നിരുന്നു. ജറുസലെമിനെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഗെരിസിം മലയിലെ ആരാധനയെക്കുറിച്ച് മോശ തന്നെ കല്പിച്ചിട്ടുണ്ട് (നിയ 27,12). വീണ്ടും യഹൂദരും സമറിയാക്കാരും തമ്മിലുള്ള തർക്കത്തിലേക്ക് അവൾ വഴുതി വീഴുന്നു.
വ്യക്തിയിലും സമൂഹത്തിലും വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിപ്പിച്ചുകൊണ്ട് യേശു വീണ്ടും വഴി നയിക്കുന്നു. സത്യത്തിലും ആത്മാവിലുമുള്ള ആരാധന സംബന്ധിച്ച വെളിപ്പെടുത്തലിന്റെ മഹാവാക്യം കേൾക്കാൻ അധഃകൃതയെന്നു കരുതപ്പെട്ടിരുന്ന ആ സമറിയാക്കാരിക്കാണ് ഭാഗ്യം ലഭിക്കുക. യേശുവിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ് സത്യം. മനുഷ്യരെ ദൈവമക്കളാക്കി രൂപാന്തരീകരിക്കുന്ന ദൈവികശക്തിയാണ് ആത്മാവ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദൈവമക്കൾ യേശുക്രിസ്തുവിലൂടെ പിതാവിന് അർപ്പിക്കുന്ന ആത്മസമർപ്പണമാണ് യഥാർത്ഥ ആരാധന. സ്ഥലകാല ബന്ധിയായ സകല ആചാരങ്ങളെയും ആപേക്ഷികമാക്കി മാറ്റുന്ന ഈ മഹാവാക്യത്തിന്റെ പൊരുൾ ആ പാവപ്പെട്ടവൾക്ക് തിരിഞ്ഞില്ല.
അവസാനം തന്റെ അജ്ഞതയും നിസ്സഹായതയും, അതേസമയം പ്രത്യാശയും അവൾ ഏറ്റുപറഞ്ഞു. “മിശിഹാ വരും എന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിക്കും" (യോഹ 4,25). ദൈവത്തിന്റെ ഇടപെടലിനുവേണ്ടി അവൾ തന്റെ ഹൃദയം തുറന്നു. വർഗ്ഗവിദ്വേഷത്തിന്റെയും അപകർഷതാബോധത്തിന്റെയും നിരാശയുടെയും പുറന്തോടുപൊളിഞ്ഞു. ദൈവത്തിന് അവളുടെ ജീവിതത്തിൽ പ്രവർത്തിക്കാം; ജീവജലത്തിന് അവളുടെ ഹൃദയത്തിലേക്കൊഴുകാം; അല്ല വറ്റാത്ത ഉറവയായി അവളുടെ ഉള്ളിൽ വർത്തിക്കാം.
പിന്നെ വൈകിയില്ല. വെളിപാടിന്റെ മഹാവാക്യം അവൾ കേട്ടു. “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ" (യോഹ 4,26). യേശുവിന്റെ സ്വയം വെളിപ്പെടുത്തൽ ഏറ്റം വ്യക്തമായി ലഭിക്കാനും സ്വീകരിക്കാനും ആദ്യമായി വരം ലഭിച്ച ഭാഗ്യവതിയാണ് ആ സമറിയാക്കാരി. സംഭാഷണം അവിടെ അവസാനിച്ചു. ഇനി അവൾക്കൊന്നും വേണ്ടാ; ഒന്നും കൂടുതലായി അറിയുകയും വേണ്ടാ. നിരന്തരമായി അന്വേഷിച്ചിരുന്നതു കണ്ടെത്തി. അടങ്ങാത്ത ദാഹവും ഒടുങ്ങാത്ത ആസക്തിയുമായി അലഞ്ഞിരുന്ന അവൾക്കിനി ദാഹമില്ല. ദാഹത്തിന്റെ അടയാളമായ കുടം അവൾ കിണറ്റിൻ കരയിൽ ഉപേക്ഷിച്ചു.
ഇനി ഒന്നുമാത്രമേ ചെയ്യാനുള്ളൂ. താൻ കണ്ടെത്തിയ മഹാസത്യം നാടുനീളെ പ്രഘോഷിക്കുക. തന്റെ ഉള്ളിൽ ജീവജലത്തിന്റെ ഉറവു പൊട്ടാൻ കാരണമായവനെ എല്ലാവർക്കും പരിചയപ്പെടുത്തുക. അവൾ പട്ടണത്തിലേക്കോടി. എല്ലാവരോടും വിളിച്ചു പറഞ്ഞു. ഇതാണ് സമറിയാക്കാരിയുടെ ഏഴാമത്തെ പ്രതികരണം. “ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ വന്നു കാണുവിൻ. ഒരു പക്ഷേ ഇവൻ തന്നെ ആയിരിക്കുമോ ക്രിസ്തു" (യോഹ 4,29).
യേശുവിനെ കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്തതോടെ അവൾ ഒരു പുതിയ വ്യക്തിയായി മാറി. ഭയവും അപകർഷതയും അകന്നു. വിദ്വേഷവും വെറുപ്പും അസ്തമിച്ചു. ഇനി അവൾക്ക് ആരെയും ഭയമില്ല; സമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ ലജ്ജയില്ല. ആരോടും പകയുമില്ല. തന്റെതന്നെ തെറ്റായ ചെയ്തികളും മറ്റുള്ളവരുടെ ചൂഷണവും വിദ്വേഷവും മൂലം ഉണ്ടായിരുന്ന മുറിവുകളെല്ലാം ഉണങ്ങി. സമ്പൂർണ്ണ സ്വതന്ത്രയായ അവൾ അനേകർക്കു വഴികാട്ടിയായി - വിമോചകനായ യേശുവിന്റെ സവിധത്തിലേക്കുള്ള വഴികാട്ടി.
അതുതന്നെയാണ് സമറിയാക്കാരിയുടെ സവിശേഷത. അവൾ ഒരു വഴികാട്ടിയാണ്. ഏതവസ്ഥയിൽ കഴിയുന്നവർക്കും യേശുവിലും മോചനവും പുതുജീവനും ലഭിക്കും എന്നു വിളിച്ചറിയിക്കുന്ന വഴി കാട്ടി. അവളുടെ വാക്കുകേട്ട് യേശുവിന്റെ അടുക്കലേക്കു വന്നവർക്ക് പിന്നീട് അവരെ ആവശ്യമില്ല. “ഇനിമേൽ ഞങ്ങൾ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങൾ തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണ് യഥാർത്ഥത്തിൽ ലോകരക്ഷകൻ എന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു" (യോഹ 4,42). ഒരു ദേശത്തെ മുഴുവൻ യേശുവിലേക്കാകർഷിക്കാൻ കഴിഞ്ഞ ആദ്യപ്രേഷിതയാണവൾ.
ചുറ്റുപാടുകളിൽ മാറ്റമുണ്ടാകാതെ തന്നെ അവളുടെ ഉള്ളിൽ മാറ്റമുണ്ടായി. ആ മാറ്റം ചുറ്റുപാടുകളെ മാറ്റി. യഥാർത്ഥമായ മാനസാന്തതരത്തിന്റെയും അതിലൂടെയുണ്ടാകുന്ന സമൂഹപരിവർത്തനത്തിന്റെയും ഉത്തമോദാഹരണമാണ് യാക്കോബിന്റെ കിണറ്റിൻ കരയിലെ സ്ത്രീ. യേശു അവളെ തേടിവന്നു; സൗമ്യമായി, ശക്തമായി നയിച്ചു. അവൾ അവനെ അനുഗമിച്ചു, ആടുകൾ ഇടയനെയെന്നപോലെ. അതിനാൽത്തന്നെ ഇന്നും വലിയൊരു പ്രകാശഗോപുരമായി ജീവിതപാതയിൽ അവൾ അനേകർക്കു വെളിച്ചം വീശുന്നു.
Dr. Michael Karimattam യേശുവിന്റെ ആദ്യപ്രേഷിത - സമറിയാക്കാരി പുതിയ നിയമത്തിലെ സ്ത്രീകൾ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206