We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
യാക്കോബ് 1:19-21, രക്ഷാകരമായ വചനം
ക്രൈസ്തവാസ്തിത്വം ദൈവത്തിന്‍റെ സത്യവചനവുമായി സത്താപരമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രൈസ്തവ ജീവിതവും ഈ വചനവുമായി ബന്ധപ്പെട്ടതാകണം എന്നു യാക്കോബ്ശ്ലീഹാ പഠിപ്പിക്കുന്നു. "നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വം സ്വീകരിക്കുവിന്" എന്ന് എഴുതുമ്പോള്‍ ഉദ്ദേശിക്കുന്നതിതാണ്. "വചനത്തെ വിനയപൂര്‍വം സ്വീകരിക്കുവിന്" എന്നുപദേശിക്കുമ്പോള്‍ വചനമായ മിശിഹായെയും അവിടുത്തെ പ്രബോധനങ്ങളായ വചനങ്ങളെയും സ്വീകരിക്കുവിന്‍ എന്നാണര്‍ത്ഥം. "നിങ്ങളില്‍ പാകിയിരിക്കുന്ന" എന്നാണു വചനത്തിനു നല്കിയിരിക്കുന്ന വിശേഷണം. സുവിശേഷ പ്രഘോഷണത്തിലാണ് ഈ പാകല്‍ നടന്നത്. ഇത്തരം പ്രഘോഷണങ്ങളിലൂടെയാണല്ലോ മിശിഹായെയും അവിടുത്തെ പ്രബോധനങ്ങളെയും കുറിച്ചുള്ള അറിവു നല്കപ്പെടുന്നത്. ഈ അറിവ് ഒരിക്കല്‍ മാത്രം സ്വീകരിച്ചതുകൊണ്ടായില്ല. നിരന്തരം സ്വീകരിക്കപ്പെടേണ്ടതുണ്ട്. നവസുവിശേഷവത്ക്കരണം ലക്ഷ്യം വയ്ക്കുന്നതും ഇതാണ്.
ഈ വചനം നമ്മുടെ ആത്മാക്കളെ രക്ഷിക്കാന്‍ കഴിവുള്ളതാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇതു വിനയപൂര്‍വം സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ട സംഗതി. രക്ഷിക്കാന്‍ കഴിവുള്ളവന്‍ ദൈവവും (ലൂക്കാ 1:47; 1 തിമോ 1:1; 2:3; 4:10) അവിടുത്തെ പുത്രനായ ഈശോമിശിഹായുമാണ് (ലൂക്കാ 2:11; യോഹ 10:9; നടപടി 2:21; 4:11-12; 13:23; റോമാ 101:13; 15:11; 16:30). രക്ഷിക്കാന്‍ കഴിവുള്ള വചനം മനുഷ്യനായവതരിച്ച ഈശോമിശി ഹായാണ്. അവിടുത്തെയാണു വിശ്വാസി സ്വീകരിക്കേണ്ടത്. അതുകൊണ്ടാണ്, സുവിശേഷ പ്രഘോഷണംവഴി ഈശോമിശിഹാ യെയും അവിടുത്തെ സന്ദേശത്തെയും സ്വീകരിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവം തിരുമനസ്സായത് (1 കോറി 1:21).
ഈശോയും അവിടുത്തെ പ്രബോധനങ്ങളും നമ്മില്‍ ഉറച്ചുകഴിഞ്ഞാല്‍ നമ്മുടെ സ്വഭാവത്തിലും മനോഭാവങ്ങളിലും മാറ്റംവരും. ഈ മാറ്റം പ്രതിഫലിക്കുന്നത് പഴയ സ്വഭാവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതിലാണ്. മാമ്മോദീസാവേളയില്‍ അര്‍ത്ഥിയുടെ വസ്ത്രംമുഴുവന്‍ അഴിച്ചു മാറ്റിയിരുന്നത് (ഹിപ്പോളിറ്റസിന്‍റെ അപ്പസ്തോലികപാരമ്പര്യം, 21:2-3 കാണുക) ഈ ഉപേക്ഷിക്കല്‍ അഥവാ ഉരിഞ്ഞുമാറ്റല്‍ സൂചിപ്പിക്കാനാണ്. പഴയ പ്രകൃതിയുടെ ഭാഗമായ അശുദ്ധിയും തിന്മയും ദൂരെയകറ്റാനും പുതിയ സൃഷ്ടിയുടെ ഘടകമായ വചനത്തെ സ്വീകരിക്കാനുമാണ് ആഹ്വാനം. അശുദ്ധിയെ സൂചിപ്പിക്കു വാന്‍ ഉപയോഗിച്ചിരിക്കുന്ന പദം തന്നെയാണ് 2:2 ല്‍ മുഷിഞ്ഞ വസ്ത്രത്തെ വര്‍ണിക്കാനുമുപയോഗിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
പൗലോസ്ശ്ലീഹാ എഫേസോസിലെ സഭയ്ക്കെഴുതുമ്പോഴും ഇതിനുസമാനമായ ഒരുപദേശം നല്കുന്നുണ്ട്: "നിങ്ങള്‍ മിശിഹായെപ്പറ്റി കേള്‍ക്കുകയും അവനില്‍ ആയിരിക്കുന്നതുപോലെ സത്യം അവനില്‍ നിന്നു പഠിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അതിനാല്‍, നിങ്ങളുടെ പഴയജീവിതരീതിയെ - ദുരാശകളാല്‍ ജീര്‍ണിച്ച ആ പഴയ മനുഷ്യനെ - നിങ്ങളില്‍നിന്ന് അകറ്റുവിന്‍. നിങ്ങള്‍ ആന്തരികമായി നവീകരിക്കപ്പെടണം. നീതിയിലും യഥാര്‍ത്ഥമായ വിശുദ്ധിയിലും ദൈവം സൃഷ്ടിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണ് ഇത്" (എഫേ 4:21-24). ഇവിടെയും ഒരു ഉപേക്ഷിക്കലിനെയും സ്വീകരിക്കലിനെയും കുറിച്ചാണു സംസാരം. പഴയ മനുഷ്യനെ അതിന്‍റെ ദുരാശകളോടെ ഉരിഞ്ഞു കളയണം. നീതിയിലും സത്യമായ വിശുദ്ധിയിലും ദൈവത്തിന് അനുരൂപരായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കണം. ഈ പഴയ മനുഷ്യന്‍റെ സ്ഥാനത്താണ് യാക്കോബ്ശ്ലീഹാ അശുദ്ധിയും ദുഷ്ടതയും കാണുന്നത്. പുതിയ മനുഷ്യന്‍റെ സ്ഥാനത്ത് ദൈവത്തിന്‍റെ സത്യവചനമായ ഈശോമിശിഹായെയും. ക്രൈസ്തവന്‍ സത്യവചനമായ മിശിഹായെ ധരിക്കണം. പഴയതു മാറ്റിയാലേ പുതിയതു ധരിക്കാനാവൂ. അശുദ്ധിയും ദുഷ്ടതയും ഉപേക്ഷിക്കാതെ മിശിഹായെ ധരിക്കാനാവില്ല.
പുതിയ മനുഷ്യനായി എന്നു വ്യക്തമാകേണ്ടത് കൂടുതല്‍ സംസാരിക്കാനുള്ള സ്വാഭാവിക പ്രവണത നിയന്ത്രിച്ചുകൊണ്ടാണ്. കേള്‍ക്കുന്നതിലായിരിക്കണം നമ്മുടെ കൂടുതല്‍ ശ്രദ്ധ എന്നു പ്രഭാഷകനും നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്: "കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക. അറിയാമെങ്കിലേ പറയാവൂ. ഇല്ലെങ്കില്‍ വായ് തുറക്കരുത്" (പ്രഭാ 5:11). "നിന്‍റെ വാക്കുകള്‍ ചുരുങ്ങി യിരിക്കട്ടെ... വാക്കുകളേറുമ്പോള്‍ അതു മൂഢജല്പനമാകും" (സഭാ 5:3) തുടങ്ങിയ വചനങ്ങളെല്ലാം സംസാരത്തില്‍ പാലിക്കേണ്ട മിതത്വത്തെ പ്പറ്റിയാണു പരാമര്‍ശിക്കുന്നത്.
അമിത സംസാരവും കോപവും ഒന്നിച്ചു പോകുന്നു. അതുകൊണ്ടാണു സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരായിരിക്കണമെന്നു ശ്ലീഹാ ഉപദേശിക്കുന്നത്. സൂക്ഷമില്ലാത്ത സംസാരം കോപത്തിലേക്കു നയിക്കും. കോപമാകട്ടെ, ഭോഷന്‍റെ കൂടപ്പിറപ്പാണുതാനും (സഭാ 7:9). സഹോദരനോടു കോപിക്കുന്നത് അഞ്ചാം പ്രമാണത്തിന്‍റെതന്നെ ലംഘനമായാണല്ലോ ഈശോ അവതരിപ്പിക്കുന്നത് (മത്താ 5:21-22). മനുഷ്യപ്രകൃതി ശരിക്കറിയാവുന്ന പൗലോസ് ശ്ലീഹാ ഈ നിയമ വ്യാഖ്യാനത്തിന് അല്പം ഇളവു നല്കുന്നുണ്ട്: "കോപിച്ചുകൊള്ളുവിന്‍; എങ്കിലും പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യാസ്തമയംവരെ നീണ്ടുപോകാതിരിക്കട്ടെ" (എഫേ 4:6).
മനുഷ്യന്‍റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്കുന്നില്ല എന്നതാണു കോപിക്കാതിരിക്കണമെന്നു പറയുന്നതിനു യാക്കോബ് നല്കുന്ന കാരണം. ദൈവനീതി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യനില്‍നിന്നു ദൈവം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന ശൈലിയാണ്. കോപം അതിന്‍റെ ഭാഗമല്ല; അതിനെ സഹായിക്കുന്നുമില്ല. അതുകൊണ്ടു കോപം ഒഴിവാക്കണം എന്നതാണു ശ്ലീഹായുടെ വാദം.
jacobe-1-19-21-the-word-of-salvation catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206