We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
1:9-16, ജീവന്‍റെ കിരീടത്തെക്കുറിച്ചുള്ള വാഗ്ദാനം
പരീക്ഷകളുണ്ടാകുമ്പോള്‍ സന്തോഷിക്കാന്‍ ലേഖനാരംഭത്തില്‍ യാക്കോബ്ശ്ലീഹാ ഉപദേശിച്ചെങ്കിലും ആ പരീക്ഷകളുടെ സ്വഭാവത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത് 9-11 വാക്യങ്ങളിലാണ്. സമ്പത്താണ് ഇവിടെ പരീക്ഷണ ഹേതുവായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദരിദ്രനെയും ധനികനെയും സംബന്ധിച്ചു സമ്പത്ത് പരീക്ഷയാണ്: ദരിദ്രനെ സംബന്ധിച്ചു സമ്പത്തിന്‍റെ അഭാവവും ധനികനെ സംബന്ധിച്ചു സമ്പത്തിന്‍റെ ധാരാളിത്തവും. രണ്ടിടത്തും വിശ്വാസാനുസൃതം വര്‍ത്തിക്കുക എന്നതാണു ക്രൈസ്തവനു കരണീയം. ദൈവിക ജ്ഞാനമുള്ളവര്‍ക്കേ വിശ്വാസദൃഷ്ടിയോടെ സമ്പത്തിനെ നോക്കിക്കാണാനാവൂ.
സമ്പത്തു സംബന്ധമായതാണ് വിശ്വാസി സമൂഹം നേരിടുന്ന പരീക്ഷണമെന്നതിന് ലേഖനത്തിന്‍റെ ഇതര ഭാഗങ്ങളിലും സൂചനകളുണ്ട്. വിശ്വാസികള്‍ക്കു ധനികരോടും ദരിദ്രരോടുമുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചുള്ള പ്രബോധനവും (യാക്കോ 2:1-13) സമ്പന്നര്‍ ദരിദ്രരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കേണ്ടതിന്‍റെ ആവശ്യകതയും (യാക്കോ 1:27; 2:14-17) മിഥ്യയായ സുരക്ഷിതത്വത്തിനെതിരേയുള്ള മുന്നറിയിപ്പും (യാക്കോ 4:13-16) കഠിനഹൃദയരായ ധനികര്‍ക്കെതിരേയുള്ള ഭീഷണിയും (യാക്കോ 5:1-6) ചില ഉദാഹരണങ്ങള്‍ മാത്രം.
സമ്പത്തിന്‍റെ ക്ഷണികത വ്യക്തമാക്കാന്‍ യാക്കോബ്ശ്ലീഹാ വയലിലെ പുല്ലിന്‍റെ പൂവാണ് സ്വീകരിക്കുന്നത്. പുല്ലിന്‍റെ പൂവിനു ഹ്രസ്വായുസ്സേയുള്ളൂ. എങ്കിലും പ്രഭാതത്തില്‍ വിരിഞ്ഞുനില്ക്കുന്ന ഈ മനോഹര പുഷ്പങ്ങള്‍ ആരുടെയും ഹൃദയത്തെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, മദ്ധ്യാഹ്ന സൂര്യന്‍റെ ചൂടേല്ക്കുമ്പോള്‍ പൂവിന്‍റെ ഭംഗി മങ്ങുകയും വൈകുന്നേരത്തോടെ അതുകൊഴിഞ്ഞുപോവുകയും ചെയ്യും. ഒരു ദിവസത്തെ ആയുസ്സേ സാധാരണ പുല്ലിലെ പൂവിനുണ്ടാകാറുള്ളു. ഈ ഹൃസ്വായുസ്സിനോടാണ് സമ്പത്തിന്‍റെ ആകര്‍ഷകത്വത്തെ ശ്ലീഹാ ഉപമിക്കുന്നത്. ഭൗതികസമ്പത്ത് എത്ര ആകര്‍ഷകമാണെങ്കിലും അല്പായുസ്സ് അതിന്‍റെ സ്വഭാവത്തിലുള്ളതാണ്.
മനുഷ്യജീവിതത്തിന്‍റെ ക്ഷണികത വ്യക്തമാക്കാന്‍ ഏശയ്യാപ്രവാചകനും വയലിലെ പുല്ലും അതിന്‍റെ പൂവുമൊക്കെ ഉപയോഗിക്കുന്നുണ്ട്. "ജഡം തൃണം മാത്രം; അതിന്‍റെ സൗന്ദര്യം വയലിലെ പുഷ്പംപോലെ ക്ഷണികവും. കര്‍ത്താവിന്‍റെ ശ്വാസമേല്ക്കുമ്പോള്‍ പുല്ലു കരിയുകയും പൂവു വാടിപ്പോവുകയും ചെയ്യും. മനുഷ്യന്‍ പുല്ലുമാത്രം" (ഏശ 40:6-8). സങ്കീര്‍ത്തകനും ഇതേ ശൈലിതന്നെ അവലംബിക്കുന്നു: "പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചു വളരുന്നു; സായാഹ്നത്തില്‍ അതു വാടിക്കരിയുന്നു" (സങ്കീ 90:5-6). "മനുഷ്യന്‍റെ ജീവിതം പുല്ലുപോലെയാണ്. വയലിലെ പൂവുപോലെ അതു വിരിയുന്നു; എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞുപോകുന്നു. അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല" (സങ്കീ 103:15-16). ജോബിന്‍റെ പുസ്തകത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: "സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്പ്പായുസ്സാണ്; അവന്‍റെ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും. അവന്‍ പുഷ്പംപോലെ വിരിയുന്നു; കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു. നിലനില്ക്കുന്നില്ല" (ജോബ് 14:1-2). പഴയനിയമത്തില്‍ പുല്ലും പൂവുമൊക്കെ മനുഷ്യജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചു പ്രതിപാദിക്കാന്‍ ഉപയോഗിക്കുമ്പോള്‍, യാക്കോബ്ശ്ലീഹാ അവയെ സമ്പത്തിന്‍റെ ക്ഷണികത എടുത്തുകാണിക്കാനുള്ള മാധ്യമമായാണ് സ്വീകരിക്കുന്നത്.
ജീവന്‍റെ കിരീടം ലക്ഷ്യംവച്ച്: 1:2-4 ല്‍ അവതരിപ്പിച്ച പ്രമേയമായ പരീക്ഷകളിലേക്കു 1:12 ല്‍ തിരികെ പോകുന്നു. വിശ്വാസ സ്ഥിരതയോടെ, ദൈവികജ്ഞാനത്തോടെ പരീക്ഷകളെ അതിജീവിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്‍റെ കിരീടത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് ക്ഷമയോടെ അവയെ സഹിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. ഇതിനു സമാനമായ ഉപദേശം വി. പൗലോസ്ശ്ലീഹാ തിമോത്തയോസിനു നല്കുന്നുണ്ട്: "ഈശോമിശിഹായുടെ ഉത്തമ പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക. തന്നെ തിരഞ്ഞെടുത്തവനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി യുദ്ധം ചെയ്യുമ്പോള്‍, ഒരുവനും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ല. നിയമാനുസൃതം മത്സരിക്കാത്ത കായികാഭ്യാസിക്കു കിരീടം ലഭിക്കുകയില്ല" (2 തിമോ 2:5). വിശ്വാസി ഒരു പടയാളിയുടെ ശ്രദ്ധയോടെ, കായികാഭ്യാസിയുടെ ഏകാഗ്രതയോടെ വിജയകിരീടം ലക്ഷ്യമാക്കി ജീവിക്കണമെന്നു സാരം. വി. യോഹന്നാന്‍ശ്ലീഹായ്ക്കുണ്ടായ ദര്‍ശനത്തില്‍ സ്മിര്‍ണായിലെ സഭയ്ക്കു ലഭിച്ച സന്ദേശവും യാക്കോബിന്‍റേതിനു സമാനമാണ്. "നീ സഹിക്കാനിരിക്കുന്നവയോര്‍ത്തു ഭയപ്പെടേണ്ട. നിങ്ങള്‍ പരീക്ഷിക്കപ്പെടാന്‍ തക്കവിധം ഇതാ, പിശാചു നിങ്ങളെ കാരാഗൃഹത്തിലാക്കാന്‍ പോകുന്നു. പത്തു ദിവസത്തേക്കു നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എന്നാല്‍, മരണംവരെ വിശ്വസ്തനായിരുന്നാല്‍, ജീവന്‍റെ കിരീടം നിനക്കു ഞാന്‍ തരും" (വെളി 2:10).
തന്നെ സ്നേഹിക്കുന്നവര്‍ക്ക് എവിടെയാണു ദൈവം ജീവന്‍റെ കിരീടം വാഗ്ദാനം ചെയ്തിരിക്കുന്നത്? ഗിരിപ്രഭാഷണത്തിന്‍റെ ആദ്യഭാഗത്തു നമ്മള്‍ ഇപ്രകാരം ശ്രവിക്കുന്നു: "മനുഷ്യര്‍ എന്നപ്രതി നിങ്ങളെ പീഡിപ്പിക്കുകയും നിന്ദിക്കുകയും നിങ്ങള്‍ക്കെതിരെ സകല ദൂഷണങ്ങളും വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍. കാരണം, സ്വര്‍ഗരാജ്യത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (മത്താ 5:11-12). "മനുഷ്യരുടെ മുമ്പാകെ എന്നെ ഏറ്റുപറയുന്ന വരെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പാകെ ഞാനും അംഗീകരിച്ചുപറയും" (മത്താ 10,32) എന്നും അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. "എന്നെപ്രതി സ്വജീവന്‍ നശിപ്പിക്കുന്നവന്‍ അതു രക്ഷിക്കും" (മത്താ 10:39) എന്നും ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ. അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനത്തിലും നീതിമാന്മാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നിത്യജീവനെക്കുറിച്ചു പരാമര്‍ശമുണ്ട് (മത്താ 25:45).
പരീക്ഷകളുടെ ഉറവിടം: പ്രലോഭനങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ദൈവം എനിക്കു വിശപ്പും ദാഹവും തന്നതുകൊണ്ടല്ലേ ഞാന്‍ ഭോജനപ്രിയനോ മദ്യപാനിയോ ആകുന്നത് എന്നു പറയുന്നവരുണ്ട്. ആരോഗ്യസംരക്ഷണത്തിന് ഭക്ഷണപാനീയങ്ങള്‍ ആവശ്യമാണ്. പരിധി ലംഘിക്കുമ്പോഴാണ് തിന്മയാകുന്നത്. മനുഷ്യനില്‍ ദൈവം ലൈംഗികത നിക്ഷേപിച്ചിരിക്കുന്നതുകൊണ്ടല്ലേ അതിന്‍റെ ദുര്‍വിനിയോഗത്തിനു സാധ്യതയുണ്ടകുന്നത് എന്നു പറയുന്നവരോടും ഇതു തന്നെയാകും യാക്കോബിനു പറയാനുണ്ടാവുക. ഭാര്യാഭര്‍തൃബന്ധത്തിലൂടെ ഭദ്രമായ കുടുംബങ്ങള്‍ക്കു രൂപം നല്കാന്‍ ലൈംഗികത മനുഷ്യനെ സഹായിക്കുന്നു. ഈ ലക്ഷ്യം മനസ്സിലാക്കാതെ ഭാര്യാഭര്‍തൃബന്ധത്തിനു വെളിയില്‍ ലൈംഗികസിദ്ധി വിനിയോഗിക്കുമ്പോഴാണ് അതു തിന്മയിലേക്കു നയിക്കുന്നത്. ഇവിടെയെല്ലാം മനുഷ്യന്‍റെ ദുര്‍മ്മോഹങ്ങളാണ് അവനെ വഴി തെറ്റിക്കുന്നത്. അതുകൊണ്ടാണ് യാക്കോബ് ഇപ്രകാരം എഴുതുന്നത്: പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണു പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മ്മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ് (യാക്കോ 1:13-14). മാതാപിതാക്കളെയും പൂര്‍വികരെയും ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളെയും പഴിചാരി സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നവര്‍ക്കു യാക്കോബ് നല്കുന്ന മറുപടിയാണിത്. സ്വാതന്ത്ര്യം നല്കിയാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നന്മയോ തിന്മയോ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം. ഈ തിരഞ്ഞെടുപ്പു പൂര്‍ണസ്വാതന്ത്യത്തോടെയുള്ളതാകയാല്‍ പ്രവൃത്തിയുടെ ഉത്തരവാദിത്വവും വ്യക്തിക്കുള്ളതാണ്. ഈ ഉത്തരവാദിത്വം നിഷേധിക്കുന്നത് ആത്മീയ മരണമാണ്. അതുകൊണ്ടാണ് യാക്കോബ് തുടര്‍ന്ന് ഇപ്രകാരം എഴുതുന്നത്: ദുര്‍മാഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു (1:15). നമ്മുടെ മോഹങ്ങളെയും താല്പര്യങ്ങളെയും വേണ്ടതരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെപോകുന്നതാണു തിന്മയിലേക്കും ആത്മീയ മരണത്തിലേക്കും വഴിതെളിക്കുന്നത്.
മനുഷ്യജീവിതത്തിലുണ്ടാകുന്ന പരീക്ഷകള്‍ക്ക്, പ്രത്യേകിച്ചും വിശ്വാസതലത്തിലുള്ളവയ്ക്ക്, ദൈവമാണ് ഉത്തരവാദി എന്നൊരു തെറ്റിദ്ധാരണ ഉണ്ടാവുക സ്വാഭാവികമാണ് എന്നറിയാവുന്നതുകൊ ണ്ടാണ് യാക്കോബ് ശ്ലീഹാ ഇപ്രകാരമൊരു ഉപദേശം നല്കുന്നത്. നന്മസ്വരൂപനായ ദൈവത്തിനു തിന്മയുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തിന്മയിലേക്കു നയിച്ചേക്കാവുന്ന ഒരു സാഹചര്യത്തിലും അവിടുന്നു മനുഷ്യനെ ഉള്‍പ്പെടുത്തുകയുമില്ല. മനുഷ്യന്‍റെ നന്മ മാത്രമേ അവിടുത്തേക്കു കാംക്ഷിക്കാനാവൂ. പരീക്ഷകള്‍ തിന്മയില്‍നിന്നാണ്. തിന്മയുടെ ശക്തികള്‍ക്ക് അവിടുത്തെമേല്‍ യാതൊരു ആധിപത്യവുമില്ല. ആകയാല്‍ ദൈവം തിന്മകളാല്‍ പരീക്ഷിക്കുന്നില്ല.
പിന്നെ എന്തുകൊണ്ടാണ് നസ്രായനായ ഈശോമിശിഹാ പരസ്യ ജീവിതാരംഭത്തില്‍ മരുഭൂമിയില്‍വച്ചു നാല്പതു ദിവസം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടത് (മര്‍ക്കോ 1:12-13) എന്ന് ആരെങ്കിലും ചോദിച്ചേക്കാം. നസ്രായനായ ഈശോമിശിഹാ പൂര്‍ണ ദൈവമായിരുന്നതുപോലെ പൂര്‍ണമനുഷ്യനും ആയിരുന്നു. പാപമൊഴികെ മനുഷ്യന്‍റെ മറ്റെല്ലാ അനുഭവങ്ങളിലും അവിടുന്നു പങ്കുചേര്‍ന്നു എന്നാണു മരുഭൂമി പരീക്ഷകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ ഭൂമുഖത്തു ജീവിക്കുന്ന ഏതൊരു മനുഷ്യനെയുംപോലെ ഈശോയും എല്ലാത്തരം പരീക്ഷകള്‍ ക്കും വിധേയനായിരുന്നു. തന്നില്‍ പ്രവര്‍ത്തിച്ചിരുന്ന പരിശുദ്ധറൂഹായുടെ ശക്തിയാലും ദൈവവചനത്തിന്‍റെ പിന്‍ബലത്താലും പരീക്ഷകളെ അതിജീവിച്ച അവിടുന്നു നമുക്കു മാതൃകയും പ്രചോദനവുമാണ്. പൗലോസ്ശ്ലീഹാ കോറി ന്തോസിലെ വിശ്വാസികള്‍ക്കെഴുതുന്നു: "മനു ഷ്യര്‍ക്കു സാധാരണമായി ഉണ്ടാവാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ കഴിവിന് അതീതമായ പ്രലോഭനങ്ങളുണ്ടാകാന്‍ ദൈവം നിങ്ങളെ കൈവിടുകയില്ല. മാത്രമല്ല, അവയില്‍ നിന്നൊഴിഞ്ഞു മാറാനുള്ള മാര്‍ഗം കാണിച്ചുകൊണ്ട് അവ സഹിക്കാന്‍ അവന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും" (1 കോറി 10:13).
പ്രഭാഷകന്‍റെ പുസ്തകത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: "എന്‍റെ വീഴ്ചയ്ക്കു കാരണം കര്‍ത്താവാണെന്നു പറയരുത്. എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്നു ചെയ്യുകയില്ല. അവിടുന്നാണ് എന്നെ വഴി തെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്കു പാപിയെ ആവശ്യമില്ല. എല്ലാ മ്ലേച്ഛതയും കര്‍ത്താവു വെറുക്കുന്നു. അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല" (പ്രഭാ 15:11-14).
ദൈവം മനുഷ്യനെ പരീക്ഷിക്കുന്നില്ലെ ങ്കില്‍ പിന്നെ എവിടെനിന്നാണ് പരീക്ഷകള്‍ ഉത്ഭവിക്കുന്നത്? ഓരോ മനുഷ്യന്‍റെയും ഉള്ളില്‍നിന്നുതന്നെ യാണ് പരീക്ഷകളുണ്ടാകു ന്നത് എന്നാണു യാക്കോബ്ശ്ലീഹാ പഠിപ്പിക്കു ന്നത് (യാക്കോ 1:14). ബാഹ്യശക്തിയൊന്നുമല്ല പരീക്ഷകള്‍ക്കു പിന്നില്‍; ശത്രു ഉള്ളില്‍ തന്നെയാണ്. സ്വന്തം ദുര്‍മോഹങ്ങള്‍ ഒരു വനെ വശീകരിച്ചു കുടുക്കിലാക്കുമ്പോഴാണ് പരീക്ഷകള്‍ മുളയെടുക്കുന്നത്. മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗത്തിലാണ് പരീക്ഷണകാരണം കണ്ടെത്തേണ്ടത് എന്നു പ്രഭാഷകന്‍റെ പുസ്തകത്തില്‍ തുടര്‍ന്നു വരുന്ന ഭാഗത്തു വ്യക്തമാക്കപ്പെടുന്നുണ്ട്: "ആദിയില്‍ കര്‍ത്താവു മനുഷ്യനെ സൃഷ്ടിച്ചു. അവനു സ്വാതന്ത്ര്യവും നല്കി. മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും. വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്ക ണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നീയാണ്" (പ്രഭാ 15:14-15). ദൈവം മനുഷ്യനു സ്വാതന്ത്ര്യം നല്കി സൃഷ്ടിച്ചി രിക്കുന്നതിനാല്‍ നന്മയോ തിന്മയോ തിരഞ്ഞെടുക്കാന്‍ അവനു കഴിയും. മനുഷ്യന്‍ സ്വഭാവത്താലെ സ്വാര്‍ത്ഥനാകയാല്‍ ദുര്‍മോഹ ങ്ങള്‍ക്കു കീഴ്പ്പെട്ടു തിന്മ തിരഞ്ഞെടുക്കാനാണ് അവനു കൂടുതല്‍ താല്പര്യം.
പരീക്ഷയുടെ സാഹചര്യങ്ങള്‍ - ഉദാഹരണത്തിനു സമ്പത്ത് - ദൈവികപദ്ധതിയുടെ ഭാഗമാണെങ്കിലും, ബോധപൂര്‍വം അവയ്ക്ക് അടിമപ്പെടുന്നതും തെറ്റില്‍ നിപതിക്കുന്നതും മനുഷ്യന്‍റെ ദുരാശയുടെ ഫലമാണ്. ഇതുവഴിയുണ്ടാകുന്ന സഹനങ്ങള്‍ക്കുത്തരവാദി ദൈവമല്ല. മനുഷ്യന്‍ തന്നെയാണ്. പരീക്ഷണങ്ങളില്‍ ദൈവവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു തിന്മയ്ക്കിടം കൊടുക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതു ദുരാശയാണ്. പൗലോസ്ശ്ലീഹാതന്നെയും തന്നിലുള്ള തിന്മയുടെ പ്രവണതയെക്കുറിച്ചെഴുതുന്നു: "ഞാന്‍ ആഗ്രഹിക്കുന്നതല്ല, വെറുക്കുന്നതത്രേ ഞാന്‍ പ്രവര്‍ത്തിക്കുന്നത്... അങ്ങനെയെങ്കില്‍, ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമത്രേ അതു ചെയ്യുന്നത്. എന്നില്‍, എന്നുവച്ചാല്‍, എന്‍റെ ജഡത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു... അങ്ങനെ നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ തിന്മയു ടേതായ ഒരു നിയമം ഞാന്‍ കാണുന്നു" (റോമാ 7:15-23). ഇപ്രകാരമുള്ള സാഹചര്യങ്ങളില്‍ ക്രൈസ്തവര്‍ സ്വീകരിക്കേണ്ട മനോഭാവത്തെ ക്കുറിച്ചും പൗലോസ്ശ്ലീഹാ അന്യത്ര പ്രതിപാദിക്കുന്നുണ്ട്: "ആത്മാവില്‍ വ്യാപരിക്കുവിന്‍. ജഡികാഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കരുത്. കാരണം, ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ ആത്മാവിനെതിരാണ്; ആത്മാവിന്‍റെ ആഗ്രഹങ്ങള്‍ ജഡത്തിനുമെതിരാണ്. ഇവ രണ്ടും പരസ്പര വിപരീത ങ്ങളായതിനാലാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയാത്തത്" (ഗലാ 5:16-17).
മനുഷ്യസ്വഭാവത്തിലുള്ള ദുരാശയാണ് പരീക്ഷകളില്‍ പരാജയത്തിനു ഹേതുവെന്നു സ്ഥാപിച്ച യാക്കോബ്ശ്ലീഹാ ഈ ദുരാശയുടെ പ്രവര്‍ത്തനരീതികൂടി വര്‍ണിക്കുന്നുണ്ട്: "ദുര്‍മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു" (1:15). പരീക്ഷകളെ അതിജീവിക്കുന്നവര്‍ക്കു ജീവന്‍റെ കിരീടം ലഭിക്കുമ്പോള്‍, അവയില്‍ നിപതിക്കുന്നവരെ മരണ മാണു കാത്തിരിക്കുന്നത്. ദുര്‍മോഹം സ്വാര്‍ത്ഥപൂര്‍ണമാകയാല്‍ അതു സഹോദരനും ദൈവത്തിനുമെതിരായ പ്രവര്‍ത്തനങ്ങളിലേക്കു നയി ക്കും. അത്തരം പ്രവര്‍ത്തനങ്ങളാണല്ലോ പാപം. പാപത്തിന്‍റെ ഫലം മരണവും. ലേഖനത്തിന്‍റെ അവസാന ഭാഗത്ത് വീണ്ടും ഈ വിഷയ ത്തിലേക്കു ശ്ലീഹാ തിരിച്ചുവരുന്നുണ്ട്: "നിങ്ങളുടെയിടയില്‍ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകാന്‍ കാരണമെന്ത്? അതു നിങ്ങളിലുള്ള ദുരാശ യല്ലേ? നിങ്ങള്‍ ആശിക്കുന്നു; എങ്കിലും ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലു കയും അസൂയപ്പെടുകയും ചെയ്യുന്നു. എങ്കിലും ഒന്നും നേടുന്നില്ല. നിങ്ങള്‍ കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു; എങ്കിലും ചോദിക്കാത്തതുകൊണ്ടു നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ ചോദി ക്കുന്നു; എങ്കിലും കിട്ടുന്നില്ല. കാരണം, ദുരാശകളെ പോഷിപ്പി ക്കാന്‍ ചീത്തയായവ നിങ്ങള്‍ ചോദിക്കുന്നു" (യാക്കോ 4:1-3). എപ്രകാരമാണ് ദുരാശ ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നതെന്നു വ്യക്തമാക്കു ന്നതാണ് ഈ വാക്യങ്ങള്‍. ഈ പാപം നിത്യനാശത്തിലേക്കു നയിക്കും. മനുഷ്യന്‍റെ ഉള്ളില്‍നിന്നാണു പാപം ഉത്ഭവിക്കുന്നതെന്ന് ഈശോ തന്നെ പഠിപ്പിച്ചിട്ടുണ്ട്: "വായില്‍നിന്നു പുറത്തേക്കു വരുന്നവ ഹൃദയത്തില്‍ നിന്നാണു പുറപ്പെടുക. അതാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്. ദുശ്ചിന്തകള്‍, വ്യഭിചാരം, കൊലപാതകം, വേശ്യാവൃ ത്തി, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍നിന്നു പുറപ്പെടുന്നു" (മത്താ 15:18-19).
പാപത്തെ ജനിപ്പിക്കുന്നതുകൊണ്ട് ദുരാശ തന്‍റെ പ്രവര്‍ത്തനം അവ സാനിപ്പിക്കുന്നില്ല. "പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു" (1:15). ആദിമനുഷ്യനായ ആദത്തിന്‍റെ കഥ നമുക്കു വിവരിച്ചുതരുന്നതും ഇതുതന്നെയാണ്. ദൈവത്തെ പ്പോലെയാകണം എന്ന ദുരാശയാണ് അവനെ പാപത്തിലേക്കു നയിച്ചത് (ഉത്പ 3). ഇതുമൂലം മനുഷ്യനു ദൈവിക സഹവാസം നഷ്ടമായി. അവന്‍ പറുദീസായില്‍നിന്നു പുറത്തുമായി. "പാപം ചെയ്തു തുടങ്ങിയതോടെ അവന്‍ മരിച്ചും തുടങ്ങി. പാപം ചെയ്യുന്നവന്‍റെ ജീവന്‍ നശിക്കും" (എസ 18:4). മരണമാണു പാപത്തിന്‍റെ ഫലം.
പാപം മരണത്തിനു കാരണമായെങ്കില്‍ ഈശോമിശിഹായുടെ മരണം പാപത്തെ വിജയിച്ചു. മിശിഹായോടൊപ്പം പാപത്തിനു മരിച്ചുകൊണ്ടാണ് ഓരോ ക്രൈസ്തവനും നിത്യമരണത്തില്‍നിന്നു രക്ഷപെടുന്നത് (റോമാ 6:1-23). കര്‍ത്താവിനോടൊപ്പം മരിക്കുകയും അവിടുത്തോടൊപ്പം ഉയിര്‍ക്കുകയും ചെയ്തുകൊണ്ട് ക്രൈസ്തവന്‍ പുതുജീവന്‍ പ്രാപിക്കുന്നു (1 കോറി 15:3). മിശിഹാരഹസ്യത്തിലുള്ള പങ്കുചേരലാണ് വിശ്വാസസ്ഥിരതയോടെ പരീക്ഷകളെ അതി ജീവിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്.
താന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു പറയുന്നതിനെയാണ് മാര്‍ഗഭ്രംശമായി യാക്കോബ് കാണുന്നത്. ഇപ്രകാരം ചിന്തിക്കുന്നതു മാര്‍ഗഭ്രംശമാണ്; കാരണം, ദൈവത്തില്‍നിന്നു നന്മയായുള്ളതു മാത്രമേ വരൂ.
jacob1-9-16-the-promise-of-the-crown-of-life catholic malayalam Dr. Andrews Mekkattukkunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206