x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 5:7-12, പ്രത്യാശയോടെ കാത്തിരിക്കുക

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 5:7-12, പ്രത്യാശയോടെ കാത്തിരിക്കുക

അന്ത്യവിധിയുടെ ദിവസത്തെക്കുറിച്ചു സൂചിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ കാത്തിരി ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു ബോദ്ധ്യപ്പടുത്തുകയാണ് യാക്കോബ് ശ്ലീഹാ ഇവിടെ. നീതിമാന്മാര്‍ക്കു നേരിടേണ്ടിവരുന്ന ക്ലേശങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞു നിര്‍ത്തിയത്. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ ക്ഷമാശീലം വര്‍ദ്ധിക്കുമെന്നു ലേഖനത്തിന്‍റെ ആരംഭത്തില്‍ ശ്ലീഹാ സൂചിപ്പിച്ചിരുന്നല്ലോ (യാക്കോ 1:3). എപ്പോള്‍ വരെയാണ് ക്ഷമയോടെ കാത്തിരിക്കേണ്ടത് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. കര്‍ത്താവിന്‍റെ മഹത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനംവരെ വിശ്വാസി ക്ഷമയോടെ കാത്തിരിക്കണം. പരീക്ഷകളെ അതിജീവിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ജീവന്‍റെ കിരീടം വിതരണം ചെയ്യപ്പെടുന്നത് അപ്പോഴാണല്ലോ.

വിത്തു വിതച്ചശേഷം നല്ല മഴയ്ക്കുവേണ്ടി കാത്തിരിക്കുന്ന കര്‍ഷകന്‍റെ ക്ഷമ വിശ്വാസിക്കു വേണമെന്നാണു ശ്ലീഹാ നിര്‍ദ്ദേശിക്കുന്നത്. ചെടിയുടെ വളര്‍ച്ചയുടെ ആരംഭഘട്ട ത്തില്‍വേണ്ട മുന്‍മഴയും ഫലം പാകമാകുന്ന ഘട്ടത്തില്‍വേണ്ട പിന്‍മഴയും വളരെ പ്രധാനപ്പെട്ടതാണ്. ക്ഷമയോടെ കാത്തിരിക്കാന്‍ മാത്രമേ കര്‍ഷകനു തരമുള്ളൂ. മഴയുടെ നിയന്ത്രണം കര്‍ഷകന്‍റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ദൈവം നിശ്ചയിച്ചിരിക്കുന്ന, പ്രകൃതിനിയമങ്ങളുണ്ടതിന്. അതനുസരിച്ചേ കാര്യങ്ങള്‍ സംഭവിക്കൂ. ക്ഷമയോടെ കാത്തിരിക്കുന്ന കര്‍ഷകനെയാണ് വിശ്വാസിക്കു മാതൃകയായി ശ്ലീഹാ നല്കുന്നത്. അവനെ സംബന്ധിച്ചു "വിളവെടുപ്പിന്‍റെ സമയം" യുഗാന്ത്യത്തിനു ദൈവം നിശ്ചയിച്ചിരിക്കുന്ന ദിനമാണ്.

കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനം ഉടന്‍ സംഭവിക്കുമെന്നായിരുന്നു ആദിമ ക്രൈസ്തവരുടെ വിശ്വാസം. "കര്‍ത്താവിന്‍റെ ആഗമനം അടുത്തിരിക്കുന്നു" എന്നു പറയുന്നതിന്‍റെ അര്‍ത്ഥമിതാണ്.  "ന്യായാധിപന്‍ ഇതാ, പടിവാതില്ക്കല്‍ നില്ക്കുന്നു" എന്നതിന്‍റെ ധ്വനിയും മറ്റൊന്നല്ല. കര്‍ത്താവിന്‍റെ ദിനം അടുത്തിരിക്കുന്നു എന്ന ചിന്ത കൂടുതല്‍ ക്ഷമയോടെ സഹിച്ചുനില്ക്കാന്‍ സഹായിക്കും. വിശ്വാസത്തിലും പ്രത്യാശയിലുമുള്ള സ്ഥരീകരണംവഴി ഹൃദയത്തെ ശക്തിപ്പെടുത്തിക്കൊണ്ടുവേണം കര്‍ത്താവിന്‍റെ ദിനത്തിനായി കാത്തിരിക്കേണ്ട തെന്നും ശ്ലീഹാ ഉപദേശിക്കുന്നു (യാക്കോ 5:8).

ക്ഷമാപൂര്‍വമായ സഹനത്തിനു മാതൃകയായി ദൈവനാമത്തില്‍ സംസാരിച്ച പ്രവാചകരെ ശ്ലീഹാ എടുത്തുകാണിക്കുന്നു (യാക്കോ 5:10-11). ദൈവികസന്ദേശവഹകരായിരുന്നിട്ടും അവര്‍ സഹനത്തിന് അതീതരല്ലായിരുന്നു (മത്താ 21:35; 26:6). സഹനത്തിലൂടെ അവര്‍ അനുഗൃഹീതരായിത്തീര്‍ന്നു. അവിടുത്തെപ്രതി പീഡസഹിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുമെന്ന് കര്‍ത്താവുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ (മത്താ 5:10-12). അന്ത്യംവരെ പിടിച്ചുനില്ക്കുന്നവരാണ് രക്ഷപെടുന്നത് (മത്താ 10:22).

പഴയനിയമ മാതൃകകളില്‍ ജോബ് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. തീവ്രമായ സഹനങ്ങള്‍ക്കിടയില്‍പ്പോലും കര്‍ത്താവിലുള്ള വിശ്വാസം അവന്‍ ഉപേക്ഷിച്ചില്ല (ജോബ് 1:21). അതുവഴി അവന്‍ കുടുതല്‍ അനുഗൃഹീതനായി. ജോബിന്‍റെ ജീവിതാനുഭവങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ ദൈവികപദ്ധതി ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ സഹനങ്ങള്‍ക്കു മദ്ധ്യേയാണ് ജോബ് ദൈവത്തോടുള്ള ബന്ധത്തില്‍ വളര്‍ന്നത്. അവസാനംവരെ പിടിച്ചുനില്ക്കാന്‍ ശക്തി നല്കിയതു കര്‍ത്താവുതന്നെ. വിശ്വാസപരീക്ഷകളില്‍ ജോബിന്‍റെ ജീവിതം ക്രൈസ്തവര്‍ക്കു മാതൃകയാണ്.

5:12 ആണയിടരുത്, ഒരുവന്‍ പറയുന്ന കാര്യത്തിന്‍റെ വിശ്വസനീയത ഉറപ്പിക്കാനാണ് പലപ്പോഴും ആണയിടേണ്ടി വരുന്നത്. പരസ്പര വിശ്വാസമുള്ള ഒരു സമൂഹത്തില്‍ ആണയിടേണ്ടതിന്‍റെ ആവശ്യകത ഉദിക്കുന്നില്ലെങ്കിലും നിരപരാധത തെളിയിക്കുവാന്‍ സത്യം ചെയ്യാമെന്നു മോശതന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട് (പുറ 22:10-11). ശപഥം ഗൗരവമായി പരിഗണിച്ചു നിറവേറ്റേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പഴയനിയമ ത്തില്‍ പരാമര്‍ശമുണ്ട് (നിയമാ 23:22; ജറെ 5:2; 7:9; ഹോസി 4:2; സഖ 5:3-4; മലാ 3:5). എന്നാല്‍, ഈശോയുടെ പ്രബോധനം മറിച്ചായിരുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, സത്യം ചെയ്യുക തന്നെ അരുത്. സ്വര്‍ഗത്തെക്കൊണ്ട് അരുത്; അതു ദൈവത്തിന്‍റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ട് അരുത്; അത് അവന്‍റെ പാദപീഠമാണ്. ജറൂസലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്‍റെ പട്ടണമാണ്. നിന്‍റെ ശിരസ്സിനെക്കൊണ്ടും അരുത്; അതിലെ ഒരു മുടിപോലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ മറുപടി അതെ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. അതില്‍ കൂടുതലുള്ളതെല്ലാം ദുഷ്ടനില്‍നിന്നാണ്" (മത്താ 5:33-37). പരസ്യജീവിതത്തിന്‍റെ അവസാന ഘട്ടത്തിലും ഇതെക്കുറിച്ചു വ്യക്തമായി അവിടുന്നു പഠിപ്പിച്ചിരുന്നു (മത്താ 23:16-22). ഈശോയുടെ ഈ പ്രബോധനത്തിന്‍റെ സംക്ഷിപ്തരൂപമാണ് വി. യാക്കോബ് നല്കുന്നത്.

സത്യസന്ധമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവനാണു ക്രിസ്തു ശിഷ്യന്‍. ഇത് അവന്‍റെ അസ്തിത്വത്തിന്‍റെ തന്നെ ഭാഗമാകയാല്‍ അവന് ആണയിടേണ്ട ആവശ്യമേ ഉണ്ടാകുന്നില്ല. അവന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നു ചുരുക്കം.  

jacob-5-7-12-wait-with-hope catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message