We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
യാക്കോബ് 5:13-18, അനുരഞ്ജന-രോഗീലേപന കൂദാശകള്‍
രോഗീലേപന കൂദാശയുടെ വിശുദ്ധ ഗ്രന്ഥാടിസ്ഥാനം യാക്കോബ് ശ്ലീഹായുടെ ഈ ലേഖനഭാഗമാണ്. ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ എന്നാണു ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. വിശ്വാസിസമൂഹത്തിലെ മൂപ്പന്മാരെയാണു ശ്രേഷ്ഠന്മാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ശ്ലീഹന്മാരോടു ചേര്‍ന്നും, അവരുടെ അഭാവത്തില്‍ അവരുടെ സ്ഥാനത്തുനിന്നും, ആദിമ സഭയില്‍ നേതൃത്വം വഹിച്ചിരുന്നത് അവരാണ്. ജറുസലേം സഭയില്‍ പ്രാദേശിക നേതാക്കന്മാരായി അവരെ നമ്മള്‍ ആദ്യം കാണുന്നത് നടപടി 11:30 ലാണ്. നട 15:2-6 ല്‍ ശ്ലീഹന്മാരുടെ സഹപ്രവര്‍ത്തകരായി അവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നട 15:23 ല്‍ ജറുസലേം സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ ശ്ലീഹന്മാരുടെയും ശ്രേഷ്ഠന്മാരുടെയും പേരിലാണ് പാസ്സാക്കിയത്.
ആദിമസഭയിലെ നേതാക്കന്മാരായിരുന്ന ശ്രേഷ്ഠന്മാര്‍ക്ക് സമൂഹ ത്തിലെ ആരാധനാപരമായ കാര്യങ്ങളിലും മുഖ്യസ്ഥാനമുണ്ടായിരുന്നു. വി. ക്ളെമന്‍റ് കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഇതെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. സഭാഭരണ സംവിധാനം ഇന്നത്തെ രീതിയില്‍ വികാസം പ്രാപിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണ് യാക്കോബിന്‍റെ ലേഖനത്തില്‍ പ്രതിഫലിക്കുന്നത്.
ഈശോയുടെ ദൈവരാജ്യപ്രഘോഷണത്തിന്‍റെ പ്രധാനഘടകം രോഗികളെ സുഖപ്പെടുത്തലായിരുന്നു (ലൂക്കാ 9:2). അവിടുന്നു നല്കിയ രക്ഷാകരവിമോചനത്തിന്‍റെ ഭാഗമായിരുന്നു അത്. സുവിശേഷപ്രഘോ ഷണ ദൗത്യനിര്‍വഹണത്തിനായി ശിഷ്യന്മാരെ അവിടുന്നു തിരഞ്ഞെ ടുത്ത് ഒരുക്കിയതു രോഗികളെ സുഖപ്പെടുത്തുവാന്‍ വേണ്ടിക്കൂടിയായിരുന്നു (മര്‍ക്കോ 3:14-15). ഈശോയുടെ പരസ്യ ജീവിതകാലത്തുതന്നെ അവര്‍ അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തുകയും ചെയ്തു (മര്‍ക്കോ 6:13). ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍ ആദിമസഭയില്‍ ഇതു തുടരുന്നതാണ് യാക്കോബിന്‍റെ ലേഖനത്തില്‍ നമ്മള്‍ കാണുന്നത്.
പുരോഹിതന്‍ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കര്‍ത്താവിന്‍റെ നാമത്തില്‍ തൈലം പൂശുകയും ചെയ്യണമെന്നു യാക്കോബ്ശ്ലീഹാ നിര്‍ദ്ദേശിക്കുന്നു. വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവിന്‍റെ നാമത്തിലുള്ള തൈലംപൂശല്‍ പ്രധാന കര്‍മ്മമാണ്. തൈലം യഥാര്‍ത്ഥ അഭിഷിക്തനായ ഈശോമിശിഹായുടെ തന്നെ പ്രതീകമാണ്. അവിടുത്തെ നാമത്തിലാണ് രോഗിയുടെമേല്‍ തൈലം പൂശുന്നത്. അതുകൊണ്ട് അവിടുന്നുതന്നെയാണ് രോഗിയെ എഴുന്നേല്പ്പിക്കുന്നതും. പുരോഹിതന്‍ അവിടുത്തെ കരങ്ങളില്‍ ഉപകരണമായി വര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
രോഗീലേപനം മാത്രമല്ല, രോഗത്തില്‍നിന്നു മോചനം നേടാനുള്ള മാര്‍ഗം. അന്യോന്യം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ സൗഖ്യമുണ്ടാകും (യാക്കോ 5:16) എന്നാണു യാക്കോബ്ശ്ലീഹാ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നത്. അനുരഞ്ജന കൂദാശയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈ കൂദാശവഴി പാപമോചനം മാത്രമല്ല, രോഗസൗഖ്യവും ലഭിക്കും. രോഗത്തെ പാപത്തിന്‍റെ ഫലമായി എപ്പോഴും ചിത്രീകരിക്കാനാവില്ലെങ്കിലും (ഉദാ: യോഹ 9:1-3), പലപ്പോഴും രോഗങ്ങള്‍ക്കു കാരണം ദൈവത്തോടും മറ്റുമനുഷ്യരോടും തന്നോടു തന്നെയുമുള്ള ബന്ധത്തിലെ താളപ്പിഴകളാണ്. പാപംവഴി ശിഥിലമാക്കപ്പെട്ട ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് അനുരഞ്ജന കൂദാശ ചെയ്യുന്നത്. പാപങ്ങള്‍ ഏറ്റുപറഞ്ഞു കുമ്പസാരിക്കുമ്പോള്‍ അതു സൗഖ്യം പ്രദാനം ചെയ്യും എന്നതാണു യാക്കോബ് ശ്ലീഹായുടെ പ്രബോധനം. പാപം എത്ര വ്യക്തിപരമായിരുന്നാലും, അതു സമൂഹത്തിനെതിരായുള്ള തിന്മ കൂടിയാണ്. അതുകൊണ്ടാണ് പാപമോചനത്തിനു സഹോദരുമായുള്ള അനുരഞ്ജനം ആവശ്യമായിരിക്കുന്നത്. പുരോഹിതന്‍ ദൈവത്തിന്‍റെയും സമൂഹത്തിന്‍റെയും പ്രതിനിധി എന്ന നിലയിലാണ് പാപങ്ങള്‍ ശ്രവിക്കുന്നത്.
കഫര്‍ണാമില്‍വച്ച്, ഈശോയുടെ പക്കല്‍ സുഹൃത്തുക്കളെത്തിച്ച തളര്‍വാതരോഗിയോട് അവിടുന്ന് അരുളിച്ചെയ്ത വാക്കുകളില്‍നിന്ന് പാപവും രോഗവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. അവിടുന്നു പറഞ്ഞു: എന്‍റെ മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു (മര്‍ക്കോ 2:5). ഈ പറഞ്ഞതിനെക്കുറിച്ചു പ്രീശരും നിയമജ്ഞരും പിറുപിറുത്തപ്പോള്‍ ഈശോ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: നിന്‍റെ കിടക്കയുമെടുത്തു വീട്ടിലേക്കു പോവുക (മര്‍ക്കോ 2:11). തത്സമയം അയാള്‍ പൂര്‍ണ സൗഖ്യമുള്ളവനായി എഴുന്നേറ്റ് കിടക്കയുമെടുത്ത് പുറത്തുപോയി. ഈ രണ്ടു വാചകങ്ങളിലൂടെയും ഈശോ ഒരേ കാര്യമാണ് വ്യക്തമാക്കിയത്. പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതോടുകൂടിയാണ് അയാള്‍ക്ക് എഴുന്നേറ്റു നടക്കാന്‍ സാധിച്ചത്. പാപമോചനവും രോഗശാന്തിയും അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.
jacob-5-13-18-sacraments-of-reconciliation-and-anointing catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206