x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 5:1-6, സാമൂഹികനീതി

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 5:1-6, സാമൂഹികനീതി

സാമൂഹ്യനീതിയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഈ ലേഖനഭാഗംപോലെ വേറൊന്നു പുതിയനിയമത്തിലില്ല. സമ്പന്നര്‍ക്കു വരാനിരിക്കുന്ന ദുരിതങ്ങളോര്‍ത്തു കരയാന്‍ ആഹ്വാനം ചെയ്തുകൊണ്ടാരംഭിക്കുന്ന ശ്ലീഹാ, അവരുടെ സുഖലോലുപതയ്ക്കും അനീതിയ്ക്കുമെതിരേ ശക്തമായി സ്വരമുയര്‍ത്തുന്നു. ശ്ലീഹാ വിമര്‍ശിക്കുന്നത് നീതിപൂര്‍വകമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പന്നരായവരെയാണ്. അതുകൊണ്ടാണ് അവരുടെ സമ്പത്തു ദ്രവിച്ചും വസ്ത്രങ്ങള്‍ പുഴു അരിച്ചും സ്വര്‍ണവും വെള്ളിയും കറ പിടിച്ചും പോയെന്നു ശ്ലീഹാ പറയുന്നത്. ഉപയോഗിക്കാതിരുന്നതു മൂലമാണ് സമ്പത്തു ദ്രവിച്ചതും വസ്ത്രങ്ങള്‍ പുഴു അരിച്ചതും. ധനികര്‍ക്കാണല്ലോ സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വലിയ ശേഖരങ്ങളുള്ളത്. സ്വര്‍ണത്തിനും വെള്ളിക്കും സാധാരണ കറ പിടിക്കാറില്ല. സമ്പന്നന്‍റെ പക്കലുള്ള സ്വര്‍ണത്തിനും വെള്ളിയ്ക്കും പിടിച്ചിരിക്കുന്നത് അനീതിയുടെ കറയാണ്. ഈ കറ വിധി ദിവസത്തില്‍ അവര്‍ക്കെതിരേ സാക്ഷ്യമായിരിക്കും എന്നാണു യാക്കോബിന്‍റെ മുന്നറിയിപ്പ്. ദൈവം തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന സമ്പത്ത് മറ്റുള്ളവര്‍ക്കു വേണ്ടികൂടി പ്രയോജനപ്പെടുത്താതെ പൂഴ്ത്തിവച്ചു ജീവിക്കുന്നതിലൂടെ ഈ ധനികര്‍ അന്ത്യദിനത്തിലേക്കായി തീ കൂട്ടിവയ്ക്കുകയാണ്. ഈ നരകാഗ്നി ധനികരുടെ മാംസം - ശരീരം - ദഹിപ്പിക്കും. അന്ത്യദിനത്തിലെ ശിക്ഷാവിധിക്കായി തങ്ങളുടെ സമ്പത്ത് അവര്‍ സൂക്ഷിച്ചുവച്ചതു പോലിരിക്കും. പണം മാത്രമല്ല, സമ്പത്തിന്‍റെ പരിധിയില്‍പ്പെടുന്നത്; നമുക്കുള്ളതെന്തും - ആരോഗ്യവും സമയവും കഴിവുകളുമെല്ലാം സമ്പത്തിന്‍റെ ഭാഗമാണ്. ഇവയുടെ വിനിയോഗമാണ് അന്ത്യവിധിയുടെ മാനദണ്ഡം എന്നു കര്‍ത്താവു തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ (മത്താ 25).

ധനികരുടെ ഭാഗത്തുനിന്നുള്ള അനീതി നിറഞ്ഞ പ്രവൃത്തികളില്‍നിന്ന് ഒരുദാഹരണം എടുത്തുകാണിച്ച് അതെപ്രകാരമാണ് വിധി ദിവസത്തില്‍ അവര്‍ക്കെതിരേ സാക്ഷ്യമാകാന്‍ പോകുന്നത് എന്നു യാക്കോബ്ശ്ലീഹാ വ്യക്തമാക്കുന്നു. വിളവു ശേഖരിക്കാന്‍ സഹായിച്ച കൊയ്ത്തുകാര്‍ക്ക് അര്‍ഹമായ കൂലി നല്കാതെ പിടിച്ചുവച്ചത് ദ്രവിച്ച സമ്പത്തിനുദാഹരണമാണ്. പഴയനിയമകാലത്തു തന്നെ വേലക്കാരുടെ കൂലി കൃത്യസമയത്തു നല്കേണ്ടതിനെപ്പറ്റി നിബന്ധനകളുണ്ടായിരുന്നു (ലേവ്യര്‍ 19:13). ഇപ്രകാരം ദ്രവിച്ചസമ്പത്ത് - പിടിച്ചുവച്ച കൂലി - ധനികര്‍ക്കെതിരെ നിലവിളിക്കുന്നു. ഈ നിലവിളി കര്‍ത്താവിന്‍റെ ചെവികളിലെത്തുകയും ചെയ്തിരിക്കുന്നു. കറപിടിച്ച സ്വര്‍ണത്തിനും വെള്ളിയ്ക്കും സമാനമാണ് ഇപ്രകാരം നേടുന്ന സമ്പാദ്യം. ഈ ഭൂമിയില്‍ ആഡംബര പൂര്‍വം സുഖലോലുപരായി ജീവിക്കാനായി പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ തങ്ങളുടെതന്നെ ശിക്ഷാവിധിയാണ് ഒരുക്കുന്നത് എന്നാണു ശ്ലീഹായുടെ മുന്നറിയിപ്പ്. ധനികരുടെ ഈ അനീതിയ്ക്കെതിരേ ശബ്ദിക്കാന്‍ നീതിമാന്മാരായ ഈ ദരിദ്രര്‍ക്കു ശക്തിയില്ലാത്തതിനാല്‍ അവര്‍ എതിര്‍ത്തു നില്ക്കാറില്ല. അതുകൊണ്ടുതന്നെ ധനികര്‍ അവരെ അന്യായമായി കുറ്റംവിധിക്കുകയും വധിക്കുകയും ചെയ്യുന്നു. അവരുടെ നിലവിളി കര്‍ത്താവു ശ്രവിക്കുന്നതുകൊണ്ട്, പരീക്ഷകളെ അതിജീവിക്കുന്ന അവര്‍ക്കു ജീവന്‍റെ കിരീടം ലഭിക്കുമെന്ന സൂചനയും ഇവിടെയുണ്ട്.  

jacob-5-1-6-social-justice catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message