x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 3:1-12, നാവിന്‍റെ ദുരുപയോഗം

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 3:1-12, നാവിന്‍റെ ദുരുപയോഗം

രു പ്രായോഗിക ദൈവശാസ്ത്രജ്ഞനാണു യാക്കോബ്ശ്ലീഹാ. വളരെ പ്രായോഗികമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണ് അദ്ദേഹം വിശ്വാസി സമൂഹത്തിനു നല്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്‍റെ യും ജീവിതത്തില്‍ നാവിന്‍റെ ദുര്‍വിനിയോഗംമൂലം വന്നുഭവിക്കുന്ന വിപത്തുകളെക്കുറിച്ചു തികച്ചും ബോധവാനാണദ്ദേഹം. അതുകൊണ്ടാണ്, ദൈവഭക്തിയുടെ - വിശ്വാസജീവിതത്തിന്‍റെ - മാനദണ്ഡമായി നാവിന്‍റെ നിയന്ത്രണത്തെ ശ്ലീഹാ എടുത്തുകാണിച്ചത് (യാക്കോ 1:26). നാവിനെ നിയന്ത്രിക്കാതിരിക്കുന്നതു ഹൃദയത്തെ വഞ്ചിക്കലാണ് എന്നാണവിടെ അദ്ദേഹം പറയുന്നത്. നാവിനെ നിയന്ത്രിക്കാനാവാത്തവന്‍റെ ഭക്തി വ്യര്‍ ത്ഥമാണെന്നുപോലും അദ്ദേഹം പ്രസ്താവിക്കുന്നു. പരിപൂര്‍ണതയുടെ നിയമമായി അദ്ദേഹം നാവിന്‍റെ നിയന്ത്രണത്തെ എടുത്തുകാണിക്കുന്നു. കാരണം, പരിപൂര്‍ണതയുടെ - സ്വാതന്ത്ര്യത്തിന്‍റെ - നിയമം പരസ്നേഹ വുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നാവിന്‍റെ ദുര്‍വിനി യോഗം പലപ്പോഴും ഈ പരസ്നേഹപ്രമാണത്തിനെതിരെയാണ്. അതുകൊണ്ടാണ്, സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ നാണ് (യാക്കോ 3:2) എന്നു ശ്ലീഹാ എഴുതുന്നത്.

നാവ് തീയാണ് എന്നതാണു വി. യാക്കോബിന്‍റെ മുഖ്യപ്രമേയം. ഒരു തീപ്പൊരിക്കു വന്‍കാടുകളെ ചാമ്പലാക്കാന്‍ സാധിക്കുന്നതുപോലെ, നാവാകുന്ന തീപ്പൊരിക്കും ലോകമാകുന്ന കാടിനെ ചാമ്പലാക്കാന്‍ കഴിയും (യാക്കോ 3:5-6). ശരീരത്തിലെ ചെറിയ അവയവമാണെങ്കിലും നാവിന്‍റെ വിനിയോഗം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോരുന്നതാണ്. യഥാസമയത്തുള്ള ഒരു ഉചിതമായ വാക്ക് എന്തുമാത്രം നന്മയ്ക്കു കാരണമാകുന്നുവെന്നും, ശ്രദ്ധയില്ലാതെ അസമയത്തോ അസ്ഥാനത്തോ പറയുന്ന ഒരു വാക്ക് എന്തുമാത്രം അസ്വസ്ഥത ഉണ്ടാക്കുമെന്നും എല്ലാവരുടെയും തന്നെ അനുഭവമാണ്. നല്ലതു പറയുന്നതിലും സഹോദരനെ വേദനിപ്പിക്കുന്നതു പറയാതിരിക്കുന്നതിലുമാണ് നാവിന്റെ  ശരിയായ വിനിയോഗം. സ്വാതന്ത്ര്യത്തിന്‍റെ നിയമം പ്രാവര്‍ത്തികമാക്കുന്നതു തന്നെയാണിത്. തിടുക്കംകൂട്ടി സംസാരിക്കുമ്പോള്‍ സഹോദരനെക്കുറിച്ചു പരിഗണന ഇല്ലാതെ പോയേക്കാം. കാരണമില്ലാതെ, അവനോടു കോപിക്കാനും ഇടയായേക്കാം. കേള്‍ക്കാന്‍ വേഗമുള്ളവരും സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരും ആയിരിക്കണമെന്ന് (യാക്കോ 1:10) ഉപദേശിക്കുമ്പോഴും ശ്ലീഹാ ഉദ്ദേശിക്കുന്നതിതുതന്നെയാണ്.   

ദൈവത്തെ സ്തുതിക്കാനായി നാവ് ഉപയോഗിക്കുന്നതു ശരിയായ വിനിയോഗത്തിന്‍റെ ഭാഗമാണ്. ആ ദൈവസ്തുതി ആത്മാര്‍ത്ഥമാണെങ്കില്‍ സഹോദരനെക്കുറിച്ചു നല്ലതുപറയാനും ആ നാവുപയോഗിക്കും. എന്നാല്‍, പലപ്പോഴും ദൈവത്തെ സ്തുതിക്കുന്ന  നാവു കൊണ്ടുതന്നെ ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സഹോദരനെ ശപിക്കുകയും ചെയ്യുന്നു എന്നതാണ് മനുഷ്യരുടെ പ്രശ്നം. ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് ഇത് ഉചിതമല്ല എന്നു യാക്കോബ് ശ്ലീഹാ അനുസ്മരിപ്പിക്കുന്നു. കാരണം, ഒരേ അരുവിയില്‍നിന്ന് മധുരജലവും കയ്പുജലവും ഉദ്ഭവിക്കില്ല. സഹോദരസ്നേഹത്തില്‍ പ്രതിഫലിക്കുന്നില്ലായെങ്കില്‍ ദൈവസ്തുതി ആത്മാര്‍ത്ഥമല്ലായെന്നു വ്യക്തം.

പ്രകൃതിയില്‍നിന്നുള്ള രണ്ട് ഉദാഹരണങ്ങള്‍കൊണ്ടു തന്‍റെ വാദഗതി ശ്ലീഹാ സ്ഥിരീകരിക്കുന്നു. ഓരോ വൃക്ഷവും അതിന്‍റെ സ്വഭാവമനുസ രിച്ചുള്ള ഫലമേ പുറപ്പെടുവിക്കൂ എന്നതു പ്രകൃതിനിയമമാണ്. അത്തിമരത്തില്‍നിന്ന് ഒലിവുഫലങ്ങളോ മുന്തിരിച്ചെടിയില്‍നിന്ന് അത്തിപ്പഴങ്ങളോ ലഭിക്കാറില്ല. ഈശോയുടെ വാക്കുകള്‍ തന്നെയാണിവിടെ പ്രതിധ്വനിക്കുന്നത്. അവിടുന്ന് അരുളിച്ചെയ്യുന്നു: "നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ടു തിരിച്ചറിയപ്പെടുന്നു. മുന്തിരിച്ചെടിയില്‍നിന്ന് അത്തിപ്പ ഴമോ ഞെരിഞ്ഞിലില്‍നിന്നു മുന്തിരി പ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിന്‍റെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍നിന്നു തിന്മ പുറപ്പെടുവി ക്കുന്നു. ഹൃദയത്തിന്‍റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത് . " (ലൂക്കാ 6:43-45).

നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവന് ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയും. കുതിരയെ കടിഞ്ഞാണുപയോഗിച്ചും കപ്പലിനെ ചുക്കാനുപയോഗിച്ചും നിയന്ത്രിക്കുന്നതുപോലെയാണ് ഇത് എന്നാണു യാക്കോബ് ശ്ലീഹായുടെ പ്രബോധനം (യാക്കോ 3:3-4). നാവിനെ നിയന്ത്രിക്കുക ശ്രമകരമായ ജോലിയാണ്. സര്‍വ്വ സൃഷ്ടിജാലങ്ങളെയും നിയന്ത്രണത്തിലാക്കാന്‍ മനുഷ്യന്‍ പഠിച്ചിട്ടുണ്ടെങ്കിലും നാവാകുന്ന ചെറിയ അവയവയത്തെ നിയന്ത്രിക്കാന്‍ അവനറിയില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മെരുക്കിയെടുക്കാന്‍ മനുഷ്യനുള്ള സാമര്‍ത്ഥ്യം ഒന്നു വേറെതന്നെയാണ്. പക്ഷേ, നാവിന്‍റെ കാര്യത്തില്‍ അവന്‍ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു. അതുകൊണ്ടാണ്, അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത് (യാക്കോ 3:1) എന്നു ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. പ്രബോധകര്‍ സംസാരിക്കേണ്ടവരാണല്ലോ. കൂടുതല്‍ സംസാരിക്കുന്നവന്‍ പിഴയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്.

jacob-3-1-12-abuse-of-the-tongue catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message