x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 2:14-26, വിശ്വാസവും പ്രവൃത്തിയും

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 2:14-26, വിശ്വാസവും പ്രവൃത്തിയും

അനുദിന ജീവിതത്തില്‍ പ്രതിഫലിക്കാത്ത വിശ്വാസം ജീവനില്ലാത്തതാണ്. ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ ശരീരത്തിനാവശ്യമായതു നല്കാതെ എന്തു പുണ്യം പ്രസംഗിച്ചാലും ഫലമൊന്നുമില്ല. വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കു മേന്മയൊന്നുമില്ല. ശരീരത്തിനു ജീവനെന്നതുപോലെയാണു വിശ്വാസത്തിനു പ്രവൃത്തി. ദരിദ്രരോടുള്ള പരിഗണനയാണ് വിശ്വാസത്തിന്‍റെ പ്രവൃത്തിയായി യാക്കോബ് ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നത്. പ്രവൃത്തിരഹിതമായ വിശ്വാസത്തിന് ഒരുവനെ രക്ഷിക്കാനാവില്ല. മറിച്ച്, വിശ്വാസത്തില്‍ നിന്നുയിര്‍കൊള്ളുന്ന പ്രവൃത്തികളാണ് ഒരുവനെ രക്ഷയ്ക്കര്‍ഹനാക്കുന്നത് എന്ന് യാക്കോബ്ശ്ലീഹാ അബ്രാഹത്തിന്‍റെയും റാഹാബിന്‍റെയും ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ട് സ്ഥിരീകരിക്കുന്നു (യാക്കോ 2:21-26). സ്വഭാവത്തെയും മനോഭാവങ്ങളെയും പ്രവര്‍ ത്തനരീതികളെയും സ്വാധീനിക്കാത്ത വിശ്വാസം ആ പേരിനുതന്നെ യോഗ്യമല്ല. അത്തരത്തിലുള്ള വിശ്വാസം പിശാചുക്കള്‍ക്കു പോലുമുണ്ടെ ന്നാണു യാക്കോബ്ശ്ലീഹായുടെ വാദം (യാക്കാ 2:19). ഈശോയുടെ ദൈവ പുത്രത്വം ഏറ്റുപറയുന്ന പിശാചുബാധിതരെ നമ്മള്‍ സുവിശേഷത്തില്‍ കണ്ടുമുട്ടുന്നുണ്ടല്ലോ (മര്‍ക്കോ 2:11; 3:5; 5:7). അവിടുത്തെ സാന്നിദ്ധ്യത്തില്‍ അവര്‍ വിറയ്ക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. പിശാചിന്‍റെ ഈ വിശ്വാസം പ്രവൃത്തിപഥത്തിലെത്തുന്നതല്ലല്ലോ.

പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്‍റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ പ്രവൃത്തിവഴിയാണ് (ഉല്പ 22:1-14). ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ അബ്രാഹത്തെ ശക്തനാക്കിയത് അദ്ദേഹത്തിനു ദൈവത്തിലുണ്ടായിരുന്ന വിശ്വാസമാണ്. തന്നെ തിരഞ്ഞെടുത്തു വിളിച്ച ദൈവം വിശ്വസ്തനാ ണെന്ന ഉറച്ചബോദ്ധ്യവും, തനിക്കുള്ളതെല്ലാം - ഏകപുത്രന്‍തന്നെയും - ദൈവത്തിന്‍റെ ദാനമാണെന്നും, ഇവയുടെമേല്‍ ദൈവത്തിനാണ് പരമാധികാരമെന്നുമുള്ള അംഗീകരിക്കലായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്‍റെ കാതല്‍. ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം തന്‍റെ ഏകജാതനെപ്പോലും ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ അബ്രാഹത്തിനു വിഷമമില്ലായിരുന്നു. ഇസഹാക്കിനെ ബലികഴിക്കാന്‍ പ്രദര്‍ശിപ്പിച്ച സന്നദ്ധതയില്‍ പ്രകടമായ അനുസരണമായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസപ്രവൃത്തി. വിശ്വാസത്തിന്‍റെ പ്രകാശനമായ ഈ അനുസരണ പ്രവൃത്തിമൂലമാണ് ദൈവം അബ്രാഹത്തില്‍ സംപ്രീതനായതും അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അനുഗ്രഹിച്ചതും. വിശ്വാസം പ്രവൃത്തിപഥത്തിലെത്തിച്ചതുവഴി അബ്രാഹം ദൈവത്തിന്‍റെ സ്നേഹിത നായി തീര്‍ന്നു. ഈ ചരിത്രസംഭവത്തില്‍ നിന്നുള്ള ഗുണപാഠമെന്നോണം യാക്കോബ്ശ്ലീഹാ എഴുതുന്നു: "മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല, പ്രവൃത്തികളാലുമാണ് നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു" (യാക്കോ 2:24).

ജോഷ്വയുടെ പുസ്തകം രണ്ടാമദ്ധ്യായത്തിലെ റാഹാബിനെയാണ് പ്രവൃത്തിവഴി നീതീകരിക്കപ്പെട്ട മറ്റൊരുദാഹരണമായി യാക്കോബ് ശ്ലീഹാ എടുത്തുകാണിക്കുന്നത്. കാനാന്‍ദേശം കീഴടക്കുന്നതിനൊരുക്ക മായി രഹസ്യത്തില്‍ നാടുനിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട ഇസ്രായേല്‍ ചാരന്മാരെ വേശ്യയായ റാഹാബ് സംരക്ഷിക്കുകയും രക്ഷപ്പെടുത്തു കയും ചെയ്തു (യാക്കോ 2:24-25). ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിലുള്ള വിശ്വാസത്തിന്‍റെ ഭാഗമായി ഇസ്രായേല്‍ക്കാരെ സഹായിച്ച പ്രവൃത്തിവഴി അവള്‍ നീതീകരിക്കപ്പെട്ടു എന്നതു പരമ്പരാഗത വിശ്വാസമാണ് (ഹെബ്രാ 11:31). 

നീതീകരണത്തെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ പ്രബോധനം യാക്കോബ്ശ്ലീഹായുടേതിനോടു ചേര്‍ന്നു പോകുന്നില്ല എന്നു പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. പക്ഷേ, അടുത്തു മനസ്സിലാക്കുമ്പോള്‍ ഇരുവരുടെയും ആശയഗതികള്‍ തമ്മില്‍ പൊരുത്തക്കേടില്ല എന്നു വ്യക്തമാകും.

റോമായിലെ സഭാംഗങ്ങള്‍ക്ക് വി. പൗലോസ് ഇപ്രകാരം എഴുതുന്നു: "അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനിക്കാന്‍ വകയുണ്ട്. ദൈവസന്നിധിയിലല്ലെന്നു മാത്രം" (റോമാ 4:2). പ്രവൃത്തികള്‍കൊണ്ടു മാത്രം ദൈവസന്നിധിയില്‍ നീതീകരിക്ക പ്പെടുന്നതിനു സാധ്യതയില്ലെന്നു സാരം. ഇവിടെ പൗലോസ് ശ്ലീഹാ വിവക്ഷിക്കുന്ന പ്രവൃത്തി യാക്കോബ്ശ്ലീഹാ ഉദ്ദേശിക്കുന്നതില്‍നിന്നു വ്യത്യസ്തമാണ്. വി. പൗലോസ് പരിച്ഛേദനം പോലുള്ള നിയമത്തിന്‍റെ പ്രവൃത്തികളെ മനസ്സില്‍ കാണുമ്പോള്‍, വി. യാക്കോബ് വിശ്വാസത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളായ പ്രവൃത്തികളെ ഉദ്ദേശിക്കുന്നു. ഈ പ്രസ്താവനകളുടെ സന്ദര്‍ഭങ്ങള്‍ ഈ വ്യാത്യാസം മനസ്സിലാക്കാന്‍ സഹായിക്കും.

ദൈവഹിതത്തിന്‍റെ പ്രകാശനമായ നിയമങ്ങള്‍ നേരിട്ടു ലഭിച്ച സമൂഹമെന്ന നിലയില്‍ അഭിമാനിച്ചിരുന്നവരാണ് യഹൂദര്‍. പരിച്ഛേദനം സ്വീകരിച്ചാല്‍ നിയമംമുഴുവന്‍ സ്വീകരിച്ചതിനു തുല്യമായി അവര്‍ കരുതിയിരുന്നു. ഈ ധാരണയാണു പൗലോസ്ശ്ലീഹാ തിരുത്തുന്നത്. "നീ നിയമം അനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനം അര്‍ത്ഥവത്താണ്. നിയമം ലംഘിക്കുന്നവനാണെങ്കിലോ നിന്‍റെ പരിച്ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു" (റോമാ 2:25). നിയമമനുസരിച്ചു ജീവിക്കാതെ പരിച്ഛേദനം എന്ന പ്രവൃത്തികൊണ്ടു മാത്രം ആരും ദൈവതിരുമുമ്പില്‍ സ്വീകാര്യരാവില്ലെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. "ശാരീരികമായി പരിച്ഛേദനം നടത്താതെതന്നെ നിയമം അനുസരിക്കുന്നവര്‍, നിയമവും പരിച്ഛേദനവും ഉണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും. എന്തെന്നാല്‍, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ല, യഥാര്‍ത്ഥ യഹൂദന്‍. യഥാര്‍ത്ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല. ആന്തരികമായി യഹൂദനായിരിക്കുന്നവനാണ് യഥാര്‍ത്ഥ യഹൂദന്‍. ഹൃദയത്തില്‍ നടക്കുന്ന പരിച്ഛേദനമാണ് യഥാര്‍ത്ഥ പരിച്ഛേദനം" (റോമാ 2:27-29). നിയമമനുസരിച്ചുള്ള ജീവിതമാണ്, പരിച്ഛേദനമെന്ന പ്രവൃത്തിയല്ല ഒരുവനെ യഥാര്‍ത്ഥ ദൈവഭക്തനാക്കുന്നത് എന്നു പൗലോസ് ശ്ലീഹാ സ്ഥാപിക്കുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ നിയമമനുസരിച്ചുള്ള ജീവിതമാകട്ടെ, ദൈവപുത്രനായ ഈശോമിശിഹായില്‍ വിശ്വസിക്കുന്നതുമാണ്. "പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു" (റോമാ 4:5). പരിച്ഛേദനമെന്ന പ്രവൃത്തി ഇല്ലെങ്കിലും ഈശോ ദൈവപുത്രനും മിശിഹായുമാണെന്നു വിശ്വസിക്കുകവഴി ഒരുവന്‍ നീതീകരിക്കപ്പെടുന്നു എന്നു ചുരുക്കം; പരിച്ഛേദനം സ്വീകരിക്കുന്നതിനു മുമ്പുതന്നെ വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട അബ്രാഹത്തെപ്പോലെ (റോമാ 4:6-12). "വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണ ബോദ്ധ്യമുണ്ടാ യിരുന്നു. അതുകൊണ്ടാണ് അവന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്" (റോമാ 4:21-22). ഈശോ മിശിഹായില്‍ സ്വയം വെളിപ്പെടുത്തിയ ദൈവത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവന്‍റെ നീതീകരണത്തിനടിസ്ഥാനം. ഈശോ പ്രഘോഷിച്ചതും തന്‍റെ സഹന മരണോത്ഥാനങ്ങളിലൂടെ പൂര്‍ണമായി വെളിപ്പെടുത്തിയ തുമായ ദൈവകൃപയ്ക്കുള്ള വ്യക്തിപരമായ മറുപടിയാണ് ഈ വിശ്വാസം.

ദൈവപുത്രനായ ഈശോമിശിഹായിലുള്ള ഈ വിശ്വാസം പ്രവൃത്തികളില്‍ പ്രതിഫലിക്കണം എന്നാണു യാക്കോബ്ശ്ലീഹാ നിര്‍ദ്ദേ ശിക്കുന്നത്. പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാണെന്നു പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നതിതാണ്. ചുരുക്കത്തില്‍ വി. പൗലോസിന്‍റെയും വി. യാക്കോബിന്റെയും പ്രബോധനങ്ങള്‍ പരസ്പര വിരുദ്ധങ്ങളല്ല; മറിച്ച്, പരസ്പര പൂരകങ്ങളാണ്.

jacob-2-14-26-faith-and-work catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message