We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
യാക്കോബ് 2:1-13, പക്ഷപാതത്തിനെതിരേ
ഈശോമിശിഹായിലുള്ള വിശ്വാസവും മുഖം നോക്കിയുള്ള വിവേചനാപൂര്‍വമായ പെരുമാറ്റവും ചേര്‍ന്നുപോവുകയില്ലെന്നു യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു. കാരണം, വിശ്വാസം തിരിച്ചുവ്യത്യാസം കാണിക്കാത്ത ദൈവവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്ന സ്വര്‍ഗീയ പിതാവിനു പക്ഷപാതമില്ല (മത്താ 5:45). ദൈവം പക്ഷപാതം കാട്ടുന്നില്ലെന്നു സത്യമായും ഞാന്‍ മനസ്സിലാക്കുന്നു (നടപടി 10:34) എന്നു പത്രോസ്ശ്ലീഹായും അവിടുത്തേക്കു മുഖംനോട്ടമില്ല (റോമാ 2:11; കൊളോ 3:25) എന്നു പൗലോസ്ശ്ലീഹായും സാക്ഷ്യപ്പെടുത്തുന്നുണ്ട് . ഈ ദൈവികഗുണം അവിടുത്തെ പുത്രനില്‍ വിശ്വസിക്കുന്നവരും അനുവര്‍ത്തിക്കണമെന്നാണു യാക്കോബ്ശ്ലീഹാ ഉപദേശിക്കുന്നത്. മുഖംനോക്കാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും ക്രൈസ്തവനു പ്രേരണ നല്കേണ്ടതു സ്വര്‍ഗത്തിലുള്ള മുഖംനോട്ട മില്ലാത്ത യജമാനനെക്കുറിച്ചുള്ള ചിന്തയാണ് (എഫേ 5:9). മുഖം നോക്കാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കാനിരിക്കുന്ന പിതാവാണവിടുന്ന് (1 പത്രോ 1:17).
പഴയനിയമത്തില്‍ ലേവ്യരുടെ പുസ്തകത്തില്‍ ആരോടും പ്രത്യേക പരിഗണന കാണിക്കാതിരിക്കാനുള്ള കല്പനയും അയല്‍ക്കാരനെ സ്നേഹിക്കാനുള്ള കല്പനയും അടുത്തടുത്താണു നല്കിയിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ് (ലേവ്യ 19:15-18). യാക്കോബ്ശ്ലീഹായും പക്ഷപാതം കാണിക്കരുത് എന്നുപദേശിക്കുന്നതിനു പിന്നാലെ അയല്ക്കാരനെ സ്നേഹിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് (യാക്കോ 2:8).
സമ്പത്തിന്‍റെ പേരില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന തിരിച്ചുവ്യത്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് പക്ഷപാതം കാണിക്കുന്നവര്‍ക്കെതിരേ യാക്കോബ്ശ്ലീഹാ ശക്തമായി പ്രതികരിക്കുന്നത്. സമ്മേളനങ്ങളില്‍ സമ്പന്നര്‍ക്കു വിശിഷ്ട സ്ഥാനവും ദരിദ്രര്‍ക്ക് അവസാന സ്ഥാനവും നല്കിയിരുന്ന സമൂഹത്തിനുള്ള താക്കീതാണിത്. ഇവിടെ പരാമര്‍ ശിക്കുന്ന സംഘംകൊണ്ടുദ്ദേശിക്കുന്നത് ആദിമസഭയിലെ ആരാധനാ സമ്മേളനങ്ങളെയാണ്. ജറൂസലേമിലെ ആദിമസഭയില്‍ വിശ്വാസികള്‍ ഭവനങ്ങളില്‍ ഒന്നിച്ചുകൂടി അപ്പംമുറിച്ചിരുന്ന വസ്തുത നടപടി പുസ്തക ത്തില്‍ നമ്മള്‍ കാണുന്നുണ്ടല്ലോ (അപ്പ. പ്രവ 2:42-27). ഇപ്രകാരം അപ്പംമുറിക്കാനായി സമ്മേളിച്ചിരുന്ന സംഘങ്ങളില്‍പ്പോലും തിരിച്ചു വ്യത്യാസം ഉണ്ടായിരുന്നു എന്നു വേണം ഈ പരാമര്‍ശത്തില്‍നിന്നു നമ്മള്‍ അനുമാനിക്കാന്‍. സാമ്പത്തികമോ സാമൂഹികമോ ആയ അവസ്ഥയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവ്യത്യാസം കാണിക്കുന്നവര്‍ ദുഷ്ടവിചാരം പുലര്‍ത്തുന്ന വിധികര്‍ത്താക്കളായി മാറുകയാണ് എന്നും വി. യാക്കോബ് മുന്നറിയിപ്പു നല്കുന്നു. ചുരുക്കത്തില്‍, ദരിദ്രനെ അവഗണിക്കരുത് എന്നാണു ശ്ലീഹാ പഠിപ്പിക്കാനുദ്ദേശിക്കുന്നത്.
സ്നേഹത്തിന്‍റെ രാജകീയനിയമം: ദരിദ്രരെ അവഗണിക്കരുത് എന്നു പഠിപ്പിക്കാനുള്ള കാരണമാണു തുടര്‍ന്നു വിവരിക്കുന്നത്. അവര്‍ വിശ്വാസത്തില്‍ സമ്പന്നരും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യത്തിന് അവകാശികളുമാണെന്നു മനസ്സിലാക്കിയാല്‍ അവഗണിക്കാനാവില്ലെന്നാണു ശ്ലീഹാ സ്ഥാപിക്കുന്നത്. "ദരിദ്രരേ, നിങ്ങള്‍ അനുഗൃഹീതര്‍; ദൈവരാജ്യം നിങ്ങളുടേതാണ്" (ലൂക്കാ 6:20) എന്ന ഈശോയുടെ പ്രബോധനം ശ്ലീഹായുടെ മനസ്സിലുണ്ടാകണം ഇപ്രകാരമെഴുതുമ്പോള്‍. "ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടേണ്ട. കാരണം, നിങ്ങള്‍ക്കു രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവു മനസ്സായി രിക്കുന്നു" (ലൂക്കാ 12:32) എന്നും അവിടുന്നരുളിച്ചെയ്തിട്ടുണ്ട്.
വിശ്വാസത്തില്‍ സമ്പന്നരാണ് എന്നതാണ് ദരിദ്രരെ രാജ്യത്തിന വകാശികളാക്കുന്ന സംഗതി. വിശ്വാസത്തില്‍ സമ്പന്നരെങ്കില്‍ ഈ ലോകത്തിലെ വലിയ ധനികനും ദൈവതിരുമുമ്പില്‍ ദാരിദ്ര്യമനോഭാവ ത്തോടെ ജീവിക്കാനാവും. വിശ്വാസദൃഷ്ട്യാ ധനത്തെ നോക്കിക്കാണാനും സഹോദരര്‍ക്കുകൂടി ഉപകാരപ്രദമായ രീതിയില്‍ അതുപയോഗിക്കാനും അവനു സാധിക്കും. ഇത്തരത്തില്‍ വിശ്വാസസമ്പന്നത ജീവിതത്തില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കുള്ളതാണു ദൈവരാജ്യം. സ്വന്തമായി ഒന്നുമില്ലാത്തവനെ സംബന്ധിച്ചും വിശ്വാസത്തില്‍ സമ്പന്നനാകാന്‍ എളുപ്പമാണ്. എല്ലാറ്റിനും ദൈവത്തില്‍ ആശ്രയിക്കേണ്ടതിനാല്‍ അവന്‍ ദൈവത്തിലുള്ള വിശ്വാസത്തില്‍ വളരും. ഈ ലോകത്തിന്‍റെ ദൃഷ്ടിയില്‍ അവന്‍ ദരിദ്രനെങ്കിലും ദൈവസന്നിധിയില്‍ പ്രീതിയ്ക്കു പാത്രീഭൂതനാണവന്‍.
പക്ഷപാതം കാണിക്കുന്നവര്‍ ദൈവസന്നിധിയില്‍ സമ്പന്നനായ ദരിദ്രനെ അപമാനിക്കുകയാണ് ചെയ്യുന്നത്. ധനികരോട് ഔദാര്യം പ്രദര്‍ശിപ്പിക്കുന്നതുവഴി ലേവ്യര്‍ 19:18 ലെ നിയമം പാലിക്കുകയാണ് എന്ന് അവകാശപ്പെടാമെങ്കിലും, ദരിദ്രരെ അവഗണിക്കുന്നു എന്ന കാരണത്താല്‍ അവര്‍ക്കു ന്യായീകരണമില്ല എന്നാണു ശ്ലീഹായുടെ വാദം. 8-11 വാക്യങ്ങളുടെ അര്‍ത്ഥമിതാണ്.
അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തയായിരിക്കണം ക്രൈസ്തവന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനം. അതുകൊണ്ടാണ്, "സ്വാതന്ത്ര്യത്തിന്‍റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുള്ളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍" എന്നു യാക്കോബ് ശ്ലീഹാ എഴുതുന്നത്. കാരുണ്യം കാണിക്കുകയാണ് ദൈവത്തിന്‍റെ കരുണ ലഭിക്കാനുള്ള മാര്‍ഗം; കാരണം, കാരുണ്യം വിധിയുടെമേല്‍ വിജയം വരിക്കുന്നു.
jacob-2-1-13-against-prejudice catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206