x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 1:5-8, വിശ്വാസത്തിലെ ഇരട്ടത്താപ്പ്

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 1:5-8, വിശ്വാസത്തിലെ ഇരട്ടത്താപ്പ്

ഒന്നിലും കുറവില്ലാത്തവരായി, സ്വര്‍ഗീയപിതാവിനെപ്പോലെ പരിപൂര്‍ണരായി ഭവിക്കണമെങ്കില്‍ ദൈവികജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കണം. തന്നോടു ചോദിക്കുന്നവര്‍ക്ക് ഒന്നും നിരസിക്കാതെ ഉദാരമായി കൊടുക്കുന്ന ദൈവം വിജ്ഞാനം അവനു നല്കും. ചോദിക്കുന്നതു ദൈവത്തിന്‍റെ നന്മയിലും കാരുണ്യത്തിലും സംശയമില്ലാതെ വിശ്വാസത്തോടെ ആയിരിക്കണമെന്നു മാത്രം. കാരണം, കാറ്റത്തിളകുന്ന കടലിലെ തിരമാലയ്ക്കു സദൃശരായ സന്ദേഹമാനസര്‍ക്കു ദൈവത്തില്‍നിന്നൊന്നും പ്രതീക്ഷിക്കാനില്ല. ചഞ്ചലചിത്തരുടെ പ്രാര്‍ത്ഥനയ്ക്കുത്തരമുണ്ടാവില്ല എന്നു സാരം.

വിശ്വാസസ്ഥിരതയോടെ പരീക്ഷകളെ അതിജീവിക്കുവാന്‍ ദൈവികജ്ഞാനം ആവശ്യമാണ്. കാരണം, ഈ ജ്ഞാനമാണ് മനുഷ്യന് ആത്യന്തികമായി ഉപകാരപ്രദമായുള്ളത് എന്തെന്നു മനസ്സിലാക്കിത്തരുന്നത്. അതുകൊണ്ടാണ്, നിങ്ങളില്‍ ജ്ഞാനം കുറവുള്ളവര്‍ ദൈവത്തോടു ചോദിക്കട്ടെ (1:5) എന്നു യാക്കോബ് ഉപദേശിക്കുന്നത്. ജ്ഞാനത്തിന്‍റെ ഗ്രന്ഥത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: മനുഷ്യരുടെ മദ്ധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല (ജ്ഞാനം 9:6). ദൈവികദാനമായ ഈ ജ്ഞാനമാണ് വിശ്വാസിയുടെ ജീവിതം പൂര്‍ണവും കുറ്റമറ്റതും ഒന്നിലും കുറവില്ലാത്തതുമാക്കുന്നത്.

വിജ്ഞാനം ദൈവികദാനമായതിനാല്‍ ദൈവത്തില്‍നിന്നു ചോദിച്ചുവാങ്ങേണ്ടതാണത്. തന്നോടു ചോദിക്കുന്നവര്‍ക്ക് ഒന്നും നിരസിക്കാത്ത ദൈവം നിശ്ചയമായും ജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്ക് അത് ഉദാരമായി നല്കും. ദൈവികനന്മയിലും വിശ്വസ്തതയിലും സംശയിക്കാതെ ചോദിക്കണമെന്നു മാത്രം. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഫലസിദ്ധിയെക്കുറിച്ച് ഈശോതന്നെ അരുളിച്ചെയ്യുന്നു: ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നു കിട്ടും. കാരണം, ചോദിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. അപ്പം ചോദിച്ചാല്‍ മകനു കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ? അല്ലെങ്കില്‍, മത്സ്യം ചോദിച്ചാല്‍ അവനു പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല ദാനങ്ങള്‍ കൊടുക്കുവാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ തന്നോടു ചോദിക്കുന്നവര്‍ക്ക് നിങ്ങളുടെ സ്വര്‍ഗീയ പിതാവ് എത്രയധികം നന്മകള്‍ നല്കും? (മത്താ 7:7-11). നന്മ ചോദിക്കുന്നവര്‍ക്ക് അതു നിരസിക്കാത്തവനാണ് ദൈവം. വി. ലൂക്കായുടെ ഭാഷ്യമനുസരിച്ച് ഈ നന്മ പരിശുദ്ധറൂഹായുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു: നിങ്ങളുടെ സ്വര്‍ഗീയ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍നിന്ന് എത്രയോ അധികമായി പരിശുദ്ധാത്മാവിനെ നല്കും (ലൂക്കാ 11:13). ലൂക്കായുടെ വീക്ഷണമനുസരിച്ചു തന്നോടു ചോദിക്കുന്നവര്‍ക്കു ദൈവം പ്രദാനം ചെയ്യുന്നതു പരിശുദ്ധാരൂപിയെയാണ്. മനുഷ്യനാവശ്യമായ നന്മകള്‍ നല്കുമെന്നു മത്തായി എഴുതുമ്പോള്‍, ഈ നന്മ പരിശുദ്ധറൂഹാ തന്നെയാണെന്നു ലൂക്കാ വ്യാഖ്യാനിക്കുന്നു. ജ്ഞാനം പരിശുദ്ധാരൂപിയുടെ ദാനങ്ങളിലൊന്നാണല്ലോ (എഫേ 1:17). നിങ്ങളില്‍ ജ്ഞാനം കുറഞ്ഞവര്‍, തന്നോടു ചോദിക്കുന്നവര്‍ക്ക് ഒന്നും നിരസിക്കാതെ, ഉദാരമായി കൊടുക്കുന്ന ദൈവത്തോടു പ്രാര്‍ത്ഥിക്കട്ടെ എന്ന യാക്കോബ്ശ്ലീഹായുടെ ഉപദേശം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാകുന്നു.

തന്നോടു ചോദിക്കുന്നവരുടെ വിശ്വാസത്തിന്‍റെ ആഴത്തെക്കുറിച്ച് ഈശോ ആരാഞ്ഞിരുന്നു. തങ്ങളോടു കരുണ തോന്നണേ എന്നു യാചിച്ച കുരുടരോട് അവിടുന്നു ചോദിച്ചു: ഇതു ചെയ്യുവാന്‍ എനിക്കു കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? (മത്താ 9:29). അവര്‍ സംശയമില്ലാതെ വിശ്വസിക്കുന്നുണ്ടോ എന്നതായിരുന്നു ഈ ചോദ്യത്തിന്‍റെ അര്‍ത്ഥം. അവരുടെ സംശയരാഹിത്യം വ്യക്തമായപ്പോള്‍ അവിടുന്നു അരുളിച്ചെയ്തു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ. അപേക്ഷിക്കുന്നനെ ഉപേക്ഷിക്കുന്നവനല്ല ദൈവം എന്ന ഉറച്ച ബോദ്ധ്യത്തോടെ വേണം പരീക്ഷകളെ അതിജീവിക്കാനുള്ള ദൈവികജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ എന്നു യാക്കോബ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു.

ദൈവത്തിന്‍റെ പിതൃതുല്യമായ മഹാമനസ്ക്കതയില്‍ സംശയിക്കുന്നവരെ കാറ്റത്തിളകുന്ന കടലിലെ തിരമാലയോടാണു വി. യാക്കോബ് താരതമ്യപ്പെടുത്തുന്നത് (യാക്കോ 1:6). തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും ചഞ്ചലചിത്തരായ ഇക്കൂട്ടര്‍ക്ക് കര്‍ത്താവില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ല എന്നും ശ്ലീഹാ കൂട്ടിച്ചേര്‍ക്കുന്നു (യാക്കോ 1:7-8). ദൈവികനന്മയിലും ഔദാര്യത്തിലുമുള്ള അടിയുറച്ച വിശ്വാസത്തോടെ വേണം അവിടുത്തോടു പ്രാര്‍ത്ഥിക്കാന്‍. ദൈവിക കാരുണ്യത്തെക്കുറിച്ചു സംശയിക്കുന്നവര്‍ക്ക് ദൈവാനുഗ്രഹമുണ്ടാവില്ല. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന മാത്രമേ ദൈവസന്നിധിയില്‍ സ്വീകാര്യമാവുകയുള്ളൂ എന്നു യാക്കോബ് വ്യക്തമാക്കുന്നു. നിങ്ങള്‍ക്കു ലഭിക്കുമെന്നു വിശ്വസിക്കുവിന്‍. അപ്പോള്‍ അതു ലഭിക്കുകതന്നെ ചെയ്യും (മര്‍ക്കോ 11:27) എന്ന നമ്മുടെ കര്‍ത്താവിന്‍റെ വാഗ്ദാനത്തിന്‍റെ പിന്‍ബലത്തിലാണ് ശ്ലീഹാ പഠിപ്പിക്കുന്നത്.

ഹെര്‍മാസിന്‍റെ ഇടയനില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: "സംശയമനഃസ്ഥിതി ദൂരെയകറ്റുക. പ്രത്യേകിച്ച് ദൈവത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ അല്പംപോലും സംശയിക്കാന്‍ പാടില്ല. "ദൈവത്തിനെതിരേ നിരവധി പാപങ്ങള്‍ ചെയ്തുകൂട്ടിയ ഞാന്‍ എങ്ങനെ അവിടുത്തോട് എന്തെങ്കിലും ചോദിക്കുകയും സ്വീകരിക്കുകയും ചെയ്യും" എന്നു പറയരുത്. ഇപ്രകാരം ചിന്തിക്കുവാന്‍ പാടില്ല. പിന്നെയോ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിങ്കലേക്കു തിരിയുകയും മടി കൂടാതെ അവിടുത്തോടു ചോദിക്കുകയും ചെയ്യുക. അപ്പോള്‍ അവിടുത്തെ അത്ഭുതാവഹമായ കരുണ നിങ്ങള്‍ മനസ്സിലാക്കും. കാരണം, അവിടുന്നു നിന്നെ ഉപേക്ഷിക്കുകയോ നിന്‍റെ ആത്മാവിന്‍റെ അഭിലാഷം തള്ളിക്കളയുകയോ ഇല്ല. വിരോധം മനസ്സില്‍വച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെപ്പോലെയല്ല അവിടുന്ന്. അവിടുന്നില്‍ തിന്മയില്ല. തന്‍റെ സൃഷ്ടികളോട് അവിടുത്തേക്കു കരുണയുണ്ട്. അതുകൊണ്ട്, ഈ ലോകത്തിന്‍റെ വ്യര്‍ത്ഥ മായകളില്‍നിന്നും തിന്മകളില്‍നിന്നും നിന്‍റെ ഹൃദയത്തെ കഴുകി വെടിപ്പാക്കുക. അനന്തരം കര്‍ത്താവിനോടു ചോദിക്കുന്നതെന്തും നിനക്കു ലഭിക്കും. സംശയംകൂടാതെ കര്‍ത്താവിനോടു ചോദിക്കുന്നതെല്ലാം അവിടുന്നു സാധിച്ചുതരും. എന്നാല്‍, നീ ഹൃദയത്തില്‍ സംശയിച്ചാല്‍ നിന്‍റെ യാചനകളൊന്നും ശ്രവിക്കപ്പെടുകയില്ല" (ഒമ്പതാം കല്പന, 1-4).

വിഭജിത ഹൃദയര്‍: ദൈവിക നന്മയിലും ഔദാര്യത്തിലും വിശ്വാസമില്ലാത്ത ക്രൈസ്തവനെ വിഭജിത ഹൃദയന്‍ എന്നാണു യാക്കോബ്ശ്ലീഹാ വിശേഷിപ്പിക്കുന്നത് (യാക്കോ 1:8). ക്രൈസ്തവന്‍ അസ്തിത്വത്താലെ ദൈവിക സ്വഭാവത്തില്‍ വിശ്വസിക്കേണ്ടവനാണ്. ഈ വിശ്വാസമാണല്ലോ ഒരുവനെ ക്രൈസ്തവനാക്കുന്നതുതന്നെ. ക്രൈസ്തവനായിരിക്കെ ദൈവത്തിന്‍റെ അനന്തനന്മയിലും കാരുണ്യത്തിലും വിശ്വസിക്കാതിരിക്കുന്നതു ഹൃദയം വിഭജിതമായിരിക്കുന്നതുകൊണ്ടാണ്. ഹൃദയം കര്‍ത്താവില്‍ ഉറച്ചു നില്ക്കാത്തതുമൂലം, അവന്‍ ചരിക്കുന്ന വഴികളിലൊന്നും അവന്‍റെ കാല് ഉറയ്ക്കുകയില്ല. ദൈവത്തിങ്കലേക്കു ദൃഷ്ടി തിരിക്കുകയും അവിടുത്തോട് അടുക്കുകയും ചെയ്യുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള ഏകപോംവഴി. ലേഖനത്തിന്‍റെ അവസാനഭാഗത്ത് യാക്കോബ് ഇപ്രകാരം ഉപദേശിക്കുന്നു: "നിങ്ങള്‍ ദൈവത്തോട് അടുക്കുവിന്‍. അവന്‍ നിങ്ങളോടും അടുക്കും. പാപികളെ നിങ്ങളുടെ കരങ്ങള്‍ ശുദ്ധമാക്കുവിന്‍. ഇരട്ടത്താപ്പുകാരെ, ഹൃദയശുദ്ധി വരുത്തുവിന്‍" (യാക്കോ 4:8).

പഴയനിയമത്തില്‍ ലോത്തിന്‍റെ ഭാര്യയാണ് ഈ വിഭജിത ഹൃദയത്തിന്‍റെ മനുഷ്യാകാരം. "ലോത്തിന്‍റെകൂടെ ഭാര്യയും ഇറങ്ങി പുറപ്പെട്ടെങ്കിലും ഒരു വ്യത്യസ്ത മനോഭാവം ഉണ്ടാവുകയും ഏകാഗ്രതയോടെ വര്‍ത്തിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുകയാല്‍ അവള്‍ ഒരടയാളമായി പരിണമിച്ചു. ഇരുമനസ്സുള്ളവരും ദൈവശക്തിയെ സംശയിക്കുന്നവരും വിധിയിലേക്ക് ആനീതരാകുമെന്നും തലമുറകള്‍ക്കെല്ലാം ഒരു താക്കീതായി തീരുമെന്നും എല്ലാവരും മനസ്സിലാക്കുവാന്‍ അവള്‍ ഒരു ഉപ്പുതൂണായി തീരുകയും ഇന്നോളം നിലനില്ക്കുകയും ചെയ്യുന്നു" (വി. ക്ലെമന്‍റ്, 1 കോറി 11:2; ഉല്പ 19). 

മനസ്സില്‍ സംശയിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരാണ് വിഭജിതഹൃദയര്‍ എന്നു ഹെര്‍മസിന്‍റെ ഇടയനും സാക്ഷിക്കുന്നു (മൂന്നാം ദര്‍ശനം, 4:3). ഇവര്‍ക്കുള്ള നിര്‍ദ്ദേശം ഒന്നുമാത്രം: "ചഞ്ചല ചിത്തരേ, നിങ്ങള്‍ ഉറപ്പായി കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. കര്‍ത്താവ് എന്തിനും ശക്തനാണ്. തന്‍റെ കോപം നിങ്ങളില്‍നിന്നു നീങ്ങും. എന്നാല്‍, ഹൃദയത്തില്‍ സംശയിക്കുന്നവര്‍ക്ക് അവന്‍ ദണ്ഡനങ്ങള്‍ അയയ്ക്കും" (നാലാം ദര്‍ശനം, 2:6). ലക്ഷണം, ശകുനം, രാഹുകാലം തുടങ്ങിയവ നോക്കുന്നവരെ സമീപിച്ച് ഭാവികാര്യങ്ങളെപ്പറ്റി ആരായുന്നവരെയും വിഭജിത ഹൃദയരുടെ ഗണത്തിലാണ് ഹെര്‍മാസിന്‍റെ ഇടയന്‍ ഉള്‍പ്പെടുത്തുന്നത് (പതിനൊന്നാം കല്പന, 2-13). ഒമ്പതാമത്തെ കല്പനയില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: "ദൈവത്തോടുള്ള ബന്ധത്തില്‍ ചാഞ്ചല്യം കാണിക്കുന്നവരാണ് വിഭജിതഹൃദയമുള്ളവര്‍. ഇക്കൂട്ടര്‍ക്കു ദൈവത്തില്‍നിന്നൊന്നും ലഭിക്കുകയില്ല. വിശ്വാസത്തില്‍ പൂര്‍ണരാകട്ടെ, കര്‍ത്താവില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ടാണു പ്രാര്‍ത്ഥിക്കുന്നത്. സംശയം കൂടാതെയും അവിഭക്തഹൃദയത്തോടെയും ചോദിക്കുന്നതുകൊണ്ട് അവര്‍ ചോദിക്കുന്നതെല്ലാം അവര്‍ക്കു ലഭിക്കും. വിഭജിത ഹൃദയമുള്ളവര്‍ അനുതപിക്കുന്നില്ലെങ്കില്‍ രക്ഷപ്പെടുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് വിഭക്തമായ ഉദ്ദേശ്യത്തില്‍നിന്നു നിന്‍റെ ഹൃദയത്തെ ശുദ്ധീകരിക്കുക. വിശ്വാസം ശക്തമാകയാല്‍ അതു ധരിക്കുക. യാചിക്കുന്നതൊക്കെയും ദൈവം തരുമെന്നു വിശ്വസിക്കുകയും ചെയ്യുക. കര്‍ത്താവിനോട് എന്തെങ്കിലും ചോദിച്ചിട്ട് ലഭിക്കാന്‍ താമസിച്ചാല്‍, അതിന്‍റെ പേരില്‍ സംശയിക്കരുത്. നിന്‍റെ യാചനകള്‍ക്കുള്ള മറുപടി സാവധാനമായി പോകുന്നത് ഏതെങ്കിലും പരീക്ഷകള്‍ മൂലമോ നീ തന്നെയും ഓര്‍മ്മിക്കാത്ത ഏതെങ്കിലും തെറ്റുമൂലമോ ആകാം. അതുകൊണ്ട് നിന്‍റെ പ്രാര്‍ത്ഥന നിര്‍ത്തിക്കളയരുത്. അതു ശ്രവിക്കപ്പെടും. നിന്‍റെ പ്രാര്‍ത്ഥനയില്‍ മനസ്സു മടുക്കുകയും സംശയിക്കുകയും ചെയ്താല്‍, നീ ദാതാവിനെയല്ല, നിന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. വിഭജിതഹൃദയത്തിനെതിരേ ജാഗരൂകരായിരിക്കണം. കാരണം, അതു ദുഷ്ടവും അര്‍ത്ഥശൂന്യവുമാണ്. അത് അടിയുറച്ച വിശ്വാസികളെപ്പോലും വേരോടെ പിഴുതെറിയുന്നു. വിഭക്തഹൃദയം സാത്താന്‍റെ പുത്രിയാണ്. ദൈവദാസര്‍ക്ക് അതു വലിയ തിന്മ വരുത്തിവയ്ക്കുന്നു. ആയതിനാല്‍, വിഭജിതഹൃദയത്തെ വെറുക്കുക. സുശക്തമായ വിശ്വാസം ധരിച്ച് അതിന്മേല്‍ വിജയം നേടുക. കാരണം, വിശ്വാസം എല്ലാം വാഗ്ദാനം ചെയ്യുന്നു. എല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. വിഭക്തമായ ഹൃദയമാകട്ടെ ദുര്‍ബലനായ പിശാചില്‍നിന്നുള്ള ഭൗമികാരൂപിയാണ്. അതുകൊണ്ട്, ശക്തിയുള്ള വിശ്വാസത്തിനു കീഴ്പ്പെടുക. ശക്തിയില്ലാത്ത വിഭക്തോദ്ദേശ്യത്തില്‍നിന്നകന്നു മാറുക, നീ ദൈവത്തിനായി ജീവിക്കും. ഇപ്രകാരമുള്ളവരെല്ലാം ദൈവത്തിനായി ജീവിക്കും" (ഒമ്പതാം കല്പന, 5-12). ഇരുമനസ്സും ദ്വിജിഹ്വയും അരുത്. കാരണം, ഇരട്ടത്താപ്പ് മാരകമായ കെണിയാണ് (ഡിഡാക്കെ, 2:4) എന്നു ഡിഡാക്കെയിലും നമ്മള്‍ കാണുന്നു. ആര്‍ക്കും രണ്ടു യജമാനന്മാരെ സേവിക്കുക സാധ്യമല്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ദൈവത്തെയും മാമ്മോനെയും സേവിക്കാന്‍ സാധിക്കുകയില്ല (മത്താ 6:24) എന്ന കര്‍തൃവചനം തന്നെയാണ് വിഭജിത ഹൃദയത്തെക്കുറിച്ചുള്ള പ്രബോധനത്തിനു പിന്നില്‍.

jacob-1-5-8-the-double-standard-of-faith catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message