We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
യാക്കോബ് 1:22-25, വചനവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പ്
വചനം സ്വീകരിച്ചാല്‍ മാത്രംപോരാ, അത് അനുശാസിക്കുന്നതനുസരിച്ചു പ്രവര്‍ത്തിക്കുകകൂടി വേണം. വചനം കേള്‍ക്കുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നവര്‍ സ്വയം വഞ്ചിക്കുകയാണ്. ഗിരിപ്രഭാഷണത്തിന്‍റെ അവസാനഭാഗത്ത് ഈശോ ഇപ്രകാരം അരുളിച്ചെയ്യുന്നു: "എന്‍റെ കര്‍ത്താവേ, എന്‍റെ കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗീയപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്... എന്‍റെ വാക്കുകള്‍കേട്ട് അവയനുസരിച്ചു ജീവിക്കാത്തവന്‍ മണലില്‍ വീടുപണിത ഭോഷനായ മനുഷ്യനുതുല്യ നാണ്. മഴ പെയ്യുകയും നദികള്‍ ഒഴുകിവരികയും കാറ്റ് വീടിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തപ്പോള്‍ അതു വീണുപോയി. അതിന്‍റെ വീഴ്ച വലുതായിരുന്നു" (മത്താ 7:26-27). ഈശോയുടെ വാക്കുകളില്‍ വെളിവാക്കപ്പെട്ട സ്വര്‍ഗീയപിതാവിന്‍റെ ഹിതമനുസരിച്ചു ജീവിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തു ശിഷ്യര്‍. അവര്‍ക്കുള്ളതാണ് സ്വര്‍ഗരാജ്യം. വചനമനുസരിച്ചു ജീവിക്കുകയാണ് വചനം പ്രാവര്‍ത്തികമാക്കാനുള്ള ഏക വഴി.
വചനത്തെ ഒരു കണ്ണാടിയോടാണ് യാക്കോബ്ശ്ലീഹാ ഉപമിക്കുന്നത്. കണ്ണാടി നമ്മുടെ യഥാര്‍ത്ഥരൂപം കാണിച്ചുതരുന്നതുപോലെ, ദൈവവചനവും നാം എന്താണ്, എങ്ങനെയാണ് എന്നു വ്യക്തമാക്കിത്തരും. ഈശോയെന്ന ദൈവപുത്രനായ വ്യക്തിയിലാണ്, അവിടുത്തെ പ്രകാശത്തിലാണ് നമ്മുടെ യഥാര്‍ത്ഥ മഹത്വം വെളിവാകുന്നത്. നമ്മള്‍ ദൈവത്തിന്‍റെ മക്കളും ഈശോ മിശിഹായുടെ കൂട്ടവകാശികളുമാണല്ലോ. ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മള്‍ ഈശോമിശിഹായില്‍ പുതുജന്മം പ്രാപിച്ചിരിക്കയാല്‍ അവിടുത്തേക്കു സദൃശരായിരിക്കുന്നു. ഈശോയുടെ, അവിടുത്തെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ എന്തായിരിക്കുന്നു എന്നു വെളിവാകുന്നു.
സ്വന്തമുഖം നമുക്കു നേരിട്ടു കാണാനാവില്ല. കണ്ണാടിയിലേ കാണാന്‍ സാധിക്കൂ. നമ്മുടെ മുഖത്ത് എന്തെങ്കിലും ഭംഗിയല്ലാതെയുണ്ടെങ്കില്‍ അതും കണ്ണാടിയില്‍ നോക്കുമ്പോഴാണ് വ്യക്തമാകുന്നത്. അതു പോലെ, നമ്മിലെ ദൈവികഛായയിലും എന്തെങ്കിലും കളങ്കം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ദൈവവചനമാകുന്ന കണ്ണാടി വെളിവാക്കിത്തരും. വചനവെളിച്ചത്തില്‍ ജീവിതം പരിശോധിക്കുമ്പോള്‍ കുറവുകളും പോരായ്മകളും വെളിച്ചത്തുവരും. വചനം ശ്രവിച്ചിട്ട് അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ മുഖത്തെ കളങ്കം കണ്ണാടിയില്‍ കണ്ടമാത്രയില്‍ത്തന്നെ അതു വിസ്മരിക്കുകയും അതു മാറ്റുന്നതിനു യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ്. വചനം വായിക്കാനോ ശ്രവിക്കാനോ ലഭിക്കുന്ന അവസരം പലരും ഒഴിവാക്കുന്നത് സ്വന്തം കുറവുകള്‍ കാണാനിഷ്ടമില്ലാത്തതുകൊണ്ടും അതു പരിഹരിക്കാനാഗ്രഹിക്കാത്തതു കൊണ്ടുമാണ്.
ഈശോയില്‍ വെളിവാക്കപ്പെട്ട ദൈവവചനത്തെ സ്വാതന്ത്ര്യത്തിന്‍റെ നിയമം, പൂര്‍ണ നിയമം, ദൈവികനിയമം എന്നൊക്കെയാണു യാക്കോബ്ശ്ലീഹാ വിശേഷിപ്പിക്കുന്നത് (യാക്കോ 1:25; 2:8-12). ദൈവവചനമായ ഈശോ സര്‍വവിധ ബന്ധനങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുന്നതുകൊണ്ട് അവിടുന്നു സ്വാതന്ത്ര്യത്തിന്‍റെ നിയമമാണ്. പൗലോസ്ശ്ലീഹാ എഴുതുന്നു: "ഈശോമിശിഹായിലുള്ള ജീവാത്മാവിന്‍റെ നിയമം പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍നിന്നും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈവത്തെ "ആബാ". "ആബൂന്‍" "പിതാവേ", "ഞങ്ങളുടെ പിതാവേ", എന്നു വിളിക്കാന്‍ നമ്മെ മക്കളാക്കുന്ന ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. നാം ദൈവത്തിന്‍റെ മക്കളാണെന്ന് ഈ ആത്മാവ് നമുക്കു സാക്ഷ്യം നല്കുകയും ചെയ്യുന്നു" (റോമാ 8:2;15:17). മക്കളുടെ സ്വാതന്ത്ര്യത്തിലേക്കു നമ്മെ നയിക്കുന്ന ആത്മാവാണ് ദൈവത്തിന്‍റെ വചനം. ഗലാത്തിയായിലെ സഭയ്ക്കെഴുതുമ്പോള്‍ പൗലോസ് ശ്ലീഹാ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു: "എന്‍റെ സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആ സ്വാതന്ത്ര്യം ജഡിക കാര്യങ്ങള്‍ക്കുവേണ്ടി ആകരുതെന്നു മാത്രം. പ്രത്യുത, സ്നേഹത്തോടെ അന്യോന്യം സേവിക്കുവിന്‍. എന്തെന്നാല്‍, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ഒറ്റ വാക്യത്തില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു" (ഗലാ 5:13-14). സ്വാതന്ത്ര്യത്തിന്‍റെ നിയമം സഹോദര സ്നേഹത്തിന്‍റെ നിയമമായാണ് പൗലോസ്ശ്ലീഹാ അവതരിപ്പിക്കുന്നത്. ഇതുതന്നെയാണു യാക്കോബ്ശ്ലീഹായും ചെയ്യുന്നത്. അദ്ദേഹം എഴുതുന്നു: "നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് എഴുതിയിരിക്കുന്ന ദൈവനിയമം പാലിക്കുന്നെങ്കില്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു" (യാക്കോ 2:8). ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്ത്യദിനത്തില്‍ നമ്മള്‍ വിധിക്കപ്പെടാനിരിക്കുന്നതും (മത്താ 25:31-46). "അതിനാല്‍, സ്വാതന്ത്ര്യത്തിന്‍റെ നിയമത്താല്‍ വിധിക്കപ്പെടേണ്ടവരെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍" (യാക്കോ 2:12) എന്നും യാക്കോബ് നമ്മെ ഉദ്ബോധി പ്പിക്കുന്നു.
ചുരുക്കത്തില്‍, ദൈവവചനത്തോടുള്ള വിധേയത്വം സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാണ്. കാരണം, അവിടുത്തെ നിയമം സ്വാതന്ത്ര്യത്തിന്‍റെ നിയമമാണ്. അതു സന്തോഷത്തിലേക്കുള്ള മാര്‍ഗമാണ്. അവിടെ സ്വാതന്ത്ര്യത്തിന്‍റെ നിഷേധമില്ല. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമാണുള്ളത്. ഈ നിയമത്തിന്‍റെ ദാതാവായ ദൈവം പരിപൂര്‍ണനായതുകൊണ്ട് ഇതു പൂര്‍ണതയുടെ നിയമവുമാണ്. ഈ ദൈവിക നിയമത്തില്‍ ഉറച്ചുനില്ക്കുന്നവന്‍ തന്‍റെ എല്ലാ പ്രവൃത്തി കളിലും അനുഗൃഹീതനാകും.
jacob-1-22-25-the-double-standard-associated-with-the-word catholic malayalam Dr. Andrews Mekattukunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206