x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 1:2-4, വിശ്വാസപരീക്ഷകള്‍

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 1:2-4, വിശ്വാസപരീക്ഷകള്‍

വിവിധ പരീക്ഷകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ അധികമായി സന്തോഷിക്കുവിന്‍ (1:2) എന്ന ആഹ്വാനത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. പരീക്ഷകളുടെ സ്വഭാവത്തെക്കുറിച്ചു പരാമര്‍ശിക്കാതെ വളരെ പൊതുവായി മാത്രമാണ് സംസാരിക്കുന്നത്. 12-ാം വാക്യത്തില്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ബാഹ്യമായ പരീക്ഷണങ്ങളാണോ 13-14 വാക്യങ്ങളിലേതുപോലെ ആന്തരിക പ്രലോഭനങ്ങളാണോ എന്നു വ്യക്തമല്ല. രണ്ടായാലും ക്രിസ്ത്യാനികളെ സംബന്ധിച്ച് പരീക്ഷകള്‍ ഏതുവിധേനയും ഒഴിവാക്കപ്പെടേണ്ടവയല്ല; മറിച്ച്, വിശ്വാസവളര്‍ച്ചയ്ക്കുപകരിക്കുന്ന അവസരങ്ങളാണ് എന്നു പഠിപ്പിക്കുകയാണ് യാക്കോബിന്‍റെ ലക്ഷ്യം. സന്തോഷത്തെക്കുറിച്ചുള്ള സാധാരണ മനുഷ്യന്‍റെ ചിന്തയില്‍ പരീക്ഷണങ്ങള്‍ക്കോ ക്ലേശങ്ങള്‍ക്കോ സ്ഥാനമില്ല. അവയില്ലാതിരിക്കുന്ന അവസ്ഥയെയാണ് പൊതുവേ സന്തോഷമായി കരുതാറ്. എന്നാല്‍, ക്രിസ്തുവിശ്വാസിയെ സംബന്ധിച്ച് അങ്ങനെയല്ല. അവന്‍റെ ജീവിതത്തിനര്‍ത്ഥവും ലക്ഷ്യവുമുണ്ടാകുന്നത് മിശിഹായുടെ മനോഭാവം ഉണ്ടാകുമ്പോഴാണ്. അവിടുത്തേക്കു പരീക്ഷകളോടുണ്ടായിരുന്ന സമീപനമാണ് അവിടുത്തെ ശിഷ്യനുമുണ്ടാകേണ്ടത് എന്നാണ് യാക്കോബ് ഉദ്ബോധിപ്പിക്കുന്നത്. ക്രിസ്തുശിഷ്യനാകുന്നതുകൊണ്ട് ആരും സഹനങ്ങള്‍ക്ക് അതീതനാകുന്നില്ല. പരീക്ഷകളെ വ്യത്യസ്ത കണ്ണുകളോടെ വീക്ഷിക്കാനും അവയില്‍നിന്നു ഫലം നേടാനും സഹായിക്കുന്നു എന്നതാണു ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രത്യേകത.

പരീക്ഷകളാണു വിശ്വാസത്തിന്‍റെ മാറ്റു തെളിയിക്കുന്നത്. ഒരു വ്യക്തിയുടെ വിശ്വാസത്തിന്‍റെ ആഴം - വിശ്വാസസ്ഥിരത - വെളിവാകുന്നതു പരീക്ഷിക്കപ്പെടുമ്പോഴാണ്, പൂര്‍വപിതാവായ അബ്രാഹത്തിന്‍റെ കാര്യത്തിലെന്നപോലെ. ക്രൈസ്തവര്‍ പൂര്‍ണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരുമായി ത്തീരുന്നത് വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ ക്ഷമയോടെ നേരിടുമ്പോഴാണ്.

വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ പരാമര്‍ശിച്ചുകൊണ്ടാണ് വി. യാക്കോബ് തന്‍റെ ലേഖനം ആരംഭിക്കുന്നത്. എന്‍റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ (യാക്കോ 1:2-3). പരീക്ഷയെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിന് (ുലശൃമാീെെ) പാപത്തിലേക്കു നയിക്കാവുന്ന സാഹചര്യം, അവസരം എന്നൊക്കെ അര്‍ത്ഥമുണ്ട്. പ്രലോഭനം എന്ന അര്‍ത്ഥവും ഈ പദത്തിനുണ്ട്. ഈശോമിശിഹായിലുള്ള വിശ്വാസത്തിനു ഹാനികരമായേക്കാവുന്ന പരീക്ഷകളെ അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തിനാണ് യാക്കോബ്ശ്ലീഹാ എഴുതുന്നത് എന്ന് ഇതില്‍ നിന്നനുമാനിക്കാം. വിശ്വാസത്തിന്‍റെപേരില്‍ പീഡനമോ, സഹനമോ ഉണ്ടാകുമ്പോള്‍, വീണുപോകാതെ, അധികമായി സന്തോഷിക്കുവാനാണ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്.

വിശ്വാസപരീക്ഷകളുണ്ടാകുമ്പോള്‍ ആഹ്ലാദിക്കാനുള്ള ക്ഷണം ഗിരിപ്രഭാഷണത്തിന്‍റെ ആരംഭത്തില്‍ ഈശോ തന്നെയും നല്കിയിട്ടുള്ളതാണ്. മനുഷ്യര്‍ എന്നെപ്രതി നിങ്ങളെ പീഡിപ്പിക്കുകയും നിങ്ങള്‍ക്കെതിരേ സകല ദൂഷണങ്ങളും വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍. കാരണം, സ്വര്‍ഗരാജ്യത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (മത്താ 5:11-12). ഈശോയില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ സഹന പരീക്ഷകള്‍ ഉണ്ടാകുമെന്ന് അവിടുന്നു മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. അവിടുന്നു പോയ വഴി സഹനത്തിന്‍റേതായിരുന്നതിനാല്‍ അവിടുത്തെ അനുഗമിക്കുന്നവരുടെ മാര്‍ഗവും വ്യത്യസ്തമായിരിക്കില്ല. നമ്മുടെ കര്‍ത്താവിന്‍റെ ഈ വാക്കുകളെ പരീക്ഷകളെ നേരിടുന്ന വിശ്വാസികള്‍ക്കായി യാക്കോബ്ശ്ലീഹാ വ്യാഖ്യാനിക്കുകയാണ്.

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് അതില്‍ സ്ഥിരത ലഭിക്കുന്നത്. വിശ്വാസത്തിന്‍റെ ആഴവും ഉറപ്പും വ്യക്തമാക്കാന്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്, സ്വര്‍ണത്തിന്‍റെ മാറ്ററിയാന്‍ അഗ്നിശുദ്ധി ആവശ്യമായിരിക്കുന്നതുപോലെ. പ്രഭാഷകന്‍റെ പുസ്തകത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: ڇഎന്‍റെ മകനേ, നീ കര്‍തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്‍റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ. ആപത്തില്‍ അടി പതറരുത്. അവിടുത്തോടു വിട്ടകലാതെ ചേര്‍ന്നുനില്ക്കുക. നിന്‍റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം  സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരുംڈ (പ്രഭാ 2:1-5). കര്‍തൃശുശ്രൂഷയില്‍  പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. ഹൃദയം അവക്രവും അചഞ്ചലവുമായി കാത്തു സൂക്ഷിച്ച് ഒരുങ്ങിയിരിക്കുക എന്നതാണ് പ്രലോഭനങ്ങളെ തരണം ചെയ്യുന്നതിനുള്ള മാര്‍ഗം. ശാന്തത കൈവിടാതെയും അടിപതറാതെയും കര്‍ത്താവിനോടു ചേര്‍ന്നുനിന്നാല്‍ പരീക്ഷകളില്‍ വിജയം സുനിശ്ചിതം. അന്ത്യദിനങ്ങള്‍ ധന്യം. വി. പത്രോസ്ശ്ലീഹായും ഇതെക്കുറിച്ചുതന്നെയാണു പ്രതിപാദിക്കുന്നത്. ڇഇപ്പോള്‍, അല്പകാലത്തേക്ക്, പലവിധ പരീക്ഷണങ്ങളാല്‍ നിങ്ങള്‍ പീഡകള്‍ സഹിക്കുന്നെങ്കിലും, അക്കാരണത്താല്‍ നിങ്ങള്‍ എന്നും സന്തോഷിക്കും. നിങ്ങളുടെ വിശ്വാസത്തിന്‍റെ മാറ്റ് അഗ്നിയാല്‍ ശുദ്ധിചെയ്തെടുക്കുന്ന നശ്വരമായ സ്വര്‍ണത്തിന്‍റേതിനെക്കാള്‍ ഉത്കൃഷ്ടമാണെന്ന് ഈശോമിശിഹാ പ്രത്യക്ഷപ്പെടുമ്പോള്‍ അറിയാനിടയാകും. അതു നിങ്ങള്‍ക്കു സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും കാരണമാകുംڈ (1 പത്രോ 1:6-7). സ്ഥിരചിത്തരായി ഏകാഗ്രതയോടെ വിശ്വാസത്തില്‍ ഉറച്ചു നില്ക്കാനുള്ള ആഹ്വാനത്തോടെയാണു യാക്കോബ്ശ്ലീഹാ ലേഖനമാരംഭിക്കുന്നത്.

വിശ്വാസസ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കാന്‍ ഇടയാകട്ടെ എന്നാണു ശ്ലീഹായുടെ ആശംസ. അതുവഴി വിശ്വാസികള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആയി ഭവിക്കും എന്നും ശ്ലീഹാ ഉറപ്പുതരുന്നു. ദൈവത്തോടുള്ള വിധേയത്വം, ദൈവികശുശ്രൂഷയിലുള്ള സമര്‍പ്പണം എന്നൊക്കെയാണ് പൂര്‍ണതയെ സൂചിപ്പിക്കാനുപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിനര്‍ത്ഥം. വിശ്വാസം ഇതൊക്കെ തന്നെയാണല്ലോ. പിതാവിന്‍റെ ഇഷ്ടം നിറവേറ്റിയ സഹനത്തിലൂടെ സമ്പൂര്‍ണനാക്കപ്പെട്ടവനാണ് ഈശോ എന്നു ഹെബ്രായലേഖകന്‍ സമര്‍ത്ഥിക്കുമ്പോള്‍ ഉദ്ദേശിക്കുന്നതും ഈ വിധേയത്വവും സമര്‍പ്പണവുമാണ്.

ڇനിങ്ങളുടെ സ്വര്‍ഗീയപിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍ڈ (മത്താ 5:48) എന്ന് ഈശോ കല്പ്പിച്ചിട്ടുണ്ടല്ലോ. ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്ന സ്വര്‍ഗീയ പിതാവിന്‍റെ മനോഭാവം ഉള്‍ക്കൊള്ളുകയാണ് പരിപൂര്‍ണരാകാനുള്ള വഴി എന്നും അവിടുന്നു പഠിപ്പിച്ചു. പരിപൂര്‍ണനാവുക എന്നാല്‍ നിത്യജീവന്‍ പ്രാപിക്കുകയാണ് എന്ന് മറ്റൊരവസരത്തില്‍ അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട് (മത്താ 19:16-23). നിത്യജീവന്‍ പ്രാപിക്കാന്‍ എന്തു ചെയ്യണമെന്ന ചോദ്യവുമായി വന്ന യുവാവിനോട് അവിടുന്നരുളിച്ചെയ്തു: ڇനീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും.ڈ സഹോദരസ്നേഹത്തോടു ബന്ധപ്പെടുത്തിയാണ് അവിടുന്നു പൂര്‍ണത നിര്‍വചിക്കുന്നത്. സഹോദരസ്നേഹമാണ് ക്രൈസ്തവ പരിപൂര്‍ണതയുടെ മാനദണ്ഡം. സ്നേഹത്തില്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പൂര്‍ണരാക്കപ്പെടുന്നു എന്നു വി. ക്ലെമന്‍റ് കോറിന്തോസിലെ സഭാംഗങ്ങള്‍ക്കെഴുതുന്നു (49:5). സ്മിര്‍ണായിലെ സഭയ്ക്കെഴുതുമ്പോള്‍ വി. ഇഗ്നേഷ്യസ് ഇപ്രകാരം എഴുതുന്നു: നിങ്ങള്‍ പൂര്‍ണരാണ്; നിങ്ങളുടെ തീരുമാനങ്ങളും പരിപൂര്‍ണമായിരിക്കണം. നന്മ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ദൈവം നിശ്ചയമായും നിങ്ങളുടെ സഹായത്തിനെത്തും (വി. ഇഗ്നേഷ്യസ്, സ്മിര്‍ണായിലെ സഭയ്ക്കെഴുതിയ ലേഖനം, 11:3).

jacob-1-2-4-trials-of-faith catholic malayalam mananthavady diocese Dr. Andrews Mekkattukkunnel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message