We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekattukunnel On 02-Feb-2021
യാക്കോബ് 1:1, ആമുഖവാചകം
പുരാതന ലേഖനങ്ങളുടെ ശൈലിയാണ് യാക്കോബ് തുടരുന്നത്. എഴുതുന്ന ആളിനെയും സ്വീകര്‍ത്താക്കളെയുംകുറിച്ചു പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ആരംഭിക്കുന്നു. ആശംസാവചനങ്ങളും ഈ പൊതുശൈലിയുടെ ഭാഗമാണ്. വായനക്കാര്‍ക്കു സുപരിചിതനായിരുന്നതുകൊണ്ട് അധികം വിശദീകരണങ്ങളില്ലാതെ, യാക്കോബ് എന്നു മാത്രം പറയുന്നു. ജറുസലേം സഭയുടെ തലവനും കര്‍ത്താവിന്‍റെ സഹോദരന്‍ എന്നറിയപ്പെട്ടിരുന്നവനുമായ യാക്കോബിനെ അറിയാത്തവര്‍ ആദിമസഭയില്‍ ഉണ്ടായിരുന്നില്ല. ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെയും ദാസന്‍ എന്ന് സ്വയം വിശേഷിപ്പിക്കാനാണദ്ദേഹം ഇഷ്ടപ്പെടുന്നത്. പഴയനിയമത്തില്‍ ദൈവശുശ്രൂഷയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരുന്ന ആരെയും ദൈവദാസര്‍ എന്നു വിളിച്ചിരുന്നു. പ്രത്യേകിച്ച്, പൂര്‍വപിതാക്കന്മാര്‍, പ്രവാചകര്‍ തുടങ്ങി ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരുന്നവര്‍ ദൈവദാസര്‍ എന്നാണറിയപ്പെട്ടിരുന്നത്. പുതിയനിയമത്തില്‍ ഈ പദം താരതമ്യേന കുറവാണ്. വെളി 15:3 ല്‍ മോശയെ ദൈവദാസന്‍ എന്നു വിളിക്കുന്നുണ്ട്. വിശ്വാസികളെ ഉദ്ദേശിച്ചു പൊതുവായി 2 തിമോ 2:24; 1 പത്രോ 2:16; വെളി 7:3 തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും നേതൃസ്ഥാനത്തുള്ള ഒരു വ്യക്തിയെ സൂചിപ്പിക്കാനായി ഇവിടെയും തീത്തൂസ് 1:1 ലും മാത്രമേ ഉപയോഗിച്ചു കാണുന്നുള്ളൂ. സഭാനേതൃത്വത്തിലുള്ളവരെ ഉദ്ദേശിച്ച് ഈശോമിശിഹായുടെ ദാസന്‍ എന്ന പ്രയോഗമാണ് പൊതുവേ കാണുന്നത് (റോമാ 1:1; ഗലാ 1:10; ഫിലി 1:1 കൊളോ 4:12; 2 പത്രോ 1:1 യൂദാ 1).
ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കാണ് യാക്കോബ്ശ്ലീഹാ എഴുതുന്നത്. ഇസ്രായേല്‍ ജനം മുഴുവനെയും ഉദ്ദേശിച്ചാണ് പന്ത്രണ്ടു ഗോത്രങ്ങള്‍ എന്നു പൊതുവേ പറയാറ്. ഇത് പുതിയ ഇസ്രായേലായ ക്രിസ്തുവിശ്വാസകളെ മുഴുവനും സൂചിപ്പിക്കുന്നു. പലസ്തീനായ്ക്കു വെളിയില്‍ പാര്‍ത്തിരുന്ന യഹൂദരാണ് ചിതറിപ്പാര്‍ക്കുന്നവര്‍.
യഹൂദമതത്തിന്‍റെ സ്വാഭാവികപൂര്‍ത്തീകരണമാണ് ക്രിസ്തുമതം. പഴയതിനെ ഇല്ലാതാക്കാനല്ല, പൂര്‍ത്തീകരിക്കാനാണ് ദൈവപുത്രന്‍ മനുഷ്യനായവതരിച്ചത്. ആദിമക്രൈസ്തവരെ യഹൂദസഹോദരരില്‍നിന്നു വ്യത്യസ്തരായി കണ്ടില്ല. ആദിമക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥം യഹൂദരുടേതുതന്നെയായിരുന്നല്ലോ. ആരാധനാവിധികളും പ്രാര്‍ത്ഥനാരീതികളുമെല്ലാം യഹൂദരുടേതുതന്നെയായിരുന്നു. ജറുസലേം ദൈവാലയത്തിലും സിനഗോഗുകളിലുമാണവര്‍ പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നത്. യഹൂദവിശ്വാസത്തിന്‍റെ സ്വാഭാവിക വളര്‍ച്ചയായി മാത്രമേ അവര്‍ തങ്ങളുടെ വിശ്വാസത്തെ കണ്ടുള്ളൂ. ഈ ചിന്തയും അവസ്ഥയും വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ലേഖനമാണ് യാക്കോബിന്‍റേത്. ഈ ലേഖനത്തിന്‍റെ ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ യഹൂദരോടാണോ ക്രൈസ്തവരോടാണോ ലേഖനകര്‍ത്താവു സംസാരിക്കുന്നതെന്നു സംശയം തോന്നും. അതുകൊണ്ടുതന്നെ യാക്കോബ് ഒരു യഹൂദകൃതി ക്രൈസ്തവസമൂഹത്തിനായി അനുരൂപപ്പെടുത്തിയതാണ് ഈ ലേഖനമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അപ്രകാരമൊരു യഹൂദകൃതിയെക്കുറിച്ച് നമുക്കറിവില്ലാത്തതിനാല്‍, ഇപ്രകാരമൊരു സാങ്കല്പികസിദ്ധാന്തത്തിനു പ്രസക്തിയില്ല.
യാക്കോബ് എന്ന ഗ്രന്ഥകര്‍ത്താവിന്‍റെ പേര് പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രസക്തമാണല്ലോ. പൂര്‍വപിതാവായ യാക്കോബ് പന്ത്രണ്ടു ഗോത്രങ്ങള്‍ക്കു നല്കിയ അനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ചിതറിപാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായുള്ള യാക്കോബിന്‍റെ ഈ ലേഖനം. പുതിയനിയമത്തിലും ഒന്നിലധികം യാക്കോബുമാര്‍ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ഇതില്‍ ഏതു യാക്കോബാണു ഗ്രന്ഥകര്‍ത്താവെന്നു വ്യക്തമാക്കാത്തതു ബോധപൂര്‍വമായിരിക്കണം. ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെയും ദാസന്‍ എന്ന വിശേഷണവും പഴയനിയമ-പുതിയനിയമ ബന്ധം സൂചിപ്പിക്കുന്നതാണ്. ഇപ്രകാരമൊരു ലേഖനമെഴുതുന്നതിനു തനിക്കുള്ള ആധികാരികത വ്യക്തമാക്കാന്‍കൂടിയാണ് ഈ വിശേഷണം ചേര്‍ത്തിരിക്കുന്നത്. ദൈവദാസന്‍ എന്ന നിലയില്‍ നിര്‍വഹിക്കുന്ന ശുശ്രൂഷ സഹോദരോന്മുഖമാണ്. ദൈവത്തിന്‍റെ മനസ്സ് ദൈവജനത്തിനു വ്യാഖ്യാനിച്ചു നല്കുകയാണ് ദൈവദാസന്‍റെ കടമ. സ്വീകര്‍ത്താക്കളുടെ പ്രതികരണം എന്തുതന്നെയായിരുന്നാലും ധൈര്യപൂര്‍വം ദൈവഹിതം ജനത്തെ അറിയിക്കുവാന്‍ ദൈവത്തിന്‍റെ വക്താവിനു ശക്തി ലഭിക്കുന്നത് താന്‍ ശുശ്രൂഷിക്കുന്നതു ദൈവത്തെയാണ് എന്ന ബോദ്ധ്യമാണ്.
preface jacobe:1:1 Dr. Andrews Mekkattukkunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206