We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ബൈബിള്‍ മാത്രമാണോ ദൈവവചനം? എന്താണ് ദൈവനിവേശനം? (സഭാപ്രബോധനങ്ങള്‍)
കത്തോലിക്കാസഭയില്‍ വചനവ്യാഖ്യാനത്തെക്കുറിച്ച് പലവിധ അഭിപ്രായങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുമ്പോൾ തിരുസ്സഭയുടെ പ്രബോധനാധികാരം എന്തു പഠിപ്പിക്കുന്നുവെന്ന് ശ്രദ്ധിക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. എത്ര പ്രശസ്തനായ വൈദികനായാലും എത്ര ധ്യാനപ്രസംഗകനായാലും അവര്‍ അബദ്ധങ്ങള്‍ പഠിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നത് തിരുസ്സഭയുടെ ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും ദൈവവചനം എന്നതുകൊണ്ട് എന്താണ് തിരുസ്സഭ ഉദ്ദേശിക്കുന്നത് എന്നു പോലും മനസ്സിലാക്കാന്‍ ചില അമിത(അന്ധ)വിശ്വാസികള്‍ക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ അവര്‍ ശ്രമിക്കാറില്ല. സഭാപ്രബോധനങ്ങളില്‍ നിന്ന് ദൈവവചനം എന്താണ് എന്നതിനെക്കുറിച്ച് ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം.
ദൈവവചനം ബൈബിള്‍ മാത്രമല്ല
ബൈബിളിനെക്കുറിച്ച് തെറ്റായി ധരിച്ചുവച്ചിരിക്കുന്നവര്‍ ഇതുകേട്ട് പരിഭ്രമിക്കേണ്ട. പരിശുദ്ധ കത്തോലിക്കാതിരുസ്സഭ “ദൈവവചനം” (Word of God) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എഴുതപ്പെട്ട വചനങ്ങളായ വിശുദ്ധ ഗ്രന്ഥം (Holy Scripture) മാത്രമല്ല വിശുദ്ധ പാരമ്പര്യവും (Holy Tradition) കൂടിയാണ്. പത്രോസിന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ എ.ഡി. 65-നു ശേഷം മര്‍ക്കോസ് ആദ്യസുവിശേഷമെഴുതുമ്പോള്‍ ഏതാണ്ട് 30-ലധികം വര്‍ഷം പത്രോസ് സഭയില്‍ വിശ്വാസം പ്രഘോഷിച്ചു കഴിഞ്ഞിരുന്നു. മര്‍ക്കോസ് (ഇന്നത്തെ 16 അദ്ധ്യായങ്ങള്‍) എഴുതിയത് ആ പ്രഘോഷണത്തിന്‍റെ ആയിരത്തില്‍ ഒരംശം മാത്രമാണ്. എഴുതപ്പെടാത്ത പ്രബോധനങ്ങള്‍ എഴുതപ്പെട്ട മര്‍ക്കോസിന്‍റെ സുവിശേഷത്തോടൊപ്പം തിരുസ്സഭ സ്വീകരിക്കുന്നു. അതിനാലാണ് ദൈവവചനം എന്നത് എഴുതപ്പെട്ട വചനവും (Written Word) എഴുതപ്പെടാത്ത പാരമ്പര്യവും (Unwritten Tradition) ചേര്‍ന്നതാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നത്.
ദൈവവചനത്തിലുള്ള വിശ്വാസത്തെക്കുറിച്ച് ആധുനികകാലത്ത് പഠിപ്പിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ “ദൈവാവിഷ്കരണം” (Dei Verbum) എന്ന പ്രമാണരേഖ വി. ലിഖിതങ്ങളും വി. പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്: “വി. ലിഖിതങ്ങളും പാരമ്പര്യവും തമ്മില്‍സുദൃഢമായ ബന്ധവും വിനിമയവും ഉണ്ട്. എന്തെന്നാല്‍ അവ രണ്ടിന്റേയും ഉത്ഭവം ഒരേ ഒരു ദിവ്യസ്രോതസ്സില്‍ നിന്നാണ്. രണ്ടും ഒന്നായിച്ചേര്‍ന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു (… come together in some fashion to form one thing, and move towards the same goal)” (DV, 9).
എഴുതപ്പെട്ട വചനമാണോ പാരമ്പര്യമാണോ പ്രധാനം എന്ന ചോദ്യം ഉദിക്കുന്നില്ല. രണ്ടും തുല്യപ്രാധാന്യമുള്ളതാണ്: “പരിശുദ്ധാരൂപിയുടെ നിവേശനത്താല്‍ ദൈവവചനം ലിഖിതരൂപത്തിലേക്ക് പകര്‍ത്തിയിരിക്കുന്നതിനാല്‍ വി. ലിഖിതങ്ങള്‍ ദൈവവചസ്സുകളാണ്. അതേസമയം കര്‍ത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്മാരെ എല്പിച്ചിട്ടുള്ള ദൈവവചനം അവരുടെ പിൻഗാമികള്‍ക്ക് പാരമ്പര്യം വഴി തീര്‍ത്തും കലര്‍പ്പില്ലാതെ ലഭിക്കുന്നു (tradition transmits in it’s entirety എന്നാണ് ഇംഗ്ലീഷ് പരിഭാഷ)” (DV, 9). ഒപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു, “ദൈവികവെളിപാടിലെ എല്ലാക്കാര്യങ്ങളെയും കുറിച്ചുള്ള അറിവും ബോദ്ധ്യവും വി. ലിഖിതങ്ങളില്‍ നിന്ന് മാത്രമല്ല തിരുസ്സഭക്ക് ലഭിക്കുന്നത്”(DV, 9).
ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു വാചകം കൂടി ഈ ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷന്റെ ആമുഖത്തില്‍ തിരുസ്സഭാമാതാവ് ചൂണ്ടിക്കാണിക്കുന്നു: “വി. ഗ്രന്ഥം മനസ്സിലാകണമെങ്കില്‍ പാരമ്പര്യം കൂടിയേ തീരു. കാരണം, വി. ലിഖിതങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും പാരമ്പര്യത്തില്‍ നിന്നാണ് ലഭിക്കുക.പോരെങ്കില്‍ നിരന്തരമായ വ്യാഖ്യാനവും വിശദീകരണങ്ങളും വി. ലിഖിതങ്ങള്‍ക്കാവശ്യമാണ്. ഇക്കാരണങ്ങളാല്‍ വി.ലിഖിതങ്ങളും പാരമ്പര്യവും തിരുസ്സഭയുടെ പ്രബോധനാധികാരവും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്” (DV, introduction).
കത്തോലിക്കാസഭ ദൈവവചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ബൈബിള്‍മാത്രമല്ല, പാരമ്പര്യവും കൂടിച്ചേര്‍ന്നതാണ് ഇവയെ തമ്മില്‍ ബന്ധിപ്പെടുത്തി വിശ്വാസത്തെയും ധാര്‍മ്മികതയെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ആധികാരികമായി പഠിപ്പിക്കാന്‍ അധികാരമുള്ളത് ഇവയുടെ ഉത്തരവാദിത്വപൂര്‍ണമായ ശുശ്രൂഷക്ക്/ കൈകാര്യത്തിന് ഭരമേത്പിക്കപ്പെട്ടിരിക്കുന്ന തിരുസ്സഭയുടെ പ്രബോധനാധികാരത്തിന് മാത്രമാണ്.
എന്താണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ദൈവനിവേശനം (Divine Inspiration)?
വിശുദ്ധ ഗ്രന്ഥ രചയിതാക്കളെ തങ്ങളുടെ രചനയില്‍ ദൈവം സഹായിച്ച രീതിയെയാണ് ദൈവനിവേശനം എന്നതുകൊണ്ട് തിരുസഭ അര്‍ത്ഥമാക്കുന്നത്. ഈ ആശയത്തില്‍ നാലു വസ്തുതകള്‍ അടങ്ങിയിട്ടുണ്ട്:
1.വിശുദ്ധ ഗ്രന്ഥപുസ്തകങ്ങളുടെ രചനയില്‍ പരിശുദ്ധാത്മാവിന്റെ വ്യക്തമായ പ്രചോദനം രചയിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
2. ദൈവാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ടതിനാല്‍ ദൈവം ആഗ്രഹിച്ചവ മാത്രമേ വി. ഗ്രന്ഥത്തിലുള്ളു.
3. ദൈവികമായ വിഷയങ്ങളിലെ പ്രബോധനങ്ങളില്‍ വിശുദ്ധ ഗ്രന്ഥത്തിന് തെറ്റുപറ്റുകയില്ല.
4. രചയിതാക്കളുടെ തനത് ഭാഷാശൈലിയും ദൈവശാസ്ത്രവിചിന്തനങ്ങളും രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ദൈവിവേശനം ഒരു ദൈവികപ്രവൃത്തിയാണ്. ഈ പ്രവൃത്തി വഴി സംഭവിച്ചതെന്താണ്? മാനുഷികമായ രീതിയിലും വാക്കുകളിലും ദൈവാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ട തിരുലിഖിതങ്ങളെ ദൈവികവെളിപാടിന്റെ (Revelation) മാനദണ്ഡമാക്കി മാറ്റുകയാണ് ഇവിടെ സംഭവിച്ചത് (ഡോ. ജോസഫ് പാംപ്ലാനി, വിശ്വാസവും വ്യാഖ്യാനവും, പേജ് 60). ബൈബിളും പാരമ്പര്യവും ഒന്നിക്കുന്ന ദൈവവചനത്തിന്റെ ആധികാരികതയുടെ മാനദണ്ഡമാണ് ദൈവനിവേശനം എന്ന് ലളിതമാക്കി പറയാം.
ചില പ്രശ്നങ്ങള്‍
ദൈവവചനം ദൈവനിവേശിതമെങ്കില്‍ എന്തുകൊണ്ടാണ് ബൈബിളിലെ പുസ്തകങ്ങള്‍ തമ്മില്‍ ആശയപരമായ വ്യത്യാസമുള്ളത്? പരസ്പരവിരുദ്ധമായ നിരവധി വചനങ്ങള്‍ കാണാമല്ലോ? ഒരിക്കലും ക്രിസ്തീയസങ്കല്പത്തിലുള്ള ദൈവത്തിന് അംഗീകരിക്കാനാവാത്ത ചില വചനഭാഗങ്ങളും ഉണ്ടല്ലോ (ഉദാ: “നിന്‍റെ കുഞ്ഞുങ്ങളെപ്പിടിച്ച് പാറമേലടിക്കുന്നവന്‍ അനുഗ്രഹീതന്‍” – സങ്കീ. 137,9)? അസ്തിത്വചിന്തയുടെയും നിരീശ്വരവാദചിന്തയുടെയും സ്വാധീനം പല ഭാഗങ്ങളിലും കാണാമല്ലോ? ശരിയല്ലാത്ത ചരിത്രവിവരണങ്ങളും ശാസ്ത്രസത്യങ്ങളും ഉണ്ടല്ലോ? ചില ധാര്‍മ്മികനിയമങ്ങളും ശിക്ഷകളും ദൈവികമാണെന്ന് പറയാനാകുമോ? ബൈബിളിലെ ഇരുണ്ട വചനങ്ങളെന്ന് വിളിക്കപ്പെടുന്നവ, ദുര്‍ഗ്രഹമായവ, ആശയവ്യക്തതയില്ലാത്തവ എങ്ങനെ സംഭവിച്ചു…ദൈവനിവേശനം ഓരോ വാക്യത്തിലുമല്ല, ദൈവവചനത്തിന് ആകമാനമാണ് (Scripture + Tradition)
ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുബോഴാണ് സഭാപ്രബോധനങ്ങളെ അടിസ്ഥാനമാക്കി വിശുദ്ധ ഗ്രന്ഥത്തെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് നാം എത്തുക. ദൈവനിവേശിതമെങ്കിലും വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്നതിന് മൂന്ന് മാനദണ്ഡങ്ങള്‍ സഭ നിര്‍ദ്ദേശിക്കുന്നു (DV 12.4):
1. വിശുദ്ധ ഗ്രന്ഥത്തിന്റെ മുഴുവന്‍ ഉള്ളടക്കത്തിലും ഐക്യത്തിലും ശ്രദ്ധിക്കുക (CCC 112). അതായത്, ഏതെങ്കിലും ഒരു വചനം മാത്രമായെടുത്ത് വ്യാഖ്യാനിക്കരുത്. മുഴുവന്‍ ദൈവവചനത്തിന്റെയും (Scripture + Tradition) വെളിച്ചത്തിലാണ് ഓരോ ആശയവും വചനവും വ്യാഖ്യാനിക്കേണ്ടത് എന്ന് അര്‍ത്ഥം. ആയതിനാല്‍ ദൈവനിവേശനം ഓരോ വചനത്തിനുമാണ് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ സഭയുടെ ഈ പ്രബോധനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കട്ടെ. അതിന്റെ മുഴുവന്‍ ഉള്ളടക്കത്തിലും ഐക്യത്തിലുമാണ് ദൈവനിവേശനമുള്ളത്.
2. സഭ മുഴുവന്റെയും സജീവപാരമ്പര്യത്തില്‍ ബൈബിള്‍ വായിക്കണം (CCC 113). മതബോധനഗ്രന്ഥം തുടരുന്നു, “വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത് മുഖ്യമായും സഭയുടെ ഹൃദയത്തിലാണ്, കടലാസുരേഖകളിലല്ല”. അതായത് സഭയുടെ പാരമ്പര്യത്തോടും കൂടിച്ചേരുബോളാണ് ദൈവനിവേശനം എന്ന സത്യം പൂര്‍ണതയിലെത്തുന്നത് എന്ന് ചുരുക്കം.
3. ക്രൈസ്തവവിശ്വാസത്തിന്റെ സാധര്‍മ്മ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം (CCC 114) – അതായത് വിശ്വാസസത്യങ്ങള്‍ക്ക് തമ്മില്‍ത്തമ്മിലും അവക്ക് ദൈവികവെളിപാടിനോട് മുഴുവനോടും സമന്വയസ്വഭാവമുണ്ടായിരിക്കണം. (ഉദാ: മാമ്മോദീസായിലൂടെ ക്രിസ്തുവിലായിരിക്കുന്നവന്‍ എല്ലാ ശാപബന്ധനങ്ങളില്‍നിന്നും ഉത്ഭവപാപത്തില്‍ നിന്നും മോചിതനായി പുതിയ സൃഷ്ടിയാണെന്ന് തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുയും ചെയ്യുന്പോള്‍ ഏതെങ്കിലും വചനം കണ്ടുപിടിച്ച് വ്യക്തിയില്‍ പൂര്‍വ്വികരുടെ ശാപം നിലനില്‍ക്കുന്നുവെന്നും കുടുംബവൃക്ഷത്തിലെ അരുതായ്മകള്‍ അയാളിലെത്തിയിരിക്കുന്നുവെന്നും മറ്റും പഠിപ്പിക്കരുതെന്ന് സാരം).
പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള ബന്ധം
പുതിയ നിയമം തന്നെ പഴയനിയമത്തെ ദൈവവചനമായി അംഗീകരിക്കുന്നുണ്ട്. പഴയനിയമവുമായി പുതിയ നിയമത്തിന് പല അര്‍ത്ഥങ്ങളിലും ചേര്‍ച്ചയുമുണ്ട്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ അപ്പസ്തോലിക ആഹ്വാനമായ “കര്‍ത്താവിന്‍റെ വചനം” (Verbum Domini) ഇങ്ങനെ എഴുതുന്നു: “ക്രിസ്തുവിന്‍റെ പെസഹാരഹസ്യം – അത് മുന്‍കൂട്ടി നടത്താന്‍ കഴിയാത്ത വിധത്തിലാണെങ്കിലും – പ്രവചനങ്ങളോടും വിശുദ്ധ ലിഖിതങ്ങളിലെ മുന്‍നിഴലുകളോടും പൂര്‍ണമായി യോജിക്കുന്നു. എന്നാലും പഴയനിയമത്തിലെ വ്യവസ്ഥാപിത കാര്യങ്ങള്‍ സംബന്ധിച്ചിടത്തോളം അത് തുടര്‍ച്ചയില്ലായ്മയുടെ വ്യക്തമായ വശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്” (40). അതായത് പഴയനിയമത്തിലെ വ്യവസ്ഥാപിതമായ പല കാര്യങ്ങള്‍ക്കും പുതിയ നിയമത്തില്‍ തുടര്‍ച്ചയില്ലെന്ന് തന്നെയാണ് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നത്. ഈശോ തന്നെയും പലതും തിരുത്തി പഠിപ്പിക്കുന്നത് സുവിശേഷങ്ങളില്‍ നാം വായിക്കുന്നുമുണ്ട്. എന്നിരുന്നാലും ഇവയെ തമ്മില്‍ വേര്‍പെടുത്താതെ ഉള്‍ക്കൊള്ളാനുള്ള വിവേകപൂര്‍വ്വകമായ ഉള്‍ക്കാഴ്ച ഓരോരുത്തരും സ്വന്തമാക്കേണ്ടതുമുണ്ട്.
ബൈബിള്‍ തുറന്ന് ആദ്യം കാണുന്ന വചനം എന്നോട് ദൈവം സംസാരിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തീര്‍ച്ചയായും നല്ല ശീലമാണത്. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ഇന്ന് ഈ സാഹചര്യത്തില്‍ എന്നോട് എന്തു പറയുന്നു എന്ന് വിവേചിച്ചറിയാന്‍ വിശ്വാസവും പരിശുദ്ധാത്മകൃപയും വിവേകവും കൂടിയേ തീരൂ. അങ്ങനെ എനിക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ സഭയുടെ വിശ്വാസത്തോടു പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കണം. ഇപ്രകാരം ധ്യാനവും മനനവും വീണ്ടുവിചാരവുമില്ലാതെ ബൈബിള്‍ വചനങ്ങള്‍ തോന്നുന്നിടത്തെല്ലാം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍, അഹോ കഷ്ടം. വചനത്തെയും വചനവ്യാഖ്യാനത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാതെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയങ്ങളെഴുതുന്നവരെ അപഹസിക്കുന്നത് പരിശുദ്ധാത്മപ്രചോദിതമാണെന്ന് കരുതുന്നതും അപക്വതയുടെ ലക്ഷണമാണ്. ദൈവവചനം കൂടുതലായി പഠിക്കാനും വചനം നമ്മെ ഉള്‍ക്കൊള്ളാനും നാം വചനത്തെ ഗര്‍ഭം ധരിക്കുന്നവരാകാനും പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാം.
the bible inspired book bible the inspired book what is an inspired book Noble Thomas Parackal noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206