x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

പഞ്ചഗ്രന്ഥം ആമുഖം

Authored by : Eugene A. Laverdiere On 10-Feb-2021

പഞ്ചഗ്രന്ഥം ആമുഖം

ഞ്ചു ചുരുളുകള്‍ എന്നര്‍ത്ഥമുള്ള Pentateuchos (Pente - അഞ്ച്, teuchoi ചുരുളുകള്‍, പുസ്തകങ്ങള്‍) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് 'പഞ്ചഗ്രന്ഥം' എന്ന വാക്കിന്‍റെ ഉദ്ഭവം. ക്രിസ്ത്വബ്ദത്തിന്‍റെ ആദിമഘട്ടങ്ങളില്‍ പഴയനിയമത്തിലെ ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങള്‍ക്ക് കൊടുത്ത പേരാണിത്. കൃത്യമായി പറഞ്ഞാല്‍, യോഹ 4:25 വ്യാഖ്യാനിക്കുന്ന സന്ദര്‍ഭത്തില്‍ ഒരിജന്‍ (Origen) ആണ് പഞ്ചഗ്രന്ഥം എന്നപദം ആദ്യമായി ഉപയോഗിച്ചത്. ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ യവനസാംസ്കാരിക പാരമ്പര്യമുള്ള അലക്സാന്‍ഡ്രിയായിലെ യഹൂദര്‍ ഈ പദം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

പേരു സൂചിപ്പിക്കുന്നതുപോലെ പഞ്ചഗ്രന്ഥത്തിന് അഞ്ചു ഭാഗങ്ങളുണ്ട്. പുരാതന കാലത്തു നിലവിലിരുന്ന സമ്പ്രദായമനുസരിച്ച് അഞ്ചു ചുരുളുകളിലായി എഴുതപ്പെട്ടതുകൊണ്ടാവാം ഈ വിഭജനം. ബി. സി. നാലും അഞ്ചും  നൂറ്റാണ്ടുകളില്‍ ഈ രീതിയ്ക്കു പ്രചുരപ്രചാരം സിദ്ധിച്ചു കഴിഞ്ഞിരുന്നെന്നു വേണം കരുതാന്‍. ആശയപരമായി ഇത്തരമൊരു വിഭജനം യുക്തമാണെങ്കിലും, യഥാര്‍ത്ഥത്തില്‍ സൗകര്യത്തിനു വേണ്ടിയുള്ള ഒരു വിഭജനമായിരുന്നു ഇത്.  എല്ലാംകൂടി ഒരു ചുരുളിലെഴുതുന്നത് പ്രായോഗിക വൈഷമ്യങ്ങള്‍ സൃഷ്ടിക്കുമെന്ന ചിന്തയാവാം വിഭജനത്തിനു പ്രേരിപ്പിച്ചത്.

പഴയനിയമ കാലഘട്ടത്തിന്‍റെ അവസാനത്തോടെ ഈ പുസ്തകങ്ങളെ 'നിയമം' (ഹീബ്രുവില്‍ തോറാ -torah, ഗ്രീക്കില്‍ നോമോസ്-ിീാീെ) എന്നു വിളിച്ചു തുടങ്ങി.  പഴയനിയമത്തില്‍ 'പ്രഭാഷകന്‍' എന്ന പുസ്തകത്തിന്‍റെ മുഖവുരയിലും 2 മക്കബായര്‍ 15-ലും ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്. ഇതേ പദപ്രയോഗം പുതിയനിയമത്തിലും ദൃശ്യമാണ് (ഉദാ : ലൂക്കാ 10:26; 24:44) എ. ഡി. ഒന്നാം നൂറ്റാണ്ടിലെ എഴുത്തുകാരായ ഫീലോ, ജൊസേഫൂസ് (ജവശഹീ, ഖീലെുവൗെ) എന്നീ യഹൂദരും 'നിയമം' എന്ന പേരാണുപയോഗിച്ചത്. സഭാപിതാക്കന്മാരാകട്ടെ, പഞ്ചഗ്രന്ഥം എന്ന പേരുപയോഗിച്ചുവെങ്കിലും 'നിയമം' എന്ന പേരിനാണു കൂടുതല്‍ പ്രാധാന്യം നല്കിയത്.  ഇന്നും യഹൂദര്‍ ബൈബിളിന്‍റെ ആദ്യഭാഗത്തെ 'നിയമം' എന്നും, മറ്റു രണ്ടു ഭാഗങ്ങളെ 'പ്രവാചകന്മാര്‍', ലിഖിതങ്ങള്‍ എന്നുമാണു വിളിക്കുന്നത്. 

'നിയമം' എന്നതിനു പുറമേ മറ്റു ചില പേരുകളിലും പഞ്ചഗ്രന്ഥം അറിയപ്പെട്ടിരുന്നു. ദിനവൃത്താന്തം, എസ്രാ, നെഹെമിയാ എന്നീ പുസ്തകങ്ങളുടെ ഹീബ്രുമൂലത്തില്‍ 'മോശയുടെ നിയമം' (2 ദിന 23:18; 30:16; എസ്ര 3:2; 7:6), 'മോശയുടെ നിയമപുസ്തകം' (നെഹെ 8:1), 'മോശയുടെ പുസ്തകം' (2 ദിന 35:12 : എസ്ര 6:18; നെഹെ 13:1) എന്നീ പേരുകളും ഉപയോഗിച്ചിട്ടുണ്ട്. 'മോശയുടെ പുസ്തകം' എന്ന പ്രയോഗം മലാ 3:22, ബാറൂ 2:2, ദാനി 9:11 എന്നീ ഭാഗങ്ങളിലും, പുതിയനിയമത്തില്‍ മര്‍ക്കോ 12:26 ല്‍ പുറ 3:2-6 ഉദ്ധരിക്കുന്ന ഒരു വാക്യത്തിലും ഉപയോഗിച്ചിരിക്കുന്നു.

ആദിമ ക്രിസ്ത്യാനികള്‍ 'മോശയുടെ നിയമം' വായിച്ചിരുന്നതായി അപ്പ 15:21-ലും 2കോറി 3:15-ലും പ്രസ്താവിക്കുന്നുണ്ട്.  സാബത്തു ദിവസം സിനഗോഗുകളില്‍വച്ച് നിയമങ്ങള്‍ പരസ്യമായി വായിക്കുന്ന പതിവുണ്ടായിരുന്നു. തന്മൂലം, ഇസ്രായേല്‍ ജനത്തിനുവേണ്ടി മോശ എഴുതിത്തയ്യാറാക്കിയ നിയമങ്ങളാണ് അവയെന്ന് പുതിയ നിയമഗ്രന്ഥകാരന്മാര്‍ കരുതി. പഞ്ചഗ്രന്ഥത്തെ സൂചിപ്പിക്കാന്‍വേണ്ടി 'മോശ' എന്ന പേര് പലപ്പോഴും അവര്‍ ഉപയോഗിക്കുന്നുമുണ്ട് (ലൂക്കാ 16:29, 31; 24:27).  മാത്രമല്ല, ഉദ്ധരണികളുടെ കൂടെ "മോശ പറഞ്ഞു" (മര്‍ക്കോ 7:10) "മോശ എഴുതി" (റോമ. 10:5) "മോശ കാണിച്ചു തന്നു" (ലൂക്കാ 20:38) എന്നിങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഫീലോയും ജൊസേഫൂസും സമകാലികരായ മറ്റു യഹൂദ ഗ്രന്ഥകര്‍ത്താക്കളും പഞ്ചഗ്രന്ഥത്തിന്‍റെ ഗ്രന്ഥകര്‍ത്തൃത്വം മോശയ്ക്കു നല്കി. മോശയുടെ മരണത്തെക്കുറിച്ച് അദ്ദേഹം തന്നെയാണ് എഴുതിയതെന്നു പോലും അവര്‍ പറഞ്ഞുവച്ചു.

മുകളില്‍പ്പറഞ്ഞ വസ്തുതകളെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു - മോശ എന്ന ചരിത്രപുരുഷനേയും മര്‍മ്മപ്രധാനമായ നിയമങ്ങളേയും തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു സാഹിത്യസൃഷ്ടിയായി പഞ്ചഗ്രന്ഥത്തെ ഇസ്രായേല്‍ ജനം കാണുകയും അംഗീകരിക്കുകയും ചെയ്തു.  ഇസ്രായേലിന്‍റെ നിയമദാതാവായിരുന്നു മോശ.  ഇസ്രായേലിന്‍റെ നിയമസംഹിത പഞ്ചഗ്രന്ഥത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതുകൊണ്ടും, പ്രധാനപ്രമേയമായ ഈ നിയമവും വ്യത്യസ്തമായ നിയമസംഹിതകളും പുസ്തകത്തിന്‍റെ സിംഹഭാഗം അപഹരിക്കുന്നതുകൊണ്ടും പില്‍ക്കാലത്ത് പഞ്ചഗ്രന്ഥത്തെ ഒന്നാകെ 'നിയമം' എന്നു വിളിച്ചു. മോശയാണു പഞ്ചഗ്രന്ഥം എഴുതിയതെന്ന് ചില വാക്യങ്ങളില്‍ സൂചനയുമുണ്ട്.    (പുറ. 17:14; 24:4, 7; 34:27, 28; സംഖ്യ 33:2, നിയ 3:9, 24).

അനേക നൂറ്റാണ്ടുകളിലായി വ്യാപിച്ചു കിടക്കുന്ന അതിസങ്കീര്‍ണ്ണമായ ഇസ്രായേല്‍ ചരിത്രമാണു പഞ്ചഗ്രന്ഥം അവതരിപ്പിക്കുന്നതെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.  അതിപുരാതനമായ ചില നിയമങ്ങള്‍ മോശ എഴുതിയിരിക്കാം. തുടര്‍ന്നുള്ള ബൈബിള്‍ സാഹിത്യത്തിന്‍റെ രചനയിലും വളര്‍ച്ചയിലും മോശയുടെ സ്വാധീനം വളരെ പ്രകടമാണ്. മോശ എന്ന കരുത്തനായ നേതാവിനെയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെയും ചുറ്റിപ്പറ്റിയാണു പഞ്ചഗ്രന്ഥം ക്രമേണ രൂപപ്പെട്ടത്.

രചനാപരവും സാഹിത്യപരവുമായ ചില പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ 'നിയമാവര്‍ത്തന'ത്തെ മാറ്റി നിര്‍ത്തി ആദ്യത്തെ നാലു പുസ്തകങ്ങളെ 'ചതുര്‍ഗ്രന്ഥം' (tetrateuch) എന്നു ചിലര്‍ വിളിക്കുന്നു. 'ജോഷ്വ' പുസ്തകം കൂടി ഉള്‍പ്പെടുത്തി 'ഷഡ്ഗ്രന്ഥം' എന്നും, ഉല്‍പത്തി മുതല്‍ സാമുവേല്‍വരെയുള്ള എട്ടു പുസ്തകങ്ങളെ ഉള്‍പ്പെടുത്തി 'അഷ്ടഗ്രന്ഥം' എന്നും ചിലര്‍ വിളിക്കുന്നു. പഴയനിയമസംഹിതയില്‍ നിയമാവര്‍ത്തനത്തിനുള്ള സ്ഥാനം ഏതെന്ന് പലരും ചിന്തിച്ചു.  ഈ പ്രശ്നം ബൈബിള്‍ വ്യാഖ്യാതാക്കളെ കുഴക്കിയിട്ടുണ്ട്. ഹീബ്രുബൈബിളിലെ ക്രമമനുസരിച്ച് ലേവ്യര്‍ കഴിഞ്ഞുള്ള പുസ്തകങ്ങള്‍ക്ക് ഒരു ആമുഖമാണ് നിയമാവര്‍ത്തനം എന്നു ചിലര്‍ അവകാശപ്പെടുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവരാണ് ആദ്യത്തെ നാലു പുസ്തകങ്ങളെ ചതുര്‍ഗ്രന്ഥം എന്നു വിളിക്കുന്നത്. ചതുര്‍ഗ്രന്ഥത്തെയും ജോഷ്വമുതലുള്ള പഴയ നിയമ പുസ്തകങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി നിയമാവര്‍ത്തനത്തെ പരിഗണിക്കുന്നവരും വിരളമല്ല. ഷഡ്ഗ്രന്ഥമെന്നും, അഷ്ടഗ്രന്ഥമെന്നും പേരിട്ടത് ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.

ഇസ്രായേല്‍ ജനത വാഗ്ദത്ത ഭൂമിയില്‍ വാസമുറപ്പിച്ചതിനെയും ഇസ്രായേല്‍ സാമ്രാജ്യത്തിന്‍റെ പതനത്തെയും സംബന്ധിച്ച ചില വിവരണങ്ങളെങ്കിലും പഞ്ചഗ്രന്ഥത്തിനുശേഷം എഴുതപ്പെട്ടുവെന്ന കാര്യത്തില്‍ സംശയമില്ല. പഞ്ചഗ്രന്ഥം എഴുതപ്പെട്ട അതേ കാലഘട്ടത്തില്‍ത്തന്നെ നിയമാവര്‍ത്തനപുസ്തകത്തെ അതിനു മുന്‍പുള്ള നാലു പുസ്തകങ്ങളോട് ദൈവശാസ്ത്രപരമായും സാഹിത്യപരമായും അക്ഷരാര്‍ത്ഥത്തിലും ബന്ധിപ്പിക്കാന്‍ ശ്രമം നടന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.  ചതുര്‍ഗ്രന്ഥം, ഷഡ്ഗ്രന്ഥം തുടങ്ങിയ വിഭജനങ്ങളെല്ലാം ബൈബിള്‍ വ്യാഖ്യാതാക്കള്‍ തങ്ങളുടെ വീക്ഷണങ്ങള്‍ക്കനുസൃതമായി നടത്തിയതാണെന്നു വ്യക്തം.  പഞ്ചഗ്രന്ഥം എന്ന പേര് അവര്‍ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ, പിന്നീടുള്ള ചരിത്രാഖ്യാനങ്ങളെ പഞ്ചഗ്രന്ഥവുമായി ബന്ധപ്പെടുത്താതെ മാറ്റി നിര്‍ത്തുന്നതിനോട് അവര്‍ വിയോജിക്കുന്നു. പഞ്ചഗ്രന്ഥം എന്ന പേരാണ് കൂടുതല്‍ അനുയോജ്യമെന്ന് ആത്യന്തിക വിശകലനത്തില്‍ ബോദ്ധ്യമാകും.

ആധുനിക ഭാഷകളിലുള്ള പഞ്ചഗ്രന്ഥങ്ങളുടെ പേരുകള്‍ ഹീബ്രു ബൈബിളിന്‍റെ ഗ്രീക്കിലും ലത്തീനിലുമുള്ള പുരാതന പരിഭാഷകളിലെ പേരുകളില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളതാണ്. ഓരോ പുസ്തകത്തിന്‍റെയും മുഖ്യപ്രമേയത്തെ സൂചിപ്പിക്കാനുതകുന്ന പേരുകളാണ് അവയെല്ലാം.  'ഉല്‍പ്പത്തി' എന്ന പദത്തിന് 'ആരംഭം', 'ഉദ്ഭവം', 'ജന്മ' തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഉല്‍പ്പത്തിപ്പുസ്തകം, പ്രപഞ്ചസൃഷ്ടിയേയും ഇസ്രായേല്‍ ജനതയുടെ ആദിപിതാക്കന്മാരുടെ ചരിത്രത്തെയുംകുറിച്ചാണ് പ്രതിപാദിക്കുന്നത്. 'പുറപ്പാട്' എന്ന വാക്കിന് 'യാത്ര', 'പുറത്തുകടക്കല്‍' എന്നിങ്ങനെ അര്‍ത്ഥവിന്യാസങ്ങളുണ്ട്. ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായ ഇസ്രായേല്‍ ജനതയുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയാണ് പുറപ്പാടു പുസ്തകത്തിലെ പ്രതിപാദ്യവിഷയം. പുരോഹിതവംശമായ ലേവിയുടെ ഗോത്രത്തെയും പൗരോഹിത്യവിധികളെയും ആരാധനക്രമങ്ങളെയും അതോടനുബന്ധിച്ചുള്ള നിയമങ്ങളെയും സംബന്ധിച്ചുള്ളതാണ് 'ലേവ്യര്‍'. 'സംഖ്യ' എന്ന പദം എണ്ണത്തെ സൂചിപ്പിക്കുന്നു. ആദ്യത്തെ നാലു അധ്യായങ്ങളില്‍ ഗോത്രം തിരിച്ച്, പിതാക്കന്മാരുടെ തായ്വഴി അനുസരിച്ചുള്ള ഒരു ജനസംഖ്യാക്കണക്ക് ഉള്ളതുകൊണ്ടാണ് നാലാമത്തെ പുസ്തകത്തിന് ആ പേരു ലഭിച്ചത്.  ഇസ്രായേല്‍ ജനം സീനായ് മലയില്‍നിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബുതാഴ്വരയില്‍ എത്തുന്നതുവരെയുള്ള ഏകദേശം നാല്പതു വര്‍ഷത്തെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും ഇസ്രായേല്‍ മക്കളില്‍ യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഓരോ ജനസംഖ്യാ കണക്കെടുപ്പു നടത്തുന്നുണ്ട് (സംഖ്യ1:26). 'നിയമാവര്‍ത്തനം' എന്ന വാക്കിനര്‍ത്ഥം ആവര്‍ത്തിക്കപ്പെട്ട നിയമം 'രണ്ടാമത്തെ നിയമം' എന്നാണ്. തന്‍റെ മരണത്തിനു മുമ്പു മോശ നല്‍കിയ നിയമത്തെയാണ് 'രണ്ടാമത്തെ നിയമം' സൂചിപ്പിക്കുന്നത്.  നിയ 17:18-ല്‍ 'നിയമത്തിന്‍റെ ഒരു പകര്‍പ്പ്' എന്നര്‍ത്ഥമുള്ള ഹീബ്രുപദം ഗ്രീക്കുവിവര്‍ത്തനമായ 'സപ്തതി'യില്‍ 'നിയമാവര്‍ത്തനം' എന്നു തെറ്റായി തര്‍ജ്ജമ ചെയ്തതില്‍നിന്നാണ് ഈ പേരുണ്ടായത്.

ഹീബ്രു ഭാഷയിലെഴുതപ്പെട്ട പഞ്ചഗ്രന്ഥിയില്‍ ഓരോ പുസ്തകത്തിലെയും ആദ്യത്തെ വാക്ക്, അല്ലെങ്കില്‍ പ്രാധാന്യമുള്ള ആദ്യത്തെ വാക്ക് ആണ് പുസ്തകത്തിന്‍റെ പേരായി കൊടുത്തിരിക്കുന്നത്.  ഉല്‍പത്തി പുസ്തകത്തിന് 'ബെറെഷിത്' (Bereshit - ആദിയില്‍), പുറപ്പാടിന് 'വെ എല്ലെ ഷെമോത് - (we elleh shemot -  ഇവയാണ് പേരുകള്‍), ലേവ്യര്‍ പുസ്തകത്തിന് 'വയ്യിക്രാ' (wayyiqra - അവന്‍ വിളിച്ചു), സംഖ്യാ പുസ്തകത്തിന് 'വയ്യ്ദബ്ബെര്‍' (wayyedabber - അവന്‍ പറഞ്ഞു) അല്ലെങ്കില്‍ 'ബ്മിദ്ബാര്‍' (Bemidhbar - മരുഭൂമിയില്‍), നിയമാവര്‍ത്തനത്തിന് 'എല്ലേ ഹദ്ദബാറിം' (Elle Haddebarim - ഇവയാണ് വാക്കുകള്‍) അല്ലെങ്കില്‍ 'ദ്ബാറിം' (Dabarim - വാക്കുകള്‍) എന്നുമാണ് പേര്.  പ്രാചീന മധ്യപൗരസ്ത്യ ദേശത്തെ പാരമ്പര്യമനുസരിച്ചുള്ള പേരിടലാണിത്.  ബാബിലോണിയന്‍ സാഹിത്യത്തിലെ 'സൃഷ്ടിയെക്കുറിച്ചുള്ള പദ്യ'ത്തിനും ഇതുപോലെ ആദ്യത്തെ വാക്കുകളാണ് പേരായി കൊടുത്തത് - 'എനുമാ എലിഷ്' (Enuma Elish), ഗില്‍ഗമേഷ് ഇതിഹാസത്തിലെ 'ജലപ്രളയകഥ' തുടങ്ങുന്ന 'സാ നഗബാ ഇമ്രു' (sa nagba imru) ആ കഥയുടെ പേരായി മാറി.

ഉള്ളടക്കം - ഒരു വിശകലനം

അന്യോന്യബന്ധമുള്ള സംഭവ പരമ്പരകളുടെ കാലാനുക്രമമായ വിവരണമാണ് പഞ്ചഗ്രന്ഥത്തിലെ അഞ്ചു പുസ്തകങ്ങളും അവതരിപ്പിക്കുന്നത്. പ്രപഞ്ചോല്‍പത്തി മുതല്‍ മോശയുടെ മരണംവരെയുള്ള സംഭവ പരമ്പരകളിലൂടെ ദൈവം തനിക്കായി ഒരു ജനതയെ എങ്ങനെ തെരഞ്ഞെടുത്തുവെന്നും, കാലക്രമത്തില്‍ അവര്‍ക്കു തനതായ ഒരു വ്യക്തിത്വവും നിലനില്പും ഐക്യബോധവും എങ്ങനെ ഉണ്ടായെന്നും പഞ്ചഗ്രന്ഥി വെളിപ്പെടുത്തുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നരകയാതനകളനുഭവിക്കുകയും പിന്നീട് മോശയുടെ മാദ്ധ്യസ്ഥത്തിലൂടെ താന്‍ സ്വതന്ത്രരാക്കുകയും ചെയ്ത ഒരു ജനതയുടെ പിതാവാകാന്‍ അബ്രാഹത്തെ ദൈവം വിളിച്ചു.  സീനായ് മലയില്‍വെച്ച് ദൈവം അവര്‍ക്കു കല്പനകള്‍ കൊടുത്തു.  ഉടമ്പടി വഴി അവരുമായി ഒരു പ്രത്യേകബന്ധം സ്ഥാപിച്ചു കൊണ്ട് അവരെ തന്‍റേതു മാത്രമാക്കി മാറ്റി. പിന്നീട് മരുഭൂമിയിലൂടെ അവരെ വാഗ്ദത്തഭൂമിയിലേക്കു നയിച്ചു.

പ്രപഞ്ചോല്‍പത്തി, മനുഷ്യവംശത്തിന്‍റെ ആരംഭം, അടിസ്ഥാനപരമായ ജീവിതരീതികള്‍ (ഇടയന്‍, കര്‍ഷകന്‍, സ്ഥിരവാസമില്ലാതെ ദേശാന്തരഗമനം ചെയ്യുന്നവന്‍, നാഗരികന്‍) എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളോടെയാണ് ഉല്‍പത്തി പുസ്തകം ആരംഭിക്കുന്നത്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധവും തിന്മയുടെ ഉദ്ഭവവുമാണ് 1-11 അദ്ധ്യായങ്ങളിലെ മുഖ്യപ്രതിപാദ്യവിഷയം. 12-36 അദ്ധ്യായങ്ങള്‍ പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം അവതരിപ്പിക്കുന്നു. 12:1-25: 18 അദ്ധ്യായങ്ങളില്‍ അബ്രാഹത്തിന്‍റെയും 25:19- 26:35-ല്‍ ഇസഹാക്കിന്‍റെയും 27:1-36:43-ല്‍ യാക്കോബിന്‍റെയും ചരിത്രം നാം വായിക്കുന്നു.  സ്വന്തജനത്തെയും ജന്മനാടിനെയും ഉപേക്ഷിച്ച് താന്‍ കാണിച്ചുതരുന്ന സ്ഥലത്തേക്കു പോകുവാന്‍ ദൈവം അബ്രാഹത്തോടു കല്പിച്ചു. അതനുസരിച്ച് അദ്ദേഹം കാനാന്‍ ദേശത്തേയ്ക്കു പുറപ്പെട്ടു. ആ ഭൂവിഭാഗം മുഴുവനും കയ്യടക്കാനും അവകാശമാക്കാനും അനുഭവിക്കാനും തക്കവിധം അത്ര വലിയൊരു സന്താനപരമ്പര അബ്രാഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടു. ചരിത്രാധിഷ്ഠിതവും പാരമ്പര്യാധിഷ്ഠിതവുമായ കഥകളിലൂടെ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ ചിത്രങ്ങള്‍ മിഴിവോടെ അവതരിപ്പിക്കപ്പെടുന്നു.

ജോസഫിന്‍റെ കഥയും അദ്ദേഹം ഈജിപ്തില്‍ അത്ഭുതകരമായി അസൂയാവഹമായ അധികാരസ്ഥാനത്ത് എത്തിച്ചേരുന്നതും മറ്റും പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രത്തിന്‍റെ തുടര്‍ച്ചയാണെങ്കിലും (ഉല്‍പ. 37-50) ഈജിപ്തില്‍ നിലവിലിരുന്ന പുരാതന സാഹിത്യത്തോടും 'വിജ്ഞാന' പുസ്തകത്തിലെ ഭാഷയോടും സാഹിത്യരൂപത്തോടും വളരെ സാമ്യമുള്ള ഭാഷയിലാണ് അത് എഴുതപ്പെട്ടത്.  പിതാവായ യാക്കോബിനെയും സ്വസഹോദരങ്ങളെയും ഈജിപ്തിലേക്കു വരുത്തിക്കൊണ്ട് അബ്രാഹത്തിനു സന്താനപരമ്പരകളുടെ തുടര്‍ച്ച അദ്ദേഹം പുനഃസ്ഥാപിച്ചു.  ജോസഫിന്‍റെ മരണത്തെക്കുറിച്ചുള്ള വിവരണത്തോടെ ഉല്പത്തിപ്പുസ്തകം സമാപിക്കുന്നു.

പഞ്ചഗ്രന്ഥത്തിലെ ബാക്കി നാലു പുസ്തകങ്ങളിലെയും പ്രധാന കഥാപാത്രം മോശയാണ്. ഇസ്രായേല്‍ ജനതയുടെ നട്ടെല്ലുപോലെ ജീവിച്ച മോശയേയും അവരുടെ ഭാവി ഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കുന്ന യാഹ്വേ യെയും മുഖ്യകഥാപാത്രങ്ങളാക്കിയാണ് ബാക്കി വിവരണങ്ങള്‍ നീങ്ങുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഐക്യബോധമുള്ള ഒരൊറ്റ ജനസമൂഹമായി വളര്‍ത്തിയെടുത്തത് മോശയാണ്. വ്യവസ്ഥാപിതമായ ഒരു ഭരണഘടനയും സാമൂഹികവും മതപരവുമായ അടിസ്ഥാന നിയമങ്ങളും വഴി അദ്ദേഹം അവരുടെ ജീവിതത്തിന് താളവും ലയവും നല്കി.  ഇസ്രായേലിന്‍റെ ഉദ്ഭവചരിത്രമാണ് ഉല്‍പത്തിപ്പുസ്തകത്തിലെ പ്രതിപാദ്യവിഷയമെങ്കില്‍, ദൈവം പ്രത്യേകം തെരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തിന്‍റെ തുടര്‍ന്നുള്ള ചരിത്രമാണ് 'പുറപ്പാട്' പുസ്തകം അവതരിപ്പിക്കുന്നത്.

'പുറപ്പാട്' പുസ്തകത്തില്‍ പ്രധാനമായി രണ്ടു പ്രമേയങ്ങളാണുള്ളത്. ഇസ്രായേല്‍ ജനം ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിതരാകുന്നതും (1:1-15:21) സീനായ് ഉടമ്പടിയും (19:1-40:38). മരുഭൂമിയിലൂടെ ദൈവത്തിന്‍റെ മലയിലേക്കുള്ള യാത്രയും ഉടമ്പടി സ്ഥാപനവും (15:22-18:27) ഇവയ്ക്കു മധ്യേ പ്രതിപാദിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടയില്‍ പല സംഭവങ്ങളും നടക്കുന്നുണ്ട്.

ഇസ്രായേല്‍ സന്തതികള്‍ വര്‍ദ്ധിച്ച് വളരെയധികം ശക്തിപ്രാപിക്കുകയും രാജ്യം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു (1:7). ഈജിപ്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായ പുതിയ ഭരണാധികാരിക്ക് ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു. ജോസഫിന്‍റെ പ്രഭാവത്തിന്‍റെ തണലില്‍ ഇതുവരെ സുഖമായി ജീവിച്ച ദൈവജനത്തെ പുതിയ ഭരണാധികാരി മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും തുടങ്ങി (1:8-22).  എന്നാല്‍, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനം ദൈവം മറന്നില്ല (2:24). തന്‍റെ ജനത്തെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കാന്‍ ദൈവം മോശയെ വിളിച്ചു (2:11-4:3; 6:2-7:7). മര്‍ദ്ദനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ക്കുശേഷം മോശയുടെ ജനനം (2:1-10), മോശയുടെ ദൈവവിളി (2:11-4: 31; 6:2-7:7), ഫറവോയും മോശയും തമ്മിലുള്ള സംവാദം (5:1-6; 7:8-13), മഹാമാരികള്‍ (7:14-10:29) എന്നിവയാണു പ്രതിപാദ്യവിഷയങ്ങള്‍.  അതേത്തുടര്‍ന്ന് പെസഹാ ആചരണവും ഈജിപ്തിലെ കടിഞ്ഞൂല്‍ പുത്രന്മാരുടെ സംഹാരവും (11:1-13:16) ഇസ്രായേല്‍ ജനം നിരനിരയായി ഈജിപ്തില്‍നിന്നു പുറത്തുവരുന്നതും (12:51) ഈജിപ്തിന്‍റെ സൈന്യം ഇസ്രായേല്യരെ പിന്‍തുടരുന്നതും ചെങ്കടല്‍ കടക്കുന്നതും (13:17-14:31) വിവരിച്ചിരിക്കുന്നു. മോശയുടെ കീര്‍ത്തനത്തോടെ (15:1-21) പുറപ്പാടിന്‍റെ ആദ്യഭാഗം അവസാനിക്കുന്നു. വിജയാഹ്ലാദം പ്രകടമാക്കാന്‍ ഇസ്രായേല്‍ക്കാര്‍ ആലപിച്ചിരുന്ന കീര്‍ത്തനമാണിത്.

ചെങ്കടല്‍ തീരം വിട്ട ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞു (15:22).  ഇതവര്‍ക്ക് ഒരു പരീക്ഷണ കാലമായിരുന്നു.  ദൈവമാണ് തങ്ങളുടെ സംരക്ഷകനും പരിപാലകനും ജീവന്‍റെ ഉറവിടവും എന്ന് അവര്‍ അനുഭവങ്ങളിലൂടെ പഠിച്ചു (16-17). താനേറ്റെടുത്ത നേതൃത്വം ഒരു വലിയ ഭാരമായി അനുഭവപ്പെട്ടപ്പോള്‍ മോശ തന്‍റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജെത്രോയുടെ ഉപദേശം തേടി. ജെത്രോയുടെ ഉപദേശമനുസരിച്ച് മോശ ന്യായാധിപന്മാരെ നിയമിച്ചു. ജനത്തിനിടയില്‍ കലഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തീര്‍പ്പു കല്പിക്കുകയും തദ്വാരാ മോശയുടെ ജോലിഭാരം ലഘൂകരിക്കുകയുമായിരുന്നു ന്യായാധിപന്മാരുടെ കര്‍ത്തവ്യം (18). സീനായ് മലയില്‍വെച്ച് ദൈവം ഒരു ഉടമ്പടി നല്‍കി. ഇസ്രായേല്യര്‍ അതു സ്വീകരിച്ചു. അങ്ങനെ ഉടമ്പടി ഉറപ്പിക്കപ്പെട്ടു (19-24).  ഉടമ്പടിയെ സംബന്ധിക്കുന്ന ദീര്‍ഘമായ വിവരണത്തില്‍ പത്തു പ്രമാണങ്ങളും ഉള്‍പ്പെടുന്നു (20:22-23:33).

തുടര്‍ന്നു വരുന്ന അദ്ധ്യായങ്ങളില്‍, ഇസ്രായേലിന്‍റെ ആരാധനക്രമത്തെ സംബന്ധിച്ച് വിശിഷ്യാ, ബലിപീഠം, വിശുദ്ധകൂടാരം എന്നിവ ഉണ്ടാക്കേണ്ടത് എങ്ങനെയെന്നും മറ്റുമുള്ള, നിര്‍ദ്ദേശങ്ങളാണുള്ളത് (25-31).  ഇസ്രായേല്‍ ജനം ഉടമ്പടി ലംഘിക്കുന്നതും സ്വര്‍ണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നതും ഉടമ്പടി നവീകരിക്കുന്നതുമായ സംഭവങ്ങള്‍ (32-34) ഈ നിര്‍ദ്ദേശങ്ങള്‍ക്കും അവയുടെ പൂര്‍ത്തീകരണത്തിനും (35-40) ഇടയില്‍ ചേര്‍ത്തിരിക്കുന്നു.

ഇസ്രായേല്‍ക്കാരുടെ ആരാധനക്രമത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ബലിയര്‍പ്പണത്തെക്കുറിച്ചുള്ള നിയമങ്ങളുടെ വിവരണത്തോടെയാണ് ലേവ്യര്‍ പുസ്തകം ആരംഭിക്കുന്നത് (1-7). അഹറോനെ പുരോഹിതനായി അഭിഷേകം  ചെയ്യുന്ന ഭാഗമാണ് തുടര്‍ന്നുള്ള മൂന്നദ്ധ്യായങ്ങള്‍ (8-10). രചനാരീതിയിലും ശൈലിയിലും ഈ അദ്ധ്യായങ്ങള്‍ക്ക് ഉല്‍പ്പത്തി, പുറപ്പാട് എന്നീ പുസ്തകങ്ങളോടു വളരെയേറെ സാമ്യമുണ്ട്. ശുദ്ധിയേയും അശുദ്ധിയേയും സംബന്ധിക്കുന്ന നിയമങ്ങളും (11-15) പാപപ്പരിഹാര ദിനത്തിലെ ശുദ്ധീകരണത്തിനുള്ള അനുഷ്ഠാനവിധികളുമാണ് തുടര്‍ന്നുള്ള ഭാഗം (16). 17-26 അദ്ധ്യായങ്ങളിലെ പ്രതിപാദ്യവിഷയം ജീവിത വിശുദ്ധിയെ സംബന്ധിക്കുന്ന നിയമങ്ങളാണ്. ആഖ്യാനാരീതിയിലും ശൈലിയിലും ഈ ഭാഗം മുന്‍ അദ്ധ്യായങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. 'വിശുദ്ധിയുടെ നിയമസംഹിത' (Holoiness code) എന്ന പേരിലാണ് ഈ ഭാഗം അറിയപ്പെടുന്നത്. 'നിങ്ങളുടെ ദൈവമായ ഞാന്‍-യാഹ്വേ- പരിശുദ്ധനായതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കണം, എന്ന കല്പന പല വാക്യങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട് (19:2; 20:7, 8, 26: 21:6, 8, 15). നേര്‍ച്ച കാഴ്ചകളെക്കുറിച്ചുള്ള വിവരണത്തോടെ (27) ലേവ്യര്‍ അവസാനിക്കുന്നു.

സീനായ് മരുഭൂമിയില്‍ എത്തിയ ഇസ്രായേല്‍ ജനം അവിടെനിന്നു പുറപ്പെട്ട് (1:1) വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബു താഴ്വരയില്‍ എത്തുന്നതുവരെ (36:13) ഉള്ള ഏകദേശം 40 സംവത്സരങ്ങളിലെ ചരിത്രമാണ് 'സംഖ്യ' പറയുന്നത്. ഇസ്രായേല്‍ മക്കളില്‍ യുദ്ധം ചെയ്യാന്‍ കരുത്തുള്ളവരുടെ ജനസംഖ്യാ കണക്കെടുപ്പോടെ സംഖ്യ പുസ്തകം ആരംഭിക്കുന്നു.  സീനായ് മലയടിവാരത്തുനിന്ന് യാത്ര പുറപ്പെടുന്ന ജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് (1:1-10:10). ജനം കാദെഷ് ബര്‍ണെയായില്‍ എത്തി (10:11-20:13), കാനാന്‍ ദേശത്തു നേരിട്ടു പ്രവേശിക്കാന്‍ കഴിയാതെ ചെങ്കടലിന്‍റെ വഴിയിലൂടെ മരുഭൂമിയിലേയ്ക്ക് അവര്‍ തിരിച്ചുപോയി.  മരുഭൂമിയില്‍ അനേകനാള്‍ ചുറ്റിത്തിരിഞ്ഞതിനുശേഷം അവര്‍ മൊവാബു താഴ്വരയില്‍ എത്തിച്ചേര്‍ന്നു. ഈ കാലയളവില്‍ ശ്രദ്ധേയമായ പല സംഭവങ്ങളും നടന്നു. ലേവ്യര്‍ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള നിയമങ്ങള്‍ക്കു പുറമെ മറ്റു ചില നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും സംഖ്യ പുസ്തകത്തിലെ ചരിത്ര വിവരണങ്ങള്‍ക്കിടയില്‍ കാണാനുണ്ട് (20:14-36:13).

മോശയുടെ അന്തിമ പ്രബോധനങ്ങള്‍ എന്നാണ് നിയമാവര്‍ത്തന പുസ്തകം വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്രായേല്‍ ജനത്തെ ജോര്‍ദ്ദാന്‍ സമതലത്തിലും മൊവാബിലും എത്തിച്ച സംഭവപരമ്പരകളെക്കുറിച്ചുള്ള അവലോകനത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത് (1:1-4:43). പഴയ ചരിത്രമെല്ലാം മോശ ഓര്‍മ്മിക്കുകയും ജനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.  ഒരു തരം പ്രസംഗശൈലിയാണ് ഇവിടെ നാം കാണുക (5-11). ഈ പുസ്തകത്തിന്‍റെ കേന്ദ്രബിന്ദുവായ ഒരു പുതിയ നിയമം (12-26) അവതരിപ്പിക്കുന്നതിനുള്ള ആമുഖം മാത്രമാണു മോശയുടെ വാക്കുകള്‍. തുടര്‍ന്നു വരുന്ന നാലദ്ധ്യായങ്ങളില്‍ അനുഗ്രഹങ്ങളും ശാപങ്ങളുമാണ് (27-30). മോശയുടെ അവസാന ചെയ്തികളുടെ സംക്ഷിപ്ത വിവരണത്തോടെ പുസ്തകം സമാപിക്കുന്നു. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും അവരുടെ പിന്‍ഗാമികള്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ട കാനാന്‍ ദേശം നേബോമലയുടെ മുകളില്‍ നിന്നുകൊണ്ട് മോശ ഒരുനോക്കു കണ്ടു. ജോഷ്വയെ തന്‍റെ പിന്‍ഗാമിയായി അഭിഷേകം ചെയ്ത് അന്തിമോപദേശങ്ങളും ആശീര്‍വ്വാദവും നല്‍കിയ തിനുശേഷം മോശ മരിച്ചു. അദ്ദേഹത്തിന്‍റെ മൃതദേഹം മൊവാബില്‍ സംസ്ക്കരിക്കപ്പെട്ടു (31-34). മോശയുടെ മരണത്തോടെ 'നിയമാവര്‍ത്തനവും' പഞ്ചഗ്രന്ഥവും അവസാനിക്കുന്നു.

പഞ്ചഗ്രന്ഥം - പൊതുവായ അവലോകനങ്ങള്‍

ഒരേയൊരു ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ക്രമാനുഗതമായ ചരിത്രവിവരണമാണു പഞ്ചഗ്രന്ഥമെന്ന് അതിന്‍റെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുന്നു.  എന്നാലും വാക്യഘടനയിലും ആശയഘടനയിലും ആഖ്യാനശൈലിയിലും ഗണ്യമായ വൈവിധ്യങ്ങള്‍ ദൃശ്യമാണ്. ഉദാഹരണത്തിന് അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നീ പൂര്‍വ്വ പിതാക്കന്മാരുടെ ചരിത്രത്തില്‍നിന്നു തുലോം വ്യത്യസ്തമാണ് ജോസഫിന്‍റെ ചരിത്രം. മറ്റു മൂന്നു പിതാക്കന്മാരില്‍നിന്നും വ്യത്യസ്തനായ - വിവേകമതിയും സ്വപ്നവ്യാഖ്യാതാവുമായ - ഒരു വ്യക്തിയായി ജോസഫ് ചിത്രീകരിക്കപ്പെടുന്നു. പിതാക്കന്മാരുടെ ചരിത്രത്തെക്കാള്‍ മനോഹരമായ ശൈലിയിലാണ് 'നിയമസംഹിതകള്‍' എഴുതിയിട്ടുള്ളത്. പലതരത്തിലുള്ള നിയമസംഹിതകള്‍ക്ക് വിവിധ ഭാഷാശൈലിയുണ്ട്.  ഇടയ്ക്ക് പല ഭാഗങ്ങളിലുമുള്ള ഗീതങ്ങളും കീര്‍ത്തനങ്ങളും പഞ്ചഗ്രന്ഥത്തിന്‍റെ യഥാര്‍ത്ഥ ഭാഗങ്ങള്‍ എന്നതിനേക്കാളുപരി പിന്നീടു ചേര്‍ക്കപ്പെട്ടവയാണെന്ന പ്രതീതിയാണ് വായനക്കാരിലുളവാക്കുക.

സൃഷ്ടിയെ സംബന്ധിച്ച് വ്യത്യസ്ത രീതിയിലുള്ള രണ്ടു വിവരണങ്ങളോടെയാണ് ഉല്‍പ്പത്തിപ്പുസ്തകം തുടങ്ങുന്നതുതന്നെ (1:1-2: 4മ; 2:4യ-25). പഞ്ചഗ്രന്ഥത്തില്‍ ഒരേ സംഭവംതന്നെ ആദ്യത്തേതില്‍നിന്ന് വ്യത്യസ്തമായി - അര്‍ത്ഥത്തിലും ശൈലിയിലും - രണ്ടാമതൊരിക്കല്‍കൂടി രേഖപ്പെടുത്തിക്കാണുന്നു. ഇതിന് ഡബ്ലറ്റ് (doublet) എന്നാണ് പറയുക. ഇത്തരം ഡബ്ലറ്റുകള്‍ അഥവാ ആവര്‍ത്തനങ്ങള്‍ പഞ്ചഗ്രന്ഥത്തിലുടനീളം കാണാനുണ്ട്.  ഉദാഹരണത്തിന് പിതാക്കന്മാരുടെ ചരിത്രത്തില്‍ അബ്രാഹത്തിന്‍റെ ഭാര്യയുടെ ദാസി ഹാഗാറിന്‍റെ പലായനം (ഉല്‍. 16; 21:8-21), ദൈവവും അബ്രാഹവും തമ്മിലുള്ള ഉടമ്പടി (ഉല്‍. 15; 17), ഇസഹാക്കിന്‍റെ ജനനത്തെക്കുറിച്ച് അരുളപ്പാട് (ഉല്‍. 17:15-22 18:6-15), യാക്കോബിനെ ഇസഹാക്ക് അനുഗ്രഹിക്കുന്നത് (ഉല്‍. 27; 28:1-4), യാക്കോബ് ബെഥേലില്‍ ഒരു സ്തംഭം (കല്ലുകൊണ്ടുള്ള ബലിപീഠം) സ്ഥാപിക്കുന്നത് (ഉല്‍. 28:18-19; 35:14-15) എന്നിവയെല്ലാം രണ്ടു തരത്തില്‍ വിവരിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തില്‍ മോശയെ ദൈവം വിളിക്കുന്ന സംഭവം (പുറ 3:1-6:1; 6:2-7:13) മറ്റൊരുദാഹരണമാണ്.

മറ്റു ചിലപ്പോള്‍ ഒരേ സംഭവം രണ്ടു പുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു. മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ ജനം മന്നായും കാടപ്പക്ഷിയുടെ മാംസവും ഭക്ഷിച്ച ചരിത്രം പുറ 16-ലും സംഖ്യ 11:4-35-ലും, മോശ പാറയില്‍ വടികൊണ്ടടിച്ച് ദാഹജലം പുറപ്പെടുവിക്കുന്നത് പുറ 17 1-7-ലും സംഖ്യ 20:1-13-ലും, പത്തു പ്രമാണങ്ങള്‍ പുറ 20:2-17-ലും നിയ 5:6-21ലും ആശയഭംഗം കൂടാതെ, എന്നാല്‍ ശൈലി വ്യത്യാസത്തോടെ വിവരിക്കപ്പെടുന്നുണ്ട്.

അബ്രാഹത്തിന്‍റെയും യാക്കോബിന്‍റെയും ചരിത്രത്തിന്‍റെ ഒരു ഭാഗമെന്ന നിലയ്ക്കാണ് ഇസഹാക്കിന്‍റെ ചരിത്രം അവതരിപ്പിക്കുന്നത്.  ഇസഹാക്കിനെക്കുറിച്ചു മാത്രം സംസാരിക്കുന്ന ഉല്‍ 26-ാം അദ്ധ്യായം അബ്രാഹത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളില്‍നിന്ന് (ഉല്‍. 12:1-20;20) രൂപംകൊണ്ടതാണ്.

ആവര്‍ത്തനവിരസവും സങ്കീര്‍ണ്ണവും പരസ്പരം പൊരുത്തമില്ലാത്തതും വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ബുദ്ധിമുട്ടുള്ളതുമാണ് ചില ആഖ്യാനങ്ങള്‍. നോഹിന്‍റെ കാലത്തെ ജലപ്രളയ വിവരണത്തില്‍ (ഉല്‍. 6:5-8:22) പെട്ടകത്തില്‍ കയറ്റിയ പക്ഷിമൃഗാദികളുടെ എണ്ണത്തിലും (ഉല്‍. 6:19; 7:2, 8-9) ജലപ്രളയം നീണ്ടുനിന്ന ദിവസങ്ങളുടെ എണ്ണത്തിലും (ഉല്‍. 7:12, 24, 8:6-14) ഏറ്റക്കുറച്ചിലുകളുണ്ട്. ഇതേ പൊരുത്തക്കേട് ജോസഫിനെ അടിമയായി വില്ക്കുന്ന സംഭവവിവരണത്തിലും കാണാം.  സഹോദരന്മാര്‍ ചേര്‍ന്ന് ജോസഫിനെ ഇസ്മായേല്യര്‍ക്കും അവര്‍ പിന്നീട് അദ്ദേഹത്തെ ഒരു ഈജിപ്തുകാരനും വിറ്റുവെന്നാണ് ആദ്യം പറയുന്നത് (ഉല്‍. 37:27, 28യ; 39:1). പക്ഷേ, സഹോദരന്മാര്‍ ജോസഫിനെ ഒരു പൊട്ടക്കിണറ്റില്‍ എറിഞ്ഞുവെന്നും പിന്നീട് പൊക്കിയെടുത്ത് അതുവഴി വന്ന മിദിയാന്‍കാര്‍ക്കു വിറ്റുവെന്നും അവര്‍ അവനെ ഈജിപ്തിലെ കാവല്‍പ്പടയുടെ നായകനായ പൊത്തിഫറിന് വിറ്റെന്നും ആണ് രണ്ടാമത്തെ ഭാഷ്യം (ഉല്‍. 37:28മ, 36). ഇവിടെയും മറ്റു ചില ഭാഗങ്ങളിലും തുടര്‍ച്ചയായ, ക്രമാനുഗതമായ, ഒരു വിവരണത്തേക്കാളുപരി കുറേ സംഭവങ്ങള്‍ വെറുതെ കൂട്ടിച്ചേര്‍ത്തെഴുതിയെന്ന പ്രതീതിയാണ് പഞ്ചഗ്രന്ഥം ജനിപ്പിക്കുന്നത്.

ശൈലിയിലും ഘടനയിലും മാത്രമല്ല, ചില പദങ്ങളുടെ പ്രയോഗത്തിലും വ്യത്യാസങ്ങള്‍ കാണാനുണ്ട്. ദൈവത്തെ സൂചിപ്പിക്കുന്ന പദം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 'ഉല്‍പത്തി'യുടെ ആരംഭത്തില്‍ സൃഷ്ടിയുടെ ആദ്യവിവരണത്തില്‍ 'ദൈവം' (എലോഹിം - Elohim) എന്നും, രണ്ടാമത്തെ വിവരണത്തില്‍ 'കര്‍ത്താവായ ദൈവം' (യാഹ്വേ എലോഹിം - Yahweh Elohim) എന്നുമാണ് ഉപയോഗിക്കുന്നത്.  ഉല്‍പ്പത്തി 4-ാം അദ്ധ്യായത്തില്‍ 'കര്‍ത്താവ്' (യാഹ്വേ - ഥമവംലവ) എന്നും 5-ാം അദ്ധ്യായത്തില്‍ 'ദൈവം' (എലോഹിം - Elohim) എന്നും കാണുന്നു. ഇവിടെ മുതല്‍ പുറപ്പാടു പുസ്തകത്തില്‍ ദൈവം തന്‍റെ പേരു സ്വയം വെളിപ്പെടുത്തുന്നതുവരെ ദൈവത്തിനു കൊടുക്കുന്ന പേര് മാറി മാറി വരുന്നു. 'യാഹ്വേ'എന്നാണ് ദൈവത്തിന്‍റെ പേരെന്ന് ആദ്യം അറിഞ്ഞത് (പുറ. 3:13-15; 6:2-3) മോശയാണ്. പൂര്‍വ്വ പിതാക്കന്മാരുടെ കാലത്തും അതിനു മുമ്പും ദൈവം 'യാഹ്വേ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന വസ്തുതയ്ക്ക് കടകവിരുദ്ധമാണ് ഈ പ്രസ്താവം (ഉല്‍. 15:2, 7, 8; 16:2; 28:13; 4:1, 26).

പഞ്ചഗ്രന്ഥത്തില്‍ മറ്റനേകം പൊരുത്തക്കേടുകളുണ്ട്. ഉല്‍. 28:19 പ്രകാരം യാക്കോബ് പാദാന്‍ ആരാമിലേക്കു പോകുന്നതിനു മുന്‍പാണ് ലൂസ് എന്ന സ്ഥലത്തിന് ബേഥേല്‍ എന്നു പേരുകൊടുത്തത്. എന്നാല്‍ ഉല്‍. 35:14-15-ല്‍ പറയുന്നത് അനേക വര്‍ഷങ്ങള്‍ക്കുശേഷം, യാക്കോബ് പാദാന്‍ ആരാമില്‍നിന്നു തിരിച്ചുവന്നപ്പോഴാണ് ഈ പേരുമാറ്റം നടന്നതെന്നാണ്. ഉല്‍. 32:28 പ്രകാരം, യാക്കോബിന് ഇസ്രായേല്‍ എന്നു പേരു ലഭിച്ചത് പെനുവേല്‍ എന്ന സ്ഥലത്തുവെച്ചാണ്. എന്നാല്‍ ആ സംഭവം നടന്നത് ബേഥേലില്‍ വെച്ചാണെന്ന് ഉല്‍. 35:10-ല്‍ പറയുന്നു. അബ്രാഹവും അബിമെലേക്കും ഉള്‍പ്പെട്ട ഒരു സംഭവം അനുസ്മരിക്കുന്ന പേരാണ് ബേര്‍ഷബാ (ശപഥത്തിന്‍റെ കിണര്‍) എന്ന് ഉല്‍ 21:31-ലും, ഇസഹാക്കും അബിമെലേക്കും ഉള്‍പ്പെട്ട ഒരു സംഭവത്തോടു ബന്ധപ്പെട്ടതാണ് ഈ പേര് എന്ന് ഉല്‍. 26:34-ലും കാണുന്നു.

നിയമങ്ങള്‍ക്കും അചാരാനുഷ്ഠാനങ്ങള്‍ക്കും കാലാനുസൃതമായ മാറ്റവും പുരോഗതിയും ഉണ്ടാകുന്നത് പഞ്ചഗ്രന്ഥം വായിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാം. ഉദാഹരണത്തിന്, ഇസ്രായേലിലെ തിരുനാളുകളെ സംബന്ധിക്കുന്ന നിയമങ്ങള്‍ക്ക് മാറിവരുന്ന സാമൂഹ്യവും മതപരവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് (പുറ 3:14-19; 34:18, 22-26; ലേവ്യ 23; സംഖ്യ 28:1-30:1, നിയ 16:1-7).

മറ്റനേകം വ്യത്യാസങ്ങളും ആവര്‍ത്തനങ്ങളും കാലത്തിന് അനുരൂപമല്ലാത്ത പ്രതിപാദനങ്ങളും, പേരുകള്‍ക്കും ആചാരങ്ങള്‍ക്കും പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങളും പഞ്ചഗ്രന്ഥം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കണ്ടെത്താന്‍ കഴിയും. പഞ്ചഗ്രന്ഥത്തില്‍ രചനാപരമായി പൊരുത്തമില്ലാത്ത ചരിത്രവും സംഭവങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്നതിന്‍റെ കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടത് ഒരാവശ്യമാണ്. വിവിധ സ്ഥലങ്ങളിലും കാലങ്ങളിലും ജീവിതാവസ്ഥകളിലും സാഹചര്യങ്ങളിലും നിന്നുയിര്‍ക്കൊണ്ട പാരമ്പര്യങ്ങളും മറ്റനേകം ഘടകങ്ങളും പഞ്ചഗ്രന്ഥത്തിന്‍റെ രചനയില്‍ കാര്യമായ പങ്കുവരിച്ചിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്കു മനസ്സിലാകുന്നു. പഞ്ചഗ്രന്ഥത്തിന്‍റെ രചനയ്ക്കു പിന്നില്‍ മോശയുടെ ശക്തമായ സ്വാധീനമുണ്ടെന്ന് അംഗീകരിക്കാമെങ്കിലും, ഒരേയൊരു വ്യക്തി തനിച്ചെഴുതിയ ഗ്രന്ഥമാണ് അതെന്നു സമ്മതിക്കുക സാധ്യമല്ല.

പഞ്ചഗ്രന്ഥം - ഒരു ശാസ്ത്രീയ പഠനം

മേല്‍പറഞ്ഞതുപോലുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളും പഠനങ്ങളും വിവിധ സിദ്ധാന്തങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും രൂപം കൊടുത്തു. 17-ാം നൂറ്റാണ്ടുവരെ പഞ്ചഗ്രന്ഥത്തിന്‍റെ രചനാപരവും സാഹിത്യപരവുമായ ഐക്യത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല.  ഭിന്നാഭിപ്രായം ഉണ്ടായപ്പോഴൊക്കെ യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ പഞ്ചഗ്രന്ഥത്തിന്‍റെ രചനാപരമായ ഐക്യവും മോശയുടെ ഗ്രന്ഥകര്‍ത്തൃത്വവും ഊന്നിപ്പറഞ്ഞു.  ആദിമ സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞരും ഈ പ്രശ്നത്തില്‍ ഒരുതരം യാഥാസ്ഥിതിക മനോഭാവമാണു സ്വീകരിച്ചത്.

പഞ്ചഗ്രന്ഥത്തിന്‍റെ രചനാപരമായ ഐക്യത്തെ ചോദ്യം ചെയ്തവരില്‍ പ്രമുഖര്‍ 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്പിനോസ, (Spinoza -  1670), റിച്ചാര്‍ഡ് സൈമണ്‍ (Richard Simon - 1678), ജോണ്‍ ക്ലെരിക്കസ് (Clericus- 1685) എന്നിവരത്രേ. പൂര്‍വ്വികരുടെ പാരമ്പര്യങ്ങളും പിന്നീടു നടത്തിയ സംസ്കരണങ്ങളും തമ്മില്‍ വേര്‍തിരിച്ചെടുത്ത അവര്‍ പഞ്ചഗ്രന്ഥത്തിന് അതിസങ്കീര്‍ണ്ണമായ സാഹിത്യചരിത്രമാണുള്ളതെന്ന് പ്രഖ്യാപിച്ചു. അവരുടെ ഈ നിലപാട് വിപ്ലവകരമാണെന്ന് അക്കാലത്ത് പലരും കരുതി. എന്നാല്‍ ഇന്ന് അവരുടെ കണ്ടുപിടുത്തങ്ങള്‍ പഞ്ചഗ്രന്ഥത്തെക്കുറിച്ചുള്ള ഏതു പഠനത്തിനും സ്വീകാര്യമായ ഒരടിസ്ഥാനമാണ്.

17-ാം നൂറ്റാണ്ടിലെ പണ്ഡിതരുടെ പഠനങ്ങളും ഉള്‍ക്കാഴ്ചകളും അടിസ്ഥാനപരമായി സാധുവാണ്. പക്ഷേ, അവര്‍ ഉപയോഗിച്ച ശാസ്ത്രീയ സമീപനരീതികള്‍ തികച്ചും അവികസിതവും അപര്യാപ്തവുമായിരുന്നു.  സംഭവ വിവരണങ്ങളിലെ പൊരുത്തമില്ലായ്മയെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളും പഠനങ്ങളും വളരെ അവ്യക്തമായിരുന്നതുകൊണ്ട് തങ്ങളുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കാനുള്ള ഒരു മൗലികതത്വം ആവിഷ്ക്കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പൊരുത്തക്കേടുകളെങ്ങനെ ഉണ്ടായെന്നോ, അതിന്‍റെ കാരണങ്ങള്‍ എന്തെന്നോ വ്യക്തമായി പറയാനും അവര്‍ക്കു കഴിഞ്ഞില്ല. ഒരു മൗലികതത്വം കണ്ടുപിടിക്കാന്‍ 18-ാം നൂറ്റാണ്ടിലും ശ്രമങ്ങള്‍ നടന്നു. ഉല്‍പ്പത്തിയുടെ ആദ്യ അദ്ധ്യായങ്ങളില്‍ 'യാഹ്വേ' 'എലോഹിം' എന്നീ ദൈവികനാമങ്ങള്‍ മാറി മാറി ഉപയോഗിച്ചിരിക്കുന്നത് ബി. വിറ്റര്‍ (B. Witter-  1711) എന്ന പണ്ഡിതന്‍ ശ്രദ്ധിച്ചു. അതിന്‍റെ ചുവടു പിടിച്ചുനീങ്ങിയ അദ്ദേഹത്തിന് സൃഷ്ടിയെക്കുറിച്ചുള്ള വ്യത്യസ്തമായ രണ്ടു വിവരണങ്ങള്‍ വേര്‍തിരിക്കാന്‍ കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ജെ. അസ്ട്രക്ക് (J. Astruc) ഈ തത്വം പഞ്ചഗ്രന്ഥം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചു. 'യാഹ്വേ' 'എലോഹിം' എന്ന രണ്ടു ദൈവിക നാമങ്ങളുടെ പ്രയോഗത്തില്‍നിന്ന് പഞ്ചഗ്രന്ഥത്തിന്‍റെ രണ്ടു പ്രധാന പ്രഭവസ്ഥാനങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ചു. ഈ പ്രഭവസ്ഥാനങ്ങളെ 'പാരമ്പര്യങ്ങള്‍' എന്നാണു വിളിക്കുക. ഐക്കോണ്‍ (Eichhorm-  1780-1783) ഈ പാരമ്പര്യങ്ങള്‍ക്ക് 'യാഹ്വിസ്റ്റ്', 'എലോഹിസ്റ്റ്' എന്നു പേരുകള്‍ നല്‍കി.

വിറ്റര്‍, അസ്ട്രക്ക്, ഐക്കോണ്‍ എന്നിവരുടെ കാലശേഷം പഞ്ചഗ്രന്ഥത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു. സാഹിത്യപരവും രചനാപരവുമായ പൊരുത്തങ്ങളും പൊരുത്തക്കേടുകളും കണ്ടുപിടിക്കാനും വിശകലനം ചെയ്യാനുംവേണ്ടി അതിസൂക്ഷ്മവും കണിശവുമായ മാനദണ്ഡങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ മുന്‍പത്തെ അവ്യക്ത സിദ്ധാന്തങ്ങള്‍ പരിഷ്ക്കരിക്കപ്പെടുകയും വികസിക്കുകയും ചെയ്തു.  മൂന്നു തരം സിദ്ധാന്തങ്ങള്‍, അഥവാ സമീപനരീതികളാണ് ആവിര്‍ഭവിച്ചത്.  ഇവ രേഖാസിദ്ധാന്തം (documentary hypothesis), ശകലസിദ്ധാന്തം (Fragment hypothesis) അനുപൂരക സിദ്ധാന്തം (Supplement hypothesis) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ഒന്നിലധികം ആധാരരേഖകളും സാഹിത്യകൃതികളും പാരമ്പര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് പഞ്ചഗ്രന്ഥം എഴുതപ്പെട്ടതെന്ന കാഴ്ചപ്പാടാണ് രേഖാസിദ്ധാന്തം. ഈ സിദ്ധാന്തം അംഗീകരിക്കുന്നവരുടെ അഭിപ്രായത്തില്‍ സ്വതന്ത്രവും ക്രമാനുഗതവും യുക്തിയുക്തവും പൂര്‍ണ്ണവുമായ പല വിവരണങ്ങളാണ് പഞ്ചഗ്രന്ഥത്തിന്‍റെ അടിസ്ഥാനം. ഓരോരോ കാലത്ത് ഗ്രന്ഥം പകര്‍ത്തിയെഴുതുകയും പ്രസാധനം നിര്‍വ്വഹിക്കുകയും ചെയ്തവര്‍ പലപ്പോഴായി ഈ സ്വതന്ത്രവിവരണങ്ങളെ പഞ്ചഗ്രന്ഥത്തിന്‍റെ പ്രധാനാശവുമായി സമന്വയിപ്പിച്ചു.

സ്വതന്ത്രമായ അനേകം സാഹിത്യരചനകളുടെ ഭാഗങ്ങള്‍ വലിയ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിച്ചേര്‍ത്തെഴുതപ്പെട്ടതാണ് പഞ്ചഗ്രന്ഥം എന്ന് ശകലസിദ്ധാന്തം പറയുന്നു. വിവിധതരത്തിലുള്ള നിയമസംഹിതകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം രൂപപ്പെട്ടത്. ഈ നിയമസംഹിതകള്‍ തുടര്‍ച്ചയായിട്ടല്ല എഴുതപ്പെട്ടിരിക്കുന്നത്. ഇവ വെറുതേ അടുപ്പിച്ചടുപ്പിച്ച് എഴുതുക മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും പലതരം നിയമങ്ങളുടെ വളര്‍ച്ച മനസ്സിലാക്കാന്‍ ഈ സിദ്ധാന്തം സഹായിക്കുന്നു.  പഞ്ചഗ്രന്ഥത്തിലെ വ്യക്തമായ തുടര്‍ച്ചയുള്ള സംഭവവിവരണങ്ങള്‍ അപഗ്രഥിക്കാനും പഠിക്കാനും ഈ സിദ്ധാന്തം സഹായകമല്ല.

പഞ്ചഗ്രന്ഥത്തിന് ആദ്യകാലത്ത് ശക്തമായ ഒരു അടിസ്ഥാന രേഖ ഉണ്ടായിരുന്നുവെന്നും, പില്‍ക്കാലത്ത് പല ഉറവിടങ്ങളിലുംനിന്ന് ശേഖരിച്ച വിശദീകരണങ്ങളും മറ്റും കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നുമാണ് അനുപൂരക സിദ്ധാന്തം അവകാശപ്പെടുന്നത്.  മറ്റു രണ്ടു സിദ്ധാന്തങ്ങളുടെയും വെറുമൊരു സംയോജിതരൂപമാണിത്.

ഈ മൂന്നു സിദ്ധാന്തങ്ങളെയുംകുറിച്ച് ദീര്‍ഘനാള്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നെങ്കിലും അവയിലൊന്നുപോലും പണ്ഡിതന്മാര്‍ അതേപടി സ്വീകരിക്കുന്നില്ല.  ഓരോ സിദ്ധാന്തവും മുറുകെ പിടിക്കുന്ന പണ്ഡിതന്മാര്‍ തമ്മിലുള്ള കടുത്ത വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും അവയിലെ ഓരോ അപര്യാപ്തതയും പുറത്തുകൊണ്ടുവരാന്‍ സഹായകമായി എന്നു മാത്രമല്ല, പൊതുവായ ഒരു തത്വം, ഒരടിസ്ഥാനം, ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു.  ആദ്യകാലങ്ങളിലേതില്‍നിന്ന് കുറെക്കൂടി പരിഷ്ക്കരിക്കപ്പെട്ട രേഖാസിദ്ധാന്തമാണ് ഇന്ന് മിക്ക പഴയനിയമപണ്ഡിതന്മാരും അംഗീകരിക്കുന്നത്.

പഞ്ചഗ്രന്ഥത്തിന്‍റെ ആധുനികവും ശാസ്ത്രീയവുമായ പഠനങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ രേഖാസിദ്ധാന്തത്തിന്‍റെ ചരിത്രം അറിയേണ്ടതുണ്ട്.  പഞ്ചഗ്രന്ഥത്തിന്‍റെ വിവിധ ഘട്ടങ്ങളും ഘടകങ്ങളും വേര്‍തിരിക്കാനുള്ള ആദ്യശ്രമം 'എലോഹിസ്റ്റ്' പാരമ്പര്യത്തില്‍ത്തന്നെ രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങള്‍ ഉള്ളതായി തെളിയിച്ചു.  അവയിലൊന്നിന് 'എലോഹിസ്റ്റ്' എന്നുതന്നെ പേരുകൊടുത്തു. രണ്ടാമത്തേത് 'പുരോഹിത' (Priestly) പാരമ്പര്യം എന്നാണറിയപ്പെടുന്നത്. ആദ്യം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ പഞ്ചഗ്രന്ഥത്തിന്‍റെ ഏറ്റവും പുരാതനമായ അടിസ്ഥാനം അഥവാ സൂക്ഷ്മതന്തു അതാണെന്നു കരുതിയിരുന്നു. അതുവരെ കണ്ടുപിടിക്കപ്പെട്ട മൂന്ന് പാരമ്പര്യങ്ങളും - പുരോഹിത, എലോഹിസ്റ്റ്, യാഹ്വിസ്റ്റ്-  (P.E.J.) കൂട്ടിയിണക്കി പഞ്ചഗ്രന്ഥം രചിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് പണ്ഡിതന്മാര്‍ എത്തിയത്. 'നിയമാവര്‍ത്തനം' (Deuteronomy) എന്ന പേരില്‍ സ്വതന്ത്രമായ ഒരു രചനകൂടി കണ്ടുപിടിച്ചതോടെ പഞ്ചഗ്രന്ഥത്തിനു പിന്നിലുള്ള പാരമ്പര്യങ്ങള്‍ നാലായി. പുരോഹിത പാരമ്പര്യം (P), എലോഹിസ്റ്റ് (E), യാഹ്വിസ്റ്റ് (J), നിയമാവര്‍ത്തനം (D) എന്നീ ക്രമത്തിലാണെഴുതേണ്ടതെന്നും നിശ്ചയിച്ചു.

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കെ. എച്ച്. ഗ്രാഫ് (K. H. Graf), ജെ. വെല്‍ഹൗസന്‍ (J. Welhausen) എന്നിവര്‍ ഈ നാലു പാരമ്പര്യങ്ങളെയും കാലാനുക്രമമായി പുനഃക്രമീകരിച്ചത് ഈ സമീപനങ്ങള്‍ക്ക് നിര്‍ണ്ണായകമായ പ്രേരകശക്തിയായി മാറി. J, E, D, P എന്ന ക്രമമാണ് അവര്‍ നിര്‍ദ്ദേശിച്ചത്. ഇന്ന് മിക്ക ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്ന ക്രമം ഇതാണ്. ഏറ്റവും പുരാതനമായ പാരമ്പര്യമെന്ന നിലയ്ക്ക്     J ബി.സി. 10-ാം നൂറ്റാണ്ടിന്‍റെ അവസാനമോ 9-ാം നൂറ്റാണ്ടിന്‍റെ ആദ്യമോ എഴുതിയതാണെന്ന് കരുതപ്പെടുന്നു. ബി. സി. 8-ാം നൂറ്റാണ്ടിലാണ് ഋ എഴുതപ്പെട്ടത്. ബി.സി. 7-ാം നൂറ്റാണ്ടിന്‍റെ സംഭാവനയാണ് ഉ. ഏറ്റവും പുരാതനമെന്ന് ഒരു കാലത്തു കരുതപ്പെട്ടിരുന്ന ജ ആണ് ഏറ്റവും ആധുനികമായ പാരമ്പര്യം എന്ന് ഇന്നു നാം മനസ്സിലാക്കുന്നു. ബി.സി. 6-ഉം 5-ഉം നൂറ്റാണ്ടുകളിലാണ് P എഴുതപ്പെട്ടത്.

ഓരോ പാരമ്പര്യത്തിലുമുള്ള വ്യത്യസ്തതലങ്ങള്‍ (strands) വേര്‍തിരിച്ചെടുത്ത് J E D P  സിദ്ധാന്തം ഒന്നു പരിഷ്ക്കരിക്കാന്‍ പലരും ശ്രമിച്ചു.  തല്‍ഫലമായി ഈ പാരമ്പര്യങ്ങള്‍ ഒന്നുംതന്നെ ഒരേയൊരു വ്യക്തിയുടെ രചനയല്ലെന്നും അതിനു പിന്നില്‍ ഒന്നിലധികം വ്യക്തികളോ, സംഘങ്ങള്‍തന്നെയോ ഉണ്ടായിരിക്കാമെന്നും മനസ്സിലായി.

പഞ്ചഗ്രന്ഥത്തിലെ പാരമ്പര്യങ്ങളുടെ അപഗ്രഥനത്തിന് അടിസ്ഥാനപരമായ രണ്ടു ഘട്ടങ്ങളാണുള്ളത്. വിവരണങ്ങളിലെ പരസ്പരം ചേര്‍ച്ചയില്ലാത്ത ഘടകങ്ങളെയും ആവര്‍ത്തനങ്ങളെയും അപഗ്രഥിച്ചു വേര്‍തിരിച്ച് പ്രധാനവും ശുദ്ധവും സ്വതന്ത്രവുമായ മൂലഘടകം ഏതെന്നു നിര്‍ണ്ണയിക്കുന്നതാണ് ആദ്യഘട്ടം. പദപ്രയോഗങ്ങള്‍, രചനാശൈലി, ചരിത്രപശ്ചാത്തലം, ദൈവശാസ്ത്രപരമായ ധാരണകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മൂലഘടകങ്ങളെ പുനഃക്രമീകരിക്കുന്നതാണ് രണ്ടാം ഘട്ടം. അതിസങ്കീര്‍ണ്ണമായ പ്രക്രിയയാണിത്. തന്മൂലം, അപൂര്‍വ്വം ചില വാക്യങ്ങളും ചെറിയ ഖണ്ഡികകളും ഏതു പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കണിശമായി നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല.

നാലു പാരമ്പര്യങ്ങളെയും സ്വതന്ത്രമായ, തുടര്‍ച്ചയായുള്ള വിവരണങ്ങളായി പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെയേ വിജയിച്ചുള്ളൂ. ഓരോരുത്തരും മാറി മാറി പഞ്ചഗ്രന്ഥത്തിലെ നാലു പാരമ്പര്യങ്ങളെയും കൂട്ടിച്ചേര്‍ത്തു കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു സംയോജനത്തിനു ശ്രമിച്ചപ്പോള്‍ തീരെ അപ്രധാനമല്ലാത്ത പല ഘടകങ്ങളും വിട്ടുകളഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഒരു വാക്യമോ, വിവരണങ്ങളുടെ ഏതെങ്കിലുമൊരു ഭാഗമോ ഇപ്രകാരം വിട്ടു കളഞ്ഞിരിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഒരു പാരമ്പര്യം അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട് മറ്റൊരു പാരമ്പര്യത്തിലെ വസ്തുതകള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ത്ഥം വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും, ഇന്നു നമുക്ക് വേര്‍തിരിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍, ആ പാരമ്പര്യങ്ങളില്‍നിന്നുള്ള ഭാഗങ്ങള്‍ വളരെ ഭംഗിയായി കൂട്ടിച്ചേര്‍ത്തിട്ടുള്ളതായി കാണാം. പഞ്ചഗ്രന്ഥത്തിലെ അനേകം ആവര്‍ത്തനങ്ങള്‍ (doublets) ഒരു കാര്യം വ്യക്തമാക്കുന്നു - ഓരോ പാരമ്പര്യത്തിന്‍റെയും മൗലികത്വം എപ്പോഴും മാനിക്കപ്പെട്ടിരുന്നു.

പഞ്ചഗ്രന്ഥത്തെക്കുറിച്ചുള്ള പഠനം പാരമ്പര്യങ്ങളുടെ അപഗ്രഥനത്തിലും നിരൂപണത്തിലും മാത്രം ഒതുക്കി നിര്‍ത്താന്‍ വയ്യാ. ആധുനിക ശാസ്ത്രീയാന്വേഷണങ്ങള്‍ മറ്റു പല വഴിക്കും തിരിഞ്ഞിട്ടുണ്ട്.

എച്ച്. ഗുങ്കലിന്‍റെ (H. Gunkel) ചുവടു പിടിച്ച് ചില പണ്ഡിതന്മാര്‍ ഓരോ പാരമ്പര്യത്തിലും അന്തര്‍ലീനമായ വ്യത്യസ്തസാഹിത്യഘടകങ്ങളെക്കുറിച്ചു പഠിച്ചു തുടങ്ങി. ഇവയൊക്കെ എഴുതപ്പെടുന്നതിനു മുമ്പുള്ള അവസ്ഥ എന്തെന്നു കണ്ടുപിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വാചികപാരമ്പര്യങ്ങളുടെ വളര്‍ച്ചയും വികാസവും അന്നത്തെ ജനങ്ങളുടെ ജീവിതത്തില്‍ അവയ്ക്കുണ്ടായിരുന്ന സ്വാധീനവും അവര്‍ പഠനത്തിനു വിധേയമാക്കി. മുഖ്യരചയിതാക്കളിലേക്കും അവരുടെ വ്യക്തിത്വത്തിലേക്കും തിരിയുന്നതിനെക്കാളുപരി ഓരോ വിവരണത്തിന്‍റെയും അദ്വിതീയതയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പാരമ്പര്യങ്ങള്‍ പരിരക്ഷിക്കാനും ക്രോഡീകരിക്കാനുംവേണ്ടി എഴുതപ്പെട്ട രേഖകളാണ് ഈ നാലു പാരമ്പര്യങ്ങളും എന്ന് അവര്‍ മനസ്സിലാക്കി.

മാര്‍ട്ടിന്‍ നോത്തും (Martin Noth) കൂട്ടരും നീങ്ങിയതു മറ്റൊരു വഴിക്കാണ്. പാരമ്പര്യങ്ങളും കാലഗതിയ്ക്കനുസരിച്ച് അവയ്ക്കു സംഭവിക്കുന്ന പരിണാമങ്ങളുമാണ് ഇക്കൂട്ടര്‍ പഠനവിധേയമാക്കിയത്. ലളിതമായ ഏകാത്മക പ്രമേയങ്ങളും വ്യാമിശ്രമായ പ്രമേയങ്ങളും പടിപടിയായി വികാസം പ്രാപിക്കുന്നത് അവര്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. വികാസപരിണാമത്തിന്‍റെ കാലനിര്‍ണ്ണയം ചെയ്യുകയും, ഈ പരിണാമപ്രക്രിയയെ സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത ശക്തികള്‍ ഏവയെന്നു കണ്ടുപിടിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം.

മേല്‍പറഞ്ഞ സമീപനങ്ങളെല്ലാം ഒരു പരിധിവരെ ശരിയാണെങ്കിലും അവയെല്ലാം പഞ്ചഗ്രന്ഥത്തെ അനേകം ചെറുഘടകങ്ങളായി ചിതറിക്കുന്നുവെന്നാണ് സമകാലീനരായ പല പണ്ഡിതരുടെയും അഭിപ്രായം. പൂര്‍ണ്ണത പ്രാപിച്ച ഒരു കൃതിയുടെ സാഹിത്യമൂല്യവും സ്വഭാവവും നഷ്ടപ്പെടുത്താനേ ഇത്തരം വിഭജനങ്ങള്‍ ഉപകരിക്കൂ. അതിനാല്‍, നിയതമായ മൂലഗ്രന്ഥത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അവസാനത്തെ ആഖ്യാതാവ് അവതരിപ്പിക്കുന്ന ദൈവശാസ്ത്രം പഠിക്കാനാണ് ഇന്ന് അധികവും ശ്രമിക്കുന്നത്.

മറ്റുപല ശാസ്ത്രീയാന്വേഷണങ്ങളും പരീക്ഷണങ്ങളും പഞ്ചഗ്രന്ഥത്തിന്‍റെ പഠനത്തെ സഹായിക്കുന്നുണ്ട്. ബൈബിള്‍ ഭാഗങ്ങളിലെ ചരിത്രം അപഗ്രഥിച്ച്, ഇസ്രായേല്‍ ചരിത്രത്തില്‍ ബൈബിള്‍ ചെലുത്തിയ സ്വാധീനമെന്തെന്ന് അറിയാനുള്ള ശ്രമം നടത്തുന്നു ചരിത്രവിമര്‍ശനം (hiostorical criticism). അങ്ങനെ കണ്ടുപിടിക്കുന്ന വസ്തുതകള്‍ മറ്റു ചരിത്രാന്വേഷണങ്ങളുടെ ഫലങ്ങളുമായി ബന്ധപ്പെടുത്തുന്നു. പുരാവസ്തു ഗവേഷണങ്ങള്‍ ഈ ചരിത്രപഠനങ്ങളെ ത്വരിതപ്പെടുത്തി.  ബൈബിള്‍കാലഘട്ടത്തിലെ പല പട്ടണങ്ങളുടെയും ബൈബിള്‍ചരിത്രവുമായി ബന്ധപ്പെട്ട ചില അവശിഷ്ടങ്ങളുടെയും കണ്ടുപിടുത്തം ബൈബിള്‍ ഭാഗങ്ങളുടെ വ്യാഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്‍കി.  പഞ്ചഗ്രന്ഥത്തിന്‍റെ രചനയെ വളരെയേറെ സ്വാധീനിച്ച മദ്ധ്യ പൂര്‍വ്വദേശത്തെ ഭാഷകളുടെയും സാഹിത്യശാഖകളുടെയും പഠനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പഞ്ചഗ്രന്ഥത്തെക്കുറിച്ചുള്ള ഗവേഷണ - പഠനങ്ങളില്‍ പല സമീപനങ്ങളുണ്ടെങ്കിലും അവയൊന്നും പരസ്പര നിഷേധങ്ങളല്ല; അവ പരസ്പരം പൂരകങ്ങളായി വര്‍ത്തിച്ചുകൊണ്ട് കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പഠനങ്ങള്‍ക്കു വഴിതെളിക്കുന്നു.

വളരെ എളിയ തോതിലാണ് പഞ്ചഗ്രന്ഥത്തിന്‍റെ പഠനം ആരംഭിച്ചത്.  ആകസ്മികമായി കണ്ടെത്തിയ ചില വസ്തുതകളില്‍നിന്നായിരുന്നു തുടക്കം. അവയുടെ അപഗ്രഥനത്തിനായി ആദ്യകാലത്ത് തത്വങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും രൂപം നല്‍കി. പിന്നീട് അവ വളരെ വിപുലവും സങ്കീര്‍ണ്ണവുമായ ശാസ്ത്രീയ പഠനമായി വളര്‍ന്നു. പല പ്രശ്നങ്ങള്‍ ക്കും ഉത്തരം കണ്ടെത്തി, ഇനിയും പലതിനും ഉത്തരം കണ്ടെത്താനുമുണ്ട്. പഞ്ചഗ്രന്ഥത്തിന്‍റെ സ്വഭാവത്തെയും പ്രസക്തിയെയും കുറിച്ചുള്ള അവബോധവും പഠനരീതികളുടെ പുരോഗമനവും കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നു.

Eugene A. Laverdiere

Introduction to the Pentateuch catholic malayalam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no : 13 Eugene A. Laverdiere Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message