We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Thekkanath On 05-Feb-2021
ഗ്രന്ഥകാരന്‍
മറ്റു മൂന്നു സുവിശേഷങ്ങളിലുമെന്നപോലെ ലൂക്കായുടെ സുവിശേഷത്തിലും ഗ്രന്ഥകര്‍ത്താവ് ആര്, അദ്ദേഹത്തിന്‍റെ പേരെന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങളൊന്നുമില്ല. എങ്കിലും മൂന്നാമത്തെ സുവിശേഷത്തിന്‍റെ രചയിതാവ് ലൂക്കാ ആണെന്നത്രേ സഭയിലെ പരമ്പരാഗതമായ വിശ്വാസം. മുററ്റോറിയന്‍ കാനോന്‍ (Muratorian) എന്നറിയപ്പെടുന്ന ബൈബിളിലെ കാനോനിക പുസ്തകങ്ങളുടെ പട്ടികയില്‍ നിന്നാണ് ഈ പാരമ്പര്യത്തെക്കുറിച്ച് നാം ആദ്യമായി മനസ്സിലാക്കുന്നത്. A.D. 170-180 കാലയളവിലാണു മുററ്റോറിയന്‍ കാനോനിന്‍റെ ഉദ്ഭവം എന്നത്രേ കരുതപ്പെടുന്നത്. എ എല്‍. മുററ്റോറി എന്ന പണ്ഡിതന്‍ 1740-ല്‍ മിലാനിലുള്ള അംബ്രോസിയന്‍ ലൈബ്രറിയില്‍നിന്നാണ് ഇതു കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ പേരിനെ ആസ്പദമാക്കി ഇത് മുററ്റോറിയന്‍ കാനോന്‍ എന്നറിയപ്പെടുന്നു. ലൂക്കായെക്കുറിച്ച് അതില്‍ ഇപ്രകാരം പറയുന്നു: "മൂന്നാമത്തെ സുവിശേഷം ലൂക്കാ എഴുതിയതാണ്. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം രചനാതല്പരനായ ലൂക്കായെ പൗലോസ് തന്‍റെ സഹചാരിയാക്കി. താന്‍ കേട്ടിട്ടുള്ള കാര്യങ്ങളെ ആധാരമാക്കിയാണ് ലൂക്കാ സുവിശേഷം രചിച്ചത്. കാരണം, അദ്ദേഹം കര്‍ത്താവിനെ നേരിട്ടു കണ്ടിട്ടില്ല......." ഈ സുവിശേഷത്തിന്‍റെ കര്‍ത്താവ് ലൂക്കാ ആണെന്ന് രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ജീവിച്ചിരുന്ന ഇറനേവൂസ് എന്ന സഭാപിതാവും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടവസാനം രചിക്കപ്പെട്ട 'ലൂക്കായുടെ സുവിശേഷത്തിന് ആമുഖം' എന്ന മറ്റൊരു പ്രാചീനഗ്രന്ഥവും മൂന്നാമത്തെ സുവിശേഷം ലൂക്കായുടേതാണെന്ന് ഊന്നിപ്പറയുന്നു: "ലൂക്കാ സിറിയായിലുള്ള അന്ത്യോക്യക്കാരനായിരുന്നു. അദ്ദേഹം അപ്പസ്തോലന്മാരുടെ ശിഷ്യനായിരുന്നു; പൗലോസിന്‍റെ രക്തസാക്ഷിത്വംവരെ, അദ്ദേഹത്തിന്‍റെ അനുചരനും... അക്കായിയായില്‍ മതപരിവര്‍ത്തനം ചെയ്തവര്‍ക്കുവേണ്ടി പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലാണ് ഇതു രചിച്ചത്. പില്‍കാലത്ത് 'അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍' രചിച്ചതും ഈ ലൂക്കാ തന്നെ".
തെര്‍ത്തുല്യന്‍, ഒരിജന്‍, എവുസേബിയൂസ്, ജെറോം തുടങ്ങിയവര്‍ മേല്പറഞ്ഞ പാരമ്പര്യം അംഗീകരിക്കുന്നു. മൂന്നാമത്തെ സുവിശേഷത്തിന്‍റെ രചയിതാവ് പൗലോസിന്‍റെ സുഹൃത്താണെന്നും, അദ്ദേഹം തന്നെയാണ് അപ്പസ്തോലപ്രവൃത്തിയുടെ കര്‍ത്താവെന്നും ഇവരെല്ലാവരും കൃത്യമായി പറയുന്നു. പൗലോസിന്‍റെ ലേഖനങ്ങളില്‍ "പ്രിയങ്കരനായ ഭിഷഗ്വരന്‍" (കൊള 4:14), "സഹപ്രവര്‍ത്തകന്‍" (ഫിലെ 24), പൗലോസിന്‍റെ സ്നേഹിതന്‍ (2 തിമൊ 4:11) എന്നൊക്കെയാണു ലൂക്കായെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ പലയിടത്തും 'ഞങ്ങള്‍--വാക്യങ്ങള്‍' നാം കണ്ടുമുട്ടാറുണ്ട് (16:10 -17; 20:5-15; 21:18; 27:1-28-16). ഈ വാക്യങ്ങളിലെല്ലാം 'ഞങ്ങള്‍' എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. 'ഞങ്ങള്‍' എന്നാല്‍ പൗലോസും ലൂക്കായും. ഇതിന്‍റെ അര്‍ത്ഥം ചില പ്രേഷിത യാത്രകളിലെങ്കിലും ലൂക്കാ പൗലോസിനെ അനുഗമിച്ചിരുന്നു എന്നാണ്. ലൂക്കായുടെ സുവിശേഷവും അപ്പസ്തോലപ്രവര്‍ത്തനങ്ങളും ഒരേ ഗ്രന്ഥകാരന്‍റെ രണ്ടു രചനകളാണെന്നാണു പണ്ഡിതന്മാര്‍ സാര്‍വ്വത്രികമായി അംഗീകരിച്ചിരിക്കുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ആമുഖത്തില്‍ സുവിശേഷമാണ് തന്‍റെ ആദ്യകൃതിയെന്ന് അദ്ദേഹം തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. രണ്ടു കൃതികളും സമര്‍പ്പിച്ചിരിക്കുന്നതും തെയോഫിലോസിനു തന്നെ (ലൂക്കാ 1:3; അപ്പ 1;1). സിറിയായിലുള്ള അന്ത്യോക്യക്കാരനും വിജാതീയരില്‍നിന്നു മതപരിവര്‍ത്തനം ചെയ്ത വിദ്യാസമ്പന്നനായ ഒരു ക്രിസ്ത്യാനിയുമായിരിക്കണം ലൂക്കാ.
ഭാഷയും ശൈലിയും
അതീവ ഹൃദ്യമാണു ലൂക്കായുടെ ഭാഷ. പുതിയനിയമത്തില്‍ ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തോടു കിടപിടിക്കുന്നതാണു ലൂക്കായുടെ ശൈലി. ലൂക്കായെപ്പോലെ ഗ്രീക്കുഭാഷ ഇത്ര അനായാസമധുരമായി കൈകാര്യം ചെയ്ത സുവിശേഷകന്മാര്‍ വേറേയില്ലെന്നു ജെറോം അഭിപ്രായപ്പെട്ടിട്ടുണ്ട്. പണ്ഡിതശൈലി വിട്ടു സാധാരണക്കാരുടെ ഭാഷയാണു ലൂക്കാ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, പാപിനിയായ സ്ത്രീ, മര്‍ത്തായും മറിയവും, എമ്മാവൂസിലേക്കുള്ള യാത്ര, നസറത്തില്‍ യേശു നടത്തുന്ന നയപ്രഖ്യാപനപ്രസംഗം, നല്ല സമറിയാക്കാരന്‍റെയും ധൂര്‍ത്ത പുത്രന്‍റെയും ഉപമകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ശക്തവും സുന്ദരവുമായ ഗ്രീക്കു നിബന്ധനകള്‍ക്ക് ഉദാഹരണങ്ങളത്രേ. വാങ്മയരൂപങ്ങള്‍ വരച്ചു കാട്ടുന്നതില്‍ അസാമാന്യപാടവം പ്രകടിപ്പിച്ചതുകൊണ്ട് 6-ാം നൂറ്റാണ്ടു മുതല്‍ ലൂക്കാ ചിത്രകാരന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ലൂക്കാ ആധാരമാക്കിയ ഗ്രന്ഥങ്ങള്‍
ആദ്യഭാഗത്ത് സ്രോതസ്സുകളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. മറ്റാളുകള്‍ എഴുതിയവയെ താന്‍ ആശ്രയിക്കുന്നതായി ലൂക്കാ സമ്മതിച്ചിട്ടുണ്ട്. അവയിലൊന്നു തീര്‍ച്ചയായും മര്‍ക്കോസിന്‍റെ സുവിശേഷമാണ്. ലൂക്കായുടെ സുവിശേഷത്തിന്‍റെ അമ്പത്തഞ്ചു ശതമാനവും മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വിവരിക്കുന്ന കാര്യങ്ങള്‍ തന്നെ. മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിലെ സമവീക്ഷണപ്രശ്നം ഈ പാഠപദ്ധതിയില്‍ ഒതുങ്ങി നില്ക്കുന്നതല്ല. മറ്റു ചില ആദി ഉറവിടങ്ങളും ആധാരമാക്കിയിട്ടുണ്ട് മത്തായിയും ലൂക്കായും. 'അജ്ഞാത ഉറവിടം' എന്നാണു പണ്ഡിതന്മാര്‍ അതിനെ വിളിക്കുന്നത്. എവിടെ, ആരില്‍ നിന്നാണ് അതിന്‍റെ ഉദ്ഭവം എന്നു കൃത്യമായി നിര്‍ണ്ണയിക്കുക വിഷമമായതിനാലാണ് അത് ഇപ്രകാരം അറിയപ്പെടുക. പശ്ചാത്യപണ്ഡിതന്മാര്‍ "Q" ഉറവിടം എന്ന് അതിനെ വിളിക്കുന്നു. 'ഉറവിടം' എന്നര്‍ത്ഥം വരുന്ന 'Quelle' എന്ന ജര്‍മ്മന്‍ വാക്കിന്‍റ ആദ്യാക്ഷരമാണു Q. മത്തായി ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളില്‍ 230 വാക്യങ്ങള്‍ സാമ്യമുള്ളവയായിരിക്കാന്‍ ഇതാണു കാരണം. മര്‍ക്കോസ്, ഝ എന്നീ രണ്ടു ഉറവിടങ്ങള്‍ക്കു പുറമേ മറ്റൊന്നു കൂടെ ലൂക്കാ തേടിപ്പിടിച്ചിട്ടുണ്ടെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതു വാമൊഴിയോ വരമൊഴിയോ എന്നറിഞ്ഞു കൂടാ. 'L' ഉറവിടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. അതു ലൂക്കായുടെ സ്വന്തമായിരിക്കണം. അതിനാല്‍ ലൂക്കായുടെ സുവിശേഷത്തിന്‍റെ മൂന്നിലൊരു ഭാഗത്തിനു മര്‍ക്കോസിനോടോ 'Q' വിനോടോ കടപ്പാടില്ല. നല്ല സമറിയാക്കാരന്‍ (ലൂക്കാ 10:30-37), ധൂര്‍ത്തപുത്രന്‍ (15;11-32), ഫരിസേയനും ചുങ്കക്കാരനും (18:9-14), ധനവാനും ലാസറും (16:19-31), സക്കേവൂസ് (19:1-10) ഉള്‍പ്പെടെ പ്രസിദ്ധങ്ങളായ ചില സുവിശേഷ പാരമ്പര്യങ്ങള്‍ ഈ ഭാഗത്താണു നാം കാണുന്നത്.
യേശുവിന്‍റെ ജീവിതസംഭവങ്ങള്‍ മര്‍ക്കോസിനെപ്പോലെ തന്നെ ലൂക്കായും ക്രമീകരിച്ചിരിക്കുന്നു. അടിസ്ഥാനപരമായ ഈ ക്രമീകരണത്തിനു മാറ്റം വരുത്താതെതന്നെ മര്‍ക്കോസില്‍നിന്നു കടംകൊണ്ട ഭാഗങ്ങളില്‍ ലൂക്കാ സ്വന്തമായി ചിലതു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സുവിശേഷാരംഭത്തില്‍ കാണുന്ന യേശുവിന്‍റെ ബാല്യകാലവിവരണമാണ് അവയില്‍ പ്രധാനപ്പെട്ടത് (1-2 അദ്ധ്യായങ്ങള്‍). 6:20-8:3 ലും 9:51-18:14 ലിലും കാണുന്ന ജറുസലെം യാത്രാവിവരണവുമാണ് ഇതരഭാഗങ്ങള്‍. മര്‍ക്കോസ് 6:45-8;26 ലെ വലിയോരു ഭാഗവും 9:41-10:12 ഉം ലൂക്കാ വിട്ടുകളഞ്ഞിരിക്കുകയാണ്. വിട്ടുകളഞ്ഞതും കൂട്ടിച്ചേര്‍ത്തതുമായ ഭാഗങ്ങള്‍ ഇനിയുമുണ്ട്. മൂന്നാമത്തെ സുവിശേഷകന്‍ മത്തായിയെ ആധാരമാക്കുന്നില്ലെന്നു പൊതുവേ എല്ലാവരും അഭിപ്രായപ്പെടുന്നു. ലൂക്കാ വെറുതെ എഴുതുകയോ നിലവിലുള്ളതു പരിഷ്ക്കരിക്കയോ അല്ല ചെയ്യുന്നത്. രചനയിലും സംശോധയിലും അദ്ദേഹം പ്രകടിപ്പിക്കുന്ന മനോധര്‍മ്മവും ദൈവശാസ്ത്രാഭിമുഖ്യവും സൈദ്ധാന്തിക താല്പര്യങ്ങളും സുവിശേഷത്തിലുടനീളം കാണാന്‍ കഴിയും. ലൂക്കാ ഒരു സാഹിത്യകാരനായിരുന്നു; ചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. സര്‍വ്വോപരി മിശിഹായുടെ സുവിശേഷത്തിന്‍റെ പ്രഘോഷകനും. സുവിശേഷത്തിന്‍റെ ഭൂമിശാസ്ത്രപരമായ ചട്ടക്കൂട്ടിലും കാണാം, ലൂക്കായുടെ ദൈവശാസ്ത്രാഭിമുഖ്യം. പുതിയനിയമത്തിലെ രക്ഷാകരചരിത്ര ദൈവശാസ്ത്രജ്ഞരായിട്ടാണ് മൂന്നാമത്തെ സുവിശേഷകന്‍ അറിയപ്പെടുന്നത്.
രക്ഷാകരചരിത്രം മൂന്നു വ്യത്യസ്തഘട്ടങ്ങളുള്ള ഒരു മുന്നേറ്റ മാണെന്നു ലൂക്കായ്ക്കറിയാമായിരുന്നു: പഴയനിയമകാലം, യേശുവിന്‍റെ കാലം, സഭയുടെ കാലം. രക്ഷാകരചരിത്രമെന്ന വിഷയത്തിനുള്ളില്‍ സുവിശേഷകന്‍ യേശുവിന്‍റെ ശുശ്രൂഷയെ ഉള്‍ക്കൊള്ളിക്കുകയും ഗലീലി മുതല്‍ ജറുസെലെംവരെ നീളുന്ന ഒരു പ്രയാണമാക്കി അതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ ശുശ്രൂഷ ഒരു 'വഴി'യായിരുന്നു, ജറുസലെത്തേക്കുള്ള ഒരു പ്രയാണമായിരുന്നു, എന്ന ലൂക്കായുടെ വീക്ഷണം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ സുവിശേഷത്തില്‍ കാണുന്ന യാത്രാ പ്രമേയം. യേശുവിന്‍റെ ബാല്യകാലവിവരണത്തില്‍ (1-2) യാത്രാപ്രമേയത്തിനു ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അവിടെ വിവരിക്കുന്ന നാല് യാത്രകളില്‍ രണ്ടിന്‍റെയും ലക്ഷ്യം ജറുസലെമാണ്. യേശുവിന്‍റെ പരസ്യ ജീവിത ചിത്രീകരണത്തിലും ജറുസലെത്തിനും ആ നഗരത്തിലേക്കുള്ള യാത്രയ്ക്കും അതിയായ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. യേശു ജറുസലെത്തേക്ക് നിശ്ചയദാര്‍ഢ്യത്തോടെയാണ് നീങ്ങുന്നത്. യേശുവിന്‍റെ വിധി നിര്‍ണ്ണയിക്കുന്ന ആ നഗരത്തിലേക്കുള്ള യാത്ര വിവരിക്കാന്‍ സുവിശേഷത്തിന്‍റെ നല്ലൊരു ഭാഗം ലൂക്കാ ഉപയോഗിച്ചിരിക്കുന്നു (9:51-19:27). രക്ഷാകരതയിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും - പീഡാസഹനം, മരണം, ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം, പരിശുദ്ധാത്മാവിന്‍റെ ആഗമനം, സഭയുടെ ഉദ്ഘാടനം - എല്ലാം നടക്കുന്നത് അവിടെയാണല്ലോ. ലൂക്കായുടെ സുവിശേഷം അനുസരിച്ച് രക്ഷയുടെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികളിലേക്ക് പോകുന്നത് അവിടെ നിന്നാണ് (24:47; അപ്പ. 1:8). 'അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍' എന്ന തന്‍റെ രണ്ടാം ഗ്രന്ഥത്തിന്‍റെ പ്രതിപാദ്യവും ഇതുതന്നെ.
ദൈവപുത്രനും രക്ഷകനുമായിട്ടാണ് ലൂക്കാ യേശുവിനെ അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതുകൊണ്ടാവും മര്‍ക്കോസില്‍നിന്നു വ്യത്യസ്തമായി യേശുവിന്‍റെ മാനുഷിക വികാരങ്ങളെ ലൂക്കാ ഒഴിവാക്കുന്നത് (ലൂക്കാ 5:13; മര്‍ക്കോ 1:41; ലൂക്കാ 6;10, മര്‍ക്കോ 3:5; ലൂക്കാ 22:40, മര്‍ക്കോ 14:33-34 എന്നിവ താരതമ്യം ചെയ്യുക). യേശുവിന്‍റെ പ്രവാചക സ്വഭാവത്തിനു പ്രധാന്യം കൊടുത്തിരിക്കുന്നു എന്നതാണ് ലൂക്കായുടെ സുവിശേഷത്തിലുള്ള മറ്റൊരു സവിശേഷത. മറ്റു സുവിശേഷത്തില്‍ നിന്നു ഭിന്നമായി അവിടുത്തെ ശുശ്രൂഷയുടെ പ്രവാചക സ്വഭാവം എടുത്തു കാണിക്കാന്‍ ലൂക്കാ പരിശ്രമിക്കുന്നു. തന്‍റെ ശുശ്രൂഷയുടെ ആരംഭത്തില്‍തന്നെ കര്‍ത്താവിന്‍റെ ആത്മാവ് കൊണ്ടു യേശു നിറയുന്നു (4:1,14). ദൈവാരൂപിയാല്‍ നിറഞ്ഞ യേശുവാണ് നസ്രത്തില്‍ വരുന്നതും സിനഗോഗില്‍ ഏശയ്യാ പുസ്തകം എടുത്ത് വായിക്കുന്നതും: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്... എന്നെ അഭിഷേകം ചെയ്തിരിക്കുന്നു... എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). "അഭിഷേകം ചെയ്തിരിക്കുന്നു", "അയച്ചിരിക്കുന്നു" എന്നീ പ്രയോഗങ്ങള്‍ പ്രവാചകനായുള്ള യേശുവിന്‍റെ അഭിഷേകത്തെയും ദൗത്യത്തേയുമാണ് സൂചിപ്പിക്കുന്നത്. സിനഗോഗില്‍ യേശു നില്ക്കുന്നതും (4:24,25), നസറത്തില്‍ തിരസ്കൃതനാകുന്നതും (4:28-29) പ്രവാചക പാരമ്പര്യത്തിനനുസൃതമാണ്. നസറത്തില്‍ ആരംഭിച്ച ഈ തിരസ്ക്കാരത്തില്‍ ജറുസലെത്തു വച്ചുണ്ടാകാന്‍ പോകുന്ന അന്തിമമായ തിരസ്ക്കാരത്തിന്‍റെ നിഴല്‍വീശി നില്ക്കുന്നതു കാണാം. "എന്തെന്നാല്‍ ജറുസലെമിനു പുറത്തു വച്ച് ഒരു പ്രവാചകന്‍ നശിക്കുക സാദ്ധ്യമല്ല" (13:33).
രക്ഷ, രക്ഷയുടെ സാര്‍വ്വത്രികത, ആഹ്ലാദം, മാനസാന്തരം, പ്രാര്‍ത്ഥന, പരിശുദ്ധാത്മാവ്, വഴി തുടങ്ങിയവയാണ് ലൂക്കായുടെ സുവിശേഷത്തിലെ ചില പ്രധാന പ്രമേയങ്ങള്‍.
ലൂക്കാ 1:1-4 ആമുഖം
നാലു സുവിശേഷകരില്‍ ലൂക്കാ മാത്രമാണ് ഔപചാരികവും സാഹിത്യസുന്ദരവുമായ ഒരു ഉപക്രമത്തോടെ തന്‍റെ ഗ്രന്ഥം ആരംഭിക്കുന്നത്. അക്കാലത്തെ ഗ്രീക്കു-റോമന്‍ സാഹിത്യകാരന്മാരുടെ ക്ലാസിക് ശൈലിയോടു കിടപിടിക്കുന്നതാണ് ലൂക്കായുടെ ശൈലി. സമകാലീന സാഹിത്യകൃതികള്‍ക്കൊപ്പം ലൂക്കായുടെ സുവിശേഷത്തിനും സ്ഥാനമുണ്ടെന്നാണു നിരൂപകന്മാരുടെ അഭിപ്രായം. തനിക്കുമുമ്പ് ക്രിസ്തുകഥ രചിച്ചവരോടുള്ള കടപ്പാട് അദ്ദേഹം അനുസ്മരിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടയാള്‍ മര്‍ക്കോസാണ്. "ആദിമുതല്‍ തന്നെ വചനത്തിന്‍റെ ദൃക്സാക്ഷികളും ശുശ്രൂഷകന്മാരുമായിരുന്നവര്‍" (1:2) ഏല്പിച്ചുകൊടുത്ത പാരമ്പര്യങ്ങളോടു വിശ്വസ്തരായിരുന്നു ഈ രചയിതാക്കള്‍ എന്നു ലൂക്കാ വിശ്വസിക്കുന്നു. തന്‍റെ വിവരണങ്ങള്‍ക്കാധാരം ദൃക്സാക്ഷികളായ അപ്പസ്തോലന്മാരും പ്രബോധകരുമാണെന്നും താന്‍ അവരെ ആശ്രയിക്കുകയാണെന്നും ലൂക്കാ ഏറ്റു പറയുന്നു. യേശുവിനെക്കുറിച്ചുള്ള അവരുടെ സാക്ഷ്യങ്ങള്‍ സത്യമാണെന്നും അതിനാല്‍ തന്‍റെ വിവരണം വിശ്വാസ്യമാണെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.
സൂക്ഷ്മവും സമഗ്രവുമായ ഗവേഷണത്തിന്‍റെ ഫലമാണു തന്‍റെ സുവിശേഷമെന്നും സമ്പൂര്‍ണ്ണതയും കൃത്യതയുമാണ് അതിന്‍റെ സവിശേഷതകളെന്നും അദ്ദേഹം ഉറപ്പു നല്കുന്നു. ചിട്ടയായും ക്രമമായും ആണ് താന്‍ കാര്യങ്ങള്‍ പറയാന്‍ പോകുന്നത്- തന്‍റെ രചനക്ക് ആസ്പദമായ സംഭവങ്ങള്‍ ദൈവംവഴി സംഭവിച്ചവയോ അവിടുന്നു നിറവേറ്റിയവയോ ആണെന്ന് അദ്ദേഹത്തിനറിയാം (1:1). യേശുവിന്‍റെ ശുശ്രൂഷ, മരണം, ഉത്ഥാനം, എന്നീ സംഭവങ്ങള്‍ പഴയനിയമത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട ദൈവികപദ്ധതിയുടെ നിറവേറലാണെന്നു ലൂക്കാ വിശ്വസിക്കുന്നു (cf ലൂക്കാ 4:21; 24:44; അപ്പ 1:16,25). അദ്ദേഹമെഴുതുന്നതു വെറും ചരിത്രമല്ല, യേശുവില്‍ നിറവേറിയ രക്ഷയുടെ ചരിത്രമാണ്. സംഭവങ്ങള്‍ പൂര്‍വ്വാപരക്രമത്തോടെ അവതരിപ്പിക്കുകയല്ല ലൂക്കായുടെ ലക്ഷ്യം. പ്രത്യുത സമുന്നതമായ ഒരു ദൈവശാസ്ത്രലക്ഷ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്തിനു താനീ സുവിശേഷമെഴുതുന്നു എന്നതിന് മുഖവുരയില്‍ ഊന്നല്‍ കൊടുത്തിട്ടുണ്ട്. അതു നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചു നിനക്കു ബോദ്ധ്യം വരാനാണ് (1:4). ലൂക്കായുടെ കാലത്തെ സഭ പഠിപ്പിച്ച കാര്യങ്ങളുടെ സാധ്യതയെയും വിശ്വാസ്യതയെയുംകുറിച്ചു തെയോഫിലോസിനും മറ്റും ഉറപ്പു നല്‍കാനും ലൂക്കാ ഉദ്ദേശിച്ചിരുന്നു.
ലൂക്കായുടെ രണ്ടാമത്തെ ഗ്രന്ഥമായ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും യോജിക്കുന്നതാണീ മുഖവുര (cf അപ്പ 1:1-2) സുവിശേഷവും 'അപ്പസ്തോലപ്രവര്‍ത്തനങ്ങളും' ലൂക്കാ തന്നെ എഴുതി, തെയോഫിലസ് എന്നൊരു പ്രമുഖനു സമര്‍പ്പിച്ചു. തെയോഫിലസ് ആരാണെന്നു നമുക്കറിയില്ല. രഹസ്യമായി ക്രിസ്തുമത പഠനം നടത്തിയ ഒരു വിശ്വാസി ആയിരുന്നിരിക്കണം. ക്രിസ്തുസംഭവം എന്ന സത്യം അറിയാന്‍ ആഗ്രഹമുള്ള എല്ലാവരെയും സംബോധന ചെയ്തുകൊണ്ടാണ് ലൂക്കാ സുവിശേഷം രചിച്ചിരിക്കുന്നത്.
ലൂക്കാ 1:5-2:52 ബാല്യകാല വിവരണങ്ങള്‍
യേശുവിന്‍റെ ബാല്യകാലമാണു ലൂക്കായുടെ സുവിശേഷത്തിന്‍റെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ വിവരിക്കുന്നത്. ബാല്യകാലവിവരണത്തിനു മത്തായിയും രണ്ട് അദ്ധ്യായങ്ങള്‍ നീക്കിവെക്കുന്നുണ്ട്. എന്നാല്‍ യേശുവിന്‍റെ മാത്രമല്ല സ്നാപകയോഹന്നാന്‍റെ ബാല്യകാലവും ലൂക്കാ വിവരിക്കുന്നു. സുവിശേഷത്തിലെ മറ്റദ്ധ്യായങ്ങളില്‍നിന്നും അപ്പസ്തോലപ്രവര്‍ത്തനത്തില്‍നിന്നും വ്യത്യസ്തമായ ഉള്ളടക്കവും ശൈലിയുമാണ് ഇവിടെ കാണുക. ഹെബ്രായ സംസ്ക്കാരത്തിന്‍റേയും പാരമ്പര്യത്തിന്‍റെയും ശക്തമായ സ്വാധീനം ഈ വിവരണത്തില്‍ ദൃശ്യമാണ്. സ്നാപകന്‍, യേശു എന്നിവരുടെ ബാല്യകാലത്തെക്കുറിച്ച് അറമായ ഭാഷയില്‍ നേരത്തെ ആരോ എഴുതിയ കാര്യങ്ങള്‍ ലൂക്കാ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
പഴയനിയമ പശ്ചാത്തലം
പഴയനിയമത്തില്‍നിന്നു സ്പഷ്ടമായ ധാരാളം ഉദ്ധരണികള്‍ ഉള്ളതാണ് യേശുവിന്‍റ ബാല്യകാലത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണം. വംശാവലിയൊഴിച്ച് ആ വിവരണം മുഴുവന്‍ അഞ്ചുകഥകളായി അദ്ദേഹം ക്രമീകരിച്ചു. ഓരോന്നിലുമുണ്ട് പഴയനിയമത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി. എന്നാല്‍ ലൂക്കായുടെ രചനാരീതി ഇതല്ല. ലൂക്കായുടെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ഒരു ഉദ്ധരണിയേ ഉള്ളൂ (2:23). ബാല്യകാല വിവരണങ്ങളില്‍ ലൂക്കാ ചെയ്യുന്നതു പഴയനിയമ പ്രവചനങ്ങള്‍ നിറവേറിയത് എടുത്തു കാണിക്കുകയല്ല. എന്നിരുന്നാലും ലൂക്കാ പല സംഭവങ്ങളും പഴയനിയമ മാതൃകയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്നാപകന്‍റെയും (1:11-20) യേശുവിന്‍റെയും (1:2638) ജനനത്തേക്കുറിച്ചുള്ള രണ്ടറിയിപ്പുകളും ദൈവികാഹ്വാനത്തേയും ദൗത്യം ഭരമേല്പിക്കലിനേയും കുറിക്കുന്ന പഴയനിയമ ഭാഗങ്ങളുമായി (പുറ 3:7-12; ന്യായാ 6:11-18; ജറെ 1:4-10) ബന്ധിപ്പിച്ചിരിക്കുന്നു. സുഘടിതമായ ഒരു രൂപമുണ്ട് ഈ കഥകള്‍ക്ക്:
1 വിളി / പ്രത്യേക ദൗത്യത്തിനു ദൈവത്തിന്‍റെ ആഹ്വാനം.
2 തടസ്സം / വിളിക്കപ്പെട്ട ആളിന്‍റെ സന്ദേഹം.
3 തടസ്സം, സംശയം എന്നിവയുടെ നിവാരണം; ദൈവത്തിന്‍റെ സഹായ വാഗ്ദാനം.
4 അടയാളം ചോദിക്കുകയോ കൊടുക്കുകയോ ചെയ്യുന്നു.
പഴയനിയമത്തിലെ മേല്പറഞ്ഞ ദൈവവിളി-വിവരണങ്ങളുടെ മാതൃകയിലാണ് ഈ രണ്ട് അറിയിപ്പുകളും വിവരിച്ചിരിക്കുന്നത്-'വിളി' വിവരണങ്ങളുടെ പൊതുവായ ശൈലിയും ഘടനയുമുള്‍ക്കൊള്ളുന്ന വേറേ അറിയിപ്പുകളുമുണ്ട് പഴയനിയമത്തില്‍ (ഉല്‍പ17:1-18:15; ന്യായാ 13:2-20). ഈ കഥകളും ലൂക്കായെ സ്വാധീനിച്ചിരിക്കണം. മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയ കഥ (1:30-45) യില്‍ ആ യാത്ര, എലിസബത്തിന്‍റെ ആഹ്ലാദപ്രകടനം എന്നിവ വിവരിച്ചിരിക്കുന്നത് ഓബദ് ഏദോമിന്‍റെ ഭവനത്തില്‍ നിന്നു ജറുസലെമിലേക്കു വാഗ്ദാനപേടകം കൊണ്ടുപോയ കഥയ്ക്കു സമാന്തരമായിട്ടാണ് (സാമു 6:12-16). സാമുവേല്‍ 2:1-10 ല്‍ കാണുന്ന ഹന്നായുടെ പ്രാര്‍ത്ഥനയ്ക്കു തുല്യമാണു മറിയത്തിന്‍റെ സ്തോത്രഗീതം (1:46-55) എന്നു പറയാം. മലാക്കിയുടെ പുസ്തകത്തിലെ ചില ഭാഗങ്ങളും ഇവിടെ സൂചിതമാണ് (മലാ 3:1 ഉം, ലൂക്കാ 1:17 ഉം തമ്മിലും, മലാ 4:5-6 ഉം ലൂക്കാ 1:16-17 ഉം തമ്മിലും താരതമ്യം ചെയ്യുക). യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്ന സംഭവം വിവരിക്കുന്ന പ്രവചന ഗീതത്തില്‍ (2:22-38), "നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്‍റെ ആലയത്തിലേക്കു വരും" (മലാ 3:1) എന്ന മലാക്കിയുടെ പ്രവചനം പൂര്‍ത്തിയാകുന്നതു ലൂക്കാ കാണുന്നു (ലൂക്കാ 1-2 അദ്ധ്യായങ്ങളും ദാനിയേല്‍ 8:1-9:24 അദ്ധ്യായങ്ങള്‍ തമ്മിലുമുണ്ടു ചില ബന്ധങ്ങള്‍).
മത്തായിയിലും ലൂക്കായിലും കാണുന്ന ബാല്യകാലവിവരങ്ങള്‍
മത്തായിയിലും ലൂക്കായിലും കാണുന്ന ബാല്യകാലവിവരണങ്ങള്‍ (മത്താ 1-2; ലൂക്കാ 1-2) പലതുകൊണ്ടും വ്യത്യസ്തമാണ്:
ഇത്രയും വൈധര്‍മ്യങ്ങള്‍ക്കിടയിലും ബാല്യകാലവിവരണത്തില്‍ രണ്ടു പേരിലും ചില സാധര്‍മ്യങ്ങള്‍ കാണപ്പെടുന്നുണ്ട്. രണ്ടു സുവിശേഷകന്മാരും സ്വീകരിച്ചിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ താഴെ കൊടുക്കുന്നു:
നിലവിലുള്ള ഈ പാരമ്പര്യത്തെ ആസ്പദമാക്കി തികച്ചും സ്വതന്ത്രമായിട്ടാണു മത്തായിയും ലൂക്കായും യേശുവിന്‍റെ ബാല്യകാലവിവരണം നടത്തിയിരിക്കുന്നത്.
ലൂക്കാ ഊന്നല്‍ കൊടുക്കുന്ന കാര്യങ്ങള്‍
ചില കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കിയാണ് ലൂക്കാ യേശുവിന്‍റെ ബാല്യകാലം വിവരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള സുവിശേഷഭാഗങ്ങളില്‍ അവയ്ക്കു മതിയായ ഊന്നല്‍ നല്കിയിട്ടുമുണ്ട്.
ചിലയാളുകള്‍ "പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നു" (ലൂക്കാ 1:15, 42, 67). ശിമയോനും പരിശുദ്ധാത്മാവിന്‍റെ അരുളപ്പാടുണ്ടാകുന്നു (2:26), പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനാകുന്നു (2:27). മറിയം പരിശുദ്ധാത്മാവിനാല്‍ പൂരിതയാകുന്നു (1:35).
മൂന്നു സംഭവങ്ങള്‍ നടക്കുന്നതു ദൈവാലയത്തിലാണ്: യോഹന്നാന്‍റെ ജനനം അറിയിക്കുന്നതും (1:8-23), ശുദ്ധീകരണവും കാഴ്ചവെപ്പും (2:22-38) നടത്തുന്നതും യേശുവിനെ കണ്ടെത്തുന്നതും (2:41-52).
പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും രംഗങ്ങളോടെയാണ് സുവിശേഷം ആരംഭിക്കുന്നത് (1:8-10). വിവരണങ്ങളില്‍ മുഴുവന്‍ പ്രാര്‍ത്ഥനയും ദൈവസ്തുതിയും നിറഞ്ഞു നില്ക്കുന്നു.
ഇതു ലൂക്കായുടെ സുവിശേഷത്തിലെ സുപ്രധാനമായ ഒരു വിഷയമാണ്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ജറുസലെത്തേക്കു പല യാത്രകളുണ്ട് (2:23, 41-42, 45).
മിശിഹായുഗത്തിന്‍റെ ആരംഭം കുറിക്കുന്ന സമാധാനവും സന്തോഷവും ഈ വിവരണങ്ങളിലെല്ലാം നിറഞ്ഞു നില്ക്കുന്നു (ലൂക്കാ 1:14, 44, 47, 58, 2:10, 14, 29). രക്ഷ, യേശു എന്ന രക്ഷകന്‍, രക്ഷയുടെ സാര്‍വ്വത്രികത തുടങ്ങിയ വിഷയങ്ങളും ആദ്യത്തെ ഈ രണ്ടു അദ്ധ്യായങ്ങളില്‍ കാണാന്‍ കഴിയും.
സുഘടിതമായ ഒരു ചട്ടക്കൂടിനുള്ളിലാണു ലൂക്കാ സംഭവങ്ങള്‍ വിവരിക്കുന്നത്. രണ്ടു പേജുകളിലായി വരയ്ക്കപ്പെട്ട ഒരു ചിത്രംപോലെ ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. മറിയത്തിന്‍റെ സന്ദര്‍ശനം എന്ന വിജാഗരിയില്‍ സംയോജിക്കപ്പെട്ടിരിക്കയാണ് ഈ ചിത്രങ്ങള്‍. മംഗല വാര്‍ത്തകളുടേയും ജനനങ്ങളുടേയും ചിത്രങ്ങളാണിങ്ങനെ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.
A മംഗല വാര്‍ത്തകളുടെ ചിത്രം (1:5-56)
യേശു |
യോഹന്നാന്‍ |
യേശുവിന്‍റെ ജനനം അറിയിക്കുന്നു. (1:26-38). മാതാപിതാക്കളെ അവതരിപ്പിക്കുന്നു മാലാഖയുടെ ആഗമനം മറിയത്തിന്‍റെ ധര്‍മ്മസങ്കടം അറിയിപ്പ് മറിയത്തിന്‍റെ ചോദ്യം നല്കപ്പെട്ട അടയാളം മാലാഖ അപ്രത്യക്ഷനാകുന്നു |
യോഹന്നാന്‍റെ ജനനം അറിയിക്കുന്നു (1:5-25). മാതാപിതാക്കളെ അവതരിപ്പിക്കുന്നു. മാലാഖയുടെ പ്രത്യക്ഷം സഖറിയായുടെ ധര്‍മ്മസങ്കടം അറിയിപ്പ് സഖറിയായുടെ ചോദ്യം നല്കപ്പെട്ട അടയാളം സഖറിയാ മടങ്ങുന്നു |
(സന്ദര്‍ശനവും മറിയത്തിന്‍റെ സ്തോത്രഗീതവും
അനുബന്ധസംഭവം ലൂക്കാ 1:39-56 )
ആ ജനനങ്ങളുടെ ചിത്രം
യോഹന്നാന്‍
|
യേശു
|
യോഹന്നാന്‍റെ ജനനം 1:57-58 ജനനത്തില്‍ ആഹ്ളാദം സ്തോത്രഗീതത്തെക്കുറിച്ചു പരാമര്‍ശനം പരിച്ഛേദനം, നാമകരണം പ്രവാചകനായി വരുന്നത് (1:59-79) സഖറിയാസിന്‍റെ പ്രവചനഗീതം ഉപസംഹാരം: യോഹന്നാന്‍റെ വളര്‍ച്ച |
യേശുവിന്‍റെ ജനനം 2:1-20 ജനനത്തില്‍ ആഹ്ളാദം മാലാഖയുടെ സ്തുതിഗീതം
പരിച്ഛേദനം, നാമകരണം രക്ഷകനായി പ്രത്യക്ഷപ്പെടുന്നത് 2:21-40 ഗീതം (2:28-35) ഉപസംഹാരം: യേശുവിന്‍റെ വളര്‍ച്ച |
(ദേവാലയത്തില്‍ വച്ചു യേശുവിനെ കണ്ടെത്തുന്നത് അനുബന്ധസംഭവം 2:41-52)
യേശുവിന്‍റേയും യോഹന്നാന്‍റേയും കഥകളില്‍ സാധര്‍മ്യ വൈധര്‍മ്യങ്ങളുടെ സമാനത കാണാന്‍ കഴിയും. യോഹന്നാനും യേശുവും ദൈവികപദ്ധതിയില്‍ അന്യോന്യബന്ധമുള്ളവരാണെന്നു കാണിക്കുക മാത്രമല്ല, യേശുവാണു വലിയവന്‍ എന്നു സ്ഥാപിക്കുകയും ചെയ്യുന്നു ഈ സമാനത. ദൈവികമായ ഇടപെടലുണ്ടായെങ്കിലും യോഹന്നാന്‍റേതു തികച്ചും സ്വാഭാവിക ജനനമായിരുന്നു. അത്ഭുതകരമായിരുന്നു യേശുവിന്‍റെ ജനനം; കന്യക ഗര്‍ഭം ധരിച്ചുള്ള ജനനം. ഗര്‍ഭാവസ്ഥയിലും യേശുവാണു വലിയവന്‍; യോഹന്നാന്‍ മിശിഹായ്ക്കു മുന്നോടിയാണ്. ഗര്‍ഭത്തില്‍ത്തന്നെ യേശു ദൈവപുത്രനാണ്. യോഹന്നാനേക്കാള്‍ യേശുവിനുള്ള ഉല്‍ക്കര്‍ഷം കാണിക്കുകയാണ് ഈ താരതമ്യപരാമര്‍ശനത്തിന്‍റെ ലക്ഷ്യം.
1:5-25 യോഹന്നാന്‍റെ ജനന അറിയിപ്പ്
യേശുവിന്‍റെ മുന്നോടിയാകാന്‍ പോകുന്ന യോഹന്നാന്‍റെ ജനനത്തേക്കുറിച്ചുള്ള അറിയിപ്പാണു ലൂക്കാ ചിത്രീകരിക്കുന്ന ആദ്യ സംഭവം. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്: ഉപക്രമം (1:5-7), അറിയിപ്പ് (1:8-20) ഉപസംഹാരം (1:21-25). ഉപക്രമ വാക്യങ്ങളില്‍ (1:5-7) കഥാന്തരീക്ഷം നമുക്കു പരിചയപ്പെടുത്തിത്തരുന്ന ചില പരാമര്‍ശനങ്ങളുണ്ട്. "യൂദയാരാജാവായ ഹേറോദേസിന്‍റെ കാലത്ത്" എന്ന കാലസമയസൂചനകള്‍ വളരെ പൊതുവാണ്. കാരണം, ഹേറോദേസ് യൂദയാ (പലസ്തീനാ) മുഴുവന്‍ ഭരിച്ചിരുന്നു; ബി.സി 37 മുതല്‍ ബി.സി 4 വരെയായിരുന്നു കാലം. യോഹന്നാന്‍റെ മാതാപിതാക്കളുടെ പേരു പറയുന്നു: എലിസബത്തും സഖറിയായും . അവര്‍ യഥാക്രമം അഹറോന്‍, അബിയാ എന്നീ പുരോഹിതരുടെ കുടുംബങ്ങളില്‍പെടുന്നവരാണെന്നും (1:5) അവര്‍ ദൈവികനിയമങ്ങളോടു വിശ്വസ്തത പുലര്‍ത്തിയിരുന്നവരാണെന്നും കാണിക്കാന്‍ അവര്‍ നീതിനിഷ്ഠരും കുറ്റമറ്റവരുമാണെന്നും (1:6) എടുത്തു പറഞ്ഞിരിക്കുന്നു. അവരുടെ സന്താനമില്ലായ്മ ദൈവത്തിന്‍റെ അപ്രീതിയുടെ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കാതിരിക്കാന്‍വേണ്ടിയാണിങ്ങനെ പറഞ്ഞിരിക്കുന്നത് (ഉല്‍പ 30:2). യഹൂദമതത്തിലെ ഏറ്റവും നല്ലവരും നീതിനിഷ്ഠരുമായിരുന്നു അവര്‍. അതിനാല്‍ സദ്വാര്‍ത്ത സ്വീകരിക്കാന്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ അനുഭവവേദ്യമാകുന്ന ദൈവരക്ഷയുടെ തുടര്‍ച്ചയാണിവിടെ ലൂക്കാ ചിത്രീകരിക്കുന്നത്. അബ്രാഹത്തിന്‍റേയും സാറായുടേയും (ഉല്‍പ 18:11) ഹന്നായുടേയും (1 സാമു 1:2) അവസ്ഥ അനുസ്മരിപ്പിക്കുന്നതാണ് ആ ദമ്പതികളുടെ വാര്‍ദ്ധക്യത്തേയും എലിസബത്തിന്‍റെ വന്ധ്യതയേയും കുറിച്ചുള്ള വിവരണം. ഇസഹാക്ക്, സാമുവേല്‍ എന്നിവരുടെ ജനനത്തിലുണ്ടായ ദൈവികമായ ഇടപെടല്‍ വിവരിക്കുന്നതിന് ഇത് കളമൊരുക്കുന്നു (1:8-20). ഉദാരമായ ഇടപെടലുകളിലൂടെ വാര്‍ദ്ധക്യം, വന്ധ്യത എന്നിവയെ ദൈവം കീഴ്പ്പെടുത്തുന്നു. തന്മൂലം അവര്‍ക്ക് ജനിക്കുന്ന ശിശു ദൈവകൃപയുടെ ദാനം തന്നെ.
1:8-20 ല്‍ സ്നാപകന്‍റെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്ത വിവരിച്ചിരിക്കുന്നു. ജറുസലെം ദേവാലയത്തില്‍, പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും അന്തരീക്ഷത്തിലാണതു നടന്നതെന്ന കാര്യം ശ്രദ്ധേയം (1:8-9). ജറുസലെം ദൈവാലയം, പ്രാര്‍ത്ഥന, ആരാധന എന്നിവയോടെ തുടങ്ങുന്ന സുവിശേഷം, അവസാനിക്കുന്നതും അതേ ദൈവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയെ സൂചിപ്പിച്ചുകൊണ്ടാണ്: അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാ സമയവും ദൈവാലയത്തില്‍ കഴിച്ചുകൂട്ടി (24:52-53). മുമ്പ് നാം കണ്ടതുപോലെ ലൂക്കായ്ക്ക് ജറുസലെം ദൈവശാസ്ത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ്. അവിടെ വിശുദ്ധസ്ഥലത്ത് ധൂപാര്‍പ്പണം നടത്തുവാനുള്ള അവകാശം അപൂര്‍വ്വമായി മാത്രം കിട്ടുന്ന ഒരു ബഹുമതിയായിരുന്നു; ഒരു പുരോഹിതന്‍റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവവും. ഇരുപത്തിനാലു ഗണങ്ങളായി ദൈവാലയത്തില്‍ ധാരാളം പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. അതിനാല്‍ പൗരോഹിത്യധര്‍മ്മാനുഷ്ഠാനത്തിന് കുറിയിട്ടാണ് ആളുകളെ നിശ്ചയിച്ചിരുന്നത് (1:9). ദൈവാലയത്തില്‍ പ്രവേശിച്ച് ധൂപപ്രാര്‍ത്ഥന നടത്താന്‍ സഖറിയായ്ക്ക് നറുക്കു വീണത് വീണ്ടും ഉണ്ടായ ദൈവിക ഇടപെടലാണ് കാണിക്കുക. മാലാഖയുടെ അരുളപ്പാട് ഉണ്ടായത് ധൂപാര്‍പ്പണ സമയത്തായിരുന്നല്ലോ.
ഈ മംഗലവാര്‍ത്താവിവരണം (1:11-20) പഴയനിയമത്തിലെ ദൈവവിളി വിവരണങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് (cf ന്യായ 13:2-20; പുറ 3:7-12; ന്യായ 6:11-24; ജറെ 1:4-10). ഈ കഥകള്‍ക്ക് സുഘടിതമായ ഒരു രൂപശില്‍പ്പം ഉണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ. ചരിത്രത്തില്‍ ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് ഒരേ രീതിയില്‍ ആണെന്ന് ഈ പഴയനിയമാനുസ്മരണത്തിലൂടെ ലൂക്കാ സമര്‍ത്ഥിക്കുന്നു (1:26-38). മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ രക്ഷാപദ്ധതി തുടര്‍ച്ചയായ ഒരു മുന്നേറ്റമാണ്. സഖറിയായ്ക്കുണ്ടായ ഭീതി (1:12-13) പ്രകൃത്യാതീത ശക്തികളുടെ സാന്നിദ്ധ്യം മനുഷ്യരില്‍ സ്വാഭാവികമായും ഉണ്ടാക്കുന്ന പ്രതികരണം തന്നെ. ആ ഭീതി അകറ്റിയശേഷം, സഖറിയായ്ക്കും എലിസബത്തിനും ഒരു ശിശു ജനിക്കുമെന്നു മാലാഖ വാഗ്ദാനം ചെയ്യുന്നു. ആ ശിശുവിന്‍റെ പേരും ഭാവിയില്‍ അവന്‍ വഹിക്കേണ്ട ദൗത്യവും (1:1317) സ്വര്‍ഗ്ഗദൂതന്‍ വെളിപ്പെടുത്തുന്നു. ശിശുവിന് ദൈവം നിശ്ചയിച്ച പേര്, 'ദൈവം കാരുണ്യവാന്‍' എന്നോ 'ദൈവം കരുണകാട്ടി' എന്നോ അര്‍ത്ഥമുള്ള 'യോഹന്നാന്‍' എന്നാണ്. തന്‍റെ ജനതയുടെമേല്‍ ദൈവകൃപ പുതുതായി ഉദയം ചെയ്യും; ജനിക്കാന്‍ പോകുന്ന ശിശു ദൈവത്തിന്‍റെ കരുണാപദ്ധതിയ്ക്കുള്ളില്‍നിന്ന് വലിയ കാര്യങ്ങള്‍ ചെയ്യും; ആ ശിശുവിന്‍റെ ജനനത്തില്‍ ആനന്ദവും സന്തോഷവും ആഹ്ളാദവുമുണ്ടാകും (1;14). വിളംബംവിനാ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ദൈവകാരുണ്യത്തിന്‍റെ മിശിഹായുഗത്തിനുള്ള ഒരു സവിശേഷതയായിവേണം ഈ ആഹ്ളാദത്തെ കാണുവാന്‍ (1:77-79).
1:15 ല്‍ യോഹന്നാന്‍റെ മഹത്വത്തേയും അദ്ദേഹം നയിക്കാന്‍ പോകുന്ന ഋഷിതുല്യവും ദൈവാരൂപിസമൃദ്ധവുമായ ജീവിതത്തേയുംകുറിച്ചു മാലാഖ പറയുന്നു. വീഞ്ഞോ ലഹരിപദാര്‍ത്ഥമോ ഉപയോഗിക്കാത്തവന്‍ എന്നതുകൊണ്ട് നസീര്‍വ്രതം എടുത്ത (സംഖ്യ 6:2-3; ന്യായ 13:3-5 1 സാമു 1:11) സാംസണ്‍, സാമുവല്‍ എന്നിവരെപ്പോലെ കര്‍ത്താവിനായി നിയോഗിക്കപ്പെട്ടവന്‍ എന്നുവേണം അര്‍ത്ഥമാക്കാന്‍. ലഹരിപാനീയങ്ങള്‍ ഒന്നും ഉപയോഗിക്കയില്ലാത്ത യോഹന്നാന്‍ ദൈവത്തിന്‍റെ പ്രവാചകാരൂപിയാല്‍, പരിശുദ്ധാരൂപിയാല്‍ നിറയും. അദ്ദേഹത്തിന്‍റെ ഈ പ്രവാചക ദൗത്യം ഇസ്രായേല്‍ ദൈവത്തിങ്കലേക്കു തിരിയുന്നതിനും മാനസാന്തപ്പെടുന്നതിനും വേണ്ടിയുള്ളതാണ്. ഏലിയാ പ്രവാചകന്‍റേതിനു തുല്യമായ സ്ഥാനമാണ് യോഹന്നാന്‍റേത് എന്നു തുടര്‍ന്നു വ്യക്തമാക്കപ്പെടുന്നു. ഏലിയായെപ്പോലെ യോഹന്നാനും "കര്‍ത്താവിനുമുമ്പേ നടക്കേണ്ട"വനാണ് (cf മലാക്കി 2:6; 3:1,23; 4:5-6; പ്രഭാ 48:10). ദൈവത്തിന്‍റെ ശക്തിയും അരൂപിയും കൊണ്ട് അനുഗ്രഹീതനായ യോഹന്നാന്‍ പുതിയൊരു ഏലിയായെപ്പോലെ കര്‍ത്താവിന്‍റെ മുമ്പേ പോകും.
സഖറിയായുടെ സന്ദേഹം (1:18) ദൈവിക വാഗ്ദാനം നവീകരിക്കുന്ന ഒരു അടയാളത്തിനുവേണ്ടിയുള്ള തീവ്രമായ അഭ്യര്‍ത്ഥ നയായിട്ടെടുത്താല്‍ മതി. പഴയനിയമത്തിലെ ഇത്തരം കഥകളിലും (ഉല്‍പ 17:17-18; 18:10-14; ന്യായ 6:36-40; 2 രാജാ 20:8-11) ഇതുപോലുള്ള പ്രതികരണങ്ങള്‍ കാണാം. അവ ആക്ഷേപമോ ധിക്കാരമോ ആയി കാണേണ്ടതില്ല. മാത്രവുമല്ല ചോദിക്കുമ്പോള്‍ അടയാളം കിട്ടാറുമുണ്ട്. ദൈവം വാഗ്ദാനം നിറവേറ്റും എന്നു കാണിക്കാന്‍ നല്കപ്പെട്ട അടയാളമാണു സഖറിയായുടെ മൂകത. ദൈവദൂതനെ സംശയിച്ചതിനുള്ള ശിക്ഷയായും അതിനെ വ്യാഖ്യാനിക്കാം.
പെട്ടെന്നു സംസാരശക്തി നഷ്ടപ്പെട്ടതുകൊണ്ട് ജനങ്ങള്‍ക്ക് പുരോഹിതസാധാരണമായ ആശിര്‍വാദം നല്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. സഖറിയായ്ക്കുണ്ടായ ദര്‍ശനത്തിന്‍റെ അടയാളമോ ഫലമോ ആയി ഈ മൂകതയെ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തെ കാത്തുനിന്ന ജനത്തിനു കഴിഞ്ഞു (1:22). ദാനിയേലിനും ഇതുപോലൊരു ദര്‍ശനമുണ്ടായി (ദാനി 9:21). ഗബ്രിയേലിനെ ദര്‍ശനത്തില്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സംസാരശക്തി നഷ്ടപ്പെട്ടു (ദാനി 10:15-26). എലിസബത്ത് അഞ്ചുമാസം മറ്റുള്ളവരില്‍നിന്ന് അകന്നു കഴിഞ്ഞതും (1:24) സഖറിയായുടെ മൂകതയും അവരുടെ ജീവിതത്തില്‍ ഉണ്ടായ ദൈവികമായ ഇടപെടല്‍ കുറേനാളത്തേക്കു മറയ്ച്ചുവയ്ക്കാന്‍ ഉപകരിക്കുന്നു. യോഹന്നാന്‍റെ ജനനത്തിലും നാമകരണത്തിലും ഉണ്ടായ (1:57-66) ദൈവിക ഇടപടലിന്‍റെ അടയാളമായിരുന്നു സഖറിയായുടെ നാവു സ്വതന്ത്രമായ സംഭവം. അദ്ദേഹത്തിന്‍റെ ബന്ധുക്കളും അയല്‍ക്കാരും ഇതില്‍ വളരെ അത്ഭുതപ്പെട്ടു. ഈ രംഗസജ്ജീകരണത്തിനുവേണ്ടിയായിരിക്കണം സഖറിയായുടെ മൂകത, ശിശു ജനിച്ചിട്ട് എട്ടുദിവസം കഴിയുന്നതുവരെ, അതായതു ബന്ധുക്കളും അയല്‍ക്കാരും പരിച്ഛേദനകര്‍മ്മത്തിന് എത്തുന്നതുവരെ തുടര്‍ന്നത്.
എലിസബത്തു മറ്റുള്ളവരില്‍നിന്ന് അഞ്ചുമാസം അകന്നു താമസിച്ച കാര്യം കഥാന്ത്യത്തില്‍ വിവരിക്കപ്പെടുന്നു. ലൂക്കാ വിവരിക്കുന്ന സംഭവങ്ങളുടെ ഗതിയില്‍ ഇത് അനിവാര്യമായി. കാരണം അഞ്ചുമാസംകഴിഞ്ഞു, എലിസബത്തിന്‍റെ ഗര്‍ഭം മറിയത്തിന് ഒരു അടയാളമായി മാലാഖ പ്രഖ്യാപിക്കണം. ആറാംമാസം (1:26,36) മാലാഖ പ്രഖ്യാപിക്കുന്നതിനുമുമ്പു മറിയം ഇക്കാര്യം അറിയാഞ്ഞതിനു കാരണം, എലിസബത്തിന്‍റെ അകന്നു മാറിയുള്ള ജീവിതമായിരുന്നുവെന്നു ലൂക്കാ വിശദീകരിക്കുന്നു. വാഗ്ദാനം നിറവേറ്റിയതിനും വന്ധ്യയുടെ അപമാനത്തില്‍നിന്നും ദൈവം തന്നെ രക്ഷിച്ചതിനും എലിസബത്ത് അവിടുത്തെ സ്തുതിക്കുന്നതും വര്‍ണ്ണിച്ചുകൊണ്ടാണ് ഈഭാഗം (1:25) ലൂക്കാ അവസാനിപ്പിക്കുന്നത്.
1:26-38 മറിയത്തിന്‍റെ മംഗലവാര്‍ത്ത
ഒന്നാംഭാഗത്തിന്‍റെ ശേഷിച്ചഭാഗത്തുതന്നെ മറിയത്തിന്‍റെ മംഗലവാര്‍ത്ത വിവരിച്ചിരിക്കുന്നു. ലൂക്കായുടെ അതുല്യ രചനാവൈഭവത്തിന്‍റെ ഉത്തമോദാഹരണമായിട്ടാണ് ഇതു പരിഗണിക്കപ്പെടുന്നത്. യോഹന്നാന്‍റെ ജനനം അദ്ദേഹത്തിന്‍റെ പിതാവിനെ അറിയിച്ച അതേ രീതി, പഴയനിയമശൈലിയും സംവിധാനഭംഗിയും- അതാണു നാം ഇവിടെ കാണുക. യേശു കന്യകയുടെ ഗര്‍ഭഫലമാണെന്ന നിലവിലുള്ള പാരമ്പര്യം വായനക്കാരെ അറിയിക്കാനുള്ള ഉത്സാഹമായിരിക്കും ഇതിനു കാരണം. മത്തായിയുടെ സുവിശേഷത്തിലും യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസം പരാമര്‍ശിക്കപ്പെടുന്നു. മത്തായിയില്‍ അറിയിപ്പു കിട്ടുന്നത് യൗസേപ്പിനാണെന്നു മാത്രം (മത്താ 1:18-25).
ആമുഖവാക്യങ്ങള്‍
26, 27 വാക്യങ്ങളാണ് അറിയിപ്പിന്‍റെ പ്രാരംഭ വാക്യങ്ങള്‍. കാലത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനവഴി രണ്ട് അറിയിപ്പുസംഭവങ്ങളും ലൂക്കാ പരസ്പരം ബന്ധിപ്പിക്കുന്നു. 1:26 ല്‍ പരാമര്‍ശിക്കുന്ന ആറുമാസം എലിസബത്തിന്‍റെ ഗര്‍ഭത്തിന്‍റെ ആറാം മാസമാണ്. രണ്ടു കഥകളിലും ഗബ്രിയേലാണ് സ്വര്‍ഗ്ഗീയദൂതന്‍. കഥ രണ്ടും ഇങ്ങനെ കൂട്ടിയിണക്കുന്നതുവഴി യോഹന്നാന്‍റെയും യേശുവിന്‍റെയും ഭാവിശുശ്രൂഷകളെ ബന്ധിപ്പിക്കുകയാണു ലൂക്കാ.
അറിയിപ്പുകളെക്കുറിച്ചുള്ള രണ്ടു വിവരണങ്ങളിലും കാര്യമായ വ്യത്യാസം കാണാനുണ്ട്. യോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് പിതാവായ സഖറിയായോടാണ്. രംഗം ജറുസലെം ദേവാലയം (1:5-25). പുരോഹിത ഗോത്രത്തില്‍പെട്ടവരും പ്രായമേറിയവരുമായിരുന്നു യോഹന്നാന്‍റെ മാതാപിതാക്കള്‍. അവരുടെ പ്രാര്‍ത്ഥനയ്ക്കു ദൈവം നല്കിയ മറുപടിയാണ് ആ ശിശു (1:13) മനുഷ്യസാധാരണമായ രീതിയിലാണ് എലിസബത്ത് ഗര്‍ഭം ധരിച്ചത് (1:23-24). എന്നാല്‍ ഇതിനു വിപരീതമാണു യേശുവിന്‍റെ ജനനത്തേക്കുറിച്ചുള്ള അറിയിപ്പ്. നസറത്തിലെ വീട്ടില്‍വച്ച് മാലാഖ മറിയത്തിനാണു സന്ദേശം നല്‍കിയത്. ദാവീദിന്‍റെ ഗോത്രത്തില്‍പെട്ടവനായ യൗസേപ്പുമായി വിവാഹനിശ്ചയം നടത്തിയ കന്യകയാണു മറിയം. വിവാഹനിശ്ചയം കഴിഞ്ഞതിനാല്‍ നിയമപരമായി മറിയവും ആ ഗോത്രത്തില്‍പെടുന്നു. ആരുടെയും പ്രാര്‍ത്ഥനയുടെ ഫലമല്ല യേശു. ദൈവംതന്നെയാണ് ഇവിടെ മുന്‍കയ്യെടുക്കുന്നത്. മനുഷ്യന്‍റെ ഇടപെടലുകളൊന്നും കൂടാതെ, ദൈവത്തിന്‍റെ അത്യപൂര്‍വ്വമായ സര്‍ഗ്ഗവൈഭവത്തിന്‍റെ ഫലമായി, മറിയം ഗര്‍ഭം ധരിച്ചു. മറിയം കന്യകയാണെന്നു ലൂക്കാ രണ്ടുതവണ പറയുന്നുണ്ട് (1:27). തുടര്‍ന്നുള്ള വിവരണങ്ങളിലും ഇക്കാര്യം ആവര്‍ത്തിക്കുന്നു. മറിയത്തിന്‍റെ കന്യകാത്വത്തെക്കുറിച്ചു നിലവിലുള്ള പാരമ്പര്യമാണ് മത്തായിയും ഉപയോഗിക്കുന്നത് (മത്താ1.18-25). മറിയം യൗസേപ്പിനു വിവാഹവാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നു ലൂക്കായും മത്തായിയും പറയുന്നു (ലൂക്കാ 1:27; മത്താ 1:18). യഹൂദമതാചാരമനുസരിച്ച് ഒരു കൊല്ലമാണ് വിവാഹവാഗ്ദാനകാലം. അക്കാലത്തു മാതാപിതാക്കളുടെ കൂടെയാണു പെണ്‍കുട്ടിയുടെ താമസം. മറിയം വിവാഹ വാഗ്ദാനം ചെയ്യപ്പെട്ടതേയുള്ളൂ. വിവാഹിതയായിരുന്നില്ല; ഭര്‍ത്താവിനോടൊത്തു ജീവിക്കാന്‍ തുടങ്ങിയിരുന്നുമില്ല.
മംഗലവാര്‍ത്ത
മാലാഖ മറിയത്തെ സമീപിച്ച് അഭിവാദ്യം ചെയ്യുന്നു. 'മറിയമേ' എന്നല്ല, "ദൈവകൃപനിറഞ്ഞവളെ" എന്ന് സംബോധന ചെയ്തശേഷമാണു മാലാഖ സ്വസ്തി പറയുന്നത് (1:28). "സ്വസ്തി", "കൃപനിറഞ്ഞ" എന്നീ പദങ്ങളുടെ ഗ്രീക്കു തത്സമം ഒന്നുതന്നെ. മറിയത്തിനു ദൈവകൃപലഭിച്ചു എന്നു കാണിക്കാന്‍ രണ്ടു പദവും ഒന്നിച്ചുപയോഗിച്ചു എന്നു മാത്രം. ദൈവത്തില്‍നിന്നു പ്രത്യേകം കൃപ ലഭിച്ചവളായിട്ടാണു മറിയം സംബോധന ചെയ്യപ്പെടുന്നത്. "കൃപനിറഞ്ഞവളേ" എന്ന സംബോധനകൊണ്ട് ദൈവം അവളെ മിശിഹായുടെ, ദൈവപുത്രന്‍റെ, അമ്മയെന്ന അപൂര്‍വ പദവി ഏറ്റെടുക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു എന്നു മാലാഖ വ്യക്തമാക്കുന്നു (1:31). മറിയത്തിനു കൈവന്നിരിക്കുന്ന അനുഗൃഹീത അവസ്ഥ യാണ് അഭിവാദനത്തിലും സൂചിതമായിരിക്കുന്നത്. അറിയിപ്പുകളുടെയും വിളികളുടെയും പഴയനിയമ പശ്ചാത്തലത്തില്‍ വേണം "കര്‍ത്താവ് നിന്നോടുകൂടെ" എന്ന പ്രയോഗം മനസ്സിലാക്കാന്‍. ദൈവികപദ്ധതികള്‍ നിറവേറ്റാന്‍ തിരഞ്ഞെടുക്കപ്പെട്ടയാളിനു ദൈവസഹായവും ദൈവസാന്നിധ്യവും ലഭിക്കുമെന്ന ഉറപ്പാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് (cf ന്യായാ 6:12). അഭിവാദനത്തിന്‍റെ വിവക്ഷിതാര്‍ത്ഥം ഓര്‍ക്കുമ്പോള്‍, പരിഭ്രമവും അസ്വാസ്ഥ്യവും ഉണ്ടാവുക സ്വാഭാവികം തന്നെ (1:29). കൃപനിറഞ്ഞവള്‍ എന്നതിന്‍റെ അര്‍ത്ഥമെന്തെന്ന് "നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു" (1:30) എന്ന അടുത്തവാക്യത്തില്‍ വിശദമാക്കിയിരിക്കുന്നു.
മറിയം കണ്ടെത്തിയ കൃപയുടെ രൂപമെന്തെന്ന് 31-ാം വാക്യത്തില്‍ വിശദമാക്കുന്നു. "നീ ഗര്‍ഭം ധരിച്ച്.... ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം" (cf ഉല്‍പ 16:11; ന്യായാ 13:3:5). യേശു എന്ന പദത്തിന്‍റെ അര്‍ത്ഥം (ദൈവം രക്ഷിക്കുന്നു) മത്തായി വിവരിക്കുന്നുണ്ട് (മത്താ 1:21), പക്ഷേ ലൂക്കാ അങ്ങനെ ചെയ്യുന്നില്ല.
അത്ഭുതകരമായ ഗര്‍ഭധാരണവും യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ രണ്ടു വശങ്ങളുമാണു ഈ സന്ദേശത്തിന്‍റെ കേന്ദ്രം. രണ്ടു ഘട്ടങ്ങളായാണ് ഈ ദ്വിവിധവ്യക്തിത്വം അറിയിക്കുന്നത്. (1) ദാവീദു ഗോത്രജനായ മിശിഹാ എന്ന സ്ഥാനവും വ്യക്തിത്വവും. മിശിഹാ ദാവീദിന്‍റെ പുത്രനായിരിക്കുമെന്ന യഹൂദവിശ്വാസവും പ്രതീക്ഷയും ദാവീദിന് നാഥാന്‍ പ്രവാചകന്‍ നല്കുന്ന വാഗ്ദാനത്തിലാണ് അടങ്ങിയിരിക്കുന്നത് (2 സാമു 7). ഇസ്രായേലിനെ ദാവീദിന്‍റെ വംശജന്‍ അനന്തകാലം ഭരിക്കുമെന്നായിരുന്നു നാഥാന്‍റെ വാഗ്ദാനം. 1:32-33 ല്‍ ഈ വാഗ്ദാനമാണു മാലാഖ വ്യക്തമായും അനുസ്മരിക്കുന്നത്.
രണ്ടും തമ്മിലുള്ള വ്യത്യാസം
ലൂക്കാ 1 അറിയിപ്പ് വാക്യം 32. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് കൊടു ക്കും. 33. യാക്കോബിന്‍റെ ഭവനത്തിനു മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല. |
2 സാമുവല്‍ 7 പ്രവചനം വാക്യം 9. ഞാന്‍ നിന്നെ മഹാനാക്കും. 14. അവന്‍ (ദാവീദിന്‍റെ പുത്രന്‍) എനിക്കു പുത്രനായിരിക്കും. 13. അവന്‍റെ രാജസിംഹാസനം ഞാന്‍ എന്നേയ്ക്കും സ്ഥിരപ്പെടുത്തും. 16. നിന്‍റെ കുടുംബവും രാജത്വവും എന്‍റെ മുമ്പില്‍ സ്ഥിരമായിരിക്കും. |
'വിളി' വിവരങ്ങളിലും അറിയിപ്പുകഥകളിലും കാണുന്നമാതിരി തന്നെ (cf 1:18), "ഞാന്‍ പുരുഷനെ (ഭര്‍ത്താവിനെ) അറിയുന്നില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിക്കും?" എന്നു മറിയം ചോദിച്ചു. 'അറിയുക' എന്നാല്‍ അനുഭവിച്ചറിയുക എന്നാണു പൊതുവേ ബൈബിള്‍ അര്‍ത്ഥമാക്കുന്നത്; ലൈംഗികമായ, ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയിലുള്ള ബന്ധത്തിന്‍റെ അറിവ് (cf ഉല്‍പ 19:18; ന്യായാ 11:39; മത്താ 1:25). എനിക്കു പുരുഷനുമായി ഒരു ബന്ധവുമില്ല എന്നാണ് അതിന്‍റെ അര്‍ത്ഥം. തന്‍റെ കന്യകാത്വം (ലൂക്കാ 1:27) സ്ഥിരീകരിക്കുകയാണിവിടെ മറിയം. ദൈവത്തിന്‍റെ അപൂര്‍വമായ പ്രവൃത്തി എന്തെന്നു വ്യാഖ്യാനിക്കാന്‍ ഈ ചോദ്യം മാലാഖയെ പ്രേരിപ്പിക്കുന്നു.
പരിശുദ്ധാത്മാവു 'നിന്‍റെമേല്‍ വരും', 'ആവസിക്കും' എന്നീ പ്രയോഗങ്ങള്‍ ആലങ്കാരികമായിട്ടെടുത്താല്‍ മതി. തന്‍റെ സാന്നിദ്ധ്യവും ശക്തിയും വഴി, തന്‍റെ അത്ഭുതകരമായ ഇടപെടലിലൂടെ, ദൈവം യേശുവിന്‍റെ മിശിഹാത്വവും പുത്രത്വവും (1:35) ഫലവത്താക്കുന്നു എന്നര്‍ത്ഥം. ദൈവാത്മാവിന്‍റെ സൃഷ്ട്യുന്മുഖശക്തി വഴിയാണു കന്യാജനനം. തന്‍റെ പങ്കു നിറവേറ്റാന്‍ മറിയത്തിനു പരിശുദ്ധാത്മാവിന്‍റെ സഹായമുണ്ടാകുമെന്നും വാഗ്ദാനത്തിന് അര്‍ത്ഥമുണ്ട് - മിശിഹായും ദൈവപുത്രനുമായ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന ആദ്യകാല പ്രഘോഷണങ്ങളെക്കുറിച്ചും ഈ സന്ദേശത്തില്‍ മുന്‍കൂട്ടി സൂചന നല്കുകയാണ്.
ലൂക്കാ 1:32-35 നും സമാനമായ ഒരു വാക്യമാണു റോമ 1:3-4 "ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍ ജഡപ്രകാരം ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിച്ചവനും മരിച്ചവരില്‍നിന്നുള്ള ഉത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനു ചേര്‍ന്നവിധം ശക്തിയില്‍ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്". മറിയത്തില്‍ നിന്നു പിറക്കുന്ന ശിശുവിന്‍റെ അനന്യതയും ദൗത്യവും വ്യക്തമാക്കുകയാണു മംഗലവാര്‍ത്ത കഥയുടെ ലക്ഷ്യം. സ്നാപകന്‍റെ സ്വാഭാവവും പദ്ധതിയും വെളിപ്പെടുത്തുകയായിരുന്നു ആദ്യകഥയുടെ (1:5-25) ഉന്നം.
ആവശ്യപ്പെടാതെതന്നെ മറിയത്തിനു അടയാളം നല്കപ്പെടുന്നു: വന്ധ്യയും വൃദ്ധയുമായ എലിസബത്ത് ഗര്‍ഭിണിയായിരിക്കുന്നു (1:36) എന്ന സദ്വാര്‍ത്ഥയായിരുന്നു പ്രസ്തുത അടയാളം. ദൈവത്തിനു ഒന്നും അസാധ്യമല്ല (1:37) എന്ന മാലാഖയുടെ ഉറപ്പ്, അബ്രാഹത്തിന്‍റെ ഭാര്യ, വന്ധ്യയായ സാറായ്ക്കു കിട്ടിയ ഉറപ്പിനു സമാനമാണ് (ഉല്‍പ 18:14). മറിയം ദാസിയെപ്പോലെ ദൈവികപദ്ധതിക്കു പൂര്‍ണ്ണമായി വിധേയയാകുന്നു. ഹന്നായെപ്പോലെ (1 സാമു 1:11) മറിയം ദൈവസന്നിധിയില്‍ തന്‍റെ താഴ്മ അംഗീകരിക്കുകയും ദൈവതിരുമനസ്സിനു സമ്മതം അറിയിക്കുകയും ചെയ്യുന്നു: "ഇതാ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (1:38). നല്കപ്പെട്ട ദൗത്യം മറിയം അനുസരണയോടെ ഏറ്റെടുക്കുക മാത്രമല്ല, യേശുവിന്‍റെ അപൂര്‍വ്വ വ്യക്തിത്വത്തെക്കുറിച്ചുള്ള മാലാഖയുടെ അറിയിപ്പ് വിശ്വാസപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ മറിയം ആദ്യത്തെ വിശ്വാസിയായി.
ലൂക്കാ 1:39-56 സന്ദര്‍ശനം
ബാല്യകാല കഥകള്‍ക്ക് ഒരു പൂരക കഥപോലെയാണ് സന്ദര്‍ശന കഥ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു മംഗളവാര്‍ത്താകഥകളെയും അതു ബന്ധിപ്പിക്കുന്നു. മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന കഥയിലൂടെ ലൂക്കാ രണ്ട് അമ്മമാരെയും ഒന്നിപ്പിക്കുകയും രണ്ടു മംഗലവാര്‍ത്തകളിലും പ്രകടമാകുന്ന ദൈവഹിതം ഒന്നിനോടൊന്ന് ഇഴചേര്‍ത്തു കാണിക്കുകയും ചെയ്യുന്നു. ജനന വാര്‍ത്തകള്‍ അറിയിക്കുന്നതിലുപരി, രണ്ടറിയിപ്പുകളിലും നാം കണ്ടുമുട്ടുന്നത് ദൈവിക പദ്ധതിക്കുള്ളില്‍ രണ്ടുശിശുക്കളുടെ ഭാവി പരിപാടികളുടെ സ്വഭാവം വെളിപ്പെടുത്തുന്നു എന്നതാണ്. ഈ ആഖ്യാനത്തെ രണ്ടായി വിഭജിക്കാം 1. മറിയത്തിന്‍റെ സന്ദര്‍ശനവും എലിസബത്ത് മറിയത്തെ സ്തുതിക്കുന്നതും (1:39-45). 2. മറിയത്തിന്‍റെ സ്തോത്രഗീതം (1:46-55). 56-ാം വാക്യം ഉപസംഹാര വാക്യമാണ്.
മറിയത്തിന്‍റെ സ്തോത്രഗീതം
ലൂക്കായുടെ സുവിശേഷം 1:46-55 ഒരു സ്തോത്രഗീതമാണ്. "മാഗ്നിഫിക്കാത്ത്" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലത്തീന്‍ ബൈബിളില്‍ "മാഗ്നിഫിക്കാത്ത്" എന്ന പദത്തോടെ ആരംഭിക്കുന്നതുകൊണ്ടാണ് ഇതിനു "മാഗ്നിഫിക്കാത്ത്" എന്ന പേരുണ്ടായത്. ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള സങ്കീര്‍ത്തനങ്ങളുടേതുപോലെയാണ് ഇതിന്‍റേയും ഘടന. മൂന്നു പ്രത്യേകതകള്‍ നമുക്കിവിടെ കാണാന്‍ കഴിയും. 1. സ്തുതിക്കാനുള്ള ക്ഷണം; 2. ദൈവത്തെ സ്തുതിക്കുന്നതിന്‍റെ ഉദ്ദേശ്യം; 3. ഉപസംഹാരം. യഹൂദകീര്‍ത്തനങ്ങളുടെ ചുവടുപിടിച്ചു രചിക്കപ്പെട്ട സ്തോത്രഗീതത്തില്‍ പഴയനിയമത്തില്‍നിന്നുള്ള നിരവധി ശൈലികളും പദപ്രയോഗങ്ങളും കാണാം. ലൂക്കായ്ക്കു മുമ്പുതന്നെ ഈ സ്തുതിപ്പിന്‍റെ അടിസ്ഥാന പാഠം ഉണ്ടായിരുന്നുവെന്നാണു പണ്ഡിതമതം. ലൂക്കാ അവ സ്വല്പം ഭേദഗതികള്‍ വരുത്തി ബാല്യകാലവിവരണങ്ങളില്‍ ഉള്‍പ്പെടുത്തി. നിലവിലുള്ള പാഠത്തോട് അദ്ദേഹം സ്വന്തനിലയില്‍ കൂട്ടിച്ചേര്‍ത്തതാവണം 48 -ാം വാക്യം. മംഗലവാര്‍ത്തയ്ക്കു ശേഷമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും മറിയം മിശിഹായെ ഗര്‍ഭംധരിച്ചകാര്യം പരാമര്‍ശിക്കുകപോലും ചെയ്യാത്തത് വിസ്മയകരം തന്നെ. 'ദരിദ്രര്‍' (ഹെബ്രായ ഭാഷയില്‍ 'അനാവിം') എന്ന പഴയ ഒരു യഹൂദക്രൈസ്തവ സമൂഹത്തില്‍നിന്നാണ് ഇത് രൂപമെടുത്തതെന്ന് ചിലര്‍ കരുതുന്നു. ലൂക്കായുടെ കാഴ്ചപ്പാടില്‍, കര്‍ത്താവിന്‍റെ അതുല്യ 'ദാസിയായ' (1:38, 48) മറിയത്തിന്‍റെ മനോവികാരങ്ങളെ ചേതോഹരമായി ചിത്രീകരിക്കുന്നു ഈ കീര്‍ത്തനം. വന്ധ്യയായിരുന്ന ഹന്നായ്ക്ക് പുത്രന്‍ ജനിച്ചപ്പോള്‍, അവള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഗാനമാലപിക്കുന്നതായി 1 സാമുവേല്‍ 2:1-10 ല്‍ നാം കാണുന്നു. മറിയം ആലപിക്കുന്ന സ്തോത്രഗീതത്തിന് ഈ കീര്‍ത്തനത്തോട് വളരെയേറെ സാമ്യമുണ്ട്.
സന്ദര്‍ശനവേളയില്‍ മറിയത്തെ അവളുടെ ദൈവമാതൃത്വത്തിന്‍റെയും കര്‍ത്താവിലുള്ള വിശ്വാസത്തിന്‍റെയും പേരില്‍ എലിസബത്ത് പ്രകീര്‍ത്തിക്കുന്നു. ഇതിന് മറുപടിയായോ നന്ദിപ്രകടനമായോ ഉള്ളതല്ല മറിയത്തിന്‍റെ സ്തുതിപ്പ്. കാരണം, ദൈവകൃപയാലാണു തനിക്ക് ഈ പദവി ലഭിച്ചതെന്നു (1:28-30) മറിയത്തിനറിയാം. അതുകൊണ്ടാണ് അവള്‍ പരമാനന്ദ നിര്‍വൃതിയിലെന്നോണം ദൈവത്തെ സ്തുതിക്കുന്നത്. കാരണം ദൈവം അവളില്‍ വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ലോകത്തിലും മനുഷ്യചരിത്രത്തിലും രക്ഷാകരമായ പ്രവൃത്തി ചെയ്തിരിക്കുന്നു. ലൂക്കായെ സംബന്ധിച്ചിടത്തോളം താന്‍ തുടര്‍ന്നു വിവരിക്കാന്‍ പോകുന്ന ക്രിസ്തുസംഭവമെന്ന ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തിക്കുള്ള ആഹ്ലാദകരമായ പ്രശംസാവചസ്സുകളാണ് ഈ സ്തുതിപ്പ്.
മറിയം തന്‍റെ സര്‍വ്വശക്തിയോടുംകൂടെ സ്തുതിപ്പ് ആരംഭിക്കുന്നു (1:46-47). തന്‍റെ ഉണ്‍മ മുഴുവനോടുംകൂടെ, പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെയാണ് അവള്‍ ദൈവത്തെ സ്തുതിക്കുന്നത്. വ്യക്തിമുഴുവനായി സ്തുതിക്കുന്നു എന്നു കാണിക്കാനാണ് 'ആത്മാവ്' എന്നും 'മനസ്സ്' എന്നും പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. ദൈവത്തെ രക്ഷകനായി അംഗീകരിക്കുകയും അവിടുത്തെ മഹത്വം കൊണ്ടാടുകയുംവഴി മറിയം ആനന്ദിക്കുന്നു. യേശുവിലൂടെ ഉദയം ചെയ്യാന്‍ പോകുന്ന രക്ഷയുടെ സാക്ഷാത്കാരത്തിലാണ് മറിയത്തിന് ആനന്ദം. രക്ഷയുടെ നവയുഗത്തിന്‍റെ സവിശേഷതകളാണ് ആനന്ദവും ആഹ്ലാദവും. 48-ാം വാക്യം മറിയത്തിന്‍റെ വിനീതാവസ്ഥയും (1:38) ദൈവം അവളോടു കാട്ടിയ കാരുണ്യവും വ്യക്തമാക്കുന്നു (1:28-30). ദാസി (അടിമ) എന്ന പദത്തില്‍ (1:48) "ഇതാ കര്‍ത്താവിന്‍റെ ദാസി" (1:38) എന്നതിന്‍റെ പ്രതിധ്വനിയുണ്ട്. "എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും" എന്ന വാക്യത്തില്‍ എലിസബത്ത് പ്രകടിപ്പിക്കുന്ന പരമാനന്ദം അനുസ്മൃതമാകുന്നു (1:42). എല്ലാ ജനപദങ്ങളും മറിയത്തെ ഭാഗ്യവതിയായി അംഗീകരിക്കാന്‍ കാരണം, ദൈവം വിനീതയായ (1:48) അവളോടു കാട്ടിയ കൃപയാണ്. മിശിഹായുടെ മാതാവായി അവളെയാണു ദൈവം തിരഞ്ഞെടുത്തത്. മറിയം ഒരു അടിമയെപ്പോലെ മര്‍ദ്ദിതരായ വിനീതര്‍ക്കുവേണ്ടി ദൈവസ്തുതികീര്‍ത്തനം പാടുന്നു. 49-50 വാക്യങ്ങളില്‍ രക്ഷയുടെ ദൈവത്തെ "ശക്തന്‍", "പരിശുദ്ധന്‍", "കാരുണ്യവാന്‍" എന്നീ മൂന്നു പ്രധാനവിശേഷണങ്ങളോടുകൂടെയാണ് അവതരിപ്പിക്കുന്നത്. ആദ്യത്തേതു രണ്ടും അറിയിപ്പുകളില്‍ കണ്ടുകഴിഞ്ഞു (1:35). 51,53 എന്നീ വാക്യങ്ങളില്‍ ദൈവം വിനീതര്‍ക്കുവേണ്ടി ചെയ്യുന്ന രക്ഷയുടെ പ്രവൃത്തികള്‍ അനുസ്മരിക്കപ്പെടുന്നു. അതാണ് അവിടുന്നു ചെയ്ത വലിയ കാര്യങ്ങള്‍ (ലൂക്കാ 1:49; രള 1 സാമു 2:7; പ്രഭാ 10:4). അവ വിരോധാഭാസരീതിയില്‍, സംഭവങ്ങളുടെ വിപ്ലവകരമായ വിപര്യയംപോലെ താഴെ വിവരിക്കുന്നു:
ദൈവം തന്‍റെ ശക്തി പ്രകടിപ്പിക്കുന്നു ശക്തരെ സിംഹാസനങ്ങളില്‍ നിന്നു മറിച്ചിടുന്നു. സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞയക്കുന്നു. |
അഹങ്കാരികളെ ചിതറിക്കുന്നു എളിയവരെ ഉയര്‍ത്തുന്നു. വിശക്കുന്നവരെ തൃപ്തരാക്കുന്നു. |
സംഭവങ്ങളുടെ വിപരീതഗതി ചിത്രീകരിക്കുന്ന പല സന്ദര്‍ഭങ്ങളുണ്ട് ലൂക്കായുടെ സുവിശേഷത്തില്‍. മറിയത്തിന്‍റെ സ്തോത്രഗീതവും ധനവാന്‍റെയും ലാസറിന്‍റെയും കഥയും (16:15-31) തമ്മിലും, ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും കഥയും (18:9-14) തമ്മിലും താരതമ്യം ചെയ്യാവുന്നതാണ്. മേലുദ്ധരിച്ച (1:51-53) വാക്യങ്ങളില്‍ കാണുന്ന സ്പഷ്ടമായ വൈരുദ്ധ്യം ലൂക്കാ ചിത്രീകരിക്കുന്ന ദരിദ്രന്‍റെ സൗഭാഗ്യം, സമ്പന്നന്‍റെ ദുരിതം (6:20-26) എന്നിവയാണു നമ്മെ അനുസ്മരിപ്പിക്കുന്നത്. മനുഷ്യാവസ്ഥകളിലെ ശക്തമായ വൈരുദ്ധ്യങ്ങള്‍ക്ക് അവിടെ ഊന്നല്‍ കൊടുത്തിരിക്കുന്നു എന്നു സാരം.
എളിയവര്‍ക്കുവേണ്ടി ദൈവം നടത്തിയ 'വിപ്ലവ'ത്തിന്‍റെ ആഘോഷമാണ് മറിയത്തിന്‍റെ സ്തോത്രഗീതം. ചിലര്‍ ഇവിടെ ത്രിവിധ വിപ്ലവമാണ് കാണുന്നത്: ധാര്‍മ്മികവും, സാമൂഹികവും സാമ്പത്തികവുമായ വിപ്ലവങ്ങള്‍. ദൈവം തന്‍റെ ഭരണവും വിപ്ലവവും അതിന്‍റെ പരമകാഷ്ഠയിലെത്തിക്കുന്നു, യേശുവിനെ ഗര്‍ഭംധരിച്ച മറിയത്തിലൂടെ ദരിദ്രര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടല്‍ പുതിയ രൂപത്തില്‍ അനുഭവവേദ്യമാകുന്നത് സ്തോത്രഗീതത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നു.
അങ്ങനെ ഈ സ്തോത്രഗീതത്തില്‍, 'ദൈവത്തിന്‍റെ പാവപ്പെട്ടവരുടെ മനോവികാരങ്ങള്‍' പ്രതിഫലിക്കുന്നു. അനാവിം എന്ന ഹീബ്രു പദം മുഖ്യമായും ശാരീരിക ദൗര്‍ബല്യമുള്ളവരെയാണ് ആദ്യകാലത്ത് സൂചിപ്പിച്ചിരിക്കുന്നത്. ദുരിതങ്ങള്‍, രോഗങ്ങള്‍, മര്‍ദ്ദനം എന്നിവ അനുഭവിക്കുന്നവരെക്കുറിച്ചായി പിന്നീട് വിവക്ഷ. ദരിദ്രന്‍റെ വിപരീതമാണു ധനവാന്‍. എന്നാല്‍ സമ്പല്‍സമൃദ്ധിയുള്ളവന്‍ എന്ന് മാത്രമായിരുന്നില്ല അര്‍ത്ഥം. അഹങ്കാരികള്‍, ദുഷ്ടന്മാര്‍, ദൈവത്തെ ആശ്രയിക്കാത്ത ശക്തന്മാര്‍, അധികാരദുര്‍മ്മതം, ശക്തി, പണം, സ്വാധീനം എന്നിവയാല്‍ ദൈവത്തില്‍ ആശ്രയിക്കണം എന്നു തോന്നാത്തവര്‍, എന്നൊക്കെയുള്ള അര്‍ത്ഥമുണ്ടായി പിന്നീട് ആ പദത്തിന് (cf സങ്കീ 149:4; ഏശ 49:13; 66:2).
സ്തോത്രഗീതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദാരിദ്ര്യവും വിശപ്പും ആത്മീയമാണ്. എന്നാല്‍ ആദ്യകാല ക്രിസ്ത്യാനികള്‍ നേരിട്ടിരുന്ന ജീവിതപ്രശ്നങ്ങള്‍ മറന്നു കളയേണ്ടതല്ല. ഗലീലിയക്കാരായിരുന്നു യേശുവിന്‍റെ ആദ്യശിഷ്യന്മാര്‍. തോട്ടങ്ങള്‍ കൃഷിക്കാര്‍ക്ക് പാട്ടത്തിനു കൊടുത്ത് വിദൂരങ്ങളില്‍ സുഖജീവിതം നയിച്ചിരുന്ന ജന്മിമാരും അവരുടെ അസാന്നിദ്ധ്യത്തില്‍ തോട്ടങ്ങള്‍ അന്വേഷിച്ചിരുന്ന കുടിയാന്മാരും തമ്മിലുള്ള ബന്ധം ആദ്യനൂറ്റാണ്ടുകളില്‍തന്നെ വിപ്ലവങ്ങള്‍ക്കു വഴിമരുന്നിട്ടു. ഭൂമി കൈയ്യടക്കിയ കുടിയാന്മാരുടെ കുടിലതന്ത്രങ്ങള്‍ക്കും അതേത്തുടര്‍ന്നുണ്ടായ നികുതിവ്യവസ്ഥകള്‍ക്കുമെതിരേ ആയിരുന്നു ലഹളകള്‍ (അപ്പ 5:37). യേശുവിന്‍റെ ഉയിര്‍പ്പിനുശേഷം ക്രിസ്ത്യാനികളുടെ കേന്ദ്രമായിത്തീര്‍ന്ന ജറുസലെത്തെ ക്രൈസ്തവര്‍ ശരിക്കും പട്ടിണിയിലായിരുന്നു. ധനവാന്മാര്‍ക്കെതിരേ ലൂക്കാ കൊടുക്കുന്ന ശക്തമായ താക്കീതുകള്‍ (6:24-26; 12:19-20; 16:25; 21:1-4) സുവിശേഷം ശ്രവിക്കുന്ന സമൂഹങ്ങളില്‍ ധാരാളം നിര്‍ദ്ധനരുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവാണ്. സ്തോത്രഗീതത്തിലെ വാക്യങ്ങള്‍ ഇത്തരം ആളുകള്‍ക്കിടയില്‍ തീര്‍ച്ചയായും പ്രതികരണം ഉളവാക്കും. ആത്യന്തികമായി അനുഗ്രഹീതരാകുന്നത് തങ്ങളുമേല്‍ ദുര്‍ഭരണം നടത്തുന്ന ധനവാനോ ശക്തനോ അല്ല എന്ന അറിവായിരുന്നു ആ പാവങ്ങളെ സംബന്ധിച്ചിടത്തോളം ക്രൈസ്തവ 'സുവിശേഷം' (R.E. Brown the Messiah, 36364).
ഇസ്രായേല്‍ജനതയുടെ ജീവിതത്തില്‍ ദൈവം മുമ്പു നടത്തിയ ഇടപെടലുകളുടെ പരമകാഷ്ഠയായ ഉടമ്പടിയെ പരാമര്‍ശിച്ചു കൊണ്ടാണ് മറിയത്തിന്‍റെ സ്തോത്രഗീതം അവസാനിക്കുന്നത്. ക്രിസ്തുവില്‍ ആരംഭിക്കുന്ന രക്ഷയും, അബ്രാഹത്തിനോടും സന്താനങ്ങളോടും ദൈവം ചെയ്ത വാഗ്ദാനത്തിന്‍റെ വിശ്വസ്തതയും തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ചുകൊണ്ട് സ്തോത്രഗീതം അവസാനിക്കുന്നു. മുമ്പുചെയ്ത വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ തന്‍റെ ഉടമ്പടിസമൂഹത്തെ ദൈവം വീണ്ടും സ്ഥാപിക്കുകയാണ്. അങ്ങനെ പഴയ-പുതിയനിയമങ്ങളെ ഈ സ്തോത്രഗീതത്തിലൂടെ ഔചിത്യപൂര്‍വ്വം അന്യോന്യം ബന്ധിപ്പിക്കുന്നു, ലൂക്കാ സുവിശേഷകന്‍. പഴയനിയമവാഗ്ദാനങ്ങള്‍ പുതിയനിയമത്തില്‍ അത്ഭുതകരമാംവണ്ണം പുതുതായി നിറവേറുന്നത് അദ്ദേഹം കാണുന്നു. പുതിയൊരു കഥ തുടങ്ങുന്നതിനു പ്രാരംഭകമായി സ്വകീയമായ രീതിയില്‍, പെട്ടെന്ന് അദ്ദേഹം 56-ാം വാക്യത്തോടെ തന്‍റെ വിവരണത്തിനു വിരാമമിടുകയാണ്. വസ്തുതാകഥനമെന്നതിനേക്കാള്‍ ലൂക്കായുടെ സ്വതസിദ്ധമായ രചനാരീതിയിലാണിതെന്ന് കരുതിയാല്‍ മതി. ഇതിനോടകം എലിസബത്ത് യോഹന്നാനെ പ്രസവിച്ചോ ഇല്ലയോ എന്ന കാര്യംപോലും പറയാതെയാണ് അദ്ദേഹം തന്‍റെ ആഖ്യാനം അവസാനിപ്പിക്കുന്നത്.
ഡോ. ജേക്കബ് തേക്കാനത്ത്
introduction to the gospel of luke catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206