x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

നെഹമിയായുടെ പുസ്തകം: ആമുഖം

Authored by : Rev. Dr. Joseph Pamplany,Dr. Michael Karimattam, On 09-Feb-2021

സ്രായുടെ പുസ്തകം ദേവാലയ നിര്‍മ്മാണത്തെക്കുറിച്ചാണ് പ്രമുഖമായി പ്രതിപാദിക്കുന്നത്. എന്നാല്‍ നെഹെമിയായുടെ ഗ്രന്ഥം ജറുസലേം നഗരത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന്‍റെയും കോട്ടകള്‍ കെട്ടി അതിനെ ശാക്തീകരിക്കുന്നതിന്‍റെയും വിവരണമാണ്. നഗരത്തിന്‍റെ നിര്‍മ്മാണവും ശാക്തീകരണവും എന്നതിലൂടെ കേവലമായ മരാമത്തുപണികള്‍ എന്നല്ല ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത്. വിശുദ്ധജനമായ ഇസ്രായേലിന്‍റെ ശക്തിക്കു നിദാനമായ ദൈവവിശ്വാസത്തെയും ആരാധനയെയും പരിപോഷിപ്പിക്കുകയും വിശ്വാസവിരുദ്ധമായ മാര്‍ഗ്ഗങ്ങളില്‍ നിന്ന് (ഉദാ: വിജാതീയരുമായുള്ള വിവാഹം) ജനത്തെ പിന്തിരിപ്പിക്കുകയും അതുവഴി ഇസ്രായേലിനെ വിശ്വസ്തതയും വിശുദ്ധിയുമുള്ള കരുത്തുറ്റ ജനതയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഗ്രന്ഥകാരന്‍റെ ലക്ഷ്യം. നെഹെമിയായുടെ പുസ്തകത്തിന്‍റെ ഘടന, രചയിതാവ്, രചനാകാലം, ചരിത്രപശ്ചാത്തലം തുടങ്ങിയവയുടെ വിശകലനത്തിന് എസ്രായുടെ ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനത്തിന്‍റെ ആമുഖഭാഗം കാണുക.

നെഹെമിയായുടെ ഗ്രന്ഥത്തിന്‍റെ നല്ലൊരുഭാഗം വ്യക്തിപരമായ ഓര്‍മ്മക്കുറിപ്പുകളാണ് (Memoir). ഇത് നെഹമിയായുടെ ആത്മകഥാപരമായ രചനയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, നെഹെമിയായുടെ പുസ്തകത്തിലെ 3, 7 അധ്യായങ്ങള്‍ (ഇവ എസ്രാ രണ്ടാം അധ്യായത്തിന്‍റെ ആവര്‍ത്തനമാണ്) ഉത്തമ പുരുഷസര്‍വ്വനാമത്തിലുള്ള (Third Person) വിവരണമാകയാല്‍ പ്രസ്തുതഭാഗങ്ങള്‍ മറ്റൊരാളുടെ രചനയായിരിക്കാനാണ് സാധ്യത. രചയിതാവ് ഈ ഭാഗത്തെ നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പിനോടു കൂട്ടിച്ചേര്‍ത്തതാണ് എന്ന അനുമാനത്തിനാണ് പ്രമാണ്യമുള്ളത്. നെഹെ 11:1-2 ലെ വിവരണം നഗരമതിലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചാണ്. നെഹെമിയാ ഏഴാം അധ്യായത്തിന്‍റെ തുടര്‍ച്ചയായ ആശയമാണിത്. എന്നാല്‍ 11:1-2 ലെ വിവരണം ഏഴാം അധ്യായത്തിലേതില്‍ നിന്നു വ്യത്യസ്തമായി (പ്രഥമപുരുഷസര്‍വ്വനാമശൈലി) ഉത്തമപുരുഷസര്‍വ്വനാമത്തിലാണ്. തന്നെയുമല്ല നെഹെമിയായുടെ പേര് 11:1-2 ല്‍ പരാമര്‍ശിക്കുന്നുമില്ല. നെഹെ 7:73-12:26; 12:44;-13:3 എന്നീ വചനഭാഗങ്ങള്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്നു കരുതാം. നെഹെ 5:14-19 ലെ സ്വയം നീതീകരണ ശ്രമങ്ങള്‍ നെഹെമിയ 13-ാം അധ്യായത്തിലെ വിവരണത്തിലും ദൃശ്യമാണ്. നെഹെമിയായുടെ പുസ്തകം സംശോധനകള്‍ക്കു വിധേയമായിട്ടുണ്ട് എന്നതിനു തെളിവായി ഇത്തരം ആഖ്യാനഭംഗങ്ങളെ മനസ്സിലാക്കാവുന്നതാണ്.

നെഹെമിയായുടെ പുസ്തകത്തിന്‍റെ സിംഹഭാഗവും, മുന്‍സൂചിപ്പിച്ചതുപോലെ, ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന സാഹിത്യഭാഗത്തിന് കൃത്യമായ ദൃഷ്ടാന്തങ്ങള്‍ സെമിറ്റിക്, ഗ്രീക്ക് സാഹിത്യകൃതികളില്‍ കണ്ടെത്താനാകുന്നില്ല എന്നാണ് പണ്ഡിതമതം. ഈജിപ്ഷ്യന്‍ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ക്കു മുന്നില്‍ ആത്മകഥാപരമായ (First Person) ഓര്‍മ്മക്കുറിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നതായി ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ബൈബിള്‍ സങ്കീര്‍ത്തനങ്ങളില്‍ പലതും ഇപ്രകാരം ആത്മകഥാപരമായ അര്‍ത്ഥനകളും പ്രാര്‍ത്ഥനകളും ഉള്‍ക്കൊള്ളുന്നവയാണ്. എന്നാല്‍ ഇവയെ നെഹെമിയായുടെ പുസ്തകത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍ക്കുള്ള ശരിയായ സമാനതകളായി പരിഗണിക്കാനാവില്ല.

ഓര്‍മ്മക്കുറിപ്പുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന "ഓര്‍മ്മിക്കുക" എന്ന ക്രിയ (ഹീബ്രുവില്‍ - സാഖര്‍) ശ്രദ്ധേയമാണ് (5:19, 13:14, 22, 31). 5:19 ലെ അനുസ്മരണാഹ്വാനം ഗവര്‍ണര്‍ എന്ന നിലയില്‍ നെഹെമിയായുടെ പ്രവര്‍ത്തനശേഷം രചിക്കപ്പെട്ടതാണെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്. (ഉദാ: വില്ല്യംസണ്‍, WBC, 16) പ്രസ്തുത പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ "ഓര്‍മ്മിക്കുക" എന്ന ക്രിയാരൂപമുള്ള 5:14-19, 13:4-31 ഭാഗങ്ങള്‍ നെഹെമിയായുടെ കാലശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. നെഹെമിയാ ചെയ്ത സുപ്രധാന പ്രവൃത്തികളൊന്നും സൂചിപ്പിക്കാതെ പില്‍ക്കാലത്ത് മറ്റുള്ളവര്‍ ചെയ്ത പ്രവൃത്തികളുടെ പേരില്‍ നെഹെമിയായെ  ഓര്‍മ്മിക്കാനാണ് ഈ വിവരണങ്ങള്‍ ആവശ്യപ്പെടുന്നത് എന്നതിനാലാണ് ഇപ്രകാരമൊരു നിഗമനത്തില്‍ പണ്ഡിതന്മാര്‍ എത്തിച്ചേരുന്നത്. ഓര്‍മ്മക്കുറിപ്പുകളിലെ യഥാര്‍ത്ഥഉള്ളടക്കം പേര്‍ഷ്യന്‍ രാജാവിന്‍റെ കല്പനയും തദനുസൃതമുള്ള നഗരമതിലിന്‍റെ നിര്‍മ്മാണവുമായിരുന്നു. ഇത് അരമായ ഭാഷയിലായിരുന്നു എന്നും പണ്ഡിതന്‍മാര്‍ കരുതുന്നു. എന്നാല്‍ പില്‍ക്കാലസംശോധകന്‍ ഈ ഓര്‍മ്മക്കുറിപ്പുകളെ ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ത്ത് (1:411; 4:45; 6:14) അഭിനവരൂപത്തിലാക്കിയതാണെന്നും കരുതുന്നവരാണ് നെഹെമിയായുടെ ഗ്രന്ഥത്തിന്‍റെ വ്യാഖ്യാതാക്കളില്‍ നല്ലൊരുപങ്കും.

എന്നാല്‍, നെഹെ 5:14-19 ലെ വിവരണം കാലഗണനയില്‍ അസ്ഥാനത്താണെങ്കിലും പ്രാര്‍ത്ഥനാരൂപം നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളിലുടനീളം കാണാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരുമുണ്ട് (1:4-11; 3:36-37; 4:4-5; 6:9; 6:14; 13:29). ഇവയില്‍ മറ്റെല്ലാ പ്രാര്‍ത്ഥനകളും "ഓര്‍മ്മിക്കുക" എന്ന ക്രിയയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 6:9 ല്‍ "കരങ്ങളെ ശക്തിപ്പെടുത്തണമേ" എന്ന പ്രാര്‍ത്ഥനയാണുള്ളത്. ഇതിനു സമാനമായ ശൈലി ഈജിപ്തിലെ പേര്‍ഷ്യന്‍ പ്രതിനിധിയായ ഉഡ്ജാഹൊറെസ്നെതിന്‍റെ എഴുത്തുകളില്‍ കണ്ടെത്താന്‍ കഴിയും. നെഹെമിയായെ ജറുസലേമിലേക്ക് അയച്ചതുപോലെ പേര്‍ഷ്യന്‍രാജാവ് ഈജിപ്തിലേക്ക് അയച്ച ഗവര്‍ണറായിരുന്നു ഉഡ്ജാഹൊറെസ്നെത്. തന്മൂലം ഇവരുടെ രചനകള്‍ തമ്മിലുള്ള താരതമ്യത്തിന് പ്രസക്തിയുണ്ട്. ഈജിപ്ഷ്യന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ എഴുതിയതുപോലെ രാജാവിനുള്ള ദിനവൃത്താന്തക്കുറിപ്പുകളായിരുന്നു, നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ ആദ്യരൂപം എന്നു കരുതാവുന്നതാണ്. എന്നാല്‍, രാജാക്കന്മാരിലൂടെ ചരിത്രത്തെ നയിക്കുന്നത് ദൈവമാണ് എന്ന എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങളുടെ അടിസ്ഥാന ദൈവശാസ്ത്രവീക്ഷണത്തില്‍, രാജാവിനെഴുതിയ ദിനവൃത്താന്തക്കുറിപ്പുകളെ ദൈവസ്തുതിക്കായുള്ള പ്രാര്‍ത്ഥനകളായി രൂപാന്തരപ്പെടുത്തുന്നത് തികച്ചും യുക്തിസഹമാണ്. തന്മൂലം ഓര്‍മ്മക്കുറിപ്പുകളുടെ മൂലരൂപത്തില്‍ ആരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന ചോദ്യത്തെ സങ്കീര്‍ണ്ണമാക്കേണ്ടതില്ല.

The Book of Nehemiah: Introduction catholic malayalam mananthavady diocese Dr. Michael Karimattam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message