x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

വ്യാഖ്യാനവും ചരിത്ര വിമര്‍ശനരീതിയും

Authored by : Dr. Jose Vadakkedam On 08-Feb-2021

ബൈബിള്‍ വ്യാഖ്യാനിക്കുന്നവര്‍ ഉപയോഗപ്പെടുത്തേണ്ട പഠനരീതികള്‍ പലതുണ്ട്. പഴയകാലത്തെ ഏതൊരു പുസ്തകത്തെയും വേണ്ടതുപോലെ മനസ്സിലാക്കാന്‍ അത്യന്താപേക്ഷിതമായ ഒന്നാണ് ചരിത്രവിമര്‍ശനരീതി. ദൈവത്തിന്‍റെ വചനം മനുഷ്യന്‍റെ ഭാഷയില്‍ - അതാണല്ലോ വി. ഗ്രന്ഥം. ബൈബിള്‍ രൂപപ്പെട്ടതിനു പിന്നിലെ മനുഷ്യന്‍റെ പങ്കാളിത്തം എടുത്തു കാണിക്കുന്ന ഒരു പ്രയോഗം കൂടിയാണിത്. മനുഷ്യപങ്കാളിത്തമാണ് ബൈബിള്‍ വ്യാഖ്യാനത്തില്‍ ചരിത്രവിമര്‍ശനരീതി അനുവദിക്കുന്നതും ആവശ്യമാക്കിത്തീര്‍ക്കുന്നതും.

 

  1. എന്താണീ ചരിത്രവിമര്‍ശനരീതി?

നമുക്ക് പിന്നില്‍നിന്നുതന്നെ ആരംഭിക്കാം. ഈ സമ്പ്രദായം അതിന്‍റെ ആദിരൂപത്തില്‍ അതിപുരാതനകാലത്തും നിലനിന്നിരുന്നു. ഗ്രീക്കുപണ്ഡിതന്മാര്‍ ആ ഭാഷയിലെ സാഹിത്യകൃതികളെ വിലയിരുത്താന്‍ ഈ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു. തിരുസഭയിലാകട്ടെ, ജെറോം, ഒരിജന്‍, ആഗസ്തീനോസ് തുടങ്ങിയവരും ഈ ശൈലി ഉപയോഗിച്ചു ബൈബിള്‍ വിശദീകരിച്ചുവന്നു. നവോത്ഥാനകാലത്തെ ഒരു പ്രധാന മുദ്രവാക്യമായിരുന്നല്ലോ ഉറവിടങ്ങളിലേക്കു മടങ്ങുക എന്നത്. ബൈബിള്‍ മണ്ഡലത്തില്‍ ഇത് ഗ്രീക്ക്, ഹീബ്രു തുടങ്ങിയ മൂലഭാഷ (ബൈബിള്‍ രചിക്കപ്പെട്ട ഭാഷ)കളുടെ പഠനത്തിലേക്കു നയിച്ചു.

പഞ്ചഗ്രന്ഥി എഴുതിയത് മോശയാണെന്ന് പലരും കരുതിയിരുന്നല്ലോ, ഇന്നും കരുതുന്നുതാനും. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ ഒരു പുസ്തകത്തില്‍തന്നെ എത്രതരം വ്യത്യസ്ത ശൈലികളുണ്ട്. ഒരു സംഭവം പലതരത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു! ഇനി മോശയല്ല ഇതുമുഴുവന്‍ എഴുതിയതെന്നു വരുമോ! പതിനേഴാം നൂറ്റാണ്ടില്‍ ഇത്തരമൊരു സംശയം ഉന്നയിക്കുന്നുണ്ട്. റിച്ചാര്‍ഡ് സൈമണ്‍ ആയിരുന്നു ഈ ചോദ്യത്തിന്‍റെ തുടക്കക്കാരന്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ജീന്‍ ആസ്ട്രൂക് ഇതിനൊരുത്തരം നല്‍കി. മോശ തന്നെയാണ് പഞ്ചഗ്രന്ഥി രചിച്ചതെന്ന് അദ്ദേഹം നിസ്സംശയം ഉറപ്പിച്ചു. മോശ എഴുതാനാവശ്യമായ വിവരങ്ങള്‍ക്കാശ്രയിച്ച ഉറവിടങ്ങളാണത്രേ ഉല്പത്തി പുസ്തകത്തില്‍ വ്യത്യസ്ത ശൈലികള്‍ കടന്നു കൂടാന്‍ കാരണം!

പക്ഷേ, ഭാഷാപഠനത്തിലുണ്ടായ ഈ താല്‍പര്യം വി. ഗ്രന്ഥത്തിലെ പല പുസ്തകങ്ങളിലേയും ഒളിഞ്ഞുകിടന്നിരുന്ന വ്യത്യസ്ത സ്വാധീനങ്ങള്‍ പുറത്തുകൊണ്ടുവരികതന്നെ ചെയ്തു. കാലം ചെന്നപ്പോള്‍ മോശയല്ല പഞ്ചഗ്രന്ഥിയെഴുതിയതെന്ന് പണ്ഡിതലോകം ഏകാഭിപ്രായം പുലര്‍ത്തി. പഞ്ചഗ്രന്ഥി എങ്ങനെ എഴുതപ്പെട്ടുവെന്ന അന്വേഷണം രേഖാന്വയസിദ്ധാന്തത്തില്‍ കൊണ്ടെത്തിച്ചു.

മേല്‍പറഞ്ഞതരം ഭാഷാവിശകലനം, ബൈബിളിലെ പുസ്തകങ്ങളുടെ കാലക്രമം കണ്ടെത്താനുളള ശ്രമത്തില്‍ പുസ്തകങ്ങളുടെ പിന്നിലെ വിവിധ ഉറവിടരേഖകളെ തേടി നടപ്പായി. പുസ്തകത്തെ അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ കാണാനോ അതു കൈമാറുന്ന സന്ദേശം കണ്ടെത്താനോ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. തന്മൂലം ബൈബിളിനെ സംബന്ധിച്ചിടത്തോളം ചരിത്രവിമര്‍ശനരീതി, കേവലം "കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതാകുന്ന" വിദ്യയാണെന്ന് പലരും മുറുമുറുത്തു. കൂനില്‍മേല്‍ കുരുവെന്നപോലെ, ചില ദര്‍ശന സംഹിതകളുടെ പേരിലോ മറ്റു മതചരിത്ര പഠനത്തിന്‍റെ സ്വാധീനത്താലോ എന്നറിയില്ല, പ്രസിദ്ധരായ ചില വ്യാഖ്യാതാക്കള്‍ ബൈബിളിനെപ്പറ്റി തീര്‍ത്തും നിഷേധാത്മകങ്ങളായ ചില അഭിപ്രായങ്ങള്‍ കൂടി പ്രചരിപ്പിച്ചു.

ചരിത്രവിമര്‍ശനരീതിയെ, അത് അകപ്പെട്ടുപോയ ഈ അനര്‍ത്ഥത്തില്‍നിന്നു കൈപിടിച്ചു രക്ഷിച്ചതിന്‍റെ പെരുമ ജര്‍മ്മന്‍ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുങ്കലിനുളളതാണ്. പഞ്ചഗ്രന്ഥിയുടെ ചില ഭാഗങ്ങള്‍ പുരാതനകാലത്തെ ഐതിഹ്യങ്ങളോട് അടുത്തുനില്‍ക്കുന്നുവെന്നും മറ്റുചിലത് അന്നാട്ടില്‍ നിലനിന്നിരുന്ന നാടന്‍ പാട്ടുകളുടെ ചുവയുളളതാണെന്നും മറ്റും അദ്ദേഹം കണ്ടെത്തി. ഓരോ വചനഭാഗവും വിലയിരുത്തുമ്പോള്‍ അവിടെ സൂചിതമായിരിക്കുന്ന ജീവിത സന്ദര്‍ഭം പ്രധാനപ്പെട്ടതാണെന്ന് ഗുങ്കലിന് ബോദ്ധ്യപ്പെട്ടു.

സമവീക്ഷണസുവിശേഷങ്ങള്‍ പഠിച്ചപ്പോള്‍ മാര്‍ട്ടിന്‍ ഡിബേലിയസും റുഡോള്‍ഫ് ബുള്‍ട്ടുമാനും ചെയ്തതും ഏതാണ്ട് ഇതുതന്നെയാണ്. പുതിയനിയമം രൂപപ്പെട്ടത് യേശുവിന്‍റെ മരണോത്ഥാനങ്ങള്‍ക്കുശേഷമുളള കാലത്താണ്. ക്രിസ്ത്യാനികളാണ് അതിന്‍റെ അവസാന രൂപഭാവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാനുഷികശക്തി. ഒരു പുസ്തകം സമാഹരിച്ചെടുത്ത സമ്പാദകന്‍റെ പങ്കിനെപ്പറ്റിയുളള അന്വേഷണം വ്യവകലന വിമര്‍ശനത്തിന് വഴിതെളിച്ചു. ഈ സമ്പാദകന്മാര്‍ ചില സമന്വയസങ്കേതങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന തിരിച്ചറിവ് ആ പുസ്തകങ്ങളെ അവയുടെ ദൈവശാസ്ത്രവീക്ഷണം കണ്ടെത്താനാവുന്ന വിധത്തില്‍ പഠിക്കാനുപകരിച്ചു.ഇങ്ങനെ ബൈബിള്‍ വ്യാഖ്യാനത്തില്‍ ഉന്നതവും അനുപേക്ഷണീയവുമായ സ്ഥാനമാണ് ചരിത്ര വിമര്‍ശനരീതിക്കുളളത്.

 

  1. ചരിത്രവിമര്‍ശനരീതി: അടിസ്ഥാന ആഭിമുഖ്യങ്ങള്‍

ചരിത്രവിമര്‍ശനരീതിയുടെ ചില അടിസ്ഥാന തത്വങ്ങള്‍ താഴെ പറയുന്നവയാണ്.

      a. ചരിത്രപരത: ചരിത്രവിമര്‍ശനരീതി ഒന്നാമതായി ചരിത്രപരമാണ്. കാരണം, ബൈബിളിലെ പുസ്തകങ്ങള്‍ അതിപുരാതനങ്ങളാണ്; അവയാണ് പഠനവിഷയം. പുസ്തകത്തെ അത് രൂപംകൊണ്ട ചരിത്രപശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചു പഠിക്കുന്നു. അഥവാ, ആരെ ഉദ്ദേശിച്ച് എഴുതപ്പെട്ടോ, ആ ആദ്യവായനക്കാരുടെ പ്രത്യേകതകള്‍ കണക്കിലെടുക്കുന്നു. കൂടാതെ ഓരോ സമൂഹത്തിലും വി.ഗ്രന്ഥത്തിന് കൈവന്ന അനുരൂപണങ്ങളെ പഠനവിധേയമാക്കുന്നു. ഇങ്ങനെ ചരിത്ര വിമര്‍ശനരീതി ആദ്യന്തം ചരിത്രാഭിമുഖ്യം പുലര്‍ത്തുന്നു.

     b. വിമര്‍ശനാത്മകത: എല്ലാ ഘട്ടങ്ങളിലും ശാസ്ത്രീയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. പഠനം തികച്ചും വസ്തു നിഷ്ഠമായിരിക്കാന്‍ ശ്രദ്ധയുണ്ട്. യുക്തിക്കും ശാസ്ത്രത്തിനും ചരിത്രവിമര്‍ശനരീതിയില്‍ പ്രാധാന്യമുണ്ടെന്ന് ഇവിടെ വ്യക്തമാണല്ലോ.

     c. വിശകലനസ്വഭാവം: മറ്റേതൊരു പുരാതന പുസ്തകത്തെയും വിശകലനം ചെയ്യുന്നതുപോലെതന്നെ ബൈബിളിനെയും പഠിക്കുന്നു. മനുഷ്യന്‍ മനുഷ്യനോട് ആശയവിനിമയം നടത്തുന്നതാണല്ലോ സാധാരണ പുസ്തകങ്ങള്‍. ആ നിലയില്‍ ഏറെയൊന്നും വ്യത്യസ്തമായല്ല ബൈബിളിനെയും ചരിത്രവിമര്‍ശനരീതി വിശകലനം ചെയ്യുന്നതെന്നു ചുരുക്കം. എന്നാല്‍ ഇതുമൂലം ദൈവികവെളിപാടിന്‍റെ വിലയുറ്റ മുത്തുകളെ മുങ്ങിപ്പെറുക്കാന്‍ വ്യാഖ്യാതാവിന് തടസമുണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.

 

  1. ചരിത്രവിമര്‍ശനരീതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങള്‍

ചരിത്രവിമര്‍ശനരീതിയുടെ വിവിധ ഘട്ടങ്ങള്‍ ഇപ്പോള്‍ നമുക്ക് വ്യക്തമാണ്. ആദ്യം, ലഭ്യമായ ഉറവിടരേഖകള്‍ കണ്ടെത്താനുളള ശ്രമമാണ്. മൂലപാഠത്തിലെ ഭാഷാശൈലി പഠിച്ച് അതിനു പിന്നിലെ വ്യത്യസ്ത പാരമ്പര്യരേഖകളെ കണ്ടെത്തുകയാണ് പിന്നീട് ചെയ്യുന്നത്. സാഹിത്യരൂപങ്ങളെ വിശകലനം ചെയ്ത് മൂലാര്‍ത്ഥം കണ്ടെത്താനുള്ള ശ്രമമാണ് മൂന്നാംഘട്ടം. പുസ്തകത്തിനു പിന്നിലെ സമ്പാദകന്‍റെ പങ്ക് കണ്ടെത്തുകയാണ് അടുത്തപടി.

  1. പാഠപരിശോധന: പാഠപരിശോധനയാണ് ആദ്യനടപടി. മൂലപാഠം അല്ലെങ്കില്‍ അതിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരു പകര്‍പ്പ് പഠനത്തിനായി സംലഭ്യമാക്കുക എന്നതാണിവിടെ ചെയ്യുന്നത്. സഭാപിതാക്കന്മാരില്‍നിന്ന് കൈമാറിക്കിട്ടിയ പകര്‍പ്പുകള്‍, അതിനുംമുമ്പ് വിവിധ ഭാഷകളില്‍ നിലനിന്നിരുന്ന കൈയെഴുത്തുപ്രതികള്‍, പപ്പീറസിലും തുകലിലും മറ്റും എഴുതപ്പെട്ട പകര്‍പ്പുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് ഇത് തിട്ടപ്പെടുത്തേണ്ടത്. ഇന്ന് പരിഭാഷയിലൂടെ വന്നുചേര്‍ന്നിട്ടുള്ള വൈകല്യങ്ങള്‍ (അവ ഉണ്ടെ ന്ന് തീര്‍ച്ചയാണല്ലോ) ഒഴിവാക്കുകയാണ് ഇവിടെ ലക്ഷ്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഗ്രീക്കിലും ഹീബ്രുവിലും ഉപയോഗിച്ചിരിക്കുന്ന കൃത്യമായ വാക്കേതെന്ന് കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്.                           
  2. ഭാഷാവിശകലനം: ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥം, വിവിധ പാഠഭാഗങ്ങള്‍ തമ്മിലുളള ഭാഷാപരമായ പൊരുത്തവും പൊരുത്തക്കേടുകളും തുടങ്ങിയവ പരിശോധിക്കുന്നു. ഈ പ്രക്രിയയില്‍ ചിലപ്പോള്‍ ഒരു പുസ്തകത്തില്‍ത്തന്നെ വ്യത്യസ്ത എഴുത്തുകാരുടെ സ്വാധീനം തെളിഞ്ഞു കണ്ടേക്കാം. അങ്ങനെ വന്നാല്‍ ആ പുസ്തകം ഒരാള്‍തന്നെ എഴുതിയതല്ല; മറിച്ച്, വ്യത്യസ്തപാരമ്പര്യങ്ങള്‍ (വായ്മൊഴിയോ വരമൊഴിയോ ആവാം) സമാഹരിച്ച് ആരോ ഒരു പുസ്തകമാക്കിയെന്ന് വേണം അനുമാനിക്കാന്‍.                                                                                                                            
  3. സാഹിത്യരൂപ വിശകലനം: സാഹിത്യത്തിലെ ഏതു സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്ന ദൗത്യമാണ് ഇവിടെയുളളത്. ബൈബിളിലെ ഒരു താളില്‍ത്തന്നെ എത്രയോ സാഹിത്യരൂപങ്ങള്‍ വേര്‍തിരിച്ചെടുക്കാനാവും! മറ്റു മതസംസ്കാരങ്ങളിലെയോ ഭാഷകളിലെയോ കഥയുടെയോ പഴഞ്ചൊല്ലിന്‍റെയോ അല്ലെങ്കില്‍ നാടന്‍പാട്ടിന്‍റെയോ അതുമല്ലെങ്കില്‍ പ്രസംഗത്തിന്‍റെയോ രൂപത്തിലാവാം ഗ്രന്ഥകാരന്‍ ആശയം ഉള്‍കൊളളിച്ചിരിക്കുന്നത്. ഇവയൊക്കെ നിര്‍ണ്ണയിക്കാനാകുന്നത് ബൈബിള്‍ വ്യാഖ്യാനത്തിലെ പ്രധാനഘട്ടമാണ്.                                                                                                 
  4. സമാഹരണസങ്കേതപഠനം: ഇതുവരെ ഭാഗിച്ച് വിശകലനം ചെയ്യുകയായിരുന്നെങ്കില്‍ ഇവിടെ ഒരു പുസ്തകത്തെ ഒന്നായിക്കണ്ട് വ്യാഖ്യാനിക്കുന്നു. പുസ്തകത്തിന്‍റെ പിന്നില്‍ നില്‍ക്കുന്ന സമൂഹം ഇവിടെ വെളിച്ചത്തുവരുന്നു. യഹൂദ ക്രിസ്ത്യാനികള്‍ക്കായി രചിക്കപ്പെട്ടതാണ് മത്തായിയുടെ സുവിശേഷമെന്ന വസ്തുത പ്രസ്തുത സുവിശേഷത്തിന്‍റെ ഏതുഭാഗം വ്യാഖ്യാനിക്കുമ്പോഴും പ്രസക്തിയുളളതാണ്. ആ സമൂഹത്തിന് അനുയോജ്യമായ വിധത്തില്‍ യേശുവിന്‍റെ വചനം പകര്‍ന്നുകൊടുക്കാന്‍ ഗ്രന്ഥകര്‍ത്താവ് അല്ലെങ്കില്‍ സമ്പാദകന്‍ എന്തെല്ലാം അനുരൂപണങ്ങള്‍ വരുത്തിയിരിക്കുന്നുവെന്ന് കണ്ടെത്തുന്നു. ആദ്യശ്രോതാക്കള്‍ക്ക് ഇതില്‍നിന്നു കിട്ടിയ സന്ദേശം കണ്ടെത്തി ڇഞാന്‍ڈ എങ്ങനെ ജീവിക്കണമെന്ന് വിശദീകരിക്കുന്നു.

ഇങ്ങനെ, ചരിത്രത്തിലെന്നോ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിലെ വചനങ്ങളെ അതേ സാഹചര്യത്തില്‍ - മൂലാര്‍ത്ഥത്തില്‍ത്തന്നെ - മനസ്സിലാക്കി ഇന്നത്തെ മനുഷ്യന്‍റെ ജീവിതത്തിലേക്കു പകര്‍ത്തുകയാണ് ചരിത്രവിമര്‍ശനരീതി ചെയ്യുന്നത്.

 

  1. ചരിത്രവിമര്‍ശനരീതിക്ക് പ്രസക്തിയുണ്ടോ?

ഈ രീതിക്ക് കൊടുക്കേണ്ട സ്ഥാനമെന്താണ്? ചരിത്ര വിമര്‍ശനരീതി അതില്‍ത്തന്നെ നന്നെന്നോ മോശമെന്നോ കരുതുക വയ്യ. അതിന്‍റെ നന്മതിന്മകള്‍ അത് ഉപയോഗപ്പെടുത്തുന്ന വിധത്തെ ആശ്രയിച്ചിരിക്കുന്നു. വി. ഗ്രന്ഥത്തിന്‍റെ ഇരുള്‍ നിറഞ്ഞുനിന്ന ഉള്‍മുറികളില്‍ കടക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു ദീപനാളം തന്നെയാണിത്. ബൈബിള്‍ ഒരൊറ്റയാള്‍ എഴുതിയതല്ലെന്നും അത് രൂപപ്പെട്ടതിനു പിന്നില്‍ വിലപ്പെട്ട  ചരിത്രമുണ്ടെന്നും (ഒന്നുകില്‍ ഇസ്രായേലിന്‍റെ ചരിത്രം അല്ലെങ്കില്‍ ആദിമസഭയുടെ ജീവിതം) നാം കണ്ടെത്തിയത് ഈ വെളിച്ചത്തിലാണ്. ബൈബിളിനു പിന്നിലെ ചരിത്ര പശ്ചാത്തലങ്ങളെ ഈയടുത്തകാലംവരെ വിദൂരതയിലെന്നവണ്ണം മങ്ങിയ വെളിച്ചത്തിലാണ് നാം കണ്ടിരുന്നത്. അവ നിഴലുകളുടെ തലംവിട്ട് ഇപ്പോള്‍ സുവ്യക്തവും സമീപസ്ഥവുമായ യഥാര്‍ത്ഥ്യമായതില്‍ ചരിത്രവിമര്‍ശനരീതി വഹിച്ച പങ്ക് വലുതാണ്.

പ്രാരംഭത്തില്‍, പരമ്പരാഗത വ്യാഖ്യാനരീതികളും ഈ പുതിയ ശാസ്ത്രീയ രീതിയും തമ്മിലുളള  ബന്ധം സൗഹാര്‍ദ്ദപൂര്‍ണ്ണമായിരുന്നില്ല. വിശ്വാസത്തിന്‍റെ തലത്തില്‍നിന്നു വേറിട്ടുനിന്നു ചിന്തിക്കുകയെന്ന വേദനാജനകമായ അനുഭവമാണ് പുതിയ രീതിയില്‍ ആദ്യം തോന്നിയത്. എന്നാല്‍ പിന്നീട് അത് അഭിമാനാര്‍ഹമായ നേട്ടമായി അനുഭവപ്പെട്ടു.

"ഡിവിനോ അഫ്ളാന്തെ സ്പിരിത്തു" എന്ന ചാക്രികലേഖനത്തില്‍ പറയുന്നതുപോലെ വാചാര്‍ത്ഥ്യം മനസ്സിലാക്കിയിരിക്കേണ്ടത് വ്യാഖ്യാനത്തിന് അവശ്യാവശ്യമാണ്. ഈ അര്‍ത്ഥം കണ്ടെത്തി വി.ഗ്രന്ഥത്തെ കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ ചരിത്രവിമര്‍ശനരീതി ഉപകരിക്കുന്നു.

ഈ രീതിയുടെ ന്യൂനതകളെക്കുറിച്ചും നമുക്കറിയാം. ആദ്യകാല പശ്ചാത്തലങ്ങള്‍ക്ക് അധികപ്രാധാന്യം നല്‍കിയപ്പോള്‍ പില്‍കാലത്ത് വെളിപ്പെട്ടു കിട്ടിയ ആശയങ്ങള്‍ തഴയപ്പെട്ടു. എന്നിരുന്നാലും വ്യാഖ്യാനസംബന്ധമായ കൃതികള്‍ ജന്മം കൊണ്ടതിനു പിന്നിലും വി. ഗ്രന്ഥാധിഷ്ഠിതമായ ദൈവശാസ്ത്രം ഇത്രയധികം വളര്‍ന്നതിനു പിന്നിലും ചരിത്ര വിമര്‍ശനരീതിയുടെ സഹായമുണ്ട്. ഒരു പാഠഭാഗത്തിന്‍റെ ഉളളടക്കത്തേക്കാള്‍ അതിന്‍റെ ഘടനയ്ക്കു പ്രാധാന്യം നല്‍കുന്ന പ്രവണത ഈ രീതിയില്‍ പ്രബലമായിരുന്നു. എന്നാല്‍ ഇന്ന് പുതിയ ഭാഷാവിശകലന സങ്കേതങ്ങളുടെ സഹായത്തോടെ ഇത്തരം പ്രവണതകള്‍ തിരുത്തപ്പെടുന്നുണ്ട്. ജീവിതത്തിലെ പ്രായോഗികഭാവങ്ങള്‍ക്കു പ്രാധാന്യം കൊടുത്താണ് ഇന്ന് ചരിത്രവിമര്‍ശനരീതി ഉപയോഗിക്കപ്പെടുന്നതെന്നത് പ്രശംസനീയമാണ്.

ഒരു പുസ്തകത്തിന്‍റെ അവിഭക്തവിശകലനം ന്യായമായ രീതിയാണെന്നുകൂടി മനസിലാക്കേണ്ടതുണ്ട്. കാരണം ദൈവിക സന്ദേശം ഉത്തമമാംവിധം ഉള്‍ക്കൊളളുന്നത് അവിഭക്തപാഠത്തിലാണ്. വിഭജിതവിശകലനം ഒഴിവാക്കാനാവില്ലെന്നത് മറുവശം. കാരണം അത് ഒരു പുസ്തകത്തിന്‍റെ സങ്കീര്‍ണ്ണതകളെ വെളിച്ചത്തു കൊണ്ടുവരുന്നു. ഉദാഹരണത്തിന് ഉടമ്പടി നിയമങ്ങളെപ്പറ്റിയുളള വിവരണം മൂന്നിടത്ത് നമുക്ക് കാണാം. പുറപ്പാട് 21-23; നിയമാവര്‍ത്തനം 12-26; ലേവ്യര്‍ 17-26. ഇവ മൂന്നും തമ്മില്‍ വ്യത്യാസമുണ്ട്. കാരണം ഇവയോരോന്നും വ്യത്യസ്തമായ മത,സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ നിയമങ്ങളെ അവതരിപ്പിക്കുന്നത്. ഇവ പ്രത്യേകം വിശകലനം ചെയ്തെങ്കിലേ കാര്യം ഗ്രഹിക്കാനാവൂ. സമഗ്ര വിശകലനത്തിന്‍റെ പേരില്‍ ചരിത്രത്തെ പാടേ അവഗണിക്കുന്നതിന്‍റെ അബദ്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ചുരുക്കത്തില്‍, ചരിത്രവിമര്‍ശനരീതി മറ്റുവിമര്‍ശനരീതികളോടും സമീപനങ്ങളോടും ചേര്‍ന്ന് വി.ഗ്രന്ഥഭാഗത്തിന്‍റെ അര്‍ത്ഥവും സന്ദേശവും ഗ്രഹിക്കാന്‍ ഇന്നത്തെ വായനക്കാരനെ സഹായിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നത് കാലബദ്ധ വിശകലനം വഴിയാണെന്നു മാത്രം.

 

ഡോ. ജോസ് വടക്കേടം

interpretation-and-the-historical-criticism catholic malayalam bible interpretations Dr. Jose Vadakkedam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message