x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിളിലെ രക്ഷാചരിത്രം

Authored by : Dr. Michael Karimattam On 09-Feb-2021

ക്ഷാകര ചരിത്രത്തിന്‍റെ സമഗ്രമായ ഒരു ചിത്രം അവതരിപ്പിക്കുക എന്നതാണ് ഈ പ്രാരംഭപഠനത്തിന്‍റെ ലക്ഷ്യം. സൃഷ്ടികര്‍മ്മത്തിലൂടെയും അതിലുപരി രക്ഷാകര്‍മ്മത്തിലൂടെയും പ്രകടമായ ദൈവസ്നേഹത്തിന്‍റെ കഥയാണ് ബൈബിള്‍ പറയുന്നത്. ആരംഭവും അവസാനവുമില്ലാത്ത ദൈവം മാംസം ധരിച്ച് മനുഷ്യനായി. ജീവന്‍റെ ഉറവിടമായ ദൈവത്തില്‍നിന്ന് പാപംമൂലം അകന്നുപോയ മനുഷ്യന് ദൈവികജീവനില്‍ വീണ്ടും പങ്കുനല്കുക എന്നതാണ് മനുഷ്യാവതാരത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കു ദൈവം മനുഷ്യനെ നയിക്കുന്നതിന്‍റെ ചരിത്രം ബൈബിള്‍ വിവരിക്കുന്നു. ഇത് പാപിക്കു ദൈവം നല്കുന്ന രക്ഷയുടെ ചരിത്രമാണ്. അതിനാല്‍ ബൈബിളിനെ രക്ഷാചരിത്രം എന്നു വിളിക്കുന്നു. ബൈബിള്‍ രചിക്കപ്പെട്ടതിന്‍റെ ലക്ഷ്യംതന്നെ മനുഷ്യരക്ഷയാണെന്നു സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു: "ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്" (യോഹ 20,31).

ചരിത്രഗ്രന്ഥങ്ങളുടെ ആമുഖം

തന്‍റെ ജീവന്‍ മനുഷ്യനുമായി പങ്കുവയ്ക്കാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് ബൈബിള്‍ നമുക്കു വെളിപ്പെടുത്തിത്തരുന്നു. മനുഷ്യരെല്ലാം തന്നോടൊന്നിച്ച് എന്നേക്കും ജീവിക്കണം എന്നതാണ് ദൈവത്തിന്‍റെ ആഗ്രഹം. പുരുഷനും സ്ത്രീയുമായി മനുഷ്യനെ ദൈവം തന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് ഈ കൂട്ടായ്മയ്ക്കുവേണ്ടിയാണ്. ദൈവത്തിന്‍റെ സ്വഭാവത്തില്‍ പങ്കുചേരുന്ന മനുഷ്യര്‍ ദൈവത്തോടും തമ്മില്‍ത്തമ്മിലും ഐക്യത്തില്‍ കഴിയണം. ചിന്തിക്കാനും ആലോചിക്കാനും തീരുമാനം എടുക്കാനും കഴിവുള്ള സ്വതന്ത്രവ്യക്തികളായി മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ ഈ ഐക്യമായിരുന്നു ദൈവം ലക്ഷ്യം വച്ചത് എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

മനുഷ്യനില്‍ പതിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഛായയും (ഉല്‍പ1,26-28) മണ്ണില്‍ നിന്നു മെനഞ്ഞെടുത്ത മനുഷ്യനെ ജീവനുള്ളവനാക്കിമാറ്റിയ ദൈവത്തിന്‍റെ ശ്വാസവും (ഉല്‍പ 2,7) ആദിമനുഷ്യനെ പാര്‍പ്പിച്ച പറുദീസായുമെല്ലാം (ഉല്‍പ 2,18-25) ഈ സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ദൈവത്തിന്‍റെ ദൃശ്യമായ പ്രതിരൂപമാണ് മനുഷ്യന്‍. ഭൂമിയില്‍ ദൈവത്തിന്‍റെ  പ്രതിനിധിയാണവന്‍. ദൈവസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമായി മനുഷ്യന്‍ ഭൂമിയില്‍ വര്‍ത്തിക്കണം എന്നതായിരുന്നു ദൈവത്തിന്‍റെ ആഗ്രഹം. എന്നാല്‍ തനിക്കു ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗിച്ച മനുഷ്യന്‍ തന്നിലെ ദൈവിക പ്രതിഛായ വികലമാക്കി; പാപംമൂലം അവന്‍ ദൈവത്തോടുള്ള ബന്ധം വിഛേദിച്ചു, പറുദീസായ്ക്കു പുറത്തായി.

ജീവന്‍റെ ഉറവിടമായ ദൈവത്തെ നിഷേധിച്ച് തനിക്കായി ജലം സൂക്ഷിക്കാന്‍ കഴിയാത്ത പൊട്ടക്കിണറുകള്‍ കുഴിച്ച (ജറെ 2,13) മനുഷ്യനെ ദൈവം ഉപേക്ഷിച്ചില്ല. അകന്നുപോകുന്നവന്‍റെ പിന്നാലെ വരുന്ന സ്രഷ്ടാവിന്‍റെ ചിത്രമാണ് രക്ഷാചരിത്രം വരച്ചുകാട്ടുന്നത്. ഒരിക്കലും കുറയാത്തതും അസ്തമിക്കാത്തതുമായ സ്നേഹത്തോടെ മനുഷ്യനെ തന്നിലേക്കാകര്‍ഷിക്കാനായി അവനെ തേടിയെത്തുന്ന ദൈവവും അജ്ഞതയും ഔദ്ധത്യവും അവയില്‍നിന്നു ജനിക്കുന്ന അഹങ്കാരവുംവഴി കൂടുതല്‍ അകലത്തേക്കു പ്രയാണം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ ചരിത്രമാണ് ബൈബിള്‍ വരച്ചുകാട്ടുന്ന രക്ഷാചരിത്രം. സൃഷ്ടികര്‍മ്മത്തില്‍ ആരംഭിക്കുന്ന ഈ ചരിത്രം എല്ലാറ്റിനെയും നവീകരിക്കുന്ന പുതിയ സൃഷ്ടിയിലാണ് പൂര്‍ത്തിയാകുന്നത്.

ദൈവികജീവനിലും നിത്യമായ സന്തോഷത്തിലും മനുഷ്യനെയും പങ്കുചേര്‍ക്കുക എന്ന ദൈവികപദ്ധതിക്ക് മനുഷ്യന്‍റെ പാപം വിലങ്ങുതടിയായി. ദൈവത്തില്‍ വിശ്വസിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ, സമ്പൂര്‍ണ്ണമായ അനുസരണത്തിലൂടെ അവിടുത്തെ ഹിതം ജീവിത വ്രതമാക്കുകയും ചെയ്യുന്നതിനുപകരം മനുഷ്യന്‍ സ്വന്തം താല്പര്യങ്ങള്‍ക്കും വികലമായ സ്വാതന്ത്ര്യബോധത്തിനും മുന്‍ഗണന നല്കിയപ്പോള്‍ അവനു ദൈവികജീവന്‍ നഷ്ടമായി; ദൈവികസാന്നിദ്ധ്യമായ പറുദീസായില്‍നിന്ന് അവന്‍ പുറത്തായി.

ദൈവംതന്നെ മനുഷ്യന്‍റെ പാപം പരിഹരിക്കും; അവിശ്വസ്തതയുടെ മുറിവുണക്കും. അവന്‍റെമേല്‍ പരിശുദ്ധാത്മാവാകുന്ന ശുദ്ധജലം തളിച്ച് എല്ലാമാലിന്യങ്ങളില്‍നിന്നും അവനെ ശുദ്ധീകരിക്കും (എസെ 36,25-28). നഷ്ടപ്പെടുത്തിയ പറുദീസാ അവനു വീണ്ടും നല്കും. ദൈവത്തിനും മനുഷ്യനും വിരുദ്ധമായി നില്ക്കുന്ന തിന്മയുടെ ശക്തികളെ തോല്പിച്ച് ഉന്മൂലനം ചെയ്യും. അതിനായി ദൈവംതന്നെ ചരിത്രത്തിലേക്ക് ഇറങ്ങിവന്ന്, മനുഷ്യനോടു ചേര്‍ന്നുനില്ക്കും. തിന്മയ്ക്ക് അധീനമായ മനുഷ്യപ്രകൃതി സ്വന്തമായി സ്വീകരിച്ചുകൊണ്ട് മനുഷ്യശരീരത്തില്‍ പാപത്തെ പരാജയപ്പെടുത്തി, തിന്മയെ ഉന്മൂലനം ചെയ്യും. അങ്ങനെ അകന്നുപോയ മനുഷ്യനെ തിന്മയുടെ ആധിപത്യത്തില്‍നിന്നും രക്ഷിച്ച് വീണ്ടും ദൈവത്തിന്‍റെ സഹവാസത്തിലേക്കു നയിക്കും. ഈ പദ്ധതിയാണ് ബൈബിള്‍ വിവരിക്കുന്ന രക്ഷാചരിത്രം - സൃഷ്ടിമുതല്‍ പുതുസൃഷ്ടിവരെ നീളുന്ന രക്ഷാചരിത്രം: "ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി... ഇതാ ഞാന്‍ സകലവും നവീകരിക്കുന്നു" (വെളി 2, 1-5).

ബൈബിള്‍ അവതരിപ്പിക്കുന്ന രക്ഷാചരിത്രത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. 1. ഒരുക്കം 2. പൂര്‍ത്തീകരണം 3.പ്രഘോഷണം- പരിസമാപ്തി. സൃഷ്ടിമുതല്‍ രക്ഷകനായ യേശുക്രിസ്തുവിന്‍റെ വരവുവരെയുള്ള കാലഘട്ടത്തെ ഒരുക്കത്തിന്‍റെ കാലം എന്ന് വിശേഷിപ്പിക്കുന്നു. ഈ കാലഘട്ടം മുഖ്യമായും പഴയനിയമത്തിന്‍റെ കാലമാണ്. സകലജനതകളും പ്രതീക്ഷിച്ചിരുന്നതും പഴയനിയമത്തില്‍ അനേകം പ്രവചനങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും മുന്‍കൂട്ടി അറിയിക്കപ്പെട്ടതുമായ മാനവരക്ഷകനാണ് ദൈവപുത്രനായ യേശുക്രിസ്തു. യേശുവിന്‍റെ ജനനം, പ്രവര്‍ത്തനങ്ങള്‍, പ്രബോധനം, മരണം, ഉത്ഥാനം, മഹത്ത്വീകരണം എന്നിവ ഉള്‍ക്കൊള്ളുന്ന ഹ്രസ്വമായ കാലഘട്ടത്തെ പൂര്‍ത്തീകരണത്തിന്‍റെ കാലം എന്നു വിളിക്കുന്നു. യേശുവിലൂടെ മനുഷ്യവര്‍ഗ്ഗത്തിനും സൃഷ്ടപ്രപഞ്ചം മുഴുവനും ലഭ്യമായ രക്ഷയുടെ സദ്വാര്‍ത്ത ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ, സകലജനതകളോടും പ്രഘോഷിക്കുന്ന കാലഘട്ടമാണ് രക്ഷാചരിത്രത്തിലെ മൂന്നാമത്തെ കാലം.

ആദ്യകാലഘട്ടം ഇസ്രായേലിന്‍റെ അഥവാ പഴയനിയമത്തിന്‍റെ കാലം എന്നും മൂന്നാമത്തേത് സഭയുടെ അഥവാ പുതിയ ഇസ്രായേലിന്‍റെ കാലം എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഇവയ്ക്കുമധ്യേയുള്ള കാലം ചരിത്രത്തിന്‍റെ കേന്ദ്രബിന്ദുവാണ്. അതുവരെയുള്ള ചരിത്രം മുഴുവന്‍ യേശുവിലേക്കു നയിക്കുന്നു; അതിനുശേഷമുള്ള കാലം യേശുവില്‍നിന്നു ശക്തിയാര്‍ജ്ജിച്ച് യേശുവിനെ പ്രഘോഷിക്കുന്നു. രക്ഷാചരിത്രത്തിന്‍റെ അന്ത്യം പ്രപഞ്ചചരിത്രത്തിന്‍റെതന്നെ അന്ത്യം കുറിക്കുന്നു. പിന്നെ അങ്ങോട്ട് ചരിത്രമില്ല. നവീകരിക്കപ്പെട്ട പ്രപഞ്ചവും മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ട മനുഷ്യരും ദൈവികമഹത്വം പ്രകടമാക്കുന്ന നിത്യശക്തിയുടെ നിമിഷമാണത്. വേദനയും ദുഃഖവുമില്ലാത്ത, കണ്ണീരും മുറവിളിയുമില്ലാത്ത, അവാച്യമായ ആനന്ദത്തിന്‍റെ അനന്തമായ നിമിഷം. ഈ ആനന്ദത്തിനുവേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ദൈവംതന്നെ മനുഷ്യനെ ഈ ലക്ഷ്യത്തിലേക്കു നയിക്കും എന്ന് ബൈബിള്‍ ഉറപ്പിച്ചു പറയുന്നു- അതിന് മനുഷ്യന്‍റെ സഹകരണം ആവശ്യമാണെന്നുമാത്രം. സഹകരിക്കാതെ എതിര്‍ത്തുനില്ക്കുന്നവര്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെടുമെന്നും ബൈബിള്‍ താക്കീതു നല്കുന്നു (വെളി 2,8).

ഒരുക്കത്തിന്‍റെ കാലം

രക്ഷകന്‍റെ വരവിനായുള്ള കാലത്തെ പഴയനിയമകാലം എന്നു വിശേഷിപ്പിക്കുന്നു. ബൈബിളില്‍ മുഖ്യമായും ഇത് ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാലത്തെ പഠനത്തിനുള്ള സൗകര്യാര്‍ത്ഥം ഏഴു ഘട്ടങ്ങളായി തിരിക്കാം.

  1. ആദിചരിത്രം - ബി. സി. 1850
  2. പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം - ബി. സി. 1850-1550
  3. അടിമത്തവും പുറപ്പാടും - ബി.സി. 1550-1250
  4. വാഗ്ദത്തഭൂമിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ - ബി.സി. 1250-1030
  5. രാജവാഴ്ച - ബി.സി. 1030-587
  1. അവിഭക്തരാജ്യം - ബി.സി. 1030-930
  2. വിഭക്തരാജ്യം - ബി.സി. 930-721
  3. യൂദാമാത്രം - ബി.സി. 721-587
  1. പ്രവാസം - ബി.സി. 587-538
  2. പ്രവാസാനന്തരകാലം - ബി.സി. 538 - എ.ഡി. 135
  1. പേര്‍ഷ്യന്‍ ആധിപത്യം ബി.സി. - 538-332
  2. ഗ്രീക്ക്ആധിപത്യം ബി.സി. - 332-63
  3. റോമന്‍ ആധിപത്യം ബി.സി. 63 - എ.ഡി. 135

ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടം ആരംഭിക്കുന്നത് പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ കാലത്തോടെയാണ്. അതിനുമുമ്പുള്ള കാലത്തെ മുഴുവനായി ചരിത്രാതീതകാലം എന്നു വിശേഷിപ്പിക്കുന്നു. രാജവാഴ്ചയുടെ കാലഘട്ടത്തെ മൂന്നായി വിഭജിച്ചാണ് വിശകലനം ചെയ്യുന്നത്. അതുപോലെതന്നെ പ്രവാസാനന്തരകാലത്തെയും. ബി.സി. 63 ല്‍ റോമന്‍ കോണ്‍സുളായ പോംപേയ് പാലസ്തീനാ കീഴടക്കിയതോടെ റോമന്‍ കാലഘട്ടം ആരംഭിക്കുകയായി. എ.ഡി. 135 ല്‍ ഇസ്രായേല്‍ജനം റോമാക്കാരുമായി നടത്തിയ രണ്ടാം യുദ്ധത്തില്‍ പരാജയപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. തന്നെയുമല്ല, ജറുസലെം നഗരിയുടെ പേരുതന്നെ മാറ്റി, കിഴക്കന്‍ തലസ്ഥാനം എന്ന അര്‍ത്ഥത്തില്‍ "ഏലിയാ കാപ്പിത്തൊളീനാ" എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഇസ്രായേല്‍ വംശജര്‍ക്ക് ജറുസലെമില്‍ പ്രവേശനം നിഷേധിച്ചു. ഇതോടെ രക്ഷാചരിത്രത്തിലുള്ള ഇസ്രായേലിന്‍റെ സ്ഥാനത്തിനുതന്നെ കാതലായ വ്യതിയാനം സംഭവിച്ചു.

ഈ കാലഘട്ടത്തിലാണ് രക്ഷകനായ യേശുക്രിസ്തു ജനിച്ചതും മനുഷ്യരക്ഷയ്ക്കായി പീഡസഹിച്ച് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ്, മഹത്വീകരിക്കപ്പെട്ടതും. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യസമൂഹം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ തുടങ്ങി. ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയുള്ള അവരുടെ പ്രേഷിതയാത്രകളും ഈ കാലഘട്ടത്തില്‍ത്തന്നെ ആരംഭിച്ചു. അതിനാല്‍ റോമന്‍ ഭരണത്തിന്‍റെ കാലം പഴയനിയമത്തില്‍നിന്ന് പുതിയ നിയമത്തിലേക്ക്, ഇസ്രായേലില്‍നിന്ന് സഭയിലേക്ക്, പഴയ ഇസ്രായേലില്‍നിന്ന് പുതിയ ഇസ്രായേലിലേക്കുള്ള മാറ്റത്തിന്‍റെ കാലഘട്ടം കൂടിയാണ്.

ഓരോ കാലഘട്ടത്തെയും അല്പംകൂടി വിശദമായി പരിശോധിക്കാന്‍ ശ്രമിക്കുകയാണ് അടുത്തതായി ചെയ്യുന്നത്. ഓരോ കാലഘട്ടവും പരിശോധിക്കുമ്പോള്‍ ആ കാലഘട്ടത്തിന്‍റെ ചരിത്രപരമായ പ്രത്യേകതകള്‍, ആ കാലഘട്ടത്തെ വിവരിക്കുന്ന ബൈബിള്‍ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളും, ഈ കാലഘട്ടത്തിലെ പ്രധാനസംഭവങ്ങള്‍, വ്യക്തികള്‍ എന്നിവയും എടുത്തുകാട്ടാന്‍ ശ്രമിക്കുന്നതാണ്. കൂടുതല്‍ വിശദമായ പഠനം ബൈബിളിലെ ഓരോ പുസ്തകത്തിന്‍റെയും വ്യാഖ്യാനങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒരുക്കത്തിന്‍റെ കാലത്തെ ഏഴ് ഘട്ടങ്ങളായി തരംതിരിച്ചതില്‍ ആദ്യത്തെ മൂന്ന് ഘട്ടങ്ങളുടെ ചരിത്രം പഞ്ചഗ്രന്ഥിയില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ ആദ്യവാല്യത്തില്‍ ഈ ചരിത്രം വിശദീകരിച്ചിട്ടുള്ളതിനാല്‍ തുടര്‍ന്നുള്ള നാല് കാലഘട്ടങ്ങളുടെ ചരിത്രമാണ് ഈ പഠനത്തില്‍ വിശദീകരിക്കുന്നത്.

വാഗ്ദത്തഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ (ബി.സി. 1250-1030)

ഹാരാനില്‍ വച്ചു വിളിക്കുമ്പോള്‍ ദൈവം അബ്രാഹത്തിനു നല്കിയ വാഗ്ദാനങ്ങളില്‍ ഒന്ന്, സ്വന്തമായ ഒരു രാജ്യമായിരുന്നു. വാഗ്ദത്തഭൂമിയുടെ പടിവാതില്ക്കല്‍ എത്തി പാളയമടിച്ചു കിടക്കുന്ന ഇസ്രായേല്‍ ജനത്തിന്‍റെ ചിത്രം അവതരിപ്പിച്ചുകൊണ്ടാണ് പഞ്ചഗ്രന്ഥം സമാപിക്കുന്നത്. തുടര്‍ന്നുള്ള രണ്ടു പുസ്തകങ്ങള്‍, ജോഷ്വയും ന്യായാധിപന്മാരും, വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനും, കൈവശപ്പെടുത്തി സ്വന്തമായി കാത്തുസൂക്ഷിക്കുന്നതിനുംവേണ്ടി നടത്തിയ യുദ്ധങ്ങള്‍ വിവരിക്കുന്നു.

ചരിത്രപശ്ചാത്തലം: ഫിലിസ്ത്യരുടെ കുടിയേറ്റം

ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ് ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ട്, വാഗ്ദത്തഭൂമിയായ കാനാന്‍ദേശം ലക്ഷ്യംവച്ച്, മരുഭൂമിയിലൂടെ യാത്ര ചെയ്തത്. മോശയുടെ മരണത്തിനുശേഷം ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം വാഗ്ദത്തഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ത്തന്നെ കൂടുതല്‍ ശക്തമായ മറ്റൊരു ജനതയും കാനാന്‍ദേശം കീഴടക്കി വാസമുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫിലിസ്ത്യര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്.

പതിമൂന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ഏജിയന്‍ കടല്‍ത്തീരത്തുനിന്നു പുറപ്പെട്ട ഒരു ജനത മധ്യധരണ്യാഴിയിലൂടെ വന്ന് ഈജിപ്തിനെ ആക്രമിച്ചു. കടല്‍മാര്‍ഗ്ഗം വന്നതിനാല്‍ അവരെ കടല്‍മനുഷ്യര്‍ (sea people) എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അംഗസംഖ്യയില്‍ കുറവാണെങ്കിലും ഏറ്റം മികച്ച ആയുധങ്ങളും യുദ്ധമുറകളും കണിശമായ സൈനികപരിശീലനവും നേതൃത്വവുമുണ്ടായിരുന്ന അവര്‍ ശക്തരായിരുന്നു. ഇസ്രായേല്‍ ക്കാര്‍ ഈജിപ്തുവിട്ട് അധികം വൈകാതെയാണ് ഇവര്‍ ഈജിപ്ത് കയ്യടക്കാന്‍ ശ്രമിച്ചത്. പക്ഷേ റമേസസ് മൂന്നാമന്‍ എന്ന ഈജിപ്തുരാജാവ് അവരെ 1190 ല്‍ യുദ്ധത്തില്‍ തോല്പിച്ചു കീഴടക്കി.

ഈജിപ്തിനു കീഴടങ്ങിയ അവര്‍ ഈജിപ്തിന്‍റെ കൂലിപ്പട്ടാളമായി പ്രവര്‍ത്തിച്ചു. ഈജിപ്തുകാര്‍ അവരെ തങ്ങളുടെ കിഴക്കെ അതിര്‍ത്തിയില്‍, കാനാന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ കുടിയിരുത്തി. ഗാസാ, അഷ്ദോദ്, അഷ്കലോണ്‍ എന്നീ പട്ടണങ്ങള്‍ അവര്‍ സ്ഥാപിച്ചു. അധികം വൈകാതെ അവര്‍ ഈജിപ്തുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രനഗരങ്ങളായി. എക്രോണ്‍, ഗത്ത് എന്നീ രണ്ടു പട്ടണങ്ങള്‍കൂടി സ്ഥാപിച്ച് പഞ്ചനഗരങ്ങള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഫിലിസ്ത്യരായ ഇവരില്‍നിന്നാണ് കാനാന്‍ ദേശത്തിനു പലസ്തീനാ എന്ന പേരു കൈവന്നത്.

ഫിലിസ്ത്യരുടെ സ്വാധീനം ഈ പഞ്ചനഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. അമ്പും വില്ലും, വാളും കുന്തവും, കുതിരയും തേരും സ്വന്തമായുണ്ടായിരുന്ന ഇവര്‍ ഓരോ നഗരത്തിലും ഒരു നാട്ടുരാജാവിന്‍റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഫിലിസ്ത്യര്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കാനാന്‍ദേശം മുഴുവന്‍ കീഴടക്കാന്‍ ശ്രമം ആരംഭിച്ചു. യുദ്ധം ചെയ്തു കീഴടക്കി മുന്നോട്ടു പോവുകയല്ല, കീഴടക്കിയ ദേശങ്ങളില്‍ വാസമുറപ്പിക്കുകയായിരുന്നു ഇവരുടെ പദ്ധതി. ഇതേ സമയത്താണ് ഇസ്രായേല്‍ക്കാര്‍ കിഴക്കുനിന്നു വന്നു കാനാന്‍ കീഴടക്കാന്‍ ശ്രമിച്ചത്. അതിനാല്‍ ഇസ്രായേല്‍ക്കാരും ഫിലിസ്ത്യരുമായി സംഘട്ടനം അനിവാര്യമായിരുന്നു. അതിന്‍റെ ചരിത്രമാണ് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ അധികപങ്കും രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതുമാത്രമായിരുന്നില്ല ചരിത്രപശ്ചാത്തലത്തിന്‍റെ പ്രത്യേകത.

കാനാനില്‍ ആഭ്യന്തരകലാപം  

അനേകം ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു സമാഹാരമായിരുന്നു പുറപ്പാടുകാലത്തെ കാനാന്‍. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, കുടിയാന്മാര്‍ എന്നിങ്ങനെ പലതട്ടുകളായി തിരിഞ്ഞ ഒരു സാമൂഹികവ്യവസ്ഥ അവിടെ നിലനിന്നു. ഈജിപ്തുമായി നല്ല ബന്ധവും സഖ്യവും നിലനിര്‍ത്താന്‍ കാനാനിലെ നാട്ടുരാജാക്കന്മാര്‍ ശ്രമിച്ചിരുന്നു. ബി.സി. പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും കാനാനില്‍ കലാപങ്ങള്‍ അരങ്ങേറി.

കാനാന്‍ദേശത്തിനുമേല്‍ ഈജിപ്തിനുണ്ടായിരുന്ന സ്വാധീനം കുറഞ്ഞപ്പോള്‍ നാട്ടുരാജാക്കന്മാര്‍ പരസ്പരം പടവെട്ടി കീഴടക്കാന്‍ ശ്രമിച്ചു. ഇതിന്‍റെകൂടെ മറ്റൊന്നുകൂടി സംഭവിച്ചു. കാനാനിലെ പല നാട്ടുരാജ്യങ്ങളിലും "ഹപ്പീറു" അഥവാ "ഹബീറു" എന്നറിയപ്പെട്ടിരുന്ന നാടോടികള്‍ വാസമുറപ്പിച്ചിരുന്നു. അവര്‍ കര്‍ഷകത്തൊഴിലാളികളായും കൂലിപ്പട്ടാളമായും തങ്ങളുടെ സേവനം നാടുവാഴികള്‍ക്കു നല്കിയിരുന്നു. ഇസ്രായേല്‍ക്കാര്‍ എന്ന് അറിയപ്പെടുന്നവര്‍ ഈ ജനതയുടെ ഭാഗമായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. ഹെബ്രായര്‍ (Hebrews) എന്ന പേരിന്‍റെ ഉല്‍പത്തി "ഹബീറു"വില്‍ നിന്നാണെന്നു കരുതപ്പെടുന്നു.

നാടുവാഴികള്‍ പരസ്പരം പടവെട്ടിയതിനു പുറമേ നാടുകള്‍ക്കുള്ളില്‍ത്തന്നെ കലാപങ്ങളുണ്ടായി. കര്‍ഷകരായ കുടിയാന്മാര്‍ നാടുവാഴികളുടെ മേല്‍ക്കോയ്മ അംഗീകരിക്കാതായി. കൂലിപ്പട്ടാളവും അവരുടെ കൂടെ ചേര്‍ന്നു. ഇങ്ങനെ കലാപകലുഷിതമായ അന്തരീക്ഷത്തില്‍ ഈജിപ്തിന്‍റെ സഹായം തേടി നാട്ടുരാജാക്കന്മാര്‍ അയച്ച അപേക്ഷകള്‍ ഈജിപ്തിലെ ഒരു തലസ്ഥാനനഗരിയായിരുന്ന എല്‍ അമര്‍ണായില്‍നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ജോഷ്വയുടെ നേതൃത്വത്തില്‍ കടന്നുവന്ന ഇസ്രായേല്‍ക്കാര്‍ക്ക് ഈ ആഭ്യന്തരകലാപങ്ങള്‍ അനുകൂലമായ സാഹചര്യം ഒരുക്കിയിരുന്നു. മാത്രമല്ല, പലരും ചില നാട്ടുരാജാക്കന്മാരടക്കം (ഉദാ. ഗിബയോന്‍കാര്‍ - ജോഷ്വ 9) ഇസ്രായേല്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്തു. സങ്കീര്‍ണ്ണമായ ഈ പശ്ചാത്തലത്തില്‍വേണം വാഗ്ദത്തഭൂമിക്കുവേണ്ടിയുള്ള ഇസ്രായേല്‍ക്കാരുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കാന്‍.

ജോഷ്വ

വാഗ്ദത്തഭൂമി കീഴടക്കാന്‍വേണ്ടി നടത്തിയ യുദ്ധങ്ങളാണ് ജോഷ്വയുടെ പുസ്തകത്തിലെ മുഖ്യപ്രതിപാദ്യം. മോശയുടെ മരണത്തിനുശേഷം ജോഷ്വ നേതൃത്വം ഏറ്റെടുത്തു. ദൈവം തന്‍റെ സാന്നിധ്യവും സഹായവും ജോഷ്വയ്ക്കു വാഗ്ദാനം ചെയ്തു. യുദ്ധത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ് ജോഷ്വ 1-5 അധ്യായങ്ങളില്‍ വിവരിക്കുന്നത്. ദൈവത്തിന്‍റെ സഹായം ഉറപ്പുണ്ടെങ്കിലും ഒരു സൈന്യാധിപന്‍ എന്ന നിലയ്ക്കു താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജോഷ്വ അവഗണിക്കുന്നില്ല. ചാരന്മാരെ അയച്ച് ദേശത്തു രഹസ്യനിരീക്ഷണം നടത്തി; ജനത്തെ ധീരരും പ്രബുദ്ധരുമാക്കി. ദൈവമാണ് യുദ്ധം നയിക്കുന്നതും നടത്തുന്നതുമെന്ന് അവര്‍ക്ക് ഉറപ്പുനല്കി. 6-12 അധ്യായങ്ങള്‍  വാഗ്ദത്തഭൂമിക്കുവേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ വിവരിക്കുന്നു. കീഴടക്കിയ പ്രദേശങ്ങള്‍ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി വീതിച്ചു കൊടുത്തതിന്‍റെ വിവരണമാണ് 13-22 അധ്യായങ്ങളില്‍ നല്കുന്നത്. മുന്‍ഗാമിയായ മോശ ചെയ്തതുപോലെ ജോഷ്വയും ഒരു വിടവാങ്ങല്‍ പ്രസംഗത്തിലൂടെ ജനത്തെ കര്‍ത്താവു ചെയ്ത വലിയ കാര്യങ്ങള്‍ അനുസ്മരിപ്പിക്കുകയും ചെയ്തു (ജോഷ്വ 23). സീനായ്മലയില്‍ വച്ചു നടത്തിയ ഉടമ്പടി ഷെക്കെമില്‍ വച്ച് നവീകരിച്ചതിനുശേഷമാണ് ജോഷ്വ മരിച്ചത് (ജോഷ്വ 24).

ന്യായാധിപന്മാര്‍

ജോഷ്വയുടെ നേതൃത്വത്തില്‍ കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ഗോത്രങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ സ്വന്തമായി കാത്തുസൂക്ഷിക്കാനും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാനുംവേണ്ടി നടത്തിയ യുദ്ധങ്ങളുടെ ചരിത്രമാണ് ന്യായാധിപന്മാര്‍ എന്ന പുസ്തകത്തിന്‍റെ പ്രതിപാദ്യം. ഒത്ത്നിയേല്‍, ഏഹൂദ്,ഷംഗാര്‍, ദെബോറ-ബാറാക്, ഗിദയോന്‍, തോല, ജായിര്‍, ജെഫ്താ, ഇബ്സോന്‍, ഏലോന്‍, അബ്ദോന്‍, സാംസണ്‍ എന്നിങ്ങനെ പന്ത്രണ്ടു നേതാക്കന്മാരാണ് ന്യായാധിപന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രതിപാദനത്തിന്‍റെ ദൈര്‍ഘ്യമനുസരിച്ച് ഇവരില്‍ ആറുപേര്‍ വലിയ ന്യായാധിപന്മാരെന്നും ആറുപേര്‍ ചെറിയ ന്യായാധിപന്മാരെന്നും അറിയപ്പെടുന്നു. ദെബോറാ എന്ന ഏക സ്ത്രീ ന്യായാധിപ ബാറാകിന്‍റെകൂടെച്ചേര്‍ന്ന് ഒന്നായി എണ്ണപ്പെടുന്നു.

ന്യായാധിപന്മാര്‍ എന്ന് അറിയപ്പെടുന്നെങ്കിലും ദെബോറയൊഴികെ മറ്റാരും ഏതെങ്കിലും വിധത്തിലുള്ള ന്യായാധിപന്‍റെ പ്രവൃത്തി ചെയ്തതായി പറയുന്നില്ല. ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും ആധിപത്യത്തില്‍നിന്നും ഇസ്രായേല്‍ഗോത്രങ്ങളെ രക്ഷിക്കാനായി ദൈവം നിയോഗിച്ചയച്ച നേതാക്കന്മാരായിരുന്നു അവര്‍. ഫിലിസ്ത്യരായിരുന്നു ഈ കാലഘട്ടത്തില്‍ ഇസ്രായേലിന്‍റെ മുഖ്യശത്രുക്കള്‍. എന്നാല്‍ അവര്‍ മാത്രമായിരുന്നില്ല.

ന്യായാധിപഭരണം ഒരു സ്ഥിരസംവിധാനമായിരുന്നില്ല. ആപല്‍സന്ധികളില്‍ ഒരു ന്യായാധിപന്‍ രംഗപ്രവേശം ചെയ്യാന്‍ ദൈവം ഇടവരുത്തും. പ്രതിസന്ധികഴിയുമ്പോള്‍ അവര്‍ തിരോധാനം ചെയ്യും. കാനാന്‍ ദേശത്തു പ്രവേശിച്ച ഇസ്രായേല്‍ക്കാര്‍ ദേശത്തിന്‍റെ പലഭാഗങ്ങളിലായി ഗോത്രാടിസ്ഥാനത്തില്‍ ചിതറിപ്പാര്‍ക്കുകയായിരുന്നു. ഓരോ ഗോത്രവും ഒറ്റയ്ക്കു തങ്ങളുടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. ചുരുക്കം സാഹചര്യങ്ങളില്‍ മാത്രമേ ഒന്നിലധികം ഗോത്രങ്ങള്‍ ഒരുമിച്ചു വരാറുള്ളൂ. അതുതന്നെ ഏതെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍വേണ്ടി മാത്രമായിരുന്നു.

കാലക്രമത്തില്‍ ഫിലിസ്ത്യര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു; ദേശങ്ങള്‍ കീഴടക്കി. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് അവര്‍ക്കെതിരേ ചെറുത്തു നില്ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. സാംസണെ പ്പോലെ ഒറ്റപ്പെട്ട വീരന്മാരുടെ സാഹസികതകൊണ്ടുമാത്രം ഫിലിസ്ത്യരുടെ ആക്രമണങ്ങളില്‍നിന്നും മേല്ക്കോയ്മയില്‍നിന്നും മോചനം സാധ്യമല്ലാത്ത ഒരവസ്ഥ വന്നു. ഈ സാഹചര്യമാണ് 2 സാമു 1-8 വിവരിക്കുന്നത്. സംഹാരശേഷിയുള്ള ആയുധങ്ങളും സുസജ്ജമായ സൈന്യവും ധീരയോദ്ധാക്കളായ രാജാക്കന്മാരുടെ നേതൃത്വവും ഉണ്ടായിരുന്ന ഫിലിസ്ത്യര്‍ക്കെതിരേ, വല്ലപ്പോഴും കടന്നുവരുന്ന ന്യായാധിപന്മാരിലൂടെ ചെറുത്തുനില്ക്കാന്‍ ഇസ്രായേല്‍ഗോത്രങ്ങള്‍ക്കു സാധിച്ചില്ല. അപ്പോഴാണ് ജനം ഒരു രാജാവിനുവേണ്ടി മുറവിളി കൂട്ടിയത്. ആ ചരിത്രം അടുത്ത ഘട്ടത്തില്‍ പഠനവിഷയമാക്കുന്നു.

നിയമാവര്‍ത്തനാത്മകചരിത്രം 

ജോഷ്വ-ന്യായാധിപന്മാര്‍ എന്നീ പുസ്തകങ്ങള്‍ ചരിത്രഗ്രന്ഥങ്ങളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ചരിത്രസംഭവങ്ങളുടെ യഥാര്‍ത്ഥ വിവരണങ്ങളല്ല അവയിലുള്ളത്. ഇസ്രായേല്‍ജനം കാനാന്‍ദേശത്തു പ്രവേശിച്ചു വാസമുറപ്പിച്ചതുമുതല്‍ അവിടെനിന്ന് ബഹിഷ്ക്കരിക്കപ്പെട്ട് ബാബിലോണില്‍ പ്രവാസികളായിത്തീരുന്നുതുവരെയുള്ള ഏകദേശം അഞ്ചുനൂറ്റാണ്ടു കാലത്തെ സുദീര്‍ഘമായ ചരിത്രം അവതരിപ്പിക്കുന്ന നിയമാവര്‍ത്തനാത്മക ചരിത്രത്തിന്‍റെ ആദ്യഭാഗമാണിത്.

ബി.സി. 721 ല്‍ വടക്കന്‍ രാജ്യമായ ഇസ്രായേല്‍ അസ്സീറിയായുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് നാമാവശേഷമായതുകണ്ട പ്രവാചകശിഷ്യന്മാര്‍ അവശേഷിക്കുന്ന യൂദായ്ക്കും ഇതേ ഗതി ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ ഉടമ്പടിയുടെ നിയമങ്ങള്‍ പാലിച്ച് കര്‍ത്താവിനോടു വിശ്വസ്തരായിരിക്കാന്‍ ജനത്തെ ആഹ്വാനം ചെയ്തു. അതിനുവേണ്ടി രചിച്ച ഗ്രന്ഥമാണ് "നിയമാവര്‍ത്തനം" എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകത്തിന്‍റെ ആദ്യരൂപം - മുഖ്യമായും നിയ 12-26 അധ്യായങ്ങള്‍. ഈ ഗ്രന്ഥത്തിനു രൂപംകൊടുത്തവരെ നിയമാവര്‍ത്തനഗ്രന്ഥകാരന്മാര്‍ എന്നു വിളിക്കുന്നു. ഷെക്കെമില്‍വച്ച് രൂപം കൊണ്ട ഈ ആദ്യപകര്‍പ്പ് ജറുസലെം ദേവാലയത്തിന്‍റെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു. ഹെസെക്കിയായുടെ മതനവീകരണത്തിന്‍റെ അവസരത്തില്‍ ഈ ആദ്യപകര്‍പ്പു കണ്ടെത്തിയത് (2 രാജാ 22, 8-20)  മതനവീകരണത്തിന് ആക്കം കൂട്ടി.

ജോസിയാ രാജാവിന്‍റെ കാലത്ത് (ബി.സി 640-609) മതനവീകരണശ്രമങ്ങളുടെ മുന്‍പന്തിയില്‍ നിന്നത് നിയമാവര്‍ത്തനഗ്രന്ഥത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടവരാണ്. അവരെ നിയമാവര്‍ത്ത നാത്മകഗണം ( Deu-teronomistic School) എന്നു വിളിക്കുന്നു. ബാബിലോണ്‍ പ്രവാസകാലത്തും (ബി.സി. 587-538) ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. വാഗ്ദത്തഭൂമിയില്‍നിന്ന് ജനം പുറന്തള്ളപ്പെട്ടതിന്‍റെ കാരണങ്ങള്‍ വിശദമാക്കുകയും ഇനി അങ്ങനെയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അവര്‍ ഇസ്രായേല്‍ചരിത്രം സംഗ്രഹിച്ചെഴുതി. ആ ചരിത്രത്തിന്‍റെ ആമുഖമാണ് നിയമാവര്‍ത്തനത്തിന്‍റെ ഇന്നു ലഭിച്ചിരിക്കുന്ന ഏറ്റം അവസാനത്തെ പതിപ്പ് എന്ന് കരുതപ്പെടുന്നു. ജോഷ്വ-ന്യായാധിപന്മാര്‍ ആ ചരിത്രത്തിന്‍റെ ഒന്നും രണ്ടും അധ്യായങ്ങളാണ്.

നിയമാവര്‍ത്തനചരിത്രത്തിന്‍റെ ഘടന

  1. ദൈവത്തിന്‍റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ്
  2. ദൈവജനത്തിന്‍റെ അവിശ്വസ്തത - പാപം
  3. പാപം വിളിച്ചുവരുത്തുന്ന ശിക്ഷ
  4. ജനത്തിന്‍റെ മാനസാന്തരം
  5. ദൈവം ശിക്ഷ പിന്‍വലിച്ച് വീണ്ടും രക്ഷ നല്കുന്നു

ചരിത്രത്തിന്‍റെ ദൈവശാസ്ത്രപരമായ ഒരു അവതരണമാണ് ഇവിടെ കാണുന്നത്. ദൈവം മുന്‍കൈ എടുത്ത് ഇസ്രായേലിനെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. ഉടമ്പടിയിലൂടെ അവര്‍ക്ക് ഒരു ദേശവും സംരക്ഷണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഉടമ്പടി നിരുപാധികമായിരുന്നില്ല. ജനം അവിശ്വസ്തത കാട്ടി; അന്യദൈവങ്ങളെ ആരാധിച്ചു. അങ്ങനെ ഉടമ്പടി ലംഘിച്ചു. ഈ ലംഘനം ശിക്ഷ വിളിച്ചുവരുത്തി. ശത്രുക്കളുടെ ആക്രമണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, ക്ഷാമം മുതലായ ദേശീയപ്രതിസന്ധികള്‍ എല്ലാം ഉടമ്പടിയുടെ നിബന്ധനകളനുസരിച്ചുള്ള ശിക്ഷയായി വ്യാഖ്യാനിക്കപ്പെട്ടു. ശിക്ഷയേറ്റ ജനം മാനസാന്തരപ്പെട്ട് ദൈവത്തെ വിളിച്ചപേക്ഷിച്ചു. കരുണയ്ക്കും സ്നേഹത്തിനും അതിരുകളില്ലാത്ത ദൈവമായ കര്‍ത്താവ് അവരോടു ക്ഷമിച്ച് ശിക്ഷ പിന്‍വലിച്ചു. അപ്പോള്‍ വീണ്ടും അവര്‍ അവിശ്വസ്തരായി. ഒരു ചക്രം എന്നതുപോലെ ഈ അഞ്ചുഘടകങ്ങള്‍ തിരിയുന്നതാണ് നിയമാവര്‍ത്തനാത്മകചരിത്രം. ഈ കാഴ്ചപ്പാടിലാണ് ജോഷ്വ മുതല്‍ 2 രാജാക്കന്മാര്‍ വരെയുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

വാഗ്ദത്തഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ മാത്രമല്ല, ആത്മീയമാനവുമുണ്ട്. അബ്രാഹത്തിനു നല്കിയ വാഗ്ദാനത്തില്‍ വാഗ്ദത്തഭൂമി എന്നത് പ്രത്യക്ഷത്തില്‍ കാനാന്‍ദേശമാണെന്നു തോന്നാം. എന്നാല്‍ കാലക്രമത്തില്‍ ഈ വാഗ്ദാനം കൂടുതല്‍ വ്യക്തത പ്രാപിച്ചു. പ്രവാചകന്മാര്‍ അതിനു സഹായിച്ചു. യേശുവിലാണ് വാഗ്ദത്തഭൂമി അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെട്ടത്. യേശു അതിനെ "ദൈവരാജ്യം" എന്നു വിളിച്ചു. ദൈവത്തിന്‍റെ തിരുഹിതം പൂര്‍ണ്ണമായി നടപ്പിലാകുന്ന, ദൈവഹിതത്തിനു സ്വയം സമര്‍പ്പിക്കുന്ന വ്യക്തികളിലും സമൂഹത്തിലും സ്ഥാപിതമാകുന്ന ദൈവഭരണമാണ് വാഗ്ദത്തഭൂമിയായ ദൈവരാജ്യം എന്ന് അനേകം അത്ഭുതങ്ങളിലൂടെ പ്രകടമാക്കി; ഉപമകളിലൂടെ വിശദീകരിച്ചു.

കാനാന്‍ദേശത്തേക്ക് ഇസ്രായേല്‍ജനത്തെ നയിച്ച ജോഷ്വ ദൈവരാജ്യത്തിലേക്കാനയിക്കുന്ന, ദൈവരാജ്യം ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുന്ന, യേശുക്രിസ്തുവിന്‍റെ മുന്നോടിയും പ്രതീകവുമാണ്. യേശു പ്രഘോഷിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത ദൈവരാജ്യത്തിലാണ് രക്ഷാചരിത്രം പൂര്‍ണ്ണമാകുന്നത്. ശത്രുക്കളില്‍നിന്നു ജനത്തിനു സംരക്ഷണം നല്കുകയും വാഗ്ദത്തഭൂമിയില്‍ വസിക്കാന്‍ സഹായിക്കുകയും ചെയ്ത ന്യായാധിപന്മാരും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലോകരക്ഷകനായ യേശുക്രിസ്തുവിന്‍റെ പ്രതീകങ്ങള്‍തന്നെ. വാഗ്ദത്തഭൂമി ആത്യന്തികമായി ദൈവരാജ്യത്തെ സൂചിപ്പിക്കുന്നതുപോലെ ശത്രുക്കള്‍ ആത്യന്തികമായി തിന്മയുടെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. തിന്മയ്ക്കെതിരേയുള്ള പോരാട്ടമാണ് മുഖ്യവിഷയം.

യോദ്ധാവായ ദൈവം

രക്ഷാചരിത്രം പുരോഗമിക്കുന്നതനുസരിച്ച് ഇസ്രായേലിനു ലഭിക്കുന്ന ദൈവികവെളിപാടിലും പുരോഗമനമുണ്ടാകുന്നു. അവര്‍ക്കുണ്ടാകുന്ന ദൈവാനുഭവത്തിലും വ്യത്യാസങ്ങള്‍ കാണാം. പിതാക്കന്മാരുടെ ദൈവം ഇടയനായിരുന്നു, പുറപ്പാടു നയിച്ച ദൈവം അതിശക്തനായ വിമോചകനും നായകനും സംരക്ഷകനുമാണ്. പോരാട്ടങ്ങളുടെ കാലഘട്ടത്തില്‍ ദൈവം ഇസ്രായേലിന്‍റെ സൈന്യാധിപനായി പ്രത്യക്ഷപ്പെടുന്നു. വാഗ്ദത്തഭൂമി കൈവശമാക്കാനുള്ള യുദ്ധങ്ങള്‍ നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ യാഹ്വേതന്നെയാണ്. അതുകൊണ്ടാണ് ഇസ്രായേല്‍സൈന്യം ആയുധമെടുക്കുന്നതിനുമുമ്പേ കോട്ടകള്‍ തകര്‍ന്നു വീഴുന്നത്; രാജാക്കന്മാര്‍ ഭയന്നു വിറയ്ക്കുകയും രാജ്യങ്ങള്‍ കീഴടങ്ങുകയും ചെയ്യുന്നത്. തിന്മയ്ക്കെതിരേയുള്ള പോരാട്ടങ്ങളില്‍, ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തിനായുള്ള യുദ്ധങ്ങളില്‍ ദൈവംതന്നെയാണ് സേനാനായകന്‍; അവിടുന്നാണ് യുദ്ധം ചെയ്യുന്നത്. പുറപ്പാടുസംഭവത്തില്‍ കണ്ടറിഞ്ഞ ഈ സത്യം വാഗ്ദത്തഭൂമിയിലേക്കു കുടിയേറിയപ്പോള്‍ കൂടുതല്‍ വ്യക്തമായി അനുഭവപ്പെട്ടു.

ഉടമ്പടിയുടെ പേടകം കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ അടയാളമായി ജനത്തിനുമുമ്പേ പോയിരുന്നു. ജോര്‍ദ്ദാന്‍നദി വറ്റിക്കാനും ജെറീക്കോയുടെ മതിലുകള്‍ തകര്‍ക്കാനും പേടകത്തില്‍ സന്നിഹിതനായ ദൈവമാണ് മുന്‍പേ പോയത്. എന്നാല്‍ വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ചതോടെ പേടകവും സമാഗമകൂടാരവും ഒരു പട്ടണത്തില്‍ സ്ഥിരവാസമാക്കി. ഗില്‍ഗാല്‍ (ജോഷ്വ 4), ഷെക്കെം (ജോഷ്വ 24), ഷീലോ (1 സാമു 1), ബേത്ഷേമെഷ് (1 സാമു 6, 13-21), കിരിയാത്ത്യയാറിം  (1 സാമു 7,1) എന്നിങ്ങനെ വിവിധ നഗരങ്ങളില്‍ പേടകം സ്ഥാപിച്ചിരുന്നു. ദൈവികസാന്നിധ്യം തേടി ജനങ്ങള്‍ അങ്ങോട്ടു തീര്‍ത്ഥാടകരായി പോകുമായിരുന്നു. സര്‍വ്വവ്യാപിയും മുന്‍ഗാമിയുമായ ദൈവം ഒരു പ്രത്യേകസ്ഥലത്തു വസിക്കുന്നു എന്ന വിശ്വാസം പ്രബലപ്പെടാന്‍ ഇതു കാരണമായി.

രാജവാഴ്ച (ബി.സി. 1030-587)

ഈജിപ്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയില്‍ ദീര്‍ഘകാലം അലഞ്ഞുനടന്ന, മേല്‍വിലാസം ഇല്ലാത്ത ഒരുപറ്റം അടിമകള്‍ ശക്തമായ ഒരു രാജ്യമായി മാറിയതിന്‍റെ കഥയാണ് രാജവാഴ്ചയിലൂടെ വിവരിക്കുന്നത്. ഇസ്രായേലിലെ രാജവാഴ്ചയെ മൂന്നുഘട്ടമായി തിരിക്കാം.

  1. അവിഭക്തരാജ്യം - ബി.സി. 1030-931
  2. വിഭക്തരാജ്യം - 931-721
  3. യൂദാമാത്രം - 721-587

ആദ്യരാജാവായ സാവൂള്‍ മുതല്‍ അവസാനരാജാവായ സെദെക്കിയാവരെ ഏകദേശം 450 വര്‍ഷം ദീര്‍ഘിച്ചു ഇസ്രായേലിലെ രാജവാഴ്ച. 587 ല്‍ ബാബിലോണിന്‍റെ ആക്രമണത്തില്‍ ഇസ്രായേലിലെ രാജവാഴ്ച അവസാനിച്ചു; പ്രവാസം ആരംഭിച്ചു.

രാജവാഴ്ചയുടെ തുടക്കം - ചരിത്രപശ്ചാത്തലം

ജോഷ്വയുടെ നേതൃത്വത്തില്‍ കാനാന്‍ദേശത്തു പ്രവേശിച്ച ഇസ്രായേല്‍ക്കാര്‍ക്ക് ദേശം മുഴുവന്‍ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ഏകദേശം 150 വര്‍ഷം നിരന്തരമായ പോരാട്ടങ്ങളുടെ കാലമായിരുന്നു. അടിയ്ക്കടി ശക്തിയാര്‍ജ്ജിച്ചുവന്ന ഫിലിസ്ത്യരെ നേരിടാനും അവരുടെ ആക്രമണങ്ങളില്‍നിന്നു സ്വയം രക്ഷിക്കാനും ഇസ്രായേലിന്‍റെ ന്യായാധിപസംവിധാനം അപര്യാപ്തമായി. ഇസ്രായേല്‍ക്കാര്‍ ഫിലിസ്ത്യരുടെ സാമന്തരും ദാസന്മാരുമായി കഴിയേണ്ട അവസ്ഥ സംജാതമായി.

ഇരുമ്പിന്‍റെ കുത്തകാവകാശം ഫിലിസ്ത്യര്‍ കയ്യടക്കിയിരുന്നതിനാല്‍ സ്വന്തമായി ഇരുമ്പായുധങ്ങള്‍ ഉണ്ടാക്കാന്‍ ഇസ്രായേല്‍ക്കാര്‍ക്കു കഴിഞ്ഞില്ല. കാര്‍ഷികോപകരണങ്ങള്‍ക്കുപോലും ഫിലിസ്ത്യരെ ആശ്രയിക്കേണ്ടിവന്നു. ഫിലിസ്ത്യര്‍ക്കെതിരേ യുദ്ധത്തിനു പോകുമ്പോള്‍ സാവൂളിനും പുത്രന്‍ ജോനാഥനും മാത്രമേ ഇരുമ്പായുധം കൈവശമുണ്ടായിരുന്നുള്ളൂ (1 സാമു 13,22). തേരും കുതിരയും വാളും കുന്തവുമായി യുദ്ധത്തിനു വരുന്ന ഫിലിസ്ത്യ സൈന്യത്തെ നേരിടാന്‍ വാരിക്കുന്തം കയ്യിലേന്തിയ, സൈനികപരിശീലനം ലഭിച്ചിട്ടില്ലാത്ത, കൃഷീവലന്മാരുടെ ഒരു സംഘം മാത്രമേ ഇസ്രായേല്‍ക്കാര്‍ക്കുണ്ടായിരുന്നുള്ളൂ.

ഇസ്രായേലിലെ അവസാനത്തെ ന്യായാധിപനായ സാമുവേലിന്‍റെ കാലമായപ്പോഴേക്കും ഫിലിസ്ത്യരുടെ ആക്രമണം കൂടുതല്‍ ശക്തമായി. അഫെക്കില്‍വച്ചു നടന്ന യുദ്ധത്തില്‍ ഇസ്രായേലിന്‍റെ പുരോഹിതനേതാക്കന്മാരായിരുന്ന ഹോഫ്നിയും ഫിനഹാസും കൊല്ലപ്പെട്ടു. കര്‍ത്താവിന്‍റെ സഹായം തേടി യുദ്ധക്കളത്തിലേക്കു കൊണ്ടുവന്ന ഉടമ്പടിയുടെ പേടകം ഫിലിസ്ത്യര്‍ പിടിച്ചെടുത്തു. വിവരമറിഞ്ഞപ്പോള്‍ വൃദ്ധപുരോഹിതന്‍ ഹേലി മറിഞ്ഞുവീണ് കഴുത്തൊടിഞ്ഞു മരിച്ചു (1 സാമു 4,1-18). ഇസ്രായേലിന്‍റെ ആരാധനാകേന്ദ്രമായിരുന്ന ഷീലോ ഫിലിസ്ത്യര്‍ നശിപ്പിച്ചു. ഈ പരാജയങ്ങളില്‍നിന്നു കരകയറാന്‍ സാമുവേലിന്‍റെ നേതൃത്വം കുറെയൊക്കെ സഹായിച്ചെങ്കിലും ഫിലിസ്ത്യര്‍ക്കെതിരേ വിജയിക്കണമെങ്കില്‍ അവരെപ്പോലെ ഒരു രാജാവും സ്ഥിരമായ സൈന്യവും തങ്ങള്‍ക്കും ഉണ്ടാകണം എന്ന അഭിപ്രായം ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ ശക്തിപ്പെട്ടു.

സാമുവേല്‍ വൃദ്ധനാവുകയും മക്കള്‍ ഉത്തമനേതൃത്വഗുണങ്ങളില്ലാത്ത സ്വാര്‍ത്ഥമതികള്‍ ആവുകയും ചെയ്തപ്പോള്‍ തങ്ങളെ നയിക്കാന്‍ ഒരു രാജാവുവേണം എന്ന ജനത്തിന്‍റെ ആവശ്യം നിരസിക്കാന്‍ സാമുവേലിനു കഴിയാതായി (1 സാമു 8). കര്‍ത്താവു നല്കിയ നിര്‍ദ്ദേശമനുസരിച്ച് സാമുവേല്‍ ഇസ്രായേല്‍ജനത്തിന് സാവൂളിനെ രാജാവായി അഭിഷേകം ചെയ്തുകൊടുത്തു (1 സാമു 9-10).

അവിഭക്തരാജ്യം (ബി.സി. 1030-931)

ദൈവം മുന്‍കൂട്ടി അറിയിക്കുകയും (1 സാമു 9,15-16) വീണ്ടും തന്‍റെ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കുകയും (1 സാമു 10,20-21) സാമുവേല്‍ അഭിഷേചിക്കുകയും (1 സാമു 9, 26-27) ജനം സ്വീകരിക്കുകയും (1 സാമു 10,24) ചെയ്ത ഇസ്രായേലിലെ ആദ്യരാജാവാണ് സാവൂള്‍. ഫിലിസ്ത്യരുടെമേല്‍ നേടിയ വിജയത്തിലൂടെ തന്‍റെ കഴിവ് അയാള്‍ തെളിയിക്കുകയും ചെയ്തു (1 സാമു 11). എന്നാലും കര്‍ത്താവിന്‍റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചില്ല എന്ന കുറ്റത്തിന് അയാളെ പുറന്തള്ളി, പകരം ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു (1 സാമു 13-16). തിരസ്കൃതനായെങ്കിലും സാവൂള്‍ ഏകദേശം ഇരുപതുവര്‍ഷം (1030-1010) ഇസ്രായേലിന്‍റെ രാജാവായിരുന്നു. പക്ഷേ പലകാരണങ്ങളാല്‍ കാര്യക്ഷമമായ നേതൃത്വം നല്കാനോ ഫിലിസ്ത്യരില്‍നിന്ന് ജനത്തെ സംരക്ഷിക്കാനോ സാവൂളിനു കഴിഞ്ഞില്ല. അവസാനം ഫിലിസ്ത്യരോടുള്ള പോരാട്ടത്തില്‍ സാവൂളും മകന്‍ ജോനാഥനും ഗില്‍ബൊവാക്കുന്നില്‍ മരിച്ചു വീണു.

സാവൂളിന്‍റെ മരണത്തോടെ വീണ്ടും പ്രതിസന്ധിയിലായ ജനത്തെ ധീരമായി നയിക്കുകയും ശക്തമായി സംരക്ഷിക്കുകയും ചെയ്തത് ദാവീദാണ്. ആരംഭത്തില്‍ യൂദാഗോത്രം മാത്രമേ അദ്ദേഹത്തെ രാജാവായി സ്വീകരിച്ചുള്ളുവെങ്കിലും ഏറെ താമസിയാതെ മറ്റു ഗോത്രങ്ങളും ഒരുമിച്ചു വന്നു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളും ഒരു രാജാവിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ സമ്മേളിച്ചു. ഫിലിസ്ത്യരില്‍നിന്നുള്ള ഭീഷണിക്ക് പൂര്‍ണ്ണവിരാമമായത് ദാവീദിന്‍റെ കാലത്താണ്. അബ്രാഹത്തിനു ദൈവം വാഗ്ദാനം ചെയ്ത ഭൂമി മുഴുവന്‍ പിടിച്ചടക്കി ഇസ്രായേലിന്‍റെ സ്വന്തമാക്കാന്‍ ദാവീദിനു കഴിഞ്ഞു. 40 വര്‍ഷം ദീര്‍ഘിച്ച (1010-970) ദാവീദിന്‍റെ ഭരണം ഇസ്രായേല്‍ജനത്തിന്‍റെ സുവര്‍ണ്ണദശയായിരുന്നു. രാജ്യം സുരക്ഷിതമായി; അതിര്‍ത്തികള്‍ വിസ്തൃതമായി; ദേശത്ത് സമ്പല്‍സമൃദ്ധിയും സമാധാനവുമുണ്ടായി.

ദാവീദ് വാള്‍മുനയില്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം മകന്‍ സോളമന്‍ (970-931) കൂടുതല്‍ സമ്പന്നമാക്കി. അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും വ്യാപാരക്കരാറുകളിലൂടെയും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനും സോളമനു കഴിഞ്ഞു. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ രാജ്യങ്ങളായ ഈജിപ്ത്, അസീറിയാ, ബാബിലോണ്‍ എന്നിവ പ്രായേണ ദുര്‍ബലമായി കഴിഞ്ഞ ഒരു കാലഘട്ടമായിരുന്നതുകൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചു വളര്‍ത്താന്‍ ദാവീദിനും മകന്‍ സോളമനും സാധിച്ചു. മറ്റു രാജ്യങ്ങള്‍ക്കു മധ്യേ തുല്യതയുള്ള ഒരു സാമ്രാജ്യമായി ഇസ്രായേല്‍ ഉയര്‍ന്നു. ഫറവോയുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ച് ഈജിപ്തുമായി ഉടമ്പടി സ്ഥാപിക്കാന്‍മാത്രം സോളമനും ഇസ്രായേലും വളര്‍ന്നു.

വിഭക്തരാജ്യം (ബി.സി. 931-721)

സോളമന്‍റെ ഭരണകാലത്ത് മഹത്വത്തിന്‍റെ ഉച്ചകോടിയിലെത്തിയ ഇസ്രായേല്‍ അദ്ദേഹത്തിന്‍റെ മരണത്തിനുശേഷം തകര്‍ച്ചയിലേക്കു നീങ്ങി. താങ്ങാനാവാത്ത നികുതിഭാരവും, പ്രഭുക്കന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ക്രൂരതയും ദുര്‍ഭരണവും, ഭരണാധികാരികളുടെ സീമാതീതമായ ധൂര്‍ത്തും മൂലം പൊറുതിമുട്ടിയ ജനം നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു. വിവേകമില്ലാത്ത ചെറുപ്പക്കാരുടെ ഉപദേശം സ്വീകരിച്ച യുവരാജാവ് റെഹൊബൊവാം ജനത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് രാജ്യം രണ്ടായി പിളരാന്‍ കാരണമായി (1 രാജാ 12).

പത്ത് ഗോത്രങ്ങള്‍ ഒരുമിച്ച്  ഇസ്രായേല്‍ എന്ന പേരില്‍ വടക്ക് ഒരു രാജ്യം രൂപംകൊണ്ടു. ഷെക്കെം (1 രാജാ 12,25), പെനുവേല്‍ (1 രാജാ 12, 25), തിര്‍സാ (1 രാജാ 16,8) മുതലായ പട്ടണങ്ങള്‍ക്കുശേഷം ഇസ്രായേല്‍ രാജാവായ ഓമ്രി സമറിയാമല വിലയ്ക്കുവാങ്ങി രാജ്യത്തിന്‍റെ തലസ്ഥാനനഗരമായി പണിതുയര്‍ത്തി. യൂദാ-ബെഞ്ചമിന്‍ ഗോത്രങ്ങള്‍ തെക്ക് ജറുസലെം തലസ്ഥാനമാക്കി യൂദാ എന്ന പേരിലും അറിയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ ഏതാണ്ട് നിരന്തരമായി യുദ്ധം നടന്നു. ചുരുക്കം കാലത്തുമാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ ഐക്യം ഉണ്ടായിരുന്നുള്ളൂ.

യൂദാ-ഇസ്രായേല്‍ രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്തു തളര്‍ന്നു തകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ കിഴക്ക് അസീറിയാക്കാര്‍ ഒരു വന്‍ശക്തിയായി വളര്‍ന്നു വരികയായിരുന്നു. ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍ അവര്‍ കീഴടക്കി. ചെറുത്തു നില്ക്കുക അസാധ്യമെന്നു കരുതി ചെറു രാജ്യങ്ങള്‍ കീഴടങ്ങി, കപ്പം കൊടുത്ത് സാമന്തരായി. കിഴക്കു നിന്നുണ്ടായ ഈ വന്‍ഭീഷണിയെ നേരിടാന്‍ ഇസ്രായേല്‍ സിറിയായുമായി സഖ്യമുണ്ടാക്കി. ചുറ്റുപാടുമുള്ള ചെറുരാജ്യങ്ങളില്‍ പലതും സഖ്യത്തില്‍ചേര്‍ന്നു. വിസമ്മതിച്ച യൂദായ്ക്കെതിരേ ഇസ്രായേല്‍-സിറിയന്‍ സംയുക്തസൈന്യം പടനീക്കം നടത്തി. ബി.സി. 736 ലായിരുന്നു അത്.

ഭയവിഹ്വലനായ യൂദാരാജാവ് ആഹാസ്,  ഏശയ്യാപ്രവാചകനിലൂടെ കര്‍ത്താവു നല്കിയ വാഗ്ദാനത്തില്‍ (ഏശ 7) വിശ്വസിക്കാതെ അസീറിയായുടെ സഹായം തേടി. സന്തുഷ്ടനായ അസീറിയന്‍രാജാവ് തിഗ്ലാത്പിലേസര്‍ III സിറിയായ്ക്കെതിരേ നീങ്ങി. യൂദായ്ക്കെതിരേ ഉയര്‍ത്തിയ ഉപരോധം ഉപേക്ഷിച്ച് സിറിയ-ഇസ്രായേല്‍ സൈന്യങ്ങള്‍ സ്വന്തം രാജ്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. ബി.സി. 734 ല്‍ ഇരുരാജ്യങ്ങളും അസീറിയായ്ക്കു കീഴടങ്ങി. ബി.സി. 727 ല്‍ തിഗ്ലാത്പിലേസര്‍ III മരിച്ചു. അസീറിയയില്‍ ആഭ്യന്തരകലാപമുണ്ടായി. ഇനി അവര്‍ തിരിച്ചുവരില്ല എന്നു കരുതിയ ഇസ്രായേല്‍ കപ്പം കൊടുക്കല്‍ നിര്‍ത്തി, സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഈജിപ്തിന്‍റെ സഹായംതേടി. പക്ഷേ പ്രതീക്ഷിക്കാത്തതു സംഭവിച്ചു.

ആഭ്യന്തരകലാപം അടിച്ചമര്‍ത്തി ഷല്‍മനേസര്‍ V അസീറിയായുടെ അനിഷേധ്യരാജാവായി. അസീറിയന്‍ സൈന്യം പടിഞ്ഞാറോട്ടുനീങ്ങി. ആര്‍ക്കും ചെറുത്തുനില്ക്കാനായില്ല. ഇസ്രായേല്‍ പ്രതിരോധത്തിനൊരുങ്ങി. അസീറിയന്‍ സൈന്യം സമറിയായ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധത്തില്‍ തീരുമാനമാകുന്നതിനുമുമ്പ് 722ല്‍ ഷല്‍മനേസര്‍ മരിച്ചു. തങ്ങള്‍ രക്ഷപ്പെട്ടു എന്ന് കരുതിയ ഇസ്രായേല്‍ക്കാര്‍ക്കു തെറ്റി. ഷല്‍മനേസറിന്‍റെ പിന്‍ഗാമിയായി വന്ന സാര്‍ഗണ്‍ II സമറിയായുടെ ഉപരോധം ശക്തിപ്പെടുത്തി; തുടര്‍ന്ന് ആക്രമണത്തിലേക്കു നീങ്ങി. ഇസ്രായേല്‍ പ്രത്യാശയര്‍പ്പിച്ച ഈജിപ്തു സൈന്യം സഹായത്തിനെത്തിയില്ല.

അവസാനം ബി.സി. 721 ല്‍ സമറിയായുടെ മതിലുകള്‍ തകര്‍ത്ത് അസീറിയന്‍ സൈന്യം അകത്തു പ്രവേശിച്ചു. അനേകായിരങ്ങളെ വാളിനിരയാക്കി; ശേഷിച്ചവരെ അടിമകളാക്കി അസീറിയന്‍ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കയച്ചു, അടിമച്ചന്തകളില്‍ ലേലംചെയ്തു. അസീറിയായുടെ പലഭാഗങ്ങളില്‍നിന്ന് ജനതകളെ സമറിയായിലും ഇസ്രായേല്‍രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുടിയിരുത്തി. നാട്ടില്‍ അവശേഷിച്ചിരുന്ന ഇസ്രായേല്‍ക്കാര്‍ ഈ വിജാതീയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട് ഒരു സങ്കരവര്‍ഗ്ഗം രൂപംകൊണ്ടു. തലസ്ഥാനനഗരിയുടെ പേരില്‍ അവര്‍ സമറിയാക്കാര്‍ എന്നറിയപ്പെട്ടു.

യൂദാരാജ്യം മാത്രം (ബി.സി. 721-587)  

സാര്‍ഗന്‍ II (ബി.സി. 722-705) സെന്നാക്കെറീബ് (ബി.സി. 705-681) രാജാക്കന്മാരുടെ കാലത്ത് പ്രതാപത്തിന്‍റെ ഉച്ചകോടിയിലെത്തിയ അസീറിയാ സാവധാനം തളര്‍ന്നു ക്ഷയിച്ചു. കിഴക്ക് ഏലാം, മേദിയാ, ബാബിലോണ്‍ എന്നീ രാജ്യങ്ങള്‍ ശക്തിയാര്‍ജ്ജിച്ചുവന്നു. ഇത് തെക്കന്‍ രാജ്യമായ യൂദായ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി. ഇസ്രായേലിനെ നാമാവശേഷമാക്കിയ അസീറിയാ ആക്രമിച്ചെങ്കിലും കീഴടങ്ങി കപ്പംകൊടുത്തതുകൊണ്ട്, നാമമാത്രമായ സ്വാതന്ത്ര്യം കാത്തുപാലിക്കാന്‍ യൂദായ്ക്കു കഴിഞ്ഞു. ജോസിയാ രാജാവിന്‍റെ കാലത്ത് (ബി.സി. 640-609) യൂദാ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. വന്‍ശക്തികളുടെ ബലഹീനതകള്‍ മുതലെടുത്ത് രാജ്യാതിര്‍ത്തി വിസ്തൃതമാക്കാനും ജോസിയാരാജാവിനു സാധിച്ചു. ജോസിയാ കര്‍ക്കശമായി നടപ്പിലാക്കിയ മതനവീകരണമാണ് ഇതിനു കാരണമെന്നു ജനം കരുതി. എന്നാല്‍ ബി.സി. 609 ല്‍ ഈ വിശ്വാസത്തിനും കോട്ടംതട്ടി.

നാബോപൊലാസറിന്‍റെ (ബി.സി. 626-605) നേതൃത്വത്തില്‍ ബാബിലോണ്‍ ഒരു വന്‍ശക്തിയായി വളര്‍ന്നു. ഏലാമും മേദിയായും ബാബിലോണിനു കീഴടങ്ങി. 612 ല്‍ അസീറിയായുടെ തലസ്ഥാനമായ നിനെവേ ബാബിലോണിനുമുന്നില്‍ നിപതിച്ചു. ഏതു വിധേനയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച അസീറിയാ പൂര്‍വ്വവൈരികളായിരുന്ന ഈജിപ്തുകാരുടെ സഹായം തേടി. ബാബിലോണിന്‍റെ ഉയര്‍ച്ച തനിക്കും ദോഷകരമാകും എന്നു മനസ്സിലാക്കിയ ഫറവോ നെക്കോ ബി.സി. 609 ല്‍ അസീറിയായുടെ സഹായത്തിനു സൈന്യവുമായി വടക്കോട്ടു നീങ്ങി. അസീറിയായെയും ഈജിപ്തിനെയും അപകടകാരികളായ ശത്രുക്കളായി കണ്ട ജോസിയാ ബാബിലോണിന്‍റെ വിജയം യൂദായ്ക്കനുകൂലമായിരിക്കും എന്നു കരുതി, ഈജിപ്തുസൈന്യത്തിനു വഴിതടഞ്ഞു. നെക്കോയുടെ താക്കീതുകള്‍ മാനിക്കാഞ്ഞ ജോസിയായ്ക്കെതിരേ ഈജിപ്തുസൈന്യം യുദ്ധം ചെയ്തു. മെഗിദ്ദോയിലെ യുദ്ധക്കളത്തില്‍ ജോസിയാ മരിച്ചുവീണു. യൂദാ വീണ്ടും പ്രതിസന്ധിയിലായി.

ഈജിപ്തിനും അസീറിയായെ രക്ഷിക്കാനായില്ല. നബോപൊ ലാസറിനുശേഷം ബാബിലോണില്‍ രാജാവായ, അതിശക്തനായ നബുക്കദ്നേസര്‍ (ബി.സി. 605-562) 605 ല്‍ അസീറിയായുടെ വടക്കു കിഴക്കെ അതിര്‍ത്തിയില്‍, യൂഫ്രട്ടീസ് നദീതീരത്തുള്ള കര്‍ക്കേമിഷില്‍വച്ച് അസീറിയാ-ഈജിപ്ത് സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തി. അതോടെ ബാബിലോണ്‍ മധ്യപൗരസ്ത്യദേശത്തെ ഏകവന്‍ശക്തിയായി. തുടര്‍ന്നുള്ള ഏകദേശം 20 വര്‍ഷം യൂദായെ സംബന്ധിച്ച് പരാജയങ്ങളുടെയും നാശനഷ്ടങ്ങളുടെയും കാലമായിരുന്നു.

ബി.സി. 598 ല്‍ നബുക്കദ്നേസറിന്‍റെ സൈന്യം യൂദാ കീഴടക്കി, ജറുസലേമില്‍ പ്രവേശിച്ചു. വലിയ തുക കപ്പം കൊടുക്കാമെന്നു സമ്മതിച്ചതിനാല്‍ സൈന്യം പിന്‍വാങ്ങി. പട്ടണത്തിലും ദേവാലയത്തിലും ഉണ്ടായിരുന്ന വിലപിടിച്ച അനേകം വസ്തുക്കള്‍ എടുത്തുകൊണ്ടാണ് അവര്‍ പോയത്. യഹോയാക്കിന്‍ രാജാവിനെയും നാട്ടിലെ പ്രമുഖരായ പതിനായിരത്തില്‍പരം ആളുകളെയും തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി (2 രാജാ 24,8-17).

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബാബിലോണില്‍ ആഭ്യന്തരകലാപമുണ്ടായി. പല സാമന്തരും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാബിലോണ്‍ രാജാവിന് കപ്പം കൊടുക്കല്‍ നിര്‍ത്തി ഈജിപ്തുമായി സഖ്യം ചെയ്ത് തന്‍റെ നില ഭദ്രമാക്കാന്‍ യഹോയാക്കിന്‍ ശ്രമിച്ചു. എന്നാല്‍ കൃത്യം പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ആഭ്യന്തരകലാപങ്ങള്‍ അടിച്ചമര്‍ത്തിയശേഷം ബാബിലോണ്‍ സൈന്യം തിരിച്ചുവന്നു. അതു കീഴടക്കി ഭരിക്കാനല്ല, നശിപ്പിച്ച് പ്രതികാരം ചെയ്യാനായിരുന്നു. ഒന്നരവര്‍ഷത്തോളം ദീര്‍ഘിച്ച ഉപരോധത്തിനുശേഷം ബി.സി. 587 ല്‍ ബാബിലോണ്‍ സൈന്യം മതില്‍ തകര്‍ത്ത് ജറുസലെമില്‍ പ്രവേശിച്ചു. കൊട്ടാരവും മറ്റു കെട്ടിടങ്ങളും ഇടിച്ചുനിരത്തി. ദേവാലയം അഗ്നിക്കിരയാക്കി. നഗരത്തില്‍ രക്തപ്പുഴയൊഴുകി. ഒളിച്ചോടിയ സെദക്കിയാരാജാവിനെ മരുഭൂമിയില്‍ വച്ചു പിടികൂടി. ബാബിലോണ്‍ രാജാവ് അവന്‍റെമേല്‍ വിധി പ്രസ്താവിച്ചു. രണ്ടു കണ്ണും ചൂഴ്ന്നെടുത്തു. കഴുത്തില്‍ ചങ്ങലയിട്ട് വിദൂരസ്ഥമായ ബാബിലോണിലേക്കു കൊണ്ടുപോയി; കൂടെ യൂദാജനത്തെയും. ചുരുക്കം പേര്‍ മാത്രം നാട്ടില്‍ അവശേഷിച്ചു. അങ്ങനെ ഇസ്രായേലിലെ രാജഭരണം എന്നേക്കുമായി അവസാനിച്ചു. ബാബിലോണ്‍ പ്രവാസം ആരംഭിച്ചു.

രാജവാഴ്ച - ഒരവലോകനം

ബി.സി. 1030-587 കാലഘട്ടത്തില്‍ ഇസ്രായേല്‍ജനത്തിന് മൊത്തം 41 രാജാക്കന്മാരും ഒരു രാജ്ഞിയും ഉണ്ടായിരുന്നു. സാവൂള്‍, ദാവീദ്,സോളമന്‍ എന്നീ മൂന്നുപേര്‍ ജനത്തിനു മുഴുവന്‍ രാജാക്കന്മാരായി 100 വര്‍ഷം ഭരിച്ചു. തുടര്‍ന്ന് രാജ്യം രണ്ടായി പിളര്‍ന്നു. വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ 19 രാജാക്കന്മാരുണ്ടായി. 40 വര്‍ഷം ഭരിച്ച ജെറൊബൊവാം രണ്ടാമന്‍ മുതല്‍ 6 ദിവസം മാത്രം ഭരിച്ച സിമ്രി വരെ ഈ കൂട്ടത്തില്‍പ്പെടും. വിഭജനത്തിനുശേഷം ബാബിലോണ്‍ പ്രവാസം വരെ യൂദായില്‍ 19 രാജാക്കന്മാരും അത്താലിയാ എന്ന ഒരു രാജ്ഞിയും ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു.

രാജഭരണത്തെക്കുറിച്ച് സമ്മിശ്രമായൊരു അവലോകനമാണ് ബൈബിള്‍ നല്കുന്നത്. 1-2 സാമു; 1-2 രാജാ എന്നീ നാലു പുസ്തകങ്ങള്‍ നിയമാവര്‍ത്തനാത്മകചരിത്രം രേഖപ്പെടുത്തുന്നു. ഈ ചരിത്രത്തിന്‍റെ ആദ്യത്തെ രണ്ടധ്യായങ്ങളാണ് ജോഷ്വയും ന്യായാധിപന്മാരും എന്നു നാം കണ്ടുകഴിഞ്ഞു. കര്‍ത്താവിനോടും അവിടുത്തെ ഉടമ്പടിയോടും എത്രമാത്രം വിശ്വസ്തരായിരുന്നു എന്ന ഏകമാനദണ്ഡമനുസരിച്ചാണ് ഈ ഗ്രന്ഥങ്ങള്‍ രാജഭരണത്തെയും രാജാക്കന്മാരെയും വിലയിരുത്തുന്നത്. അതിന്‍പ്രകാരം ദാവീദ്, ഹെസെക്കിയാ, ജോസിയാ എന്നീ മൂന്നു രാജാക്കന്മാര്‍ മാത്രമേ പ്രശംസയര്‍ഹിക്കുന്നുള്ളൂ. ഇവര്‍ക്കു നല്കുന്ന പ്രശംസപോലും പൂര്‍ണ്ണമല്ല. അവരുടെ വീഴ്ചകളും എടുത്തുകാട്ടാന്‍ മടിക്കുന്നില്ല. ബാക്കിയുള്ള 38 പേര്‍ക്കും യാതൊരു പ്രശംസയും ലഭിക്കുന്നില്ല, അവരുടെ ഭൗതികനേട്ടങ്ങള്‍ എത്ര വലുതാണെങ്കിലും. ഉടമ്പടിയുടെ വെളിച്ചത്തില്‍ അവരെല്ലാം പരാജയപ്പെട്ടവരാണ്; കര്‍ത്താവിനോട് അവിശ്വസ്തത കാട്ടിയവരാണ്.

1-2 ദിനവൃത്താന്തങ്ങള്‍ എന്ന ഗ്രന്ഥങ്ങളും രാജഭരണത്തിന്‍റെ ചരിത്രം വിവരിക്കുന്നുണ്ട്. ഈ ചരിത്രത്തെ ദിനവൃത്താന്തചരിത്രം (chronicler's history) എന്നു വിളിക്കുന്നു. പ്രവാസത്തിനുശേഷം യൂദായില്‍ നേതൃത്വം വഹിച്ച എസ്രാ-നെഹെമിയാമാരുടെ പ്രവര്‍ത്തനങ്ങളും ഈ ചരിത്രത്തിന്‍റെ ഭാഗമാണ്. തെക്കന്‍ രാജ്യമായ യൂദായുടെ ചരിത്രം മാത്രമേ ഈ ഗ്രന്ഥങ്ങള്‍ വിവരിക്കുന്നുള്ളൂ. പാരാലിപ്പോമെനാ (parlipomena) "വിട്ടുകളഞ്ഞവ" എന്നാണ് ഈ ഗ്രന്ഥത്തെ ഗ്രീക്കു വിവര്‍ത്തനമായ സപ്തതി ബൈബിള്‍ വിശേഷിപ്പിക്കുന്നത്. സാമുവേല്‍, രാജാക്കന്മാര്‍ എന്നീ പുസ്കതങ്ങളില്‍ പറയുന്നവയോടു കൂട്ടിച്ചേര്‍ക്കേണ്ട വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നു എന്നാണ് ഈ പേരിനര്‍ത്ഥം. ദേവാലയം, ബലിയര്‍പ്പണം, തിരുനാളാഘോഷങ്ങള്‍ മുതലായവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ ഗ്രന്ഥങ്ങള്‍ രാജഭരണത്തെ തികച്ചും ഭാവാത്മകമായിട്ടാണ് വിലയിരുത്തുന്നത്. വടക്കന്‍ രാജ്യമായ ഇസ്രായേലിനെക്കുറിച്ച് ഒന്നും പറയുന്നില്ല; യൂദാമാത്രമാണ് ശ്രദ്ധാകേന്ദ്രം.

രാജഭരണത്തിന്‍റെ നേട്ടങ്ങള്‍

രക്ഷാചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ് ഇസ്രായേലിലെ രാജവാഴ്ച. ഇസ്രായേല്‍ ഗോത്രങ്ങള്‍ ഒരുമിച്ച് ഒരു ജനത എന്ന അവബോധത്തിലേക്കു വന്നത് രാജഭരണകാലത്താണ്. പിന്നീട് രണ്ടുരാജ്യങ്ങളായെങ്കിലും ഏകദേശം നൂറുവര്‍ഷം ദീര്‍ഘിച്ച അവിഭക്ത രാജഭരണം അവരെ ദൈവം തിരഞ്ഞെടുത്ത ഒറ്റ ജനം എന്ന അവബോധത്തിലേക്കു നയിക്കാന്‍ സഹായിച്ചു.

ജബൂസ്യരുടെ പട്ടണമായ ജറുസലെം കീഴടക്കി അവിഭക്ത ഇസ്രായേലിന്‍റെ തലസ്ഥാനമാക്കിയതോടെ ദാവീദ് ജനത്തിന്‍റെ ഐക്യത്തിന് പുതിയൊരടിസ്ഥാനവും അര്‍ത്ഥവും നല്കി. എല്ലാ ഗോത്രങ്ങള്‍ക്കും അവകാശപ്പെട്ടതും എന്നാല്‍ ഒരു ഗോത്രത്തിന്‍റെ മാത്രം സ്വന്തമാകാത്തതുമായ തലസ്ഥാനനഗരം ഐക്യത്തിന്‍റെ പ്രതീകമായി. ഉടമ്പടിയുടെ പേടകം ദാവീദു രാജാവ് സാഘോഷം ജറുസലെമില്‍ കൊണ്ടുവന്നു സ്ഥാപിക്കുകയും സോളമന്‍ ദേവാലയം നിര്‍മ്മിക്കുകയും ചെയ്തതോടെ ഇസ്രായേലിന്‍റെ രാഷ്ട്രീയ തലസ്ഥാനം കര്‍ത്താവിന്‍റെ നഗരമായി. ഇസ്രായേല്‍ജനത്തിന്‍റെ മാത്രമല്ല, ലോകജനതകളുടെ മുഴുവന്‍ ആകര്‍ഷണകേന്ദ്രമായി ജറുസലേം. അവിടെനിന്നാണ് പിന്നീട് "സ്വര്‍ഗ്ഗീയജറുസലെം" എന്ന ആശയം രൂപംകൊണ്ടത്. ദൈവം തങ്ങളുടെ മധ്യേ വസിക്കുന്നു എന്നതിന്‍റെ ദൃശ്യമായ അടയാളവും തെളിവുമായി ജറുസലെം ദേവാലയം.

രാജഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ ജനത്തിന് ദൃശ്യമായ ഒരു തലവനും ശക്തനായ ഒരു നേതാവുമുണ്ടായി. ശത്രുക്കളുടെ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞു. അതിര്‍ത്തികള്‍ സുരക്ഷിതവും വിസ്തൃതവുമായി. ദൈവം വാഗ്ദാനംചെയ്ത ദേശം സ്വന്തമാക്കാന്‍ ജനത്തിനു കഴിഞ്ഞു. രാജ്യത്ത് സമാധാനവും സമൃദ്ധിയുമുണ്ടായി. ഇസ്രായേലിന് ലോകജനതകള്‍ക്കിടയില്‍ ബഹുമാന്യമായ സ്ഥാനം ലഭിച്ചു.

രാജവാഴ്ചയുടെ ആവിര്‍ഭാവത്തോടെയാണ് വരാനിരിക്കുന്ന ഒരു ലോകരക്ഷകനെ, മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കു വ്യക്തത ലഭിച്ചത്. നാഥാന്‍ പ്രവാചകന്‍വഴി ദാവീദിനു ലഭിച്ച വാഗ്ദാനം (2 സാമു 7,1-17) മിശിഹായെ സംബന്ധിച്ച പ്രവചനങ്ങളില്‍ ഏറ്റം പ്രധാനപ്പെട്ടതാണ്. പ്രവാചകന്മാരുടെ വരവാണ് രാജഭരണകാലത്തെ മറ്റൊരു സവിശേഷത. പ്രവാചകന്മാരുടെ ക്ലാസിക്കല്‍ യുഗം എന്നു പറയുന്നത് രാജവാഴ്ചയുടെ കാലമാണ്. നാഥാന്‍, അഹിയാ, മിക്കായാ, ഏലിയാ, ഏലീഷാ തുടങ്ങിയ എഴുത്തുകാരല്ലാത്ത പ്രവാചകന്മാരും ആമോസ് മുതല്‍ എസെക്കിയേല്‍വരെയുള്ള പ്രവാചകപ്രമുഖരും രാജവാഴ്ചയുടെ കാലത്താണ് കടന്നുവന്നത്. ദൈവത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ അവര്‍വഴി ജനത്തിനു ലഭിച്ചു; ദൈവഹിതം അറിയാന്‍ അവര്‍ക്കു കഴിഞ്ഞു.

രാജഭരണകാലത്താണ് എഴുതപ്പെട്ട ദൈവവചനമായ ബൈബിളിന്‍റെ എഴുത്തു തുടങ്ങിയത്. പൂര്‍വ്വപിതാക്കന്മാരെക്കുറിച്ചുള്ള സ്മരണകളും പുറപ്പാടിന്‍റെ വിവരണങ്ങളും ഏറിയപങ്കും വാചികപാരമ്പര്യങ്ങളായി കൈമാറിവന്നു. മോശയുടെയും ജോഷ്വയുടെയും കാലത്ത് പത്തു പ്രമാണങ്ങള്‍ തുടങ്ങി ചില കാര്യങ്ങള്‍ ചുരുക്കമായി എഴുതിയിട്ടുണ്ടെങ്കിലും എഴുതപ്പെട്ട ബൈബിളിന്‍റെ ആദ്യരൂപം ആരംഭിക്കുന്നത് ദാവീദിന്‍റെയും സോളമന്‍റെയും കാലത്താണ്. പ്രപഞ്ചസൃഷ്ടി മുതല്‍ ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പും ഉടമ്പടിയും ഉള്‍ക്കൊള്ളുന്ന "യാഹ്വെ" (Yahwist-J) പാരമ്പര്യം എന്നറിയപ്പെടുന്ന ആദ്യലിഖിതം ഈ കാലഘട്ടത്തിലാണ് രൂപംകൊണ്ടത്. ആദിമാതാപിതാക്കള്‍ക്കും പൂര്‍വ്വപിതാക്കള്‍ക്കും നല്കുകയും ഉടമ്പടിയിലൂടെ ഉറപ്പിക്കുകയും ചെയ്ത രക്ഷകനെ സംബന്ധിച്ച വാഗ്ദാനം ഭാഗികമായെങ്കിലും ദാവീദില്‍ പൂര്‍ത്തിയാകുന്നതായി ഈ പാരമ്പര്യം എടുത്തുകാട്ടുന്നു. ഇസ്രായേലിന്‍റെ ചരിത്രമാണ് രക്ഷാചരിത്രമായി അവതരിപ്പിക്കുന്നത്. ആ ചരിത്രത്തിന്‍റെ രചന തുടങ്ങിയതും രാജവാഴ്ചയോടെയായിരുന്നു.

രാജ്യത്തിന്‍റെ വിഭജനത്തിനുശേഷം വടക്കന്‍ രാജ്യം തങ്ങളുടെ പ്രത്യേകമായ ദൈവാനുഭവങ്ങളുടെ വെളിച്ചത്തില്‍ രക്ഷാചരിത്രത്തിന്‍റെ മറ്റൊരു വിവരണത്തിനു രൂപം കൊടുത്തു. ഏലോഹിസ്റ്റ് പാരമ്പര്യം (Elohist-E) എന്നറിയപ്പെടുന്ന ഈ പ്രാഗ്രൂപം ബി.സി. എട്ടാം നൂറ്റാണ്ടിന്‍റെ പകുതിയോടെ, ജെറോബൊവാം രണ്ടാമന്‍റെ ഭരണകാലത്ത് ഷെക്കെമില്‍ വച്ചു രചിക്കപ്പെട്ടു എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ കരുതുന്നു. സീനായ് ഉടമ്പടിക്കാണ് ഈ ലിഖിതം പ്രാമുഖ്യം നല്കുന്നത്. ഈ രണ്ടു ലിഖിതപാരമ്പര്യങ്ങളും ഉല്‍പത്തി, പുറപ്പാട്, സംഖ്യ എന്നീ പുസ്തകങ്ങളുടെ രചനയുടെ പിന്നിലുണ്ട് എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

പഞ്ചഗ്രന്ഥത്തിനു പിന്നിലുള്ള മൂന്നാമത്തെ ലിഖിതപാരമ്പര്യമായ നിയമാവര്‍ത്തന (Deuteronomist-D) പാരമ്പര്യത്തിന്‍റെ രചനയും രാജവാഴ്ചയുടെ കാലത്ത്, സമറിയായുടെ പതനത്തിനുശേഷം ആണ് തുടങ്ങിയത്; പൂര്‍ത്തിയായതു പ്രവാസകാലത്തും. ഉടമ്പടിയുടെ കല്പനകള്‍ക്കും സ്നേഹത്തിന്‍റെ പ്രമാണത്തിനും നിയമത്തിന്‍റെ ആന്തരികതയ്ക്കും ഊന്നല്‍ നല്കുന്ന ഈ പാരമ്പര്യത്തിന്‍റെ സൃഷ്ടിയാണ് ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന നിയമാവര്‍ത്തന ഗ്രന്ഥം മുഴുവന്‍. ഇങ്ങനെ രാജവാഴ്ച ഇസ്രായേല്‍ ചരിത്രത്തില്‍ അനേകം വിലപ്പെട്ട സംഭാവനകള്‍ നല്കി. എന്നാല്‍ പാളിച്ചകളും കുറവായിരുന്നില്ല.

രാജവാഴ്ചയുടെ കോട്ടങ്ങള്‍- ദോഷഫലങ്ങള്‍

വ്യക്തിപരവും ഗോത്രപരവുമായ സ്വാതന്ത്ര്യത്തിന് പരമപ്രാധാന്യം നല്കുന്ന ഒരു ജനതയായിരുന്നു ഇസ്രായേല്‍. ദൈവം നേരിട്ട് അവര്‍ക്കു നല്കിയതാണ് ഈജിപ്തിലെ അടിമത്തത്തില്‍നിന്നുള്ള മോചനം. അത് ആര്‍ക്കും അടിയറ വയ്ക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. രാജവാഴ്ചയുടെ തുടക്കംവരെ ഗോത്രാടിസ്ഥാനത്തിലുള്ള ഭരണസംവിധാനമാണ് അവര്‍ക്കുണ്ടായിരുന്നത്. എല്ലാ ഗോത്രങ്ങള്‍ക്കും തുല്യ അവകാശം, തുല്യ മാന്യത, ഗോത്രത്തിലെ കുലങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തുല്യത. ഇവയൊക്കെ ഈ ഭരണ സംവിധാനത്തില്‍ കുടുംബത്തലവന്മാരില്‍നിന്ന് കുലത്തലവന്മാരും അവരില്‍നിന്ന് ഗോത്രത്തലവന്മാരും നിശ്ചയിക്കപ്പെട്ടിരുന്നു. എന്നാല്‍ രാജഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ ഈ സാമൂഹ്യവ്യവസ്ഥിതി തകിടംമറിഞ്ഞു.

രാജാവിന്‍റെ ഗോത്രം ഏറ്റം പ്രധാനഗോത്രമായി. ജനങ്ങള്‍ക്കിടയില്‍ ഉച്ചനീചത്വം ഉടലെടുത്തു; വലിയവരും ചെറിയവരും ഉണ്ടായി. രാജാവും പ്രഭുക്കന്മാരും രാജകീയോദ്യോഗസ്ഥരും അടങ്ങുന്ന ഒരു ചെറിയ സമൂഹം പ്രബലമായി. സാവധാനം ജനം മുഴുവന്‍ ഈ പ്രബലസമൂഹത്തിന്‍റെ, അഥവാ രാജാവിന്‍റെ അടിമകളെപ്പോലെയായി. രാജാവെന്ന ഒറ്റ വ്യക്തി രാജ്യം മുഴുവനിലുമുള്ള സകലജനങ്ങളെയുംകാള്‍ പ്രാധാന്യമുള്ളവനായി.

അതുവരെ സീനായ് ഉടമ്പടിയുടെ നിയമങ്ങളും ഗോത്രപാരമ്പര്യങ്ങളുമാണ് ജനങ്ങളെ നയിച്ചിരുന്നത്. തല്‍സ്ഥാനത്ത് രാജകീയ നിയമങ്ങള്‍ കടന്നുവന്നു. അതു ജനത്തിനു സുരക്ഷിതത്വവും സമൃദ്ധിയും നല്കുക എന്നതിനേക്കാള്‍ രാജഭരണത്തിന്‍റെ നിലനില്പും വളര്‍ച്ചയും ലക്ഷ്യം വച്ചുണ്ടാക്കിയ നിയമങ്ങളായിരുന്നു. നിയമനിര്‍മ്മാണത്തില്‍ പൊതുജനത്തിനു പങ്കില്ലാതായി.

നഗരവാതില്‍ക്കല്‍ സ്ഥിരം സമ്മേളിക്കുന്ന കുടുംബ-കുലത്തലവന്മാരായിരുന്നു നാട്ടില്‍ നീതിന്യായം നടപ്പിലാക്കിയിരുന്നത്. പരാതിക്കാര്‍ക്ക് സ്വതന്ത്രമായി അവരെ സമീപിക്കാം. നീതി ലഭിക്കും എന്നുറപ്പായിരുന്നു. എന്നാല്‍ രാജവാഴ്ചയോടെ ഈ സംവിധാനത്തിനും മാറ്റം വന്നു. നീതിന്യായകോടതികളില്‍ രാജാവു നിശ്ചയിക്കുന്ന ഉദ്യോഗസ്ഥര്‍ ന്യായാധിപന്മാരായി. കിട്ടുന്ന കോഴയുടെ തോതും കക്ഷികളുടെ സ്വാധീനവും അനുസരിച്ച് വിധിപ്രസ്താവങ്ങള്‍ നടന്നു. ന്യായവും നീതിയും പാവപ്പെട്ടവനു കിട്ടാക്കനിയായി. ചെയ്യാത്ത കുറ്റത്തിന് ദരിദ്രര്‍ ശിക്ഷിക്കപ്പെട്ടു; ധനികരായ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിച്ചു.

വാഗ്ദത്തഭൂമി എല്ലാ കുടുംബങ്ങള്‍ക്കും അംഗസംഖ്യയനുസരിച്ച് വീതിച്ചുകൊടുത്തിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും ഒരു തുണ്ടു ഭൂമിക്ക് അവകാശമുണ്ടായിരുന്നു. ഭൂമി വില്ക്കുകയോ വാങ്ങുകയോ ചെയ്യാന്‍ പാടില്ലാത്ത വിശുദ്ധമായ സ്വത്തായിരുന്നു. എന്നാല്‍ രാജഭരണത്തോടെ ഭൂമിയുടെ ഈ വിശുദ്ധി നഷ്ടപ്പെട്ടു. അത് ഒരു വില്പനച്ചരക്കായി മാറി. അതോടെ അനേകര്‍ക്കു കിടപ്പാടം നഷ്ടമായി. വിവിധമാര്‍ഗ്ഗങ്ങളിലൂടെ ചുരുക്കംപേര്‍ ഭൂമി കയ്യടക്കി വലിയ ധനികരായപ്പോള്‍ അനേകര്‍ ഭൂരഹിതരായ ദരിദ്രരും സാവകാശം അടിമകളുമായിത്തീര്‍ന്നു.

രാജവാഴ്ചയുടെ വരവോടെ വിവിധ ഉദ്യോഗങ്ങളും തസ്തികകളും നിലവില്‍വന്നു. ഭരണകര്‍ത്താക്കളും ഭരണീയരും എന്ന വ്യത്യാസം ഉടലെടുത്തു. രാജഭരണത്തിന്‍റെ ഭാരിച്ച ചെലവുകള്‍ നികുതിയിലൂടെ നികത്താന്‍ ശ്രമിച്ചപ്പോള്‍ അതു പാവപ്പെട്ടവരായ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചുമടായിത്തീര്‍ന്നു. സമ്പന്നര്‍ പ്രായേണ നികുതിയില്‍നിന്നും ഒഴിവാക്കപ്പെട്ടു.

ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നു രക്ഷനേടാന്‍ വേണ്ടിയാണ് ജനം ഒരു രാജാവിനുവേണ്ടി മുറവിളി കൂട്ടിയത്. സാവൂളും ദാവീദും അതാണ് ജനത്തിനു നല്കാന്‍ ശ്രമിച്ചത്. എന്നാല്‍ ക്രമേണ ശത്രുക്കളില്‍ നിന്നുള്ള സുരക്ഷിതത്വം എന്ന ആശയത്തിനു വ്യാപകമായ അര്‍ത്ഥം കൈവന്നു. സുരക്ഷിതമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിരുകള്‍ അനന്തമായി വികസിച്ചു. ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങള്‍, അയല്‍രാജ്യങ്ങള്‍ പിടിച്ചടക്കി സ്വന്തം സുരക്ഷിതത്വം ഉറപ്പിക്കാനും പ്രൗഢിപ്രകടിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങളായി. ജനം സൈന്യസേവനത്തിനു നിര്‍ബന്ധിക്കപ്പെട്ടു; തങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലാത്ത യുദ്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ബാധ്യസ്ഥരായി. സാധാരണക്കാരന്‍റെ സ്വത്തിനും ജീവനും സംരക്ഷണമില്ലാതായി.

രാജകീയ പ്രൗഢി വര്‍ദ്ധിച്ചു. കൊട്ടാരസമുച്ചയങ്ങളും കോട്ടക്കൊത്തളങ്ങളും ഉയര്‍ന്നു. സര്‍വ്വത്ര ധാരാളിത്വം അഴിഞ്ഞാടി. അതിനെല്ലാം ആവശ്യമായ തുക ജനങ്ങളില്‍നിന്നും ഈടാക്കി. കൊടുക്കാന്‍ കഴിയാത്തവരുടെ സ്വത്തു കണ്ടുകെട്ടി. നികുതിയും കടവും വീട്ടാത്തവരെ അടിമച്ചന്തയില്‍ ലേലം ചെയ്തു. അങ്ങനെ സാമുവേലിലൂടെ മുന്‍കൂട്ടി അറിയിച്ചത് (1 സാമു 8,10-16) യാഥാര്‍ത്ഥ്യമായി.

മതമേഖലയിലും കാതലായ വ്യതിയാനങ്ങളുണ്ടായി. അതുവരെ ദൈവം എല്ലാവര്‍ക്കും അഭിഗമ്യനായിരുന്നു. ജറുസലെം ദേവാലയത്തിന്‍റെ നിര്‍മ്മാണത്തോടെ ദൈവികസാന്നിദ്ധ്യം ദേവാലയത്തിന്‍റെ ഉള്ളറയിലെ അതിവിശുദ്ധ സ്ഥലത്തു മാത്രമാണെന്ന ചിന്ത ശക്തിപ്പെട്ടു. ദൈവത്തെ കാണാന്‍, അവിടുത്തെ അനുഗ്രഹം പ്രാപിക്കാന്‍, നേര്‍ച്ചക്കാഴ്ചകളുമായി ജറുസലെമിലേക്കു വരണം എന്ന വിശ്വാസം സംജാതമായി. ജറുസലെമില്‍ മാത്രമേ ബലിയര്‍പ്പണം പാടുള്ളൂ. കുടുംബാന്തരീക്ഷത്തില്‍ ആഘോഷിച്ചിരുന്ന പെസഹാപോലും ആചരിക്കാന്‍ തലസ്ഥാനഗരിയിലേക്കു വരണം എന്ന നിബന്ധനയുണ്ടായി. സാവകാശം ദൈവം തങ്ങളില്‍നിന്നകന്നു പോയി എന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടാന്‍ ഇതു കാരണമായി.

ജറുസലെമിലേക്കു തീര്‍ത്ഥാടനം, തിരുനാളാഘോഷം, ബലിയര്‍പ്പണം മുതലായ ആചാരാനുഷ്ഠാനങ്ങളാണ് മതാത്മകതയുടെ കാതല്‍ എന്ന ചിന്ത പ്രബലപ്പെട്ടതോടെ ദൈവം ജറുസലെം ദേവാലയത്തില്‍ സ്ഥിരമായി വസിക്കുന്നു എന്നും അതിനാല്‍ പട്ടണവും രാജ്യവും ജനങ്ങളും എന്നും സുരക്ഷിതരായിരിക്കും എന്നുമുള്ള ഒരു വിശ്വാസം ജനഹൃദയങ്ങളില്‍ വേരൂന്നി വളര്‍ന്നു. അതോടെ വ്യര്‍ത്ഥമായ ഒരു സുരക്ഷിതത്വബോധം ജനത്തെ ഗ്രസിച്ചു. ദൈവപ്രമാണങ്ങള്‍ ലംഘിക്കപ്പെട്ടാലും, നാട്ടില്‍ അനീതിയും അക്രമവും നടമാടിയാലും മതകര്‍മ്മങ്ങള്‍ മുടങ്ങാത്തിടത്തോളംകാലം ദൈവം തങ്ങളെ സംരക്ഷിക്കും എന്ന വിശ്വാസം വ്യാപകമായി. ബി.സി 701 ല്‍ സെന്നാക്കെരിബിന്‍റെ സൈന്യം ജറുസലെമിന്‍റെ ഉപരോധം ഉപേക്ഷിച്ചു പിന്‍വാങ്ങിയതും ജറുസലെം അത്ഭുതകരമായി രക്ഷപ്പെട്ടതും ഈ വിശ്വാസം വര്‍ദ്ധിക്കാന്‍ കാരണമായി. ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിക്കുന്നിടത്തോളം മാത്രമേ തങ്ങള്‍ക്കു ദൈവജനമായി തുടരാന്‍ കഴിയൂ എന്ന സത്യം വിസ്മരിക്കപ്പെട്ടു. സീനായ് ഉടമ്പടി സോപാധികമാണെന്ന കാര്യം അവഗണിക്കപ്പെട്ടു.

നീതിനിഷ്ഠയില്‍ അടിയുറച്ചതായിരുന്നു ഇസ്രായേലിന്‍റെ മതാത്മകയും സമൂഹജീവിതവും. എന്നാല്‍ രാജഭരണം പുരോഗമിച്ചതോടെ മതാത്മകതയും നീതിന്യായവും തമ്മില്‍ ബന്ധമില്ലാതായി. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ന്യായാധിപന്മാരെയുംപോലെ ദൈവവും ലഭിക്കുന്ന കാഴ്ചകളില്‍ പ്രസാദിച്ച് അനുഗ്രഹം വര്‍ഷിക്കും എന്ന വിശ്വാസം കടന്നു

ബാബിലോണ്‍ പ്രവാസം

(ബി.സി. 587-538)

ഏകദേശം അഞ്ചുനൂറ്റാണ്ടു ദീര്‍ഘിച്ച രാജവാഴ്ച വലിയൊരു ദുരന്തത്തില്‍ കലാശിച്ചു. ബി.സി. 721 ല്‍ വടക്കന്‍രാജ്യം നാമാവശേഷമായി. പത്തുഗോത്രങ്ങള്‍ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി. 587 ല്‍ യൂദായ്ക്കും സമാനമായ ഗതിയുണ്ടായി. കണ്ണു ചൂഴ്ന്നെടുത്ത്; കഴുത്തില്‍ ചങ്ങലയുമായി അടിമകളാക്കപ്പെട്ട യൂദാജനത്തിന്‍റെമുമ്പേ ബാബിലോണിലേയ്ക്കു പോകുന്ന സെദക്കിയാ രാജാവ് ഈ ദുരന്തത്തിന്‍റെ ദൃശ്യമായ അടയാളമാണ്. പുറപ്പാടിലൂടെ ലഭിച്ച സ്വാതന്ത്ര്യവും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വാഗ്ദത്തഭൂമിയും നഷ്ടപ്പെട്ട് ജനം വീണ്ടും അടിമത്തത്തിലായി; ഒരു ചക്രം പൂര്‍ത്തിയായി. 2 രാജാ 25; 2 ദിന 26; ജറെ 52; വിലാപങ്ങള്‍, എസെക്കിയേല്‍, ഏശ 40-55, സങ്കീ 74; 137 എന്നീ ഭാഗങ്ങളില്‍ ബാബിലോണ്‍ പ്രവാസത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. 

ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചുമാത്രമല്ല, രക്ഷാചരിത്രത്തെ സംബന്ധിച്ചും നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ് ബാബിലോണ്‍ പ്രവാസം. വലിയ വിശ്വാസപ്രതിസന്ധിയുടെയും വീണ്ടുവിചാരത്തിന്‍റെയും പുതിയ കണ്ടെത്തലുകളുടെയും സമൂല പരിവര്‍ത്തനത്തിന്‍റെയും കാലമായിരുന്നു പ്രവാസം.

വിശ്വാസപ്രതിസന്ധി

ജനത്തിനു സ്വാതന്ത്ര്യം നഷ്ടപ്പെട്ടു; വാഗ്ദത്തഭൂമിയില്‍നിന്നു പുറത്തായി. രാജാവ് അടിമയായി. രാജകൊട്ടാരങ്ങള്‍ മാത്രമല്ല കര്‍ത്താവിന്‍റെ സ്ഥിരമായ വാസസ്ഥലം എന്നു കരുതിയിരുന്ന ജറുസലെം ദേവാലയവും അഗ്നിക്കിരയായി. അജയ്യം എന്നു കരുതപ്പെട്ടിരുന്ന കര്‍ത്താവിന്‍റെ പട്ടണം നാശക്കൂമ്പാരമായി. വിലാപങ്ങളുടെ പുസ്തകം ഈ നാശനഷ്ടങ്ങളുടെ ഭീകരത വെളിവാക്കുന്നുണ്ട്. എന്തേ ഇങ്ങനെ ഭവിച്ചു എന്ന ചോദ്യത്തിന് പല ഉത്തരങ്ങള്‍ നല്കപ്പെട്ടു.

ദൈവം തങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നു എന്നു ഭൂരിഭാഗം ജനങ്ങളും കരുതി (ഏശ 49,14). ഉടമ്പടി ലംഘിച്ചവരെ ദൈവം ഉടമ്പടിയുടെ നിയമങ്ങള്‍ അനുസരിച്ചുതന്നെ ശിക്ഷിച്ചിരിക്കുന്നു (ജറെ 34,18); ദൈവജനം എന്ന പദവിയില്‍നിന്ന് തങ്ങള്‍ പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നവര്‍ കരുതി. പ്രവാചകന്മാര്‍വഴി ദൈവം നല്കിയ നിരവധിയായ താക്കീതുകള്‍ വകവയ്ക്കാതിരുന്നവരുടെമേല്‍ പ്രവാചകന്മാര്‍ അറിയിച്ചിരുന്ന സമൂലനാശം എന്ന ശിക്ഷ നിപതിച്ചിരിക്കുന്നു.

ഇസ്രായേല്‍ജനം തലമുറകളായി ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷ മുഴുവന്‍ തങ്ങളുടെമേല്‍ പതിച്ചിരിക്കുന്നു എന്ന് അവര്‍ വിശ്വസിച്ചു: "അവരുടെ മധ്യേ നീതിന്മാരുടെ രക്തം ചൊരിഞ്ഞ അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തിന്മകളും നിമിത്തമാണ് ഇതു സംഭവിച്ചത്" (വിലാ 4,13). "ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു; അവര്‍ മരിക്കുകയും ചെയ്തു. ഞങ്ങള്‍ അവരുടെ അകൃത്യങ്ങള്‍ വഹിക്കുന്നു" (വിലാ 5,7).

ഇതോടൊപ്പം തികച്ചും ദോഷകരമായ മറ്റൊരു ചിന്തയും കടന്നുവന്നു. ഓരോജനതയ്ക്കും അവരുടെ ദൈവം എന്ന കാഴ്ചപ്പാടാണ് അന്നു പൊതുവേ നിലനിന്നത്. ജനതകള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ദൈവങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളാണ്. ശക്തരായ ദൈവങ്ങള്‍ യുദ്ധത്തില്‍ ജയിക്കുന്നു; ബലഹീനര്‍ പരാജയപ്പെടുന്നു. ഈജിപ്തിലെ ദൈവങ്ങളെ പരാജയപ്പെടുത്തി ഇസ്രായേലിനെ മോചിപ്പിച്ച യാഹ്വേ മറ്റെല്ലാ ദൈവങ്ങളെയുംകാള്‍ ശക്തനാണ് എന്നു ജനം വിശ്വസിച്ചു. ഈ വിശ്വാസത്തിനാണ് പ്രവാസം കനത്ത ആഘാതം ഏല്പിച്ചത്.

ബാബിലോണ്‍ രാജാവ് യാഹ്വേയുടെ ആസ്ഥാനമായ ജറുസലെം നഗരവും ദേവാലയവും നശിപ്പിച്ച്, അവിടുത്തെ സ്വന്തം ജനത്തെ അടിമകളാക്കിയെങ്കില്‍ ബാബിലോണിന്‍റെ ദൈവങ്ങളല്ലേ തങ്ങള്‍ ആരാധിക്കുന്ന യാഹ്വേയെക്കാള്‍ ശക്തന്‍ എന്ന ചോദ്യം ജനമനസുകളില്‍ ഉയര്‍ന്നു. ജോസിയാ രാജാവ് അന്യദേവതകളുടെ ആലയങ്ങള്‍ പൊളിക്കുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചെയ്തത് അവയുടെ കോപത്തിനും ഇസ്രായേല്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും കാരണമായെന്നു പഠിപ്പിച്ചവരും ഈ കാലഘട്ടത്തിലുണ്ടായി. അതിനാല്‍ ശക്തി തെളിയിച്ച ബാബിലോണിന്‍റെ ദൈവങ്ങളെയല്ലേ ഇനി ആരാധിക്കേണ്ടത് എന്ന ചോദ്യവും ഉയര്‍ന്നു. ഇങ്ങനെ പ്രവാസം ജനത്തെ വലിയൊരു വിശ്വാസപ്രതിസന്ധിയിലാഴ്ത്തി.

ദൈവം ഉപേക്ഷിക്കുന്നില്ല

രൂക്ഷമായ വിശ്വാസപ്രതിസന്ധിയിലായ ജനത്തെ നേരായ വഴിയിലൂടെ നയിക്കാന്‍ ദൈവം വീണ്ടും പ്രവാചകന്മാരെ അയച്ചു. പ്രവാസത്തിനു ജനത്തെ ഒരുക്കാന്‍ നിയോഗിക്കപ്പെട്ട ജറെമിയാതന്നെ പ്രവാസത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും മുന്‍കൂര്‍ വ്യാഖ്യാനിച്ചു കൊടുത്തിരുന്നു. ദൈവം ജനത്തെ ഉപേക്ഷിച്ചതിന്‍റെ അടയാളമല്ല പ്രവാസം, മറിച്ച് അവിശ്വസ്തതയ്ക്കുള്ള ശിക്ഷയും മാനസാന്തരത്തിനുള്ള ക്ഷണവുമാണത്. ദൈവത്തിന്‍റെ പദ്ധതി നാശത്തിനല്ല, ക്ഷേമത്തിനുള്ളതാണ്; ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്നതാണ് (ജറെ 29,11-13). ഉടമ്പടിയുടെ നിയമപ്രകാരമുള്ള ശിക്ഷ ശാശ്വതമായ പുറന്തള്ളലല്ല; ലംഘിക്കപ്പെട്ട ഉടമ്പടിക്കുപകരം അലംഘനീയമായ പുതിയ ഉടമ്പടി ദൈവം തന്നെ സ്ഥാപിക്കും (ജറെ 31,23-37) എന്നു ജറെമിയാ ഉദ്ഘോഷിച്ചു.

ഇതേ സന്ദേശംതന്നെ പ്രവാസികളുടെ പ്രവാചകനായ എസെക്കിയേല്‍ ആവര്‍ത്തിച്ചു (എസെ 16,59-63; 36,22-38). ഉണങ്ങിവരണ്ട അസ്ഥികള്‍ക്ക് ഇനിയും ജീവിക്കാം എന്നു പ്രതീക്ഷയില്ല. എല്ലാം അവസാനിച്ചു എന്നു കരുതിയ പ്രവാസികള്‍ ഈ വരണ്ട അസ്ഥികളെപ്പോലെയാണ്. എന്നാല്‍ ദൈവം അവരെ വീണ്ടും ഒരുമിച്ചുകൂട്ടി വാഗ്ദത്തഭൂമിയിലേക്ക് തിരികെകൊണ്ടുവരും എന്ന പ്രത്യാശ നല്കുന്നതാണ് വരണ്ട അസ്ഥികളുടെ ദര്‍ശനത്തിലൂടെ എസെക്കിയേല്‍ (എസെ 37,1-14) നല്കുന്നത്.

ഈ രണ്ടുപേരെയുംകാള്‍ കൂടുതല്‍ പ്രവാസികള്‍ക്കു പ്രത്യാശയും ധൈര്യവും നല്കിയത് രണ്ടാം ഏശയ്യാ എന്നറിയപ്പെടുന്ന പ്രവാചകനാണ് (ഏശ 40-55). ദൈവം തങ്ങളെ എന്നേക്കുമായി കൈവെടിഞ്ഞു എന്നു കരുതിയ ജനത്തോട് പ്രവാചകനിലൂടെ കര്‍ത്താവു പറയുന്നു: "മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാകുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല" (ഏശ 49,15). രണ്ടാം ഏശയ്യായുടെ പ്രവചനങ്ങള്‍ മുഴുവന്‍ ദൈവത്തിന്‍റെ അചഞ്ചലസ്നേഹത്തില്‍ ഊന്നി, പ്രത്യാശനല്കുന്നവയായിരുന്നു. "നിമിഷനേരത്തേക്കു ഞാന്‍ നിന്നെ ഉപേക്ഷിച്ചു. മഹാകരുണയോടെ ഞാന്‍ നിന്നെ തിരിച്ചു വിളിക്കും..... എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാനഉടമ്പടിക്കു ഭംഗം വരുകയുമില്ല" (ഏശ 54,7-10).

വ്യക്തിപരമായ ഉത്തരവാദിത്വം

പൂര്‍വ്വികരുടെ പാപത്തിനുള്ള ശിക്ഷയാണ് തങ്ങള്‍ അനുഭവിക്കുന്നതെന്നും അതില്‍നിന്നു മോചനമില്ല എന്നും കരുതി നിരാശയിലാണ്ടുപോയ ജനത്തിന് വീണ്ടും പ്രത്യാശ നല്കുന്നതായിരുന്നു പ്രവാസികള്‍ക്കു ലഭിച്ച പ്രവാചകവചനങ്ങള്‍. ജനത്തെ ഒറ്റസമൂഹവും ഒരു വ്യക്തിയുമായി കാണുന്ന സംഘാതവ്യക്തിത്വം (Corporate personality ) എന്ന ആശയമാണ് അതുവരെ ഇസ്രായേലില്‍ നിലവിലിരുന്നത്. പിതാക്കന്മാരുടെ പാപങ്ങള്‍ക്കു മക്കള്‍ ശിക്ഷിക്കപ്പെടും എന്നു വിശ്വസിച്ചുപോന്നു. ഒന്നാം പ്രമാണത്തിന്‍റെ ഭാഗമായി ഇതു രേഖപ്പെടുത്തിയിട്ടുണ്ട് (പുറ 20, 5). ഈ വിശ്വാസം പ്രവാസത്തോടനുബന്ധിച്ച് പ്രവാചകന്മാരിലൂടെ തിരുത്തിക്കുറിക്കപ്പെട്ടു.

ജനത്തെ പ്രവാസത്തിനൊരുക്കിയ ജറെമിയായിലൂടെയാണ് ഈ തിരുത്തല്‍ കടന്നുവന്നത്. "പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലുപുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തരും അവനവന്‍റെ അകൃത്യംമൂലമാണ് മരിക്കുക. പച്ചമുന്തിരിങ്ങ തിന്നവന്‍റെ പല്ലേ പുളിക്കൂ." (ജറെ 31,29-30). എസെക്കിയേലും ഈ പ്രബോധനം ആവര്‍ത്തിച്ചു (18,1-3). നിയമാവര്‍ത്തനഗ്രന്ഥകാരനും ഈ ആശയത്തിന് ഊന്നല്‍ നല്കി: "മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍ തന്നെ അനുഭവിക്കണം" (നിയ 24,16). പ്രവാസം അവസാനമല്ല, മാനസാന്തരത്തിനും ജീവിതനവീകരണത്തിനുമുള്ള അവസരമാണ് എന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. പൂര്‍വ്വികരുടെ പാപത്തിനുള്ള ശിക്ഷയായി കരുതാതെ, ദൈവപ്രമാണങ്ങളനുസരിച്ച് ജീവിതം ക്രമപ്പെടുത്താനുള്ള ആഹ്വാനമായി പ്രവാസത്തെ കാണണം.

സര്‍വ്വശക്തനായ ഏകദൈവം 

തങ്ങള്‍ ആരാധിക്കുന്ന ദൈവമായ യാഹ്വേയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വെളിപ്പെടുത്തലുകള്‍ ഇസ്രായേലിനു ലഭിച്ച അവസരമായിരുന്നു പ്രവാസം. സകലജനതകളുടെയും ദൈവങ്ങളെക്കാള്‍ ശക്തനാണ് യാഹ്വേ എന്ന് പ്രവാസത്തിനുമുമ്പ് ജനം വിശ്വസിച്ചിരുന്നു. യാഹ്വേ മാത്രമാണ് ദൈവം എന്ന് പ്രവാചകന്മാര്‍ സൂചിപ്പിച്ചിരുന്നെങ്കിലും അനേകം ദൈവങ്ങളില്‍ ഏറ്റം ഉന്നതനും ശക്തനുമാണ് യാഹ്വേ എന്ന വിശ്വാസത്തിനായിരുന്നു പ്രാബല്യം. ഈ വിശ്വാസത്തിനു പ്രവാസത്തിലൂടെ മാറ്റം വന്നു. രണ്ടാം ഏശയ്യായിലൂടെയാണ് ഈ മാറ്റത്തിനു വഴിയൊരുക്കിയതും. 

ദൈവം ഒരുവന്‍ മാത്രമേയുള്ളൂ. ഇതരജനതകള്‍ ആരാധിക്കുന്ന ദൈവങ്ങളൊന്നും ദൈവമല്ല, മനുഷ്യസൃഷ്ടിയായ വിഗ്രഹങ്ങള്‍മാത്രം. യാഹ്വേ മാത്രമാണ് ദൈവം. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും പരിപാലകനും, അപരിമേയനും നിത്യനുമായ ദൈവം യാഹ്വേമാത്രം. ഈ വിശ്വാസം പ്രവാസകാലത്ത് ആഴപ്പെട്ടു. തദ്ഫലമായി മറ്റൊരു ബോധ്യവും ഉരുത്തിരിഞ്ഞു. യാഹ്വേ ഇസ്രായേലിന്‍റെ മാത്രമല്ല, സകലജനതകളുടെയും ദൈവമാണ്. ദൈവം ഒരു ജനതയെയും ഉപേക്ഷിക്കുന്നില്ല. എല്ലാവരും അവിടുത്തേക്കു തുല്യരാണ്. ഇതോടെ തങ്ങളുടെ വ്യക്തിത്വത്തെയും ദൗത്യത്തെയും സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ചകള്‍ രൂപംകൊണ്ടു.

ലോകത്തിന്‍റെ പ്രകാശം

എല്ലാ ജനതകളും തുല്യരെങ്കില്‍ പിന്നെ എന്താണ് രക്ഷാചരിത്രത്തില്‍, ദൈവികപദ്ധതിയില്‍, തങ്ങള്‍ക്കുള്ള പ്രത്യേകത? അബ്രാഹത്തിനു ദൈവം നല്കിയ വാഗ്ദാനം: "നിന്നിലൂടെ (നിന്‍റെ സന്തതിയിലൂടെ) ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്‍പ 12,3; 22; 18) ഈ ചോദ്യത്തിന് ഉത്തരം നല്കി. ഇസ്രായേല്‍ജനം ദൈവത്തിന്‍റെ പ്രത്യേകജനതയും പുരോഹിതരാജ്യവുമായി (പുറ 19,5) തിരഞ്ഞെടുക്കപ്പെട്ടത് തങ്ങള്‍ക്കുവേണ്ടിയല്ല, എല്ലാ ജനതകള്‍ക്കും വേണ്ടിയാണ്. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സവിശേഷമായ ഒരു ദൗത്യവും ഉള്‍ക്കൊള്ളുന്നു; ലോകജനതകള്‍ക്കുമുന്നില്‍ ദൈവത്തിന്‍റെ സാക്ഷികളാകണം.

"നീതിയും ന്യായവും പ്രവര്‍ത്തിച്ച് കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കാന്‍ തന്‍റെ മക്കളോടും പിന്‍മുറക്കാരോടും അവന്‍ (അബ്രാഹം) കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടുചെയ്ത വാഗ്ദാനം പൂര്‍ത്തിയാകുന്നതിനുംവേണ്ടി" (ഉല്‍പ 18,19)യാണ് ദൈവം അബ്രാഹത്തെയും മക്കളെയും തിരഞ്ഞെടുത്തത് എന്ന വചനത്തിന്‍റെ പൊരുള്‍ പ്രവാസകാലത്താണ് വ്യക്തമായത്: "ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ലോകത്തിന് പ്രകാശവുമായി നല്കിയിരിക്കുന്നു" (ഏശ 42,7). തിരഞ്ഞെടുക്കപ്പെട്ട ജനം എന്നത് മഹത്വത്തിന്‍റെ സ്ഥാനം എന്നതിനേക്കാള്‍ മറ്റു ജനതകളോടുള്ള ഉത്തരവാദിത്വത്തെ അനുസ്മരിപ്പിക്കുന്ന ദൗത്യമാണ് എന്ന അവബോധം വളരാന്‍ പ്രവാസം കാരണമായി.

സംവിധാനങ്ങള്‍ ആപേക്ഷികം

ദൈവത്തിനു വിശുദ്ധജനവും പുരോഹിതരാജ്യവും ആകാന്‍ വിളിക്കപ്പെട്ടവര്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഈ ദൗത്യം നിര്‍വ്വഹിക്കാം എന്നു കരുതിയിരുന്നു. ഈ ധാരണയാണ് പ്രവാസത്തിലൂടെ തകര്‍ക്കപ്പെട്ടത്. രാജാവും പുരോഹിതനും കൊട്ടാരവും ദേവാലയവും എല്ലാം ഒറ്റയടിക്കു തകര്‍ന്നു. ദേവാലയം നാശക്കൂമ്പാരമായി; തീര്‍ത്ഥാടനമില്ലാതായി. ബലിയര്‍പ്പണം മുടങ്ങി. അവശ്യവും അനിവാര്യവുമെന്ന് കരുതപ്പെട്ടിരുന്ന സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ട പ്രവാസജനതയ്ക്ക് അടിസ്ഥാനപരമായ ഉള്‍ക്കാഴ്ച ലഭിച്ചു. മനുഷ്യനിര്‍മ്മിതമായ ഭവനങ്ങളും  അവിടെ അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങളും എല്ലാം ആപേക്ഷികമാണ്; ദൈവം ഇവയ്ക്കെല്ലാം ഉപരിയും.

ദേവാലയമില്ലാതെ ദൈവികസാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ ഗ്രഹിച്ചു. പ്രവാസികളുടെ മധ്യേ കേബാര്‍നദീതീരത്ത് പ്രവാസിയായി കഴിഞ്ഞ എസെക്കിയേലിനുണ്ടായ ദൈവികദര്‍ശനം (എസെ 1-3) ഈ സത്യം അടിവരയിട്ടുറപ്പിക്കുന്നു. മനുഷ്യനിര്‍മ്മിതമായ സംവിധാനങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഉപരിയാണ് ദൈവം. സ്ഥലകാലങ്ങള്‍ക്കതീതനാണ് അവിടുന്ന്. ദൈവംതന്നെ ആലയമായിത്തീരുന്ന ഒരനുഭവമാണ് പ്രവാസികള്‍ക്കു ലഭിച്ചത്.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബാഹ്യമായ ചില അനുഷ്ഠാനങ്ങളേക്കാള്‍ ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിച്ചുള്ളജീവിതമാണ് ആവശ്യം എന്ന് അവര്‍ മനസ്സിലാക്കി. രാജാവും പുരോഹിതനും ഇല്ലാതെതന്നെ ഒരു സമൂഹമെന്നനിലയില്‍ ദൈവജനത്തിനൊന്നാകെ പുരോഹിത ശുശ്രൂഷചെയ്യാന്‍ കഴിയും എന്ന അവബോധത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. ദൈവഹിതം ജനത്തെയും, ജനത്തിന്‍റെ പ്രാര്‍ത്ഥനകളും ആവശ്യങ്ങളും ദൈവത്തെയും അറിയിക്കുകയും ദൈവകൃപയുടെ നീര്‍ച്ചാലായി വര്‍ത്തിക്കുകയുമാണ് പൗരോഹിത്യത്തിന്‍റെ മുഖ്യധര്‍മ്മം. ഇതാണ് ലോകജനതകള്‍ക്കുമുന്നില്‍ പുരോഹിതനാവുക എന്നതിന്‍റെ അര്‍ത്ഥം.

ഈ അവബോധം സമൂലമായ ഒരു ജീവിതപരിവര്‍ത്തനത്തിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേല്‍ജനത്തിന് വലിയൊരു ശുദ്ധീകരണത്തിന്‍റെ, ആത്മീയനവീകരണത്തിന്‍റെ, അവസരമായി മാറി പ്രത്യക്ഷത്തില്‍ നിരാശാജനകമായ, ശാപവും ശിക്ഷയുമായി കരുതപ്പെട്ട പ്രവാസം. 50 വര്‍ഷത്തെ പ്രവാസം ശുദ്ധീകരണത്തിന്‍റെ കാലമായിട്ടാണ് പ്രധാമായും വി. ഗ്രന്ഥചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്.

ലിഖിതങ്ങള്‍

ദൈവികപദ്ധതിയെയും ആ പദ്ധതിയില്‍ ഇസ്രായേല്‍ജനത്തിനുള്ള സ്ഥാനത്തെയും സംബന്ധിച്ച ആഴമേറിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ച ഒരു കാലഘട്ടമായിരുന്നു പ്രവാസം. ആ ഉള്‍ക്കാഴ്ചകള്‍ പ്രവാസത്തില്‍വച്ച് ലിഖിതരൂപത്തിലാക്കപ്പെട്ടു.

ദൈവികഉടമ്പടിയുടെ വെളിച്ചത്തില്‍ ഇസ്രായേല്‍ ചരിത്രത്തെ അവലോകനം ചെയ്യുന്ന നിയമാവര്‍ത്തന ഗ്രന്ഥത്തിന്‍റെയും നിയമാവര്‍ത്തനാത്മകചരിത്രത്തിന്‍റെയും രചന പൂര്‍ത്തിയായത് പ്രവാസകാലത്താണ്. നിയമാവര്‍ത്തനം മുതല്‍ 2 രാജാക്കന്മാര്‍വരെയുള്ള 7 പുസ്തകങ്ങള്‍ ഈ ഗണത്തില്‍പെടുന്നു. ഹോസിയാ, ജറെമിയാ മുതലായ പ്രവാചകന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന പ്രവാചകശിഷ്യരായിരുന്നു നിയമാവര്‍ത്തനാത്മക ചരിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അല്പം വ്യത്യസ്തമായ കാഴ്ചപ്പാടുള്‍ക്കൊണ്ട പുരോഹിതശിഷ്യരും ഈ കാലഘട്ടത്തില്‍ രചനയില്‍ മുഴുകി.

ദൈവാരാധനയില്‍വന്ന പിശകുകളും വിഗ്രഹാരാധനയുമാണ് പ്രവാസത്തിലേക്കു നയിച്ച അവിശ്വസ്തതയുടെയും പാപത്തിന്‍റെയും പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത് എന്നു വിശ്വസിച്ച അവര്‍ ദൈവാരാധാനയിലെ അനാചാരങ്ങള്‍ തിരുത്തുന്നതിനും ദൈവത്തിനു സ്വീകാര്യമായ ബലിയര്‍പ്പിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം കൊടുത്തു. ഇവരെ പുരോഹിതശിഷ്യഗണം (priestly school) എന്നു വിളിക്കുന്നു. നിയമാവര്‍ത്തനാത്മക ചരിത്രകാരന്മാര്‍ ദൈവസ്നേഹത്തിന് പ്രാമുഖ്യം കല്പിച്ചപ്പോള്‍ പുരോഹിതശിഷ്യര്‍ ദൈവത്തിന്‍റെ വിശുദ്ധിക്കാണ് ഏറ്റം കൂടുതല്‍ പ്രാധാന്യം കല്പിച്ചത്. ഈ കാഴ്ചപ്പാടില്‍ അവര്‍ പഞ്ചഗ്രന്ഥത്തിന്‍റെ രചന പൂര്‍ത്തിയാക്കുന്ന ശ്രമത്തില്‍ ഏര്‍പ്പെട്ടു. പ്രവാസത്തിനുശേഷമാണ് രചന പൂര്‍ത്തിയായതെങ്കിലും അതിന്‍റെ തുടക്കം പ്രവാസകാലത്തായിരുന്നു. പഞ്ചഗ്രന്ഥത്തില്‍ ലേവ്യരുടെ പുസ്തകം മുഴുവനായും പുരോഹിതപാരമ്പര്യത്തിന്‍റെ സംഭാവനയാണ്. മറ്റു നാലു പുസ്തകങ്ങളിലും, ഏറ്റക്കുറച്ചിലുകളോടെ, ഈ പാരമ്പര്യത്തിന്‍റെ സ്വാധീനം കാണാം. ദിനവൃത്താന്തങ്ങള്‍, എസ്രാ, നെഹെമിയാ എന്നീ പുസ്തകങ്ങളും പുരോഹിതപാരമ്പര്യത്തില്‍നിന്നു വരുന്നു.

മോചനം ആസന്നം

നബുക്കദ്നേസറിന്‍റെ മരണത്തോടെ (ബി.സി. 562) ബാബിലോണിന്‍റെ ശക്തി ക്ഷയിച്ചു. പിന്നീടുവന്ന മൂന്നു രാജാക്കന്മാര്‍ (എവില്‍ മെറോദാക്ക് 562-560; നെരിഗ് ലാസ്സാര്‍ 560-556; നബോനിദസ് 556-539) ഒന്നിനൊന്ന് ബലഹീനരായിരുന്നു. അതേസമയം കിഴക്ക് പേര്‍ഷ്യ ശക്തമായൊരു സാമ്രാജ്യമായി വളര്‍ന്നുവന്നു. സൈറസ് രാജാവ് (550-530) ചുറ്റുപാടുമുള്ള ജനതകളെ കീഴടക്കി. 539 ല്‍ ബാബിലോണ്‍ സൈറസിനു മുന്നില്‍ നിപതിച്ചു. മധ്യപൗരസ്ത്യദേശത്ത് പുതിയൊരു ഭരണവും പുതിയൊരു സംസ്കാരവും രൂപംകൊണ്ടു.

ഇതരജനതകളെ ശത്രുക്കളായിക്കണ്ട് അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നു അസീറിയായുടെയും ബാബിലോണിന്‍റെയും ശൈലി. അതിനാല്‍ത്തന്നെ കീഴടക്കിയവരെ ചിതറിച്ച് ഒരു ജനതയല്ലാതാക്കുക, ചെറുത്തുനില്പിനും ഉയിര്‍ത്തെഴുന്നേല്പിനും അവസരം നിഷേധിക്കുക, അവരുടെ നയമായിരുന്നു. ഇതില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു പേര്‍ഷ്യക്കാരനായ സൈറസിന്‍റെ നയം. സംതൃപ്തരായ പ്രജകളിലാണ് സാമ്രാജ്യത്തിന്‍റെ സുരക്ഷിതത്വം അവര്‍ കണ്ടത്. അതിനാല്‍ തന്‍റെ ഭരണസീമയിലുള്ള സകലജനതകള്‍ക്കും താന്താങ്ങളുടെ വിശ്വാസങ്ങളും സംസ്കാരങ്ങളും അനുസരിച്ച് ജീവിക്കാന്‍ അനുവാദം നല്കി. ബലമായി നാടുകടത്തപ്പെട്ടവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചുപോകാന്‍ രാജകല്പനയിലൂടെ അനുവാദം ലഭിച്ചു. ഇത് രക്ഷാചരിത്രത്തില്‍ പുതിയൊരു കാലഘട്ടത്തിനു തുടക്കം കുറിച്ചു. സൈറസിനെ കര്‍ത്താവിന്‍റെ ദാസനും ഉപകരണവുമായിക്കണ്ട രണ്ടാംഏശയ്യാ ജനത്തിന്‍റെ മോചനം ആസന്നമായിരിക്കുന്നു എന്നു പ്രവചിച്ചു (ഏശ 40, 1-11; 45,1-8)

                                                                                  പ്രവാസാനന്തരകാലം

(ബി.സി. 538-എ.ഡി. 135)

ഇസ്രായേല്‍ ചരിത്രത്തിലൂടെ ചുരുള്‍വിടരുന്ന രക്ഷാചരിത്രത്തിന്‍റെ ഏഴാം ഘട്ടത്തെ പ്രവാസാനന്തരകാലം എന്നു വിശേഷിപ്പിക്കുന്നു. ബാബിലോണില്‍ പ്രവാസികളായി കഴിഞ്ഞ ഇസ്രായേല്‍ക്കാര്‍ക്കു സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകാന്‍ അനുവാദം നല്കുന്ന പേര്‍ഷ്യന്‍ രാജാവ് സൈറസിന്‍റെ കല്പന (538) മുതല്‍, ജറുസലെമിനെ റോമന്‍ കോളണിയായി പ്രഖ്യാപിക്കുകയും യഹൂദര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുകയും ചെയ്ത റോമന്‍ ചക്രവര്‍ത്തി ഹഡ്രിയാന്‍റെ കല്പന (എ.ഡി. 135)വരെയുള്ള സുദീര്‍ഘമായ കാലഘട്ടമാണ് ഇവിടെ പരിഗണനാവിഷയം. ഈ കാലഘട്ടത്തെ മൂന്നായി തിരിക്കാം.

  1. പേര്‍ഷ്യന്‍ ഭരണം - ബി.സി. 538-332
  2. ഗ്രീക്കു ഭരണം - ബി.സി. 332-63
  3. റോമന്‍ ഭരണം - ബി.സി. 63-എ.ഡി. 135
  4. പേര്‍ഷ്യന്‍ ഭരണം (ബി.സി. 538-332)

      1. പേര്‍ഷ്യന്‍ ഭരണം - ബി.സി. 538-332

 ബി.സി. 539 ല്‍ ബാബിലോണിനെ തോല്പിച്ച് മധ്യപൗരസ്ത്യദേശത്തെ ഏക വന്‍ശക്തിയായി ഉയര്‍ന്ന പേര്‍ഷ്യയുടെ രാജാവ് സൈറസ് തന്‍റെ സാമ്രാജ്യത്തിലുള്ള സകലപ്രവാസികള്‍ക്കും താന്താങ്ങളുടെ ദേശങ്ങളിലേക്കു പോയി അവരവരുടെ മതനിയമങ്ങളും സാംസ്കാരികപാരമ്പര്യങ്ങളും അനുസരിച്ച് ജീവിക്കാന്‍ അനുവാദം നല്കി. 538 ലെ ഈ വിളംബരം (2 ദിന 36,22-23) അനുസരിച്ച് ഇസ്രായേല്‍ക്കാര്‍ക്കും പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ലഭിച്ചു. പേര്‍ഷ്യന്‍ ഭരണം നിലനിന്നിടത്തോളം കാലം ഈ മതസ്വാതന്ത്ര്യവും നിലനിന്നു. എന്നാല്‍ രാഷ്ട്രീയമായി ഇസ്രായേല്‍ക്കാര്‍ പേര്‍ഷ്യന്‍ ആധിപത്യത്തിന്‍ കീഴിലായിരുന്നു. ബി.സി. 332 ല്‍ മഹാനായ അലക്സാണ്ടര്‍ പലസ്തീനാ കീഴടക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു. ബാബിലോണ്‍ പ്രവാസത്തിനുമുമ്പ് അവസാനത്തെ രാജാവായ സെദെക്കിയായ്ക്കുശേഷം  ഇസ്രായേലില്‍ രാജാവോ രാജഭരണമോ ഉണ്ടായില്ല. കാലാകാലങ്ങളില്‍ മാറിമാറി വന്ന വന്‍ശക്തികളുടെ ആധിപത്യത്തിന്‍ കീഴിലാണവര്‍ ജീവിച്ചത്. എന്നാല്‍ മതസ്വാതന്ത്ര്യമുണ്ടായിരുന്നു.

പ്രതിസന്ധികള്‍

അനുവാദം ലഭിച്ചെങ്കിലും 50 വര്‍ഷം ബാബിലോണില്‍ വസിച്ച പലര്‍ക്കും തിരിച്ചുപോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ജറെമിയായുടെ നിര്‍ദ്ദേശം അനുസരിച്ച് (ജറെ 29) പ്രവാസികള്‍ ബാബിലോണില്‍ വീടുപണിയുകയും കൃഷിയിലും മറ്റു സംരംഭങ്ങളിലും ഏര്‍പ്പെടുകയും ചെയ്തു. ഒരു തലമുറ കഴിഞ്ഞപ്പോഴേയ്ക്കും പിതാക്കന്മാര്‍ വിട്ടിട്ടുപോന്ന വാഗ്ദത്തഭൂമിയുടെ ആകര്‍ഷണം അത്ര ശക്തമായിരുന്നില്ല. പലര്‍ക്കും ബാബിലോണിലെ ജീവിതം കൂടുതല്‍ അഭികാമ്യമായി തോന്നി. അതിനാല്‍ മടങ്ങിവന്നവര്‍ അംഗസംഖ്യയില്‍ പ്രായേണ കുറവായിരുന്നു.

വാഗ്ദത്തഭൂമിയിലേക്കു മടങ്ങിവന്നവര്‍ക്കാകട്ടെ പ്രവാചകന്മാര്‍ കണ്ട സമൃദ്ധിയും സമാധാനവും സംരക്ഷണവും ലഭിച്ചില്ല. അന്യാധീനപ്പെട്ടുപോയ തങ്ങളുടെ വീടും സ്ഥലവും പലര്‍ക്കും തിരിച്ചുകിട്ടിയില്ല. ജീവിക്കാന്‍തന്നെ ഏറെ ക്ലേശിക്കേണ്ടിവന്നു. തകര്‍ന്നുകിടന്ന ദേവാലയം വീണ്ടും പണിയാന്‍ ആരംഭിച്ചെങ്കിലും പലകാരണങ്ങളാലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഏറെ വൈകി. ഹഗ്ഗായി-സഖറിയാ പ്രവാചകന്മാരുടെ നിരന്തരമായ പ്രേരണയാല്‍ ദേവാലയം പണി തുടര്‍ന്ന് 515 ല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സോളമന്‍ പണിയിച്ച ആദ്യ ദേവാലയം കണ്ടിട്ടുള്ള വൃദ്ധര്‍ നിരാശരായി. കാരണം രണ്ടാം ദേവാലയം ചെറുതും ഒട്ടും തന്നെ പ്രൗഢിയില്ലാത്തതും ആയിരുന്നു. നിരന്തരമായ വരള്‍ച്ചയും കൃഷിനാശവുംകൂടി ആയപ്പോള്‍ ജനജീവിതം ദുരിതപൂര്‍ണ്ണമായി. പാവപ്പെട്ടവരുടെ നിസ്സഹായതയെ ചൂഷണം ചെയ്ത് ചുരുക്കംപേര്‍ അതിവേഗം ധനികരായി. ഭൂരിപക്ഷവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈ സാഹചര്യത്തിലാണ് നീതിക്കുവേണ്ടിയുള്ള ശക്തമായ ആഹ്വാനവുമായി മൂന്നാം ഏശയ്യാ (ഏശ 56-66) രംഗത്തുവന്നത്. പ്രവാചകന്‍റെ ആഹ്വാനം ഫലപ്രദമായില്ല എന്ന് നെഹെമിയായുടെ മുന്നില്‍ ജനം നിരത്തുന്ന പരാതികളില്‍ (നെഹ 5,1-5) നിന്ന് മനസ്സിലാക്കാം.

മതനവീകരണം 

അഞ്ചാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ വലിയൊരു മതനവീകരണം ആരംഭിച്ചു. എസ്രാ എന്ന നിയമജ്ഞനും നെഹെമിയാ എന്ന പേര്‍ഷ്യയുടെ പ്രതിനിധിയായ ഭരണാധിപനുമാണ് ഇതിനു ചുക്കാന്‍ പിടിച്ചത്. എസ്രാ, നെഹെമിയാ എന്നീ പുസ്തകങ്ങളില്‍ ഈ കാലഘട്ടത്തിന്‍റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

യഹൂദമതത്തിന്‍റെ പിതാവ് എന്നാണ് നിയമപണ്ഡിതനായ എസ്രാ അറിയപ്പെടുന്നത്. ബി.സി. 458 ല്‍ ഒരു ഗണം പ്രവാസികളോടൊപ്പം ജറുസലെമിലെത്തിയ എസ്രായ്ക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; മതനവീകരണം. "കര്‍ത്താവിന്‍റെ നിയമം പഠിക്കാനും അനുഷ്ഠിക്കാനും അവിടുത്തെ അനുശാസനങ്ങളും പ്രമാണങ്ങളും ഇസ്രായേലില്‍ പഠിപ്പിക്കാനും അവന്‍ ഉത്സുകനായിരുന്നു" (എസ്രാ 7,10).

പ്രവാസകാലത്തും അതിനുശേഷവും ഇസ്രായേല്‍ജനത്തിനിടയില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ തുടച്ചുനീക്കാനായിരുന്നു എസ്രായുടെ ആദ്യശ്രമം. അതിന്‍റെ തുടക്കമായി വിജാതീയരുമായി നടത്തിയ ഇസ്രായേല്‍ക്കാരുടെ വിവാഹങ്ങള്‍ അസാധുവാക്കി (എസ്രാ 9-10). വിജാതീയഭാര്യമാരെ പറഞ്ഞയയ്ക്കാന്‍ നിര്‍ബന്ധിച്ചു. വിജാതീയരുമായി ബന്ധപ്പെടുകവഴി അവരുടെ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും ഇസ്രായേല്‍ക്കാര്‍ ആകൃഷ്ടരായതാണ് പ്രവാസം അടക്കം ജനം നേരിട്ട സകല ദുരന്തങ്ങളുടെയും കാരണം എന്നു വിശ്വസിച്ച എസ്രാ വിജാതീയരുമായുള്ള സകല വേഴ്ചകളില്‍നിന്നും അകന്നു നില്ക്കാന്‍ ജനത്തെ പ്രേരിപ്പിച്ചു. തങ്ങള്‍ ദൈവത്തിനു വിശുദ്ധ ജനമാണെന്നും അശുദ്ധമായ സകലത്തില്‍നിന്നും അകന്നു നിന്നുകൊണ്ട് വിശുദ്ധി പാലിക്കണമെന്നും പഠിപ്പിച്ചു.

ആരാധനയുടെ ക്രമീകരണവും നവീകരണവുമാണ് എസ്രാ ശ്രദ്ധ ചെലുത്തിയ മറ്റൊരു മേഖല. ലേവ്യരുടെ പുസ്തകത്തില്‍ കാണുന്ന ബലിയര്‍പ്പണം, തിരുനാളാഘോഷങ്ങള്‍, ശുദ്ധിയെ സംബന്ധിച്ച നിയമങ്ങള്‍ ഇവയെല്ലാം ഇന്നു ലഭിച്ചിരിക്കുന്ന വിധത്തില്‍ അന്തിമമായി ക്രോഡീകരിക്കപ്പെട്ടത് ഈ കാലത്താണ്.

ബൈബിള്‍ ഗ്രന്ഥങ്ങളുടെ ക്രോഡീകരണവും അന്തിമപ്രസാധനവുമാണ് ഈ കാലഘട്ടത്തില്‍ നടന്ന മറ്റൊരു സുപ്രധാനസംഭവം. പഞ്ചഗ്രന്ഥം അവസാനമായി പ്രസിദ്ധീകരിച്ചത് ഈ കാലഘട്ടത്തിലാണ്. അതോടൊപ്പം പ്രവാചകഗ്രന്ഥങ്ങളും, ചുരുക്കം ചിലതൊഴികെ, അന്തിമമായി പ്രസാധനം ചെയ്യപ്പെട്ടു. എഴുതപ്പെട്ട ദൈവവചനം ജീവിതത്തിനു മാനദണ്ഡമായി സ്വീകരിച്ചു. തനിക്കു പറയാനുള്ളതെല്ലാം ദൈവം പ്രവാചകന്മാരിലൂടെ അറിയിച്ചുകഴിഞ്ഞു. ഇനി പുതിയൊരു വെളിപാടു പ്രതീക്ഷിക്കാനില്ല. ഇതുവരെ ലഭിച്ച വെളിപാടുകള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുക, പഠിക്കുക, ജീവിക്കുക എന്നതാണ് കരണീയം എന്ന പഠനം രൂപംപ്രാപിച്ചു.

പുരോഹിതനും നിയമജ്ഞനുമായ എസ്രായോടുകൂടെ നിയമജ്ഞരായ പുരോഹിതരുടെ ഒരു സംഘമുണ്ടായിരുന്നു. പുതിയനിയമകാലത്തെ നിയമജ്ഞരുടെ ഉത്ഭവം ഇവിടെ കാണാം. പുരോഹിതന്മാരാണ് ജനജീവിത്തിന്‍റെ സകല മേഖലകളിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിയത്. ചുരുക്കത്തില്‍, അത് പുരോഹിതഭരണത്തിന്‍റെ കാലമായിരുന്നു. പ്രവാചകന്മാര്‍ സാവധാനം അപ്രത്യക്ഷമായി. പുതിയ വെളിപ്പെടുത്തലുകളുമായി ആരെങ്കിലും വന്നാല്‍ അവരെ സ്വീകരിക്കാന്‍ ഈ ഭരണസംവിധാനം ഒരുക്കമായിരുന്നില്ല. അവരെ വ്യാജപ്രവാചകന്മാരായി മുദ്രകുത്തി ഉന്മൂലനം ചെയ്യും. സംഖ്യ 13, 1-6 പ്രവാചകത്വത്തോടുള്ള നിഷേധാത്മകസമീപനത്തിന്‍റെ ഉദാഹരണമാണ്. അതിനാല്‍ ഈ കാലഘട്ടത്തിലും ഇതിനുശേഷവും വന്ന പല പ്രവാചകരും വ്യാജനാമത്തിലാണ് തങ്ങളുടെ സന്ദേശം അവതരിപ്പിച്ചത്. യോനായും ദാനിയേലും ഉദാഹരണങ്ങള്‍.

നിയമങ്ങളുടെ അക്ഷരാര്‍ത്ഥത്തിനും ബാഹ്യാനുഷ്ഠാനങ്ങളുടെ കൃത്യതയ്ക്കുമാണ് പുരോഹിതരും നിയമജ്ഞരും പ്രാധാന്യം കൊടുത്തത്. നിയമാവര്‍ത്തനപാരമ്പര്യവും പ്രവാചകന്മാരും ഉദ്ബോധിപ്പിച്ച ആന്തരികതയ്ക്കും സ്നേഹത്തിന്‍റെ പ്രമാണത്തിനും വേണ്ടത്ര ഊന്നല്‍ നല്കപ്പെടാതെ പോയി. സാവകാശം ഈ മതനവീകരണം ഭക്തിയുടെ പുറന്തോടു കാത്തുസൂക്ഷിക്കുന്ന ആചാരങ്ങള്‍ മാത്രമായി അധഃപതിച്ചു. ആരാധനയും ഭക്തിയും തന്നെ കാപട്യത്തിന്‍റെ മുഖംമൂടികളായി. ഇതിനെതിരേയാണ് യേശുക്രിസ്തു അതിശക്തമായി പ്രതികരിച്ചത്. (മത്താ 23).

തങ്ങള്‍മാത്രം വിശുദ്ധര്‍ എന്ന ചിന്താഗതി ജനത്തിനിടയില്‍, പ്രത്യേകിച്ചും പുരോഹിത-നിയമജ്ഞനേതാക്കള്‍ക്കിടയില്‍ പ്രചരിച്ചു. നിയമങ്ങള്‍ വള്ളിപുള്ളി വിടാതെ അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കാത്തവരെല്ലാം പാപികളായി മുദ്രകുത്തപ്പെട്ടു. മതാത്മകമായ ഒരു അസഹിഷ്ണുത ശക്തിപ്രാപിച്ചു. വിജാതീയരെ ഒന്നടങ്കം പുറന്തള്ളപ്പെട്ടവരും നിത്യശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമായി പരിഗണിക്കാന്‍ തുടങ്ങി. ഒരു "ഗെറ്റോ" മനോഭാവം രൂപംകൊണ്ടു. പ്രവാസകാലത്തു ലഭിച്ച സാര്‍വ്വത്രിക രക്ഷയെയും മിഷനറി ദൗത്യത്തെയും സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍ അവഗണിച്ച്, തങ്ങളിലേക്കുതന്നെ ഉള്‍വലിയാനും ഒതുങ്ങിക്കൂടാനുമാണ് ഔദ്യോഗികനേതൃത്വം ശ്രമിച്ചത്.

ജ്ഞാനപ്രസ്ഥാനം  

ബാബിലോണ്‍ പ്രവാസത്തില്‍ നേടിയ ഇതരജനതകളുമായുള്ള, പ്രത്യേകിച്ചും മെസൊപ്പൊട്ടേമിയന്‍ സംസ്ക്കാരവുമായുള്ള ബന്ധം ഇസ്രായേലിന്‍റെ ചിന്താഗതിയിലും സ്വാധീനം ചെലുത്തി. ജ്ഞാനികളുടെ ആവിര്‍ഭാവമാണ് അതിലൊന്ന്. ബാബിലോണ്‍, അസീറിയ, പേര്‍ഷ്യ തുടങ്ങിയ സംസ്കാരങ്ങളില്‍ നിലനിന്ന ജീവിതവീക്ഷണങ്ങള്‍ ഇവര്‍ സ്വന്തമാക്കി. അതോടൊപ്പം പ്രവാചകന്മാരില്‍ നിന്നും നിയമസംഹിതകളില്‍നിന്നും ലഭിച്ച ഉള്‍ക്കാഴ്ചകളും, പ്രകൃതിയെയും മനുഷ്യനെയും സംബന്ധിച്ച നിരീക്ഷണങ്ങളും അനുഭവങ്ങളുംവഴി ലഭിച്ച അറിവുകളും ജീവിതലക്ഷ്യം നിര്‍ണ്ണയിക്കുന്ന തിനും ജീവിതശൈലി കരുപ്പിടിപ്പിക്കുന്നതിനും സഹായകമായി.

ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍ "ജ്ഞാനം" ഒഴികെ മറ്റെല്ലാംതന്നെ ഈ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്. സങ്കീര്‍ത്തനങ്ങളുടെ സമാഹരണവും ഈ കാലത്തു നടന്നു. ജ്ഞാനികള്‍ എന്നറിയപ്പെടുന്നവര്‍ സ്വീകരിച്ചിരുന്ന ഒരു പൊതു നിലപാടുണ്ട്. അത് ചുരുക്കമായി ഇപ്രകാരം വിശദീകരിക്കാം: ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ആ ലക്ഷ്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗവും തോറാ അഥവാ നിയമംവഴി ദൈവംതന്നെ കാണിച്ചു തന്നിട്ടുണ്ട്. വെളിപ്പെടുത്തപ്പെട്ട ദൈവഹിതമായ നിയമങ്ങള്‍ കണിശമായി അനുസരിച്ചു ജീവിച്ചാല്‍ ദൈവാനുഗ്രഹം ലഭിക്കും. ആരോഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, സല്‍കീര്‍ത്തി മുതലായവയാണ് ദൈവാനുഗ്രഹത്തിന്‍റെ അടയാളങ്ങള്‍. ഈ അനുഗ്രഹങ്ങള്‍ പ്രാപിക്കാനുള്ള ജീവിതനിയമങ്ങള്‍ ജ്ഞാനികള്‍ സൂക്തങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള സൂക്തങ്ങളുടെ സമാഹാരങ്ങളാണ് സുഭാഷിതങ്ങള്‍, പ്രഭാഷകന്‍ എന്നീ പുസ്തകങ്ങളിലും ജ്ഞാനസങ്കീര്‍ത്തനങ്ങളിലും കാണുന്നത്.

പ്രവാചകന്മാരുടേതില്‍നിന്ന് അല്പം വ്യത്യസ്തമാണ് ഈ പ്രബോധനം. പ്രവാചകന്മാര്‍ ഉടമ്പടിയുടെ പ്രമാണമനുസരിച്ചു ജീവിക്കാനും തെറ്റായ മാര്‍ഗ്ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞ് നീതിയുടെ മാര്‍ഗ്ഗത്തിലൂടെ ചരിക്കാനും പ്രേരിപ്പിച്ചു. മാനസാന്തരവും ജീവിതനവീകരണവുമായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ജ്ഞാനികളാകട്ടെ ജീവിതവിജയം കൈവരിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. വിജയമെന്നത് അധികപങ്കും ഭൗതികനേട്ടങ്ങളായിരുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള അറിവോ വിശ്വാസമോ കൃത്യമായി വെളിപ്പെടുത്തപ്പെട്ടിരുന്നില്ല.

ജ്ഞാനികളുടെ ഈ പ്രബോധനവും നിലപാടും പലപ്പോഴും ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പടുന്നില്ല. രോഗവും ഹ്രസ്വായുസ്സും ദാരിദ്ര്യവും എല്ലാം പാപത്തിന്‍റെ ഫലവും ദൈവശാപത്തിന്‍റെ അടയാളങ്ങളുമായി ചിത്രീകരിച്ചതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞില്ല. പച്ചയായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ജ്ഞാനികളുടെ ഔദ്യോഗിക പ്രബോധനത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥങ്ങളും ഈ കാലത്ത് രചിക്കപ്പെട്ടു. നീതിമാന്‍റെ സഹനത്തിന്‍റെ അര്‍ത്ഥം അന്വേഷിക്കുന്ന "ജോബും" മനുഷ്യജീവിതംതന്നെ വ്യര്‍ത്ഥമാണെന്നു പഠിപ്പിക്കുന്ന "സഭാപ്രസംഗകനും" ഈ കാലത്തുതന്നെയാണ് രൂപപ്പെട്ടത്. പ്രവാചകത്വത്തെ നിഷേധിച്ച്, യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും ലൗകികജ്ഞാനത്തിനും പ്രാധാന്യം കൊടുത്ത ഔദ്യോഗിക പക്ഷത്തിനെതിരേ അവസാനമായി ഉയര്‍ന്ന പ്രവാചകപ്രതിഷേധമാണ് മലാക്കിയുടേത്: "നിങ്ങള്‍ എന്‍റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍!" (മലാ 1,10).

 

ചുരുക്കത്തില്‍, പേര്‍ഷ്യന്‍ ഭരണകാലം രക്ഷാചരിത്രത്തിലെ സുപ്രധാനമായ ഒരു കാലഘട്ടമാണ്. ആഴമേറിയ വിശ്വാസവും മതാത്മകതയും വര്‍ദ്ധിച്ചു. ജീവിതത്തിനു മാനദണ്ഡമായ ബൈബിള്‍ രൂപംകൊണ്ടു. ഇസ്രായേല്‍ ജനത്തിന്‍റെയും യഹൂദമതത്തിന്‍റെയും തനതാത്മകത വ്യക്തമായി. അതോടൊപ്പം ബാഹ്യാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം വര്‍ദ്ധിച്ചതോടെ കപടഭക്തിയും ആന്തരികത നഷ്ടപ്പെട്ട അനുഷ്ഠാനമതവും ശക്തിപ്പെടുകയും ചെയ്തു. ഈ പ്രവണത പുതിയ നിയമകാലമാകുമ്പോഴേക്കും അതിശക്തമാവുന്നതും യേശുക്രിസ്തു അതിനെതിരേ സര്‍വ്വശക്തിയുമുപയോഗിച്ചു പ്രതിഷേധിക്കുന്നതും കാണാം.

   2. ഗ്രീക്കു ഭരണം (ബി.സി. 332-63)

രണ്ടു നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച പേര്‍ഷ്യന്‍ ഭരണത്തിനുശേഷം കടന്നുവന്നത് ഗ്രീക്കുഭരണമാണ്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ബി.സി. 332 ല്‍ പാലസ്തീനാ കീഴടക്കിയതുമുതല്‍ റോമന്‍ കോണ്‍സുള്‍ പോംപേയ് ബി.സി. 63 ല്‍ പാലസ്തീനായുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെയുള്ള കാലഘട്ടമാണ് ഇവിടെ ചര്‍ച്ചാവിഷയം. ഇസ്രായേല്‍ ചരിത്രത്തിലെന്നതുപോലെ തന്നെ രക്ഷാചരിത്രത്തിലും കാതലായ മാറ്റങ്ങള്‍ സംഭവിക്കുകയും പുതിയ ഉള്‍ക്കാഴ്ചകളും സംരംഭങ്ങളും രൂപപ്പെടുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു ഇത്.

ചരിത്രപശ്ചാത്തലം 

മാസിഡോണിയാ രാജാവായ ഫിലിപ്പ് രണ്ടാമന്‍റെ മകനായി ബി.സി. 356 ല്‍ അലക്സാണ്ടര്‍ ജനിച്ചു. മഹാനായ ഗ്രീക്ക് തത്വചിന്തകന്‍ അരിസ്റ്റോട്ടിലിന്‍റെ കീഴിലായിരുന്നു അലക്സാണ്ടറിന്‍റെ വിദ്യാഭ്യാസം. ഗ്രീക്കുതത്വചിന്തയും സംസ്ക്കാരവും ലോകം മുഴുവന്‍ പ്രചരിപ്പിക്കുക, അങ്ങനെ ലോകത്തെ മുഴുവന്‍ ഒറ്റ സംസ്കാരത്തിന്‍റെ കീഴില്‍ ഒന്നിപ്പിക്കുക എന്നത് തന്‍റെ ജീവിതലക്ഷ്യമായി അലക്സാണ്ടര്‍ കരുതി. 336 ല്‍ രാജാവായി അധികാരമേറ്റ് പത്തു വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം ഏതാണ്ട് പൂര്‍ണ്ണമായും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഗ്രീസിനു നിരന്തരം ഭീഷണിയായിരുന്ന പേര്‍ഷ്യയെ പരാജയപ്പെടുത്തുകയായിരുന്നു അലക്സാണ്ടറിന്‍റെ ആദ്യലക്ഷ്യം. 334 ല്‍ അലക്സാണ്ടറിന്‍റെ സൈന്യം പേര്‍ഷ്യന്‍ സൈന്യത്തിനെതിരേ നീങ്ങി. രണ്ടുവര്‍ഷംകൊണ്ട് നിര്‍ണ്ണായകമായ രണ്ടു യുദ്ധങ്ങള്‍ അലക്സാണ്ടര്‍ വിജയിച്ചു. 332 ല്‍ പേര്‍ഷ്യ പറ്റേ പരാജയപ്പെട്ടു. കിഴക്കോട്ടുള്ള വഴി ഗ്രീക്കു സൈന്യത്തിനു തുറന്നുകിട്ടി.

തുടര്‍ന്നു നടന്നത് ഒരു ദിഗ്വിജയ യാത്രയായിരുന്നു. പേര്‍ഷ്യന്‍ ഭരണത്തില്‍നിന്നു മോചനം നേടിയ അനേകം ജനതകള്‍ അലക്സാണ്ടറെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ചെറുത്തുനിന്നവര്‍ നശിപ്പിക്കപ്പെട്ടു. 332 ല്‍ യഹൂദര്‍ അലക്സാണ്ടറിനു നിരുപാധികം കീഴടങ്ങി. ശിമയോന്‍ യുസ്തുസ് എന്ന പ്രധാനപുരോഹിതന്‍ അദ്ദേഹത്തെ ജറുസലെം നഗരവാതില്ക്കല്‍വച്ച് സാഘോഷം സ്വീകരിച്ച് ദേവാലയത്തിലേക്കാനയിച്ചു. സന്തുഷ്ടനായ ചക്രവര്‍ത്തി യഹൂദര്‍ക്ക് അനേകം ആനുകൂല്യങ്ങള്‍ അനുവദിച്ചു.

331 ല്‍ ഈജിപ്തു കീഴടക്കി തന്‍റെതന്നെ പേരില്‍ അലക്സാണ്ട്റിയാ പട്ടണം സ്ഥാപിച്ചതിനുശേഷം കിഴക്കോട്ടു യാത്ര തുടര്‍ന്നു. 326 ല്‍ സിന്ധു നദീതടംവരെയെത്തി. മുന്നോട്ടു പോകാന്‍ സൈന്യം വൈമുഖ്യം കാണിച്ചതിനാല്‍ ദിഗ്വിജയങ്ങള്‍ അവസാനിപ്പിച്ച് മടക്കയാത്ര ആരംഭിച്ചു. അനേകം ജനതകളെ നിഷ്പ്രയാസം കീഴടക്കിയ അലക്സാണ്ടര്‍ 322 ല്‍ ബാബിലോണില്‍വച്ച് 33-ാം വയസ്സില്‍ പനി ബാധിച്ചു മരിച്ചു എന്നത് ചരിത്രത്തിന്‍റെ ഒരു തമാശയോ അതോ ഗൗരവാവഹമായ പ്രബോധനമോ?

യവനവല്‍ക്കരണം

ഒരു കൊള്ളിയാന്‍പോലെ കടന്നുപോയ അലക്സാണ്ടര്‍ സിന്ധുനദിക്കു പടിഞ്ഞാറുള്ള ദേശങ്ങളുടെ ഭൂപടം മാറ്റിവരച്ചു; ജനതകളുടെ സംസ്കാരത്തിനു പുതിയ ദിശയും ദര്‍ശനവും നല്കി. ഗ്രീക്കുഭാഷ സംസാരഭാഷയായി. ജനതകളുടെ വസ്ത്രധാരണരീതിയില്‍ പോലും മാറ്റംവന്നു. വെറും പത്തുകൊല്ലം മാത്രം ദീര്‍ഘിച്ച അലക്സാണ്ടറിന്‍റെ യുദ്ധയാത്രകള്‍ ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു.

നിര്‍ബന്ധമായി അടിച്ചേല്പിച്ചതല്ല യവനസംസ്കാരം. അലക്സാണ്ടറിന്‍റെ അത്ഭുതാവഹമായ നേതൃത്വപാടവവും ഗ്രീക്കു സൈ ന്യത്തിന്‍റെ അച്ചടക്കവും ശക്തിയും ജനതകളെ ഹഠാദാകര്‍ഷിച്ചു; ഗ്രീക്കു സൈന്യത്തെ എന്നപോലെ ഗ്രീക്കു സംസ്കാരത്തെയും വലിയ താല്‍പര്യത്തോടെ സ്വീകരിച്ചു. കാരണം തങ്ങളുടേതിനേക്കാള്‍ മെച്ചമാണ് ഗ്രീക്കു സംസ്കാരം എന്ന് അവര്‍ വിശ്വസിച്ചു.

യവനസംസ്കാരത്തിന്‍റെ പ്രചാരണത്തിനായി അലക്സാണ്ടര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കീഴടക്കിയ നഗരങ്ങളിലെല്ലാം ഗ്രീക്കു കോളനികള്‍ സ്ഥാപിച്ച് തന്‍റെ സൈനികരില്‍ ചിലരെ അവിടെ കുടിയിരുത്തി. കീഴടങ്ങിയ ജനതകളില്‍നിന്നും യുവാക്കളെ തന്‍റെ സൈന്യത്തിലേക്കു സ്വീകരിച്ചു. പല നഗരങ്ങളിലും യവനസംസ്കാരത്തിന്‍റെ പഠനകേന്ദ്രങ്ങള്‍ (സര്‍വ്വകലാശാലകള്‍) സ്ഥാപിച്ചു. പട്ടണങ്ങള്‍തോറും കളിക്കളങ്ങളും മത്സരക്കളികളും ഏര്‍പ്പെടുത്തി. ഗ്രീക്കുകാരുടെ മത്സരക്കളികളും ഒളിംപിക് ഗെയിംസ് പോലുള്ള കായികമത്സരോത്സവങ്ങളും സകലര്‍ക്കും ഹരമായി. ഗ്രീക്കു നാടകങ്ങള്‍ക്കായി പട്ടണങ്ങള്‍തോറും വേദികള്‍ ഒരുക്കി. ഗ്രീക്കുട്രാജടികള്‍ പുതുതായൊരു ജീവിതവീക്ഷണം അവതരിപ്പിച്ചു. യാതൊരു നിര്‍ബന്ധവും കൂടാതെതന്നെ ജനതകള്‍ ഗ്രീക്കുഭാഷ പഠിച്ചു; സംസ്കാരം സ്വീകരിക്കുന്നത് അഭിമാനകരവും പരിഷ്കാരത്തിന്‍റെ അടയാളവുമായി കരുതി.

അലക്സാണ്ടറിന്‍റെ മരണത്തിനുശേഷം അദ്ദേഹത്തിന്‍റെ സൈന്യാധിപര്‍ സാമ്രാജ്യം പങ്കിട്ടെടുത്തു. ഈജിപ്തും സിറിയായു ടെ ഒരു ഭാഗവും ടോളമി എന്ന സേനാധിപനാണു ലഭിച്ചത്. സിറിയായുടെ ബാക്കി ഭാഗംമുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങള്‍ സെലൂക്കസിനു ലഭിച്ചു. പടിഞ്ഞാറു ഭാഗങ്ങള്‍ ലിസിമാക്കസ്, കസാണ്ടര്‍ എന്നീ സൈന്യാധിപന്മാരും പങ്കിട്ടെടുത്തു. ഈ വിഭജനമനുസരിച്ച് പാലസ്തീനായും ഈജിപ്തിന്‍റെ ഭാഗമായി; ഇസ്രായേല്‍ക്കാര്‍ ടോളമിയുടെ കീഴില്‍ വന്നു. തികച്ചും സമാധാനപരമായ നയമാണ് ടോളമി സ്വീകരിച്ചത്. തങ്ങളുടേതായ വിശ്വാസങ്ങളും മതാചാരങ്ങളും തുടരാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്കിയിരുന്നു.

ഇസ്രായേലില്‍ യവനസ്വാധീനം

തങ്ങളുടേതായ മതസംസ്ക്കാരം തുടരാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും മതാധികാരികളടക്കം അനേകം പേര്‍ക്ക് യവനസംസ്കാരം കൂടുതല്‍ സ്വീകാര്യമായി തോന്നി. ഗ്രീക്കുഭാഷയുടെയും സാഹിത്യത്തിന്‍റെയും തത്വചിന്തയുടെയും എല്ലാം സ്വാധീനം ഇസ്രായേല്‍ജനത്തിന്‍റെ എല്ലാ ജീവിതമേഖലകളിലേക്കും കിനിഞ്ഞിറങ്ങി. ഗ്രീക്കുഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ രാജ്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ അകന്നു. ആര്‍ക്കും എവിടെയും പോയി വസിക്കാം എന്ന നിലവന്നു. അലക്സാണ്ടര്‍തന്നെ അനേകം യഹൂദരെ പുതിയ നഗരമായ അലക്സാണ്ട്റിയായില്‍ കുടിപാര്‍പ്പിച്ചിരുന്നു. ആ കോളനി വളരെവേഗം വികസിച്ചു.

ഒന്നുരണ്ടു തലമുറ കഴിഞ്ഞപ്പോഴേക്കും യഹൂദരുടെ മാതൃഭാഷയായ ഹീബ്രു അറിയാവുന്നവര്‍ വിരളമായി. എല്ലാവരുടെയും സംസാരഭാഷ ഗ്രീക്കായിരുന്നു. അതിനാല്‍ തങ്ങളുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ ഗ്രീക്കുഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുക ആവശ്യമായി വന്നു. ബി.സി. രണ്ടാംനൂറ്റാണ്ടിന്‍റെ അവസാനത്തോടെ രൂപംകൊണ്ട ഐതിഹ്യമനുസരിച്ച് ഈജിപ്തുരാജാവായ, ടോളമി II ഫില ദേഫുസ് (ബി.സി. 285-247)ആണ് ബൈബിളിന്‍റെ ഗ്രീക്കു വിവര്‍ത്തനത്തിനു മുന്‍കൈ എടുത്തതും ചിലവുകള്‍ വഹിച്ചതും. രണ്ടുലക്ഷത്തില്‍പരം കയ്യെഴുത്തു പ്രതികളുള്ള തന്‍റെ ഗ്രന്ഥാലയത്തില്‍ യഹൂദരുടെ വിശുദ്ധഗ്രന്ഥത്തിന്‍റെ ഒരു പ്രതി ഇല്ലാത്തതിനാല്‍ കഴിവതും വേഗം ഒരു ഗ്രീക്കുവിവര്‍ത്തനം തയ്യാറാക്കാന്‍ ആവശ്യമായ പാണ്ഡിത്യവും ജീവിതവിശുദ്ധിയുമുള്ളവരെ അയച്ചുതരണമെന്ന് ജറുസലെമിലെ പ്രധാനപുരോഹിതനു ടോളമി കത്തയച്ചു. അതിന്‍പ്രകാരം ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളില്‍നിന്നും, ഗോത്രത്തിന് ആറുപേരെവീതം തിരഞ്ഞെടുത്ത് അലക്സാണ്ട്രിയായിലേക്കയച്ചു. അങ്ങനെ 72 (70)പേര്‍ 70 ദിവസംകൊണ്ട് തയ്യാറാക്കിയതാണത്രേ സപ്തതി (septuaginta) എന്നറിയപ്പെടുന്ന ഗ്രീക്കുവിവര്‍ത്തനം. ഇതൊരൈതിഹ്യം മാത്രം. ഏതായാലും ബി.സി. രണ്ടാം നൂറ്റാണ്ടിലാണ് സപ്തതി തയ്യാറായത്.

യവനസംസ്കാരത്തിന്‍റെ സ്വാധീനം ബൈബിള്‍ വിവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. ഗ്രീക്കു തത്വചിന്തയുടെ സ്വാധീനം ജ്ഞാനികളുടെ വളര്‍ച്ചയെ സഹായിച്ചു. ചിന്താഗതിയിലും ജീവിതവീക്ഷണത്തിലും കാര്യമായ സ്വാധീനമുണ്ടായി. ഇതെല്ലാം യഹൂദര്‍ സ്വതന്ത്രമനസ്സോടെ സ്വീകരിച്ചതായിരുന്നു. നിയമജ്ഞരിലും പുരോഹിതരിലും പലരും ഈ സ്വാധീനവലയത്തില്‍പ്പെട്ടു. തങ്ങളുടെ തനതായ വിശ്വാസത്തിനും പാരമ്പര്യങ്ങള്‍ക്കും ഈ പുതിയ നീക്കങ്ങള്‍ ഹാനികരമാകും എന്നു വിശ്വസിച്ച ചുരുക്കം യാഥാസ്ഥിതികര്‍ ഇതിനെ ചെറുത്തെങ്കിലും യവനവല്‍ക്കരണം നിര്‍ബ്ബാധം തുടര്‍ന്നു.

നിര്‍ബന്ധയവനവല്‍ക്കരണം  

ബി.സി. 200 വരെ പാലസ്തീനാ ഈജിപ്തിന്‍റെ കീഴിലായിരുന്നു. എന്നാല്‍ സിറിയന്‍ രാജാവായ അന്തിയോക്കസ് III (223-187) ബി.സി. 200ല്‍ ഈജിപ്തിനെ തോല്പിച്ച് പാലസ്തീനാ സിറിയായുടെ ഭാഗമാക്കിമാറ്റി. ഇനി അങ്ങോട്ട് ബി.സി. 63 വരെ യഹൂദര്‍ സിറിയായുമായി ബന്ധപ്പെട്ടാണ് കഴിയുക. അന്തിയോക്കസ് മൂന്നാമനും തുടര്‍ന്നുവന്ന സെലൂക്കസ് നാലാമനും (187-175) മതസാംസ്കാരികകാര്യങ്ങളില്‍ അലക്സാണ്ടറിന്‍റെയും ടോളമിയുടെയും ഉദാരവും സ്വാതന്ത്ര്യം അനുവദിക്കുന്നതുമായ നയമാണ് സ്വീകരിച്ചത്. എന്നാല്‍ അന്തിയോക്കസ് IV (175-163) ഈ നയത്തിനു മാറ്റം വരുത്തി.

പ്രത്യക്ഷനായ ദൈവം എന്നര്‍ത്ഥമുള്ള എപ്പിഫാനസ് എന്ന പേര്‍ സ്വീകരിച്ച അന്തിയോക്കസ് നാലാമന്‍ നിര്‍ബ്ബന്ധിതമായ യവനവല്‍ക്കരണം തന്‍റെ നയമായി സ്വീകരിച്ചു. തന്നെ ദൈവമായി അംഗീകരിക്കണം എന്ന് പ്രജകളോടാവശ്യപ്പെട്ടു. യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഗ്രീക്കു ദേവതകളെ ആരാധിക്കണം, അവയുടെ വിഗ്രഹങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളില്‍ സ്ഥാപിച്ച് ബലിയര്‍പ്പിക്കണം എന്ന നിബന്ധനയുണ്ടായി. ബി.സി. 167 ല്‍ ജറുസലെം ദേവാലയത്തില്‍ സീയൂസ് ദേവന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ച് പന്നിമാംസം ബലിയര്‍പ്പിച്ചു. യഹൂദര്‍ തങ്ങളുടെ മതനിയമങ്ങള്‍ അനുസരിക്കുന്നതിനു വിലക്കു കല്പിച്ചു. ഛേദനാചാരവും സാബത്താചരണവും മുടക്കി. ബൈബിളിന്‍റെ പ്രതികള്‍ കൈവശം വയ്ക്കുന്നത് മരണശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പ്രഖ്യാപിച്ചു. ബൈബിളിന്‍റെ കോപ്പികള്‍ കെട്ടുകളാക്കി പൊതുസ്ഥലത്തുവച്ചു കത്തിച്ചു.

വിശ്വാസപ്രതിസന്ധി- പ്രതികരണം

നിര്‍ബ്ബന്ധിത യവനവല്‍ക്കരണം ജനത്തെ വലിയൊരു വിശ്വാസപ്രതിസന്ധിയിലാക്കി. സ്വമനസാ യവനവല്‍ക്കരണം സ്വീകരിച്ചവരില്‍ പലരും ഈ പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്തു. അനുസരിക്കാത്തവര്‍ കഠിനമായി ശിക്ഷിക്കപ്പെട്ടു. മക്കള്‍ക്കു ഛേദനാചാരം നല്കിയ അമ്മമാരെ തൂക്കിക്കൊന്നു; അതിനുമുമ്പേ ഛേദനാചാരം സ്വീകരിച്ച കുഞ്ഞിനെ അമ്മയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കൊന്നു. ശിക്ഷ ഭയന്ന് അനേകംപേര്‍ രാജകല്പന അനുസരിച്ചു. യഹൂദമതവും അവരിലൂടെ കടന്നുവന്ന ദൈവികവെളിപാടുകളും ജീവിതവീക്ഷണവും എല്ലാം നഷ്ടപ്പെടും എന്ന ഒരവസ്ഥ സംജാതമായി. ദേവാലയം അശുദ്ധമാക്കപ്പെട്ടു. ബലിയര്‍പ്പണം നിലച്ചു.

ഈ സാഹചര്യത്തിലാണ് വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കാനും, നിര്‍ബ്ബന്ധിത യവനവല്‍ക്കരണത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ക്കാനും പ്രേരിപ്പിക്കുന്ന ലിഖിതങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. യൂദിത്ത്, ദാനിയേല്‍ എന്നീ പുസ്തകങ്ങള്‍ ഈ കൂട്ടത്തില്‍പ്പെടും. നിഷ്ക്രിയരായി മരണം വരിക്കാതെ ആയുധമെടുത്ത് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചത് മത്താത്തിയാസ് എന്ന വൃദ്ധ പുരോഹിതനാണ്. അദ്ദേഹവും അഞ്ചുമക്കളുംകൂടി ആയുധമുപയോഗിച്ചുള്ള ചെറുത്തുനില്പാരംഭിച്ചു. അനേകം പേര്‍ അവരോടു ചേര്‍ന്നു. മത്താത്തിയാസിന്‍റെ മരണശേഷം മകന്‍ യൂദാസ് മക്കബേയൂസ് നേതൃത്വം ഏറ്റെടുത്തു (166-160). 167 ല്‍ ആരംഭിച്ച സായുധവിപ്ലവം 164 ല്‍ ഫലം കണ്ടു. സിറിയന്‍ സൈന്യത്തെ തോല്പിച്ച് ദേവാലയം ശുദ്ധീകരിച്ചു. ദേവാലയം പുനഃപ്രതിഷ്ഠിച്ചതിന്‍റെ ഓര്‍മ്മയാചരിക്കാന്‍വേണ്ടി പ്രതിഷ്ഠയുടെ തിരുനാള്‍ ആരംഭിച്ചു. ഈ കാലഘട്ടത്തിന്‍റെ ചരിത്രം മക്കബായരുടെ പേരില്‍ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബി.സി. 164 ല്‍ ദേവാലയം ശുദ്ധീകരിക്കാന്‍ കഴിഞ്ഞെങ്കിലും സിറിയായുടെ ഭാഗത്തുനിന്നു തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. അങ്ങനെ ഒരു യുദ്ധത്തില്‍ മക്കബേയൂസ് എന്നറിയപ്പെട്ടിരുന്ന യൂദാസ് 160 ല്‍ മരിച്ചു. തുടര്‍ന്ന് സഹോദരന്‍ ജോനാഥനും (160-143) ശിമയോനും (143-134) നേതൃത്വം ഏറ്റെടുത്തു. ഇരുവരും പ്രധാനപുരോഹിതന്മാരും ജനനേതാക്കന്മാരുമായിരുന്നു. ചതിയില്‍ കൊല്ലപ്പെട്ട ശിമയോനുപകരം മകന്‍ ജോണ്‍ ഹിര്‍ക്കാനൂസ് പ്രധാനപുരോഹിതനും രാജാവുമായി ഭരണം ഏറ്റെടുത്തു. സിറിയായുമായുള്ള യുദ്ധങ്ങള്‍ തുടര്‍ന്നെങ്കിലും പ്രായോഗികമായ സ്വാതന്ത്ര്യം യഹൂദര്‍ക്കുണ്ടായിരുന്നു. റോമന്‍ സൈന്യം ബി.സി. 63 ല്‍ പാലസ്തീനാ കീഴടക്കുന്നതുവരെ അരിസ്റ്റോബുളൂസ് ക (104-103), അലക്സാണ്ടര്‍ ജന്നേയൂസ് (103-76), അരിസ്റ്റോബൂളുസ് കക (76-63) എന്നിവര്‍ പ്രധാനപുരോഹിതന്മാരും രാജാക്കന്മാരുമായി നാടുവാണു.

മതാത്മകമുന്നേറ്റങ്ങള്‍ 

സിറിയന്‍രാജാവ് അഴിച്ചുവിട്ട മതപീഡനത്തിന്‍റെയും മക്കബായ വിപ്ലവത്തിന്‍റെയും പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ മൂന്നു മതാത്മകമുന്നേറ്റങ്ങളുണ്ടായി. അപ്പോക്കലിപ്റ്റിക് സാഹിത്യം, ഫരിസേയര്‍, എസ്സേനര്‍.

അപ്പോക്കലിപ്റ്റിക് സാഹിത്യം

രാജഭരണകാലത്ത് പ്രവാചകന്മാരും പ്രവാസാനന്തരം ജ്ഞാനികളും ഇസ്രായേല്‍ജനത്തിന്‍റെ ചിന്താഗതിയിലും ജീവിതവീക്ഷണത്തിലും കാതലായ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ അന്തിയോക്കസ് നാലാമന്‍റെ കീഴില്‍ നടന്ന മതപീഡനങ്ങളും നാളിതുവരെയുണ്ടായ പരാജയങ്ങളും പുതിയൊരു ചിന്താസരണിക്കു വഴിതുറന്നു. ജനത്തിന് ആത്യന്തികമായി സംരക്ഷണം നല്കാനോ നീതി സ്ഥാപിക്കാനോ രാജഭരണത്തിനു കഴിഞ്ഞില്ല. പ്രവാചകന്മാര്‍ സ്വപ്നം കണ്ട മാനസാന്തരവും തല്‍ഫലമായി സംജാതമാകും എന്നു കരുതിയ ദൈവരാജ്യവും വന്നില്ല. നിയമാനുഷ്ഠാനംവഴി ദൈവാനുഗ്രഹം ലഭിക്കും എന്ന ജ്ഞാനികളുടെ പഠനവും ഫലശൂന്യമായി അനുഭവപ്പെട്ടു. ചുരുക്കത്തില്‍ മനുഷ്യപ്രയത്നത്തിലൂടെ വ്യക്തിക്കും സമൂഹത്തിനും രക്ഷ കിട്ടുകയില്ല എന്ന ബോധ്യം വളര്‍ന്നു. ഇനി ദൈവം ചരിത്രത്തില്‍ നേരിട്ട് ഇടപെട്ടെങ്കിലേ രക്ഷലഭിക്കൂ എന്ന വിശ്വാസം രൂപംകൊണ്ടു. ഈ വിശ്വാസമാണ് അപ്പോക്കലിപ്റ്റിക് ചിന്താധാരയുടെ കേന്ദ്രബിന്ദു.

ഈ ചിന്തയുടെ തുടക്കം ഏശയ്യാ (24-27), ജറെമിയാ (4), എസെക്കിയേല്‍ (38-48) ജോയേല്‍ (2-3) മുതലായ പ്രവാചകഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ സഖറിയാ, ദാനിയേല്‍ എന്നീ പുസ്തകങ്ങളിലാണ് ഇതു പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത്. പഴയനിയമത്തിനും പുതിയ നിയമത്തിനും ഇടയില്‍, ബൈബിളിന്‍റെ ഭാഗമായി യഹൂദരും ക്രൈസ്തവരും അംഗീകരിക്കാത്ത, അപ്രാമാണിക ഗ്രന്ഥങ്ങള്‍ (apocrypha) എന്നറിയപ്പെടുന്ന പുസ്തകങ്ങളില്‍ അപ്പോക്കലിപ്റ്റിക് സാഹിത്യത്തിന്‍റെ ഉദാഹരണങ്ങള്‍ കാണാം. പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ ഉടമ്പടിഗ്രന്ഥം, ഏനോക്കിന്‍റെ പുസ്തകം, സിബിലിന്‍റെ അരുളപ്പാടുകള്‍, ആദാമിന്‍റെയും ഹവ്വായുടെയും പുസ്തകം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തില്‍ ഈ സാഹിത്യരൂപത്തില്‍ രചിക്കപ്പെട്ടതാണ്.

ഈ ഗ്രന്ഥങ്ങളുടെ മുഖ്യമായ സ്വഭാവം ഇങ്ങനെ സംഗ്രഹിക്കാം. ചരിത്രത്തെ രണ്ടു യുഗങ്ങളായി തിരിക്കുന്നു: ഈ യുഗവും വരാനിരിക്കുന്ന യുഗവും. നാം ജീവിക്കുന്ന ഈ യുഗം പരിപൂര്‍ണ്ണമായും ദുഷിച്ച്, പിശാചിന്‍റെ ആധിപത്യത്തിലായിരിക്കുന്നു. രാജാവിനോ പ്രവാചകനോ ജ്ഞാനിക്കോ ഇതിനെ രക്ഷിക്കാനാവില്ല. അതിനാല്‍ ദൈവം തന്നെ ചരിത്രത്തില്‍ ഇടപെട്ട് ഈ യുഗത്തിന്‍റെ അവസാനം കുറിക്കും. ഈ സൃഷ്ടപ്രപഞ്ചം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും. അതിനുശേഷം ദൈവം പുതുതായ ഒരു പ്രപഞ്ചം സൃഷ്ടിക്കും. അത് പുതിയയുഗം എന്നറിയപ്പെടും. ഈ യുഗമാറ്റത്തെ യുഗാന്തം എന്നു വിളിക്കുന്നു. എന്നാണത് സംഭവിക്കുക എന്നും അതിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം എന്നുമുള്ള കാര്യങ്ങള്‍ നിഗൂഢമായിരിക്കുന്നു. എന്നാല്‍ ദൈവം ചില വ്യക്തികള്‍ക്കു മുന്‍കൂറായി വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ അതു കുറിച്ചുവച്ചിട്ടുമുണ്ട്. ആ ലിഖിതങ്ങള്‍ നിഗൂഢമായി കഴിഞ്ഞിരുന്നതിനാലും അതുള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ രഹസ്യമായതിനാലും അവയെ വെളിപ്പെടുത്തുന്ന ഗ്രന്ഥങ്ങളെ "വെളിപ്പെടുത്തല്‍" എന്നര്‍ത്ഥമുള്ള അപ്പോക്കലിപ്റ്റിക് ഗ്രന്ഥങ്ങള്‍ എന്നു വിളിക്കുന്നു. ഇപ്പോള്‍, ഈ അവസാനകാലത്താണ് ആ ലിഖിതങ്ങള്‍ കണ്ടു കിട്ടിയത്. സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമായ നിഗൂഢമായ ഭാഷയിലാണ് അവ രചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അതു വ്യാഖ്യാനിക്കാന്‍ ദൈവത്തിന്‍റെ പ്രത്യേക വെളിപാട് ആവശ്യമാണ്. പണ്ടെന്നോ ജീവിച്ചിരുന്ന സുപ്രസിദ്ധരായ വ്യക്തികള്‍ക്കു ലഭിച്ച വെളിപാടായിട്ടാണ് ഗ്രന്ഥം എഴുതപ്പെടുന്നതെങ്കിലും സമകാലികരാണ് ഗ്രന്ഥകര്‍ത്താക്കള്‍. ജനമധ്യത്തില്‍ സ്വീകാര്യതയ്ക്കുവേണ്ടിയാണ് വ്യാജനാമങ്ങള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞകാലത്തു സംഭവിച്ചതും ആനുകാലികമായി സംഭവിക്കുന്നതുമായ കാര്യങ്ങളെ പ്രവചനരൂപത്തില്‍ അവതരിപ്പിക്കുക ഈ സാഹിത്യരൂപത്തിന്‍റെ പ്രത്യേകതയാണ്.

മതപീഡനത്തില്‍ മനം തകരുന്നവര്‍ക്കു പ്രത്യാശയിലൂടെ ശക്തിപകരുകയാണ് ഈ ഗ്രന്ഥങ്ങളുടെ മുഖ്യലക്ഷ്യം - പുതിയ നിയമത്തിലും ഈ സാഹിത്യരൂപത്തിന്‍റെ സ്വാധീനംകാണാം. മര്‍ക്കോ 13; മത്താ 24 മുതലായ യുഗാന്തപ്രഭാഷണങ്ങള്‍ ഉദാഹരണമായി എടുക്കാം. ബൈബിളിലെ അവസാനത്തെ ഗ്രന്ഥമായ വെളിപാടു പുസ്തകം മുഴുവന്‍ ഈ സാഹിത്യരൂപത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെയും പ്രപഞ്ചത്തെയും ചരിത്രത്തെയും സംബന്ധിച്ച അനേകം പുതിയ ഉള്‍ക്കാഴ്ചകള്‍ ഈ ഗ്രന്ഥങ്ങളിലൂടെ ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചിന്തകള്‍ കാടുകയറുകയും അര്‍ത്ഥം അഗ്രാഹ്യമാവുകയും ചെയ്യുന്നതുകാണാം, പ്രത്യേകിച്ചും അപ്രാമാണിക ഗ്രന്ഥങ്ങളില്‍.

ഫരിസേയര്‍ 

അന്തിയോക്കസ് നാലാമന്‍റെ മതപീഡനകാലത്ത് എന്തു നഷ്ടം സഹിച്ചും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കും, നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കും എന്ന് വ്രതം ചെയ്ത ഒരു കൂട്ടം യഹൂദരാണ് ഫരിസേയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ന്യായപ്രമാണങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കും എന്നതിന്‍റെപേരില്‍ വിശുദ്ധര്‍ എന്നര്‍ത്ഥമുള്ള ഹസിദിം എന്നാണ് അവര്‍ തങ്ങളെത്തന്നെ വിളിച്ചിരുന്നത്. എന്നാല്‍ ജീവിതശൈലിയിലും വസ്ത്രധാരണത്തിലും ഭക്താനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും എല്ലാം മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായിരുന്നതിനാല്‍ ഇവര്‍ വേര്‍തിരിക്കപ്പെട്ടവര്‍, വ്യത്യസ്തര്‍ എന്നര്‍ത്ഥമുള്ള "പെറുഷിം " എന്ന പേരില്‍ അറിയപ്പെട്ടു. അതില്‍നിന്നാണ് ഫാരിസി - ഫരിസേയര്‍ എന്ന പേരുണ്ടായത്.

ലിഖിതമായ നിയമങ്ങളും അവയുടെ അലിഖിതമായ വ്യാഖ്യാനവും പാരമ്പര്യങ്ങളും എല്ലാം കണിശമായി അനുസരിക്കുന്ന അവര്‍ വിശുദ്ധ ജീവിതം നയിക്കുന്നവരായിരുന്നു. പുതിയനിയമകാലത്ത് അവര്‍ ജനമധ്യത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്നു. പക്ഷേ നിയമാനുസരണവും ആചാരാനുഷ്ഠാനങ്ങളും പലപ്പോഴും ബാഹ്യപ്രകടനങ്ങള്‍ മാത്രമാവുകയും ഉള്ളില്‍ അഹങ്കാരം നിറയുകയും ചെയ്തിരുന്നതിനാല്‍ യേശുവിന്‍റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇവര്‍ ഇരയായിത്തീര്‍ന്നു. എന്നാല്‍ എല്ലാ ഫരിസേയരും കപടനാട്യക്കാരോ അഹങ്കാരികളോ ആയിരുന്നില്ല. അനേകര്‍ യേശുവിന്‍റെ സുഹൃത്തുക്കളും അനുയായികളുമായിരുന്നു. നിക്കോദേമോസും അരിമത്തിയാക്കാരന്‍ ജോസഫും താര്‍സൂസിലെ സാവൂളും ഒക്കെ ഉദാഹരണങ്ങളാണ്. څ

എസ്സേനര്‍ 

ബി.സി. ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂപംപ്രാപിച്ച് ചാവുകടല്‍ തീരത്തുള്ള ഖുമ്റാനില്‍ വാസമുറപ്പിക്കുകയും എ.ഡി. എഴുപതിനുശേഷം റോമാക്കാര്‍ നശിപ്പിക്കുന്നതുവരെ അവിടെത്തന്നെ വസിക്കുകയും ചെയ്ത ഒരു സന്യാസസമൂഹമാണ് എസ്സേനര്‍. എ.ഡി. 1947 ല്‍ ചാവുകടല്‍തീരത്തെ മലകളിലുള്ള ഗുഹകളില്‍നിന്നു ലഭിച്ച ഖുമ്റാന്‍ ചുരുളുകള്‍ ഇവരെക്കുറിച്ച് വ്യക്തമായ അറിവു പ്രദാനം ചെയ്യുന്നുണ്ട്.

മതനിയമങ്ങള്‍ അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധത്തിനിറങ്ങിയ മക്കബായരുടെ പിന്‍ഗാമികള്‍ സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ അധികാരമോഹികളായിത്തീര്‍ന്നു. സ്വയം പ്രധാനപുരോഹിതനും രാജാവുമായി പ്രഖ്യാപിച്ച ശിമയോന്‍റെ കാലംമുതല്‍ അനുയായികളുടെ ഇടയില്‍ എതിര്‍പ്പ് ആരംഭിച്ചിരുന്നു. ജീവന്‍ ത്യജിച്ചും നിയമം അനുസരിക്കാന്‍ വ്രതം ചെയ്ത ഫരിസേയരുടെ ഇടയില്‍നിന്നും ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി പുറത്തുവന്നു. ജോണ്‍ ഹിര്‍ക്കാനൂസും തുടര്‍ന്ന് അലക്സാണ്ടര്‍ ജന്നേയൂസും സ്വീകരിച്ച നിലപാടുകളും നടപ്പിലാക്കിയ നിയമങ്ങളും തങ്ങളുടെ മതവിശ്വാസത്തിനും പാരമ്പര്യങ്ങള്‍ക്കും കടകവിരുദ്ധമായി കണ്ട ആ വിഭാഗം രാജഭരണത്തോട് എതിര്‍ത്തുനില്ക്കാന്‍ കഴിയാതെ ചാവുകടലിന്‍റെ പടിഞ്ഞാറെ കരയിലുള്ള ഖുമ്റാനിലേക്കു മാറി താമസിച്ചു. നീതിമാര്‍ഗ്ഗത്തിന്‍റെ ഗുരു (teacher of righteousness) എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ സമൂഹത്തിനു നേതൃത്വം നല്കിയത്.

യൂദാസ് മക്കബേയൂസിന്‍റെ സഹോദരനായ ശിമയോന്‍റെ കാലം മുതല്‍ അവര്‍ ഹസ്മോണേയര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഏകദേശം നൂറുവര്‍ഷം ദീര്‍ഘിച്ച ഒരു രാജവംശമായിരുന്നു ഇത്. ദാവീദിന്‍റെ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത ഈ രാജവംശത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ച ഗുരു ശക്തമായ എതിര്‍പ്പുകളുടെയും പീഡനങ്ങളുടെയും ഫലമായിട്ടാണ് മരുഭൂമിയിലേക്കു പിന്‍വാങ്ങി ഒരു സന്യാസസമൂഹത്തിനു രൂപം നല്കിയത്.

ഉടമ്പടിയുടെ നിയമങ്ങള്‍ കര്‍ശനമായി അനുസരിച്ചുകൊണ്ട് വരാനിരിക്കുന്ന രക്ഷകനായ മിശിഹായ്ക്കു വഴിയൊരുക്കുക എന്നതായിരുന്നു ഈ സമൂഹത്തിന്‍റെ ലക്ഷ്യം. "തിരഞ്ഞെടുക്കപ്പെട്ടവരുടെ സഭാസമൂഹം" എന്നും "യാഹ്വേയുടെ ദരിദ്രര്‍" എന്നും ഇവര്‍ സ്വയം വിശേഷിപ്പിച്ചു. നിരന്തരമായ പ്രാര്‍ത്ഥനയും കര്‍ശനമായ തപശ്ചര്യയും പ്രായശ്ചിത്തപ്രവൃത്തികളും ഇവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ബൈബിളായിരുന്നു ഇവരുടെ വഴികാട്ടി. ബൈബിള്‍ പകര്‍ത്തിയെഴുതുകയും വ്യാഖ്യാനങ്ങള്‍ രചിക്കുകയും ഈ സമൂഹം ഒരു ദൗത്യം പോലെ ഏറ്റെടുത്തു. അവരുടെ ജീവിതചര്യകളെ കര്‍ശനമായി നിയന്ത്രിക്കാന്‍ സമൂഹത്തിന്‍റെ നിയമാവലി ഉണ്ടായിരുന്നു. പുതിയനിയമകാലത്ത് വളരെ സജീവമായിരുന്ന ഈ സമൂഹത്തിന്‍റെ ചിന്താധാരകള്‍ക്കും വിശ്വാസജീവിതത്തിനും ജനസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു.

എ.ഡി. 70 ല്‍ ജറുസലെം കീഴടക്കി നശിപ്പിച്ച റോമന്‍ സൈന്യം അതിനോടനുബന്ധിച്ച് ഖുമ്റാനും ആക്രമിച്ചു നശിപ്പിച്ചു. ഈ ദുരന്തം മുന്നില്‍ കണ്ട എസ്സേന്‍ സന്യാസികള്‍ തങ്ങളുടെ അമൂല്യലിഖിതച്ചുരുളുകള്‍ വലിയ മണ്‍ഭരണികളിലാക്കി അടുത്ത മലകളിലെ ഗുഹകളില്‍ ഒളിപ്പിച്ചുവച്ചു. യാദൃശ്ചികമായിട്ടാണ് 1947 ല്‍ ഒരു ഇടയബാലന്‍ ഇതില്‍ ഒരു ഗുഹയില്‍നിന്നു ചുരുളുകള്‍ ഉള്‍ക്കൊള്ളുന്ന മണ്‍ഭരണി കണ്ടെടുത്തത്. പിന്നീട് ചുറ്റുപാടുമുള്ള ഗുഹകളില്‍നിന്നു നൂറില്‍പരം ഭരണികളും ആയിരക്കണക്കിനു ചുരുളുകളും കണ്ടെടുക്കുകയുണ്ടായി. അവയെല്ലാം ഈ സമൂഹത്തെയും അവരുടെ വിശ്വാസസംഹിതകളെയുംകുറിച്ചു വ്യക്തമായ അറിവുകള്‍ പ്രദാനം ചെയ്യുന്നു.  സ്നാപകയോഹന്നാന്‍റെ ജീവിതശൈലിയും പ്രബോധനവും ഇവരുടേതിനോടു സാമ്യമുള്ളതാകയാല്‍ സ്നാപകന്‍തന്നെ, ആരംഭത്തിലെങ്കിലും എസ്സേന്‍ സന്യാസികളുടെ കൂടെയാണ് മരുഭൂമിയില്‍ വസിച്ചത് എന്നു കരുതുന്നവരുണ്ട്.

  1. റോമന്‍ഭരണം (ബി.സി. 63 - എ.ഡി. 135)

ഇസ്രായേല്‍ചരിത്രവുമായി ബന്ധപ്പെട്ട രക്ഷാചരിത്രത്തിന്‍റെ അവസാനഘട്ടമാണ് ഇവിടെ പഠനവിഷയം. റോമന്‍ കോണ്‍സുളായ പോംപേയ് ബി.സി. 63 ല്‍ പാലസ്തീനാ കീഴടക്കി സിറിയന്‍ പ്രവിശ്യയോടു ചേര്‍ത്തതോടെ ഇസ്രായേല്‍ജനം റോമന്‍ഭരണത്തിനു കീഴിലായി. ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍ റോമിനോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ഇസ്രായേല്‍ജനം റോമിനെതിരായ രണ്ടാം കലാപത്തിനൊടുവില്‍ എ.ഡി. 135 ല്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടു. നാശക്കൂമ്പാരമായ ജറുസലേം പട്ടണത്തിന് കിഴക്കിന്‍റെ തലസ്ഥാനം എന്ന അര്‍ത്ഥത്തില്‍ "ഏലിയാ കാപ്പിത്തൊളീനാ" എന്ന പേരു നല്കി. ജറുസലെം ദേവാലയം ഇരുന്ന സ്ഥലത്ത് സീയൂസിന്‍റെയും ഹഡ്രിയാന്‍ ചക്രവര്‍ത്തിയുടെയും നാമത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ക്ക് ജറുസലെമില്‍ പ്രവേശനം നിഷേധിച്ചു. ഇതോടെ രക്ഷാചരിത്രത്തില്‍ ഇസ്രായേലിനുള്ള മുഖ്യപങ്കു നഷ്ടപ്പെട്ടു. ഫലം നല്കാന്‍ വിസമ്മതിച്ച പാട്ടക്കാരില്‍നിന്നും മുന്തിരിത്തോട്ടം എടുത്ത് ഫലം തരുന്ന മറ്റു കര്‍ഷകരെ ഏല്പിച്ചു. സംഭവബഹുലമായ, ഏകദേശം ഇരുന്നൂറു വര്‍ഷത്തെ ചരിത്രമാണ് ഇവിടെ സംഗ്രഹിക്കാന്‍ ശ്രമിക്കുന്നത്.

റോമന്‍ സമാധാനം (Pax Romana)

ബി.സി. ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി റോമിനെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതകളുടെയും ആഭ്യന്തരകലാപങ്ങളുടെയും കാലമായിരുന്നു. ബി.സി. 48 ല്‍ റോമിന്‍റെ പരമോന്നത അധികാരികളായിരുന്ന ജൂലിയസ് സീസറും പോംപേയും തമ്മില്‍ യുദ്ധം ഉണ്ടായി. പോംപേ കൊല്ലപ്പെട്ടു. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ബി.സി. 44 ല്‍ റോമന്‍ സെനറ്റര്‍മാര്‍ ജൂലിയസ് സീസറിനെ സെനറ്റില്‍ വച്ചു വധിച്ചു. തുടര്‍ന്നുണ്ടായത് ദീര്‍ഘമായ ആഭ്യന്തരകലാപങ്ങളാണ്.

ജൂലിയസ് സീസറിന്‍റെ മരുമകനായ ഒക്ടേവിയനും സൈന്യാധിപനായിരുന്ന മാര്‍ക്ക് ആന്‍റണിയും ഒരുമിച്ച് സീസറിന്‍റെ ഘാതകര്‍ക്കെതിരേ പടനയിച്ചു. യുദ്ധത്തില്‍ വിജയിച്ചശേഷം ബി.സി. 41 ല്‍ മാര്‍ക്ക് ആന്‍റണി റോമാസാമ്രാജ്യത്തിന്‍റെ കിഴക്കും സിറിയായിലും ഒക്ടേവിയന്‍ പടിഞ്ഞാറ് റോമിലും ഭരണം ആരംഭിച്ചെങ്കിലും താമസിയാതെ ഇരുവരും തമ്മില്‍ യുദ്ധമായി. ഈജിപ്തിലെ രാജ്ഞി ക്ലെയോപാട്രയുടെ സൈന്യവും മാര്‍ക്ക് ആന്‍റണിക്കു സഹായത്തിനുണ്ടായിരുന്നു. ആക്സിയം എന്ന തുറമുഖനഗരിയില്‍വച്ച് ബി.സി. 31 ല്‍ മാര്‍ക്ക് ആന്‍റണിയുടെ സൈന്യം പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തില്‍വച്ച് മാര്‍ക്ക് ആന്‍റണി ആത്മഹത്യ ചെയ്തതോടെ ആഭ്യന്തരകലാപം ഒതുങ്ങി. സാമ്രാജ്യത്തില്‍ സമാധാനമുണ്ടായി. ഇതിനെ പാക്സ് റൊമാനാ എന്നുവിളിക്കുന്നു.

വടക്ക് ഇംഗ്ലണ്ട് മുതല്‍ തെക്ക് ഈജിപ്തുവരെയും കിഴക്ക് യൂഫ്രട്ടീസ് മുതല്‍ പടിഞ്ഞാറ് അറ്റ്ലാന്‍റിക് സമുദ്രംവരെയും വ്യാപിച്ചുകിടക്കുന്ന, ലോകം അതുവരെ കണ്ടതില്‍ ഏറ്റവും വലിയ സാമ്രാജ്യം നിലവില്‍വന്നു. റോമിന്‍റെ രാജപാതകള്‍ സാമ്രാജ്യത്തിലെ വിവിധ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. റോന്തുചുറ്റുന്ന പട്ടാളക്കാര്‍ വഴികളുടെ സുരക്ഷ ഉറപ്പുവരുത്തി. ശക്തമായ നാവികസേന കടല്‍മാര്‍ഗ്ഗങ്ങളെ കടല്‍ക്കൊള്ളക്കാരില്‍ നിന്നു സംരക്ഷിച്ചു. റോമിന്‍റെ ഔദ്യോഗികഭാഷ ലത്തീന്‍ ആയിരുന്നെങ്കിലും സാധാരണ സംസാരഭാഷ ഗ്രീക്കായിരുന്നു. ഒക്ടേവിയന്‍റെ സുദീര്‍ഘമായ ഭരണകാലത്ത് (ബി.സി. 31-എ.ഡി. 14) സാമ്രാജ്യത്തില്‍ സമാധാനവും സുരക്ഷിതത്വവുമുണ്ടായി. സുവിശേഷം പ്രഘോഷിക്കുന്ന അപ്പസ്തോലന്മാര്‍ക്കും പ്രേഷിതര്‍ക്കും വഴിയൊരുക്കുന്നതായിരുന്നു ഈ റോമന്‍ സമാധാനം. ബി.സി. 29 ല്‍ റോമന്‍ സെനറ്റ് ഒക്ടേവിയനെ ചക്രവര്‍ത്തി (imperator) എന്നും 27 ല്‍ ദിവ്യന്‍ (Augustus) എന്നുമുള്ള സ്ഥാനപ്പേരുകള്‍ നല്കി ആദരിച്ചു. അങ്ങനെ അഗസ്റ്റസ് സീസര്‍ എന്ന പേരില്‍ ഒക്ടേവിയന്‍ അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് പാലസ്തീനായിലെ ബെത്ലെഹേമില്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ലോകരക്ഷകന്‍ മനുഷ്യാവതാരം ചെയ്തത്.

പലസ്തീനായിലെ ഭരണാധികാരികള്‍  

പാലസ്തീനായുടെ ചരിത്രവും ഈ കാലഘട്ടത്തില്‍ സംഭവബഹുലമായിരുന്നു. ബി.സി. 63ല്‍ പോംപേയ് കീഴടക്കിയതോടെ ഹസ്മോണേയ രാജവംശത്തിന്‍റെ ആധിപത്യം പ്രയോഗത്തില്‍ അവസാനിച്ചു.തുടര്‍ന്നുള്ള 20 വര്‍ഷങ്ങള്‍ അധികാരത്തിനു വേണ്ടിയുള്ള ഉപജാപങ്ങളും കലാപങ്ങളും പലത് അരങ്ങേറി. ബി.സി. 40 ല്‍ അന്തിപ്പാത്തറിന്‍റെ മകനായ ഹെറോദേസിനെ റോമന്‍ സെനറ്റ് പാലസ്തീനായുടെ രാജാവായി അംഗീകരിച്ചു, രാജ്യമില്ലാത്ത രാജാവ്. തനിക്കേല്പിക്കപ്പെട്ട രാജ്യം പടവെട്ടിപ്പിടിക്കേണ്ടിയിരുന്നു.

മൂന്നുവര്‍ഷത്തെ യുദ്ധങ്ങള്‍ക്കുശേഷം ബി.സി. 37 ല്‍ ഹേറോദേസ് പാലസ്തീനാ മുഴുവന്‍റെയും ആധിപത്യം കയ്യടക്കി. ശത്രുക്കളെ നിഷ്ക്കരുണം ഉന്മൂലനം ചെയ്തു. എല്ലാവിധത്തിലും ശക്തനും പ്രതാപവാനുമായിരുന്നു ഹേറോദേസ്. അദ്ദേഹം പണി കഴിപ്പിച്ച കേസറിയാ, സെബാസ്തെ തുടങ്ങിയ നഗരങ്ങള്‍, മസാദ, മക്കേരൂസ്, ഹേറോദിയോണ്‍ മുതലായ കോട്ടകള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണികളെ അത്ഭുതസ്തബ്ദരാക്കുന്നു. ബി.സി. 20 ല്‍ പുതുക്കിപ്പണിയാന്‍ ആരംഭിച്ച ജറുസലെം ദേവാലയമായിരുന്നു അവയെക്കാളെല്ലാം മഹത്തായത്. ബി.സി. 4 ല്‍ ഹേറോദേസ് മഹാരാജാവ് മരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പാണ് ബേത്ലെഹെമില്‍ യേശു ജനിച്ചത്.

ഹേറോദേസിന്‍റെ മരണശേഷം രാജ്യം മൂന്നായി വിഭജിക്കപ്പെട്ടു. ഇദുമെയാ, യൂദയാ, സമറിയാ എന്നീ പ്രദേശങ്ങളുടെ ഭരണാധികാരിയായി മകന്‍ അര്‍ക്കെലാവോസ് നിയമിതനായി. ഗലീലി മറ്റൊരു മകന്‍ അന്തിപ്പാസിനും ശേഷിച്ച ഇത്തൂറിയാ, ത്രാക്കോണിത്തിസ് പ്രദേശങ്ങള്‍ വേറൊരു മകന്‍ ഫിലിപ്പിനും നല്കപ്പെട്ടു. നാലാംകൂര്‍ അധികാരി (tetrarch) എന്ന സ്ഥാനപ്പേരായിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ടു തൃപ്തിയാവാതെ രാജാവെന്ന സ്ഥാനം തന്നെ വേണം എന്ന അപേക്ഷയുമായി എ.ഡി. 6 ല്‍ റോമിലെത്തിയ അര്‍ക്കെലാവോസിനെ റോമന്‍ സെനറ്റ് ഗാള്ളിയാ (ഫ്രാന്‍സ്)യിലേക്കു നാടുകടത്തി. അയാളുടെ ആധിപത്യത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ റോമിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കി; അധിപനായി പ്രോക്കുറേറ്റര്‍ എന്ന സ്ഥാനപ്പേരുള്ള അധികാരിയെയും നിശ്ചയിച്ചു. എ.ഡി. 6 മുതല്‍ യഹൂദരുടെ കലാപം തുടങ്ങിയ 66 വരെ 14 റോമന്‍ പ്രോക്കുറേറ്റര്‍മാര്‍ ഭരണം നടത്തി. അതില്‍ അഞ്ചാമനായ പോന്തിയോസ് പീലാത്തോസിന്‍റെ ഭരണകാലത്താണ് (എ.ഡി. 26-36) ലോകരക്ഷകനായ യേശു ക്രൂശിതനായത്.

ഹേറോദേസ് അന്തിപ്പാസിന്‍റെ ഭരണസീമയായ ഗലീലിയിലാണ് യേശു വളര്‍ന്നതും പരസ്യജീവിതത്തിന്‍റെ അധികപങ്കും ചിലവഴിച്ചതും. സഹോദരഭാര്യയെ പരിഗ്രഹിച്ചതിന്‍റെ പേരില്‍ സ്നാപകന്‍റെ ശകാരം ഏല്ക്കുകയും ഹേറോദിയായുടെ നിര്‍ബന്ധപ്രകാരം സ്നാപകനെ വധിക്കുകയും ചെയ്ത അന്തിപ്പാസിന് യേശുവിനെയും ഭയമായിരുന്നു. ഏതു വിധേനയും തന്‍റെ ഭരണസീമയില്‍നിന്നു പുറത്തുകടത്താനുള്ള ആഗ്രഹത്തോടെ ഫരിസേയരെ യേശുവിന്‍റെയടുത്തേക്കു പറഞ്ഞയച്ച അയാളെ കുറുക്കന്‍ എന്നാണ് യേശു വിളിച്ചത് (ലൂക്കാ 13,31-33). അര്‍ക്കെലാവോസിനെപ്പോലെ അന്തിപ്പാസിനും രാജാവാകാന്‍ മോഹമുണ്ടായി. എ.ഡി. 39 ല്‍ അപേക്ഷയുമായി റോമിലെത്തിയ അയാളെയും റോമന്‍ സെനറ്റ് നാടുകടത്തി. ഫിലിപ്പ് എ.ഡി. 34 ല്‍ മരിക്കുന്നതുവരെ സമാധാനത്തില്‍ ഭരിച്ചു. ഈ കാലയളവിലാണ് ലോകചരിത്രത്തെ എ.ഡി. (Anno Domini = കര്‍ത്താവിന്‍റെ വര്‍ഷം) എന്നും ബി.സി. (Before Christ= ക്രിസ്തുവിനുമുമ്പ്, എന്നും രണ്ടായി തിരിച്ച മഹാസംഭവം, യേശുക്രിസ്തുവിന്‍റെ ജനനം, ഉണ്ടായത്.

ക്രിസ്തുസംഭവം

യഹൂദരുടെ രാജാവായി ജനിച്ച അത്ഭുതശിശുവിനെ വധിക്കാന്‍വേണ്ടി ബേത്ലെഹെമിലും പരിസരത്തും രണ്ടുവയസ്സും അതില്‍ താഴെയും പ്രായമുള്ള ശിശുക്കളെയെല്ലാം കൊല്ലാന്‍ കല്പനയിട്ട ഹേറോദേസ് (മത്താ 2,16) ബി.സി. 4 ല്‍ മരിച്ചു. അതിനാല്‍ യേശുവിന്‍റെ ജനനം ബി.സി. 6 നും 4 നും മധ്യേ ആണെന്നു കരുതപ്പെടുന്നു. ഏകദേശം 30 വയസ്സ് വരെ നസ്രത്തിലെ ഭവനത്തില്‍ ആശാരിപ്പണിചെയ്ത് അജ്ഞാതനായി കഴിഞ്ഞ യേശു തിബേരിയൂസ് സീസറിന്‍റെ 15-ാം ഭരണവര്‍ഷം (ലൂക്കാ 3, 1) എ.ഡി. 28 ല്‍ സ്നാപകനില്‍നിന്നു സ്നാനം സ്വീകരിച്ചുകൊണ്ട്  ഗലീലിയില്‍ തന്‍റെ പരസ്യജീവിതം ആരംഭിച്ചു.

ഇസ്രായേല്‍ജനം നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ താനാണെന്നും അവര്‍ കാത്തിരുന്ന ദൈവരാജ്യം വന്നുകഴിഞ്ഞു എന്നും അധികാരപൂര്‍ണ്ണമായ വാക്കും അത്ഭുതകരമായ പ്രവൃത്തികളുംവഴി യേശു പ്രഘോഷിച്ചു. അനേകര്‍ അവനില്‍ വിശ്വസിച്ചു. അധികാരികള്‍ അവനെ സംശയിച്ചു, ഭയന്നു, ഉന്മൂലനം ചെയ്യാന്‍ തീരുമാനിച്ചു. അപ്പസ്തോലന്മാര്‍ എന്ന് അവന്‍ പേരുനല്കിയ പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം അവന്‍ ഗലീലിയയില്‍ ചുറ്റിനടന്നു. ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. ഏതാണ്ട് മൂന്നുവര്‍ഷത്തില്‍ താഴെ ദീര്‍ഘിച്ച ഈ പരസ്യജീവിതം എ.ഡി. 30 ഏപ്രില്‍ മാസത്തില്‍ യഹൂദരുടെ പെസഹാഘോഷത്തിന്‍റെ അവസരത്തില്‍ ജറുസലെമില്‍ അവസാനിച്ചു.

കലാപങ്ങള്‍ - കാവല്‍മാറ്റം

റോമന്‍ഭരണത്തില്‍ പാലസ്തീനായിലെ യഹൂദര്‍ സംതൃപ്തരായിരുന്നില്ല. മക്കബായരുടെ പാരമ്പര്യം പിന്‍തുടര്‍ന്നവര്‍ ഏതുവിധേനയും റോമാക്കാരെ തങ്ങളുടെ നാട്ടില്‍നിന്നും തൂത്തെറിയാന്‍ ശ്രമിച്ചു. എ.ഡി. 6 ല്‍ റോമാക്കാര്‍ നടത്തിയ ഒരു കാനേഷുമാരി കണക്കെടുപ്പിനോടനുബന്ധിച്ച് ഗലീലിക്കാരന്‍ യൂദാസ് എന്നൊരാള്‍ കലാപത്തിനു തീകൊളുത്തി. അന്തിപ്പാസിന്‍റെ തലസ്ഥാനനഗരമായിരുന്ന സെഫോറിസിലെ ആയുധപ്പുരകൊള്ളയടിച്ചുകൊണ്ടാണ് കലാപം ആരംഭിച്ചത്.

ഏലിയായെപ്പോലെ ഉടമ്പടിയുടെ നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ സെലട്ട് (Zealot) അഥവാ തീവ്രവാദികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെറുസംഘം രൂപംകൊണ്ടു. യൂദാസും കൂട്ടരും താമസിയാതെ കൊല്ലപ്പെട്ടെങ്കിലും തീവ്രവാദികള്‍ പെരുകിവന്നു. യേശുവിന്‍റെ കാലമായപ്പോഴേക്കും ഗലീലിയില്‍ മാത്രമല്ല, ജറുസലെം അടക്കം പാലസ്തീനായിലുടനീളം അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഹേറോദേസിനെ വെല്ലുവിളിച്ച സ്നാപകയോഹന്നാനില്‍ പലരും ഒരു തീവ്രവാദിനേതാവിനെ കണ്ടു. അത്ഭുത പ്രവര്‍ത്തകനും പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നവനുമായ യേശുവിനെ തീവ്രവാദികള്‍ രാജാവാക്കാന്‍ ശ്രമിച്ചു (യോഹ 6,14-15). യേശുവിന്‍റെ അപ്പസ്തോലന്മാരില്‍ ചിലരെങ്കിലും തീവ്രവാദികളായിരുന്നു. യേശു തീവ്രവാദത്തെയും സായുധവിപ്ലവത്തെയും തള്ളിപ്പറഞ്ഞെങ്കിലും റോമന്‍ അധികാരി അവനെ കുരിശില്‍ തറച്ചുകൊല്ലാന്‍ കല്പിച്ചത് ഒരു തീവ്രവാദിനേതാവായി കണ്ടതുകൊണ്ടാണ്. അവനോടൊപ്പം ഇരുവശത്തും കുരിശില്‍ തറയ്ക്കപ്പെട്ടതും തീവ്രവാദികളായിരുന്നു.

യഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹാ താനാണ് എന്നവകാശപ്പെട്ടുകൊണ്ട് പലരും ഈ കാലഘട്ടത്തില്‍ രംഗപ്രവേശം ചെയ്തു. അവരെയെല്ലാം രാഷ്ട്രീയാധികാരികള്‍ കൈകാര്യംചെയ്തു. എന്നാലും തീവ്രവാദികള്‍ നിരന്തരം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നു. അവസാനം എ.ഡി. 66ല്‍ അതു സംഭവിച്ചു. തീവ്രവാദികള്‍ ഭരണം പിടിച്ചടക്കി. റോമന്‍ സൈന്യത്തിനു ചെറുത്തു നില്ക്കാനായില്ല. തങ്ങള്‍ പ്രതീക്ഷിച്ച സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ കഴിഞ്ഞതില്‍ ജനം സന്തോഷിച്ചു, ആഘോഷിച്ചു. എന്നാല്‍ ആഘോഷം അധികം ദീര്‍ഘിച്ചില്ല.

റോം സാവധാനമാണ് നീങ്ങിയത്. വെസ്പാസിയാന്‍ എന്ന റോമന്‍ സൈന്യാധിപന്‍റെ കീഴില്‍ നാലു ലീജിയന്‍ (ഏകദേശം 60,000 പടയാളികള്‍) എ.ഡി. 67 ല്‍ പാലസ്തീനായുടെ വടക്ക് ഗലീലി യില്‍ യുദ്ധമാരംഭിച്ചു. കലാപകാരികള്‍ കയ്യടക്കിയിരുന്ന പട്ടണങ്ങളും കോട്ടകളും ഒന്നൊന്നായി പിടിച്ചടക്കി. 69 ല്‍ ജറുസലെം നഗരത്തിന് ഉപരോധം ഏര്‍പ്പെടുത്തി.

68 ല്‍ നീറോ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് റോമില്‍ കലാപമുണ്ടായി. രണ്ടുവര്‍ഷത്തിനിടയില്‍ ഗാല്‍ബാ, ഒത്തോ, വിത്തേല്ലിയൂസ് എന്നീ മൂന്നു സൈന്യാധിപന്മാര്‍ റോമില്‍ ഭരണാധിപന്മാരായെങ്കിലും ഏറെത്താമസിയാതെ ശത്രുക്കളുടെ വാളിനിരയായി. കിഴക്കുണ്ടായിരുന്ന റോമന്‍സൈന്യം 69 ല്‍ വെസ്പാസിയനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതോടെ ജറുസലെമിന്‍റെ ഉപരോധം മകന്‍ ടൈറ്റസിനെ ഏല്പിച്ചശേഷം വെസ്പാസിയാന്‍ റോമിലേക്കു തിരിച്ചു.

ഒന്നരവര്‍ഷം ദീര്‍ഘിച്ച ഉപരോധത്തിന്‍റെ അവസാനം ടൈറ്റസിന്‍റെ സൈന്യം നഗരത്തില്‍ പ്രവേശിച്ചു. ബി.സി. 587 ലെ സംഭവങ്ങള്‍ അനുസ്മരിപ്പിക്കുമാറ് കൊലയും കൊള്ളയും കൊള്ളിവെയ്പും നടന്നു. തീവ്രവാദികള്‍ അവസാനമായി ചെറുത്തുനിന്നത് ദേവാലയത്തിലാണ്. ദേവാലയം നശിപ്പിക്കരുത് എന്നു ടൈറ്റസ് പ്രത്യേകം കല്പിച്ചിരുന്നെങ്കിലും ഏതോ പടയാളി ദേവാലയത്തിനു തീകൊളുത്തി. ബി.സി. 515 ല്‍ പണികഴിക്കുകയും ബി.സി. 20 ല്‍ ഹേറോദേസ് പുനര്‍ നിര്‍മ്മാണം ആരംഭിക്കുകയും എ.ഡി. 64 ല്‍ പണിപൂര്‍ത്തിയാവുകയും ചെയ്ത, ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന, ജറുസലെം ദേവാലയം കത്തിച്ചാമ്പലായി. അനേകായിരം യഹൂദര്‍ അടിമകളായി നാടുകടത്തപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടവസാനിച്ചില്ല.

ജറുസലെമിന്‍റെ നാശത്തിനുശേഷം യഹൂദര്‍ വീണ്ടും സംഘടിച്ചു. ഫരിസേയരും നിയമജ്ഞരും ജനത്തിന്‍റെ മതാത്മകജീവിതത്തിനു നേതൃത്വം നല്കി. വലിയ മതനവീകരണശ്രമങ്ങള്‍ നടന്നു. മധ്യധരണ്യാഴിയുടെ തീരത്തുള്ള യാംനിയാ പട്ടണമായിരുന്നു ഈ നവീകരണ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.

ജറുസലെം ദേവാലയത്തിന്‍റെ നാശംവരെ ക്രിസ്ത്യാനികളും ദേവാലയത്തില്‍ പോയിരുന്നു. എന്നാല്‍ ജറുസലെമിന്‍റെ നാശത്തിനുശേഷം യഹൂദനേതൃത്വം ക്രിസ്ത്യാനികള്‍ക്കെതിരേ കൂടുതല്‍ ശക്തമായ നിലപാടു സ്വീകരിച്ചു. യഹൂദമതത്തില്‍ വളര്‍ന്നുവന്ന ഒരു പാഷണ്ഡതയായിട്ടാണ് ആദ്യം ക്രിസ്തുമതം കരുതപ്പെട്ടിരുന്നത്. ദേവാലയത്തിലും പ്രാര്‍ത്ഥനാലയങ്ങളായ സിനഗോഗുകളിലും ക്രിസ്ത്യാനികളും പോയിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് ഇത് അസാധ്യമാക്കുന്ന നിയമങ്ങള്‍ നിലവില്‍ വന്നു. അങ്ങനെ ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസം വ്യക്തമായി; അകലം വര്‍ദ്ധിച്ചു.

എ.ഡി. 130 ല്‍ പലസ്തീനായിലെ യഹൂദര്‍ വീണ്ടും ഒരു കലാപത്തിനൊരുങ്ങി. ശിമയോന്‍ ബര്‍കോസിബാ എന്നൊരാളാണ് നേതൃത്വം നല്കിയത്. പഴയ തീവ്രവാദി സംഘടനയുടെ സ്വാധീനത്തില്‍ വളര്‍ന്നവനായിരുന്നു ശിമയോന്‍. സംഖ്യ 24, 17 ല്‍ ബാലാമിന്‍റെ പ്രവചനത്തില്‍ വരാനിരിക്കുന്ന മിശിഹാ രാജാവിനെ "യാക്കോബില്‍ നിന്നുദിക്കുന്ന നക്ഷത്രം" എന്നു വിശേഷിപ്പിക്കുന്നുണ്ട്. ആ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണ് കലാപത്തിനു നേതൃത്വം നല്കുന്ന ശിമയോന്‍ എന്ന് അന്നത്തെ ഏറ്റം പ്രഗത്ഭനും പ്രസിദ്ധനുമായ റബ്ബി അക്കിബാ പ്രഘോഷിച്ചു. "നക്ഷത്ര പുത്രന്‍" എന്ന അര്‍ത്ഥത്തില്‍ "ബര്‍കോക്ക്ബാ" എന്നു ശിമയോന് പുതിയ പേരും നല്കി.

ഏകദേശം അഞ്ചുവര്‍ഷം നീണ്ടുനിന്ന കലാപം എ.ഡി. 135 ല്‍ ദയനീയമായി പരാജയപ്പെട്ടു. ശിമയോന്‍  കൊല്ലപ്പെട്ടു. റോമാക്കാര്‍ ജറുസലെം പിടിച്ചടക്കി. നിവാസികളെ മാമ്രേയിലും ഗാസായിലും വച്ച് അടിമകളായി ലേലം ചെയ്തുവിറ്റു. ദേവാലയഗിരി ഉഴുതുമറിച്ചു. പഴയതിന്‍റെ ഓര്‍മ്മ പരിപൂര്‍ണ്ണമായും തുടച്ചുമാറ്റി. യഹൂദര്‍ക്കു ജറുസലെമില്‍ പ്രവേശനം നിരോധിച്ചു. ദേവാലയഗിരിയില്‍ സീയൂസ്ദേവന്‍റെ ക്ഷേത്രം ഉയര്‍ന്നു. ജറുസലെം എന്ന പേരുതന്നെ മാറ്റി, കിഴക്കന്‍തലസ്ഥാനം എന്ന അര്‍ത്ഥത്തില്‍ ഏലിയാ കാപ്പിത്തൊളീനാ എന്ന പുതിയ പേരും നല്കി.

അതോടെ രക്ഷാചരിത്രം തികച്ചും പുതിയ വഴിയിലേക്കു തിരിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന നിലയിലുള്ള പ്രത്യേക സ്ഥാനം യഹൂദര്‍ക്കു നഷ്ടമായി. ആ സ്ഥാനത്ത് യഹൂദരും വിജാതീയരും ഉള്‍പ്പെടുന്ന, എല്ലാ ജനതകളിലുംനിന്നുള്ള, ഒരു പുതിയ ജനം രൂപം കൊണ്ടു -ക്രിസ്തുവിന്‍റെ സഭ. അവരിലൂടെയാണ് രക്ഷാചരിത്രം മുന്നേറുന്നത്. യേശുവില്‍ പൂര്‍ത്തിയായ രക്ഷയുടെ പ്രഘോഷണം ഇന്ന് ക്രിസ്തുസഭയിലൂടെ നടക്കുന്നു. എല്ലാറ്റിനെയും നവീകരിക്കാന്‍ അവന്‍ വീണ്ടും വരുന്നതുവരെ.

ഡോ . മൈക്കിൾ കാരിമറ്റം  

Biblical salvation history catholic malayalam Dr. Michael Karimattam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message