We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 23-Nov-2022
സൗഖ്യം നല്കിയ സ്പർശം - രക്തസ്രാവക്കാരി
അത്ര വലിയ ഒരപരാധമാണോ അവൾ ചെയ്തത്? മരണത്തോടു മല്ലടിക്കുന്ന ബാലികയെ സുഖപ്പെടുത്താൻ സിനഗോഗധികാരിയുടെ വീട്ടിലേക്കു തിരക്കിട്ടു പോകുന്ന ഗുരുവിന്റെ പിന്നിലൂടെ ചെന്ന് വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്നുതൊട്ടതേയുള്ളൂ, അവൾ. എന്താണതിൽ തെറ്റ്? എന്തേ അവൾ തൊട്ടതു തിരിച്ചറിഞ്ഞ് അവളെ മാത്രം തിരയുന്നു, ചോദ്യം ചെയ്യുന്നു? "ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്"? ശിഷ്യന്മാർക്കുപോലും ഗുരുവിന്റെ ചോദ്യം മനസ്സിലായില്ല. “ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും ആരാണ് എന്നെ തൊട്ടത് എന്നു ചോദിക്കുന്നുവോ? ആരാണവൾ?
സമാന്തരസുവിശേഷകർ മൂന്നുപേരും വിവരിക്കുന്ന ഒരു സംഭവമാണ് ഇവിടെ പഠനവിഷയം. ജായിറോസിന്റെ മകളെ സുഖപ്പെടുത്താനായി പോകുമ്പോൾ വഴിക്കുവച്ച് യേശുവിനെ തൊട്ട ഒരു സ്ത്രീ. ബാലികയുടെ രോഗവും മരണവും യേശു അവൾക്കു നല്കിയ പുനരുജ്ജീവനവും വിവരിക്കുന്നതിന്റെ ഇടയിൽ തിരുകിയതു പോലെയാണ് അവളെക്കുറിച്ച് മൂന്നു സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്നത് (മത്താ 9,18-28; മർക്കോ 5,21-43; ലൂക്കാ 8,40-56). പത്തു വാക്യങ്ങളിൽ സുദീർഘമായി മർക്കോസ് വിവരിക്കുന്ന സംഭവം ലൂക്കാ ആറും മത്തായി നാലും വാക്യങ്ങളിൽ ഒതുക്കിയിരിക്കുന്നു.
ഗെറസേനയുടെ നാട്ടിൽചെന്ന് ലെഗിയോൺ ബാധിച്ചവനെ സുഖപ്പെടുത്തി, സുബോധം നല്കി പ്രേഷിതനാക്കി അയച്ചതിനു ശേഷം മടങ്ങി എത്തിയ യേശുവിനെയാണ് യാത്രാമധ്യേ ഒരു സ്ത്രീ തടഞ്ഞു നിർത്തിയത്. അവൾക്കു പേരില്ല; സ്ഥലം പറയുന്നില്ലെങ്കിലും കഫർണാമാണെന്ന് സാഹചര്യത്തിൽ നിന്ന് ഊഹിക്കാം. അവളെക്കുറിച്ച് മൂന്നു സുവിശേഷകർക്കും എടുത്തുപറയാൻ ഒരു കാര്യമുണ്ട്. ദീർഘകാലമായി രക്തസ്രാവം ബാധിച്ച ഒരു രോഗിണിയാണവൾ. ചികിത്സിക്കാഞ്ഞിട്ടല്ല. പന്ത്രണ്ടുവർഷം അവൾ വൈദ്യന്മാരെ മാറി മാറി സമീപിച്ചു; അവർ പറഞ്ഞതെല്ലാം ചെയ്തു. കൈവശമുണ്ടായിരുന്നതു മുഴുവൻ ചിലവഴിച്ചു. എന്നാൽ ആരോഗ്യസ്ഥിതി കൂടുതൽ മോശമായതേ ഉള്ളൂ.
ശരീരത്തിൽനിന്നു ജീവശക്തി വാർന്നു പോകുന്നതിനാലുണ്ടാകുന്ന ബലക്ഷയവും ക്ഷീണവും ഒരു വശത്ത്. ചികിത്സകൾക്കുവേണ്ടി ഉള്ളതു മുഴുവൻ ചിലവാക്കിയതിനാൽ അനുഭവിക്കുന്ന നഷ്ടവും ദാരിദ്ര്യവും മറുവശത്ത്. എന്നാൽ ഇവ രണ്ടിനേക്കാളും ഗുരുതരമായിരുന്നു അവളുടെ രോഗത്തിന് സമൂഹം നലകിയ വിശദീകരണവും അതിൻ്റെ പേരിൽ അടിച്ചേല്പിച്ച വിലക്കുകളും തദ്ഫലമായ അപകർഷതാബോധവും. കുഷ്ഠരോഗിയെപ്പോലെയാണ് സമൂഹം അവളെ കണ്ടത്.
സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഏതു സ്രാവവും മനുഷ്യനെ അശുദ്ധനാക്കും എന്ന അടിസ്ഥാനതത്ത്വത്തിന്റെ വെളിച്ചത്തിൽ രൂപപ്പെടുത്തിയതായിരുന്നു ഈ നിയമങ്ങൾ. സ്ത്രീക്കു മാസമുറയനുസരിച്ച് സ്രാവമുണ്ടായാൽ ഏഴു ദിവസത്തേക്ക് അവൾ അശുദ്ധയായിരിക്കും (ലേവ്യ 15,19). ആൺകുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ നാല്പതു ദിവസത്തേക്കും പെൺകുഞ്ഞിനെ പ്രസവിക്കുന്നവൾ എൺപതു ദിവസത്തേക്കും അശുദ്ധയായിരിക്കും (ലേവ്യ 12,1-5). “സ്ത്രീക്ക് ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങൾ കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടുനില്ക്കുകയോ ചെയ്താൽ ഋതുകാലത്തെന്നപോലെ ഈ ദിവസങ്ങളിലെല്ലാം അവൾ അശുദ്ധയായിരിക്കും” (ലേവ്യ 15,25). അവൾ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടവും നടക്കുന്ന വഴിയും എന്നല്ല, അവൾ തൊടുകയോ അവളെ തൊടുകയോ ചെയ്യുന്നതെല്ലാം അശുദ്ധമാകും. അതിനാൽ അവൾ മുറിക്കുപുറത്തിറങ്ങരുത്. ഇതു മതനിയമം.
അനേകം സ്ത്രീകളെ ബാധിച്ചിരുന്ന ഒരു രോഗമായിരുന്നു ഇത്. അതിനാൽത്തന്നെ പലവിധ ചികിത്സാവിധികളും നിർണയിച്ചിരുന്നു. പലതും ചിലവേറിയതും അന്ധവിശ്വാസങ്ങളിൽ ഊന്നിയതും മാന്ത്രികച്ചുവ ഉള്ളതുമായിരുന്നു. ഉദാഹരണത്തിന് ഇതാ ഒരു ചികിത്സാവിധി: ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടു കത്തിച്ച് ചാരം വേനൽക്കാലത്താണെങ്കിൽ ചണത്തുണിയിലും ശീതകാലത്തെങ്കിൽ പരുത്തിത്തുണിയിലും പൊതിഞ്ഞ് കൂടെ കൊണ്ടു നടക്കണം. മറ്റൊരു ചികിത്സ വെളുത്ത കഴുതയുടെ ചാണകത്തിൽ കണ്ട ഒരു ബാർലി ധാന്യമണി എപ്പോഴും കൂടെ കൊണ്ടു നടക്കുക. കൂടുതൽ ശ്രമകരമായ മറ്റൊരു ചികിത്സ: ഏഴു കുഴികൾ കുഴിച്ച് കുഴികളിൽ ഇളം മുന്തിരിത്തണ്ടുകൾ കത്തിക്കുക. രക്തസ്രാവമുള്ളവളെ കുഴിയിലെ ചാരത്തിൽ ഇരുത്തുക കയ്യിൽ ഒരു ഗ്ലാസ് വീഞ്ഞും കൊടുക്കുക. തുടർന്ന് “നിന്റെ രക്തസ്രാവത്തിൽ നിന്നെഴുന്നേല്ക്കുക" എന്നു പറഞ്ഞുകൊണ്ട് അവളെ കുഴിയിൽനിന്നു കയറ്റി, അടുത്ത കുഴിയിലെ ചാരത്തിൽ ഇരുത്തുക. ഇങ്ങനെ ഏഴു കുഴികളിലും ഇരുത്തി കരകയറ്റുമ്പോൾ അസുഖം മാറിയിരിക്കും. ഇതൊക്കെ ഏതു വിധത്തിലാണ് രക്തസ്രാവത്തെ നിയന്ത്രിക്കുക എന്ന് ചോദിക്കാൻ പാടില്ല. വൈദ്യൻ പറയുന്നത് അനുസരിച്ചാൽ മതി. ഇതു കൊണ്ടൊക്കെ ആയിരിക്കാം തന്റെ സ്വത്തുമുഴുവൻ വൈദ്യന്മാർക്കായി ചിലവഴിച്ചിട്ടും ആരോഗ്യം കൂടുതൽ മോശമായതേ ഉള്ളൂ എന്ന് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇപ്രകാരം ഒരു ഹതഭാഗ്യയാണ് പഠനവിഷയമായ കഥാപാത്രം. രോഗവും അതിലേറെ കുറ്റബോധവും സമൂഹത്തിന്റെ പരിഹാസവും അവളെ തളർത്തി; അപകർഷതാബോധത്തിലാഴ്ത്തി.
എന്നാലും കീഴടങ്ങാൻ അവൾ തയ്യാറായിരുന്നില്ല. സമൂഹം നിശ്ചയിച്ച വേലിക്കെട്ടുകളെ മറികടക്കാൻ അവൾ തീരുമാനിച്ചു. തന്റെ സ്പർശനം മറ്റുള്ളവരെ അശുദ്ധരാക്കും എന്ന മതനിയമത്തിന്റെ വരുതികൾ തന്നെ തടയാൻ അവൾ സമ്മതിച്ചില്ല.
അവളുടെ പ്രവൃത്തിയിൽനിന്ന് നാലുകാര്യങ്ങൾ ശ്രദ്ധേയമാകുന്നു. 1. താൻ രോഗിയാണെന്ന വ്യക്തമായ അവബോധം. പന്ത്രണ്ടു വർഷമായി അത് അവളെ അലട്ടുന്നു. 2. സുഖം പ്രാപിക്കണം എന്ന അദമ്യമായ ആഗ്രഹം. അതുകൊണ്ടാണല്ലോ നിരന്തരമായി വൈദ്യൻമാരെ സമീപിച്ചതും കഴിയുന്നത്ര ചികിത്സിച്ചതും. 3. യേശുവിലുള്ള വിശ്വാസം. യേശുവിന്റെ വസ്ത്രത്തിലെങ്കിലും തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു. 4. സാഹസികത. സമൂഹം നിശ്ചയിച്ച വിലക്കുകളെ മറികടന്ന്, തനിക്കു സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകളെ അവഗണിച്ച്, അവൾ ജനക്കൂട്ടത്തിലേക്കുവന്നു. തിക്കിത്തിരക്കി, തള്ളിക്കയറി, യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. തനിക്കാവുന്നതെല്ലാം അവൾ ചെയ്തു.
വസ്ത്രത്തിൽ തൊട്ടു എന്ന മർക്കോസിന്റെ വിവരണം വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടു എന്നു മത്തായിയും ലൂക്കായും വിശദീകരിക്കുന്നുണ്ട്. യഹൂദമത നിയമപ്രകാരമുള്ള വസ്ത്രത്തിന്റെ ഒരു ഭാഗമാണിത്. ഹീബ്രുവിൽ സിസിത്ത് എന്നും ഗ്രീക്കിൽ ക്രസ്പെദോൺ എന്നുമുള്ള വാക്കാണ് “വിളുമ്പ്” എന്നു ഇവിടെ വിവർത്തനം ചെയ്തിരിക്കുന്നത്. “തൊങ്ങൽ' എന്നാണ് സാധാരണ ഇതു വിവർത്തനം ചെയ്യുക. “വസ്ത്രത്തിന്റെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാനും തൊങ്ങലുകളിൽ നീലനാടകൾ കെട്ടാനും ഇസ്രായേല്യരോടു കല്പിക്കുക” (സംഖ്യ 15,38) എന്ന നിയമപ്രകാരം ഭക്തരായ യഹൂദർ അണിഞ്ഞിരുന്ന ഈ തൊങ്ങലുകൾക്കു പ്രത്യേക അർത്ഥവും ലക്ഷ്യവുമുണ്ടായിരുന്നു. ദൈവത്തിന്റെ പ്രമാണങ്ങൾ അനുസ്മരിപ്പിക്കുകയും ഉടമ്പടിയുടെ നിയമങ്ങൾ അനുസരിച്ച് വിശുദ്ധജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.
നീലയും വെള്ളയും നൂലുകൾ ഇടകലർത്തി നെയ്തെടുത്ത് പുറങ്കുപ്പായത്തിന്റെ നാലു കോണിലും തുന്നിപ്പിടിപ്പിച്ചിരുന്ന തൊങ്ങലുകൾക്കു പ്രത്യേക ശക്തിയുണ്ടെന്ന് സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടാവണം അവന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ (വിളുബിൽ എന്നു പി.ഒ.സി. വിവർത്തനം) ഒന്നു തൊടാൻ ജനങ്ങൾ ആഗ്രഹിച്ചത് (മത്താ 14,36; മർക്കോ 6,50). തൊട്ടവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഈ തൊങ്ങലുകൾ ഭക്തിയുടെയും വിശുദ്ധിയുടെയും അടയാളമായി കരുതപ്പെട്ടു. അതിനാൽത്തന്നെ ഇവ ധരിച്ചിരുന്നവർ സമൂഹത്തിൽ പ്രത്യേക ആദരണീയരായിരുന്നു. ആന്തരികത നഷ്ടപ്പെട്ട ഒരു മതാനുഷ്ഠാനമായി ഇതിനെ യേശു ശക്തമായി വിമർശിച്ചതു മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട് (മത്താ 23,5). തൊങ്ങലും വിളുമ്പുമല്ല, യേശുവും അവനിലുള്ള വിശ്വാസവുമാണ് സൗഖ്യം നല്കുന്നത് എന്ന് പഠനവിഷയമായ സംഭവം വ്യക്തമാക്കുന്നു.
അവളുടെ വിശ്വാസം വ്യർത്ഥമായില്ല. സാഹസികത ഫലം കണ്ടു. തൊട്ടമാത്രയിൽ “അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗ വിമുക്തയായിരിക്കുന്നുവെന്ന് അവൾക്ക് ശരീരത്തിൽ അനുഭവപ്പെട്ടു" (മർക്കോ 5,29). വിവരണം ഇവിടെ അവസാനിപ്പിക്കാമായിരുന്നു. അവൾ ആഗ്രഹിച്ചതു ലഭിച്ചു. ആരും അറിയാതെ വന്നവൾ ആരും അറിയാതെ തന്റെ ആശ്വാസവും സന്തോഷവും ഉള്ളിലൊതുക്കി പിൻവാങ്ങുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്. എല്ലാം ശുഭമായി പര്യവസാനിച്ചു എന്നു കരുതി സന്തോഷിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ഗുരുവിന്റെ പ്രതികരണം. പെട്ടെന്നു നിന്ന് യേശു ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞ് ചോദിച്ചു. “ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്” (മർക്കോ 5,30). ജനം ചുറ്റിലും നിന്നു തിക്കിഞെരുക്കുമ്പോൾ ചോദ്യം അപ്രസക്തമാണെന്ന മറുപടിയൊന്നും ഗുരുവിനു സ്വീകാര്യമല്ല. അവന്റെ കണ്ണുകൾ ചുറ്റും പരതി. “ആരോ എന്നെ തൊട്ടു. എന്നിൽനിന്ന് ശക്തി നിർഗ്ഗമിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു (ലൂക്ക 8,46).
സമൂഹം അടിച്ചേല്പ്പിച്ച അപകർഷതാബോധത്താൽ കുനിഞ്ഞ്, ആരും അറിയാതെ കടന്നുവന്ന ആ പാവത്തിനെ എന്തേ ഇങ്ങനെ സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തി ചോദ്യം ചെയ്യുന്നു? ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധം പിടിക്കപ്പെട്ടു എന്നു കരുതിയ അവൾ പേടിച്ചുവിറച്ച് ഗുരുവിനു മുമ്പിൽ വീണു. ശരിയാണ്, താൻ ചെയ്തത് വലിയൊരപരാധമായിപ്പോയി. അശുദ്ധയായ താൻ മുറിയിൽ നിന്നു പുറത്തു കടക്കരുതായിരുന്നു. തന്റെ സ്പർശനത്താൽ എത്രപേരെ അശുദ്ധരാക്കിയെന്നറിയില്ല. വിശുദ്ധിയുടെ ഉറവിടമായ ഗുരുവിനെയും തന്റെ സ്പർശനത്താൽ അശുദ്ധനാക്കിയോ? ഇനി എന്താണ് പ്രതിവിധി? എന്തു ശിക്ഷയാണ് ഗുരു നല്കുക? ഈ ഭയമെല്ലാം ഉണ്ടെങ്കിലും ഒരു കാര്യം അവൾക്കു ബോധ്യപ്പെട്ടു. താൻ സുഖം പ്രാപിച്ചിരിക്കുന്നു. ഇനി എന്തും സംഭവിക്കട്ടെ. ഇതുവരെ ഒഴിഞ്ഞുമാറി, ഒതുങ്ങിക്കഴിഞ്ഞവൾ ഇനി ഒന്നും ഒളിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ അനുഭവങ്ങൾ മുഴുവൻ എല്ലാവരും കേൾക്കെ അവൾ വിളിച്ചു പറഞ്ഞു.
വലിയൊരു വിമോചനത്തിന്റെ അടയാളമായിരുന്നു ഈ വിശ്വാസപ്രഖ്യാപനം. തന്റെ രോഗവും സമൂഹത്തിന്റെ നിർദ്ദാക്ഷിണ്യമായ മാമൂലുകളും വൈദ്യന്മാരുടെ കരുണയില്ലാത്ത ചൂഷണവും താൻ ശരീരത്തിലും മനസ്സിലും ആത്മാവിലും അനുഭവിച്ച വ്യഥകളും എല്ലാം അവൾ എണ്ണിപ്പറഞ്ഞു. മാത്രമല്ല, യേശുവിന്റെ വസ്ത്രാഞ്ചലത്തിൽ തൊട്ടപ്പോൾ തനിക്കു ലഭിച്ച സൗഖ്യവും - അതാണ് അവളുടെ പ്രഘോഷണത്തിന്റെ കേന്ദ്രം. യേശുവിന്റെ ശക്തിയിലുള്ള തന്റെ വിശ്വാസാനുഭവത്തിന്റെ സാക്ഷിയായി അവൾ.
കേൾവിക്കാർക്കു പ്രതികരിക്കാൻ അവസരം നല്കാതെ യേശു ഉദ്ഘോഷിച്ചു. “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോവുക, നിന്റെ വ്യാധിയിൽനിന്ന് വിമുക്തയായിരിക്കുക!" (മർക്കോ 5,34). അപ്പോൾ അതായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം! രോഗിയെ അശുദ്ധനും പാപിയുമായി കാണുന്ന സമൂഹത്തിന്റെ വിലക്കുകൾ യേശു മാനിക്കുന്നില്ല. നിയമജ്ഞർ നല്കിയ വിശദീകരണങ്ങളുടെ പേരിൽ ആരെയും മുദ്രകുത്തി പുറത്താക്കാൻ യേശു അനുവദിക്കുന്നുമില്ല. "മകളേ" എന്ന അഭിസംബോധന - അതിൽ അലിവുണ്ട്, ആർദ്രത വഴിഞ്ഞൊഴുകുന്ന പിതൃവാത്സല്യമുണ്ട്. ശാസിക്കാനും ശിക്ഷിക്കാനുമല്ല യേശു അവളെ തിരിഞ്ഞു പിടിച്ച് മുൻപിൽ നിർത്തിയത്, അവൾക്കും സമൂഹത്തിനു മുഴുവനും വലിയൊരു പാഠം നല്കാൻ വേണ്ടിയാണ്.
“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!” വിശ്വാസത്തോടുകൂടിയ സ്പർശനമാണ് ദൈവത്തിന്റെ ശക്തിപ്രവഹിക്കാൻ കാരണമായത്. തന്നെ തിക്കിഞെരുക്കിയ ജനക്കൂട്ടത്തിൽ ആർക്കുമില്ലാതിരുന്ന ഒരു വിശ്വാസം. അത് അവൾക്കുണ്ടായിരുന്നു. യേശു തന്നെ ആ വിശ്വാസത്തിനു സാക്ഷ്യം നല്കുന്നു.
ശാരീരിക സൗഖ്യം മാത്രമാണ് അവൾ പ്രതീക്ഷിച്ചത്. എന്നാൽ ഒരു പൂവ് ചോദിച്ചവന് ഒരു വസന്തം തന്നെ സമ്മാനിക്കുന്ന ദൈവത്തിന്റെ ഔദാര്യം യേശുവിൽ നിന്ന് ചിറപൊട്ടിയൊഴുകുന്നു. ശരീരസൗഖ്യത്തിനപ്പുറത്ത് രക്ഷ, ദൈവികജീവനിലുള്ള പങ്കുചേരൽ ദൈവപുത്രീസ്ഥാനത്തേക്കുള്ള ഉയർത്തൽ - ഇതാണ് യേശു അവൾക്കു നല്കുന്നത്. “മകളേ” എന്നു വിളിച്ചത് വെറും ഒരു ഭംഗി വാക്കോ വാത്സല്യപ്രകടനമോ മാത്രം ആയിരുന്നില്ല, അവൾക്കു ലഭിച്ചിരിക്കുന്ന ദൈവപുത്രിസ്ഥാനത്തിന്റെ പരസ്യമായ അംഗീകാരം കൂടി ആയിരുന്നു.
ലജ്ജിച്ചും ഭയന്നും ഒളിവിൽ കഴിയേണ്ടവരല്ല രോഗികളും സ്ത്രീകളും. സമൂഹത്തിന്റെ വിലക്കുകളും താക്കീതുകളും ഒന്നും അവരെ അടിമകളാക്കരുത്. ഒരു രോഗവും ദൈവശാപമല്ല; രോഗം പാപത്തിന്റെ അടയാളവുമല്ല. വിശ്വാസപൂർവ്വം യേശുവിനെ സമീപിക്കുക, തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുക. സൗഖ്യദായകമായ ദൈവികശക്തിയുടെ ഉറവുപൊട്ടും. ഒരു പുതിയ മനുഷ്യവ്യക്തി ആയിട്ടാണ് അവൾ മടങ്ങിപ്പോയത്, ആരെയും ഭയക്കാതെ. ഇതുതന്നെ അല്ലേ സമൂഹത്തിനുമുമ്പിൽ നിർത്തി തന്റെ അനുഭവം സാക്ഷ്യപ്പെടുത്താൻ അവളെ യേശു നിർബന്ധിച്ചതിന്റെ കാരണം? വിശ്വാസം വഴി യേശുവിൽ നിന്നു ലഭിക്കുന്ന സൗഖ്യത്തിന്റെയും വിമോചനത്തിന്റെയും ആത്യന്തികമായ രക്ഷയുടെയും മാതൃകയായി നില്ക്കുന്നു, പിന്നിലൂടെ വന്നു വസ്ത്രഞ്ചലത്തിൽ സ്പർശിച്ച സ്ത്രീ.
സൗഖ്യം നല്കിയ സ്പർശം - രക്തസ്രാവക്കാരി Dr. Michael Karimattam യേശുവിലുള്ള വിശ്വാസം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206