x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, ശാപങ്ങളെ അനുഗ്രഹമാക്കിയവള്‍ (മത്താ 15:21-28)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

ശാപങ്ങളെ അനുഗ്രഹമാക്കിയവള്‍

(മത്താ 15:21-28)    

  വാക്ക് ശരങ്ങളുടെ    മുറിവുകള്‍ ഉണക്കാന്‍ കാലത്തിനും കഴിയാറില്ല. ജീവിതപങ്കാളിയോടും ആത്മമിത്രത്തോടും കുടുംബാംഗത്തോടും അജപാലകനോടും സഭയോടും അകലം സൂക്ഷിക്കുന്ന പലരുടെയും സങ്കടങ്ങളുടെ അകക്കാമ്പില്‍ ശേഷിക്കുന്നത് അരുതാത്ത വാക്ശരങ്ങളുടെ മുറിപ്പാടുകളാണ്. വാക്കുകളുടെ മിതത്വവും നിയന്ത്രണവും മാന്യത  മാത്രമല്ല ആത്മീയതയുടെയും ലക്ഷണമാണ്. കുതിരയുടെ നാവിനെ കടിഞ്ഞാണ്‍ കൊണ്ടുനിയന്ത്രിക്കുമ്പോള്‍ കുതിരയാകെ നിയന്ത്രണവിധേയമാകുന്നതുപോലെ നാവിന്‍റെ നിയന്ത്രണം വ്യക്തിത്വത്തിന്‍റെ മുഴുവന്‍ അച്ചടക്കമായി വിലയിരുത്തണമെന്ന് വി.ഗ്രന്ഥത്തിന് അഭിപ്രായമുണ്ട്. വാക്കിന് മനുഷ്യരൂപം ലഭിച്ച മിശിഹായില്‍ വാക്കും വ്യക്തിയും അതിന്‍റെ സാകല്യത്തിലാണ്. ശാന്തശീലനും വിനീതഹൃദയനുമായ അവിടുത്തെ വാക്കുകള്‍ തെളിനീരിന്‍റെ ശുദ്ധിയും നറുനിലാവിന്‍റെ ലാവണ്യവുമുള്ളതായിരുന്നു. എന്നിട്ടും കാനാന്‍കാരിയായൊരു സ്ത്രീക്കു മുന്നില്‍ ആ നാവു പിഴച്ചുപോയോ എന്നു സംശയിക്കാന്‍ തക്കവിധത്തില്‍ കഠിനമാണ് ഈ വചനഭാഗത്തിലെ പരുക്കന്‍ഭാഷ.

യേശുവിന്‍റെ വര്‍ഗ്ഗീയവാദം?

വിജാതീയരെ അപമാനിക്കാനും തിരഞ്ഞെടുക്കപ്പെട്ടവരുടെ മഹത്വത്തെ വര്‍ണ്ണിക്കാനും മത്സരിച്ചിരുന്ന സാദാ യഹൂദന്‍റെ ഭാഷയിലാണ് ഈ വചനഭാഗത്ത് യേശു സംസാരിക്കുന്നത് എന്നതാണ് വിമര്‍ശകരുടെ ആക്ഷേപം. സര്‍വ്വലോകരക്ഷകന്‍ നിമിഷാര്‍ദ്ധത്തേക്കെങ്കിലും സങ്കുചിതനായി എന്നു കരുതുന്നവരുണ്ട്. എന്നാല്‍ വര്‍ഗ്ഗീയ (വംശീയ വാദങ്ങള്‍) ഉന്നയിക്കുന്നവര്‍ വചനത്തിന്‍റെ പശ്ചാത്തലം ഗ്രഹിക്കാത്തവരാണ്. പാരമ്പര്യവാദികളായ യഹൂദര്‍ യേശുവിനെ തള്ളിപ്പറഞ്ഞപ്പോഴാണ് (15:1-20) യേശു കാനാന്‍കാരുടെ നാട്ടില്‍ (ടയിര്‍, സീദോന്‍...) എത്തുന്നത്. സമാനമായ പിന്‍വാങ്ങലുകളുടെ സൂചന 2:12;4:12;12:15;14:13; വാക്യങ്ങളിലും സുവിശേഷകന്‍ നല്‍കുന്നുണ്ട്. ദൈവജനമായ യഹൂദര്‍ മിശിഹായെ തള്ളിപ്പറഞ്ഞു ബഹിഷ്കരിച്ചപ്പോള്‍ അവനില്‍ ലോകരക്ഷകനായ മിശിഹായെ ഒരു വിജാതീയ സ്ത്രീ തിരിച്ചറിഞ്ഞതിന്‍റെ വിവരണമാണ് ഈ വചനഭാഗം എന്നു വിസ്മരിക്കരുത്. അതുകൊണ്ടാണ് സഭാപിതാവായ വി.ക്രിസോസ്തോം ഈ വചനഭാഗത്തെ നടപടിപ്പുസ്തകം പത്താം അധ്യായത്തിലെ പത്രോസിന്‍റെ ദര്‍ശനവുമായി താരതമ്യം ചെയ്തു മനസ്സിലാക്കുന്നത്. വിജാതീയര്‍ യേശുവില്‍ രക്ഷകനെ കണ്ടെത്തി സഭയില്‍ അംഗങ്ങളാകുന്ന ചരിത്രയാഥാര്‍ത്ഥ്യത്തെയാണ് സുവിശേഷകന്‍ ഇവിടെ അവതരിപ്പിക്കുന്നത്.

കാനാന്‍കാരി എന്ന പേര് തികച്ചും അര്‍ത്ഥഗര്‍ഭമാണ്. യേശുവിന്‍റെ കാലത്ത് കാനാന്‍ എന്ന വാക്ക് ഉപയോഗത്തിലുണ്ടായിരുന്നില്ല. കാര്‍മ്മല്‍മലയ്ക്കു വടക്കുള്ള ഫിനീഷ്യന്‍ നഗരങ്ങളെ അബ്രാഹത്തിന്‍റെ കാലത്ത് പൊതുവായി വിളിച്ചിരുന്ന പേരാണ് കാനാന്‍. എന്നാല്‍ പുറപ്പാടുസംഭവത്തോടെ ഈ പേര് വിസ്മൃതമായി. തന്മൂലം കാനാന്‍ എന്നത് ഒരു ജാതിപ്പേരല്ല. ഫിനീഷ്യന്‍ദേശത്ത് അധിവസിച്ചിരുന്ന 12ല്‍ അധികം വിഭാഗം മനുഷ്യരെ പൊതുവായി വിളിക്കുന്ന പേരാണത്. "കാനാന്" എന്ന വാക്കിന് "തീക്ഷ്ണതയുള്ളത്" എന്നൊരു അര്‍ത്ഥമുണ്ട്. സ്ത്രീയുടെ ജാതിസൂചനയെക്കാള്‍ അവളുടെ സ്വഭാവസൂചനയായി ഈ അഭിധാനത്തെ വ്യാഖ്യാനിക്കാവുന്നതാണ്. അവള്‍ തീക്ഷ്ണതയുള്ളവളായിരുന്നു. യേശുവിലുള്ള വിശ്വാസത്തിലും തന്‍റെ മകളോടുള്ള സ്നേഹത്തിലും അചഞ്ചലമായ തീക്ഷ്ണത പുലര്‍ത്തിയ ഈ സ്ത്രീയുടെ വിശ്വാസത്തിനാണ് വിവരണത്തില്‍ പ്രധാന്യമുള്ളത്.

സാദാ യഹൂദനെപ്പോലെ വംശീയവാദത്തിന്‍റെയോ വര്‍ഗ്ഗീയചിന്തയുടെയോ സ്വാധീനം യേശുവിലുണ്ടായിരുന്നുവെങ്കില്‍ അവിടുന്ന് വിജാതീയരുടെ നാട്ടിലേക്കു പോകുമായിരുന്നില്ല. അവിടുന്ന് സ്വമനസ്സാ വിജാതീയരുടെ നാട്ടിലെത്തിയത് വിജാതീയരുടെ വിശ്വാസതീക്ഷ്ണത യഹൂദരുടേതിനേക്കാള്‍ ശ്രേഷ്ഠവും അനുകരണീയവുമാണെന്നു സ്ഥാപിക്കാന്‍വേണ്ടിയാണ് എന്ന് 15:28ല്‍ വ്യക്തമാകുന്നുണ്ട്.

വിശ്വാസത്തിന്‍റെ വില

തങ്ങള്‍ക്കു ഹിതകരമല്ലാത്തതു പറഞ്ഞ യേശുവിനെ ബഹിഷ്കരിച്ച യഹൂദരില്‍നിന്നു വ്യത്യസ്തയായി തനിക്ക് ഏറ്റവും ആക്ഷേപകരമായത് എന്നു തോന്നാവുന്നവിധത്തില്‍ സംസാരിച്ച യേശുവിനോട് അചഞ്ചലമായ വിശ്വാസം പുലര്‍ത്തുന്ന കാനാന്‍കാരി വിശ്വാസത്തിന്‍റെ ശരിയായ മാതൃകയാണ്. തനിക്കു ഹിതകരമല്ലാത്ത മറുപടിയുണ്ടായപ്പോഴും അവള്‍ പിണങ്ങിയില്ല, നീരസം പ്രകടിപ്പിച്ചില്ല, അകന്നുപോയില്ല, കുറ്റംപറഞ്ഞുമില്ല. നമ്മളും കാനാന്‍കാരിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. ചോദിച്ചതു ലഭിച്ചില്ലെങ്കില്‍ നാം ദൈവത്തെയും ചോദ്യം ചെയ്യും. അവിടുത്തെ നിഷേധിക്കും. അവിടുന്നില്‍ നിന്നകലും.

വിശ്വാസത്തിന് വികാരത്തിനപ്പുറത്തേക്കു നീളുന്ന ഒരു മാനമുണ്ട് എന്ന സത്യമാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. കേവലം വൈകാരികതയുടെ വേലിയേറ്റത്തില്‍ വലിച്ചെറിയാനുള്ളതല്ല വിശ്വാസം. സ്വന്തം ആത്മാവിന് വികാരത്തേക്കാള്‍ വിലയുണ്ട് എന്നു തിരിച്ചറിയുന്നവനുമാത്രമേ വിശ്വാസത്തിന്‍റെ ശ്രേഷ്ഠത ഗ്രഹിക്കാനാവൂ. വികാരപരമായി പ്രതികരിച്ച് വിശ്വാസം വലിച്ചെറിഞ്ഞവര്‍ എത്രയോ പേരുണ്ട്! പ്രതീക്ഷിച്ചതിനു വിരുദ്ധമായി വികാരിയച്ചന്‍ പ്രതികരിച്ചതില്‍ പ്രതിഷേധിച്ച് പള്ളിയില്‍ കയറാത്തവരുണ്ട്. സാദ്യശ്യകാരണങ്ങളാല്‍ മേലധികാരികളുമായി ബന്ധം വിച്ഛേദിക്കുന്ന വൈദികരും സമര്‍പ്പിതരുമുണ്ട്. മതാധ്യാപകനോടുള്ള നീരസംകൊണ്ട് കുട്ടികളെ മതബോധനത്തിന് അയയ്ക്കാത്തവരുണ്ട്. വൈകാരിക കാരണങ്ങളാല്‍ വിവാഹം എന്ന കൂദാശയെ അധിക്ഷേപിച്ച് വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതിമാരുണ്ട്. വികാരം വിശ്വാസത്തെ വിഴുങ്ങുന്ന  ഈ കാലഘട്ടത്തില്‍ കാനാന്‍കാരിയുടെ വികാരത്തെ ജയിക്കുന്ന വിശ്വാസത്തിന് നക്ഷത്രശോഭയുണ്ട്.

യേശുവാണ് ഏകരക്ഷാമാര്‍ഗ്ഗം എന്നു തിരിച്ചറിഞ്ഞവള്‍ക്ക് വികാരങ്ങളുടെ പേരില്‍ പിന്തിരിയുക അസാധ്യമായിരുന്നു. സഭയും ക്രിസ്തുവുമാണ് ഏകരക്ഷാമാര്‍ഗ്ഗം എന്നു തിരിച്ചറിവുള്ളവര്‍ വൈകാരികതയുടെ പേരില്‍ സഭാധ്വംസനം നടത്തില്ല. വിശ്വാസത്തെ പരമമായി, സ്വന്തം അസ്ഥിത്വത്തേക്കാള്‍ വിലമതിച്ചു എന്നതാണ് കാനന്‍കാരിയുടെ അനന്യശ്രേഷ്ഠത.

മക്കളുടെ അപ്പം നായ്ക്കള്‍ക്കോ?

യേശുവിന്‍റെ മറുപടിയില്‍ (15:26) മക്കളായി പരിഗണിക്കപ്പെടുന്നത് യഹൂദരും നായ്ക്കളായി പരിഗണിക്കപ്പെടുന്നത് കാനാന്‍കാരി ഉള്‍പ്പെടുന്ന വിജാതീയരുമാണെന്ന് അനുമാനിക്കാം. യേശു ഇവിടെ "നായ" എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് "കുനാരിയോസ്" എന്ന ഗ്രീക്കുപദമാണ്. "പട്ടിക്കുട്ടി" (Puppy) എന്ന അര്‍ത്ഥമാണ് ഈ പദത്തിനുള്ളത്. തന്മൂലം വിജാതീയരെ നേരിട്ട് "നായ്ക്കള്"  എന്നു വിളിക്കുകയല്ല ചെയ്തത് എന്നു വാദിച്ച് യേശുവിന്‍റെ പ്രസ്താവനയുടെ കാഠിന്യം കുറയ്ക്കാന്‍ ശ്രമിക്കുന്ന വ്യാഖ്യാതാക്കളുണ്ട്. എത്ര ലഘൂകരിക്കാന്‍ ശ്രമിച്ചാലും ഈ വചനത്തിന്‍റെ ഋണാത്മകധ്വനി നിലനില്‍ക്കുന്നുണ്ട്.

മനുഷ്യന്‍റെ ആവശ്യങ്ങളോടും പ്രാര്‍ത്ഥനകളോടും ഭാവാത്മകമായി പ്രതികരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നത് ക്ഷിപ്രസാധ്യമാണ്. വിശ്വാസത്തിന്‍റെ ആദ്യപടിയാണിത്. ഈ പടിയില്‍ ڇചോദിച്ചുവാങ്ങുന്നുڈ എന്നതാണ് വിശ്വാസത്തിന്‍റെ അര്‍ത്ഥതലം. ഒരുതരം കച്ചവടതലമാണിത്. ആവശ്യമുള്ളതു ചോദിക്കുന്നു. കിട്ടാനായി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നു. ചോദിച്ചതു ലഭിക്കുമ്പോള്‍ നാം സന്തുഷ്ടരാകുകയും ചെയ്യുന്നു. സോദാം ഗോമോറായ്ക്കുവേണ്ടി ദൈവത്തോടു ന്യായവാദം നടത്തികാര്യം നേടുന്ന അബ്രാഹത്തെ ഇവിടെ ഉദാഹരിക്കാം.

വിശ്വാസത്തിന്‍റെ രണ്ടാമത്തെപടി ദൈവികനിശ്ശബ്ദതയോടു ഭാവാത്മകമായി സംവദിക്കുക എന്നതാണ്. തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം തരാതെയും, ഉത്തരത്തിനായി കാലവിളംബം വരുത്തിയും നിശ്ശബ്ദനാകുന്ന ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ് ഈ പടിയുടെ സവിശേഷത. കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരുന്ന അബ്രാഹത്തിന്‍റെയും സാറായുടെയും ജീവിതത്തില്‍ ദൈവം പുലര്‍ത്തുന്ന എട്ടുപതിറ്റാണ്ടുകള്‍ നീളുന്ന നിശബ്ദത അബ്രാഹത്തെ വിശ്വാസത്തിന്‍റെ രണ്ടാം പടിയിലേക്കു വളര്‍ത്തി.

വിശ്വാസത്തിന്‍റെ മൂന്നാമത്തെപ്പടി കൂടുതല്‍ തീവ്രമാണ്. സങ്കടാഭ്യര്‍ത്ഥനകളോടു നിശ്ശബ്ദമായിട്ടല്ല ശത്രുതാമനോഭാവത്തോടെ ദൈവം പ്രതികരിക്കുന്നതായി തോന്നാവുന്ന സന്ദര്‍ഭങ്ങളുണ്ടാകും. അഭയശിലയായ ദൈവംതന്നെ ശത്രുപക്ഷത്തു നില്‍ക്കുന്നതായി അനുഭവിക്കേണ്ടി വരുന്നവന്‍റെ ധര്‍മ്മസങ്കടമാണിത്. തന്‍റെ പുത്രന്‍റെ ജീവന്‍ വിശ്വാസത്തിന്‍റെ വിലയായി ചോദിച്ചുകൊണ്ടു മോറിയ മലമുകളില്‍ നില്‍ക്കുന്ന ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ അബ്രാഹം വിശ്വാസത്തിന്‍റെ സമ്പൂര്‍ണ്ണതയിലെത്തുകയായിരുന്നു. കാല്‍വരിമലയുടെ നിറുകയില്‍ അരുമസുതന്‍റെ പ്രാണന്‍ മനുഷ്യപാപത്തിനു പരിഹാരമായി സ്വീകരിക്കുന്ന പരമപിതാവില്‍ അണുപോലും പതറാതെ വിശ്വസിച്ച മറിയം വിശ്വാസികള്‍ക്കു മാതാവായി മാറി. നദിക്കരയില്‍ വച്ച് രാവെളുക്കുവോളം മല്ലയുദ്ധത്തിനായി ദൈവം വന്ന അനുഭവം യാക്കോബിനു മാത്രമുള്ളതല്ല. പലപ്പോഴും ദൈവം ശത്രുവിനെപ്പോലെ പെരുമാറുന്നതായി തോന്നാം. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍, കൂടുതല്‍ ചേര്‍ന്നിരുന്നാല്‍ അതു ശത്രുതയല്ല, വിശ്വാസത്തിന്‍റെ ആഴങ്ങളിലേക്കുള്ള ക്ഷണമാണ് എന്നുഗ്രഹിക്കാനാകും.

കാനാന്‍കാരിയെ ക്രിസ്തു കൈപിടിച്ചുയര്‍ത്തുന്നത് അബ്രാഹത്തെപ്പോലെ, മറിയത്തെപ്പോലെ വിശ്വാസത്തിന്‍റെ പരമോന്നതിയിലേക്കാണ്. വിശ്വാസത്തിന്‍റെ പടികള്‍ വിജയകരമായി കയറിയ അവള്‍ ശാപങ്ങളെ അനുഗ്രഹമാക്കി മാറ്റിയവളാണ്. സകല ശാപങ്ങളും അനുഗ്രഹമായി മാറുന്നത് വിശ്വാസത്തിന്‍റെ നറുംനിലാവിലാണ്.

 

(ഡോ. ജോസഫ് പാംപ്ലാനി)

gospel of Matthew she who turned cure into blessings catholic malayalam bible study Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message