x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, ഉത്ഥാനത്തിരുനാള്‍ (മത്താ 28:1-20)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

ഉത്ഥാനത്തിരുനാള്‍

(മത്താ 28:1-20)

ജീന്‍പോള്‍ സാര്‍ത്രിന്‍റെ No Exit എന്ന വിഖ്യാതമായ കഥ ജീവിതത്തിന്‍റെ നിരര്‍ത്ഥകത ദ്യോതിപ്പിക്കുന്നതാണ്. മൂന്നുപേര്‍ ഒരു വിചിത്ര മുറിയില്‍ അകപ്പെട്ടു. തങ്ങളെത്തന്നെ അനേകവട്ടം അന്തമായി പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍കൊണ്ടു നിര്‍മ്മിക്കപ്പെട്ട മുറിയാണിത്. ബാര്‍ബര്‍ഷോപ്പിലെ സമാന്തരകണ്ണാടികള്‍ നമ്മുടെ തലയെ അനന്തമായി പ്രതിഫലിപ്പിക്കുന്നതുപോലെ ഈ മുറിയിലകപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രതിച്ഛായയല്ലാതെ മറ്റൊന്നും കാണാന്‍ കഴിയുകയില്ല. ആ മുറിക്ക് വാതിലുകളില്ല, ജനലുകളുമില്ല. നിത്യകാലത്തേക്ക് ആ മുറിയിലായിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയും, എന്നാല്‍ ഗതകാലത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തിലെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ക്കു കഴിയില്ല. ഇരുന്നു മടുക്കുന്ന അവര്‍ അവസാനം പറയും "നമുക്കുപോകാം", എഴുന്നേല്‍ക്കുന്ന അവര്‍ തിരിച്ചറിയുന്നു പോകാന്‍ തങ്ങള്‍ക്കു വഴികളില്ല. അതുകൊണ്ടുതന്നെ അവര്‍ വീണ്ടും ഇരിപ്പുതുടരുന്നു.. അനന്തമായി, അനാവശ്യമായി. ജീവിതത്തിന്‍റെ കരകാണാകയങ്ങളില്‍നിന്നു രക്ഷനേടാനുള്ള മനുഷ്യപ്രയത്നങ്ങള്‍ വ്യര്‍ത്ഥമാകുന്നതിനെ ചൂണ്ടിയാണ്  സാര്‍ത്ര് ഈ കഥ പറയുന്നത്.

ഈ കഥാപാത്രങ്ങള്‍ക്കൊരു മോചനം സാധ്യമാണോ? ന്യൂട്ടന്‍റെ ചലനനിയമങ്ങളിലൊന്ന് ഇപ്രകാരമാണ്. "നിശ്ചലാവസ്ഥയിലായിരിക്കുന്നതോ നിയതമായി ചലിച്ചുകൊണ്ടിരിക്കുന്നതോ ആയ ഒരു വസ്തു ബാഹ്യസമ്മര്‍ദ്ദമുണ്ടാകുംവരെ ആ അവസ്ഥ തുടരുന്നു". അടയ്ക്കപ്പെട്ട വാതായനങ്ങള്‍ തുറക്കാന്‍ ആരെങ്കിലും വരുന്നതുവരെ മുറിയിലടയ്ക്കപ്പെട്ടവര്‍ അങ്ങനെതന്നെ തുടരണം. അടയ്ക്കപ്പെട്ട കല്ലറയും യഹൂദരെ ഭയന്ന് അടഞ്ഞ കതകുകള്‍ക്കു പിന്നില്‍ പരുങ്ങുന്ന ശിഷ്യരും മരവിച്ചുപോയ ജീവിതത്തിന്‍റെ തനിപ്പകര്‍പ്പായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ദൈവമിറങ്ങി കല്ലുരുട്ടി മാറ്റിയപ്പോള്‍  ഉത്ഥാന സന്ദേശവുമായി ശിഷ്യരുടെ വാതിലില്‍ മുട്ടിയപ്പോള്‍ സകലതിനും നൂതനമായ അര്‍ത്ഥം കൈവന്നു. അതുവരെയും ഗതകാലമോര്‍ത്തു കരയാന്‍ കഴിയുമായിരുന്ന മര്‍ത്യത അമര്‍ത്യതയുടെ അമരലോകം കണ്ടു. പറുദീസായുടെ അടഞ്ഞ വാതില്‍ രക്ഷകന്‍ തുറന്നപ്പോള്‍ പാപത്തിന്‍റെ ഫണം വിടര്‍ത്തുന്ന സര്‍പ്പങ്ങളുടെ തല എന്നേക്കുമായി തകരുന്നതും അവയുടെ സീല്‍ക്കാരങ്ങള്‍ക്കുമേല്‍ മാലാഖമാരുടെ ഹല്ലേലുയ്യാ ഗീതമുയരുന്നതും മനുഷ്യന്‍ കണ്ടു. മരണത്തിന്‍റെ ജയഭേരിക്കുമുന്നില്‍ തലകുനിച്ചുനിന്നവര്‍ മരണത്തെ നോക്കിച്ചിരിച്ചു. യേശുവിന്‍റെ ഉത്ഥാനം മനുഷ്യത്വത്തിന്‍റെ അനന്തസാധ്യതയിലേക്കു ദൈവം തുറന്ന വാതായനമായിരുന്നു.

ഈസ്റ്ററിന്‍റെ സന്ദേശമെന്തെന്ന് ഈസ്റ്റര്‍ രാത്രിയിലെ വായനകളില്‍ നിന്നുതന്നെ വ്യക്തമാണ്. നാലുകാര്യങ്ങളാണ് ശ്രദ്ധാര്‍ഹമായ സന്ദേശങ്ങള്‍.

  1. ജീവിക്കുന്നവനെ മരിച്ചവരുടെയിടയില്‍ തേടരുത്?
  2. ഭയപ്പെടേണ്ട
  3. കരയരുത്
  4. ഉത്ഥാനവാര്‍ത്ത സഹോദരങ്ങളെ അറിയിക്കുക.

ജീവിക്കുന്നവനെ മരിച്ചവരുടെയിടയില്‍ അന്വേഷിക്കരുത്

വെണ്‍മയേറിയ വസ്ത്രം ധരിച്ച് യേശുവിന്‍റെ കല്ലറയില്‍ കാണപ്പെട്ട രണ്ടുപേരുടെ മുന്നറിയിപ്പ് ഉത്ഥാന സന്ദേശത്തില്‍ പ്രസക്തമാണ്: "നിങ്ങള്‍ ജീവിക്കുന്നവനെ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നുവോ?" (ലൂക്കാ 24:5). നഷ്ടമായതു തിരയുന്നത് സാമാന്യഗതിയില്‍ അത് കാണപ്പെടാനിടയുള്ള ഇടങ്ങളിലാണ്. കാണാതായ പശുവിനെ തട്ടുംപുറത്ത് തപ്പേണ്ടതില്ല എന്ന ന്യായമാണ് വെള്ളവസ്ത്രധാരികള്‍ പറഞ്ഞുതരുന്നത്.

പലപ്പോഴും ഉത്ഥിതനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നവരാണ് നാം. കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും ആശങ്കകളും നമ്മുടെ വിശ്വാസജീവിതത്തെ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും ഉത്ഥിതനെ നാം മരിച്ചവരുടെ ഇടയില്‍ തിരയുന്നവരാണ്. അവനെ കണ്ടെത്താനുള്ള മാര്‍ഗ്ഗവും വെള്ളവസ്ത്രധാരികള്‍ പറഞ്ഞു തന്നു: "അവന്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മിക്കുക". ഉത്ഥിതനെ അറിയാനുള്ള വഴി അവന്‍റെ കല്ലറയും ശവക്കച്ചയും മുള്‍മുടിയും തേടിയിറങ്ങുക എന്നതല്ല മറിച്ച് അവന്‍ പറഞ്ഞുതന്ന വഴിയില്‍ ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ്. അവന്‍ പങ്കുവച്ചുതന്ന തിരുശരീരരക്തങ്ങള്‍ സ്വീകരിച്ച്, അവന്‍ പഠിപ്പിച്ച കൂട്ടായ്മയുടെ ജീവിതം പങ്കുവെച്ച്, അവന്‍ സ്ഥാപിച്ച തിരുസ്സഭയുടെ കൂട്ടായ്മയില്‍ പങ്കുചേരുമ്പോഴാണ് നമ്മുടെ ജീവിതം ഉത്ഥാനത്തിന് അനുയോജ്യമായ ജീവിതമാകുന്നത്.

ഭയപ്പെടേണ്ട

പീഢാനുഭവ വിവരണങ്ങളിലുടനീളം ഭയത്തിന്‍റെ നിഴല്‍ വീണിട്ടുണ്ട്. പത്രോസ് ഭയംകൊണ്ടു തള്ളിപ്പറയുന്നു. മറ്റുശിഷ്യന്മാര്‍ ഭയംകൊണ്ട് ഓടിയൊളിച്ചു. പീലാത്തോസ് ഭയന്ന് കൈകഴുകുകയും യേശുവിന് കുരിശുവിധിക്കുകയും ചെയ്യുന്നു. പീലാത്തോസിന്‍റെ ഭാര്യ ഭയന്ന് യേശുവിനെ രക്ഷിക്കാന്‍ പരിശ്രമിക്കുന്നു. യേശുവിന്‍റെ മരണം കണ്ട ശതാധിപന്‍ ഭയന്ന് അവിടുത്തെ ദൈവീകത ഏറ്റുപറയുന്നു. യഹൂദരെ ഭയന്നു കഴിഞ്ഞിരുന്ന നിക്കോദേമോസാണ് മൃതസംസ്കാരത്തിനു നേതൃത്വം കൊടുക്കുന്നത്. മൃതസംസ്ക്കാരം കഴിഞ്ഞിട്ടും പ്രധാനാചാര്യന്മാര്‍ യേശുവിനെ ഭയക്കുന്നതിനാല്‍ അവര്‍ അവന്‍റെ കല്ലറക്കു കാവല്‍ ഏര്‍പ്പെടുത്തി. ഉത്ഥാനസമയത്തെ ഭൂകമ്പത്തില്‍ കാവല്‍ക്കാര്‍ ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി. ശൂന്യമായ കല്ലറ കണ്ടു ഭയക്കുന്ന സ്ത്രീകള്‍ക്കാണ് ഭയപ്പെടേണ്ട എന്ന സന്ദേശം ലഭിക്കുന്നത്.

ബൈബിളില്‍ ഭയത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം ആദിമാതാപിതാക്കള്‍ പാപം ചെയ്ത ദിനത്തിലെ വിവരണത്തിലാണ്: "അവര്‍ ഭയന്ന് മരങ്ങള്‍ക്കിടയിലൊളിച്ചു" (ഉല്‍പ 3:9). തെറ്റുചെയ്തവന്‍റെ വികാരമാണ് ഭയം. തെറ്റിന്‍റെ അനന്തരഫലമാണ് ഭയം. അപരനെ ഭയപ്പെടുന്നവനില്‍ ശത്രുത, അസൂയ, കൊലപാതകചിന്ത എന്നിവ ഉടലെടുക്കുന്നു. ദൈവവിരുദ്ധമായ നിലപാടാണ് ഭയത്തിന് ആധാരം. ദൈവസാന്നിധ്യം ഭയം ജനിപ്പിക്കുമെങ്കിലും പ്രസ്തുതഭയം രക്ഷാകരവും ദൈവാരാധനയുടെ ഭാഗവുമാണ്. ഭക്തസ്ത്രീകളുടെ ഭയം ഇത്തരത്തിലുള്ളതാണ്. എന്നാല്‍ കാവല്‍ക്കാരുടെ ഭയം തെറ്റിന്‍റെ പക്ഷത്തു നിലയുറപ്പിക്കുന്നതിന്‍റെ അനന്തരഫലമാണ്. ഭയപ്പെടേണ്ട എന്ന സന്ദേശത്തിലൂടെ നന്മയുടെ പക്ഷത്ത് ഉറച്ചു നില്‍ക്കാനുള്ള ആഹ്വാനമാണ് ഉത്ഥിതന്‍ നല്‍കുന്നത്. ചിലപ്പോഴൊക്കെ തിന്മയുടെ വിജയത്തില്‍ നന്മയുടെ പക്ഷം ഭയപ്പെട്ടുപോകാറുണ്ട് എന്നത് സത്യമാണ്. ക്രിസ്തു മരിക്കുകയും കയ്യാഫാസ് ചിരിക്കുകയും ചെയ്തപ്പോള്‍ ശിഷ്യര്‍ ഭയപ്പെട്ടതുപോലെ. എന്നാല്‍ ഉത്ഥിതന്‍ പറയുന്നു ഭയപ്പെടേണ്ട.

കരയേണ്ട... സ്ത്രീയേ

കണ്ണീരും ചോരയും ഇഴപിരിയാതെ കാല്‍വരിയില്‍നിന്ന് ഒഴുകിയിറങ്ങുന്ന ആ തോട്ടത്തില്‍വച്ച് ڇതോട്ടക്കാരന്‍ڈ എന്നു തോന്നിച്ചവന്‍ പറഞ്ഞു കരയേണ്ട. ഏദേനിലെ തോട്ടത്തില്‍ ആദ്യത്തെ സ്ത്രീക്കു കാലിടറിയപ്പോള്‍ തുടങ്ങിയ കരച്ചിലായിരുന്നു സ്ത്രീയുടേത്. പുരുഷാധിപത്യവും ഈറ്റുനോവിന്‍റെ നൊമ്പരവും സ്ത്രീയുടെ സങ്കടകാരണമാകുമെന്ന് അന്നു സ്രഷ്ടാവ് പ്രവചിച്ചതായിരുന്നു. തോട്ടത്തിനു വെളിയിലിറക്കി കതകടച്ചതുമുതല്‍ അവള്‍ കരയുകയായിരുന്നു. ഇണയുടെ അധീശഭാവങ്ങളെയോര്‍ത്ത്... സന്താനങ്ങളുടെ അസുരഭാവങ്ങളെയോര്‍ത്ത്. എന്നാല്‍ തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവളോട് ഇന്ന് ആദ്യമായി പറഞ്ഞു: "കരഞ്ഞതു മതി..." ദൈവത്തെ നഷ്ടമാക്കിയ ആദിമാതാവിനെപ്പോലെ മഗ്ദലനക്കാരിയായ ആ സ്ത്രീ തിരിച്ചറിഞ്ഞു, യേശുവിനെ നഷ്ടമായതാണ് തന്‍റെ ദുഃഖകാരണം. എല്ലാ സങ്കടത്തിന്‍റെയും ആത്യന്തിക കാരണം ദൈവനഷ്ടമാണ്. ദൈവം കൂടെയുണ്ടെങ്കില്‍ മരണത്തിന്‍റെ തണുത്തുറഞ്ഞ താഴ്വരയിലും കണ്ണീര്‍ തുളുമ്പാതെ മെയ്യിടറാതെ പാദം പതറാതെ, നെറ്റിവിയര്‍ക്കാതെ നടക്കാന്‍ മനുഷ്യനു കഴിയും. ക്രിസ്തുവിനെ നഷ്ടമായതിന്‍റെ ശൂന്യതയാണ് നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നതും കരളിനെ നൊമ്പര ഭാരത്താല്‍ ഞെരുക്കിയിരുന്നതെന്നും തിരിച്ചറിയാനുള്ള തിരുനാളാണ് ഈസ്റ്റര്‍. കാതോര്‍ത്താല്‍ നമുക്കും കേള്‍ക്കാം ആ സന്ദേശം... "കരഞ്ഞതു മതി."

"എന്‍റെ സഹോദരങ്ങളോടു പറയുക"

ഉത്ഥാനത്തിരുനാളിന്‍റെ അന്തിമസന്ദേശവും അര്‍ത്ഥവത്താണ്: നീ എന്‍റെ സഹോദരന്മാരുടെ (അപ്പസ്തോലന്മാരുടെ) അടുക്കലേക്ക് ചെന്ന് ഉത്ഥാനവാര്‍ത്ത അറിയിക്കുക. സങ്കടപ്പെട്ടിരിക്കുന്ന ഒരുപാടു ജീവിതങ്ങളില്‍ ഉത്ഥാനത്തിന്‍റെ സന്തോഷം പകരുമ്പോഴാണ് ഈസ്റ്റര്‍ പൂര്‍ണ്ണമാകുക. ശിഷ്യര്‍ കാത്തിരുന്ന ഏറ്റവും വലിയ സന്തോഷവാര്‍ത്ത അവരെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടത് മറിയമാണ്. നമ്മെയും ദൈവം ഉത്ഥാനത്തിന്‍റെ സന്തോഷവാര്‍ത്ത അറിയിക്കാന്‍ നിയോഗിക്കാറുണ്ട്.... വെറുപ്പിലും വിദ്വേഷത്തിലും അകന്നു കഴിയുന്ന സഹോദരഭവനത്തില്‍  സ്നേഹത്തിന്‍റെ നിറപുഞ്ചിരിയുമായി കടന്നുചെല്ലാന്‍.രോഗിയായി ആശയറ്റ് കഴിയുന്ന അയല്‍ വീട്ടില്‍ പ്രതീക്ഷയുടെ പുതുവെളിച്ചവും കരുതലിന്‍റെ ചെമ്പുതുട്ടുകളുമായി കയറിച്ചെല്ലാന്‍... ചതഞ്ഞ ഞാങ്ങണ തല്ലിയൊടിച്ച് പുകഞ്ഞ തിരി ഊതിക്കെടുത്തി ആനന്ദിക്കുന്നവരുടെയിടയില്‍ പെട്ട് അപമാനഭാരത്തില്‍ തലകുനിഞ്ഞു പോയവരുടെ മുഖമുയര്‍ത്താന്‍... വിവാഹപ്രായം കഴിഞ്ഞിട്ടും ദാരിദ്ര്യംകൊണ്ട് കെട്ടുതാലി സ്വപ്നമായിമാത്രം ശേഷിക്കുന്ന നിസ്വയായ സഹോദരിയുടെ ജീവിതത്തെ കൈപിടിച്ചുയര്‍ത്താന്‍... എത്രയോ ഉത്ഥാനതിരുനാളുകള്‍ ജീവിതത്തില്‍ പാഴായിപ്പോയി.

അനുബന്ധചിന്തകള്‍

  1. കല്ലറയുടെ ദുര്‍വഹമായ കല്ല് ഉരുട്ടിനീക്കാന്‍ കഴിവില്ലാതിരുന്നിട്ടും കല്ലറയിങ്കല്‍ സുഗന്ധലേപനത്തിനുപോയ സ്ത്രീകള്‍ വിശ്വാസത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനുഷ്യനാല്‍ അസാധ്യമായത് ചെയ്യാന്‍ ദൈവം തന്‍റെ മാലാഖയെ അയച്ചുതരും എന്ന വിശ്വാസമാണ് അവരെ നയിച്ചത്. ജീവിതത്തിന്‍റെ പ്രതിസന്ധികളാകുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ ദൈവം തന്‍റെ മാലാഖയെ അയക്കും എന്ന പ്രത്യാശയുള്ളവര്‍ക്കേ ഉയിര്‍പ്പിന്‍റെ ആനന്ദം അനുഭവിക്കാനാകൂ.

 

(ഡോ. ജോസഫ് പാംപ്ലാനി)

Gospel of Matthew Feast of the Resurrection (Matthew 28: 1-20) catholic malayalam bible study Rev. Dr. Joseph Pamplany വി. മത്തായിയുടെ സുവിശേഷം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message