x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, യേശുവിന്‍റെ ശൈശവം (മത്താ 1-2)

Authored by : Fr. George Mangatt On 10-Feb-2021

 യേശുവിന്‍റെ ശൈശവം (മത്താ 1-2)

പ്പസ്തോലസഭയുടെ സുവിശേഷപ്രസംഗം ആദ്യകാലങ്ങളില്‍ യേശുവിന്‍റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും കേന്ദ്രമാക്കിയായിരുന്നു. വി. പൗലോസിന്‍റെ ലേഖനങ്ങളും (cf  1കോറി 15:1-11) നടപടി പുസ്തകത്തിലെ സുവിശേഷപ്രസംഗങ്ങളും (2:14-40; 3:12-26; 4:8-12; 5:29-32; 10:34-43; 13:16-41) ഇതിനു തെളിവാണ്. കര്‍ത്താവും രക്ഷകനുമായി ആദിമസഭ ആരാധിച്ചിരുന്ന യേശു കുരിശില്‍ മരിച്ചു എന്നത് യഹൂദര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ ഇടര്‍ച്ചയ്ക്കു കാരണമായിരുന്നു (cf 1കോറി 1:23). അതുകൊണ്ട് യേശുവിന്‍റെ ജീവിതം ശവക്കല്ലറയില്‍ അവസാനിച്ചില്ലെന്നും അദ്ദേഹത്തിന്‍റെ മരണവും ഉത്ഥാനവും ദൈവത്തിന്‍റെ രക്ഷാഹിതത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നെന്നും തിരുവെഴുത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് തെളിയിക്കാനാണ് ആദിമസഭ ശ്രമിച്ചത്. പിന്നീട് യേശുവിന്‍റെ പ്രവൃത്തികളും പ്രബോധനങ്ങളും എപ്രകാരം അദ്ദേഹത്തെ കുരിശിലേക്ക് നയിച്ചു എന്ന് വിശദീകരിക്കുന്ന സുവിശേഷങ്ങള്‍ രൂപം കൊണ്ടു. ഇതിലെല്ലാം അന്തര്‍ഭവിച്ചിരുന്ന, യേശു ആരാണ്, യേശുവിന്‍റെ ദൗത്യം എന്താണ് എന്ന ചോദ്യങ്ങള്‍ യേശുവിന്‍റെ ജനനത്തെയും ശൈശവത്തെയുംപറ്റി പരിചിന്തിക്കാന്‍ പ്രചോദനം നല്‍കി. തല്‍ഫലമായി അവയെപ്പറ്റിയുള്ള പാരമ്പര്യങ്ങള്‍ ആദിമസഭയില്‍ ജന്മംകൊണ്ടു. സുവിശേഷകന്മാരായ മത്തായിയും ലൂക്കായും തങ്ങളുടെ സുവിശേഷങ്ങളുടെ ആമുഖമായി അവതരിപ്പിക്കുന്നത് ഈ പാരമ്പര്യങ്ങളാണ്. അവിശ്വാസികളെ എന്നതിനേക്കാള്‍ വിശ്വാസികളെ ഉദ്ദേശിച്ചാണ് അവ എഴുതപ്പെട്ടിട്ടുള്ളത്. യേശുവിന്‍റെ കുടുംബത്തെയോ, ശൈശവത്തെയോപ്പറ്റി കുറേ വിവരങ്ങള്‍ നല്‍കുകയല്ല സുവിശേഷങ്ങളുടെ ഉദ്ദേശ്യം. യേശുവിന്‍റെ ഉല്‍ഭവത്തില്‍ ദൈവത്തിന്‍റെ അത്ഭുതാവഹമായ പ്രവര്‍ത്തനം, രക്ഷാചരിത്രത്തില്‍ യേശുവിനുള്ള സാര്‍വ്വത്രിക പ്രസക്തിയും പരമമായ സ്ഥാനവും, യേശുവില്‍ കൈവന്ന വിശുദ്ധലിഖിത പൂര്‍ത്തീകരണം തുടങ്ങിയ സദ്വാര്‍ത്താപരമായ സന്ദേശം പ്രഘോഷിക്കുകയാണ് സുവിശേഷകന്മാരുടെ ലക്ഷ്യം. ചുരുക്കത്തില്‍ ചരിത്രവിവരണത്തേക്കാള്‍ സുവിശേഷ പ്രഘോഷണമാണ് ഇവിടെ നാം കേള്‍ക്കുന്നത്.

I മത്തായി 1-2: സവിശേഷതകള്‍

      A മത്തായി - ലൂക്കാ: താരതമ്യപഠനം

സുവിശേഷകന്മാരായ മത്തായിയും ലൂക്കായും ഒരേ വിഷയത്തെപ്പറ്റി-യേശുവിന്‍റെ ജനനത്തെയും ശൈശവത്തെയുംപ്പറ്റി-പ്രതിപാദിക്കുന്നെങ്കിലും അവര്‍ വിവരിക്കുന്ന സംഭവങ്ങളും വിവരണരീതികളും തികച്ചും വ്യത്യസ്തങ്ങളാണ്. താഴെ കൊടുത്തിരിക്കുന്ന രേഖാരൂപം (Scheme ) നോക്കുക

TABLE 1

ലൂക്കായുടെ വിവരണങ്ങള്‍ 128 വാക്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മത്തായിയുടേത് 48 വാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു. ലൂക്കായില്‍ വിവരിക്കുന്ന ഒരു രംഗംപോലും മത്തായിയില്‍ കാണുന്നില്ല. മത്തായി നല്‍കുന്ന വംശാവലി ലൂക്കാ 3-ാമദ്ധ്യായത്തിലുള്ളതില്‍നിന്ന് സാരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ലൂക്കായുടെ വിവരങ്ങളില്‍ മറിയത്തിനാണ് പ്രാധാന്യം; മത്തായിയുടേതിലാകട്ടെ യൗസേപ്പിനും. താരതമ്യേന ആനന്ദകരമായ രംഗങ്ങളാണ് ലൂക്കാ വിവരിക്കുന്നത്: ഭക്തരും കുലീനരുമായ വ്യക്തികളുടെ സാന്നിധ്യം, ജറുസലെം ദൈവാലയത്തിന്‍റെ പൂജ്യത, ആഹ്ലാദജനകവും പ്രത്യാശാനിര്‍ഭരവുമായ സ്തുതിഗീതങ്ങള്‍, ദൈവദൂതന്‍ അറിയിക്കുന്ന മംഗലവാര്‍ത്തകള്‍ ഇവയെല്ലാം ലൂക്കായുടെ വിവരണത്തെ നിറപ്പകിട്ടുള്ളതും ഹൃദയഹാരിയുമാക്കുന്നു. മത്തായിയാകട്ടെ സംഘര്‍ഷാത്മകായ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്: യൗസേപ്പിന്‍റെ മനഃക്ലേശം, യേശുവിനെ നശിപ്പിക്കാനുള്ള ഹേറോദേസിന്‍റെ ശ്രമം, ക്രൂരമായ ശിശുവധം, ഈജിപ്തിലേക്ക് ഒളിച്ചോട്ടം അര്‍ക്കലാവൂസിനെപ്പറ്റിയുള്ള ഭീതി ഇവയെല്ലാമടങ്ങുന്ന മത്തായിയുടെ വിവരണം അസ്വസ്ഥവും പ്രക്ഷുബ്ധവുമായ ഒരന്തരീക്ഷത്തിന്‍റെ പ്രതീതിയാണ് ഉളവാക്കുന്നത്.

മത്തായിയുടേയും ലൂക്കായുടേയും വിവരണങ്ങള്‍ പരസ്പരം പൊരുത്തപ്പെടാനുള്ള ശ്രമം അപ്രസക്തമാണ്, അസാദ്ധ്യവുമാണ്. കാരണം, സുവിശേഷകന്മാര്‍ വ്യത്യസ്തങ്ങളായ പ്രാദേശികസഭകള്‍ക്കുവേണ്ടി തമ്മില്‍ ബന്ധമില്ലാത്ത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരാശ്രയം കൂടാതെയാണ് ഇവ എഴുതിയിട്ടുള്ളത്. തന്മൂലം ഓരോ സുവിശേഷത്തേയും അതിന്‍റേതായ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ വീക്ഷിച്ച് അതിലെ പ്രത്യേക സന്ദേശം ഉള്‍ക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്. എങ്കിലും അടിസ്ഥാനപരമായ ചരിത്രസത്യങ്ങളുടെ കാര്യത്തില്‍ സുവിശേഷകന്മാര്‍ തമ്മിലുള്ള യോജിപ്പ് ശ്രദ്ധാര്‍ഹമാണ്:

  1. യേശുവിന്‍റെ ജനനകാലം: ഹേറോദേസ് രാജാവിന്‍റെ വാഴ്ച-മത്താ 2:1; ലൂക്കാ 1:5-26
  1. ജനനസ്ഥലം: യൂദയായിലെ ബേത്ലഹം മത്താ 2:1; ലൂക്കാ 2:4-7
  2. അമ്മയുടെ പേര്: മറിയം-മത്താ 1:16; 2:11/ ലൂക്കാ 1:27
  3. മറിയത്തിന്‍റെ ഭര്‍ത്താവും തിരുക്കുടുംബനാഥനും: യൗസേപ്പ്-മത്താ 1:18-25/ലൂക്കാ1:26-38 (യേശുവിന്‍റെ കന്യാജനനം)
  4. യേശു എന്ന നാമം: ദൈവനിശ്ചിതം- മത്താ 1:21/ലൂക്കാ 1:31; 2:21
  5. തിരുക്കുടുംബം നസ്രത്തില്‍ സ്ഥിരതാമസമാക്കുന്നു
  6. മത്താ 2:22-23; ലൂക്കാ 2:39

വളരെ പുരാതനമായ പാരമ്പര്യങ്ങളാണ് ഇവിടെ നമുക്ക് ലഭ്യമാകുന്നത്. ഇവയുടെ ചരിത്രപരമായ മൂല്യം അവിതര്‍ക്കിതമാണ്.

                                                        A മത്താ 1-2: ഘടന

   I യേശുവിന്‍റെ രക്ഷാചരിത്രപരമായ ഉത്ഭവം (1:1-25)

  1. വംശാവലി: യേശു - ഇസ്രായേല്‍ ചരിത്രത്തിന്‍റെ പരമകാഷ്ഠ (വാ. 1-17)
  2. യൗസേപ്പിന് ലഭിച്ച മംഗലവാര്‍ത്ത: ദൈവപുത്രന്‍ - ദാവീദിന്‍റെ പുത്രന്‍  (വാ. 18-25)

 II ഭാവിയുടെ പ്രവചനാത്മകമായ ചിത്രീകരണം (2:1-23)

  1. വിജാതീയര്‍ യേശുവിനെ ആരാധിക്കുന്നു (വാ. 1-12)
  2. യഹൂദജനം യേശുവിനെ തിരസ്ക്കരിക്കുന്നു (വാ. 13-23)
  1. ഒളിച്ചോട്ടം-ഈജിപ്തിലേക്ക് (വാ.13-15)
  2. ശിശുവധം (വാ. 16-18)
  3. ഈജിപ്തില്‍നിന്ന് നസ്രത്തിലേക്ക് (വാ. 19-23)

ആദ്യഭാഗത്ത് വംശാവലി ഉദ്ധരിച്ചുകൊണ്ട് യേശുവിന്‍റെ മാനുഷികമായ ഉത്ഭവം ഇസ്രായേല്‍ ജനത്തിലൂടെ ദൈവം സാക്ഷാത്ക്കരിക്കുന്ന രക്ഷാചരിത്രത്തിന്‍റെ അത്യുച്ചിയായി സുവിശേഷകന്‍ ചിത്രീകരിക്കുന്നു. എന്നാല്‍ യേശുവിന്‍റെ ഉത്ഭവം വാസ്തവത്തില്‍ പരിശുദ്ധാത്മാവിന്‍റെ അത്ഭുതാവഹമായ പ്രവര്‍ത്തനഫലമാണെന്ന് യൗസേപ്പിന് ലഭിച്ച മംഗലവാര്‍ത്ത വെളിപ്പെടുത്തുന്നു. ദൈവപുത്രനായ യേശു ദാവീദിന്‍റെ പുത്രനാകുന്നത് യൗസേപ്പിലൂടെയാണെന്ന സൂചനയും ഇവിടെയുണ്ട്. കൂടാതെ മിശിഹാ, അബ്രാഹത്തിന്‍റെ പുത്രന്‍, ദാവീദിന്‍റെ പുത്രന്‍, എമ്മാനുവേല്‍, യേശു (= രക്ഷകന്‍) തുടങ്ങിയ സ്ഥാനപ്പേരുകള്‍ യേശു ആരാകുന്നു എന്ന വിശ്വാസികളുടെ ചോദ്യത്തിനുത്തരം നല്‍കുന്നുണ്ട്.

രണ്ടാം ഭാഗത്ത് വിവരിക്കുന്ന സംഭവങ്ങളെല്ലാം വിജ്ഞാനികളുടെ അന്വേഷണത്തിന്‍റെയും (2:8) അത് ഹേറോദേസ് രാജാവിലും ഓര്‍ശ്ലേത്തും ഉളവാക്കിയ പ്രതികരണത്തിന്‍റെയും (2:3) പ്രത്യാഘാതങ്ങളാണ്. അവ മത്തായിയുടെ സുവിശേഷത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വെളിപ്പെടാനിരിക്കുന്ന രക്ഷാകരസംഭവങ്ങള്‍ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നു. വിജാതീയര്‍ യേശുവിനെയും സുവിശേഷത്തെയും സ്വീകരിക്കുമ്പോള്‍ യഹൂദജനം അദ്ദേഹത്തെ തിരസ്ക്കരിക്കുകയും പീഡിപ്പിക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ ഭാഗത്ത് സ്ഥലനാമങ്ങള്‍ക്കു നല്‍കുന്ന പ്രത്യേക പ്രാധാന്യവും ശ്രദ്ധാര്‍ഹമാണ് (യൂദയാ, ഓര്‍ശ്ലേം, ബേത്ലഹേം, ഈജിപ്ത്, റോമ, ഇസ്രായേല്‍ ദേശം, ഗലീലി, നസ്രത്ത്). യൂദയായിലെ ബേത്ലഹത്തു പിറന്ന യേശു എങ്ങനെ നസ്രായനായി അറിയപ്പെടുന്നു എന്ന ചോദ്യത്തിനുത്തരം നല്‍കുന്നതിനുള്ള ശ്രമമാണിവിടെ കാണുന്നത്. തിരുക്കുടുംബം ബേത്ലഹത്തുനിന്ന് ഈജിപ്തുവഴി നസ്രത്തിലെത്തി സ്ഥിരതാമസമാക്കുന്നത് ദൈവഹിതാനുസാരമാണ്.

II വിശകലനം

A യേശുവിന്‍റെ രക്ഷാചരിത്രപരമായ ഉത്ഭവം

  1. വംശാവലി: മത്താ1:1-17

പഴയനിയമത്തില്‍ പ്രചാരത്തിലിരുന്ന ഒരു സാഹിത്യരൂപമാണ് വംശാവലി (രള ഉല്‍ 5:1 ദിന 1-8). രാജവംശവുമായുള്ള തന്‍റെ ബന്ധം കാണിക്കാന്‍ ഫ്ളാവിയൂസ് ജൊസേഫൂസ് എന്ന യഹൂദചരിത്രകാരന്‍ ആത്മകഥയുടെ ആരംഭത്തില്‍ തന്‍റെ വംശാവലി ഉദ്ധരിക്കുന്നുണ്ട്. യേശുവിന്‍റെ വംശാവലി ക്രോഡീകരിക്കുന്നതില്‍ സുവിശേഷകന്‍ സാരമായ പങ്കു വഹിച്ചിട്ടുണ്ട്. നിലവിലിരിക്കുന്ന രേഖകളെ ആസ്പദമാക്കി ദൈവശാസ്ത്രപരമായ ഉദ്ദേശ്യത്തോടുകൂടെ അതിനെ സുവിശേഷകന്‍ രൂപീകരിച്ചു. സങ്കീര്‍ണ്ണമായ ഇസ്രായേല്‍ ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളെ പിന്നീട് ദൈവത്തിന്‍റെ രക്ഷാപദ്ധതി അബ്രാഹത്തിന്‍റെയും ദാവീദിന്‍റെയും പുത്രനും വാഗ്ദാനങ്ങളുടെ അവകാശിയുമായ യേശുവില്‍ അതിന്‍റെ പൂര്‍ത്തീകരണഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്ന സന്തോഷകരമായ പ്രഖ്യാപനമാണ് ഈ വംശാവലി ഉള്‍ക്കൊള്ളുന്നത്. ബൈബിളിലെ മറ്റു വംശാവലികള്‍പോലെ ഇതും കൃത്യമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുടുംബരേഖ എന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ ഉദ്ദേശ്യത്താല്‍ പ്രചോദിതമായ സാഹിത്യസൃഷ്ടിയാണ്.

ഈ വംശാവലിയുടെ ഘടന ഇപ്രകാരമാണ്:

    വാ 1: ശീര്‍ഷകം

  1. 2-6: പൂര്‍വ്വപിതാവായ അബ്രാഹം മുതല്‍ രാജാവായ ദാവീദുവരെ (14 തലമുറകള്‍)
  2. 7-11: ദാവീദുമുതല്‍ വിപ്രവാസം വരെ (14 തലമുറകള്‍)
  3. 12-16: വിപ്രവാസംമുതല്‍ യേശുമിശിഹാവരെ (14 തലമുറകള്‍)

വാക്യം 17 സംഗ്രഹം

ആമുഖപ്രസ്താവനയായ 1-ാം വാക്യം വംശാവലിയുടെ ഉദ്ദേശ്യത്തെ സ്പഷ്ടമാക്കുന്നു. യേശുമിശിഹാ അബ്രാഹത്തിന്‍റെ പുത്രനാണ് (cf ഗലാ 3:16): യഹൂദജനത്തിന്‍റെ പൂര്‍വ്വപിതാവിനു സകല ജനങ്ങളുടേയും ഭാഗധേയ നിര്‍ണ്ണായകമായി നല്‍കപ്പെട്ട  വാഗ്ദാനങ്ങളുടെ (cf ഉല്‍പ 12:2-3) അവകാശിയുമാണ് (cf ഗലാ 13:16). യേശു ദാവീദിന്‍റെ പുത്രനാണ് (cf റോമ 1:4) യഹൂദരാജവംശസ്ഥാപകന് നല്‍കപ്പെട്ട വാഗ്ദാനങ്ങളുടെ ( 2 സാമുവര്‍ 7:12-16) പൂര്‍ത്തീകരണവുമാണ്. അബ്രാഹത്തിനും ദാവീദിനും നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ മിശിഹായെ ലക്ഷ്യമാക്കിയുള്ളവയായിരുന്നു.മിശിഹായെപ്പറ്റിയുള്ള യഹൂദക്രിസ്ത്യാനികളുടെ പ്രതീക്ഷയുടെ രത്നച്ചുരുക്കമാണത്.

14 തലമുറകള്‍ വീതമുള്ള 3 ഖണ്ഡികകളായി വംശാവലിയെ വിഭജിച്ചിരിക്കുന്നു. (cf വാ. 17 ). ഈ വംശാവലിയില്‍ സങ്കീര്‍ണ്ണമായ യഹൂദചരിത്രം മുഴുവന്‍ പ്രതിഫലിക്കുന്നു. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് രക്ഷാചരിത്രം വിവിധ ഘട്ടങ്ങള്‍ കടന്നു പൂര്‍ത്തീകരണമായ യേശുവില്‍ എത്തിച്ചേരുന്ന ചിത്രമാണു സുവിശേഷകന്‍ വരച്ചുകാണിക്കുന്നത്. മാനുഷികമായ വീഴ്ചകളുടേയും ദുരന്തങ്ങളുടേയും മദ്ധ്യത്തിലും ദൈവത്തിന്‍റെ പരിപാലന രക്ഷാചരിത്രത്തെ അതിന്‍റെ ലക്ഷ്യത്തിലേക്കുനയിക്കുന്നു എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നു.

ആദ്യത്തെ 14 തലമുറകളുടെ ലിസ്റ്റ് (വാ. 2-6) പരമ്പരാഗതമാണ് (cf റൂത്ത് 4:18-22; 1 ദിന 2:1-15 ). ലൂക്കായുടെ ലിസ്റ്റിലെ പ്രസക്തഭാഗവുമായി (ലൂക്കാ 3:32-34) അതിനു സാരമായ സാമ്യമുണ്ട്. പൂര്‍വ്വപിതാവായ അബ്രാഹത്തില്‍ ആരംഭിച്ച് ദാവീദുരാജാവിനെയും യഹൂദജനത്തിന്‍റെ സുവര്‍ണ്ണകാലത്തെയും അനുസ്മരിച്ചുകൊണ്ടവസാനിക്കുന്ന ഈ ഖണ്ഡിക ഈജിപ്തിലെ അടിമത്തം, പുറപ്പാട്, മരുഭൂമിയിലെ ഉഴല്‍ച്ച, പാലസ്തീനാപ്രവേശനം, രാജഭരണസ്ഥാപനം തുടങ്ങിയ ചരിത്രപ്രധാനമായ സംഭവങ്ങളുടെ കാലമാണ് നമ്മുടെ ചിന്തയില്‍ കൊണ്ടുവരുക.

വാ. 6 b-14 നല്‍കുന്ന ലിസ്റ്റിന് 1 ദിനാ 3:10-16 ലെ ലിസ്റ്റുമായി പൊതുവേ പൊരുത്തമുണ്ട്; എന്നാല്‍ മൂന്ന് രാജാക്കന്മാരുടെ പേരുകള്‍ ഇവിടെ കാണുന്നില്ല. ആദ്യ ഭാഗത്തിലെന്നപോലെ 14 തലമുറകളില്‍ ഈ കാലഘട്ടത്തെ ഒതുക്കാന്‍ വേണ്ടിയായിരിക്കണം സുവിശേഷകന്‍ ഈ പേരുകള്‍ വിട്ടുകളഞ്ഞത്. അല്ലെങ്കില്‍, ഈ രാജാക്കന്മാര്‍ വിഗ്രഹാരാധകരായിരുന്നതുകൊണ്ടുമാകാം. ലൂക്കായുടെ ലിസ്റ്റില്‍നിന്ന് തീര്‍ത്തും വിഭിന്നമാണീ ഭാഗം. മത്തായി ദാവീദില്‍നിന്ന് ശ്ലേമോന്‍ വഴിയുള്ള പിന്തുടര്‍ച്ച കാണിക്കുമ്പോള്‍ ലൂക്കാ കാണിക്കുന്നത് നാഥാന്‍ വഴിയുള്ള പിന്തുടര്‍ച്ചയാണ്. രാജ്യവിഭജനം, ശിഷ്ടരും ദുഷ്ടരുമായ രാജാക്കന്മാരുടെ ഭരണകാലം, യുദ്ധങ്ങള്‍, സമറിയായുടെയും ഓര്‍ശ്ലേത്തിന്‍റെയും വീഴ്ച തുടങ്ങിയ യഹൂദചരിത്രസംഭവങ്ങളിലൂടെ കടന്ന് ഏറ്റം ഇരുളടഞ്ഞ കാലഘട്ടമായ ബാബിലോണിലെ പ്രവാസത്തിലവസാനിക്കുന്നു. ഈ കാലഘട്ടത്തിലും ദൈവത്തിന്‍റെ വാഗ്ദാനങ്ങളും പരിപാലനയും സുസ്ഥിരമായി നിലകൊള്ളുന്നു എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നു.

ബാബിലോണിലെ പ്രവാസത്തിനുശേഷം മൂന്നാംഘട്ടം ആരംഭിക്കുന്നു. അധഃപതനത്തില്‍നിന്ന് മഹത്വത്തിന്‍റെ അത്യുച്ചിയിലേക്കുള്ള ഒരു കുതിപ്പാണിവിടെ. ലൂക്കായുടേതില്‍നിന്ന് തികച്ചും വിഭിന്നമായ ഈ ലിസ്റ്റില്‍ ആദ്യത്തെ രണ്ടുപേരുകളൊഴിച്ച് (cf ദിന 3:17) ബാക്കിയെല്ലാം അജ്ഞാതങ്ങളാണ്. യഹൂദചരിത്രത്തിന്‍റെ അറുന്നൂറോളം വര്‍ഷങ്ങളിലെ ഗതിയെ പ്രതിനിധാനം ചെയ്യുന്ന ഈ അജ്ഞാതവ്യക്തികള്‍ അടിമത്ത്വത്തിന്‍റെയും വിദേശാധിപത്യത്തിന്‍റെയും കെടുതികളിലൂടെ ദൈവികവാഗ്ദാനങ്ങളെ സംവഹിക്കുന്നു. അധഃപതനത്തിന്‍റെ ഈ കാലഘട്ടമവസാനിക്കുന്നത് പ്രതീക്ഷകളുടെ പൂര്‍ത്തീകരണവും ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ സാക്ഷാത്ക്കാരവുമായ യേശുമിശിഹായിലാണ്.

അഗാധമായ രക്ഷാകരസത്യങ്ങളാണ് ഈ വംശാവലിയില്‍ക്കൂടെ സുവിശേഷകന്‍ പഠിപ്പിക്കുന്നത്. മാനവചരിത്രത്തിന്‍റെ ഏതോ ഇരുളടഞ്ഞമൂലയില്‍ മറഞ്ഞുകിടക്കേണ്ട ഒരപ്രധാന സംഭവമല്ല യേശുവിന്‍റെ ജനനം. പ്രത്യുത, പഴയനിയമം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണവും രക്ഷാചരിത്രത്തിന്‍റെ മകുടവുമാണ്. യേശുവില്‍ രക്ഷാചരിത്രത്തിന്‍റെ നിര്‍ണ്ണായകവും അന്തിമവുമായ കാലഘട്ടം ആരംഭിക്കുന്നു. ഈ മിശിഹാകാലത്തിന്‍റെ നവീനത്വമാണ് 16-ാം വാക്യം സൂചിപ്പിക്കുന്നത്. പഴയനിയമത്തിന്‍റെ കേവലമായ തുടര്‍ച്ചയല്ല യേശു. ദൈവത്തിന്‍റെ നേരിട്ടുള്ള രക്ഷാകരമായ ഇടപെടലിന്‍റെ ഫലമായാണ് യേശു കന്യകാമറിയത്തില്‍നിന്നു പിറന്നതെന്ന വസ്തുത ഇതാണ് സൂചിപ്പിക്കുന്നത്. ദൈവംതന്നെ ഒരു പുതിയ ഘട്ടത്തിന് ആരംഭമിടുന്നു. വാഗ്ദാനത്തിന്‍റെയും ഒരുക്കത്തിന്‍റെയും കാലം സമാപിച്ചിരിക്കുന്നു. പൂര്‍ത്തീകരണത്തിന്‍റെയും രക്ഷയുടേയും കാലം സമാഗതമായിരിക്കുന്നു.

യൗസേപ്പിനു ലഭിച്ച മംഗലവാര്‍ത്ത: മത്താ 1:18-25

യേശു അബ്രാഹത്തിന്‍റെ പുത്രനാണ്, ദാവീദിന്‍റെ പുത്രനാണ് (1:1) എന്ന് സ്ഥാപിക്കാന്‍ ഉദ്ധരിക്കുന്ന വംശാവലി സമാപിക്കുന്നത് ഒടുവിലത്തെ കണ്ണിയായ യൗസേപ്പിന്‍റെ പുത്രനല്ല യേശു എന്ന സൂചനയോടുകൂടിയാണ് (വാ. 16). ഈ വൈരുദ്ധ്യം - രക്തബന്ധംവഴി ദാവീദിന്‍റെ പുത്രനല്ലെങ്കിലും യേശു എപ്രകാരം ദാവീദിന്‍റെ പുത്രനാകുന്നു എന്ന പ്രശ്നം- വിശദീകരിക്കുകയാണ് ഈ ഖണ്ഡികയുടെ ഉദ്ദേശ്യം.

കലാവൈദഗ്ദ്ധ്യത്തോടുകൂടി രചിച്ചിരിക്കുന്ന ഈ ഖണ്ഡികയില്‍ സുവിശേഷകന്‍ വിവിധ സാഹിത്യസങ്കേതങ്ങള്‍ സമ്യക്കായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു. യേശുവിന്‍റെ ജനനത്തെപ്പറ്റിയുള്ള പ്രവചനം (വാ.20-21) പരമ്പരാഗതമായ ڇമംഗലവാര്‍ത്തڈ എന്ന സാഹിത്യരൂപത്തിലാണ് രചിച്ചിരിക്കുന്നത്. രക്ഷാചരിത്രത്തില്‍ പ്രധാനമായ പങ്കുവഹിക്കേണ്ട വ്യക്തികളുടെ ജനനത്തേയും ദൗത്യത്തേയും പ്രവചിക്കുന്ന ഒരു സാഹിത്യരൂപമാണിത്. മൂന്നുഭാഗങ്ങളാണിതിനുള്ളത്.

  1. ശിശുവിന്‍റെ ഗര്‍ഭധാരണത്തെയും ജനനത്തെയും പറ്റിയുള്ള  മുന്നറിയിപ്പ്
  2. ശിശുവിന്‍റെ നാമത്തെപ്പറ്റി അറിയിപ്പ്
  3. ശിശുവിന്‍റെ ഭാവി ദൗത്യത്തെപ്പറ്റിയുള്ള സൂചന (സാധാരണമായി നാമം ദൗത്യത്തെ സൂചിപ്പിക്കുന്നു)

ഉദാഹരണമായി ഉല്‍പ 16:11-12; 17:19; 18:10-14; ന്യായ 13:5; ഏശ 7:14-16; ലൂക്കാ 1:12-20; 30-37 കാണുക. മേല്പ്പറഞ്ഞ മൂന്ന് ഭാഗങ്ങള്‍ നമ്മുടെ ഖണ്ഡികയിലെ 20-21 വാക്യങ്ങളില്‍ കാണാന്‍ കഴിയും.

ഇവിടെ പ്രയോഗിച്ചിരിക്കുന്ന മറ്റൊരു സാഹിത്യരൂപം ڇദൈവകല്പ്പന-കല്പനാനിര്‍വ്വഹണംڈ എന്നതാണ.് രക്ഷാചരിത്രത്തില്‍ ഒരു പ്രത്യേകദൗത്യം ഒരു വ്യക്തിയെ ഭരമേല്പ്പിക്കുന്നതും ആ വ്യക്തി അതു നിര്‍വ്വഹിക്കുന്നതും കഴിയുന്നത്ര ഒരേ വാക്കുകളില്‍ വിവരിക്കുക എന്നതാണ് ഈ സാഹിത്യരൂപത്തിന്‍റെ പ്രത്യേകത. ഉദാഹരണമായി ഉല്‍പ 46:1-7; പുറ 4:19-20; മത്താ 21:1-7 കാണുക. ഈ സാഹിത്യസങ്കേതം സുവിശേഷകന്‍ രണ്ടാമദ്ധ്യായത്തില്‍ വീണ്ടും പ്രയോഗിക്കുന്നുണ്ട് (2:13-15, 19-23). നമ്മുടെ ഖണ്ഡികയില്‍ കല്പനയും നിര്‍വ്വഹണവും തമ്മിലുള്ള സ്ഥാനം ശ്രദ്ധിക്കുക

TABLE 2

സ്വപ്നത്തിലെ ദര്‍ശനങ്ങള്‍വഴി രക്ഷാചരിത്രത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലിനെ ചിത്രീകരിക്കുന്ന രീതിയും പരമ്പരാഗതമാണ് (ഉദാ. ഉല്‍പ 20:3; 31:24; 46:2). ശൈശവ വിവരണത്തില്‍ (Gospel of Infancy) സുവിശേഷകന്‍ ഈ രീതി പലതവണ ഉപയോഗിച്ചിരിക്കുന്നു (1:20; 2:12-13; 19:22).

ഖണ്ഡികയുടെ ഹൃദയഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന "വി. ലിഖിത പൂര്‍ത്തീകരണ സാക്ഷ്യം" സ്വന്തമായ രീതിയിലാണ് സുവിശേഷകന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ രക്ഷാകര വാഗ്ദാനങ്ങളും പ്രവചനങ്ങളും യേശുവിന്‍റെ ജീവിതസംഭവങ്ങളില്‍ എങ്ങനെ പൂര്‍ത്തിയാകുന്നു എന്ന് വി. ലിഖിതം ഉദ്ധരിച്ചുകാണിക്കുവാന്‍ ആദിമ ക്രിസ്ത്യാനികള്‍ ശ്രദ്ധിച്ചിരുന്നു. സുവിശേഷങ്ങളില്‍ നിരവധി വി. ലിഖിത ഉദ്ധരണികളും സൂചനകളും കാണാന്‍ കഴിയും. ഉദ്ധരണിക്ക് ആമുഖമായി ദൈവവചന പൂര്‍ത്തീകരണത്തെ പ്രത്യക്ഷമായി ഊന്നിപ്പറയുന്ന ഒരു നിശ്ചിതവാക്യം കൂട്ടിച്ചേര്‍ക്കുക എന്നത് മത്തായിയുടെ ഒരു പ്രത്യേകതയാണ്. 'ആമുഖവാക്യം-ഉദ്ധരണി' എന്ന  ഈ പ്രത്യേക രൂപം മത്തായിയുടെ സുവിശേഷത്തില്‍ 11 പ്രാവശ്യം പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ശൈശവവിവരണത്തില്‍ നാലു പ്രാവശ്യം ഇതു കാണാം (1:22-23; 2:15, 17-18,33). ഈ ഉദ്ധരണികള്‍ ഓരോ ഖണ്ഡികയ്ക്കും ദൈവശാസ്ത്രപരമായ ഒരു നിറം നല്‍കുന്നു. യേശുവിന്‍റെ ശൈശവ സംഭവങ്ങള്‍ പ്രഥമദൃഷ്ട്യാ കേവലം സാധാരണങ്ങളെന്ന് തോന്നാമെങ്കിലും വാസ്തവത്തില്‍ ദൈവത്തിന്‍റെ രക്ഷാപദ്ധതിയുടെ ഭാഗമാണ് അവയെന്ന് ഈ ഉദ്ധരണികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇങ്ങനെ വിവിധ സാഹിത്യ സങ്കേതങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ ഖണ്ഡികയുടെ പൊതുവായ ഘടന ഇപ്രകാരമാണ്:

ശീര്‍ഷകം: "യേശുമിശിഹായുടെ ജനനം" - വാ. 18

A സന്ദര്‍ഭം:

  1. കന്യാഗര്‍ഭധാരണം-വാ.18
  2. യൗസേപ്പിന്‍റെ തീരുമാനം-വാ.19

B വെളിപാട്:

      ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നു-വാ.20

  1. സന്ദേശം: യൗസേപ്പിന്‍റെ തീരുമാനത്തിന്‍റെ മറുപടി വാ.20
  2. മംഗലവാര്‍ത്ത: പുത്രന്‍ ജനിക്കും-വാ.21
  3. കല്പന: നാമകരണം വാ.21
  4. പ്രവചനം: ശിശുവിന്‍റെ ദൗത്യം വാ.21

C വിശുദ്ധ ലിഖിത പൂര്‍ത്തീകരണ സാക്ഷ്യം-വ.22-23

D കല്പനാ നിര്‍വ്വഹണം-വാ.24-25

ഈ ഖണ്ഡികയില്‍ രണ്ടു പാരമ്പര്യങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നതായി കാണാം. ഒന്നാമത്തേത് യൗസേപ്പിന്‍റെ സംശയവും (വാ.19) അതിന്‍റെ നിവാരണത്തിനായി നല്‍കപ്പെട്ട വെളിപാടും (വാ.20) ഉള്‍ക്കൊള്ളുന്നു. മറിയത്തിന്‍റെ കന്യാഗര്‍ഭധാരണമാണ് ഇതിന്‍റെ പശ്ചാത്തലം. യേശുവിന്‍റെ കന്യാജനനത്തെ സംശയങ്ങള്‍ക്കും ദൂഷണങ്ങള്‍ക്കും എതിരായി സുരക്ഷിതമാക്കുകയാണ് ഉദ്ദേശ്യം. യൗസേപ്പിന്‍റെ സംശയം വായനക്കാരുടെ സംശയത്തെ പ്രതിഫലിപ്പിക്കുന്നു. യൗസേപ്പിനു നല്‍കപ്പെട്ട ദൈവികസന്ദേശം (വാ.20) ഈ സംശയങ്ങളെ നിശേഷം ദൂരീകരിക്കുകയും കന്യാഗര്‍ഭധാരണം ദൈവാത്മാവിന്‍റെ ശക്തിയാല്‍ സംഭവിച്ചു എന്ന് സംശയരഹിതമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സംശയനിവാരണത്തിനുശേഷം യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചെന്നും യേശുവിന്‍റെ ജനനംവരെ വിരക്തനായി അവളോടൊത്ത് ജീവിച്ചെന്നുമുള്ള പ്രസ്താവനയോടുകൂടെ (വാ.24-25b) ഈ പാരമ്പര്യം അവസാനിക്കുന്നു.

രണ്ടാമത്തെ പാരമ്പര്യം ശിശുവിന്‍റെ ജനനത്തെയും നാമകരണത്തെയും പറ്റിയുള്ള "മംഗലവാര്‍ത്ത" യാണ് . ഇത് യൗസേപ്പിനുള്ള ഒരു ദൈവകല്പനകൂടിയാണ്. ശിശുവിന് പേരിടുക എന്ന പിതാവിന്‍റെ അവകാശം  "ദാവീദിന്‍റെ പുത്രനായ യൗസേപ്പിനെ" (വാ.20) ദൈവം ചുമതലപ്പെടുത്തുന്നു. ദൈവത്തിന്‍റെ കല്പനയെ സസന്തോഷം സ്വീകരിച്ച് ദൈവം നല്‍കിയ പിതൃത്വാവകാശം ഉപയോഗിച്ച് നാമകരണത്തിലൂടെ ശിശുവിന്‍റെ പിതൃത്വം യൗസേപ്പ് ഏറ്റെടുക്കുന്നു (വാ.25b). അങ്ങനെ കന്യകയായ മറിയത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണ് ഉത്ഭവിച്ചതെങ്കിലും യേശു ദൈവത്തിന്‍റെ ഹിതാനുസാരം യൗസേപ്പിന്‍റെ പുത്രനായിത്തീരുന്നു; അബ്രാഹത്തിന്‍റെയും ദാവീദിന്‍റെയും അവകാശിയും വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവും ആയിത്തീരുന്നു. ഇക്കാര്യം വെളിപ്പെടുത്തുകയാണ് മത്തായിയെ സംബന്ധിച്ചിടത്തോളം ഈ ഖണ്ഡികയുടെ പ്രധാന ഉദ്ദേശ്യം.

മറിയത്തെ രഹസ്യത്തിലുപേക്ഷിക്കുവാനുള്ള യൗസേപ്പിന്‍റെ തീരുമാനത്തിന് സേവ്യര്‍ ലെയോണ്‍ ഡ്യൂഫൂര്‍ (cf.op.cit) എന്ന പണ്ഡിതന്‍ ഒരു പുതിയ വ്യാഖ്യാനം നല്‍കുന്നുണ്ട്. യൗസേപ്പിന്‍റെ തീരുമാനത്തിന്‍റെ കാരണം മറിയത്തിന്‍റെ വിശ്വസ്തതയെപ്പറ്റിയുള്ള സംശയമല്ല; വ്യഭിചാരിണിയെ പരസ്യമായി കുറ്റമാരോപിച്ച് ശിക്ഷിപ്പിക്കുക മോശയുടെ നിയമമാണ്. യൗസേപ്പ് അതു ചെയ്യാതിരുന്നതില്‍നിന്ന് അനുമാനിക്കേണ്ടത് ഭാര്യയുടെ വിശ്വസ്തതയെപ്പറ്റി അദ്ദേഹത്തിന് സംശയമില്ലായിരുന്നു എന്നതാണ്. ശിശുവിന്‍റെ ദൈവികമായ ഉത്ഭവത്തെപ്പറ്റി മറിയത്തില്‍നിന്നുതന്നെ യൗസേപ്പ് അറിഞ്ഞിരുന്നു. എന്നിട്ടും അവളെ രഹസ്യത്തില്‍ പറഞ്ഞയക്കാന്‍ തീരുമാനിച്ചതിലാണ് അദ്ദേഹത്തിന്‍റെ "നീതി" (cf.വാ.19 ) വ്യക്തമാകുന്നത്. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവളായ മറിയത്തിന് സ്വന്തമായ ഒരു ദൗത്യമുണ്ടെന്നും, ദൈവികപദ്ധതിയുടെ ഉപാധിയായ അവള്‍ ദൈവം പ്രത്യേകമായി നിശ്ചയിച്ച വഴിയെ പോകണമെന്നും യൗസേപ്പ് മനസ്സിലാക്കി. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ തന്‍റെ പങ്ക് എന്തെന്ന് അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. മറിയത്തില്‍ അവതീര്‍ണ്ണമായ ദൈവികരഹസ്യത്തെ ആദരപൂര്‍വ്വം വീക്ഷിച്ച അദ്ദേഹം മറിയത്തെ തന്‍റെ ജീവിതവുമായി ബന്ധിച്ചിടാനും ദൈവികശിശുവിന്‍റെ പിതൃസ്ഥാനം സ്വീകരിക്കുവാനും ധൈര്യപ്പെട്ടില്ല. തന്‍നിമിത്തം ദൈവത്തിന്‍റെ പദ്ധതിയില്‍ പരിപൂര്‍ണ്ണമായി സഹകരിക്കത്തക്കവണ്ണം മറിയത്തെ സ്വതന്ത്രയാക്കി അയയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അവള്‍ക്ക് അപമാനമുണ്ടാകാതിരിക്കാന്‍ അത് രഹസ്യത്തിലാകട്ടെയെന്നും നിശ്ചയിച്ചു. യൗസേപ്പിന്‍റെ ڇനീതിڈ നിയമപാലനത്തിലല്ല ദൈവത്തിന്‍റെ പദ്ധതിയോടുള്ള പരിപൂര്‍ണ്ണ സഹകരണത്തിലാണ് അടങ്ങിയിരിക്കുന്നത്. ദൈവദൂതനില്‍നിന്ന് രക്ഷാപദ്ധതിയില്‍ തന്‍റെ ദൗത്യമെന്തെന്ന് മനസ്സിലാക്കിയ ക്ഷണത്തില്‍ ആദ്യ നിശ്ചയം മാറ്റി യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ശിശുവിന്‍റെ പിതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

ഏശയ്യ 7:14 ഉദ്ധരിച്ചുകൊണ്ട് (വാ. 22-23) സുവിശേഷകന്‍ മംഗലവാര്‍ത്തയെ അതിന്‍റെ പ്രവചനമായ മറ്റൊരു മംഗലവാര്‍ത്തയുമായി ബന്ധിക്കുകയും വി. ലിഖിത പൂര്‍ത്തീകരണമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. "എമ്മാനുവേല്"- ദൈവം നമ്മോടുകൂടെ-എന്ന ദൈവത്തിന്‍റെ രക്ഷാകരസാന്നിധ്യത്തെ ദ്യോതിപ്പിക്കുന്ന നാമം  ڇയേശുڈ  എന്ന നാമത്തിന്‍റെ അര്‍ത്ഥസമ്പുഷ്ടമായ ഒരു വ്യാഖ്യാനമാണ്. 21-ാം വാക്യം "യേശു"  എന്ന നാമത്തിന്‍റെ പൊരുള്‍ വിശദമാക്കുന്നു:  "അവിടുന്ന് തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കും" യേശുവിന്‍റെ രക്ഷാചരിത്രപരമായ ദൗത്യത്തിന്‍റെ സാരസംഗ്രഹമാണത്.

 B യേശുവിന്‍റെ ഭാവിയുടെ പ്രവചനാത്മകമായ ചിത്രീകരണം.

യേശുവിന്‍റെ ജനനത്തെപ്പറ്റിയുള്ള ഒരാമുഖപ്രസ്താവനയോടുകൂടിയാണ് ശൈശവവിവരണത്തിന്‍റെ രണ്ടാംഭാഗം ആരംഭിക്കുന്നത്: "ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദയായിലെ ബേത്ലഹെമില്‍ യേശു പിറന്നപ്പോള്‍" (2:1). ആദ്യഭാഗവുമായി ഈ ഭാഗത്തെ ബന്ധിക്കുന്ന കണ്ണിയുമാണത്. യേശുവിന്‍റെ ശൈശവത്തെപ്പറ്റി തനിക്ക് ലഭ്യമായ പാരമ്പര്യങ്ങള്‍ ദൈവശാസ്ത്രപരമായ ഉദ്ദേശ്യത്തോടുകൂടെ വൈദഗ്ദ്ധ്യപൂര്‍വ്വം സുവിശേഷകന്‍ ഇവിടെ ക്രമീകരിച്ചിരിക്കുന്നു. 1:18-25-ല്‍ ഉപയോഗിച്ച സാഹിത്യസങ്കേതങ്ങള്‍ (സ്വപ്നത്തില്‍ ദൈവദൂതന്‍വഴി നല്‍കുന്ന വെളിപാട്, ദൈവകല്പന-കല്പനാനിര്‍വ്വഹണം, വി. ലിഖിത പൂര്‍ത്തീകരണസാക്ഷ്യം) ഈ അദ്ധ്യായത്തിലും ഉപയോഗിച്ചിരിക്കുന്നു.

  1. വിജ്ഞാനികളുടെ ആരാധനാ (2:1-12)

ഈ ഭാഗം നാല് രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മധ്യത്തിലായി വി. ലിഖിതത്തില്‍നിന്നൊരു ഉദ്ധരണിയും.

ആമുഖം: വിജ്ഞാനികളുടെ വരവ് (വാ.1-2)

1-ാം രംഗം: വിജ്ഞാനികളുടെ ചോദ്യം ഹേറോദേസ് പ്രഭൃതികളുടെ  പരിഭ്രാന്തി (വാ.3)

2-ാം രംഗം: ഹേറോദേസും യഹൂദാചാര്യന്മാരും (വാ. 4-5മ)

വി. ലിഖിതത്തില്‍നിന്ന് ഉദ്ധരണി (വാ. 5 യ-6)

3-ാം രംഗം: ഹേറോദേസും വിജ്ഞാനികളും (വാ. 7-8)

4-ാം രംഗം: വിജ്ഞാനികളും യേശുവും (വാ. 9-11)

സമാപനം: ജ്ഞാനികളുടെ മടക്കയാത്ര

ഈ ഖണ്ഡിക വിജ്ഞാനികളുടെയും ഹേറോദേസ് പ്രഭൃതികളുടെയും പ്രതികരണങ്ങള്‍ തമ്മിലുള്ള വൈപരീത്യത്തെ ചിത്രീകരിക്കുന്നു. കിഴക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തില്‍നിന്ന് പ്രതീക്ഷാവിഷയമായിരുന്ന യൂദന്മാരുടെ രാജാവിന്‍റെ ജനനത്തെപ്പറ്റി സൂചന ലഭിച്ചയുടനെ വിജ്ഞാനികള്‍ അദ്ദേഹത്തെ ആരാധിക്കുന്നതിനായി ജറുസലേം ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. നക്ഷത്രോദയത്തിലടങ്ങിയിരിക്കുന്ന ദൈവകല്പന അവര്‍ സ്വീകരിക്കുന്നു. എന്നാല്‍ ഹേറോദേസ് രാജാവിലും ജറുസലേം നിവാസികളിലും ഈ സദ്വാര്‍ത്ത പരിഭ്രാന്തിയാണ് ഉളവാക്കിയത്. തന്‍റെ പ്രതിയോഗി എന്ന് ധരിച്ച് യേശുവിനെ നശിപ്പിക്കാന്‍ ഭയചകിതനായ ഹേറോദേസ് പ്ലാനിടുന്നു. അയാളുടെ വാക്കുകളില്‍ (വാ. 8) മറഞ്ഞിരിക്കുന്ന കപടത പിന്നീടാണ് വ്യക്തമാകുന്നത് (വാ.16). യേശുവിനും അദ്ദേഹത്തിന്‍റെ സാര്‍വ്വത്രിക സുവിശേഷത്തിനും ഭാവിയില്‍ വിജാതീയരില്‍നിന്ന് ലഭിക്കാനിരുന്ന സ്വാഗതത്തെ വിജ്ഞാനികളുടെ ആരാധന സൂചിപ്പിക്കുമ്പോള്‍ സ്വജനങ്ങളില്‍നിന്ന് ലഭിക്കാനിരുന്ന തിരസ്ക്കരണത്തെയും പീഡനത്തെയും ഹേറോദേസിന്‍റെ ക്രൂരത സൂചിപ്പക്കുന്നു.

ഈ ഖണ്ഡികയുടെ ഹൃദയസ്ഥാനത്തു നില്‍ക്കുന്നത് വി. ലിഖിതത്തില്‍നിന്നുള്ള (മിക്കാ 5:2) ഉദ്ധരണിയാണ് (വാ 5 b-6). "യഹൂദര്‍ക്കു ജനിച്ച രാജാവ് എവിടെയാണ്? എന്ന വിജ്ഞാനികളുടെ ചോദ്യത്തിനും (വാ.2) മിശിഹാ എവിടെയാണ് ജനിക്കുക?" എന്ന ഹേറോദേസിന്‍റെ ചോദ്യത്തിനും വി. ലിഖിതംതന്നെ മറുപടി പറയുന്നു. അങ്ങനെ യേശു ദാവീദിന്‍റെ ജന്മദേശമായ ബേത്ലഹത്ത് ജനിച്ചത് ദൈവവചന പൂര്‍ത്തീകരണമാണെന്നിവിടെ വ്യക്തമാകുന്നു. ഇസ്രായേല്‍ജനത്തെ ഭരിക്കാനുള്ള രാജാവാണ് യേശു എന്ന ദൗത്യ സൂചനയും പ്രവചനത്തിലുണ്ട് (വാ.6 യ). 

നക്ഷത്രോദയത്തിന്‍റെ അടിസ്ഥാനത്തിലുള്ള പൗരസ്ത്യവിജ്ഞാനികളുടെ വരവിന്‍റെ വിവരണം ചരിത്രപരമാണോ? മിശിഹായുടെ ജനനസമയത്തെ ഗ്രഹനിലയെ വിവരിക്കുന്ന ഒരു ഭാഗം ഖുറാന്‍ ലിഖിതങ്ങളിലുണ്ട്. ആ രീതിയിലുള്ള ജ്യോതിഷസംബന്ധമായ കണക്കുക്കൂട്ടലുകള്‍ നടന്നിരുന്നു എന്നതിന് തെളിവാണത്. സുവിശേഷത്തിലെ വിജ്ഞാനികള്‍ ജോത്സ്യരോ ജ്യോതിശാസ്ത്രജ്ഞന്മാരോ, ആയിരുന്നിരിക്കാം. എന്നാല്‍ മത്താ 2:1-12 ലെ വിവരണത്തിന് പുതിയനിയമത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്നോ മറ്റു ചരിത്രസാക്ഷ്യങ്ങളില്‍നിന്നോ സ്ഥിരീകരണം ലഭിക്കുന്നില്ല. കേവലം ചരിത്രപരമായി വീക്ഷിച്ചാല്‍ പരിഹരിക്കാന്‍ എളുപ്പമല്ലാത്ത പല പ്രശ്നങ്ങളും ഈ വിവരണത്തിലുണ്ട്. ദുഷ്ടനായ ഹേറോദേസിനെ വെറുത്തിരുന്ന ജറുസലേംകാര്‍ അയാളോടുകൂടെ പരിഭ്രമിച്ചു എന്നു കരുതുക എളുപ്പമല്ല. യഹൂദാധികാരികളില്‍നിന്ന് അകന്നുനിന്നിരുന്ന ഹേറോദേസ് യഹൂദപരമാധികാര സഭ വിളിച്ചുകൂട്ടി ആലോചന നടത്തുന്നതും വിചിത്രമായിത്തോന്നാം. തന്‍റെ എതിര്‍ രാജാവ് ജനിച്ചിരിക്കുന്നു എന്ന ചിന്തയാല്‍ പരിഭ്രാന്തനായ ഹേറോദേസ് സ്വന്തമായി ചാരന്മാരെ അയക്കാതെ വിജ്ഞാനികളില്‍നിന്ന് വിവരങ്ങള്‍ അറിഞ്ഞുകൊള്ളാമെന്ന് പ്രതീക്ഷിച്ചു കഴിയുക എന്നതും സ്വാഭാവികമല്ല. കൂടാതെ വിജ്ഞാനികള്‍ ആരാധനയ്ക്കുശേഷം പുതിയനിയമത്തില്‍നിന്ന് പരിപൂര്‍ണ്ണമായി തിരോധാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കൃത്യമായ ചരിത്രവിവരണമെന്നതിനേക്കാള്‍ ദൈവശാസ്ത്രപരമായ പ്രബോധനത്തിന്‍റെ സ്ഥൂലാവതരണമാണിതെന്ന് കരുതാന്‍ ന്യായം കാണുന്നുണ്ട്. യേശുവിന്‍റെ ശൈശവത്തിലെ ഒരു സംഭവത്തേക്കാള്‍ മിശിഹായ്ക്കും സുവിശേഷത്തിനും യഹൂദരില്‍നിന്നും വിജാതീയരില്‍നിന്നും ലഭിക്കാനിരുന്ന വിപരീതങ്ങളായ പ്രതികരണങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുകയായിരുന്നില്ലേ സുവിശേഷകന്‍റെ ഉദ്ദേശ്യമെന്ന ചോദ്യം പ്രസക്തമാണ്.

ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ കിഴക്ക് പ്രത്യക്ഷപ്പെട്ട് മിശിഹായുടെ ജനനത്തെ വിജ്ഞാനികളെ അറിയിക്കുകയും (വാ.2)ജറുസലേമില്‍നിന്ന് ബേത്ലഹം വരെ അവരെ നയിക്കുകയും യേശു കിടന്നിരുന്ന സ്ഥലത്തിനുമുകളില്‍ നിലയുറപ്പിക്കുകയും ചെയ്ത (വാ.9) അത്ഭുത നക്ഷത്രം, വിവരണത്തെ മോടിപിടിപ്പിക്കുന്ന ഒരു സങ്കേതമെന്നുവേണം കരുതാന്‍.

  1. ദൈവിക സംരക്ഷണം 2:13-23

ഹേറോദേസിന്‍റെ ക്രൂരതയെപ്പറ്റി മുന്‍ഖണ്ഡികയില്‍ കാണുന്ന സൂചനകള്‍ ഈ ഭാഗത്ത് വിവരിക്കുന്ന സംഭവങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നു. അതായത് യഹൂദരാജ ശിശുവിന്‍റെ ജനനത്തില്‍ പരിഭ്രമം (വാ.3), നക്ഷത്രോദയസമയത്തെപ്പറ്റി അന്വേഷണം (വാ7), കാപട്യം (വാ.8), വിജ്ഞാനികള്‍ക്ക് സ്വപ്നത്തില്‍ ലഭിച്ച താക്കീത് (വാ.12) എന്നിവ. ഈ ഭാഗത്തെ പല വാക്യങ്ങള്‍ക്കും പുറപ്പാട് പുസ്തകം മോശയെപ്പറ്റി നല്‍കുന്ന പ്രതിപാദനങ്ങളോട് സാരമായ സാമ്യമുണ്ട്.

TABLE3

ദൈവത്തിന്‍റെ പ്രവാചകനും പുറപ്പാടിലെ നേതാവും നിയമദാതാവുമായ മോശയ്ക്ക് യഹൂദചിന്തയില്‍ അതുല്യമായ സ്ഥാനം ഉണ്ടായിരുന്നു. എന്നാല്‍ ക്രിസ്തീയ ചിന്തയില്‍ രക്ഷാചരിത്ര പൂര്‍ത്തീകരണ ഘട്ടത്തില്‍ വരുമെന്ന് മോശ പ്രവചിച്ച അന്ത്യപ്രവാചകനാണ് യേശു  (നിയ 18:15). ദൈവം മോശയെ ഫറവോയില്‍നിന്നു രക്ഷിച്ചതുപോലെ   യേശുവിനെ ഹേറോദേസില്‍നിന്ന് അത്ഭുതകരമായി രക്ഷിക്കുന്നു. യേശുവിന്‍റെ ചരിത്രം മോശയുടെ ചരിത്രത്തിന്‍റെ മാതൃകയില്‍ രചിച്ചിരിക്കുന്നതിന്‍റെ താത്പര്യം യേശു ദ്വിതീയ മോശയാണ്, മോശയേക്കാള്‍ വലിയവനാണ് എന്നു ധ്വനിപ്പിക്കുകയാണ്.

 a) ഈജിപ്തിലേക്കുള്ള ഒളിച്ചോട്ടം

പൗരസ്ത്യവിജ്ഞാനികള്‍ യേശുവിനെ വന്നാരാധിക്കുന്ന സന്തോഷകരമായ രംഗത്തിനുശേഷം സുവിശേഷകന്‍ വിവരിക്കുന്നത് സ്വദേശത്തുനിന്ന് തിരുക്കുടുംബം ഒളിച്ചോടേണ്ടിവരുന്ന ശോകാത്മകരംഗമാണ്. ദിവ്യശിശുവിനെ ദൈവം അത്ഭുതകരമായി സംരക്ഷിക്കുകയും പീഡകരില്‍നിന്ന് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ഖണ്ഡികയുടെ അര്‍ത്ഥം. തിരുക്കുടുംബ തലവന്‍ എന്ന യൗസേപ്പിന്‍റെ ദൈവദത്തമായ സ്ഥാനം ശിശുവിന്‍റെയും മാതാവിന്‍റെയും മാതൃകാപരമായ സംരക്ഷണത്തില്‍ അന്വര്‍ത്ഥമാകുന്നു. ഹേറോദേസിന്‍റെ മരണംവരെമാത്രമേ ഇസ്രായേല്‍നാട്ടില്‍നിന്നുള്ള പ്രവാസം നീളുകയുള്ളു എന്ന സൂചനയും ഇവിടെയുണ്ട് (വാ.13).

ഈ ഖണ്ഡികയിലും നാം മുമ്പുകണ്ട ദൈവകല്പന - കല്പനാ നിര്‍വ്വഹണം എന്ന സാഹിത്യരൂപം കാണാം. സ്വപ്നത്തില്‍, യൗസേപ്പിന് ദൈവദൂതന്‍ നല്‍കുന്ന കല്പനയും അതിന്‍റെ സത്വരവും കൃത്യവുമായ നിര്‍വ്വഹണവും സമാനമായ വാക്കുകളില്‍ വിവരിച്ചിരിക്കുന്നു.

TABLE 4

ഈ പ്രത്യേക രചനവഴി സുവിശേഷകന്‍ വെളിപ്പെടുത്തുന്നത് രക്ഷാചരിത്രത്തില്‍ ദൈവത്തിന്‍റെ നിര്‍ണ്ണായക കര്‍തൃത്വമാണ്. തന്‍റെ പദ്ധതികള്‍ മനുഷ്യര്‍വഴി ദൈവം സാധിക്കുന്നു. ദൈവഹിതത്തെ തടയാന്‍ മനുഷ്യനു സാധ്യമല്ല. ദൈവഹിതാനുസാരമല്ലാത്ത ശ്രമങ്ങള്‍ നിഷ്ഫലങ്ങളാണ്. അതുകൊണ്ട് ദിവ്യശിശുവിനെ നശിപ്പിക്കാനുള്ള ഹേറോദേസിന്‍റെ തീവ്രശ്രമങ്ങളെല്ലാം പരാജയോന്മുഖമാണ്. രണ്ടാം അധ്യായത്തിലെ സംഭവങ്ങള്‍ ഹേറോദേസിന്‍റെ തീരുമാനത്തിന്‍റെ ഫലങ്ങളാണെന്ന് പ്രഥമ വീക്ഷണത്തില്‍ തോന്നാമെങ്കിലും വാസ്തവത്തില്‍ ദൈവത്തിന്‍റെ പദ്ധതികള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്.

ഈ ഖണ്ഡിക സമാപിക്കുന്നത് വി.ലിഖിത പൂര്‍ത്തീകരണ സാക്ഷ്യത്തോടുകൂടെയാണ് (വാ. 15). ഈജിപ്തിലെ വിപ്രവാസം യേശുവിന്‍റെ ജീവിതത്തിലെ അപ്രസക്തമായ ഒരു ദുരന്തസംഭവമല്ല, പ്രത്യുത, ഇസ്രായേല്‍ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവവുമായി യേശുവിന്‍റെ ജീവിതത്തെ ബന്ധിക്കുന്ന തികച്ചും അര്‍ത്ഥവത്തായ ഒരു കണ്ണിയാണെന്ന് സുവിശേഷകന്‍ ഊന്നിപ്പറയുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ ദേശീയവും മതപരവുമായ ചരിത്രത്തിലെ മഹത്സംഭവവും, മിശിഹാ ചരിത്രത്തിലെ രക്ഷയുടെ പ്രതീകവുമായ പുറപ്പാടിനെ അനുസ്മരിക്കാതെ മോശയെപ്പറ്റി ചിന്തിക്കുക സാധ്യമല്ല. യേശു പുതിയ മോശയാണ്, യേശുവിന്‍റെ രക്ഷാകാലം വന്നെത്തിയിരിക്കുന്നു എന്നു വിശ്വസിച്ചിരുന്ന  ആദിമ ക്രിസ്ത്യാനികള്‍ക്ക് യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് മോശയും പുറപ്പാടുമായുള്ള സാദൃശ്യങ്ങള്‍ പ്രത്യേകം ഹൃദ്യങ്ങളായിരുന്നു.

പ്രവാചക വചനം (ഹോസെ 11:1) ഇസ്രായേല്‍ജനത്തെയും പുറപ്പാടിനെയും അര്‍ത്ഥസമ്പുഷ്ടമായ ഒരു വാക്യത്തില്‍ സംഗ്രഹിക്കുന്നു (വാ.15). ദൈവപുത്രനായ ഇസ്രായേലിന്‍റെ (പുറ 4:22 ള) ഈജിപ്തില്‍നിന്നുള്ള വിളി സാക്ഷാല്‍ ദൈവപുത്രനായ യേശുവിന്‍റെ ഈജിപ്തില്‍നിന്നുള്ള വിളിയുടെ പ്രതീകമാണ്, മുന്‍ചിത്രീകരണമാണ്. പ്രതീകവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നത് യേശുവിന്‍റെ ഈജിപ്തിലെ വിപ്രവാസം രക്ഷാചരിത്രത്തിന്‍റെ ഭാഗവും ദൈവഹിതത്തിന്‍റെ പൂര്‍ത്തീകരണവുമാണെന്നാണ്. ദൈവകല്പനാനുസാരമാണ് ഇസ്രായേലും യേശുവും തങ്ങളുടെ ദൗത്യനിര്‍വ്വഹണത്തിനായി ഈജിപ്തില്‍നിന്ന് ഇസ്രായേല്‍നാട്ടില്‍ എത്തിച്ചേരുന്നത് (cfവാ. 19-23).

ഈജിപ്തിലേക്കുള്ള ഒളിച്ചോട്ടം ചരിത്രപരമായി അസാധ്യമായ ഒരു സംഭവമല്ല. ബേത്ലഹേമില്‍നിന്ന് ഈജിപ്തിലെത്താന്‍ ഏകദേശം ഒരാഴ്ചത്തെ യാത്രയേ ആവശ്യമുള്ളൂ. നസ്രത്തിലെത്താനും അത്രയും യാത്രചെയ്യണം. ഹേറോദേസിന്‍റെ ക്രൂരത കുപ്രസിദ്ധവുമാണ്.

               എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെപ്പറ്റി മറ്റു യാതൊരു സാക്ഷ്യവുമില്ല. യേശുവിന്‍റെ ശൈശവത്തെ വിവരിക്കുന്ന ലൂക്കാ സുവിശേഷകന്‍പോലും ഈ സംഭവത്തെപ്പറ്റി യാതൊരു സൂചനയും നല്കുന്നില്ല. മാത്രമല്ല ലൂക്കായുടെ വിവരണവുമായി (ബേത്ലഹെത്തുനിന്ന് നേരിട്ടു നസ്രത്തിലേക്കു ലൂക്കാ 2:39) ഇതു പൊരുത്തപ്പെടുന്നുമില്ല. മത്തായിയുടെ വിവരണത്തില്‍ ചരിത്രത്തേക്കാള്‍ നിര്‍ണ്ണായകമായത് പഴയനിയമ സൂചനകളും വി.ലിഖിത പൂര്‍ത്തീകരണവുമാണ്: മോശ ഫറവോയില്‍നിന്ന് ഒളിച്ചോടുന്നു (പുറ 2:15). ഇസ്രായേല്‍ജനത്തെ യാഹ്വേ ഈജിപ്തില്‍നിന്നും വാഗ്ദത്ത നാട്ടിലേക്കു നയിക്കുന്നു. ഒരുപക്ഷേ തിരുക്കുടുംബം ബെത്ലഹെത്തുനിന്ന് നസ്രത്തിലേക്കു കഴിച്ച യാത്രയെ (ഹേറോദേസില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ?) സുവിശേഷകന്‍ തന്‍റേതായ രീതിയില്‍ ദൈവശാസ്ത്രപരമായ താത്പര്യങ്ങളോടെ പഴയനിയമ മാതൃകയില്‍ തന്മയത്വപൂര്‍വ്വം അവതരിപ്പിച്ചതാകാം ഈ വിവരണം.

 b) ശിശുവധം വാ. 16-18

യേശുവിനെ രഹസ്യത്തില്‍ നശിപ്പിക്കാന്‍വേണ്ടിയാണ് ഹേറോദേസ് വിജ്ഞാനികളില്‍നിന്ന് യേശുവിന്‍റെ വാസസ്ഥലം കൃത്യമായി ഗ്രഹിക്കാന്‍ ശ്രമം നടത്തിയത് (വാ. 8). ഈ ശ്രമം ദൈവത്തിന്‍റെ ഇടപെടല്‍മൂലം പരാജയപ്പെട്ടു  (വാ. 12). ഇത് ഹേറോദേസിനെ ക്രുദ്ധനാക്കിത്തീര്‍ത്തു (വാ. 16). ബേത്ലഹത്തും എല്ലാ പരിസരപ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും അയാള്‍ കൊലപ്പെടുത്തി. സംശയരഹിതമായി യേശുവും നശിക്കണം, യാതൊരുവിധത്തിലും രക്ഷപ്പെട്ടുകൂടാ, എന്ന നിര്‍ബന്ധബുദ്ധി ഇവിടെ പ്രകടമാകുന്നു.  വധോദ്യമത്തെ സുവിശേഷകന്‍ വിവരിക്കുന്നത് യേശുവിന്‍റെ രക്ഷപെടലിന്‍റെ വിവരണത്തിനുശേഷമാണ്. ദൈവത്തിന്‍റെ പദ്ധതിക്കു ഘടകവിരുദ്ധമായ ഹേറോദേസിന്‍റെ തീവ്രയത്നം തുടങ്ങുന്നതിനുമുമ്പേതന്നെ ഫലശൂന്യമാണെന്ന് സുവിശേഷകന്‍ അങ്ങനെ ദ്യോതിപ്പിക്കുന്നു.

ഇവിടെ ഉദ്ധരിക്കുന്ന പ്രവാചകവചനം ഗോത്രമാതാവായ റാഹേല്‍ റാമായുടെ ഉയരത്തില്‍നിന്നുകൊണ്ട് അടിമത്വത്തിലേക്ക് നയിക്കപ്പെടുന്ന തന്‍റെ മക്കളെ (ബഞ്ചമിന്‍, എഫ്രേം ഗോത്രങ്ങളെ) നോക്കി പ്രലപിക്കുന്ന ചിത്രമാണ് അവതരിപ്പിക്കുന്നത് (ഏറ 31:15). നഷ്ടപ്പെട്ടുപോയ മക്കളെപ്പറ്റിയുള്ള റാഹേലിന്‍റെ പ്രലാപം ബേത്ലഹെമില്‍ വധിക്കപ്പെട്ട ശിശുക്കളുടെ അമ്മമാരുടെ പ്രലാപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നു സുവിശേഷകന്‍ സൂചിപ്പിക്കുന്നു.

ശിശുവധം ചരിത്രപരമായ ഒരുസംഭവമാണെന്നു വിചാരിക്കാന്‍ ന്യായങ്ങളുണ്ട്. ഹേറോദേസിന്‍റെ ക്രൂരത കുപ്രസിദ്ധമാണ്. സ്ത്രീപുരുഷ ശിശുഭേദമെന്യേ എതിരാളികളെ മാത്രമല്ല സ്വന്തം ഭാര്യയേയും മൂന്നുമക്കളെയുംപോലും വധിച്ചവനാണ് ഹേറോദേസ്. തന്‍റെ മരണം പൊതുവായ വിലാപത്താല്‍ ബഹുമാനിക്കപ്പെടാന്‍വേണ്ടി യൂദയായിലെ പ്രഭുക്കളെ ജെറീക്കോയിലെ കോട്ടയില്‍ അടച്ചുപൂട്ടാനും തന്‍റെ മരണനാഴികയില്‍ അവരെ വധിക്കാനും ഉത്തരവിട്ടവനാണ് ഹേറോദേസ്. ബേത്ലഹത്തെ അഞ്ചോ ആറോ കുഞ്ഞുങ്ങളെ നശിപ്പിക്കുക അയാള്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല, പ്രത്യേകിച്ച് താന്‍ ഏറെ ഭയപ്പെടുന്ന പ്രതിയോഗിയെ നശിപ്പിക്കുന്നതിനുവേണ്ടി. കൂടാതെ തിരുക്കുടുംബം ബേത്ലഹേം ഉപേക്ഷിച്ച് നസ്രസില്‍ താമസമാക്കിയത് ചരിത്രപരമായ കാരണങ്ങളാലാണെന്നുവേണം വിചാരിക്കാന്‍ (എന്നാല്‍ ലൂക്കായുടെ സാക്ഷ്യം അനുസരിച്ച് നസ്രത്തായിരുന്നു തിരുക്കുടുംബത്തിന്‍റെ സ്വദേശം).

എന്നിരുന്നാലും ഈ വിവരണം ചരിത്രസംഭവത്തേക്കാള്‍ ദൈവശാസ്ത്രപരമായ ചിന്തകളാണുള്‍ക്കൊള്ളുന്നതെന്നൂഹിക്കാനും കാരണങ്ങളുണ്ട്. ബേത്ലഹത്ത് പൗരസ്ത്യ വിജ്ഞാനികള്‍ സന്ദര്‍ശിച്ച ഭവനം കണ്ടുപിടിക്കാന്‍ ഹേറോദേസിന് അത്ര വൈഷമ്യം ഉണ്ടായി എന്നു വിചാരിക്കുക എളുപ്പമല്ല. ഹേറോദേസ് സ്വന്തം ചാരന്മാരെ നിയോഗിക്കാതെ വിജ്ഞാനികള്‍ തിരിച്ചുവന്ന് റിപ്പോര്‍ട്ടുചെയ്യാന്‍ കാത്തിരുന്നു എന്നും കരുതാനാവില്ല. ഇപ്രകാരമൊരു ശിശുവധത്തെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തിലൊഴികെ മറ്റെങ്ങും സൂചന ഇല്ല. മോശയുടെ ചരിത്രത്തിലെ സമാനമായ സംഭവം (ഫറവോന്‍ യഹൂദരുടെ ആണ്‍കുഞ്ഞുങ്ങളെ നദിയില്‍ താഴ്ത്തി കൊന്നുകളയുന്ന പതിവ്) ഈ ഖണ്ഡികയുടെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വിചാരിക്കാനും ന്യായങ്ങളുണ്ട്. ഹേറോദേസിന്‍റെ കുപ്രസിദ്ധമായ ക്രൂരസ്വഭാവം ഇങ്ങനെയൊരു ചിത്രീകരണത്തിന് പ്രേരണ നല്‍കിക്കൂടായ്കയില്ല. ഈ ഖണ്ഡികയുടെ ശുഷ്കമായ വിവരണരീതിയും വി.ഗ്രന്ഥപൂര്‍ത്തീകരണ പരാമര്‍ശവും ഉദ്ധരണിയും ചരിത്രസാക്ഷ്യത്തിന്‍റേതിനേക്കാള്‍ മതപഠനവിവരണത്തിന്‍റെ പ്രതീതിയാണ് ഉളവാക്കുന്നത്.

 c) ഈജിപ്തില്‍നിന്ന് നസ്രത്തിലേക്ക് (വാ.19-23)

ശൈശവവിവരണത്തിന്‍റെ അന്ത്യഭാഗം ദൈവപരിപാലനയില്‍ നടക്കുന്ന ഒരു യാത്രാവിവരണമാണ്-ഈജിപ്തില്‍നിന്ന് പുറപ്പെട്ട് ഇസ്രായേല്‍ നാട്ടില്‍ക്കൂടെ നസ്രത്തിലേക്കുള്ള യാത്ര. ڇയേശുڈ നസ്രായന്‍ ആണെന്ന പാരമ്പര്യം സുവിശേഷങ്ങളില്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ദാവീദിന്‍റെ ജന്മദേശമായ ബേത്ലഹെമില്‍ ജനിച്ച യേശു ദൈവഹിതാനുസാരമാണ് നസ്രത്തില്‍ താമസമാക്കിയതെന്നും ഈ വിവരണം വ്യക്തമാക്കുന്നു. ഈ ഭാഗത്തിന്‍റെ ഘടന ഇപ്രകാരമാണ് .

  1. കല്പന - വാ.19-20: സ്വപ്നത്തിന്‍റെ കല്പന
  2. നിര്‍വ്വഹണം-വാ. 21: ഇസ്രായേല്‍ നാട്ടിലേക്ക്
  3. കല്പന-വാ. 22മയ: സ്വപ്നത്തിന്‍റെ നിര്‍ദ്ദേശം
  4. നിര്‍വ്വഹണം വാ.22ര-23മ: ഗലീലിയിലെ നസ്രത്തിലേക്ക്
  5. വി. ലിഖിത പൂര്‍ത്തീകരണസാക്ഷ്യം വാ.23ര

നാം മുമ്പുകണ്ട സാഹിത്യരൂപങ്ങള്‍തന്നെയാണ് ഇവിടെയും കാണുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് കല്പനയും നല്‍കപ്പെടുന്നത്. ആദ്യത്തെ കല്പനയും കല്പനാനിര്‍വ്വഹണവും തിരുക്കുടുംബത്തെ ഇസ്രായേല്‍ നാട്ടിലെത്തിക്കുന്നു. ഇസ്രായേല്‍ജനത്തിന്‍റെ പുറപ്പാടിനെയാണ് ഇത് അനുസ്മരിപ്പിക്കുക. തിരുക്കുടുംബത്തെ ഗലീലിയിലേക്കു നയിക്കുന്നത് രണ്ടാമതൊരു കല്പനയാണ്. ഗലീലിയിലെ നസ്രത്തില്‍ താമസമുറപ്പിക്കാന്‍ കല്പനയുണ്ടായിരുന്നോ, അതോ അതു യൗസേപ്പിന്‍റെ തീരുമാനമായിരുന്നോ എന്നു വ്യക്തമല്ല.

തിരുക്കുടുംബം നസ്രത്തില്‍പോയി താമസമുറപ്പിച്ചത് പ്രവചനപൂര്‍ത്തീകരണമായി സുവിശേഷകന്‍ ചിത്രീകരിക്കുന്നു. ഉദ്ധരിക്കുന്ന വാക്യം- "അവിടുന്ന് നസ്രായന്‍ എന്ന് വിളിക്കപ്പെടും"- പഴയനിയമത്തിലെങ്ങും കാണുന്നില്ല. ന്യായ 13:5,7; 16:17 സാംസനെ "നസീര്‍"= ദൈവത്തിനു സമര്‍പ്പിതന്‍ എന്നു വിളിക്കുന്നു. സംരക്ഷിതന്‍ എന്ന അര്‍ത്ഥത്തില്‍ "നസൂര്" എന്ന പദം ഏശ 49:6; 42:6-ല്‍ കാണാം. ഏശ 14:1-ല്‍ ജെസ്സെയുടെ (ദാവീദിന്‍റെ പിതാവ്) വേരില്‍ നിന്ന് ഒരു "നേസെര്" (മുള) ഉയര്‍ന്നുവരും എന്ന പ്രസ്താവനയുണ്ട്. സുവിശേഷകന്‍ ഈ വാക്യങ്ങളിലൊന്നോ എല്ലാമോ ഓര്‍ത്തിട്ടുണ്ടാകാം.

വളരെ സ്വതന്ത്രമായി സുവിശേഷകന്‍ പ്രവാചകവാക്യത്തിന് രൂപം നല്‍കിയിരിക്കുന്നു. യേശു നസ്രത്തുകാരനായത് ദൈവഹിതാനുസാരമാണെന്ന് സ്ഥാപിക്കുക മാത്രമാണ് സുവിശേഷകന്‍റെ ഉദ്ദേശ്യം. ദാവീദിന്‍റെ കുടുംബത്തില്‍ പിറക്കുന്ന ഒരു രാജകുമാരനായ മിശിഹാ ദാവീദിന്‍റെ ജന്മദേശമായ ബേത്ലഹെത്തുനിന്നോ, രാജകീയ നഗരമായ ജറുസലേമില്‍നിന്നോ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന യഹൂദര്‍ക്ക് വേദപുസ്തകത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത കുഗ്രാമമായ നസ്രത്തില്‍നിന്നാണ് യേശുവന്നതെന്ന വസ്തുത ഇടര്‍ച്ചയ്ക്കു കാരണമായി അനുഭവപ്പെട്ടിരുന്നു. "നസ്രായനായ യേശു"എന്ന സംബോധന യഹൂദരെ സംബന്ധിച്ചിടത്തോളം പുച്ഛരസം കലര്‍ന്നതും (cf യോ 1:46), യേശുവിന്‍റെ ദൗത്യത്തെ സംശയാസ്പദമാക്കുന്നതുമായ ഒന്നായിരുന്നു. ഈ മനോഭാവത്തെ നിരാകരിക്കുന്ന വാദഗതിയാണ് സുവിശേഷകന്‍റേത്. ദാവീദിന്‍റെ ജന്മനാടായ ബേത്ലഹേമില്‍ പിറന്ന യേശു നസ്രായനായത് ദൈവഹിതാനുസാരമായിരുന്നു എന്ന് ഈ ഉദ്ധരണിയിലൂടെ സുവിശേഷകന്‍ ഊന്നിപ്പറയുകയാണ്. യേശുവിന്‍റെ നസ്രായനെന്ന നാമത്തില്‍ ധ്വനിക്കുന്ന താഴ്മ ഹീനതയല്ല, മഹത്വമാണ്-താഴ്മയിലൂടെ ദൗത്യം പൂര്‍ത്തിയാക്കുന്ന യാഹ്വേയുടെ ദാസന്‍റെ മഹത്വം (cf മത്താ 4:12-16; 8:17; 12:15-21).

ഹേറോദേസിന്‍റെ മരണവും യൂദയാ പ്രദേശത്തിന്‍റെ അധിപനായുള്ള അര്‍ക്കലാവൂസിന്‍റെ സ്ഥാനാരോഹണവും ബി.സി നാലിലാണ് നടന്നത്. അര്‍ക്കലാവൂസിന്‍റെ ഭരണകാലത്ത് (ബി.സി. 4് - എ.ഡി. 6) യൂദയാ ഛിദ്രങ്ങളും കലാപങ്ങളുംകൊണ്ട് അസ്വസ്ഥമായിരുന്നു. ഹേറോദേസ് അന്തിപ്പാസ് ഭരിച്ചിരുന്ന (ബി.സി. 4 - എ.ഡി. 37) ഗലീലിയിലാകട്ടെ താരതമ്യേന ശാന്തമായ ഒരന്തരീക്ഷമാണ് നിലനിന്നിരുന്നത്. ഈ സാഹചര്യത്തില്‍ യൂദയാനാടുപേക്ഷിച്ച് ഗലീലിയിലെ അജ്ഞാത ഗ്രാമമായ നസ്രത്തില്‍ താമസമുറപ്പിക്കാനുള്ള യൗസേപ്പിന്‍റെ തീരുമാനം തികച്ചും സ്വഭാവികമാണ്. യേശു ബെത്ലഹേമില്‍ ജനിച്ചു എന്നും നസ്രത്തില്‍ വളര്‍ന്നു എന്നും പഴയ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മത്തായിയും ലൂക്കായും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തിരുക്കുടുംബം എന്തുകൊണ്ട് നസ്രത്തില്‍ താമസമാക്കിയെന്ന കാര്യത്തില്‍ സുവിശേഷകന്മാര്‍ യോജിക്കുന്നില്ല. അര്‍ക്കലാവൂസിനെ ഭയന്ന് തിരുക്കുടുംബം നസ്രത്തില്‍ കുടിയേറിയെന്ന് മത്തായി പറയുമ്പോള്‍ ലൂക്കാ പറയുന്നത് സന്ദര്‍ഭവശാല്‍ ബെത്ലഹേമില്‍വന്ന തിരുക്കുടുംബം സ്വദേശമായ നസ്രത്തിലേക്ക് തിരിച്ചുപോയി എന്നാണ്. ഇതില്‍നിന്നും തിരുക്കുടുംബത്തെ നസ്രത്തില്‍ എത്തിക്കാന്‍ രണ്ടു ദര്‍ശനങ്ങള്‍ വേണ്ടിവന്നു എന്നതും ചിന്തിക്കാന്‍ വക നല്കുന്നു.

 III മത്തായി 1-2 ന്‍റെ സന്ദേശം

ചരിത്രപരമായ സംഭവങ്ങളുടെ കൃത്യമായ വിവരണമെന്നു ശൈശവവിവരണത്തെ വിശേഷിപ്പിക്കുക എളുപ്പമല്ലെന്ന് രണ്ടാംഭാഗത്തു നാം കണ്ടു. എന്നാല്‍  സുവിശേഷകന്‍ വെറും കെട്ടുകഥകള്‍ ചമച്ചുവിടുകയായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ സുവിശേഷകന്‍റെ സാഹിത്യരൂപങ്ങളെയും രചനാരീതികളെയുംപറ്റിയുള്ള വിചിന്തനം ഇതു വ്യക്തമാക്കും.

യഹൂദസാഹിത്യത്തില്‍ പരിചിതമായ ഒരു സാഹിത്യസങ്കേതമാണ് "മിദ്രാഷ്". പ്രബോധനം നല്‍കുക, പ്രചോദിപ്പിക്കുക മുതലായ ഉദ്ദേശ്യങ്ങളോടുകൂടെ പഴയനിയമ സംഭവങ്ങളുടെ വെളിച്ചത്തില്‍ സമകാലീന ചരിത്രവസ്തുതകളെ പര്യാലോചിച്ച് വ്യാഖ്യാനിച്ച് പഴയനിയമ സാഹിത്യസങ്കേതങ്ങളും രൂപങ്ങളുംവഴി അവതരിപ്പിക്കുന്ന ഒരു സാഹിത്യരൂപമാണ് ഇത്. വിജ്ഞാനം 16-19 അദ്ധ്യായങ്ങള്‍ ഇതിനുദാഹരണമാണ്. പുറപ്പാടുമുതല്‍ ഇസ്രായേല്‍ ജനത്തോടുള്ള യാഹ്വേയുടെ കാരുണ്യത്തെ പുകഴ്ത്താനായി പുറപ്പാടു പുസ്തകത്തിലെ സംഭവങ്ങളെ വികസിപ്പിച്ചും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്തും മോടിപിടിപ്പിച്ചും സ്വന്തമായ രീതിയില്‍ വ്യാഖ്യാനിച്ച് ഗ്രന്ഥകാരന്‍ ഇവിടെ അവതരിപ്പിക്കുന്നു.  മിദ്രാഷിന് ചരിത്രസംഭവങ്ങളുമായി ബന്ധമുണ്ട്. വിജ്ഞാനം 16:19 ന്‍റെ കാതല്‍ പുറപ്പാടിലെ സംഭവങ്ങളാണ്. ഗ്രന്ഥകാരന്‍ ഈ സംഭവങ്ങളെ പുതിയ സാഹചര്യങ്ങളില്‍ ആത്മീയചൈതന്യത്തോടെ ധ്യാനിക്കുന്നു. ഭാവനവഴി വിശദാംശങ്ങള്‍ ചേര്‍ത്ത് വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. പ്രബോധനപരമായ ഉദ്ദേശ്യത്തോടെ അവയെ പുതുതായി വ്യാഖ്യാനിക്കുന്നു. അങ്ങനെ, ചരിത്രമെഴുതുകയല്ല, ചരിത്രത്തെ സന്ദേശാവതരണത്തിനും പ്രബോധനത്തിനുമുള്ള ഉപാധിയാക്കുകയാണ് മിദ്രാഷ് എന്ന സാഹിത്യസങ്കേതംവഴി ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഉദ്ദേശ്യം കണക്കിലെടുക്കുമ്പോള്‍ ഗ്രന്ഥകാരന്‍ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നു എന്നു പറയുന്നത് ശരിയല്ല. യേശുവിന്‍റെ ജനനത്തെയും ശൈശവത്തെയും കേന്ദ്രമാക്കിയുള്ള മത്തായി ഒന്ന്-രണ്ട് അദ്ധ്യായങ്ങളിലെ ആഖ്യാനരീതി "മിദ്രാഷ്" എന്ന സാഹിത്യരൂപത്തിന്‍റേതാണെന്നു തോന്നുന്നു. യേശുവിന്‍റെ ജനനത്തെയും ശൈശവത്തെയുംപറ്റി ലഭ്യമായിരുന്ന ചരിത്രപാരമ്പര്യ സമാഹാരം മുന്‍പറഞ്ഞ രീതിയില്‍ ധ്യാനിച്ച് വ്യാഖ്യാനിച്ച് വികസിപ്പിച്ച് അവതരിപ്പിക്കുകയാണ് സുവിശേഷകനിവിടെ ചെയ്യുന്നതെന്നു പറയാം. തന്‍റെ വിവരണത്തിലെ ഓരോ സംഭവത്തെയും വി. ലിഖിത വാക്യങ്ങളും സൂചനകളുമായി ബന്ധിക്കാന്‍ സുവിശേഷകന്‍ ശ്രമിക്കുന്നതില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ചുരുക്കത്തില്‍ ആദിമക്രിസ്ത്യാനികളുടെ വിശ്വാസത്തെയും ജീവിതത്തെയും സംബന്ധിച്ചിടത്തോളം യേശുവിന്‍റെ ശൈശവസംഭവങ്ങള്‍ക്കുള്ള അര്‍ത്ഥവും പ്രസക്തിയും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടെ രചിച്ചതാണ് ഈ അദ്ധ്യായങ്ങള്‍. ഈ അദ്ധ്യായങ്ങളുടെ സന്ദേശം എന്താണ്?

യേശുവിന്‍റെ ജനനത്തിലും ശൈശവസംഭവങ്ങളിലും ദൈവത്തിന്‍റെ രക്ഷാകരമായ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാകുന്നു. രക്ഷാചരിത്രത്തിന്‍റെ പൂര്‍ത്തീകരണഘട്ടം ആഗതമായിരിക്കുന്നു. ആവര്‍ത്തിച്ചുള്ള വി. ലിഖിതപൂര്‍ത്തീകരണ സാക്ഷ്യങ്ങള്‍വഴി സുവിശേഷകന്‍ ഊന്നിപ്പറയുന്നത് ഇതാണ്. അങ്ങനെ, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനാണ് യേശു എന്ന പ്രഖ്യാപനമാണ് ഈ അദ്ധ്യായങ്ങളിലെ മുഖ്യ ആശയം.

രക്ഷാചരിത്രത്തിലുള്ള യേശുവിന്‍റെ നിര്‍ണ്ണായകമായ ദൗത്യത്തെ വ്യക്തമാക്കുന്ന സ്ഥാനപ്പേരുകള്‍ക്ക് ഈ അദ്ധ്യായങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്: അബ്രാഹത്തിന്‍റെ പുത്രന്‍ (1:1), ദാവീദിന്‍റെ പുത്രന്‍ (1:1,18-25), ദൈവപുത്രന്‍ (1:18-25; 2:15), ഈശോ (=രക്ഷകന്‍) (1:21), എമ്മാനുവല്‍ (1:23), യൂദന്മാരുടെ രാജാവ് (2:2), ഇസ്രായേലിനെ ഭരിക്കാനുള്ള രാജാവ് (2:6), നസ്രായന്‍ (2:13).

ദാവീദിന്‍റെ പുത്രന്‍ (=രാജകീയമെസയാ) എന്ന സ്ഥാനപ്പേരിന് പ്രത്യേക പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. വംശാവലി ഊന്നിപ്പറയുന്നത് യേശു ദാവീദിന്‍റെ രാജകുടുംബാംഗവും അവകാശിയുമാണെന്നാണ്. ദാവീദിനു ലഭിച്ച വാഗ്ദാനത്തിന്‍റെ (2 സാമു 7:12-16) പൂര്‍ത്തീകരണമാണ് യേശു. ഇതുതന്നെയാണ് 1:18-25 ന്‍റെയും സന്ദേശം. മെസയാ ദാവീദിന്‍റെ പുത്രനായിരിക്കും എന്ന യഹൂദരുടെ പ്രതീക്ഷ യേശുവില്‍ സഫലീകൃതമാകുന്നു എന്ന് സുവിശേഷകന്‍ പ്രഖ്യാപിക്കുന്നു. ഗണ്യമായ പ്രാധാന്യം യേശു (= രക്ഷകന്‍) എന്ന നാമത്തിനും നല്‍കപ്പെട്ടിരിക്കുന്നു. ദൈവദത്തമായ ഈ നാമം യേശുവിന്‍റെ ഭാവിദൗത്യത്തെ അര്‍ത്ഥവത്തായി നിര്‍വചിക്കുന്നു.

യേശു പുതിയ മോശയാണ് എന്ന സൂചനകൊണ്ട് സുവിശേഷകന്‍ ഉദ്ദേശിക്കുന്നത് മോശ പഴയ ഇസ്രായേല്‍  ജനത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് വാഗ്ദത്തനാട്ടിലേക്കുനയിച്ചതുപോലെ യേശു പുതിയ ഇസ്രായേല്‍ ജനത്തെ പാപത്തില്‍നിന്നു മോചിപ്പിച്ച് രക്ഷാചരിത്രപൂര്‍ത്തീകരണമായ ദൈവരാജ്യത്തിലേക്കു നയിക്കുമെന്നാണെന്നു തോന്നുന്നു. പുറപ്പാടു സംഭവങ്ങളുമായുള്ള ബന്ധത്തെ എടുത്തു പറയുമ്പോള്‍ (2:15 20f) രക്ഷപ്രാപിച്ച ഒരു പുതിയ ജനം യേശുവില്‍ ആരംഭിക്കുന്നു എന്ന ചിന്ത സുവിശേഷകന്‍റെ മനസിലുണ്ടായിരുന്നിരിക്കാം.

രക്ഷാചരിത്രത്തില്‍ പങ്കുവഹിച്ച മറ്റു മഹല്‍വ്യക്തികളെപ്പോലെ യേശുവും പീഡിപ്പിക്കപ്പെടുന്നു. തന്‍റെ ദൗത്യനിര്‍വഹണത്തില്‍ നിരാകരണവും പീഡനവും അദ്ദേഹം ഇനിയും സഹിക്കേണ്ടിവരുമെന്ന് ശൈശവത്തിലെ ഈ പീഡനങ്ങള്‍ മുന്നറിവു നല്‍കുന്നു.

രക്ഷാചരിത്രത്തില്‍ യഹൂദജനത്തിനുള്ള സ്ഥാനത്തെപ്പറ്റിയും സുവിശേഷകന്‍ പരാമര്‍ശിക്കുന്നുണ്ട്. യഹൂദജനത്തോടുള്ള ദൈവത്തിന്‍റെ അചഞ്ചലമായ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് യേശു. തന്‍റെ ജനത്തോടുകൂടെയുള്ള ദൈവത്തിന്‍റെ സജീവസാന്നിധ്യം എമ്മാനുവേലായ യേശുവില്‍ പൂര്‍ണ്ണത പ്രാപിക്കുന്നു. വിജാതീയര്‍ക്ക് മിശിഹായെ ലഭിക്കുന്നത് ഇസ്രായേല്‍ വഴിയാണ്. ജറുസലേമിലെ യഹൂദാചാര്യന്മാരുടേയും മതഗ്രന്ഥങ്ങളുടേയും സഹായത്തോടുകൂടെ വിജാതീയര്‍ യേശുവിന്‍റെ സവിധത്തില്‍ എത്തുന്നു. എന്നാല്‍ യേശുവിനെ തിരസ്കരിക്കുന്ന സ്വജനങ്ങള്‍ സ്വന്തംകുറ്റംകൊണ്ട് തങ്ങളുടെ വിശേഷാവകാശങ്ങള്‍ നഷ്ടമാക്കിയെന്ന ധ്വനി രണ്ടാമദ്ധ്യായത്തിലുണ്ട്. അതേസമയം വിജാതീയര്‍ യേശുവിനു നല്‍കുന്ന സ്വാഗതം ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കപ്പെടുന്നു. ഈ വൈപരീത്യം സുവിശേഷത്തില്‍ പലപ്പോഴും കാണപ്പെടുന്നുണ്ട് (8:11-12; 20:16; 21:43; 22:2-10). ഉത്ഥാനം ചെയ്ത യേശു തന്‍റെ ശിഷ്യരെ അയയ്ക്കുന്നത് ഇസ്രായേല്‍ ജനത്തിന്‍റെ മദ്ധ്യത്തിലേക്കല്ല, വിശാലമായ ലോകത്തിലെ സകല ജനതകളുടേയും മദ്ധ്യത്തിലേക്കാണ്. ദൈവത്തിന്‍റെ രക്ഷാകരമായ സാന്നിധ്യം ഇനി യഹൂദ ജനത്തിന്‍റെ പരിധിയില്‍ ഒതുങ്ങിനില്ക്കുന്നില്ല. രക്ഷകനായ മിശിഹാ സകല ജനതകളുടെയും എമ്മാനുവേലാണ് (28:16-20).

സുവിശേഷകന്‍റെ മറ്റൊരുലക്ഷ്യം രക്ഷാചരിത്രത്തിലുള്ള ദൈവത്തിന്‍റെ നിര്‍ണ്ണായകമായ കര്‍ത്തൃത്വം പ്രഖ്യാപിക്കുകയാണ്. മനുഷ്യര്‍ക്ക് ദൈവഹിതത്തെ തടയാന്‍ സാധ്യമല്ല. സ്വപ്നങ്ങളും ദൈവദൂതദര്‍ശനങ്ങളുംവഴി ദൈവം തന്‍റെ കല്പനകള്‍ നല്‍കുന്നു. മനുഷ്യര്‍ അനുസരിക്കുന്നു. 2:3 മുതല്‍ ഹേറോദേസ് (7 തവണ ഈ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്) സംഭവങ്ങളെ നിയന്ത്രിക്കാന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ദൈവത്തിന്‍റെ ഇടപെടല്‍ നിമിത്തം ഫലശൂന്യങ്ങളായിത്തീരുന്നു. പീഡനമനുഭവിച്ചിരുന്ന ആദിമസഭയ്ക്ക് ഇത് വലിയൊരു സന്ദേശമായിരുന്നു. മിശിഹായെ പീഡകരില്‍നിന്നും സംരക്ഷിച്ച ദൈവം അദ്ദേഹത്തിന്‍റെ ശിഷ്യരെയും സംരക്ഷിക്കും.

ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. രക്ഷാചരിത്രത്തിന്‍റെ പൂര്‍ത്തീകരണം ആസന്നമായിരിക്കുന്നു. കന്യകാമറിയത്തില്‍നിന്ന് ബേത്ലഹേമില്‍ ജനിച്ച നസ്രത്തില്‍ വളര്‍ന്ന യേശു പ്രതീക്ഷാവിഷയമായ മിശിഹായാണ്, എമ്മാനുവേലാണ്, ലോകരക്ഷകനാണ്. അദ്ദേഹത്തിന്‍റെ ദൗത്യം ദൈവദത്തമാണ്. എല്ലാജനതകളുടെയും ആശാകേന്ദ്രം അദ്ദേഹമാണ്. യേശുവിലൂടെ പ്രകാശിതമായ ദൈവത്തിന്‍റെ സദ്വാര്‍ത്ത ഹൃദയം തുറന്ന് സ്വീകരിക്കുവാനുള്ള ഒരാഹ്വാനമാണ് ഈ അദ്ധ്യായങ്ങളിലൂടെ സുവിശേഷകന്‍ നമുക്ക് നല്‍കുന്നത്.

                                             (ഫാ. ജോര്‍ജ് മാങ്ങാട്,

ബൈബിള്‍ ഭാഷ്യം1 (1972) 410-436)

Gospel of Matthew Childhood of Jesus (Matthew 1-2) catholic malayalam bible study Fr. George Mangatt Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message