x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം

Authored by : Fr. George Kudilil, Fr. Alphons Mani On 10-Feb-2021

വി. മത്തായിയുടെ സുവിശേഷം

പുതിയനിയമ കാനോനായില്‍ ആദ്യമായി നല്‍കിയിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷമാണ്. ഏറ്റവുമാദ്യം രചിക്കപ്പെട്ട സുവിശേഷമായതുകൊണ്ടല്ല, ആദിമസഭയില്‍ ഏറ്റവുമധികം പ്രചരിച്ചിരുന്നതുകൊണ്ടാണ് ഈ സുവിശേഷം കാനോനായില്‍ ആദ്യസ്ഥാനത്തെത്തിയത്.  28 അധ്യായങ്ങളും 1071 വാക്യങ്ങളുമുള്ള ഈ സുവിശേഷം ആദിമസഭ തലമുറകള്‍ക്കായി കാത്തുസൂക്ഷിച്ച അമൂല്യമായ ഒരു നിധിയാണ്.

സുവിശേഷകനായ മത്തായി

ഈശോയുടെ പന്ത്രണ്ടുശ്ലീഹന്‍മാരില്‍ ഒരാളായ മത്തായി (ലേവി) ആദ്യസുവിശേഷം രചിച്ചു എന്നാണ് അതിപുരാതനമായ പാരമ്പര്യം. ഹിയെരാപ്പോളീസിലെ (തുര്‍ക്കി) പപ്പിയാസിന്‍റെ (എ.ഡി. 70-140) ഒരു പ്രസ്താവന എവുസേബിയസ് തന്‍റെ സഭാചരിത്രത്തില്‍ ഉദ്ധരിക്കുന്നതില്‍നിന്നാണ് ഈ പാരമ്പര്യത്തിന്‍റെ തുടക്കം. പപ്പിയാസ് പറയുന്നു: "മത്തായി ഹീബ്രുഭാഷയില്‍ (കര്‍ത്താവിന്‍റെ/കര്‍ത്താവിനെക്കുറിച്ചുള്ള) വാക്കുകള്‍ സമാഹരിച്ചു. ഓരോരുത്തരും താന്താങ്ങളുടെ കഴിവുപോലെ അവ വിവര്‍ത്തനം ചെയ്യുകയും ചെയ്തു" (തിരുസഭാചരിത്രം III, 39,16). ചുങ്കക്കാരനായ ലേവിയാണ് ഈ സുവിശേഷത്തിന്‍റെ കര്‍ത്താവ് എന്ന് ഒരിജന്‍ സാക്ഷ്യപ്പെടുത്തുന്നതും എവുസേബിയസ് ഉദ്ധരിക്കുന്നുണ്ട് (തിരുസഭാചരിത്രം VI,25). ഇരണേവൂസും അലക്സാണ്ട്രിയയിലെ ക്ലെമന്‍റും മത്തായി ശ്ലീഹായുടെ കര്‍തൃത്വത്തില്‍ വിശ്വസിച്ചവരാണ്.

അപ്പസ്തോലനായ മത്തായി യേശുസംഭവത്തിന്‍റെ ദൃക്സാക്ഷി യാണ്. പക്ഷേ അദ്ദേഹമാണ് ഈ സുവിശേഷം രചിച്ചതെന്ന് ഇപ്പോഴും സംശയരഹിതമായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം നൂറ്റാണ്ടിലാണ് "മത്തായിയുടെ സുവിശേഷം" എന്ന് ആദ്യസുവിശേഷത്തിനു തലക്കെട്ടു ലഭിക്കുന്നത് . അപ്പസ്തോലനായ അദ്ദേഹം തന്‍റെ സുവിശേഷ രചനയ്ക്ക് ദൃക്സാക്ഷിയല്ലാത്ത മര്‍ക്കോസിനെ ആശ്രയിക്കുന്നതെന്തുകൊണ്ട്? മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ചുങ്കക്കാരനായ ലേവി (2,14) ഒന്നാം സുവിശേഷത്തില്‍ മത്തായി എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നത്. മത്തായി ശ്ലീഹാ ഒന്നാം സുവിശേഷം വിരചിതമായ ആദിമസഭാസമൂഹത്തിന്‍റെ ഉത്ഭവത്തില്‍ പ്രഥമസ്ഥാനം വഹിച്ച ആളായിരിക്കണം. സുവിശേഷം യഥാര്‍ത്ഥത്തില്‍ എഴുതിയ ആള്‍ ആ സമൂഹത്തിലെ ഒരു പ്രബോധകനോ അദ്ധ്യാപകനോ ആയിരുന്നിരിക്കണം (മത്താ 13,52; 23.34). യഹൂദമതഗ്രന്ഥങ്ങളില്‍ പ്രാവീണ്യവും ക്രിസ്തുപ്രബോധനങ്ങളില്‍ ദൃഢവിശ്വാസവുമുള്ള ആളായിരുന്നു അദ്ദേഹം. 'പഴയതും' 'പുതിയതും' നിശ്ചയമുള്ള ഒരു ഗുരുവര്യന്‍ (മത്താ 13,52).

സുവിശേഷകന്‍ ഒരു യഹൂദ ക്രൈസ്തവന്‍ ആയിരുന്നു എന്നു വാദിക്കുന്ന പണ്ഡിതന്മാര്‍ ധാരാളമുണ്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ്. (1) നിയമത്തോടുള്ള ആഭിമുഖ്യം (മത്താ 5,17-20; 23,3.23). (2) പഴയനിയമസൂചനകളുടെയും "പൂര്‍ത്തീകരണ"ത്തിന്‍റെയും ബാഹുല്യം (മത്താ 1,22-23; 2,5-6.15.17-18; 3,3; 4,14-16; 8,17). (3) ഈശോയുടെ പ്രേഷിത പ്രവര്‍ത്തനം ഇസ്രായേലിലേക്കു മാറിയിരിക്കുന്നു (മത്താ 10,5-6; 15,24). (4) സാബത്ത് പാലിക്കുന്ന സമൂഹമാണ് മത്തായിയുടേത് (മത്താ 24,20). (5) ഈ സമൂഹം യഹൂദരുമായി ഐക്യത്തിലാണു കഴിയുന്നത് (മത്താ 17,24-27; 23,1-3). (6) ഈശോയെ മോശയുമായി താരതമ്യപ്പെടുത്തി അഞ്ചു നീണ്ട പ്രസംഗങ്ങള്‍ നല്‍കിയിരിക്കുന്നു (കാ. മത്താ 2,13 മു; 4,1-2; 5,1).

രചയിതാവ് ഒരു വിജാതീയ ക്രൈസ്തവനായിരുന്നു എന്നതിനും നിരവധി തെളിവുകള്‍ നിരത്താറുണ്ട്:  (1) സുവിശേഷം പ്രദാനം ചെയ്യുന്ന സാര്‍വ്വത്രികരക്ഷയെപറ്റിയുള്ള പ്രസ്താവനകള്‍ വിജാതീയ പ്രേഷിത പ്രവര്‍ത്തനം നടത്തിയ ഒരു സമൂഹത്തിലാണ് ഇതെഴുതപ്പെട്ടതെന്നു സൂചിപ്പിക്കുന്നു (മത്താ 28,18-20; 8,11-12; 10,18; 12,18.21മു). (2) ആചാരങ്ങള്‍ ഒഴിവാക്കാനുള്ള മനോഭാവം (15,11-20; 23,25-26). (3) സുവിശേഷത്തിലുള്ള നിയമ വിമര്‍ശനം (5,21-48), മോശയെക്കാള്‍ ഉപരിയായ മിശിഹായുടെ സ്ഥാനം (19,3-9). (4) ഫരിസേയരുടെ നീതിചിന്തയുടെ വിമര്‍ശനം (5,20; 6,12; 9,3മു; 12,1മു). (5) അറമായ സ്വാധീനത്തിന്‍റെ അഭാവം (കാ. മര്‍ക്കോ 1,13; മത്താ 4,2; മര്‍ക്കോ 5,41; മത്താ 9,25; മര്‍ക്കോ 7,34; മത്താ 15,30; മര്‍ക്കോ 7,11; മത്താ 15,5). (6) സുവിശേഷകന്‍റെ സമൂഹം സിനഗോഗിനോട് അകല്‍ച്ച പുലര്‍ത്തിയിരുന്നു  (മത്താ 23, 34 6; 7,296). (7) സാബത്തു നിയമങ്ങള്‍ അപ്രസക്തമാണ് (12,43; 22,3; 8,11-12; 21,39മു; 27,25; 28,15).

ഈ രണ്ടു നിലപാടുകള്‍ക്കും അനുകൂലികള്‍ ധാരാളമുണ്ട്. പലസ്തീനായ്ക്കു വെളിയില്‍ ജനിച്ചുവളര്‍ന്ന, യവനസംസ്ക്കാരവുമായി അടുപ്പമുണ്ടായിരുന്ന ഒരു യഹൂദക്രൈസ്തവനായിരിക്കണം രചയിതാവ് എന്ന് ഒരു കൂട്ടം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. വിജാതീയരുടെ ഇടയിലുള്ള പ്രേഷിത പ്രവര്‍ത്തനം, നിയമത്തോടുള്ള (തോറാ) സമീപനങ്ങളിലെ ലാഘവത്വം എന്നിവ ഈ നിലപാടിനെ ശക്തിപ്പെടുത്തുന്ന വാദങ്ങളാണ്. യഹൂദപാരമ്പര്യവുമായിട്ടുള്ള രചയിതാവിന്‍റെയും സുവിശേഷത്തിന്‍റെയും ബന്ധവും പ്രേഷിത പ്രവര്‍ത്തനത്തിലെ തുറവിയും പരിഗണിക്കുമ്പോള്‍ ഈ നിലപാട് ശരിയായിരിക്കാനുള്ള സാധ്യതയുണ്ട്. രചയിതാവ് ആരാണെന്നു കൃത്യമായി നിര്‍ണ്ണയിക്കുക തികച്ചും വിഷമകരമാണ്. പഴയനിയമ പരിജ്ഞാനമുള്ള ഒരു ക്രൈസ്തവന്‍ എന്നതില്‍ കൂടുതലായി ഒന്നും പറയാനാവില്ല എന്നതാണു വാസ്തവം.

രചനാസ്ഥലവും കാലവും

മത്തായിയുടെ സുവിശേഷം സിറിയായില്‍വച്ചു രചിക്കപ്പെട്ടു എന്നാണ് പാരമ്പര്യം. സുവിശേഷത്തിലെ യഹൂദ-ക്രൈസ്തവ സൂചനകള്‍, ഡിഡാക്കെയും (7,1;8; 10,15; 16) അന്ത്യോക്യായിലെ ഇഗ്നേഷ്യസും (ഇഗ്നേഷ്യസ്: സ്മിര്‍ണാലേഖനം 1,1; മത്താ 3,15; ഫിലദെല്‍ഫിയാ ലേഖനം 3,1; മത്താ 15,13) നല്‍കുന്ന സാക്ഷ്യങ്ങള്‍ എന്നിവ ഇതു ശരിവെക്കുന്നു. അന്ത്യോക്യാ, ഡമാസ്കസ്, സീദോന്‍, ടയിര്‍ മുതലായ സിറിയന്‍ പട്ടണങ്ങളില്‍ ഏതാണ് ശരിയായ രചനാസ്ഥലമെന്നു നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. ഗ്രീക്കു സംസാരിക്കുന്നവര്‍ക്കുവേണ്ടി ഗ്രീക്കു ഭാഷയില്‍ എഴുതപ്പെട്ടതാണല്ലോ ഈ സുവിശേഷം. അതുകൊണ്ട് പാലസ്തീനായില്‍ വച്ചായിരിക്കില്ല എഴുതപ്പെട്ടത് എന്നേ ഖണ്ഡിതമായി പറയാന്‍ പറ്റൂ.

ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് എ.ഡി. 70-85 വര്‍ഷങ്ങള്‍ക്കിടയില്‍ സുവിശേഷം വിരചിതമായി എന്നാണ്. ഇഗ്നേഷ്യസിന് 110-ാമാണ്ടില്‍ ഈ സുവിശേഷത്തെപറ്റി അറിയാമായിരുന്നു. ദേവാലയ നാശത്തെ പറ്റി (70) മത്തായി അറിഞ്ഞിരുന്നു എന്നാണ് പണ്ഡിതാഭിപ്രായം (കാ. 22,7; 21,41; 23,38).  പത്രോസിന്‍റെ ഒന്നാം ലേഖനമാണ് (85-95) ഈ സുവിശേഷം ഉപയോഗിക്കുന്ന ആദ്യ ക്രൈസ്തവ കൃതി. മര്‍ക്കോസിന്‍റെ സുവിശേഷത്തിനു ശേഷമായിരിക്കണമല്ലോ മത്തായിയുടെ രചന. അപ്പോള്‍ 70നു ശേഷം എന്ന നിഗമനത്തിനു പ്രസക്തിയുണ്ട്.

സ്വീകര്‍ത്താക്കള്‍

ആരെ ഉദ്ദേശിച്ചാണ് മത്തായി തന്‍റെ സുവിശേഷം എഴുതിയത്? യഹൂദമതവുമായി വേര്‍പിരിഞ്ഞുതുടങ്ങിയ ഒരു ക്രൈസ്തവസമൂഹത്തിലാണ് ഈ സുവിശേഷത്തിന്‍റെ ഉത്ഭവം. അവരാണ് സുവിശേഷത്തിന്‍റെ സ്വീകര്‍ത്താക്കള്‍. ക്രൈസ്തവര്‍ ഒരു പക്ഷേ പീഡിപ്പിക്കപ്പെട്ടിരിക്കാനും സാദ്ധ്യതയുണ്ട് (10,17-18; 23,4). "അവരുടെ/നിങ്ങളുടെ സിനഗോഗുകള്‍" (4,23; 9,35; 10,17; 12,9; 13,54; 23,34), "നിയമങ്ങളും ഫരിസേയരും" (5,20,12,38; 15,1; 23,2.13.15.23.25.27.29) മുതലായ പ്രയോഗങ്ങള്‍ ഈ വേര്‍പിരിയലിനെ സൂചിപ്പിക്കുന്നു. യഹൂദമതപണ്ഡിതന്മാരുടെയും ഫരിസേയരുടെയും കാപട്യം (6,1-18; 21,1-36) മത്തായി എടുത്തുകാണിക്കുന്നുണ്ട്. ഇസ്രായേലിന്‍റെ പ്രമുഖ സ്ഥാനം അവസാനിച്ചതായി മത്തായിയുടെ സമൂഹം കരുതുന്നു. വിജാതീയരുടെ ഇടയില്‍ പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മത്തായിയുടെ സമൂഹം ഈ പ്രവര്‍ത്തനത്തില്‍ സജീവമാണ്. യഹൂദരില്‍നിന്നും വിജാതീയരില്‍നിന്നുമുള്ള ക്രൈസ്തവര്‍ അംഗങ്ങളായ ഒരു സമൂഹമായിരുന്നു അത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രമുള്ള ഒരു സമൂഹത്തിനല്ല മത്തായി എഴുതിയത്; വിവിധ സമൂഹങ്ങള്‍ക്കാണ് എന്ന ആശയത്തിന് ഇപ്പോള്‍ പ്രാമുഖ്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്.

യഹൂദമതാനുയായികളുടെ നീതിയെ അതിശയിക്കുന്ന പുതിയ നീതിയാണ് മത്തായിയുടെ സമൂഹം അനുവര്‍ത്തിക്കേണ്ടത് (5,20). അത് നിറവേറ്റുകയാണ് ദൈവേഷ്ടം (7,21; 12,50; 21,31). മിശിഹാ "പൂര്‍ത്തീകരണത്തിന്‍റെ" സന്ദേശവാഹകനാണ് (5,48; 19,21). നിയമരാഹിത്യം അനുവദനീയമല്ല (7,15; 24,11). പ്രവാചകരും (10,41; 23,34) നിയമ പണ്ഡിതരും (13,52; 23,34) അരൂപിയില്‍ നിറഞ്ഞവരും (10,8) അദ്ദേഹത്തിന്‍റെ സമൂഹത്തില്‍ ഉണ്ടായിരുന്നു. പത്രോസിന്‍റെ ശ്ലീഹന്മാരിലെ പ്രഥമ സ്ഥാനം അംഗീകരിച്ചിരുന്ന ഒരു സമൂഹമാണ് മത്തായിയുടെത് (10,2;15,15; 18,21; 16,18-19).

സ്രോതസ്സ്

സമവീക്ഷണ സുവിശേഷങ്ങളുടെ പരസ്പരബന്ധം ചര്‍ച്ചചെയ്തപ്പോള്‍ മത്തായി, ലൂക്കാ സുവിശേഷങ്ങള്‍ പൊതുവായി ഉപയോഗിച്ച രണ്ടു സ്രോതസ്സുകള്‍ മര്‍ക്കോസിന്‍റെ സുവിശേഷവും ക്യു രേഖയുമാണെന്ന് കാണുകയുണ്ടായി. മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ മറ്റൊരു പതിപ്പായിരിക്കണം മത്തായി ഉപയോഗിക്കുന്നത്. വാമൊഴിയിലുള്ള ഒരു ക്യു പാരമ്പര്യമാണ് മത്തായി ഉപയോഗിച്ചതെന്നു കരുതുന്നവരില്‍ പ്രധാനിയാണ് ജി. ബോണ്‍കാം. മത്തായിയില്‍ മാത്രം കാണുന്ന 25 "പെരിക്കോപ്പു"കള്‍ ഉള്ളതിനാല്‍ അവയ്ക്ക് ആധാരമായ സ്രോതസ്സുകളും മത്തായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഊഹിക്കാം. ആ സ്രോതസ്സ് ലിഖിതരൂപത്തിലുള്ള ഒരു രേഖയായിരുന്നിരിക്കാന്‍ സാധ്യതയില്ല. കാരണം പൊതുവായ ഒരു ദൈവശാസ്ത്ര ദര്‍ശനമില്ലാത്ത 25 പ്രത്യേക പെരിക്കോപ്പുകളാണ് അവ. വാമൊഴി പാരമ്പര്യത്തിലാണ് അവ മത്തായിക്കു കൈവന്നതെന്നാണ് പണ്ഡിതന്മാരുടെ നിഗമനം. മത്തായിയുടെ സുവിശേഷത്തിന്‍റെ പകുതിയോളം മാര്‍ക്കോസില്‍നിന്നും മറ്റേ പകുതി ക്യു പാരമ്പര്യത്തിലും ഇതരപാമ്പര്യങ്ങളിലും നിന്നും വന്നതാകണം. മര്‍ക്കോസിന്‍റെ ഘടന മത്തായി സ്വീകരിക്കുന്നു. ക്യു പാരമ്പര്യത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മത്തായി അതേപടി എടുത്തുചേര്‍ക്കുകയല്ല ചെയ്തിരിക്കുന്നത്. തന്‍റെ പ്രധാന കഥയോട് ഓരോ ഭാഗവും വിളക്കിച്ചേര്‍ക്കാന്‍ മത്തായി ശ്രദ്ധിച്ചിട്ടുണ്ട്.

സെന്‍റ് പോളിന്‍റെ ദൈവശാസ്ത്രവുമായി മത്തായിയുടെ സുവിശേഷത്തിനുള്ള ബന്ധം പല ഗവേഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ന്യായവിധി, നിയമം, സാര്‍വ്വത്രികരക്ഷ മുതലായ പ്രമേയങ്ങള്‍). ഡിഡാക്കെ, ഇഗ്നേഷ്യസിന്‍റെ ലേഖനങ്ങള്‍ എന്നിവയുടെ രചയിതാക്കള്‍ മത്തായിയുടെ സുവിശേഷത്തെ ആശ്രയിച്ചിട്ടുണ്ട് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

മത്തായിയില്‍ മാത്രം കാണുന്ന ഭാഗങ്ങള്‍

മത്തായിയില്‍ മാത്രം കാണുന്ന ഭാഗങ്ങളെ വിവരണങ്ങള്‍, ഉപമകള്‍, അത്ഭുതങ്ങള്‍, ഉത്ഥിതന്‍റെ പ്രത്യക്ഷീകരണ വിവരണങ്ങള്‍, യേശുവചനങ്ങള്‍ എന്നിങ്ങനെ അഞ്ചായി തിരിക്കാം. മത്തായിയുടെ മറ്റൊരു പ്രത്യേകതയാണ് ഈശോയുടെ അഞ്ച് ദീര്‍ഘപ്രഭാഷണങ്ങള്‍ (മത്താ 5-7: മലയിലെ പ്രസംഗം; 10: പ്രേഷിത പ്രവര്‍ത്തനം; 13: ദൈവരാജ്യം ഉപമകളിലൂടെ; 18: ക്രൈസ്തവ സമൂഹജീവിതം; 27-25: യഹൂദമതവിമര്‍ശനം-യുഗാന്ത്യം).

  1. വിവരണങ്ങള്‍

1,18-2,23             -              ഈശോയുടെ ജനനസംബന്ധമായവ

27,3-10                -              യൂദാസിന്‍റെ മരണം

27,19                   -              പീലാത്തോസിന്‍റെ ഭാര്യയുടെ സ്വപ്നം

27,24-25              -              പീലാത്തോസിന്‍റെ കൈകഴുകല്‍

27,51-53              -              മരിച്ചവരുടെ ഉത്ഥാനം

27,62-66              -               കല്ലറ കാവല്‍ക്കാര്‍

28,11-15              -              കല്ലറ കാവല്‍ക്കാരുടെ അസത്യപ്രചാരണം

  1. ഉപമകള്‍

13,24-30              -              ഗോതമ്പുവയലിലെ കളകള്‍

13,44-52              -              വയലിലെ നിധി, രത്നം, വല, ജ്ഞാനിയായ വീട്ടുടമസ്ഥന്‍

18,23-35              -              നിര്‍ദ്ദയനായ ഭൃത്യന്‍

20,1-16                -              മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍

21,28-38              -              രണ്ടു പുത്രന്മാര്‍

25,1-13                -              പത്തു കന്യകമാര്‍

25,31-46              -              അന്ത്യവിധി

  1. അത്ഭുതങ്ങള്‍

9,27-34                -              അന്ധര്‍ക്കും ഊമനും സൗഖ്യം

14,22-23              -              കടലില്‍ താഴുന്ന പത്രോസ്

17,24-27              -              മത്സ്യത്തിന്‍റെ വായിലെ നാണയം

21,14-16              -              ദേവാലയത്തില്‍വച്ചു നല്‍കുന്ന രോഗശാന്തി

  1. ഉത്ഥിതന്‍റെ പ്രത്യക്ഷീകരണങ്ങള്‍

28,9-19                -              ഈശോ സ്ത്രീകള്‍ക്കു  പ്രത്യക്ഷനാകുന്നു

28,16-18              -              ഗലീലിയയിലെ ഒരു മലയില്‍ വച്ചുള്ള  പ്രത്യക്ഷീകരണം

  1. യേശുവചനങ്ങള്‍

5,5.7-10              -              സുവിശേഷ ഭാഗ്യങ്ങള്‍

5,17.19-20          -              നിയമത്തിന്‍റെ പൂര്‍ത്തീകരണം

5,21-24               -              കൊലപാതകത്തെപറ്റി

5,27-37               -              വ്യഭിചാരം, വിവാഹമോചനം, ആണയിടല്‍

6.1-6                   -              ധര്‍മ്മദാനം, പ്രാര്‍ത്ഥന

6,16-18               -              ഉപവാസം

7,6                      -              മുത്തുകള്‍ പന്നികള്‍ക്കുള്ളതല്ല

11,28-30              -              അധ്വാനിക്കുന്നവനും ഭാരം  വഹിക്കുന്നവരും

16,17-15              -              പത്രോസിന് താക്കോലുകള്‍

18,15-22              -              തിരുത്താനും ക്ഷമിക്കാനും തയ്യാറാവുക

19,10-12              -              വിവാഹവും കൃപയും

23,8-11.15-12      -              ഫരിസേയര്‍ക്കെതിരേ

28,18-20              -              പ്രേഷിതാഹ്വാനം

ഭാഷയും സാഹിത്യശൈലിയും

ഏറ്റവും യഹൂദ സ്വഭാവം പുലര്‍ത്തുന്ന സുവിശേഷമാണ് മത്തായിയുടെത്. പഴയനിയമത്തില്‍നിന്ന് ഏകദേശം 130 ഉദ്ധരണികള്‍ മത്തായിലുണ്ട്. അവയില്‍ 43 എണ്ണം പൂര്‍ണ്ണരൂപത്തില്‍തന്നെയാണ്. "കര്‍ത്താവ് പ്രവാചകന്‍ വഴി അരുളിചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്" എന്നൊരു കുറിപ്പ് 12 ഉദ്ധരണികളോടൊപ്പം മത്തായി നല്‍കുന്നുണ്ട് (1,22-23; 2,5-6; 2,15.2,17-18; 2.23; 4,14-15; 8,17; 12,17-25; 13,35; 21,4-5; 27,9). പഴയനിയമത്തില്‍ നിന്ന് വാക്യങ്ങളെടുത്ത് അവയെ ഈശോയോട് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുകയാണ് മത്തായിയുടെ രീതി. സമകാലീന യഹൂദ വ്യാഖ്യാന സമ്പ്രദായത്തോടും ഖുംറാനിലെ വ്യാഖ്യാന രീതികളോടും മത്തായി സാധര്‍മ്മ്യം പുലര്‍ത്തുന്നുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ "ഹെബ്രായ ഭാഷയില്‍ മത്തായി എഴുതി" എന്നു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ഇതുതന്നെയാണ്. ഹെബ്രായ ഭാഷകൊണ്ട് അദ്ദേഹം സൂചിപ്പിക്കുന്നത് "ഹെബ്രായരുടെ ആശയ പ്രകാശന രീതി"യത്രേ. ഹെബ്രായ സാഹിത്യശൈലി, സങ്കേതങ്ങള്‍ മുതലായവയൊക്കെ മത്തായി ഉപയോഗിച്ചു എന്നര്‍ത്ഥം.

മര്‍ക്കോസിന്‍റെ ഭാഷ പരിഷ്ക്കരിക്കുവാന്‍ മത്തായി ഉദ്യമിച്ചിരിക്കുന്നതുകൊണ്ട് ക്ലാസിക്കല്‍ ഗ്രീക്ക് ശൈലിയിലാണ് അദ്ദേഹം എഴുതിയതെന്ന് ധരിക്കാന്‍ പാടില്ല. സപ്തതിയുടെ ഭാഷയോടു സാമ്യമുള്ളതും ശേമിക സ്വാധീനം പ്രകടിപ്പിക്കുന്നതുമായ കൊയിനേ ഗ്രീക്കാണ് മത്തായിയുടെ ഭാഷ. ശേമിക ശൈലിയുടെ പ്രത്യേകതകളായ സമാന്തരത്വം, ആവര്‍ത്തനങ്ങള്‍, ഉള്‍പ്പെടുത്തലുകള്‍ (inclusio) എന്നിവ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

പാഠവിഭജനം (ഘടന)

മത്തായിയുടെ സുവിശേഷത്തിന്‍റെ ഘടനയെപറ്റി നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ മൂന്നെണ്ണമാണ്. (1) അഞ്ച് പ്രഭാഷണങ്ങളെ ആധാരമാക്കി അഞ്ച് ഭാഗങ്ങളായി തിരിക്കുന്ന ഒരു വിഭജനമാണ് അതില്‍ പ്രധാനം. ആമുഖവും (അ. 1-2) സമാപനവും (അ. 26-28) കൂടാതെയുള്ള അഞ്ചുഭാഗങ്ങള്‍ ഇവയാണ്:  അ. 3-7; 8-10; 11-13,52; 13,53-18,35; 19-25. (2) ആമുഖവും (1,1-4,16) സമാപനവും (26-28) കൂടാതെ രണ്ടു ഭാഗങ്ങളായി (4,17-16,20; 16,21-25,46) തിരിക്കുന്ന ഒരു സമ്പ്രദായം. ഈ രണ്ടുഭാഗങ്ങളുടെയും ആദ്യ വാക്യങ്ങള്‍ (4,17; 16,21) മത്തായിയുടെ പ്രത്യേകമായ സൂചനകളായി കണക്കാക്കുന്നു. ഒന്നാം ഭാഗം ഗലീലിയിലെ പ്രവര്‍ത്തനങ്ങളും രണ്ടാം ഭാഗം ജെറുസലെമിലേക്കുള്ള യാത്രയുമാണ്. ആദ്യഭാഗത്തിന്‍റെ പരിണാമഗുപ്തിയാണ് 16,13-20 (ഈശോ മിശിഹായാണെന്ന പത്രോസിന്‍റെ ഏറ്റുപറച്ചില്‍). കുരിശു മരണത്തിലേക്കുള്ള സൂചന തരുന്ന 16,21 ഒരു പുതിയ ഭാഗത്തിന്‍റെ ആരംഭമായി കാണാം. (3) വിവരണവും പ്രഭാഷണവും ഇടകലര്‍ന്ന ഒരു വിഭജനരീതി ചില പണ്ഡിതന്മാര്‍ സ്വീകരിക്കുന്നുമുണ്ട്:

വിവരണം - അ. 1-4;                പ്രഭാഷണം - അ.   5-7

               8-9;                                      10

               11-12;                                 13

               14-17;                                 18

               19-23;                                 24-25

               26-28;

സുവിശേഷത്തിന്‍റെ ഭാഷാപരവും ആശയപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു പാഠവിഭജനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത് (പൊക്കോര്‍ണി - ഹെക്കെല്‍).

  1. 1,1-4,22 പ്രാഗ്ചരിത്രം

               1,1-2,23               ദൈവപുത്രന്‍റെ വംശാവലിയും ജനനവും

               3,1-4,22               പരസ്യജീവിതത്തിനുള്ള ഒരുക്കം

  1. 4,23-7,29 പഴയനിയമത്തെ അതിശയിക്കുന്ന പുതിയ നീതി

               4,23-25                ഈശോയുടെ പ്രവൃത്തികള്‍

               5,1-7,29               ഒന്നാം പ്രഭാഷണം: മലയിലെ പ്രസംഗം

  1. 8,1-11,30 മിശിഹായുടെ മഹത്തായ പ്രവൃത്തികള്‍

               അ. 8-9               അത്ഭുതപ്രവൃത്തികളും യഹൂദരുമായുള്ള തര്‍ക്കവും

               അ. 10                 രണ്ടാം പ്രഭാഷണം: പ്രേഷിത ദൗത്യം

               അ. 11                 വഴിയൊരുക്കുന്നവനും മിശിഹായും

  1. 12,1-16,12 ഈശോ-തിരസ്കൃതനാകുന്ന മിശിഹാ

               അ. 12                അത്ഭുതവും തര്‍ക്കവും

               13,1-52               മൂന്നാം പ്രഭാഷണം: ദൈവരാജ്യം

               13,53-16,12        അത്ഭുതവും തര്‍ക്കവും

  1. 16,13-20,34 പീഡാസഹനത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍

               16,13-17,27        പത്രോസിന്‍റെ ഏററുപറച്ചില്‍,  പീഡനത്തെപറ്റി  രണ്ടു പ്രവചനങ്ങള്‍,  രൂപാന്തരീകരണം, ശിഷ്യത്വം

               18,1-35               നാലാം പ്രഭാഷണം: ക്രൈസ്തവ സമൂഹജീവിതം

               19,1-20.34          പീഡാസഹനം, മൂന്നാം പ്രവചനം, ശിഷ്യത്വം

  1. അ. 21-25 ജെറുസലെമിലെ അന്ത്യദിനങ്ങള്‍

               21,1-22,46          ഫലം പുറപ്പെടുവിക്കാത്ത ജനം

               21,1-22                നഗരപ്രവേശനം,  ദേവാലയശുദ്ധീകരണം, അത്തിമരം

               21,23-22,14         ഈശോയുടെ അധികാരം

               22,15-46              അവസാനത്തെ നാലു തര്‍ക്കങ്ങള്‍ 

               അ. 23 യഹൂദമതനേതാക്കള്‍ക്കെതിരേ  വിമര്‍ശനം

               അ. 24-25          അഞ്ചാം പ്രഭാഷണം: യുഗാന്ത്യം

  1. അ. 26-28 പീഡാസഹനവും ഉത്ഥാനവും

               26-27     പീഡാനുഭവവിവരണം

               28           ഉത്ഥാനം, പ്രേഷിതദൗത്യം

  1. പ്രാഗ്ചരിത്രം (1,1-4,22): രക്ഷാചരിത്രപരമായും മിശിഹാവിജ്ഞാനീയപരമായുമുള്ള പ്രാഗ്ചരിത്രത്തില്‍ മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരുന്ന ദൈവപുത്രനെ ആദ്യമായി അവതരിപ്പിക്കുകയാണ്. വംശാവലിയിലൂടെ ഈശോ ദാവീദിന്‍റെയും അബ്രാഹത്തിന്‍റെയും പുത്രനാണെന്നും (1,1-17) അങ്ങനെ വാഗ്ദാനത്തിന്‍റെ അവകാശിയാണെന്നും വ്യക്തമാക്കുന്നു. പാപമോചകനും (1,21) രക്ഷകനുമായ ഈശോ ദൈവത്തെ നമ്മോടു കൂടെയാക്കുന്ന ഇമ്മാനുവേലാണ് (1,23). വിജാതീയരായ ജ്ഞാനികള്‍ ഈശോയെ തിരിച്ചറിയുമ്പോള്‍ യഹൂദര്‍ക്ക് അതിനു കഴിയുന്നില്ല (2,1-12). താന്‍ രക്ഷിക്കാനുള്ള ജനതതന്നെ അവിടുത്തെ വധിക്കാന്‍ ശ്രമിക്കുന്നു. മോശയെപ്പോലെ ഈജിപ്തിലാണ് ഈശോയും അഭയം തേടുന്നത് (2,13-18).

അടുത്ത രണ്ട് അദ്ധ്യായങ്ങളില്‍ പരസ്യജീവിതത്തിന്‍റെ തുടക്കത്തിലെ ഈശോയെ അവതരിപ്പിക്കുന്നു. മൂന്നാമദ്ധ്യായത്തില്‍ സ്നാപകയോഹന്നാന്‍റെ പ്രസംഗവും (വാ. 1-12) ഈശോയുടെ സ്നാനവുമാണ് (വാ. 13-14). "സകലനീതിയും പൂര്‍ത്തിയാക്കാനാണ്" ഈശോ മാമ്മോദീസ സ്വീകരിക്കുന്നത് (3,15). ദൈവത്തോടുള്ള വിധേയത്വമാണ് മിശിഹായുടെ മുഖമുദ്ര. ഈശോ നേരിടുന്ന പ്രലോഭനങ്ങള്‍ അവിടുത്തെ ദൈവാശ്രയത്വം പ്രകാശിപ്പിക്കുന്നുണ്ട് (4,1-11). കഫര്‍ണാമില്‍ ഈശോ തന്‍റെ പ്രസംഗപര്യടനം ആരംഭിച്ചു. ആദ്യശിഷ്യന്മാരെ തെരഞ്ഞെടുക്കുന്നതും അവിടെ വച്ചുതന്നെ (4,12-22).

  1. പഴയനിയമത്തെ അതിശയിക്കുന്ന പുതിയ നീതി യുടെ പ്രഘോഷകനാണ് മിശിഹാ (4,23-7,29): ഈ ഭാഗത്തെ ആദ്യവാക്യങ്ങളില്‍ (4,23-25) ഗലീലിയിലെ ഈശോയുടെ പ്രവര്‍ത്തനങ്ങളുടെ ഒരു രത്നചുരുക്കമാണുള്ളത്. അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രസംഗം അതിപ്രധാനമായ ഒന്നാണെന്നു മത്തായി കരുതുന്നു. അധികാരപൂര്‍വ്വം പഠിപ്പിക്കുന്ന ഗുരുവാണ് ഈശോ (7,28). "ശിഷ്യന്മാര്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവു" മാണ് (5,13-14). അവരുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിച്ചില്ലെങ്കില്‍ അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവില്ല (5,20).

  1. മിശിഹായുടെ മഹത്തായ പ്രവൃത്തികള്‍ (8,1-11,30): മിശിഹായുടെ മഹത്തായ പ്രവൃത്തികള്‍ ആരംഭിക്കുന്നത് ദൈവരാജ്യത്തിന്‍റെ നീതിയെക്കുറിച്ചുള്ള പ്രസംഗത്തിനുശേഷമാണ്. പല അത്ഭുതപ്രവൃത്തികളുടെ വിവരണങ്ങള്‍കൊണ്ടു സമ്പന്നമാണ് ഈ അധ്യായങ്ങള്‍. ദൈവത്തിന്‍റെ തിരുമനസ്സ് ഈ അത്ഭുതങ്ങളിലൂടെ നിറവേറുന്നതായി മത്തായി മനസ്സിലാക്കുന്നു. ഈശോയെ യഹൂദര്‍ തിരസ്ക്കരിക്കുന്നതിന്‍റെ അടയാളങ്ങളും ഈ ഭാഗത്തുണ്ട് (9,3-6.11-13.14-17.34). ശിഷ്യത്വം (8,18-22), മത്തായിയെ തെരഞ്ഞെടുക്കുന്നതിന്‍റെ വിവരണം (9,9-13), ശിഷ്യന്മാരുടെ പെരുമാറ്റം (9,14-19), വിളവും വേലക്കാരുടെ കുറവും (9,35-38) മുതലായവ ഈശോയുടെ പുതിയ സമൂഹത്തിന്‍റെ ചില പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശിഷ്യസമൂഹത്തിന്‍റെ പ്രേഷിതദൗത്യം വ്യക്തമാക്കുന്ന പ്രഭാഷണമാണ് 10-ാം അദ്ധ്യായം. സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാര്‍ (11,1-6), സ്നാപകനെക്കുറിച്ചുള്ള ഈശോയുടെ സാക്ഷ്യം (11,7-19), ഈശോയെ തിരസ്ക്കരിക്കുന്നവരുടെ ഭാഗധേയം (11,2-24) എന്നിവയോടൊപ്പം ഈശോയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു ആത്മഭാഷിതത്തോടെ (11,25-30) ഈ ഭാഗം അവസാനിക്കുന്നു.
  2. ഈശോ - തിരസ്കൃതനാകുന്ന മിശിഹാ (12,1-16,12): മിശിഹായുടെ പ്രവര്‍ത്തനങ്ങളിലുള്ള ദൈവിക ഇടപെടലുകളായി അത്ഭുതപ്രവൃത്തികളെ വ്യാഖ്യാനിക്കുന്ന ഈശോ (11,4) അത്തരത്തിലുള്ള കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യുന്നതും യഹൂദമതനേതാക്കളുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതും ഈ ഭാഗത്തു വിവരിക്കുന്നു. 13-ാം അദ്ധ്യായത്തിലുള്ള പ്രഭാഷണമാണ് (ദൈവരാജ്യത്തിന്‍റെ ഉപമകള്‍) ഈ ഭാഗത്തിന്‍റെ കാതല്‍. ഈ ഉപമകള്‍ യുഗാന്ത്യത്തിലെ വിധിയെയും വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്. തിന്മ ചെയ്യാനുള്ള സാധ്യത അംഗീകരിക്കുന്ന ഈ ഉപമകള്‍ അവയുടെ ഫലം യുഗാന്ത്യത്തിലാണുണ്ടാവുക എന്ന് വ്യക്തമാക്കുന്നു. ഫരിസേയരും സദുക്കായരുമായുള്ള രണ്ട് തര്‍ക്കങ്ങള്‍ ഈ ഭാഗത്തുണ്ട് (12,1-12; 16,1-12). പാരമ്പര്യം, ശുദ്ധിനിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംഭാഷണവും ഈശോയുടെ പുതിയ നീതിദര്‍ശനം വെളിപ്പെടുത്തുന്ന ഒന്നാണ്.
  3. പീഡാസഹനത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ (16,13-20,34): ജെറുസലെമില്‍വച്ച് സംഭവിക്കാതിരിക്കുന്ന പീഡാസഹനത്തെക്കുറിച്ചുള്ള മൂന്നു പ്രവചനങ്ങളും കുരിശെടുത്തുകൊണ്ടു അനുഗമിക്കാനുള്ള മൂന്ന് ആഹ്വാനങ്ങളുമാണ് ഈ ഭാഗത്തുള്ളത്. ഈശോയുടെ കുരിശിന്‍റെ പാത തന്നെയാണ് ശിഷ്യത്വത്തിന്‍റെതും. മിശിഹായെ അനുഗമിക്കുന്നവന്‍റെ ജീവിതശൈലി വ്യക്തമാക്കുന്ന പ്രഭാഷണം ഈ ഭാഗത്തിന്‍റെ കേന്ദ്രമായി കണക്കാക്കാം. സഭയെയും സമൂഹത്തെയുംകുറിച്ചുള്ള സുവിശേഷകന്‍റെ ഉത്കണ്ഠയാണ് ഈ ഭാഗത്തിന്‍റെ മുഖമുദ്ര. അത്ഭുതങ്ങളുടെ രണ്ടു വിവരണങ്ങളേ ഇവിടെയുള്ളൂ (17,14-20; 20,29-34).
  4. ജെറുസലെമിലെ അന്ത്യദിനങ്ങള്‍ (അ. 21-25): ഈ ഭാഗത്ത് ഈശോ യഹൂദരുമായി നടത്തുന്ന സംഭാഷണങ്ങളും (അ. 21-22) പ്രഭാഷണവുമാണ് ഉളളത് (23,24-25). ഈശോയുടെ ജെറുസലെം പ്രവേശനവും ദേവാലയശുദ്ധീകരണവും (21,1-17) യഹൂദമതനേതാക്കളെ പ്രകോപിപ്പിക്കുകയുണ്ടായി. അത്തിമരത്തെ ശപിച്ചുകൊണ്ട് ഈശോ ആ പ്രകോപനം ഉദ്ദീപിപ്പിക്കുകയും ചെയ്തു (21,18-22). യഹൂദമതനേതാക്കള്‍ ഈശോയുടെ അധികാരത്തെക്കുറിച്ച് അവിടുത്തോട് സംശയം ഉന്നയിച്ചു (21,23-27). മൂന്ന് ഉപമകളിലൂടെ (21,28-22,14) ഈശോ അവരുടെ തെറ്റുകളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് തുടര്‍ന്നുള്ള ഭാഗത്ത്. പ്രധാനപ്പെട്ട വിഷയങ്ങളായ നികുതി, ഉത്ഥാനം, സുപ്രധാനനിയമം, ദാവീദും മിശിഹായും എന്നിവയെപറ്റിയുള്ള തര്‍ക്കമാണ് പിന്നീട് (22,15-46).

യഹൂദനിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശുഷ്കാന്തി പുലര്‍ത്തിയിരുന്ന ഫരിസേയരെയും നിയമജ്ഞരെയും കടുത്ത വാക്കുകളില്‍ ഈശോ വിമര്‍ശിക്കുന്നു (അ. 23). യഹൂദമതത്തെ മൊത്തമായി ഈശോ വിമര്‍ശിക്കുകയാണെന്ന് ഇതിനര്‍ത്ഥമില്ല. അടുത്ത രണ്ട് അധ്യായങ്ങളിലായി യുഗാന്ത്യത്തെക്കുറിച്ചുള്ള ദീര്‍ഘപ്രഭാഷണമാണ് മത്തായി നല്‍കുന്നത്. വരാനിരിക്കുന്ന വിധിയാളനായ മിശിഹായ്ക്കുവേണ്ടി തയ്യാറായിരിക്കാനുള്ള ആഹ്വാനമാണ് ഈ ഭാഗത്തുള്ള മൂന്ന് ഉപമകളിലൂടെ ഈശോ നല്‍കുന്നത്.

  1. പീഡാസഹനവും ഉത്ഥാനവും (അ. 26-28): ഈശോയുടെ ജീവിതയാത്രയുടെ അന്ത്യദിനങ്ങള്‍ സമവീക്ഷണസുവിശേഷങ്ങള്‍ സമാന്തരമായാണല്ലോ അവതരിപ്പിക്കുന്നത്. ബഥാനിയായിലെ തൈലാഭിഷേകം, യൂദാസിന്‍റെ വഞ്ചന, പെസഹാ ആചരണം, പുതിയ ഉടമ്പടിയുടെ സ്ഥാപനം, ഗത്സേമനിയില്‍ വച്ചുള്ള പ്രാര്‍ത്ഥന, ബന്ധനം, വിചാരണ, പത്രോസിന്‍റെ നിഷേധം, പീലാത്തോസ് നടത്തുന്ന വിചാരണ, ബറാബ്ബാസ്, വിധിപ്രസ്താവന, പരിഹസിക്കല്‍, ക്രൂശാരോഹണം, മരണം, സംസ്ക്കാരം എന്നിവയാണ് പീഡാനുഭവവിവരണത്തിലുള്ളത്. യൂദാസിന്‍റെ പുനരാലോചനയും ആത്മഹത്യയും (27,3-10), പീലാത്തോസിന്‍റെ ഭാര്യയുടെ ഇടപെടല്‍ (27,19), പീലാത്തോസിന്‍റെ കൈകഴുകല്‍ (27,24), ജനത 'രക്തഭാരം' ഏറ്റെടുക്കുന്നു (27,25), ദേവാലയവിരിയുടെ കീറല്‍ (27,51-53), കല്ലറയ്ക്ക് കാവല്‍ (27,62-66) മുതലായവ മത്തായി മാത്രം രേഖപ്പെടുത്തുന്ന വിശദാംശങ്ങളാണ്. അതുപോലെ ഈശോയുടെ പ്രത്യക്ഷീകരണം (28,9-10), യഹൂദപുരോഹിതരുടെ വഞ്ചന (28,11-15), ഗലീലിയിലെ പ്രത്യക്ഷീകരണവും അധികാരത്തെക്കുറിച്ചുള്ള പ്രസ്താവനയും (28,18), നിരന്തര സാന്നിദ്ധ്യത്തിന്‍റെ വാഗ്ദാനം എന്നിവയും (28,20).

സുവിശേഷത്തിന്‍റെ പാഠം

മത്തായിയുടെ സുവിശേഷത്തിന്‍റെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും പഴക്കമേറിയ ഹസ്തലിഖിതശകലങ്ങള്‍ 200-മാണ്ട് അടുത്ത് എഴുതപ്പെട്ടതാണ്. സുവിശേഷത്തിന്‍റെ മൂന്നും അഞ്ചും അധ്യായങ്ങളില്‍ നിന്നുള്ള ഏതാനും വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന പപ്പീറസ് ലിഖിതവും (p64; ബാര്‍സലോണയില്‍) 26-ാമധ്യായത്തിന്‍റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പപ്പീറസ് ലിഖിതവുമാണ് (p67; മാഗ്ദലേന്‍ കോളേജ്, ഓക്സ്ഫോര്‍ഡ്) അവ. മറ്റൊരു പപ്പീറസ് ലിഖിതത്തിന് (p77) അല്‍പംകൂടി പ്രായം കുറവാണ്. ഇതില്‍ മത്താ 23,30-39 രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടില്‍നിന്നുള്ള മൂന്ന് പപ്പീറസ് ലിഖിതങ്ങള്‍ (p1, p70, p75) ചെസ്റ്റര്‍ ബെയാറ്റി ശേഖരത്തിലാണുള്ളത്. മൂന്നും നാലും നൂറ്റാണ്ടുകളില്‍നിന്നുള്ള നാലു പപ്പീറസ് ശകലങ്ങളും മത്തായിയുടെ സുവിശേഷത്തിന്‍റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. (p101: 3,10-12; 3,16-4,2; p102: 4,11-12; 4,22-23; p103: 13,55-56; 14,3-5; p104: 21,34-37.43-45). മത്തായിയുടെ സുവിശേഷത്തിന്‍റെ സമ്പൂര്‍ണ്ണ പാഠമുള്ളതും തോല്‍ക്കടലാസില്‍ നാലാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ എഴുതപ്പെട്ടതുമായ കയ്യെഴുത്തുപ്രതികളാണ് സീനായ് കോഡെക്സും (ട, ആലെഫ്) വത്തിക്കാന്‍ കോഡെക്സും (B). ഒരു കോപ്റ്റിക് ഭാഷാഭേദത്തില്‍ നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രോസ് ബി-ഷോയെന്‍ കോഡെക്സ് (അ. 5-28) സുവിശേഷത്തിന്‍റെ പാഠത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് സവിശേഷമായ ഒരു പാഠമാണ് നല്‍കുന്നത്. ഒരു മൂല ഗ്രീക്ക് പതിപ്പിന്‍റെ വിവര്‍ത്തനമാണ് ഇത്.

സുവിശേഷത്തിന്‍റെ സാഹിത്യരൂപം

ഈശോയുടെ അത്ഭുതങ്ങള്‍, ഉപമകള്‍, പ്രവൃത്തികള്‍, വാക്കുകള്‍ എന്നിങ്ങനെ വിവിധ ബ്ലോക്കുകളായിട്ടാണ് മത്തായി വിഷയങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. അതിനാലാണ് വ്യക്തമായൊരു രൂപരേഖ മത്തായിയുടെ സുവിശേഷത്തിന് നല്‍കാന്‍ സാധിക്കാത്തത്.

ഈശോയുടെ വാക്കുകളോടാണ് മത്തായിക്ക് കൂടുതല്‍ ആഭിമുഖ്യം. അതിന്‍റെ സ്വാധീനത്താല്‍ ആഖ്യാനഭാഗങ്ങളെ കഴിയുന്നത്ര ചുരുക്കാനാണ് മത്തായി ശ്രമിച്ചിരിക്കുന്നത്. മറ്റു സുവിശേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ വ്യക്തമായി കാണാന്‍ സാധിക്കും.

ആഖ്യാനഭാഗം ക്രിസ്തുവിന്‍റെ ജീവിതത്തെ വളരെ തന്മയത്വപരമായി ഒരു ഘടനയില്‍ ക്രമപ്പെടുത്തുന്നു; ഗലീലിയില്‍ തനിക്കനുയായികളെ നേടുന്നതില്‍ ഈശോ വിജയിച്ചു, പക്ഷേ അതോടൊപ്പം അവിടുത്തോടുള്ള എതിര്‍പ്പും കൂടിക്കൂടി വന്നു; യൂദയായില്‍ പുരോഹിതശ്രേഷ്ഠന്മാരോടും, ഫരിസേയരോടും, സദുക്കായരോടും അവിടുന്നു കൂടെക്കൂടെ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. നികൃഷ്ടമായ നിയമാനുസരണത്തിനെതിരായും, ഫരിസേയിസത്തിനെതിരായും അവിടുന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പഴയനിയമത്തില്‍നിന്ന് പുതിയനിയമത്തിലേക്കുള്ള പ്രയാണം അവിടുന്നു മുന്‍കൂട്ടി അറിയിക്കുന്നു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചശേഷം അവിടുന്ന് മരണത്തെ സ്വാഗതം ചെയ്യുന്നു. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

ഈ ചട്ടക്കൂടിനുള്ളില്‍ മത്തായി സംഭവകഥകളെ ക്രമപ്പെടുത്തുന്നു. ഇത് സമയക്രമമനുസരിച്ചല്ല, പിന്നെയോ വിഷയക്രമമനുസരിച്ചാണ്. "ആ സമയത്ത്" "ആ ദിവസങ്ങളില്‍ " "അന്നേദിവസം" എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സമയത്തെ സൂചിപ്പിക്കുന്നില്ല.

സംജ്ഞാനാമങ്ങളെയും, വര്‍ണ്ണനാപരമായ വിശദീകരണങ്ങളെയും അപ്രധാന കഥാപാത്രങ്ങളെയും ഒഴിവാക്കാനാണ് മത്തായിയുടെ പരിശ്രമം. "ഇരട്ടിപ്പിക്കുക" എന്നൊരു പ്രത്യേക സ്വഭാവം സുവിശേഷകനില്‍ കാണാന്‍ സാധിക്കും. രണ്ടു കുരുടന്മാര്‍ (9:27-31) രണ്ടു പിശാചുബാധിതര്‍ (8:28-34) ജറീക്കോയിലെ രണ്ടു കുരുടന്മാര്‍ (20 :29-34) രണ്ടു കഴുതകള്‍ (21:1-9). കുരുടന്മാരുടെ കഥപോലെ, അത്ഭുതകരമായ അപ്പം വര്‍ദ്ധനയുടെ കഥയും രണ്ടു പ്രാവശ്യം കാണുന്നുണ്ട് (14:13-21; 15:32-39).

അത്ഭുതങ്ങളുടെ വിവരണങ്ങളില്‍ നിശ്ചിതമായ ഒരു രീതിയാണ് മത്തായി അവലംബിക്കുന്നത്. വ്യക്തികളുടെ അവതരണം, സഹായാഭ്യര്‍ത്ഥന, ഈശോയുടെ മറുപടി, ആജ്ഞാപനവും ഫലവും, കാണികളുടെ പ്രതികരണം എന്നിങ്ങനെ ശുഷ്കവും വിരസവുമായ ഒരു രചനാരീതിയാണിത്. എങ്കിലും ശൈലിയുടെ വ്യക്തതകൊണ്ട് സുവിശേഷകന്‍ ഇതു നികത്തുന്നു.

സംഭവങ്ങളുടെ വിവരണങ്ങളില്‍ അവയുടെ മതപരവും സൈദ്ധാന്തികവുമായ അര്‍ത്ഥത്തെ വെളിച്ചത്തു കൊണ്ടുവരാനാണ് മത്തായി ശ്രമിക്കുന്നത്. ഈശോയോടും പന്ത്രണ്ടുപേരോടും ഒരു പ്രത്യേക ഭക്തിതന്നെ കാണിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈശോയുടെ ഉഗ്രമായ വൈകാരിക വിക്ഷോഭങ്ങളെ (ങസ. 3:5) മത്തായി ലാഘവദൃഷ്ട്യാ വീക്ഷിക്കുന്നത്. ഈശോ എങ്ങനെ പഴയനിയമത്തിലെ പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കി എന്നു കാണിക്കാന്‍ മത്തായി അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്.

സംഭാഷണരംഗത്ത് ഈശോയുടെ അതേ പ്രയോഗങ്ങള്‍ മത്തായി കാത്തു സൂക്ഷിക്കുന്നു: "സ്വര്‍ഗ്ഗരാജ്യ" "ഇസ്രായേല്‍ക്കാരുടെ രാജ്യം", "യാക്കോബിന്‍റെ വീട്", "ബന്ധിക്കുക അഴിക്കുക", "സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍" , "ശ്മശാനകവാടം", "ഈലോകത്തിലും വരാനിരിക്കുന്നതിലുo" ," തീനരകം" , "ദുഷ്ടന്‍റെ മക്കൾ " , "ബൽസബുൽ "മുതലായവ. അതുകൊണ്ടാണ് ഗ്രീക്കിലെ വിവരണഭാഗം സംഭാഷണഭാഗത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുന്നത്.

പഴയനിയമത്തിലെ പല ആലങ്കാരിക പ്രയോഗങ്ങളും മത്തായി ഉപയോഗിക്കുന്നുണ്ട്. ഹെബ്രായ സമാന്തരവാദം (11:30; 12:33) സമാന - വിരോധാഭാസ സമാന്തരവാദം (7:24-27; 16:25); നിര്‍ദ്ദിഷ്ടരൂപങ്ങളുടെ ആവര്‍ത്തനവും ശ്ലോകപാദമായ ഘടനയും (5:310; 12:22-32); ڇഉള്‍പ്പെടുത്തല്‍ڈ (ഒരു വിവരണത്തിന്‍റേയോ വാചകത്തിന്‍റേയോ അവസാന ആരംഭത്തില്‍ ഉപയോഗിച്ച അതേ സവിശേഷരൂപമുപയോഗിച്ച് മുഴുവനും ഒരു ഐക്യരൂപം നല്‍കുന്നതിനാണ് "ഉള്‍പ്പെടുത്തല്" (Inclusion) എന്നു പറയുന്നത്) (7:16-20); അനുയോജ്യപദപ്രയോഗങ്ങളിലൂടെയുള്ള ചിന്തയുടെ വളര്‍ച്ച (12:46-50; 12:38-40), ആലങ്കാരിക ചോദ്യങ്ങള്‍ (5:46-47:cf. LK.6:32-34).

മത്തായിയുടെ സുവിശേഷത്തിലെ സംഭാഷണഭാഗങ്ങള്‍ സിദ്ധാന്തപരമായ ഉള്ളടക്കത്താല്‍ തിങ്ങിയതും, സൂക്ഷ്മതയോടെയുള്ള ഘടനാവിന്യാസത്താല്‍ അലംകൃതവുമാണ്.

അഞ്ചു പ്രധാന ബ്ലോക്കുകളായി മത്തായിയുടെ സുവിശേഷത്തിലെ സംഭാഷണരംഗങ്ങള്‍ ചിതറിക്കിടക്കുന്നു. വിവരണഭാഗങ്ങള്‍ ഇവയ്ക്കിടയില്‍ കാണാന്‍ സാധിക്കും. സുവിശേഷത്തിന്‍റെ പ്ലാനിലേക്കുള്ള ഒരു സൂചന ഇവിടെ നമുക്കു ദര്‍ശിക്കാം.

സുവിശേഷത്തില്‍ കാണുന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ആദിമസഭയുടെ അനുഭവത്തേയും, ഈശോ എന്ന വ്യക്തിയേയും അവിടുത്തെ വാക്കുകളേയുംകുറിച്ചുള്ള ധ്യാനത്തേയും സംശയരഹിതമായി പ്രതിബിംബിക്കുന്നു.

സുവിശേഷത്തിന്‍റെ ഘടന

മത്തായിയുടെ സുവിശേഷത്തെ മൂന്നു പ്രധാന ഭാഗങ്ങളായി തിരിക്കാം. വംശാവലിയും ബാല്യകാലവിവരണവും (chs. 1,2), സുവിശേഷത്തിന്‍റെ കാതല്‍ (chs.325), പീഡാനുഭവ - ഉത്ഥാനവിവരണങ്ങള്‍ (chs.2628).

സുവിശേഷത്തിന്‍റെ കാതലായ ഭാഗത്തിന്‍റെ വിഭജനത്തെ സംബന്ധിച്ച് പണ്ഡിതരുടെയിടയില്‍ ഏകകണ്ഠമായ അഭിപ്രായമില്ല. അഞ്ചുഭാഗങ്ങളായുള്ള ഒരു വിഭജനമാണ് സാധാരണ അംഗീകൃതമായിരിക്കുന്നത്. ഓരോ ഭാഗവും ഒരു വിവരണവും ഒരു സംഭാഷണവും ഉള്‍ക്കൊള്ളുന്നു. ഓരോന്നും അവസാനിക്കുന്നത് "ഈശോ ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍......." (cf. 7:28; 11:1; 13:53; 19:1; 26:1) എന്ന നിര്‍ദ്ദിഷ്ട രൂപത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് സുവിശേഷത്തെ അഞ്ചായി വിഭജിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, താഴെ കൊടുക്കുന്നതുപോലെ സുവിശേഷത്തിന്‍റെ പ്ളാന്‍ ആവിഷ്ക്കരിക്കാം:

വംശാവലിയും ബാല്യകാല വിവരണവും (12)

 A ഈശോയുടെ വംശാവലി (1:1-17)

ഇതു സുവിശേഷത്തെ പഴയനിയമവുമായി ബന്ധിക്കുന്നു. "അബ്രാഹത്തിന്‍റെയും ദാവീദിന്‍റെയും പുത്രനായ" (ഇസ്രായേലിലെ ഏറ്റം ശ്രേഷ്ഠരായ മിശിഹായുടെ രണ്ടു പ്രതിരൂപങ്ങള്‍) ഈശോ ദൈവപുത്രനുംകൂടിയാണ്. രക്ഷാകരചരിത്രത്തിന് പഴയനിയമത്തിന്‍റെ പിന്‍തുടര്‍ച്ചയായി പുതിയൊരു ആരംഭം നല്‍കുന്നത് അവിടുന്നാണ്.

 B ജോസഫിനുണ്ടായ അരുളപ്പാട് (1:18-25)

ജോസഫിലൂടെ ഈശോ "ദാവീദിന്‍റെ പുത്രനായി". ജോസഫ് യേശു എന്ന പേര് നല്‍കുന്നു. അതിന്‍റെ അര്‍ത്ഥം "യാഹ്വേ രക്ഷിക്കുന്നു" എന്നാണ്. അവിടുത്തെ ദൗത്യം അതുതന്നെയായിരുന്നു. "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥം വരുന്ന ڇഎമ്മാനുവേലാڈണവിടുന്ന്. ഈ ആശയത്തില്‍തന്നെയാണ് മത്തായി തന്‍റെ സുവിശേഷം അവസാനിപ്പിക്കുന്നതും.

 C ജ്യോതിഷരുടെ ആരാധന (2:1-12)

തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വാസവും അവിശ്വാസികളായ ജ്യോതിഷരുടെ വിശ്വാസവും തമ്മില്‍ എന്തൊരന്തരം. അത്ഭുതമെന്നോണം വിഫലമായ ഹേറോദേസിന്‍റെ ക്രൂരപദ്ധതികള്‍ ദൈവനിശ്ചയത്തെ മനുഷ്യന് മറികടക്കാന്‍ സാധിക്കയില്ല എന്നതാണ് കാണിക്കുന്നത്.

 D ഈജിപ്തിലേക്കുള്ള പലായനം (2:13-15)

പുതിയ ഇസ്രായേലായ ഈശോ പ്രതിരൂപാത്മകമായി പഴയ ഇസ്രായേലിന്‍റെ മരുഭൂമിയിലെ വിപ്രവാസം അനുഭവിക്കുന്നു.

 E നിരപരാധികളുടെ മരണം (2:17-18)

ബാബിലോണിലെ അടിമത്തത്തിന്‍റെയും, അവിടെനിന്നുമുള്ള തിരിച്ചുവരവിന്‍റെയും ഒരു സൂചനയായിരിക്കാം ഇത്. പുതിയ ഉടമ്പടിയുടെ ഉദ്ഘാടനത്തിന് ഈശോ തുനിയുകയാണ്.

 F ഈശോ, ഒരു നസ്രത്തുകാരന്‍ (2:19-23)

മോസസ് ഫറവോയുടെ കരങ്ങളില്‍നിന്ന് രക്ഷപ്പെട്ടതുപോലെ (Ex. 4:19) ഈശോ ഹേറോദേസിന്‍റെ കൈകളില്‍നിന്നും രക്ഷപ്പെടുന്നു. ഈശോ എങ്ങനെ നസ്രത്തില്‍ ജീവിക്കാനിടയായെന്ന് ഇത് തെളിവുനല്കുന്നു.

ഒന്നാംഭാഗം :സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സ്ഥാപനം (3:1-7:29)

 A ആഖ്യാനഭാഗം (3:1-4:25)

  1. യോഹന്നാന്‍റെ ദൗത്യം (3:1-12)

യോഹന്നാന്‍ ഏലിയായുടെ പിന്‍ഗാമിയാണ്, ഏലിയാ തിരിച്ചു വന്നതാണ്.

  1. ഈശോയുടെ ജ്ഞാനസ്നാനം (3:13-17)

ഈശോ പരിശുദ്ധാത്മാവിനാല്‍ അഭിഷേചിക്കപ്പെടുന്നു.

  1. ഈശോ നേരിട്ട പ്രലോഭനങ്ങള്‍ (4:1-11)

പഴയ ഇസ്രായേല്‍ മരുഭൂമിയില്‍വച്ച് പരാജയപ്പെട്ടു. പുതിയ ഇസ്രായേല്‍ വിജയശ്രീലാളിതനായി മരുഭൂമിയില്‍നിന്നും മടങ്ങി.

  1. ഈശോ ഗലീലിയായില്‍ (4:12-17)

അസീറിയാക്കാരുടെ ആക്രമണത്തില്‍ വളരെയധികം സഹിക്കേണ്ടിവന്ന ഗലീലിയായിലെ യഹൂദര്‍ക്കാണ് രക്ഷയുടെ സന്ദേശം ആദ്യമായി കിട്ടിയത്. വിജാതീയരും ഈ രക്ഷയില്‍ പങ്കാളികളാണ്. കാരണം ഇത് ڇവിജാതിയരുടെ ഗലീലിڈ ആണ്

  1. ഈശോ ശിഷ്യന്മാരെ വിളിക്കുന്നു (4:18-22)

ഈശോ സഭ സ്ഥാപിക്കുകയാണ്. ڇമനുഷ്യനെ പിടിക്കുന്നവര്‍ڈ.

  1. ഈശോയുടെ യാത്ര (4:23-25)

സിനഗോഗുകളില്‍ പഠിപ്പിക്കുകയും ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ ഇടയിലെ എല്ലാവിധ രോഗികളെയും സുഖപ്പെടുത്തുകയുമാണ് അവിടുത്തെ ജോലി.

 B സംഭാഷണഭാഗം (5:1-7:29)

  1. സുവിശേഷഭാഗ്യങ്ങള്‍ (5:1-12)

മലയില്‍ ഇരിക്കുന്ന ഈശോ പുതിയ മോശ ആണ്. പുതിയനിയമം അവിടുന്ന് വിളംബരം ചെയ്യുന്നു; തന്നെ ആവശ്യമുള്ളവരെ ദൈവം രക്ഷിക്കുന്നു.

  1. ഉപ്പും പ്രകാശവും (5:13-16)

സുവിശേഷമാണ് ഉപ്പ്, സഭയുടെ ജീവിതം ലോകത്തെ പ്രകാശിപ്പിക്കുന്നു.

  1. നിയമവും സുവിശേഷവും (5:17-48)

സ്നേഹം നിയമത്തേക്കാള്‍ ശക്തമാണ്

  1. കൊലപാതകം (5:21-26)
  2. വ്യഭിചാരം (5:27-30)
  3. വിവാഹമോചനം (5:31-32)
  4. കള്ളസത്യം (5:33-37)
  5. പ്രതികാരം (5:38-42)
  6. ശത്രുക്കളോടുള്ള സ്നേഹം (5:43-48)

 4. യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം (6:1-7:27)

മാതൃകാപരമായ ക്രിസ്തീയ ധാര്‍മ്മികജീവിതത്തെ ഈശോ വരച്ചുകാട്ടുന്നു.

  1. ധര്‍മ്മദാനം (6:1-4)
  2. പ്രാര്‍ത്ഥന (6:15-15)
  3. ഉപവാസം (6:16-18)
  4. യഥാര്‍ത്ഥ നിക്ഷേപം (6:19-21)
  5. ശരീരത്തിന്‍റെ വിളക്ക് (6:22-23)
  6. രണ്ട് യജമാനന്മാരെ സേവിക്കല്‍ (6:24)
  7. ഉത്കണ്ഠ (6:25-34)
  8. അന്യരെ വിധിക്കല്‍ (7:1-5)
  9. പന്നികളുടെ മുമ്പില്‍ മുത്തുകള്‍ (7:6)
  10. പ്രാര്‍ത്ഥനയ്ക്കുത്തരം (7:7-11)
  11. സുവര്‍ണ്ണ നിയമം (7:12)
  12. ഇടുങ്ങിയ കവാടം, എളുപ്പമുള്ള വഴി (7:113-14)
  13. നല്ല മരം, നല്ല ഫലം (7:115-20)
  14. സ്വയം വഞ്ചന (7:21-23)
  15. വചനം ശ്രവിക്കുന്നവരല്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന       വര്‍ (7:24-27)

    5. ഉപസംഹാരം (7:28-29)

  1. രണ്ടാംഭാഗം: ദൈവരാജ്യത്തിന്‍റെ വളര്‍ച്ച (8:1-11:1)

        A ആഖ്യാനഭാഗം (8:1-9:34)

സഞ്ചാരമത പ്രാസംഗികനായിട്ടാണ് ക്രിസ്തുവിനെ ചിത്രീകരിക്കുന്നത്. അവിടുത്തെ സേവനം ഗലീലിയില്‍  ഒതുങ്ങി നില്‍ക്കുന്നു. എന്തുകൊണ്ട് ജനക്കൂട്ടം ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു എന്നു കാണിക്കാന്‍ മത്തായി കൃത്രിമമായി പത്ത് അത്ഭുതങ്ങള്‍ ഒരുക്കുന്നു. യോഹന്നാന്‍റെ ശിഷ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യുന്നു. തന്‍റെ ശിഷ്യന്മാരില്‍ ക്രിസ്തു വളര്‍ത്തിയെടുക്കാനുദ്ദേശിക്കുന്ന മിഷന്‍ ചൈതന്യം ഈ ഭാഗത്ത് ക്രിസ്തുവില്‍ വിളങ്ങിപ്രകാശിക്കുന്നു. ഈശോയുടെ അത്ഭുതങ്ങള്‍ സാത്താന്‍റെ ആധിപത്യത്തിന്മേലുള്ള അവിടുത്തെ ആദ്യആക്രമണമാണ്.

  1. ആദ്യ അത്ഭുതത്രയം (8:1-15)
  1. കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു (8:1-4)
  2. ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തുന്നു (8:5-13)
  3. പത്രോസിന്‍റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു (8:14-15)
  1. രോഗനിവാരണവും, പിശാചിനെ ബഹിഷ്ക്കരിക്കലും (8:16-17)
  2. ശിഷ്യത്വത്തിന്‍റെ ക്ലേശങ്ങള്‍ (8:18-22)
  3. രണ്ടാമത്തെ അത്ഭുതത്രയങ്ങള്‍ (8:23-9:8)
  1. കൊടുങ്കാറ്റ് ശമിപ്പിക്കുന്നു (8:23-27)
  2. ഗദറായിലെ പിശാചുബാധിതര്‍ (8:28-34)
  3. തളര്‍വാതരോഗിയും പാപവും (9:1-8)
  1. മത്തായിയുടെ വിളി (9:9-13)
  2. യഹൂദമതവും ക്രിസ്തുമതവും (9:14-17)
  3. അവസാനത്തെ നാലത്ഭുതങ്ങള്‍ (9:18-34)
  1. ഭരണാധികാരിയുടെ മകള്‍
  2. രക്തസ്രാവം പിടിപെട്ട സ്ത്രീ (9:18-26)
  3. രണ്ടു കുരുടന്മാര്‍ (9:27-31)
  4. ഊമനായ മനുഷ്യനില്‍നിന്ന് പിശാചിനെ ബഹിഷ്ക്കരിക്കുന്നു (9:32-34)

    B സംഭാഷണഭാഗം (9:35-11:1)

ഈശോ ജനക്കൂട്ടത്തോട് അനുകമ്പ കാണിക്കുന്നു. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു. മറ്റുള്ളവരേയും തന്‍റെ ദൗത്യത്തിലും അധികാരത്തിലും അവിടുന്ന് പങ്കുകാരാക്കുന്നു. സ്വര്‍ഗ്ഗരാജ്യപ്രഘോഷണത്തിന് സഭയെ ചുമതലപ്പെടുത്തുന്നു. പന്ത്രണ്ട് പേരിലേക്ക് തന്‍റെ മിഷന്‍ ചൈതന്യം പകരുകയും, സുവിശേഷവല്ക്കരണത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

  1. സഭാസ്ഥാപനം (9:35-10:4)
  2. സഭയുടെ കടമ (10:5-16)
  3. ശ്ലീഹന്മാര്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ (10:17-42)
  1. പ്രേഷിതരുടെ ക്ലേശങ്ങള്‍ (10:17-25)
  2. ഭയരഹിതമായ ഏറ്റുപറച്ചില്‍ (10:26-33)
  3. ഭിന്നിക്കപ്പെട്ട കുടുംബങ്ങള്‍ (10:34-36)
  4. ശിഷ്യന്മാരില്‍നിന്നാവശ്യപ്പെടുന്ന ത്യാഗം (10:37-39)
  5. ശിഷ്യന്‍, ഈശോയുടെ പ്രതിനിധി (10:40-42)
  1. ഉപസംഹാരം (11:1)

മൂന്നാംഭാഗം: രാജ്യത്തോടുള്ള എതിര്‍പ്പ് (11:2-13:52)

 A. ആഖ്യാനഭാഗം (11:2-12:50)

ഈശോയുടെ മിശിഹാസ്ഥാനം അവിടുത്തെ കേള്‍വിക്കാരുടെയിടയില്‍ വിഭിന്ന പ്രതികരണങ്ങള്‍ ഉളവാക്കുന്നു: യോഹന്നാന്‍ ചോദിക്കുന്നു, ജനക്കൂട്ടം ഈശോ രാജാവായ മിശിഹാ ആണോ എന്നാശ്ചര്യപ്പെടുന്നു. യാഹ്വേയുടെ ദാസനായി അവര്‍ മനസ്സിലാക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. ഫരിസേയര്‍ ഈ സത്യം വിശ്വസിക്കാന്‍ വിസമ്മതിക്കുന്നു; അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച പല പട്ടണങ്ങളും ഇതനുകരിക്കുന്നു. അതുകൊണ്ടവിടുന്ന് യോനായുടെ അടയാളം വാഗ്ദാനം ചെയ്യുന്നു.

  1. യോഹന്നാന്‍റെ ചോദ്യം (11:2-6)
  2. ആരാണ് യോഹന്നാന്‍ (11:19)
  3. അവിശ്വാസികളുടെ വിധി (11:20-24)
  4. സരളഹൃദയര്‍ ഈശോയില്‍ വിശ്വസിക്കുന്നു (11:25-30)
  5. സാബത്തിനെ സംബന്ധിച്ച തര്‍ക്കം (12:1-14)
  1. കതിരുകള്‍ പറിച്ചത് (12:1-8)
  2. കൈ ശോഷിച്ചവനെ സുഖപ്പെടുത്തുന്നു (12:9-14)
  1. ഈശോ യാഹ്വേയുടെ ദാസന്‍ (12:15-21)
  2. ഫരിസേയരുടെ കുറ്റാരോപണം (12:22-24)
  3. ഈശോയുടെ മറുപടി (12:25-37)
  4. ഈശോ യോനായുടെ അടയാളം നല്കുന്നു (1238-35)
  5. ആരാണ് ഈശോയുടെ അമ്മയും സഹോദരന്മാരും (12:46-50)

 B സംഭാഷണഭാഗം (13:1-52)

ഇത് ഉപമകളുടെ പുസ്തകമാണ്. ദൈവരാജ്യത്തെ സംബന്ധിച്ച ഏഴ് ഉപമകള്‍ ഇവിടെ സമാഹരിക്കുന്നു. മറ്റ് സുവിശേഷങ്ങളുമായി ഇവയെ താരതമ്യപ്പെടുത്തുമ്പോള്‍ തന്‍റെ ഉദ്ദേശ്യത്തിനനുസരിച്ച് ചില വ്യതിയാനങ്ങള്‍ മത്തായി വരുത്തിയിരിക്കുന്നതായി കാണാം. ചിലപ്പോള്‍ അവയുടെ സന്ദര്‍ഭം ഈശോയുടെ ജീവിതത്തില്‍നിന്നും ആദിമ സഭാപാരമ്പര്യത്തില്‍നിന്നും വിഭിന്നമായിരിക്കാം. പ്രകൃത്യാതീതമായ രഹസ്യങ്ങളെ വിവരിക്കുകയാണവയുടെ ലക്ഷ്യം; രക്ഷാകരചരിത്രത്തെ അവ വ്യാഖ്യാനിക്കുന്നു. സഭയുടെ ഉത്ഭവം, വളര്‍ച്ച, കര്‍ത്തവ്യം, ലക്ഷ്യം എന്നിവയെ സംബന്ധിച്ചുള്ള പ്രതീകരൂപേണയുള്ള ചരിത്രമാണവ.

  1. വിതക്കാരന്‍റെ ഉപമ (13:1-23)
  2. കളകളുടെ ഉപമ (13:24-30)
  3. കടുകുമണിയുടെ ഉപമ (13:31-32)
  4. പുളിമാവിന്‍റെ ഉപമ (13:33)
  5. എന്തിനാണുപമകള്‍? (13:34-35)
  6. കളകളുടെ ഉപമയുടെ വിശദീകരണം (13:36-43)
  7. നിധിയും രത്നവും (13:44-46)
  8. കടലില്‍ വീശിയ വല (13:47-50)
  9. ഉപസംഹാരം (13:51-52)
  10. ഉപസംഹാരവാക്യം (13:53)

നാലാംഭാഗം: രാജ്യം സഭയായിത്തീരുന്നു  (13:54-19:1)

 A ആഖ്യാനഭാഗം (13:54-17:27)

പശ്ചാത്തലം കൂടുതലും ഈശോയുടെ മരണമാണ്. സ്വന്തനാട്ടില്‍ അവിടുന്ന് പരിത്യജിക്കപ്പെടുന്നു. യോഹന്നാന്‍റെ മരണം ഈശോയുടെ മരണത്തിന്‍റെ മുന്നോടിയാണ്. വി. കുര്‍ബാനയുടെ മുന്നോടിയായി അപ്പം വര്‍ദ്ധിപ്പിച്ചതിലൂടെയും, കൊടുങ്കാറ്റിനെ ശമിപ്പിച്ചതിലൂടെയും മരണശേഷവും തന്‍റെ സാന്നിധ്യം സഭയിലുണ്ടായിരിക്കുമെന്ന് അവിടുന്നു കാണിക്കുന്നു. സഭയില്‍ പത്രോസിന് പ്രത്യേകാധികാരമുണ്ടായിരിക്കും.

  1. സ്വന്തം നാട്ടില്‍ തിരസ്കൃതനായ ഈശോ (13:54-58)
  2. സ്നാപകയോഹന്നാന്‍റെ മരണം (14:1-12)
  3. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് (14:13-21)
  4. ഈശോ വഞ്ചി രക്ഷിക്കുന്നു (14:22-33)
  5. രോഗശാന്തികള്‍ (14:34-36)
  6. യഥാര്‍ത്ഥ ശുദ്ധി (15:1-20)
  7. കാനാന്‍കാരിയുടെ വിശ്വാസം (15:21-28)
  8. രോഗബാധിതരെ സുഖപ്പെടുത്തുന്നു (15:29-31)
  9. ഏഴപ്പം നാലായിരം പേര്‍ക്ക് (15:32-39)
  10. അടയാളം ആവശ്യപ്പെടുന്നു (16:1-4)
  11. പുളിമാവിന്‍റെ പാഠം (16:5-12)
  12. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം (16:13-20)
  13. പീഡാനുഭവത്തെപ്പറ്റി ഒന്നാം പ്രവചനം (16:21-23)
  14. കുരിശുമെടുത്ത് ഈശോയെ അനുഗമിക്കുക (16:24-28)
  15. രൂപാന്തരീകരണം (17:1-8)
  16. ഏലിയാ വന്നുകഴിഞ്ഞു (17:9-13)
  17. അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു (17:14-20)
  18. പീഡാനുഭവത്തെപ്പറ്റി രണ്ടാം പ്രവചനം (17:21-22)
  19. ദേവാലയനികുതി (17:23-27)

 B സംഭാഷണഭാഗം (18:1-19:1)

സഹോദരസ്നേഹമാണ് ക്രിസ്തുമതത്തിന്‍റെ ഒന്നാമത്തെ നിയമം.

  • ആരാണ് വലിയവന്‍? (18:1-5)
  • ഇടര്‍ച്ചകള്‍ (18:6-9)
  • വഴിതെറ്റിയ ആട് (18:10-14)
  • പരസ്പരം തിരുത്തുക (18:15-18)
  • ഒരുമയോടുള്ള പ്രാര്‍ത്ഥന (18:19-20)
  • ക്ഷമയുടെ ചൈതന്യം (18:21-35)
  • ഉപസംഹാരം (19:1)

അഞ്ചാംഭാഗം: സഭയുടെ സാര്‍വ്വത്രികത (19:2-26-1)

 B ആഖ്യാന ഭാഗം (19:2-23-39)

ക്രിസ്തുമതത്തിന്‍റെ പ്രധാന ലക്ഷണങ്ങളായ വിവാഹം, ബ്രഹ്മചര്യം, ശ്ലൈഹികാധികാരം എന്നിവയെ ഇവിടെ പരാമര്‍ശവിഷയമാക്കിയിരിക്കുന്നു. ഉപമകള്‍ അവിശ്വാസികളുടെ മാനസാന്തരത്തെ സൂചിപ്പിക്കുന്നു. ഈശോമിശിഹായെ സംബന്ധിച്ച പ്രത്യേകാധികാരങ്ങള്‍ സമര്‍ത്ഥിക്കുകയും, ജറുസലേമിലെ യഹൂദാധികാരികളുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു.

  1. വിവാഹവും വിവാഹമോചനവും ബ്രഹ്മചര്യവും (19:2-12)
  2. ശിശുക്കളെ ആശീര്‍വ്വദിക്കുന്നു (19:13-15)
  3. സമ്പത്തിന്‍റെ അപകടങ്ങള്‍ (19:16-30)
  4. മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍ (20:1-16)
  5. പീഡാനുഭവത്തെപ്പറ്റി മൂന്നാംപ്രവചനം (20:17-19)
  6. സെബദിപുത്രന്മാരുടെ അമ്മ (20:20-28)
  7. ജറീക്കോയിലെ രണ്ടു കുരുടന്മാര്‍ (20:29-34)
  8. ഈശോയുടെ ജറുസലേം പ്രവേശനം (21:1-11)
  9. ദേവാലയം ശുദ്ധിയാക്കല്‍ (21:12-17)
  10. അത്തിമരത്തെ ശപിക്കുന്നു (21:18-22)
  11. ഈശോയുടെ അധികാരം (21:23-27)
  12. രണ്ടു പുത്രന്മാര്‍ (21:28-32)
  13. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (21:33-46)
  14. വിവാഹവിരുന്നിന്‍റെ ഉപമ (22:1-14)
  15. സീസറിന്‍റേത് സീസറിന് (22:15-22)
  16. ശരീരത്തിന്‍റെ ഉയിര്‍പ്പ് (22:23-33)
  17. സ്നേഹത്തിന്‍റെ കല്പന (22:34-40)
  18. ദാവീദിന്‍റെ പുത്രനായ ഈശോ (22:41-46)
  19. ഫരിസേയരുടെ കാപട്യം (23:1-30)

 B സംഭാഷണഭാഗം (24:1-26:1)

ദേവാലയത്തിന്‍റെ അവസാനം പഴയ ആചാരങ്ങളുടെയും അന്ത്യമാണ്. മത്തായിയുടെ മനസ്സില്‍ മഹത്വീകൃതനായ ഈശോയായിരിക്കും തെളിഞ്ഞു നില്‍ക്കുന്നത്. ഈശോ സഭയ്ക്ക് അവസാനത്തെ ഉപദേശം നല്‍കുന്നു.

  1. ഒടുക്കത്തിന്‍റെ തുടക്കം
  2. ദേവാലയത്തിന്‍റെ നാശം (24:15-28)
  3. പ്രപഞ്ചാരാധന (24:29-31)
  4. അത്തിവൃക്ഷം (24:32-35)
  5. എപ്പോഴും ഒരുങ്ങിയിരിക്കുവിന്‍ (24:36-41)
  6. വിവേകിയായ കാര്യസ്ഥന്‍ (24:42-44)
  7. വിശ്വസ്തനായ കാര്യസ്ഥന്‍ (24:45-51)
  8. പത്ത് കന്യകമാരുടെ ഉപമ (25:1-13)
  9. താലന്തുകളുടെ ഉപമ (25:14-30)
  10. അന്ത്യവിധി (25:31-46)
  11. ഉപസംഹാരം (26:1)

പീഡാനുഭവവിവരണം: (26:2-27:66)

പീഡാനുഭവവിവരണവും പുനരുത്ഥാനവിവരണവുമാണ് സുവിശേഷത്തിന്‍റെ പരമകാഷ്ഠ. അസ്വസ്ഥമായ ലോകത്തില്‍ പ്രഘോഷിച്ച സുവിശേഷത്തിന്‍റെ അന്തഃസത്ത ഇവ ഉള്‍ക്കൊള്ളുന്നു. പുതിയ ഉടമ്പടിയില്‍ പുതിയ ഇസ്രായേലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുന്നു; യൂദന്മാര്‍ അവിടുത്തെ മരണം ആവശ്യപ്പെടുന്നു; വിജാതീയര്‍ അവിടുത്തെ നിഷ്ക്കളങ്കത ഏറ്റുപറയുന്നു. അങ്ങനെ യഹൂദരുടെ രക്ഷകന്‍ അവിശ്വാസികളുടെ രക്ഷകനാകുന്നു. 

  1. ഈശോയ്ക്കെതിരേ ഗൂഢാലോചന (26:2-5)
  2. ബഥനിയിലെ തൈലാഭിഷേകം (26:6-13)
  3. യൂദാസിന്‍റെ വിശ്വാസവഞ്ചന (26:14-16)
  4. പെസഹാ ഒരുക്കുന്നു (26:17-19)
  5. ഒറ്റുകാരന്‍ (26: 20-25)
  6. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം (26: 26-29)
  7. പത്രോസിന്‍റെ ഗുരുനിഷേധം പ്രവചിക്കുന്നു (26:30-35)
  8. ഈശോ ഗത്സമനിയില്‍ (26:36-46)
  9. ഈശോ അറസ്റ്റ് ചെയ്യപ്പെടുന്നു (26:47-56)
  10. ഈശോ സംഘത്തിന്‍റെ മുമ്പില്‍ (26:57-75)
  11. ഈശോ പീലാത്തോസിന്‍റെ മുന്‍പാകെ (27:1-2)
  12. യൂദാസിന്‍റെ മരണം (27:3-10)
  13. കേസ് വിസ്താരം പീലാത്തോസിന്‍റെ മുമ്പില്‍ (27:11-14)
  14. മരണത്തിന് വിധിക്കപ്പെടുന്നു (27:15-26)
  15. പട്ടാളക്കാരുടെ പരിഹാസം (27:27-31)
  16. കുരിശിന്‍റെ വഴി (27:32)
  17. ഈശോയെ കുരിശില്‍ തറയ്ക്കുന്നു (27:33-44)
  18. ഈശോയുടെ മരണം (27:45-56)
  19. ഈശോയെ സംസ്ക്കരിക്കുന്നു (27:51-61)
  20. കല്ലറയ്ക്ക് കാവല്‍നില്‍ക്കുന്നു (27:62-66)

പുനരുത്ഥാന വിവരണം: (28:1-20)

അബ്രാഹത്തോട് ചെയ്ത വാഗ്ദാനത്തിന്‍റെ (ഉല്‍പ. 12:3) പൂര്‍ത്തീകരണമായി ആരംഭത്തില്‍ ചിത്രീകരിക്കപ്പെട്ട ക്രിസ്തു ഇവിടെ അഖിലത്തിന്‍റെയും നാഥനായിത്തീരുന്നു. അതുകൊണ്ട് സഭ എല്ലാ രാജ്യങ്ങളിലും വ്യാപിക്കണം. ڇഎമ്മാനുവേല്‍ڈ ആയ ഈശോ സഭയില്‍നിന്നും പോകുന്നില്ല. ലോകത്തിന്‍റെ അവസാനം വരെ അവിടുന്ന് സഭയിലുണ്ടായിരിക്കും. അങ്ങനെ വി. മത്തായി തന്‍റെ ബാല്യകാലചരിത്രത്തിന്‍റെ ദൈവശാസ്ത്രത്തിലേക്ക് വീണ്ടും വരുന്നു.

  1. ശൂന്യമായ കല്ലറ (28:1-10)
  2. കാവല്‍ക്കാരുടെ വ്യാജപ്രസ്താവന (28:1-15)
  3. സാര്‍വ്വത്രിക പ്രേഷിത ദൗത്യം (28:16-20)

സുവിശേഷത്തിന്‍റെ ദൈവശാസ്ത്രം

സുവിശേഷത്തിന്‍റെ കാതലായ ഭാഗത്തെ അഞ്ചായി വിഭജിച്ചതില്‍നിന്ന് പുതിയ നിയമത്തിന്‍റെ അവതരണമാണ് മത്തായി തന്‍റെ സുവിശേഷത്തില്‍ ഉദ്ദേശിക്കുന്നത് എന്ന് അനുമാനിക്കാം. റബ്ബിമാരുടെ പ്രത്യേക ഭാഷാ പ്രയോഗവും ശൈലിയും വിശുദ്ധ മത്തായി തന്‍റെ ചര്‍ച്ചകളില്‍ ഉപയോഗിക്കുന്നുണ്ട്. ഈശോതന്നെയും ഒരു റബ്ബിയായിരുന്നതുകൊണ്ടും യഹൂദക്രിസ്ത്യാനികള്‍ മറ്റ് യഹൂദരോടുള്ള വ്യവഹാരത്തില്‍ ഇത്തരം വാദവിഷയം ഉപയോഗിച്ചിരുന്നതുകൊണ്ടുമായിരിക്കാം വി. മത്തായി ഇതിനു തയ്യാറാകുന്നത്. ഈശോയെ പുതിയ മോശയായും, സഭയെ പുതിയ ഇസ്രായേലായും അവതരിപ്പിക്കാനാണ് സുവിശേഷകന്‍ വെമ്പല്‍ കൊള്ളുന്നത്. ഉദാഹരണത്തിന് ഈശോ മലയിലിരുന്നുകൊണ്ട് സുവിശേഷഭാഗ്യങ്ങള്‍ അരുളിചെയ്യുന്നതിനെപ്പറ്റിയും മോശ സീനായ് മലയില്‍വച്ച് ദൈവത്തില്‍നിന്ന് പത്ത് പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുക.

നാല്പ്പത്തൊന്നു പ്രാവശ്യം വി. മത്തായി പഴയനിയമം ഉദ്ധരിക്കുന്നുണ്ട് ڇഅതുപൂര്‍ത്തിയാകുന്നതിനു വേണ്ടിയാണ്ڈഎന്നതാണ് സാധാരണ ഉപയോഗിക്കുന്ന അവതരണരൂപം. പ്രവചനങ്ങള്‍ ശരിയായിത്തീര്‍ന്നു എന്നല്ല പിന്നെയോ യാഥാര്‍ത്ഥ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. സുവിശേഷത്തിലെ രക്ഷാകരസംഭവം പഴയനിയമത്തിന്‍റെ രക്ഷണീയശക്തിയുള്ള വചനങ്ങള്‍ക്ക്, പുതിയൊരു മാനം നല്‍കുന്നു. അങ്ങനെ ഈശോ പഴയനിയമത്തിന്‍റ പൂര്‍ത്തീകരണം സാധിക്കുന്നു. ഈശോ മിശിഹായാണ്, ദാവീദിന്‍റെ പുത്രനാണ്, സഹിക്കുന്ന ദാസനാണ്, അബ്രാഹത്തിന്‍റെ പുത്രനാണ്, പഴയനിയമം പ്രതീക്ഷിച്ച ദൈവത്തിന്‍റെ സുതനാണ്. അറിവോടെയുള്ള അവിശ്വാസത്തിനേ ഈ സത്യത്തെ മറിച്ചു വയ്ക്കാന്‍ സാധിക്കൂ.

നിയമത്തെ നശിപ്പിക്കാനല്ല, പൂര്‍ത്തിയാക്കുവാനാണ് ക്രിസ്തു വന്നത്. നിയമത്തിന്‍റെ നാഥനാണവിടുന്ന്. സ്നേഹമെന്ന ഒരു കല്പനയിലേക്ക് അവിടുന്ന് മറ്റെല്ലാ കല്പനകളും വെട്ടിച്ചുരുക്കുന്നു. രക്ഷ പ്രദാനം ചെയ്യപ്പെടുന്നതു മുഖ്യമായും സ്നേഹം വഴിയാണ്, നിയമത്തിലൂടെയല്ല. നിയമത്തിന്‍റെ പൂര്‍ത്തീകരണം ക്രിസ്തുവിലാണെന്നത് ഫരിസേയര്‍ വിശ്വസിച്ചില്ല. അതിനാല്‍ നിയമത്തെ അതില്‍ത്തന്നെ സമ്പൂര്‍ണ്ണമായി അവര്‍ കണ്ടു; അങ്ങനെ നിയമത്തെ മനുഷ്യന് ദുസ്സഹമായ ഭാരമാക്കിത്തീര്‍ത്തു. അതുകൊണ്ടാണ് നിയമത്തെപ്പറ്റിയുള്ള ഫരിസേയരുടെ വ്യാഖ്യാനത്തെ അവിടുന്ന് എതിര്‍ത്തത്.

ഈശോ പുതിയ ഇസ്രായേല്‍ ആണ്. അവിടുന്ന് സഭാസമൂഹവുമായി അനന്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം സഭയ്ക്കുമാത്രമാണവിടുന്നില്‍ വിശ്വാസമുള്ളത്. യഹൂദരുടെ അന്ധവിശ്വാസം ദൈവരാജ്യം വിജാതീയമായി തുറക്കാന്‍ കാരണമായി. പഴയ ഇസ്രായേലിനെ കൂടാതെ പുതിയ ഇസ്രായേലിന്‍റെ പൂര്‍ത്തീകരണം ഇവരാണ് സാക്ഷാത്ക്കരിക്കേണ്ടത്. പക്ഷേ ചരിത്രത്തിന്‍റെ അന്ത്യത്തിലേ ദൈവരാജ്യം പൂര്‍ണ്ണമായും സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. യഹൂദരുടെ മിശിഹാ നിഷേധത്തോടുകൂടി ഈ അന്ത്യസമയം സഭയില്‍ ആരംഭിച്ചു. ആകയാല്‍ ലോകാവസാനത്തിലേ സഭ പൂര്‍ണ്ണമായും ദൈവരാജ്യവുമായി താദാത്മ്യം പ്രാപിക്കയുള്ളൂ.

നവ്യസഭയുടെ മുഖ്യപ്രശ്നമായ സുവിശേഷവും നിയമവും തമ്മിലുള്ള ബന്ധത്തിനുത്തരം നല്കുന്നതിലാണ് മത്തായി തന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ ക്രിസ്ത്യാനികളും യഹൂദരും തമ്മില്‍ യഹൂദക്രിസ്തീയ സമൂഹത്തില്‍ തന്നെയും നിലവിലിരുന്ന വാദപ്രതിവാദങ്ങള്‍ക്കുത്തരം നല്കുക എന്നതും മത്തായിയുടെ ലക്ഷ്യമായിരുന്നിരിക്കാം.

                                             (ഫാ. ജോര്‍ജ് കുടിലില്‍,

പുതിയനിയമത്തിന് ആമുഖം, GSB, കുന്നോത്ത്)

                                             (ഫാ. അല്‍ഫോന്‍സ് മാണി,

ബൈബിള്‍ ഭാഷ്യം 9(1980) 109-131)

Gospel of Matthew catholic malayalam bible study Fr. George Kudilil Fr. Alphons Mani Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message