x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, വിധവയുടെ സമര്‍പ്പണം (12:41-44)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ആത്മീയ ദാരിദ്ര്യമനുഭവിക്കുന്ന ധനവാന്മാരും, ആത്മീയതയില്‍ സമ്പന്നയായ ദരിദ്രവിധവയും തമ്മിലുള്ള താരതമ്യമാണ് ഈ ഭാഗത്തുള്ളത്.ദരിദ്രയായ വിധവയുടെ ഔദാര്യവും നിയമജ്ഞരുടെ അത്യാഗ്രഹവും തമ്മിലുള്ള വൈരുദ്ധ്യവും ഇതു നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

12:41-42, ജറുസലേം ദേവാലയത്തില്‍ ഇസ്രായേലിന്‍റെ മണ്ഡപത്തിനും വിജാതീയരുടെ മണ്ഡപത്തിനുമിടയിലുള്ള സ്ത്രീകളുടെ മണ്ഡപത്തില്‍ കാഹളത്തിന്‍റെ ആകൃതിയിലുള്ള 13 ഭണ്ഡാരങ്ങള്‍ ഉണ്ടായിരുന്നു. യേശു ശ്രദ്ധിച്ച സ്ത്രീ വിധവമാത്രമല്ല ദരിദ്രയുമായിരുന്നു. ആ സ്ത്രീ അര്‍പ്പിച്ച രണ്ടു ചെമ്പുതുട്ടുകളുടെയുംകൂടി ആകെ മൂല്യം ഏകദേശം ഒരു ദനാറയുടെ അറുപത്തിനാലിലൊന്നുമാത്രമായിരുന്നു. ഒരു സാധാരണ തൊഴിലാളിക്കുകിട്ടുന്ന ഒരു ദിവസത്തെ കൂലിയാണ് ഒരു ദനാറ.

12:43-44, യേശു ശിഷ്യന്മാരെ അടുത്തു വിളിച്ചുവെന്നതും "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" എന്ന ആമുഖവും സൂചിപ്പിക്കുന്നത് യേശു തുടര്‍ന്നു നല്‍കുന്ന പ്രബോധനത്തിന്‍റെ പ്രാധാന്യമാണ്. ആ വിധവയുടെ ചെറിയ കാണിക്കയുടെ പിന്നിലെ വലിയ ത്യാഗമാണ് അതിനെ അമൂല്യമായ കാണിക്കയായി മാറ്റുന്നത്. തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവന്‍ നിക്ഷേപിച്ചത് ദൈവത്തോടുള്ള ആ സ്ത്രീയുടെ വലിയ സ്നേഹത്തിന്‍റെയും ദൈവത്തിലുള്ള സമ്പൂര്‍ണ്ണമായ ആശ്രയത്വത്തിന്‍റെയും നിദര്‍ശനമാണ് (1 രാജാ 17:8-16). എത്ര കൊടുത്തുവെന്നതല്ല, എത്ര ബാക്കിയുണ്ട് എന്നതാണ് ഔദാര്യത്തിന്‍റെ ഉരകല്ല്.

നമ്മുടെ ബലഹീനതയെ കണക്കിലെടുത്തുകൊണ്ട് ചെറിയ ചെറിയ ആത്മീയ ലക്ഷ്യങ്ങള്‍ മനസ്സില്‍വച്ച് സാവധാനം പുരോഗമിച്ച് ഒടുവില്‍ വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതാണ്, തുടക്കത്തില്‍ത്തന്നെ പുണ്യപൂര്‍ണ്ണത എന്ന വലിയ ലക്ഷ്യംവച്ച് ജീവിച്ച് പിന്നീട് അതു ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം. ദൂരയാത്ര ചെയ്യുന്നതിനു തുല്യമാണ് ആത്മീയയാത്രയും: ദൂരയാത്രയ്ക്കൊരുങ്ങുന്നയാള്‍ ഒന്നാം ദിവസം തന്നെ അമിതവേഗതയെടുത്ത് ക്ഷീണിച്ചാല്‍, ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം അനേകദിവസങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവന്നേക്കാം. എന്നാല്‍ ആദ്യദിനംതന്നെ സാവധാനം നടന്നുതുടങ്ങുകയാണെങ്കില്‍, നടപ്പ് ഒരു ശീലമാവുകയും പിന്നെ ദീര്‍ഘദൂരം നടന്നാലും ക്ഷീണിക്കാതിരിക്കുകയും ചെയ്യും. സുകൃതജീവിതത്തിനായും ഒരുവന്‍ സാവധാനത്തിലാണ് തന്നെത്തന്നെ ഒരുക്കേണ്ടത്. വിശുദ്ധരായ പിതാക്കന്മാരുടെ വിവിധങ്ങളായ സുകൃതപാതകള്‍ ഒരുമിച്ചു പിന്തുടരാമെന്ന് വിചാരിക്കരുത്. നിന്‍റെ ബലഹീനാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചതെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുക. വിധവയുടെ ചെമ്പുതുട്ടുകള്‍ സ്വീകരിച്ച കര്‍ത്താവ് നിന്നെയും സ്വീകരിക്കും. (എവാഗ്രിയുസ്).

വിചിന്തനം: ജീവിക്കാനനുവദിക്കാത്ത മതാത്മകത! നിയമജ്ഞര്‍ വിധവകളുടെ ഭവനങ്ങളെ എങ്ങനെ വിഴുങ്ങുന്നുവെന്നതിന്‍റെ ഒരു ഉദാഹരണമാണിത്. ഒരു വിധവയ്ക്ക് ജീവിക്കാനാവശ്യമായതുപോലും അവരെക്കൊണ്ട് ദേവാലയത്തില്‍ നേര്‍ച്ചയിടീപ്പിക്കുന്ന അദ്ധ്യാത്മികതയും ദൈവസങ്കല്പങ്ങളുമായിരിക്കാം നിയമജ്ഞര്‍  പഠിപ്പിച്ചുകൊണ്ടിരുന്നത്. മാതാപിതാക്കളുടെ ഉത്തരവാദിത്വം നിറവേറ്റാതിരിക്കാന്‍ നേര്‍ച്ച പ്രഖ്യാപിക്കുന്നതിനെ യേശു വിമര്‍ശിച്ചതിനോട് ഇതും കൂട്ടിവായിക്കാനാകും (7:10-13).

നിയമജ്ഞര്‍ക്കെതിരേ യേശുവിന്‍റെ വിമര്‍ശനം എല്ലാ നിയമജ്ഞരുടെയുംമേല്‍ ഒന്നടങ്കം നടത്തുന്ന വിമര്‍ശനമായി കണക്കാക്കേണ്ടതില്ല. യേശുവിന്‍റെ ദൃഷ്ടിയില്‍ത്തന്നെ, ദൈവരാജ്യത്തില്‍ നിന്നകലെയല്ലാത്ത നിയമജ്ഞര്‍ ഉണ്ടായിരുന്നല്ലോ (12:34). ഈ വിധവ നിയമജ്ഞരില്‍നിന്നു തീര്‍ത്തും വിഭിന്നയായ വ്യക്തിയാണ്. നിയമജ്ഞര്‍ സകലരാലും കാണപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വിധവ ആരാലും ശ്രദ്ധിക്കപ്പെടാത്തവളാണ്. നിയമജ്ഞര്‍ തങ്ങളുടെ കപടഭക്തിപ്രകടനത്തിലൂടെ തങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഈ വിധവ തന്‍റെ യഥാര്‍ത്ഥഭക്തിമൂലം തനിക്കുള്ളതു മുഴുവന്‍ കൊടുക്കാന്‍ സന്നദ്ധയാകുന്നവളാണ്.

പതിനൊന്ന്, പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ജറുസലേം ദേവാലയത്തിനും അതിന്‍റെ അധികാരികള്‍ക്കുമെതിരേ യേശു നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ "വിധവയുടെ കാണിക്ക" യും യേശുവിന്‍റെ മറ്റൊരു വിമര്‍ശനമായിക്കാണാവുന്നതാണ്. പാവപ്പെട്ട ഒരു വിധവയെ, അവള്‍ ഭക്തയായ ഒരു വിധവയായതിന്‍റെ പേരില്‍, അവള്‍ക്കുള്ളതു മുഴുവന്‍ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുന്ന മതവ്യവസ്ഥിതിയെയാവാം യേശു ഇവിടെ വിമര്‍ശിക്കുന്നത്. ഭക്തി പഠിപ്പിക്കുന്ന നിയമജ്ഞര്‍ മറ്റുള്ളവരുടേതുകൂടി വിഴുങ്ങി തടിച്ചുകൊഴുക്കുകയും ഭക്തി അഭ്യസിക്കുന്ന വിധവകള്‍ തങ്ങള്‍ക്കുള്ളതു മുഴുവന്‍ കൊടുത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതായിത്തീരുകയും ചെയ്യുന്നത് തെറ്റായ മതസങ്കല്പങ്ങള്‍ മൂലമാണ്. ഇങ്ങനെയുള്ളൊരു മതവ്യവസ്ഥിതിയുടെ ചൂഷകസ്വഭാവത്തെയാണ് യേശു ഇവിടെ മറനീക്കിക്കാണിക്കുന്നത്.

gospel-of-mark-widows-dedication Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message