We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യഹൂദരില്‍ നിന്നുള്ള എതിര്‍പ്പ് വര്‍ദ്ധമാനമായതോടെ യേശു തന്‍റെ പ്രവര്‍ത്തനം വിജാതീയരുടെയിടയിലേക്കു വ്യാപിപ്പിക്കുകയാണ്. ഗലീലിയില്‍ നിന്നുള്ള ഈ മൂന്നാമത്തെ പിന്‍മാറ്റം അദ്യമായി യേശുവിനെ പാലസ്തീനയ്ക്കു വെളിയിലെത്തിച്ചു. ഗലീലിക്കു വെളിയില്‍ യേശു ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ പ്രതിപാദിച്ചിട്ടുള്ളത് മര്‍ക്കോസാണ്. വിജാതീയരുടെയിടയിലുള്ള ശുശ്രൂഷ ദൈവഹിതപ്രകാരമുള്ളതാണെന്ന് മര്‍ക്കോസ് ഇതിലൂടെ പഠിപ്പിക്കുന്നു.
7:1-23 ഉം 7:24-30 പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാഗങ്ങളാണ്. 7:1-23ല്‍ ബാഹ്യമായ ഇടപെടലുകള്‍കൊണ്ട് ഒരാള്‍ അശുദ്ധനാകില്ലെന്ന് പഠിപ്പിച്ച യേശു 7:24-30 ല്‍ അതു പ്രാവര്‍ത്തികമാക്കിക്കാണിച്ചുകൊണ്ട്, തന്‍റെ പ്രബോധനം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഉറപ്പിക്കുകയാണ്. യഹൂദരുടെ വിശ്വാസമനുസരിച്ചു വിജാതീയ ദേശത്തേക്കു പ്രവേശിക്കുന്ന ഒരുവന്‍ അതിനാല്‍ത്തന്നെ അശുദ്ധനായിത്തീരുന്നു. ബോധപൂര്‍വ്വം വിജാതീയരുടെ പ്രദേശത്തേയ്ക്കുപ്രവേശിച്ചുകൊണ്ട് യഹൂദ ചിന്താഗതിയെ യേശു പുറന്തള്ളുകയും വിശുദ്ധവും അവിശുദ്ധവുമായ പ്രദേശങ്ങളെന്ന വേര്‍തിരിവ് ഇല്ലാതാക്കുകയും ചെയ്യുന്നു.
7:24, ചില കയ്യെഴുത്തു പ്രതികളില്‍ "ടയിര്‍, സീദോന്‍ പ്രദേശത്തേക്കു" പോയി എന്നാണ് കാണുന്നത്. പുതിയനിയമത്തില്‍ പലപ്പോഴും ഫിനീഷ്യ അറിയപ്പെടുന്നത് "ടയിര്‍-സീദോന്‍ പ്രദേശം" എന്നാണ്. കാരണം ഫിനീഷ്യയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളായിരുന്നു ടയിറും സീദോനും. കഫെര്‍ണാമിനു 40 മൈല്‍ വടക്കുപടിഞ്ഞാറായി മെഡിറ്ററേനിയന്‍ തീരത്തു സ്ഥിതി ചെയ്തിരുന്ന പട്ടണമാണ് ടയിര്‍. ശിഷ്യരോടൊപ്പം ആയിരിക്കാനാണ് യേശു അങ്ങോട്ടുപോയതെങ്കിലും പ്രശസ്തി മൂലം അവന് മറഞ്ഞിരിക്കാന്‍ സാധിച്ചില്ല.
7:25-26, സിറിയ, ഫിനീഷ്യ എന്നീ വാക്കുകളുടെ സംയുക്തമാണ് സീറോ - ഫിനീഷ്യന്‍ എന്നത്. റോമന്‍ പ്രവിശ്യയായ സിറിയയുടെ ഭാഗമായിരുന്നു ഫിനീഷ്യ. ഫിനീഷ്യര്‍ പുകള്‍പെറ്റ വ്യാപാരികളും സമുദ്രയാത്രക്കാരുമായിരുന്നതിനാല്‍ എല്ലാ ഫിനീഷ്യക്കാരും സിറിയയില്‍ത്തന്നെയായിരുന്നില്ല ജീവിച്ചിരുന്നത്. സീറോ - ഫിനീഷ്യന്‍ എന്നത് അവളുടെ ദേശീയതയെ സൂചിപ്പിക്കുന്നു. അവള്‍ ഗ്രീക്കുകാരിയായിരുന്നുവെന്നത് അവള്‍ യഹൂദയല്ല, വിജാതീയ സ്ത്രീയാണെന്നാണു വെളിപ്പെടുത്തുന്നത്. ഒരു വിജാതീയ സ്ത്രീക്ക് യഹൂദനായ യേശുവിലുണ്ടായിരുന്ന വിശ്വാസവും അവളുടെ വിനയവുമാണ് യേശുവിന്‍റെ കാല്ക്കല്‍ വീണുകൊണ്ടുള്ള അവളുടെ അപേക്ഷ സൂചിപ്പിക്കുന്നത്.
7:27-28, യഹൂദഗ്രന്ഥങ്ങളില്‍ വിജാതീയരെ നായ്ക്കള്‍ എന്നു വിശേഷിപ്പിച്ചിട്ടുള്ളതായി കാണാം. അവജ്ഞ കാട്ടാനും അപമാനിക്കാനുമായിട്ടാണ് ഈ പദം പഴയനിയമത്തില്‍ ഉപയോഗിച്ചു കാണുന്നത് (1 സാമു 17:43; സുഭാ 26:11; ഏശ 56:10-11). നായ്ക്കള്‍ അതിനുമുമ്പില്‍ കിട്ടുന്ന എല്ലാ ഭക്ഷണവും കഴിക്കും. ശുദ്ധമാണോ മലിനമാണോ എന്നൊന്നും നായ്ക്കള്‍ വിവേചിക്കാറില്ല. അതുകൊണ്ടാണ് ശുദ്ധവും അശുദ്ധവുമെന്ന വിവേചനകൂടാതെ സര്‍വ്വതും ഭക്ഷിച്ചിരുന്ന വിജാതീയരെ യഹൂദര്‍ നായ്ക്കള്‍ എന്നു വിളിച്ചിരുന്നത്. ഭക്ഷണം ആരെയും അശുദ്ധനാക്കുന്നില്ല എന്നു പഠിപ്പിച്ചശേഷം യേശു ഉടനെത്തന്നെ ഒരു വിജാതീയ സ്ത്രീയെ നായ് എന്നു പരോക്ഷമായെങ്കിലും വിശേഷിപ്പിക്കുന്നത് വായനക്കാരില്‍ അത്ഭുതമുണര്‍ത്തും. ഒരു യാഥാസ്ഥിതിക യഹൂദനെ അതു സന്തോഷിപ്പിക്കുകയും ചെയ്യും.
ഇവിടെ കുനാരിയോണ്‍ എന്ന പദം സുചിപ്പിക്കുന്നത് തെരുവുപട്ടികളെയല്ല, വളര്‍ത്തുമൃഗമായ പട്ടിക്കുട്ടിയെയാണ്. യേശുവിന്‍റെ മറുപടിയിലെ ദുഃസ്സൂചന അവളെ പിന്തിരിപ്പിച്ചില്ല. യേശുവിനോട് തര്‍ക്കിക്കുകയോ, കോപിക്കുകയോ ചെയ്യുന്നതിനുപകരം യേശുവിന്‍റെ നിലപാടിനോട് അവള്‍ യോജിക്കുകയാണു ചെയ്യുന്നത്. യേശുവിന്‍റെ പ്രഖ്യാപിതനിലപാടനുസരിച്ചുതന്നെ താനും അവന്‍റെ അനുഗ്രഹത്തിനര്‍ഹയാണെന്നാണ് അവളുടെ പക്ഷം. മക്കള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മേശയ്ക്കടിയില്‍ വീഴുന്നത് നായ്ക്കുട്ടികളും ഭക്ഷിക്കാറുണ്ടല്ലോ. അതുവഴി മക്കള്‍ക്ക് യാതൊരു കുറവുമുണ്ടാകുന്നുമില്ല. അതുപോലെ യേശു യഹൂദമക്കള്‍ക്ക് തന്‍റെ പരസ്യജീവിത ശുശ്രൂഷയിലൂടെ അനുഗ്രഹങ്ങള്‍ വിളമ്പുമ്പോള്‍ അതോടൊപ്പം ചില അനുഗ്രഹങ്ങള്‍ വിജാതീയര്‍ക്കും നല്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്നാണ് ആ സ്ത്രീ യേശുവിനോടു പറഞ്ഞത്. മക്കള്‍ക്കുള്ള "അപ്പ"ത്തിനു വേണ്ടിയല്ല നായ്ക്കള്‍ക്കുള്ള "അപ്പക്കഷ"ങ്ങള്‍ക്കു വേണ്ടിയാണ് അവള്‍ അപേക്ഷിക്കുന്നത്.
7:29-30, അവളുടെ മറുപടി എളിമയുടെയും ബുദ്ധികൂര്‍മ്മതയുടെയും അടയാളമായിരുന്നു. ആ മറുപടിയെ ദൈവത്തിന്‍റെ പദ്ധതിയിലും യേശുവിന്‍റെ ശക്തിയിലുമുള്ള അവളുടെ വിശ്വാസത്തിന്‍റെ അടയാളമായി യേശു സ്വീകരിക്കുന്നു (മത്താ 15:28). യേശുവിനെക്കൂടാതെതന്നെ അവള്‍ തനിയെ വീട്ടിലേയ്ക്കുപോകുന്നതും അവളുടെ വിശ്വാസത്തിന്‍റെ അടയാളമാണ്. ഈശോ ദൂരെയുള്ള ഒരാളെ ആജ്ഞാവചനം കൂടാതെ തന്നെ സുഖപ്പെടുത്തുന്നതായി മര്‍ക്കോസ് രേഖപ്പെടുത്തുന്ന ഏകസംഭവമാണിത്. അവളുടെ മകളെ സുഖപ്പെടുത്തുന്നതുവഴി, യേശു, വിജാതീയരെ ഭ്രഷ്ടു കല്പിച്ച് അകറ്റിനിറുത്തുന്ന യഹൂദനിലപാടുകളെയും ചിന്താരീതിയെയും തള്ളിക്കളയുകയാണ്. വിജാതീയരെ സംബന്ധിച്ചിത്തോളം ഈ സംഭവം വളരെ പ്രോത്സാഹനാജനകമാണ്. കാരണം, യഹൂദരുടെ വിശ്വാസംപോലെതന്നെ വിജാതീയരുടെ വിശ്വാസവും അനുഗ്രഹദായകമാണെന്നും യേശു യഹൂദരുടെ മാത്രമല്ല വിജാതീയരുടെയും രക്ഷകനാണെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു.
അതിരുകള്‍ ലംഘിക്കുന്നവര്‍: ഭക്ഷണത്തിന്‍റെ ശുദ്ധിയെയും അശുദ്ധിയെയും കുറിച്ചുള്ള നിയമങ്ങള്‍ അവഗണിച്ച യേശു, സ്ഥലങ്ങളുടെ ശുദ്ധിയെയും അശുദ്ധിയെയുംപറ്റി യഹൂദപാരമ്പര്യം നിര്‍ണ്ണയിച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട്, യഹൂദര്‍ അശുദ്ധമെന്നു കരുതിയിരുന്ന വിജാതീയ പ്രദേശത്തേക്കു പോകുന്നു. യേശുവിന്‍റെ സഹായം തേടുന്ന സീറോ - ഫിനീഷ്യന്‍ സ്ത്രീയും പരമ്പരാഗതമായ അതിര്‍ത്തികളെ ചോദ്യം ചെയ്യുന്നവളാണ്. പുരുഷമേധാവിത്വത്തിന്‍റെ അതിര്‍ത്തി അവള്‍ അതിക്രമിച്ചു കയറുന്നു. പരമ്പരാഗത സമൂഹം സ്ത്രീകള്‍ക്കായി കെട്ടിയിരിക്കുന്ന വിധേയത്വത്തിന്‍റെ വേലിക്കെട്ടുകള്‍ അവള്‍ പൊളിച്ചെറിയുകയും ചെയ്യുന്നു. പുരുഷന്‍റെ ഉത്തരവുകള്‍ക്കുമുന്നില്‍ വിറച്ചുനില്‍ക്കുന്നവളായല്ല, തന്‍റെ ഭാഗം മനസ്സിലാക്കാന്‍, ധീരവും യുക്തിഭദ്രവുമായ മറുപടിയിലൂടെ പുരുഷനെ പ്രേരിപ്പിക്കുന്നവളായാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്. ദൈവകൃപയ്ക്കു വേലി കെട്ടുന്നവര്‍ക്കെതിരേയുള്ള ശകാരവും ദൈവമക്കള്‍ക്കിടയിലുള്ള അനാവശ്യവും അപ്രായോഗികവും കാലഘട്ടത്തിനു നിരക്കാത്തതുമായ വേലിക്കെട്ടുകള്‍ പൊളിച്ചെറിയാനുള്ള ആഹ്വാനവുമാണ് യേശുവിന്‍റെ അംഗീകാരം പിടിച്ചുപറ്റിയ ഈ സ്ത്രീ നമുക്ക് നല്കുന്നത്.
Gospel of Mark Syro-Phoenician Woman's Faith (7: 24-30) catholic malayalam Dr. Jacob Chanikuzhi the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206