We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
അപ്പോള്‍ മുതല്‍ പഠിപ്പിക്കാന്‍ തുടങ്ങി എന്നത് ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു . അതുവരെയും യേശു തന്‍റെ പീഡാനുഭവത്തെയും കുരിശുമരണത്തെയുംപറ്റി പരോക്ഷമായേ പരാമര്‍ശിച്ചിട്ടുള്ളൂ. എന്നാല്‍, ഇനി മുതല്‍ യേശു നല്‍കുന്ന പ്രബോധനത്തില്‍ തന്‍റെ സഹനത്തെയും മരണത്തെയുംകുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമായി പറയാന്‍ തുടങ്ങുകയാണ്.
"മനുഷ്യപുത്രന്" എന്നാണ് ഇവിടെ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ദാനി 7:13-14 ആണ് ഇതിനാധാരം. യേശു തന്നെത്തന്നെ വിശേഷിപ്പിക്കാനുപയോഗിച്ച അവിടുത്തേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംജ്ഞയാണ് മനുഷ്യപുത്രന്‍. സുവിശേഷത്തില്‍ 81 തവണ ഈ നാമം പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യപുത്രന്‍ എന്ന സംജ്ഞ യേശു തനിക്കായി ഇതുവരെ ഉപയോഗിച്ചത് തന്‍റെ ദൈവികാധികാരത്തെ സൂചിപ്പിക്കാനായിരുന്നു - ദൈവികമായ പാപമോചനാധികാരവും (2:10), ശരിയായ സാബത്താചരണം നിശ്ചയിക്കാനുള്ള അധികാരവും (2:28). എന്നാല്‍ ഇവിടെ ഈ സംജ്ഞ തന്‍റെ പീഡാസഹനവുമായി ബന്ധപ്പെടുത്തിയാണ് യേശു ഉപയോഗിക്കുന്നത്. പഴയനിയമത്തില്‍ മനുഷ്യപുത്രന്‍ ഒരേസമയം സഹിക്കുന്നവനും മരിക്കുന്നവനും മഹത്വീകൃതനുമാണ്. അതുകൊണ്ട് യേശു സങ്കല്‍പത്തിലെ മിശിഹായെ ഏറ്റവും ശക്തമായി അവതരിപ്പിക്കുന്ന സംജ്ഞയാണ് മനുഷ്യപുത്രന്‍. "മനുഷ്യപുത്രന്" എന്ന പഴയനിയമസങ്കല്‍പം ജനങ്ങള്‍ക്ക് അത്ര പരിചയമില്ലാത്ത ഒന്നായിരുന്നതിനാല്‍ യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നു വിളിച്ചപ്പോള്‍ അതിന്‍റെ അര്‍ത്ഥം ശ്രോതാക്കള്‍ക്ക് വ്യക്തമായിക്കാണണമെന്നില്ല.
"ചെയ്യേണ്ടിയിരിക്കുന്നു" എന്ന പദം ഗ്രീക്കില്‍ "ദെയി" എന്നാണ്. ദൈവികമായ ഒരു ആവശ്യമാണിതെന്ന് ഈ വാക്കു സൂചിപ്പിക്കുന്നു. ദൈവികപദ്ധതിയില്‍ യേശുവിന്‍റെ മരണം മനുഷ്യരക്ഷയുടെ കേന്ദ്രബിന്ദുവായതിനാലാണ് യേശു സഹിക്കുകയും മരിക്കുകയും ചെയ്യേണ്ടിയിരുന്നത് (ഏശ 52:13-53, 12). യഹൂദരുടെ ഭരണാധികാരസംഘമായ സാന്‍ഹെദ്രിന്‍ അംഗങ്ങളാണ് ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവര്‍. ജനപ്രമാണികള്‍ യഹൂദ സമുദായത്തിലെ സമ്പന്നരും കീര്‍ത്തികേട്ട കുടുംബങ്ങളുടെ തലവന്മാരുമാണ്. പ്രമുഖരായ പുരോഹിതന്മാരാണ് പ്രധാനപുരോഹിതര്‍ എന്നറിയപ്പെട്ടിരുന്നത്. ദേവാലയത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും നടത്തിപ്പ് സദുക്കായവിഭാഗത്തില്‍പ്പെട്ട ഇവരുടെ കൈകളിലായിരുന്നു. അന്നാസ്, കയ്യാഫാസ്, ദേവാലയത്തിലെ 24 പുരോഹിതഗണത്തിന്‍റെ തലവന്മാര്‍ എന്നിവര്‍ പ്രധാനപുരോഹിതന്മാരില്‍പ്പെട്ടവരായിരുന്നു.
നിയമജ്ഞര്‍ നിയമത്തിന്‍റെ വ്യാഖ്യാതാക്കളും യഹൂദസമുദായത്തിലെ ദൈവശാസ്ത്രജ്ഞരുമായിരുന്നു. ഈ മൂന്നുവിഭാഗം ആള്‍ക്കാരും യേശുവിനെതിരേ ഒറ്റക്കെട്ടായിനിന്നു. മൂന്നുദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന യേശുവിന്‍റെ പ്രവചനത്തിന്‍റെ ആധാരം ഹോസി 6:2; യോന 1:17; 2:10 എന്നിവയായിരിക്കാം. മരണത്തെത്തുടര്‍ന്നുള്ള ഹ്രസ്വമായ ഇടവേളയ്ക്കുശേഷമുള്ള മഹത്വീകരണത്തെക്കുറിച്ചായിരിക്കണം യേശു ഉദ്ദേശിച്ചത്.
മര്‍ക്കോസിലെ "മെസയാനിക രഹസ്യ"ത്തിന്‍റെ ഏക വിശദീകരണമാണ് 31-ാം വാക്യത്തില്‍ നാം കാണുന്നത്. യേശു തന്‍റെ മിശിഹാത്വം വെളിപ്പെടുത്താതിരുന്നത് അത് തിരസ്കാരവും സഹനവും മരണവും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒന്നായിരുന്നതുകൊണ്ടായിരിക്കണം. ശിഷ്യര്‍ക്കോ ജനസമൂഹത്തിനോ ഉള്‍ക്കൊള്ളാനാവാത്ത പ്രസ്തുത മിശിഹാസങ്കല്പം ദൈവം ഏല്പിച്ച നിയോഗം പൂര്‍ത്തിയാക്കുന്നതുവരെ അവന്‍ മറച്ചുവച്ചു.
യേശുവിന്‍റെ മൂന്നു പീഡാനുഭവപ്രവചനങ്ങളിലെ വിശദാംശങ്ങള്‍ ചരിത്രപരമായ പീഡാനുഭവസംഭവങ്ങളോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നു കണക്കാക്കുക ദുഷ്കരമാണ്. (അവ സംഭവിച്ചു കഴിഞ്ഞതിനു ശേഷമാണല്ലോ, പീഡാനുഭവപ്രവചനങ്ങള്‍ സുവിശേഷങ്ങളില്‍ എഴുതപ്പെട്ടത്) പീഡാനുഭവസംഭവങ്ങള്‍ സുവിശേഷത്തിലെ പീഡാനുഭവ പ്രവചനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും ജറുസലെമില്‍ തന്നെ കാത്തിരിക്കുന്ന മരണത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രവചിക്കാനും യേശുവിന് അതിമാനുഷികജ്ഞാനം ആവശ്യമില്ലായിരുന്നുവെന്നതും തീര്‍ച്ചയാണ്.
8:32, ഇതുവരെയും യേശു തന്‍റെ സഹനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നില്ല, മറിച്ച,് വ്യംഗ്യമായി സൂചിപ്പിക്കുകയാണു ചെയ്തിരുന്നത് (2:20; 4:33-34; 7:14-15; 7:17-23). മിശിഹാ സഹിക്കുകയും മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യണമെന്ന ഈ വെളിപാട് ശിഷ്യര്‍ക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരുന്നു. പത്രോസിന് യേശു പറഞ്ഞതു മനസ്സിലായി എങ്കിലും അത് അംഗീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ശക്തനായ രാജാവെന്ന പരമ്പരാഗത മിശിഹാ സങ്കല്പത്തെ സഹനദാസനായ മിശിഹാ എന്ന സങ്കല്പവുമായി വെച്ചുമാറാന്‍ പത്രോസ് തയ്യാറായിരുന്നില്ല. ശിഷ്യന്‍ ഗുരുവിനെ വിളിച്ചു മാറ്റിനിര്‍ത്തുന്നതുതന്നെ അചിന്ത്യമാണ്. പത്രോസിന്‍റെ ധാര്‍ഷ്ട്യത്തെയാവാം ഇതു സൂചിപ്പിക്കുന്നത്. യേശുവിനെ നിയന്ത്രിക്കാനുള്ള പത്രോസിന്‍റെ ശ്രമം നാമിവിടെ കാണുന്നു. പത്രോസ് യേശുവിനെ ശാസിച്ചുവെന്നാണ് ഗ്രീക്കു മൂലത്തില്‍ കാണുന്നത്. യേശു പിശാചുക്കളെ ശാസിക്കുന്നതിനെ സൂചിപ്പിക്കാന്‍ സുവിശേഷകന്‍ ഉപയോഗിക്കുന്ന "എപ്പിതിമാവോ" എന്ന വാക്കുതന്നെയാണ് യേശുവിനെ പത്രോസ് ശാസിച്ചുവെന്നു സൂചിപ്പിക്കുന്നതിനു സുവിശേഷകന്‍ ഉപയോഗിക്കുന്നത്. യേശുവിന്‍റെ ബന്ധുക്കള്‍ യേശുവിനെക്കുറിച്ചു കരുതിയതുപോലെ യേശുവിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഒരുപക്ഷേ പത്രോസും കരുതിയിട്ടുണ്ടാകും.
8:33, പത്രോസിനെ യേശു "സാത്താനെ" എന്നു വിളിക്കുന്നത് പത്രോസിന്‍റെ തടസ്സവാദത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സാത്താനാണെന്ന തിരിച്ചറിവുമൂലമാണ്. പത്രോസിന്‍റെ വാക്കുകള്‍ ദൈവത്തിന്‍റെ ഹിതത്തിനു വിരുദ്ധമായിരുന്നു. യേശുവിന്‍റെ പീഡാസഹനത്തെയും മരണത്തെയും ഉയിര്‍പ്പിനെയും എതിര്‍ക്കുന്നവര്‍ സാത്താന്‍റെ ഭാഗത്താണ് (മത്താ 4:10).
വിചിന്തനം: യേശു ആരാണെന്ന ചോദ്യം, യേശുവിനെക്കുറിച്ചും ശിഷ്യത്വത്തെക്കുറിച്ചുമുള്ള നമ്മുടെ ചിന്തകളില്‍ സഹനമെന്ന രഹസ്യത്തെ ഉള്‍ച്ചേര്‍ക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ദൈവികപദ്ധതിയില്‍ യേശുവിന്‍റെ സഹനവും മരണവും മനുഷ്യ രക്ഷയ്ക്കായിരുന്നുവെന്നല്ലാതെ, എന്തായിരുന്നു അതിന്‍റെ ആവശ്യമെന്ന് സുവിശേഷം നമുക്ക് പറഞ്ഞു തരുന്നില്ല. സഹനം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെയെന്നത് മാനുഷിക ചിന്തമാത്രമാണെന്നും സഹനത്തെക്കുറിച്ചുള്ള ശരിയായ ചിന്തയില്‍ അതിന് അര്‍ത്ഥമുണ്ടെന്നും (8:33) യേശു സൂചിപ്പിക്കുന്നു. സഹനത്തെ തന്‍റെ പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന ദൈവിക ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതാണെന്നു പൗലോസും പഠിപ്പിക്കുന്നു (1 കോറി 1:18-25).
യേശു നല്കിയ രോഗശാന്തികളും രോഗശാന്തി നല്കാന്‍ ശിഷ്യരെ അവന്‍ അധികാരപ്പെടുത്തിയതുമെല്ലാം അര്‍ത്ഥമാക്കുന്നത് മനുഷ്യന്‍റെ സഹനത്തില്‍ ദൈവം സന്തോഷിക്കുന്നില്ല എന്നതാണ്. എന്നാല്‍, സഹനവും ആത്മത്യാഗവുമൊന്നും ഒരിക്കലും അഭികാമ്യമല്ല എന്നു ചിന്തിക്കാന്‍ പാടില്ല. പല വലിയകാര്യങ്ങളും നല്ല കാര്യങ്ങളുമെല്ലാം മനുഷ്യന്‍ നേടിയെടുത്തിട്ടുള്ളത് സഹനത്തിലൂടെത്തന്നെയാണ്. നമ്മുടെ പല വിജയങ്ങളും കഷ്ടപ്പാടുകള്‍ സഹിച്ച് നേടിയിട്ടുള്ളവയാണല്ലോ. നാം നന്നായി പ്രാര്‍ത്ഥിച്ചാല്‍ സഹനങ്ങളെല്ലാം ദൈവം മാറ്റിത്തരും എന്നു ചിന്തിക്കുന്നത്, ദൈവത്തിന്‍റെ മനസ്സുമാറ്റാനുള്ള ക്രിയയാണ് പ്രാര്‍ത്ഥന എന്ന സങ്കല്പം മൂലമാണ്. അത്ഭുതങ്ങളുടെ യേശുവിനെ മാത്രമല്ല, ക്രൂശിതനായ യേശുവിനെയും ഉള്‍ക്കൊള്ളാന്‍ നമുക്കാവണം. പിതാവിന്‍റെ ഇഷ്ടത്തിനു കുരിശുമരണംവരെ കീഴ്വഴങ്ങാന്‍ യേശുവിനെ ശക്തിപ്പെടുത്തിയ ഗത്സെമനിയിലെ പ്രാര്‍ത്ഥനയാകണം ജീവിതസഹനങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ മാതൃക.
പേടിക്കേണ്ടതായ മുന്നറിയിപ്പ്: അപമാനകരമായ തന്‍റെ മരണത്തെക്കുറിച്ചുള്ള ചിന്ത യേശുവിനെ മഥിച്ചതുകൊണ്ടാകണം അതേപ്പറ്റി അവിടുന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഒന്നാം പീഡാനുഭവപ്രവചനത്തില്‍ ആരൊക്കെയാണ് തന്നെ തിരസ്കരിക്കാനും വധിക്കാനുമിരിക്കുന്നതെന്നു യേശു വ്യക്തമാക്കുന്നു: ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍. സാധാരണക്കാരല്ല, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരാണ് യേശുവിന്‍റെ മരണത്തിന് കരുക്കള്‍ നീക്കിയത്. സമൂഹത്തിലെ പരിശുദ്ധരും, പണ്ഡിതരുമായ വ്യക്തികളാണ് മിശിഹായെ തിരസ്കരിക്കാനും മരണത്തിനേല്പിക്കാനും തയ്യാറായതെന്നത് നമ്മെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ്യമാണ്. നമ്മുടെ പാണ്ഡിത്യമോ പരിശുദ്ധിയോ ഒന്നും ദൈവത്തിനും അവന്‍റെ ചെറിയവര്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് എപ്പോഴും നമ്മെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന മുന്നറിയിപ്പാണ് ഇതു നമുക്കു നല്കുന്നത്.
മൂന്നു ദിവസങ്ങള്‍ക്കപ്പുറത്തെ ഉയിര്‍പ്പ്: തന്‍റെ പീഡാനുഭവത്തെക്കുറിച്ച് പ്രവചിച്ച മൂന്നവസരങ്ങളിലും മൂന്നു ദിവസങ്ങള്‍ക്കുശേഷം താന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന് യേശു വെളിപ്പെടുത്തി. മൂന്നുദിവസമെന്നത് പഴയനിയമത്തില്‍ ഒരു ഹ്രസ്വകാലഘട്ടം എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. എന്നാല്‍ യേശുവിന്‍റെ കാര്യത്തില്‍ അത് മൂന്നാം ദിവസം തന്നെയായിമാറി എന്നതാണു യാഥാര്‍ത്ഥ്യം. സഹനത്തിലൂടെ കടന്നു പോകുന്ന നമ്മെ രക്ഷിക്കാന്‍ ദൈവം കടന്നു വരുന്നദിനമാണ് നമ്മെ സംബന്ധിച്ചത്തോളം മൂന്നാംദിവസം. കര്‍ത്താവു കടന്നുവരുന്ന മൂന്നാം ദിവസത്തെക്കുറിച്ചുള്ള ഉറപ്പ് പ്രത്യാശയോടെ ക്രൂശേറ്റെടുക്കാന്‍ നമ്മെ സഹായിക്കും.
Gospel of Mark Prophecy of the First Tribulation (8: 31-33) catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206