We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഈശോയുടെ വിനയവും ദൈവാശ്രയത്വവും എന്നാല്‍ അതിനുവിപരീതമായി പത്രോസിന്‍റെ സ്വാശ്രയത്വവുമാണ് നാമിവിടെ കാണുന്നത്. ഈശോയുടെ മനുഷ്യത്വത്തിന്‍റെ നിസ്സഹായത നാമിവിടെ വ്യക്തമായി കാണുന്നു. തന്‍റെ കഷ്ടതകളിലൂടെ ഭയലേശമെന്യേ കടന്നുപോകുന്ന ഒരു വീരപുരുഷനായിട്ടില്ല, മരണത്തോളം ദുഃഖിതനായ ഒരു സാധാരണ മനുഷ്യനായിട്ടാണു യേശുവിനെ നാമിവിടെ കാണുന്നത്.
14:32-34, ഗത്സെമനി എന്ന വാക്കിന്‍റെ അര്‍ത്ഥം എണ്ണച്ചക്ക് എന്നാണ്. ഒലിവുമലയിലെ ഒരു ചെറിയ തോട്ടമായിരുന്നുവത്. അതിന്‍റെ പ്രവേശനകവാടത്തിനടുത്ത് തന്‍റെ എട്ടുശിഷ്യന്മാരെയുമിരുത്തി (ശിഷ്യന്മാരെന്ന് യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരെ ഇനി വിശേഷിപ്പിക്കുന്നത് 16:7 ലാണ്). പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ടു കുറച്ചുകൂടി മുന്നോട്ടുപോയി. മൂവരും തന്‍റെ മഹത്വം കണ്ട ശിഷ്യരാണ്. ഇപ്പോള്‍ തന്‍റെ വേദനകള്‍ക്കുസാക്ഷ്യം വഹിക്കാനും തനിക്കു സാമാശ്വാസമേകാനുമാകണം യേശു അവരെ കൂടെകൂട്ടിയത്. യേശു മുമ്പും പലതവണ വന്നിട്ടുള്ള സ്ഥലമായിരുന്നു ഗത്സെമനി (ലൂക്കാ 22:39; യോഹ 18:2). "പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി" എന്നത് ഭയവും ഉത്കണ്ഠയും സംശയവുമെല്ലാം കൂടിച്ചേര്‍ന്ന തീവ്രമായ വികാരത്തെയാണു സൂചിപ്പിക്കുന്നത്. വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിവ് ആസന്നമായ മരണത്തിനു മുന്നിലുള്ള യേശുവിന്‍റെ വൈകാരിക വിഷമതകളെ ഇല്ലാതാക്കുകയല്ല, തീക്ഷ്ണമാക്കുകയാണു ചെയ്യുന്നത്.
14:34, തന്‍റെ ദുഃഖം തന്നെ കൊല്ലാന്‍ മാത്രം ശക്തമാണെന്ന് യേശു വെളിപ്പെടുത്തുന്നു.
14:35-36, "മണിക്കൂര്ڈ" യേശുവിന്‍റെ മരണത്തിന്‍റെ മണിക്കൂറാണ്. സാദ്ധ്യമെങ്കില്‍ എന്നത് ദൈവത്തിനു കഴിയുമെങ്കിലെന്ന അര്‍ത്ഥത്തിലല്ല, ദൈവത്തിന് ഇഷ്ടമെങ്കില്‍ എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. തന്‍റെ മരണം കൂടാതെ മനുഷ്യരക്ഷാകര്‍മ്മം സാധിക്കാന്‍ ദൈവം മനസ്സാകുന്നെങ്കില്‍ എന്നാണതിനര്‍ത്ഥം. തന്‍റെ ശിഷ്യന്മാര്‍ തന്നില്‍ ഇടറി ചിതറിപ്പോകുന്നതും അവരാല്‍ ഒറ്റപ്പെട്ടും തള്ളിപ്പറയപ്പെട്ടും ശത്രുക്കളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടും താന്‍ മരിക്കുന്നതുമായ രംഗങ്ങളെക്കുറിച്ചുള്ള അറിവുതന്നെ ജീവനെടുക്കാന്‍ മാത്രം ശക്തമാണ്. ഇത്തരമൊരുമരണത്തില്‍നിന്ന് തന്നെ രക്ഷിക്കാന്‍ യേശു പിതാവിനോട് പ്രാര്‍ത്ഥിക്കുന്നു. യഹൂദര്‍ ദൈവത്തെ ആബാ എന്നു വിളിക്കില്ലായിരുന്നു.അത്രയും അടുപ്പത്തോടെ ദൈവനാമം കൈകാര്യം ചെയ്യുന്നത് ബഹുമാനക്കുറവായാണ് അവര്‍ മനസ്സിലാക്കിയിരുന്നത്. ദൈവത്തിന്‍റെ സ്വഭാവത്തിനു നിരക്കുന്ന എല്ലാം ദൈവത്തിനു സാദ്ധ്യംതന്നെയെന്ന വിശ്വാസം യേശു പ്രഖ്യാപിക്കുന്നു. പീഡാസഹനവും മരണവുമാണ് "പാനപാത്രڈമെന്നതുകൊണ്ടുദ്ദേശിക്കുന്നത്. "എന്‍റെ ഹിതമല്ല, അവിടുത്തെ ഹിതം മാത്രം" എന്നു പറഞ്ഞുകൊണ്ടാണ് യേശു തന്‍റെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത്. യേശുവിന്‍റെ ജീവിതം മുഴുവന്‍ പിതാവിന്‍റെ ഇഷ്ടാനിഷ്ടങ്ങളുടെ നിര്‍വ്വഹണമായിരുന്നു. യേശുവിന്‍റെ കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയായി (3:35) അവിടുന്നു ദൈവവേഷ്ടത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചു. യേശുവിന്‍റെ പീഡാസഹനവും മരണവും ദൈവികപദ്ധതിയുടെ ഭാഗമാണെന്നും അത് ഏറ്റെടുക്കാന്‍ യേശു സന്നദ്ധനായിരുന്നുവെന്നും യേശുവിന്‍റെ പ്രാര്‍ത്ഥന വ്യക്തമാക്കുന്നു. "ആബ്ബാ, പിതാവേ" എന്ന വിളിയും "എന്‍റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം" എന്ന പ്രാര്‍ത്ഥനയും യേശുവിന്‍റെ ഗത്സെമിനിയിലെ പ്രാര്‍ത്ഥനയിലും കര്‍തൃപ്രാര്‍ത്ഥനയിലും പൊതുവായിക്കാണുന്ന ഘടകങ്ങളാണ്.
14:37, പത്രോസിന്‍റെ ആത്മവിശ്വാസം കലര്‍ന്ന പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാകാം (വാ. 29,31) യേശു പത്രോസിനെ പേരെടുത്തു വിളിച്ച് ഇപ്രകാരം ചോദിക്കുന്നത്. പത്രോസിന്‍റെ ആദ്യത്തെ പേരായ ശിമയോന്‍ എന്ന പേര് യേശു ഇവിടെ ഉപയോഗിക്കുന്നത് പത്രോസിന്‍റെ സ്വതവേയുള്ള ബലഹീനതയെ സൂചിപ്പിക്കാനാകാം.
14:38, പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള പ്രാര്‍ത്ഥനയും കര്‍തൃപ്രാര്‍ത്ഥനയുടെ ഭാഗമാണ്. ഉണര്‍ന്നിരിക്കുകയും (13:34, 35,37) പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ആവശ്യമാണ്. ആത്മാവും ശരീരവും പരസ്പരം പോരടിക്കുന്ന മനുഷ്യനിലെ രണ്ടു വ്യത്യസ്തശക്തികളാണ്. മനുഷ്യനിലെ ആത്മീയവശവും മൃഗീയമാനവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. മരണംവരിച്ചും യേശുവിനോടൊപ്പം നില്ക്കാന്‍ ആത്മാവു സന്നദ്ധമാണ്. എന്നാല്‍ ശരീരം ബലഹീനമാണ്. അത് സഹനത്തെയും മരണത്തെയും ഭയപ്പെടുന്നു. ശരീരത്തിന്‍റെമേല്‍ ആത്മാവിന് വിജയം വരിക്കണമെങ്കില്‍ പ്രാര്‍ത്ഥനകൊണ്ട് ആത്മാവിനെ ശക്തിപ്പെടുത്തണം.
39-40, തന്നോടൊപ്പം ഉണര്‍ന്നിരിക്കാനും തനിക്കു ശക്തിപകരാനും പരാജയപ്പെട്ട ശിഷ്യന്മാരുടെപക്കല്‍നിന്ന് യേശു തന്നെ എന്നും താങ്ങിനിറുത്തുന്നവനായ പിതാവിന്‍റെ പക്കലേയ്ക്കു തിരിച്ചുപോകുന്നു. ദൈവത്തോട് അവിടുത്തെ മനസ്സുമാറ്റാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ബൈബിളിന്‍റെ വീക്ഷണത്തില്‍ ദൈവത്തോടുള്ള ബഹുമാനക്കുറവിന്‍റെ സൂചനയല്ല. മോശയും (പുറ 32:10-14) ഹെസെക്കിയായും (2 രാജാ 20:1-6) അതുതന്നെ ചെയ്യുന്നുണ്ട്. അത്തരം പ്രാര്‍ത്ഥന ദൈവത്തിനെതിരായ മറുതലിപ്പല്ല, പ്രസ്തുത ദൈവത്തിന്‍റെ സ്നേഹത്തിലും നീതിയിലുമുള്ള വിശ്വാസത്തിന്‍റെ പ്രകടനമാണ്. ശിഷ്യന്മാര്‍ മറുപടി പറയാതിരുന്നത് അവരുടെ പ്രവൃത്തിയില്‍ അവര്‍തന്നെ ലജ്ജിതരായതുകൊണ്ടാകാം.
14:41-42, വലിയ ആത്മീയ ശക്തിയുണ്ടെന്നു സ്വയം വിചാരിച്ച ശിഷ്യരുടെ ആത്മീയമായ പാപ്പരത്ത്വമാണ് പ്രാര്‍ത്ഥിക്കാന്‍ പറ്റാതെ കിടന്നുറങ്ങുന്നതില്‍ നാം കാണുന്നത്. പ്രാര്‍ത്ഥനയിലുള്ള യേശുവിന്‍റെ സ്ഥിരത ദൈവത്തിലുള്ള അവിടുത്തെ സമ്പൂര്‍ണ്ണമായ ആശ്രയത്തിന്‍റെ പ്രകടനമാണ്. പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കുരിശെടുക്കാന്‍ യേശു ഒരുങ്ങുന്നത്. ഒരു പ്രാര്‍ത്ഥനയോടെ കുരിശില്‍ അവന്‍ മരിക്കുകയും ചെയ്തു (എന്‍റെ ദൈവമേ....) ഗത്സെമനിയില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിയതുകൊണ്ടാണ് തന്‍റെ ശത്രുക്കള്‍ അടുത്തെത്തിയിട്ടും ഭഗ്നാശനാകാതെ നില്ക്കാന്‍ അവന് സാധിച്ചത്.
വിചിന്തനം: ഗത്സെമനിയിലെ ഉണര്‍ത്തുവിളി: പതിനൊന്നായി ചുരുങ്ങിയ തന്‍റെ ഏറ്റവും അടുത്ത സുഹൃത്സംഘവുമായാണ് യേശു ഗത്സെമനിയിലെത്തിയത്. അതില്‍ മൂന്നുപേരെ, (താബോര്‍) മലമുകളില്‍ തന്‍റെ സ്വര്‍ഗ്ഗീയ മഹത്വം ദര്‍ശിച്ച പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ ഭൂമിയിലെ തന്‍റെ ദയനീയത നേരിട്ടുകാണാനും അവന്‍ ക്ഷണിച്ചു. അവന്‍റെ പര്യാകുലതയും അസ്വസ്ഥതയും അവര്‍ക്കു മനസ്സിലാകാഞ്ഞിട്ടോ എന്തോ അവന്‍ അതിന്‍റെ കാരണം വെളിപ്പെടുത്തി, "എന്‍റെ ആത്മാവു മരണത്തോളം ദുഃഖിതമായിരിക്കുന്നു." എന്നിട്ട് ഒന്നേ അവന്‍ അവരോട് ആവശ്യപ്പെട്ടുള്ളൂ, "നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍." എങ്കിലും ദുഃഖംകൊണ്ടുതന്നെ മരണത്തിന്‍റെ വക്കിലെത്തിയിരിക്കുന്ന അവനോടൊപ്പം ഉണര്‍ന്നിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
"ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ" എന്ന യേശുവിന്‍റെ ചോദ്യം ഹൃദയഭേദകമായിരുന്നു. അവന്‍ അവരെ കൂടെക്കൊണ്ടു വന്നതുതന്നെ അവരുടെ സാന്നിദ്ധ്യത്തിന്‍റെ ആശ്വാസം തേടിയായിരുന്നിരിക്കണം. എന്നാല്‍ അവര്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുയായിരുന്നു. യേശുവിന്‍റെ രോദനം ബധിര കര്‍ണ്ണങ്ങളിലാണു പതിച്ചത്. യേശുവിന്‍റെ വേദന കാണാന്‍ അവിടെയാരും ഉണര്‍ന്നിരിപ്പുണ്ടായിരുന്നില്ല. തങ്ങളുടെ വേദനകളോട് സഹതപിക്കുന്നവരാരുമില്ല എന്ന് ദുഃഖിക്കുന്നവര്‍ക്ക് മുമ്പേ നടക്കുകയായിരുന്നു യേശു.
രോഗക്കിടക്കയിലായിരിക്കുമ്പോള്‍, ഡോക്ടര്‍ തങ്ങളെ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ, നേഴ്സുമാര്‍ അശ്രദ്ധമായാണോ തങ്ങളെ പരിചരിക്കുന്നത്; ചെയ്യേണ്ട കാര്യങ്ങളൊക്കെ വീട്ടുകാര്‍ താത്പര്യത്തോടെ ചെയ്യുന്നുണ്ടോയെന്നൊക്കെയുള്ള സംശയങ്ങള്‍ പ്രത്യേകിച്ച് പ്രായമായവര്‍ക്കൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്. നാം ജീവിക്കുന്ന നമ്മുടെ കുടുംബമെന്ന ഗത്സെമനിയില്‍, ആരും നമ്മുടെ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കുംനേരേ, ആകുലതകള്‍ക്കും ആവശ്യങ്ങള്‍ക്കുംനേരേ കണ്ണുതുറന്നിരുപ്പില്ലെന്ന്, ഉണര്‍ന്നിരുപ്പില്ലെന്ന് വേദനയോടെ തിരിച്ചറിയുന്ന അവസരങ്ങളുണ്ടാകാം.
നമ്മുടെ ചുറ്റും ഇതുപോലെയുള്ള ഗത്സെമനി അനുഭവത്തിലൂടെ കടന്നു പോകുന്നവരുണ്ട്; തങ്ങളുടെ ഗത്സെമനിയില്‍ നിറുത്താതെ പ്രാര്‍ത്ഥിക്കുന്നവര്‍, രക്തം വിയര്‍ക്കുന്നവര്‍. അവരോടൊപ്പം ഉണര്‍ന്നിരിക്കാന്‍, അവരുടെ വിഹ്വലതകളിലേക്ക് നോട്ടം അയയ്ക്കാന്‍ നമുക്കു കഴിയുന്നുണ്ടോ? നിസംഗതയുടെയും നിര്‍വ്വികാരതയുടെയും ആലസ്യത്തില്‍ അമരുകയാണ് എളുപ്പവും സുഖവും. പക്ഷേ നമ്മുടെ സ്നേഹവും ബഹുമാനവും കരുതലും കരുണയുമൊക്കെ കാത്തിരിക്കുന്നവരിലേക്കു കടന്നു ചെല്ലുവാനുള്ള ഉണര്‍ത്തുമണിയാണ് ഗത്സെമനി.
ഗത്സെമനിയുടെ പാഠം: നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ഏറ്റവും നിര്‍ണ്ണായകനിമിഷങ്ങളില്‍ അവരുടെ നിരന്തരമായ സഹായാപേക്ഷ അവഗണിച്ചുകൊണ്ടുപോലും നമ്മുടെ സുഖലോലുപതയുടെയും സ്വാര്‍ത്ഥതയുടെയും ആലസ്യത്തില്‍ നാം മുഴുകാന്‍ സാദ്ധ്യതയുണ്ടെന്ന ദുഃഖകരമായ പാഠം ഗെത്സെമന്‍ തോട്ടത്തില്‍ യേശുവിനോടുള്ള അവന്‍റെ ശിഷ്യന്മാരുടെ സമീപനം നമ്മെ പഠിപ്പിക്കുന്നു.
Gospel of Mark Praying in Gethsemane (14: 32-42) catholic malayalam Dr. Jacob Chanikuzhi gospel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206