x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, പത്രോസ് തള്ളിപ്പറയുന്നു (14:66-72)

Authored by : Dr. Jacob Chanikuzhicath On 04-Feb-2021

യേശുവിന്‍റെ വിചാരണ മുകളില്‍ മുറിയില്‍ നടക്കുമ്പോള്‍ താഴെ മുറ്റത്താണ് പത്രോസ് "വിചാരണ" ചെയ്യപ്പെടുന്നത്. യേശുവും പത്രോസും തമ്മിലുള്ള അന്തരം മറ നീക്കിക്കാണിക്കുന്ന ഭാഗമാണിത്. 

                               
14:66-68, പ്രധാന പുരോഹിതന്‍റെ മുറ്റത്തുള്ള പത്രോസിന്‍റെ സാന്നിദ്ധ്യം യേശുവിനോടുള്ള സ്നേഹത്തിന്‍റെ അടയാളമാണ് ദൗര്‍ഭാഗ്യവശാല്‍ ആ സ്നേഹത്തിന് ഭയത്തെ അതിജീവിക്കാനായില്ല. പ്രധാന പുരോഹിതന്‍റെ പരിചാരിക ഒരുപക്ഷേ പത്രോസിനെ യേശുവിനോടൊപ്പം ദേവാലയത്തില്‍വച്ചോ, പട്ടണത്തില്‍വച്ചോ കണ്ടിട്ടുണ്ടാകാം. ഔദ്യോഗികമായും നിയമപരമായും ഒരുകാര്യം നിഷേധിക്കുന്നതിനുള്ള രീതിയിലാണ് യേശുവിനെ പത്രോസ് തള്ളിപ്പറയുന്നത്. അതിനുശേഷം പത്രോസ് അവിടെനിന്നു "രക്ഷപെട്ട്" പൊതുവഴിയുടെയടുത്തേക്കു നീങ്ങി. 68-ാം വാക്യത്തിന്‍റെ ഒടുവില്‍ ചില കയ്യെഴുത്തുപ്രതികള്‍ "അപ്പോള്‍ കോഴി കൂകി" എന്നു ചേര്‍ത്തിട്ടുണ്ട്. 14:30 ല്‍ യേശു നടത്തിയ പ്രവചനത്തിന്‍റെയും 14:32 ല്‍ കാണുന്ന പൂര്‍ത്തീകരണത്തിന്‍റെയും വെളിച്ചത്തില്‍ പില്കാലപകര്‍പ്പെഴുത്തുകാര്‍ കൂട്ടിച്ചേര്‍ത്തതാകാമിത്.

                                   
14:69-70, പത്രോസിനോടു നേരിട്ടു പറയുന്നതിനു പകരം അടുത്തു നിന്നവരോടാണു പരിചാരിക തന്‍റെ അഭിപ്രായം പങ്കിടുന്നത്. അതുകേട്ട പത്രോസ് വീണ്ടും നിഷേധിച്ചു പറയുന്നു.                                                           
14:70-71, ഇക്കുറി ഒന്നില്‍ക്കൂടുതല്‍ പേര്‍ ഒരുമിച്ചാണ് പത്രോസിനെതിരെ ആരോപണമുന്നയിക്കുന്നത്. താന്‍ യേശുവിനെ അറിയുക പോലുമില്ലെന്നാണ് ഇത്തവണ പത്രോസ് പറഞ്ഞത്. താന്‍ പറയുന്നത് സത്യമാണെന്ന് സ്ഥാപിക്കാന്‍ പത്രോസ് ആണയിടുകയും താന്‍ നുണയാണ് പറയുന്നതെങ്കില്‍ തന്‍റെമേല്‍ ശാപം വന്നു ഭവിക്കട്ടെയെന്ന് പ്രസ്താവിക്കുകയും ചെയ്തു.                                                                                                                                                                                                   
14:72, കോഴി രണ്ടാംതവണ കൂവുന്നത് മര്‍ക്കോസുമാത്രമാണ് രേഖപ്പെടുത്തുന്നത്. പത്രോസിന് കൊടുത്ത മുന്നറിയിപ്പുകള്‍ അവന്‍ അവഗണിച്ചു. ഇപ്പോള്‍ അയാള്‍ യേശുവിന്‍റെ വാക്കുകള്‍ ഓര്‍മ്മിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്നു. പത്രോസ് യേശുവിന്‍റെ വാക്കുകള്‍ അല്പമെങ്കിലും ഓര്‍ക്കാന്‍ വളരെ വൈകിപ്പോയി. ഇനി പത്രോസിനെ നാം കാണുന്നത് യേശുവിന്‍റെ ഉത്ഥാനത്തിനുശേഷം മാത്രമാണ്.                                  
തങ്ങളെത്തന്നെ കുറ്റം വിധിക്കുന്ന എന്തൊക്കെ കാര്യങ്ങളാണ് ശിഷ്യര്‍ എഴുതി വച്ചിരിക്കുന്നതെന്നു നോക്കുക. തങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ആരും ഒരിക്കലും അറിയാനിടയില്ലാതിരുന്ന തങ്ങളുടെ തെറ്റുകള്‍ അവര്‍ എഴുതിവച്ചുവെന്നത് അവരുടെ സത്യസന്ധതയുടെയും എളിമയുടെയും അടയാളമാണ്. യേശുവിന് അപമാനകരമായ പീഡകളുടെ വിവരണം അവര്‍ നല്‍കിയിരിക്കുന്നത് സത്യസന്ധതയിലുള്ള അവരുടെ ഉന്നതനിലവാരത്തെയാണ് കുറിക്കുന്നത്. ഇത്ര സത്യസന്ധ രായ സുവിശേഷകരുടെ വിവരണം അവിശ്വസിക്കുന്നവര്‍ ലോകത്തെ വിടെയെങ്കിലുമുള്ള എഴുതപ്പെട്ട എല്ലാരേഖകളും, ചരിത്രങ്ങളും, ജീവചരിത്രങ്ങളും അവിശ്വസിക്കണം (എവുസേബിയൂസ്).                                                                                            
ഗുരുവായ പത്രോസിന്‍റെ തെറ്റ് ശിഷ്യനായ മര്‍ക്കോസ് മറച്ചുവച്ചില്ലെന്നു മാത്രമല്ല, അതേക്കുറിച്ച് മറ്റു സുവിശേഷകര്‍ നല്‍കുന്നതിനെക്കാള്‍ വിശദമായ വിവരണം നല്‍കുകയും ചെയ്തു (ക്രിസോസ്റ്റോം).                        
ദാവീദ് തന്‍റെ മാരകമായ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും തന്‍റെ രാജസ്ഥാനത്തു തുടരുകയും ചെയ്തതുപോലെ പത്രോസും തീവ്രമായി പശ്ചാത്തപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്ത് അപ്പസ്തോലനായി തുടര്‍ന്നു (അഗസ്റ്റിന്‍).                                                                                                                                                                        
സഭയുടെ തലവനായി താന്‍ നിയമിച്ച പത്രോസിനെ ഒരു വേലക്കാരിപ്പെണ്ണിന്‍റെ ശബ്ദത്തിനു മുന്നില്‍ ഭയന്നുവിറയ്ക്കാന്‍ ദൈവം അനുവദിച്ചതെന്തുകൊണ്ടാണ്? സഭയുടെ ഇടയന്‍ മറ്റുള്ളവരോട് കരുണ കാണി ക്കാന്‍ സ്വന്തം വീഴ്ചയിലൂടെ പഠിക്കാന്‍ വേണ്ടിയായിരുന്നു അത്. പത്രോസ് ആരാണെന്ന് പത്രോസിനുതന്നെ കാണിച്ചു കൊടുത്ത ശേഷമാണ് മറ്റുള്ളവരുടെമേല്‍ അധികാരിയായി ദൈവം അവനെ നിയമിക്കുന്നത്. മറ്റുള്ളവരുടെ ബലഹീനതയോട് എങ്ങനെ കരുണ കാണിക്കണമെന്ന് സ്വന്തം ബലഹീനതയില്‍നിന്ന് പത്രോസ് പഠിക്കണമെന്ന് ദൈവം ആഗ്രഹിച്ചു (മഹാനായ ഗ്രിഗറി). 

                                                                                           
വിചിന്തനം: യഹൂദസമുദായത്തിലെ പരമാധികാരികളുടെ മുമ്പില്‍ ഭയപ്പെടാതെ തന്‍റെ മിശിഹാത്വം പ്രഖ്യാപിക്കാന്‍ യേശുവിനു സാധിച്ചു. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ, വാക്കുകള്‍ക്ക് മുന്നില്‍ പത്രോസ് പതറിപ്പോയി. കാരണം വ്യക്തം. യേശു ഗത്സെമനിയില്‍ പ്രാര്‍ത്ഥിച്ചു; പത്രോസ് പ്രാത്ഥിക്കാതെ കിടന്നുറങ്ങി.

gospel-of-mark-peter-denies-jesus catholic malayalam Dr. Jacob Chanikuzhicath Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message