x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, സാബത്തിലെ നന്മയുടെ പേരില്‍ (3:1-6)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

സിനഗോഗില്‍ യേശു ചെയ്യുന്ന രണ്ടാമത്തെ അത്ഭുതമാണിത്. സാബത്തില്‍ യേശു രോഗശാന്തി നല്‍കുമോ എന്നറിയാന്‍ അവന്‍റെ വിമര്‍ശകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മനുഷ്യരുടെ ഗൂഢോദ്ദേശ്യങ്ങള്‍ ദൈവം അറിയുന്നതുപോലെതന്നെ യേശുവിനു മനസ്സിലാക്കാന്‍ സാധിക്കുമെന്നു വായനക്കാരന് ഇതിനകംതന്നെ ബോധ്യം വന്നിട്ടുള്ളതാണ് (2:8). ഇവിടെയും എതിരാളികളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കി യേശു കൈ ശോഷിച്ച മനുഷ്യനെ നടുവിലേക്കു ക്ഷണിക്കുന്നു. കഴിഞ്ഞ ഭാഗങ്ങളില്‍ കണ്ട (2:24) ഫരിസേയര്‍ തന്നെയാവണം ഇവിടെയും യേശുവിന്‍റെ വിമര്‍ശകര്‍. മിഷ്ന shab7:2 വിവരിക്കുന്ന 39 കൂട്ടം സാബത്തുലംഘനങ്ങളുടെ കൂട്ടത്തില്‍ ചികിത്സപെടുത്തിയിട്ടില്ല. സാബത്തില്‍ രോഗശാന്തി നല്‍കുന്നതിനെക്കുറിച്ച് ഫരിസേയരുടെ ഇടയില്‍ത്തന്നെ ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മരണവക്ത്രത്തില്‍പ്പെട്ടിരിക്കുന്ന ഒരുവനെ സുഖമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സാബത്തുലംഘനമായി ഫരിസേയര്‍ പൊതുവെ കരുതിയിരുന്നില്ല. എന്നാല്‍ എസ്സീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സാബത്തനുഷ്ഠാനത്തിന്‍റെ കാര്യത്തില്‍ വളരെ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. താന്‍ ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ച് സാബത്തുദിവസം ചിന്തിക്കുന്നതു പോലും സാബത്തുലംഘനമായിട്ടാണ് അവര്‍ കരുതിയിരുന്നത്. കൈശോഷിച്ചയാള്‍ മരണകരമായ അവസ്ഥയിലാണെന്ന് ചിന്തിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ആ മനുഷ്യന്‍ ഒരു മേസ്തിരിയായിരുന്നുവെന്നും അയാളുടെ അസുഖം അയാളെ തൊഴില്‍രഹിതനാക്കിയതിലൂടെ അയാള്‍ മരണവക്ത്രത്തില്‍പ്പെട്ടിരിക്കുകയായിരുന്നു എന്നമുള്ള വ്യാഖ്യാനങ്ങള്‍ (ഉദാ: "നസ്രായന്‍റെ സുവിശേഷം" എന്ന അപ്രാമാണിക ഗ്രന്ഥം) യേശുവിന്‍റെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ പരിശ്രമിക്കു ന്നതാണ്. യേശുവിന്‍റെ ചോദ്യം വിമര്‍ശകരുടെ വായടപ്പിക്കുന്ന ഒന്നായിരുന്നു. ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടി സാബത്തുലംഘിച്ച് യുദ്ധം ചെയ്യാന്‍ മക്കബായര്‍ തയ്യാറായ സംഭവം പഴയനിയമത്തില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (1 മക്ക 2:41). സാബത്തില്‍ നന്മ ചെയ്യുന്നതും ജീവന്‍ രക്ഷിക്കുന്നതും അനുവദനീയമല്ലെന്നു പറയാന്‍ ഫരിസേയര്‍ക്കാവില്ലല്ലോ. അതുകൊണ്ട് അവര്‍ നിശബ്ദരായിനിന്നു. സാബത്തില്‍ എന്താണ് നന്മയായിട്ടുള്ളതെന്ന് വ്യക്തമായിട്ടും നിശബ്ദരായിരിക്കുന്നത് നന്മയോടുള്ള എതിര്‍പ്പുകൊണ്ടല്ല നന്മചെയ്യുന്ന യേശുവിനോടുള്ള എതിര്‍പ്പുകൊണ്ടാണെന്നു തീര്‍ച്ച. അവരുടെ ഹൃദയകാഠിന്യം യേശുവിനെ ദുഖിതനാക്കുന്നു. ദൈവവചനത്തിനെതിരെ ഹൃദയം കൊട്ടിയടക്കുന്നവരാണു കഠിനഹൃദയര്‍ (എസെ 3:7; അപ്പ 28:27). യേശുവിന്‍റെ ക്രോധവും ദുഖവും "എന്നാല്‍പ്പിന്നെ ആര്‍ക്കും ഒരു നന്മയും ചെയ്യേണ്ട" എന്ന നിഷേധാത്മകമായ മനോഭാവത്തിലേക്കല്ല യേശുവിനെ നയിക്കുന്നത് (കോപവും ദുഖവും വരുമ്പോള്‍, ചെയ്യേണ്ട കാര്യങ്ങള്‍ പലപ്പോഴും നാം ചെയ്യാറില്ലല്ലോ). തന്‍റെ ദുഖവും ക്രോധവും മറന്ന് ആ മനുഷ്യനെ അവിടുന്ന് സുഖപ്പെടുത്തുന്നു. "തളര്‍ന്ന കൈകളെ അവന്‍ ശക്തിപ്പെടു ത്തും"(ഏശ 35:3). സാബത്തില്‍ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തി അനുവദനീയമാണെങ്കില്‍ ആരോഗ്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തിയും അനുവദനീയമാണെന്നതുകൊണ്ടാണ് ഈശോ മനുഷ്യനെ സുഖപ്പെടുത്തുന്നത്. വാസ്തവത്തില്‍ തന്‍റെ വചനംകൊണ്ട് മാത്രമാണ് യേശു അവന് സൗഖ്യം നല്‍കുന്നത്. നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ അവിടുന്ന് സാബത്തു ലംഘിക്കുന്നുമില്ല. എങ്കിലും ഫരിസേയര്‍ ഹേറോദേസ് പക്ഷക്കാരുമായിച്ചേര്‍ന്ന് യേശുവിനെ കൊല്ലാന്‍ ആലോചിക്കുകയാണ്. സാബത്തു ദിവസം നന്മചെയ്തത് കുറ്റമായികണ്ടവര്‍, അതേ ദിവസംതന്നെ ഒരു മനുഷ്യനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് സാബത്തിന്‍റെ ലംഘനമായി കാണുന്നില്ലെന്നതാണ് ഇവിടുത്തെ വിരോധാഭാസം.                                                                                                                                                     
നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ സാബത്തു ലംഘനമാകുന്ന ഒന്നും തന്നെ യേശു ഇവിടെ ചെയ്യുന്നില്ല. എന്നിട്ടും എതിരാളികള്‍ യേശുവിനെ കൊല്ലാനാലോചിക്കുന്നതെന്തുകൊണ്ടാവും? 3:4ലെ യേശുവിന്‍റെ ചോദ്യത്തിന് എതിരാളികള്‍ മറുപടികൊടുക്കുന്നില്ല. നീതിമാന്മാരായ ആര്‍ക്കും ഉത്തരം വ്യക്തമാണ്. ആ നിലയ്ക്ക് ഫരിസേയരുടെ മൗനം ജനമധ്യത്തില്‍ അവരുടെ ദുഷ്ടതയെക്കുറിച്ചുള്ള വാചാലമായ സാക്ഷ്യമായിമാറി. വാസ്തവത്തില്‍, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കു ന്നതോ, ഏതാണു നിയമാനുസൃതം എന്ന യേശുവിന്‍റെ ചോദ്യംതന്നെ യേശുവിന്‍റെ ജീവന്‍ നശിപ്പിക്കാനുള്ള അവരുടെ ഗൂഢോദ്ദേശ്യത്തിന്‍റെ വെളിപ്പെടുത്തലായിരുന്നു. ജനമധ്യത്തില്‍ ഇതിനകംതന്നെ ഇളിഭ്യരായി കഴിഞ്ഞിരുന്ന എതിരാളികള്‍ യേശുവിന്‍റെ ചോദ്യംകേട്ട് വിവര്‍ണ്ണരായിത്തീര്‍ന്നിട്ടുണ്ടാവും. തുടര്‍ന്ന് സാബത്തു ലംഘിക്കാതെതന്നെ യേശു ആ രോഗിയെ സുഖമാക്കിയപ്പോള്‍ യേശു തന്‍റെ പരഹൃദയജ്ഞാനം കൊണ്ടും പ്രബോധനംകൊണ്ടും പ്രവര്‍ത്തികൊണ്ടും തങ്ങളെക്കാള്‍ അതിമാത്രം ശക്തനാണെന്നു എതിരാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. തങ്ങള്‍ക്കേറ്റ വലിയ അപമാനത്തിനും വിശ്വാസ്യതാശോഷണത്തിനും കണക്കു ചോദിക്കാനാകണം യേശുവിനെ കൊല്ലാന്‍ അവര്‍ ആലോചി ക്കുന്നത്.                                                                                                                                                                            
ഫരിസേയര്‍ ഒരു മതവിഭാഗമാണ്. ഹേറോദേസ് പക്ഷക്കാര്‍ രാഷ്ട്രീയ ക്കാരും. ഹേറോദേസ് അന്തിപ്പാസിന്‍റെ ഭരണത്തെ അനുകൂലിച്ചിരുന്ന വരാണ് ഹേറോദേസ് പക്ഷക്കാര്‍. ആ നിലയ്ക്ക് അവര്‍ റോമിന്‍റെ ഭരണത്തെയും അനുകൂലിച്ചിരുന്നു. ഫരിസേയര്‍ റോമന്‍ഭരണത്തോട് ഉള്ളാലെ അതൃപ്തി ഉണ്ടായിരുന്ന വിഭാഗമാണ്. രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഫരിസേയരും ഹേറോദേസ് പക്ഷക്കാരും യേശുവിനെ കൊല്ലുന്ന കാര്യത്തില്‍ ഒന്നിക്കുന്ന നാടകീയരംഗമാണ് നാമിവിടെ കാണുന്നത്.   

                                                            
വിചിന്തനം: സാബത്താചരണത്തിനുള്ള തീക്ഷ്ണത സാബത്തിന്‍റെ അര്‍ത്ഥത്തെതന്നെ അവമതിക്കുന്ന രീതിയിലാകുന്ന സംഭവങ്ങളാണ് മര്‍ക്കോസ് വിവരിച്ചിരിക്കുന്നത്. ദൈവത്തെക്കുറിച്ചും പാരമ്പര്യത്തെ ക്കുറിച്ചും തങ്ങള്‍ ധരിച്ചുവച്ചിരിക്കുന്ന ബോധ്യങ്ങള്‍ ചോദ്യം ചെയ്യ പ്പെടുമ്പോള്‍ ചിലപ്പോള്‍ ദൈവികതീക്ഷ്ണതയുള്ള വ്യക്തികള്‍പോലും അക്രമാസക്തരാകാനും കൊടിയ തിന്മപ്രവര്‍ത്തിക്കാനും സാധ്യതയു ണ്ടെന്ന് അവസാനത്തെ സംഘര്‍ഷകഥ (3:1-6) നമുക്കു മുന്നറിയിപ്പു നല്‍കുന്നു. ദൈവത്തെക്കുറിച്ച് പുത്തന്‍കാഴ്ച്ചപ്പാടുകളും ഈ കാഴ്ചപ്പാടുകള്‍ക്കനുസൃതമായ ജീവിതശൈലിയും അവതരിപ്പിച്ച യേശു വിനെ ദൈവത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ പുലര്‍ത്തി യിരുന്നവര്‍ കൊന്നൊഴിവാക്കാന്‍ ശ്രമിക്കുന്നു. മാറുന്നകാലഘട്ട ത്തെയും അതിന്‍റെ കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാനും കാലഘട്ടത്തി നിണങ്ങിയ മതജീവിതശൈലി അവതരിപ്പിക്കാനും സഭയ്ക്ക് ഉത്തിരവാദിത്വമുണ്ട്.

Gospel of Mark on the Sabbath (3: 1-6) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message