x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, ശിഷ്യഗണത്തിനു പ്രേഷിതദൗത്യം (16:14-18)

Authored by : Dr. Jacob Chanikuzhi On 05-Feb-2021

ര്‍ക്കോസിന്‍റെ വിവരണമനുസരിച്ച് ഉയിര്‍പ്പു ഞായറാഴ്ച വൈകുന്നേരമാണ് യേശു പതിനൊന്നു ശിഷ്യര്‍ക്കുമായി പ്രത്യക്ഷപ്പെടുന്നത് (വാ.14). യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന വാര്‍ത്ത മാത്രമല്ല, യേശു ഉയിര്‍ത്തേഴുന്നേല്ക്കാനുള്ള സാദ്ധ്യതപോലും അവര്‍ വിശ്വസിച്ചില്ല. ശിഷ്യന്മാരുടെ ഈ അവിശ്വാസം, ഭാവിയില്‍ തങ്ങളുടെ പ്രഘോഷണത്തെ തള്ളിക്കളയാനിരിക്കുന്നവരുടെ അവിശ്വാസത്തെ ധാരണപൂര്‍വ്വം വീക്ഷിക്കാന്‍ അവരെ സഹായിക്കും. ഉത്ഥിതനായ യേശുവിനെ നേരിട്ടു കാണുവാന്‍ അവസരം ലഭിക്കുന്നതിനുമുമ്പേ, ഉത്ഥിതനെ നേരിട്ടു കണ്ടവര്‍ അവന്‍റെ ഉത്ഥാനത്തെക്കുറിച്ചു നല്കിയ സാക്ഷ്യം കേള്‍ക്കാന്‍ ശിഷ്യര്‍ക്ക് അവസരമുണ്ടായി. ആ സാക്ഷ്യം ശിഷ്യര്‍ പക്ഷേ സ്വീകരിച്ചില്ല. ഇത് നേരിട്ടു കാണാതെ മറ്റുള്ളവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ഉത്ഥാനത്തില്‍ വിശ്വസിക്കുന്നത് എത്ര ദുഷ്കരമാണെന്ന് ശിഷ്യന്മാര്‍ക്ക് വ്യക്തിപരമായി മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. ഭാവിയില്‍ യേശുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിക്കാനിരിക്കുന്നവരെല്ലാം മറ്റുള്ളവരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയാണല്ലോ വിശ്വസിക്കേണ്ടിയിരുന്നത്.

16:15, വിശ്വാസരഹിതരും കഠിനഹൃദയരുമെന്ന് ശിഷ്യരെ യേശു കുറ്റപ്പെടുത്തിയെങ്കിലും അവരെ എഴുതിത്തള്ളുകയല്ല വലിയ പ്രേഷിതദൗത്യം അവരെ ഭരമേല്പിക്കുകയാണു ചെയ്തത്. ശിഷ്യന്മാരുടെ പ്രേഷിതദൗത്യത്തിന്‍റെ സാര്‍വ്വത്രികമാനത്തിന് മര്‍ക്കോസ് ഊന്നല്‍ നല്കുന്നുണ്ട്. എല്ലാമെന്നതിന് څഹപാന്തچ എന്ന ശക്തമായ വാക്കാണ് മര്‍ക്കോസ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സുവിശേഷമെത്തണമെന്നാണ് മര്‍ക്കോസില്‍ യേശു ആവശ്യപ്പെടുന്നത്.

16:16, വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍: വിശ്വാസത്തിന്‍റെ പ്രകടനമായാണ് സ്നാനം സ്വീകരിക്കുന്നത്. വിശ്വാസവും ജ്ഞാനസ്നാനവും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. വിശ്വസിക്കുന്നവന്‍റെ അനുസരണത്തിന്‍റെ അടയാളമാണ് അവന്‍ സ്വീകരിക്കുന്ന മാമ്മോദീസ.

16:17-18, ഈ വാക്യങ്ങളും വിശ്വാസത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടുന്നു. വിശ്വസിക്കുന്നവര്‍, അപ്പസ്തോലന്മാര്‍ മാത്രമല്ല, അതിസ്വാഭാവിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പ്രാപ്തരാകും. വി. ഗ്രന്ഥത്തില്‍, അടയാളങ്ങള്‍ പ്രഘോഷണത്തിന്‍റെ ആധികാരികതയെയാണ് സൂചിപ്പിക്കുന്നത്. അപ്പസ്തോലന്മാര്‍ യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തതാണ് (6:7,12-13). അവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും (അപ്പ 5:16; 8:7; 16:18; 19:12; 28:8). ശിഷ്യന്മാരുടെ ഭാഷാവരത്തെക്കുറിച്ച് സുവിശേഷത്തിലുള്ള ഏക പരാമര്‍ശം ഇവിടെയാണ് നാം കാണുന്നത് (അപ്പ 2:4; 10:46; 19:6; 1 കോറി 12:10,28,30) പാമ്പുകളില്‍നിന്നുള്ള സംരക്ഷണവും ശിഷ്യര്‍ക്ക് ലഭിക്കും (അപ്പ 28:3-6). ശിഷ്യന്മാര്‍ വിഷദ്രാവകങ്ങള്‍ കുടിച്ചിട്ട് ഒന്നും സംഭവിക്കാതിരുന്നതായുള്ള വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നില്ല. ശിഷ്യന്മാര്‍ക്കുള്ള ഈ സവിശേഷസിദ്ധികള്‍ എത്രനാള്‍ ഉണ്ടായിരിക്കുമെന്ന് യേശു പ്രത്യേകം പറയുന്നില്ല. പഴയനിയമത്തില്‍ അത്ഭുതപ്രവര്‍ത്തനങ്ങളൊക്കെ ചുരുങ്ങിയ കാലഘട്ടത്തിലേ സംഭവിച്ചിട്ടുള്ളൂ (പുറ 7-14; 1രാജാ 17-2 രാജാ 10).  അതുതന്നെയാണ് ശിഷ്യരും പ്രതീക്ഷിക്കേണ്ടിയിരുന്നത് (1 കോറി 13:8). പുതിയ രചനയുടെ പൂര്‍ത്തിയോടെ അത്ഭുതപ്രവര്‍ത്തനകാലഘട്ടവും കഴിഞ്ഞതായി സഭാചരിത്രം പഠിപ്പിക്കുന്നു (2 കോറി 12:12; ഹെബ്രാ 2:3-4). വിവിധജീവികളില്‍നിന്നും വിഷദ്രാവകങ്ങളില്‍ നിന്നുമുള്ള സംരക്ഷണം സൂചിപ്പിക്കുന്നത് ശിഷ്യന്മാരുടെ പ്രതിയോഗികള്‍ ശിഷ്യരെ ക്രൂരമൃഗങ്ങളുടെയിടയിലേക്കു തള്ളുകയും വിഷം കുടിക്കാന്‍ നിര്‍ബന്ധി ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ശിഷ്യര്‍ക്ക് ദൈവിക സംരക്ഷണം ഉണ്ടായിരിക്കുമെന്ന വാഗ്ദാനമാണ് സുവിശേഷത്തിന്‍റെ ശക്തി വ്യക്തമാക്കാന്‍ അത്ഭുതസംഭവങ്ങള്‍ ദൈവം അനുവദിക്കാറുണ്ട്.

ഞങ്ങളോടുകൂടി ഈ അടയാളങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ നിങ്ങള്‍ വിശ്വസിക്കാതിരുന്നത്? സഭയുടെ ആരംഭത്തില്‍ ഈ അടയാളങ്ങള്‍ ആവശ്യമായിരുന്നു. പുതിയതായി കിളിര്‍ത്ത വിശ്വാസത്തിനു വളരാന്‍ അത്ഭുതങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. ഒരു മുന്തിരിത്തോട്ടം നാം നട്ടുപിടിപ്പിക്കുമ്പോള്‍, അവ മണ്ണില്‍ വേരുപിടിച്ചുവളരാന്‍ തുടങ്ങുന്ന തുവരെ നാം വെള്ളമൊഴിച്ചുകൊടുക്കും. എന്നാല്‍ അവ വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നെ ദിവസേന നാം അവയെ നനയ്ക്കാറില്ല... അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ചിലപ്പോഴൊക്കെ ആന്തരിക വിശുദ്ധിയുടെ അടയാളമാകാമെങ്കിലും ആന്തരിക വിശുദ്ധി എപ്പോഴും അത്ഭുത പ്രവര്‍ത്തന സിദ്ധി നല്കണമെന്നില്ല (മഹാനായ ഗ്രിഗറി).

സഭ ആദ്യകാലത്തുചെയ്ത കാര്യങ്ങള്‍ ആത്മീയമായി ഇന്നും തുടരുന്നു. വൈദികര്‍, ശക്തമായ ഉദ്ബോധനങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയത്തില്‍നിന്ന് തിന്മയെ നീക്കം ചെയ്യുമ്പോള്‍ അവര്‍ സര്‍പ്പങ്ങളെ കൈയ്യിലെടുക്കുകയല്ലേ ചെയ്യുന്നത്? (മഹാനായ ഗ്രിഗറി).

ബൈബിള്‍ ശരിയാംവിധം പഠിക്കുന്നവര്‍, പാഷണ്ഡതകള്‍ നിറഞ്ഞ, വിഷലിപ്തമായ പുസ്തകങ്ങള്‍ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്താല്‍പ്പോലും അവര്‍ക്ക് ഉപദ്രവമുണ്ടാകുന്നില്ല (അഗസ്റ്റിന്‍).

Gospel of Mark Mission to the Disciples (16: 14-18) Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message