x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, അപസ്മാരബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു (9:14-29)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

യേശു അശുദ്ധാത്മാക്കളെ പുറത്താക്കുന്നതായി രേഖപ്പെടുത്തുന്ന അവസാനത്തെ സംഭവമാണിത്. മലമുകളിലെ യേശുവിന്‍റെ മഹത്വവും മലയടിവാരത്തെ ശിഷ്യരുടെ അപമാനവും തമ്മിലുള്ള അന്തരം വായനക്കാരന്‍റെ ശ്രദ്ധയാകര്‍ഷിക്കും.

9:14-15, യേശുവിനെക്കണ്ടയുടന്‍ ജനം എന്തുകൊണ്ടാണ് വിസ്മയഭരിതരായതെന്നു വ്യക്തമല്ല. മലയില്‍ നടന്ന സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു നിര്‍ദ്ദേശിച്ചിരുന്ന സ്ഥിതിയ്ക്ക് (9:9) യേശുവിന്‍റെ മുഖത്ത് അവന്‍റെ മഹത്വത്തിന്‍റെ തിളക്കമുണ്ടായിരുന്നതാണ് (ദൈവത്തിന്‍റെ മഹത്വം കണ്ടശേഷം മലയിറങ്ങിവന്ന മോശയുടെ മുഖത്തെ തിളക്കംപോലെ (പുറ 34:29) താഴെയുള്ള ജനത്തിന്‍റെ വിസ്മയത്തിനു കാരണമെന്നു) കരുതാനും തരമില്ല. ഒരുപക്ഷേ, അവന്‍റെ ഒന്‍പതു ശിഷ്യന്മാരുടെയും പരിശ്രമം പരാജയപ്പെട്ടുള്ളയവസരത്തിലുള്ള അവന്‍റെ പ്രത്യക്ഷപ്പെട്ടലാകാം സന്തോഷകരമായ വിസ്മയത്തിനു കാരണമായത്.

9:18, അശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം അവന്‍ എത്രമാത്രം നശീകരണകാരിയാണെന്നു വ്യക്തമാക്കുന്നു (5:1-5). അശുദ്ധാത്മാവു ബാധിച്ച ഈ കുട്ടി അപസ്മാരബാധിതനെപോലെയാണ് പെരുമാറുന്നത്.

9:19, കുട്ടിയുടെ പിതാവും ജനക്കൂട്ടവും ശിഷ്യരും മാത്രമല്ല യേശുവിനെ വിശ്വസിക്കാതിരുന്ന സകലരും ഉള്‍പ്പെടുന്നതാണു വിശ്വാസമില്ലാത്ത തലമുറ. തന്‍റെ ശാരീരിക സാന്നിദ്ധ്യം അവരോടുകൂടി ഉണ്ടായിരുന്നിട്ടും അവരുടെ വിശ്വാസം വളര്‍ന്നില്ല എന്നതിലുള്ള മോഹഭംഗമാണ് യേശുവിന്‍റെ ആദ്യചോദ്യത്തില്‍ നിഴലിക്കുന്നത്.

9:20-22, യേശുവിന്‍റെ ചോദ്യം വ്യക്തിപരമായ അവിടുത്തെ താല്പര്യത്തിന്‍റെയും കരുണയുടെയും അടയാളമാണ്. അശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം സുദീര്‍ഘവും മാരകവുമായിരുന്നു. "എന്തെങ്കിലും ചെയ്യാന്‍ നിനക്കുകഴിയുമെങ്കില്" എന്ന വാക്കുകള്‍ ശിഷ്യരുടെ പരാജയം കുട്ടിയുടെ പിതാവിന്‍റെ വിശ്വാസത്തെയും ക്ഷയിപ്പിച്ചുവെന്നു സൂചിപ്പിക്കുന്നതാണ്.

9:22-24, "വിശ്വസിക്കുന്നവന് എല്ലാകാര്യങ്ങളും സാധിക്കും" കുട്ടിയുടെ പിതാവിന്‍റെ വിശ്വാസം യേശുവിന്‍റെ അത്ഭുതപ്രവര്‍ത്തനത്തിന്‍റെ നിര്‍ണ്ണായകഘടകമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. "ഞാന്‍ വിശ്വസിക്കുന്നു, തന്‍റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ" എന്ന പ്രാര്‍ത്ഥന ശക്തമായ ഒരു വിശ്വാസപ്രകരണം തന്നെയാണ്. ഇതിലൂടെ അയാള്‍ യേശുവിലുള്ള തന്‍റെ വിശ്വാസം ഏറ്റുപറയുകയും എന്നാല്‍ അതോടൊപ്പംതന്നെ തന്‍റെ വിശ്വാസം ബലഹീനമാണെന്നു സമ്മതിക്കുകയും തന്‍റെ വിശ്വാസം ശക്തിപ്പെടുത്താന്‍ യേശുവിനോട് അപേക്ഷിക്കുകയും ചെയ്യുകയാണ്. വിശ്വാസവും അവിശ്വാസവും പേറുന്ന അയാള്‍ നമ്മെപ്പോലെതന്നെ അവിശ്വാസിയായ വിശ്വാസിയാണ് അഥവാ ബലഹീനമായ വിശ്വാസത്തിന്‍റെ ഉടമയാണ്. എന്നാല്‍, ഈ ബലഹീനമായ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍തന്നെ, സൗഖ്യം നല്കുന്നതിനു മതിയായ കാരണമായി യേശു സ്വീകരിക്കുന്നുവെന്നു പിന്നീട് വായനക്കാരനു വ്യക്തമാകും.

9:25-27, ജനം ഓടിക്കൂടുന്നതുകൊണ്ട് ഈ അത്ഭുതം വലിയ പരസ്യം നേടുന്നത് ഒഴിവാക്കാനായി യേശു പെട്ടെന്ന് ആ കുട്ടിയെ സുഖപ്പെടുത്തുന്നു. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുതെന്ന് കല്പിച്ചുകൊണ്ട് അവിടുന്നു സ്ഥായിയായ സൗഖ്യം നല്കുകയാണ്. മരണത്തെയും (മരിച്ചവനെപ്പോലെയായി; മരിച്ചുപോയി) ഉത്ഥാനത്തെയും (ഉയര്‍ത്തി, എഴുന്നേറ്റിരുന്നു) സൂചിപ്പിക്കുന്ന പദങ്ങള്‍ ഒരുമിച്ചുവരുന്നതുകൊണ്ട് ഈ സംഭവം മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും സൂചനയാണെന്നു കരുതുന്നവരുണ്ട്. പിശാചിന്‍റെമേലുള്ള വിജയം മരണത്തിന്‍റെമേലുള്ള ജീവന്‍റെ വിജയംതന്നെയാണല്ലോ.

9:28-29, ശിഷ്യന്മാരുടെ ചോദ്യം വളരെ പ്രസക്തമാണ്. കാരണം പിശാചുക്കളെ ബഹിഷ്കരിക്കാന്‍ യേശു അവര്‍ക്കു ശക്തി നല്കിയിരുന്നതാണ്. അവര്‍ ആ ശുശ്രൂഷ വിജയപ്രദമായി നിര്‍വ്വഹിച്ചതുമാണ്. (3:15; 6:7, 13,30). ഒരുപക്ഷേ, പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള ശക്തി ഇനി തങ്ങള്‍ക്ക് എന്നും ഉണ്ടാകുമെന്നു ശിഷ്യര്‍ കരുതിയിരിക്കണം. വാസ്തവത്തില്‍ അതു ദൈവത്തില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന ശക്തിയാണ്. ആ ശക്തി തുടര്‍ന്നും ലഭിക്കാന്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു ചേര്‍ന്നിരിക്കുകയും ദൈവത്തിലുള്ള ആശ്രയം അംഗീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇവിടെയാണ് ശിഷ്യര്‍ക്ക് പിഴവുപറ്റിയത്.

ചില കൈയ്യെഴുത്തുപ്രതികളില്‍ പ്രാര്‍ത്ഥനയോടൊപ്പം "ഉപവാസവും" എന്നുകൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. യഹൂദമതത്തിലും ആദിമസഭയിലും തീവ്രമായ പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു ഉപവാസമെന്നതാകാം ഇതിനു കാരണം.

വിചിന്തനം: മനുഷ്യാവതാരത്തിന്‍റെ നഖചിത്രമാണ് യേശുവിന്‍റെ രൂപാന്തരീകരണവും അതേത്തുടര്‍ന്ന് അശുദ്ധാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്ന സംഭവവും കൂടിച്ചേര്‍ന്നുള്ള രംഗം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മലമുകളും മലയടിവാരവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കുക. മലമുകള്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ വേദിയാണ്; മലയടിവാരം തിന്മയുടെ കൂത്തരങ്ങും. മലമുകളില്‍ മഹത്വപൂര്‍ണ്ണനായ ദൈവപുത്രന്‍; മലയടിവാരത്ത് മഹത്വലേശമില്ലാത്ത മനുഷ്യക്കുഞ്ഞ്. മലമുകളില്‍ രൂപാന്തരീകരണം; താഴെ വൈരൂപ്യപ്പെടല്‍. മലമുകളില്‍ ദൈവശബ്ദം; താഴെ പിശാചിന്‍റെ കൊലവിളി. മുകളില്‍ ദൈവത്തിന്‍റെ വിശ്വസ്തസാക്ഷികള്‍; താഴെ വിശ്വാസമില്ലാത്ത തലമുറ. മുകളില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ വെണ്‍മുകില്‍, താഴെ നിരാശയുടെയും ദുഃഖത്തിന്‍റെയും കാര്‍മുകില്‍. ദൈവസാന്നിദ്ധ്യത്തിന്‍റെ സ്വര്‍ഗ്ഗീയാനുഭവം നിറഞ്ഞുനില്ക്കുന്ന മലമുകള്‍വിട്ട് തിന്മ താണ്ഡവമാടുന്ന ദുരിതപൂര്‍ണ്ണമായ മലയടിവാരത്തേയ്ക്ക് വരാന്‍ ആരാണിഷ്ടപ്പെടുക? മലമുകളില്‍ കൂടാരം കെട്ടി അവിടെ തങ്ങാനുള്ള പത്രോസിന്‍റെ ആഗ്രഹം സ്വാഭാവികം മാത്രം. പക്ഷേ യേശു, ആ മലമുകള്‍ വെടിഞ്ഞ് താഴെയിറങ്ങി അശുദ്ധാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു. മനുഷ്യാവതാരത്തില്‍ സംഭവിച്ചതും ഇതുതന്നെ. സ്വര്‍ഗ്ഗീയമഹത്വം വിട്ട് അവിടുന്ന് കണ്ണീരിന്‍റെ താഴ്വരയായ ഭൂമിയിലേയ്ക്കിറങ്ങിവന്നു. എന്നിട്ട് തിന്മയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യകുലത്തെ അവിടുന്നു മോചിപ്പിച്ചു.

ശൈശവം മുതല്‍ ആ ബാലനെ അശുദ്ധാത്മാവു കീഴ്പ്പെടുത്തിയിരുന്നു. പിഞ്ചായിരിക്കുമ്പോഴേ പിടിക്കുക എന്ന തത്വം പിശാചും പ്രായോഗികമാക്കിയിരുന്നു. ശിശുവായിരിക്കുമ്പോള്‍ത്തന്നെ സ്വന്തമാക്കിയാല്‍ ജീവിതകാലം മുഴുവനും തന്‍റെ അടിമയായി അവനെ സൂക്ഷിക്കാമെന്നു പിശാചുകരുതി. ഇന്നും കുഞ്ഞുങ്ങളെ വശീകരിച്ചു കൂടെ നിറുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും സംഘടനകളും നമുക്കു ചുറ്റുമുണ്ടല്ലോ. കമ്പനികള്‍ കുട്ടികളെ തങ്ങളുടെ ഉല്പന്നങ്ങളുടെ ആരാധകരും അടിമകളുമാക്കിവയ്ക്കാന്‍ തത്രപ്പെടുന്നതും നാം കാണുന്നു. കുഞ്ഞുങ്ങളെ അടിമപ്പെടുത്തുന്ന എല്ലാ തിന്മകളുടെ ശക്തികളില്‍നിന്നും അവരെ വിമോചിപ്പിക്കാന്‍ ശക്തമായ ശ്രമം ആവശ്യമാണ്. അവരെ ദുര്‍വികാരങ്ങളുടെ അഗ്നിയിലും  ദൈവികകാര്യങ്ങളോടും മൂല്യങ്ങളോടുമുള്ള നിസംഗതയുടെ വെള്ളത്തിലും തള്ളിയിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പിശാചുബാധിച്ച കുട്ടിയുടെ ജീവിതത്തിലെ വലിയ ഭാഗ്യം, അവന്‍റെ രോഗംകൊണ്ട് മടുത്ത് അവനെ കയ്യൊഴിയാന്‍ തയ്യാറല്ലാത്ത ഒരു പിതാവ് അവനുണ്ടായിരുന്നുവെന്നതാണ്. അവന്‍ ഒരിക്കലും സുഖമാകാന്‍ പോകുന്നില്ല എന്ന് അയാള്‍ ചിന്തിച്ചില്ല. അവനെ യേശുവിന്‍റെയടുത്തു കൊണ്ടുവരാനും അവനുവേണ്ടി യേശുവിനോടു യാചിക്കാനും അയാള്‍ തയ്യാറായി. വാസ്തവത്തില്‍, പലവിധ തിന്മകളുടെ ബന്ധനത്തില്‍ കഴിയുന്ന തങ്ങളുടെ മക്കള്‍ക്കുവേണ്ടി മാതാപിതാക്കള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇതുതന്നെ-അവരെ യേശുവിലേയ്ക്കു കൊണ്ടുവരുകയും അവര്‍ക്കായി തീക്ഷ്ണതയോടെ നിരന്തരം അപേക്ഷിക്കുകയും ചെയ്യുക.

എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടിയുണ്ടായിരിക്കും, എന്ന യേശുവിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്. പിശാചുബാധയാണെങ്കിലും മറ്റു രോഗങ്ങളാണെങ്കിലും മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം യേശുവിന്‍റെ സാന്നിദ്ധ്യം മാത്രമാണ്. യേശുവില്ലാത്തിടത്ത് പ്രശ്നങ്ങള്‍ നിലനില്ക്കുകതന്നെ ചെയ്യും. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചിരുന്നത് യേശുവില്ലെങ്കിലും തങ്ങള്‍ക്ക് ആ കുട്ടിയെ സുഖപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു. മുമ്പ് അവര്‍ പിശാചുക്കളെ പുറത്താക്കിയതാണല്ലോ. ആ കഴിവു തങ്ങളില്‍ നിത്യമായി ഉണ്ടായിരിക്കും എന്ന് ഒരുപക്ഷേ അവര്‍ വിചാരിച്ചിരുന്നിരിക്കണം. സൗഖ്യശക്തി നല്കുന്ന ദൈവത്തിലല്ല, തങ്ങളില്‍ത്തന്നെയാണ് അവര്‍ വിശ്വസിച്ചത്. പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ക്കുണ്ടായ വീഴ്ചയും സൂചിപ്പിക്കുന്നത് അതുതന്നെയാണ്. ആരെയും എപ്പോള്‍ വേണമെങ്കിലും സുഖപ്പെടുത്താന്‍ പോന്നവരാണു തങ്ങളെന്ന് അവര്‍ കരുതി. ഈ സ്വയം പര്യാപ്തതാബോധമാണ്, ആരെയും എനിക്ക് ആവശ്യമില്ലെന്ന ചിന്തയാണ് നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലുമൊക്കെ വിനാശം വരുത്തുന്നത്.

Gospel of Mark heals a child with epilepsy (9: 14-29) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message